Pages

Wednesday, August 26, 2015

അമ്മാവന്റെ കൂളിംഗ് എഫക്ട്

                ഭൌതികശാസ്ത്രത്തില്‍‍ (എന്ന് വച്ചാല്‍ഫിസിക്സ്) അന്നത്തെ കാലത്തെ സാമാന്യം നല്ല മാര്‍ക്കോടെ ബിരുദം നേടിയിട്ടും കേരളത്തിലെ ഒരു കോളേജും എന്നെ ബിരുദാനന്തര ബിരുദത്തിന് ചേര്‍ക്കാന്‍തയ്യാറായില്ല. അപ്പൂപ്പന്താടിക്കായ പൊട്ടിയപോലെ എല്ലാ മെയ് മാസങ്ങളിലും കേരളത്തങ്ങോളമിങ്ങോളമുള്ള വിവിധ കോളേജുകളില്‍നിന്ന് ബിരുദവുമായി ഇറങ്ങുന്ന ആയിരത്തിലധികം വരുന്ന വിരുതന്മാര്‍ക്കായി  ബിരുദാനന്തര ബിരുദപഠനത്തിന് അന്ന് വെറും 7 കോളേജുകളേ ഉണ്ടായിരുന്നുള്ളൂ. ഏഴിലും ഞാന്‍അപേക്ഷ സമര്‍പ്പിച്ചെങ്കിലും അധികാരികള്‍കനിഞ്ഞില്ല. ഉര്‍വശീശാപം അപ്പക്കാരം എന്നാണല്ലോ പുതിയ മൊഴി– അങ്ങനെ ഞാന്‍മലപ്പുറം പാലസ് ഹോട്ടലിന് മുകളിലുള്ള യൂണിവേഴ്സിറ്റി ബി.എഡ് സെന്ററില്‍നോണ്‍വെജിറ്റേറിയന്‍ബി.എഡിന് ചേര്‍ന്നു.

              കാലം ഗമിക്കേ ഫിസിക്കല്‍സയന്‍സിലെ ഞാനും മലയാളത്തിലെ മണിയും കണക്കിലെ അനിലും ഒരു ചരിത്രദശാസന്ധിയില്‍ഒത്തുചേര്‍ന്നു.അരീക്കോട്ടുകാരനായ ഞാനും കരുവാരക്കുണ്ട്കാരനായ മണിയും വണ്ടൂരുകാരനായ അനിലും എന്നും ഒന്നിച്ചത്, ചീഞ്ഞുനാറുന്ന മഞ്ചേരി മാര്‍ക്കറ്റിനടുത്തുള്ള പഴയ സ്റ്റാന്റിലായിരുന്നുമലപ്പുറം ബസ് കയറാന്‍‍ (ഊഴം കാത്ത് ബസിന് സമീപം നില്ക്കുമ്പോഴുള്ള നാറ്റം തന്നെയായിരുന്നു അന്നത്തെ പ്രധാന ചരിത്രദശാസന്ധി ).

              അങ്ങനെയിരിക്കെ ഒരു ദിവസം മണി രഹസ്യം നാലാളുടെ മുന്നില്‍പുറത്ത്വിട്ടു – “ആബിദിനെക്കണ്ടാല്‍സിനിമാനടന്‍ഇന്ദ്രന്‍സിനെപ്പോലെയുണ്ട് “. സിനിമ കാണാത്തതിനാലും മമ്മൂട്ടിയും മോഹന്‍ലാലും അല്ലാത്ത സിനിമാനടന്മാരുടെ ഊരും പേരും എനിക്കറിയാത്തതിനാലും മണിയുടെ വെളിപ്പെടുത്തല്‍ഒരു വലിയ അംഗീകാരമായി ഞാന്‍ഏറ്റെടുത്തു. പിന്നീട് എല്ലാ ദിവസവും നടന്റെ ‘സൌന്ദര്യംനിലനിര്‍ത്താനുള്ള പെടാപാടിലായിരുന്നു  ഞാന്‍‍. (ബി.എഡ് അവസാനിക്കാന്‍നേരത്താണ് ഇന്ദ്രന്‍സ് എന്ന നടന്റെ സൌന്ദര്യം  ഞാന്‍തിരിച്ചറിഞ്ഞത്.).അപ്പോഴാണ് യൂത്ത്ഫെസ്റ്റിവലിനുള്ള ഞങ്ങളുടെ ഹൌസിന്റെ നാടകത്തില്‍ഹാജിയാരുടെ കാര്യസ്ഥന്റെ റോളിലേക്ക് അനില്‍എന്നെനോമിനേറ്റ്ചെയ്തത്. അഭിനയത്തില്‍ഒരു മുന്‍‍‌കാല പരിചയവും ഇല്ലാത്തഇന്ദ്രന്‍സ്’‘ വെല്ലുവിളി ഏറ്റെടുത്തു.

കാര്യസ്ഥന്‍ഹാജിയാരുടെ പിന്നാലെ ഇതാ ഇങ്ങനെ നടക്കണംസംവിധായകനായ സുരേഷ് അഭിനയിച്ച് കാണിച്ച് തന്നു.

ഇത് ഒരു മാതിരി ചാണകം ചവിട്ടിയ പോലെയുള്ള നടത്തമാണല്ലോഞാന്‍ പറഞ്ഞു.

അല്ലല്ല.മുടന്തന്‍അന്ത്രുവായാ നീ നടക്കേണ്ടത്.” സുരേഷ് പറഞ്ഞു.

.കെ   അന്ത്രു ഇന്ദ്രന്‍സ്. പ്രാസമൊത്ത പേര്  ‘ ഞാന്‍മനസ്സില്‍പറഞ്ഞു.

         മടക്കി കുത്തിയ കൈലിയും അതിനടിയിലൂടെ തൂങ്ങി നില്ക്കുന്ന ഡ്രോയറും ബനിയനും തോളില്‍ഒരു തോര്‍ത്ത് മുണ്ടും ആയിരുന്നു  അന്ത്രുവിന്റെ വേഷം. ഡ്രോയറ്പെട്ടെന്ന് ഒപ്പിക്കാന്‍ പറ്റാത്ത സാധനമായതിനാല്‍ഞാന്‍അനിലിനോട് ഒന്ന് സംഘടിപ്പിക്കാന്‍പറഞ്ഞു.

അതൊരു പ്രശ്നമേ അല്ല പട്ടാളത്തിലുള്ള അമ്മാവന് 12 ഡ്രോയറാഅനില്‍പറഞ്ഞു.

അതിലൊന്ന് എടുത്താല്‍അമ്മാവന് ബുദ്ധിമുട്ടാവില്ലേ ?” ഞാന്‍‍ സംശയം ഉന്നയിച്ചു.

ഏയ്ഒരു മാസം കാത്സറായിക്കകത്ത്  “ഫ്രീ ഹാങ്ങിംഗ്ആയിരിക്കുംരാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന ചൂടില്‍‍  അതൊരു സൌകര്യമല്ലേ . അമ്മാവന് വേണ്ടി ഒരു മരുമകന് ഇതില്‍കൂടുതല്‍എന്ത് ചെയ്യാനാകും..? സൊ ഡോണ്ട് വറിഅത് ഞാന്‍ ഏറ്റു” 
അനിലിന്റെ വാക്ക് എന്നെ സമാധാനിപ്പിച്ചെങ്കിലും ഒരു സ്റ്റെപ്പിനി കരുതാന്‍‍ തന്നെ ഞാന്‍‍ തീരുമാനിച്ചു.

          നാട്ടില്‍‍ തുണി കൊണ്ടുള്ള ബാനറുകളുടെ കാലമായിരുന്നു അത്.ബാനറ്കെട്ടി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍മിക്ക ബാനറുകളും അപ്രത്യക്ഷമാകും. പിന്നെ അവ പൊങ്ങുന്നത് നാട്ടിലെ ചെക്കന്മാരുടെ ലുങ്കിയുടെ അടിയില്‍ ഡ്രോയറ് ആയിട്ടാണ്. ഡ്രോയറുകള്‍തയ്ക്കുന്നത് സ്വയം ആണ്. അല്ലെങ്കില്‍അതിന്റെ ഉറവിടക്കഥ മുഴുവന്‍ടൈലര്‍ക്കു മുമ്പില്‍നിരത്തേണ്ടി വരും എന്ന് മാത്രമല്ല അതേ പോലെ ഒരു ഡ്രോയറ് ടൈലര്‍വക സമ്മാനമായി അച്ഛനും ലഭിക്കും (പിന്നെ ഡ്രോയറ്‌ വക വയറ് നിറയെ നമുക്കും അച്ഛന് ഓസിന് സാധനവും ) .അങ്ങനെ എന്റെ വീടിനടുത്തുണ്ടായിരുന്ന ഒരു ബാനറും കോളേജിലെ യൂത്ത്ഫെസ്റ്റിവലിനോടടുത്ത രാത്രിയില്‍അപ്രത്യക്ഷമായി.

          യൂത്ത്ഫെസ്റ്റിവല്‍ദിവസമായി. പറഞ്ഞപോലെ അനില്‍ഒരു ഡ്രോയറ് മറ്റാരും കാണാതെ എന്നെ ഏല്പ്പിച്ചു കൊണ്ട് പറഞ്ഞു  “വാ ഇനി ഇത് ഇട്ട് പ്രാക്ടീസ് ചെയ്യാം

ഡ്രോയറ് ഇടുന്നതും പ്രാക്ടീസ് ചെയ്യണോ?” ഞാന്‍ സംശയിച്ചു.

അതല്ലഡ്രോയറ് ഇട്ട് ഇന്ദ്രന്‍‍സായി പ്രാക്ടീസ് ചെയ്തു നോക്കണം.”

ഇന്ദ്രന്‍‍സ് അല്ല.അന്ത്രുഞാന്‍‍ തിരുത്തി

ഏതായാലും നീ അല്ലേ?” അവന്‍ എനിക്കിട്ടൊന്ന് താങ്ങി.

ഞാന്‍‍ പാന്റ്  ഊരി ലുങ്കി ഉടുത്തു. അനില്‍ഏല്പിച്ച ഡ്രോയറും അണിഞ്ഞു..അല്പ സമയത്തിനകം തന്നെ പ്രാക്ടീസ് ആരംഭിച്ചു. മുണ്ട് മടക്കിക്കുത്തിയപ്പോള്‍ഡ്രോയറിനുള്ളിലൂടെ വായുസഞ്ചാരം അല്പം കൂടുതലാണോ എന്നൊരു സംശയം തോന്നി.

അനിലേ.ഡ്രോയറ് ഓ.കെ അല്ലേ?” സംശയ നിവാരണത്തിനായി ഞാന്‍‍ ചോദിച്ചു.

അതിലെന്താ സംശയം.ഞാനിനി പൊക്കി നോക്കണോ?”

അല്ല വായുസഞ്ചാരം അല്പം കൂടുതലാണോ എന്നൊരു സംശയം...അതുകൊണ്ട് ചോദിച്ചതാ

ഒരു കൂളിംഗ് എഫക്ട് ഉണ്ടാകും രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന ചൂടില്‍നിന്ന് ആശ്വാസം ലഭിക്കാന്‍ അമ്മാവന്‍‍ പ്രത്യേകം ഡിസൈന്‍‍ ചെയ്തതാ.”

പ്രത്യേക ഡിസൈന്‍‍ അറിയാന്‍‍ വേണ്ടി ഞാന്‍‍ ഡ്രോയറ് അഴിച്ചു.-‘യാ കുദാ.പെരുച്ചാഴി കടന്നുപോയ പോലൊരു ദ്വാരം നേരെ പിന്‍‍ഭാഗത്ത് !!‘

അനിലേകൂളിംഗ് എഫക്ട് ‘ ഡ്രോയറ് എനിക്ക് വേണ്ട.ഞാന്‍‍ തന്നെ ഒന്ന് കൊണ്ട് വന്നിട്ടുണ്ട്.” അനിലിന്റെ അമ്മാവന്റെ ഡ്രോയറ് തിരികെ കൊടുത്ത്,  ബാഗില്‍ കരുതിയ ഡ്രോയറ് എടുത്ത് ഞാന്‍‍ കയറ്റി.

അല്പം കഴിഞ്ഞ് നാടകം ആരംഭിച്ചു. എന്റെ വേഷവും നടത്തവും ഡയലോഗും കാണികളെ ചിരിപ്പിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് ഒരു കുസൃതിക്കാറ്റ് സാമാന്യം ശക്തിയായി എന്നെ തഴുകി കടന്നുപോയി . കാറ്റില്‍എന്റെ ലുങ്കി ആകാശത്തെക്കുയര്‍ന്നത് ഞാന്‍‍ അറിഞ്ഞില്ല.കാണികളുടെ നേരെ തിരിഞ്ഞ് നില്‍ക്കുന്നത് എന്റെ പിന്‍‍ഭാഗമായിരുന്നു.അവര്‍ആര്‍ത്ത് അട്ടഹസിക്കാന്‍ തുടങ്ങി. എന്റെ അഭിനയത്തിന്റെ മികവ്  ഞാന്‍‍ നന്നായിആസ്വദിച്ചു’.

നാടകം കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങിയ ഉടനെ ഒരു സഹപാഠി ഓടിവന്ന് കൈ പിടിച്ചു കുലുക്കി പറഞ്ഞു – “എന്നാലും ഇത്ര ഓപണ്‍ ആയി പറയേണ്ടിയിരുന്നില്ല

എന്ത്..?” അരുതാത്തത് ഒന്നും നാടകത്തില്‍പറയാത്തതിനാല്‍എനിക്ക് മനസ്സിലായില്ല.

മൂട്ടില്എഴുതിയത് സത്യമല്ലേ?”

എന്താഎന്താ എഴുതിയത്?”

മൂലക്കുരു ഇവിടെ !!!”

( ‘മൂലക്കുരു ഇവിടെ ചികിത്സിക്കുംഎന്ന ബാനറായിരുന്നു ഡ്രോയറ് അടിക്കാനായി ഞാന്‍‍ പൊക്കിയത്.രാത്രി തിരക്കിനിടയില്‍ എഴുത്ത് പുറത്തേക്കായിട്ടാണ് ഡ്രോയറ് തയ്ച്ചത്).


Sunday, August 23, 2015

അരങ്ങേറ്റങ്ങള്‍

                 ചില അരങ്ങേറ്റങ്ങള്‍ മനസ്സില്‍ എന്നും തങ്ങി നില്‍ക്കും. ജനം ക്രിക്കറ്റിന്റെ പിന്നാലെ പാഞ്ഞുതുടങ്ങിയ കാലത്താണ് ഞാനും ആ ‘കിറുക്കറ്റ’ കളി കാണാനും കളിക്കാനും ആരംഭിച്ചത് ( കളി നേരത്തെ നിര്‍ത്തിയതിനാല്‍ കോഴ വിവാദത്തില്‍ വീഴാതെ രക്ഷപ്പെട്ടു).അന്ന് വായിച്ചോ കേട്ടോ  അറിഞ്ഞ ഒരു ക്രിക്കറ്റ് താരമായിരുന്നു മുഹമ്മെദ് അസ്‌ഹരുദ്ദീന്‍ എന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.അരങ്ങേറ്റ ടെസ്റ്റിലും തുടര്‍ന്ന് വന്ന രണ്ട് ടെസ്റ്റിലും (മൊത്തം തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ്) സെഞ്ചുറി നേടിക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ആ അരങ്ങേറ്റമായിരുന്നു അതിന് ശേഷം ഏത് രംഗത്ത് അരങ്ങേറുമ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് - ഒരു കാലടി പതിപ്പിച്ചുകൊണ്ടുള്ള അരങ്ങേറ്റം.    
              എന്റെ മൂത്ത മകള്‍ പ്ലസ് വണ്ണിന് ചേര്‍ന്ന കാര്യം ഞാന്‍ ബൂലോകത്ത് സൂചിപ്പിച്ചിരുന്നു. ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം ഞങ്ങള്‍ അന്ന് ആസ്വദിച്ചു. സ്കൂള്‍ ട്രാന്‍സ്ഫറിലൂടെ, എന്റെ പിതാവ് റിട്ടയര്‍ ചെയ്ത അരീക്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ എത്തിയ അവളുടെ ഹയര്‍സെക്കണ്ടറി സ്കൂള്‍ കലോത്സവ അരങ്ങേറ്റം കഴിഞ്ഞ ദിവസം നടന്നു. സ്കൂള്‍തല മത്സരഫലങ്ങള്‍ വന്നപ്പോള്‍ ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് എന്നും അഭിമാനിക്കാവുന്ന അരങ്ങേറ്റം തന്നെയായിരുന്നു അത് . ഇംഗ്ലീഷ് കവിതാരചനയിലും കഥാരചനയിലും മാപ്പിളപ്പാട്ടിലും ഒന്നാം സ്ഥാനവും ഇംഗ്ലീഷ് ഉപന്യാസരചനയിലും അറബിപദ്യം ചൊല്ലലിലും ഒപ്പനയിലും സംഘഗാനത്തിലും രണ്ടാം സ്ഥാനവും ദേശഭക്തിഗാനത്തില്‍ മൂന്നാംസ്ഥാനവും നേടിക്കൊണ്ട് തന്റെ ഗ്രൂപ്പിന് നിരവധി പോയന്റുകള്‍ നേടിക്കൊടുത്ത് അതിനെ ചാമ്പ്യന്മാരാക്കിക്കൊണ്ട് മോള്‍ വരവറിയിച്ചു.    
            ഇതേ ആഴ്ചയില്‍ തന്നെ ഞാനും രണ്ട് അരങ്ങേറ്റങ്ങള്‍ നടത്തി. എന്റെ സ്വന്തം വിഷയമായ ഫിസിക്സിനെ ഞാന്‍ കൈവിട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. പക്ഷെ എന്റെ പഴയ പ്രീഡിഗ്രി സുഹൃത്തും ഇന്ന് അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജിലെ ഫിസിക്സ് വിഭാഗം തലവനുമായ ഷഫീക്ക് കഴിഞ്ഞ തിങ്കളാഴ്ച എന്നെ വീണ്ടും ഫിസിക്സിന്റെ ലോകത്ത് എത്തിച്ചു. അന്ന് ഈ കോളെജിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായി എന്റെ ആദ്യത്തെ ഫിസിക്സ് ഓറിയെന്റേഷന്‍ ക്ലാസ് നടന്നു.‘ഫിസിക്സ് മെയിഡ് ഫണ്‍’ എന്ന തലക്കെട്ടില്‍ എന്റെ സ്വന്തം വിഷയത്തിലുള്ള ഈ അരങ്ങേറ്റം കുട്ടികള്‍ നന്നായി ആസ്വദിച്ചു.    
            രണ്ടാമത്തെ അരങ്ങേറ്റം എന്റെ പുതിയ കോളേജിലെ സ്റ്റാഫ് ക്ലബ്ബിന്റെ ഓണാഘോഷത്തിലായിരുന്നു.പഠനകാലത്ത് നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത എന്നെ, അറിഞ്ഞോ അറിയാതെയോ സ്റ്റാഫ് സെക്രട്ടറി ഒരു ജോലി ഏല്‍പ്പിച്ചു - ഓണാഘോഷത്തോടനുബന്ധിച്ച് സ്റ്റാഫ് ക്ലബ്ബ് നടത്തുന്ന ക്വിസ്‌മത്സരത്തിന്റെ ക്വിസ്‌മാസ്റ്റര്‍ പദവി ! ചെറുതെങ്കിലും വളരെ ലൈവ്‌ലി ആയി ആ പ്രോഗ്രാം നടത്തിക്കൊടുത്ത് പ്രത്യേക സമ്മാനവും ഏറ്റുവാങ്ങി പുതിയ കോളേജിലും ഈ രംഗത്തും ഞാന്‍ അരങ്ങേറ്റം കുറിച്ചു.

Saturday, August 15, 2015

കാലത്തിന്റെ വികൃതി

            ഡോ.എ.പി.ജെ.അബ്ദുല്‍കലാം കേരള സാങ്കേതിക സര്‍വ്വകലാശാല നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ എഞ്ചിനീയറിംഗ് ബിരുദ പ്രവേശന നടപടികള്‍ ഏകദേശം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇതുവരെ തുടര്‍ന്നു പോന്ന സാമ്പ്രദായിക പഠന രീതികളില്‍ നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാണ് സാങ്കേതിക സര്‍വ്വകലാശാലയുടെ സിലബസും രീതികളും.അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ മാറ്റങ്ങള്‍ എത്രകണ്ട് ഉള്‍കൊള്ളും എന്നത് ഒരു ചോദ്യചിഹ്നമായി തുടരുന്നു.

           എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു ഘടകം സാങ്കേതിക സര്‍വ്വകലാശാലയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഇത്രയേയുള്ളൂ – എട്ട് സെമസ്റ്ററും പഠിച്ച് , എടുത്താല്‍ പൊങ്ങാത്ത മാര്‍ക്കും വാങ്ങി ,നിശ്ചയിക്കപ്പെട്ട 180 ക്രെഡിറ്റും നേടി “ലല്ലലം പാടി വന്നാലും” അവന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല! അത് ലഭിക്കണമെങ്കില്‍ ഓരോ വിദ്യാര്‍ത്ഥിയും 100 ആക്റ്റിവിറ്റി പോയിന്റ് കൂടി സമ്പാദിച്ച് അഡീഷണല്‍ 2 ക്രെഡിറ്റ് കൂടി നേടണം.എന്ന് വച്ചാല്‍ ‘പഠനം പഠനം” എന്ന് മാത്രം ചിന്തിച്ച് നടന്നാല്‍ പോര – എന്‍.എസ്.എസ്സ്‌ലോ, കലാ-കായിക രംഗത്തോ ,യൂണിയന്‍ രംഗത്തോ ,സംരഭകത്വ രംഗത്തോ പ്രവര്‍ത്തിച്ചിട്ടു വേണം ഈ 100 പോയിന്റ് നേടാന്‍ !

            കുട്ടികളെ ഇത്തരം ആക്ടിവിറ്റികളില്‍ പങ്കെടുപ്പിക്കാന്‍ ടൈംടേബിളില്‍ തന്നെ ആഴ്ചയില്‍ രണ്ട് പിരീഡ് അനുവദിക്കണമെന്ന് സാങ്കേതിക സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്നു.എന്ന് വച്ചാല്‍ എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ക്ലാസ് എടുക്കാനുള്ള അവസരം ലഭിക്കുന്നു.അതിലൂടെ എല്ലാ കുട്ടികള്‍ക്കും എന്‍.എസ്.എസ് എന്താണെന്ന് മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ക്ക് അതില്‍ അംഗമാവാനും അതിലുപരി കാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അറിയുന്ന ഒരാളായി എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്ക് മാറാനും അവസരം ലഭിക്കുന്നു.

           എന്റെ കോളെജിലെ അഞ്ച് ഒന്നാം വര്‍ഷ ക്ലാസ്സുകളിലും ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഞാന്‍ ക്ലാസ് എടുത്തു. എഞ്ചിനീയറിംഗിന് പഠിക്കാനായി അഡീഷണല്‍ മാത്‌സ് എടുത്ത് ദയനീയമായി പരാചയപ്പെട്ട എനിക്ക് അതേ എഞ്ചിനീയറിംഗ് കോളേജില്‍ ടൈംടേബിളിന്റെ ഭാഗമായി ക്ലാസ് എടുക്കാന്‍ അവസരം ലഭിച്ചത് ഒരു പക്ഷേ കാലത്തിന്റെ വികൃതി ആയിരിക്കാം.

സ്വാതന്ത്ര്യദിനവും എന്റെ കുഞ്ഞുമോളും

        
           വ്യാഴാഴ്ച എന്റെ കുഞ്ഞുമോള്‍ ലൂന സ്കൂളില്‍ നിന്ന് തിരിച്ചെത്തിയത് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ കുറിപ്പും നെഞ്ചില്‍ കുത്തുന്ന ഒരു കൊടിയും കൊണ്ടാണ്. ഒരു പക്ഷേ സ്വാതന്ത്ര്യദിനാഘോഷത്തെക്കുറിച്ച് സ്കൂളില്‍ നിന്ന് പറഞ്ഞറിഞ്ഞതായിരിക്കും അത് നാളെത്തന്നെയായിരുന്നെങ്കില്‍ എന്ന് ആ കുഞ്ഞുമനസ്സ് ആഗ്രഹിച്ചുപോയത്.

          കുഞ്ഞുമോളുടെ ആവേശം കണ്ട് ഞാന്‍ അവള്‍ക്ക് സ്വാതന്ത്ര്യ സമരത്തിലെ  ചില ഏടുകള്‍ പറഞ്ഞ് കൊടുത്തു.എന്റെ ഉമ്മ വഴി ഞങ്ങള്‍ അറിയുന്ന ഞങ്ങളുടെ പൂര്‍വ്വപിതാക്കളുടെ സമരങ്ങളും “വെള്ളപ്പട്ടാളം” എന്ന ബ്രിട്ടീഷ് പട്ടാളം അവരെ ജയിലില്‍ അടച്ചതും ചിലരെ വെടിവച്ചതും അവള്‍ സാകൂതം കേട്ടിരുന്നു. ആ വെള്ളപ്പട്ടാളത്തെ ഗാന്ധിജിയുടെയും (കേരള ഗവര്‍മെന്റ് കലണ്ടറില്‍ കണ്ട് അവള്‍ക്ക് നല്ല പരിചയമുള്ള മുഖം) മറ്റും നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നും പുറത്താക്കിയ ദിവസമാണ് ആഗസ്ത് 15 എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു.

        അപ്പോള്‍ വെള്ളപ്പട്ടാളം ഇനിയും വരുമോ എന്നായി അവളുടെ ചോദ്യം. ഇപ്പോള്‍ നമുക്ക് നമ്മുടെ പട്ടാളം ഉള്ളതിനാല്‍ അവര്‍ ഇനി വരില്ല എന്ന് ഞാന്‍ പറഞ്ഞു.അവള്‍ക്ക് ഒന്ന് കൂടി വ്യക്തമാകാന്‍ അവളുടെ കൂടെ സ്കൂളിലേക്ക് ഓട്ടോയില്‍ കയറുന്ന സിദയുടെ ഉപ്പ പട്ടാളക്കാരനാണെന്നും ഞാന്‍ പറഞ്ഞു.അപ്പോള്‍ അയാളും വെടി വയ്ക്കുമോ എന്നായി പിന്നെ ചോദ്യം !

           ആറ് വര്‍ഷമായി ഞാന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചുകൊണ്ടിരുന്നത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ കൂടെയായിരുന്നു. എന്റെ കോളേജില്‍ പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഇല്ലാത്തതിനാല്‍  ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിനപ്പുലരിയില്‍ ഞാന്‍ വീട്ടിലായിരുന്നു. അങ്ങനെ ഇന്ന് രാവിലെ ഞാന്‍ തന്നെ മോളെ സ്കൂളില്‍ കൊണ്ടാക്കി. മൂവര്‍ണ്ണ കൊടികളും തൊപ്പിയും ആം ബാന്റും റിബ്ബണും എല്ലാം അണിഞ്ഞ് ഉത്സാഹത്തോടെ കുട്ടികള്‍ വന്നിറങ്ങുന്നത് കണ്ടപ്പോള്‍ എന്റെ മനം നിറഞ്ഞു.എന്റെ കുട്ടിക്കാലത്ത് ഇത്രയും വര്‍ണ്ണശബളമായ ഒരു  സ്വാതന്ത്ര്യദിനാഘോഷം ഉണ്ടായിരുന്നതായി എനിക്കോര്‍മ്മയില്ല.വര്‍ഷങ്ങളായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനാല്‍ ഇന്നും അത് മുടങ്ങരുതെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

            അങ്ങനെ  ഈ 69ആം സ്വാതന്ത്ര്യദിനപ്പുലരി ഞാന്‍ എന്റെ കുഞ്ഞുമോളുടെ സ്കൂളിലെ കുട്ടികളുടെ ആഘോഷം കാണാനായി മാറ്റിവച്ചു.കാഴ്ചക്കാരനായി ഞാന്‍ പിന്നില്‍ നില്‍ക്കുന്നത് മനസ്സിലാക്കി സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നെ വേദിയിലേക്കും ക്ഷണിച്ചു.വേദിയിലിരിക്കുന്ന എന്നെ, സദസ്സില്‍ നിന്നും ഇടക്കിടക്ക് നോക്കി പുഞ്ചിരിക്കുന്ന എന്റെ മകളുടെ മുഖത്തെ അഭിമാനം അപ്പോള്‍ ഞാന്‍ ശരിക്കും ദര്‍ശിച്ചു.അവളുടെ ടീച്ചറും എന്റെ സാന്നിദ്ധ്യം എടുത്ത് പറഞ്ഞപ്പോള്‍ അവള്‍ക്ക് ഇരട്ടി സന്തോഷമായി.

           തീര്‍ച്ചയായും മക്കളുടെ ഉയര്‍ച്ചയില്‍ മാതാപിതാക്കള്‍ അഭിമാനിക്കുന്നു. മാതാപിതാക്കളുടെ ഉയര്‍ച്ചയില്‍ മക്കളും അഭിമാനം കൊള്ളുന്നു.കൊടുത്തും വാങ്ങിയും സംവദിച്ചും നമുക്ക് അഭിമാനിതരാകാം.എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. 

ടീം PSMO @ ഊട്ടി – 3


             മസിനഗുഡി മാറ്റി ഊട്ടിയിലേക്ക് ട്രിപ് മാറ്റിയതിനാല്‍ ഈ യാത്രയിലും മസിനഗുഡി സന്ദര്‍ശനം നഷ്ടമായതിന്റെ എന്തോ ഒന്ന് എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ മടക്കയാത്ര അത് വഴിയാക്കാം എന്ന് വെറുതെ തലേദിവസം പറഞ്ഞിട്ടിരുന്നു. ഉച്ചവരെ അത് തന്നെയായിരുന്നു തീരുമാനവും.പക്ഷേ ജുമാ കഴിഞ്ഞ് വില്ലയില്‍ തിരിച്ചെത്തി വെക്കേറ്റ് ചെയ്യുമ്പോള്‍ സമയം മൂന്ന് മണിയോടടുത്തിരുന്നു.ഭക്ഷണം വഴിയില്‍ നിന്നാക്കാം എന്ന് ഐക്യകണ്ഠേന പാസ്സാക്കിയെങ്കിലും ഇന്നലെ കയറിയ ‘യമ്മി’യുടെ നേരെ എതിര്‍ഭാഗത്ത് കണ്ട ‘ഹൈദരാബാദി ബിരിയാണി’ എന്ന വലിയ ബോര്‍ഡ് ആമാശയ വിപുലീകരണം അനിവാര്യമാക്കി.
             180-200 രൂപ റേഞ്ചില്‍ ചിക്കന്‍ – മട്ടണ്‍ ഹൈദരാബാദി ബിരിയാണി ലഭിച്ചപ്പോള്‍ എല്ലാവരിലും ഉറങ്ങിക്കിടന്ന തീറ്റപണ്ടാരം വീണ്ടും ഉണര്‍ന്നെണീറ്റു.അങ്ങനെ ആ അങ്കവും പൂര്‍ത്തിയാകുമ്പോള്‍ സമയം നാല് മണി! മസിനഗുഡി വഴിയുള്ള യാത്ര ഇനി സുരക്ഷിതമല്ല എന്ന് അത് വഴി പലതവണ പോയ സഫറുള്ളയും എന്തോ ഉള്‍ഭയം കാരണം സുനിലും പറഞ്ഞപ്പോള്‍ മടക്കയാത്ര മസിനഗുഡി വഴി മാത്രം എന്ന് ഞാനും ബാസിലും തറപ്പിച്ച് പറഞ്ഞു.മകളുടെ സ്കൂളിലെ പി.ടി.എ മീറ്റിംഗ് നഷ്ടമായ അസ്‌ലമിന് യാത്ര ഇനിയും നീളട്ടെ എന്നായിരുന്നു ആഗ്രഹം. വണ്ടി ഓടിക്കുന്ന മെഹ്‌റൂഫിന്റെ ധൈര്യവും കൂടി വിഷയത്തില്‍ കലര്‍ത്തി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ തലൈകുന്ദ ജംഗ്‌ഷനില്‍ ഞങ്ങളുടെ മെറൂണ്‍ ഇന്നോവ കാര്‍ വലത്തോട്ട് തിരിഞ്ഞു.

           വണ്ടി മുന്നോട്ട് പോകുമ്പോഴും അതുവഴി പോകേണ്ട എന്ന് സുനില്‍ പറഞ്ഞു കൊണ്ടിരുന്നു.മുതുമല-ഗൂഡലൂര്‍ റോഡിന്റെ ശോച്യാവസ്ഥയാണ് അവന്‍ നിരത്തുന്ന കാരണമെങ്കിലും ഊട്ടി-മസിനഗുഡി പാതയും വന്യമൃഗങ്ങളെ കണ്ടേക്കുമെന്ന ഉള്‍ഭയവുമായിരുന്നു യഥാര്‍ത്ഥ കാരണം.അല്പം മുന്നോട്ട് പോയി കുത്തനെയുള്ള ഒരു ഇറക്കം കണ്ടപ്പോള്‍ എന്റെ മനസ്സും ഒന്ന് പിടച്ചു.വീണ്ടും മുന്നോട്ട് പോയപ്പോള്‍ കണ്ടത് ഒരു ഹെയര്‍പിന്‍ വളവും 1/36 എന്ന ബോര്‍ഡും.എന്ന് വച്ചാല്‍  മൊത്തം 36 ഹെയര്‍പിന്‍ വളവുകള്‍ താണ്ടാനുണ്ട് എന്ന്!!
          അങ്ങനെ, കണ്ടതും കേട്ടതുമായ അപകട പരമ്പരകളുടെ വിവരണത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ ഓരോ ഹെയര്‍പിന്‍ വളവുകള്‍ പിന്നിടാന്‍ തുടങ്ങി. 36 വളവും കൃത്യമായി വളച്ച് സുരക്ഷിതമായി വണ്ടി താഴെ എത്തിച്ചതിന്റെ “പിഴ” എന്ന നിലക്ക് മെഹ്‌റൂഫ് എല്ലാവര്‍ക്കും ചായ വാങ്ങിക്കൊടുക്കേണ്ടി വന്നു !! ഹെയര്‍ പിന്‍ വളവുകള്‍ കഴിഞ്ഞതിന്റേയും ചായ അകത്ത് ചെന്നതിന്റേയും ആശ്വാസത്തില്‍ സുനില്‍ ആ സത്യം പറഞ്ഞു – ഇത് ഇത്രേയുള്ളൂ എന്ന് ഇത്‌വരെ ഇതിലെ പോകാത്തതിനാല്‍ ഞാന്‍ അറിഞ്ഞില്ല !!


           ഊട്ടിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തില്‍ കാടിനകത്തുള്ള ഒരു ചെറിയ അങ്ങാടി – അതാണ് മസിനഗുഡി എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്.ഈ ചെറു അങ്ങാടിക്ക് മുമ്പും ശേഷവും വനത്തിലേക്ക് നീളുന്ന നിരവധി പാതകള്‍ ഉണ്ട്.അവ ഓരോന്നും അവസാനിക്കുന്നത് ഓരോ റിസോര്‍ട്ടിലാണെന്ന് കൂട്ടത്തില്‍ അറിവുള്ളവര്‍ പറഞ്ഞു. ഗൂഡലൂര്‍ എത്താന്‍ ഇനിയും ഏകദേശം 25 കിലോമീറ്റര്‍ സഞ്ചരിക്കണം.

            മസിനഗുഡി കഴിഞ്ഞ് അല്പസമയം കഴിഞ്ഞ് തന്നെ ഞങ്ങള്‍ മുതുമല കടുവാ സങ്കേതത്തിന്റെ കോര്‍ ഏരിയയില്‍ പ്രവേശിച്ചു (ഇഷ്ടമുണ്ടായിട്ടല്ല ,റോഡ് അതു വഴിയായിരുന്നു ).
            വൈകുന്നേരമായതിനാല്‍ സഞ്ചാരികളുടെ ജീപ്പുകളും മറ്റ് വാഹനങ്ങളും ഇടക്കിടെ കാണാമായിരുന്നു.കടുവകള്‍ക്ക് ഇരയാവാന്‍ വേണ്ടി പെറ്റു പെരുകിയ ധാരാളം പുള്ളിമാനുകള്‍ കൂട്ടം കൂട്ടമായി റോഡില്‍ നിന്നും അല്പം മാറി ഉള്‍ക്കാട്ടില്‍ മേയുന്നുണ്ടായിരുന്നു. മെയിന്‍ റോഡ് എത്തുന്നതിന് തൊട്ട് മുമ്പ് ഞങ്ങളെ യാത്രയാക്കാനായി ഒരു മയില്‍ തൊട്ടരികില്‍ പ്രത്യക്ഷപ്പെട്ടു. മസിനഗുഡി റോഡ് ,ഊട്ടി – മൈസൂര്‍ റോഡില്‍ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പ് പ്രസിദ്ധമാണ്.ഇവിടെ നിന്നാണ് മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള സഫാരികള്‍ ഓപെറേറ്റ് ചെയ്യുന്നതും.

            നാഷണല്‍ ഹൈവേ 67ലേക്ക് പ്രവേശിച്ചതോടെ യാത്ര എളുപ്പമായി.അപ്പോഴും സഞ്ചരിക്കുന്നത് കാട്ടിനകത്ത് കൂടിയാണ് എന്നതിനാ‍ല്‍ ശ്രദ്ധിച്ചേ ഡ്രൈവ് ചെയ്യാനൊക്കൂ.ഇടക്കിടെ ഗട്ടറുകള്‍ ഉള്ളതിനാല്‍ ശ്രദ്ധ കൂടും എന്നതില്‍ സംശയമില്ല.നിശ്ചിത സമയത്തിനും നേരത്തെ ഗൂഡലൂരില്‍ എത്തുകയും കൂടി ചെയ്തപ്പോഴാണ് ഈ റൂട്ടിന്റെ ദൂരക്കുറവും യാത്രാസ്വാദനവും ഞങ്ങളില്‍ പലര്‍ക്കും മനസ്സിലായത്.വൈകിട്ട് ഏഴ് മണിക്ക് എടക്കരയില്‍ തിരിച്ചെത്തി, പലരും പല വഴിക്ക് പിരിഞ്ഞതോടെ ഈ വര്‍ഷത്തെ സംഗമത്തിനും പരിസമാപ്തിയായി


(അവസാനിച്ചു)

Thursday, August 13, 2015

ടീം PSMO @ ഊട്ടി - 2

             ആദ്യം ഭക്ഷണം , പിന്നെ താമസം എന്നായിരുന്നു ഊട്ടിയില്‍ പ്രവേശിക്കുമ്പോള്‍ എല്ലാവരുടേയും മനസ്സിലെ മന്ത്രം.അതു പ്രകാരം അസ്ലമിന്റെ അനുഭവ ജ്ഞാനത്തില്‍ നിന്ന് , ചാറിംഗ് ക്രോസിന് സമീപം തന്നെയുള്ള ‘യമ്മി’യില്‍ കയറി അത്യാവശ്യം നന്നായി തന്നെ തട്ടി.നല്ല ബില്ല്‌ പ്രതീക്ഷിച്ചെങ്കിലും ആറ് പേര്‍ക്കും കൂടി ആയിരം രൂപയില്‍ താഴെ മാത്രമാണ് ആയത്. ഭക്ഷണം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി 11 മണി ആയിരുന്നു. താമസിക്കാന്‍ ഏത് ഹോട്ടലുകാരനും വില പേശാനുള്ള അവസരം നല്‍കുന്ന സമയം.ഈ സമയത്ത് മറ്റൊരു കസ്റ്റമര്‍ വരാന്‍ സാധ്യത ഇല്ല എന്നതിനാല്‍ ഏത് കസ്റ്റമര്‍ക്കും വില പേശാനുള്ള അവസരം നല്‍കുന്ന സമയവും.

                  അപ്പോഴാണ് തലേ ആഴ്ച മെഹ്‌റൂഫിന്റെ സഹോദരന്‍ നോക്കിപ്പോയ സ്ഥലത്തിനടുത്ത് ഒരു വില്ല ഉണ്ടായിരുന്നതായും അത് നോക്കി നടത്തുന്ന ആനന്ദ് എന്നയാളുടെ നമ്പര്‍ അന്ന് വാങ്ങിയിരുന്നതായും മെഹ്‌റൂഫ് പെട്ടെന്ന് ഓര്‍മ്മിച്ചെടുത്തത്.സഹോദരനെ വിളിച്ച് നമ്പര്‍ വാങ്ങി മെഹ്‌റൂഫ് എനിക്ക് തന്നു.എനിക്കറിയാവുന്ന തമിഴില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ച് ചോദിച്ചപ്പോള്‍ വില്ല അവൈലബ്‌ള്‍ ആണെന്നും ബോട്ട് ഹൌസിന് സമീപമാണെന്നും വിവരം ലഭിച്ചു.രണ്ട് ബെഡ്‌റൂം വില്ലക്ക് 3000 രൂപ വാടകയും പറഞ്ഞു.മറ്റൊരു ഹോട്ടലില്‍ ഡബീള്‍ റൂമിന് 5000 രൂപ പറഞ്ഞതിനാല്‍ വണ്ടി നേരെ ബോട്ട് ഹൌസിനടുത്തേക്ക് വിട്ടു.ആനന്ദ് ഞങ്ങളേയും പ്രതീക്ഷിച്ച് ഓട്ടോയുമായി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

              മൂഞില്‍ ഇല്ലം എന്ന വില്ല ആദ്യ നോട്ടത്തില്‍ തന്നെ എല്ലാവരുടേയും മനം കവര്‍ന്നു.കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ താമസം അവിടെത്തന്നെ ഉറപ്പിച്ചു.ഉടന്‍ ഞങ്ങളുടെ മലയാളി മനസ്സ്  ഉണര്‍ന്നു – ഒന്ന് വിലപേശാം.ആനന്ദ് 3000 പറഞ്ഞിടത്ത് ഞങ്ങള്‍ 2500 പറഞ്ഞു.ആനന്ദ് 2700ലേക്ക് എത്തിയെങ്കിലും ആ സമയത്ത് ഇനി ആരും വരാനില്ല എന്നതിനാല്‍ ഞങ്ങള്‍ 2500ല്‍ നിന്ന് ഉയര്‍ന്നില്ല.അങ്ങനെ അത് 2500ല്‍ തന്നെ ഉറപ്പിച്ചു.

             വില്ലയുടെ താഴെ രണ്ട് ബെഡ്‌റൂമും മുകളില്‍ മൂന്ന് ബെഡ്‌റൂമും ആണുള്ളത്.താഴെ റൂമുകള്‍ക്ക് സീസണില്‍ 5000 രൂപയും ഓഫ് സീസണില്‍ 3000 രൂപയും ആണ് വാടക.മുകളില്‍ സീസണില്‍ 6000 രൂപയും ഓഫ് സീസണില്‍ 3500 രൂപയും.വില പേശലില്‍ റേറ്റ് താഴും എന്ന് മുകളിലെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാം.ബോട്ട് ഹൌസില്‍ നിന്നും ഒരു വിളിപ്പാടകലെ മാത്രമായതിനാല്‍ ഫാമിലികള്‍ക്ക് അനുയോജ്യമാണ് (ഫോണ്‍: 9443102202)

                 രാത്രി ഏറെ വൈകുവോളം ഞങ്ങള്‍ പഴയ പ്രീഡിഗ്രിക്കാരായി.ആണും പെണ്ണും സീനിയേഴ്സും അദ്ധ്യാപകരും അടക്കമുള്ള അന്നത്തെ എല്ലാ കഥാപാത്രങ്ങളും ലൊക്കേഷനുകളും ഞങ്ങളുടെ സംസാരത്തില്‍ വീണ്ടും പുനരവതരിക്കപ്പെട്ടു.ഭാര്യയും മൂന്നും നാലും  കുട്ടികളുമുള്ള ഞങ്ങള്‍ എല്ലാവരും ഒരു ദിവസത്തേക്ക് വീണ്ടും ബാചിലേഴ്സ് ആയി.ആ തിരിച്ചുപോക്ക് ഹൃദ്യമായ ഒരു അനുഭവം തന്നെയായി.

              പിറ്റേന്ന് എന്ത് ചെയ്യണം എന്ന് വ്യക്തമായി ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. ഊട്ടിയില്‍ എത്തിയതിനാല്‍ ഊട്ടിയുടെ ഏതെങ്കിലും ലാന്റ്മാര്‍ക്കില്‍ തൊടണം എന്ന് സുനില്‍ നിര്‍ബന്ധം പിടിച്ചു.അങ്ങനെ പ്രാതല്‍ കഴിഞ്ഞ് ഞങ്ങള്‍ ബോട്ടിംഗിനായി ലേക്കിലേക്ക് പോയി.

ഊട്ടിയിലെ ബോട്ട്‌ഹൌസിലെ ആദ്യത്തേത് സ്വകാര്യ ബോട്ട്‌ഹൌസ് ആണ് പോലും.എല്ലാവരും അവിടെ തിക്കിത്തിരക്കുന്നതിനാല്‍ ബോട്ടിംഗിനും കുട്ടികളുടെ പാര്‍ക്കിലും അവസരം കിട്ടാന്‍ സാധ്യത കുറവാണ്.കൂടാതെ വാഹനപാര്‍ക്കിംഗിനും ക്യാമറക്കും എല്ലാം അഡീഷണല്‍ തുക നല്‍കണം.ഈ ബോട്ട്‌ഹൌസില്‍ നിന്ന് അല്പം കൂടി മുന്നോട്ട് പോയാല്‍ തമിഴ്‌നാട് ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ ബോട്ട്‌ഹൌസിലെത്തും.അവിടെ തിരക്ക് വളരെ കുറവാണ്.ആറ് പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടിന് 15 മിനുട്ട് സമയത്തേക്ക് 450 രൂപയാണ് ഫീസ്.മേല്‍ പറഞ്ഞ അധികത്തുകകള്‍ ഒന്നും തന്നെയില്ല.കുട്ടികള്‍ക്കായി നല്ലൊരു പാര്‍ക്കും ഉണ്ട്.ഈ വിവരങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നത് മെഹ്‌റൂഫ് ആയിരുന്നു.



             ബോട്ടിംഗ് കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും റൂമിലെത്തി വിശ്രമിച്ചു.വെള്ളിയാഴ്ച ആയതിനാല്‍ 12 മണിയോടെ പള്ളിയിലേക്കും നീങ്ങി.ജുമാ കഴിഞ്ഞ് ഏകദേശം രണ്ടരയോടെ ഞങ്ങള്‍ വില്ലയോട് ബൈ പറഞ്ഞു.സീസണിലും ഓഫ് സീസണിലും ഊട്ടിയില്‍ തങ്ങാന്‍ നല്ലൊരു സ്ഥലം കണ്ടെത്തിയതില്‍ എല്ലാവര്‍ക്കും സന്തോഷം തോന്നി.



(Next: Click Here

ടീം PSMO @ ഊട്ടി -1

            എന്റെ കലാലയ ജീവിതം ആരംഭിക്കുന്നത് തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജില്‍ പ്രീഡിഗ്രിക്ക് ചേരുന്നതോടെയാണ്.വീട്ടില്‍ നിന്നും പോയി വരാവുന്ന ദൂരത്തായിട്ടു പോലും എന്തൊക്കെയോ സ്വപ്നങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ട് ബാപ്പ എന്നെ ഹോസ്റ്റലില്‍ ചേര്‍ത്തു.ഒരു കണക്കിന് അത് പിന്നീട് അനുഗ്രഹമായി.പ്രീഡിഗ്രിക്ക് ശേഷം ഡിഗ്രിക്ക് ഫാറൂഖ്‌കോളേജിലും പി.ജി.ഡി.സി.എ ക്ക് കോഴിക്കോട് ഐ.എച്.ആര്‍.ഡി.സെന്ററിലും,ബി.എഡിന് മലപ്പുറം സെന്ററിലും മാസ്റ്റര്‍ ബിരുദത്തിന് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലും പൊന്നാനി എം.ഇ.എസ് കോളേജിലും ഒക്കെയായി കലാലയ ജീവിതം ഞാന്‍ ശരിക്കും ആസ്വദിച്ചു.എന്നാല്‍ എന്തുകൊണ്ടോ പ്രീഡിഗ്രിക്ക് താമസിച്ച ഹോസ്റ്റലിനോടും ആ കൂട്ടുകെട്ടിനോടും എന്നും ഒരു പണത്തൂക്കം അടുപ്പം കൂടുതലായിരുന്നു.അതിനാല്‍ തന്നെ ഈ ഗ്രൂപ്പിന്റെ ‘അവൈലബ്ല് പി.ബി’  ഈ സംഗമത്തിന്ശേഷം വര്‍ഷത്തിലൊരിക്കല്‍ എടക്കരക്കാരന്‍ മെഹ്‌റൂഫിന്റെ വീട്ടില്‍ കൂടിയിരുന്നു.

             ഈ വര്‍ഷവും ആ സംഗമം ജൂലൈ  23ന് എടക്കര വച്ച് നടന്നു.എനിക്കും മെഹ്റൂഫിനും, പുറമെ ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന ഡോ.എന്‍.വി.സഫറുള്ള (സൈക്കോളജിസ്റ്റ്) , താനൂര്‍ സ്വദേശി അസ്ലം (ബിസിനസ്), അബുദാബിയില്‍ ജോലി ചെയ്യുന്ന അരീക്കോട് സ്വദേശികളായ സുനില്‍ സലീം (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍) , അമീന്‍ ബാസില്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍) എന്നിവരായിരുന്നു ഇത്തവണത്തെ ‘അവൈലബ്ല് പി.ബി’ .ഉര്‍വശീ ശാപം ഉപകാരം എന്ന പോലെ, വയനാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാല്‍  ഇപ്പോള്‍ ഏത് വര്‍ക്കിംഗ് ഡേയും എനിക്ക് ലീവ് ലഭിക്കുമായിരുന്നു.


          ഉച്ചയോടെ എടക്കര എത്തി , സ്വല്പം വിശ്രമിച്ച ശേഷം നാടുകാണി ചുരം കയറി ,പഴയ ഹോസ്റ്റല്‍ ദിനങ്ങളും കലാലയ ദിനങ്ങളും അയവിറക്കി ഒരു രാത്രി എവിടെ എങ്കിലും ചിലവഴിക്കാം എന്നായിരുന്നു പതിവിന് വിപരീതമായി ഇത്തവണ പ്ലാന്‍ ചെയ്തത്.ഗൂഡലൂരും മസിനഗുഡിയും ഊട്ടിയും ഒക്കെ തങ്ങാനുള്ള ഇടമായി ചര്‍ച്ചയില്‍ വന്നെങ്കിലും വൈകുന്നേരമായിട്ടും ഒരു തീരുമാനമായില്ല.അവസാനം വഴിയില്‍ നിന്ന് തീരുമാനിക്കാം എന്ന തീരുമാനത്തോടെ വണ്ടി എടുത്തു.വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ചും ചായ കുടിക്കാനിറങ്ങിയും സ്നാപ്പുകള്‍ എടുത്തും സന്ധ്യാസമയത്ത് ഞങ്ങള്‍ എത്തിയത് ഗൂഡലൂര്‍ ആയിരുന്നു.


              മസിനഗുഡിയില്‍ രാത്രി എത്തിയാല്‍ റിസോര്‍ട്ട് കിട്ടാന്‍ പ്രയാസമാണെന്നതിനാല്‍ ഞാന്‍ ആഗ്രഹിച്ച ആ സങ്കേതം അപ്പോള്‍ തന്നെ ചര്‍ച്ചയില്‍ നിന്ന് പുറത്തായി.ഒരു മാസം മുമ്പ് ഊട്ടിയില്‍ പോയിരുന്നതിനാല്‍ എനിക്ക് ഊട്ടി താല്പര്യം തോന്നിയില്ല. ഗൂഡലൂര്‍ നില്‍ക്കാന്‍ ആര്‍ക്കും താല്പര്യം ഇല്ലാത്തതിനാല്‍ വണ്ടി ഊട്ടിയിലേക്ക് വിടാന്‍ തന്നെ തീരുമാനമായി.സമയം അപ്പോള്‍ രാത്രി എട്ട് മണി.ഊട്ടിയില്‍ 200ലധികം തവണ പോയി എന്നവകാശപ്പെടുന്ന അസ്ലമും മെഹ്‌റൂഫും തന്ന ഉറപ്പില്‍ ,താമസ സൌകര്യം ലഭിക്കും എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ നീലഗിരി കുന്നുകള്‍ താണ്ടാന്‍ തുടങ്ങി.

              രാത്രി ആയതിനാല്‍ റോഡില്‍ ട്രാഫിക് കുറഞ്ഞിരുന്നു.പുറത്തെ കനത്ത ഇരുട്ടിനെ ഒന്ന് കൂടി കനപ്പിക്കാന്‍ കോടയും മൂടിത്തുടങ്ങിയിരുന്നു.റോഡിന്റെ അവസ്ഥ പറയാനും വയ്യ.പക്ഷെ ഡ്രൈവര്‍ സീറ്റിലിരുന്ന മെഹ്‌റൂഫിന് അതെല്ലാം ‘ക്യാ ഹെ’ ആയിരുന്നു.പ്രീഡിഗ്രിക്കാലത്തെ പാട്ടും കഥകളുമായി വണ്ടി ഊട്ടി ലക്ഷ്യമാക്കി കുതിച്ചു.വഴിയരികില്‍ വന്യ ജീവികളെ കാണാനുള്ള സാധ്യതാ ബോര്‍ഡുകള്‍ കണ്ടതിനാല്‍ ഞങ്ങള്‍ പുറത്തേക്കും ശ്രദ്ധിച്ചിരുന്നു. എവിടെയാണെങ്കിലും ആറ് മണിക്ക് മുമ്പേ ചുരം ഇറങ്ങിയിരിക്കണം എന്നായിരുന്നു സുനിലിന്റെ ഉപ്പയുടെ നിര്‍ദ്ദേശം.പക്ഷേ ആറ് മണിക്ക് ശേഷം ഞങ്ങള്‍ ചുരം ഇറങ്ങുകയായിരുന്നില്ല, ചുരം കയറുകയായിരുന്നു !! വഴിയിലെ  സൂചനാബോര്‍ഡുകളും ബാപ്പയുടെ നിര്‍ദ്ദേശവും പിന്നെ ആമാശയത്തില്‍ നിന്നുള്ള പൊല്ലാപ്പുകളും സുനിലിന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാനം എല്ലാം കൂടി വഴിയില്‍ കൊട്ടിയപ്പോള്‍ അവനും ഞങ്ങള്‍ക്കും അല്പം സമാധാനമായി.

              പ്രതീക്ഷിച്ചപോലെ വലിയ കേഴമാനുകള്‍ വഴിയരികില്‍ കണ്ടു.ആനകളെപ്പറ്റിയുള്ള മുന്നറിയിപ്പ് ബോര്‍ഡും ഇടക്കിടക്ക് ഉണ്ടായതിനാല്‍ മുന്‍ സീറ്റില്‍ ഇരുന്ന സുനിലിന്റെ ഹൃദയമിടിപ്പ് പിന്‍ സീറ്റിലിരുന്നവര്‍ക്കും കേള്‍ക്കാമായിരുന്നു ! എന്നാല്‍ അത്തരം ഒരു മൃഗത്തേയും കാണാതെ രാത്രി പത്ത് മണിക്ക് ഞങ്ങള്‍ ഊട്ടിപട്ടണത്തില്‍ പ്രവേശിച്ചു. ഓഫ് സീസണ്‍ ആയിട്ടും ഊട്ടി സുന്ദരിയായിരുന്നു.





( ബാക്കി: Click Here

Wednesday, August 12, 2015

ആദ്യത്തെ കേരളീയന്‍

             വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറ്റം കിട്ടി ഞാന്‍ ജോയിന്‍ ചെയ്യാന്‍ എത്തുമ്പോഴേ എനിക്കായി ഒരു കസേര അവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.ആര്‍ക്കും വേണ്ടാത്ത ആ കസേരയില്‍ എന്നെത്തന്നെ ഇരുത്താന്‍, ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ സ്റ്റാഫ് കൌണ്‍സില്‍ മീറ്റിംഗ് കൂടി തീരുമാനവുമാക്കിയിരുന്നു.സീറ്റ് മറ്റൊന്നുമല്ല , എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ! 

          അങ്ങനെ രണ്ട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആവുന്ന ആദ്യത്തെ കേരളീയന്‍ എന്ന ബഹുമതി എനിക്ക് ലഭിച്ചു.ഇക്കഴിഞ്ഞ പ്രോഗ്രാം ഓഫീസര്‍മാരുടെ വാര്‍ഷിക സംഗമത്തില്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ രണ്ട് ജില്ലകളുടെ കോര്‍ഡിനേറ്റര്‍ ആകുന്ന ആദ്യത്തെ വ്യക്തി എന്ന ബഹുമതിയും എനിക്ക് ലഭിച്ചു(ഇത് ഒരു ചരിത്ര സംഭവമാണെങ്കിലും പി.എസ്.സിക്ക് ചോദ്യമായി വരില്ല എന്ന് മുന്നറിയിപ്പ് തരുന്നു!).