Pages

Thursday, May 30, 2019

മീൻപിടുത്തം (അവധിക്കാലം-10)

           ചാലിയാർ എന്ന പുഴ ഇന്നത്തെ തലമുറക്ക് ‘ചളിയാർ’ എന്ന മാലിന്യപ്പുഴയാണ്. പക്ഷെ എന്റെയും കൂട്ടുകാരുടെയും ബാല്യകാലത്തെ തിളങ്ങുന്ന ഓർമ്മകൾ ഇപ്പോഴും ആ പുഴയിൽ ഓളം വെട്ടിക്കൊണ്ടിരിക്കുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ ചാലിയാറിന്റെ രൂപ മാറ്റവും അന്നത്തെ സായാഹ്നങ്ങളുടെ തുടിപ്പും സജീവതയും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴത്തെ തലമുറക്ക് ആസ്വദിക്കാനും പറ്റാത്ത വിധത്തിലായിപ്പോയി.

             വേനലവധി ആയാൽ ഞങ്ങളുടെ ഒരു പ്രധാന വിനോദമായിരുന്നു മീൻപിടുത്തം. നഞ്ച് എന്ന വിഷം കലക്കിയും തിര എന്ന സ്ഫോടക വസ്തു എറിഞ്ഞും മത്സ്യങ്ങളെ കൊന്ന് മീൻ പിടിക്കുന്ന മുതിർന്നവർ ധാരാളം ഉണ്ടായിരുന്നു അന്ന്. ഉപജീവനത്തിനായി ‘തണ്ടാടി’ വലിച്ച് മീൻ വലയിലാക്കുന്നവരും ഉണ്ടായിരുന്നു. ഇവർ ഉപേക്ഷിച്ചു പോകുന്ന സ്ഥലത്ത് നിന്നും ബാക്കിയായി കിട്ടുന്നവയെ ‘കാലായി’ എന്നായിരുന്നു വിളിച്ചിരുന്നത്. എന്താണ് ആ പേരിന്റെ പൊരുൾ എന്ന് അന്നും ഇന്നും എനിക്കറിയില്ല. ആ മത്സ്യപ്പിടുത്തമാണ് സ്വന്തമായി മീൻപിടുത്തം പരീക്ഷിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നത്.

                ഒന്നര മീറ്ററോളം നീളമുള്ള രണ്ട് വടികൾ എടുത്ത് പുഴയുടെ ആഴം കുറഞ്ഞ ഭാഗത്ത് കൂടെ നടന്ന് വെള്ളത്തിനടിയിലെ മണലിൽ ഓടുന്ന പൂശാൻ (പൂഴിയാൻ എന്നാണ് യഥാർത്ഥ പേര് എന്ന് തോന്നുന്നു) എന്ന മീനിനെ ഓടിച്ച് ഓടിച്ച് തളർത്തും. തളർന്നാൽ ആ പാവം മണലിൽ തല പൂഴ്ത്തും.അപ്പോൾ മണലിൽ തപ്പി അതിനെ പിടിക്കും. മീൻ വളരെ ചെറുതാണെങ്കിലും ആ പിടുത്തത്തിന്റെ ഹരം കാരണം കൊള്ളുന്ന വെയിലും കളയുന്ന സമയവും ഒന്നും ഓർമ്മയുണ്ടാകില്ല. ഇങ്ങനെ അധ്വാനിച്ച് പിടിച്ച രണ്ടോ മൂന്നോ മീനും കൊണ്ട് വീട്ടിൽ ചെന്നാൽ ഉമ്മയുടെ വക ശകാരം കിട്ടും.പിടിച്ച മീൻ കോഴിക്ക് ഇട്ടു കൊടുക്കുകയും ചെയ്യും !

            കൊയ്ത്തി എന്നൊരു കുഞ്ഞു മീനിനെയും പിടിക്കാറുണ്ടായിരുന്നു . കൊയ്ത്തി പെട്ടെന്ന് തല മണ്ണിൽ പൂഴ്ത്തുന്നതിനാൽ പിടിക്കാൻ അധികം അധ്വാനം ഇല്ല. പക്ഷെ അവ വല്ലപ്പോഴുമേ മുന്നിൽ പെടൂ. പുഴയോരത്ത് വെള്ളത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന പുല്ലുകൾക്കിടയിലും കല്ലുകൾക്കിടയിലും കാണുന്ന ചെള്ളിയെയും (ചെമ്മീൻ വർഗ്ഗത്തിൽ പെട്ടത്) കൈ കൊണ്ട് തപ്പിപ്പിടിക്കുകയോ തോർത്ത് മുണ്ട് കൊണ്ട് കോരിപ്പിടിക്കുകയോ ചെയ്യും. ചെള്ളി അതിന്റെ കാലു കൊണ്ട് ഇറുക്കും എന്നതിനാൽ വലുതാണെങ്കിൽ പിടിക്കാൻ ഭയമാണ്. ചൂണ്ടയിൽ കോർത്തിടാനും ചെള്ളിയെ പിടിക്കാറുണ്ടായിരുന്നു. വെള്ളത്തിലൂടെ കൂട്ടമായി നീങ്ങുന്ന പരലിനെയും ഇരി മീനിനെയും പിടിക്കാൻ ഉടുമുണ്ട് അഴിച്ച് കോരിയ നിഷ്കളങ്ക ബാല്യവും ഓർമ്മയിൽ തിര തല്ലുന്നു.

             വലിയ മീനുകളെ പിടിക്കാൻ പുഴയുടെ മറുഭാഗത്ത്  അല്പം കൂടി ആഴം കൂടിയ സ്ഥലത്ത് ചൂണ്ട ഇടും. എനിക്ക് ചൂണ്ട ഇട്ട് പരിചയമില്ല. അനിയൻ രണ്ടോ മൂന്നോ ചൂണ്ടയും പറമ്പിൽ നിന്ന് കിളച്ചെടുത്ത് ചേമ്പിന്റെ ഇലയിൽ പൊതിഞ്ഞ മണ്ണിരയും കൊണ്ട് പുഴയിൽ പോകും. ഉച്ച വരെ ചൂണ്ട ഇട്ടാൽ ആരലോ മഞ്ഞിലോ വലിയ പൂശാനോ എന്തെങ്കിലും ഒക്കെ കിട്ടും. മൂത്തുമ്മായുടെ മക്കളും അമ്മാവന്റെ മക്കളും എല്ലാം ചൂണ്ട ഇട്ട് മീൻ പിടിക്കാൻ വിദഗ്ദരായിരുന്നു.

           കിളിയാടിപ്പാറ, രണ്ടാം പാറ, അട്ടിപ്പാറ , നാലാം പാറ , മൂടം കല്ല് തുടങ്ങി സ്ഥലങ്ങളിൽ ആയിരുന്നു ചൂണ്ട ഇട്ടിരുന്നത്. ഇതിൽ മൂടം കല്ല് അതീവ അപകടകരമായ സ്ഥലമായിരുന്നു. വളരെ ആഴം കൂടിയ അങ്ങോട്ട് കുട്ടികളായ ഞങ്ങൾ പോകുന്നതിന് വിലക്കുണ്ടായിരുന്നു. മൂടം കല്ലിനടുത്ത് മുതല ഉണ്ട് എന്നായിരുന്നു ഞങ്ങൾ കേട്ടിരുന്നത്. അതിനാൽ തന്നെ ആരും അങ്ങോട്ട് പോയിരുന്നില്ല. പക്ഷെ അനിയൻ അവിടെയും എത്തിയിരുന്നു.

          മീൻ പിടിക്കുന്നത് അനിയനാണെങ്കിലും വീട്ടിൽ എത്തിയാൽ അത് എനിക്കും അവകാശപ്പെട്ടതായിരുന്നു. കാരണം, രണ്ടാം പാറയുടെ മുകളിലേക്ക് പോയി മീൻ പിടിച്ചത് വീട്ടിൽ അറിഞ്ഞാൽ അടി പൊട്ടും. ഏക ദൃക്‌സാക്ഷിയായ ഞാൻ അത് പറയാതിരിക്കാൻ എനിക്ക് മീനിന്റെ കഷ്ണം തന്നല്ലേ പറ്റൂ! ഇനി വരാത്ത ആ കാലത്തോടൊപ്പം മേൽ പറഞ്ഞ പാറകളും ഇന്ന് വെള്ളത്തിനടിയിലായി.

(തുടരും...)

Wednesday, May 22, 2019

ബഹു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ...

         ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ.ഈ ഇലക്ഷനിൽ കണ്ട ചില കാര്യങ്ങൾക്ക് നേരെ പ്രതികരിക്കാതിരിക്കാൻ നിർവ്വാഹമില്ല. തള്ളാം കൊള്ളാം, ബട്ട് തല്ലരുത് കൊല്ലരുത്.

           കേരളത്തിൽ ഇത്തവണ, 20 ലോകസഭാ സീറ്റിൽ 10 സീറ്റുകളിലേക്ക് ഇരു മുന്നണികളിൽ നിന്നുമായി മത്സരിച്ചത് പത്തോളം എം.എൽ.എ മാരാണ്.അതായത് ഇനിയും രണ്ട് വർഷത്തോളം കാലാവധിയുള്ള ജനപ്രതിനിധികൾ. അവർക്കിത് ഒരു ഇം‌പ്രൂവ്മെന്റ് പരീക്ഷ മാത്രമാണ്. എം.എൽ.എ എന്ന പദത്തിൽ നിന്നും എം.പി എന്ന പദത്തിലേക്കുള്ള ഇം‌പ്രൂവ്മെന്റ് ചാൻസ്. സ്വാഭാവികമായും ജയിച്ചാൽ അവർ ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഠലങ്ങളിൽ അടുത്ത ആറ് മാസത്തിനുള്ളിൽ ഉപ തെരഞ്ഞെടുപ്പ് നടത്തണം. പട്ടിണി സഹിക്കാൻ കഴിയാതെ എന്തോ ഭക്ഷണ പദാർത്ഥം എടുത്തതിന് മോഷണമാരോപിച്ച് അടിച്ചു കൊന്ന മധുവിന്റെ ഈ നാട്ടിൽ, അടച്ചുറപ്പില്ലാത്ത വീട്ടിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ ഈ നാട്ടിൽ, ഒരു നേരത്തെ മരുന്ന് വാങ്ങാൻ വകയില്ലാതെ നരകിക്കുന്ന നിരവധി പാവങ്ങളുടെ നിലവിളി ഉയരുന്ന ഈ നാട്ടിൽ തെരഞ്ഞെടുപ്പിന്റെ പേരിൽ ലക്ഷങ്ങൾ ഇനിയും ചെലവിടുന്നത് ശരിയോ തെറ്റോ ?

             സർക്കാർ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ജോലി രാജി വയ്ക്കണം.അതേ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന എം.എൽ.എ ക്ക് എന്തുകൊണ്ട് ഈ നിയമം ബാധകമാകുന്നില്ല? കുറഞ്ഞത് ഉപതെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ചെലവുകളുടെ അമ്പത് ശതമാനെങ്കിലും, ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നവരുടെ സ്വകാര്യ സമ്പത്തിൽ നിന്നും എന്തുകൊണ്ട് ഈടാക്കിക്കൂട? അല്ലെങ്കിൽ, അവർ ജയിച്ചാലും തോറ്റാലും എന്തുകൊണ്ട് നിലവിലുള്ള  രണ്ടാം സ്ഥാനക്കാരെ പുതിയ പ്രതിനിധിയായി തെരഞ്ഞെടുത്തുകൂട ? ഇങ്ങനെയെന്തെങ്കിലും നിബന്ധനകൾ കൊണ്ടു വന്നില്ലെങ്കിൽ ഭാവിയിൽ ഇത് ഇനിയും തുടരും. 20 സീറ്റിലും മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ പോലും ഇല്ലാത്ത പാർട്ടികളായി കേരളത്തിലെ പ്രമുഖ പാർട്ടികൾ അധ:പതിച്ചതായി ജനങ്ങൾ മനസ്സിലാക്കുന്നു.

             രാജ്യത്തെ നയിക്കേണ്ട പ്രമുഖരിൽ പലരും കൂളായി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തുന്നത് നിരവധി തവണ നാം കണ്ടു. രണ്ടോ മൂന്നോ ദിവസത്തെ പ്രചാരണ വിലക്ക് എന്ന ഉമ്മാക്കി ഒരു ചുക്കും ചെയ്യുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമായി. നടപടി എടുക്കേണ്ടത് കലക്ടറോ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോ അതോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ എന്ന അനിശ്ചിതത്വവും പല കേസുകളിലും ആദ്യ ഘട്ടത്തിൽ ഉണ്ടായി. സ്ഥാനാർത്ഥിത്വം അസാധുവാക്കുന്നതും അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളിലെങ്കിലും മത്സരിക്കുന്നത് വിലക്കുന്നതും അടക്കമുള്ള കടുത്ത ശിക്ഷാനടപടികൾ മാത്രമേ ഇത്തരം നിയമ ലംഘകർക്ക് കൂച്ചു വിലങ്ങിടാൻ സഹായിക്കൂ.

            കനത്ത സുരക്ഷയും അതിലേറെ സുതാര്യതയും ഉറപ്പ് വരുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോലും ഒരു കൂസലും കൂടാതെ കള്ളവോട്ട് ചെയ്യുന്ന ജനപ്രതിനിധികളെയും കണ്ടു. റീപോളിംഗ് നടത്തി പ്രശ്നം താൽക്കാലികമായി പരിഹരിച്ചെങ്കിലും വോട്ടർമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നേരിടുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ ആരും പരിഗണിക്കുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിലൂടെ ഭാവിയിൽ പ്രതി രക്ഷപ്പെട്ടാലും ഉദ്യോഗസ്ഥർ ബലിയാടാകാൻ സാധ്യത ഏറെയാണ്. ആയതിനാൽ കള്ളവോട്ട് തെളിയിക്കപ്പെട്ടാൽ ഉടനടി കടുത്ത ശിക്ഷ തന്നെ ഉറപ്പ് വരുത്തുന്ന രൂപത്തിൽ നിയമങ്ങൾ പരിഷ്കരിക്കണം എന്ന് കൂടി അപേക്ഷിക്കുന്നു. 

Monday, May 13, 2019

നൈപുണ്യ വികസനങ്ങൾ (അവധിക്കാലം-9)

                 എന്റെ കുട്ടിക്കാലത്തെ അവധിക്കാലം തുടങ്ങുന്നത് ഏപ്രിൽ ഒന്നിനും അവസാനിക്കുന്നത് മെയ് 31നും ആയിരുന്നു. ഇന്ന് അത് കലണ്ടറിൽ മാത്രം അങ്ങനെയാണ്. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ മോഡൽ തുടങ്ങുന്നതോടെ പല ക്ലാസുകൾക്കും അവധിക്കാലം തുടങ്ങും. അതായത് ഫെബ്രുവരിയിൽ. മാർച്ച് ആദ്യ വാരത്തിൽ വാർഷിക പരീക്ഷയും ആരംഭിക്കും. അതിനിടയിലായി എസ്.എസ്.എൽ.സി എന്ന മാമാങ്കം നടക്കും. അപ്പോൾ വീണ്ടും അവധിക്കാലം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് മറ്റു ക്ലാസുകളുടെ പരീക്ഷ പുനരാരംഭിക്കും. മാർച്ച് മാസത്തിലെ അവസാന ദിവസത്തിന് തൊട്ടു മുമ്പത്തെയോ അതിന്റെ മുമ്പത്തെയോ ദിവസം അത് തീരും. ഏപ്രിൽ ഒന്നു മുതൽ ട്യൂഷൻ ക്ലാസ് ആരംഭിക്കും!സർക്കാരിന്റെയും സമൂഹത്തിന്റെയും സമ്മർദ്ദ നാടകങ്ങൾക്ക് വഴങ്ങി മെയ് മാസാവസാനം ട്യൂഷൻ ക്ലാസുകൾ  ഒന്ന് നിർത്തി വയ്ക്കും. ജൂൺ ഒന്നിന് വീണ്ടും സ്കൂളിലേക്ക് ഓട്ടം തുടങ്ങും.  ഫലത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് പോലെ ഘട്ടം ഘട്ടമായി അവധിക്കാലം ആസ്വദിക്കാം.

                 തുടർച്ചയായി രണ്ട് മാസം അവധി ലഭിക്കുന്നതിനാൽ  നൈപുണ്യ വികസനത്തിന് ഉപയോഗപ്പെടുത്താൻ ഉത്തമമായിരുന്നു ഞങ്ങളുടെ വേനലവധിക്കാലം. ചാലിയാർ തൊട്ടടുത്തായതിനാൽ നീന്തൽ പഠിക്കലായിരുന്നു അതിൽ ഒന്ന്. ദുരന്തം മുന്നിൽ കണ്ടായിരുന്നില്ല ആ പരിശീലനം. നീന്തൽ അറിയും എന്നത് അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരു കാര്യമായിരുന്നു. എന്റെ സമപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം നീന്തൽ വശമുള്ളവരായിരുന്നു. ഇന്ന് നീന്തൽ അറിയില്ല എന്ന് മാത്രമല്ല , പഞ്ചായത്തിൽ നിന്നും ‘നീന്തൽ’ സർട്ടിഫിക്കറ്റ് വാങ്ങി പ്ലസ് ടു വിന് പ്രവേശനം ഉറപ്പാക്കാൻ രക്ഷിതാക്കൾ കുട്ടികളെ ഉപദേശിക്കുക്കയും ചെയ്യുന്നു (നീന്തൽ അറിയാത്ത എന്റെ മോളോട് ആ സർട്ടിഫിക്കറ്റിന് പോകേണ്ട എന്ന് ഞാൻ പറഞ്ഞു).

                   സൈക്ലിംഗ് പഠനം ആയിരുന്നു മറ്റൊരു പ്രധാന ഹോബി. അരീക്കോട് അങ്ങാടിയിലെ ജയ സൈക്കിൾ മാർട്ടും പുത്തലത്തെ കോരുക്കുട്ട്യേട്ടന്റെ സൈക്കിൾ കടയും ആയിരുന്നു സൈക്കിൾ വാടകക്ക് കൊടുക്കുന്ന സ്ഥാപനങ്ങൾ. ജയ സൈക്കിൾ മാർട്ട് ഇന്ന് അരീക്കോട്ടെ സൈക്കിൾ വില്പന കേന്ദ്രമായി. കോരുക്കുട്ട്യേട്ടൻ  കണ്ണടച്ചതോടെ ആ കടയും അടഞ്ഞു. എന്നെയും അനിയനെയും സൈക്കിൾ ചവിട്ടാൻ ആദ്യമായി പഠിപ്പിക്കാൻ ശ്രമിച്ചത് മൂത്താപ്പയുടെ മകൻ അബ്ദുറഹീം ആയിരുന്നു ( ആ സംഭവം ഇവിടെ ക്ലിക്കിയാൽ വായിക്കാം-124). ശിഷ്യരെ പെരുവഴിയിലാക്കി ഗുരു മുങ്ങിയപ്പോൾ ഗുരുദക്ഷിണ നൽകി ഞങ്ങൾ വേലായുധനെ ഗുരുവാക്കി. ഗുരുവിന് ഞങ്ങൾ ഒരു കുരുവാകാൻ അധിക ദിവസം വേണ്ടി വന്നില്ല ( ആ സംഭവം ഇവിടെയുണ്ട് -47).

               മൂത്ത രണ്ട് മക്കളും സ്വയം സൈക്ലിംഗ് പഠിച്ചതിനാൽ അവർക്ക് രണ്ട് പേർക്കും ഞാൻ സൈക്കിൾ വാങ്ങിക്കൊടുത്തിരുന്നു. അത് രണ്ടും പഴകിയതിനാൽ മൂന്നാമത്തവൾക്ക് പഠിക്കാനായി കഴിഞ്ഞ വർഷം ഒരു സൈക്കിൾ കൂടി വാങ്ങിക്കൊടുത്തു. ഈ വേനലവധിയിൽ പലതും ഏല്പിച്ച കൂട്ടത്തിൽ അവളെ സൈക്ലിംഗ് പഠിപ്പിക്കാനായി ലുഅ മോളെ ഏർപ്പാടാക്കി. ഇന്നലെ ഞങ്ങൾ ഏവരെയും അൽഭുതപ്പെടുത്തിക്കൊണ്ട് ഗുരുവിനെ കാത്ത് നിൽക്കാതെ, അവൾ സ്വയം തന്നെ സൈക്കിളിൽ ബാലൻസ്‌ഡ് ആയി!

(തുടരും...)

Friday, May 10, 2019

വിരുന്നുകാലം (അവധിക്കാലം-8)

               നാട്ടിലേക്കുള്ള വിരുന്നുപോക്കിന്റെ മറ്റൊരാകർഷണം അവിടെ എത്തിയാലുള്ള വൈവിധ്യങ്ങളാണ്. തറവാട് വീടിന്റെ ഉമ്മറത്തെ വിശാലമായ തിണ്ണ ആയിരുന്നു ഞങ്ങളുടെ ‘കളിസ്ഥലം’. അവിടെയും പഴയ അയൽ‌വാസിയായിരുന്ന നമ്പിയേട്ടന്റെ വീട്ടിലും മാത്രമേ ഞാൻ ഈ തിണ്ണ കണ്ടിട്ടുള്ളൂ (തറവാടുകൾ പൊളിച്ചതിനാൽ രണ്ടും ഇന്ന് നിലവിലില്ല ). മുതിർന്നവർക്ക് കിടക്കാനായി വിരിച്ച പായയിലെ തലയണ ബസ്സാക്കി കളിക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന പരിപാടി.  മൂത്താപ്പയുടെ മകനും എന്റെ സമപ്രായക്കാരനുമായ മജീദിന് ശകാരം കിട്ടുന്നത് വരെ കളി തുടരും ! ‘കൂട്ടം കൂടുക‘ എന്നായിരുന്നു ശകാരിക്കുന്നതിന് അവരുടെ നാട്ടിലെ പ്രയോഗം.

              രാത്രിയായാൽ വൈദ്യുതി വെളിച്ചം മിന്നാമിനുങ്ങിന്റെ  നുറുങ്ങ്‌വെട്ടം പോലെയായിരുന്നു. അതിനാൽ 110ന്റെ ബൾബ് പ്രകാശിപ്പിക്കുക എന്നതായിരുന്നു ഏകമാർഗ്ഗം. മിക്ക വീടിന്റെയും പൂമുഖത്ത് തന്നെ ഒരു വയറിൽ തൂങ്ങി നിൽക്കുന്ന പ്രത്യേക ബൾബ് ഉണ്ടായിരുന്നു. രാത്രി ഏഴ് മണിക്ക് മുമ്പോ ഒമ്പതരക്ക് ശേഷമോ അത് സ്വിച് ഓൺ ചെയ്താൽ ഫ്യൂസായിപ്പോകും. അതിന്റെ കാരണം എന്താണെന്ന് അന്ന് അറിയില്ലായിരുന്നു. ഈ 110ന്റെ ബൾബ് എന്ന് പറയുന്നത് തന്നെ അതിന്റെ പവർ റേറ്റിംഗ് ആണെന്നത് കാലങ്ങൾ കഴിഞ്ഞാണ് അറിഞ്ഞത്. നൊച്ചാട് ഈ ബൾബിനെ 110 എന്നല്ല ‘വണ്ടർഫുൾ’ എന്നായിരുന്നു വിളിച്ചിരുന്നത്.

              പിറ്റേ ദിവസം രാവിലെ എണീക്കുന്നത് എന്നും ഒരു പ്രശ്നത്തിലേക്കായിരുന്നു. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള അസൌകര്യമായിരുന്നു പ്രശ്നം. ആണും പെണ്ണും എല്ലാം അത് വിശാലമായ പറമ്പിൽ നിർവ്വഹിക്കണം! ‘കണ്ടത്തിൽ പോകുക’ എന്നായിരുന്നു അതിന് പേര് പറഞ്ഞിരുന്നത്. മലയാള ഭാഷയിൽ വിസർജ്ജനത്തിന്റെ ഒരു പര്യായപദം ആണെന്നായിരുന്നു ഞങ്ങൾ അതിനെ കരുതിയത്. പക്ഷെ പറമ്പിൽ പോയി കാര്യം നിർവ്വഹിക്കുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്ന് കാലക്രമേണ മനസ്സിലായി. കണ്ടത്തിൽ പോക്ക് ഞങ്ങൾക്ക് പരിചയമില്ലാത്തതായതിനാൽ മൂന്ന് ദിവസം വരെ ‘പിടിച്ച് നിർത്തി’ അരീക്കോട്ടെത്തിയ ശേഷം സമാധാനമാക്കിയ കാലം എനിക്ക് ഇന്നും ഓർമ്മയുണ്ട്.

           അന്നത്തെ ഭക്ഷണത്തിന്റെ രുചി വേറെത്തന്നെയായിരുന്നു. അമ്മിക്കല്ലിൽ അരച്ച അരി കൊണ്ടുണ്ടാക്കുന്ന ടയർ പത്തിരിയും നാടൻ കോഴിക്കറിയും മുതിർന്ന ശേഷം ഒരിക്കൽ പോലും കിട്ടിയിട്ടില്ല. അന്ന് അത് മുഴുവൻ തിന്നാനും സാധിച്ചിരുന്നില്ല. അതേപോലെ പുട്ടും പറങ്കിക്കറിയും ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ആ ലെവലിൽ എത്തിയില്ല. ഏതോ ഒരു തവണ നോമ്പ് കാലത്ത് പോയി നോമ്പ് തുറക്കുന്ന സമയത്ത്  ചെറുപയർ കഞ്ഞി കുടിച്ച് ചർദ്ദിച്ചതും ഓർമ്മയിലുണ്ട്. രണ്ടാം ദിവസം രാവിലെ മുതൽ ബന്ധുക്കളുടെ വീട് സന്ദർശനം തുടങ്ങും. വർഷത്തിലൊരിക്കൽ എത്തുന്നവരായതിനാൽ എല്ലായിടത്തും ഗംഭീര സ്വീകരണം കിട്ടും. ‘മണ്ട’ എന്ന ഒരു പലഹാരം ( തേങ്ങയും ഉള്ളിയും പഞ്ചസാരയും ഇട്ട് വറുത്ത അരിപ്പൊടി സമൂസയിൽ നിറച്ചത്) അന്നും ഇന്നും തിന്നാൻ പ്രയാസമായിരുന്നു.

              വലിയ അമ്മായിയുടെ  മൂത്ത മകന്റെ വീടിനടുത്തുള്ള നമസ്കാര പള്ളിയുടെ ( സ്രാമ്പി എന്നാണ് അവർ വിളിച്ചിരുന്നത് ) കുളത്തിലുള്ള കുളി മറക്കാനാവാത്തതാണ്. മുക്കാൽ ഭാഗത്തോളം പായലാണെങ്കിലും ചാലിയാറിൽ നീന്തി പരിചയമുള്ള ഞങ്ങൾ അതിൽ ഒന്ന് നീന്തും. അതോടെ കുളം ആകെ കലങ്ങും! അതു കണ്ട് രണ്ട് പറമ്പ് അപ്പുറത്തുള്ള ഒരു വല്യുപ്പ (പള്ളിയുടെ കസ്റ്റോഡിയൻ)  അലറും. പിന്നെയും ഞങ്ങൾ ശബ്ദമുണ്ടാക്കാതെ നീരാട്ട് തുടരും.അവസാനം വെള്ളത്തിലിരുന്ന് മുണ്ടഴിച്ച് തല തുവർത്തി കയറും. പള്ളിക്കുളമായതിനാൽ വെള്ളത്തിൽ നിന്ന് മുണ്ടഴിക്കാൻ പാടില്ല എന്നത് ഞങ്ങൾക്കറിയില്ലായിരുന്നു. അതിന് വല്യുപ്പയുടെ ശകാരം വേറെയും കിട്ടും. എല്ലാം കഴിഞ്ഞ് സ്രാമ്പിയിൽ നിന്ന് നിസ്കരിച്ച് മടങ്ങും.

              വൈകിട്ട് കാവുന്തറയുള്ള ഇളയ അമ്മായിയുടെ വീട്ടിലേക്കാണ് യാത്ര.നൊച്ചാട് നിന്നും രണ്ടോ മൂന്നോ കിലോമീറ്റർ നടക്കാനുണ്ട്. അതും ഒരാവേശമായിരുന്നു. കാരണം അന്ന് പിന്നെ മടക്കമില്ല, അവിടെ തങ്ങും. മാത്രമല്ല അവിടെയുള്ള ഉന്തുവണ്ടിയിൽ കയറാം ! ഞങ്ങൾ വിരുന്നുകാർ ആയതിനാൽ ‘നാട്ടുകാർ‘ തള്ളിത്തരാൻ നിർബന്ധിതരാണ്. വീട്ടുകാർക്ക് ചീത്തപറയാൻ ‘അവകാശവും’ ഇല്ല !

              മാങ്ങ തിന്ന് മടുക്കുന്ന കാലം കൂടിയാണ് ഈ വിരുന്ന് കാലം. കുറുക്കൻ മാങ്ങ എന്ന മൂവാണ്ടൻ മാങ്ങയും പഞ്ചാരമാങ്ങയും ചേരികപ്പായി എന്ന നല്ല നാരുള്ള ഒരു തരം മാങ്ങയും സേലൻ മാങ്ങയും അടക്കമുള്ള നിരവധി നാടൻ മാങ്ങകൾ കൊണ്ട് സ‌മൃദ്ധമായിരുന്നു ആ കാലം. ‘നിപ’ പേടി അന്ന് ഇല്ലാതിരുന്നതിനാൽ വവ്വാൽ കടിച്ച എത്രയോ മാങ്ങ അന്ന് തിന്നിരുന്നു. ഒരു മാവിന്റെ തൊട്ടടുത്തായി ഉണ്ടായിരുന്ന കിണർ വവ്വാലുകളുടെ സങ്കേതം കൂടിയായിരുന്നു.

             അമ്മായിമാരും മൂത്താപ്പയും ഒക്കെ മരിച്ചെങ്കിലും ആ മധുര സ്മരണകൾ അയവിറക്കാൻ വർഷത്തിലൊരിക്കൽ ഇപ്പോഴും ഞങ്ങൾ ‘നാട്ടിൽ‘ പോവും. കാണാൻ സാധിക്കുന്ന ബന്ധുക്കളെ എല്ലാം കണ്ട് അന്ന് തന്നെ മടങ്ങും. കളിച്ച് നടന്ന പറമ്പുകളും ഒളിച്ചിരുന്ന ഇടവഴികളും മുതിർന്ന് പോയ ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ ആവോ ?

(തുടരും...)

Tuesday, May 07, 2019

വിരുന്നുപോക്ക് (അവധിക്കാലം-7)

                അരീക്കോട് എന്ന ഗ്രാമം എന്റെ ഉമ്മയുടെ ജന്മസ്ഥലമാണ്. ബാപ്പ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് നൊച്ചാട് സ്വദേശിയും. പക്ഷെ ഞാൻ ജനിച്ചതും വളർന്നതും എല്ലാം അരീക്കോട്ടാണ്. ബാപ്പാക്ക് ജോലി മലപ്പുറം ജില്ലയിലായിരുന്നതിനാൽ വിവാഹം കഴിച്ച് ഇവിടെ താമസമാക്കി എന്നാണ് ചരിത്രം. ഫാറൂഖ് കോളേജിലെ കൊമേഴ്സ് വിഭാഗം പ്രൊഫസർ ആയിരുന്ന ബാപ്പയുടെ മൂത്ത ജ്യേഷ്ഠൻ പ്രൊഫസർ ടി.അബ്ദുള്ള ഒഴികെ എല്ലാ ബന്ധുക്കളും നൊച്ചാട് ആയിരുന്നു. അതിനാൽ വേനലവധിക്കാലത്ത് കുടുംബ സമേതം നൊച്ചാട്ടേക്ക് വിരുന്ന് പോകൽ ഒരു പതിവായിരുന്നു.

               ‘ നാട്ടിൽ പോകുക’ എന്ന് ബാപ്പ പറയുന്നത് കേട്ട് ഞങ്ങളും മറ്റുള്ളവരോട് പറഞ്ഞിരുന്നത് നാട്ടിൽ പോകുക എന്നായിരുന്നു (മൂന്ന് ദിവസം മുമ്പും ഞങ്ങൾ ‘നാട്ടിൽ പോയി’ വന്നു). ഒരു പാട് കാരണങ്ങൾ കൊണ്ട് കുട്ടികളായ ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് അത്. കാരണം ബസ്സിൽ കയറി യാത്ര ചെയ്യാൻ ലഭിക്കുന്ന അപൂർവ്വ അവസരങ്ങളിൽ ഒന്നായിരുന്നു അത് (അതും ഒരു ദിവസം തന്നെ രണ്ട് ബസ്സിൽ കയറാനുള്ള അവസരം!). കോഴിക്കോട് വഴി മാത്രമേ അന്ന് പേരാമ്പ്ര പോകാൻ പറ്റൂ. അതിനാൽ കോഴിക്കോട് കാണാം എന്നത് മറ്റൊരു കാരണം. അന്ന് കോഴിക്കോട് പാളയം ബസ് സ്റ്റാന്റിൽ മാത്രം കിട്ടുന്ന ഓറഞ്ച് ബാപ്പ വാങ്ങിത്തരും എന്ന പ്രതീക്ഷയായിരുന്നു ഇനിയൊരു കാരണം. നൊച്ചാട്ട് എത്തിയാൽ കനാലിലും കുളത്തിലും കുളിക്കാം എന്നതായിരുന്നു വേറൊരു കാരണം. പിന്നെ സമപ്രായക്കാരായ മൂത്താപ്പയുടെ മക്കളുടെ കൂടെയുള്ള തിമർത്ത കളിയും നാടൻ കോഴിക്കറിയും കൂട്ടിയുള്ള ടയർ പത്തിരി തീറ്റയും...അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും കാരണങ്ങൾ ഞങ്ങളുടെ വേനലവധിയെ എല്ലാ വർഷവും പ്രതീക്ഷാഭരിതമാക്കി.

                   നാട്ടിൽ പോകാൻ ഒരു ഒരുക്കമുണ്ട്. മിക്കവാറും മൂന്ന് ദിവസത്തേക്കാണ് യാത്രയുടെ പ്ലാൻ. പോകുമ്പോൾ ധരിക്കാനും തിരിച്ച് പോരുമ്പോൾ ധരിക്കാനും അവിടെ താമസിക്കുമ്പോൾ ധരിക്കാനും വസ്ത്രങ്ങൾ ബാഗിലാക്കണം. എല്ലാവർക്കും പല്ല് തേക്കാനാവശ്യമായ ഉമിക്കരി ചെറുപൊതികളിലാക്കി കരുതണം (ടൂത്ത് പേസ്റ്റ് എന്ന സാധനം ഞാൻ ഉപയോഗിക്കുന്നത് പ്രീഡിഗ്രിക്ക് ഹോസ്റ്റലിൽ നിൽക്കാൻ തുടങ്ങിയത് മുതലാണ്).അസുഖം സ്ഥിരമായിരുന്നതിനാൽ ഹോമിയോ മരുന്നും സന്തത സഹചാരിയായിരിക്കും. ചർദ്ദിക്കും എന്നതിനാൽ പ്ലാസ്റ്റിക് കവറും കരുതും. ഉമ്മയും ബാപ്പയും നാല് മക്കളും അടങ്ങിയ സംഘത്തിന്റെ ബാഗ് ചക്ക പോലെ വീർക്കാൻ പിന്നെയും എന്തൊക്കെയോ അതിൽ ഉണ്ടാവാറുണ്ട്.

                കോഴിക്കോട് നിന്നും പേരാമ്പ്ര ബസ് കയറി വെള്ളിയൂർ എന്ന സ്ഥലത്തിറങ്ങി രണ്ട് കിലോമീറ്ററോളം നടന്നാണ് നൊച്ചാട്ടെ മൂത്താപ്പയുടെ വീട്ടിലെത്തുന്നത്. ഫോൺ ഇല്ലാത്തതിനാൽ ആഴ്ചകൾക്ക് മുമ്പെ കത്ത് അയച്ചാണ് ഞങ്ങൾ വരുന്ന വിവരം മൂത്താപ്പയെ അറിയിച്ചിരുന്നത്. വെള്ളിയൂർ ഇറങ്ങിയാൽ അവിടെത്തെ ഒരേയൊരു ചായക്കടയിൽ കയറി ചായയും ഉപ്പുമാവും കഴിക്കും (മാസങ്ങൾക്ക് മുമ്പുള്ള ഒരു സന്ദർശനത്തിൽ ഈ കട പൂട്ടിക്കിടക്കുന്നത് കണ്ടു). പിന്നെ ബാഗും തൂക്കിയുള്ള ആ നടത്തം തുടങ്ങും. വഴിനീളെ ബാപ്പ പലരെയും കണ്ട് പരിചയം പുതുക്കും. ബാപ്പ കടന്ന് പോകുമ്പോൾ, ഒരു ഓലക്കുടിലിന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന മാറ് മറക്കാത്ത ഒരു വല്ല്യമ്മയുടെ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്.

(തുടരും...)

Monday, May 06, 2019

വീണ്ടും ഒരു എ പ്ലസ്....

            ആലപ്പുഴയിൽ രണ്ട് ദിവസം കുടുംബ സമേതം കറങ്ങിയ ശേഷം വീട്ടിൽ തിരിച്ചെത്തി അടുത്ത ദിവസമായിരുന്നു മൂത്ത മകൾ ലുലുവിന്റെ പ്ലസ് ടു റിസൽറ്റ് വന്നത്. ഫുൾ എ പ്ലസ് നേടിക്കൊണ്ട് ലുലു എന്റെ വീട്ടിലേക്ക് എ പ്ലസ് സന്തോഷം ആദ്യമായി എത്തിച്ചു (പത്താം ക്ലാസ്സിൽ സി.ബി.എസ്.ഇ ആയിരുന്നതിനാൽ ഫുൾ എ1 ആയിരുന്നു).

              ഇപ്പോൾ, കൊടൈക്കനാലിൽ രണ്ട് ദിവസം കുടുംബ സമേതം കറങ്ങിയ ശേഷം വീട്ടിൽ തിരിച്ചെത്തി അടുത്ത ദിവസം രണ്ടാമത്തെ മകൾ ലുഅയുടെ എസ്.എസ്.എൽ.സി റിസൾട്ട് എത്തി.പ്രതീക്ഷ തെറ്റിക്കാതെ അവളും ഫുൾ എ പ്ലസ് നേടിക്കൊണ്ട് ആ കടമ്പ കടന്നു, അൽഹംദുലില്ലാഹ്.