Pages

Thursday, October 29, 2009

ഞാന്‍ കണ്ട ആദ്യ ഐ ലീഗ്,വിവയുടെ ആദ്യ ജയവും

ഇന്ത്യന്‍ ഫുട്ബാളിന് ഷറഫലി,ജാബിര്‍ തുടങ്ങിയ പ്രഗല്‍ഭരേയും കേരള ഫുട്ബാളിന് സക്കീര്‍, ഹബീബ്‌റഹ്മാന്‍, ജസീര്‍ കാരണത്ത്,നൌഷാദ് പ്യാരി,കെ.ടി.നവാസ്,എം.പി.സക്കീര്‍ തുടങ്ങിയവരേയും (ഇത്രയും പേരേ എന്റെ പരിമിതമായ ഓര്‍മ്മയില്‍ വരുന്നുള്ളൂ) സംഭാവന ചെയ്ത നാടാ‍ണ് എന്റെ ഗ്രാമമായ അരീക്കോട്‌.സ്വാഭാവികമായും ഫുട്ബാള്‍ ഏതൊരു അരീക്കോടന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കും.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫുട്ബാള്‍ ലീഗില്‍ (ഐ ലീഗ്) കേരളത്തിന്റെ പ്രതിനിധിയായ വിവ കേരളയെ നയിക്കുന്നത് അരീക്കോട്ട്കാരനായ എം.പി.സക്കീര്‍ ആണ്.അതിനാല്‍ തന്നെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന വിവയുടെ ഹോം മാച്ച് കാണാന്‍ ഞാനും പോയി.ഐ ലീഗില്‍ ഞാന്‍ ആദ്യമായി നേരിട്ട് കാണുന്ന കളിയായിരുന്നു ഇത്.


കഴിഞ്ഞ ഐ ലീഗില്‍ വളരെ നല്ല പ്രകടനം കാഴ്ച വച്ച സ്പോര്‍ട്ടിങ് ഗോവ ആയിരുന്നു ഇന്ന് വിവയുടെ എതിരാളികള്‍.പോയന്റ് നിലയില്‍ അവസാനത്തില്‍ നിന്നും എണ്ണിയാല്‍ ആദ്യം നില്‍ക്കുന്ന വിവയും രണ്ടാമത് നില്‍ക്കുന്ന സ്പോര്‍ട്ടിങും തമ്മിലുള്ള മത്സരം പൊടിപാറും എന്ന കണക്കുകൂട്ടലിലാണ് ഞാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്.കാണികള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നാലാം മിനുട്ടില്‍ തന്നെ വിവയുടെ വല കുലുങ്ങിയപ്പോള്‍ ഒന്നാമത്തെ ഹോം മാച്ചില്‍ കല്‍ക്കത്ത ചിരാഗ് യുണൈറ്റിനോട് തോല്‌വി ഏറ്റുവാങ്ങിയത് വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം എന്റെ ഉള്ളില്‍ മിന്നി.കാരണം അത്ര അനായാസകരമായിരുന്നു ഇന്നത്തെ ആ ആദ്യഗോള്‍.ഗോളിയുടെ തലക്ക് മുകളിലൂടെ എതിര്‍ ക്യാപ്റ്റന്റെ വക അനായാസകരമായ ഒരു പ്ലേസിങ്.

പക്ഷേ ഗോവക്കാരുടെ ആഹ്ലാദം അധികം നീണ്ടു നിന്നില്ല.മുന്നേറ്റ നിരയില്‍ അദ്ധ്വാനിച്ചു കളിച്ച ഘാന സ്ട്രൈക്കര്‍ റൂബന്‍സാന്യോ അതിമനോഹരമായ ഗോളിലൂടെ  പതിനേഴാം മിനുട്ടില്‍ വിവയ്ക്ക് സമനില നല്‍കി.ഇടവേളക്ക് പിരിയുന്നതിന് മുമ്പ് തന്നെ മറ്റൊരു മനോഹര നീക്കത്തിലൂടെ സിറാജും വിവക്ക് വേണ്ടി സ്കോര്‍ ചെയ്തു.വീണ്ടും പല സുവര്‍ണ്ണാവസരങ്ങളും ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാന്‍ വിവയ്ക്ക് സാധിച്ചില്ല.


ഇടവേളക്ക് ശേഷം ഗോവ ആഞ്ഞടിച്ചതോടെ വിവ പ്രതിരോധം ആടിയുലഞ്ഞു.പക്ഷേ അനീഷിലൂടെ വിവ ലീഡ് വര്‍ദ്ധിപ്പിച്ചു.ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും റൂബന്‍സാന്യോക്ക് കൂടി അവകാശപ്പെട്ടതായിരുന്നു. കാരണം സന്യോയുടെ തകര്‍പ്പന്‍ അടി റീബൌണ്ട് ചെയ്തത് നല്ലൊരു ഹെഡ്ഡറിലൂടെ അനീഷ് വലക്കകത്താക്കി.വിവയുടെ പ്രതിരോധഭടന്റേയും  പ്രതിരോധനിരയുടേയും പോരായ്മകള്‍ നന്നായി മനസ്സിലാക്കിയ ഗോവക്കാര്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി.ഫലം വിവ ഗോളിയുടെ ഒരു സേവിങ് ,ഗോള്‍ വര കടന്നതിനാല്‍ ഗോളായി വിധിക്കപ്പെട്ടു.സ്കോര്‍ 3-2



അവസാന നിമിഷത്തില്‍ സമനിലക്കായി രണ്ടും കല്‍പ്പിച്ച് ഗോവയുടെ പതിനൊന്ന് പേരും വിവ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.വളരെ മുന്നോട്ട് കയറി വന്ന ഗോവന്‍ ഗോളിയുടെ ഒരു ഷോട്ട് പിടിച്ചെടുത്ത് റൂബന്‍സാന്യോ ഗോളിയേയും കബളിപ്പിച്ച് വിവയുടെ നാലാമത്തെ ഗോളും നേടിയപ്പോള്‍ മുമ്പ് ഏതോ ലോകകപ്പില്‍ കൊളംബിയന്‍ ഗോളി ഹ്വിഗ്വിറ്റ ഇതേ പോലെ വഴങ്ങിയ ഗോള്‍ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു(അന്നും ഗോളടിക്കാരന്‍ കാമറൂണ്‍കാരനായ ഒരാള്‍ ആയിരുന്നോ?).ഗോളിയുടെ നിരാശ അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.


കാണികളുടെ നിര്‍ലോഭ പിന്തുണയോടെ ഇന്നത്തെ മത്സരം 4-2ന് ജയിച്ചുകയറിയ വിവ പോയിന്റ് നിലയിലും സ്പോര്‍ട്ടിങിനെ പിന്തള്ളി.ഈ വര്‍ഷത്തെ ഐ ലീഗില്‍ വിവ സ്കോര്‍ ചെയ്യുന്നതും ആദ്യമായിട്ടായിരുന്നു.മൈതാനം നിറഞ്ഞു കളിച്ച റൂബന്‍സാന്യോ ആണ് ഇന്നത്തെ മാന്‍ ഓഫ് ദ മാച്ച്.വിവയുടെ അടുത്ത മത്സരം ഈസ്റ്റ്ബംഗാളുമായി ഈ തിങ്കളാഴ്ച വൈകിട്ട് 6.30ന് ആണ്.



വാല്‍:മത്സരം ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് ആണെങ്കിലും മൈതാനം നിറഞ്ഞു നിന്നത് രണ്ട് ടീമിലേയും ആഫ്രിക്കക്കാര്‍ ആയിരുന്നു.വിവ കേരള എന്ന ടീം പേര്  വിവ ആഫ്രിക്ക എന്നാക്കണോ എന്ന് പോലും ചിന്തിച്ചു പോയി.




ഞാനും എന്റെ ഒരു വിദ്യാര്‍ത്ഥിയും

രണ്ട് ദിവസം മുമ്പ് ,ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ഞാന്‍ ഇന്റെര്‍നെറ്റ് ലാബ് തുറക്കാന്‍ വരുമ്പോള്‍ ധാരാളം കുട്ടികള്‍ ലാബില്‍ പ്രവേശിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.രണ്ട്മണി കൃത്യം (ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ലാബ് തുറക്കുന്ന കൃത്യസമയം) ആയപ്പോഴാണ് ഞാന്‍ ലാബിന്റെ വാതിലില്‍ എത്തിയത്.അതേ സമയത്ത് ഓഫീസില്‍ നിന്നും ഫോണ്‍ വന്നതിനാല്‍ ലാബ് തുറന്ന്  വീണ്ടും അടച്ച് (!) പിള്ളേരെ കയറ്റാതെ ഞാന്‍ ഓഫീസിലേക്ക് പോയി.പതിനഞ്ച് മിനുട്ടിന് ശേഷം തിരിച്ചെത്തി ഞാന്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കി.


ഞാന്‍ ഈ കോളേജില്‍ വന്നതിന് ശേഷം ലാബില്‍ കയറാന്‍ കോളേജ് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.പഴയ കോളേജില്‍ പിന്തുടര്‍ന്നു പോന്ന നല്ല ഒരു പരിഷ്കാരം ഇവിടേയും നടപ്പിലാക്കിയതായിരുന്നു.ആദ്യമാദ്യം ഇതിന്റെ പേരില്‍ പലര്‍ക്കും ലാബില്‍ കയറാന്‍ പറ്റാതെ വന്നെങ്കിലും പിന്നീട് ഇതൊരു പെരുമാറ്റചട്ടമായി മാറി.



അന്ന് അകത്ത് കയറിയ ഒരു വിദ്യാര്‍ത്ഥി തന്റെ പേഴ്‌സ് കാണിച്ച് അതിനകത്ത് ഭദ്രമായി വച്ച ഐഡന്റിറ്റി കാര്‍ഡ്കാണിച്ചു.ഫോട്ടോ പതിക്കാത്ത ആ ഐഡന്റിറ്റി കാര്‍ഡ്(!) പുറത്തെടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.അത് കീറിപ്പോയത് കാരണം എടുക്കാന്‍ പറ്റില്ല എന്നായിരുന്നു അവന്റെ മറുപടി.മുമ്പും ഇതേ നമ്പര്‍ എന്റെ അടുത്ത് ഇറക്കിയിട്ടുള്ളതിനാല്‍ ഞാന്‍ അവന് പ്രവേശനം അനുവദിച്ചില്ല.

“സാര്‍ ഇപ്പോള്‍ ലാബ് എത്ര മണിക്കാ തുറന്നത് ?” അവന്‍ എന്നെ ചോദ്യം ചെയ്തു.

“ലാബ് രണ്ട്മണി കൃത്യത്തിന് തന്നെ തുറന്നിട്ടുണ്ട്.“ ഞാന്‍ പറഞ്ഞു.

“സാര്‍ ഇപ്പോഴല്ലേ തുറന്നത് ?” അവന്‍ വിട്ടില്ല.

“അല്ല.ഞാന്‍ ലാബ് തുറന്നതിന് ശേഷം ഓഫീസില്‍ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്ങോട്ട് പോയതാണ്.” ഞാന്‍ വിശദീകരിച്ച് തന്നെ പറഞ്ഞു.

“ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായാല്‍ പോരേ.പുറത്ത് ഇംഗ്ലീഷിലിട്ട നിര്‍ദ്ദേശം അത്രയല്ലേ ഉള്ളൂ” അവന്‍ പിന്നേയും വാദിച്ചു.

“പോരാ...കാര്‍ഡ് ഇവിടെ വയ്ക്കുക തന്നെ വേണം.ഈ ലാബിലെ നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ പുറത്ത് പൊയ്ക്കോളൂ...”

പിന്നേയും എന്തൊക്കെയോ പറഞ്ഞ് അവന്‍ പോയി.അല്പം കഴിഞ്ഞ് കീറിയ ആ ഐഡന്റിറ്റി കാര്‍ഡ് ഒട്ടിച്ച് വൃത്തിയാക്കി അവന്‍ തിരിച്ച് വന്ന് ലാബില്‍ കയറി.ആവശ്യമുള്ളത് ചെയ്ത് അവന്‍ പുറത്ത് പോകുകയും ചെയ്തു.

വൈകിട്ട് ഞാന്‍ ലാബ് അടച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍അവന്‍ വീണ്ടും വന്നു.
“സാര്‍...നേരത്തെ ഞാന്‍ പെട്ടെന്നുള്ള കോപത്തില്‍ എന്തൊക്കെയോ പറഞ്ഞുപോയി.സോറി.അസൈന്മെന്റ് വയ്ക്കാത്തതിനാല്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഇവിടെ വന്നപ്പോള്‍ ഇങ്ങിനേയും ആയിപ്പോയി.സാര്‍ കൃത്യസമയത്ത് ലാബ് തുറന്നതായി മറ്റുള്ളവര്‍ പറഞ്ഞു.ഇനി ആവര്‍ത്തിക്കില്ല....”


“ഓകെ.എനിക്ക് പ്രശ്നമൊന്നുമില്ല.” അവന്റെ മാനസികാവസ്ഥ മനസ്സിലാക്കി ,പുറത്ത് തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു.ശേഷം ഒരു ഷേക്ക് ഹാന്റും നല്‍കി.പുഞ്ചിരിയോടെ അതിലേറെ സമാധാനത്തോടെ അവന്‍ ലാബില്‍ നിന്നും ഇറങ്ങിപ്പോകുന്നതും നോക്കി ഞാന്‍ നിന്നു.


മനോനിലയാണ് പലപ്പോഴും എല്ലാവരേയും കോപാന്ധരാക്കുന്നത്. ഒരിടത്തു നിന്നുള്ള ദുരനുഭവം മറ്റൊരിടത്ത് ദ്വേഷ്യത്തോടെ പെരുമാറാന്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നു.മനസ്സിന്റെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കുന്നവനാണ് യഥാര്‍ത്ഥ വിജയി.പലപ്പോഴും ഇക്കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണ പരാജിതനാണ്.


Wednesday, October 28, 2009

ലിസി ടീച്ചറും പോക്കരാക്കയും

പച്ചക്കറി വാങ്ങാന്‍ കടയില്‍ വന്ന ലിസി ടീച്ചര്‍ പച്ചക്കറികള്‍ ചീഞ്ഞത് കണ്ട് പറഞ്ഞു: ”ഹൊ....ഇതൊന്നും തന്നെ കൊള്ളത്തില്ലല്ലോ ?”


ഉടന്‍ തൊട്ടടുത്ത് നിന്നിരുന്ന പോക്കരാക്ക: “അത്  ങ്ങനെ അങ്ങാടീന്റെ നടൂന്ന് ബിളിച്ച് പറ്യാന്‍ പാടുണ്ടോ ? ഒന്നുല്ലെങ്കി ങ്ങള് ഒര് ടീച്ചറല്ലേ?”

Thursday, October 22, 2009

ഒരു പരിസ്ഥിതി ചിന്ത

തിങ്കള്‍ മുതല്‍ വെള്ളി വരെ കോളേജില്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം, കോഴിക്കോട് മിഠായി തെരുവിലൂടെയാണ് രാവിലെ എന്റെ നടപ്പ്.കോഴിക്കോട് പനി പിടിച്ചു വിറക്കുന്നു എന്ന് പത്രങ്ങളും മാധ്യമങ്ങളും വിളിച്ചു കൂവിയ ദിവസങ്ങളില്‍, ദിവസം ആയിരത്തിലധികം പേര്‍ കടന്നു പോകുന്ന മിഠായി തെരുവിലെ ഓടകളുടെ സ്ഥിതി കണ്ടിരുന്നെങ്കില്‍ അധികൃതരുടെ തിമിരം ശരിക്കും മനസ്സിലാകുമായിരുന്നു.ഇന്നും അതിലൂടെ നടക്കുമ്പോള്‍ കണ്ണും  മൂക്കും പൊത്തിയാല്‍ നിങ്ങള്‍ക്ക് പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.മൂക്കുപൊത്തിയല്ലാതെ ഞാന്‍ മിഠായി തെരുവിലൂടെ നടക്കാറില്ല.


പറഞ്ഞു വന്നത്  നാം നമ്മുടെ പരിസ്ഥിതിയെ മലീമസമാക്കുന്ന ഭീകര കാഴ്ചകളെക്കുറിച്ചാണ്.സ്വന്തം കടയിലെ വേസ്റ്റുകള്‍ ഒരു സഞ്ചിയിലാക്കി രാത്രി കടയടക്കുമ്പോള്‍ പുറത്തേക്ക് എടുത്ത് വച്ചാല്‍ രാവിലെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ അത് വണ്ടിയില്‍ കയറ്റി കൊണ്ടുപോകും.ഇത്രയും ചെറിയ ഒരു പണി ചെയ്യുന്നതിന് പകരം അത് നേരെ റോഡില്‍ കൊണ്ടിടുന്നു.ഫലമോ കാറ്റടിക്കുമ്പോഴും വാഹനം പോകുമ്പോഴും ഇവയെല്ലാം പറന്ന് സ്ലാബിടാത്ത അഴുക്കുചാലില്‍ വീഴുന്നു.പിന്നെ അതുവഴിയുള്ള മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.അങ്ങിനെ കെട്ടി നില്‍ക്കുന്ന വെള്ളം ദിവസങ്ങളോളം ദുര്‍ഗന്ധം പരത്തുന്നു.സ്വന്തം കടയുടെ മുമ്പില്‍ നാറ്റം ഉണ്ടായാല്‍ പോലും അത് പുറത്തല്ലേ ഞാന്‍ അകത്തല്ലേ എന്ന് സമാധാനിക്കുന്ന കടക്കാരന്‍.പുറത്ത് ഇത് സഹിച്ചും ക്ഷമിച്ചും കടന്നുപോകുന്ന വഴിയാത്രക്കാരും.


ദിവസവും നഗരം വൃത്തിയാക്കുന്ന തൊഴിലാളികള്‍ രണ്ടു ദിവസം അവരുടെ ജോലി ഒന്ന് നിര്‍ത്തിവച്ചാല്‍ ഈ തെരുവിന്റെ സ്ഥിതി എന്തായിരിക്കും?ആലോചിക്കാന്‍ പോലും വയ്യ.റോഡിലെ മാലിന്യങ്ങള്‍ മാത്രമാണ് അവര്‍ നീക്കുന്നത്.ഓടയില്‍ വീണവ എന്നും അവിടെ തന്നെ കിടയ്ക്കും.


ഈ കാഴ്ചകള്‍ കണ്ട് എന്റെ കോളേജിന്റെ ഗേറ്റില്‍ എത്തിയപ്പോള്‍, ലാബ് യൂണിഫോം ധരിച്ച മൂന്ന് ആണ്‍കുട്ടികള്‍ മൂന്ന് സൈക്കിളുകളിലായി എന്റെ മുമ്പിലൂടെ കടന്നുപോയി.പാര്‍ക്കിങ് ഏരിയയില്‍ സൈക്കിള്‍ നിര്‍ത്തി അവര്‍ ക്ലാസ്സുകളിലേക്ക് നീങ്ങി.എനിക്ക് വളരെ സന്തോഷം തോന്നി.ബൈക്ക് മാത്രം സ്വപ്നം കാണുന്ന ഇന്നത്തെ യുവത്വത്തിന്റെ മുന്നിലൂടെ അന്തരീക്ഷത്തിന് ഒരു കോട്ടവും ഏല്‍പ്പിക്കാത്ത സൈക്കിള്‍ ചവിട്ടി വന്ന ആ വിദ്യാര്‍ത്ഥികളെ ഞാന്‍ മനസാ അഭിനന്ദിച്ചു. ആര്‍ഭാടത്തിന്റേയും കാട്ടിക്കൂട്ടലുകളുടേയും ലോകമായ എഞ്ചിനീയറിങ് കോളേജിലേക്ക് തന്നെ സൈക്കിളില്‍ നെഞ്ചുവിരിച്ചു വരുന്ന ഈ യുവത്വം എല്ലാവരും മാതൃകയാക്കേണ്ടവര്‍ തന്നെ.നമ്മുടെ പരിസ്ഥിതിയെ ആവും വിധം സംരക്ഷിക്കാന്‍ നമുക്കും ശ്രമിക്കാം.

Tuesday, October 20, 2009

ശശിയണ്ണന്‍ വിദേശത്ത് നിന്നും തൂറ്റി !!!

അമളി അമളി എന്ന് പറയുന്നത് മുസ്സോളിനിയുടെ (അതാരാന്ന് ബൂലോകത്തെ വേറെ ഏതെങ്കിലും മാഷമ്മാരോട്‌ ചോദിക്കുക) മാത്രം കുത്തകയല്ല എന്ന് എനിക്ക് എന്നും എന്നും ബോധ്യം വരാറുണ്ട്.ഇതുവരെ സംഭവിച്ചവ അക്കമിട്ട് നിരത്തിയിരുന്നെങ്കില്‍ ഗൂഗോളിന്റെ അയല്‍‌വാസി ആകുമായിരുന്ന അവയില്‍ ഒന്ന് കൂടി ഇതാ.
*                           *                                *

ബൂലോകത്ത് കറങ്ങലല്ലാതെ കോളേജില്‍ മറ്റു പണി ഒന്നും ഇല്ലാത്ത ഒരു ദിവസമാണ് ഞാന്‍ ട്വിറ്ററില്‍ ചെന്നുകയറിയത്.ചന്ദ്രനില്‍ പത്ത് സെന്റ് സ്ഥലവും വാങ്ങി പോന്ന പോലെ ,അവിടെ ഒരു അക്കൌണ്ടും ഉണ്ടാക്കി ഞാന്‍ സ്ഥലം വിട്ടു.


കാലന്റെ വായില്‍ കടന്ന് കാലചക്രം കറങ്ങി ,ഭൂമിയുടെ അച്ചുതണ്ടില്‍ ഭൂമിയും കറങ്ങി ,പനിപിടിച്ച് എന്റെ തലയും കറങ്ങി.ഈ കറക്കങളുടെ പ്രവാഹത്തിനിടക്കാണ് എന്റെ മെയില്‍ ബോക്സില്‍ ട്വിറ്ററില്‍ നിന്ന് ഓരോ മെസേജ് വരാന്‍ തുടങ്ങിയത്......

“ആ കോന്തന്‍ ഫോളോസ് യൂ, ഈ കോന്തന്‍ ഫോളോസ് യൂ,മറ്റേ കോന്തന്‍ ഫോളോസ് യൂ  !!!“ അതും ചെറിയ കോന്തന്മാരല്ല,ഇന്റര്‍നാഷണല്‍ പെണ്‍കോന്തന്‍സ് വരെ!!!

ഇവരെല്ലാവരും കൂടി എന്നെ ഫോളോ ചെയ്യുന്നത് എന്തിനാ ദൈവമേ, വല്ല പൊട്ടക്കിണറ്റിലും വലിച്ചെറിയാനാണോ എന്ന പേടി മനസ്സില്‍ തൂങിയപ്പോളാണ് നമ്മുടെ ശശിയണ്ണന്‍ (പഴയ അണ്ടര്‍വെയര്‍ സെക്രട്ടറി,ഇപ്പോ എന്നും വിദേശത്തുള്ള മന്ത്രി) വിദേശത്ത് നിന്നും തൂറ്റി എന്ന വാര്‍ത്ത ഞാന്‍ ഞെട്ടലോടെ ശ്രവിച്ചത്.ഇവിടെ കന്നാലി ക്ലാസ്സും വിശുദ്ധപശുക്കളും എല്ലാം എഴുന്നള്ളിച്ച്  വിദേശത്ത് പോയി പരസ്യമായി അവയുടെ സ്വഭാവവും കാണിച്ചു എന്ന് വിചാരിച്ചപ്പോഴേക്കും വാര്‍ത്ത തിരുത്തി.....തൂറ്റിയതല്ല, ട്വീറ്റി....

എങ്കില്‍ ഇനി എന്റെ പത്ത് സെന്റില്‍ ഒന്ന് തൂറ്റി നോക്കാം എന്നു കരുതി ഞാനും എന്റെ പഴയ അക്കൌണ്ടിന്റെ പൂട്ട് പൊളിച്ചു.പെരുച്ചാഴിയും കൂറയും പല്ലിയും എല്ലാം, ലോകാവസാനമായി എന്ന് കരുതി തലങ്ങും വിലങ്ങും പാഞ്ഞു.എന്റെ മുമ്പില്‍ തുറന്ന ട്വിറ്ററിന്റെ വാതായനത്തിന്റെ മുകളില്‍ ഒരു ഗമണ്ടന്‍ ചോദ്യം കിടക്കുന്നു.---What are you doing ?


ഏതൊരു മാഷെയും പോലെ ഞാനും എന്റെ പണി സത്യമായിട്ടങ്ങ് ടൈപി.പിന്നെ കുറച്ചുനേരം വേറെ വല്ലവരും തൂറ്റുന്നുണ്ടോ ,ച്ചെ,ട്വീറ്റുന്നുണ്ടോ എന്നൊക്കെ നോക്കി നടന്നെങ്കിലും മാമൈദര്‍മാന്‍ കൊണ്ടോട്ടി പോയപോലെ ഞാന്‍ തിരിച്ചുപോന്നു.

പിറ്റേ ദിവസവും ഞാന്‍ അവിടെ ഒന്ന് കൂടി കയറി നോക്കി.അതാ കിടക്കുന്നു ആ ഗമണ്ടന്‍ ചോദ്യം വീണ്ടും.---What are you doing ?പാവം ഇന്നലെ പറഞ്ഞുകൊടുത്തത് മറന്നുപോയിരിക്കും .അതുകൊണ്ട് ഞാന്‍ അത് ഒന്നു കൂടി ടൈപി.പിന്നെ  ശശിയണ്ണന്റെ വാര്‍ത്തയില്‍ കേട്ട സംഗതി ചെയ്യാനുള്ളത് കൊണ്ട് ഞാന്‍ വേഗം സ്ഥലം വിട്ടു.


അടുത്ത ദിവസവും ഞാന്‍ അതേ വാതിലിലൂടെ കയറി.അതാ കിടക്കുന്നു ആ ഗമഗമണ്ടന്‍ ചോദ്യം വീണ്ടും.---What are you doing ?

“ *@ %$^#@ %@ %^&$# ^%&$   @ %$^#@ %    @ %$^#@ % “  (ഹിബ്രു ഡിക്ഷണറിയോട്‌ കടപ്പാട്‌)    
ഇനി മേലാല്‍ എന്നോട് ഈ ചോദ്യം ആവര്‍ത്തിക്കരുത് എന്നതിനാല്‍ നല്ല പച്ചമലയാളത്തില്‍ ഉരുവിട്ട് ഹിബ്രുവില്‍ അങ്ങോട്ട് ടൈപി.(കീബോഡിന് ഹിബ്രു നല്ല വശമായതിനാല്‍ എനിക്ക് ഒരു ബുദ്ധിമുട്ടും വന്നില്ല.)



ശേഷം എന്റെ ഹിബ്രു അവര്‍ക്ക് മനസ്സിലാക്കാന്‍ അവരെ ഒന്ന് സഹായിക്കാം എന്ന് കരുതി ഞാന്‍ അവരുടെ ഹെല്പില്‍ പോയി.അപ്പോഴല്ലേ അറിയുന്നത് , തൂറ്റാനുള്ള അവരുടെ കോഡ് ആ‍ണത്രേ What are you doing ? എന്ന ചോദ്യം.എന്നാലത് ആദ്യം പറഞ്ഞു കൂടായിരുന്നോ  %^&$# ^%&$  %^&$# ^%&$  %^&$# ^%&$   ( വീണ്ടും ഹിബ്രു ഡിക്ഷണറിയോട്‌ കടപ്പാട്‌) എന്ന് ഒന്നുകൂടി ഉരുവിട്ട് ഞാന്‍ നന്നായൊന്ന് മുങ്ങിക്കുളിക്കാന്‍ നേരെ ചാലിയാറിലേക്ക് നടന്നു.

Tuesday, October 13, 2009

പത്താക്കാന്‍....

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളെ കണക്ക് പഠിപ്പിക്കുകയായിരുന്നു എന്റെ ഭാര്യ.
“......ഉമ്മച്ചിയുടെ കയ്യില്‍ ഒമ്പത് പെന്‍സിലുകള്‍ ഉണ്ട്.അത് പത്താക്കാന്‍ ഇനി എത്ര പെന്‍സില്‍ വേണം..?”


“ഹ്‌മ്....” മകള്‍ ഭാര്യയുടെ കയ്യിലേക്ക് നോക്കി.


“......ഉമ്മച്ചിയുടെ കയ്യില്‍ ഒമ്പത് പെന്‍സിലുകള്‍ ഉണ്ട്.അത് പത്താക്കാന്‍ ഇനി എത്ര പെന്‍സില്‍ വേണം ന്ന്..?” ഭാര്യ ചോദ്യം ആവര്‍ത്തിച്ചു.


“...ആര് പറഞ്ഞു.....നിങ്ങളുടെ കയ്യില്‍ പുസ്തകമല്ലേ ഉള്ളത്...?” ഉത്തരം കിട്ടാത്തതിനാല്‍ അവള്‍ തട്ടി.


“......ഓ.....എന്നാല്‍ ഉമ്മച്ചിയുടെ കയ്യില്‍ ഒമ്പത് പെന്‍സിലുകള്‍ ഉണ്ട് എന്ന് കരുതുക.അത് പത്താക്കാന്‍ ഇനി എന്ത് വേണം..?”


“വണ്‍ മിനുട്ട്....കയ്യിലുള്ളത് കടലാസ് പെന്‍സിലോ സ്ലേറ്റ് പെന്‍സിലോ ...”


“അത് ഏതെങ്കിലും ആവട്ടെ..നീ ഉത്തരം പറ...”


“അതെങ്ങന്യാ....സ്ലേറ്റ് പെന്‍സില്‍ ആണെങ്കില്‍ ഉള്ളതിലൊന്ന് പൊട്ടിച്ചാ മതി,കടലാസ് പെന്‍സില്‍ ആണെങ്കില്‍ ഈ രാത്രി നേരത്ത് മയമാക്കാന്റെ പീട്യേ പോയി നോക്കണ്ടേ....തോട്ട് ലെസ് ക്വസ്റ്റിയന്‍...”

Monday, October 12, 2009

അനുഗ്രഹമാകുന്ന സന്താനങ്ങള്‍

അന്ന് വയസ്സായ ഒരാള്‍ അടുത്തിരുന്നവര്‍ക്ക് സ്വയം പരിചയപ്പെടുത്തി.
“ഞാന്‍ ലുഖ്മാന്റെ ബാപ്പ.എന്റെ സ്വന്തം പേര് പറയുന്നതിനെക്കാളും നല്ലത് ഇങ്ങനെ പരിചയപ്പെടുത്തുന്നതായിരിക്കും...”


“അതേ അതേ....നമ്മള്‍ ആഗ്രഹിക്കേണ്ടതും അങ്ങനെ തന്നെ.നമ്മെക്കാളും നമ്മുടെ മക്കള്‍ പ്രശസ്തരാവണം....അപ്പോള്‍ നാം വീണ്ടും പ്രശസ്തി നേടും....”


*                    *                    *


മിനിഞ്ഞാന്ന് ഞാന്‍ എന്റെ മൂത്ത മകളേയും കൊണ്ട് ബാങ്കില്‍ പോയി.എന്നെ ഹൈസ്കൂളില്‍ പഠിപ്പിച്ച രമണി ടീച്ചര്‍ എന്തോ ആവശ്യത്തിന് അവിടെ ഉണ്ടായിരുന്നു.ടീച്ചര്‍ സ്വന്തം മകന് എന്നെ പരിചയപ്പെടുത്തി.
“സുമേച്ചിയുടെ ബാച്ചില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആബിദ്...”


അന്ന് വരെ ആ സ്കൂളില്‍ എല്ലാ ക്ലാസ്സിലും ടോപ് മാര്‍ക്ക് ടീച്ചറുടെ ബന്ധുവായ സുമക്കായിരുന്നു.ആ ചരിത്രം തിരുത്താന്‍ യോഗമുണ്ടായത് സുമയുടെ അച്ഛന്റെ അടുത്ത സുഹൃത്തായ എന്റെ ബാപ്പയുടെ ഈ മകന്!!!


ശേഷം ടീച്ചര്‍ എന്റെ മോളുടെ നേരെ തിരിഞ്ഞ് ചോദിച്ചു :“മോള്‍ നല്ലവണ്ണം പഠിക്കുന്നില്ലേ?”


അവള്‍ ചിരിച്ചു.


“അച്ഛന്‍ മിടുക്കനായിരുന്നു.അച്ഛനെക്കാളും മിടു മിടുക്കി ആകണം...” ടീച്ചര്‍ അവളെ ഉപദേശിച്ചു.


*                    *                    *

ഉപ്പ എന്ന നിലക്ക് അഭിമാനിക്കാന്‍ എനിക്ക് ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് എന്റെ മകള്‍ ഐശനൌറ.
കെ.ജി യില്‍ ചേര്‍ത്തിയ വര്‍ഷം തന്നെ കലാതിലകം,ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ നാലാം ക്ലാസ്സുകാരോട്‌ വരെ മത്സരിച്ച് നേടിയ കലാതിലകപ്പട്ടം , മാനന്തവാടിയില്‍ എത്തിയപ്പോള്‍ ആദ്യവര്‍ഷം തന്നെ സ്കൂളിനെ സബ്ജില്ലാ ചാമ്പ്യന്മാരാക്കിയ അവളുടെ പ്രകടനങ്ങള്‍ ,തുടര്‍ വര്‍ഷങ്ങളിലും അത് നിലനിര്‍ത്തിയ പ്രകടനങ്ങള്‍ ,ഇപ്പോള്‍ പഠിക്കുന്ന കൊടിയത്തൂര്‍  വാദിറഹ്മ സ്കൂളില്‍ പങ്കെടുത്ത ആദ്യ മത്സരമായ പോസ്റ്റര്‍ രചനയിലെ രണ്ടാം സ്ഥാനം,മറ്റു മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനങള്‍,ചെറായിയില്‍ എന്റെ പ്രിയ സുഹൃത്തുക്കളുടെ മുമ്പില്‍ ഒരു കവിതാആലാപനം , എല്ലാ സ്കൂളുകളിലും ക്ലാസ് ടോപ് തുടങ്ങീ പെട്ടെന്ന് ഓര്‍മ്മ വരുന്നതും ഓര്‍മ്മ വരാത്തതുമായ അനവധി അഭിമാന മുഹൂര്‍ത്തങള്‍.


ഇന്നത്തെ മാധ്യമം ദിനപത്രത്തിന്റെ ഇന്‍ഫോമാധ്യമം സപ്ലിമെന്റില്‍ എന്റെ മോള്‍ ഈയിടെ ആരംഭിച്ച ബ്ലോഗ് പരിചയപ്പെടുത്തുന്ന കുറിപ്പ്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കോരിത്തരിച്ചുപോയി.ഞാന്‍ സ്വയം ആര്‍ക്കും അത് പരിചയപ്പെടുത്തേണ്ട എന്ന നിലപാടില്‍ ആയിരുന്നു.പക്ഷേ ഈ സന്തോഷം എനിക്ക് പങ്കിടാതെ വയ്യ.


സന്താനങ്ങള്‍ മാതാപിതാക്കള്‍ക്ക് അനുഗ്രഹമാണ്.അവരുടെ പ്രശസ്തിയും കുപ്രസിദ്ധിയും മാതാപിതാക്കള്‍ക്കും ലഭിക്കുന്നു.അതിനാല്‍ നമ്മുടെ കുട്ടികളെ നാം നല്ല നിലയില്‍ തന്നെ വളര്‍ത്തുക.മണ്മറഞ്ഞു പോയാലും നമ്മെ മനുഷ്യമനസ്സുകളില്‍ നിലനിര്‍ത്തുന്നത് അവരുടെ പ്രവര്‍ത്തനങള്‍ ആയിരിക്കും.

Saturday, October 10, 2009

ഒരു ജീവിത പാഠം.

ഒരാഴ്ച മുമ്പ്‌ യാദൃശ്ചികമായി ഒരു ഡോക്ടറുടെ കുടുംബത്തെ ഞാന്‍ സന്ദര്‍ശിച്ചു.മനുഷ്യര്‍ക്ക്‌ എല്ലാവര്‍ക്കും പാഠമായ ആ ഡോക്ടറുടെ ഇന്നത്തെ അവസ്ഥ എന്റെ കരളലിയിപ്പിച്ചു.

വളരെ സമ്പന്നമായ ഒരു കുടുംബത്തില്‍ വടക്കന്‍ മലബാറില്‍ ആയിരുന്നു ഈ ഡോക്ടറുടെ ജനനം.ഡോക്ടര്‍ ആയതിന്‌ ശേഷം എപ്പോഴോ മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ പട്ടണത്തില്‍ പ്രാക്ടീസ്‌ ആരംഭിച്ചു.പെട്ടെന്ന് തന്നെ അദ്ദേഹം വളരെ പ്രശസ്തനായി.ചികില്‍സയുടെ ഫലം കാരണം ഡോക്ടര്‍ക്ക്‌ തിരക്കൊഴിഞ്ഞ സമയമില്ലാതായി.ഇതിനിടക്ക്‌ അതേ നാട്ടിലെ ഒരു ഉന്നത കുടുംബത്തില്‍ നിന്നും കല്യാണവും കഴിച്ചു.നല്ല ഒരു പ്രാസംഗികന്‍ കൂടിയായതിനാല്‍ ചുരുങ്ങിയ കാലം കൊണ്ട്‌ തന്നെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പേരെടുക്കാനും അദ്ദേഹത്തിന്‌ സാധിച്ചു.

പക്ഷേ കഥ മാറാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.കേട്ടറിഞ്ഞ ഈ വിവരങ്ങള്‍ക്കൊപ്പം അതും ഞാന്‍ ഇവിടെ പങ്കുവയ്ക്കട്ടെ.

പ്രാക്ടീസ്‌ കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന സമയത്ത്‌ സ്വന്തമായി ഒരു ആശുപത്രി തുടങ്ങാന്‍ അദ്ദേഹം ഭാര്യാ വീട്ടുകാരോട്‌ പട്ടണമധ്യത്തില്‍ അല്‍പം സ്ഥലം ആവശ്യപ്പെട്ടു.എന്തുകൊണ്ടോ അവര്‍ അത്‌ നല്‍കാന്‍ തയ്യാറായില്ല.അധികം കഴിയുന്നതിന്‌ മുമ്പ്‌ തന്നെ അദ്ദേഹത്തിന്  ഭാര്യയെ ഉപേക്ഷിക്കേണ്ടി വന്നു.പിന്നീട് ,ഇപ്പോള്‍ അദ്ദേഹത്തിന് താങ്ങുംതണലുമായി മാറിയ, സ്ത്രീയെ വിവാഹം ചെയ്തു.അതോടെ അവരും സ്വന്തം കുടുംബത്തില്‍ നിന്ന് അകറ്റപ്പെട്ടു.

ഈ പ്രശ്നങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും എന്തോ കാരണത്താല്‍ (അതോ അതേ പ്രശ്നത്താലോ ?) അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കി.കുടുംബ പ്രശ്നവും സംഘടനാ പ്രശ്നവും കത്തിനില്‍ക്കേ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അസുഖബാധിതനായി.ദിവസങ്ങള്‍ക്കകം ജ്യേഷ്ഠ സഹോദരന്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.തക്കസമയത്ത്‌ ജ്യേഷ്ഠനെ പരിചരിക്കാന്‍ ഡോക്ടറായ അനിയന്‍ എത്താത്തതിനാല്‍ ഉടപ്പിറപ്പുകളും അദ്ദേഹത്തെ ഉപേക്ഷിച്ചു.

സ്വന്തക്കാര്‍ എല്ലാവരും ഉപേക്ഷിച്ചെങ്കിലും സ്റ്റെതസ്കോപ്‌ കയ്യിലുള്ള ധൈര്യത്തില്‍ പ്രാക്ടീസ്‌ തുടരുന്നതിനിടക്ക്‌ ആറ്‌ വര്‍ഷം മുമ്പ്‌ ഡോക്ടര്‍ക്ക്‌ മസ്തിഷ്കാഘാതം സംഭവിച്ചു.തല്‍ഫലമായി വലതു കയ്യിന്റെ സ്വാധീനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ടു.അതോടെ മറ്റൊരു ജോലിയും വശമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യയും പറക്കമുറ്റാത്ത കുട്ടികളും തീര്‍ത്തും നിരാലംബരായി.

രണ്ട്‌ വര്‍ഷം മുമ്പാണ്‌ ആ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ സന്നദ്ധ സേവന സംഘം ഡോക്ടറേയും കുടുംബത്തേയും ജീവിക്കാന്‍ വഴിയില്ലാത്ത അവസ്ഥയില്‍ കരിപുരണ്ട ഒരു മുറിയില്‍ ഒതുങ്ങിക്കഴിയുന്നതായി കണ്ടെത്തിയത്‌.ഇന്ന് ആ സംഘത്തിന്റെ തണലില്‍ അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീട്ടില്‍ ഡോക്ടറും ഭാര്യയും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമകന്‍ മുതല്‍ യു.കെ.ജി.യില്‍ പഠിക്കുന്ന ഏറ്റവും ചെറിയവന്‍ വരെയുള്ള നാല്‌ ആണ്‍മക്കളും താമസിക്കുന്നു.ആ വീട്ടില്‍ അടുപ്പ്‌ പുകയണമെങ്കില്‍, രണ്ടാഴ്ച കൂടുമ്പോള്‍ ഈ സേവനസംഘത്തിന്റെ സഹായം എത്തണം.

എല്ലാ മനുഷ്യര്‍ക്കും ഈ അനുഭവത്തില്‍ പാഠമുണ്ട്‌.പണവും സമ്പാദ്യവും ഉണ്ടായിരുന്ന കാലത്തെ , ഡോക്ടറുടെ ജീവിതശൈലിയാകാം ഇന്ന് അദ്ദേഹത്തെ ഈ നിലയില്‍ തകര്‍ത്തത്‌.അതെന്തെങ്കിലുമാകട്ടെ.പക്ഷേ ,പണവും പ്രതാപവും എന്നും നിലനില്‍ക്കില്ല എന്ന സത്യം തിരിച്ചറിയണം എന്ന് ഈ ജീവിതം നമ്മോട്‌ വിളിച്ചു പറയുന്നു.

Wednesday, October 07, 2009

ജ്വാലകള്‍ ശലഭങ്ങള്‍ പ്രകാശനം ചെയ്തു.

കൈതമുള്ള്‌ എന്ന ബ്ലോഗിലൂടെ പ്രശസ്തനായ ശ്രീ.ശശി ചിറയലിന്റെ ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകം ഡോ:സുകുമാര്‍ അഴീക്കോട്‌ പ്രകാശനം ചെയ്തു.ഇന്നലെ വൈകിട്ട്‌ ആറ്‌ മണിക്ക്‌ കോഴിക്കോട്‌ ടൗണ്‍ഹാളിലായിരുന്നു പ്രകാശനകര്‍മ്മം.സിസ്റ്റര്‍ ജെസ്മി ആദ്യപ്രതി ഏറ്റുവാങ്ങി.ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ശ്രീ.യു.എ.ഖാദര്‍ അധ്യക്ഷത വഹിച്ചു.ഡോ: അസീസ്‌ തരുവണ പുസ്തകത്തെ സദസ്സിന്‌ പരിചയപ്പെടുത്തി.കഥാകൃത്ത്‌ ശ്രീ.പി.കെ.പാറക്കടവ്‌ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോഗ്‌ എന്ന നവമാധ്യമത്തിലൂടെ മലയാള സാഹിത്യം പുതിയ ഉയരങ്ങള്‍ തേടുന്നതായി ശ്രീ.അഴീക്കോട്‌ സൂചിപ്പിച്ചു.ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകത്തിലൂടെ സ്ത്രീയെ ഒരു ജ്വാലയായും അതിന്റെ ആകര്‍ഷണവലയത്തില്‍ പെട്ട്‌ എരിയുന്ന വിവിധ ശലഭങ്ങളേയും ഗ്രന്ഥകാരന്‍ സമര്‍ത്ഥമായി അവതരിപ്പിക്കുന്നതായി അഴീക്കോടന്‍ മാഷ്‌ പറഞ്ഞു. മലയാള സാഹിത്യത്തിന്റെ കാലാനുസൃതമായ മാറ്റമാണ്‌ ബ്ലോഗില്‍ നിന്നും അച്ചടി മഷി പുരളുന്ന പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നത്‌ എന്ന് ശ്രീ.യു.എ.ഖാദര്‍ പറഞ്ഞു.പെന്‍സില്‍ ഉപയോഗിച്ച്‌ കുത്തിക്കുറിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ഇന്നത്‌ കീബോഡും മൗസും ഉപയോഗിച്ച്‌ രചന നടത്തുന്ന യുഗത്തില്‍ എത്തിനില്‍ക്കുന്നു. പുസ്തകത്തിന്റെ ദ്വിതീയ തലവാചകമായ പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്നത്‌ യഥാര്‍ത്ഥത്തില്‍ ആണനുഭവങ്ങള്‍ അല്ലേ എന്നായിരുന്നു സിസ്റ്റര്‍ ജെസ്മിയുടെ സംശയം.കാലം കാത്തുനില്‍ക്കുന്ന ഒരു "എംപവേഡ്‌ വുമണ്‍" ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നതായി സിസ്റ്റര്‍ അഭിപ്രായപ്പെട്ടു. പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്ന് ലളിതമായി പറഞ്ഞു പോകുമ്പോഴും ഓരോ സ്ത്രീയും ഒരു ജ്വാലയായി അനാവരണം ചെയ്യപ്പെടുകയാണ്‌.ജ്വാല സര്‍വ്വസംഹാരിണിയും വെളിച്ചത്തിന്റെ കാഴ്ച തരുന്ന ദേവതയുമാണ്‌.പുസ്തകം പരിചയപ്പെടുത്തി ഡോ:അസീസ്‌ തരുവണ പറഞ്ഞു. ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ക്കേ നിലനില്‍പ്പുള്ളൂ എന്ന് ശ്രീ.പി.കെ.പാറക്കടവ്‌ അഭിപ്രായപ്പെട്ടു.ശ്രീ.കൈതമുള്ളിന്റെ പ്രവാസി ജീവിതത്തിലെ പതിനഞ്ച്‌ സ്ത്രീകളോടൊത്തുള്ള ജീവിതഗന്ധിയായ അനുഭവക്കുറിപ്പുകളാണ്‌ ഈ പുസ്തകമെന്നും അതിനാല്‍ തന്നെ കാലങ്ങളോളം അത്‌ ചര്‍ച്ച ചെയ്യപ്പെടും എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ചടങ്ങില്‍ പ്രമുഖ ബ്ലോഗര്‍മാരായ മലബാരി,നിരക്ഷരന്‍,ജി.മനു,മിന്നാമിനുങ്ങ്‌,കരീം മാഷ്‌,നിത്യന്‍,ആഗ്നേയ,കലേഷ്‌,ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌,കുറുമാന്‍,കോമരം,കുട്ടന്‍ മേനോന്‍,ദ്രൌപതി തുടങ്ങിയവരും പങ്കെടുത്തു.( പങ്കെടുത്ത ഏതെങ്കിലും ബ്ലോഗറുടെ പേര്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം വിവരക്കേടു കൊണ്ടാണ്.സദയം ക്ഷമിക്കാന്‍ അപേക്ഷ.)കുവൈത്തില്‍ കാറപകടത്തില്‍ നിര്യാതനായ ബ്ലോഗര്‍ ജ്യോനവന്റെ സ്മരണക്ക് മുന്നില്‍ ഒരു മിനുട്ട് മൌനം ആചരിച്ചാണ് പരിപാടി ആരംഭിച്ചത്. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷന്‍സ്‌ ആണ്‌ പുസ്തകം പ്രസാധനം ചെയ്തത്‌.ചടങ്ങിനെത്തിയവര്‍ക്ക്‌ ശ്രീ.ഗണേഷ്‌ പന്നിയത്ത്‌ സ്വാഗതവും പുസ്തക രചയിതാവ്‌ ശ്രീ.കൈതമുള്ള്‌ നന്ദിയും അര്‍പ്പിച്ചു.പ്രകാശന കര്‍മ്മത്തിന്‌ ശേഷം ശ്രീ.ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ബസ്തുകര എന്ന കഥയെ ആസ്പദമാക്കി നരിപ്പറ്റ രാജു സംവിധാനം ചെയ്ത ബസ്തുകര എന്ന നാടകവും അവതരിപ്പിച്ചു.

അഴീക്കോടന്‍ മാഷും അരീക്കോടന്‍ മാഷും

ഒരാഴ്ച മുമ്പ്‌ രാത്രി പതിനൊന്ന് മണി.ഞാന്‍ ഉറങ്ങാനായി കിടന്നു.ഉടന്‍ മൊബൈല്‍ ഫോണ്‍ റിംഗ്ചെയ്തു. "മാഷെ....ഞാന്‍ ശശി കൈതമുള്‍ " "ങാ..." എനിക്ക് ബ്ലോഗില്‍ മാത്രം പരിചയമുള്ള അയാളുടെ സമയത്തെ വിളിയുടെ പൊരുള്‍അറിയാതെ ഞാന്‍ മൂളി. "ഒക്ടോബര്‍ ആറിന്‍ വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ , ജ്വാലകള്‍ശലഭങ്ങള്‍ എന്ന എന്റെ പുസ്തകം ഡോ: സുകുമാര്‍ അഴീക്കോട്ട് പ്രകാശനം ചെയ്യും.മാഷ്‌ ചടങ്ങില്‍എത്തണം." "....സന്തോഷം...ഇന്ഷാ അല്ലാ ഞാന്‍ വരും...." അസമയത്ത്‌ കൈതമുള്‍ തറച്ച 'സന്തോഷത്തോടെ' ഞാന്‍ ഫോണ്‍ വച്ചു. * * * * * ഒക്ടോബര്‍ ആറിന്റെ സായാഹ്നം. അല്പം വൈകി ഞാനും ടൌണ്‍ ഹാളില്‍ എത്തി.ബൂലോകത്ത്അന്നും ഇന്നും നിരക്ഷരനായ ജുബ്ബക്കാരന്‍ ,ദേ കണ്ണനെ പോലെ, ആകെ വന്ന നാരികല്‍ക്കിടയില്‍ഏറ്റവും മുന്നില്‍ ഇരിക്കുന്നു!ഒട്ടും സമയം കളയാതെ ഞാനും അങ്ങോട്ട് ഓടി . നിരക്ഷരന്‍ ലോകത്തില്‍ തന്നെയല്ലെ എന്നറിയാന്‍ ഒന്ന്‍ തോണ്ടി . "ഹലോ....മാഷ്‌ എപ്പോ എത്തി...?" "ദേ ഇപ്പൊ വന്നതെ ഉള്ളൂ..." "ഇത്...അരീക്കോടന്‍ മാഷ്‌..." നിരക്ഷരന്‍ എന്നെ ഒരു സ്ത്രീക്ക്‌ പരിചയപ്പെടുത്തി. "ങേ....!!!" അവരുടെ ഞെട്ടല്‍ ഞാന്‍ നേരിട്ട് കണ്ടു. "ബ്ലോഗിലെ എഴുത്ത്തുകാരനാ...." നിരക്ഷരന്‍ മുഴുവനാക്കിയപ്പോള്‍ അവരുടെ ഞെട്ടല്‍ അല്പം മാറി. ഡോ: സുകുമാര്‍ അഴീക്കൊടില്‍ നിന്ന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിക്കേണ്ട സിസ്റര്‍ ജെസ്മിആയിരുന്നു സ്ത്രീ.നിരക്ഷരന്‍ അരീക്കോടന്‍ മാഷ്‌ എന്ന്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവര്‍കേട്ടത്‌ അഴീക്കോടന്‍ മാഷ്‌ എന്നായിരുന്നു!!! സിസ്റര്‍ പുതിയ അഴീക്കോടന്‍ മാഷേ കണ്ട്ട്ട് ബോധംകെട്ട് വീഴാഞ്ഞത് ഭാഗ്യം.

Thursday, October 01, 2009

ആസ്യാന്റെ കരാറ്‌

"ആസ്യാ....എടീ ആ......" പോക്കരാക്ക ഉച്ചത്തില്‍ വിളിച്ചു. "എത്താ മന്‍സാ.....പോത്ത്‌ കാറും പോലെ കാറ്ണേ.. " "എടീ....ആസ്യാന്റെ കരാറ്‌ ജ്ജ്‌ കേട്ട്ക്ക്ണോ.. ?" "ഇച്ച്‌ അങ്ങനൊര്‌ കരാറ്‌ ബീരം ല്ല ല്ലോ... " "ആ....ന്നാ...നാളെ മന്‍സച്ചെങ്ങല ണ്ടാക്ക്‌ണ്ട്‌. " "മന്‍സച്ചെങ്ങലേ?" "ആ ...ആസ്യാന്റെ കരാറ്‌ അര്‍ബിക്കടല്‌ ഇടാന്‍ റോട്ട്ക്കൂടെ മന്‍സച്ചെങ്ങല....ആ കരാറ്‌ എത്താന്ന്‌ ആസ്യ ന്ന അന്‍ക്കും പുടില്ല...അന്നെ കെട്ട്യ ഇച്ചും പുടീല്ല........ഞി മജ്ജത്തായ അണ്റ്റെ ബാപ്പ എത്തേലും കരാറ്‌ എയ്തീന്യോ ആവോ.. ?"