ഉമ്മയുടെ തക്കാളിച്ചെടികളില്‍
മിക്കവയിലും തക്കാളി ഉണ്ടായി നില്‍ക്കുന്നുണ്ടായിരുന്നു. ഉയര്‍ന്നു പൊങ്ങി പറന്നു വന്ന
ഒരു ശലഭത്തിന്റെ നിറം പച്ചത്തക്കാളിയുടേത് തന്നെ എന്ന് മനസ്സില്‍ പറഞ്ഞപ്പോഴേക്കും
അവന്‍ പോയി ഒളിച്ചു.എന്റെ പപ്പരാസിക്കണ്ണുണ്ടോ അതിനെ വെറുതെ വിടുന്നു.പതുങ്ങി പതുങ്ങി
അടുത്തെത്തി ഒരു ക്ലിക്ക് , അടുത്തതിന് ശ്രമിച്ചപ്പോഴേക്കും അവന്‍ സ്ഥലം വിട്ടു.പച്ചത്തക്കാളിയില്‍
അവന്റെ ഇരിപ്പ് പെട്ടെന്ന് കണ്ടെത്താന്‍ പ്രയാസം തന്നെ.
തക്കാളിച്ചെടിയുടെ
അടുത്ത് നിന്ന് മെല്ലെ ഞാന്‍ എണീറ്റു. അയല്‍വാസിയുടെ മതിലിനോട് ചേര്‍ന്ന് പുല്ലുകള്
വളര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു.അവരുടെ വീട്ടിലെ പല മാലിന്യങ്ങളും അവിടെ കൊണ്ട് തട്ടിയിരുന്നു.
ആ പുല്ലിനിടയിലൂടെ മാലിന്യം ചുറ്റിപ്പറ്റി മണ്ണിന്റെ നിറമുളള ഒരു കുഞ്ഞന്‍ ശലഭം നൃത്തം
വച്ചു.കാണാന്‍ അത്ര സൌന്ദര്യം ഇല്ലെങ്കിലും അതും ഒരു ശലഭമായതിനാല്‍ ഞാന്‍ ക്യാമറ റെഡിയാക്കി.പക്ഷെ
അവന്‍ നിന്ന് തന്നില്ല.അതോടെ അവനെയും ഞാന്‍ മൂവിയാക്കി.
പെട്ടെന്നാണ് എന്റ്റെ
കാലിനടുത്തുകൂടെ ഒരു മഞ്ഞക്കളര്‍ മിന്നിമറഞ്ഞത്. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് അത്
പോയത് എന്നതിനാല്‍ ഞാന്‍ വേഗം അവിടെക്കെത്തി.പക്ഷെ നേരത്തെ രണ്ട് പേരെ കണ്ടുമുട്ടിയ
അതേ മല്ലികയുടെ പുറത്ത് അതാ പുതിയ ഒരതിഥി കൂടി ! ചിറക് വിരിച്ചുളള ആ ഇരിപ്പിന് തന്നെ ഒരു ഗാംഭീര്യമുണ്ട്.ചിറക്
മടക്കി ഒതുക്കി വച്ചപ്പോളാണ് ഇവന്‍ ഒന്നാംതരം ആള്‍മാറാട്ടക്കാരന്‍ കൂടിയാണെന്ന് മനസ്സിലായത്.
തൊട്ടപ്പുറത്തെ കുമ്പളവളളിയില് ഒരു മഞ്ഞപ്പൂവ് വിരിഞ്ഞു നില്‍ക്കുന്നുണ്ട്. പൂവിനകത്ത് മറ്റൊരു മഞ്ഞപ്പൂവ് കണ്ട് ഞാന്‍ അങ്ങോട്ട് തിരിഞ്ഞതും അകത്തെ മഞ്ഞപ്പൂവ് പറന്നുപൊങ്ങി!! തൊട്ടടുത്ത് തന്നെയുളള വെളളത്തണ്ടില് അത് ഇരുപ്പുറപ്പിച്ചപ്പോള്‍ എനിക്ക് സമാധാനമായി.
അതിനെയും ക്യാമറയില്‍
പകര്‍ത്തി ഞാന്‍ പഴയ മല്ലികയിലേക്ക് തന്നെ വെറുതെ നോക്കി. അതാ വീണ്ടും പുതിയൊരു ബ്ലാക്ക്
ആന്റ് വൈറ്റ് പാവാടക്കാരി! ബ്ലാക്ക് ആണോ വൈറ്റ് ആണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ ഞാന്‍
ഉത്തരം മുട്ടും.അതിനാല്‍ നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം.
ഇനിയും കൂടുതല്‍ ഇനം
ശലഭങ്ങളെ കണ്ടേക്കാം എന്ന വിശ്വാസത്തില്‍ ഞാന്‍ വാച്ചിലേക്ക് നോക്കി. രണ്ട് മണിക്കൂറോളമായി
ഞാന്‍ ശലഭങ്ങളുടെ പിന്നാലെയാണ്. നേരത്തെ കണ്ടതെന്ന് തോന്നിയ ഒരു കുഞ്ഞ് ശലഭം കൂടി
പുല്ലിലെ പൂക്കളിലും ഇലകളിലും ഇരിക്കുന്നു,പറക്കുന്നു. സ്റ്റില്‍ ഫോട്ടോ എടുക്കാന്‍
സമ്മതിക്കാത്തതിനാല്‍ ഞാന്‍ അതിനെ ഉപേക്ഷിച്ച് പോകാന്‍ തുടങ്ങുമ്പോഴാണ് അത് ചിറക്
വിരിച്ചത്.ചിറകിന്റെ മുകള്‍ഭാഗം ഇളം നീലനിറത്തിലായിരുന്നു. അതായത് ഇതൊരു പുതിയതരം ശലഭം
തന്നെ.