Pages

Thursday, July 31, 2025

ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലെ ലങ്കർ ( ഡൽഹി ദിൻസ് - 5)

ഡൽഹി ദിൻസ് - 4

2014 ൽ ലുധിയാനയിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ നാഷണൽ സർവ്വീസ് സ്കീം കേരള - ലക്ഷദ്വീപ് കണ്ടിജൻ്റ് ലീഡറായിരുന്നു ഞാൻ. അന്ന് അതിന് പോകുമ്പോൾ, തൊട്ടടുത്തുള്ള കാണാൻ പറ്റുന്ന സ്ഥലങ്ങൾ എല്ലാം കാണുക എന്ന ഉദ്ദേശ്യം കൂടി എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാനും എൻ്റെ പതിനൊന്ന് വളണ്ടിയർമാരും സിഖുകാരുടെ പുണ്യക്ഷേത്രമായ സുവർണ്ണ ക്ഷേത്രത്തിൽ എത്തിയത്. സമയക്കുറവും തിരക്കും കാരണം  അന്ന് ഞങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനോ ലംഗാർ എന്ന അന്നദാന പരിപാടിയിൽ പങ്കെടുക്കാനോ സാധിച്ചിരുന്നില്ല. കുടുംബത്തിനും ഈ കാര്യങ്ങൾ പരിചയപ്പെടുത്തണമെന്ന് മനസ്സിൽ ആഗ്രഹിച്ചെങ്കിലും പിന്നീട് ഒരു അമൃതസർ യാത്ര ഒത്ത് വന്നില്ല (ബട്ട്, ഞങ്ങൾ പോകും ഇൻഷാ അള്ളാഹ്).

ഡൽഹി യാത്ര പ്ലാൻ ചെയ്തപ്പോഴാണ് ബംഗ്ലാ സാഹിബ് ഗുരുദ്വാര എനിക്ക് ഓർമ്മ വന്നത്. ഞാനും ഈ ഗുരുദ്വാര കണ്ടിട്ടില്ലാത്തതിനാലും ലിദു മോനും ലൂന മോൾക്കും സ്കൂൾ ക്ലാസുകളിൽ പഠിക്കാനുള്ളതിനാലും ഗുരുദ്വാരാ സന്ദർശനം എൻ്റെ ടൂർ പ്ലാനിൽ ഞാൻ ഉൾപ്പെടുത്തി. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് അധികം ദൂരമില്ല എന്നതും പ്ലാനിംഗിനെ എളുപ്പമാക്കി.അങ്ങനെ അഗ്രസെൻ കി ബാവോളി കണ്ട ശേഷം അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ച് ഞങ്ങൾ ബംഗ്ലാ സാഹിബിൽ എത്തി.ഓട്ടോ ചാർജായി നൂറ് രൂപയും നൽകി.

സൂര്യൻ അതിൻ്റെ ഉഗ്ര പ്രതാപം കാണിക്കുന്ന സമയത്താണ് ഞങ്ങൾ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ എത്തിയത്. പാദരക്ഷകൾ അതിനായുള്ള കൗണ്ടറിൽ ഏല്പിച്ച ശേഷം തലയിൽ സ്കാർഫും കെട്ടി ഞങ്ങൾ ഗുരുദ്വാരയിലേക്ക് നടന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ നിലത്ത് വിരിച്ച കല്ലുകളും ചുട്ടു പഴുത്ത് തുടങ്ങിയിരുന്നു. സന്ദർശകർക്ക് കാല് പൊള്ളാതെ നടക്കാനായി കാർപ്പറ്റ് വിരിച്ചിരുന്നു. അത് ഇടക്കിടക്ക് നനയ്ക്കുന്നതും കണ്ടു. 

രജപുത്ര രാജാവായിരുന്ന രാജാ ജയ്സിംഗിൻ്റെ ബംഗ്ലാവായിരുന്നു ബംഗ്ലാ സാഹിബ്. ജയ്സിംഗപുര കൊട്ടാരം എന്നായിരുന്നു അന്ന് ഇതറിയപ്പെട്ടത്.എട്ടാമത്തെ സിഖ് ഗുരുവായ ഗുരു ഹർകിഷൻ ഡൽഹിയിലുണ്ടായിരുന്ന സമയത്ത് ഇവിടെ താമസിച്ചതായി ചരിത്രം പറയുന്നു. അതോടെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇതൊരു പുണ്യഭവനമായി.

ഗുരുദ്വാരയുടെ അകത്ത് ധാരാളം പേർ ധ്യാനമിരിക്കുന്നുണ്ടായിരുന്നു. മുന്നിൽ മൂന്നാളുകൾ ചേർന്ന് ഗാനം പോലെ എന്തോ ഉറക്കെ ചൊല്ലുന്നുണ്ടായിരുന്നു. വെഞ്ചാമരം വീശുന്ന പോലെ ഒരാൾ എന്തോ ചെയ്യുന്നുണ്ട്. ധാരാളം പേർ അവിടെ വന്ന് സാഷ്ടാംഗം ചെയ്ത് കാണിക്ക അർപ്പിക്കുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞ് ഗായക സംഘം മാറി. പുതിയ സംഘം പാടാൻ തുടങ്ങി. എല്ലാം വീക്ഷിച്ച് ഞങ്ങളും ഒരു മൂലയിൽ ചെന്നിരുന്നു. അധിക സമയം ഞങ്ങളവിടെ ഇരുന്നില്ല. പുറത്തിറങിയപ്പോൾ എല്ലാവരും ഒരു ഹാളിൻ്റെ മുമ്പിലേക്ക് നീങ്ങുന്നത് കണ്ട് ഞങ്ങളും അങ്ങോട്ട് നീങ്ങി.

ഹാളിൻ്റെ മുൻഭാഗത്ത് സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും ഇടകലർന്ന് നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇനിയൊരാൾക്കിരിക്കാൻ സ്ഥലമില്ല എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ആ കൂട്ടത്തിലേക്ക് വളണ്ടിയർമാർ വീണ്ടും വീണ്ടും ആൾക്കാരെ കയറ്റിക്കൊണ്ടിരുന്നു. അങ്ങനെ ഞങ്ങളും അകത്ത് കയറി ചെറിയൊരു ഗ്യാപ്പിൽ ഇരുന്നു.

തൊട്ടുപിന്നാലെ മുമ്പിലെ ഇരുമ്പ് ഗേറ്റ് തുറന്നു. എല്ലാവരും ഹാളിനകത്തേക്ക് ഓടി. ഞങ്ങളും ഓടിച്ചെന്ന് അവിടെ വിരിച്ച പായയിൽ ചെന്നിരുന്നു. മദ്ധ്യത്തിൽ ഒഴിവിട്ട് ഒരു വരിക്ക് അഭിമുഖമായി അടുത്ത വരി എന്ന രൂപത്തിലായിരുന്നു ഇരുത്തത്തിൻ്റെ രൂപകല്പന. നിമിഷങ്ങൾക്കകം തന്നെ ഹാൾ നിറഞ്ഞു.

ഉച്ചത്തിൽ എന്തോ ഒന്ന് വിളിച്ച് പറഞ്ഞ് ഓരോ വരിയിലും വളണ്ടിയർമാർ സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു. പിന്നാലെ റൊട്ടി എന്ന് ഉത്തരേന്ത്യക്കാർ പറയുന്ന ചപ്പാത്തിയുമായി ഒരാൾ വന്നു. രണ്ട് ചപ്പാത്തി വീതം അയാൾ കയ്യിലേക്കിട്ട് തന്നു. ഇരു കൈകളും ചേർത്ത് പിടിച്ച് താഴ്മയോടെ വേണം ചപ്പാത്തി വാങ്ങാൻ. ശേഷം ഒരാൾ മമ്പയർ കറി ലാവിഷായി പാത്രത്തിലേക്ക് ഒഴിച്ചു. പിന്നാലെ ഒരാൾ പനീർ പട്ടാണിക്കടലക്കറിയും മറ്റൊരാൾ പച്ചക്കറി സാലഡും മൂന്നാമതൊരാൾ ഒരു വെള്ളപ്പായസവും മറ്റൊരാൾ രസഗുളയും കൊണ്ടുവന്നു. വീണ്ടും ഒരു ശബ്ദം പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി.

വിശപ്പിൻ്റെ വിളി കാരണമാകാം ഞാൻ ചപ്പാത്തി വീണ്ടും വാങ്ങി. പ്ലേറ്റിലെ എല്ലാ ഐറ്റംസും തീർക്കണം എന്നതാണ് അവർക്കുള്ള ഏക ഡിമാൻ്റ്. കഷ്ടപ്പെട്ടാണെങ്കിലും മക്കളും പ്ലേറ്റ് കാലിയാക്കി. ആവശ്യമുള്ളവർക്ക് വേണ്ടത്രയും സാധനങ്ങൾ വീണ്ടും വീണ്ടും നൽകുന്നുണ്ട്. പ്ലേറ്റ് തിരിച്ച് വാങ്ങുന്നയാൾ, ആരും ഭക്ഷണം പാഴാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു.

ലംഗർ എന്നാണ് ഈ സമൂഹ ഭക്ഷണ പരിപാടിക്ക് പറയുന്ന പേര്. ഞങ്ങൾക്കെല്ലാവർക്കും ഇതൊരു പുതിയ അനുഭവം ആയിരുന്നു.

Next : ഗാന്ധി സ്മൃതി

Tuesday, July 29, 2025

അഗ്രസേൻ കി ബാവോലി (ഡൽഹി ദിൻസ് - 4 )

ഡൽഹി ദിൻസ് - 3

ഡൽഹിയിൽ എത്തി രണ്ടാം ദിവസം മുതൽ തിരക്കിട്ട ഷെഡ്യൂൾ ആയിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. കാണാത്ത കാഴ്ചകൾക്കൊപ്പം ചരിത്ര പാഠങ്ങൾ മക്കളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഉള്ളതിനാൽ അങ്ങനെയൊരു ഷെഡ്യൂൾ നിർബന്ധമായിരുന്നു. 

നേരത്തെ എണീറ്റ് പ്രഭാത കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ഞങ്ങളുടെ ഹോം സ്റ്റേയിലെ ആദ്യ ഭക്ഷണം കഴിച്ചു. ഇഡ്ലിയും സാമ്പാറും ആയിരുന്നു ഒരുക്കിയിരുന്നത്. ഇഷ്ടമുള്ളത്രയും എടുക്കാൻ അനുവാദം ഉണ്ടായിരുന്നതിനാൽ എല്ലാവരും നന്നായി തന്നെ ഭക്ഷിച്ചു. ശേഷം നേരെ ഒഖ്ല വിഹാർ മെട്രോ സ്റ്റേഷനിലെത്തി പട്ടേൽ ചൗക്കിലേക്ക് ടിക്കറ്റെടുത്തു. നാൽപത് രൂപയായിരുന്നു ഒരാൾക്ക് ടിക്കറ്റ്.

ഡൽഹി മെട്രോയിൽ ലിദു മോൻ്റെ കന്നിയാത്രയായിരുന്നു ഇത്. 2022 ൽ , കയ്യിലുണ്ടായിരുന്ന കളിത്തോക്ക് കാരണം ചുണ്ടിനും കോപ്പക്കുമിടയിൽ അവസരം നഷ്ടമാകുകയായിരുന്നു. ജയ്പൂർ മെട്രോയിൽ  (Click & Read 41) കയറിയതാണ് അവൻ്റെ ഏക മെട്രോ യാത്ര. ലൂന മോൾക്കും, സ്ഥലകാലബോധം വന്ന ശേഷമുള്ള ആദ്യ ഡൽഹി മെട്രോ യാത്ര ആയിരുന്നു ഇത്. അതിനാൽ രണ്ട് പേർക്കും ട്രെയിനിനകത്തെ ഡിസ്പ്ലേകളും അറിയിപ്പുകളും സ്റ്റേഷൻ വിവരങ്ങളും സാധാരണ ഉപയോഗിക്കുന്ന ഹിന്ദി വാക്കുകളും പഠിപ്പിച്ചു കൊണ്ടായിരുന്നു ആ യാത്ര.ഹൗസ് ഖാസിൽ നിന്ന് ലെയിൻ മാറിക്കയറാനുണ്ടായതിനാൽ അതും അവർക്ക് പഠിക്കാനായി.

നാൽപത്തിയഞ്ച് മിനുട്ട് യാത്ര ചെയ്ത് പതിനേഴ് സ്റ്റേഷനുകൾ പിന്നിട്ട് ഞങ്ങൾ പട്ടേൽ ചൗക്കിലെത്തി. സ്റ്റേഷന് പുറത്തിറങ്ങി ഒറ്റ ഓട്ടോയിൽ ആറ് പേരും കയറി നേരെ അഗ്രസേൻ കി ബാവോലിയിൽ എത്തി. നൂറ് രൂപയായിരുന്നു ഓട്ടോ ചാർജ്ജ്. 

ഡൽഹിയിൽ ഇങ്ങനെ ഒരു പടിക്കിണർ ഉള്ളത്  ആദ്യമായിട്ടറിയുന്നത് ലുഅ മോൾ കൂട്ടുകാരോടൊപ്പം ഇവിടം സന്ദർശിച്ചപ്പോഴാണ്. നഹാർ ഗഡ് കോട്ടയിലെ (Click & Read 84) പടിക്കിണർ ഞങ്ങളെല്ലാവരും കണ്ടിരുന്നെങ്കിലും അഹമ്മദാബാദിലെ അത്‌ലജ് പടിക്കിണർ (Click & Read 144) കണ്ടപ്പോഴാണ് എനിക്കതിൻ്റെ സൗന്ദര്യം മനസ്സിലായത്. ഡൽഹിയിൽ അത്തരം ഒന്ന് ഉണ്ട് എന്നറിഞ്ഞതോടെ അത് കുടുംബത്തെയും കാണിക്കണമെന്നാഗ്രഹിച്ചു. അങ്ങനെയാണ് ഞാനും ഇന്നു വരെ കാണാത്ത അഗ്രസേൻ കി ബാവോലിയിൽ ഞങ്ങളെത്തിയത്.

"നികാലോ....യഹ് ഹെ സർ  അഗ്രസേൻ കി ബാവോലി" ; ആളൊഴിഞ്ഞ സ്ഥലത്തുള്ള ഒരു കരിങ്കൽ ഭിത്തിക്ക് സമീപം നിർത്തിക്കൊണ്ട് ഓട്ടോക്കാരൻ പറഞ്ഞു.

തുറന്നിട്ട കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടർ ഉണ്ടെങ്കിലും അകത്ത് ആരും ഉണ്ടായിരുന്നില്ല. കവാടം കടന്ന് അകത്തെത്തിയപ്പോൾ കണ്ടത് മലയാളം സംസാരിക്കുന്ന ഒരമ്മയും രണ്ട് പെൺ മക്കളും മാത്രം!

ഈ പടിക്കിണർ ആര് നിർമ്മിച്ചതാണ് എന്നതിന് വ്യക്തമായ തെളിവുകളില്ല. അഗർവാൾ സമുദായത്തിൽ പെട്ടവരാണ് ഇത് നിർമ്മിച്ചത് എന്ന് പൊതുവെ കരുതപ്പെടുന്നു. കിണറിൻ്റെ വാസ്തു വിദ്യയിൽ നിന്ന് ഇത്  തുഗ്ലക്ക് ഭരണകാലത്തും ലോധി ഭരണകാലത്തും പുനർ നിർമ്മിച്ചതായും കണക്കാക്കപ്പെടുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം.

മൂന്ന് നിലകളാണ് അഗ്രസേൻ കി ബാവോലി ക്കുള്ളത്. ദീർഘചതുരാകൃതിയിലുള്ള ഒരു കിണറിൽ നിന്നും പടുത്തുയർത്തിയ കരിങ്കൽ കൊട്ടാരം പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. ഓരോ നിലയിലും ഇരുവശത്തും കമാനാകൃതിയിലുള്ള മാടങ്ങളും കാണാം. നൂറിലധികം സ്റ്റെപ്പുകൾ ഇറങ്ങിയാലേ വെള്ളത്തിലെത്തൂ. പക്ഷെ, അങ്ങോട്ട് ഇറങ്ങാൻ അനുവാദമില്ല.

ആമിർ ഖാൻ്റെ പി കെ , സൽമാൻ ഖാൻ അഭിനയിച്ച സുൽത്താൻ, ഷാറൂഖ് ഖാൻ്റെ കഭി അൽവിദ്ന കഹ്ന തുടങ്ങീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇവിടെ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്നു. ഇതിലേതും ഞാൻ കണ്ടിട്ടില്ല എന്നതിനാൽ ഞാനത് മൂളിക്കേൾക്കുക മാത്രം ചെയ്തു.

ബെഹെൻസ് കി ബാവോലി എന്ന് കൂടി അറിയപ്പെടുന്ന അഗ്രസേൻ കി ബാവോലി ജന്തർ മന്തറിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ജന്തർ മന്തർ ആണെന് കരുതി കാണാൻ വന്ന ഒരു സഞ്ചാരിയെയും അവിടെ വച്ച് ഞാൻ കണ്ടു. ജയ്പൂരിലെ ജന്തർ മന്ത (Click & Read 46) കുടുംബ സമേതം കണ്ടിരുന്നതിനാൽ ഡൽഹിയിലേത് കാണാൻ ഞങ്ങൾക്ക് താല്പര്യം തോന്നിയില്ല. അര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കാഴ്ച കാണാൻ നീങ്ങി.

Next : ബംഗ്ലാ സാഹിബിലെ ലങ്കർ

Sunday, July 27, 2025

ഷഹീൻബാഗിൽ (ഡൽഹി ദിൻസ് - 3 )

ഡൽഹി ദിൻസ് - 2

നിസാമുദ്ദീൻ ദർഗ്ഗയിൽ നിന്ന് ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ തന്നെ തിരിച്ചെത്തി. ലഗേജുകൾ എടുത്ത ശേഷം, ഡൽഹിയിൽ പഠിക്കുന്ന എൻ്റെ രണ്ടാമത്തെ മകൾ ലുഅയെ കാത്തിരുന്നു.രണ്ടാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനാൽ ആദ്യ രണ്ടു ദിവസം പുറത്ത് റൂമെടുത്തും ശേഷം അവളുടെ റൂമിലും താമസിക്കാം എന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഇതുപ്രകാരം ഞങ്ങൾ റൂമെടുത്തത് ഓഖ്‌ല യിൽ ആയിരുന്നു. താമസിയാതെ ലുഅ മോൾ എത്തി.ഞാൻ ഒഴികെ ബാക്കി എല്ലാവരും അവളെ കാണുന്നത് നാലു  മാസങ്ങൾക്ക് ശേഷമായിരുന്നു.ഊബർ ടാക്സി വിളിച്ച് ഞങ്ങൾ ഓഖ്‌ലയിലേക്ക് തിരിച്ചു.

ഓഖ്‌ലയിലെ അബുൽ ഫസൽ എൻക്ലേവിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര ഓഫീസിനടുത്ത്,   ഒരു മലയാളി സ്ത്രീ നടത്തുന്ന ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങളുടെ താമസം.പ്രാതലും അത്താഴവും അടക്കം ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു പ്രതിദിന വാടക.ഞങ്ങൾ ആളെണ്ണം കൂടുതലായതിനാൽ രണ്ടായിരം രൂപയായി.മലയാളി വിദ്യാർത്ഥിനികൾ ആയിരുന്നു ഹോസ്റ്റലിലെ മറ്റ് അന്തേവാസികൾ.കഴിഞ്ഞ രണ്ട് ദിവസവും കുളിക്കാത്തതിനാലും ഡൽഹിയിലെ ചൂടും കാരണം റൂമിലെത്തിയ ഉടൻ തന്നെ എല്ലാവരും കുളിച്ചു വൃത്തിയായി.ശേഷം തൊട്ടടുത്ത തെരുവിൽ മലയാളികൾ നടത്തുന്ന റൂമി റസ്റ്റാറന്റിൽ പോയി സുഭിക്ഷമായി ഭക്ഷണം കഴിച്ചു.

ആമാശയത്തിന് ആശ്വാസം കിട്ടിയതോടെ അന്നത്തെ അടുത്ത പരിപാടികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. രാത്രി ആവാറായതിനാൽ ഏതെങ്കിലും മാർക്കറ്റിൽ പോകാം എന്ന് തീരുമാനിച്ചു.ഡ്രെസ് മെറ്റീരിയലുകൾ പ്രത്യേകിച്ചും ചുരിദാർ പീസുകൾ കിട്ടുന്ന ഷഹീൻബാഗ് മാർക്കറ്റ് അടുത്തുണ്ട് എന്ന് ലുഅയുടെ കൂട്ടുകാരികൾ പറഞ്ഞു.പൗരത്വ ബിൽ എന്ന കിരാത നിയമത്തിനെതിരെ കുടിൽ കെട്ടി സമരം നടന്ന ഷഹീൻബാഗ് ഇവിടെയാണെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. പരീക്ഷ ആയതിനാൽ ലുഅ അവളുടെ റൂമിലേക്കും ഞങ്ങൾ ഷഹീൻബാഗ് മാർക്കറ്റിലേക്കും പുറപ്പെട്ടു.

റിക്ഷ ഇറങ്ങി ഇടുങ്ങിയ ഒരു റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ലുഅ അയച്ച് തന്ന ഗൂഗിൾ മാപ്പ് നോക്കി ഞങ്ങൾ നടക്കാൻ തുടങ്ങി.നടക്കുന്തോറും തെരുവ് കൂടുതൽ കൂടുതൽ ജനനിബിഢമാകാൻ തുടങ്ങി.പലതരം കച്ചവടങ്ങളും തെരുവിൽ പൊടി പൊടിക്കുന്നുണ്ട്.ഇതിനിടയിലൂടെ ഇരു ചക്ര വാഹനങ്ങൾ നുഴഞ്ഞും ഇഴഞ്ഞും പോയിക്കൊണ്ടിരുന്നു. മഴ പെയ്ത കാരണം തെരുവിൽ വെള്ളവും കെട്ടി നിൽക്കുന്നുണ്ട്. എല്ലാം തരണം ചെയ്ത് ഞങ്ങൾ മുന്നോട്ട് നടന്നു.

ഗൂഗിൾ മാപ്പ് കാണിച്ച് തന്ന പ്രകാരം കൂടുതൽ ഇടുങ്ങിയതും വളരെ തിരക്കേറിയതുമായ ഒരു ഗല്ലിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു.വിവിധതരം വസ്ത്രങ്ങളുടെയും തുണികളുടെയും വിശാലമായ ഒരു ലോകമായിരുന്നു അത്. സാധനങ്ങൾ വാങ്ങാൻ വന്നവരിൽ കൂടുതലും സ്ത്രീകളായിരുന്നു. നാട്ടിൽ, വിവിധ ആഘോഷ സമയങ്ങളിൽ കാണുന്ന തിരക്ക് എല്ലാ കടകളിലും കണ്ടു.വിവിധ കടകളിൽ കയറി ഞങ്ങളും നിരവധി ഡ്രസ്സ് മെറ്റീരിയൽസ് വാങ്ങിക്കൂട്ടി.

പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഹോസ്റ്റൽ ആയതിനാൽ പത്ത് മണിക്ക് ഗേറ്റ് അടക്കും എന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു.ആയതിനാൽ സമയം വൈകാതെ ഞങ്ങൾ ഷഹീൻബാഗിൽ നിന്നും തിരിച്ചു പോന്നു. റൂമിലെത്തി അടുത്ത ദിവസത്തെ സന്ദർശന സ്ഥലങ്ങളും സമയക്രമവും ഒന്ന് കൂടി ഉറപ്പു വരുത്തി. അത്താഴം ആർക്കും ആവശ്യം ഇല്ലാത്തതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നിദ്രയിലേക്ക് ഊളിയിട്ടു.

Next : അഗ്രസേൻ കി ബാവോലി 

Wednesday, July 23, 2025

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗ (ഡൽഹി ദിൻസ് - 2)

ഡൽഹി ദിൻസ് - 1

ഈ യാത്രയുടെ മറ്റൊരു ലക്ഷ്യം, കഴിയുന്നത്ര പ്രാദേശിക ഭക്ഷണ രുചികൾ അറിയുക എന്നതായിരുന്നു.ഭാവി യാത്രകളിൽ മക്കൾക്കും അത് ഉപകരിക്കും എന്നാണ് ഞാൻ കരുതുന്നത്. ട്രെയിനിൽ വച്ച് തന്നെ ഈ അറിവിന് ഞാൻ തുടക്കമിട്ടു. കേരളവും കർണ്ണാടകയും ഗോവയും പിന്നിട്ട് മഹാരാഷ്ട്രയിൽ എത്തിയപ്പോഴും മഴ തോർന്നിരുന്നില്ല. 

ഏതോ ഒരു സ്റ്റേഷനിൽ എത്തിയതോടെ ചായ വിൽപനക്കാരുടെ ബഹളം കേട്ടു. 

"ബഡാ പാവ്..ബഡാ പാവ്.. "

മഹാരാഷ്ട്രക്കാരുടെ ഇഷ്ടപ്പെട്ട ഒരു ലഘു ഭക്ഷണമാണ് ബഡാ പാവ്. ഒരു കുഞ്ഞു റൊട്ടി നെടുകെ പൊളിച്ച് മസാല ബോണ്ട അകത്തു വച്ച് മുളക് ചമ്മന്തിയും കൂട്ടി തിന്നുന്നതാണ് ബഡാ പാവ്. ഉത്തരേന്ത്യക്കാർ ഇത് തിന്നുന്നതു കണ്ട് നമ്മൾ വാങ്ങിയാൽ പെട്ടു പോകും. കാരണം ബോണ്ടയുടെയും ചമ്മന്തിയുടെയും എരിവ് ദക്ഷിണേന്ത്യക്കാർക്ക് അത്ര പിടിക്കില്ല. മുൻ യാത്രകളിൽ ഇത് കഴിച്ച് പരിചയമുള്ളതിനാലും മക്കൾ ആവശ്യപ്പെട്ടതിനാലും രണ്ടെണ്ണം അടങ്ങുന്ന ഒരു പ്ലേറ്റ് മുപ്പത് രൂപ കൊടുത്ത് ഞാൻ വാങ്ങി. ലിദു മോനും ലൂന മോളും അത് പെട്ടെന്ന് തന്നെ ഫിനിഷാക്കുകയും ചെയ്തു. അങ്ങനെ മഹാരാഷ്ട്രയുടെ തനത് രുചിഭേദങ്ങളിൽ ഞങ്ങളുടെ രുചി തേടിയുള്ള യാത്രക്കും തുടക്കമായി.

മൂന്നാം ദിവസം ഉച്ചയോടെ ഞങ്ങൾ ഡൽഹിയിൽ എത്തി. ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിൽ ആണ് ഇതിന് മുമ്പും പല തവണ ട്രെയിൻ ഇറങ്ങിയത്. പക്ഷെ, ഒരിക്കൽ പോലും ആ പേരിൻ്റെ കാരണമായ നിസാമുദ്ദീൻ ദർഗ്ഗയിൽ ഞങ്ങൾ പോയിരുന്നില്ല. ദർഗ്ഗാ സന്ദർശനത്തിൽ വിശ്വാസമില്ലാത്തത് ആയിരുന്നു അതിൻ്റെ പ്രധാന കാരണം. 2002 ൽ ഭാര്യാ സമേതമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ ഡൽഹി ദർശൻ പാക്കേജിൻ്റെ ഭാഗമായി ഒരു ടൂർ ഓപ്പറേറ്റിംഗ് ടീം ഞങ്ങളെ ഈ ദർഗ്ഗയിലും എത്തിച്ചിരുന്നു. അന്ന് കണ്ട വൃത്തിഹീനമായ സ്ഥലങ്ങളും നടവഴികളും ഭിക്ഷാടകരും ആയിരുന്നു പിന്നീടുള്ള ദർഗ്ഗ സന്ദർശനം തടഞ്ഞ രണ്ടാമത്തെ കാരണം.

ഇപ്രാവശ്യത്തെ യാത്ര വേറിട്ട കാഴ്ചകൾ തേടിയുള്ളതായതിനാൽ നിസാമുദ്ദീൻ ദർഗ്ഗ കാണണം എന്ന് മൂത്ത മോൾ ആഗ്രഹം പ്രകടിപ്പിച്ചു. ഈയിടെ വൈറലായി മാറിയ "കുൻ ഫ യകൂൻ" എന്ന ഹിന്ദി സിനിമാ ഗാനം ചിത്രീകരിച്ച സ്ഥലം ആയത് കൊണ്ടായിരിക്കാം ഈ താൽപര്യം തോന്നിയത്.ആദ്യ ദിവസം ഞങ്ങൾക്ക് മറ്റൊരു പരിപാടിയും ഇല്ലാത്തതിനാൽ ഞാനതിന് സമ്മതം മൂളി. ലഗേജുകൾ മുഴുവൻ റെയിൽവെ സ്റ്റേഷനിലെ ക്ലോക്ക് റൂമിൽ വെച്ച്, ടാക്സി പിടിച്ച് ഞങ്ങൾ ദർഗ്ഗയിലേക്ക് തിരിച്ചു. മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള ദർഗ്ഗയിലേക്ക് ടാക്സി കൂലി 200 രൂപയാണ്. ബസ്സിന് വെറും അഞ്ച് രൂപയും.

മെയിൻ റോഡിൽ നിന്നും ഉള്ളോട്ടുള്ള വഴിയിലൂടെ ഞങ്ങൾ നടന്നു. ആദ്യ സന്ദർശന വേളയിലെ ഇടുങ്ങിയതായിരുന്നില്ല ആ വഴികൾ. വഴി നീളെയുള്ള യാചകരെയും ഇത്തവണ കണ്ടില്ല. ദർഗ്ഗയിലെ ഖബർ മൂടാനുള്ള പച്ച വിരിപ്പും അർപ്പിക്കാനുള്ള റോസാപ്പൂ ഇതളുകളും വിൽക്കുന്ന കടകളായിരുന്നു റോഡിൻ്റെ ഇരു വശവും. ദർഗ്ഗയോട് അടുക്കുന്തോറും വഴി ഇടുങ്ങിക്കൊണ്ടിരുന്നു. പ്രവേശന കവാടത്തിന് പുറത്ത് ചെരുപ്പുകൾ അഴിച്ചു വച്ച് ഞങ്ങൾ അകത്ത് പ്രവേശിച്ചു.

ദർഗ്ഗാ സമുച്ചയത്തിലേക്ക് പ്രവേശിച്ച ഉടനെ നിരവധി ഖബറുകളാണ് കാണുന്നത്. ആരുടെതാണെന്ന് പ്രത്യേകിച്ച് അടയാളപ്പെടുത്തലുകൾ ഒന്നും തന്നെ ഇല്ല.

"പഹ് ലെ ഇധർ" ചെറിയ ഒരു കെട്ടിടത്തിനടുത്ത് നിന്ന്, നോട്ട് പുസ്തകവും കയ്യിലേന്തി നിൽക്കുന്ന ഒരു തൊപ്പിക്കാരൻ പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് നീങ്ങി. ഡൽഹി ദർബാറിലെ കവിയായിരുന്ന അമീർ ഖുസ്രുവിൻ്റെ മഖ്ബറയായിരുന്നു ആ കെട്ടിടത്തിനകത്ത്. സന്ദർശകർ അകത്ത് കയറി പൂക്കളും മറ്റും അർപ്പിക്കുന്നത് കണ്ടു. ഞങ്ങൾ പുറത്ത് നിന്ന് നോക്കിക്കണ്ടു. നോട്ടുപുസ്തകം നീട്ടി എന്തെങ്കിലും സംഭാവന എഴുതാൻ തൊപ്പിക്കാരൻ പറഞ്ഞെങ്കിലും സംഭാവന നൽകാൻ എനിക്ക് തോന്നിയില്ല. ഷാജഹാൻ ചക്രവർത്തിയുടെ മകൾ ജഹനാരയുടെയും മുഗൾ ചക്രവർത്തി മുഹമ്മദ് ഷായുടെയും ഖബറുകളും ഇവിടെ ഉണ്ട്. ഞങ്ങളത് തെരഞ്ഞ് പോകാൻ നിന്നില്ല.

ശേഷം, ഹസ്രത്ത് നിസാമുദ്ദീൻ ഔലിയായുടെ മഖ്ബറയിലേക്ക് ഞങ്ങൾ നീങ്ങി.ചുട്ടു പൊള്ളുന്ന വെയിലിൽ തുണി വിരിച്ച് ഭക്തജനങ്ങൾ അവിടെ ധ്യാനിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. നേരത്തെ കണ്ട പോലെ ഒരു തൊപ്പിക്കാരൻ ഇവിടെയും ഉണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ളവരാണ് എന്നറിഞ്ഞപ്പോൾ ഞങ്ങളെ പ്രത്യേകം നോട്ടമിട്ട് നോട്ടുപുസ്തകം നീട്ടി. ഞാനതിലേക്ക് നോക്കി "നോ" എന്നാംഗ്യം കാണിച്ചു. തൊട്ടുമുമ്പ് വരെ തന്ന ആദരം ശകാര വാക്കുകളായി ഒഴുകാൻ തുടങ്ങി. എൻ്റെ തൊട്ടുമുമ്പിൽ വന്ന ഒരു ഹൈദരാബാദുകാരനും ശകാരങ്ങൾ ഏറ്റുവാങ്ങി. ഞങ്ങൾ മെല്ലെ അവിടെ നിന്ന് പുറത്തേക്ക് നീങ്ങി.

ഡൽഹി സുൽത്താനായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് ആണ് 1325 ൽ നിസാമുദ്ദീൻ ദർഗ്ഗ പണിതത്. പിന്നിട് ഫിറോസ് ഷാ തുഗ്ലക്ക് അതിൽ ചില മാറ്റങ്ങൾ വരുത്തി. ദർഗ്ഗയോട് ചേർന്നുള്ള പള്ളി ഖിൽജി മോസ്ക് എന്നറിയപ്പെടുന്നു. വൈകുന്നേരങ്ങളിൽ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന ഖവാലി സംഗീതമാണ് നിസാമുദ്ദീൻ ദർഗ്ഗയുടെ പ്രധാന സവിശേഷത.

നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപം ഒരു സ്റ്റെപ്പ് വെൽ ഉണ്ട് എന്ന് പിന്നീടാണറിഞ്ഞത്. ദർഗ്ഗയിലേക്ക് പോകുന്ന വഴിയിൽ കോട്ടകവാടം പോലെ പുരാതനമായ ഒരു കവാടം ഞങ്ങൾ കണ്ടു. അകത്ത് കയറിയപ്പോൾ ഇഷ്ടിക പതിച്ച വിശാലമായ ഒരു നടുമുറ്റം. ധാരാളം കുട്ടികൾ അവിടെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഏതോ സാമ്രാജ്യ ചരിത്രത്തിൻ്റെ ഭാഗമായ ആ നിർമ്മിതി എന്താണെന്ന് അവിടെ എങ്ങും ഒരു സൂചനയും കണ്ടില്ല.


या निज़ामुद्दीन औलिया

या निज़ामुद्दीन सलक़ा

कदम बढ़ा ले

हदों को मिटा ले

आजा ख़ालीपन में पी का घर तेरा

तेरे बिन ख़ाली, आजा, ख़ालीपन में

तेरे बिन ख़ाली, आजा, ख़ालीपन में

उ उ उ उ उ उ

ഏ ആർ റഹ്മാൻ്റെ ആ ഗാനം, നേർത്ത ശബ്ദത്തിൽ എൻ്റെ കർണ്ണപുടങ്ങളിൽ പതിക്കാൻ തുടങ്ങി.


Next : ഷഹീൻബാഗ്


Thursday, July 17, 2025

ഡൽഹി ദിൻസ് - 1

വേനലവധിക്കാലത്ത് കുടുംബ സമേതമുള്ള ഒരു വിനോദയാത്ര വളരെക്കാലമായി എൻ്റെ പതിവുകളിൽ ഒന്നാണ്. റംസാൻ വ്രതത്തിൻ്റെ ഒരു ഭാഗം വേനലവധിക്കാലത്തായതും ലൂന മോളെയും ലിദു മോനേയും നീന്തൽ പരിശീലനത്തിന് ചേർത്തതും  സർവ്വോപരി എൻ്റെ അവധിക്കാലം മെയ് - ജൂൺ ആയതും കാരണം 2024 ൽ ഒരു ദീർഘദൂര വിനോദയാത്ര സാധിച്ചിരുന്നില്ല. എങ്കിലും പുതിയ മരുമകനെയും കൂട്ടി രണ്ട് ദിവസത്തെ ഒരു ഊട്ടി യാത്ര നടത്തി.

മൂന്ന് വർഷത്തിനിടയിൽ മൂന്നാം തവണയും കാശ്മീരിൽ പോയി വന്നപ്പോൾ കുടുംബ സമേതം ഒരു യാത്ര നിർബന്ധമാണെന്ന് എൻ്റെ മനസ്സിൽ തോന്നി. പക്ഷേ,  ഈ വർഷവും എൻ്റെ അവധിക്കാലവും കുട്ടികളുടെ അവധിക്കാലവും വ്യത്യസ്തമായിരുന്നു. കൂടാതെ ഡൽഹിയിൽ പഠിക്കുന്ന മകൾക്ക് മെയ് 28 വരെ പരീക്ഷയും. എങ്ങനെയെങ്കിലും ഒരു യാത്ര വേണം എന്നതിനാൽ, മെയ് അവസാനത്തിൽ ഡൽഹിയിൽ എത്തുന്ന വിധത്തിൽ ജൂണിലെ ഏതാനും അധ്യയന ദിവസങ്ങൾ കൂടി കടമെടുത്ത് ഒരു പദ്ധതി ഞാൻ തയ്യാറാക്കി. പത്താം ക്ലാസ്കാരിയായി മാറിയ ലൂന മോളുടെ ആദ്യ അധ്യയന ദിനങ്ങൾ തന്നെ നഷ്ടപ്പെടും എന്നത് യാത്രകളുടെ ഹരം കാരണം എനിക്കും അവൾക്കും ഒരു പ്രശ്നമായി തോന്നിയില്ല.

ഇതുവരെ നടത്തിയ സർവ്വ യാത്രകളിൽ നിന്നും വ്യത്യസ്തമായി വളരെയധികം ഹോം വർക്ക് നടത്തിയാണ് ഈ യാത്ര ഞാൻ ആസൂത്രണം ചെയ്തത്. ഡൽഹിയിൽ ഇതുവരെ ഞങ്ങൾ ആരും കാണാത്ത കാഴ്ചകൾ കാണുക, വിവിധ  മാർക്കറ്റുകൾ സന്ദർശിക്കുക, മോളുടെ കൂടെ താമസിക്കുക, ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ചില പ്രത്യേക സ്ഥലങ്ങൾ ലിദു മോനെയും ലൂന മോളെയും കാണിക്കുക,തിഹാർ ജയിൽ സന്ദർശിക്കുക, മണാലിയിൽ പോവുക തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. ഓരോ സ്ഥലത്തും പോകേണ്ട ദിവസവും സമയവും, സുഹൃത്തും ഡൽഹിയിൽ താമസക്കാരനുമായ ശ്രീജിത്തിൻ്റെയും മോളുടെയും സഹായത്തോടെ ഞാൻ ചാർട്ട് ചെയ്തു.

ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ എത്താൻ ടാക്സി വിളിക്കേണ്ട എന്നായിരുന്നു എൻ്റെ തീരുമാനം. ഓരോ സ്ഥലത്തും നമുക്ക് വേണ്ടത്ര സമയം ചെലവഴിക്കാൻ അത് തടസ്സമാകും എന്നത് തന്നെ കാരണം. പോകേണ്ട സ്ഥലത്തേക്ക് മെട്രോ ട്രെയിനും ബസ്സും ഓട്ടോയും ഉപയോഗപ്പെടുത്താം എന്നായിരുന്നു പ്ലാൻ. അതിനായി ഡൽഹി മെട്രോ റൂട്ടും ഞാൻ നന്നായി മനസ്സിലാക്കി. എങ്കിലും മുൻ കാശ്മീർ യാത്രയിൽ പരിചയപ്പെട്ട ഡൽഹി ടൂറിസം ഇൻഫർമേഷൻ ഓഫീസർ മൃദുല ടാക്കൂറിനോട് ഒരു ഉപദേശം ഞാൻ തേടി. ഒരു ടാക്സി ഡ്രൈവറുടെ നമ്പർ തന്ന് അവർ തടിതപ്പി. ഞങ്ങൾ നാല് ദിവസം കൊണ്ട് കാണണം എന്ന് കരുതിയ സ്ഥലങ്ങളും മറ്റ് ചില സ്ഥലങ്ങളും കൂടി ഒറ്റ ദിവസം കൊണ്ട് നാലായിരം രൂപക്ക് കാണിച്ച് തരാം എന്ന് അദ്ദേഹം പറഞ്ഞു. അതോട് കൂടി തന്നെ അതിൻ്റെ പരിമിതികളും എനിക്ക് ബോധ്യമായതിനാൽ അത് ഞാൻ വേണ്ടെന്ന് വച്ചു.

മണാലി പോകുന്നതും ഡൽഹിയിലെ ഒരു ടൂർ പാക്കേജ് മാനേജറുമായി സംസാരിച്ചു. ആളൊന്നിന് അദ്ദേഹം പറഞ്ഞതിനെക്കാളും ചുരുങ്ങിയത് രണ്ടായിരം രൂപ കുറവിൽ സ്വന്തം പ്ലാൻ ചെയ്തു പോകാം എന്ന് കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ എനിക്ക് ബോധ്യമായി. അങ്ങനെ മണാലിയിലേക്കുള്ള യാത്രയും സന്ദർശന സ്ഥലങ്ങളും എല്ലാം ഞാൻ തന്നെ സ്വയം ചാർട്ട് ചെയ്തു.

അങ്ങനെ മുഴുവൻ പ്ലാനും ഒരു കുഞ്ഞു പുസ്തകത്തിൽ കുറിച്ച് വച്ച് , മെയ് 25 ന് വൈകിട്ട് 5.45 ന് ഞങ്ങൾ കോഴിക്കോട് നിന്നും മംഗളാ ലക്ഷദ്വീപ് ട്രെയിനിൽ യാത്ര ആരംഭിച്ചു.

Next : നിസാമുദ്ദീൻ ദർഗ്ഗ

Saturday, July 12, 2025

അബിജു

2009 ൽ ഞാൻ സ്ഥലം മാറ്റം കിട്ടി കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ സന്ദർഭം. കലാലയങ്ങളിലും സ്കൂളുകളിലും എല്ലാം ലോക പരിസ്ഥിതി ദിനം ആചരിക്കാനൊരുങ്ങുന്ന സമയം കൂടിയായിരുന്നു അത്. ജൂൺ അഞ്ചിനോ അതല്ല തൊട്ടടുത്ത ശനിയാഴ്ചയാണോ എന്നോർമ്മയില്ല, കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലും എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാമ്പസിൽ തൈ നടുന്ന പരിപാടി ഉണ്ടായിരുന്നു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അരീക്കോട് എം.ഇ.എ.എസ്.എസ് കോളേജിലെ അദ്ധ്യാപകനുമായ ഡോ.നുജും സർ ആയിരുന്നു അന്നത്തെ മുഖ്യാതിഥി. പരിസ്ഥിതി സംരക്ഷണ പ്രഭാഷണം കഴിഞ്ഞ് അടുത്ത പരിപാടിയായ വൃക്ഷത്തൈ നടലിലേക്ക് കടന്നു. ഒരു പയ്യൻ്റെ കൈകളിലേക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് സാർ ചോദിച്ചു.
"ഇതിൻ്റെ പേരെന്താ?'

"കൊന്ന" 

"നിൻ്റെ പേരോ?"

"അഫ്നാസ്"

"എങ്കിൽ നീ നടുന്ന ഈ മരം ഇനി അഫ്നാസ് മരം എന്നറിയപ്പെടും. നോക്കി വളർത്തി പരിപാലിക്കുക"

അഫ്നാസ് പഠനം പൂർത്തിയാക്കി കാമ്പസിൽ നിന്നും എന്നോ ഇറങ്ങിപ്പോയി. ഡിപ്പാർട്ട്മെൻ്റിൻ്റെ തൊട്ടടുത്ത് വളർന്ന് വരുന്ന ആ മരത്തിൽ ഇപ്പോൾ എല്ലാ വർഷവും നിറയെ പൂക്കൾ വിരിയുന്നു.

എൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം ഒരേ ദിവസമായതിനാൽ ഒരു തൈ ആണ് ഈ വർഷം വയ്ക്കാൻ തീരുമാനിച്ചത്. വീട്ടിൽ ഇല്ലാത്ത ഒരു ഫലവൃക്ഷത്തൈ ആകട്ടെ എന്ന് കരുതി അബിയു ആണ് ഇത്തവണ വാങ്ങിയത്. മൂന്നാമത്തെ മകളുടെ പേര് അബിയ്യ ഫാത്തിമ എന്നും രണ്ടാമത്തവളുടെ പേര് ആതിഫ ജുംല എന്നുമാണ്. അതിനാൽ വൃക്ഷത്തൈ നൽകിക്കൊണ്ട്, അന്ന് നുജും സാർ പറഞ്ഞ പോലെ ഞാനും പറഞ്ഞു. ഇത് 'അബിജു' എന്ന പേരിൽ അറിയപ്പെടും. ഇപ്പോൾ ഫലങ്ങൾ തന്ന് കൊണ്ടിരിക്കുന്ന വീടിന് ചുറ്റുമുള്ള മിക്ക മരങ്ങളെയും പോലെ അബിജുവും രണ്ടോ മൂന്നോ വർഷത്തിനകം ഫലം തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഒമ്പതാം ജന്മദിനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണെങ്കിലും മകനും ഇതോടൊപ്പം ഒരു തൈ നട്ടു. ഫലവൃക്ഷത്തൈ എന്ന പതിവ് തെറ്റിച്ച് മംഗള ഇനത്തിൽ പെട്ട കുള്ളൻ കമുകാണ് ഇത്തവണ നട്ടത്. മൂന്ന് വർഷം കൊണ്ട് സ്വന്തമായി ഒരു വരുമാനം കണ്ടെത്താനുള്ള പ്രചോദനം അവനും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.



Tuesday, July 08, 2025

ദ ലാൻ്റിംഗ്

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഏറെ നേരം കാത്ത് നിന്നിട്ടും ഞങ്ങൾക്കുള്ള ബസ് മാത്രം വരാതായപ്പോൾ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. മോളുടെ ഫ്ലാറ്റിൽ നിന്ന് ലഗേജെടുത്ത് തിരിച്ച് മെട്രോ സ്റ്റേഷനിൽ എത്തി ട്രെയിൻ കയറി അര മണിക്കൂറിലധികം യാത്ര ചെയ്താലേ എയർപോർട്ടിലെ മെട്രോ സ്റ്റേഷനിൽ എത്തുകയുള്ളൂ. സ്റ്റേഷൻ ടെർമിനൽ 1 ലാണ്; എൻ്റെ ഫ്ലൈറ്റ് ടെർമിനിൽ 2 ൽ നിന്നും. ഒന്നാം ടെർമിനലിൽ നിന്ന് ബസ്സിൽ കുറച്ചധിക സമയം സഞ്ചരിച്ചാലേ രണ്ടാം ടെർമിനലിൽ എത്തൂ എന്ന് മോളുടെ ഒരു കൂട്ടുകാരി പറഞ്ഞു. അതിനാൽ സമയ നഷ്ടം ആധിയായി പടരാൻ തുടങ്ങി.

അപ്പോഴേക്കും ഒരു ബസ് എത്തി.നല്ല തിരക്കാണെങ്കിലും, അടുത്ത ബസ്സിന് കാത്ത് നിൽക്കുന്നത് ബുദ്ധിക്ക് നിരക്കാത്തതായതിനാൽ ഞങ്ങൾ വേഗം കയറി. അങ്ങനെ ഞങ്ങൾ മകൾ താമസിക്കുന്ന ഹാജി കോളനിയിൽ എത്തി.  ഹുമയുൺ ടോംബിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങിയിട്ട്  അപ്പോഴേക്കും ഒരു മണിക്കൂറോളം പിന്നിട്ടിരുന്നു. അധിക സമയം ചെലവാക്കാൻ ഇല്ലാത്തതിനാൽ നോമ്പ് തുറക്കാനുള്ള ഏതാനും കാരക്കകൾ മോളുടെ റൂമിൽ നിന്നും കൈപ്പറ്റി ഞാൻ മടങ്ങി. മെട്രോ സ്റ്റേഷൻ വരെ മോളും എന്നെ അനുഗമിച്ചു.

ഞാൻ മെട്രോയിൽ കയറുന്ന ജാമിയ മില്ലിയ സ്റ്റേഷനും എയർപോർട്ട് ടെർമിനൽ 3 സ്റ്റേഷനും ഒരേ ലൈനിൽ (മജൻ്റ) ആയതിനാൽ ഇടയ്ക്ക് ഒരു മാറിക്കയറൽ വേണ്ട എന്നത് മാത്രമായിരുന്നു എൻ്റെ സമാധാനം. ഏഴ് മണിക്കുള്ള ഫ്ലൈറ്റിന് ആറ് മണിക്ക് റിപ്പോർട്ട് ചെയ്യണം എന്നായിരുന്നു ടിക്കറ്റിലെ നിർദ്ദേശം. അഞ്ചേ കാലോടെ ടെർമിനൽ 1 മെട്രോ സ്റ്റേഷനിൽ ഇറങ്ങിയതിനാൽ എനിക്ക് സമാധാനമായി. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ടെർമിനൽ 2 ലേക്ക് പോകാനായി ഞാൻ ബസ് കാത്ത് നിന്നു. എൻ്റെ ടിക്കറ്റ് ഇൻഡിഗോയുടെത് ആയതിനാൽ അവരുടെ ബസാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ, മുന്നിൽ വന്ന് നിന്നത് ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സർവ്വീസ് നടത്തുന്ന ഒരു ബസ്സായിരുന്നു.

ടെർമിനൽ 2 ലേക്കും 3 ലേക്കും പോകേണ്ട യാത്രക്കാർ എല്ലാം അതിൽ കയറി.ബസ് എയർപോർട്ട് വിട്ട് ഏതൊക്കെയോ തെരുവുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എൻ്റെ സമാധാനം വീണ്ടും വിട പറഞ്ഞു.കുറെ ചുറ്റിത്തിരിഞ്ഞ് ബസ് ആദ്യം എത്തിയത് ടെർമിനൽ 3 ൽ ആയിരുന്നു ! ഇൻ്റർനാഷനൽ യാത്രക്കാരെ അവിടെ ഇറക്കിയ ശേഷം ബസ് വീണ്ടും ഏതൊക്കെയോ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അവസാനം ടെർമിനൽ 2 ൽ എത്തുമ്പോൾ സമയം 6.15 കഴിഞ്ഞിരുന്നു. ബോർഡിംഗ് അപ്പോഴും ആരംഭിച്ചിരുന്നില്ല.

മുമ്പ് രണ്ട് തവണ ഡൽഹിയിലേക്ക് ഫ്ലൈറ്റിൽ വന്നിട്ടുണ്ട്. ഇതിന് തൊട്ടു മുമ്പത്തെ വരവ് 2018 ൽ ആയിരുന്നു.അതുകൊണ്ട് തന്നെ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ മറന്ന് പോയിരുന്നു. ഏകദേശ ധാരണ വച്ച് ഞാൻ ഇൻഡിഗോയുടെ കൗണ്ടറിലെത്തി ടിക്കറ്റ് കാണിച്ച് ലഗേജ് ബാഗുകൾ നൽകി ബോർഡിംഗ് പാസ് എടുത്തു. കാശ്മീരിൽ നിന്നും വാങ്ങിയ ബാറ്റ് ബാഗിൽ നിന്നും പുറത്തേക്ക് തള്ളി നിന്നിരുന്നു. അത് മറ്റൊരു കൗണ്ടറിൽ നൽകണം എന്ന് പറഞ്ഞപ്പോൾ ഞാൻ വീണ്ടും പരവശനായി. ചെക്ക് ചെയ്ത സ്റ്റിക്കർ ഒട്ടിച്ച്, ദൂരെ ഒരിടത്ത് മാറി ഇരിക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ച് അവിടെ നൽകാൻ പറഞ്ഞു.ബാഗ് ഏതോ വഴിയിൽ യാത്രയായി.

കൗണ്ടറിൽ നിന്നും കാണിച്ച് തന്ന ആളുടെ അടുത്ത് ഞാൻ ബാറ്റ് നൽകി. അയാളത് തിരിച്ചും മറിച്ചും നോക്കി ഒരു മൂലയിൽ പോയി ഇരുന്നു. മറ്റൊരു സാധനവും അയാളുടെ കയ്യിൽ കാണാത്തതിനാലും അയാളുടെ ഉദാസീനമായ ഇരിപ്പും കണ്ട ഞാൻ ബാറ്റ് കോഴിക്കോട്ട് എത്തില്ല എന്ന് മനസ്സിൽ പറഞ്ഞു. ഒരു മുൻകരുതൽ എന്ന നിലയിൽ ബാറ്റിൽ ഒട്ടിച്ച സ്റ്റിക്കർ ഞാൻ ഫോട്ടോ എടുത്തിരുന്നു. മഗ്രിബ് ബാങ്കിൻ്റെ സമയം ആയപ്പോൾ കാരക്കയും വെള്ളവും കുടിച്ച് ഞാൻ നോമ്പ് തുറന്നു.

7.15 നാണ് ബോർഡിംഗ് ഗേറ്റ് തുറന്നത്.മറ്റു യാത്രക്കാരൊടൊപ്പം ഞാനും അങ്ങോട്ട് നീങ്ങി. നീളമേറിയ ഒരു ഇടനാഴിയിലൂടെ നടന്ന് ഞാനും വിമാനത്തിലേക്ക് പ്രവേശിച്ചു. എൻ്റെ സീറ്റ് കണ്ടെത്തി അതിൽ ഇരിപ്പുറപ്പിച്ചു. രാത്രി ആയതിനാൽ കാഴ്ചകൾ കാണാൻ കഴിയില്ല എന്നതിനാൽ വിൻ്റോ സീറ്റ് കിട്ടാത്തത് ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല. കൃത്യം 7.27 ന് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ എൻ്റെ അഞ്ചാം വിമാനയാത്ര ആരംഭിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു എൻ്റെ യഥാർത്ഥ ടിക്കറ്റ്. കാശ്മീരിൽ കുടുങ്ങിയത് കാരണം അന്ന് എത്താൻ സാധിക്കാത്തതിനാൽ എൻ്റെ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. എണ്ണായിരത്തി ചില്ലാനം രൂപ ടിക്കറ്റ് ചാർജും രണ്ടായിരത്തി ചില്ലാനം രൂപ റീ ഷെഡ്യൂൾ ചാർജും അടക്കം പതിനായിരം രൂപയിൽ കൂടുതൽ എൻ്റെ പേരിൽ എന്നെ പറഞ്ഞ് വിട്ട സണ്ണി സാറിന് ചെലവ് വന്നു. എൻ്റെ തൊട്ടടുത്തിരുന്ന മണ്ണാർക്കാടുകാരൻ രാകേഷ് അന്ന് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ആകെ ചെലവായത് ആറായിരത്തിൽ താഴെയും! 

എൻ്റെ ടിക്കറ്റിൽ ഭക്ഷണം കൂടി ഉണ്ടായിരുന്നു. ഫ്ലൈറ്റ് പൊങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ ഹൈദരബാദി ബിരിയാണി എൻ്റെ മുന്നിലെത്തി. നോമ്പ് കാരണം വിശപ്പുണ്ടായിരുന്നതിനാൽ അത് പെട്ടെന്ന് തന്നെ കാലിയായി. രാത്രി 10.28 ന് വിമാനം കോഴിക്കോട് എയർപോർട്ടിൽ ലാൻ്റ് ചെയ്തു.

പുറത്തിറങ്ങി ബാഗേജ് കിട്ടാൻ ഞാൻ കൺവെയർ ബെൽറ്റിന് അടുത്തെത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബാഗേജിന് മുമ്പേ ആദ്യം വന്നത് ആ ബാറ്റ് ആയിരുന്നു. പിന്നാലെ വന്ന ബാഗേജ് രാകേഷ് എടുത്തു. നേരത്തെ അറേഞ്ച് ചെയ്തിരുന്ന ടാക്സിയിൽ കയറി രാകേഷിനെ അവൻ പറഞ്ഞ സ്ഥലത്ത് ഡ്രോപ് ചെയ്തു. രാത്രി പതിനൊന്നരക്ക് വീട്ടിൽ എത്തിയതോടെ സംഭവബഹുലമായതും എൻ്റെ യാത്രകളിൽ ഏറ്റവും നീളമേറിയതുമായ ഒരു യാത്രക്ക് അവസാനമായി.

Friday, July 04, 2025

യെസ്... നോ....

"അ അ ആ .... ഇതെന്താ ഇങ്ങനെ ഒരു കിടത്തം " സോഫയിൽ കിടന്നുറങ്ങുന്ന ആബു മാസ്റ്ററെ കണ്ട് ഭാര്യ കുഞ്ഞിമ്മു ചോദിച്ചു.

"അത്... ഉറക്കം വന്നപ്പോൾ ഒന്ന് കിടന്നതാ...."

 "ഈ നട്ടുച്ച നേരത്ത് ഉറക്കം വരേ ?"

"ഉറക്കത്തിന് സമയം നോക്കാനറിയലുണ്ടാവില്ല..."

"അപ്പോ അതിനാണോ ഈ വാച്ചും കെട്ടി കിടക്കുന്നത്?"

"അത്... അത്... "

"ങും?"

"ഈ വാച്ച് സി.കെ ആണെടീ..'' വാച്ചിലേക്ക് നോക്കിക്കൊണ്ട് ആബു മാസ്റ്റർ പറഞ്ഞു.

"ഫൂ...സീ.കെ യോ? ടൈറ്റാൻ എന്നും സൊണാറ്റ എന്നും ഒക്കെ കേട്ടിട്ടുണ്ട്.. ഇതേതാ  ഈ സി.കെ ?"

"ഈ സി കെ അല്ല .... വെറും സി.കെ.... സി.കെ എന്ന് വച്ചാൽ ... " ബാക്കി ആബു മാസ്റ്റർക്ക് പെട്ടെന്ന് കിട്ടിയില്ല.

"സി.കെ എന്ന് വച്ചാൽ ചക്കാല കൂത്തിൽ എന്നാ ഞാൻ കേട്ടത്" കുഞ്ഞിമ്മു പറഞ്ഞു.

"ആ..... അത് നിൻ്റെ ലോക്കൽ സി.കെ ... ഇത് കെൽവിൻ....... സോറി...കാൾവിൻ ക്ലീൻ എന്ന സി.കെ .... "

"അതാരാ ?"

"അത് ഐസക് ന്യൂട്ടൻ്റെ കാക്ക.." 

"ങേ.... ഐസക് ന്യൂട്ടൻ്റെ കാക്കാക്ക് വാച്ചുണ്ടാക്കലായിരുന്നോ പണി ?"

"അത് എന്തേലും ആവട്ടെ... ഇതിൻ്റെ വില എത്രയാന്നറിയോ നിനക്ക്?"

"നിങ്ങൾ വാങ്ങിയതായത് കൊണ്ട് ആയിരം രൂപയുടെ താഴെ..."

"ഫൂ... ആയിരം രൂപയ്ക്ക് നിനക്ക് ഇത് കണ്ട് പോരാം.."

"പിന്നെ എത്രയാ വില?"

"പതിനായിരം രൂപ ..."

"പത്തെണ്ണത്തിനായിരിക്കും..."

"നോ... ഒരെണ്ണത്തിന് ..."

"എൻ്റെ റബ്ബേ ..... ആരാ നിങ്ങളെ ഇങ്ങനെ പറ്റിച്ചത്?"

"ആരും പറ്റിച്ചതല്ല... എനിക്ക് സമ്മാനമായി കിട്ടിയതാ.."

"എന്തിന്?"

"അനുസരണ കാട്ടിയതിന്..."

"ങേ??"

"അതേടീ... അനുസരണയോടെ കേട്ടിരുന്നതിന് ..."

"ഒന്ന് തെളിയിച്ച് പറ മന്സാ..''

"അത്.... അത് എനിക്ക് ഒരു ഫോൺ കോൾ വന്നു..... "

"ആണോ പെണ്ണോ?"

"അതിപ്പം .." ആബു മാസ്റ്റർ തല ചൊറിഞ്ഞു.

"ങാ... മനസ്സിലായി ... ബാക്കി പറയ്.."

"അവള് ഇംഗ്ലീഷിൽ ഒരു ചോദ്യം .....എനിക്ക് ഒന്നും മനസ്സിലായില്ല .... പക്ഷേ ആപു എന്നോ മറ്റോ അതിൽ ഉണ്ടായിരുന്നതിനാൽ എൻ്റെ പേര് ചോദിച്ചതായിരിക്കും എന്ന് കരുതി ഞാൻ യെസ് പറഞ്ഞു "

"എന്നിട്ട്..?"

"അപ്പോൾ അടുത്ത ചോദ്യം..."

"എന്ത്?"

"എന്തോ....ബട്ട്, ഞാൻ അതിനും യെസ് പറഞ്ഞു..... "

"ഓ.കെ.."

"ഓ.കെ അല്ല .... യെസ്...വീണ്ടും അവളുടെ ഒരു ചോദ്യം "

"അതിനും നിങ്ങൾ യെസ് പറഞ്ഞു ..."

"യെസ്... പിന്നെ ഓള് എന്തൊക്കെയേ കൊറേ കാര്യങ്ങൾ വിവരിച്ചു... ഞാൻ അതെല്ലാം അനുസരണയോടെ കേട്ടിരുന്നു ... അവസാനം എൻ്റെ അഡ്രസ് പറഞ്ഞു..... അതിനും ഞാൻ യെസ് പറഞ്ഞു.."

"എന്നിട്ട് ?"

"എന്നിട്ടെന്താ... മൂന്നാം ദിവസം എനിക്ക് ഒരു പാർസൽ വന്നു ... തുറന്ന് നോക്കിയപ്പോൾ ഒന്നാം തരം ഒരു വാച്ച്...!!"

"വെറും യെസ് മാത്രം പറഞ്ഞതിന് പതിനായിരം രൂപയുടെ വാച്ചോ?"

"യെസ് ... അതാ പറഞ്ഞത്, ചില സമയങ്ങളിൽ നമ്മള് അനുസരണയോടെ കേട്ട് കൊടുക്കണം... പറയുന്നത് എന്തെങ്കിലും വട്ട് കാര്യങ്ങളായിരിക്കും...ബട്ട്, കേട്ട് ഇരിക്കുക... സമ്മാനം പിന്നാലെ വരും... "

"വന്നില്ലെങ്കിലോ?"

"സമ്മാനം വന്നില്ലെങ്കിൽ സമാധാനം വരും...അതു കൊണ്ടല്ലേ നീ പറയുന്നത് മുഴുവൻ ഞാനിങ്ങനെ കേട്ട് ഇരിക്കുന്നത്..."

"ങാ... സമ്മാനം ഒക്കെ ഓ.കെ ...ഇനി ആ പെണ്ണ് വിളിച്ചാൽ യെസ് പറഞ്ഞാലുണ്ടല്ലോ....?"

"എന്താ?"

"മര്യാദക്ക് ഡിക്ഷണറി നോക്കി അർത്ഥം മനസ്സിലാക്കീട്ട് നോ എന്ന് പറയണം... ഇല്ലെങ്കി വാച്ച് വന്ന അഡ്രസിൽ തന്നെ ഓളും ഇങ്ങോട്ട് വരും.."

"യെസ് "

"യെസ് അല്ല മനുഷ്യാ.. നോ..."

"നോ..."

"നോ എന്നോ...ഇപ്പോൾ യെസ്..."

"യെസ്... അല്ല.... നോ..." ആബു മാസ്റ്റർ സോഫയിൽ നിന്നും എണീറ്റ് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.