Pages

Friday, September 28, 2018

താഴത്തങ്ങാടി ബീച്ച് (എന്റെ അരീക്കോട് - 1)

                2018 ആഗസ്തിലെ മഹാപ്രളയം കേരളത്തിലെ പലയിടങ്ങളിലും പല തരം മാറ്റങ്ങളും ഉണ്ടാക്കിയത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്. കുന്നിടിഞ്ഞ് നദികൾ രൂപപ്പെട്ടതും മണ്ണടിഞ്ഞ് ഡാം നികന്നതും കടലിൽ മണൽതിട്ട രൂപപ്പെട്ട് കടൽ പിളർന്നതും മലയാളികളെ, അത്ഭുതത്തോടൊപ്പം ആശങ്കയിലേക്കും നയിക്കുന്നു. എന്റെ നാടും ഇത്തവണത്തെ കോങ്ങം ബള്ളത്തിൽ  മൂന്ന് തവണ വിറങ്ങലിച്ച് നിന്നു. മൂന്നാം തവണ വന്നത് ഒരല്പനേരം കൂടി തുടർന്നിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കും എന്നത് അനിർവചനീയമായിരുന്നു.

               അന്ന് പിൻ‌വാങ്ങിയ മഴ വീണ്ടും അല്പമെങ്കിലും രൌദ്രത കാണിച്ചത് ഇന്നലെയാണ്. മഴക്ക് ശക്തി കുറവായിരുന്നെങ്കിലും ഒന്നൊന്നര ഇടികളായിരുന്നു ഇന്നലെ വെട്ടിയത് മുഴുവൻ. അതും പല നാശനഷ്ടങ്ങളും ഉണ്ടാക്കിയിരിക്കും എന്ന് തീർച്ച.

              പ്രളയത്തിന് ശേഷം എന്റെ നാട്ടിലും ഒരു മാറ്റം സംഭവിച്ചു. ചാലിയാറ് കര കവിഞ്ഞൊഴുകിയപ്പോൾ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടർ തുറന്നു. നിരവധി മാലിന്യങ്ങൾ കൊണ്ട് അറപ്പുളവാക്കുന്ന രീതിയിൽ വെള്ളത്തിന്റെ നിറവും ഗന്ധവും മാറിയിരുന്നത് മുഴുവൻ നീങ്ങിപ്പോയി (അടുത്ത ഓഖിക്ക് കടൽ തിരിച്ച് തരുമായിരിക്കും). ചെളി കാരണം ഇറങ്ങാൻ കഴിയാതിരുന്ന പുഴയിൽ നല്ല മണൽ വന്നടിഞ്ഞ് ചെളിയെ മൂടി. അരീക്കോട് പാലത്തിനടുത്ത് താഴത്തങ്ങാടി കടവിൽ നല്ലൊരു മണൽതിട്ട രൂപപ്പെട്ടു.

             താഴത്തങ്ങാടിയിലെ ഒരു യുവജന ക്ലബ്ബും ഡി.വൈ.എഫ്.ഐ പ്രവർത്തകരും കൂടി മണൽതിട്ടയിലെ മാലിന്യങ്ങൾ മുഴുവൻ നീക്കം ചെയ്തു. അതോടെ അതിന് ഒരു പുതിയ മുഖം കൈവന്നു. ഇപ്പോൾ എല്ലാ ദിവസവും വൈകുന്നേരം താഴത്തങ്ങാടിയിലേക്ക് ജനപ്രവാഹമാണ്. താഴത്തങ്ങാടി ബീച്ച് എന്നാണ് അത് അറിയപ്പെടുന്നത്.
              കുട്ടികൾക്ക് ഭയമില്ലാതെ പുഴയിൽ നീന്തിക്കുളിക്കാനും ഊഞ്ഞാൽ ആടാനും വിനോദങ്ങളിൽ ഏർപ്പെടാനും ഉള്ള അവസരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബീച്ചിൽ കാണുന്ന പോലെ കൊച്ചു കൊച്ചു പെട്ടിക്കടകളും ബലൂൺ വില്പനക്കാരും കടല വില്പനക്കാരും ഒക്കെ ഉപജീവനമാർഗ്ഗം തേടി സജീവമായതോടെ നാട്ടുകാർക്കും പരിസരവാസികൾക്കും സായാഹ്നം ചെലവിടാൻ ഒരിടമായി. നഷ്ടപ്പെട്ട പുഴ മാടിന്റെ വീണ്ടെടുപ്പ് ആണും പെണ്ണും കുട്ടികളും വൃദ്ധരും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ചയാണ് എല്ലാ ദിവസവും താഴത്തങ്ങാടിയിൽ കാണുന്നത്. ഇതിനിടെ തന്നെ ഒരു ‘ബീച്ച് ഫെസ്റ്റും’ അവിടെ അരങ്ങേറി. സോഷ്യൽ മീഡിയയിൽ താഴത്തങ്ങാടി ബീച്ച് എന്നത് ഡൌൺ‌ടൌൺ ബീച്ച് എന്നായി !
             ഇക്കഴിഞ്ഞ ഞായറാഴ്ച ഞാനും കുടുംബവും നാട്ടിലെ ബീച്ചിലെത്തി. എഴുപത് കഴിഞ്ഞ എന്റെ ഉമ്മ നിരവധി പരിചയക്കാരെ അവിടെ വച്ച് കണ്ടുമുട്ടി സൌഹൃദം പുതുക്കി.
                സായാഹ്നങ്ങളിൽ ഒത്ത് കൂടാൻ അല്ലെങ്കിൽ വീട്ടിന് പുറത്ത് അല്പ സമയം ചെലവഴിക്കാൻ പാർക്ക് പോലെയോ മറ്റോ ഒരു പൊതു ഇടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ ജനക്കൂട്ടം വിളിച്ചു പറയുന്നുണ്ട്. അത് ആൾക്കാർക്ക് എളുപ്പം എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്താണെങ്കിലേ വിജയിക്കൂ എന്നും ഈ ആൾക്കൂട്ടം സൂചിപ്പിക്കുന്നു. സമീപഭാവിയിൽ പഞ്ചായത്തോ എം.എൽ.എ യോ അതിന് മുൻ‌കൈ എടുത്താൽ വർഷങ്ങൾക്ക് മുമ്പ് ഞാൻ പങ്കുവച്ച ഒരു ആശയം സഫലമാകും - വയസ്സുകാലത്ത് പോയിരിന്ന് കാറ്റു കൊള്ളാൻ നാട്ടിൽ ഒരു പാർക്ക്.

(ആദ്യ കൌതുകം ഇല്ലാതായതോടെ ഈ “ബീച്ച്“ ജനശൂന്യമായി)

Wednesday, September 26, 2018

കുഞ്ഞു പേരിന്റെ നീണ്ട വാല്

                 2014 നവംബര്‍ മാസത്തിലായിരുന്നു ലോകചരിത്രത്തിലെ ആ അപൂര്‍വ്വ സംഭവം നടന്നത്. ഭര്‍ത്താവായ ഞാനും ഭാര്യയായ എന്റെ നല്ല പാതിയും 15 വര്‍ഷത്തിന് ശേഷം ഒരേ ക്ലാസ്സില്‍ ഇരുന്ന് ഒരേ വിഷയത്തില്‍ പി.ജി പഠനം ആരംഭിച്ചത് അന്നായിരുന്നു. വിദ്യാധനം സര്‍വ്വധനാല്‍ പ്രദാനം (132) എന്ന് ഞാന്‍ അതിന് പേരിട്ടു. ഞങ്ങളുടെ ക്ലാസ്മേറ്റുകള്‍ സ്നേഹപൂര്‍വ്വം ഞങ്ങളെ സൈക്കോളജി കപിള്‍സ് (211) എന്ന് വിളിച്ചു.

                ഒന്നാം വര്‍ഷ പരീക്ഷ വളരെ സുന്ദരമായി തന്നെ ഞങ്ങള്‍ രണ്ട് പേരും പാസ്സായി - അന്ന് സൈക്കോള്‍ജി കപിള്‍സ് പാസ്‌ഡ് എവെ (206) എന്ന് കമ്പോസ് ചെയ്ത മെസേജ് അയക്കുന്നതിന് മുമ്പ് ഞാന്‍ കണ്ടതിനാല്‍ സ്വന്തം പേരിലുള്ള ആദരാഞ്ജലികള്‍ കാണാതെ രക്ഷപ്പെട്ടു. 2016ല്‍ രണ്ടാം വര്‍ഷ പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് ഒരു മാസം മുമ്പ്, ഞങ്ങളുടെ നാലാം കുഞ്ഞും കത്രികാ പ്രസവം വഴി ഭൂമിയില്‍ കാല്‍ തൊട്ടതിനാല്‍ രണ്ട് വര്‍ഷം സൈക്കോളജിയെ അതിന്റെ പാട്ടിന് വിട്ടു. 2017 ഡിസംബര്‍ മാസത്തില്‍ രണ്ടാം വര്‍ഷത്തെ മുഴുവന്‍ പേപ്പറും എഴുതി.  11 മാര്‍ക്കിന് എനിക്ക് ഒരു പേപ്പറും മാസ്റ്റര്‍ ബിരുദവും നഷ്ടമായി .ഭാര്യക്ക് രണ്ട് പേപ്പറും പോയി.

                  ‘തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല’ എന്ന വിപ്ലവ ഗാനം എന്നും ഉച്ചക്ക് വിജയ ടാക്കീസില്‍ നിന്നും കേട്ടു കൊണ്ടായിരുന്നു കുട്ടിക്കാലത്ത് ഞാന്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നത്. അത് ഒരിക്കല്‍ കൂടി മനസ്സില്‍ കയറിയപ്പോള്‍ 2018 ജൂണില്‍ ഞങ്ങള്‍ വീണ്ടും പരീക്ഷ എഴുതി.

                  ഇന്ന് ആ പരീക്ഷാഫലവും വന്നു. എന്റെ നല്ല പാതി ആദ്യമായി ഒരു ബിരുദാനന്തര ബിരുദം നേടി !! ഞാന്‍ മൂന്നാമത്തെ ബിരുദാനന്തര ബിരുദവും !! ABID എന്ന കുഞ്ഞ് പേരിന് THARAVATTATH എന്ന വലിയ വാല് വച്ച, 10 വര്‍ഷം മുമ്പ് അന്തരിച്ച  എന്റെ പ്രിയ പിതാവിനെ തോല്പിച്ച് ഡിഗ്രികള്‍ കൊണ്ടുള്ള ഒരു നീണ്ട വാല് ഞാനും ഘടിപ്പിക്കുന്നു. അതിങ്ങനെ എഴുതാം -

ABID THARAVATTATH , MSc (Phy); MHRM; MSc (App. Psych); PGDCA; BEd; Diploma in RTM; Dip in Hindi (ഇത്രയും എന്റെ ഓര്‍മ്മയില്‍ ഉള്ളത്)

Sunday, September 23, 2018

ചില കൃഷി പരീക്ഷണങ്ങള്‍

      കൃഷിയില്‍ ഞാന്‍ ഒന്നുമല്ല. വലിയ വലിയ കര്‍ഷകരും കര്‍ഷക രത്നങ്ങളും അവാര്‍ഡ് ജേതാക്കളും എല്ലാം വിവിധ പഞ്ചായത്തുകളിലായി കേരളത്തിലുടനീളം സുലഭമാണ്. സ്വന്തമായി വീട്ടില്‍ എന്തെങ്കിലുമൊക്കെ നട്ടു വളര്‍ത്തി അതിന്റെ ഫലം അനുഭവിക്കുമ്പോള്‍ ആ രുചി വേറെത്തന്നെയാണ്. അതുകൊണ്ട് തന്നെ പരമാവധി വിഷരഹിതമായ പച്ചക്കറികള്‍ ലഭിക്കാനായി ആവുന്ന തരം കൃഷികള്‍, ഉള സ്ഥലത്ത് ഞാന്‍ ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം കാബേജ്, കോളീഫ്ലവര്‍, തക്കാളി, പയറ്‌, വെണ്ട, ചീര, കോവല്‍, പച്ചമുളക് തുടങ്ങീ പല തരത്തിലുള വിളവുകളും ലഭിക്കുകയും ചെയ്തിരുന്നു.
       വലിയ വിളവുകളും മറ്റും പ്രതീക്ഷിക്കാത്തതിനാലും ജൈവരീതി മാത്രം പിന്തുടരുന്നതിനാലും എന്റേതായ ചില പരീക്ഷണങ്ങള്‍ കൂടി ഞാന്‍ ചെയ്തു നോക്കാറുണ്ട്. പോട്ടിംഗ് മിശ്രിതം തയ്യാറാക്കുമ്പോള്‍ ഞാന്‍ ചെയ്യുന്ന രീതി മുമ്പ് ഇവിടെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ചെയ്ത പുതിയ ഒരു പരീക്ഷണമായിരുന്നു പച്ചക്കറിക്കടുത്ത് ഒരു ചുവട് വാടാര്‍മല്ലി കുഴിച്ചിടല്‍. 
       വാടാര്‍മല്ലി ചെടിയില്‍ പിങ്ക് നിറത്തില്‍ നിറയെ പൂക്കളുണ്ടാകും. ഇത് ചിത്രശലഭങ്ങളെയും വണ്ടുകളെയും കൂടുതലായി ആകര്‍ഷിക്കും. തൊട്ടടുത്ത് തന്നെ പച്ചക്കറി ചെടികളില്‍ ഉണ്ടാകുന്ന പൂക്കളില്‍ പരാഗണം ത്വരിതപ്പെടുത്താനും ഇത് സഹായിക്കും. കഴിഞ്ഞ വര്‍ഷം മൂന്ന് മാസത്തോളം ദിവസവും ഒരു നേരത്തേക്കുള ഉപ്പേരിക്ക് അടുക്കളമുറ്റത്ത് നിന്ന് എന്തെങ്കിലും പച്ചക്കറി കിട്ടിയിരുന്നു. ഈ വര്‍ഷം പേമാരി കാരണം നട്ടതെല്ലാം നശിച്ചു. അതിജീവിച്ചവയില്‍ നിന്ന് ഇന്നലെ മുതല്‍ വിളവെടുപ്പ് തുടങ്ങി.
        കഴിഞ്ഞവര്‍ഷം തന്നെ പരീക്ഷിച്ച മറ്റൊരു വിദ്യയായിരുന്നു ചെണ്ടുമല്ലി (മല്ലിക) വളര്‍ത്തല്‍.എവിടെയോ വായിച്ച അറിവില്‍ ചെയ്തതായിരുന്നു. പച്ചക്കറിയെ ആക്രമിക്കുന്ന കീടങ്ങളെയും പ്രാണികളെയും അകറ്റാന്‍ ചെണ്ടുമല്ലിയുടെ രൂക്ഷഗന്ധം സഹായിക്കും എന്നായിരുന്നു ഞാന്‍ വായിച്ചത്.അന്ന് അത് എത്രത്തോളം ഫലവത്തായി എന്ന് അറിയില്ല. പക്ഷേ ഈ വര്‍ഷം ഞാന്‍ അത് നേരില്‍ അനുഭവിച്ചു.
       മുറ്റത്തെ ഒട്ടു തൈമാവില്‍ ഉണ്ടാകുന്ന പിങ്ക് നിറത്തിലുള തളിരിലകള്‍ മുഴുവന്‍, ഞെട്ടിയുടെ അല്പം മുകളില്‍ വച്ച് ഏതോ ഒരു വിരുതന്‍ കൃത്യമായി വെട്ടിയിട്ടിരുന്നു. ഇത്തവണ ഞാന്‍ നട്ട നാലഞ്ച് ചെണ്ടുമല്ലി തൈകള്‍ യാദൃശ്ചികമായി ഈ മാവിന്‍ തൈക്ക് അടുത്തായി. ചെണ്ടുമല്ലി ആഴ്ചകള്‍ക്ക് മുമ്പ് പൂത്ത് വിടര്‍ന്നു. പിന്നാലെ ഉണ്ടായ മാവിന്റെ തളിരില ഞെട്ടറ്റ് വീഴുന്നതും പ്രതീക്ഷിച്ച് ഞാനിരുന്നു.പക്ഷെ ഇത്തവണ ഒരു തളിരില പോലും വീണില്ല ! എല്ലാം ഇപ്പോള്‍ ഹരിത വര്‍ണ്ണത്തിലായി! ചെണ്ടുമല്ലിയുടെ സാന്നിദ്ധ്യം അവയെ രക്ഷിച്ചു എന്നാണ് ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനം.
        അടുക്കളമുറ്റത്ത് ചെറിയ തോതില്‍ പച്ചക്കറി കൃഷി ചെയ്യുന്ന ആര്‍ക്കും ഈ രണ്ട് രീതികളും ഒന്ന് പരീക്ഷിക്കാവുന്നതാണ്.ഒരു വേലി രൂപത്തില്‍ ചുറ്റും മല്ലികച്ചെടിയും ഉള്‍ഭാഗത്ത് മൂന്നോ നാലോ വാടര്‍മല്ലി ചെടികളും വയ്ക്കുക. എല്ലാം കൂടി പൂത്ത് കഴിഞ്ഞാല്‍ തോട്ടത്തിന് നല്ല ഭംഗിയും ഉണ്ടാകും , ജൈവരീതിയുടെ ഫലവും അറിയാം.

Thursday, September 20, 2018

ഈന്തിൻ പുടി

                  ഈന്തിനെപ്പറ്റിയുള്ള എന്റെ ഓര്‍മ്മച്ചീന്തുകള്‍ ഇവിടെ പങ്കുവച്ചിരുന്നു. ഈന്തിനെപ്പറ്റി പറയുമ്പോള്‍ ‘ഈന്തും പുടി’ എന്ന് ഞങ്ങള്‍ പറയുന്നതും ‘ഈന്തിന്‍ പിടി’ എന്ന് മറ്റു ചിലര്‍ പറയുന്നതുമായ അപൂര്‍വ്വ വിഭവം കൂടി പരിചയപ്പെടണം.

                ഈന്ത് എല്ലാ വര്‍ഷവും കായ്ക്കും. കട്ടിയുള്ള തോടോട് കൂടിയ ഒരു കായ - അതിനുള്ളില്‍ നെല്ലിക്കയോളം വലിപ്പമുള്ള ഒരു കുരു. അത് ഉണക്കി പൊടിച്ചാല്‍ അരിപ്പൊടി പോലെയാകും (കായ നേരിട്ട് തിന്നാല്‍ മരിച്ച് പോകും എന്ന് കുട്ടിക്കാലത്ത് കേട്ടിരുന്നു. അങ്ങനെ മരിച്ച ആരുടെയും പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല ). ഇത് വര്‍ഷങ്ങളോളം കേട് കൂടാതെ സൂക്ഷിക്കാനും പറ്റും. പലര്‍ക്കും ഇത് തിന്നാന്‍ പറ്റും എന്ന കാര്യം അറിയുകയേ ഇല്ല. ചില ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഈന്ത് ഭക്ഷണമായി ഉപയോഗിക്കുന്നത് എന്ന് എവിടെയോ വായിച്ചിരുന്നു. വര്‍ഷങ്ങളായി എന്റെ വീട്ടില്‍ ഈന്ത് പൊടി വേവിച്ച് കഴിക്കുന്നുണ്ട്.
                 മൂത്ത് പാകമായ (ഒരു തരം മഞ്ഞക്കളര്‍ ആയത്) ഈന്തും കായ കുറുകെ വെട്ടി വെയിലത്ത് ഉണക്കണം. നാലഞ്ച് ദിവസം കൊണ്ട് ഉണക്കം പാകമാകും. അതാണ് മില്ലില്‍ കൊണ്ടുപോയി പൊടിക്കുന്നത്. അല്പം പൊടി എടുത്ത് ആവശ്യത്തിന് ഉപ്പും മഞ്ഞള്‍ പൊടിയും വെള്ളവും ചേര്‍ത്ത് പത്തിരിക്ക് കുഴക്കുന്ന പോലെ കുഴച്ച് മാവാക്കുന്നു. ഈ മാവില്‍ നിന്നും അല്പം എടുത്ത് ഒരു വിരല്‍ വണ്ണത്തിലും മൂന്നില്‍ രണ്ട് നീളത്തിലും ഒരു പിടി ആക്കി മെല്ലെ ഒന്നമര്‍ത്തും. അത് തിളച്ച വെള്ളത്തില്‍ ഇട്ട് വേവിക്കും.
വെന്ത് കഴിഞ്ഞാല്‍ എല്ലാം മുകളിലേക്ക് പൊങ്ങി വരും.അത് ഊറ്റി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക. ഇതിനെയാണ് ഈന്ത് പിടി എന്ന് പറയുന്നത്. ഇത് വേവിച്ച മാംസത്തിലോ കോഴി ഇറച്ചിയിലോ ചേര്‍ത്ത് ഒന്ന് കൂടി വേവിച്ച് ചൂടോടെ തിന്നണം . അകമ്പടിയായി ഒരു ലൈറ്റ് കട്ടനും ആയാല്‍ ഭേഷായി.

                 ഈന്ത് പിടി ഉണ്ടാക്കിയ ഒരു ദിവസം, തളിപ്പറമ്പില്‍ എന്റെ ഹോസ്റ്റല്‍ മേറ്റായിരുന്ന കൊല്ലത്ത് കാരന്‍ ഷാജഹാന്‍ വീട്ടില്‍ വന്നു. മാംസം കഴിക്കാത്ത അവന്‍ ഇത് കഴിച്ചു എന്ന് മാത്രമല്ല അതിനെപ്പറ്റി കൂടുതല്‍ ചോദിച്ചറിയുകയും ചെയ്തു. അടുത്ത തവണ വന്നപ്പോള്‍ ഉമ്മ അവന് വേണ്ടി സൂക്ഷിച്ച് വച്ച ഈന്തു പൊടിയും കൊണ്ടാണ് മടങ്ങിയത്.ഉമ്മയുടെയും എന്റെയും ഈന്ത് പൊടി കമ്പം മനസ്സിലാക്കിയ എന്റെ ഏഴാം ക്ലാസ്സിലെ  സുഹൃത്ത് ആയ അലി, അടുത്ത കാലത്ത് അഞ്ച് കിലോയോളം ഈന്ത് വീട്ടില്‍ എത്തിച്ചതും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. ഒരു കിലോ ഈന്ത് പൊടിക്ക് 200 രൂപയിലും മുകളിലാണ് വില !!

               ഈന്തിന്റെ കായ മാറ്റി അതിന്റെ തോട് വീണ്ടും മുറ്റത്തിട്ട് ഉണക്കുന്ന ഉമ്മയോട് ഞാന്‍ ചോദിച്ചു - ഇനി ഇതെന്തിനാ ആവശ്യമില്ലാതെ കൂട്ടിയിട്ടത്?

“നന്നായി കത്തിപ്പിടിക്കാന്‍ സഹായിക്കുന്നതാണത്..” ഉമ്മയുടെ മറുപടിയില്‍ നിന്നും ഈന്തിന്റെ ഒരു ഭാഗവും വെറുതെ കളയാന്‍ ഇല്ല എന്ന് കൂടി മനസ്സിലാക്കി.

Wednesday, September 19, 2018

ഈന്തും ചില ഓര്‍മ്മച്ചീന്തുകളും

                1989ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു.

               “Intum Podi" is made  from 

             അന്ന് നല്‍കിയ 4 ഉത്തരങ്ങളില്‍ Cycas ഉണ്ടായിരുന്നു എന്ന് മാത്രം എനിക്ക് ഓര്‍മ്മയുണ്ട്. ഞാന്‍ കറുപ്പിച്ചത് ഏത് എന്ന് ഇപ്പോള്‍ ഓര്‍മ്മയില്‍ ഇല്ല. എനിക്ക് മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിനാല്‍ എന്റെ ഉത്തരങ്ങള്‍ പലതും തെറ്റിയ കൂട്ടത്തില്‍ ഇതും തെറ്റിയിരിക്കും എന്ന് കരുതുന്നു.

              ഞാന്‍ ആ ചോദ്യം വായിച്ചത് ‘ഇന്റം പോടി’ എന്നായിരുന്നു. അതെന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. അതേ സമയം എന്റെ സഹപാഠിയായിരുന്ന ഫസലു‌റഹ്മാന്‍ അത് വായിച്ചത് ‘ഈന്തും പൊടി’ എന്നായിരുന്നു. അവന് ഉത്തരവും കൃത്യമായി കിട്ടി.അന്നത്തെ പ്രവേശന പരീക്ഷയില്‍ ജയിച്ച് MBBSഉം കഴിഞ്ഞ് ഫസലു‌റഹ്മാന്‍ ഇപ്പോള്‍ യു.കെ യില്‍ ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു. എന്നെ ഇന്ത്യന്‍ ലാന്റിലും അവനെ ഇംഗ്ലീഷ് ലാന്റിലും ആക്കിയ ആ ചോദ്യത്തിന്റെ ഉത്തരം എന്റെ വീടിന് മുന്നില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്ന കാഴ്ച കണ്ടപ്പോള്‍ എന്റെ ഇട നെഞ്ചില്‍ ചില ഓര്‍മ്മച്ചീന്തുകള്‍ മിന്നിമറഞ്ഞു.
            ഈന്ത് എന്ന മരം മുമ്പ് നാട്ടിലുടനീളം കണ്ടു വന്നിരുന്നു. എന്റെ ഓര്‍മ്മയില്‍ പുഴവക്കത്ത് ധാരാളമായി തഴച്ചു വളര്‍ന്നിരുന്ന ഒരു കൊച്ചുമരമാണ് ഈന്ത്. പ്രത്യേക രൂപത്തിലുള്ള തടിയും ഇലയും അതിനെ വ്യത്യസ്തമാക്കുന്നു. ഈന്തിന്റെ ഇലയെ ‘ഈന്തും പട്ട’ എന്നാണ് വിളിച്ചിരുന്നത്.

            ഞങ്ങളുടെ കുട്ടിക്കാല വിനോദങ്ങളില്‍ ഒന്നായിരുന്നു ‘കുറ്റിപ്പുര’ കെട്ടല്‍. വേനലവധിക്കാലത്ത് കളിക്കാനായി നിര്‍മ്മിക്കുന്ന പുരകളാണിത്. അതിന്റെ മേല്‍ക്കൂര മേയാനും റൂമുകള്‍ തിരിക്കാനും ഉപയോഗിച്ചിരുന്നത് ഈന്തും പട്ടകള്‍ ആയിരുന്നു.ദിവസങ്ങളോളം അത് നിലനില്‍ക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

            എന്റെ കുടുംബത്തിലെ എന്റെ ഓര്‍മ്മയിലെ ആദ്യത്തെ കല്യാണം വലിയ മൂത്തുമ്മയുടെ മൂത്ത രണ്ട് മക്കളുടേതാണ്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് എന്നാണ് എന്റെ ഓര്‍മ്മ. അന്ന് കല്യാണപ്പന്തലിന്റെ വശങ്ങള്‍ അലങ്കരിക്കാനും (ഇന്ന് സാരിയോ മറ്റോ ഉപയോഗിച്ച് മറക്കുന്നു) പുഴ വക്കത്ത് നിന്ന് ഈന്തും പട്ട വെട്ടി കൊണ്ടു വന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇന്നും ‘കുറിക്കല്യാണം’ എന്ന പേരില്‍ അറിയപ്പെടുന്ന ധന സമാഹരണ പരിപാടിക്ക് അത് നടത്തുന്ന കടക്ക് മുമ്പില്‍ ഈന്തും പട്ട കെട്ടിവയ്ക്കാറുണ്ട്.

             ജീവിച്ചിരിക്കുന്ന ഫോസിലുകള്‍ക്ക് ഉദാഹരണമാണ് ഈന്ത്. ദിനോസറുകള്‍ വസിച്ചിരുന്ന ജുറാസിക് കാലഘട്ടത്തിനും മുമ്പെ ഈന്ത് പശ്ചിമഘട്ടത്തില്‍ ഉണ്ടായിരുന്നു പോലും! ഇന്ന് ഈ മരം കാണാന്‍ പശ്ചിമഘട്ടത്തില്‍ ചെന്നാല്‍ നിരാശയായിരിക്കും ഫലം. അതുകൊണ്ട് തന്നെ എന്റെ മൂന്നാമത്തെ മോളെ വിളിച്ച് ആ മരത്തെ ഞാന്‍ നന്നായി പരിചയപ്പെടുത്തിക്കൊടുത്തു. കൂടാതെ കായ ഉണ്ടായ ശേഷം പുതിയ ഇലകള്‍ വരുന്നത് ഓരോ ദിവസവും നിരീക്ഷിക്കാനും പറഞ്ഞു. തവിട്ട് നിറത്തില്‍ പള്ളിമിനാരം പോലെ ഉയര്‍ന്ന് വന്ന്, പച്ച ഇലകളായി വിരിഞ്ഞ് വന്നത് അവളില്‍ ഒരു ജിജ്ഞാസ ഉണ്ടാക്കി.

             മലയാളികളില്‍ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഈന്ത് എന്നാല്‍ ഈന്തപ്പന ആണെന്നാണ്. രണ്ടാഴ്ച മുമ്പ് വീട്ടില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ ആ മരം എന്താണെന്ന് ചോദിച്ചു. ഈന്ത് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മനസ്സിലാക്കിയത് ഈത്തപ്പഴം ഉണ്ടാകുന്ന ഈന്തപ്പനയാണ്. ഈന്തും ഈന്തപ്പനയും രൂപത്തിലും കായയിലും ഇലയിലും എല്ലാം അജഗജാന്തരമുണ്ട്.

           ഈന്തിന്റെ കായ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മലബാരി വിഭവമാണ് ഈന്തു പിടി. അതിനെപ്പറ്റി അടുത്ത പോസ്റ്റില്‍ പറയാം.

Monday, September 17, 2018

സൌഹൃദം പൂക്കുന്ന വഴികള്‍ - 5

                  പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമങ്ങള്‍ ഇന്ന് ഒരു അപ്രധാന സംഭവമാണ്. അവ വര്‍ഷങ്ങള്‍ കഴിഞ്ഞേ ആവര്‍ത്തിക്കുകയുള്ളൂ. അല്ലെങ്കില്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ സംഭവിക്കൂ. മിക്ക പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമങ്ങളും ആദ്യത്തെ മീറ്റിന് ശേഷം ഗ്രൂപ് ചാറ്റിംഗില്‍ ഒതുങ്ങിയിരിക്കും.കാരണം നടത്തിപ്പിന് ഒട്ടേറെ കഷ്ടപ്പെടാനുണ്ട് , കാശേറെ ചെലവാക്കാനും ഉണ്ട്.

                    ഇത്തരം പൊല്ലാപ്പുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമാണ് അവൈലബിള്‍ പി ബി എന്നത്. എന്നു വച്ചാല്‍ എല്ലാവരെയും കിട്ടുന്നത് വരെ കാത്തിരിക്കുന്നതിന് പകരം കിട്ടിയ ആള്‍ക്കാരുടെ ഒരു സംഗമം നടത്തുക. അങ്ങനെയാകുമ്പോള്‍ അത് എല്ലാ വര്‍ഷവും നടത്താന്‍ സാധിക്കും. എന്ന് മാത്രമല്ല ചെറിയ ഒരു ഇടം മതി ഒത്തുചേരാന്‍. ചെറിയ സംഘമായതു കൊണ്ട് സ്പോണ്‍സറിംഗിനും എളുപ്പമാണ്. ഇതിനൊക്കെ പുറമെ എല്ലാവര്‍ക്കും എല്ലാവരോടും സംസാരിക്കാനും ഗതകാല സ്മരണകള്‍ അയവിറക്കാനും സാധിക്കും.

                     അത്തരം ഒരു കൂട്ടുചേരല്‍ ആയിരുന്നു മാസങ്ങള്‍ക്ക് മുമ്പ് മാനഞ്ചിറ സ്ക്വയറില്‍ വച്ച് നടന്നത്. ഫാറൂഖ് കോളേജിലെ 89-92 ബാച്ച് ബി.എസ്.സി ഫിസിക്സ് ക്ലാസിലെ അവൈലബിള്‍ പി ബി. സാധാരണ കൂടുന്നവരെ മാത്രമെ പ്രതീക്ഷിച്ചതെങ്കിലും ഞങ്ങളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന സിന്ധു മേനോന്‍ ഏക വനിതാ പ്രതിനിധിയായി പങ്കെടുത്തു. 1992ന് ശേഷം ആദ്യത്തെ കണ്ടുമുട്ടല്‍ !! രണ്ടാമത്തെ ആശ്ചര്യമായി ലക്ഷദ്വീപിലെ കടമത്ത് നിന്നുള്ള ജമാലും ആ സംഗമത്തില്‍ എത്തി. രാത്രി വൈകുവോളം മാനാഞ്ചിറയിലും മിഠായിത്തെരുവിലും ഞങ്ങള്‍ പഴയകാലത്തേക്ക് ഊളിയിട്ടു.
                   
                    പ്രീഡിഗ്രിക്ക് ഹോസ്റ്റലില്‍ താമസിച്ചവരുടെ അവൈലബിള്‍ പി ബിയും വര്‍ഷങ്ങളായി മുടങ്ങാതെ നടക്കുന്നു. അതും പത്തില്‍ താഴെ പേര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. മീറ്റ് കോര്‍ഡിനേറ്റര്‍ സുനില്‍ ഗള്‍ഫില്‍ നിന്ന് വരുന്നതിനനുസരിച്ചാണ് പി ബി ഒത്തുചേരല്‍.അവന്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വന്നാല്‍ സംഗമവും രണ്ട് പ്രാവശ്യം നടക്കും. ഈ കൂടിച്ചേരല്‍ പലപ്പോഴും ഊട്ടിയില്‍ ആണ് നടക്കാറ്‌. ഇത്തവണ അത് നിളാ തീരത്തായി. അതിന് ശേഷം പ്രളയം അവിടം തുടച്ച് വൃത്തിയാക്കി !

                   രണ്ട് വര്‍ഷമായി നടക്കുന്ന മറ്റൊരു സംഗമമാണ് നാട്ടിലെ എസ്.എസ്.സി ബാച്ചിന്റെ ഒത്തുചേരല്‍. ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സില്‍ പഠിച്ച എല്ലാവരും അതില്‍ ഉള്‍പ്പെടും - എസ്.എസ്.സി പഠിച്ച സ്കൂള്‍ കണക്കിലെടുക്കില്ല!ഇത്തവണ എല്ലാ പ്രവാസികളും ഒരേ സമയത്ത് എത്തിയതിനാല്‍ അതും ഗ്രാന്റായി.ലോവര്‍ പ്രൈമറി കാലഘട്ടത്തിലൂടെ കയറി അപ്പര്‍ പ്രൈമറിയും ഹൈസ്കൂളും കടന്ന് ചര്‍ച്ച നഷ്ടപ്പെടലുകളുടെ ലിസ്റ്റിലേക്ക് പാഞ്ഞുകയറുമ്പോള്‍ ക്ലോക്കില്‍ സമയം അര്‍ദ്ധരാത്രി രണ്ടര മണിയായിരുന്നു. അതെ , സൌഹൃദം പൂക്കാന്‍ തുടങ്ങിയാല്‍ ആ സുഗന്ധത്തില്‍ കാലവും സമയവും അലിഞ്ഞ് ഇല്ലാതാവും.

ബഹുസ്വര സാമൂഹ്യ ജീവിതത്തിന്റെ പ്രാധാന്യം

                എന്റെ സ്കൂള്‍ കാലഘട്ടത്തില്‍ (1977 മുതല്‍ 1987 വരെ),  സ്കൂള്‍ വിദ്യാഭ്യാസം സാധാരണ രീതിയില്‍ പൂര്‍ത്തിയാക്കുന്ന ഒരു അരീക്കോട്ടുകാരന്‍ രണ്ട് സ്കൂളുകളേ കാണാറുള്ളൂ. അരീക്കോട്ടുകാര്‍ ഇന്നും പുളിക്കല്‍ സ്കൂള്‍ എന്ന് വിളിക്കുന്ന (എന്തുകൊണ്ട് ആ പേര് എന്നത് അടുത്ത ഒരു  ബ്ലോഗ് പോസ്റ്റിനുള്ള വിഷയമാണ്) ജി.എം.യു.പി സ്കൂള്‍ ആണ് ഒന്ന്.അവിടെ ഒന്ന് മുതല്‍ നാല് വരെയും അല്ലെങ്കില്‍ ഏഴ് വരെയും പഠിക്കും. അത് കഴിഞ്ഞ് നേരെ സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിലേക്കോ പെരുമ്പറമ്പ് ഗവ. ഹൈസ്കൂളിലേക്കോ മാറും.സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിന്റെ പ്രത്യേകത അവിടെ മലയാളം എന്ന വിഷയമേ ഇല്ല എന്നതായിരുന്നു.

               അഞ്ചാം ക്ലാസ് മുതല്‍ രണ്ടാം ഭാഷ എന്ന പേരില്‍ ഒരു ചേരിതിരിവ് വരും. ക്ലാസ്സിലെ ഹിന്ദു വിഭാഗക്കാര്‍ മുഴുവന്‍ മലയാളം തെരഞ്ഞെടുക്കും. മുസ്ലിം വിഭാഗത്തിലെ 90% പേരും അറബിയും എടുക്കും. അല്പം ചിലര്‍ മലയാളം താല്പര്യപ്പെടും. സാധാരണ സ്കൂളില്‍ രണ്ടാം ഭാഷ അറബി എടുക്കുന്നവനും മലയാളം പഠിക്കാന്‍ ഒരവസരം കിട്ടും - മലയാളം ബി എന്ന ഒരു പ്രത്യേക തരം മലയാള പഠനത്തിലൂടെ. എന്നാല്‍ ഓറിയെന്റല്‍ ഹൈസ്കൂളില്‍ അതിന് പകരം അറബി ബി ആണ് എന്നത് ഞാന്‍ വൈകിയാണ് മനസ്സിലാക്കിയത്. മലയാളത്തെ ഇത്തരത്തില്‍ പിണ്ഠം വച്ച് പടിക്ക് പുറത്താക്കിയതിനാല്‍ സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗത്ത് കഴിവ് തെളിയിക്കാന്‍ അരീക്കോട്ടുകാര്‍ പലരും ഇന്നും ബുദ്ധിമുട്ടുന്നുണ്ട് എന്നതാണ് സത്യം. അറബി സാഹിത്യ രംഗത്ത് ചിലര്‍ക്കെങ്കിലും മികവുറ്റ പ്രകടനം കാണിക്കാന്‍ സാധിക്കുന്നുണ്ട് എന്നത് എടുത്ത് പറയേണ്ടതുമാണ്.

              ഞാന്‍ പണ്ടെ ഒരു വ്യത്യസ്തനായതിനാല്‍ മൂന്ന് സ്കൂളുകളില്‍ പഠിക്കാനുള്ള അവസരം എനിക്ക് കിട്ടി. ഒന്ന് മുതല്‍ ആറ് വരെ ജി.എം.യു.പി സ്കൂളിലും ഏഴാം ക്ലാസില്‍ സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിലും പഠിച്ചു. മലയാളത്തിനോട് പണ്ടേ അനുകൂല സമീപനം പുലര്‍ത്തുന്ന എന്റെ പ്രിയ പിതാവ് ഓറിയെന്റെല്‍ സ്കൂളില്‍ പഠിച്ചാലുള്ള എന്റെ മലയാളത്തിന്റെ ഗതി മനസ്സിലാക്കി എട്ടാം ക്ലാസില്‍ വച്ച് എന്നെ പുഴക്ക് അക്കരെയുള്ള മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലേക്ക് മാറ്റി. അന്ന് രണ്ടാം ഭാഷ അറബിക്കൊപ്പം മലയാളം ബിയും പഠിച്ചു. മലയാളം പഠിക്കുന്ന കുട്ടികളെക്കാളും നന്നായി സാഹിത്യ രംഗത്ത് തിളങ്ങിയതിനാല്‍ മലയാളം അദ്ധ്യാപകനായ രവീന്ദ്രന്‍ മാഷ് എന്നെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.ഇന്ന് ബ്ലോഗെഴുത്തിനും മറ്റ് സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും എന്നെ ഏറെ സഹായിക്കുന്നത് ആ സ്കൂള്‍ മാറ്റം തന്നെയാണ്. എന്റെ പ്രിയ പിതാവ് എന്നില്‍ നടത്തിയ ആദ്യത്തെ പ്രധാന വിദ്യാഭ്യാസ പരീക്ഷണം എന്ന് ഞാന്‍ അതിനെ വിശേഷിപ്പിക്കുന്നു. പത്താം ക്ലാസ് വരെ പ്രസ്തുത സ്കൂളില്‍ തുടര്‍ന്നു.

              ഹിന്ദുക്കള്‍ക്ക് പുറമേ ക്രിസ്ത്യന്‍ വിഭാഗക്കാരും കൂടി പഠിച്ചിരുന്ന സ്കൂളായിരുന്നു  സുബുലുസ്സലാം ഹൈസ്കൂള്‍. കോട്ടയത്ത് നിന്നും മറ്റും മലയോര മേഖലയായ വെറ്റിലപ്പാറയിലും തോട്ടുമുക്കത്തും കുടിയേറിപ്പാര്‍ത്തവരുടെ പിന്‍‌തലമുറക്കാര്‍ ആയിരുന്നു അവരില്‍ പലരും. മുസ്ലിം വിഭാഗക്കാര്‍ക്ക് പുറമെ ഹിന്ദു-ക്രിസ്ത്യന്‍ സമുദായക്കാരുമായി ഇടപഴകിയുള്ള ജീവിതം എന്റെ ഭാഷാപ്രയോഗത്തിലും ഉച്ചാരണത്തിലും കാതലായ മാറ്റം വരുത്തി.എന്റെ വീട്ടിലും ചുറ്റുവട്ടത്തെ വീട്ടിലും സംസാരിക്കുന്ന രീതിയില്‍ ആയിരുന്നില്ല എന്റെ സംസാരം. “ശുദ്ധമലയാളം” എന്ന് പറഞ്ഞ് അന്ന്  പലരും കളിയാക്കാറുണ്ടായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ അതിന്റെ ഫലം കൃത്യമായി അനുഭവിക്കുന്നു - ദൈവത്തിന് സ്തുതി.

              മറ്റ് മതസ്തരെ ബഹുമാനിക്കാനും അവരുമായി അടുത്തിടപഴകാനും എന്നെ പ്രാപ്തനാക്കിയത് ആ ബഹുസ്വര സമൂഹത്തിലെ മൂന്ന് വര്‍ഷത്തെ പഠനം തന്നെയായിരുന്നു. എന്റെ സമപ്രായത്തിലുള്ള പലരും കോളേജ് ജീവിതത്തിലാണ് മറ്റ് മതസ്തരുമായി അല്പമെങ്കിലും കൂടിച്ചേരാന്‍ ആരംഭിച്ചത്. അതു തന്നെ വളരെ വിരളമായി മാത്രമേ സംഭവിച്ചിരുന്നുള്ളൂ. കുട്ടികളുടെ സ്വഭാവ സംസ്കരണത്തിനും പെരുമാറ്റ മര്യാദകള്‍ പഠിക്കുന്നതിനും വ്യക്തിത്വ വികാസത്തിനും മിക്സഡ് സ്കൂളുകളിലും കോളേജുകളിലും പഠിക്കാന്‍ അവസരം നല്‍കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഹോസ്റ്റല്‍ ജീവിതം കൂടി ആകുന്നതോടെ പല കാര്യങ്ങളോടും അഡ്‌ജസ്റ്റ് ചെയ്ത് ജീവിക്കാനുള്ള പരിശീലനം കൂടി ലഭിക്കും.

             ഏറെക്കാലമായി ഞാനും എന്റെ മൂത്ത മോള്‍ ലുലുവും ആഗ്രഹിക്കുന്ന അവളുടെ ഹോസ്റ്റല്‍ പ്രവേശനം ഇപ്പോള്‍ സാധ്യമായി. ഫാറൂഖ് കോളേജില്‍ രണ്ടാം വര്‍ഷ മാത്‌സ് ബിരുദ ക്ലാസ്സില്‍ പഠിക്കുന്ന ലുലു ഈ മാസം മൂന്നാം തീയതി മുതല്‍ അതേ കോളേജിന്റെ സര്‍ സയ്യിദ് ഹോസ്റ്റലില്‍ അന്തേവാസിയായി ചേര്‍ന്നു ( ഞാന്‍ ഫാറൂഖ് കോളേജില്‍ പഠിക്കുന്ന കാലത്ത് അത്  ബോയ്സ് ഹോസ്റ്റലായിരുന്നു) . എന്റെ ജീവിതവും ചിന്താരീതികളും രൂപപ്പെടുത്തിയ സ്കൂള്‍-കലാലയ ജീവിതം മക്കള്‍ക്കും സാധ്യമാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

Sunday, September 16, 2018

സൌഹൃദം പൂക്കുന്ന വഴികള്‍ - 4

സൌഹൃദം പൂക്കുന്ന വഴികള്‍ - 3
           2018 മെയ് മാസത്തില്‍ നടന്ന അരിമ്പ്ര ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമത്തില്‍ വച്ച് ആ കുട്ടികളോട് ഞാന്‍ എന്റെ ഒരു സ്വകാര്യ ദു:ഖം പങ്കുവച്ചിരുന്നു. 1987ല്‍ എസ്.എസ്.സി എന്ന ചരിത്രത്തിലിടം നേടിയ പരീക്ഷ പാസായ എന്റെ ബാച്ചിന്റെ ഒരു സംഗമം ഇതുവരെ നടത്താന്‍ പറ്റാത്തതിലുള്ള സങ്കടമായിരുന്നു അത്. ഞാന്‍ എന്റെ നാട്ടിലെ സ്കൂളിലല്ല പഠിച്ചത് എന്നതിനാലാണ് അത് നടക്കാത്തത് എന്ന് കരുതിയിരിക്കുമ്പോഴാണ് നാട്ടിലെ സ്കൂളിലും ആ ബാച്ചിന്റെ മാത്രം സംഗമം ഇതുവരെ നടന്നിട്ടില്ല എന്ന് മനസ്സിലാക്കിയത്. എസ്.എസ്.എല്‍.സിയുടെ “എല്ലൂരി” എസ്.എസ്.സി ആക്കിയപ്പോള്‍ നട്ടെല്ല് കൂടി ഊരിപ്പോയോ എന്ന സംശയം അതോടെ ഉടലെടുത്തു.

             ആഴ്ചകള്‍ക്ക് മുമ്പ് അരീക്കോട്ടെ എസ്.എസ്.സിക്കാര്‍ സ്കൂള്‍ ഭേദമന്യേ ഒത്തുകൂടിയപ്പോള്‍ നാട്ടിലെ സ്കൂളിലെ സംഗമത്തിന് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ധാരണയായി. മൂര്‍ക്കനാട് സ്കൂളില്‍ പഠിച്ച ഞാനും അജ്മലും ഗവ. ഹൈസ്കൂളില്‍ പഠിച്ച ഹാഫിസും സുല്ലമുസ്സലാം ഹൈസ്കൂളിന്റെ സംഗമത്തില്‍ പങ്കെടുത്താല്‍ അത് ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലാകില്ല എന്നും അഭിപ്രായം ഉയര്‍ന്നു. എങ്കിലും എന്റെ സ്വന്തം ബാച്ചിന്റെ സംഗമം ഞാന്‍ മനസ്സില്‍ താലോലിച്ചു.

            രണ്ട് ദിവസം മുമ്പ് പെട്ടെന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ ഞാന്‍ ചേര്‍ക്കപ്പെട്ടു. നിമിഷങ്ങള്‍ക്കകം അതില്‍ അംഗങ്ങള്‍ പെരുകാന്‍ തുടങ്ങി. പഴയ സുഹൃത്തുക്കള്‍ കൊച്ചു കൊച്ചു ഗ്രൂപ്പുകളായി പലരുടെയും വീട്ടില്‍ പരസ്പരം കണ്ടുമുട്ടി. ഗ്രൂപ്പ് ക്രമേണ ക്രമേണ സജീവമായി. ഞാന്‍ എസ്.എസ്.സി ക്ക് പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലെ എസ്.എസ്.സി ബാച്ചിന്റെതായിരുന്നു ആ ഗ്രൂപ്പ്.

            ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അന്നത്തെ നാല് സഹപാഠികള്‍ എന്റെ വീട്ടിലും എത്തി. ഹൈസ്കൂള്‍ കാലഘട്ടത്തിലെ പല സംഭവങ്ങളും അയവിറക്കി ഒന്നൊന്നര മണിക്കൂര്‍ നേരം എന്റെ വീട്ടില്‍ അവര്‍ ചെലവഴിച്ചു.
             വീട്ടിലെ സല്‍ക്കാരം കഴിഞ്ഞ്, ഞങ്ങളുടെയെല്ലാം ജീവശാസ്ത്രം അധ്യാപകനും എന്റെ ജ്യേഷ്ടസഹോദരനുമായ കരീം മാസ്റ്ററെ സന്ദര്‍ശിച്ചു. അക്കാലത്ത് സ്കൂളില്‍ ഹെഡ്മാസ്റ്ററെക്കാളും കുട്ടികള്‍ക്ക് പേടിയുണ്ടായിരുന്നത് എന്റെ ഈ ഇക്കാക്കയെയായിരുന്നു.”കരീം മാഷ്” എന്ന ഒരു ശബ്ദം കേട്ടാല്‍ വരാന്ത ശൂന്യമാകുമായിരുന്നു! അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും കേട്ട് പഴയകാലത്തെ ചൂരല്‍ക്കഥകളുടെ ഓര്‍മ്മകളും പുതുക്കി ഞങ്ങള്‍ കൂട്ടം പിരിയുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ സുനാമിത്തിരകള്‍ അടിച്ചു തുടങ്ങിയിരുന്നു - എന്റെ ബാച്ചിന്റെയും സംഗമം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതിലുള്ള സന്തോഷം , അല്‍ഹംദുലില്ലാഹ്.