പഴയ സുഹൃത്തുക്കളെ തേടിപ്പിടിക്കുന്നതും അവരുടെ ഒത്തുകൂടൽ നടത്തുന്നതും ആ നല്ല കാലങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള മനുഷ്യന്റെ ആന്തരികേച്ഛയുടെ പ്രതിഫലനമാണ്. അതിൽ പല കാരണങ്ങളാലും പങ്കെടുക്കാൻ സാധിക്കാത്തവരെ തേടിപ്പിടിച്ച്, സംഗമത്തിന് ശേഷം ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കുക എന്നതാണ് പിന്നീട് പല ഗ്രൂപ്പുകളും ചെയ്യുന്നത്.അതിനകത്ത് ചില സൗന്ദര്യപ്പിണക്കങ്ങളും അനാവശ്യ ബന്ധങ്ങളും മുളപൊട്ടി ഒന്നുകിൽ ഗ്രൂപ്പ് അല്ലെങ്കിൽ കുടുംബം പൊട്ടുന്നതായാണ് പിന്നീട് സംഭവിക്കാറ് .
രണ്ട് വർഷം മുമ്പാണ് ഞങ്ങളുടെ പത്താം ക്ലാസ് ബാച്ച് ആദ്യമായി സംഘടിച്ചത്.സാധാരണ ഗ്രൂപ്പുകളിൽ നിന്ന് വിഭിന്നമായി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ഇന്നും അത് നന്നായി മുന്നോട്ട് പോകുന്നു.സംഗമത്തിൽ പങ്കെടുക്കാൻ പറ്റാത്തവരെ പലരെയും തേടിപ്പിടിച്ച് പഴയ സൗഹൃദ വലയത്തിലേക്ക് കൊണ്ട് വരികയും ചെയ്തിട്ടുണ്ട്.അതിനിടയ്ക്കാണ് പത്താം ക്ലാസ് കഴിഞ്ഞ ഉടൻ തന്നെ ഒരു സഹപാഠിയുടെ കുടുംബം വയനാട്ടിലേക്ക് താമസം മാറിയതായി ആരോ പറഞ്ഞറിഞ്ഞത്.പ്രസ്തുത സഹപാഠി ഒരു മുൻ പ്രവാസി കൂടി ആയതിനാൽ ഞങ്ങളുടെ തന്നെ ബന്ധങ്ങളിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ആളെ ഗ്രൂപ്പിൽ ചേർത്തു. കഴിഞ്ഞ ദിവസം അവനെത്തേടി ഞങ്ങൾ അഞ്ച് പേര് പുറപ്പെടുകയും ചെയ്തു.
എന്തോ ആവശ്യാർത്ഥം അതേ ദിവസം തന്നെ ഈ സഹപാഠി മുക്കത്ത് വരുന്നുണ്ട് എന്ന വിവരം കിട്ടിയത് വൈകിയാണ്.എങ്കിലും വഴിയിൽ ഇവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന പ്രതീക്ഷ ഞങ്ങൾ കൈവിട്ടില്ല.ഉദ്ദേശിച്ച പോലെത്തന്നെ മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം താമരശ്ശേരി ചുരത്തിന്റെ അടിവാരത്ത് വച്ച് സിദ്ദീഖ് എന്ന ആ സുഹൃത്തിനെ കണ്ടുമുട്ടി.ഏറെ നേരം സംസാരിച്ച് ഒരുമിച്ച് ചായയും കുടിച്ച് ഞങ്ങൾ പിരിഞ്ഞു.അവൻ മുക്കത്തേക്കും ഞങ്ങൾ വയനാട്ടിലേക്കും യാത്ര തുടർന്നു.
കൽപറ്റ എത്തിയപ്പോഴാണ് മറ്റൊരു സഹപാഠിയും ഗവ.ജനറൽ ഹോസ്പിറ്റലിലെ ഹെഡ് നഴ്‌സുമായ രജനിയെ ഓർമ്മ വന്നത്.മുമ്പൊരു തവണ അവളുടെ വീട്ടിൽ പോയതാണെങ്കിലും വണ്ടി അങ്ങോട്ട് തിരിച്ചു.ഒന്നാം തരം സംഭാരവുമായി രജനി ഞങ്ങളെ സ്വീകരിച്ചു.വീട്ടിൽ നട്ടുണ്ടാക്കിയ മഞ്ഞളും ചില വയനാടൻ ചെടികളും ഞങ്ങൾക്ക് അവിടെ നിന്ന് കിട്ടി.
പിന്നീടുള്ള യാത്രക്ക് പ്രത്യേക ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.മുത്തങ്ങ പോയി തിരിച്ചു വരാം എന്ന് മാത്രമായിരുന്നു ഉദ്ദേശ്യം.ഓൺ ദി വേ മുട്ടിൽ എത്തിയപ്പോൾ കൂട്ടത്തിലെ എക്സ് മിലിട്ടറി ഷുക്കൂറിന് അവന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളെ ഓർമ്മ വന്നു.വിളിച്ചപ്പോൾ ആള് സ്ഥലത്തുണ്ട് എന്നും അറിഞ്ഞു.അങ്ങനെ വണ്ടി നേരെ ആ ജവാന്റെ വീട്ടിലേക്ക് തിരിച്ച് വിട്ടു.പോകുന്ന വഴിയിൽ അല്പം പൊക്കത്തിലിരിക്കുന്ന ഒരു വീട് കണ്ടപ്പോൾ എന്റെ മുൻ വളണ്ടിയർ സെക്രട്ടറി അപർണ്ണയുടെ വീട് ആണോ എന്നൊരു സംശയം തോന്നി ഞാൻ അവളെ വിളിച്ചു.പക്ഷെ ഫോൺ കിട്ടിയില്ല.
ജവാന്റെ ചായ സൽക്കാരം കഴിഞ്ഞ ഉടനെ അപർണ്ണ തിരിച്ച് വിളിച്ചു.ഞാൻ അപ്പോൾ നിൽക്കുന്ന സ്ഥലം പറഞ്ഞപ്പോൾ അവളുടെ വീടിന്റെ സമീപത്ത് തെന്നെയാണെന്നറിയിച്ചു. പക്ഷെ ഞാൻ സംശയിച്ച വീട് അല്ലായിരുന്നു.സ്ഥലം പറഞ്ഞപ്പോൾ ജവാനും ആളെ പിടികിട്ടി.അദ്ദേഹം തന്നെ ഞങ്ങളെ അപർണ്ണയുടെ വീട് വരെ ആക്കിത്തന്നു.അങ്ങനെ അപ്രതീക്ഷിതമായി വർഷങ്ങൾക്ക് ശേഷം അപർണ്ണയെയും കണ്ട് മുട്ടി.
തലേ ദിവസം പാലക്കാട് നിന്നും മടങ്ങുമ്പോൾ പറഞ്ഞ ഒരു വാക്ക് പിറ്റേ ദിവസം തന്നെ നടപ്പിലായി.വർഷങ്ങൾക്ക് മുമ്പ് അപർണ്ണയുടെ വീട് സന്ദർശിച്ചപ്പോൾ കൊണ്ടുവന്ന സ്ട്രോബറിച്ചെടി എന്റെ വീട്ടിൽ നിന്നും കുറ്റിയറ്റു പോകുന്ന ഘട്ടത്തിലാണുണ്ടായിരുന്നത്.അപർണ്ണയുടെ വീട്ടിൽ പോകുമ്പോൾ കൊണ്ടുവരാം എന്ന് വെറുതെ അന്ന് പറഞ്ഞിരുന്നു !!
സൗഹൃദം അങ്ങനെയാണ് , എപ്പോ വേണമെങ്കിലും അത് പൂത്തുലയും - നാമൊന്ന് മനസ്സ് വയ്ക്കണം എന്ന് മാത്രം.