Part 15 : ദാൽ തടാകത്തിലെ ശിക്കാരകൾ
അടുത്ത ദിവസത്തെ പ്ലാൻ പറയുന്നതിനായി നിഖിൽ എല്ലാവരെയും ഒരുമിച്ച് കൂട്ടി.
"മേരാ പ്യാരി ദേശ് വാസിയോ..." എന്ന് നിഖിൽ തുടങ്ങിയതും ഹഖ് ഷർട്ടിൻ്റെ ബട്ടണുകൾ ധൃതിയിൽ ഇടാൻ തുടങ്ങി.
"എന്താ ? എന്തു പറ്റി?" ഞാൻ ഹഖിനോട് ചോദിച്ചു.
"മേരാ പ്യാരി ദേശ് വാസിയോ എന്നല്ലേ പറഞ്ഞത്?..."
"അതേ... അതിന് ?"
"എന്തോ ദുരന്തം വരുന്നുണ്ട് എന്നതിൻ്റെ മുന്നറിയിപ്പാണത്..."
"ഹ...ഹ... ഹാ ... അത് പറയുന്ന ആൾക്കനുസരിച്ച് മാറും... ഇത് നിഖിലാ പറയുന്നത് "
"നാളെ രാവിലെ ആറു മണിക്ക് തന്നെ ബസ് സ്റ്റാർട്ട് ചെയ്യും. ആപ്പിൾ കാർട്ട് പോകാനുള്ളതാണ്.. വൈകിയാൽ വണ്ടി തന്നെ മിസ്സാകും. .." നിഖിൽ പറഞ്ഞു.
"ഹാവൂ... സമാധാനമായി.." കൊണ്ടോട്ടിക്കൂട്ടത്തിലെ ഹനീഫാക്ക പറഞ്ഞു.
"അതെന്താ .. ഇപ്പോ പ്രത്യേകം ഒരു സമാധാനം കിട്ടാൻ ...? " ഞാൻ ചോദിച്ചു.
" ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് തിന്നുന്ന ഫോട്ടോ ബീവിക്ക് അയച്ചു കൊടുക്കാം എന്ന് പറഞ്ഞിരുന്നു. ഇത്രയും ദിവസം അത് നടന്നില്ല. നാളെ എങ്കിലും..."
"അതെങ്ങനെ ?" എനിക്ക് സംശയമായി
"അതെല്ലേ ഓൻ പറഞ്ഞത്... ആപ്പിൾ കാട്ടിൽ പോവാനുണ്ട് ന്ന് ... "
" ആപ്പിൾ കാട്ടിൽ പോവാനല്ല.... ആപ്പിൾ കാർട്ട് പോവാനുണ്ട് ന്നാ പറഞ്ഞത്. ആപ്പിൾ കയറ്റിയ വലിയ ലോറികൾ ..."
"ഛെ... അതാണോ പറഞ്ഞത്... അതിനെന്തിനാ നമ്മൾ നേരത്തെ ഇറങ്ങുന്നത്?"
" ആപ്പിൾ വണ്ടികൾ പത്തും ഇരുപതും എണ്ണം ഒരുമിച്ചാ പോവുക ... അതിൻ്റെ പിന്നിൽ പെട്ടാൽ പിന്നെ ചുരം തീരുന്നത് വരെ ഒരു രക്ഷയും ഉണ്ടാകില്ല... പ്രഭാതഭക്ഷണം നമ്മൾ വഴിയിൽ എവിടെ വച്ചെങ്കിലും കഴിക്കും. ആമാശയത്തിന് ഇടക്കാലാശ്വാസം നൽകേണ്ടവർ നാലഞ്ച് റൊട്ടി നമ്മുടെ ലോഡ്ജിനടുത്തുള്ള റൊട്ടിപ്പീടികയിൽ നിന്ന് രാവിലെ വാങ്ങുക ... " നിഖിൽ പറഞ്ഞു.
അന്ന് രാത്രി തന്നെ ഞങ്ങൾ മുഴുവൻ പാക്കിംഗും പൂർത്തിയാക്കി. ഡോ. അബ്ദുൽ ഹലീം പണ്ഡിറ്റിൻ്റെ ലോവുഡ് ഹൗസ് മനസ്സിനകത്ത് തറയിട്ട് കഴിഞ്ഞതിനാൽ റൂം വിട്ടിറങ്ങാൻ മനസ്സ് വന്നില്ല.
അതിരാവിലെ കഴിഞ്ഞ മൂന്ന് ദിവസമായി കേട്ട് കൊണ്ടിരിക്കുന്ന മനോഹരമായ ആ ബാങ്ക് വിളി അവസാനമായി വീണ്ടും കേട്ടു. സുബഹ് നമസ്കാരം നിർവ്വഹിച്ച ശേഷം ഞാനും ലോവുഡ് ഹൗസിനോട് വിട പറഞ്ഞു. ദാൽ ലേക്കിൻ്റെ പ്രഭാത ദൃശ്യം ഒരിക്കൽ കൂടി മനസ്സിലേക്ക് പകർത്തി ഞാൻ ശ്രീനഗറിനോട് സലാം ചൊല്ലി.
കഴിഞ്ഞ വർഷം കുടുംബ സമേതം വന്ന് തിരിച്ച് പോരുന്ന വഴിയിൽ സൈന്യത്തിൻ്റെ കോൺവോയ് കാരണം മൂന്ന് മണിക്കൂറോളം വഴിയിൽ കുടുങ്ങിയിരുന്നു. അന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ പുറപ്പെട്ട ഞങ്ങൾ, സമീപത്തൊന്നും കടകൾ ഇല്ലാത്തതിനാൽ വിശന്ന് പൊരിഞ്ഞത് ഓർമ്മയിൽ തങ്ങി നിൽക്കുന്നതിനാൽ നിഖിൽ പറഞ്ഞ കടയിൽ നിന്ന് ചൂടുള്ള പത്ത് റൊട്ടി വാങ്ങി ഞാൻ ബാഗിൽ വച്ചിരുന്നു. യാത്രക്കിടയിൽ എവിടെ വച്ചോ വിശപ്പിൻ്റെ വിളി വന്നു. ആവേശത്തോടെ ഞാൻ റൊട്ടിപ്പൊതി അഴിച്ചു. തണുത്ത് പോയ റൊട്ടി ഉണങ്ങിയ പാള പോലെയായി മാറിയിരുന്നു. ഒരു വിധത്തിലും കഴിക്കാൻ പറ്റാതെ ആയതിനാൽ പൊതിഞ്ഞ് ബാഗിൽ തന്നെ വച്ചു. ആപ്പിൾ ലോറികൾക്ക് പിന്നിലോ കോൺവോയ് വാഹനങ്ങൾക്കിടയിലോ പെടാതെ രക്ഷപ്പെട്ടതിനാൽ പത്ത് മണിയോടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ സാധിച്ചു. കറി ഒഴിച്ച് മയപ്പെടുത്തി റൊട്ടി അകത്താക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ദയനീയമായി പരാജയപ്പെട്ടു.
ഒരു തുരങ്കം കഴിഞ്ഞ ഉടനെ തന്നെയുള്ള കടയിലായിരുന്നു ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാൻ കയറിയത്. നല്ല വിശപ്പുള്ളതിനാൽ എല്ലാവരും അത്യാവശ്യം നന്നായി തന്നെ ഭക്ഷണം കഴിച്ചു. സമയം ധാരാളം ഉണ്ടായിരുന്നതിനാൽ ഞാനും സത്യൻ മാഷും തുരങ്കത്തിൽ ഒന്ന് കയറി നോക്കാം എന്ന ഉദ്ദേശ്യത്തിൽ അതിനടുത്തേക്ക് നീങ്ങി. പണി മുഴുവൻ പൂർത്തിയാകാതെ തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്ത ഒരു തുരങ്കമായിരുന്നു അത്. ശബ്ദവും പൊടിയും ഉഷ്ണവും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ കാരണവും നിരീക്ഷണ ക്യാമറകൾ വല്ലതും ഒപ്പി എടുക്കുന്നുണ്ടോ എന്ന സംശയം കാരണവും അധികം ഉള്ളോട്ട് പോകാതെ ഞങ്ങൾ പുറത്തിറങ്ങി. താമസിയാതെ തന്നെ ബസ് ജമ്മു ലക്ഷ്യമാക്കി യാത്ര പുനരാരംഭിച്ചു.
ആശ പോലെ ആമാശയം നിറഞ്ഞില്ലെങ്കിലും സൂര്യൻ്റെ പൊൻവെയിലേറ്റ് കൊണ്ടോട്ടിക്കൂട്ടം വീണ്ടും സജീവമായി.മൊത്തം ടൂറിനെപ്പറ്റിയും വിവിധ കാഴ്ചകളെയും അനുഭവങ്ങളെയും പാളിച്ചകളെയും പറ്റിയും മറ്റും ബസ്സിൽ ചർച്ച തുടങ്ങി. അതിനിടയിലാണ് ടൂർ മാനേജർമാർ ഇപ്പോഴും ബാച്ചിലേഴ്സ് ആയി തുടരുന്ന വിഷയം ആരോ എടുത്തിട്ടത്. ഉടനെ ഖാലിദ് ബായി അതേറ്റെടുത്തു.
"നിനക്കെത്ര വയസ്സായി?"ഖാലിദ് ബായി ഹബിലിനോട് ചോദിച്ചു.
"29" മറുപടി പറഞ്ഞത് നിഖിലായിരുന്നു.
"നിന്നോടല്ല ... ഹബിലിനോടാ.."
"അവൻ്റെത് തന്നെയാ പറഞ്ഞത്... അവൻ വയസ്സ് കുറച്ച് പറയാതിരിക്കാൻ...ഞാൻ അവനെക്കാൾ മാസങ്ങൾക്ക് ഇളയതാ.."
"ഏത് വരെ പഠിച്ചു?"
"ബി.കോം ഹാഫ് .." ഇത്തവണയും ഉത്തരം പറഞ്ഞത് നിഖിലായിരുന്നു.
"ങേ!! ബി.കോം ഹാഫോ?"
"ങാ.. ബി.കോം രണ്ടാം വർഷം പഠിച്ച് കൊണ്ടിരിക്കെ ഞങ്ങളുടെ കൂടെ കൂടിയതാ... പിന്നെ കോളേജ് കണ്ടിട്ടില്ല.."
ഖാലിദ് ബായി ഫോണിൽ കുറെ താഴോട്ടും പിന്നെ മേലോട്ടും സ്ക്രോൾ ചെയ്തു.
" ഇതിൽ പറ്റിയത് ഏതാന്ന് നോക്ക് .. " ഫോൺ ഹബീലിന് നൽകിക്കൊണ്ട് ഖാലിദ് ബായി പറഞ്ഞു.
" ഇങ്ങനെ ഒരു പാട് പേര് ആ പാവം ചെക്കന് ആശ കൊടുത്തിട്ടുണ്ട്..." ഹബീൽ ഫോണിൽ പരതുന്നതിനിടെ താടിക്ക് കൈ കൊടുത്ത് കൊണ്ട് നിഖിൽ പറഞ്ഞു.
"അതൊന്നുമല്ല.. ബാബു ഏറ്റെടുത്താൽ അത് നടക്കും..." മജീദ് ബായി ഉറപ്പിച്ച് പറഞ്ഞു.
"എങ്കിൽ ബ്രോക്കർ ഫീസും വാങ്ങിച്ചോളൂ... ഈ വൈക്കോൽ ലോറി മാറിയിട്ട് വേണം അനിയൻ ബാവമാർക്ക് ആലോചന തുടങ്ങാൻ.." നിഖിൽ പറഞ്ഞു.
"ബ്രോക്കർ ഫീ ഇല്ല... പക്ഷെ, കട്ടിൽ നമ്മളെ ഷോപ്പിൽ നിന്ന് വാങ്ങണം... നിൻ്റെ ഫോട്ടോ ഒന്നയച്ച് താ.." ഫർണ്ണീച്ചർ കച്ചവടക്കാരനായ ഖാലിദ് ബായി തൻ്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.
"തല്ക്കാലം പ്രൊഫൈൽ ഫോട്ടോ ഗ്രൂപ്പിലിടാം..." 'കട്ടിലിൽ തട്ടി വീണ' ഹബീൽ പറഞ്ഞു.
"അള്ളാ... ഇത് നമ്മളെ നേതാവാണല്ലോ..?" ഗ്രൂപ്പിൽ ഹബീലിൻ്റെ പ്രൊഫൈൽ ഫോട്ടോ കണ്ട മുനീർ ബായി വിളിച്ച് പറഞ്ഞു.
"അതെ.... " ഹബീലിൻ്റെ പിതാവിനെ അറിയുന്ന ഞാൻ പിന്താങ്ങി.
" അപ്പോൾ നീ ലുക്മാൻ അരീക്കോടിൻ്റെ ഒറിജിനൽ മകൻ തന്നെയാണോ?" മുനീർ ബായിയുടെ ചോദ്യം കേട്ട് ബസ്സിൽ പൊട്ടിച്ചിരി പടർന്നു.
"അടുത്തത് ആരാ... നഈം .... ഇവിടെ വാ..." പിന്നിൽ ഇരിക്കുന്ന നഈമിനെ ഖാലിദ് ബായി വിളിച്ചു. ലഡു കൈപറ്റാനെന്ന പോലെ നഈം പിന്നിൽ നിന്നും ഓടി എത്തി.
"പത്തിരുപത്തഞ്ച് വയസ്സായി ല്ലേ? ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ?" ഖാലിദ് ബായി നഈമിനോട് ചോദിച്ചു.
നഈമിൻ്റെ മുഖത്ത് ഒരു നാണം പടർന്നു. തൊട്ടടുത്തിരുന്ന ബദറുത്തയോട് അവൻ എന്തോ ചോദിച്ചു. ഖാലിദ് ബായി കുറെ വിവാഹ പരസ്യങ്ങൾ നഈമിനെ കാണിച്ചു. നഈം അത് ബദറുത്തയെയും കാണിച്ചു.
"നീ എന്തിനാ അത് അവിടെ കാണിക്കുന്നത്?" ഖാലിദ് ബായി ചോദിച്ചു.
"എൻ്റെ മോനല്ലേ ... അപ്പോൾ എന്നോട് ചോദിക്കണ്ടേ.." ഉത്തരം പറഞ്ഞത് ബദറുത്തയായിരുന്നു.
"അള്ളാ... ശരിക്കും നിങ്ങൾ അവൻ്റെ ഉമ്മയാണോ?" നേരത്തെ മുനീർ ബായി ഹബീലിനോട് ചോദിച്ചതു പോലെ തന്നെയുള്ള ഖാലിദ് ബായിയുടെ ചോദ്യം കേട്ട് ബസ്സിൽ വീണ്ടും ചിരിപൂരം തുടങ്ങി. അപ്പോഴേക്കും ബസ് പഞ്ചാബി ഹവേലിയിൽ എത്തിയതിനാൽ ഇത്തരം കൂടുതൽ ചോദ്യങ്ങളിൽ നിന്ന് എല്ലാവരും രക്ഷപ്പെട്ടു.
ഒരു തരത്തിലുള്ള ബ്ലോക്കിലും പെടാത്തതിനാൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ തന്നെ ലക്ഷ്യസ്ഥാനത്തോട് അടുത്തിരുന്നു. ആയതിനാൽ ലഞ്ചിന് ശേഷം പഞ്ചാബി ഹവേലിയിൽ ഇത്തവണയും മണിക്കൂറുകൾ ചെലവഴിച്ചു. വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഞങ്ങൾ ജമ്മുവിൽ എത്തി.
Part 16: ജമ്മുവിൽ ഒരു രാത്രി