എൻ്റെ ഭാര്യയുടെ നേരെ ജ്യേഷ്ടത്തി കുടുംബ സമേതം ഗൾഫിലായിരുന്നു താമസം. ഭാര്യാ സഹോദരന്മാർ രണ്ട് പേരും കുടുംബ രഹിതരായും ഗൾഫിലായിരുന്നു. ആദ്യം സൂചിപ്പിച്ച ഭാര്യാ സഹോദരിയുടെ വീട്ടിൽ, എൻറെ പേഴ്സിൽ കിടക്കുന്ന ലൈസൻസ് പോലെ, ആരും ഉപയോഗിക്കാതെ ഒരു കാർ കിടക്കുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ട് എനിക്ക് കിട്ടി. ഞാൻ ഡ്രൈവിംഗ് പഠിച്ച അതേ ജനുസ്സിൽ പെട്ട മാരുതി 800 ആണ് പ്രസ്തുത കാറെന്നും റിപ്പോർട്ടർ അറിയിച്ചു. ഒന്ന് വർക്ക്ഷോപ്പിൽ കയറ്റി ഇറക്കിയാൽ എന്റെ ഡ്രൈവിംഗ് പരിശീലനത്തിന് അത് ധാരാളമാണെന്നും വിവരം കിട്ടി. റിപ്പോർട്ടറുടെ പ്രലോഭനങ്ങൾ കൂടുന്നതിനനുസരിച്ച് ആ മാതുരി എൻ്റെ മനസ്സിൽ ക്ലച്ച് പിടിച്ചു.
അങ്ങനെ ഭാര്യപിതാവ് വഴി തന്നെ ഞാൻ ഗൾഫിലുള്ള മൂത്തച്ചനെ വിവരം അറിയിച്ചു.സ്വന്തമാണെങ്കിലും സ്വന്തമല്ലാത്ത കാറിനെ വിറ്റൊഴിവാക്കുന്നതാണ് ബുദ്ധി എന്ന്, എനിക്ക് ഇന്റലിജൻസ് റിപ്പോർട്ട് തന്ന അതെ റിപ്പോർട്ടർ അദ്ദേഹത്തെയും അറിയിച്ചതോടെ ആഗ്രഹങ്ങൾ തമ്മിൽ വേഗം കൂട്ടിമുട്ടി. ഇരുപത്തയ്യായിരം രൂപക്ക് കാറ് പോക്കറ്റിലാക്കാം സോറി പോർച്ചിലാക്കാം എന്ന് കൂടി അറിഞ്ഞതോടെ എൻ്റെ മനസ്സിൽ ഞാൻ ഒരു കാർ മൊതലാളി ആവുന്ന രംഗം നിറഞ്ഞാടി.
നിലവിൽ പ്രതിശ്രുത കാർ ഉണ്ടായിരുന്നത് മൂത്തച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്നു.വണ്ടിയുടെ മുഴുവൻ കൈകാര്യ കർത്താവും അദ്ദേഹം തന്നെയായിരുന്നു.അതിനാൽ അത്ര എളുപ്പത്തിൽ വണ്ടി അവിടെ നിന്നും സ്റ്റാർട്ടാവില്ല എന്നായിരുന്നു പൊതുവെയുള്ള ധാരണ.എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമായി കാറും രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പിന്നെ അഞ്ചായി മടക്കിയ രണ്ട് മുദ്രപേപ്പർ കെട്ടും പെട്ടെന്ന് തന്നെ എന്റെ കയ്യിൽ കിട്ടി.സാധനം എത്രയും പെട്ടെന്ന് കയ്യൊഴിക്കാൻ അവരും കാത്തിരിക്കുകയായിരുന്നു എന്ന് സാരം.
രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് വണ്ടിയുടെ തമിഴ് ബന്ധം മനസ്സിലായത്. ചെന്നൈക്കാരനായ ഒന്നാം മുതലാളിയിൽ നിന്ന് ഗൂഡലൂർകാരനായ രണ്ടാം മുതലാളി വാങ്ങി. പിന്നീടുള്ള കൈമാറ്റത്തിന്റെ എഴുത്തുകുത്തുകൾ ആയിരുന്നു എനിക്ക് കാറിനൊപ്പം കിട്ടിയ മുദ്രപേപ്പർ കെട്ട്.
കാറിന്റെ വിലയായി നിശ്ചയിച്ച ഇരുപത്തയ്യായിരം രൂപ നൽകിയതോടെ പ്രാക്ടിക്കലി ഞാൻ ഒരു കാർ മൊതലാളിയായി. ബട്ട്, രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അണ്ണന്റെ പേരിൽ ആയതിനാൽ തിയറിട്ടിക്കലി ഞാൻ വണ്ടി ഓട്ടുന്ന ഒരു തൊഴിലാളിയും ആയി.എൻ്റെ മുമ്പ് വാഹനം കയ്യിൽ വച്ചിരുന്നവരും ഈ വിരോധാഭാസം തുടരാൻ കാരണം എന്തെന്ന് വണ്ടി വാങ്ങിയപ്പോൾ ഞാൻ ചോദിച്ചില്ല. പിന്നീടാണറിഞ്ഞത് രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റാൻ ആദ്യ മുതലാളിയുടെ കൂടി സമ്മതപത്രം വേണമത്രേ. മരിച്ച് മണ്ണോട് ചേർന്ന അദ്ദേഹത്തിൻ്റെ സമ്മതപത്രം കിട്ടാൻ അപേക്ഷ നൽകേണ്ടത് ആർക്ക് എന്നറിയാത്തതിനാലാണ് അവർ എല്ലാവരും കാലങ്ങളായി ആ മുദ്രപേപ്പർ കെട്ട് കൈവശം വച്ചതും കൈമാറിയതും. ഞാനും ആ അനുഷ്ഠാനം തെറ്റിച്ച് ദൈവകോപം വിളിച്ച് വരുത്താൻ മുതിർന്നില്ല.
അങ്ങനെ TSG 8683 എന്ന രെജിസ്ട്രേഷൻ നമ്പറോട് കൂടിയ 1986 മോഡൽ വെള്ള നിറത്തിലുള്ള മാരുതി 800 എൻ്റെ വീട്ടുമുറ്റത്ത് ചക്രം കുത്തി.
(തുടരും....)