Pages

Friday, June 30, 2023

ബാപ്പ കൂടെ ഇല്ലാത്ത വലിയ പെരുന്നാളുകൾ

മാസത്തിലൊരിക്കൽ എന്ന പതിവ് തെറ്റിക്കാതെ ബാപ്പയുടെ അന്ത്യ വിശ്രമ സ്ഥാനത്ത് ഇന്നും ഞാൻ പോയി.കൂട്ടിന് എന്റെ കുഞ്ഞു മകനെയും കൊണ്ടുപോയിരുന്നു. ബാപ്പ കൂടെ ഇല്ലാത്ത പതിനഞ്ചാമത്തെ വലിയ പെരുന്നാൾ ആയിരുന്നു ഇന്നലെ. ബാപ്പ മരിച്ചിട്ട് ഇന്ന് പതിനഞ്ച് വർഷം പൂർത്തിയായി. പിതാവിനെപ്പറ്റി മൂന്ന് വർഷം മുമ്പ് എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കാം.

2020 ൽ ബാപ്പയെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് ഞാൻ ഫേസ്‌ബുക്കിലും പങ്ക് വച്ചിരുന്നു.ബാപ്പയുടെ ശിഷ്യന്മാരിൽ നിരവധിപേർ ആ കുറിപ്പ് വായിച്ച് ഞങ്ങളറിയാത്ത ഞങ്ങളുടെ ബാപ്പയുടെ സേവനങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

ബാപ്പ അരീക്കോട് ഗവ.ഹൈസ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്ത് ഞാൻ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.അതായത് 1970 കളുടെ രണ്ടാം പകുതി മുതൽ 1980 കളുടെ ആദ്യ പകുതി വരെ.അദ്ധ്യാപകർക്ക് പോലും അന്ന് മൂവ്വായിരം രൂപയിൽ താഴെയായിരുന്നു ശമ്പളം എന്നാണ് എന്റെ ഓർമ്മ. പട്ടിണിയും പരിവട്ടവും നിറഞ്ഞാടിയ അക്കാലത്ത്, ഒരു കുട്ടിയ്ക്ക് ദിവസവും ഉച്ചയൂണ് സ്‌കൂളിന് തൊട്ടടുത്ത ഹോട്ടലിൽ ഏർപ്പാടാക്കിയിരുന്നതായി അന്നത്തെ ഒരു വിദ്യാർത്ഥി അനുസ്മരിച്ചപ്പോഴാണ് ഞങ്ങൾ അതറിയുന്നത്. പ്രസ്തുത വിദ്യാർത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു ധനികനായതിനാൽ പേര് വെളിപ്പെടുത്തുന്നില്ല എന്നും പറഞ്ഞു.

കുഴിമണ്ണ ഗവ.ഹൈസ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്താണെന്ന് തോന്നുന്നു, പുവർ ബോയ്‌സ് ഫണ്ട് എന്നൊരു ആശയം വീട്ടിൽ വരുന്ന പല സഹാദ്ധ്യാപകരോടും ബാപ്പ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.അത് എന്താണ് എന്ന് ചോദിക്കാനുള്ള കോമൺസെൻസ് അന്ന് എനിക്കുണ്ടായിരുന്നില്ല.ഇല്ലായ്മയുടെ വേദനകളിൽ നിന്നും ആശങ്കകളിൽ നിന്നും അൽപ നേരത്തേക്കെങ്കിലും ഒരാശ്വാസം ലഭിക്കാൻ വീട്ടുകാർ സ്‌കൂളിലേക്ക് പറഞ്ഞ് വിടുന്ന കുഞ്ഞു മക്കൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാനുള്ള കൂട്ടായ ഒരു പരിശ്രമമായിരുന്നു അതെന്ന്  ശിഷ്യന്മാരുടെ ഈ പ്രതികരണങ്ങളിലൂടെ ഇന്ന് ഞാൻ തിരിച്ചറിയുന്നു.

നിശബ്ദ സേവനത്തിലൂടെ അനേക ഹൃദയങ്ങളിൽ കുടിയേറി ആ ഹൃദയങ്ങളെയും അതേ വഴിയിൽ നയിച്ച എന്റെ പ്രിയപ്പെട്ട ബാപ്പയ്ക്ക് സർവ്വലോകരക്ഷിതാവ് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ,ആമീൻ.

Wednesday, June 28, 2023

മഴ സമ്മാനിച്ച സമയം

 കാലത്ത് എണീറ്റത് തന്നെ വൈകി ആയിരുന്നതിനാൽ ഇന്നത്തെ പരിപാടികൾ എല്ലാം പണ്ടത്തെ ഇന്ത്യൻ റെയിൽവെയെ പോലെ ലേറ്റായും പാളം തെറ്റിയും ഓടാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലായിരുന്നു.

മാസാവസാനമായതിനാൽ പാൽക്കാരിക്ക് കാശ് കൊടുക്കണം എന്ന് എന്റെ ചിന്തയിൽ വരാറില്ല. പക്ഷെ, ബ്ലോഗിൽ മിനിമം എട്ട് പോസ്റ്റ്  തികക്കണം എന്ന് നിർബന്ധമാണ്. T-20 യിലെ അവസാന ഓവറിൽ രണ്ട് പന്തിൽ നിന്ന് ആറ് റൺസ് എന്ന വിജയലക്ഷ്യം പോലെയാണ് പലപ്പോഴും അത് എത്താറ്. ഇത്തവണ മൂന്ന് ദിവസം മൂന്ന് പോസ്റ്റ് എന്ന സാമാന്യം ഭേദപ്പെട്ട സ്കോറിൽ ആണ് നിൽക്കുന്നത്.

കാശ്മീരിൽ പോയി വന്നിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും, ദേ കാശ്മീരിന്റെ വിരിമാറിൽ നിന്ന് തൽസമയം ക്യാമറാമാൻ ആബിദിനൊപ്പം അരീക്കോടൻ എന്ന നിലയിൽ ഫേസ്ബുക്കിൽ ദിനംപ്രതി പോസ്റ്റുന്ന യാത്രാ വിവരണങ്ങളും ഇന്ന് പെന്റിംഗിലാണ്. ഇത് വായിച്ചിട്ട് വേണം ഒരു കട്ടനും കൂടി അടിച്ച് ഒന്ന് മയങ്ങി സ്വപ്നത്തിലെങ്കിലും ഒരു കാശ്മീർ യാത്ര സംഘടിപ്പിക്കണം എന്ന് വിചാരിച്ച് കാത്ത് നിൽക്കുന്നവർ ഇന്ന് എത്ര നേരം ക്യൂവിൽ നിൽക്കേണ്ടി വരും എന്നറിയില്ല.

ഇന്നത്തെക്കായി ഇന്നലെ തന്നെ ചുട്ടു വച്ച വ്ളോഗിനും വാലും ചിറകും ഒക്കെ ഫിറ്റ് ചെയ്യാനുണ്ട്. മത്സരം കടുത്ത ഈ കാലത്ത് ആകർഷകമായ രീതിയിൽ ചെയ്തില്ലെങ്കിൽ ടൈറ്റൻ പീസ് പീസായ പോലെ അത് നുറുങ്ങി പോകും.

ഇതിനൊക്കെ പുറമെ നാലഞ്ച് ദിവസത്തെ പത്രം വായന, പച്ചക്കറി പരിപാലനം, മകന്റെ ഹോം വർക്ക് അങ്ങനെ നിർമ്മായ കർമ്മണാ ശ്രീ ലിസ്റ്റ് നീളുന്നുണ്ട്. എല്ലാം കൂടി എപ്പോഴാണ് ചെയ്ത് തീർക്കുക എന്ന ചിന്തയോടെ മറ്റൊരാവശ്യത്തിനായി വീട്ടിന് പുറത്ത് പോയതായിരുന്നു ഞാൻ. തിരിച്ച് പോരുമ്പോൾ ദേ, ഈ വർഷം ഇന്ന് വരെ പെയ്യാത്ത വിധത്തിലുള്ള ഒരു മഴ. നനയാതിരിക്കാൻ ഒരു സ്ഥലത്ത് കയറി നിന്നപ്പോഴാണ് മേൽ ചിന്തകൾ വീണ്ടും ചിറക് വിരിച്ചത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ആദ്യം ബ്ലോഗ് പോസ്റ്റ് തയ്യാറാക്കി. പിന്നെ എഫ്.ബി. അതും കഴിഞ്ഞ് വ്ളോഗും റെഡി. അപ്പോഴേക്കും മഴയും സ്വാഹ.

അതോടെ ഒരു കാര്യം തിരിച്ചറിഞ്ഞു. സമയം ഇല്ലാത്തതല്ല, ഞാൻ തയ്യാറാകാത്തതാണ് പ്രശ്നം. ഇത് എന്റെ മാത്രം പ്രശ്നം അല്ല എന്ന പ്രതീക്ഷയോടെ .....

Thursday, June 22, 2023

കായംകുളം സൂപ്പർഫാസ്റ്റ്

2006 ൽ ബ്ലോഗ് എന്ന മാസ്മരിക ലോകത്ത് കാലെടുത്ത് വച്ചത് മുതൽ ഞാൻ അസൂയയോടെ നോക്കുന്ന (കഷണ്ടി ആദ്യമേ ഉണ്ട്) ഒരു പേരായിരുന്നു അരുൺ കായംകുളം. കായംകുളം സൂപ്പർഫാസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന, അരുണിന്റെ ബ്ലോഗിലൂടെയുള്ള വായനാ യാത്ര ശരിക്കും ചിരിയുടെ ഒരു നോൺ സ്റ്റോപ്പ് യാത്ര തന്നെയായിരുന്നു. ട്രെയിനിൽ ഒരു ബോഗി ഘടിപ്പിക്കുന്ന പോലെ ഓരോ കുഞ്ഞു കുഞ്ഞു സംഭവങ്ങൾ ഹാസ്യരൂപത്തിൽ കോർത്തിണക്കി വായനക്കാർക്ക് മുമ്പിൽ സമർപ്പിക്കുന്ന ആ രീതി അന്നത്തെ ബ്ലോഗർമാർക്കിടയിൽ തുലോം കുറവായിരുന്നു. അരുണിന്റെ അന്നത്തെ കാലത്തെ ഒരു പോസ്റ്റ് പോലും നൂറ് കമന്റുകളില്ലാതെ സ്ഥലം വിടാറില്ല എന്നാണ് എന്റെ ഓർമ്മ.

കാലക്രമേണ ബ്ലോഗുലകത്തിൽ നിന്നും ചില പുസ്തകങ്ങൾ പുറത്ത് വരാൻ തുടങ്ങി. 'ഇത്തിരിവെട്ടം' എന്ന തൂലികാ നാമത്തിൽ എഴുതിയിരുന്ന ശ്രീ. റശീദ് ചാലിലിന്റെ "സാര്‍ത്ഥവാഹക സംഘത്തോടൊപ്പം " എന്ന തുടർ രചനകളാണ് ഒരു പുസ്തക രൂപത്തിൽ ബ്ലോഗുലകത്ത് നിന്നും അച്ചടിമഷി പുരണ്ട ആദ്യ കൃതി എന്നാണ് എന്റെ വിശ്വാസം. 2010 ലാണ് ഒരു ബ്ലോഗർ കൂടിയായ ജോഹർ ഒരു പുസ്തക പ്രസാധന യജ്ഞം ആരംഭിക്കുകയും അതിലൂടെ കായംകുളം സൂപ്പർഫാസ്റ്റിനെ സൈബർ ലോകത്ത് നിന്നും പുസ്തക ലോകത്തേക്ക് ഇറക്കിവിടുകയും ചെയ്തത്.ഒരു വ്യാഴവട്ടം കൂടി കഴിഞ്ഞാണ് പ്രസ്തുത പുസ്തകം എന്നെ തേടി എത്തിയത്.

മുമ്പ് ബ്ലോഗിൽ വായിച്ച രചനകൾ ആയതിനാലും ഓർത്തോർത്ത് ആർത്തലച്ച് ചിരിക്കാനുള്ളതിനായാലും കായംകുളം സൂപ്പർഫാസ്റ്റിൽ കയറാൻ ഞാൻ പിന്നെയും ലേറ്റായി. അങ്ങനെ ഇരിക്കെ 2023 ലെ എന്റെ കട്ട ശപഥങ്ങളിൽ ഒന്നായ 'ഒരു മാസം രണ്ട് വീതം + ഒന്ന് ' എന്ന പുസ്തക വായനാശപഥം എന്നെ കുത്തി നോവിക്കാൻ തുടങ്ങി. കുത്ത് മാരകമായതോടെ ഞാൻ കായംകുളം സൂപ്പർഫാസ്റ്റിൽ ഓടിക്കയറി തൽക്കാലം രക്ഷ നേടി. വായന കഴിഞ്ഞപ്പോൾ ഒരു കുറിപ്പ് കൂടി എഴുതണം എന്നും തോന്നി.

അരുണിന്റെ ശൈലിയിൽ പറഞ്ഞാൽ 14 ബോഗികൾ ആണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന കായംകുളം സൂപ്പർഫാസ്റ്റിൽ ഉള്ളത്. എഴുത്തിന്റെ നീളം കൊണ്ട് എല്ലാ ബോഗിയും ടൈറ്റ് ലോഡാണ് എങ്കിലും കയറിയാൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പോയി നോക്കാതെ ഇറങ്ങില്ല. മാത്രമല്ല അറ്റത്തെത്തിയാൽ അടുത്ത ബോഗിയിലേക്ക് കണ്ണെടുത്ത് വയ്ക്കും എന്നും തീർച്ചയാണ്. ജീവിതത്തിലെ കയ്പും മധുരവും ഇടകലർന്ന ഏടുകളാണ് നർമ്മത്തിൽ ചാലിച്ച് പതിനാല് ബോഗികളായി ഫിറ്റ് ചെയ്ത് കായംകുളം സൂപ്പർഫാസ്റ്റ് ആക്കിയിരിക്കുന്നത്.

ഞാൻ അഭ്യർത്ഥിച്ച പ്രകാരം എന്റെ ഹോം ലൈബ്രറിയിലേക്ക് , അരുൺ സൗജന്യമായി തന്നതാണ് ഈ പുസ്തകം എന്നതും സന്തോഷപൂർവ്വം അറിയിക്കുന്നു.

പുസ്തകം : കായംകുളം സൂപ്പർഫാസ്റ്റ്
രചയിതാവ്: അരുൺ കായംകുളം
വില: 65 രൂപ
പേജ്: 120
പ്രസാധകർ: Nb പബ്ലിക്കേഷൻ എറണാകുളം

Monday, June 19, 2023

കുത്തബ് മിനാർ കോംപ്ലെക്‌സിൽ - 2

കുത്തബ് മിനാർ കോംപ്ലെക്‌സിൽ - 1 

കുത്തബ് മിനാർ കോംപ്ലെക്സിലെ പല നിർമ്മിതികളും കണ്ടാൽ  ധനുഷ്കോടിയിലെ പ്രേതനഗരത്തെയാണ് ഓർമ്മ വരിക (പ്രേത നഗരിയിലൂടെയുള്ള യാത്ര ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം).  പൊട്ടിപ്പൊളിഞ്ഞ കുറെ ചുമരുകൾക്കിടയിലൂടെ ഞങ്ങൾ മുന്നോട്ട് നീങ്ങി. പണ്ട് പല മുറികളുള്ള ഒരു കൊട്ടാരമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു കെട്ടിടത്തിനകത്ത് ആരോരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു മഖ്‌ബറക്കടുത്ത് ഞങ്ങളെത്തി. ഡൽഹി രാജവംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന് ചരിത്രത്തിൽ പഠിച്ച, ഇരുപത് വർഷം രാജ്യം ഭരിച്ച സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ ശവകുടീരമാണ് അതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.


നിലത്ത് നിന്ന് വെറും ഒന്നരക്കല്ലിന്റെ പൊക്കത്തിൽ, നമ്മുടെ നാട്ടിലെ വെട്ടുകല്ല് പോലെയുള്ള കല്ലുകൊണ്ട് ഉയർത്തിക്കെട്ടിയ ഒരു ചെറിയ തറ മാത്രമായിരുന്നു അത്.ഒരു രാജാവ് അതിനകത്ത് അന്ത്യ വിശ്രമം കൊള്ളുന്നു എന്ന് വിശ്വസിക്കാൻ എന്നെപ്പോലെ മിക്ക സഞ്ചാരികളും പ്രയാസപ്പെടുന്നു എന്ന് അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ്.

“ ലഗ്ത്ത ഹി നഹീം ഹേ കി രാജ ക മക്ബറ ഹേ (ഒരു രാജാവിന്റെ മഖ്‌ബറ ആണെന്ന് തോന്നുന്നേ ഇല്ല)". ഒരു സ്ത്രീ പറഞ്ഞു. 

അവിടെ നിന്നും അല്പം കൂടി മുന്നോട്ട് നടന്നപ്പോൾ പ്രൗഢ ഗംഭീരവും വിശാലവുമായ ഒരു കെട്ടിടത്തിനടുത്ത് എത്തി.അകത്ത് വളരെ ഭംഗിയായി സെറ്റ് ചെയ്ത ഒരു മാർബിൾ കല്ലറ പുറത്ത് നിന്ന് നോക്കിയാൽ തന്നെ കാണാമായിരുന്നു.അതിനടുത്ത് എത്തിയ ഉടനെ, നടന്നു ക്ഷീണിച്ച മക്കളും ഭാര്യയും അതിൽ ചാടിക്കയറി ഇരുന്നു.ഉടനെ ഞാൻ കുറച്ച് ഫോട്ടോയും എടുത്തു.

"ബൈഠോ മത് .." എവിടെ നിന്നോ ഒരു ശബ്ദം ഉയർന്നു.അതിൽ ഇരിക്കരുത് എന്നാണ് പറഞ്ഞത് എന്ന് അവർക്ക് മനസ്സിലാകാത്തതിനാൽ ആരും അനങ്ങിയില്ല.അതുവരെ പുറത്തെവിടെയോ നിന്നിരുന്ന സെക്യൂരിറ്റി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു.

"ആപ് ,,,കേരള സെ ?" അടുത്തെത്തിയ ഉടനെ അയാൾ ചോദിച്ചു.

"ഹാം..." നേരത്തെ കണ്ട സെക്യൂരിറ്റിയും കേരളക്കാരെപ്പറ്റി നല്ല വാക്ക്  പറഞ്ഞതിനാൽ ഞാൻ വേഗം ചാടിക്കയറി പറഞ്ഞു. 

"ഉഡ്ഡ നഹീം തോ സമച്ച് ഗയ" ; അല്ലെങ്കിലും ഈ മഹാരാജ്യത്ത് ഹിന്ദിയിൽ പറഞ്ഞാൽ മനസ്സിലാകാത്തവർ മലയാളികൾ മാത്രമാണെന്ന് മിക്ക സെക്യൂരിറ്റി ജീവനക്കാരും മനസ്സിലാക്കി വച്ചിരിക്കുന്നു. 

"യെഹ് സുൽത്താൻ ഇൽത്തുമിഷ് ക മഖ്‌ബറ ഹേ... ജോ നെ കുത്തബ് മിനാർ ക നിർമ്മാൺ പൂര കിയ ധ..." 

'അന്നത്തെ രാജാക്കന്മാർ ഇന്നത്തെ കാഴ്ച വസ്തുക്കൾ' ഞാൻ ആത്മഗതം ചെയ്തു.

"ആപ് സബ് വഹാം ഘടോ..." മഖ്ബറയുടെ ബാഹ്യചുമരുകളിലെ കൊത്തുപണികളുടെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ ഫോട്ടോ പകർത്തി തരാം എന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.

ഒരു ഫോട്ടോ എടുത്ത ശേഷം യഹാം വഹാം ജഹാം എന്നിങ്ങനെ പല സ്ഥലത്തേക്കും അദ്ദേഹം ഞങ്ങളെ നയിച്ചു.അങ്ങനെ ഫോട്ടോ എടുക്കേണ്ട വിവിധ സ്പോട്ടുകളിൽ വച്ച് അദ്ദേഹം നിരവധി ഫോട്ടോകൾ എടുത്തു തന്നു.അത്ര കൃത്യമല്ലെങ്കിലും, ഞങ്ങൾ ഓരോരുത്തരും  കുത്തബ് മിനാറിന്റെ ടോപ്പിൽ തൊടുന്ന ഫോട്ടോയും അദ്ദേഹം എടുത്തു.ഫാമിലി ഫോട്ടോ എടുക്കാൻ തൊട്ടടുത്ത് നിൽക്കുന്ന ആരുടെയെങ്കിലും സഹായം തേടാറുള്ള എനിക്ക് ഇതൊരു പുതിയ അനുഭവം തന്നെയായി.

"ആപ് ക നാം ...?" ക്യാമറ തിരിച്ചു വാങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു.

"പ്രേം..."

"അഛാ...ആപ് ക സാഥ് ഏക് ഫോട്ടോ മാർന ചാഹ്ത്ത ഹേ..." കൂടെ നിന്ന് ഒരു ഫോട്ടോ എടുത്ത് ആ മുഖം ആൽബത്തിൽ പതിപ്പിക്കാൻ ഞാൻ ഒരു ശ്രമം നടത്തി.

"നഹീം സാർ..." അയാൾ സമ്മതിച്ചില്ല.നൂറ് രൂപ അദ്ദേഹത്തിന്റെ കയ്യിൽ വച്ച് കൊടുത്ത് ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് നീങ്ങി.

പണി തീരാത്തതോ അതല്ല പൊളിഞ്ഞു വീണതോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു നിർമ്മിതിക്കടുത്താണ് പിന്നീട് എത്തിയത്.കുത്തബ് മിനാറിനെപ്പോലെ അലൈ മിനാർ എന്ന ഒരു മിനാരം കൂടി നിർമ്മിക്കാൻ അലാവുദ്ധീൻ ഖിൽജി പണി തുടങ്ങി അദ്ദേഹത്തിന്റെ മരണത്തോടെ പാതി വഴിയിൽ ഉപേക്ഷിച്ചതാണ് അതെന്ന് മറ്റൊരു ടീമിനായി ഗൈഡ് വിവരിക്കുന്നത് ഞാൻ കേട്ടു.

നമസ്കാരം നിർവ്വഹിച്ചിട്ടില്ലാത്തതിനാൽ അതിനുള്ള സൗകര്യം അന്വേഷിച്ചപ്പോഴാണ് എൻട്രി ഗേറ്റിനടുത്ത് പള്ളിയുള്ളതായി അറിഞ്ഞത്.സ്ത്രീകൾക്കും പ്രാർത്ഥന നിർവ്വഹിക്കാം എന്നതിനാൽ ഞങ്ങൾ എല്ലാവരും പള്ളിയിലേക്ക് കയറി. നമസ്കാരവും നിർവ്വഹിച്ച് കുത്തബ് മിനാർ കോംപ്ലക്സിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സമയം വൈകിട്ട് നാല് മണിയായിരുന്നു.


Part 5 - ഓഗസ്റ്റിലെ ഡൽഹി

Saturday, June 17, 2023

കുത്തബ് മിനാർ കോംപ്ലെക്‌സിൽ - 1

 ദീപ് സിംഗിന്റെ കോംബോ ഓഫർ

"സാർ ടിക്കറ്റ് ലിയാ ഹേ യാ നഹീം" ഡ്രൈവിംഗിനിടെ കുത്തബ് മിനാറിലേക്കുള്ള പ്രവേശന ടിക്കറ്റിന്റെ കാര്യം ദീപ്‌സിംഗ് ചോദിച്ചു.

'അവിടെ എത്തിയിട്ട് വേണ്ടേ ചെങ്ങായി,ടിക്കറ്റെടുക്കാൻ?' എന്ന ചോദ്യമായിരുന്നു എന്റെ മനസ്സിൽ വന്നത്.

"ഓൺലൈൻ കരോ തോ ക്യൂ മേം ഘട ന പടേഗ" ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാനുള്ള ആ വിദ്യ നല്ലൊരു ഐഡിയ ആയി എനിക്ക് തോന്നി.

"കൈസാ കരേഗ ?"

"സിർഫ്  പന്ത്രഹ് സാൽ ക ഊപർ ലോഗോം ക നാം ബതാവോ...ആപ് ക ആധാർ നമ്പർ ഭീ ദോ ...മേം കരേഗ " ഈ സർദാർജി എന്തിനുള്ള പുറപ്പാടാണാവോ എന്ന് സംശയിച്ചെങ്കിലും ഞാൻ സമ്മതം മൂളി.

"ഏക് ടിക്കറ്റ് കോ ചാലീസ് റുപയ  ഹോഗാ,ഓൺലൈൻ മേം പാഞ്ച് റുപയ  കം ഹോ..." വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ സർദാർജി ബുക്കിംഗ് നടത്തി, ടിക്കറ്റ് എൻറെ മൊബൈലിലേക്ക് അയച്ച് തന്നു.പറഞ്ഞതുപോലെ നാല്പത് രൂപയുടെ ടിക്കറ്റിന് മുപ്പത്തഞ്ച് രൂപ, അതും മുതിർന്ന നാലുപേർക്ക് മാത്രം !സർദാർജിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ എനിക്ക് തോന്നി. പക്ഷേ,ഇക്കിളി കൊണ്ട് വണ്ടി എവിടെയെങ്കിലും കൊണ്ടിടിച്ചാലോ എന്ന് കരുതി ഞാനത് ചെയ്തില്ല. 

ഉത്തരേന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക് ഭരണകൂടമായ ഡൽഹി രാജവംശത്തിലെ കുത്തുബുദ്ദീൻ ഐബക്ക് നിർമ്മിച്ച ഒരു വിജയസ്തംഭമാണ് കുത്തബ് മിനാർ എന്നാണ് ഏറ്റവും പ്രബലമായ ചരിത്രം.യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒരു സ്മാരകമാണ് കുത്തബ് മിനാർ.ഇന്തോ-ഇസ്‌ലാമിക് വാസ്തുശില്പകലയുടെ ഒരു മകുടോദാഹരണം കൂടിയാണ് കുത്തബ് മിനാർ.മിനാറിന് പുറമെ ഖുവ്വത്തുൽ ഇസ്‌ലാം പള്ളി, പള്ളി ഇമാമിന്റെ ഖബറിടം,ഇൽത്തുമിഷിന്റെയും അലാവുദ്ദീൻ ഖിൽജിയുടെയും ശവകുടീരങ്ങൾ,പണി പൂർത്തിയാക്കാത്ത അലൈ മിനാർ തുടങ്ങിയവയാണ് കുത്തബ് മിനാർ കോംപ്ലെക്‌സിലെ പ്രധാന കാഴ്ചകൾ.  

കുത്തബ് മിനാറിന്റെ ഗേറ്റിന് മുന്നിൽ ഞങ്ങളെ ഇറക്കിവിട്ട് സർദാർജി എങ്ങോ പോയി.ടാക്സി ചാർജ്ജായി ഒന്നും തന്നെ നല്കിയിട്ടില്ലാത്തതിനാൽ എനിക്ക് ഒരു ഭയവും തോന്നിയില്ല. എൻട്രി ഗേറ്റിൽ ഞാൻ പ്രതീക്ഷിച്ച അത്ര തിരക്ക് ഇല്ലായിരുന്നു.2013ലും കുടുംബ സമേതം കുത്തബ് മിനാറിൽ വന്ന ഓർമ്മകൾ അയവിറക്കിക്കൊണ്ട് ഞങ്ങൾ അകത്ത് പ്രവേശിച്ചു. ശേഷം, മുമ്പേ ഗമിക്കും ഗോ തൻ പിമ്പേ തന്നെ എല്ലാവരും നടന്നു.

"ഉപ്പച്ചീ .... കുത്തബ് മിനാർ....." ലൂന മോളെപ്പോലെ തന്നെ കുട്ടിക്കാലത്തേ ചരിത്ര സ്മാരകങ്ങൾ കാണാൻ ഭാഗ്യം ലഭിച്ച ലിദു മോൻ സന്തോഷത്തോടെ വിളിച്ച് പറഞ്ഞു. 

"ആ...ശരിക്കും കണ്ടോ... സ്‌കൂളിൽ ചെന്നാൽ ടീച്ചർ ചോദിക്കും..." അവനെ പ്രോത്സാഹിപ്പിക്കാനായി ഞാൻ പറഞ്ഞു.

"ടീച്ചർക്കും വന്ന് കണ്ടാൽ പോരേ? എന്തിനാ എന്നോട് ചോദിക്കുന്നത്?" അവന്റെ മറുപടി കേട്ട് ഞങ്ങൾക്ക് ചിരി വന്നു.

അപ്പോഴാണ് ഒരു വിമാനം പറന്നു പോകുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്.ഞാൻ ഉടനെ ഫോണെടുത്ത് ഒന്ന് ക്ലിക്കി.വിമാനം മിനാരത്തിൽ ഇടിക്കുന്ന പോലെയുള്ള ഒരുപടം ശരിക്കും എന്നെത്തന്നെ അത്ഭുതപ്പെടുത്തി. വിമാനങ്ങൾ പിന്നെയും ധാരാളം കടന്നുപോയി.ഞാൻ കുത്തബ് മിനാറിന്റെ വിവിധ ഭാഗങ്ങൾ കാണാനും നീങ്ങി. 

കുത്തബ് മിനാർ കോംപ്ലെക്‌സിലെ ഏറ്റവും ആകർഷകമായ ഇടം എഴുപത്തിരണ്ടര മീറ്റർ ഉയരത്തിൽ അഞ്ച് നിലകളായി ഉയർന്ന് നിൽക്കുന്ന കുത്തബ് മിനാർ തന്നെയാണ്.രജപുത്ര രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന് മേൽ മുഹമ്മദ് ഗോറി നേടിയ വിജയത്തെ അനുസ്മരിക്കാനായി കുത്തുബുദ്ദീൻ ഐബക്ക് 1192 ൽ പണി തുടങ്ങിയതാണ് ഈ സ്തംഭം.മിനാരത്തിന്റെ പണി തീരുന്നതിന് മുമ്പേ രാജാവ് ദിവംഗതനായതിനാൽ മകൻ ഇൽത്തുമിഷ് ആണ് മൂന്ന് നിലകൾ കൂടി കൂട്ടിച്ചേർത്ത് അത് പൂർത്തിയാക്കിയത്. 1368 ൽ ഫിറോസ് ഷാ തുഗ്ലക്ക് രണ്ട് നില കൂടി കൂട്ടിച്ചേർത്തതായി പറയപ്പെടുന്നു. 

ഖുർആനിലെ ആയത്തുകൾ മിനാരത്തിന്റെ കല്ലുകളിൽ കൊത്തിവച്ചതായി കാണാം.എണ്ണൂറ് വർഷത്തിലധികമായി മഴയും മഞ്ഞും വെയിലും ഏറ്റിട്ടും അവയ്ക്ക് ഒരു മങ്ങൽ പോലും ഏറ്റിട്ടില്ല എന്നത് അത്ഭുതാവഹം തന്നെയാണ്. 1503 ൽ മിന്നലേറ്റും 1802 ൽ ഭൂകമ്പത്തിലും കുത്തബ് മിനാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.മുമ്പ്, മിനാരത്തിന്റെ ഒന്നാം നില വരെ സഞ്ചാരികൾക്ക് കയറാൻ അനുവാദമുണ്ടായിരുന്നു.എന്നാൽ 1981 ൽ നിരവധി സ്‌കൂൾ കുട്ടികൾ മരിക്കാനിടയായ ഒരു അപകടത്തിന് ശേഷം മിനാരത്തിനകത്ത് പ്രവേശിക്കുന്നത് പൂർണ്ണമായും നിർത്തലാക്കി.


മിനാരം കഴിഞ്ഞ് അല്പം കൂടി മുമ്പോട്ട് നടന്നാൽ ഇടതുഭാഗത്ത് ഒരു പള്ളിയുടെ അവശിഷ്ടങ്ങൾ കാണാം.അവിടെ കണ്ട ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഖുവ്വത്തുൽ ഇസ്‌ലാം മസ്‌ജിദിന്റെ ബാക്കിപത്രമാണ് അതെന്നും അകത്ത് കയറിയാൽ ആ മസ്ജിദിലുണ്ടായിരുന്ന ഇമാമിന്റെ മഖ്‌ബറ കാണാമെന്നും പറഞ്ഞു.അൽപനേരം അവിടെ ചെലവഴിച്ച ശേഷം അദ്ദേഹം നിർദ്ദേശിച്ച പ്രകാരം തന്നെ ചരിത്രത്തിൽ കേട്ട് മാത്രം പരിചയമുള്ള അലാവുദ്ദീൻ ഖിൽജിയുടെ മഖ്ബറയിലേക്ക് ഞങ്ങൾ നീങ്ങി.


Part 4 - കുത്തബ് മിനാർ കോംപ്ലെക്‌സിൽ - 2 

Tuesday, June 13, 2023

ദീപ് സിംഗിന്റെ കോംബോ ഓഫർ

ജാമിയ മില്ലിയ കാമ്പസിൽ  നിന്നും എളുപ്പം എത്താവുന്ന ഡൽഹിയിലെ പ്രധാന ആകർഷണമാണ് കുത്തബ് മിനാർ. മക്കളിൽ ഏറ്റവും ഇളയവൻ ഒഴികെ എല്ലാവരും കുത്തബ് മിനാർ കണ്ടതുമാണ്. എങ്കിലും ഒരു ദിവസത്തേക്ക് വാടകക്കെടുത്ത വണ്ടിക്ക് ഒരു കറക്കത്തിനായി ഞങ്ങൾ വീണ്ടും കുത്തബ് മിനാർ സന്ദർശിക്കാൻ തീരുമാനിച്ചു.

"പഹ്‌ല ഖാന ... ബാദ് ഖുംമ്ന... " ഞാൻ ദീപ് സിംഗിനോട് പറഞ്ഞു.

"ഓകെ സാബ്... രാസ്തെ മേം ദേഖേംഗ... വെജ് യാ നോൺ വെജ് "

"വെജ് ... സിർഫ് വെജ്..."

" സാബ്... ആപ് കോ കോംബോ മിലേഗ... സബ് ലോഗാം കൊ ദൊ റോട്ടി .... ചാർ പീസ് മുർഗി..."

"കിത് ന ഹോഗ ?"

"ആട്ട് സൗ ഹോഗ"

നാല് മുതിർന്നവരും രണ്ട് കുട്ടികളും - രണ്ട് ഒണക്ക റൊട്ടി വീതം ഒരു ചിക്കൻ കറിയോടോപ്പം തിന്നാൻ എണ്ണൂറ് രൂപാ.. സർദാർജി , കേരളത്തിൽ ഞാൻ മരത്തിൽ നിന്ന് പറിച്ച് കൊണ്ടുവരുന്നതല്ല കാശ്... എന്ന് പറയാൻ തോന്നിയെങ്കിലും ഹിന്ദിയിൽ പറഞ്ഞാൽ സമ്മതമായി എന്ന് കരുതി അയാൾ ഹോട്ടലിൽ കയറിയാലോ എന്ന് പേടിച്ച് ഞാൻ മിണ്ടാണ്ടിരുന്നു.

" മാലിക് ജി... യഹാം ITDC ക എക് ഷോപ് ഹെ... ആപ് വഹാം സെ കുച്ച് നഹിം ഖരീദ് ന ഹെ... പന്ത്രഹ് മിനുട്ട് അന്തർ മേം യഹാം വഹാം ദേഖ് കർ രഖൊ ... പസന്ത് ഹെ തോ ഖരീ ദൊ ... പന്ത്രഹ് മിനിട്ട് അന്തർ രഖ്ന ഹെ.."

"ക്യാ ഫായദ"

"വെ ഹം കോ എക് ടോക്കൺ ദേഗ ... "

അത് കൊണ്ട് എന്ത് കാര്യം എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അതും ഞാൻ വിട്ടു. ഇന്ത്യൻ ടെക്സ്റ്റൈൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ എന്ന ആ സ്ഥാപനത്തിൽ വിൽക്കുന്നതെല്ലാം കൈത്തറി ആണെന്ന് സ്വാഗത പ്രാസംഗികൻ പറഞ്ഞു. ശേഷം ഓരോ സെക്ഷനുകളിലേക്ക് ഞങ്ങൾ നീങ്ങി. മുള കൊണ്ടും വാഴനാര് കൊണ്ടും മറ്റെന്തൊക്കെയോ സാധനങ്ങൾ കൊണ്ടും നിർമ്മിച്ചത് എന്ന് പറഞ്ഞ് പലതരം സാരികളും ഞങ്ങളുടെ മുന്നിൽ അണി നിരന്നു.ദീപ് സിംഗ് പറഞ്ഞ പതിനഞ്ച് മിനുട്ട് മനസ്സിലുള്ളതിനാൽ വെറുതെ നോക്കിയിരുന്നു. ഇതിനിടയിൽ 2014 ലെ ഡൽഹി സന്ദർശനത്തിനിടയിൽ ഞാൻ  വാങ്ങിയ അതേ  രജായി അവിടെ കണ്ടു. വിലയും പഴയ 4600 രൂപ തന്നെ.ബെഡിൽ വിരിക്കുന്ന ആകർഷകമായ വർക്കുകളോട് കൂടിയ ഒരു ടെക്സ്റ്റൈൽ ഐറ്റം ആണ് രജായി.വിശേഷ വേളകളിൽ വിരിച്ചിട്ടാൽ നല്ല ലുക്ക് കിട്ടും.

സാരി ഇഷ്ടപ്പെട്ടില്ല എന്ന് കണ്ടപ്പോൾ അവർ എനിക്ക് ഷർട്ടിന് ചൂണ്ട ഇട്ടു. ഭാര്യയ്ക്ക് അത് ഇഷ്ടവുമായി. അങ്ങനെ ഒരു വാഴനാര് ഷർട്ട് (ദൈവത്തിനറിയാം എന്ത് നാരാണെന്ന് ) വാങ്ങി പാക്ക് ചെയ്തു. അപ്പഴേക്കും കരകൗശല വസ്തുക്കൾ കാണാനായി ഒരാൾ ക്ഷണിച്ചു. അങ്ങനെ മുകൾ നിലയിലേക്ക് കയറി. അവിടെ ലേഡീസ് ബാഗും ചെരുപ്പും ഷൂസും എല്ലാം കണ്ടതോടെ ഞങ്ങൾ ദീപ് സിംഗിന്റെ പതിനഞ്ച് മിനിട്ട് മറന്ന് പോയി. എല്ലാവർക്കും ആവശ്യമുള്ളതെല്ലാം വാങ്ങിക്കൂട്ടിയപ്പഴേക്കും ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. അങ്ങനെ നമ്മളും ഖുശി ദീപ് സിംഗും ഖുഷി.

"ദീപ് ജി... ബച്ച ബൂഖ് ലഗ്ത ഹെ..."

"ഹാം സാബ് ... അഗല സ്റ്റോപ് ഖാനെ കൊ... " 

അൽപം കൂടി മുന്നോട്ട് പോയി തിരക്ക് പിടിച്ച ഒരു ഹോട്ടലിന് മുന്നിൽ സർദാർജി വണ്ടി സൈഡാക്കി. നിറഞ്ഞ് നിൽക്കുന്ന പാർക്കിംഗ് ഏരിയയിലേക്ക് ഒന്ന് നോക്കി.ശേഷം അവിടെ കണ്ട ചെറിയ ഒരു ഗ്യാപ്പിലേക്ക് സർദാർജി തന്റെ വണ്ടി കുത്തിക്കയറ്റി പാർക്ക് ചെയ്തു.

ഹോട്ടലിനകത്ത് കയറി എല്ലാവരെയും ആശംസിച്ച ദീപ് സിംഗ് അത്രയും തിരക്കിനിടയിലും ഞങ്ങൾക്കായി സീറ്റും തരപ്പെടുത്തി തന്നു! നോൺ വെജ് വാങ്ങിപ്പിക്കാൻ സർദാർജി ആവുന്ന വഴിയെല്ലാം പയറ്റിയപ്പോൾ അത് വാങ്ങാതിരിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും ഞാനും എടുത്തു. 

"ആപ് കൊ കോംബൊ അച്ചാ ധാ.." ഭക്ഷണം കഴിച്ച്,  കൈ കഴുകി പുറത്തിറങ്ങിയപ്പോഴും , എട്ട് ചപ്പാത്തിയും നാല് ചിക്കൻ പീസും ഒരു കറിയും അടങ്ങിയ എണ്ണൂറ് രൂപയുടെ ഭക്ഷണ പാക്കേജിനെപ്പറ്റിയായിരുന്നു ദീപ് സിംഗിന്റെ ആലോചന.

'അച്ഛനായാലും വേണ്ടില്ല ബാപ്പയായാലും വേണ്ടില്ല,നിങ്ങളെ ഈ ഒണക്ക റൊട്ടിക്ക് അത്രയും കാശ് തരാൻ മനസ്സില്ല ഭായ്' എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

പാർക്കിംഗ് ഏരിയയിലെ പെട്ടിപ്പീടികയിൽ നിന്ന് കുട്ടികൾക്ക് രണ്ടും വലിയവർക്ക് ഒന്നും വീതം മിഠായി വാങ്ങിത്തന്ന് ദീപ് സിംഗ് വീണ്ടും വണ്ടിയിൽ കയറി.

"തൊ ഹം സീധ കുത്തബ് മിനാർ ജായേംഗ ... 

"ഹാം... ഹാം.." ഞാൻ മൂളി. വണ്ടി കുത്തബ് മിനാർ ലക്ഷ്യമാക്കി കുതിച്ചു.


Part 3 - കുത്തബ് മിനാർ കോംപ്ലെക്‌സിൽ - 1


Wednesday, June 07, 2023

മഹാബലിപുരത്തെ പാതാളം

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് സ്‌കൂളിൽ നിന്ന് ആദ്യത്തെ മദ്രാസ് ടൂർ പോകുന്നത്.തീവണ്ടി മറിയും എന്ന ഭയത്താലോ അതല്ല മക്കളെ ഒരു ദിവസം പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന കാരണത്താലോ അതുമല്ല തൈര് സാദായും കൂട്ടി സ്വന്തം പൊന്നോമനകൾ അഞ്ച് ദിവസം പുളിച്ച ചോറ് തിന്നേണ്ടി വരും എന്നതിനാലോ എന്നറിയില്ല മിക്ക മാതാപിതാക്കളും കുട്ടികളെ ഈ ടൂറിന് വിട്ടിരുന്നില്ല. എന്നാൽ ഒരാഴ്ചയ്ക്ക് ഈ കുട്ടിച്ചാത്തന്റെ /കുട്ടിച്ചാത്തിയുടെ ശല്യം നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒഴിഞ്ഞു കിട്ടട്ടെ എന്ന് ആഗ്രഹിച്ച് മക്കളെ ടൂറിന് വിട്ട ചില രക്ഷിതാക്കളും ഉണ്ടായിരുന്നു. എന്നെ ഏത് ഗണത്തിൽ പെടുത്തിയാണ് ഈ ടൂറിന് പോകാൻ എൻറെ മാതാപിതാക്കൾ അനുമതി നൽകിയത് എന്ന് എനിക്ക് ഇന്നും അജ്ഞാതമാണ് അനന്തമാണ് അവർണ്ണനീയമാണ്.

ടൂർ ദിനം അടുക്കുന്തോറും മനസ്സിൽ എന്തൊക്കെയോ തുമ്പികളും കിളികളും പറന്നു നടക്കാൻ തുടങ്ങി.മദ്രാസ് ടൂർ എന്ന് മാത്രമേ കുട്ടികളായ ഞങ്ങൾക്ക് അറിയാമായിരുന്നുള്ളൂ.മദ്രാസിൽ എന്തൊക്കെ കാണും എന്നതിനെപ്പറ്റി ഒരു മുൻ ധാരണയും ഉണ്ടായിരുന്നില്ല.മുമ്പ് ആരും അവിടെ പോയ ചരിത്രവും ഇല്ലാത്തതിനാൽ ഒരു റഫറൻസിനും രക്ഷയുണ്ടായിരുന്നില്ല.

"മഹാബലിപുരത്ത് പോകുന്നുണ്ടോ?" ചരിത്ര അദ്ധ്യാപകൻ കൂടിയായിരുന്ന എന്റെ പിതാവ്, ടൂറിന് പോകുന്നതിന് ദിവസങ്ങൾക്ക്  മുമ്പ് എന്നോട് ചോദിച്ചു.

"മഹാബലി നമ്മുടെ നാട്ടിലല്ലേ...? ഞങ്ങൾ പോകുന്നത് തമിഴ്നാട്ടിലേക്കാ..." ചരിത്രാദ്ധ്യാപകന്റെ മകന് ചരിത്രം നന്നായിട്ടറിയാം എന്ന് തെളിയിച്ച് ഞാൻ ബാപ്പയെ തിരുത്തി.

"അതേ, മഹാബലിപുരത്ത് പോകുന്നുണ്ടോ എന്ന് തന്നെ...."  പെരുന്തച്ചന്റെ മകനാകാൻ ഞാൻ നടത്തിയ ശ്രമം ബാപ്പ എട്ടുനിലയിൽ പൊട്ടിച്ചു.

'അപ്പോ നമ്മുടെ മാവേലി പാതാളത്തിലേക്ക് താഴ്ന്ന് പിന്നെ പൊങ്ങിയ നാടാകുമോ ഈ മഹാബലിപുരം ? അങ്ങനെയെങ്കിൽ പാതാളത്തിലേക്കുള്ള ഒരു വഴി ഓർ കുഴി അവിടെ കാണേണ്ടതല്ലേ? ' എന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നു.ഞങ്ങളെ ചരിത്രം പഠിപ്പിക്കുന്ന തോമസ് മാഷ് ടൂറിന് പോരുന്നുണ്ട്.മാഷോട് തന്നെ ചോദിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി.

"നമ്മുടെ ക്ലാസ്സിൽ നിന്ന് ആരൊക്കെയാ മദ്രാസ് ടൂറിനുള്ളത്?" പിറ്റേ ദിവസം ക്ലാസ്സിൽ വന്ന ഉടനെ തോമസ് മാഷ് ചോദിച്ചു.

"യൂസുപ്പ്..." ക്ലാസ്സിലെ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവരിൽ പെട്ട യൂസുഫിന്റെ പേര് എല്ലാവരും കൂടി വിളിച്ച് പറഞ്ഞു. യൂസുഫ് മെല്ലെ എണീറ്റു നിന്ന് ചുറ്റും നോക്കി.ഉടനെ ഞാനും എണീറ്റു നിന്നു.

"അതെയ്..., ടൂർ പോകുന്നത് സ്ഥലം കാണാൻ മാത്രമല്ല, അവിടെ ഉറങ്ങിക്കിടക്കുന്ന ചരിത്രം കൂടി പഠിക്കാനാ..." യൂസുഫിന്റെ മുഖത്തേക്ക് നോക്കി തോമസ് മാഷ് പറഞ്ഞു.പക്ഷെ യൂസുഫ് കേട്ടത് മറ്റെന്തോ ആയിരുന്നു.

"ഇല്ല സേർ, ഞാൻ അതിനെ ഉണർത്താതെ ശ്രദ്ധിയ്ക്കാം..." യൂസുഫിന്റെ മറുപടി കേട്ട് ക്ലാസ് പൊട്ടിച്ചിരിയിൽ മുങ്ങി.അപ്പോഴാണ് ബാപ്പ എന്നോട് ചോദിച്ച ചോദ്യം എന്റെ മനസ്സിൽ നിന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റത്.

"സാർ... നമുക്ക് മഹാബലിപുരത്തെ പാതാളം കാണാൻ പറ്റുമോ?" എന്റെ ചരിത്ര കൗതുകം ഒരു ഗമണ്ടൻ ചോദ്യമായി തോമസ് മാഷിന്റെ നേരെ ചീറിപ്പാഞ്ഞു.

"മഹാബലിപുരത്തെ പാതാളമോ? അതാരാ പറഞ്ഞത്?" ഇതുവരെ കേൾക്കാത്ത പാതാളത്തെപ്പറ്റിയുള്ള  എന്റെ ചോദ്യം തോമസ് മാഷേയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

'ങേ! അങ്ങനെയൊന്ന് ഇല്ലേ? ഇതിപ്പോ ഇനി ആരുടെ തലയിലേക്കാ വച്ച് കൊടുക്കുക?' ഒരു നിമിഷം ഞാൻ ആലോചിച്ചു. പെട്ടെന്ന് എനിക്ക് തന്നെ ഒരു ബുദ്ധി തോന്നി.

"സർവ്വവിജ്ഞാന കോശം വാല്യം 8 പേജ് 612 ൽ പറയുന്ന പാതാളം...." സർവ്വ വിജ്ഞാനകോശങ്ങളുടെ പത്ത് വാല്യങ്ങൾ വീട്ടിലുള്ളതും ബാപ്പ ഇടക്കിടെ അവ വായിക്കുന്നതും കണ്ടതിനാൽ  ഞാൻ വെറുതെയങ്ങ് തട്ടി വിട്ടു.

"തൊട്ടടുത്ത പേജിൽ ആ പാതാളം തൂർന്ന് പോയതായി പറയുന്നുണ്ടല്ലോ?" ഒരു ചെറു പുഞ്ചിരിയോടെ തോമസ് മാഷ് എന്നെ കടത്തി വെട്ടി ഒരു കതിന തന്നെ പൊട്ടിച്ചു. ഞാൻ അതോടെ നിശബ്ദനായി.

ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ യാത്ര ആരംഭിച്ചു.കോഴിക്കോട് വരെ ബസ്സിലും അവിടെ നിന്ന് ട്രെയിനിലുമായിരുന്നു യാത്ര. ആദ്യമായിട്ട് ട്രെയിനിൽ കയറുന്നതിന്റെ കൗതുകം പലരും പലവിധത്തിലും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.പക്ഷെ എന്റെ മനസ്സിൽ നിറഞ്ഞത് മാവേലിയുടെ മഹാബലിപുരവും മാവേലി നാടുവിട്ടെത്തിയ പാതാളവും കാണാനുള്ള തിടുക്കമായിരുന്നു.

അങ്ങനെ ടൂറിന്റെ മൂന്നാം ദിനത്തിൽ ഞങ്ങൾ മഹാബലിപുരത്തെത്തി. ഒറ്റക്കല്ലിൽ നിർമ്മിച്ച ക്ഷേത്രവും കൊത്തിയെടുത്ത ശില്പങ്ങളുമായിരുന്നു മഹാബലിപുരത്തെ പ്രധാന കാഴ്ചകൾ.അതിനിടക്ക് എവിടെയെങ്കിലും പാതാളത്തിലേക്കുള്ള വഴിയുണ്ടോ എന്ന് ഞാൻ ചികഞ്ഞു നോക്കി.അന്ന് തോമസ് മാഷോട് ചോദിച്ച പോലെ ഇനിയും ഒരബദ്ധം പറ്റാതിരിക്കാൻ പാതാളത്തെപ്പറ്റി ആരോടും ചോദിച്ചില്ല.വൈകുന്നേരം വരെ മഹാബലിപുരത്ത് കറങ്ങിയിട്ടും പാതാളം പോയിട്ട് മാവേലിയുടെ ഒരു ചിത്രം പോലും എവിടെയും കണ്ടില്ല.

ടൂർ കഴിഞ്ഞ് വീട്ടിലെത്തിയ എന്നോട് ബാപ്പ ടൂർ വിശേഷങ്ങളൊക്കെ ചോദിച്ചു.മദ്രാസിൽ കണ്ട കാഴ്ചകളെപ്പറ്റി ഞാൻ ബാപ്പയെ ധരിപ്പിച്ചു.

"പക്ഷേ, പാതാളത്തിലേക്കുള്ള വഴിയുടെ പൊടി പോലും എവിടെയും കണ്ടില്ല" മഹാബലിപുരത്തെപ്പറ്റി ബാപ്പ ഇങ്ങോട്ട് ചോദിക്കുന്നതിന് മുമ്പേ ഞാൻ അങ്ങോട്ട് വെടിവച്ചു.

"പാതാളമോ?" ബാപ്പയുടെ ചോദ്യം എന്നെ വീണ്ടും അങ്കലാപ്പിലാക്കി.

"മഹാബലി...മാവേലി...പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്...." ഞാൻ നിന്ന് പരുങ്ങി.

"മോനേ...ആ മഹാബലി വേറെ... ഇത് മാമ്മല്ലപുരം എന്ന മഹാബലിപുരം... പല്ലവരാജവംശത്തിലെ രാജാവായിരുന്ന  മാമല്ലന്റെ പേരിൽ അറിയപ്പെട്ടിരുന്ന മാമ്മല്ലപുരം എന്ന നഗരമാണ് പിന്നീട് പേരുമാറ്റി മഹാബലിപുരമായത്." പുഞ്ചിരിച്ചുകൊണ്ട് ബാപ്പ പറഞ്ഞു. 

"ങാ.." ബാപ്പ പറഞ്ഞത് മൂളിക്കേൾക്കുമ്പോൾ, ആ പേര് മാറ്റിയവന്റെ മൊട്ടത്തലയിൽ കല്ല് മഴ പെയ്യട്ടെ എന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നത്.