Pages

Friday, May 29, 2020

മൂവാണ്ടൻ മാവിൻ നെറുകയിൽ

       ഒട്ട് മാവിൽ ഉണ്ണിമാങ്ങ പിടിക്കാൻ തുടങ്ങിയ സമയത്ത് തന്നെ തൊട്ടടുത്തുള്ള മൂവാണ്ടൻ മാവിലും കണ്ണിമാങ്ങ പിടിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അത്രയും പൂക്കൾ ആദ്യഘട്ടത്തിൽ കണ്ടില്ലെങ്കിലും അപ്പഴും ഇപ്പഴും ഒക്കെയായി പെട്ടെന്ന് കാണുന്ന ഭാഗങ്ങളിൽ എല്ലാം പൂക്കുലകൾ നിറഞ്ഞിരുന്നു. അവ എല്ലാം കണ്ണിമാങ്ങയായി മാറുകയും ചെയ്തു. പക്ഷെ Survival of the fittest എന്ന പ്രകൃതി നിയമത്തിൽ അവയിൽ പലതും ഞെട്ടറ്റ് വീണു.

            കണ്ണിമാങ്ങ പ്രായം കഴിഞ്ഞവരും താഴേക്ക് വീഴാൻ തുടങ്ങിയതോടെ മനസ്സിൽ ഒരു ആശങ്ക നിറഞ്ഞു. നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും നന്നായി വെള്ളമൊഴിച്ച് കൊടുക്കാൻ തുടങ്ങി. അതോടെ കണ്ണിമാങ്ങ വീഴ്ച്ചയും കുറഞ്ഞ് കുറഞ്ഞ് വന്നത് ഞാൻ നിരീക്ഷിച്ചു മനസ്സിലാക്കി. ശേഷം  രണ്ട് മാവുകൾക്കും വെള്ളം സുലഭമായി നൽകിത്തുടങ്ങി.

            മൂവാണ്ടൻ മാവിൽ കയ്യെത്തും ഉയരത്തിലും ഒട്ടുമാവിൽ കാലെത്തും ഉയരത്തിലും ആയിരുന്നു മാങ്ങകൾ ഉണ്ടായിരുന്നത്. ഒരു ഭാഗത്തെ മാങ്ങകൾ അത്യാവശ്യം മൂപ്പെത്തിയപ്പോഴേക്കും അതേ കൊമ്പിൽ ഉണ്ണിമാങ്ങകൾ വീണ്ടും വിരിഞ്ഞ് തുടങ്ങിയതും കണ്ടു. കഴിഞ്ഞ വർഷം മുതലാണ് ഈ സ്വഭാവ വ്യത്യാസം കണ്ടു തുടങ്ങിയത്. 

           മാങ്ങ വലുതായതോടെ ഞെട്ടറ്റ് വീഴലും നിന്നു. ഏപ്രിൽ 27 ന് മൂവാണ്ടൻ മാവിൻ നെറുകയിൽ ഒരണ്ണാൻ ചിലച്ചപ്പോൾ , ആദ്യത്തെ  പഴുത്ത മാങ്ങ താഴെ വീണു. പിന്നീട് രണ്ട് ദിവസം വീതം ഇടവിട്ട് നാല് തവണ മാങ്ങ പറിച്ചപ്പോഴാണ് മാങ്ങയുടെ എണ്ണത്തിൽ നിലവിലുള്ള റിക്കാർഡ് തകർത്തത് തിരിച്ചറിഞ്ഞത്. ഇത് വരെ നൂറ്റമ്പതോളം മാങ്ങ കിട്ടി. 
            പതിവ് പോലെ, ബന്ധുക്കളും  അയൽവാസികളും സുഹൃത്തുക്കളും ഒക്കെയായി ഈ വർഷവും  ഇരുപതോളം കുടുംബം ഞങ്ങളുടെ മാങ്ങയുടെ രുചി അറിഞ്ഞു. എല്ലാവരോടും ഒരു അണ്ടിയെങ്കിലും മുളപ്പിച്ച്  നട്ടു വളർത്താൻ അപേക്ഷിക്കുകയും ചെയ്തു. ഇനി അടുത്ത വൃശ്ചികം വരെ കാത്തിരിപ്പാണ് , മാവ് വീണ്ടും പൂക്കാൻ. മൂവാണ്ടൻ മാവിൻ നെറുകയിൽ ഒരണ്ണാൻ വീണ്ടും ചിലക്കാൻ.

11 comments:

Areekkodan | അരീക്കോടന്‍ said...

മാങ്ങാക്കാലം എന്തു രസായിരുന്നു.

വീകെ. said...

ഞാൻ ദിവസവും കാലത്ത് എഴുന്നേറ്റയുടൻ കിഴക്കേ ജനലിൻ്റെ ഒരുപാളി പതുക്കെ തുറന്നു നോക്കും. നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. കിഴക്കേപ്രത്തെ മൂവാണ്ടൻ മാവിൻ്റെ ചോട്ടിലാണ് കണ്ണുചെന്നെത്തുക. കാണും,ഒരു ആറേഴണ്ണം പഴുത്തത് താഴെ വീണ് കിടക്കുന്നുണ്ടാകും. ചില ദിവസങ്ങളിൽ 25 എണ്ണമൊക്കെ വീണു കിട്ടിയിട്ടുണ്ട്.വീട്ടിൽ അത്ര ചെറിയ കുട്ടികളൊന്നും ഇല്ലാത്തതു കൊണ്ട് മാമ്പഴക്കാലം ആസ്വദിക്കാൻ കഴിയാറില്ല.
ആശംസകൾ ....

Bipin said...

മൂവാണ്ടൻ മാവിലെ തൈ മുല്ല പൂത്തപ്പോൾ നീയെങ്ങു പോയെൻ്റെ കൊച്ചു തുമ്പീ...
ഒരു മുല്ല കൂടി നട് അരീക്കോടാ...

നട്ടുനനച്ചു വളർത്തിയ മാവിലെ മാങ്ങക്ക് രുചി അൽപ്പം കുടും.

Cv Thankappan said...

പറമ്പിൽ എട്ടു മാവുകളുണ്ട്. എട്ടിലും ധാരാളം മാങ്ങയുണ്ടാകും. മുവ്വാണ്ടൻ രണ്ടെണ്ണം. പഴുത്തുകഴിഞ്ഞാൽ പുഴുക്കേടു കാരണം മാമ്പഴം | ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ. ആദ്യക്കാലത്തൊന്നും മുവ്വാണ്ടനിൽ കേടുണ്ടായിരുന്നില്ല. ഇപ്പോൾ അതിലും വന്നുപ്പെട്ടു!
ആശംസകൾ മാഷേ




.

Geetha said...

കഴിഞ്ഞ പോസ്റ്റിൽ കമന്റിട്ടപ്പോൾ മൂവാണ്ടൻ മാങ്ങേടെ കാര്യം പറഞ്ഞേ ഉള്ളൂ അപ്പൊ ദാ ഇവിടെ മൂവാണ്ടൻ മാങ്ങ . പഴുപ്പിക്കാനും അച്ചാറിടാനും ചമ്മന്തി അരക്കാനും എല്ലാം നന്നാണ് മൂവാണ്ടൻ മാങ്ങ .

Muralee Mukundan , ബിലാത്തിപട്ടണം said...

അച്ചാറിട്ടുവാൻ മാത്രമല്ല കറിക്കും പിന്നെ പച്ചക്കൊ ,
ചെനച്ചിട്ടോ ,പഴുത്തിട്ടൊ തുന്നുവാൻ  മൂവാണ്ടൻ മാങ്ങയോളം
നല്ലൊരു വേറെ മാങ്ങ നമ്മുടെ നാട്ടിലില്ല ...

Areekkodan | അരീക്കോടന്‍ said...

വീ കെ ... ഇതു തന്നെയാണോ നിങ്ങളുടെ മൂവാണ്ടൻ മാങ്ങ ?

Areekkodan | അരീക്കോടന്‍ said...

Bipinji: മൂവാണ്ടൻ്റെ ചുവട്ടിൽ മൂന്ന് മുരട് മുല്ലയുണ്ട്.

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ... ഇത്തവണ ആദ്യമായി എൻ്റെ മാങ്ങയിലും കുറെ എണ്ണം കേടായി.

Areekkodan | അരീക്കോടന്‍ said...

ഗീതാജി... മൂവാണ്ടൻ ഏറ്റവും നല്ലത് പഴുപ്പിക്കാൻ തന്നെയാ..

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... മുവാണ്ടൻ പച്ചയും ചെനച്ചതും നേരിട്ട് തിന്നാൻ എനിക്ക് പ്രയാസാ. അത്രക്കും പുളിയാ

Post a Comment

നന്ദി....വീണ്ടും വരിക