Pages

Saturday, June 30, 2018

ഇടക്കൽ ഗുഹ - മൂന്നാം വരവ്

             1997ലെ ആദ്യസന്ദര്‍ശനം കഴിഞ്ഞ് 10 വര്‍ഷത്തിന് ശേഷം 2007 ലാണ് ഞാന്‍ വീണ്ടും ഇടക്കല്‍ ഗുഹയില്‍ എത്തിയത്. തികച്ചും യാദൃശ്ചികമായിരിക്കാം വീണ്ടും 10 വര്‍ഷം കഴിഞ്ഞ് 2017ലാണ് ഞാന്‍ മൂന്നാമതും ഇടക്കല്‍ ഗുഹയില്‍ എത്തുന്നത്.ഇത്തവണ കുടുംബത്തിന്റെ അംഗസംഖ്യ  രണ്ട്  കൂടിയിരുന്നു. മേപ്പാടി പോളിടെക്നിക്കിന്റെ എന്‍.എസ്.എസ് സപ്തദിനക്യാമ്പ് സന്ദര്‍ശിച്ച് ഉച്ചക്ക് ശേഷമാണ് ഞങ്ങള്‍ എടക്കലിലേക്ക് തിരിച്ചത്.

             നാഷണല്‍ സര്‍വീസ് സ്കീമിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പുനരുദ്ധരിക്കുന്ന ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയില്‍ മീനങ്ങാടി പോളിടെക്നിക്കിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എടക്കലില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എടക്കല്‍ ഡെസ്റ്റിനേഷന്‍ മാനേജര്‍ ആയ ബിജുവിനെ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയിലൂടെ എനിക്ക് പരിചയമുണ്ടായിരുന്നു.  അതിനാല്‍ തന്നെ വാഹനം എവിടെ വരെ പോകും, പ്രവേശനം എത്ര മണി വരെ, റൂട്ട് തുടങ്ങിയവ ബിജുവിനെ നേരിട്ട് വിളിച്ച് ഞാന്‍ അന്വേഷിച്ചു. അദ്ദേഹത്തിന് എന്നെ മനസ്സിലാകാഞ്ഞിട്ടായിരിക്കാം,  മറുപടി ഒരു ഉഴന്ന മട്ടിലായിരുന്നു.

              കാര്‍ താഴെ പാര്‍ക്ക് ചെയ്ത് ഞാന്‍  2007ലെ പോലെ വീണ്ടും നടന്നു കയറി. ഡിസംബര്‍ അവധിക്കാലമായതിനാല്‍ ധാരാളം സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. പ്രവേശന കവാടത്തിനടുത്തുള്ള ഡെസ്റ്റിനേഷന്‍ മാനേജറുടെ മുറിയിലേക്ക് ഞാന്‍ നേരെ കയറിച്ചെന്നു. എന്നെ കണ്ടപ്പോള്‍ മാനേജര്‍ക്ക് പെട്ടെന്ന് മനസ്സിലായി.

“എത്ര പേരുണ്ട് സാര്‍ ?” നോട്ട് എണ്ണുന്നതിനിടെ മാനേജര്‍ ചോദിച്ചു.

“നാല് മുതിര്‍ന്നവരും രണ്ട് കുട്ടികളും...”

“ശങ്കരേട്ടാ....” പ്രവേശന കവാടത്തിലേക്ക് ഒരു വിളിയും ചില ആംഗ്യങ്ങളും.

“സാര്‍ ചെല്ലൂ...” 

            ഗ്രീന്‍ കാര്‍പറ്റ് പദ്ധതി ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ എനിക്ക് പച്ച പരവതാനി വിരിച്ചു തന്ന രണ്ടാമത്തെ അനുഭവം (ആദ്യത്തേത് തുഷാരഗിരിയില്‍). കൌണ്ടറിലെ ബോര്‍ഡിലേക്ക് ഒരു നോട്ടം പായിച്ച ശേഷം ഞാനും കുടുംബവും അകത്തേക്ക് പ്രവേശിച്ചു.
           ഗുഹാമുഖത്തും നല്ല തിരക്കായിരുന്നു.അകത്തേക്ക് നുഴഞ്ഞ് കയറാന്‍ ഊഴം കാത്ത് നില്‍ക്കുമ്പോഴാണ് പഴയ ഈ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.
                 ഒന്നാം ഗുഹക്കകവും ഇപ്പോള്‍ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. പരന്ന ഒരു പാറ ഫാമിലി ഫോട്ടോ എടുക്കാനുള്ള പ്ലാറ്റ്‌ഫോം പോലെ അവിടെ കിടന്നിരുന്നു. അവിടെയും ഫോട്ടോ എടുക്കുന്നതിന്റെ ബഹളമായിരുന്നു. അവസരം കിട്ടിയപ്പോള്‍ ഞങ്ങളും കയറി കുടുംബ ഫോട്ടോ എടുത്തു.
            വന്ന വഴി തിരിച്ചുപോകാന്‍ പറ്റില്ല.മുന്നോട്ട് നടന്ന് ഞങ്ങള്‍ ഒരു ഇരുമ്പ് ഗോവണിയുടെ മുന്നില്‍ എത്തി. അത് പുറത്തേക്കുള്ള വഴിയാണ്.
                 ഇത് വഴി കയറി വീണ്ടും മുകളിലേക്ക് കയറിയാലെ യഥാര്‍ത്ഥ ഗുഹയില്‍ എത്തൂ. അത് മറന്നുപോയ ഞാന്‍ കുട്ടികളെ മാത്രം മുകളിലേക്ക്  വിട്ടു. കുട്ടികള്‍ തിരിച്ച് വരാതായപ്പോള്‍ മകനെയും എടുത്ത് ഭാര്യയെയും കൂട്ടി ഞാനും മുകളിലേക്ക് കയറാന്‍ തുടങ്ങി.
                മുകളിലേക്ക് കയറാതെ പലരും മടങ്ങിയിട്ടും പ്രധാന ഗുഹക്കകത്ത് വന്‍ തിരക്കായിരുന്നു. കഴിഞ്ഞ രണ്ട് സന്ദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ചുമര്‍ ചിത്രങ്ങളും ലിഖിതങ്ങളും വ്യക്തമായി കാണാന്‍ സാധിച്ചു. 1890ല്‍ മലബാര്‍ സ്റ്റേറ്റിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്ന Fred Fawcett ആണ് ഇടക്കല്‍ ഗുഹ കണ്ട് പിടിച്ചത് എന്ന് പറയപ്പെടുന്നു. ശിലാലിഖിതങ്ങള്‍ക്ക് 8000 വര്‍ഷത്തോളം പഴക്കവും അനുമാനിക്കുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപങ്ങളും മനുഷ്യന്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ ചിത്രങ്ങളും ഇതിലുണ്ട്. ജാര്‍ കപ്പുമായി നില്‍ക്കുന്ന മനുഷ്യന്റെ രൂപം (a man with jar cup) സിന്ധു നദീ തട സംസ്കാരവുമായും ഇതിനെ ബന്ധപ്പെടുത്തുന്നുണ്ട്.അറിയാതെ എന്റെ ക്യാമറയില്‍ പെട്ടുപോയ ഈ കാണുന്നതാണ് ആ രൂപം എന്ന് തോന്നുന്നു.
            എല്ലാ കല്ലിലും എത്തി നോക്കി ഞങ്ങള്‍ പുറത്തേക്ക് കടന്നു. ഒന്നാം വരവില്‍ ഞങ്ങള്‍ കയറിയ അമ്പുകുത്തിമല എന്നെ മാടി വിളിക്കുന്നുണ്ട്.പക്ഷെ ഇപ്പോള്‍ അതിന്റെ മുകളിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.താഴേക്ക് ഇറങ്ങാന്‍  ഇരുമ്പ് ഗോവണി ആകാശ പാതയായി ഒരുക്കിയിട്ടുണ്ട്.
              താഴെ കൌണ്ടറില്‍ തിരിച്ചെത്തുമ്പോള്‍, മാനേജര്‍ ബിജു ഡ്യൂട്ടി കഴിഞ്ഞ് പോകാനൊരുങ്ങുകയായിരുന്നു. കലക്ഷനെപ്പറ്റി വെറുതെ ഒന്ന് ഞാന്‍ ചോദിച്ചു - ക്രിസ്മസ് അവധിക്കാലത്ത് ശരാശരി 75000 രൂപ കിട്ടുന്നുണ്ട് പോലും.സന്തോഷത്തോടെ ഈ സന്ദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ എന്റെ മനസ്സ് പറയുന്നു - പത്ത് വര്‍ഷം കഴിഞ്ഞ് 2027ല്‍ എന്റെ മരുമക്കള്‍ എന്നെ ഇവിടെ വീണ്ടും കൊണ്ട് വരും. പക്ഷെ കൌണ്ടറിന് പിന്നിലെ ഈ കാഴ്ച അതിന് സമ്മതിക്കുമോ എന്നറിയില്ല.
             ഈ ഭൂമിയുടെ ഹരിതാഭ വരും തലമുറകള്‍ക്ക് കൂടി ആസ്വദിക്കാന്‍ വേണ്ടി,  ഈ പ്ലാസ്റ്റിക് മലിനീകരണത്തെ നമുക്ക് ഒരുമിച്ച് തോല്പിക്കാം .

Friday, June 29, 2018

ഇടക്കൽ ഗുഹ - രണ്ടാം വരവ്

             1997ലാണ് ഞാൻ ആദ്യമായി ഇടക്കൽ ഗുഹയിൽ എത്തിപ്പെട്ടത്. 2004ൽ സാങ്കേതിക വിദ്യഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമറായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ജോലി ലഭിച്ചതോടെ വയനാട് എനിക്ക് കൂടുതൽ പരിചിതമായി. 2006ൽ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ വയനാട്ടിലേക്ക് പറിച്ചു നട്ടതോടെ വയനാടിന്റെ മുക്കും മൂലയും കാണാനുള്ള യാത്രകളും ഞങ്ങൾ ആരംഭിച്ചു.

             അത്തരം ഒരു യാത്രയിൽ മാനന്തവാടിയിൽ നിന്നും രണ്ട് മണിക്കൂറോളം യാത്രാ ദൂരമുള്ള അമ്പലവയലിനടുത്തുള്ള ഇടക്കൽ ഗുഹയിൽ 6/2/2007ല്‍ ഞങ്ങൾ എത്തി. ഒന്നാം വരവിന്റെ പത്താം വാര്‍ഷികമായിരുന്നു അത്. മാനന്തവാടിയില്‍ നിന്ന്‍ സ്വകാര്യ ബസ്സിലാണ് ഞാനും കുടുംബവും പോയത്. അന്നും എവിടെയാണ് ഇറങ്ങിയതെന്നോ ഏത് ബസ്സ് വഴിയാണ് ആ ഉള്‍നാട്ടില്‍ എത്തിയതെന്നോ ഒരു പിടിയും ഇല്ല. ഒരു പാട് ദൂരം നടന്നത് നല്ല ഓര്‍മ്മയുണ്ട്. ഇടക്കല്‍ ഗുഹ കാണാന്‍ പോകുന്നവര്‍ ഇപ്പോഴും ശ്രദ്ധിക്കേണ്ട കാര്യവും അതാണ്.സ്വന്തം വാഹനമായാലും ടാക്സിയായാലും വാഹനമിറങ്ങി ഏകദേശം ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട്.അതും നല്ല കയറ്റം. മുമ്പ് കല്ല് വിരിച്ച പാതയായിരുന്നു.ഇപ്പോള്‍ കോണ്‍ക്രീറ്റ് പാതയാണ്. നടക്കാന്‍ പറ്റാത്തവര്‍ക്ക് വിനോദ സഞ്ചാര വകുപ്പിന്റെ ജീപ് സര്‍വീസ് ഉണ്ട്. ഒറ്റ ജീപ്പ് മാത്രമേ ഉള്ളൂ എന്ന് മാതം. 
              പശ്ചിമഘട്ട മലനിരകളിലെ അമ്പുകുത്തി മലയില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3900 അടി ഉയരത്തിലാണ് ഇടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. രണ്ട് ഗുഹകളായാണ് ഇത് കാണപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍  ഇത് ഗുഹയല്ല. പിളര്‍ന്ന് നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ പ്രാചീന മനുഷ്യര്‍ താമസിച്ചിരുന്ന സ്ഥലമാണ്. മുമ്പ് പറഞ്ഞപോലെ രണ്ട് കൂറ്റന്‍ പാറകള്‍ക്ക് ഇടയില്‍ മറ്റൊരു കൂറ്റന്‍ പാറ തങ്ങി നില്‍ക്കുന്നത് കൊണ്ടാണ് ഇതിന് ‘ഇടക്കല്‍ ഗുഹ’ എന്ന പേര് കിട്ടിയത്.
             ഗുഹയിലേക്ക് പ്രവേശിക്കാനും കല്ലുകള്‍ ഇതുപോലെ ഉണ്ടാക്കിയ ഇടുങ്ങിയ കവാടത്തിലൂടെ നൂഴ്ന്ന് കയറണം. കുട്ടികളുടെ പിന്നില്‍ കാണുന്ന ആ ഇടുങ്ങിയ ദ്വാരത്തിലൂടെ വേണം അകത്ത് കയറാന്‍. തടി കൂടിയവരും ഊര വളയാത്തവരും മറ്റ് ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവരും ഇവിടെ വരെ എത്തി തിരിച്ചു പോകുന്നതിലും നല്ലത് ആദ്യമേ കയറാതിരിക്കുന്നതാണ്.
        ഗുഹക്കകത്തുള്ള ചിത്രലിഖിതങ്ങള്‍ ബി.സി 6000ലേതാണെന്ന് പറയപ്പെടുന്നു. അതായത് നിയോലിതിക് കാലഘട്ടത്തിലെ മനുഷ്യര്‍ ഇവിടെ താമസിച്ചിരുന്നതായി ഊഹിക്കുന്നു. ഇതുപോലെയുള്ള ശിലാലിഖിതങ്ങള്‍ ഇറാനിലാണ് കാണപ്പെടുന്നത് എന്ന് അന്ന്  ഒരു ഗൈഡ് പറയുന്നത് കേട്ടു. അതായത് ഇറാനില്‍ നിന്നുള്ള മനുഷ്യര്‍ അക്കാലത്ത് ഇന്ത്യയില്‍ എത്തിയിരുന്നു എന്ന് സാരം.  
               ആദ്യ വരവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഗുഹക്കകത്ത് ഫോട്ടോ എടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. ശിലാലിഖിതങ്ങള്‍ കമ്പി വേലി കെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 4000 അടിയോളം മുകളിലായതിനാലും സൂര്യപ്രകാശം നേരിട്ട് പതിക്കാത്തതിനാലുമായിരിക്കും ഗുഹക്കകത്ത് നല്ല തണുപ്പനുഭവപ്പെട്ടു. സഞ്ചാരികളും വളരെ കുറവായതിനാല്‍ തിക്കും തിരക്കും ഇല്ലാതെ ഞങ്ങള്‍ എല്ലാ ഭാഗത്തും എത്തി.
             
              വിശദമായി കാണാന്‍ ഒരു വരവ് കൂടി ആവ്ശ്യമുണ്ട് എന്ന് ഉള്ളില്‍ നിന്നാരോ പറയുന്നു. അതിനാല്‍ അധികം സമയം കളയാതെ ഞങ്ങള്‍ ഗുഹയില്‍ നിന്ന് പുറത്തിറങ്ങി.

Thursday, June 28, 2018

ഇടക്കൽ ഗുഹ - ഒന്നാം വരവ്

                പി.ജി രണ്ടാം വര്‍ഷത്തില്‍ പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലിലെ ഒരു അന്തിച്ചര്‍ച്ചയില്‍ വന്ന ആശയമായിരുന്നു ഹോസ്റ്റല്‍ ഡെയും ടൂറും.അന്നത്തെ ഹോസ്റ്റല്‍ അന്തേവാസികളില്‍ പ്രായം കൊണ്ട്  ഏറ്റവും സീനിയറും അഡ്മിഷന്‍ സമയം കൊണ്ട് ഏറ്റവും ജൂനിയറും ആയിരുന്നു ഞാന്‍. വാര്‍ഡെന്‍ ഭൂപീന്ദ്രന്‍ പിള്ള സാര്‍ ടൂറിന് അനുമതി നല്‍കിയതോടൊപ്പം സുരക്ഷ അടക്കമുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം എന്റെ തലയിലിടുകയും ചെയ്തു.വയനാട് ആയിരുന്നു ഞങ്ങള്‍ തെരഞ്ഞെടുത്ത സ്ഥലം.ഗൂഗിളും ഫേസ്ബുക്കും മൊബൈല്‍ ഫോണും ഒന്നും ഇല്ലാത്ത 1997ല്‍ വയനാട് എന്ന ആശയം മനസ്സിൽ എങ്ങനെ എത്തി എന്ന് ഓര്‍മ്മയില്ല. ആ ടൂറിന്റെ ഭാഗമായി 1997ലാണ് ഞാന്‍ ആദ്യമായി എടക്കല്‍ ഗുഹയിലെത്തുന്നത്. 

               എടക്കല്‍ ഗുഹയെപ്പറ്റി അതിന് മുമ്പ് ഞാന്‍ കേട്ടിരുന്നോ എന്ന് ചോദിച്ചാല്‍ അതും എനിക്കോര്‍മ്മയില്ല. കോഴിക്കോട് നിന്നും വിളിച്ച ഒരു ടാക്സി ജീപ്പിലാണ് 12 പേരടങ്ങുന്ന ഞങ്ങളുടെ സംഘം അവിടെ എത്തിയത്.ആരാണ് ഞങ്ങളെ അങ്ങോട്ട് നയിച്ചത് എന്ന് ചോദിച്ചാല്‍ അതിനും “ആ” എന്നേ ഉത്തരമുള്ളൂ. 

                എടക്കൽ ഗുഹാമുഖത്തേക്കുള്ള നീണ്ട പാത പിന്നിടുമ്പോൾ ആകാശത്ത് കാർമേഘവും ഉരുണ്ട് കൂടുന്നുണ്ടായിരുന്നു. സ്ഥലത്തെപ്പറ്റി മുൻ‌ധാരണ ഒട്ടും ഇല്ലാത്തതിനാൽ ഞങ്ങൾ അത് വക വയ്ക്കാതെ മുന്നോട്ട് നീങ്ങി.

              ഒന്നാമത്തെ ഗുഹയിലേക്കുള്ള പ്രവേശന കവാടത്തിലൂടെ ഒരാൾക്ക് മാത്രമേ കടന്നു പോകാൻ സാധിക്കൂ. അതും കുനിഞ്ഞിരുന്ന് നൂണ്ട് കയറണം. എല്ലാവരും അത് വിജയകരമായി കടന്നു.ഗുഹക്കകത്ത് ഫോട്ടോ എടുക്കാൻ അനുവാദമില്ലാത്തതിനാൽ ആരും അതിന് മുതിർന്നില്ല. ഫിലിം ലോഡ് ചെയ്ത് ഫോട്ടോ എടുക്കുന്ന അന്നത്തെ ‘യാഷിക’ ക്യാമറ ആ ഇരുട്ടിൽ ഫ്ലാഷ് മിന്നിക്കും എന്നുറപ്പ്. അതോടെ സെക്യൂരിറ്റി നമ്മെ പൊക്കും എന്നും തീർച്ച. അതിനാൽ തൽക്കാലം ഗുഹക്കകത്തെ ഫോട്ടോകൾ വേണ്ട എന്ന് തീരുമാനിച്ചു.

                  അല്പം കൂടി കയറിയാലാണ് ആദിമ മനുഷ്യർ താമസിച്ചിരുന്നു എന്ന് കരുതപ്പെടുന്നതും ശിലാലിഖിതങ്ങൾ ഉളളതുമായ പ്രധാനഗുഹ. രണ്ട് പാറകൾക്ക് ഇടയിൽ ഒരു ഭീമൻ പാറ വന്ന് അടഞ്ഞു നിൽക്കുന്ന വിധത്തിലാണ് ഇതിന്റെ മേൽക്കൂര.അതാണ് ഈ ഗുഹക്ക് ‘ഇടക്കൽ ഗുഹ’ എന്ന് പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു. അതിനകത്തും ഫോട്ടോ എടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.

                ഗുഹകൾ രണ്ടും കണ്ട ശേഷം ഞങ്ങൾ പുറത്തെത്തി. അതേ മലയുടെ ഉച്ചിയിലേക്ക് കയറിയാൽ കോഴിക്കോട് പട്ടണവും അറബിക്കടലും കാണാം എന്ന് ആരോ പറഞ്ഞതിനാൽ ഒന്ന് കയറാം എന്ന് അന്നത്തെ രക്തത്തിളപ്പിൽ തോന്നി. ചെങ്കുത്തായ മലയിലെ പാറകൾ മഴ പെയ്ത് വഴുതുന്നുണ്ടായിരുന്നു. എങ്കിലും അള്ളിപ്പിടിച്ച് ഞങ്ങൾ ഓരോരുത്തരായി മുകളിലേക്ക് കയറി. ഇടക്കിടക്ക് പാറയിൽ ഇരുന്ന് വിശ്രമിച്ച് ഒരുവിധം ഞങ്ങൾ മുകളിലെത്തി.
                കനത്ത കോടയും വീശി അടിക്കുന്ന കാറ്റും മലമുകളിൽ ഞങ്ങളെ സ്വാഗതം ചെയ്തു. സമുദ്ര നിരപ്പിൽ നിന്നും 4000 അടിയിൽ അധികം ഉയരത്തിൽ ആയതിനാൽ തണുപ്പും നന്നായി അനുഭവപ്പെട്ടു. കൂട്ടത്തിലെ തടിയന്മാർ ഷർട്ട് ഊരി അവരുടെ മസിൽ പവർ പ്രദർശിപ്പിച്ചു.കോട അല്പം മാറിയപ്പോൾ അങ്ങ് ദൂരെ ഏതോ താഴ്വര ഒരു പൊട്ടുപോലെ പ്രത്യക്ഷപ്പെട്ടു.മല കയറുന്നതിന് മുമ്പ് കേട്ടപോലെ കോഴിക്കോട് പട്ടണവും അറബിക്കടലും കാണാൻ പറ്റിയില്ല.
               കാർമേഘം വീണ്ടും ഉരുണ്ട് കൂടാൻ തുടങ്ങിയതിനാൽ ഞങ്ങൾ അധിക സമയം അവിടെ തങ്ങിയില്ല.താഴെ എത്തി ജീപ്പിൽ കയറിയപ്പോഴേക്കും മഴ തിമർത്ത് പെയ്തു തുടങ്ങി.

മുന്നറിയിപ്പ്: മഴക്കാലത്ത് ഇടക്കൽ ഗുഹ കാണാൻ പോവരുത്.

Wednesday, June 27, 2018

ടോയ് കളി

              കുട്ടിക്കാലത്ത് ഞങ്ങൾ സ്ഥിരം കളിച്ചിരുന്ന നാടൻ കളികളിൽ ഒന്നാണ് “ടോയ്”. നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയിരുന്നെങ്കിലും,  ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴാണ് ‘ടോയ്’ ഒരു ഇംഗ്ലീഷ് പദമാണെന്ന വിവരം ഉണ്ടായത്.പക്ഷേ ആ ടോയും ഞങ്ങളുടെ ടോയും തമ്മിൽ ആലുവ മണൽപ്പുറത്ത് കണ്ട പരിചയം പോലും ഉണ്ടായിരുന്നില്ല.

               കുറെ അധികം പേർ കളിക്കാനുണ്ടാകുമ്പോഴാണ് ‘ടോയ്’ കളിക്കുന്നത്. ഒരു നിശ്ചിത സ്ഥാനത്ത് (ഇതിനെ കുറ്റി എന്ന് പറയും) നിന്ന് ഒരാൾ കണ്ണുപൊത്തി 50 വരെയോ 100 വരെയോ എണ്ണും. ബാക്കിയുള്ളവർ എല്ലാം ഇതിനിടക്ക് വിവിധ സ്ഥലങ്ങളിൽ ഒളിച്ചിരിക്കും. എണ്ണിക്കഴിഞ്ഞാൽ ‘ആയോ’ എന്നൊരു ചോദ്യം ചോദിക്കണം. അതായത് എല്ലാവരും ഒളിച്ചു കഴിഞ്ഞോ എന്നും തിരയാൻ വരാനായോ എന്നുമാണ് ചോദിക്കുന്നത്.’ആയില്ല’ എന്നാണ് ഉത്തരം കിട്ടുന്നതെങ്കിൽ അവിടെ തന്നെ നിൽക്കണം.

              ‘ആയി’ എന്ന് ഉത്തരം കിട്ടിയാൽ എണ്ണുന്നയാൾ കുറ്റി വിട്ട് പോയി ഒളിച്ചിരിക്കുന്നവരെ കണ്ട് പിടിക്കണം. അതിനിടയിൽ  ഒളിച്ചിരിക്കുന്നവർ മെല്ലെ സ്ഥാനം മാറി പാത്തും പതുങ്ങിയും കുറ്റിയിലേക്ക് ഓടി വന്ന് ‘ടോയ്’ എന്ന് ഉറക്കെ പറയണം. അവർ കുറ്റിയിൽ എത്തുന്നതിന് മുമ്പെ അവരെ തൊടുക എന്നതാണ് എണ്ണുന്നവന്റെ കടമ.

             ഈ കളിക്ക് പിന്നീട് പല വകഭേദങ്ങളും ഉണ്ടായി.  ഒളിച്ചിരിക്കുന്നവനെ കണ്ടാൽ പേര് വിളിച്ചു പറയുന്ന ഒരു വകഭേദം ഉണ്ടായി.അതു വ്യാപകമായി കള്ളക്കളിക്ക് കാരണമായി.കാരണം പേര് എല്ലാവരുടേതും അറിയുന്നതിനാൽ കണ്ടാലും ഇല്ലെങ്കിലും വിളിച്ചുപറയാൻ സൌകര്യമായിരുന്നു. അതോടെ ആ കളി നിർത്തി.

             വെട്ടിച്ച് ഓടാനും വേഗത്തിൽ ഓടാനും കഴിയുന്നവർ പലപ്പോഴും ഒളിക്കുകയില്ല. അവർ തുറസായ സ്ഥലത്ത് തന്നെ നിൽക്കും. എണ്ണുന്നവൻ തൊടാനായി ഓടി വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചോടി കുറ്റിയിൽ ചെന്ന് തൊട്ട് ‘ടൊയ്’ വിളിക്കും.അമ്മാവന്റെ മകൻ ബാബു വെട്ടിച്ചോടുന്നതിൽ വിദഗ്ദനായിരുന്നു. ഇതിനൊന്നും സാധിക്കാത്ത എന്നെപ്പോലെയുള്ളവർ അമ്മാവന്റെ വീട്ടിലെ കുളിമുറിക്കകത്തും വല്ല്യുമ്മയുടെ കോഴിക്കൂടിന് പിന്നിലും മൂത്തുമ്മയുടെ പുളിമരത്തിന്റെ മറവിലും ഒക്കെ ഒളിച്ച് നിന്ന് കെണിയിൽ പെടും. എണ്ണുന്നവൻ ആദ്യം തൊടുന്നയാൾ, പിന്നെ അടുത്ത കളിയിൽ എണ്ണണം.ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമിക്കാം അല്ലെങ്കിൽ ‘ഒയ്ച്ചു’ (ഒഴിവാക്കി എന്നതിന്റെ മലപ്പുറം വേർഷൻ) എന്ന് പറഞ്ഞ് കളി അവസാനിപ്പിക്കാം.

             ഈ കളിയുടെ ഇന്നത്തെ രൂപമാണ് “സാറ്റ്’. ഇതിൽ എണ്ണുന്നവൻ മറ്റുള്ളവരെ  കണ്ടാൽ കുറ്റിയിലേക്ക് ഓടി വന്ന് പേര് പറഞ്ഞ് ‘സാറ്റ്’ വിളിക്കും. ഒളിച്ചിരിക്കുന്നവർ കുറ്റിയിലേക്ക് ഓടി വന്ന്  അതിനും മുമ്പെ ‘സാറ്റ്’ വിളിക്കണം.

            എണ്ണാനുള്ള ആളെ തെരഞ്ഞെടുക്കുന്നതും വളരെ രസകരമായാണ്. ഒരാൾ തന്റെ പത്ത് കൈവിരലിൽ ഏതെങ്കിലും ഒന്ന് മടക്കി ‘ടിക്’ എന്ന് പൊട്ടിക്കും.ശേഷം എല്ലാവർക്കും മുമ്പിലേക്ക് വിരലുകള്‍ നീട്ടും.പൊട്ടിയ വിരൽ പിടിച്ചവൻ കളിയില്‍ എണ്ണണം. അവിടെയും ചില ‘നീക്കുപോക്കുകളിലൂടെ’ വേണ്ടപ്പെട്ടവനെ രക്ഷിക്കാം. അത് തെളിഞ്ഞാൽ വിരൽ വീണ്ടും പൊട്ടിക്കാൻ പറയും.ഒരിക്കൽ പൊട്ടിയ വിരൽ പിന്നീട് കുറെ നേരത്തേക്ക് പൊട്ടില്ല.അതിനാൽ കള്ളക്കളി അപ്പോൾ തന്നെ പുറത്താകും.

             പറമ്പിലൂടെയും ചെളിയിലൂടെയും മണ്ണിലൂടെയും വെള്ളത്തിലൂടെയും എല്ലാം ഓടിക്കളിക്കുന്നതിനാൽ ഞങ്ങളുടെ ആരോഗ്യത്തിനും ഈ കളികൾ നല്ല സംഭാവന നൽകിയിട്ടുണ്ട്. ഇന്നും എന്റെയും അയല്പക്കത്തെയും കുട്ടികൾ സംഘടിച്ച് വൈകുന്നേരങ്ങളിൽ ‘സാറ്റ്’ കളിക്കാറുണ്ട്. അത് നോക്കി നിന്ന് ഞാൻ ഞങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാറുമുണ്ട്.

Tuesday, June 26, 2018

അവസാനത്തെ അത്താഴം

            എന്റെ ആദ്യരാത്രി വളരെ വിശദമായിത്തന്നെ വായനക്കാര്‍ക്ക് മുന്നില്‍ ഞാന്‍ ഇവിടെ കുറിച്ചിരുന്നു (ഇതുവരെ വായിക്കാത്തവര്‍ക്കും വായിച്ചു മറന്നവര്‍ക്കും ഇവിടെ ക്ലിക്കിയാല്‍ വീണ്ടും വായിക്കാം). ഇനി എന്റെ അന്ത്യരാത്രിയെപ്പറ്റി കൂടി പറയട്ടെ. പ്രഷര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ ഇത് വായിച്ച ശേഷം എന്തെങ്കിലും കഷ്ടനഷ്ടങ്ങള്‍ സ്വയമോ കുടുംബത്തിനോ ഉണ്ടാക്കി വച്ചാല്‍ അതിന് ഞാനോ എന്റെ ഭാര്യയോ മക്കളോ ഉത്തരവാദിയായിരിക്കില്ല എന്ന് ആദ്യമേ ഉണര്‍ത്തുന്നു.

             അന്ന് രാത്രി പതിവില്ലാത്ത വിധം തണുപ്പ് അനുഭവപ്പെടൂന്നുണ്ട്. തണുപ്പ് കൂടിയപ്പോഴാണ് വൈകുന്നേരം കോട മൂടിയിരുന്നത് എന്റെ ഓര്‍മ്മയിലേക്ക് പാഞ്ഞുകയറിയത്.കാറ്റിന്റെ മൂളലിന് കാലന്റെ ശ്വാസഗതിയുടെ താളം തോന്നുന്നുണ്ട്.അടുത്തെവിടെയോ കാലന്‍ ചവിട്ടി മെതിക്കുന്നുണ്ട് എന്ന് വ്യക്തമായിരുന്നു.എന്റെ കിടപ്പറയുടെ ജനല്‍ ചില്ലിലും ആരോ മുട്ടുന്നുണ്ട്.പെട്ടെന്ന് വൈദ്യുതി ബന്ധവും നിലച്ചു.

              റൂമില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത റൂമിലുള്ളവരെല്ലാം നേരത്തെ ഉറക്കമായി എന്ന് തോന്നുന്നു.ഭക്ഷണം പാകം ചെയ്യാന്‍ ഞാന്‍ അടുക്കളയിലേക്ക് നീങ്ങി.രാത്രിയില്‍ ഞാന്‍ കഞ്ഞിയേ കുടിക്കാറുള്ളൂ. ചെറുപയര്‍ ചേര്‍ത്ത് പാകം ചെയ്യുന്ന കഞ്ഞി സഹമുറിയന്മാര്‍ക്കും ഏറെ പ്രിയങ്കരമായിരുന്നു.ഒരു കൈയബദ്ധത്തിന്റെയും പിന്നെ ചില മടിപ്പണികളുടെയും ഉല്പന്നമായിരുന്നു ഈ ചെറുപയര്‍ കഞ്ഞി. പക്ഷേ ജീവിതത്തില്‍ രുചിച്ച മികച്ച കഞ്ഞികളില്‍ ഒന്നായി അത് മാറി. തിരക്കഥയും നിര്‍മ്മാണവും സംവിധാനവും എല്ലാം ഞാനോ അല്ലെങ്കില്‍ ഞങ്ങളോ ആയതിനാല്‍ ഉപ്പ് കുറഞ്ഞാലും വെള്ളം കൂടിയാലും അരി വേവാഞ്ഞാലും കുറ്റം കേന്ദ്ര സര്‍ക്കാറിന്റെ ഗ്യാസിലോ സംസ്ഥാന സര്‍ക്കാരിന്റെ അരിയിലോ ചാര്‍ത്തിയില്ല,ഞങ്ങള്‍ തന്നെ ഏറ്റെടുത്തു.


        അന്ത്യരാത്രി ആയതിനാലാവും കഞ്ഞിക്ക് അരി ഇട്ടപ്പോഴേ എന്റെ കണക്ക് പിഴച്ചു.അര ഗ്ലാസ് അരി ഇടേണ്ടിടത്ത് കവറില്‍ ബാക്കി ഉണ്ടായിരുന്ന അരി മുഴുവന്‍ ഞാന്‍ പാത്രത്തിലേക്ക് തട്ടി.ഭാഗ്യത്തിന് അത് അര ഗ്ലാസ്സിലും അല്പം കൂടുതലേ ഉണ്ടായിരുന്നുള്ളൂ.രണ്ട് പിടി ചെറുപയറും അതേ പാത്രത്തിലേക്കിട്ട് വൃത്തിയായി കഴുകി.ഞാന്‍ കഞ്ഞി കുടിക്കുന്ന പാത്രത്തിന് ഒന്നര പാത്രം വെള്ളം കുക്കറിലെടുത്ത് അരി-പയര്‍ മിശ്രിതം അതിലേക്കിട്ടു.കല്ലുപ്പിന്റെ പത്ത് പന്ത്രണ്ട് ക്രിസ്റ്റലുകളും അതിലേക്കിട്ട് സ്റ്റൌവില്‍ വച്ചു.പച്ചമുളക് കൂടി ഇടേണ്ടതായിരുന്നു, പക്ഷേ സാധനം ഇല്ലാത്തതിനാല്‍ അത് വേണ്ടെന്ന് വച്ചു.മൂന്ന് വിസില്‍ വന്ന ശേഷം സ്റ്റൌ ഓഫാക്കി ഞാന്‍ കിടപ്പ് മുറിയിലേക്ക് തിരിച്ചു പോയി.
       ജനല്‍ ചില്ലില്‍ അപ്പോഴും ആരോ ശക്തമായി മുട്ടുന്നുണ്ടായിരുന്നു. കാലന്റെ ചവിട്ടടികളില്‍ നിന്നുതിര്‍ന്ന വായുപ്രവാഹത്തിന്റെ അനുരണനങ്ങള്‍ ആയിരുന്നു അത് എന്ന് അപ്പോള്‍ മനസ്സിലായില്ല.ഈ മലനിരകളുടെ മറ്റൊരു ഭാഗമായ കട്ടിപ്പാറയില്‍ പതിനാല് പേരുടെ ജീവനും കയ്യിലെടുത്ത് ഓടുകയായിരുന്നു കാലനപ്പോള്‍.കാറ്റിന്റെ ശക്തി കുറഞ്ഞ് വന്നു.തുറക്കാത്ത ജനല്‍പാളി കാലനെ പിന്തിരിപ്പിച്ചു. ഞാന്‍ വീണ്ടും അടുക്കളയിലേക്ക് നീങ്ങി.
       കുക്കര്‍ തുറന്നപ്പോള്‍ അതില്‍ പായസം കണക്കെ ഒരു സാധനം. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടത് തിളപ്പിച്ച വെള്ളമാണെന്ന് മുന്‍ അനുഭവങ്ങള്‍ എന്നെ അല്ല, ഞങ്ങളെ പഠിപ്പിച്ചിരുന്നു.രണ്ട് ഗ്ലാസ്സോളം വെള്ളം ചേര്‍ന്നപ്പോള്‍ പായസം കഞ്ഞിയായി മാറി.കൂടിയ ഉപ്പിനെ കുറക്കാന്‍ ആവശ്യമായ വെള്ളം വീണ്ടും ഒഴിച്ചതോടെ അവസാനത്തെ അത്താഴം എന്റെ വയറ് നിറച്ചു.
       ഈ കഞ്ഞി എങ്ങനെ അവസാനത്തെ അത്താഴമായി? ഇന്ന് ആ ക്വാര്‍ട്ടേഴ്സിലെ എന്റെ അവസാന ദിവസമായിരുന്നു.മാത്രമല്ല ഇനി ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്ക് ഞാന്‍ സ്വയം കഞ്ഞിയുണ്ടാക്കാന്‍ സാധ്യതയുമില്ല.കാരണം വയനാട് ഗവ. എഞ്ചിനീയറിംഗ് കോളെജില്‍ നിന്നും എന്റെ പഴയ തട്ടകമായ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളെജിലേക്ക് ഞാന്‍ സ്ഥലം മാറി.

Sunday, June 17, 2018

ലോകകപ്പ് - ചില ബ്ലാക്ക് & വൈറ്റ് ഓർമ്മകൾ

                 1986. അന്ന് ഞാൻ പത്താം ക്ലാസിലേക്ക് ജയിച്ചതേയുള്ളൂ. മെക്സിക്കോയിൽ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ആരംഭിക്കുന്നതിന്റെ വാര്‍ത്തകള്‍ പത്രത്തില്‍ വായിച്ചിരുന്നു.അന്നത്തെ അര്‍ജന്റീനയുടെ തുറുപ്പ്ശീട്ട് ആയിരുന്നു മറഡോണ, പ്രധാന എതിരാളികളില്‍ ഒരാള്‍ പരിക്ക് കാരണം കളിക്കാനാകാതെ പുറത്തായപ്പോള്‍ മറഡോണ അദ്ദേഹത്തിന് ഒരു കത്ത് എഴുതിയ വാര്‍ത്തയും എന്റെ ശ്രദ്ധയില്‍ പെട്ടു. ഫേസ്‌ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും റ്റ്വിറ്ററും ബീജാവാപം പോലും ചെയ്യാത്ത, ഇ-മെയില്‍ വ്യാപകമല്ലാത്ത  അക്കാലത്ത് തന്റെ എതിരാളി വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കാന്‍ കത്തും ടെലഗ്രാമും ഒക്കെയായിരുന്നു മാര്‍ഗ്ഗങ്ങള്‍. എന്തോ ആ വാര്‍ത്ത എന്നെ മറഡോണയുടെ ഒപ്പം കൂട്ടി.ആ ലോകകപ്പില്‍ മറഡോണ ഏറെക്കുറെ ഒറ്റക്ക് അര്‍ജന്റീനയെ വിശ്വവിജയികളാക്കി. മറഡോണ മാജിക്ക് ഉണ്ടായില്ലെങ്കിലും 1990ലും ജര്‍മ്മനി-അര്‍ജന്റീന ഫൈനല്‍ തന്നെ അരങ്ങേറി.അന്ന് ജര്‍മ്മനി കപ്പും കൊണ്ട് പോയി.

                ടെലിവിഷന്‍ അപൂര്‍വ്വമായി മാത്രം ഉണ്ടായിരുന്ന കാലം കൂടി ആയിരുന്നു അത്.1986ലോ 90ലോ എന്നോര്‍മ്മയില്ല, എന്റെ വലിയ മൂത്താപ്പയുടെ വീട്ടിലും ഒരു ബ്ലാക്ക് & വൈറ്റ് ടിവി (ഡയനോര) എത്തി. ദൂരദര്‍ശനിലൂടെ സം‌പ്രേഷണം ചെയ്ത കളികള്‍ ഞങ്ങളുടെ കോളനിയിലെയും പരിസരത്തെ വീടുകളിലെയും ഫുട്ബാള്‍ പ്രേമികള്‍ ഒത്തുകൂടി മുറ്റത്തിരുന്ന് കണ്ട ഒരു ബ്ലാക്ക് & വൈറ്റ് ഓര്‍മ്മയും മനസ്സിലുണ്ട്.

              അക്കാലത്ത് വൈകുന്നേരങ്ങളില്‍ പുഴവക്കത്ത്  ഫുട്ബാള്‍ കളിക്കാന്‍ ഇറങ്ങാറുണ്ടായിരുന്നു. അന്ന്, എന്റെ ട്രൌസര്‍ കണ്ട് ‘പൊളൊറോസി’ എന്ന് മുതിര്‍ന്നവര്‍ കളിയാക്കിയത് ഓര്‍മ്മയുണ്ട്. ഇറ്റലിയുടെ മഹാനായ കളിക്കാരനായിരുന്നു പൌലോറോസി എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അറിഞ്ഞത്.

           ഇടക്കെപ്പോഴോ കളര്‍ ടെലിവിഷന്‍ രംഗപ്രവേശം ചെയ്തു. അതോടെ വിവിധ രാജ്യങ്ങളുടെ ജഴ്സിയുടെ നിറം കാണികളുടെ ഇഷ്ടനിറമായി മാറി. ലോകത്തിന്റെ പല കോണുകളിലുമുള്ള രാജ്യങ്ങളുടെ ദേശീയ പതാകകളും ജഴ്സിയും നമ്മുടെ ഓണം കേറാമൂലകളില്‍ വരെ സ്ഥാനം പിടിച്ചു. 1994ലെ ലോകകപ്പ് മത്സരങ്ങള്‍ എവിടെ വച്ചാണ് കണ്ടത് എന്നത് എന്റെ ഓര്‍മ്മയില്‍ വരുന്നില്ല.1998ലേത് മൂത്തുമ്മയുടെ വീട്ടിലിരുന്നും 2002ലേത് ഞാന്‍ ജോലി ചെയ്തിരുന്ന KSEB  ഓഫീസില്‍ ഇരുന്നും കണ്ടത് ഓര്‍മ്മയിലുണ്ട്.

           2006ലെ ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ മാനന്തവാടിയില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു.വീട്ടില്‍ ടിവി ഇല്ലാത്തതിനാലും ടിവിയുള്ള പരിചയക്കാര്‍ ആരും ഇല്ലാത്തതിനാലും മത്സരങ്ങള്‍ എങ്ങനെ കാണും എന്ന് വേവലാതി ഉയര്‍ന്ന സമയം.അപ്പോഴാണ്  മാനന്തവാടി ഡയാന ക്ലബ്ബിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബിഗ് സ്ക്രീനില്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം കിട്ടിയത്.താമസ സ്ഥലത്ത് നിന്ന് 2 കിലോമീറ്ററിലധികം ദൂരം ഉണ്ടായിട്ടും അര്‍ധരാത്രി ആളൊഴിഞ്ഞ തെരുവിലൂടെ നടന്ന് ക്ലബ്ബിലെത്തി കളി കാണാന്‍ എന്റെ ഉള്ളിലെ ഫുട്ബാള്‍ ആവേശം എന്നെ നയിച്ചു.

                 സ്ഥലം മാറ്റം കിട്ടി നാട്ടില്‍ എത്തിയതിനാല്‍ 2010ലെ മത്സരങ്ങള്‍ മൂത്താപ്പയുടെ മകന്റെ വീട്ടില്‍ ഇരുന്ന് ഞങ്ങള്‍ എല്ലാവരും ആസ്വദിച്ചു.അന്നത്തെ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ ആയിരുന്നു എന്റെ ഇഷ്ട ടീം.അര്‍ജന്റീനക്കും ബ്രസീലിനും പിന്തുണ നല്‍കി നാട് മുഴുവന്‍ ഫ്ലക്സുകളും കട്ടൌട്ടുകളും ഉയര്‍ന്ന് നിന്നത് കണ്ടിട്ടും സ്പെയിനിന്റെ ഒരു കളി പോലും കാണാത്ത ഞാന്‍ എന്റെ ടീം ആയി സ്പെയിനിനെ വെറുതെയങ്ങ് പ്രഖ്യാപിച്ചു. ബന്ധുക്കളില്‍ പലരും അര്‍ജന്റീനക്കും ബ്രസീലിനും വേണ്ടി പക്ഷം പിടിച്ചു. ആ വര്‍ഷം സ്പെയിന്‍ ജേതാക്കളായി !

                2014 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് കോഴിക്കോട് AWH  എഞ്ചിനീയറിംഗ് കോളേജിലെ NSS വളണ്ടിയര്‍ സെക്രട്ടറിയായിരുന്ന ശമീര്‍ എന്നോട് ചോദിച്ചു -

“സാറിന്റെ ടീം ഏതാ?”

“ജര്‍മ്മനി” മുന്നും പിന്നും ആലോചിക്കാതെ ഞാന്‍ പറഞ്ഞു.

എന്റെ ഇഷ്ടകളിക്കാരില്‍ ഒരാളായ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയും അന്ന് എന്റെ ഇഷ്ട ടീമായിരുന്ന ജര്‍മ്മനിയും വീണ്ടും ഫൈനലില്‍ മുഖാമുഖം വന്നു.അന്ന് മരിയോ ഗോഡ്‌സെ തൊടുത്ത വെടിയുണ്ട മെസ്സിയുടെയും അര്‍ജന്റീനയുടെയും നെഞ്ചകം പിളര്‍ത്തി.വീണ്ടും എന്റെ ടീം ലോകജേതാക്കള്‍ !!

               റഷ്യന്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ്, കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ NSS വളണ്ടിയറായിരുന്ന മുഹമ്മദ് ശമീല്‍ ഫേസ്ബുക്കില്‍, അര്‍ജന്റീനക്കൊപ്പം എന്ന പോസ്റ്റിട്ടു. എന്തോ എന്റെ മനസ്സ് അതിനോട് യോജിച്ചില്ല - ഇത്തവണ ഫ്രാന്‍സിനൊപ്പം എന്ന മറുപടി ഞാനും കൊടുത്തു.

             ഈ വര്‍ഷത്തെ ഉത്ഘാടന മത്സരം കണ്ടില്ല. രണ്ടാം ദിവസത്തെ കളി കാണാനായി അടുത്ത വീട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോഴാണ് അനിയന്‍ അത് മൊബൈലില്‍ ലൈവ് ആയി കാണുന്നത് ഞാന്‍ കണ്ടത്.അവന് മൊബൈലില്‍ കിട്ടുമെങ്കില്‍ എനിക്ക് നെറ്റിലും കിട്ടുമല്ലോ എന്നൊരു ഉള്‍വിളി അപ്പോള്‍ വന്നു. ഞാന്‍ ലാപ്ടോപ് ഓണാക്കി സെര്‍ച്ച് ചെയ്തു. അതാ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ആദ്യമായി എന്റെ വീട്ടിനകത്തും ലൈവായി ! ഇറാന്‍-മൊറൊക്കൊ മത്സരം കുടുംബസമേതം കണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഹാട്രിക് പ്രകടനം നടന്ന പോര്‍ച്ചുഗല്‍ - സ്പെയിന്‍ മത്സരം കണ്ടതോടെ എല്ലാ മത്സരങ്ങളും കാണാനുള്ള ആവേശവും സൃഷ്ടിക്കപ്പെട്ടു. ദേ, ഇന്ന് ഫ്രാന്‍സും തുടങ്ങി; ആസ്ട്രേലിയക്കെതിരെ 2-1.
ചിത്രം : വാട്‌സ്‌ആപ് വഴി കിട്ടിയത്

Monday, June 04, 2018

തോല്പിക്കാം, പ്ലാസ്റ്റിക് മലിനീകരണത്തെ

               വീണ്ടും ഒരു ജൂൺ അഞ്ച് നമ്മുടെ മുമ്പിലേക്ക് കടന്നു വരികയാണ്. ഒന്നാം ക്ലാസ് മുതൽ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ദിനം പരിചിതമാണ്. ഏറെക്കുറെ സാധാരണക്കാർക്കും ഈ ദിവസം പരിചിതമായിക്കഴിഞ്ഞു. 95% പേർക്കും ആ ദിനം പരിചിതമായത് പരിസ്ഥിതി ദിനം എന്ന പേരിൽ വൃക്ഷത്തൈകൾ നടുന്നതു കൊണ്ടാണ്.

                എന്നാൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംരക്ഷണ വിഭാഗമായ UNEP എല്ലാ വർഷവും  ഒരു പ്രത്യേക വിഷയത്തിൽ ഊന്നിക്കൊണ്ട്, ഈ ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തെ അതിന്റെ ആതിഥേയ രാഷ്ട്രമായി തെരഞ്ഞെടുക്കാറും ഉണ്ട്. ഈ വർഷത്തെ വിഷയം #BeatPlasticPollution എന്നതാണ്. നമ്മുടെ ഇന്ത്യയാണ് ആതിഥേയ രാഷ്ട്രം.

             ലോകത്ത് ഓരോ മിനുട്ടിലും 10 ലക്ഷം പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾ വിറ്റുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ നാം ചുമ്മാ വായിച്ച് തള്ളും. അതിന്റെ പകുതിയെങ്കിലും അനാഥമായി ഭൂമിയിലേക്ക് വലിച്ചെറിയപ്പെടും എന്ന് ഞാൻ പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കും.കാരണം അതാണ് നമ്മുടെ ശീലം. ഓരോ വർഷവും അഞ്ച് ട്രില്ല്യൺ പ്ലാസ്റ്റിക് കാരിബാഗുകളും നാം ഉപയോഗിക്കുന്നുണ്ട്. ഒരു ട്രില്ല്യൺ എന്നാൽ 1,000,000,000,000,000,000 ആണ്. ഇതിലും പകുതിയോളം ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നു. 300 മില്ല്യൺ (1 മില്ല്യൺ = 10 ലക്ഷം) ടൺ പ്ലാസ്റ്റിക് മാലിന്യം ആണ് വർഷം തോറും ഇങ്ങനെ പുറം തള്ളുന്നത്. എന്ന് വച്ചാൽ ലോക ജനസംഖ്യയുടെ അതേ ഭാരം !!

              ഓഖി കടന്നുപോയ ശേഷം മുംബൈ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം നാം കണ്ടതാണ്. നാം കടലിന് നൽകിയത് കടൽ നമുക്ക് തിരികെ തന്നപ്പോൾ അത് നീക്കം ചെയ്യാൻ നമുക്ക് മാസങ്ങൾ തന്നെ വേണ്ടി വന്നു.ഈ തോതിൽ കടൽ മലിനമാക്കുന്നത് തുടർന്നാൽ 2050ഓടെ കടലിൽ മത്സ്യങ്ങളെക്കാളും കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കും !! 

            പ്ലാസ്റ്റിക് മാലിന്യം കൂടുതലും സൃഷ്ടിക്കുന്നത് അമേരിക്ക,ജപ്പാൻ തുടങ്ങീ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ആണ്. ഈ രാജ്യങ്ങൾ അത് ഏറെക്കുറെ നിർമാർജ്ജനം ചെയ്യുന്നുമുണ്ട്. എന്നാൽ സാമ്പത്തികമായി കുതിക്കുന്ന ചൈന, തായ്‌ലാന്റ്,ഫിലിപ്പീൻ‌സ്,വിയെറ്റ്നാം.ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം കൂടുതലും കടലിൽ എത്തിച്ചേരുന്നു എന്ന് പഠനങ്ങൾ പറയുന്നു. അതായത് സാമ്പത്തികാഭിവൃദ്ധിക്ക് ഒപ്പം ഉപഭോഗ സംസ്കാരം കൂടുന്നു, പ്ലാസ്റ്റിക് ഉപയോഗവും വർദ്ധിക്കുന്നു. സാമ്പത്തികമായി പുരോഗമിക്കുന്നു എന്ന് പറയപ്പെടുന്ന നമ്മുടെ രാജ്യവും താമസിയാതെ ഈ ഗണത്തിൽ ചേരും എന്നർത്ഥം.

             സർക്കാർ ഭാഗത്ത് നിന്ന് ഇതിന് തടയിടാൻ നിരവധി നിയമങ്ങൾ ഉണ്ട് , ഇനിയും ഉണ്ടാകും. പക്ഷെ നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരു ജനവിഭാഗത്തിന് മുന്നിൽ ഇത് കൊണ്ട് യാതൊരു ഗുണവും ഇല്ല. മലിനീകരണത്തിന്റെ അനന്തരഫലങ്ങൾ പലതരം പകർച്ച വ്യാധികളുടെ രൂപത്തിലും മറ്റും നാം അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനമായി നിപ വൈറസും ഉറവിടം അജ്ഞാതമായി നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

             അതിനാൽ  നമുക്ക് വേണ്ടത് ഓരോരുത്തരും സ്വയം ഒരു തീരുമാനം എടുക്കുകയാണ്. എന്റെ വീട്ടിൽ പ്ലാസ്റ്റിക് മാലിന്യം വരുന്നതിന് ഞാൻ തടയിടും എന്ന ഉറച്ച തീരുമാനം എടുക്കുക. സാധിക്കുമോ ? സാധിക്കും. കഴിഞ്ഞ 15 വർഷമായി ഞാൻ ഇത് പ്രാക്ടീസ് ചെയ്യുന്നു. ഞാൻ സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന പച്ചക്കറി കടക്കാരനും ബേക്കറിക്കാരനും മീൻ‌കാരനും പലചരക്ക് പീടികക്കാരനും മുട്ടപ്പീടികക്കാരനും വർഷങ്ങളായി എനിക്ക് പ്ലാസ്റ്റിക് കവർ തരാറില്ല. അവരത് കടലാസിൽ പൊതിഞ്ഞേ തരൂ !! എന്റെ ബാഗിലോ പാന്റിന്റെ കീശയിലോ എപ്പോഴും ഒരു തുണി സഞ്ചിയും ഉണ്ടായിരിക്കും.കടലാസിൽ പൊതിഞ്ഞ സാധനങ്ങൾ അതിലേക്ക് വയ്ക്കും. അല്ലെങ്കിൽ അതേ പോലെ കയ്യിൽ പിടിച്ച് കൊണ്ട് വരും.

ഈ പരിസ്ഥിതി ദിനം മുതൽ നമുക്കും ഒരു പരീക്ഷണം നടത്താം. പ്ലാസ്റ്റിക് മാലിന്യത്തെ നമ്മുടെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും പടി കടത്താം.
ഈ ലിങ്കിലൂടെയും കൂടി ഒന്ന് സന്ദർശിക്കൂ....#BeatPlasticPollution.

ഈ കുറിപ്പ് 12/6/18ലെ തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.