കണ്ണിമാങ്ങ പ്രായം കഴിഞ്ഞവരും താഴേക്ക് വീഴാൻ തുടങ്ങിയതോടെ മനസ്സിൽ ഒരു ആശങ്ക നിറഞ്ഞു. നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും നന്നായി വെള്ളമൊഴിച്ച് കൊടുക്കാൻ തുടങ്ങി. അതോടെ കണ്ണിമാങ്ങ വീഴ്ച്ചയും കുറഞ്ഞ് കുറഞ്ഞ് വന്നത് ഞാൻ നിരീക്ഷിച്ചു മനസ്സിലാക്കി. ശേഷം രണ്ട് മാവുകൾക്കും വെള്ളം സുലഭമായി നൽകിത്തുടങ്ങി.
മൂവാണ്ടൻ മാവിൽ കയ്യെത്തും ഉയരത്തിലും ഒട്ടുമാവിൽ കാലെത്തും ഉയരത്തിലും ആയിരുന്നു മാങ്ങകൾ ഉണ്ടായിരുന്നത്. ഒരു ഭാഗത്തെ മാങ്ങകൾ അത്യാവശ്യം മൂപ്പെത്തിയപ്പോഴേക്കും അതേ കൊമ്പിൽ ഉണ്ണിമാങ്ങകൾ വീണ്ടും വിരിഞ്ഞ് തുടങ്ങിയതും കണ്ടു. കഴിഞ്ഞ വർഷം മുതലാണ് ഈ സ്വഭാവ വ്യത്യാസം കണ്ടു തുടങ്ങിയത്.
മാങ്ങ വലുതായതോടെ ഞെട്ടറ്റ് വീഴലും നിന്നു. ഏപ്രിൽ 27 ന് മൂവാണ്ടൻ മാവിൻ നെറുകയിൽ ഒരണ്ണാൻ ചിലച്ചപ്പോൾ , ആദ്യത്തെ പഴുത്ത മാങ്ങ താഴെ വീണു. പിന്നീട് രണ്ട് ദിവസം വീതം ഇടവിട്ട് നാല് തവണ മാങ്ങ പറിച്ചപ്പോഴാണ് മാങ്ങയുടെ എണ്ണത്തിൽ നിലവിലുള്ള റിക്കാർഡ് തകർത്തത് തിരിച്ചറിഞ്ഞത്. ഇത് വരെ നൂറ്റമ്പതോളം മാങ്ങ കിട്ടി.
പതിവ് പോലെ, ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും ഒക്കെയായി ഈ വർഷവും ഇരുപതോളം കുടുംബം ഞങ്ങളുടെ മാങ്ങയുടെ രുചി അറിഞ്ഞു. എല്ലാവരോടും ഒരു അണ്ടിയെങ്കിലും മുളപ്പിച്ച് നട്ടു വളർത്താൻ അപേക്ഷിക്കുകയും ചെയ്തു. ഇനി അടുത്ത വൃശ്ചികം വരെ കാത്തിരിപ്പാണ് , മാവ് വീണ്ടും പൂക്കാൻ. മൂവാണ്ടൻ മാവിൻ നെറുകയിൽ ഒരണ്ണാൻ വീണ്ടും ചിലക്കാൻ.