Pages

Thursday, November 26, 2009

ഈദാശംസകള്‍....

ബൂലോകര്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ ഈദാശംസകള്‍.... 

Wednesday, November 25, 2009

കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി

ബാപ്പയുടെ മരണ ശേഷം ബാപ്പയുടെ ജ്യേഷ്ഠനായ എന്റെ നിലവിലുള്ള ഒരേ ഒരു മൂത്താപ്പയെ പല പരിപാടികളിലും വച്ച് കണ്ടിരുന്നു എന്നല്ലാതെ അവരുടെ വീട്ടില്‍ പോയി സന്ദര്‍ശിച്ചിട്ടില്ലായിരുന്നു.സമയം ഒത്തുകിട്ടിയില്ല എന്ന ഒഴിവ്കഴിവ് പറയുന്നതിനേക്കാളും നല്ലത് സമയമുണ്ടാക്കിയില്ല എന്ന കുറ്റസമ്മതമാണ്.ബാപ്പ ജീവിച്ചിരുന്ന കാലത്ത് വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും മൂത്താപ്പ താമസിക്കുന്ന ബാപ്പയുടെ സ്വന്തം ഗ്രാമമായ പേരാമ്പ്രക്കടുത്ത നൊച്ചാട് പോകുമായിരുന്നു.ബന്ധുക്കളില്‍ ഒട്ടു മിക്കവരെയും സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. മാസത്തില്‍ ഒരിക്കലെങ്കിലും അവരെ എല്ലാം ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത എന്റെ ഭാര്യക്കായിരുന്നു.ബാപ്പയുടെ മരണത്തോടെ അതെല്ലാം നിലച്ച മട്ടായി.


ആ കുറ്റബോധത്തില്‍ നിന്നുള്ള ഒരു ഉള്‍വിളിയാണ് കഴിഞ്ഞ ദിവസം നൊച്ചാട് സന്ദര്‍ശിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.പലതരം അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന മൂത്താപ്പയേയും മൂത്തുമ്മയേയും നേരില്‍ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാനായി ഞാന്‍ പുറപ്പെട്ടു.


വെള്ളിയൂരില്‍ ബസ്സിറങ്ങി ബേക്കറി സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് നടന്നപ്പോള്‍ പെട്ടെന്ന് ബാപ്പ വീണ്ടും എന്റെ ചിന്തയില്‍ എത്തി.എന്റെ കുട്ടിക്കാലത്ത് വേനലവധിയില്‍ മൂന്ന് ദിവസം ഞങ്ങള്‍ കുടുംബ സമേതം നൊച്ചാട് പോയി താമസിക്കുന്ന പതിവുണ്ടായിരുന്നു.അതിരാവിലെ വീട്ടില്‍ നിന്നും പുറപ്പെടുന്നതിനാല്‍ ഭക്ഷണം കാര്യമായി കഴിച്ചുട്ടുണ്ടാവില്ല.കഴിച്ചവയെല്ലാം ബസ്സില്‍ ചര്‍ദ്ദിച്ച് കളഞ്ഞിരിക്കും.ഞങ്ങള്‍ വരുന്ന വിവരം വിളിച്ചറിയിക്കാന്‍ അന്ന് ഒരു ഫോണും ഇല്ല.അപ്പോള്‍ പ്രാതല്‍ കഴിക്കുന്നത് വെള്ളിയൂര്‍ ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു ഹോട്ടലില്‍ വച്ചായിരുന്നു.ആ ഹോട്ടല്‍ നിന്നിടത്തെ കടയിലാണ് ഞാന്‍ ബേക്കറി സാധനങ്ങള്‍ വാങ്ങാനായി കയറിയത്.


സാധനങ്ങള്‍ വാങ്ങി ഞാന്‍ നൊച്ചാട് റോഡിലേക്ക് നടന്നു.കുട്ടിക്കാലത്ത്, വെള്ളിയൂര്‍ നിന്നും ബാപ്പയുടെ തറവാട് ലക്ഷ്യമാക്കി ഒന്നര കിലോമീറ്റര്‍ നടക്കലായിരുന്നു പതിവ്.ഇന്ന് ഓട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുന്നു.പണ്ട് കാലത്തെ ആ നടത്തം അയവിറക്കി ഒന്ന് നടക്കാന്‍ മോഹിച്ചെങ്കിലും സമയം അനുവദിച്ചില്ല.ഓട്ടോയില്‍ കയറി പടിഞ്ഞാറേകണ്ടി താഴെ ഞാന്‍ ഇറങ്ങി.


ഒരു പറമ്പ് കടന്ന് ഞാന്‍ കനാലിന്റെ മുകളില്‍ എത്തി.ഞങ്ങള്‍ കനാല്‍ എന്ന പദം കേള്‍ക്കുന്നതും കാണുന്നതും നൊച്ചാട് വച്ചാണ്.കനാലിന്റെ മുകളിലെ ചെറിയ നടപ്പാലം കടന്ന് ഞാന്‍ ഇടവഴിയിലേക്ക് കയറി.പെട്ടെന്ന് എനിക്ക് മനസ്സില്‍ വല്ലാത്ത ഒരു നീറ്റല്‍ അനുഭവപ്പെട്ടു.കുട്ടിക്കാലത്ത് ബാപ്പയുടെ കൈ പിടിച്ച് വളരെ ശ്രദ്ധയോടെ ഞങ്ങളെ കൊണ്ടുപോയിരുന്ന ആ ഇടവഴിയിലെ മതിലുകള്‍ക്ക് നാവുണ്ടായിരുന്നെങ്കില്‍ അവ ചോദിക്കുമായിരുന്ന ആ ചോദ്യം - മോന്റെ ബാപ്പ എവിടെ ? എന്നെ മുന്നോട്ട് ഗമിക്കുന്നതില്‍ നിന്നും അല്പനേരം തടഞ്ഞു.(ഇത് ടൈപ്പുമ്പോഴും എന്റെ മനസ്സ് വിതുമ്പുന്നു).മനസ്സ് ശാന്തമായപ്പോള്‍ ഞാന്‍ മുന്നോട്ട് നടന്നു.


മൂത്താപ്പയുടെ വീട് സ്ഥിതി ചെയ്യുന്ന വിശാലമായ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റക്കല്‍ പടവിലൂടെ ഞാന്‍ കയറി.പറമ്പില്‍ പ്രവേശിച്ചതും വീണ്ടും എന്റെ ചിന്ത ബാപ്പയെക്കുറിച്ച് തന്നെയായി.ആ വീട്ടില്‍ എത്തിയാല്‍ പറമ്പ് മുഴുവന്‍ നടന്ന് നോക്കുന്ന എന്റെ പിതാവ് അവിടെയുള്ള മാവിന്‍ ചുവട്ടില്‍ ഒരു ബനിയനും ധരിച്ച് നില്‍ക്കുന്ന ചിത്രം എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.


ബാപ്പയുടെ സ്മരണകളില്‍ മുങ്ങി ഞാന്‍ വീടിന് മുമ്പില്‍ എത്തിയപ്പോള്‍ മൂത്താപ്പ പശുവിനെ മാറ്റി കെട്ടുകയായിരുന്നു.മൂത്തുമ്മ അടുക്കളയില്‍ ചായ ഉണ്ടാക്കുകയും.എന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറം രണ്ട് പേരും സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷം തോന്നി.ഒരു മണിക്കൂറോളം അവരുമായി ചെലവഴിച്ച് ഞാന്‍ തിരിച്ച് പോന്നു.


എന്റെ മതവിശ്വാസ പ്രകാരം ,നിങ്ങള്‍ ഒരാളെ സന്ദര്‍ശിക്കാനുദ്ദേശിച്ച് വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ടാല്‍ വഴിയിലുടനീളം എഴുപതിനായിരം മലക്കുകള്‍(മാലാഖമാര്‍) നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.അതിനാല്‍ ബന്ധം നിലനിര്‍ത്തുക,പ്രത്യേകിച്ചും കണ്ണിമുറിയാന്‍ സാധ്യതയുള്ള ബന്ധങള്‍.

അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...

ഒന്നും മനസ്സിലായില്ലെങ്കിലും പത്രം ദിവസവും വായിക്കണമെന്ന് ഞാന്‍ എന്റെ മക്കളോട്‌ ഉപദേശിക്കാറുണ്ടായിരുന്നു.എന്നാലും പലപ്പോഴും അവര്‍ക്ക് അതിന് മടിയാണ്.ഇന്നലെ പത്രത്തില്‍ ഒരു പകുതി പേജ് പരസ്യം വായിച്ചു കൊണ്ടിരുന്ന മകള്‍ എന്നോട്‌ ചോദിച്ചു.
“ഉപ്പച്ചീ,മുഖ്യമന്ത്രി എന്നാല്‍ എന്താ ?”


“ചീഫ് മിനിസ്റ്റെര്‍ എന്ന് നീ പഠിച്ചിട്ടില്ലേ....അത് തന്നെ..”


“ആ....വി.എസ്.അച്ചുതാനന്ദന്‍...”


“അതേ..അതെ...ചീഫ് എന്നാല്‍ മുഖ്യന്‍...മന്ത്രിമാര്‍ കുറേ ഉണ്ടാകും.പക്ഷേ മുഖ്യന്‍ ഒന്നേ ഉണ്ടാകൂ...” ഞാന്‍ ഒന്നു കൂടി വിശദീകരിച്ചു കൊടുത്തു.


“അങ്ങനെയെങ്കില്‍ മുഖ്യാഥിതിയോ ?”


“മുഖ്യാഥിതി എന്നാല്‍ ചീഫ്ഗസ്റ്റ്...ചീഫ് എന്നാല്‍ ഒരാളേ ഉണ്ടാകൂ....അല്ലെങ്കില്‍ പിന്നെ ചീഫ് എന്ന് പറയണോ?” ഞാന്‍ അവള്‍ക്ക് നന്നായി മനസ്സിലാകാന്‍ വേണ്ടി പറഞ്ഞു.


“അപ്പോള്‍ ഈ കൊടുത്തത് മുഴുവന്‍ പൊട്ടത്തരമല്ലേ.ഈ കാണുന്ന ആള്‍ക്കാരെല്ലാം മുഖ്യാഥിതി ആവുന്നതെങ്ങന്യാ ? അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...” പത്രത്തിലെ ഒരു സര്‍ക്കാര്‍ വക പരസ്യം കണ്ട അവളുടെ ചോദ്യത്തിന് മുന്നില്‍ എനിക്ക് മറുപടി ഇല്ലായിരുന്നു.ആറോ ഏഴോ മന്ത്രിമാര്‍ മുഖ്യാഥിതികള്‍ ആയി നല്‍കിയ ഒരു പരസ്യം.

Wednesday, November 18, 2009

ഒരു റാലിയും ചില ചിന്താശകലങ്ങളും.

ഇന്നലെ എസ്.എഫ്.ഐ യുടെ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച് കോഴിക്കോട് പട്ടണത്തില്‍ വിദ്യാര്‍ത്ഥിറാലി നടക്കുന്നതിനാല്‍ ഞാന്‍ കോല്ലേജില്‍ നിന്നും നേരത്തെ ഇറങ്ങി.ഗതാഗത നിയന്ത്രണം മുന്‍‌കൂട്ടി കണ്ടാണ് ഞാന്‍ ഇറങ്ങിയത്.പ്രതീക്ഷിച്ച് പോലെ ഒരു കിലോമീറ്റര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ തന്നെ അത് സംഭവിച്ചു.


പിന്നെ ഏതൊക്കെയോ വഴിയിലൂടെ ബസ് ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങി.അതിനിടക്ക് സ്ഥലം പരിചയമില്ലാത്ത ഒരു സ്ത്രീ കണ്ടക്റ്ററോട്‌ എന്തോ ചോദിച്ചു.


“നിങ്ങള്‍ ഇവിടെ ഇറങ്ങിക്കോളൂ...” കണ്ടക്റ്റര്‍ പറഞ്ഞു.


“അതെന്താ നിങ്ങള്‍ നേരത്തേ പറയാഞ്ഞത് ? എനിക്ക് സ്ഥലം പരിചയമില്ല...”

“സ്ഥലം പരിചയമില്ല എന്ന് നിങ്ങള്‍ പറയേണ്ടേ...മനസ്സില്‍ വച്ചിരുന്നാല്‍ ഞാന്‍ അറിയോ?”

ആ സ്ത്രീ അവിടെ ഇറങ്ങി.സംസാരത്തില്‍ നിന്നും, ബസ് റൂട്ട് തിരിച്ചു വിട്ട അവിടെ നിന്നും അടുത്ത സ്റ്റോപ് ആണ് ആ സ്ത്രീക്ക് ഇറങ്ങേണ്ടത് എന്ന് മനസ്സിലായി.രണ്ട് മിനുട്ട് നടക്കാനുള്ള ദൂരം.പക്ഷേ ഇപ്പോള്‍ ആ സ്ത്രീയെ ഇറക്കിവിട്ടത് ഏതോ ഒരു വഴിയിലും.ബസ് ജീവനക്കാര്‍, ബസ് ആ ട്രിപ്പില്‍ പോകാത്ത രണ്ട് സ്റ്റോപുകള്‍ പറഞ്ഞിരുന്നെങ്കിലും ആ സ്ത്രീക്ക് ഇറങ്ങേണ്ട സ്റ്റോപ് പറഞ്ഞിരുന്നില്ല.


ആ സ്ത്രീയും , ഈ ഗതാഗതകുരുക്കില്‍ പെട്ട വൃദ്ധജനങ്ങളും , ആശുപത്രിയിലേക്ക് കുതിച്ചുപായുന്ന രോഗികളും മറ്റ് ജനങ്ങളും ഈ ഒരു റാലി കൊണ്ട് എത്രമാത്രം കഷ്ടപ്പെട്ടിരിക്കും എന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമോ?


മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെ പ്രകടനങ്ങള്‍ മെയിന്‍ റോഡു വഴി പോകുന്നത് നിര്‍ബന്ധമായും തടയേണ്ടിയിരിക്കുന്നു.ജനങ്ങള്‍ കാണാനാണ് പ്രകടനം.പക്ഷേ ജനങ്ങള്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതായിരിക്കുന്നു.പാര്‍ട്ടി അനുഭാവികള്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പരിപാടികള്‍ വല്ല മൈതാനത്തോ ബീച്ചിലോ കൂട്ടം കൂടി നിന്ന് നടത്തിയാലും പോരേ ? കാണാനും കേള്‍ക്കാനും താല്പര്യമുള്ളവര്‍ വല്ല വിധേനയും അങ്ങോട്ട് എത്തിക്കോളും.പിന്നെ എന്തിന് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഈ കോപ്രായങ്ങള്‍?


സംഘടനകള്‍ ഈ വിഷയം ഗൌരവതരമായി കാണേണ്ടിയിരിക്കുന്നു.പോലീസും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.ജനങ്ങളും തങ്ങളുടെ പ്രതിഷേധം അറിയിക്കണം.സമീപഭാവിയിലെങ്കിലും നെടുനീളന്‍ റാലികള്‍ ഇല്ലാത്ത ഒരു കേരളം കാണാന്‍ സാധിക്കുമോ?ഇല്ലെങ്കില്‍ തെക്ക്-വടക്ക് പാത (എക്സ്പ്രെസ് പാത എന്ന് മറ്റവന്മാര്‍ വിളിച്ചതുകൊണ്ടും അതിനെ എതിര്‍ത്തത് കൊണ്ടും ഇനി ഇങ്ങനെയല്ലേ വിളിക്കാന്‍ പറ്റൂ) പോലെ ഒരു തെക്ക്-വടക്ക് പ്രകടന പാത കൂടി നിര്‍മ്മിക്കാനൊക്കുമോ ?




Friday, November 13, 2009

ആദ്യം മരുന്ന്....അസുഖം പിന്നാലെ

ഇന്നലെ രാത്രി ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ എന്റെ മൂത്ത മകള്‍ ചോദിച്ചു .
“ഉപ്പച്ചീ ഞാന്‍ മന്ത് ഗുളിക വാങ്ങണോ?”

എനിക്ക് ഒന്നും പിടികിട്ടിയില്ല.അപ്പോള്‍ അവള്‍ ഒന്നു കൂടി വിശദീകരിച്ചു.
“സ്കൂളില്‍ നിന്ന് നാളെ മന്തുരോഗത്തിനുള്ള ഗുളിക വിതരണം ചെയ്യുന്നുണ്ട്.ഗുളിക വേണ്ടാത്തവര്‍ രക്ഷിതാവിന്റെ എഴുത്ത് നല്‍കണം....”


“ഹോമിയോ മരുന്നാണോ ?” ഞാന്‍ ചോദിച്ചു.


“അറിയില്ല...സുനുതാത്തക്ക്(എന്റെ സഹോദരിയുടെ മകള്‍) കിട്ടിയിട്ടുണ്ട്....”



“സുനൂ....എവിടെ ആ ഗുളിക ?”


അവള്‍ എനിക്ക് ഗുളിക കാണിച്ചു തന്നു.മൂന്ന് ഗുളികകള്‍ നന്നായി പാക്ക് ചെയ്തും ഒന്ന്  ഒരു മാസം പ്രായമായ കുട്ടിയെപ്പോലെ നഗ്നനായും...

“ഇത് എന്നൊക്കെ കഴിക്കാനാ ?”

“അത് എല്ലാം ഇന്ന് തന്നെ കഴിക്കാനാ പറഞ്ഞത്...ഞാന്‍ കഴിക്കുന്നില്ല...”


“എന്താ ഇപ്പോ ഒരു മന്തന്‍ ഗുളിക,അതും നാലെണ്ണം“ എന്ന് ഞാന്‍ ഉറക്കെ ആലോചിച്ചു.എന്റെ മോളോട്‌ അത് വാങ്ങേണ്ട എന്നും ഞാന്‍ പറഞ്ഞു.അവള്‍ ചെറുപ്പം മുതലേ ഹോമിയോമരുന്ന് കഴിക്കുന്നവളായിരുന്നു.


“എങ്കില്‍ ഒരു കത്ത് നിര്‍ബന്ധമായും തരണം...” അവളും ശാഠ്യം പിടിച്ചു.


“ശരി...നാളെ തരാം..”


“ഉമ്മാ....ഉപ്പയോട്‌ കത്ത് എഴുതി വക്കാന്‍ പറയണേ...” ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു.


ഇന്ന് രാവിലെ എണീറ്റ് മോള്‍ എണീക്കുന്നതിന്റെ മുമ്പേ ഞാന്‍ കത്ത് എഴുതി വച്ചു.ശേഷം പത്രം എടുത്തു.ഒന്നാം പേജിലെ വാര്‍ത്ത “മന്തുരോഗ നിവാരണ ഗുളിക കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യം”
ഞാന്‍ നന്നായി ഞെട്ടി.കാരണം  ഗുളിക എന്റെ മുന്നില്‍ അപ്പോഴും എന്നെ നോക്കി ഇളിക്കുന്നുണ്ടായിരുന്നു.


സര്‍ക്കാര്‍ നടപ്പാക്കുന്ന മരുന്ന് വിതരണ പദ്ധതികള്‍ പലതും താളം തെറ്റുന്നു.ജനങ്ങളില്‍ ആശങ്കയും ഭീതിയും പടര്‍ത്താനേ ഇവ ഉപകരിക്കുന്നുള്ളൂ.അല്ലെങ്കില്‍ ഈ അവസരത്തില്‍ ഇങ്ങനെ  ഒരു ഗുളിക സ്കൂളിലൂടെ വിതരണം ചെയ്യുന്നതിന്റെ പിന്നിലെ നീക്കം എന്ത് എന്ന് എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിക്കണം.ആദ്യം മരുന്നും  പിന്നാലെ അസുഖവും വരും എന്ന സ്ഥിതി വിശേഷം ആരോഗ്യരംഗത്തെ മലീമസമാക്കുന്നു.


വാല്‍:ഇന്നലെ ഇതെഴുതി ഡ്രാഫ്റ്റ് ആക്കി വച്ചു.അല്പം കഴിഞ്ഞപ്പോള്‍ കോളേജിലെ ഒരു അറ്റന്റര്‍ വന്നു.
“സാര്‍...ഇതാ മന്ത് ഗുളിക,വാങ്ങണം...കഴിക്കണോ വേണ്ടയോ എന്ന് സാറിന് തീരുമാനിക്കാം.പിന്നെ ഈ നാലാം ഗുളിക (നഗ്നന്‍) നിങ്ങള്‍ വിചാരിക്കുന്ന പോലെ അല്ല,വിരയിളക്കാനാ...”
അപ്പോള്‍ ഇത് എന്തിനൊക്കെയുള്ള പുറപ്പാടാണോ ആവോ?ഞാന്‍ ഗുളിക വാങ്ങി ,പക്ഷേ ഇതുവരെ കഴിച്ചില്ല.

Wednesday, November 11, 2009

BSNL കണക്റ്റിംഗ്‌ ഇന്ത്യ

“ഓരോ സെക്കണ്റ്റിനും അതിണ്റ്റേതായ മൂല്യമുണ്ട്‌...BSNL കേരള അവതരിപ്പിക്കുന്നു 1 സെക്കണ്റ്റ്‌ പള്‍സ്‌ താരിഫ്‌.“
ഈ അടുത്തൊരു ദിവസം പത്രത്തില്‍ കണ്ട ഒരു പരസ്യമാണിത്‌. 

ഇതുവരേ പിന്നെ സെക്കണ്റ്റിന്‌ മൂലമാണോ ഉണ്ടായിരുന്നത്‌എന്ന ചോദ്യമാണ്‌ എണ്റ്റെ മനസ്സില്‍ വന്നത്‌. സെക്കണ്റ്റിണ്റ്റെ മൂല്യം അറിയാന്‍ ടാറ്റയുടെ വായിക്കാന്‍ സാധിക്കാത്ത (ഞാന്‍ കുറേ കാലം ഇത്‌ ആരെങ്കിലും ഒന്ന്‌ വായിച്ച്‌ തന്നിരുന്നു എങ്കില്‍ എന്ന്‌ ആശിച്ചുപോയിട്ടുണ്ട്‌) ഒരു സെല്ലുലാര്‍ സര്‍വ്വ്വീസ്‌ വരേണ്ടി വന്നു. മറ്റ്‌ നെറ്റ്‌വര്‍ക്കുകളും ആ പാത പിന്തുടര്‍ന്നപ്പോള്‍ കസ്റ്റ്മേഴ്സിണ്റ്റെ കൂടുമാറ്റ ഭയം മൂലം (അല്ലാതെ സെക്കണ്റ്റിണ്റ്റെ മൂല്യം കൊണ്ടല്ല) ഞങ്ങളും ഈ പാതയിലേക്ക്‌ വരാന്‍ നിര്‍ബന്ധിതരായി എന്ന സത്യം ആരുടെ മുമ്പിലാ നിങ്ങള്‍ ഒളിച്ചു വയ്ക്കുന്നത്‌?ഓഫറുകളുടെ പിന്നാലെ നെട്ടോട്ടമോടുന്ന പ്രബുദ്ധ മലയാളിയുടെ മുന്നിലോ?ടാറ്റയും ബിര്‍ളയും വെട്ടുന്ന പാതയിലൂടെ 'ഇതാ ഞങ്ങളും' എന്ന്‌ വീമ്പിളക്കാതെ കണക്റ്റിംഗ്‌ ഇന്ത്യക്കാര്‍ക്ക്‌ തങ്ങളുടേതായ ഒരു കുന്തവും ("ഔട്ട്‌ ഓഫ്‌ റേഞ്ച്‌" സന്ദേശം അല്ലാത്ത) കസ്റ്റമേഴ്സിന്‌ കൊടുക്കാനില്ലേ?

കാജാ ബീഡിക്കുള്ള ലിങ്ക്

ഇംഗ്ളീഷില്‍ എന്നെപ്പോലെ നല്ല.. സോറി വല്ല വിവരവും ഉള്ളവര്‍ക്ക്‌ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സൈറ്റ്‌ .നിങ്ങളുടെ അറിവ്‌, നിങ്ങള്‍ക്ക്‌ അറിയുന്നതും മറ്റുള്ളവര്‍ക്ക്‌ തിരിയുന്നതുമായ ഇംഗ്ളീഷില്‍ എഴുതി പോസ്റ്റ്‌ ചെയ്താല്‍ ഒരു കാജാ ബീഡി വലിക്കാനുള്ള കാശെങ്കിലും കിട്ടും.പലര്‍ക്കും ഞാന്‍ ഇതിണ്റ്റെ ലിങ്ക്‌ അയച്ചിരുന്നു.പരീക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍  ഈ വഴി കടന്നു വരൂ.

Tuesday, November 10, 2009

ഒരു കാജാ ബീഡി സന്തോഷം

 അന്ന്‌ സെയിലണ്റ്റ്‌വാലിയില്‍ നിന്ന്‌ ഏറും കിട്ടി, പണ്ട്‌ പൂമ്പാറ്റയില്‍ പീലുവിണ്റ്റെ തലയില്‍ കഥാവസാനം കാണുന്ന പോലെയുള്ള ഒരു ഉണ്ടയുമായി വീട്ടില്‍ മടങ്ങി എത്തി. 

മണ്ടയിലെ ഉണ്ട കണ്ട ഉമ്മ ചോദിച്ചു  "എന്താടാ തലയില്‍ ഒരു ബോംബ്‌?"

"അത്‌ ഒരു കുരങ്ങന്‍ എറിഞ്ഞതാ... "

"നീ എന്തിനാ കുരങ്ങന്‍മാരുടെ കൂടെ ക്രിക്കറ്റ്‌ കളിക്കാന്‍ പോകുന്നത്‌ ?"

ഉത്തരം പറയാതെ ഞാന്‍ മെല്ലെ മുങ്ങി.അപ്പോഴാണ്‌ പെങ്ങളുടെ ഫോണ്‍ വന്നത്‌ 

"ഈ കുന്ത്രാണ്ടം ഒന്ന്‌ ഇവിടെ നിന്ന്‌ കൊണ്ടുപോക്വാ" അവള്‍ ചോദിച്ചു.അല്ലെങ്കിലും പതിനായിരം മുടക്കിയിട്ട്‌ എന്നും പണി കൂടി മുടക്കിയാല്‍ ഏത്‌ പെങ്ങളും ആങ്ങളയുടെ മുഖത്ത്‌ നോക്കി ആ ചോദ്യം ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.അങ്ങനെ ഇടിവെട്ടേറ്റവനെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യു.വിലാക്കിയ പോലെയായി എണ്റ്റെ അവസ്ഥ. 

സംഗതികള്‍ നൂഡ്ത്സ്‌ കണക്കെ ആണെങ്കിലും ഞാന്‍ പിറ്റേന്നും ഓഫീസില്‍ പോയി.അല്ലാതെ വീട്ടില്‍ ഇരുന്ന്‌ സിന്ദാബാദ്‌ വിളിച്ചിട്ട്‌ എന്ത്‌ കാര്യം?ഏക ഔദ്യോഗിക കര്‍മ്മമായ ഒപ്പിടലിന്‌ ശേഷം ഞാന്‍ എണ്റ്റെ താവളം എന്ന അപമാനം പേറുന്ന ലാബില്‍ കയറി.പതിവ്‌ ക്രിയകള്‍(പറഞ്ഞാല്‍ അങ്ങാടിപ്പാട്ട്‌ അരമനരഹസ്യമായി മാറും)തുടങ്ങി.ശശിയണ്ണണ്റ്റെ പോസ്റ്റ്‌ ഇട്ട അന്നുമുതല്‍ ആ അസുഖം വിടാതെ പിന്തുടരുന്നതിനാല്‍(എങ്കിലും എന്താ,യു.എന്‍ എന്ന മഹാസംഭവത്തിണ്റ്റെ അണ്ടര്‍ സെക്രെട്ടറിയുടെ അസുഖമല്ലേ,ആപ്പ ഊപ്പ പന്നികളുടെ അസുഖമല്ലല്ലോ) കസേരയില്‍ അമര്‍ന്ന്‌ തന്നെ ഇരുന്നു.

ഏതോ ഒരു ദുര്‍ലഭ ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ ആ സൈറ്റ്‌ തുറന്നു!
"എണ്റ്റുമ്മ്മ്മോ !!" ഞാന്‍ ഞെട്ടി.
എന്നാലും ഒന്ന് കൂടി ഉള്ളിലേക്ക്‌ കയറി നോക്കാം - ഏതാ മനുഷ്യണ്റ്റെ മനസ്സ്‌ അല്ലേ? ഞാന്‍ ആ ലിങ്കില്‍ ക്ളിക്ക്ക്കി.
"യാ റബ്ബുല്‍ ആലമീന്‍..." എനിക്ക്‌ പടച്ചവനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അവിടെ കണ്ടത്‌ ഇതായിരുന്നു 

Guys. Here is the end of this group discussion. Sorry for low participation. However we need to decide the winner.Here is the winner of the contest:Abid Areacode Congratulations.

(ഇംഗ്ളീഷില്‍ എന്നെപ്പോലെ നല്ല.. സോറി വല്ല വിവരവും ഉള്ളവര്‍ക്ക്‌ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സൈറ്റ്‌ ആണ്‍ {Boddunan.com}.നിങ്ങളുടെ അറിവ്‌, നിങ്ങള്‍ക്ക്‌ അറിയുന്നതും മറ്റുള്ളവര്‍ക്ക്‌ തിരിയുന്നതുമായ ഇംഗ്ളീഷില്‍ എഴുതി പോസ്റ്റ്‌ ചെയ്താല്‍ ഒരു കാജാ ബീഡി വലിക്കാനുള്ള കാശെങ്കിലും കിട്ടും.പലര്‍ക്കും ഞാന്‍ ഇതിണ്റ്റെ ലിങ്ക്‌ അയച്ചിരുന്നു.ഇനിയും താല്‍പര്യമുള്ളവര്‍ മറക്കാതെ അറക്കാതെ ഈ വഴി കടന്നു വരൂ. )

Friday, November 06, 2009

ദുരന്തത്തിന്റെ ശേഷപത്രം

നാടും വീടും മരവിച്ചു നിന്ന,ചാലിയാറിനെ കണ്ണീര്‍ ചാലിച്ച ആറ് ആക്കിയ ആ ദുരന്തദിനം കഴിഞ്ഞുപോയി.ഇന്നലെ  ആ കൌമാരങ്ങള്‍ക്ക് നാട്ടുകാരും അല്ലാത്തവരും  അന്ത്യപ്രണാമം അര്‍പ്പിച്ചു.വിവിധ സ്ഥലങളിലെ ആറടി മണ്ണില്‍ അവര്‍ അന്ത്യവിശ്രമം ആരംഭിച്ചു.അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ.


എന്റെ നാട് പൂര്‍ണ്ണഹര്‍ത്താലോടെയാണ് ഈ ദു:ഖത്തില്‍ പങ്കുചേര്‍ന്നത്.വാഹനങ്ങള്‍ ഓടിയെങ്കിലും എങ്ങും മൂകത തളം കെട്ടി നിന്നിരുന്നു.ശബ്ദമുഖരിതമാകാറുള്ള മത്സ്യമാര്‍ക്കറ്റില്‍ പോലും മത്സ്യഗന്ധവും മൂകതയും മാത്രം  തളംകെട്ടി.അന്തരീക്ഷവും ഇന്നലെ കറുത്തിരുണ്ട് മൂടികെട്ടിയ നിലയില്‍ ആയിരുന്നു.


ഇന്ന് ആ ഞെട്ടലില്‍ നിന്നും ഒരല്പം ശമനം ലഭിച്ചു.ഓഫീസിലേക്ക് പോകാനായി ഞാന്‍ ബസ്സില്‍ കയറിയപ്പോള്‍ രണ്ടു പേര്‍ സംസാരിക്കുന്നു.


“....ഏതായാലും നാട്ടുകാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.സ്വന്തം കുട്ടികള്‍ മരിച്ചു പോയപോലെ എല്ലായിടത്തും ദു:ഖം...”


“അതേ....അതേ.....കുട്ടികള്‍ ആയതുകൊണ്ടാ....വയസ്സന്മാര്‍ ആയിരുന്നെങ്കില്‍ ഇത്ര ഞെട്ടല്‍ ഉണ്ടാകുമായിരുന്നില്ല...”


“ആ.....കുട്ടികള്‍ ആരുടേത് മരിച്ചാലും അത് സ്വന്തം കുട്ടികള്‍ മരിച്ച പോലെയാ....”


ആ അഭിപ്രായം എന്റെ മനസ്സില്‍ വീണ്ടും വീണ്ടും പതിഞ്ഞു.നാടിന്റെ മുക്കിലും മൂലയിലും ഉള്ളവര്‍ ഈ ദുരന്തത്തെ സമീപ്പിച്ച രീതി ആ മറുപടിയില്‍ നിന്നും വ്യക്തമായിരുന്നു.


തട്ടേക്കാട് ദുരന്തവും തേക്കടി ദുരന്തവും അധികൃതരുടെ തലയിലും മറ്റ്‌ നൂലാമാലകളിലും കെട്ടിയിടാന്‍ ശ്രമിക്കുമ്പോള്‍ എന്റെ നാട്ടിലെ ഈ ദുരന്തത്തില്‍ ഉത്തരവാദികള്‍ ആര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നു.പറഞ്ഞത് അനുസരിക്കാത്ത കൌമാരമോ ? വിദ്യാര്‍ത്ഥികളെ, അതു വഴി സര്‍വ്വീസ് നടത്തുന്ന ബസ്സില്‍ കയറ്റാത്ത ബസ് ജീവനക്കാരോ? ഒരു സുരക്ഷാമാനദണ്ഠവും പാലിക്കാന്‍ സാധിക്കാത്ത കടത്തുകാരനോ?തൂക്കുപാലമെങ്കിലും വേണമെന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത മാറി മാറി വന്ന സര്‍ക്കാരോ?


ഒരു കാര്യം വ്യക്തമാണ്.കായലുകളിലും നദികളിലും തടാകങ്ങളിലും സവാരി ഉള്ളിടത്തോളം കാലം ജലദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.അന്നും അതിന് പിറ്റേന്നും കുറേ പ്രസ്ഥാവനകള്‍ ഇറങ്ങും.ഒരുമാസം അതിന്റെ വിവിധ അന്വേഷണങ്ങളും നടക്കും.അതോടെ ആ ഫയല്‍ പൊടിപിടിക്കുകയും ചെയ്യും.പൊടിക്ക് പകരം കൊടി പിടിക്കാന്‍ ആ ഫയലുകള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് വൃഥാ ആശിക്കുന്നു.

Wednesday, November 04, 2009

വഞ്ചി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു

എന്റെ നാടിനെ നടുക്കിയ വന്‍‌ദുരന്തത്തില്‍ ചാലിയാര്‍ പുഴയിലെ സ്കൂള്‍കടവില്‍ തോണി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു.ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.അഞ്ച് കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.ഞാന്‍ പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് മരിച്ചവര്‍ എല്ലാവരും.


ഇന്ന് വൈകിട്ട് 4.30-ന് ആണ് ഒരു ജലദുരന്തത്തിന് കൂടി കേരളം സാക്ഷിയായത്.മുപ്പതിലധികം കുട്ടികള്‍ തോണിയില്‍ കയറിയതായി പറയപ്പെടുന്നു.ഓവര്‍ലോഡ് ആണെന്ന മുന്നറിയിപ്പ് വക വയ്ക്കാതെ  തോണിയില്‍ തന്നെ ഇരുന്നവരാണ് ദുരന്തത്തിന് ഇരയായത്. സാധാരണ ഉണ്ടാകാറുള്ള കടത്തുകാരന്‍ തത്സമയത്ത് ഇല്ലാതായതും മറ്റൊരു കാരണമായി.മുന്നറിയിപ്പ് പരിഗണിച്ച് ഇറങ്ങിയ കുട്ടികള്‍ക്ക് ദുരന്തം കണ്ട് കരയില്‍ നിന്ന് വാവിട്ട് കരയാനേ സാധിച്ചുള്ളൂ.


അപകടം നടന്നയുടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതിനാലും കുറേ പേര്‍ നീന്തി രക്ഷപ്പെട്ടതിനാലും മരണസംഖ്യ ചുരുങ്ങി.ഫയര്‍ഫോഴ്സും പോലീസും തക്ക സമയത്ത് തന്നെ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രിയും തുടരുന്നു.



+1 വിദ്യാര്‍ത്ഥികളായ കിഴിശ്ശേരി സ്വദേശി മുഷ്ഫിക്ക്,കൊഴക്കോട്ടൂര്‍ സ്വദേശി ഷാഹിദലി,പാലപറ്റ സ്വദേശി തൌഫീക്ക്, ,വെള്ളേരി സ്വദേശി ഷിഹാബ്,വി.കെ.പടി സ്വദേശി ഷമീം,കൊഴക്കോട്ടൂര്‍ സ്വദേശിനി ത്വയ്യിബ ,+2 വിദ്യാര്‍ത്ഥികളായ കുനിയില്‍ സ്വദേശി സിറാജ്,ഉഗ്രപുരം സ്വദേശി സുഹൈല്‍ എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങളില്‍ മൂന്നെണ്ണം അരീക്കോട്‌ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും അഞ്ചെണ്ണം സ്ഥലത്തെ സ്വകാര്യ ആശുപത്രിയിലും ആണ് .ആശുപത്രി പരിസരത്തും ദുരന്തസ്ഥലത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.സഹപാഠികളുടെ അകാലവിയോഗത്തില്‍ ദു:ഖം പേറി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളേയും പലയിടത്തും കാണുന്നുണ്ട്.



ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്ളത് കാരണം ചാലിയാറില്‍ വെള്ളം ഉയര്‍ന്ന നിലയിലാണ് ഉള്ളത്.കൂടാതെ മണലെടുപ്പ് കാരണം അപകടം നടന്ന സ്ഥലത്ത് നല്ല ആഴവും ഉണ്ടായിരുന്നു.മറിഞ്ഞ തോണി ഉയര്‍ത്തിയപ്പോള്‍ അതിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു ഒരു മൃതദേഹം.

മൂര്‍ക്കനാട് വഴി ബസ് സര്‍വ്വീസ് ഉണ്ടെങ്കിലും സ്വകാര്യ ബസ്സില്‍ കയറ്റപ്പെടുന്ന കുട്ടികള്‍ക്ക് പരിമിതി ഉള്ളതിനാലും അരീക്കോട്‌ ബസ്‌സ്റ്റാന്റില്‍ പെട്ടെന്ന് എത്തിച്ചേരാമെന്നതിനാലും കുട്ടികള്‍ ഈ കടവിലൂടെയാണ് കൂടുതലായും യാത്ര ചെയ്യുന്നത്.പുഴക്ക് കുറുകെ കെട്ടിയ കയറില്‍ പിടിച്ചുവലിച്ചാണ് തോണി സഞ്ചരിച്ചിരുന്നത്.ഏകദേശം മദ്ധ്യഭാഗത്ത് എത്തിയപ്പോള്‍ തോണിയില്‍ വെള്ളം കയറുന്നത് കണ്ട് പരിഭ്രാന്തരായി കുട്ടികള്‍ എണീറ്റതാണ് തോണി മറിയാനുള്ള കാരണമായി പറയപ്പെടുന്നത്.


ഞാന്‍ പഠിക്കുന്ന കാലത്ത് കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കടവ്.മഴക്കാലത്ത് കുത്തി ഒഴുകുന്ന ചാലിയാര്‍ അക്കരെ കടക്കുന്നത് ജീവന്‍ പണയം വച്ചുള്ള പരിപാടി ആയിരുന്നു.കുട്ടികള്‍ക്കും പ്രദേശ വാസികള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സ്ഥലത്ത് തൂക്കുപാലം വേണമെന്ന ആവശ്യത്തിന് ഇനിയെങ്കിലും അധികൃതരുടെ അനുമതി ലഭിക്കുമോ ആവോ ?

Monday, November 02, 2009

സൈലന്റ്വാലിയില്‍ ഒരു രാത്രി !

മിനിഞ്ഞാന്ന് സൈലന്റ് വാലിയെ പറ്റിയുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ഹെഡ്ഫോണും മറ്റു സന്നാഹങ്ങളുമായി കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നു.രണ്ട് ദിവസം മുമ്പേ പേര്‍ രെജിസ്റ്റര്‍ ചെയ്ത് പാസ്‌വേഡും യൂസര്‍നൈമും ഒക്കെ വാങ്ങി വച്ചിരുന്നു.മുമ്പ് ഒരുപാട് ക്വിസ് മത്സരത്തില്‍ മത്സരാര്‍ത്ഥികളേയും ക്വിസ് മാസ്റ്ററേയും ഓഡിയന്‍സിനേയും പിന്നെ എന്നെ തന്നെയും വണ്ടര്‍ അടിപ്പിച്ചിട്ടുള്ള പരിചയത്തിലാണ് സിംഹവാലന്‍ കുരങ്ങന്മാരുടെ ഇടയിലേക്ക് വാലില്ലാത്ത ഞാന്‍ കയറിചെല്ലാന്‍ തീരുമാനിച്ചത്.രാത്രി എന്നേയും കാത്ത് ഈ കുരങ്ങന്മാര്‍ നില്‍ക്കുമോ എന്ന സന്ദേഹം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഒറ്റക്ക് തന്നെ രാത്രി സൈലന്റ് വാലിയില്‍ കയറി.ഒരു ടോര്‍ച്ച് പോലും ഇല്ലാതെ!!!


ഗേറ്റിലെ പരിശോധന കഴിഞ്ഞതും എന്റെ സംശയം അസ്ഥാനത്താക്കി ഒരു കുരങ്ങന്‍ പ്ലക്കാര്‍ഡുമായി എന്റെ മുന്നില്‍ ചാടി എത്തി.”കളി തുടങ്ങാം” എന്നോ മറ്റോ ഇം‌ഗ്ലീഷില്‍ പ്ലക്കാര്‍ഡില്‍ എഴുതിവച്ചിരിക്കുന്നു.“കുരങ്ങന്മാര്‍ വരെ ഇം‌ഗ്ലീഷില്‍ സംവദിക്കാന്‍ തുടങ്ങി“ എന്ന് ഞാന്‍ ആത്മഗതം ചെയ്തു എന്ന് നിങ്ങള്‍ വിചാരിച്ചെങ്കില്‍ നിങ്ങള്‍ക്ക്  മാര്‍ക്ക് കൊട്ടപൂജ്യം മൈനസ് വട്ടപൂജ്യം.


ഞാന്‍ ഓ.കെ പറഞ്ഞു ,സോറി  ക്ലിക്കി.പെട്ടെന്ന് എവിടെ നിന്നോ ഒരു കുരങ്ങന്‍ ഒരു ചോദ്യം എടുത്ത് എന്റെ നേരെ ഒരേറ്‌.അത് എന്റെ മെഡുല മണ്ണാങ്കട്ടയില്‍ തന്നെ കൊണ്ടു.പെട്ടെന്നുള്ള അങ്കലാപ്പില്‍ ഞാന്‍ കൊടുത്ത ഉത്തരം തെറ്റി.ഉടന്‍ അടുത്ത കുരങ്ങന്‍ ഒരു പ്ലക്കാര്‍ഡുമായി വന്നു .
“മാഷേ എണീറ്റു പോ പുറത്ത് “ എന്ന് സ്നേഹപൂര്‍വ്വം അതില്‍ എഴുതിവച്ചിരുന്നു!(ഇംഗ്ലീഷില്‍ തന്നെ.)ഇന്നിങ്സിലെ ഒന്നാമത്തെ പന്തില്‍ തന്നെ ക്ലീന്‍ബൌള്‍ഡ് ആയി മടങ്ങുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെപോലെ ഞാന്‍ ഹെഡ്ഫോണ്‍ ഊരി.


ഉത്തരം മുട്ടിയാല്‍ തലവേദനിക്കും കളിയില്‍ തുടരാം.എന്നാല്‍ ഉത്തരം തെറ്റിയാല്‍ അവിടെയുള്ള സിംഹവാലന്‍ കുരങ്ങന്മാര്‍ ഒരു കുരങ്ങത്വവുമില്ലാതെ പുറത്താക്കും .അത് ഏതോ ഒരു കുരങ്ങന്‍ അവിടെ എഴുതി വച്ചിരുന്നു.മത്സരത്തിനുള്ള ആവേശത്തിരയില്‍, ഭൂമി തിരിയുകയല്ലാതെ എനിക്കുണ്ടോ അത് തിരിയുന്നു.ഇനി , കെമിസ്ട്രി ബുക്ക് പോയ അസ്സങ്കുട്ടിയെപ്പോലെ ആകാതെ മത്സരിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഇതു വഴി ധൈര്യമായി കയറിക്കോളൂ.പക്ഷേ സൂക്ഷിക്കണം. അവിടേയും ധാരാളം കുരങ്ങന്മാര്‍ ഉണ്ട്.നവംബര്‍ അഞ്ചുവരെ മാത്രമേ നാട്ടുകുരങ്ങന്മാര്‍ക്ക് പ്രവേശനം ഉള്ളൂ.