Pages

Saturday, December 31, 2016

സേവനത്തിന്റെ ഏഴ് ദിനരാത്രങ്ങള്‍

                 കഴിഞ്ഞ ഏഴ് ദിനരാത്രങ്ങള്‍ മനസ്സില്‍ നിന്നും എന്നെങ്കിലും മായുമോ എന്നറിയില്ല. കാരണം എന്റെ പ്രിയപ്പെട്ട എണ്‍പതിലധികം വരുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കൊപ്പം മാനന്തവാടിയിലെ സാധാരക്കാരായ കുട്ടികള്‍ പഠിക്കുന്ന ഒരു യു.പി സ്കൂളില്‍ ക്യാമ്പ് ചെയ്ത്, വയനാട് ജില്ലയിലെ അശരണരും അഗതികളുമായ നിരവധി പേര്‍ ചികിത്സ തേടി എത്തുന്ന വയനാട് ജില്ലാ ആശുപത്രിയിലെ കേടുപാടായ ഫര്‍ണ്ണീച്ചറുകളും ഉപകരണങ്ങളും മറ്റും റിപ്പയര്‍ ചെയ്യുകയായിരുന്നു ഈ അവധിക്കാലത്തെ ജോലി.
              നാഷണല്‍ സര്‍വീസ് സ്കീമിന്റെ ബാനറില്‍ ഞാന്‍ ഇന്നോളം ചെയ്ത പ്രവര്‍ത്തികളില്‍ ഏറ്റവും സന്തോഷം തരുന്നത് ഈ പ്രവര്‍ത്തനം തന്നെയാണ്.കാരണം 30 ലക്ഷത്തിലധികം രൂപയുടെ ആസ്തിയാണ് ഏഴ് ദിവസം കൊണ്ട് എന്റെ പ്രിയപ്പെട്ട മക്കളും അഞ്ചാറ് പേരടങ്ങുന്ന ടെക്നിക്കല്‍ സ്റ്റാഫും കൂടി പുനര്‍നിര്‍മ്മിച്ചത്.”പുനര്‍ജ്ജനി” എന്ന പേരിനെ അന്വര്‍ത്ഥമാക്കികൊണ്ട് ക്യാമ്പ് സമാപിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഒരു രോഗിയുടെ ഹൃദയം തുറന്ന അഭിപ്രായം ഇങ്ങനെ - “എവിടെ നിന്നോ കുറച്ച് കുട്ടികള്‍ വന്ന് കട്ടിലുകള്‍ കുറെ നന്നാക്കി തന്നതിനാല്‍ കിടക്കാന്‍ ഒരു ഇടം കിട്ടി....”
 
 
                 ഇന്ന് മുതല്‍ തൂവെള്ള ബനിയനില്‍ ചെളിപുരണ്ട എന്റെ ആ മക്കളെ ആശുപത്രിയില്‍ കാണില്ല...പക്ഷെ പലരുടെ കണ്ണുകളും ഞങ്ങളെ അവിടെ തിരഞ്ഞുകൊണ്ടെ ഇരിക്കും...കൈ പിടിച്ച് അല്പം നടക്കാന്‍ , ആവശ്യമായ രക്തം കിട്ടാന്‍ , ഒരു നേരത്തെയെങ്കിലും ഭക്ഷണം കിട്ടാന്‍, സര്‍ജറിക്കാവശ്യമായ പണം സ്വരൂപിക്കാന്‍...ഈ ഏഴ് ദിവസം റിപ്പയറിംഗ് ജോലികള്‍ക്കിടയില്‍ ഇതും എന്റെ മക്കള്‍ ചെയ്യുന്നുണ്ടായിരുന്നു.
                2016 കാലയവനികക്കുള്ളിലേക്ക് വലിയുമ്പോള്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്.പുതിയ ഒരു വര്‍ഷം പുലരുന്നതിലല്ല, ആദിവാസികള്‍ അടക്കമുള്ള നിരവധി പേരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടര്‍ത്താന്‍ സാധിച്ചതില്‍...ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍വിടാന്‍ സഹായിച്ചതില്‍...ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിത ദൌത്യം മനസ്സിലാക്കാന്‍ പറ്റിയതില്‍...
പുതുവത്സരാശംസകള്‍...

Thursday, December 29, 2016

ഭാഗ്യവാൻ

          ഭാഗ്യക്കുറിയിൽ എനിക്ക് താല്പര്യമില്ല. അദ്ധ്വാനിക്കാതെ കിട്ടുന്ന പണം പിണമാണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ സാധനം വാങ്ങിയാൽ കിട്ടുന്ന അല്ലെങ്കിൽ കൂപ്പൺ പൂരിപ്പിച്ചിട്ടാൽ പങ്കെടുക്കാവുന്ന ലക്കി ഡ്ര്വ, അടിക്കുറിപ്പ് മത്സരം പോലെയുള്ളവയിൽ പങ്കെടുക്കാറുണ്ട്.

          ക്രിസ്മസ് അവധിക്കായി കോളേജ് പൂട്ടുന്നതിന് മുമ്പ് കോളേജിൽ എന്റെ ഡിപ്പാർട്ട്മെന്റായ കമ്പ്യൂ‍ട്ടർ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ഒരു കേക്ക് മുറിക്കാനും ഒന്ന് ഒരുമിച്ച് അല്പ നിമിഷങ്ങൾ ചെലവഴിക്കാനും തീരുമാനിച്ചു. ആയതിലേക്ക് ഒരു നൂറ് രൂപ എല്ലാവരും സംഭാവന ചെയ്തു. ഇതോടൊപ്പം ഒരു ഭാഗ്യവാൻ തെരഞ്ഞെടുപ്പും (മണ്മറയുന്ന വർഷത്തിലേതോ അതോ കർട്ടന് പിന്നിൽ നിന്ന് പുറത്ത് ചാടാൻ വെമ്പുന്ന വർഷത്തിലേതോ എന്ന് അറിയില്ല) നടത്താൻ തീരുമാനിച്ചിരുന്നു.

      കഴിഞ്ഞ വർഷം ഈ നറുക്കെടുത്തത് ഞാനായിരുന്നു. ഭാഗ്യശാലി(നി) രാജേശ്വരി ടീച്ചറും.കേക്ക് മുറിച്ചത് ഡിപ്പാർട്ട്മെന്റ് തലവനും.ഇത്തവണ നറുക്കെടുക്കുന്നത് ഡിപ്പാർട്ട്മെന്റിന് പുറത്ത് നിന്നുള്ളതും എന്നാൽ എപ്പോഴും ഡിപ്പാർട്ട്മെന്റ് പരിസരത്ത് കാണുന്നതുമായ സാനിറ്ററി വർക്കർ ടെൽമയാകട്ടെ എന്ന് തീരുമാനിച്ചു.കേക്ക് മുറിക്കാൻ വകുപ്പ് തലവൻ ഇല്ലാത്തതിനാൽ ആര് അടുത്തത് എന്ന് ഒരു സംശയം ഉയർന്ന് നിൽക്കെ, അത് തെരഞ്ഞെടുക്കാൻ പോകുന്ന ഭാഗ്യവാനാകട്ടെ എന്ന് ആരോ പറഞ്ഞു. നിരവധി കേക്കുകളെ രക്തസാക്ഷിയാക്കിയ എനിക്ക് ആ അവസരം ലഭിക്കില്ല എന്ന് പെട്ടെന്ന് തോന്നി.

         പേപ്പറിൽ എഴുതിയ നറുക്കുകൾ മുഴുവൻ മേശപ്പുറത്ത് ഇട്ട് അതിൽ നിന്നും ഒന്ന് എടുക്കാൻ ടെൽമ കൈ നീട്ടിയതോടെ എന്റെ ഉള്ളീൽ ആരോ പറഞ്ഞു “ഇത്തവണയും കേക്കിന്റെ അന്തകൻ നീ തന്നെ….”. ഉള്ളിന്റെയുള്ളീൽ നിന്നും കേട്ട ആ വാക്ക്  മുഴുവനാകുന്നതിന് മുമ്പെ ടെൽമ നറുക്ക് നിവർത്തി പേര് വായിച്ചു “ആബിദ് തറവട്ടത്ത്”


        അങ്ങനെ ഞാൻ ഭാഗ്യവാനും കൂടിയായി. 500 രൂപ സമ്മാനമായി സ്വീകരിച്ച് അതിനുള്ള അഡീഷണൽ ഡ്യൂട്ടിയായ കേക്ക് മുറി പണിയും ചെയ്ത് അതെല്ലാം കഴിച്ച് വരും വർഷത്തിന് സ്വാഗതമോതി ഞങ്ങൾ പിരിഞ്ഞു.


Wednesday, December 21, 2016

പ്രതിജ്ഞകള്‍ പ്രതികളാകുന്നോ?


        ഡിസംബര്‍ പിറന്ന ശേഷം 15 ദിവസം പിന്നിടും മുമ്പ് മൂന്ന് പ്രതിജ്ഞകളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്കാരനും  കോളേജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസറുമായ എനിക്ക് എടുക്കേണ്ടി വന്നത്. ഡിസമ്പര്‍ ഒന്നിന് ലോക എയ്‌ഡ്‌സ് ദിനത്തോടനുബന്ധിച്ച് ആയിരുന്നു ഗവന്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ഈ മാസത്തെ ആദ്യ് പ്രതിജ്ഞ.കൃത്യം ഒരാഴ്ച കഴിഞ്ഞ് ഡിസമ്പര്‍ എട്ടിന് കേരള സര്‍ക്കാരിന്റെ നവകേരള മിഷനോടനുബന്ധിച്ചുള ഹരിത കേരളം പദ്ധതിയുടെ ഉത്ഘാടന ദിവസവും ഒരു പ്രതിജ്ഞ തയ്യാറാക്കുകയും ജീവനക്കാരും വിദ്യാര്‍ത്ഥികളും അതേറ്റ് ചൊല്ലുകയും ചെയ്തു. ഡിസമ്പര്‍ 14ന് ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ചും പ്രതിജ്ഞ എടുത്തു.

         പ്രതിജ്ഞ എടുക്കുന്നതില്‍ തെറ്റൊന്നും ഇല്ല. മേല്‍ പറഞ്ഞ മൂന്ന് അവസരങ്ങളിലും എടുത്ത പ്രതിജ്ഞ ജീവിതത്തില്‍ പാലിക്കപ്പെട്ടാല്‍ വളരെ നല്ലതു തന്നെ. പക്ഷെ മുകളില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതിനനുസരിച്ച് എടുക്കുന്ന പ്രതിജ്ഞകള്‍ക്ക് എത്രമാത്രം ജീവന്‍ ഉണ്ടാകും എന്നതില്‍ സംശയമുണ്ട്.
         
         അടിച്ചേല്‍പ്പിക്കുന്ന പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പകരം അതിന്റെ കാമ്പ് ജീവിതത്തില്‍ പകര്‍ത്താനു സന്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും കൂടുതല്‍ മഹത്തരം.ഉദാഹരണത്തിന് എയ്‌ഡ്‌സ് ദിനത്തില്‍ പ്രതിജ്ഞ ചൊല്ലുന്നതിന് പകരം അവര്‍ക്കായി ഇതുവരെ ഓരോരുത്തരും ചെയ്ത സേവനങ്ങളെപ്പറ്റി ഒരു ചോദ്യാവലി നല്‍കാമായിരുന്നു.അതിലൂടെ ഒരു സ്വയം തിരിച്ചറിവെങ്കിലും സൃഷ്ടിക്കാം. ഹരിതകേരളം പ്രതിജ്ഞക്കപ്പുറം പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.അന്ന് എടുത്ത പ്രതിജ്ഞയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും ജൈവ പച്ചക്കറി രംഗത്തും ജല സംരക്ഷണ രംഗത്തും ഒരാഴ്ചകൊണ്ട് എന്ത് ചെയ്തു എന്ന് ഒരു റിപ്പോര്‍ട്ട് ചോദിച്ചാല്‍ പലരും മേലോട്ട് നോക്കും.ഊര്‍ജ്ജ സംരക്ഷണ രംഗത്തും മലയാളിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിജ്ഞക്കപ്പുറം എവിടെയും എത്തുന്നില്ല എന്നതാണ് സത്യം.

        കോളേജില് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കാണ് ഇത്തരം എല്ലാ ചടങ്ങുകളുടെയും ചാര്‍ജ്ജ് നല്‍കുന്നത്. എല്ലാ ആഴ്ചയും പ്രതിജ്ഞ എടുക്കുന്നതിന് ആള്‍ക്കാരെ സംഘടിപ്പിക്കുന്നതിലെ ബുദ്ധിമുട്ടും കേള്‍ക്കേണ്ടി വരുന്ന പരിഹാസങ്ങളും ഞങ്ങള്‍ സഹിക്കുകയേ നിവൃത്തിയുളൂ. പ്രതിജ്ഞകളും നേതൃത്വം നല്‍കുന്നവരും പ്രതികളാകുന്ന അവസ്ഥ ഒഴിവാക്കിയേ തീരൂ.

(ഈ പ്രതികരണം ഇന്ന് 21/12/2016ന് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത് താഴെ)

Monday, December 19, 2016

ശരിക്കും സത്യമോ ??

             അരീക്കോടൻ സ്ടോബറി എന്ന ഈ പോസ്റ്റ് ഇട്ടത് ഇന്നലെ രാത്രി 10:13ന്. കൃഷിയെപ്പറ്റി എഴുതുമ്പോൾ സാധാരണ ചെയ്യുന്ന പോലെ മൂന്ന് ഗ്രൂപ്പുകളിൽ ഞാൻ ഈ പോസ്റ്റ് ഷെയർ ചെയ്തു. ഇന്ന് വൈകുന്നേരം 4 മണിക്ക് ബ്ലോഗർ ഡാഷ്ബോർഡ് നോക്കി ഞാൻ ഞെട്ടിപ്പോയി.18 മണിക്കൂർ ആകുമ്പോഴേക്കും പോസ്റ്റ് സന്ദർശിച്ചവർ 738 !!കമന്റിടാൻ സൌമനസ്യം കാണിച്ചത് എഴുത്തുകാരി ചേച്ചി മാത്രം !!!(ഇത് സർവ്വ സാധാരണമാണ്).
4PM 19/12/2016

24 മണിക്കൂർ തികയുന്ന 20/12/16 രാത്രി 10:13ന് എന്റെ കണ്ണ് തള്ളിപ്പോയി. 1012 പേർ ഈ പോസ്റ്റിലൂടെ കയറി നിരങ്ങിക്കഴിഞ്ഞു! ഇത് ശരിക്കും സത്യമോ അതോ ഗൂഗിൾ വക വല്ല ഫൂളാക്കലോ?



Sunday, December 18, 2016

അരീക്കോടന്‍ സ്ട്രോബറി

“എന്റെ വീട്ടില്‍ സ്റ്റ്രോബറി ഉണ്ടായി...”

“ഒന്ന് പോടാ പൊട്ടാ...സ്റ്റ്രോബറി ഊട്ടിയിലേ ഉണ്ടാകൂ...”

കുട്ടിക്കാലത്ത് മള്‍ബെറി എന്ന ചെടി സ്റ്റ്രോബറിയാണെന്ന് തെറ്റിധരിച്ച് സുഹൃത്തിനോട് ഞാന്‍ പറഞ്ഞപ്പോള്‍ കേട്ട ആ വാക്കുകള്‍ക്ക് ഇന്ന് മറുപടി ആയി.

ഞാന്‍ തുടരുന്ന ഫലവൃക്ഷപിരാന്തുകളില്‍  സ്റ്റ്രോബറി ഇടം പിടിച്ചത് എന്റെ വളണ്ടിയര്‍ ആയിരുന്ന അപര്‍ണ്ണയുടെ ഒരു വെറും വാക്കായിരുന്നു. കോളേജില്‍ ഒരു ഫലവൃക്ഷത്തോട്ടം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ അധികം ചെലവും പ്രയത്നവും കൂടാതെ ഉണ്ടാക്കാവുന്ന ഫലം എന്ന നിലക്കാണ് അനുഭവത്തിലൂടെ അപര്‍ണ്ണ സ്റ്റ്രോബറി പരിചയപ്പെടുത്തിയത്. 

കോളേജില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷെ ഇക്കഴിഞ്ഞ പൂജാ അവധിയില്‍ കുടുംബ സമേതം വയനാട് സന്ദര്‍ശിച്ചപ്പോള്‍ അപര്‍ണ്ണയുടെ വീട്ടിലും ഒന്ന് കയറി. തിരിച്ച് പോരുമ്പോള്‍ ഒരു സ്റ്റ്രോബറി തൈ എന്റെ വീട്ടില്‍ പരീക്ഷിക്കാന്‍ വേണ്ടി ചോദിച്ചു വാങ്ങി.

“വെയില്‍ നേരിട്ട് കൊള്ളരുത്...മണ്ണ് അധികം ഇടാതെ ചാണകപ്പൊടി കൂടുതലിട്ട് കവര്‍ നിറക്കണം...അതില്‍ ഈര്‍പ്പം നിലനിര്‍ത്തണം... ചകിരിച്ചോറ് മുകളില്‍ ഇട്ടുകൊടുത്താല്‍ ഈര്‍പ്പം നിലനില്‍ക്കും...” അപര്‍ണ്ണ പറഞ്ഞു.

വീട്ടിലെത്തി പറഞ്ഞതുപോലെ എല്ലാം ചെയ്തു. ആദ്യം കുഴിച്ചിട്ട തൈ അല്പം നന്നായി വന്നെങ്കിലും പിന്നീട് നശിച്ചു.പക്ഷെ അതിന് മുമ്പ് പുതിയ കുറെ ഇലകള്‍ തണ്ടില്‍ നിന്നും പൊട്ടിയിരുന്നു.ഒക്ടോബര്‍ മാസം കുഴിച്ചിട്ട ചെടിയില്‍ നവമ്പര്‍ അവസാനത്തോടെ പൂ ഉണ്ടാകാന്‍ തുടങ്ങി. അധികം ശാഖകള്‍ ഇല്ലാത്തതിനാല്‍ ദിവസം ഒന്ന് എന്ന നിലയില്‍ അഞ്ചോ ആറോ പൂക്കളാണ് ഉണ്ടായത്.
പൂക്കള്‍ വാടി അതില്‍ ചെറിയ തരികള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എന്റെ മനസ്സും തുടികൊട്ടി. എന്റെ പിരാന്തിന്റെ അടുത്തഫലം വരാന്‍ തുടങ്ങുന്നു. ഇക്കഴിഞ്ഞ ദിവസം ചെടിക്ക് നനക്കുന്ന മക്കള്‍ ആ കാഴ്ച കാണാന്‍ എന്നെ ക്ഷണിച്ചു.

അങ്ങനെ സ്റ്റ്രോബറി ഊട്ടിയിലേ ഉണ്ടാകൂ എന്ന ആ പരിഹാസത്തിന് 35 വര്‍ഷത്തിന് ശേഷം ഞാന്‍ പകരം വീട്ടി...സ്റ്റ്രോബറി അരീക്കോട്ടും ഉണ്ടാകും !!
അല്പം ക്ഷമയും പരീക്ഷണ-നിരീക്ഷണ മനസ്സും ഉണ്ടാകണം എന്ന് മാത്രം.

എ.ടി.എം

          ശിതീകരിച്ച ഒറ്റ മുറികളില്‍ ബാങ്കിംഗ് സമയത്ത് സാധാരണ ബാങ്കിടപാടുകള്‍ നടക്കാന്‍ തുടങ്ങിയതൊടെ ആരോ അതിനെ ‘ആട്ടോമാറ്റിക്(A) ടെല്ലിംഗ്(T) മെഷീന്‍(M)‘ എന്ന് പേരിട്ടു.

        കാലം പുരോഗമിച്ചപ്പോള്‍ അതില്‍ നിന്ന് ഏത് സമയത്തും കാഷ് കിട്ടാന്‍ തുടങ്ങി. അതോടെ നാം അതിനെ ‘എനി(A) ടൈം(T) മണി(M)‘ എന്ന് പുനര്‍നാമകരണം ചെയ്തു.

         കാലം ഒന്ന് കലങ്ങിത്തെളിഞ്ഞപ്പോള്‍ അതില്‍ കാഷ് ഇല്ലാതായി. അതോടെ ജനത്തിനതിനെ ഒരിക്കല്‍ കൂടി പുനര്‍നാമകരണം ചെയ്യേണ്ടി വന്നു - ‘ആട്ടും(A) തുപ്പും(T) മാത്രം(M) ‘

Saturday, December 10, 2016

വീണ്ടും ആദ്യരാത്രി!!

             (നിയമപ്രകാരമുള്ള മുന്നറിയിപ്പ് : 18 വയസ്സ് കഴിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും വായിക്കാം)
             രാജ്യം മുഴുവന്‍ ഏക സിവില്‍കോഡും കള്ളപ്പണവും അതിര്‍ത്തിയിലെ ജവാന്മാരും ചൂട് പിടിച്ച ചര്‍ച്ചാ വിഷയമാകുമ്പോള്‍, കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ അല്പമെങ്കിലും മനസമാധാനത്തോടെ  ഞാന്‍ എന്റെ രണ്ടാം ആദ്യരാത്രി ആഘോഷിച്ചു! എല്ലാ മാന്യ വായനക്കാരോടും ബൂലോകരോടും മുന്‍‌കൂട്ടി അറിയിക്കാതെ ഈ പണി പറ്റിച്ചതില്‍ ഞാന്‍ 100 ഏത്തം ഓണ്‍ലൈനില്‍ ഇടുന്നു.2000ന്റെ നോട്ട് വിശറിയായി മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഇക്കാലത്ത് ഇനി എല്ലാവരെയും വിളിച്ച് ഒരു സദ്യ ഒക്കെ തര്വാ എന്ന് പറയുന്നത് മോദിജി പ്രത്യേകം നിരീക്ഷിക്കും എന്നതിനാല്‍ അത് ആരും പ്രതീക്ഷിക്കേണ്ട. പകരം ഇതാ ആ രാത്രിയുടെ ലൈവ് വിവരണം!!

             ഭാര്യയോടും കുട്ടികളോടും പറഞ്ഞ് തന്നെയാണ് ഞാന്‍ ഈ പണിക്ക് ഇറങ്ങിയത്. അല്പ-സ്വല്പം അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും ദൈവം സഹായിച്ചാല്‍ രണ്ട് ദിവസത്തിനകം തിരിച്ചെത്തും എന്ന് കുടുംബത്തിന് ഞാന്‍ ഉറപ്പ് നല്‍കി. നാട്ടില്‍ കൂടുതല്‍ ബഹളം ഉണ്ടാക്കേണ്ട എന്ന് കരുതി തിരുവനന്തപുരത്തായിരുന്നു ചടങ്ങ്.

            രാത്രി 10 മണിയായതോടെ ഞാന്‍ മന്ദം മന്ദം എന്റെ റൂമിലേക്ക് നീങ്ങി.ഏതോ ഒരു പപ്പരാസി  ഒരു ഫോണുമായി അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു! അവന്‍ ഫോണില്‍ എന്തൊക്കെയോ നോക്കുകയാണെന്ന്  എന്നെ ധരിപ്പിക്കുന്നുണ്ടായിരുന്നു.പക്ഷെ ഞാന്‍ ആരാ മോന്‍ എന്ന് അവന്‍ മനസ്സിലാക്കാത്തതിനാല്‍ അര മണിക്കൂറോളം കാത്ത് നിന്ന്  ക്ഷമ നശിച്ച് അവന്‍ പോയി !!

          ദൂരെ നിന്നും കുറുക്കന്മാര്‍ ഓലിയിടുന്ന ശബ്ദം പോലെ എന്തോ ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.അവ അടുത്തടുത്ത് വന്ന് അകന്നകന്ന് പോയി.ഈ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തും ഇത്രയധികം കുറുക്കന്മാര്‍ (തെരുവ് നായകള്‍ അല്ല എന്ന് ശബ്ദം കേട്ട ഞാന്‍ ഉറപ്പിച്ച് പറയുന്നു) എവിടെ വസിക്കുന്നു എന്ന് എനിക്ക് മനസ്സിലായില്ല. രാഷ്ട്രീയ കുറുക്കന്മാരെ പകല്‍ സമയത്ത് നിരവധി കാണാറുണ്ട്. പക്ഷെ രാത്രി സമയത്ത് അവര്‍ ഓലിയിടാറില്ല.പിന്നെ ?? അതേ പറ്റി അധികം ചിന്തിക്കാതെ ഞാന്‍ മെല്ലെ റൂമിലേക്ക് കയറി.

           എനിക്ക് വേണ്ടത്ര പരിചയമില്ലാത്ത സ്ഥലമായതിനാല്‍ വാതിലിന്റെ കുറ്റിയും കൊളുത്തും എല്ലാം ഭദ്രമാണെന്ന് ഞാന്‍ ആദ്യം തന്നെ ഉറപ്പ് വരുത്തി.വാതിലിന്റെ ചെറിയ വിടവ് പോലും അടച്ച് ഭദ്രമാക്കിയത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഇത് സ്ഥിരം ‘ഈ ആവശ്യത്തിന്’ നല്‍കുന്നത് തന്നെ എന്ന് തെളിഞ്ഞു!   ക്യാമറകള്‍ ഒന്നും തന്നെ റൂമില്‍ ഇല്ല എന്നും സൂക്ഷ്മനിരീക്ഷണത്തിലൂടെ ഞാന്‍ മനസ്സിലാക്കി.ജനല്‍ കര്‍ട്ടനുകള്‍ വലിച്ചാല്‍ നീങ്ങുന്നവയാണെന്നും പുറത്ത് നിന്നും ഒരു വിധത്തിലും അകത്തേക്ക് കാണില്ല എന്നും കൂടി ഒരു ധൈര്യത്തിനായി ഞാന്‍ ഉറപ്പ് വരുത്തി.എന്റെ ആദ്യരാത്രി (ക്ലിക്ക് ചെയ്താല്‍ വായിക്കാം!)യിലെ മുന്‍ അനുഭവങ്ങള്‍ ആണ് ഈ പാഠങ്ങള്‍ എന്നെ പഠിപ്പിച്ചത്. ആദ്യരാത്രി ആഘോഷിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ എല്ലാവരും ഉറപ്പ് വരുത്തുന്നത് നല്ലതായിരിക്കും.

            കിടക്കയില്‍ വിരിച്ച വെള്ള പുതപ്പും തലയിണയും എടുത്ത് ഞാന്‍ നന്നായി ഒന്നു കുടഞ്ഞു കൊട്ടി.ഇപ്പോള്‍ എല്ലാ സാധനങ്ങളിലും ചിപ്പ് ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന്  അഡ്വാന്‍സ്‌ഡ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷനോട് കൂടി എം.എസ്.സി ഫിസിക്സ് പഠിച്ച എന്റെ മനസ്സ് മന്ത്രിച്ചു. കട്ടികൂടിയ ഒരു കറുത്ത ബ്ലാങ്കറ്റില്‍ അവ്യക്തമായി കണ്ട ഒരു എഴുത്ത് ഇടക്ക് വെട്ടിത്തിളങ്ങിയത് എന്നില്‍ സംശയം ജനിപ്പിച്ചെങ്കിലും അത് മാനം കളയില്ല എന്ന് മനസ്സിലായി. ഞാന്‍ വാച്ചില്‍ നോക്കി.സമയം രാത്രി പത്തര മണി. മനസ്സിന്റെ മദനോത്സവത്തിന്റെ നിമിഷങ്ങള്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം. ആ നിമിഷത്തെ ഹൃദയത്തിലേക്ക് ആവാഹിക്കാനായി അല്പ നേരം കണ്ണടച്ച് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

             ഒരു ചൂളം വിളിയോടെ രാജ്യറാണീ എക്സ്പ്രെസ് നീങ്ങിത്തുടങ്ങിയതോടെ തീവണ്ടിയിലെ, സെക്ക്ന്റ് എ.സി ക്ലാസ്സില്‍ എന്റെ ആദ്യ യാത്രയും രാത്രിയും ആരംഭിച്ചു.

Monday, December 05, 2016

കത്തെഴുത്തിന്റെ അരീക്കോടന്‍ സ്റ്റൈല്‍

പത്താം ക്ലാസ് കഴിഞ്ഞ് ലീവിംഗിന്റെ എല്‍ ഇല്ലാത്ത എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും വാങ്ങി സ്കൂളിന് പുറത്തായി ലിവിംഗ് നടത്തി തേരാ പാരാ നടക്കുന്ന കാലത്താണ് കത്തെഴുത്ത് ഒരു ഹോബിയായി അല്ലെങ്കില്‍ ഒരു ഹരമായി അതും കഴിഞ്ഞ് ഒരു ജ്വരമായി മാറിയത്. കത്ത് കിട്ടേണ്ട ആള്‍ക്കനുസരിച്ച് അത് 15 പൈസയുടെ കാര്‍ഡില്‍ ആകാം, 35 പൈസയുടെ ഇന്‍ലന്റില്‍ ആകാം അല്ലെങ്കില്‍ 50 പൈസയുടെ കവറില്‍ ആകാം.
ചിലര്‍ക്ക് സ്ഥിരമായി കാര്‍ഡിലായിരുന്നു എഴുത്ത്, മറുപടിയും സ്ഥിരമായി കാര്‍ഡില്‍ തന്നെയായിരുന്നു കിട്ടിയിരുന്നത്.

ഫാറൂഖ് കോളേജിലെ ഡിഗ്രി പഠനത്തിന് ശേഷം അന്നത്തെ ക്ലാസ്മേറ്റ് ഹാരിസ് കാര്‍ഡെഴുത്തിന്റെ ആശാനായിരുന്നു. കാര്‍ഡിലെ ആകെയുള്ള കാല്‍ സെന്റ് സ്ഥലത്ത് നിന്നും അല്പം കൂടി അവന്‍ കോണാകൃതിയില്‍ വെട്ടി മാറ്റും.ഇത് എന്തിന് എന്ന ചോദ്യത്തിന് അവന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു - അര്‍ജന്റ് എന്ന് പോസ്റ്റ്മാനോട് സൂചിപ്പിക്കാനാണത്രെ!! അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും അതിന് ശേഷം ഞാനും കാര്‍ഡില്‍ കുനു കുനാ അടുപ്പിച്ച് എഴുതി സൈഡില്‍ കോണാകൃതിയില്‍ വെട്ടി പോസ്റ്റ് ചെയ്യാന്‍ തുടങ്ങി!! പോസ്റ്റ്മാന് അതിലുള്ളത് വായിച്ച് അര്‍ജന്റ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ സാധിക്കും എന്ന സാമാന്യ വിവരം അന്നില്ലാതെ പോയി.

കത്തെഴുത്തില്‍ ഞാന്‍ എന്റേതായ നിരവധി ശൈലികള്‍ ഉപയോഗിച്ചിരുന്നു. എനിക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും പറയുന്ന കത്ത് വിവിധ സിനിമാ പേരുകള്‍ ഉപയോഗിച്ച് എഴുതുന്നതായിരുന്നു ഒരു ശൈലി.എന്റെ സുഹൃത്തുക്കളില്‍ സെലക്ടഡ് ആയ പലര്‍ക്കും ആ കത്ത് ഞാന്‍ അയച്ചിരുന്നു.

ബി.എഡിന് കൂടെ പഠിച്ച മലയാളം ‘കുരച്ച് കുരച്ച്’ അറിയുന്ന എന്നാല്‍ ഇംഗ്ലീഷ് നുരഞ്ഞ് പൊന്തുന്ന സംഗീതക്ക് എഴുതിയ ഒരു കത്തിന്റെ പണിപ്പുര ഇന്നും ഞാന്‍ ഓര്‍ക്കുന്നു.ആ കത്ത് കിട്ടിയ സംഗീത ഡിക്ഷണറി മുന്നില്‍ എടുത്ത് വച്ചുവത്രേ - അതൊന്ന് മുഴുവന്‍ മനസ്സിലാക്കാന്‍ !! ഡിക്ഷണറി ഉപയോഗിച്ചാണ് ഞാന്‍ അത് തയ്യാറാക്കിയത് എന്ന് പാവം സംഗീതക്ക് അറിയില്ലല്ലോ!ലളിത മലയാളത്തില്‍ എഴുതിയ കത്ത് ഞാന്‍ സിമ്പിള്‍ ഇംഗ്ലീഷിലേക്ക് മാറ്റി.ശേഷം അതിലെ ഓരോ പദത്തിന്റെയും സിനോണിമുകള്‍(പര്യായങ്ങള്‍) ഡിക്ഷണറിയില്‍ നിന്ന് തപ്പിയെടുത്തു.അതില്‍ ഏറ്റവും കടുകട്ടിയായ പദം ആ സിമ്പിള്‍ പദത്തിന് പകരം അങ്ങട്ട് കാച്ചി.ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി ശ്രീമതി നിരുപമ റാവുവിന്റെ മീമ്പാട്ട് കുടുംബത്തില്‍ നിന്ന് വരുന്നവള്‍ എന്ന വലിപ്പം എന്റെ മുന്നില്‍ അതോടെ അവസാനിച്ചു!

പി.ജിക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ മൂന്ന് മാസം ഞാന്‍ കൈല് കുത്തിയ സമയത്ത് ഹോസ്റ്റലില്‍ എനിക്ക് കിട്ടിയ സുഹൃത്താണ് പെരുമ്പാവൂരുകാരന്‍ ബാബു (ക്ലിക്കുക). ഡിഗ്രി കഴിഞ്ഞ് പല കോഴ്സിലൂടെയും കോളേജുകളിലൂടെയും കയറിയിറങ്ങി മൂന്ന്- നാല് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ പി.ജി ക്ക് എത്തുന്നത്.

എന്റെ അതേ ബാച്ചില്‍ സര്‍ സയ്യിദ് കോളേജില്‍ തന്നെ ഡിഗ്രിക്ക് പഠിച്ച സബിതയും ഉണ്ടായിരുന്നു.ക്ലാസ് മനസ്സിലാകുന്ന കാര്യത്തില്‍ ഞങ്ങളുടെ മണ്ടകള്‍ ഒരേ തൂവല്‍ പക്ഷികള്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ തമ്മില്‍ കൂട്ടായി.ഹോസ്റ്റലില്‍ അത് പല വ്യാഖ്യാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണവുമായി. ഫസ്റ്റ് ഇയര്‍ ക്ലാസ് കഴിഞ്ഞ ഉടനെ ജോലി കിട്ടിയതിനാല്‍ ഞാന്‍ തളിപ്പറമ്പിനോട് സലാം പറഞ്ഞു.

ഫോണ്‍ അത്ര പ്രചാരത്തില്‍ ആകാത്തതിനാല്‍ ആശയ വിനിമയം കത്ത് വഴി തുടര്‍ന്നു. കോഴ്സ് കഴിഞ്ഞ് ബാബുവും മറ്റെല്ലാവരും സര്‍ സയ്യിദ് വിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ബാബുവിനെ കണ്ടുമുട്ടിയ കഥ (ക്ലിക്കുക) ഞാന്‍ ഇവിടെ പങ്കു വച്ചിരുന്നു. ബാബു അക്കാലത്ത് ഞാന്‍ അവന് എഴുതിയ ഒരു കത്ത് എനിക്ക് ഷെയര്‍ ചെയ്തു. എന്റെ കത്തെഴുത്തിന്റെ മറ്റൊരു ശൈലി 1997ല്‍ എഴുതിയ ആ കത്തിലൂടെ ഞാന്‍ പ്രകടിപ്പിച്ചത് ഇപ്പോള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നു. നന്ദി ബാബൂ, വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ ആ കലാലയ  നാളുകളിലേക്ക് വീണ്ടും കൊണ്ടുപോയതിന് ഹൃദയം നിറഞ്ഞ നന്ദി.





Sunday, December 04, 2016

വീട്ടിലൊരു ചുരക്കാ വിപ്ലവം

“ഈ ലോകത്തനവധി പനങ്കുരു
കുറുക്കന്‍ തിന്നേ...” എന്ന ഒരു പാട്ട് ഏതോ കാലത്ത് ഞാന്‍ കേട്ടിട്ടുണ്ട്, പാടിയിട്ടുണ്ട്. അതേ പോലെ മുറ്റത്ത് മത്തനും കുമ്പളവും പടര്‍ന്ന ശേഷമുള്ള ദിനങ്ങളില്‍ എന്റെ മനസ്സില്‍ ഇതേ രീതിയില്‍ ചുറ്റിക്കറങ്ങുന്ന ഒരു പാട്ടാണ്
“ഈ ലോകത്തനവധി മത്തനില
അരീക്കോടന്‍ തിന്നേ...”

                   എങ്ങനെയായാലും ഞാന്‍ വിടില്ല എന്ന് വന്നതോടെ മത്തനും കുമ്പളവും എന്റെ മുന്നില്‍ സുല്ലിട്ടു. അങ്ങനെ ഒരു മത്തന്‍ കായ വള്ളിയില്‍ പിടിച്ച് വലുതായി.ഞാനും ഉമ്മയും ബഹുത്ത് ഖുഷിയായി. അതിനെ നന്നായി പൊതിഞ്ഞ് പൊന്നുപോലെ  ഉമ്മ സൂക്ഷിച്ചു. അല്പം വലുതായതോടെ വള്ളിക്ക് ഉണക്കവും തുടങ്ങി.എങ്കിലും പിടിച്ച മത്തന്‍ മൂക്കുന്നത് വരെ ആ ചെടി ജീവന്‍ നിലനിര്‍ത്തി.

                    കുമ്പളം ഇടക്കിടെ പൂവിട്ട് കൊതിപ്പിക്കല്‍ തുടര്‍ന്നു. അതിനിടയില്‍ ഒരുത്തന്‍ മെല്ലെ ഒരു കമുകില്‍ കയറി.കുരുമുളക് വള്ളി ആദ്യമേ കമുകില്‍ കയറിയതിനാല്‍ കുമ്പളവള്ളിക്ക് പിടിച്ചു കയറാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഈ അടുത്ത് എന്തോ ആവശ്യത്തിന് വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി...ഒന്നും രണ്ടും അല്ല , അഞ്ച് കുമ്പളം ! അതും ഒത്ത വലുപ്പവും വിളവും ആയത്. ക്യാമറക്ക് പോസ് ചെയ്ത് തന്ന രണ്ടെണ്ണത്തിനെ ഞാന്‍ മെമ്മറി കാര്‍ഡിലാക്കി.
                    മഴ മാറിയതാണ് ഞങ്ങള്‍ക്ക് നല്ലത് എന്ന് അടുത്ത വള്ളിയും എന്നോട് സംവദിച്ചു.അധികം പുഷ്ടിയില്ലാത്ത ഒരു ചുരക്കാ വള്ളി.പക്ഷേ നന്നായി ഇലകള്‍ ഉണ്ടായി, നിറയെ പൂക്കളും.ദിവസം അധികം കഴിയുന്നതിന് മുമ്പേ ധാരാളം കുഞ്ഞു കായകള്‍ പിടിച്ചു. ചെറിയ കവറുകളും ന്യൂസ് പേപ്പറും ഉപയോഗിച്ച്  ഉമ്മയും ഞാനും അവയെ വണ്ടുകളില്‍ നിന്നും മറ്റു പ്രാണികളില്‍ നിന്നും രക്ഷപ്പെടുത്തി.വെറും ചാണകപ്പൊടി മാത്രമാണ് ഇട്ടതെങ്കിലും രണ്ടാം ദിവസം തന്നെ അവ കവറിന് പുറത്തേക്ക് വളര്‍ന്നു.അത്രയും ത്വരിത ഗതിയില്‍ വളരുന്നത് പ്രതീക്ഷിക്കാത്തതിനാല്‍ ചിലത് കവറിനുള്ളില്‍ ശ്വാസം മുട്ടി ചത്തു പോയി. ദൈവത്തിന് സ്തുതി , ചുരക്ക മുറ്റത്ത് വിളഞ്ഞു നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു ചന്തം.

മാലിന്യ പരിപാലനം, ജല സംരക്ഷണം, ജൈവ പച്ചക്കറി കൃഷി തുടങ്ങീ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കി കേരള സര്‍ക്കാര്‍ ഈ വരുന്ന എട്ടാം തീയതി ഹരിത കേരളത്തിന് നാന്ദി കുറിക്കുന്നു. വീട്ടില്‍ ഇതെല്ലാം മുമ്പേ നടത്തി വരുന്നതിനാല്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു...അല്പം ചിലരെങ്കിലും ഇനി ഈ വഴിയേ ചിന്തിക്കുമല്ലോ എന്നോര്‍ത്ത്.