ചെരുപ്പിന്റെ വാറിന്റെ
പവറ് അറിയാത്തവർ ആരും ഉണ്ടാകില്ല.പൊട്ടിക്കാൻ തുനിഞ്ഞാൽ പൊട്ടാത്തതും പൊട്ടാൻ തുനിഞ്ഞാൽ
കോഴിമുട്ടപോലെ പൊട്ടുന്നതുമായ ലോകത്തിലെ ഒരേ ഒരു നിർമ്മിതി എന്നാണ് പണ്ട് ഏതോ ഒരു മഹാൻ
അതിനെ വിശേഷിപ്പിച്ചത്.അങ്ങനെ പൊട്ടിയതും പൊട്ടാനായതും പൊട്ടാൻ സാധ്യതയുള്ളതുമായ സകല
ചെരുപ്പുകളും കവറിലാക്കി, എനിക്ക് ഒഴിവ് കിട്ടിയ ഒരു ദിവസം ഞാൻ ചെരുപ്പ്കുത്തി ശിവനെ
സമീപിച്ചു.
വേനൽക്കാലത്ത് ചെരുപ്പിലും
മഴക്കാലത്ത് കുടയിലും ആണ് നാട്ടിലെ മിക്ക ചെരുപ്പ്കുത്തികളുടേയും ഗവേഷണം.കാലത്തിനനുസരിച്ച്
കോലം മാറാൻ അവർ വളരേ മിടുക്കരാണ്. എന്റെ ഭാണ്ഡക്കെട്ട് കണ്ട ഉടനേ വലിയൊരു കോള് കിട്ടിയ
സന്തോഷത്തിൽ ശിവൻ ഇരു കയ്യും നീട്ടി വാങ്ങി.കവറിൽ നിന്നും ഓരോന്നായി പുറത്തെടുത്തപ്പോഴാണ്
ചെരുപ്പിന്റെ കാലപ്പഴക്കം ശിവന്റെ മുഖത്ത് കർക്കടക മേഘങ്ങൾ സൃഷ്ടിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.
“മയമാലീ..ഇന്നാ ഒരു കെട്ട്
ചെരുപ്പ്…” ശിവൻ തൊട്ടടുത്തിരുന്ന
മുഹമ്മദലിക്ക് കെട്ട് നീട്ടി.
‘ശിവനും മുഹമ്മദും ഒരുമിച്ചാണല്ലോ
പ്രതിഷ്ഠ….നല്ല കാര്യം’ എന്റെ മനസ്സ് മന്ത്രിച്ചു.
“നാളെ തരാം…” കെട്ട് വാങ്ങി വച്ച മുഹമ്മദലിയോട് ഒരു വാക്ക്
പോലും ചോദിക്കാതെ ശിവൻ എന്നോട് പറഞ്ഞു.സമ്മതം മൂളി ഞാൻ വീട്ടിലേക്ക് മടങ്ങി.
പിറ്റേ ദിവസം എനിക്ക്
കോളേജിൽ പോകേണ്ടതിനാൽ ഈ ഭാണ്ഡക്കെട്ട് തിരിച്ചു വാങ്ങാൻ ഭാര്യയെ വിടാൻ ഞാൻ തീരുമാനിച്ചു.വീട്ടിലെത്തി
ചായകുടിക്ക് ശേഷം ഞാൻ പതിയെ വിഷയം അവതരിപ്പിച്ചു.
“നീ അറിഞ്ഞോ…അമേരിക്കയിലൊക്കെ സ്ത്രീകളാണ് ഇപ്പോൾ പ്രസംഗിക്കുന്നത് പോലും…”
“ഇന്ത്യയിൽ പിന്നെ പുരുഷന്മാരാണോ
പ്രസവിക്കുന്നത്…?”
ഭാര്യയുടെ മറുചോദ്യം അവളെന്റെ ചൂണ്ടയിൽ കൊത്തിയതായി എനിക്ക് സൂചന തന്നു.
“പ്രസവമല്ലെടീ…പ്രസംഗം…അല്ലെങ്കിലും പ്രസംഗവും അധികപ്രസംഗവും ഇപ്പോൾ നിങ്ങളുടെ കുത്തകയാണല്ലോ?”
“ങാ….അതുകൊണ്ടായിരിക്കും രൂപ മൂക്കുംകുത്തി വീണത്…”
“ങേ!!!എന്നിട്ടെന്തുപറ്റി
അവൾക്ക്….??”
“ഹൊ…കണ്ടില്ലേ….ഒരാളുടെ ആകാംക്ഷ?...ഇന്ത്യൻ രൂപയാ മനുഷ്യാ പറഞ്ഞത്…മറാട്ടക്കാരി രൂപയല്ല…!!“
“അതു തന്നെയാ ഞാനും പറയുന്നത്….ഭാര്യ എന്ന് പറഞ്ഞാൽ ഭക്ഷണമുണ്ടാക്കാനും അലക്കാനും
മാത്രമാകരുത്…അങ്ങാടിയിൽ
പോകാനും നിങ്ങൾ ധൈര്യം കാണിക്കണം…സ്ത്രീകൾ
ശാക്തീകരിക്കപ്പെടണം…വെറുതെയല്ല
ഭാര്യ എന്ന് കേട്ടിട്ടില്ലേ..?” ഞാൻ പെട്ടെന്ന് റെയിൽ തെറ്റിച്ചു.
“ആ…ഇനി അങ്ങാടിയിൽ ഇറങ്ങേണ്ടതിന്റെ ഒരു കുറവും കൂടിയുണ്ട്…”
“ഏതായാലും സ്വാതന്ത്ര്യത്തിന്റെ
66-ആം വാർഷികം പ്രമാണിച്ച് ഞാൻ ഒരു മെഗാ ഓഫർ പ്രഖ്യാപിക്കുന്നു.നന്നാക്കാൻ കൊടുത്ത
ചെരുപ്പുകൾ തിരിച്ച് വാങ്ങാനുള്ള അവസരം നിനക്ക് നൽകുന്ന ഓഫർ…ഒപ്പം കാഷ് അവാർഡായി 100 രൂപയും-ചെരുപ്പ്കുത്തിക്ക്
നൽകാൻ…!!!ഇന്ത്യൻ ചരിത്രത്തിൽ
എന്നല്ല ലോകചരിത്രത്തിൽ വരെ ഇന്നുവരെ ഒരു ഭർത്താവും നൽകാത്ത ഓഫർ !!! “
“അതിന് നിങ്ങൾ ചെരുപ്പ്
ആരുടെ അടുത്താ കൊടുത്തത് എന്ന് ഞാനെങ്ങിനെ അറിയും?”
“അത് പ്രശ്നമില്ല…ശിവൻ എന്നയാളെ ചോദിച്ചാൽ മതി…അതിന് മടിയാണെങ്കിൽ, കറുത്ത് തടിച്ച് അല്പം കോങ്കണ്ണായ
ഒരാളുണ്ട്…അതാണ് ശിവൻ…അയാളുടെ തൊട്ടടുത്ത് തന്നെ ഉണ്ടാകും കോയാമുഹമ്മദലി
ഏലിയാസ് മയമാലി…ശിവനോട്
ചോദിച്ചാൽ പറഞ്ഞുതരും…”
“ആ…ശരി…എന്റെ
ചെരിപ്പും കൂടി ഉള്ളതിനാൽ ഞാൻ പോകാം…”
അങ്ങിനെ ആ സംഗതി ഭംഗിയായി
അവതരിപ്പിക്കപ്പെട്ടതിൽ ഞാൻ സ്വയം നിഗളിച്ചു.കൈ കൊണ്ട് എന്റെ തന്നെ ചുമലിൽ തട്ടി ഞാൻ
സ്വയം അഭിനന്ദിച്ചു. പിറ്റേ ദിവസം വൈകുന്നേരം ഭാര്യ അങ്ങാടിയിലേക്ക് പുറപ്പെട്ടു. ചെരുപ്പ്കുത്തികൾ
നിര നിരയായി ഇരിക്കുന്നത് കണ്ട് അവൾ എന്റെ വാക്കുകൾ ഓർമ്മിച്ചു. ’കറുത്ത് തടിച്ച് അല്പം
കോങ്കണ്ണായ ഒരാൾ…’.പക്ഷേ
ചെരുപ്പ്കുത്തികൾ എല്ലാം താഴേക്ക് നോക്കി പണിയിൽ വ്യാപൃതരായതിനാൽ കോങ്കണ്ണുള്ള ആളെ
അവൾ തിരിച്ചറിഞ്ഞില്ല.സസൂക്ഷ്മം നിരീക്ഷിച്ച് അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്നിട്ടും
ആരുടേയും കോങ്കണ്ണ് ശ്രദ്ധയിൽ പെട്ടില്ല.അപ്പോഴാണ് ഭാര്യയുടെ ഒരു സഹപാഠിനിയെ അവിടെ
വച്ച് കണ്ടുമുട്ടിയത്.
“അല്ല ഇതാരാ….മൈമൂനയോ?....നീ എങോട്ടാ?”
“ഞാൻ കൊറച്ച് സാധനങ്ങൾ
വാങ്ങാൻ വന്നതാ…..നിന്നെ
ഞാൻ കുറേ നേരമായി ശ്രദ്ധിക്കുന്നുണ്ട്...ഇവിടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു….”
“ആ…അത്…ചെരുപ്പ്
ഇന്നലെ തുന്നാൻ കൊടുത്തിരുന്നു…കറുത്ത്
തടിച്ച് അല്പം കോങ്കണ്ണായ ശിവൻ എന്ന ഒരാളുടെ അടുത്താണെന്ന് ‘മൂപ്പര് ‘പറഞ്ഞു…ഇവരാരെങ്കിലും മുഖത്ത് നോക്കിയാലല്ലേ കോങ്കണ്ണുണ്ടോ
ഇല്ലേ എന്നറിയൂ…”
“എടീ മണ്ടീ…നിനക്ക് ഇവരുടെ വർഗ്ഗ സ്വഭാവം അറിയില്ലല്ലേ…സാക്ഷാൽ ഐശ്വര്യാറായ് മുന്നിൽ വന്ന് നിന്നാലും ഇവർ
കാലിലേ നോക്കൂ…പിന്നെയാ
നീ…ആ പിന്നെ നീ പറഞ്ഞ
അടയാളം വച്ചിട്ട് അതാ ആ അറ്റത്തെ ആളാണെന്ന് തോന്നുന്നു…ചെന്ന് ചോദിച്ചു നോക്ക്…ഞാൻ നടക്കട്ടെ…”
കൂട്ടുകാരി ചൂണ്ടിക്കാണിച്ച
ആളുടെ അടുത്തേക്ക് ചെന്ന് ഭാര്യ ചോദിച്ചു – “ശിവൻ അല്ലേ?”
“അല്ല കേശവനാ….ശിവൻ അമ്പലത്തിലാ….”
“ഓ സോറി…” ഭാര്യ അടുത്ത ആളുടെ അടുത്തേക്ക് നീങ്ങി, അല്പം
ധൈര്യം സംഭരിച്ച് പറഞ്ഞു “ഇന്നലെ കുറച്ച് ചെരുപ്പുകൾ കൊണ്ട് തന്നിരുന്നു .…അത് നന്നാക്കിയോ?”
“നിങ്ങൾ കൊണ്ടുവന്നതായി
എനിക്കോർമ്മ കിട്ടുന്നില്ലല്ലോ?”
“ഞാനല്ല…എന്റെ ഭർത്താവ്….നല്ല കഷണ്ടിയായ ഒരാൾ…”
“അങ്ങനെ പറഞ്ഞാൽ ഞങ്ങളെങ്ങനെ
അറിയാനാ താത്തേ…എത്ര
കഷണ്ടിക്കാരാ ഇവിടെ ദിവസവും വന്ന് പോകുന്നത്..?”
“ഓ…അരീക്കോട് ഇത്രയും കഷണ്ടിക്കാർ ഉള്ളത് ഞാനറിഞ്ഞില്ല,,,“
“വേറെ എന്തെങ്കിലും ക്ലൂ…?”
“ശിവന്റെ അടുത്തിരിക്കുന്ന
കോയമാലി ആണ് തുന്നുന്നത് എന്ന് പറഞ്ഞിരുന്നു…”
“ഹും!!!ക്കൊയമാലി നിന്റെ
---------- ഞാൻ മയമാലിയാ…മയമാലി…” ശിവന്റെ അടുത്തിരിന്നയാൾ തുന്നൽ സൂചിയുമായി പെട്ടെന്ന്
ചീറി എണീറ്റപ്പോൾ ഭാര്യ പേടിച്ചുപോയി.
“ഓ സോറി…ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റിയതാ….”
“ങാ…പക്ഷേ എന്റെ അടുത്ത് കൈപ്പകുളത്ത്കാരനായ ഒരാൾ തന്ന
ചെരുപ്പുകളേയുള്ളൂ…”
“ഒരു കഷണ്ടിക്കാരൻ അല്ലേ?”
“താത്തേ ഞങ്ങൾ തല നോക്കാറില്ല…ചെരുപ്പ് കാലിലല്ലേ ഇടുന്നത്…ഇതാണോന്ന് നോക്കൂ…”
മയമാലി കാണിച്ച ചെരുപ്പ്
അവൾ തിരിച്ചറിഞ്ഞു. “ഹാവൂ…അതെന്നെ…ഇതാ ചീത്തപറഞ്ഞതിനടക്കമുള്ള ഫീസ്….” നൂറ് രൂപയും നൽകി ചെരുപ്പുകൾ അടങ്ങിയ കവറും വാങ്ങി
അവൾ വേഗം സ്ഥലം കാലിയാക്കി.
വാല്‍ : ഇത് ഈ ബ്ലോഗിലെ എഴുന്നൂറാം പോസ്റ്റ് & ഏഴാം വാര്‍ഷിക പോസ്റ്റ്. മറ്റ് വാര്‍ഷിക പോസ്റ്റുകള്‍ താഴെ.
പോസ്റ്റ് നമ്പര്‍ 600 :
പോസ്റ്റ് നമ്പര്‍ 500 :
പോസ്റ്റ് നമ്പര്‍ 400 :
പോസ്റ്റ് നമ്പര്‍ 300 :
പോസ്റ്റ് നമ്പര്‍ 200 :
പോസ്റ്റ് നമ്പര്‍ 100 :