Pages

Sunday, October 29, 2023

ജൽ മഹൽ (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 9)

"അരെ,ക്യാ ഹുവാ ജബ്ബാർ ഭായ്...?"  കാർ സൈഡാക്കാൻ തുടങ്ങിയപ്പോൾ ഞാൻ ജബ്ബാറിനോട് ചോദിച്ചു.

"സാബ്... രാത് ഹോനെ കോ കുച്ച് ഭീ സമയ് ഹേ... യഹാം ആപ് കോ കുച്ച് ഷോപ്പിംഗ് കരേഗ... സബ് സസ്ത മിലേഗ ... ക്വാളിറ്റി ഭീ സസ്ത ...." ചിരിച്ചു കൊണ്ട് ജബ്ബാർ പറഞ്ഞു.

"ലേകിൻ ഹം ഖ്യോം രാത് കോ കാത്ത് നിക്കണം?" ഷോപ്പിംഗ് എനിക്ക് അത്ര ഇഷ്ടപ്പെട്ട സംഗതി അല്ലാത്തതിനാൽ ഞാൻ ചോദിച്ചു.

"നഹീം സാബ്...അബ് ഹം ജൽ മഹൽ കെ പാസ് ഹേ... ജയ്‌പൂർ മേം ശാം ക ഭീഡ് യഹാം ഹേ..." ഇപ്പോൾ എത്തിയത് ജൽ മഹൽഎന്ന അത്ഭുതത്തിന്റെ അടുത്താണെന്നും ജയ്‌പ്പൂരിന്റെ വൈകുന്നേരങ്ങളിൽ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നാണിതെന്നും ജബ്ബാർ പറഞ്ഞപ്പോൾ എൻ്റെ മുൻ തീരുമാനത്തിലെ ഒരു കല്ലിളകി വീണു.

"ഔർ..." 

"ഔർ...?" എനിക്ക് ബാക്കി കൂടി കേൾക്കാൻ താല്പര്യമായി.

"ആപ് കോ കുച്ച് രാജസ്ഥാനി സ്‌പെഷൽ സ്ട്രീറ്റ് ഖാന യഹാം മിലേഗാ..." തട്ടുകട ഞങ്ങളുടെ എല്ലാവരുടെയും ഒരു വീക്നെസ്സ് ആയതിനാൽ ആ നിർദ്ദേശവും എനിക്കിഷ്ടമായി.ജെൽ മഹലിലേക്ക് കണ്ണും നട്ട് ആലു ടിക്കി അല്ലെങ്കിൽ ആലു പരത്ത അകത്താക്കുമ്പോഴുള്ള നിർവൃതി അനുഭവിക്കാൻ ഞങ്ങൾ റെഡിയായി. 

"ഔർ..." ജബ്ബാർ വീണ്ടും ഒരു 'ഔർ...' എടുത്തിട്ടു.

"ഔർ...??" ഞാൻ ആശ്ചര്യത്തോടെ ജബ്ബാറിനെ ഒന്ന് നോക്കി.

"പിങ്ക് സിറ്റി ജയ്‌പൂർ രാത് മേം ബഹുത് ഖുബ്‌സൂരത് ദേഖ്ത്ത ഹേ..." രാത്രിയിൽ കൂടുതൽ സുന്ദരിയാകുന്ന പിങ്ക് സിറ്റി കാണാനും ഞങ്ങൾക്കിഷ്ടമായതിനാൽ വണ്ടി പാർക്ക് ചെയ്യാൻ ഞാൻ അനുവാദം നൽകി.

പൊതുവെ ജലദൗർലഭ്യമുള്ള സ്ഥലമാണെങ്കിലും നിരവധി തടാകങ്ങൾ ഉള്ള സ്ഥലം കൂടിയാണ് രാജസ്ഥാൻ.  തലസ്ഥാനമായ ജയ്‌പൂരിലെ പ്രധാനപ്പെട്ട ഒരു ജലാശയമാണ് മാൻസാഗർ തടാകം. ഈ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് ജൽ മഹൽ. ജയ്‌പൂരിലെ മറ്റു നിർമ്മിതികളെപ്പോലെ രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയുടെ ഉത്തമോദാഹരണമാണ് ഈ കൊട്ടാരവും. ആംബറിലെ രാജാവായിരുന്ന സവായ് മാധോ സിംഗ് പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് പോലും ജൽ മഹൽ.


ജയ്‌പൂർ നഗരത്തിൽ നിന്നും ആറര കിലോമീറ്റർ ദൂരെ, ആംബർ കോട്ടയിലേക്ക് പോകുന്ന വഴിയിലാണ് ജൽ മഹൽ സ്ഥിതി ചെയ്യുന്നത്.പ്രളയത്തിൽ മുങ്ങിനിൽക്കുന്ന ഒരു കൊട്ടാരം പോലെയാണ് ആദ്യ നോട്ടത്തിൽ എനിക്ക് തോന്നിയത്. വെള്ളത്തിന്റെ മുകളിൽ കാണുന്നത് കൊട്ടാരത്തിന്റെ അഞ്ചാമത്തെ നിലയാണ് എന്ന് അറിഞ്ഞപ്പോഴാണ് മാൻസാഗർ തടാകത്തിന്റെ ആഴവും വെള്ളത്തിന് മുകളിലെ ഈ വിസ്മയവും ഒന്നിച്ച്, മനസ്സിൽ ആശ്ച്ചര്യമുണ്ടാക്കിയത്. തടാകത്തിൽ വെള്ളം നിറയുമ്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും എന്ന് ജബ്ബാർ പറഞ്ഞു.

"യെ കിസ്‌കെ ലിയേ ബനായ?" ഞാൻ ജബ്ബാറിനോട് ചോദിച്ചു.

"നഹീം മാലും " എന്ത് ചോദ്യത്തിനും 'നഹീം മാലും' പറഞ്ഞിരുന്ന പ്രൈമറി ക്ലാസ്സിൽ കൂടെ പഠിച്ച കൃഷ്ണനെയാണ് പെട്ടെന്ന് ഓർമ്മ വന്നത്.

'പ്രത്യേകിച്ച് ഒരു ചരിത്രമൊന്നുമില്ല. തടാകത്തിലെ പക്ഷിവേട്ടക്കിടയിൽ ഒന്ന് വിശ്രമിക്കാൻ രാജാവ് പണികഴിപ്പിച്ചതാണ് ജൽ മഹൽ' എന്നായിരുന്നു ഗൂഗിളമ്മായി തന്ന വിവരണം.

ജൽ മഹൽ പാലസ് ദൂരെ നിന്ന് നോക്കി കാണാനേ പറ്റൂ. തടാകത്തിൽ ബോട്ടിംഗും കൊട്ടാരത്തിനകത്തേക്ക് പ്രവേശനവും അനുവദിച്ചിട്ടില്ല. സഞ്ചാരികൾക്ക് പ്രിയങ്കരമായ,ജയ്‌പൂരിലെ ഏറ്റവും മികച്ച ഫോട്ടോ സ്പോട്ടുകളിൽ ഒന്നാണ് ജൽ മഹൽ. 
സമയം വൈകിട്ട് ഏഴ് മണി ആയിട്ടും സൂര്യൻ അസ്തമിച്ചിരുന്നില്ല. റോഡിനും തടാകത്തിനും ഇടയിലുള്ള സ്ഥലങ്ങൾ മുഴുവൻ പലതരം കച്ചവടക്കാരും കയ്യേറിയിരുന്നു.ജബ്ബാർ പറഞ്ഞപോലെ തെരുവ് ഭക്ഷണശാലകളും അവയിൽ ഉണ്ടായിരുന്നു. പക്ഷെ അവർ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി സംശയാസ്പദമായതിനാൽ ഭക്ഷണം തൽക്കാലം ഞങ്ങൾ ഒഴിവാക്കി. ഭാര്യയും മക്കളും രാജസ്ഥാനി മോഡൽ ചെരുപ്പുകൾ പലതും വാങ്ങി.

"ധോടി ഹീ ദേർ മേം ജൽ മഹൽ മേം ബിജലി ജലായേഗാ " ജബ്ബാറിന്റെ വാക്കുകൾ കേട്ടപ്പോൾ വൈദ്യുത പ്രഭയിലുള്ള ജൽ മഹൽ ഒന്ന് കാണാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. വെള്ളത്തിൽ മുങ്ങി നിൽക്കുന്ന കെട്ടിടത്തിൽ വൈദ്യുതി സംവിധാനം എങ്ങനെ ഏർപ്പെടുത്തുന്നു എന്നത് തന്നെ എന്നിൽ അത്ഭുതമുളവാക്കി.

സൂര്യന്റെ പ്രകാശം കുറഞ്ഞതോടെ ജെൽ മഹലിന്റെ ഓരോ ഭാഗത്ത് നിന്നായി വിളക്കുകൾ തെളിയാൻ തുടങ്ങി.


Friday, October 27, 2023

ആമേർ പാലസിലൂടെ... (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 8)

ആദ്യം ഇത് വായിക്കുക

 കോട്ടയിൽ കയറിയതും ഒരു ഗൈഡ് ഞങ്ങളുടെ അടുത്തെത്തി.

"സാർ ... ഗൈഡ് ചാഹിയെ?"

"നഹീം..." പൊതുവെ, വെറുതെ ഒരു സ്ഥലത്ത് കൊണ്ടുപോയി നിർത്തി എന്തൊക്കെയോ ഗീർവാണമടിക്കുന്ന ഗൈഡുകളെ ഇഷ്ടമില്ലാത്തതിനാൽ ഞാൻ പറഞ്ഞു.

"സാർ...ബിനാ ഗൈഡ് ആപ് കുച്ച് നഹീം സംച്ചേഗാ..." ഗൈഡ് ഇല്ലാതെ നമുക്കൊന്നും മനസ്സിലാകില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഒരു വെല്ലുവിളിയായി എനിക്ക് തോന്നി.

"ദേഖേഗ..."  നോക്കട്ടെ എന്ന് ഞാനും.

"സാർ... മേം സർക്കാരി അപ്പ്രൂവ്ഡ് ഗൈഡ് ഹും... ഏക് ഖണ്ഡേ മേം ആമേർ കില ക പൂര ഹിസ്റ്ററി ബതായേഗാ...." അയാൾ എന്നെ വിടാൻ ഭാവമില്ലായിരുന്നു.

"കിത്ന ഹോഗാ...?"

"സൗ പെർ ഹെഡ്..." 

'ആഹാ....തലക്കാണ് നിരക്ക്...യുവർ ഐഡിയ ഈസ് ഗുഡ്, ബട്ട് മൈ പോക്കറ്റ് ഈസ് ബാഡ്' എന്ന് ഞാൻ ആത്മഗതം ചെയ്തു.

"സാർ... ഹം യഹാം തക് അനുമതി ഹേ... ഇംഗ്ലീഷ് യാ ഹിന്ദി ചാഹിയെ...?"

"ദസ് പെർ ഹെഡ് ... ഇംഗ്ലീഷ്... സമ്മത് ഹേ തോ ആവൊ..." ഞാൻ വടി മുറിച്ചിട്ടു.

"ലേകിൻ...??"

"അബ് ക്യാ ലേകിൻ...??നാ ലേകിൻ... " 

"മുജേ സിർഫ് ഹിന്ദി മാലും ..."

"അച്ഛ...മേം ആപ്കോ യെ കില ക പൂര കഹാനി മലയാളം മേം ബതായേഗാ... " പിന്നെ അയാൾ അധികം സമയം എൻ്റെ അടുത്ത് നിന്നില്ല. 

നിലവിലുണ്ടായ നഗരാവശിഷ്ടങ്ങളെ പുനരുദ്ധരിച്ച് 1592-ൽ അക്ബർ ചക്രവർത്തിയുടെ ഒരു സേനാനായകനും സഭയിലെ നവരത്നങ്ങളിലൊരാളുമായിരുന്ന രാജ മാൻ സിങ് ആണ് ആംബറിലെ ഇന്നത്തെ കൊട്ടാരസമുച്ചയത്തിന്റെ പണിയാരംഭിച്ചത്. മാൻ സിങ്ങിന്റെ പിൻഗാമിയായ ജയ്സിങ് ഒന്നാമന്റെ കാലത്താണ് കോട്ടയുടെ പ്രാരംഭഘട്ടം പൂർത്തിയായത്.

സഞ്ചാരികൾ കോട്ടയിലേക്ക് പ്രവേശിക്കുന്നത് സൂരജ് പോൾ (സൂര്യകവാടം)   എന്ന വലിയ ഒരു കവാടം വഴിയാണ്. വാഹനവും കൊണ്ടാണ് പ്രവേശിക്കുന്നതെങ്കിൽ ഇതിന്റെ നേരെ എതിർഭാഗത്തുള്ള ചാന്ദ് പോൾ (ചന്ദ്രകവാടം) വഴിയാണ് പ്രവേശനം.രാജഭരണകാലത്ത്,വിശിഷ്ട വ്യക്തികൾക്കു മാത്രം പ്രവേശിക്കാനായിരുന്നു സൂരജ് പോൾ. പൊതുജനങ്ങൾ ചാന്ദ് പോൾ വഴിയായിരുന്നു പ്രവേശിച്ചിരുന്നത് .  ഇരുകവാടങ്ങളിലൂടെ പ്രവേശിച്ചാലും എത്തിച്ചേരുന്ന വിശാലമായ ചതുരമാണ് ജലേബ് ചൗക്ക്.  പട്ടാളക്കാർക്ക് പരേഡ് നടത്തുന്നതിനുള്ള മൈതാനം എന്നാണ് ഈ അറബി വാക്കിനർത്ഥം. 325 വർഷങ്ങൾക്ക് മുമ്പ് സ്വായ് ജയ്‌സിംഗിന്റെ പട്ടാളക്കാർ അവിടെ പരേഡ് നടത്തുന്ന ഒരു ചിത്രം ഞാൻ മനസ്സിൽ വെറുതെ വരച്ചു നോക്കി.

വിശാലമായ ജലേബ് ചൗക്കിലൂടെ നടന്ന് ഞങ്ങൾ ഒരു പടിക്കെട്ടിന് മുന്നിലെത്തി. അതിലൂടെ കയറിയ ഞങ്ങൾ എത്തിയത് മറ്റൊരു കവാടത്തിന് മുന്നിലാണ്.സിംഹ് പോൾ എന്നാണ് ഈ കവാടത്തിന്റെ പേര്. അതിലൂടെ പ്രവേശിച്ച് ഞങ്ങൾ ദിവാൻ-ഇ ആം സ്ഥിതി ചെയ്യുന്ന മുറ്റത്തെത്തി. ആഗ്ര ഫോർട്ടിനെ അനുസ്മരിപ്പിക്കുന്ന തനത് മുഗൾ ശൈലിയിൽ തൂണുകൾ നിറഞ്ഞ ഒരു മന്ദിരമാണ് ദിവാൻ ഇ ആം.രാജഭരണകാലത്ത് സഭാ സമ്മേളനങ്ങളും ആഘോഷങ്ങളും മറ്റും ഇവിടെയാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത് എന്ന് ഒരു ഗൈഡ് പറയുന്നത് കേട്ടു.ദിവാൻ ഇ ആമിലെ തൂണുകൾ മുഗൾ ശൈലിയാണെങ്കിലും അതിലെ കൊത്തുപണികൾ രജപുത്രശൈലിയിലാണ് എന്നും അദ്ദേഹം പറഞ്ഞു.      

                                     

വീണ്ടും മുന്നോട്ട് നീങ്ങിയ ഞങ്ങൾ ചുമർചിത്രപ്പണികൾ കൊണ്ട് സമ്പന്നമായ ഒരു കെട്ടിടത്തിലെത്തി. അതിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് ഗണേശ് പോൾ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. രാജാവിന്റെ സ്വകാര്യ വാസസ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള കവാടമാണിത്.

                                                                                                                    

ഗണേശ് പോളിലെ ചിത്രപ്പണികൾ മുഴുവൻ മുഗൾ ശൈലിയിലുള്ളതാണ്. ചുമരും, മച്ചും നിറയെ കണ്ണാടിയിലെ ചിത്രപ്പണികൾ കൊണ്ട് അലങ്കരിക്കപ്പെട്ടതാണ്. 

                            

ഗണേശ് പോളിന് മുകളിൽ സുഹാഗ് മന്ദിർ എന്ന ഒരു പ്രത്യേക നിർമ്മിതിയുണ്ട്. ഇവിടെ നിന്നും മാർബിൾ കൊണ്ട് അഴിയിട്ട ജനലുകളിലൂടെ ജലേബ് ചൗക്കും ദിവാൻ ഇ ആമും കാണാം.കൊട്ടാരത്തിലെ സ്ത്രീകൾക്ക് ദിവാൻ ഇ ആമിലും ജലേബ് ചൗക്കിലും നടക്കുന്ന വിവിധ പരിപാടികൾ വീക്ഷിക്കാനായിട്ടാണ് സുഹാഗ് മന്ദിർ ഉപയോഗപ്പെടുത്തിയിരുന്നത് എന്ന് ഗൈഡ് ആർക്കോ പറഞ്ഞു കൊടുക്കുന്നുണ്ട്.ഞങ്ങളും അവിടെ നിന്ന് ഏതാനും ഫോട്ടോകൾ ക്യാമറയിൽ പകർത്തി.                                                                                                                      

ഇടുങ്ങിയ ഒരു ഗോവണിയിലൂടെ ഞങ്ങൾ താഴോട്ടിറങ്ങി.മുകളിലേക്ക് ഏത് വഴി എപ്പോഴാണ് കയറിയത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.പുരാതനമായ ഒരു കെട്ടിട സമുച്ചയത്തിലേക്കാണ് ഞങ്ങൾ എത്തിപ്പെട്ടത്. ആമേർ ഫോർട്ടിലെ ഏറ്റവും പഴക്കമേറിയ ഭാഗമാണിതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകും. രാജാ മാൻസിംഗ് 1599 ൽ പണി കഴിപ്പിച്ച കൊട്ടാരമാണത്രെ അത്.  


ആമേർ ഫോർട്ടിനകത്ത് നിരവധി നിർമ്മിതികൾ കാണാനുണ്ട്.അതിനെപ്പറ്റി ഒന്ന് വായിച്ച് മനസ്സിലാക്കിയ ശേഷം സന്ദർശിച്ചാൽ കൂടുതൽ മനസ്സിലാകും. ഗൈഡുകളുടെ സഹായം തേടുന്നതിനേക്കാളും നല്ലത് ആർക്കെങ്കിലും വിശദീകരിച്ചു കൊടുക്കുന്നിടത്ത് നിന്ന് കട്ടു കേൾക്കലാണ്.കാരണം മിക്കതും വെറുതെ ചില 'ചരിത്രങ്ങൾ' തട്ടി വിടുകയാണ്.

സമയം ആറ് മണിയോടടുത്തു. ഇനിയും അതിനകത്ത് ചുറ്റിക്കറങ്ങാൻ മനസ്സ് വന്നില്ല. കോട്ടയുടെ മറ്റൊരു വാതിലിലൂടെ ഞങ്ങൾ താഴേക്ക് നടന്നിറങ്ങി.അൽപ സമയത്തിനകം തന്നെ ജബ്ബാർ കാറുമായി എത്തി.ഞങ്ങൾ തിരിച്ച് താമസ സ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു.ഇടക്ക് ജബ്ബാർ ഒന്ന് സ്പീഡ് കുറച്ച് വണ്ടി സൈഡാക്കി.

Next : ജൽ മഹൽ 

Wednesday, October 18, 2023

ഒരു സ്‌കൂട്ടി ഡ്രൈവിംഗ്

"ഇനി ഒരു സ്‌കൂട്ടി വാങ്ങിക്കോളൂ ..."  ഒരു കയ്യിൽ മാംസത്തിന്റെ പാത്രവും മറ്റേ കയ്യിൽ മൂന്ന് കിലോ അരിയും തൂക്കിപ്പിടിച്ച് വരുന്ന എന്നെക്കണ്ട അയൽക്കാരി പറഞ്ഞു.

"എന്നാപ്പിന്നെ ഈ ചെറിയ നടത്തവും കൂടി ഇല്ലാതാകും..." ഞാൻ എന്റെ സ്ഥിരം ഒഴിവ് കഴിവ് അറിയിച്ചു കൊണ്ട് നേരെ വീട്ടിലേക്ക് കയറി.

അല്പം കഴിഞ്ഞ് ഭാര്യയെ സൈക്കിൾ ബാലൻസ് പരിശീലിപ്പിക്കുന്നതിനിടയിലാണ്, അനിയന്റെ സ്‌കൂട്ടർ അവിടെ വെറുതെ കിടക്കുന്നത് കണ്ടത്. എന്ത് കൊണ്ടോ ഇതുവരെ ടൂ വീലർ ഓടിക്കാൻ ധൈര്യം കിട്ടാതിരുന്ന എന്നെ ഭാര്യ ഒന്ന് പിരി കയറ്റി. എങ്കിൽ ഒന്ന് പരീക്ഷിക്കാം എന്ന് ഞാനും.


അങ്ങനെ, ഒരാളും പറഞ്ഞ് തരാനില്ലാതെ ജീവിതത്തിലാദ്യമായി ഞാൻ ഒരു ടൂ വീലർ ഓടിച്ചു.


Sunday, October 15, 2023

യു.എസ്.എസ് അവാർഡ് ദാനം

സ്വയം സമ്മാനിതനാവുന്നതിനേക്കാൾ ഇരട്ടിയാണ് മറ്റൊരാളെ സമ്മാനത്തിന് അർഹനാക്കുമ്പോൾ ലഭിക്കുന്ന സന്തോഷം എന്നാണ് എന്റെ അഭിപ്രായവും അനുഭവവും.2019 ൽ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് മൂന്നാം തവണയും ഏറ്റുവാങ്ങുമ്പോൾ, ഞാൻ പത്താം ക്ലാസ് വരെ പഠിച്ച സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീ.കൃഷ്ണനുണ്ണി മാഷും അതേ അവാർഡിന് അർഹനായിരുന്നു.ആ വർഷത്തെ അവാർഡ് നോമിനേഷന്റെ പ്രാരംഭ ഘട്ടം മുതൽ അദ്ദേഹത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിച്ചതും ഞങ്ങൾ രണ്ട് പേരും ഒരേ വേദിയിൽ വച്ച് അവാർഡ് സ്വീകരിച്ചതും മായാത്ത ഓർമ്മകളാണ്. 

ഇന്നലെ എന്റെ മൂന്നാമത്തെ മകൾ ലൂനയിലൂടെ ഞങ്ങൾ കുടുംബ സമേതം ഈ സന്തോഷം വീണ്ടും അനുഭവിച്ചറിഞ്ഞു. എന്റെ വീട്ടിലേക്ക് ഹാട്രിക് യു.എസ്.എസ് വിജയം എത്തിച്ച ലൂന മോൾക്കും മറ്റു വിജയികൾക്കും ഉള്ള സ്കൂൾതല അവാർഡ് ദാനം പമ്പ്കിൻ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ ചടങ്ങിൽ വച്ച് നടന്നു. 

മക്കളുടെ വിജയങ്ങൾക്ക് പിന്നിൽ മാതാപിതാക്കളുടെ കഠിനാദ്ധ്വാനം വളരെ വലുതാണ്.അതിനാൽ തന്നെ, വിജയിയോടൊപ്പം അവരുടെ കുടുംബത്തെയും സ്റ്റേജിൽ വിളിച്ചു വരുത്തി കുടുംബാംഗങ്ങളെക്കൂടി അഭിമാനിതരാക്കുന്ന മാതൃകാപരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്തവണയും നടത്തിയത്. മലപ്പുറം അസിസ്റ്റന്റ് കലക്ടർ ശ്രീ.സുമിത് കുമാർ ഠാക്കൂർ IAS ൽ നിന്ന് ലൂന മോൾ ഉപഹാരം ഏറ്റുവാങ്ങി. ഞങ്ങൾ സ്റ്റേജിൽ നിൽക്കുന്ന സമയത്ത്, പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യൻ പ്രസിഡന്റിൽ നിന്നും സ്വീകരിച്ച ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ അവാർഡിനെപ്പറ്റിയും  പരാമർശിച്ചപ്പോൾ സന്തോഷം ഇരട്ടിയായി.

എല്ലാറ്റിനും സഹായിച്ച ദൈവത്തിന് സ്തുതി.




Tuesday, October 10, 2023

ആംബർ ഫോർട്ട് എന്ന ആമേർ പാലസ് (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 7)

ആദ്യം ഇത് വായിക്കുക

ജയ്‌ഗഡ് ഫോർട്ടിൽ നിന്നും ഞങ്ങളിറങ്ങുമ്പോൾ തന്നെ സമയം അഞ്ച് മണി കഴിഞ്ഞിരുന്നു. ആരോടോ ദ്വേഷ്യം തീർക്കുന്ന പോലെ സൂര്യൻ അപ്പോഴും തലക്ക് മീതെ കത്തിക്കാളുന്നുണ്ടായിരുന്നു.

"സൂര്യനസ്തമിക്കാത്ത നാട് ഇതാണോ ഉപ്പച്ചീ...?" അടുത്ത ബോട്ടിൽ വെള്ളം മൊത്തി കുടിക്കുന്നതിനിടയിൽ ലൂന മോൾ ചോദിച്ചു.

"ഇതും സൂര്യനസ്തമിക്കാത്ത നാടിന്റെ ഒരു ഭാഗമായിരുന്നു ...." 

"ഓ... അത് തന്നെയാ .... സൂര്യന് ഇത്ര അഹങ്കാരം..." അവൾ സ്വയം സമാധാനപ്പെട്ടു.

"അഗലെ  കഹാം?" ഇനി എങ്ങോട്ട് എന്നാണ് ജബ്ബാറിന്റെ ചോദ്യം.

"ആംബർ ഫോർട്ട് ജാന സകേഗ ?" 

"ആമേർ ?"

"നോ .... ആംബർ...."

"ആംബർ ന ... ആമേർ .... ആമേർ പാലസ് ഹേ.... " ആംബർ അല്ല ആമേർ ആണെന്ന് ജബ്ബാർ സമർത്ഥിച്ചു.

" യഹ് ഹെ ന ?" ഗൂഗിളിൽ ആംബർ ഫോർട്ട് എന്നടിച്ചപ്പോൾ വന്ന ചിത്രം കാണിച്ച് ഞാൻ ചോദിച്ചു.

"ഹാം...യഹ് ഹീ ഹേ...യെഹ് ആംബർ നഹീം ആമേർ ഹേ..." 

"ആമേർ ആണെങ്കിൽ ആമേർ..." ഞാൻ പിൻവാങ്ങി.

എന്റെ രണ്ടാമത്തെ ആഗ്ര സന്ദർശനത്തിൽ ഡൽഹി എന്നത് ദഹ്‌ലി എന്ന് പറഞ്ഞിരുന്ന ഡ്രൈവറെയാണ് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്. കോട്ടയെപ്പറ്റിയുള്ള വിവരണം വായിച്ചപ്പോഴാണ് ആംബർ എന്നെഴുതുമെങ്കിലും ആമേർ എന്ന് വായിക്കണം എന്ന് കണ്ടത്.

"ലേകിൻ ബന്ധ ഹോഗാ അബ്..." സമയം വൈകിയതിനാൽ പൂട്ടിയിരിക്കും എന്ന് ജബ്ബാർ പറഞ്ഞു.

"കോശിഷ് കരോ... ബന്ധ ഹോ തോ വാപസ് ജായേഗാ..." 

ഒന്ന് ശ്രമിച്ച് നോക്കാൻ പറഞ്ഞതനുസരിച്ച് ജബ്ബാർ വണ്ടി വിട്ടു.ജയ്‌ഗർ കോട്ടയും ആമേർ കോട്ടയും തമ്മിൽ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട്.വെറും 350 മീറ്റർ ദൂരം മാത്രമേ രണ്ടു കോട്ടയും തമ്മിൽ അകലമുള്ളൂ.പക്ഷെ റോഡ് വഴി എത്തണമെങ്കിൽ ആറ് കിലോമീറ്ററിലധികം സഞ്ചരിക്കണം.

കച്വാഹ എന്ന രജപുത്ര രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ആംബർ ഫോർട്ട്. പിന്നീട് തലസ്ഥാനം ജയ്പൂരിലേക്ക് മാറ്റി. രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുകലാശൈലിയുടെ മകുടോദാഹരണമാണ് ആമേർ പാലസ്.അതുകൊണ്ട് തന്നെയായിരിക്കാം യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ആംബർ ഫോർട്ട് സ്ഥാനം പിടിച്ചത്. കോട്ടയുടെ നേരെ മുന്നിലുള്ള മഹോത തടാകം നിലാവുള്ള രാത്രിയിൽ കോട്ടയുടെ സൗന്ദര്യം ഇരട്ടിയാക്കും. 

അങ്ങകലെ പാറക്കെട്ടുകൾക്ക് മുകളിൽ സ്വർണ്ണ നിറത്തിൽ തിളങ്ങി നിൽക്കുന്നത് ഒരു കോട്ടയായല്ല ആദ്യ ദർശനത്തിൽ എനിക്ക് തോന്നിയത്.ശരിക്കും അതൊരു കൊട്ടാരം തന്നെയായിരുന്നു. യഥാർത്ഥത്തിൽ ജയ്‌ഗഡ് കോട്ടക്കകത്തെ ഒരു കൊട്ടാരമാണ് ആമേർ പാലസ്. ആംബർ ഫോർട്ടിനുള്ളിൽ നിന്നും നോക്കിയാൽ മുകൾ ഭാഗത്തായി തല ഉയർത്തി നിൽക്കുന്ന ജയ്‌ഗഡ് കോട്ട കാണാം.

മുതിർന്നവർക്ക് നൂറ് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശനം. ടിക്കറ്റെടുത്ത് ഞങ്ങൾ ആമേർ കോട്ടക്കകത്ത് പ്രവേശിച്ചു.

"ഉപ്പച്ചീ... ഇവിടെയല്ലേ ജോധാ ഭായിയുടെ കൊട്ടാരം?" രണ്ടാമത്തെ മകൾ ലുഅക്ക് പെട്ടെന്ന് ഒരു ഓർമ്മ വന്നു.

"ഏതാ ജോധാ ഭായി?" ഞാൻ ചോദിച്ചു.

"അക്ബർ ചക്രവർത്തിയുടെ ഭാര്യ"

വർഷങ്ങൾക്ക് മുമ്പ് ജോധാ അക്ബർ എന്നൊരു ഹിന്ദി സിനിമ റിലീസായത് പെട്ടെന്ന് എനിക്കും ഓർമ്മ വന്നു. ഹൃതിക്ക് റോഷന്‍ - ഐശ്വര്യ ബച്ചന്‍ ജോഡികൾ തകർത്താടിയ ജോധാ അക്ബറിന്റെ യഥാർത്ഥ കഥാഭൂമിയിൽ ആയിരുന്നു ഞങ്ങൾ എത്തിപ്പെട്ടത് എന്നത് അപ്പോഴാണ് തിരിച്ചറിഞ്ഞത്. അങ്ങനെ, ആമേർ രാജാവായിരുന്ന ബാർമൽ രാജാവിന്റെ മകൾ ജോധാഭായിയുടെ ചരിത്രം കൂടി തേടിക്കൊണ്ട് ഞങ്ങൾ ആമേർ കോട്ടക്കകത്തേക്ക് പ്രവേശിച്ചു.

Next: ആമേർ പാലസ് 

Thursday, October 05, 2023

ജയ്‌ഗർ ഫോർട്ട് (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 6)

ആദ്യം ഇത് വായിക്കുക 

"സർ, കൈസാ ലഗാ ?" നഹാർഗർ കോട്ടയിൽ നിന്നും പുറത്തെത്തിയ എന്നോട് ജബ്ബാറിന്റെ ആദ്യ ചോദ്യം ഇതായിരുന്നു. നിരവധി കോട്ടകളിൽ കയറിയിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു കോട്ടയുടെ മണ്ടയിലൂടെ നടന്നത് ആദ്യമായിട്ടായിരുന്നു.

"അച്ഛാ...ലേകിൻ ധൂപ് അൺസഹിക്കബിൾ ഹേ..." വെയിലിന്റെ കാഠിന്യം സൂചിപ്പിക്കാതിരിക്കാൻ പറ്റിയില്ല.

"ഹാം... പിച്ചലേ തീൻ ദിൻ ബർസാത് ധാ...ആജ് ഗർമി..." കഴിഞ്ഞ മൂന്ന് ദിവസം മഴ പെയ്തിട്ടും ചൂട് കൂടുതൽ തന്നെ.

"ഹാം..."

"അഗല കഹാം ?" അടുത്തത് എങ്ങോട്ട് എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേകിച്ച് ഒരുത്തരവും ഇല്ലായിരുന്നു.കാരണം പൊരി വെയിലത്ത് എവിടെപ്പോയാലും വെള്ളം കുടിച്ച് ഇരിക്കുകയല്ലാതെ ഒരു നിവൃത്തിയും ഇല്ലായിരുന്നു.

"ജയ്‌ഗർ ജായേഗാ?" ജബ്ബാർ ചോദിച്ചു.

വരുന്ന വഴിയിൽ ജയ്‌ഗർ ഫോർട്ട് എന്ന ചൂണ്ടുപലക കണ്ടത് ഞാൻ ഓർത്തു.അതും കൂടി കാണണം എന്ന് ആദ്യം തോന്നിയില്ല.പക്ഷെ ഇത്രയും അടുത്ത് എത്തിയ നിലക്ക് അതും കൂടി കാണാം എന്ന് മനസ്സ് മന്ത്രിക്കാൻ തുടങ്ങി.

"ജബ്ബാർ ജി ...ജയ്‌ഗർ ചലോ..." ഞാൻ ഓർഡർ നൽകി. ഇരു വശവും കുറ്റിച്ചെടികൾ  ഇടതൂർന്ന് നിൽക്കുന്ന റോഡിലൂടെ വണ്ടി ജയ്‌ഗർ കോട്ട ലക്ഷ്യമാക്കി പാഞ്ഞു.

അല്പം കൂടി പുതുമ തോന്നിപ്പിക്കുന്ന ഒരു കോട്ടയുടെ മുന്നിലാണ് വണ്ടി എത്തിയത്.അതി വിശാലമായ പാർക്കിംഗ് ഏരിയയിൽ വണ്ടികൾ നന്നേ കുറവായിരുന്നു.അല്ലെങ്കിലും ചുട്ടുപൊള്ളുന്ന ആഗസ്ത് മാസത്തിൽ രാജസ്ഥാനിൽ പോകാതിരിക്കുന്നതാണ് നല്ലത്.
ജയ്‌ഗർ കോട്ടയിലേക്ക് കയറാൻ 200 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർത്ഥികൾക്ക് 20 രൂപ മാത്രം മതി.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറര വരെ പ്രവേശനമുണ്ട്. നഹാർഗർ ബയോ പാർക്കിന്റെ പരിധിയിൽ വരുന്നതായതിനാൽ ഇരുട്ടുന്നതിന് മുമ്പ് രക്ഷപ്പെടുന്നതാണ് നല്ലത്. 
ടിക്കറ്റെടുത്ത് അകത്ത് കയറിയ ഉടനെ കണ്ടത് ചാഞ്ഞ ഒരു മരമാണ്. ലിദു മോനും ലൂന മോളും ഓടിച്ചെന്ന് അതിൽ കയറി ഇരുന്നു. 
കോട്ട മുഴുവൻ പൊരിവെയിലത്ത് നടന്നു കാണുന്നതിന് മുമ്പ് എന്തെങ്കിലും ഭക്ഷണം കഴിക്കണം എന്ന് തോന്നി. ഭാഗ്യവശാൽ കോട്ടയ്ക്കകത്ത് ഒരു മരത്തിന് ചുവട്ടിൽ സജ്ജീകരിച്ച  ചെറിയൊരു ചായക്കട ഉണ്ടായിരുന്നു. ചായയും പഫ്‌സ് പോലെയുള്ള ഒരു കടിയും അകത്താക്കി ഞങ്ങൾ വീണ്ടും നടത്തം തുടങ്ങി.
അമേർ കോട്ടയും കൊട്ടാരവും സംരക്ഷിക്കാൻ വേണ്ടി മിർസാ രാജാ ജയ്‌സിംഗ് പണികഴിപ്പിച്ചതാണ് ജയ്‌ഗർ കോട്ട.മൂന്ന് കിലോമീറ്ററിലധികം നീളമുള്ള ഈ കോട്ടക്ക് വിക്റ്ററി ഫോർട്ട് എന്നും പേരുണ്ട്.ജയ്‌ഗർ കോട്ടയും അമേർ കോട്ടയും തമ്മിൽ ഭൂഗർഭ പാതയിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. 
കോട്ടയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ജലാശയങ്ങൾ കാണാം. അസുലഭമായി പെയ്യുന്ന മഴ, ഒട്ടും പാഴാവാതെ ഈ ജലാശയങ്ങളിൽ ശേഖരിക്കപ്പെടുന്നു എന്നതിന് തെളിവാണ് വേനലിലും നിറഞ്ഞ് നിൽക്കുന്ന ഈ ജലാശയം.മഴവെള്ള സംഭരണത്തിനായി ഭൂഗർഭ ടാങ്കുകളും കോട്ടയ്ക്കകത്ത് ഉണ്ട് എന്ന് പറയപ്പെടുന്നു. ഈ ഭൂഗർഭ അറകളിൽ നിധി ഉണ്ടെന്നും ചില പ്രചരണങ്ങൾ ഉണ്ട്.ഇതനുസരിച്ച് പലതരം ഉപരിതല പരിശോധനകൾ നടത്തിയെങ്കിലും ഉറപ്പായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അങ്ങ് ദൂരെ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ജൽ മഹലും ജയ്‌ഗർ കോട്ടയിൽ നിന്ന് കാണാം.
ജയ്‌ഗർ കോട്ടയുടെ പരിസരങ്ങളിൽ ഇരുമ്പിന്റെ അയിര് കൂടുതൽ കാണപ്പെട്ടിരുന്നു.അതിനാൽ തന്നെ അവിടെ ഒരു ലോഹ വാർപ്പുശാല സ്ഥാപിക്കപ്പെട്ടു. യുദ്ധാവശ്യങ്ങൾക്കുള്ള പീരങ്കി നിർമ്മാണമായിരുന്നു പ്രധാനമായും ഇവിടെ നടന്നിരുന്നത്.അങ്ങനെയാണ്, ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചക്ര പീരങ്കിയായിരുന്ന ജൈവാൻ പീരങ്കി (Jaivan Cannon) ഇവിടെ സ്ഥാപിക്കപ്പെട്ടത്.ജയ്‌ഗർ കോട്ടയിലെ പ്രധാന ആകർഷണവും ഈ പീരങ്കിയാണ്.
ഒരൊറ്റ യുദ്ധത്തിൽ പോലും ഈ പീരങ്കി ഉപയോഗിച്ചിട്ടില്ല.പക്ഷെ പരീക്ഷണാർത്ഥം ഒരു തവണ പ്രയോഗിച്ചപ്പോൾ നൂറ് കിലോ വെടിമരുന്ന് ഉപയോഗിച്ചതായും മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരം താണ്ടിയതായും അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.കോട്ടയുടെ ഏറ്റവും മുകൾ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പീരങ്കിയുടെ അടുത്ത് വരെ വാഹനത്തിൽ എത്താം.

ഇരുനൂറ് രൂപ കൊടുത്ത് കാണാൻ മാത്രം ഇതുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണുത്തരം. ഒരിക്കൽ പോലും ഉപയോഗിക്കാത്ത സാധനത്തിന്റെ നിർമാണച്ചെലവ് ഈടാക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് സർക്കാർ കണ്ടെത്തിയത് എന്ന തിരിച്ചറിവോടെ ഞങ്ങൾ ജയ്‌ഗർ കോട്ടയിൽ നിന്ന് പുറത്തിറങ്ങി.



Tuesday, October 03, 2023

നഹാർഗർ കോട്ടയിലെ വിസ്മയക്കാഴ്ചകൾ (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 5)

ആദ്യം ഇത് വായിക്കുക

TADI Gate എന്ന പ്രധാന കവാടത്തിലൂടെ ഞങ്ങൾ നഹാർഗർ കോട്ടക്കകത്തേക്ക് പ്രവേശിച്ചു. കോട്ടയുടെ ഏറ്റവും മുകളിലെ ചാരുമതിൽ വരെ എത്തുന്ന സ്റ്റെപ്പുകളിലൂടെ മക്കളെല്ലാവരും ഓടിക്കയറി. പിന്നാലെ ഞങ്ങളും കയറി ഒരു വിഹഗ വീക്ഷണം നടത്തി. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കോട്ടയുടെ ചെറിയൊരു ഭാഗത്ത് മാത്രമേ സഞ്ചാരികൾ എത്തുന്നുള്ളൂ എന്ന് അപ്പോഴാണ് മനസ്സിലായത്.

കോട്ടക്കകത്ത് കയറിയ ഉടൻ ഒരു പഴയ ബിൽഡിംഗ് ആണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.പല കോട്ടകളിലും കാണുന്ന പോലെ ഒരു പീരങ്കിയും തൊട്ടുമുന്നിൽ തന്നെ സ്ഥാപിച്ചിരിക്കുന്നു. സ്വായ് മാധോ സിംഗ് നിർമ്മിച്ച മാധവേന്ദ്ര പാലസ് ആണ് ഈ ഇരുനില കെട്ടിടം. രാജാവിന്റെ പത്നിമാർ താമസിച്ചിരുന്നത് ഇതിനകത്തെ ഒമ്പത് അപ്പാർട്ട്മെന്റുകളിലായിരുന്നു. ഓരോ അപ്പാർട്ട്മെന്റിലും പ്രത്യേകം പ്രത്യേകം ലോബിയും കിടപ്പുമുറിയും അടുക്കളയും ശുചിമുറികളും ഉണ്ട്. രാജാവ് ജനങ്ങളുടെ പരാതി കേൾക്കാറുണ്ടായിരുന്ന ദിവാനി ആം ഇവിടെയും കാണാം. ചിത്രപ്പണികളാൽ അലംകൃതമായ ചുമരുകൾ അതിൽ താല്പര്യമുള്ളവരുടെ കണ്ണിന് വിരുന്നൊരുക്കും.

കോട്ടയുടെ മുകളിലേക്ക് കയറിയാൽ കാണുന്ന കാഴ്ച വിസ്മയാവഹമാണ്. കോട്ടയുടെ മുകൾ ഭാഗത്തെ കമാനങ്ങളുടെ ശില്പ ഭംഗി അടുത്തറിയാം. പെട്ടികൾ അടുക്കി വച്ചപോലെ കെട്ടിടങ്ങൾ നിറഞ്ഞ ജയ്‌പൂർ നഗരം മുഴുവൻ അവിടെ നിന്ന് കാണുകയും ചെയ്യാം.സമ്മർ സീസണിലാണ് പോകുന്നതെങ്കിൽ കത്തുന്ന സൂര്യന്റെ കുത്തുന്ന വെയിൽ കാരണം അവിടെ അധികം നിൽക്കില്ല എന്ന് മാത്രം. കോട്ടക്കകത്ത് കയറി അല്പം നടന്നപ്പോഴേക്ക് തന്നെ ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന രണ്ട് ബോട്ടിൽ വെള്ളവും കഴിഞ്ഞിരുന്നു. 

സിന്ധു നദീതട സംസ്കാരത്തിന്റെ തനത് മുദ്രകളിൽ ഒന്നായ സ്റ്റെപ് കിണറുകൾ ജയ്‌പൂരിന്റെ പരിസരത്ത് ഉണ്ട് എന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു. സമയം കിട്ടിയാൽ പോകാം എന്നും കരുതിയിരുന്നു. അപ്പോഴാണ് നഹാർഗർഹ് കോട്ടയ്ക്കുള്ളിൽ തന്നെ വലിയ ഒരു Step Well ശ്രദ്ധയിൽ പെട്ടത്. മഴ താരതമ്യേന കുറവായ ജയ്പൂരിൽ, ലഭിക്കുന്ന മഴയുടെ സിംഹഭാഗം വെള്ളവും ശേഖരിച്ച് വയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ് പടിക്കിണറുകൾ. കോട്ട പണിയാനായി കല്ല് വെട്ടിയപ്പോൾ ഉണ്ടായ കുഴികൾ ഈ രൂപത്തിൽ ജല സംഭരണികളാക്കി മാറ്റിയതാണെന്നും പറയപ്പെടുന്നു. ചെറിയ പടിക്കിണറുകളെ, മലയാളത്തിൽ പറയുന്ന പോലെ കുണ്ട് എന്നും പറയും.

Step Well ന്റെ അടുത്ത് എത്തിയപ്പോഴാണ് പ്രശസ്ത ഹിന്ദി സിനിമയിലെ ആമിർഖാന്റെ ഒരു കുസൃതി രംഗം ഓർമ്മ വന്നത്.രംഗ് ദേ ബസന്തി എന്ന സിനിമയിലെ 'ഖൽബലി കി ഖൽബലി' എന്ന പാട്ടിന് ആമിർഖാനും സംഘവും ചുവട് വച്ചത് ഇവിടെ തന്നെയായിരുന്നു പോലും.


സൂര്യാസ്തമനവും സൂര്യോദയവും ഒക്കെ കാണാൻ പറ്റുന്ന സ്ഥലങ്ങൾ കോട്ടക്കകത്തുണ്ട്. നട്ടുച്ച സമയത്ത് ഇത് രണ്ടും നടക്കില്ല എന്നതിനാൽ ആ സ്ഥലം തേടി ഞങ്ങൾ നടന്നില്ല.രാജസ്ഥാൻ ടൂറിസം ഡിപ്പാർമെന്റിന്റെ ഒരു വാക്സ് മ്യൂസിയവും ശീഷ് മഹൽ എന്ന ചില്ലുകൊട്ടാരവും കൂടി നഹാർഗർ കോട്ടയിലുണ്ട്.പ്രവേശനത്തിന് ഒരാൾക്ക് വെറും 500 രൂപ മാത്രം!അതിന്റെ അകത്ത് കയറിയിട്ട് ഫോട്ടോ എടുക്കാൻ പറ്റില്ലതാനും. ആയതിനാൽ അതിന്റെ പുറത്ത് കണ്ട രഥത്തിന്റെ മുമ്പിൽ നിന്ന് മക്കളെ ഫോട്ടോ എടുത്തു.ഓപ്പൺ സ്റ്റേജിൽ നടന്നു കൊണ്ടിരുന്ന ഒരു പ്രോഗ്രാമും അൽപ നേരം കണ്ട ശേഷം,ഞങ്ങൾ അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി.


Next : ജയ്‌ഗർ ഫോർട്ട്