സ്വയം സമ്മാനിതനാവുന്നതിനേക്കാൾ ഇരട്ടിയാണ് മറ്റൊരാളെ സമ്മാനത്തിന് അർഹനാക്കുമ്പോൾ ലഭിക്കുന്ന സന്തോഷം എന്നാണ് എന്റെ അഭിപ്രായവും അനുഭവവും.2019 ൽ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് മൂന്നാം തവണയും ഏറ്റുവാങ്ങുമ്പോൾ, ഞാൻ പത്താം ക്ലാസ് വരെ പഠിച്ച സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീ.കൃഷ്ണനുണ്ണി മാഷും അതേ അവാർഡിന് അർഹനായിരുന്നു.ആ വർഷത്തെ അവാർഡ് നോമിനേഷന്റെ പ്രാരംഭ ഘട്ടം മുതൽ അദ്ദേഹത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിച്ചതും ഞങ്ങൾ രണ്ട് പേരും ഒരേ വേദിയിൽ വച്ച് അവാർഡ് സ്വീകരിച്ചതും മായാത്ത ഓർമ്മകളാണ്.
ഇന്നലെ എന്റെ മൂന്നാമത്തെ മകൾ ലൂനയിലൂടെ ഞങ്ങൾ കുടുംബ സമേതം ഈ സന്തോഷം വീണ്ടും അനുഭവിച്ചറിഞ്ഞു. എന്റെ വീട്ടിലേക്ക് ഹാട്രിക് യു.എസ്.എസ് വിജയം എത്തിച്ച ലൂന മോൾക്കും മറ്റു വിജയികൾക്കും ഉള്ള സ്കൂൾതല അവാർഡ് ദാനം പമ്പ്കിൻ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ ചടങ്ങിൽ വച്ച് നടന്നു.
മക്കളുടെ വിജയങ്ങൾക്ക് പിന്നിൽ മാതാപിതാക്കളുടെ കഠിനാദ്ധ്വാനം വളരെ വലുതാണ്.അതിനാൽ തന്നെ, വിജയിയോടൊപ്പം അവരുടെ കുടുംബത്തെയും സ്റ്റേജിൽ വിളിച്ചു വരുത്തി കുടുംബാംഗങ്ങളെക്കൂടി അഭിമാനിതരാക്കുന്ന മാതൃകാപരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്തവണയും നടത്തിയത്. മലപ്പുറം അസിസ്റ്റന്റ് കലക്ടർ ശ്രീ.സുമിത് കുമാർ ഠാക്കൂർ IAS ൽ നിന്ന് ലൂന മോൾ ഉപഹാരം ഏറ്റുവാങ്ങി. ഞങ്ങൾ സ്റ്റേജിൽ നിൽക്കുന്ന സമയത്ത്, പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യൻ പ്രസിഡന്റിൽ നിന്നും സ്വീകരിച്ച ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ അവാർഡിനെപ്പറ്റിയും പരാമർശിച്ചപ്പോൾ സന്തോഷം ഇരട്ടിയായി.
എല്ലാറ്റിനും സഹായിച്ച ദൈവത്തിന് സ്തുതി.
1 comments:
വിജയിയോടൊപ്പം അവരുടെ കുടുംബത്തെയും സ്റ്റേജിൽ വിളിച്ചു വരുത്തി കുടുംബാംഗങ്ങളെക്കൂടി അഭിമാനിതരാക്കുന്ന മാതൃകാപരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്തവണയും നടത്തിയത്.
Post a Comment
നന്ദി....വീണ്ടും വരിക