Pages

Monday, September 16, 2013

ദേ മാവേലി കേരളത്തില്‍…


പതിവ്തെറ്റിക്കാതെ മാവേലി പ്രജകളെ സന്ദര്‍ശിക്കാന്‍ തിരുവോണത്തിന് പാതാളത്തില്‍ നിന്നും പുറപ്പെട്ടു.ആകാശം മേഘാവൃതമായതിനാല്‍ കാഴ്ച തടസ്സം നേരിട്ട മാവേലി ചോദിച്ചു.

“ഇതെന്താ ഈ മഴക്കാലത്തും ഇവിടെ പവര്‍‌കട്ടുണ്ടോ?”

“ഏയ്….പവര്‍കട്ടല്ല തിരുമേനീ…..ആകാശം മൂടിയതാ..“ ആരോ പറഞ്ഞു.

“എങ്കില്‍ ലൈറ്റിടൂ…നോം നമ്മുടെ പ്രജകളുടെ ഐശ്വര്യം കണ്‍കുളിര്‍ക്കെ കാണട്ടെ….“

“തിരുമേനീ…..ഇപ്പോള്‍ ലോഡ്ഷെഡീംഗാ…..”

“ഈ തിരുവോണ നാളിലും ലോഡ്ഷെഡീംഗോ? അതിനല്ലേ സോളാര്‍ എത്രയും പെട്ടെന്ന്….. .”

“മിണ്ടിപ്പോവരുത് തിരുമേനീ…..രാപകല്‍ സമരവും സെക്രട്ടറിയേറ്റ് സമരവും കരിങ്കൊടി പ്രയോഗവും ഒക്കെ നടത്തിയിട്ടും  ഒരു രക്ഷയുമില്ലാത്ത സോളാറിനെപറ്റി മിണ്ടിപ്പോയാല്‍ തിരുമേനി ജീവനോടെ പാതാളത്തില്‍ എത്തുകയില്ല……”

“ഓ ശരി….ശരി…..എന്താ അവിടെ ഒരു കൂട്ടം സ്ത്രീകള്‍ മുഷ്ടി ചുരുട്ടുന്നത്….?”

“അവര്‍ സമരം വിളിക്കുകയാണ് തിരുമേനീ….”

“ഈ തിരുവോണ നാളിലും സമരമോ ?”

“അതേ….അവര്‍ക്ക് സ്വാതന്ത്ര്യം ഇല്ല പോലും……”

“എന്തിന്?”

“ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍….”

“അതിന് വസ്ത്രം ധരിക്കാതെ നടുറോഡില്‍ സമരം വിളിക്കുകയോ…?”

“അവര്‍ വസ്ത്രം ധരിച്ചിട്ടുണ്ട് തിരുമേനീ….”

“അരക്ക് താഴെ പെയിന്റ് അടിച്ചതിനെ വസ്ത്രം എന്ന് പറയോ?”

“തിരുമേനീ….അതാണ് ന്യൂ ജനറേഷന്‍ വസ്ത്രം ലഗ്ഗിന്‍സ്…..അതായത് മൂക്കില്‍ വിരലിട്ടപോലെ ആര്‍ക്കും കൊള്ളുന്ന വസ്ത്രം….”

“ഓ ശരി ശരി…..വല്ലാത്തൊരു ജനറേഷന്‍ തന്നെ….അതെന്താ ഒരു പയ്യന്‍ അവിടെ ഇരുന്ന് കരയുന്നത്?”

“അത് ദു:ഖം വന്നിട്ട്….”

““ഈ തിരുവോണ നാളിലും ദു:ഖമോ ?”

“തിരുമേനീ….അത് നമ്മുടെ ശ്രീയാ…”

“ഏത് സ്ത്രീ?”

“സ്ത്രീയല്ല…..ശ്രീ….കേരളത്തിന്റെ ഭാരതപുത്രന്‍….ക്രിക്കറ്റ്…..”

“ഓ…..അവനെന്താ വീണ്ടും അടി കിട്ടിയോ?”

“അടി കിട്ടിയില്ല….പക്ഷേ വെള്ളക്കൊടി പൊക്കിയത് കാരണം ജയിലിലായി…”

“ങേ സമാധാനത്തിന്റെ സന്ദേശമായ വെള്ളക്കൊടി പൊക്കിയതിന്‍ ജയിലില്‍ അടക്കുകയോ..?”

“അതേ സമാധാനത്തിന്റെ കൊടി പൊക്കി അസമാധാനം ഏറ്റുവാങ്ങി….”

“എങ്കില്‍ വരൂ മകനേ…നമുക്ക് രണ്ട് പേര്‍ക്കും കൂടി ഇപ്പോള്‍ തന്നെ പാതാളത്തിലേക്ക് മടങ്ങാം…..ഈ നാടിന്റെ സ്ഥിതി കണ്ടിട്ട് നോമിന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പോകാന്‍ തോന്നുന്നില്ല…..ഈ വര്‍ഷത്തെ പര്യടനം നോം ഇവിടെ വച്ച് അവസാനിപ്പിക്കുന്നു….എല്ലാവര്‍ക്കും ഓണാശംസകള്‍….”

2011-ലെ ഓണം പോസ്റ്റ്
2012-ലെ ഓണം പോസ്റ്റുകള്‍ ഒന്നിവിടെയും മറ്റൊന്ന് ഇവിടെയും

Friday, September 06, 2013

വീണ്ടും സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് !!!

ഒരു സന്തോഷ വാര്‍ത്ത ഉടന്‍ വരും വരും എന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.ഇക്കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ.പി.കെ അബ്ദുറബ്ബ് അത് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ഞാനായിട്ട് അത് മൂടി വച്ചിട്ട് കാര്യമില്ല.

പ്രിയപ്പെട്ടവരേ....സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റായി വീണ്ടും ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിനെ തെരഞ്ഞെടുത്തിരിക്കുന്നു. ഒപ്പം ഈ പാവം ഞാനും  മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയും കരസ്ഥമാക്കിയിരിക്കുന്നു. ദൈവത്തിന് സ്തുതി , ഒപ്പം എന്റ്റെ ഊര്‍ജ്ജസ്വലരായ വളണ്ടിയര്‍മാരോടും പിന്തുണ തന്ന എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടുകളും അറിയിക്കുന്നു.


സംസ്ഥാന ലൈസണ്‍ ഓഫീസറുടെ പത്രക്കുറിപ്പ് ഇന്നലെ എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.ഇന്ന് പല പത്രങ്ങളിലും എന്റെ ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ടും ഉണ്ട്.തുടര്‍ന്നും ബൂലോകരുടെ മുഴുവന്‍ സഹകരണവും പ്രതീക്ഷിക്കുന്നു.