Pages

Wednesday, June 29, 2022

കാശ്മീർ ഫയൽസ് - 5

കാശ്മീർ ഫയൽസ് - 4 (Click & Read)

ശ്രീനഗർ - ഗുൽമാർഗ് പാതയിൽ ടാങ്ങ് മാർഗ് ൽ ആയിരുന്നു ഇഷ്ഫാഖിന്റെ വീട്. ഞങ്ങളവിടെ എത്തുമ്പോൾ സമയം രാത്രി ഒമ്പതര മണിയായിരുന്നു. തണുത്ത് വിറക്കുന്നതിനാൽ വണ്ടിയിൽ നിന്നിറങ്ങിയ ഉടൻ ലഗേജും കൊണ്ട് എല്ലാവരും വീട്ടിനകത്തേക്ക് കയറി (ഓടിക്കയറി എന്ന് പറയുന്നതാണ് ഏറ്റവും ഉചിതം). കാശ്മീരിൽ സമ്മർ ആണെന്നും തണുപ്പ് ഇല്ല എന്നും അറിയിച്ചിരുന്നതിനാൽ സ്വറ്റർ ആരും തന്നെ കരുതിയിരുന്നില്ല. വരും ദിവസങ്ങളിൽ ഈ തണുപ്പിനെ എങ്ങനെ പ്രതിരോധിക്കും എന്ന ചിന്ത എന്റെ മനസ്സിലൂടെ ഒന്ന് മിന്നി.

കാർപ്പറ്റ് വിരിച്ച കർട്ടനിട്ട വിശാലമായ ഒരു മുറിയിലേക്കാണ് ഞങ്ങളെ അവർ  സ്വീകരിച്ചിരുത്തിയത്. ചാരിയിരിക്കാനായി എട്ടോ പത്തോ ചെറിയ കുഷ്യനുകളും  ഉണ്ടായിരുന്നു. ഒരു തരത്തിലുള്ള ഫർണ്ണീച്ചറും ആ മുറിയിൽ ഉണ്ടായിരുന്നില്ല. എല്ലാവരും നിലത്ത് ചമ്രം പടിഞ്ഞിരിക്കുക എന്നതാണ് ഇവിടത്തെ സിസ്റ്റം. നിലത്തിരുന്ന ഉടനെ തന്നെ പുതക്കാനായി കട്ടിയുള്ള വിരിപ്പുകളും തന്നു. എല്ലാവരും ശരീരം മൂടിപ്പുതച്ച് വിറയലിൽ നിന്നും താല്ക്കാലിക രക്ഷ നേടി.

"സർ, സബ് ഠീക് ഹേം ന?" എല്ലാവരുടെയും പല്ലിടി നിന്നപ്പോൾ ഇഷ്ഫാഖ് ചോദിച്ചു.

"ഹാം ... അബ് ഠീക് ഹോ ഗയ" 

അല്പ സമയത്തിനകം തന്നെ കുട്ടികളും വലിയവരുമായി പലരും ഞങ്ങളെ കാണാനായി കടന്നു വന്നു. ഇഷ്ഫാഖിന്റെ കസിൻ ബ്രദേഴ്സും അവരുടെ ഭാര്യമാരും കുട്ടികളും ഒക്കെയായിരുന്നു അത്. കുട്ടികൾ ഞങ്ങളെ സ്വാഗതം ചെയ്തു ഒരു പാട്ട് പാടിയതോടെ ഞങ്ങൾക്കും ആവേശമായി. ഞങ്ങളും ഹിന്ദിയിലും മലയാളത്തിലും പാട്ടുകൾ അവതരിപ്പിച്ചു. അവരിലെ മുതിർന്നവരും പാട്ടുകൾ പാടിയതോടെ ഒരു സാംസ്കാരിക വിനിമയം തന്നെ അവിടെ അരങ്ങേറി. സമയം പത്തര ആയതോടെ പലരും പിരിഞ്ഞു പോയി.

" ആജ് ഹം മജ്ലിസ് ഖാന ഖായേഗ " മറ്റുള്ളവർ പോയ ശേഷം ഇഷ്ഫാഖ് എന്നോട് പറഞ്ഞു.

"ഹാം.." സംഗതി എന്താണെന്ന്  മനസ്സിലായില്ലെങ്കിലും തിന്നാനുള്ള എന്തോ പരിപാടി ആയതിനാൽ ഞാനങ്ങ് സമ്മതം മൂളി.

അല്പസമയം കഴിഞ്ഞ് കിണ്ടി പോലെയുള്ള ഒരു സാധനവും കോളാമ്പി പോലുള്ള മറ്റൊരു സാധനവും കൊണ്ട് ഇഷ്ഫാഖ് വന്നു. രണ്ടും വെള്ളി നിറത്തിലുള്ളതും കൊത്ത് പണികളോട് കൂടിയതും ആയിരുന്നു. പേപ്പർ റോള് പോലെയുള്ള ചുരുട്ടി വച്ച എന്തോ ഒന്ന് കൂടി അവന്റെ കയ്യിലുണ്ടായിരുന്നു. കോളാമ്പി എന്റെ മുമ്പിൽ കാർപ്പറ്റിൽ വച്ച ശേഷം അവൻ എന്നോട് അതിന് മുകളിലേക്ക് കൈ നീട്ടാൻ പറഞ്ഞു. ശേഷം അവൻ കിണ്ടിയിൽ നിന്ന് വെള്ളമൊഴിച്ചു. ഞാൻ കൈ നന്നായി കഴുകി. ഞങ്ങൾ പതിനൊന്ന് പേരുടെയും കൈകൾ ഇങ്ങനെ കഴുകിയ ശേഷം നേരത്തെ പറഞ്ഞ പേപ്പർ റോൾ കാർപ്പറ്റിൽ നിവർത്തി. ഞങ്ങൾ പണ്ട് "സുപ്ര" എന്ന് വിളിച്ചിരുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഷീറ്റായിരുന്നു അത്.


പിന്നെ വലിയ മൂന്നാല്  പ്ലേറ്റുകളിൽ ചോറും മട്ടൻ കബാബും കൊണ്ടു വന്നു. ചിക്കൻ കറി, മട്ടൻ കറി, കൂൺ കറി എന്നിവ വേറെയും. എന്തോ ഒരു ഇല കൊണ്ടുണ്ടാക്കിയ തോരനും സലാഡും കൂടി ഉണ്ടായിരുന്നു. ഒരു പ്ലേറ്റിൽ നിന്ന് മൂന്ന് പേർക്ക് ഭക്ഷിക്കാവുന്ന വിധത്തിൽ ഇഷ്ഫാഖ് ഞങ്ങളെ ഇരുത്തിയ ശേഷം ഓരോ ഗ്രൂപ്പിന് മുന്നിലേക്കും പ്ലേറ്റ് നീക്കിവച്ചു. അങ്ങനെ ഒരു പ്ലേറ്റിൽ നിന്ന് മൂന്ന് പേർ വീതം ഭക്ഷണം കഴിച്ചു. ഈ വിധത്തിൽ ഭക്ഷിക്കുന്നതിനെയാണ് മജ്ലിസ് ഖാന എന്ന് പറയുന്നത്.ഭക്ഷണ ശേഷവും കിണ്ടിയും കോളാമ്പിയുമായി ഇഷ്ഫാഖ് എത്തി എല്ലാവരുടെയും കൈ കഴുകി. ഞങ്ങൾക്കെല്ലാവർക്കും അതൊരു നവ്യാനുഭവമായി.

ഇഷ്ഫാഖിനും കുടുംബത്തിനുമായി കൊണ്ടു വന്ന വെളിച്ചെണ്ണ, മാങ്ങ, വിവിധതരം ചിപ്സ്, തേൻ പലക, കുരുമുളക്, കോഴിക്കോടൻ ഹൽവ എന്നിവ ഞാനവന് കൈമാറി.

"സർ, കൽ ഗുൽമാർഗ് ജാന ഹേ...യഹാം സെ അധിക് ദൂർ നഹീം.. ലേകിൻ ഗണ്ടോല മേം ജാനെ കൊ സബേര ഹീ നികൽന ഹേ..."

"കിത് നെ ബജെ ?"

"ആട്ട് ബജെ. "

" ഠീക്"

"എല്ലാവരും വേഗം ഉറങ്ങിക്കോളൂന്ന്....നാളെ ഗണ്ടോലയിൽ പോകണമെങ്കിൽ ഇവിടെ നിന്ന് നേരത്തെ ഇറങ്ങണം ..." ഞാൻ നിർദ്ദേശം നൽകി.

"ഇവിടെ നിന്ന് ഗോണ്ടനാമോയിലേക്ക് എളുപ്പ വഴി ഉണ്ടോ?" കേട്ടത് മാറിപ്പോയ ആരോ ചോദിച്ചു.

" ഗോണ്ടനാമോ അല്ല ... ഗണ്ടോല അഥവാ കേബിൾ കാർ ..."

"കേബിൾ കാറോ?"

"അതെ,കേബിളിൽ തൂക്കിയ കാറിൽ ഒരു ..യാത്ര."

"ങേ!!" ഒരു ഞെട്ടൽ പെട്ടെന്ന് അവിടെ അലയടിച്ചു.

" യെ സബ് യഹാം ലേടേംഗ ... ആപ് ഔർ നൗഷാദ് സാർ ഉസ് ഘർ മേം... ആവോ മേരെ സാത്..."

സ്ത്രീകളും കുട്ടികളും ഇഷ്ഫാഖിന്റെ വീട്ടിലെ അതേ സ്വീകരണ മുറിയിൽ തന്നെ കിടന്നുറങ്ങി. ഞാനും നൗഷാദും തൊട്ടടുത്ത വീട്ടിലെ സമാനമായ ഒരു മുറിയിലും കിടന്നുറങ്ങി. അന്ന് ആരൊക്കെ എന്തൊക്കെ സ്വപ്നങ്ങൾ കണ്ടു എന്ന് ആരും ആരോടും പറഞ്ഞില്ല. 


(തുടരും...)

കാശ്മീർ ഫയൽസ് - 6


Monday, June 27, 2022

കാശ്മീർ ഫയൽസ് - 4

കാശ്മീർ ഫയൽസ് - 3 ( Click & Read )

"ഹം ബാനിഹാൾ പഹൂഞ്ച..." ചെറിയ ഒരു പട്ടണത്തിന്റെ ലക്ഷണം കണ്ട് തുടങ്ങിയപ്പോൾ നസീർഖാൻ പറഞ്ഞു. ജമ്മുവിൽ നിന്നും ബാനിഹാൾ വരെ ടാക്സിയിൽ വന്ന് അവിടെ നിന്നും ബാരാമുള്ളയിലേക്കുള്ള ട്രെയിൻ കയറാം എന്നായിരുന്നു എൻറെ ആദ്യത്തെ പ്ലാൻ. കാശ്മീറുകാരൻ ഇഷ്‌ഫാഖ്‌ ട്രെയിനിന്റെ സമയക്രമവും അയച്ചു തന്നിരുന്നു. പക്ഷെ ലാസ്റ്റ് ട്രെയിൻ ഉച്ചക്ക് രണ്ട് മണിക്ക് സ്റ്റേഷൻ വിടുന്നതിനാൽ ആ പ്ലാൻ ഒഴിവാക്കി.മാത്രമല്ല ബാനിഹാളിലേക്കും ശ്രീനഗറിലേക്കും ടാക്സി ചാർജ്ജ് പറഞ്ഞത് തലക്ക് 1300 രൂപ എന്നായിരുന്നു.

"ഓഹ്.... യഹാം സെ ഖാന ഖായേഗ" അവിടെ നിന്നും ഭക്ഷണം കഴിക്കാം എന്ന ആശയിൽ ഞാൻ പറഞ്ഞു.

"പഹ്‌ലെ നമാസ് കരോ..." ആദ്യം നമസ്കരിക്കാം എന്ന നസീർഖാന്റെ നിർദ്ദേശത്തിൽ, വണ്ടി പാർക്ക് ചെയ്ത ശേഷം ഞങ്ങൾ പള്ളി ലക്ഷ്യമാക്കി നടന്നു.

"ലേഡീസ് കോ ഭീ കർന സകേഗ ?" ഈ നാട്ടിലെ സിസ്റ്റം അറിയാത്തതിനാൽ ഞാൻ ചോദിച്ചു.

"ചൽ..." ഡ്രൈവർ പറഞ്ഞതനുസരിച്ച് ഞങ്ങൾ എല്ലാവരും പള്ളിയിലേക്ക് നടന്നു.സ്ത്രീകൾക്ക് അവിടെ സൗകര്യം ഉണ്ടായിരുന്നില്ല.അവിടെ അപ്പോൾ കണ്ട ഒരാളോട് അന്വേഷിച്ചപ്പോൾ തൊട്ടടുത്ത് തന്നെയുള്ള മദ്രസാ ഹാൾ തുറന്നു തന്നു. അങ്ങനെ എല്ലാവർക്കും നമസ്കരിക്കാനും ദൈവത്തെ സ്തുതിക്കാനും അവസരം ലഭിച്ചു.

പള്ളിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സമീപത്തെ ചില സ്ത്രീകൾ ഞങ്ങളുടെ കൂടെയുള്ള സ്ത്രീകളുടെ ചുറ്റും കൂടി എന്തൊക്കെയോ ചോദിച്ചു.അറിയാവുന്ന രീതിയിൽ അവർ ആശയ വിനിമയം നടത്തി.കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അവർ അവരുടെ വീട്ടിലേക്കും ക്ഷണിച്ചു.ആദ്യമായി കാണുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുന്ന ആ ആതിഥേയ മര്യാദക്ക് മുമ്പിൽ ഞങ്ങൾ കൈകൂപ്പി.

"ഖാന കഹാം സെ?" മൂന്നാല് ദിവസം കൊണ്ട് അത്യാവശ്യമുള്ള ഹിന്ദി പഠിച്ച ഹാഷിം ഡ്രൈവറോട് ചോദിച്ചു.

"രാസ്തേ മേം .." 

"യാ ഖുദാ...!!!" 

ഡ്രൈവറുടെ നിർദ്ദേശ പ്രകാരം ഞങ്ങൾ എല്ലാവരും വണ്ടിയിൽ കയറി.  ഇടുങ്ങിയതും  വൃത്തിഹീനമായതുമായ ഒരു പട്ടണമായിരുന്നു ബാനിഹാൾ. ജമ്മുവിനെയും ശ്രീനഗറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടമാണ് ബാനിഹാൾ എന്ന് അവിടെ എത്തിയപ്പോഴേ മനസ്സിലായി. അതുവരെ ചൂടുകൊണ്ട് ബുദ്ധിമുട്ടിയിരുന്ന ഞങ്ങൾക്ക് തണുപ്പ് ശരിക്കും അനുഭവിക്കാൻ തുടങ്ങി.ജമ്മുവിലെ 42 ഡിഗ്രി സെൽഷ്യസിൽ നിന്ന് കാശ്മീരിലെ ഇരുപത്തിരണ്ട് ഡിഗ്രി സെൽഷ്യസിലേക്കുള്ള താപനിലയുടെ കൂപ്പുകുത്തലിൽ ശരീരം വിറക്കാൻ തുടങ്ങി.

ബാനിഹാൾ റെയിൽവേ സ്റ്റേഷന്റെ മഞ്ഞുകാലത്തെ പടം കണ്ടപ്പോൾ ആ പാതയിൽ ഒന്ന് സഞ്ചരിക്കാൻ കൊതിയായി. ഈ പാതയിലെ Pir Panjal തുരങ്കമാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം എന്ന് പറയപ്പെടുന്നു.11.215 കി.മീ ആണ് ഇതിന്റെ നീളം.മഞ്ഞുകാലത്തെ കാശ്മീർ കാണാൻ, ദൈവം അനുഗ്രഹിച്ചാൽ  പിന്നീടൊരിക്കൽ വരാം എന്ന് പറഞ്ഞ് മനസ്സിനെ ഒന്ന് മയപ്പെടുത്തി.

ടൗണിലെ റോഡിൽ മേഞ്ഞുകൊണ്ടിരിക്കുന്ന ചെമ്മരിയാടുകളിലേക്ക് പെട്ടെന്നാണ് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞത്.ബ്രൗൺ പെയിന്റ് കൊണ്ട് നക്ഷത്രവും ചന്ദ്രക്കലയും വരച്ചിട്ടതിന്റെ ഉദ്ദേശം മനസ്സിലാകാത്തതിനാൽ ഞാൻ നസീർഖാന്റെ നേരെ അറിയാവുന്ന ഹിന്ദിയിൽ ഒരു ചോദ്യമെറിഞ്ഞു.

"യെ ബകരിയോം ക്യോമ് ഐസ രംഗ് കിയ ഹെ?" 

"വേ കുർബാനി കെലിയെ ഹേ" 

ബലിപെരുന്നാളിന് ബലിയർപ്പിക്കാൻ വേണ്ടിയുള്ളതാണ് അവയെന്നും അവയ്ക്ക് ഭക്ഷണം നൽകുന്നത് പുണ്യമാണെന്നും നസീർഖാൻ പറഞ്ഞു. അല്പം കൂടി മുന്നോട്ട് പോയതോടെ ഞങ്ങൾ വീണ്ടും ഒരു തുരങ്കത്തിലേക്ക് പ്രവേശിച്ചു.ബാനിഹാളിനെയും കാസിഗുണ്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജവഹർ ടണൽ ആയിരുന്നു അത്.1950 ൽ പണികഴിപ്പിച്ചതാണ് അതെന്ന് വിശ്വസിക്കാൻ വളരെ പ്രയാസമായിരുന്നു.

ടണൽ കഴിഞ്ഞതും മെയിൻ റോഡിൽ നിന്നും തെറ്റി ഒരു കാട്ടു റോഡിലൂടെ വണ്ടി നീങ്ങാൻ തുടങ്ങി.

"വഹ് രാസ്തേ കഹാം ജാ രഹാ ഹേ?" നല്ല വഴി ഒഴിവാക്കിയതിന്റെ കാരണം മനസ്സിലാകാത്തതിനാൽ ഞാൻ ചോദിച്ചു.

"ആപ് കുച്ച് ഖാന പീന ഹേ ന ...?"

"ആ.. മാണം മാണം..." അതുവരെ ഹിന്ദി തിരിയാതിരുന്നവർക്കൊക്കെ അത് മനസ്സിലായി. പ്രകൃതി രമണീയമായ സ്ഥലത്തെ ഒഴിഞ്ഞൊരു കടക്കു മുമ്പിൽ വണ്ടി നിർത്തി.നല്ല തണുപ്പിൽ  ആവി പറക്കുന്ന ചായയും ആലൂ പരന്തയും എല്ലാവരും ആർത്തിയോടെ അകത്താക്കി.

ചായക്ക് ശേഷം വണ്ടി വീണ്ടും നല്ല റോഡിലേക്ക് തന്നെ പ്രവേശിച്ചു.ഇരുവശത്തും കാണുന്ന വീടുകളുടെ മുകളിലും മുറ്റത്തും എല്ലാം മരത്തടികൾ ഒരു പ്രത്യേക രൂപത്തിൽ അട്ടിയിട്ടത് കണ്ടു. ബിജ്ബെഹാര എന്ന സ്ഥലമാണെന്നും കാശ്മീരി വില്ലോ മരങ്ങളുടെ തടികളാണ് അട്ടി വച്ചിരിക്കുന്നത് എന്നും നസീർ ഖാൻ പറഞ്ഞു. ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിന് പേരു കേട്ട സ്ഥലമാണ് ബിജ്ബെഹാര . എഴുപത്തിഅഞ്ചിലധികം ബാറ്റ് നിർമ്മാണ യൂണിറ്റുകൾ ആ കുഞ്ഞു സ്ഥലത്ത് ഉണ്ടെന്നറിഞ്ഞപ്പോഴാണ് വീടുകളിലെ മരക്കൂട്ടത്തിന്റെ ഗുട്ടൻസ് പിടികിട്ടിയത്,

അല്പം കൂടി മുന്നോട്ട് പോയതോടെ ഹൈവേക്ക് പതിവിലേറെ വീതിയായി.

"യെ ഹൈവേ യാ റൺവേ?"  ഞാൻ ചോദിച്ചു.

" റൺവെ ഹേ...'' നസീർ ഖാന്റെ മറുപടി ആദ്യം തമാശയായി തോന്നി. പക്ഷെ, പോർ വിമാനങ്ങൾക്ക് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ലാന്റിംഗ് സ്ട്രിപ്പ് ആയിരുന്നു അത്.

വഴിയിൽ, നിർത്തിയിട്ട നിരവധി ലോറികൾ കണ്ടു. മിക്കവയിലും മുന്നിലെ ചില്ലിൽ ഇസ്‌ലാം സിന്ദാബാദ് എന്നും എഴുതിയിരിക്കുന്നു. ഞാൻ അവയെപ്പറ്റി വെറുതെ ഒന്ന് നസീർ ഖാനാട്ചോദിച്ചു. 

"യെ സാരെ ഇന്ത്യ സെ ആതെ ഹേ..."

" ഇന്ത്യാ സെ...?? ആപ് ഇന്ത്യാ മേം ഹേ ന?"

"നഹീം " ഒരു ഞെട്ടലോടെയാണ് ഞാനത് ശ്രവിച്ചത്.

ഇരുട്ടിന്റെ പുതപ്പ് മെല്ലെ മെല്ലെ ഞങ്ങൾക്ക് മുകളിൽ വീഴാൻ തുടങ്ങി. പാമ്പോറിലെ കൊയ്ത്ത് കഴിഞ്ഞ കുങ്കുമപ്പാടങ്ങളും പിന്നിട്ട് വണ്ടി ശ്രീനഗർ പരിധിയിൽ എത്തി. ഇഷ്ഫാഖ് നിർദ്ദേശിച്ച പ്രകാരം ഡ്രൈവർ നസീർ ഖാൻ ഞങ്ങളെ ടാങ്ക്പൊര എന്ന സ്ഥലത്തിറക്കി. അപ്പോൾ സമയം എട്ട് മണിയായിരുന്നു. തണുപ്പ് ഞങ്ങളെ വിറപ്പിക്കുന്നുണ്ടായിരുന്നു.

റോഡ് സൈഡിൽ വിറച്ച് നിൽക്കുന്ന സ്ത്രീകളെയും കുട്ടികളെയും പിന്നെ കുറെ ലഗേജും കണ്ട് നിരവധി ടാക്സിക്കാർ വന്ന് കുശലാന്വേഷണം നടത്തി. നാട്ടുകാരായ ആൾക്കാരും അപരിചിതക്കൂട്ടത്തെക്കണ്ട് കാര്യം തിരക്കിയെത്തി.അര മണിക്കൂറിന് ശേഷം ആതിഥേയൻ ഇഷ്ഫാഖ് ടാക്സിയുമായി അവിടെ എത്തി. വണ്ടി ഇഷ്ഫാഖിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു.


(തുടരും...)

കാശ്മീർ ഫയൽസ് - 5

Saturday, June 25, 2022

കാശ്മീർ ഫയൽസ് - 3

കാശ്മീർ ഫയൽസ് - 2 (Click & Read)

ഡോ. ശ്യാമപ്രസാദ് മുഖർജി ടണലിന് പുറത്തെത്തിയപ്പോൾ സമയം രണ്ട് മണിയോടടുത്തിരുന്നു.എല്ലാവരും രാവിലെ രണ്ട് ദോശയും കഴിച്ച് ടാക്സിയിൽ കയറിയതാണ്. തുരങ്കം കഴിഞ്ഞ് മല, മല കഴിഞ്ഞ് തുരങ്കം എന്നല്ലാതെ വഴിയിൽ ഒരു ഹോട്ടലോ ചായ മക്കാനിയോ ഒരു ചെറുപട്ടണം പോലുമോ കാണാൻ കഴിഞ്ഞിരുന്നില്ല.

"അരെ ജീ ....ഹം ഭൂഖ് ലഗ്താ ഹേ ..." വിശക്കുന്ന വിവരം ഞാൻ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തി.

"ഹാം ...മാലും ഹൈ, ലേകിൻ ക്യാ കർന??" ഒന്നും ചെയ്യാനില്ലെന്ന ഡ്രൈവറുടെ മറുപടി ഉള്ളിൽ ഒരു മിന്നായം ഉയർത്തി.

"അഗല സ്റ്റേഷൻ കിസ് ഹേ?"  ഒരാശ്വാസത്തിനായി ഞാൻ ചോദിച്ചു.

"പട്ട്ണിടോപ്" 

"ആഹാ ... ബെസ്റ്റ് പേര് ... ടോപ് പട്ടിണിയുമായി എത്താൻ പോകുന്നത് പട്ട്ണിടോപ്പിൽ !!"

"ലേകിൻ...??"

"ഇനി ഒരു ലേകിനും ഇല്ല, ചായ എങ്കിൽ ചായ ..." ഞാൻ തീർത്തു പറഞ്ഞു.

ഇതിനിടെ വണ്ടിയുടെ പുറത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി.ചെങ്കുത്തായി വെട്ടി ഇറക്കിയ മലകളിൽ നിന്ന് കല്ലും മണ്ണും ഇപ്പോൾ താഴേക്ക് പതിക്കും എന്ന രൂപത്തിൽ നിൽക്കുന്നു.ചില സ്ഥലങ്ങളിൽ അവ റോഡിലേക്ക് പതിച്ചതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം.ഇടത് ഭാഗത്താണെങ്കിൽ അഗാധ ഗർത്തവും. വളവുകളിൽ മാത്രം ചില ബാരിക്കേടുകൾ ഉണ്ട്.

പിന്നിട്ടതും പിന്നിടാനുള്ളതുമായ വഴി

"ഐസ റോഡ് കിത്നീ തക് ഹോഗ ?" അറിഞ്ഞിട്ട് കാര്യമില്ലെങ്കിലും വെറുതെ ചോദിച്ചു.

"ബാനിഹാൾ തക്...."

മിക്ക വാഹനങ്ങളെയും ഒരു കൂസലുമില്ലാതെ മറികടന്നാണ് മലഞ്ചെരുവിലോടെയുള്ള നസീർഖാന്റെ പടയോട്ടം.അപകടത്തിൽ പെട്ട വാഹനങ്ങൾ അധികമെവിടെയും കാണാൻ സാധിച്ചില്ല. താഴേക്ക് വീണാൽ പിന്നെ ആരറിയാൻ എന്നതാണോ കാര്യം എന്നറിയില്ല. ഞങ്ങളുടെ വണ്ടിക്കകത്തുള്ളവർ ശ്വാസം പിടിച്ചിരിക്കുന്നതായി അവരുടെ നിശബ്ദതയിൽ നിന്നും എനിക്ക് മനസ്സിലായി.ഏതാനും സമയം കഴിഞ്ഞതും വാഹനം നിര നിരയായി ഹാൾട്ടായി.

"ക്യാ ഹുവ?" ഞാൻ ഡ്രൈവറോട് ചോദിച്ചു.

"കോൺവോയ് ആ രഹാ ഹേ ..." സൈന്യമാണ് സാധാരണ ഇത്തരം ബ്ലോക്കിന് കാരണം എന്ന ധാരണയിൽ നസീർഖാൻ പറഞ്ഞു.സൈനിക വ്യൂഹം കടന്നു പോകുമ്പോൾ മറ്റു വാഹനങ്ങൾ എല്ലാം ബ്ലോക്കാക്കുന്ന ഈ രീതി ഞങ്ങൾക്കത്ര പിടിച്ചില്ല.പക്ഷെ, കാശ്മീർ നിവാസികൾ അതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു എന്ന് നസീർഖാന്റെ മറുപടിയിൽ നിന്ന് ഞാൻ മനസ്സിലാക്കി.

"ബാരിശ് ഭീ ആത്താ ഹേ..." 

കാർമേഘങ്ങളെ നോക്കിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ശക്തമായ കാറ്റിൽ തൊട്ടടുത്ത മലയിലെ കുഞ്ഞു കുഞ്ഞു കല്ലുകൾ ഉരുണ്ടിറങ്ങി മലയിടിച്ചിൽ ഉണ്ടാകുന്നത് ഞങ്ങൾ നേരിൽ കണ്ടു. ആ മലകളുടെ മുകളിലും താഴ്വാരങ്ങളിലും എല്ലാം യാതൊരു ഭയവും കൂടാതെ പടുത്തുയർത്തിയ കുറെ കുഞ്ഞു കുഞ്ഞു വീടുകളും കണ്ടു. ആടുകളെ മേയ്ക്കുന്ന 'ബക്കരീവാല'കളുടേതാണ് ആ വീടുകളെന്നും അവർ ആറുമാസം കുന്നിൻ മുകളിലും ആറുമാസം താഴ്വരകളിലും ആയിരിക്കും എന്നും നസീർഖാൻ പറഞ്ഞു.

"ബാരിശ് ഹോ തോ രാസ്ത ഫിർ ഭീ മുഷ്കിൽ ഹോഗാ..." വിശന്നു പൊരിഞ്ഞ് നിൽക്കുന്ന സമയത്ത്, മലയിടിച്ചിലിനുള്ള  സാദ്ധ്യതയും കൂടി ഉണ്ടെന്ന നസീർഖാന്റെ സൂചന എന്റെ ഉള്ളിൽ വീണ്ടും ഒരു കൊള്ളിയാനായി മിന്നി .അപ്പോഴേക്കും രണ്ട് മൂന്ന് സൈനിക വാഹനങ്ങളും ആംബുലൻസുകളും ഞങ്ങളെ കടന്നു പോയി.

"കൽ ഏക് സുരംഗ ഗിർ ഗയ ധാ..."  നിർമ്മാണത്തിലിരിക്കുന്ന ഒരു തുരങ്കം തലേ ദിവസം ഇടിഞ്ഞു വീണത് അപ്പോഴാണ് നസീർഖാൻ ഞങ്ങളെ അറിയിച്ചത്.

"കഹാം?"

"ധോടാ ആഗേ ..." അല്പം കൂടി മുന്നിലായി ഒരു ദുരന്തമുഖം ഉണ്ടെന്നും പത്ത് ജീവനുകൾ മണ്ണിനടിയിൽ പൊലിഞ്ഞുപോയെന്നും ഒരു ഞെട്ടലോടെ ഞങ്ങൾ ശ്രവിച്ചു. 

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം

ഇനിയും ഇടിഞ്ഞ് വീഴേക്കാവുന്ന മലയുടെ അടിവാരത്തിൽ, ജീവന് വേണ്ടി പിടയുന്ന ആ മനുഷ്യരെ മണ്ണിനടിയിൽ നിന്നും രക്ഷിക്കാൻ,സ്വന്തം ജീവൻ പണയം വച്ച് ശ്രമിക്കുന്നവരെ മനസാ അഭിനന്ദിച്ച് ഞങ്ങൾ ആ ബ്ലോക്കും കടന്ന് പോയി.ഏകദേശം നാല് മണിയോടെ ഞങ്ങൾ ഒരു കൊച്ചു പട്ടണത്തിൽ എത്തി.


(തുടരും...)

കാശ്മീർ ഫയൽസ് - 4

Thursday, June 23, 2022

ഡോ. ശ്യാമപ്രസാദ് മുഖർജി ടണൽ ( കാശ്മീർ ഫയൽസ് - 2)

കാശ്മീർ ഫയൽസ് - 1 (Click & Read)

ജമ്മു താവിയിൽ രാവിലെ 7.30 ന് വണ്ടി ഞങ്ങൾ ഇറങ്ങുമ്പോൾ അതൊരു ചരിത്രത്തിലേക്കുള്ള കാൽവയ്പായിരുന്നു. പുസ്തകത്താളുകളിലൂടെയും പത്രങ്ങളിലൂടെയും മാത്രം അറിഞ്ഞ ഹിമാലയൻ സാനുക്കളിലെ ഒരു നഗരത്തിൽ അമ്പത് കാരനായ ഞാനും ആറ് വയസ്സുള്ള എന്റെ മകനും അന്ന് ഒരുമിച്ച് കാല് കുത്തി. എന്റെ കുട്ടിക്കാലത്ത് ഇന്ത്യയുടെ വടക്കേയറ്റത്തെ റെയിൽവേ സ്റ്റേഷൻ എന്ന് പൊതുവിജ്ഞാനത്തിൽ പഠിച്ച് വച്ചിരുന്ന സ്റ്റേഷൻ ആയിരുന്നു ജമ്മു താവി . മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ  എന്ന് പറയപ്പെട്ടിരുന്ന കന്യാകുമാരി ജമ്മു താവി എക്സ്പ്രസിന്റെ അവസാന സ്റ്റേഷനായിരുന്നു അത് (ഇപ്പോൾ ഈ രണ്ട് വിജ്ഞാനങ്ങളും മാറി) .

 ജമ്മുവിൽ പഠിക്കുന്ന എന്റെ മൂത്തമകൾ ലുലുവും കൂട്ടുകാരും സ്റ്റേഷനിൽ ഞങ്ങളെ സ്വാഗതം ചെയ്തു. സ്റ്റേഷനിൽ നിന്നും അരക്കിലോമീറ്റർ അകലെയുള്ള കേരള ഭോജനാലയത്തിൽ നിന്നും ഇഡ്ലിയും ദോശയും കഴിച്ചതോടെ എല്ലാവർക്കും ഉന്മേഷം തിരിച്ച് കിട്ടി. കശ്മീരിലെ എന്റെ ആതിഥേയനായ ഇഷ്ഫാഖ് എത്രയും പെട്ടെന്ന് ജമ്മുവിൽ നിന്നും വണ്ടി കയറണം എന്ന് നിർബന്ധിക്കുന്നുണ്ടായിരുന്നു.

 ശ്രീനഗറിലേക്ക് പോകാനായി ഒരേ ഒരു ടാക്സി മാത്രമേ അപ്പോൾ ടാക്സി സ്റ്റാന്റിൽ ഉണ്ടായിരുന്നുള്ളൂ.സാധാരണ നിലയിൽ 800 - 900 രൂപയാണ് ഒരാൾക്ക് ടാക്സി ചാർജ്ജ്. പക്ഷെ,  ഒരാൾക്ക് 1300 രൂപ എന്ന ഡ്രൈവറുടെ ഡിമാന്റ് അംഗീകരിക്കുകയല്ലാതെ ആ സമയത്ത് വേറെ നിവൃത്തിയില്ലാത്തതിനാൽ ഞങ്ങൾ അതിൽ കയറി. കുട്ടികൾക്കുള്ള ചാർജ്ജ് വിലപേശി ഒഴിവാക്കി.അങ്ങനെ 11 മണിയോടെ ഞങ്ങളുടെ ശ്രീനഗർ യാത്ര ആരംഭിച്ചു.

കാശ്മീർ യാത്രയുടെ ത്രില്ല് അനുഭവിക്കണമെങ്കിൽ ജമ്മുവിൽ നിന്ന് ബാനിഹാൾ വരെയോ ശ്രീനഗർ വരെയോ റോഡ് വഴി തന്നെ യാത്ര ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. ഏകദേശം 275 കിലോമീറ്റർ ആണ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ളത്. ഏഴ് മണിക്കൂർ കൊണ്ട് എത്തും എന്ന് ഗൂഗിളമ്മ പറയുമെങ്കിലും പത്തും പന്ത്രണ്ടും മണിക്കൂർ ഒക്കെ എടുക്കാറുണ്ട് എന്നാണ് ടാക്സിക്കാർ പറയുന്നത്. ഇപ്പോൾ പണി നടന്ന് കൊണ്ടിരിക്കുന്ന നാല് വരിപ്പാത പൂർത്തിയായാൽ നാല് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാം എന്നാണ് അവകാശവാദം. NH 44 ലൂടെ ഉദ്ദംപൂർ - റമ്പാൻ - ക്വാസിഗുണ്ട് - ലെത്തിപൊര വഴിയായിരുന്നു ഞങ്ങളുടെ യാത്ര.

ജമ്മുവിൽ നിന്ന് ഏകദേശം 30 കി.മീ യാത്ര ചെയ്താൽ കത്ര എന്ന സ്ഥലമെത്തും. പ്രസിദ്ധമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര ഇവിടെ നിന്നാണാരംഭിക്കുന്നത് എന്ന് ഡ്രൈവർ നസീർഖാൻ പറഞ്ഞു. നീണ്ട് നിവർന്ന് കിടക്കുന്ന നാഷണൽ ഹൈവേ ഏതൊരു ഡ്രൈവറുടെയും കാലിനെ അറിയാതെ ആക്സിലേറ്ററിൽ അമർത്തും. പെട്ടെന്ന് ഒരു മല മുമ്പിൽ പ്രത്യക്ഷപ്പെടും. മല തുരന്ന് പോകുന്ന ഒരു തുരങ്ക പാതയിലേക്ക് ഉടൻ പ്രവേശിക്കുകയും ചെയ്യും. 

കുതിരാൻ തുരങ്കം ഗതാഗതത്തിന്  തുറന്ന് കൊടുത്തു എന്ന വാർത്ത വന്നപ്പോൾ അതൊന്ന് കുടുംബ സമേതം കാണാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ജമ്മു- ശ്രീനഗർ യാത്രയോടെ അതിനി വേണ്ടന്ന് തീരുമാനിച്ചു. ഒന്നിനു പിറകെ ഒന്നായി തുരങ്കങ്ങളിലുടെ ഞങ്ങൾ കയറി ഇറങ്ങി. ചിലത് ഇരട്ട പാതകൾ ഉള്ളതാണെങ്കിൽ മറ്റ് ചിലത് ഇരട്ട തുരങ്കങ്ങൾ തന്നെയായിരുന്നു.

പെട്ടെന്നാണ് വളരെ മനോഹരമായി ദീപാലംകൃതമായ ഒരു ടണലിന്റെ മുമ്പിൽ ഞങ്ങളെത്തിയത്. ചെനാനി - നഷ്രി ടണൽ എന്ന് പുറത്തെ സൈൻ ബോർഡിൽ ഞാൻ വായിച്ചു.പെട്ടെന്നാണ്  ഡോ. ശ്യാമപ്രസാദ് മുഖർജി ടണൽ എന്ന് പ്രവേശന ദ്വാരത്തിൽ എഴുതി കണ്ടത്. വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ടണൽ  ഉത്‌ഘാടനം ചെയ്ത പത്ര വാർത്ത എന്റെ മനസ്സിൽ ഓടിയെത്തി.

"ഏഷ്യ ക സബ്സെ ബഡാ സുരങ്ക  ഹൈ .." ഡ്രൈവർ നസീർഖാൻ ഞങ്ങളോടായി പറഞ്ഞു.
ഒരു കിലോമീറ്റർ നീളം പോലും ഇല്ലാത്ത കുതിരാൻ തുരങ്കം കാണാൻ ആഗ്രഹിച്ച ഞാൻ കടന്നു പോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കത്തിലൂടെയാണെന്ന് എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി.ഏകദേശം ഒമ്പതര കിലോമീറ്റർ ദൂരം അതിനകത്ത് കൂടെ പിന്നിട്ട ശേഷമാണ് ഞങ്ങൾക്ക്  വെള്ളി വെളിച്ചം വീണ്ടും കാണാനായത്. 
ജമ്മുവിനും കാശ്മീരിനും ഇടയിലുള്ള ദൂരം 30 കിലോമീറ്ററും സമയം രണ്ട് മണിക്കൂറും കുറക്കുന്ന ഈ തുരങ്കം ശൈത്യകാലത്തെ മഞ്ഞുവീഴ്ച കാരണമുള്ള ഗതാഗത കുരുക്കും ഇല്ലാതാക്കുന്നു. തുരങ്കത്തിന്റെ സാങ്കേതിക വൈദഗ്ദ്ധ്യവും അതിന് വേണ്ടി സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി രാപ്പകൽ അദ്ധ്വാനിച്ച മനുഷ്യമക്കളും അതിനിടയിൽ ജീവൻ പൊലിഞ്ഞവരും എല്ലാം ആ നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി.

Tuesday, June 21, 2022

കാശ്മീർ ഫയൽസ് - 1

2010 ൽ ഞാനും കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പതിനൊന്ന് സഹപ്രവർത്തകരും കൂടി ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലേക്ക് ഒരു യാത്ര പോയി. എന്റെ ഡിഗ്രി സുഹൃത്ത് ജമാലിന്റെ വീട്ടിലേക്കായിരുന്നു ജമാലറിയാത്ത , ജമാലിനെ അറിയാത്ത പതിനൊന്ന് പേരെയും കൂട്ടിയുള്ള ആ യാത്ര. യാത്രയുടെ തുടക്കം മുതലുള്ള വിവരണം ഇവിടെ വായിക്കാം. യാത്ര കഴിഞ്ഞ് കോളേജിൽ തിരിച്ചെത്തി മൂന്നാം ദിവസം മറ്റൊരു സഹപ്രവർത്തകൻ എന്റെ അടുത്ത് വന്നു പറഞ്ഞു.

"സാർ ... ഞങ്ങൾ ഒരു യാത്ര പോകാനുദ്ദേശിക്കുന്നു. "

"ഓ... വെരിഗുഡ്... ലക്ഷദ്വീപിലേക്കാണോ?" ആദ്യ കപ്പൽ യാത്രയുടെ ത്രില്ല് വിട്ടുമാറാത്ത ഞാൻ ചോദിച്ചു.

" അല്ല... കാശ്മീരിലേക്ക് ... "

" വാഹ് ... സൂപ്പർ... " ഞാനറിയാതെ പറഞ്ഞു.

"സാർ ഒരു ഹെൽപ് ചെയ്യണം..."

"ങേ... എന്ത് ഹെൽപ്പ് ?" വല്ല 'പൈസാചികമായ' സഹായവുമാണോ എന്ന ശങ്കയിൽ ഞാൻ ആകാംക്ഷാഭരിതനായി.

"കാശ്മീരിൽ സാറിന് അറിയാവുന്ന ആരെങ്കിലും ഉണ്ടാവും... ഒന്ന് വിളിച്ച് പറയണം...''

"ങേ!!" ഞാൻ ആകെ തരിച്ചിരുന്നു പോയി.

" സാറ് ആലോചിച്ച് പറഞ്ഞാൽ മതി.." ഇത്രയും പറഞ്ഞ് ആ സുഹൃത്ത് സ്ഥലം വിട്ടു. ലക്ഷദ്വീപിൽ സുഹൃത്ത് ഉണ്ടെങ്കിൽ കാശ്മീരിലും ആരെങ്കിലും ഒക്കെ ഉണ്ടാകും എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. 

പത്ത് വർഷങ്ങൾക്ക് ശേഷം അതേ കോളേജിൽ വച്ച് എനിക്ക് ഒരു കാശ്മീരി സ്റ്റുഡന്റിനെ കിട്ടി. സിവിൽ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കി  കാമ്പസ് വിടാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് യാദൃശ്ചികമായി ഞാൻ അവനെ പരിചയപ്പെട്ടത്. ആ പരിചയത്തിലൂടെ കാശ്മീരിൽ ആദ്യം എത്തിയത് , വയനാട്ടിൽ എനിക്കും കുടുംബത്തിനും ഹൃദ്യമായ ഹോം സ്റ്റേ സൗജന്യമായി ഒരുക്കിത്തന്ന യാത്രാ പ്രാന്തനായ സുഹൈലും ഭാര്യയും ആയിരുന്നു. ഈ വർഷം ഞാനും ഭാര്യയും മക്കളും , ഒപ്പം എന്റെ സുഹൃത്ത് നൗഷാദും ഭാര്യയും മക്കളും കാശ്മീർ എന്ന കേട്ടറിഞ്ഞ മണ്ണിൽ കാല് കുത്തി ആ സ്വർഗ്ഗീയ സൗന്ദര്യം ആസ്വദിച്ചു.

ലക്ഷദ്വീപിലേക്ക് പോയ സമയത്തും ഞാൻ ഭാര്യയെ ക്ഷണിച്ചിരുന്നു. ഒരാഴ്ച മക്കളുടെ സ്കൂൾ മുടങ്ങും എന്ന കാരണത്താൽ അന്ന് അവൾ പോന്നില്ല. പിന്നീട് പോകാൻ ഒരവസരവും കിട്ടിയതുമില്ല. ആ അനുഭവ പാഠം കാരണം പിന്നീട് ഏത് യാത്രക്ക് പോരുന്നോന്ന് ചോദിച്ചാലും അവൾ റെഡിയാണ്. അങ്ങനെയാണ് കൊറോണ താണ്ഡവമാടിയ കാലത്ത് പോലും ഞങ്ങൾ ജയ്പൂർ കണ്ടത്. ഇത്തവണ കുട്ടികൾക്ക് വെക്കേഷൻ കൂടി ആയതിനാൽ മുൻ പിൻ ആലോചിക്കേണ്ടിയും വന്നില്ല.

എന്റെ മൂത്ത മകൾക്ക് ഈ വർഷം പി ജി ക്ക് അഡ്മിഷൻ ലഭിച്ചത് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ ആയിരുന്നു. അവളുടെ ജമ്മുവിലെ പഠനവും ഞങ്ങളുടെ കാശ്മീർ സ്വപ്നങ്ങൾക്ക് നിറം നൽകി. അങ്ങനെ മെയ് പതിനേഴാം തിയ്യതി ഞങ്ങൾ കോഴിക്കോട്ട് നിന്നും വണ്ടി കയറി. മെയ് 19 ന് ആഗ്രയിലെ കാഴ്ചകൾ കണ്ട ശേഷം മെയ് 20 രാത്രി 10 മണിക്ക് ഡൽഹി കന്റോൺമന്റ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾ ജമ്മു കാശ്മീരിലേക്കുള്ള യാത്ര ആരംഭിച്ചു.

ഖുദാ സേ മന്നത്ത് ഹെ മേരി.. ലോടാ ദേ ജന്നത്ത് വോ മേരി..
ഖുദാ സേ മന്നത്ത് ഹെ മേരി.. ലോടാ ദേ ജന്നത്ത് വോ മേരി..
വോ അമന്‍.. വോ ചമന്‍.. കാ നസാരാ..
വോ അമന്‍.. വോ ചമന്‍.. കാ നസാരാ
ഓ ഖുദാ യാ.. ലോടാ ദേ.. കശ്മീര്‍ ദുബാരാ
ഓ ഖുദാ യാ.. ലോടാ ദേ.. കശ്മീര്‍ ദുബാരാ

എന്റെ മനസ്സിലൂടെ ആ ഗാനം ഒരു നീറ്റലോടെ കടന്നുപോയോ?


(തുടരും...)

കാശ്മീർ ഫയൽസ് - 2

Sunday, June 19, 2022

സംസ്കാരം .... അതല്ലേ എല്ലാം

ഈ വർഷം ആദ്യത്തിലാണ് കോട്ടയം മര്യാത്തുരുത്തിലെ പരസ്പരം വായനക്കൂട്ടത്തിൽ ഞാൻ അംഗമായത്. ആഴ്ചതോറുമുള്ള ഓൺലൈൻ സാഹിത്യ സമ്മേളനങ്ങളിലൂടെയും മറ്റ് സാംസ്കാരിക പരിപാടികളിലൂടെയും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് എന്നെ ഈ കൂട്ടത്തിലേക്ക് അടുപ്പിച്ചത്. സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുക എന്ന എന്റെ ഒരഭിലാഷം ഈ കൂട്ടുകൂടലിന് ആക്കം കൂട്ടി. 2022 ൽ ആദ്യമായി ഒരു കഥ ഓൺലൈനായി ഞാൻ അവതരിപ്പിച്ചതും ഈ കൂട്ടായ്മയിലാണ്.

പരസ്പരം വായനക്കൂട്ടത്തിന്റെ കഥയരങ്ങിൽ പതിവായി കഥാവലോകനം നടത്താറുള്ളത് കഥാകൃത്ത് കൂടിയായ ശ്രീ. അനിൽ കോനാട്ട് ആണ്. അദ്ദേഹത്തിന്റെ കൃതിയായ "സംസ്കാരം  .... അതല്ലേ എല്ലാം " ആണ് ഇത്തവണത്തെ പുസ്തക ചർച്ചയിൽ ചർച്ച ചെയ്യുന്നത് എന്നറിഞ്ഞ ഉടൻ ഞാനും അതിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു. അങ്ങനെ കഥാകൃത്തിന്റെ കയ്യൊപ്പോട് കൂടിയ പുസ്തകത്തിന്റെ കോപ്പി എനിക്കും കിട്ടി.

പതിനാറ് കഥകളുടെ ഒരു സമാഹാരമാണ് ഈ കൃതി. പുസ്തകത്തിന്റെ കവറും ടൈറ്റിലും ശ്രദ്ധേയമാണ്. പക്ഷെ പല കഥകളുടെയും തലക്കെട്ടുകൾ അനാകർഷകമായി തോന്നി. മാത്രമല്ല അവ ഒരേ തരത്തിലുള്ളതായും അനുഭവപ്പെട്ടു. മനുവിന്റെ ഏട്ടൻ, മാത്തച്ചനും മകനും , ഭാര്യ, പുത്രൻ , മകൾ എന്നിങ്ങനെയുള്ള തലക്കെട്ടുകൾ ഉദാഹരണം.

'മനക്കണക്ക് " എന്ന കഥയിലെ അച്ചുതൻ മാഷ് 1970-80 കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് എല്ലാം സുപരിചിതനായിരിക്കും. പക്ഷെ, കഥ ഒഴുകുന്നത് തലക്കെട്ടിന്റെ ദിശയിലല്ല. 'മനുവിന്റെ ഏട്ടൻ' വായനക്കാരനിൽ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയ ശേഷം അയാളെ നല്ലവനാക്കുന്നതും എനിക്കിഷ്ടമായില്ല. ടൈറ്റിൽ കഥയായ 'സംസ്കാരം  .... അതല്ലേ എല്ലാം " ആരുടെ സംസ്കാരത്തെയാണ് കൊഞ്ഞനം കുത്തുന്നത് എന്ന് വായനക്കാരനിൽ ഒരു വേള അങ്കലാപ്പ് സൃഷ്ടിക്കും.'മാത്തച്ചന്റെ മകനും' ഒഴുക്ക് കിട്ടാത്ത ഒരു കഥയായി അനുഭവപ്പെട്ടു.

"പുത്രൻ' എന്ന കഥ വളരെ മനോഹരമായി എന്ന് മാത്രമല്ല മനസ്സിൽ പതിയുകയും ചെയ്തു. നർമ്മം കലർത്തിയ 'കഥകളിയും കല്പണിയും' എന്ന കഥയും എനിക്ക് ശ്ശി പിടിച്ചു. 'കല്യാണിയുടെ കല്യാണം' പഴകിയ ഒരു സിനിമാക്കഥ പോലെ മാത്രം അനുഭവപ്പെട്ടു. "ഹോം സപ്പോർട്ട് വർക്കറും " അവസാനം കലമുടച്ച പോലെ തോന്നും. ബക്കറ്റിന് കുഴയിടുന്ന ജോലിക്ക് തോമസ് മാഷെ അമേരിക്കയിൽ എത്തിക്കുന്ന "തോമസ് സാറും ബക്കറ്റും" നിരാശ തന്നെയാണ് തരുന്നത്. മറ്റ് കഥകളും എന്റെ പ്രതീക്ഷക്കനുസരിച്ച് ഉയർന്നില്ല.

കഥകളുടെ എണ്ണം കുറച്ച് , ബാക്കിയുള്ളവക്ക് അല്പം ഇല്ലസ്ട്രേഷൻ  കൂട്ടിച്ചേർത്തിരുന്നുവെങ്കിൽ പുസ്തകം അൽപം കൂടി ആകർഷമാവുമായിരുന്നു എന്ന് കൂടി അഭിപ്രായമുണ്ട്.


പുസ്തകം : സംസ്കാരം  .... അതല്ലേ എല്ലാം

രചയിതാവ്: അനിൽ കോനാട്ട്

പ്രസാധകർ : Onix Publications, Australia

വില: 120 രൂപ

പേജ്: 84

Sunday, June 12, 2022

പൊലിഞ്ഞു പോയൊരു സ്വപ്നം

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ജോയിൻ ചെയ്ത് പത്ത് മാസം കഴിഞ്ഞിട്ടും അവിടത്തെ നാഷണൽ സർവീസ് സ്കീം യൂണിറ്റുമായി എനിക്ക് വലിയ ബന്ധം ഉണ്ടായിരുന്നില്ല. പ്രോഗ്രാം ഓഫീസർമാരെ പരിചയപ്പെട്ടെങ്കിലും കുട്ടികളുമായി സംവദിക്കാനോ ബന്ധപ്പെടാനോ ഒരവസരം ലഭിച്ചിരുന്നില്ല. NSS ൽ നിന്നും പടിയിറക്കി വിട്ടതായതിനാൽ മുന്നിട്ടിറങ്ങി ചെല്ലാൻ എന്റെ  മനസ്സും അനുവദിച്ചില്ല.

അങ്ങനെ ഇരിക്കെയാണ് കോളേജ് NSS യൂണിറ്റ് ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്ന വിവരം e-mail വഴി ഞാൻ അറിഞ്ഞത്. പതിനഞ്ചാമത് രക്തദാനം കഴിഞ്ഞ് മൂന്നര മാസം കഴിഞ്ഞതിനാൽ ഞാനും ഇതിൽ പങ്കെടുക്കാൻ തീരുമാനിച്ചു. തലേ ദിവസം കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം എന്നതിനാൽ ഞാൻ നേരത്തെ തന്നെ തയ്യാറെടുപ്പ് നടത്തി. രക്തദാന ദിവസം രാവിലെ നന്നായി ഭക്ഷണവും കഴിച്ചു. പത്ത് മണിക്ക് തന്നെ രക്തം ദാനം ചെയ്യാൻ ഞാനും സഹ കമ്പ്യൂട്ടർ പ്രോഗ്രാമർ പ്രേം കുമാറും ചെന്നെങ്കിലും തയ്യാറെടുപ്പുകൾ പൂർത്തിയാകാത്തതിനാലും കുട്ടികളുടെ വൻ തിരക്ക്  അനുഭവപ്പെട്ടതിനാലും മടങ്ങിപ്പോന്നു.

ഉച്ചക്ക് തിരക്കൊഴിഞ്ഞ സമയത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ച പ്രകാരം ഞാൻ രക്തദാനത്തിന് വീണ്ടും എത്തി. ഫോം പൂരിപ്പിച്ച് ഡോക്ടറുടെ മുമ്പിലെത്തി. ആദ്യമായിട്ടാണോ രക്തം ദാനം ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇത് പതിനാറാം തവണയാണ് എന്ന് മറുപടിയും നൽകി. ഇതിനിടയിൽ പ്രഷർ പരിശോധിക്കാൻ എന്റെ ഇടത് കയ്യിൽ ഘടിപ്പിച്ച ഉപകരണത്തിൽ നോക്കി ഡോക്ടർ ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ചു. അപ്പോൾ പ്രഷർ 169mm ആയിരുന്നു. അതിനാൽ അഞ്ച് മിനുട്ട് വിശ്രമിച്ച ശേഷം വീണ്ടും വരാനാണ് ഡോക്ടർ പറഞ്ഞത് . അൽപം കൂടി കൂടുതൽ സമയമെടുത്ത ശേഷം ഞാൻ വീണ്ടും ഡോക്ടറുടെ മുമ്പിലെത്തി. പരിശോധനയിൽ പ്രഷർ അൽപം താഴ്ന്നെങ്കിലും സേഫ് സോണിൽ എത്തിയിരുന്നില്ല.

ആഗ്രഹങ്ങൾക്ക് ശരീരം വിലങ്ങ് തടിയാവുന്നതിന്റെ നിരാശ അതുവരെ ഞാൻ അനുഭവിച്ചിരുന്നില്ല. അന്ന് ആദ്യമായി ഞാൻ അതിന്റെ നോവറിഞ്ഞു.  അന്ന് വരെ ഇല്ലാതിരുന്ന പ്രഷർ , രക്തദാനത്തിന് ആദ്യമായി എനിക്ക് വിലങ്ങ് തടിയായി. അങ്ങനെ 16-ാം രക്തദാനം എന്ന എന്റെ സ്വപ്നം പൊലിഞ്ഞു. ബട്ട്, മനസ്സ് ഇപ്പോഴും പറയുന്നു One day you will reach at 25th donation, Insha Allah.

Friday, June 10, 2022

ആഗ്രയിലൂടെ - 4

Part 1 :  ആഗ്രയിലൂടെ - 1

Part 2 : ആഗ്രയിലൂടെ .... 2

Part 3 : ആഗ്രയിലൂടെ - 3

ആഗ്ര ഫോർട്ടിൽ നിന്നും ഏതാനും നിമിഷങ്ങൾ സഞ്ചരിച്ചപ്പഴേക്കും ഞങ്ങൾ താജ് മഹലിന്റെ പിന്നാമ്പുറത്തെത്തി. ബായി കാണിച്ച് തന്ന ഗേറ്റിലൂടെ ഞങ്ങൾ അകത്തെത്തി. ഇവിടെയും ടിക്കറ്റ് ഞങ്ങൾ ഓൺലൈനിൽ എടുത്തിരുന്നു. മുതിർന്നവർക്ക് 45 രൂപയാണ് ടിക്കറ്റ് നിരക്ക്. പതിനഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റില്ല.

പ്രവേശന കവാടത്തിൽ ബാഗ് പരിശോധനയുണ്ട്. ഒരു തരത്തിലുള്ള ഭക്ഷ്യവസ്തുക്കളും അകത്തേക്ക് പ്രവേശിപ്പിക്കില്ല. ട്രൈപോഡ്, ചാർജ്ജർ തുടങ്ങീ മൊബൈൽ അനുബന്ധ ഉപകരണങ്ങളും അനുവദനീയമല്ല. അവയൊക്കെ ഉണ്ടെങ്കിൽ കൗണ്ടറിൽ ഏൽപിക്കാം. തിരിച്ച് വരുമ്പോൾ കിട്ടുമോ ഇല്ലയോ എന്ന് ഒരു ഗ്യാരണ്ടിയും ഇല്ല.

പ്രവേശന കവാടം കടന്ന് കഴിഞ്ഞാൽ റെഡ് സ്റ്റോൺ നിർമ്മിതികളാണ് ആദ്യം കാണുന്നത്. മനോഹരമായി സെറ്റ് ചെയ്ത പുൽതകിടികളും അവക്കിടയിലൂടെയുള്ള നടപ്പാതകളും സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെടും.  കോട്ടവാതിൽ പോലെയുള്ള വലിയൊരു വാതിലിന് മുന്നിൽ വീണ്ടും ഞങ്ങളെത്തി.

"ഉമ്മച്ചീ.... അതാ താജ് മഹൽ ... " ജീവിതത്തിലാദ്യമായി താജ് മഹൽ കണ്ട എന്റെ ആറ് വയസ്സ് കാരൻ ലിദു മോൻ ആവേശത്തിൽ വിളിച്ച് പറഞ്ഞു. ഞാൻ താജ് മഹലിന്റെ കവാടം കടക്കുന്നത് അഞ്ചാമത്തെ തവണയായിരുന്നു. എന്റെ ഭാര്യ മൂന്നാം തവണയും മറ്റ് മക്കൾ രണ്ടാം തവണയും താജ് മഹൽ ദർശിച്ചു. ലോകാത്ഭുതങ്ങളിൽ ഒന്നായി സ്കൂൾ കാലം മുതലേ പഠിച്ച് വരുന്ന താജ് മഹൽ ആദ്യമായി കൺമുന്നിൽ പ്രത്യക്ഷമായതിന്റെ ആശ്ചര്യം നൗഷാദിന്റെ കുടുംബത്തിലും കണ്ടു.

പതിവ് പോലെ താജ് മഹലിന്റെ ഉച്ചിയിൽ തൊടുന്ന ഫോട്ടോ എടുക്കാനായി സഞ്ചാരികളും ഫോട്ടോ എടുപ്പിക്കാനായി ഫോട്ടോഗ്രാഫർമാരും തിക്കിത്തിരക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ഫോട്ടോഗ്രാഫർ മൊബൈലിൽ നൗഷാദിന്റെ മോൾക്ക് പ്രസ്തുത ഫോട്ടോ സൗജന്യമായി എടുത്ത് കൊടുത്തു. താജ് മഹൽ പശ്ചാത്തലമാക്കി നിരവധി ഫോട്ടോകൾ എടുത്ത ശേഷം ഞങ്ങൾ ആ ശില്പകാവ്യത്തിനടുത്തേക്ക് നീങ്ങി.

മുൻ സന്ദർശനങ്ങളിലെപ്പോലെ നേരിട്ട് താജ്മഹലിന്റെ സ്റ്റെപ്പ് കയറുന്നതിന് പകരം ഇടത് ഭാഗത്ത് ഏറ്റവും അറ്റത്തുള്ള സ്റ്റെപ്പ് കയറിയാണ് എല്ലാവരും പ്രവേശിച്ചിരുന്നത്. അവിടെ എത്തിയപ്പോഴാണ് താജ്മഹലിനകത്ത് പ്രവേശിക്കാൻ ഇനിയും ടിക്കറ്റ് എടുക്കണം എന്നതറിഞ്ഞത്. ഓൺലൈനിൽ Taj mausoleum എന്ന് കാണിച്ച് 200 രൂപയുടെ ടിക്കറ്റ് കണ്ടിരുന്നു. അത് ഏതോ മ്യൂസിയത്തിക്കുള്ള ടിക്കറ്റാണെന്ന് കരുതി ഞാൻ എടുത്തതുമില്ല. പക്ഷേ ടിക്കറ്റ് കൗണ്ടർ അവിടെത്തന്നെ ഉണ്ടായിരുന്നതിനാൽ മുതിർന്ന അഞ്ച് പേർക്കും ഞങ്ങൾ ടിക്കറ്റ് എടുത്തു. കുട്ടികൾക്ക് സൗജന്യമായതിനാൽ അവരെയും കൂടെ കടത്തി വിട്ടു. ഞാനും നൗഷാദും പുറത്ത് കാത്തിരുന്നു.

താജ് മഹലിന്റെ ഉൾഭാഗവും ഷാജഹാന്റെയും മുംതസ് മഹലിന്റെയും ശവകുടീരങ്ങളും കൺ കുളിർക്കെ കണ്ട് അവർ തിരിച്ച് വന്നപ്പഴേക്കും താജ് മഹലിന്റെ മകുടങ്ങളിൽ സൂര്യന്റെ പൊൻ കിരണങ്ങൾ പതിക്കാൻ തുടങ്ങിയിരുന്നു. അവിടന്നും ഇവിടന്നും സെക്യൂരിറ്റിക്കാരുടെ വിസിലുകൾ മുഴങ്ങാൻ തുടങ്ങിയതോടെ താജ് മഹൽ പരിസരം പെട്ടെന്ന് വിജനമാകാൻ തുടങ്ങി. അടുത്ത ദിവസം ഡൽഹിയിലെത്തി കാശ്മീർ എന്ന സ്വർഗ്ഗത്തിലേക്ക് യാത്ര തിരിക്കാനുള്ളതിനാൽ ഞങ്ങളും ഷാജഹാനോടും മുംതാസിനോടും സലാം പറഞ്ഞ് പിരിഞ്ഞു.


NB: മുൻ വർഷത്തെ താജ്മഹൽ സന്ദർശനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.



Thursday, June 09, 2022

ആഗ്രയിലൂടെ - 3

Part 1 :  ആഗ്രയിലൂടെ - 1

Part 2 : ആഗ്രയിലൂടെ .... 2

കോട്ടക്കകത്ത് വലത് ഭാഗത്ത് ആദ്യം കാണുന്ന ചെങ്കൽ നിർമ്മിതിയാണ് ജഹാംഗീർ മഹൽ. അക്ബറിന്റെ രജപുത്ര ഭാര്യമാർ വസിച്ചിരുന്ന സ്ഥലമാണ് ഇത്. പൂന്തോട്ടത്തിൽ ഉലാത്തുന്ന അക്ബറിനെ മുകളിലെ ചെറിയൊരു കിളിവാതിലിലൂടെ ജോധാബായി എത്തി നോക്കുന്നുണ്ടോ എന്ന് ഒരു വേള നമുക്ക് ഇപ്പോഴും സംശയം തോന്നും. അക്ബറിന്റെ പുത്രനായിരുന്ന ജഹാംഗീറിന്റെ ഓർമ്മയിൽ ജഹാംഗീർ പാലസ് എന്നും ഈ കെട്ടിടം ഇപ്പോൾ അറിയപ്പെടുന്നു. അതിന്റെ വലത് വശത്ത് പൊളിഞ്ഞ് പോയ കെട്ടിടങ്ങളുടെ കുറെ അവശിഷ്ടങ്ങൾ കാണാം. അതായിരുന്നു അക്ബർ പാലസ്. ബംഗാളി വാസ്തുശില്പ പ്രകാരം നിർമ്മിക്കപ്പെട്ടതിനാൽ ഈ രണ്ട് പാലസിനെയും കൂട്ടിച്ചേർത്ത് ബംഗാളി മഹൽ എന്നും പറയാറുണ്ട്.


ചുവന്ന കല്ലുകളാൽ നിർമ്മിതമായ കെട്ടിടങ്ങളിൽ നിന്ന് ഉള്ളോട്ട് നടന്ന് ഞങ്ങൾ എത്തിയത് മാർബിൾ നിർമ്മിതമായ കെട്ടിടങ്ങളിലാണ്. ഷാജഹാൻ പാലസ് ആരംഭിക്കുന്നത് അവിടം മുതലാണ്. 

ഷാജഹാൻ പാലസിന്റെ വരാന്തയിൽ ഒരു മുറിക്കകത്ത് പൂട്ടിയിട്ട നിലയിൽ വലിയൊരു വാതിൽ കാണാം. ഗസ്നി ദർവാസ എന്നാണത് അറിയപ്പെടുന്നത്. ഗസ്നിയുടെ കോട്ടയിൽ നിന്ന് ബ്രിട്ടീഷുകാർ കൊണ്ടു വന്നതാണിത് എന്നു പറയപ്പെടുന്നു. സോമനാഥ ക്ഷേത്രത്തിന്റെ ചന്ദന വാതിൽ ഗസ്നി കൊള്ളയടിച്ചതാണ് എന്നും പറയപ്പെടുന്നു. അതിനാൽ സോമനാഥ് ഗേറ്റ് എന്നും ഈ വാതിൽ അറിയപ്പെടുന്നു.

പിന്നീട് എത്തുന്നത് മനോഹരമായ ഒരു വെണ്ണക്കൽ സൗധത്തിലാണ്. ഷാജഹാനും മുംതസ് ബീഗവും താമസിച്ചിരുന്ന ഈ സൗധത്തിന്റെ പേരാണ് ഖാസ് മഹൽ. ഇവരുടെ പെൺമക്കളായ ജഹനാരയും റോഷ്നാരയും താമസിച്ചിരുന്ന ഇടവും ഖാസ് മഹലിന്റെ ഇടത്തും വലത്തും കാണാം. ഖാസ് മഹലിന്റെ മുൻഭാഗത്ത് കാണുന്നതാണ് അംങ്കൂരി ബാഗ് അഥവാ മുന്തിരിത്തോട്ടം (ഇന്ന് മുന്തിരി ഒന്നും ഇല്ല).

ഖാസ് മഹലും കഴിഞ്ഞ് കാണുന്ന സൗധവും വളരെ മനോഹരമാണ്. പക്ഷെ, ഒരു വിഷാദഗാനം അവിടെ സദാ സമയവും അലയടിക്കുന്നുണ്ട്. മുസമ്മൻ ബുർജ് എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിലായിരുന്നു എട്ട് വർഷക്കാലം ഷാജഹാനെ സ്വന്തം മകൻ ഔറംഗസീബ് തടവിലിട്ടത്. അങ്ങകലെ താജ്മഹലിലേക്കു കണ്ണും നട്ട് ആ മനുഷ്യൻ എട്ട് വർഷം പാടിയ പാട്ടുകൾ ഏതൊരു മനുഷ്യന്റെയും കണ്ണ് നിറക്കും. 

മുസമ്മൻ ബുർജിന് സമീപം തന്നെ, ജനങ്ങളുടെ പരാതി നേരിട്ട് ബോധിപ്പിക്കാനുള്ള ജഹാംഗീറിന്റെ ചെയിൻ ഓഫ് ജസ്റ്റിസ് ഉണ്ടായിരുന്ന സ്ഥലം കാണാം. ഒരു ക്വിന്റലോളം ഭാരമുള്ള സ്വർണ്ണത്തിന്റെ ചങ്ങലയായിരുന്നു ഇത്.ഇന്നത് അവിടെ ഇല്ലാത്തത് ഭാഗ്യം. തൊട്ടടുത്തുള്ള ശീഷ് മഹൽ എന്ന ഗ്ലാസ് പാലസ് പുറത്ത് നിന്ന് നോക്കി കാണാം.

ചക്രവർത്തിയുടെ മുമ്പാകെ പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കാനുള്ള സൗകര്യം എല്ലാ രാജാക്കന്മാരും ഒരുക്കാറുണ്ട്. മുഗൾ ചക്രവർത്തിമാർ ഇതിനായി വലിയൊരു ഹാൾ തന്നെ പണി കഴിപ്പിച്ചിരുന്നു. മനോഹരമായ കൊത്തുപണികളാൽ അലംകൃതമായ വിശാലമായ ആ ഹാളാണ് ദിവാനിം ആം. അതിന്റെ മുറ്റത്തായി ഒരു ശവക്കല്ലറ കാണാം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനിടെ ഇവിടെ വച്ച് കൊല്ലപ്പെട്ട ബ്രിട്ടീഷുകാരനായ ജോൺ റസ്കലിന്റെ ശവകുടീരമാണത്.

ദിവാനി ആമിലെ ഇടുങ്ങിയ ഒരു ഗോവണിപ്പടിയിലൂടെ കുറെ പേർ മുകളിലേക്ക് കയറുന്നത് കണ്ട് ഞങ്ങളും കയറി. ഖാസ് മഹലും അങ്കൂരി ബാഗും നടുമുറ്റമായി വരുന്ന രൂപത്തിൽ കണ്ടിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഞങ്ങളെത്തിയത്. അവിടെ ഒരു മൂലയിലുള്ള വാതിൽ തുറന്നു മറ്റൊരു വെണ്ണക്കൽ സൗധത്തിലേക്ക് ഞങ്ങളെത്തി. നാഗിന മസ്ജിദ് ആയിരുന്നു അത്. ഷാജഹാൻ ചക്രവർത്തി കൊട്ടാരത്തിലെ സ്ത്രീകൾക്ക് പ്രാർത്ഥിക്കാനായി പണി കഴിപ്പിച്ചതാണ് ഈ മസ്ജിദ് . ഇപ്പോൾ അവിടെ നമസ്കാരം ഒന്നും തന്നെ ഇല്ല.

ആഗ്ര ഫോർട്ടിനകത്ത് നമ്മൾ കറങ്ങാൻ തുടങ്ങിയിട്ട് സമയം ഏറെയായി. ഇതിനിടക്ക് , 2014 ൽ എന്റെ കൂടെ നാഷണൽ യൂത്ത് ഫെസ്റ്റിവലിന് പഞ്ചാബിലേക്ക് വന്ന കോഴിക്കോട്ടുകാരൻ സുധിനെയും ഭാര്യയെയും അവിടെ വച്ച് കണ്ടുമുട്ടി. വെയിൽ കുറഞ്ഞപ്പോൾ യമുനാ നദിയിൽ നിന്നുയർന്ന മന്ദമാരുതൻ താജ് മഹലിനെയും തഴുകി ഞങ്ങളുടെ സമീപത്തെത്തി. താജിന്റെ തണുപ്പും മുംതസിന്റെ ഗന്ധവും നിറഞ്ഞ ആ കുളിർക്കാറ്റ് ഞങ്ങളെ താജ് മഹലിലേക്ക് നയിച്ചു.


NB:മുൻ സന്ദർശന വിവരണവും ഫോട്ടോസും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


(തുടരും...)

Part 4 : ആഗ്രയിലൂടെ - 4

Wednesday, June 08, 2022

ആഗ്രയിലൂടെ - 2

Part 1 :  ആഗ്രയിലൂടെ - 1

രണ്ട് ദിവസത്തെ ട്രെയിൻ യാത്ര എല്ലാവരിലും ക്ഷീണം പടർത്തിയിരുന്നു. എങ്കിലും എത്രയും പെട്ടെന്ന് കുളിച്ച് ഉച്ചഭക്ഷണം കഴിക്കാനായി തൊട്ടടുത്ത "മനോജ് ഭോജനാലയ" ത്തിൽ ഞങ്ങളെത്തി. ബായി അവിടെ ആർക്കോ വേണ്ടി ഒരു അപേക്ഷ തയ്യാറാക്കുന്നുണ്ടായിരുന്നു. ഞങ്ങളെത്തിയതോടെ ഭക്ഷണം വിളമ്പലും കറി ഒഴിക്കലും തൈര് പാരലും വെള്ളം കോരലും എല്ലാം ബായി തന്നെ ഏറ്റെടുത്തു.

ഭക്ഷണം കഴിഞ്ഞ ഉടനെത്തന്നെ ഞങ്ങൾ ആഗ്രാ ഫോർട്ടിലേക്ക് പുറപ്പെട്ടു. ടിക്കറ്റ് ഓൺലൈനിൽ നേരത്തെ എടുത്തിരുന്നു. മുതിർന്നവർക്ക് 35 രൂപയാണ് ടിക്കറ്റ് നിരക്ക്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ആഴ്ചയിൽ ഏഴ് ദിവസവും പ്രവേശനമുണ്ട്.

ആഗ്ര എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്തുന്നത് താജ് മഹൽ ആണ്. എന്നാൽ താജിൽ നിന്നും ഏതാനും കിലോമീറ്ററുകൾ ദൂരെ , ഒരു കാലത്തെ വലിയൊരു സാമ്രാജ്യത്തിന്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന ആഗ്ര ഫോർട്ടും നെഞ്ചുയർത്തി നിൽപ്പുണ്ട്. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ പുനരുദ്ധാരണം തുടങ്ങി വച്ച് പിന്നീട് അധികാരത്തിൽ വന്ന ജഹാംഗീറും ഷാജഹാനും വിവിധ നിർമ്മിതികൾ നടത്തിയ ആഗ്ര ഫോർട്ട് ചരിത്രകുതുകികൾക്ക് കാഴ്ച സദ്യയൊരുക്കും. ആഗ്രയിൽ വരുന്ന ഏതൊരു സഞ്ചാരിയും ആഗ്ര കോട്ട കണ്ട ശേഷമേ താജ് മഹൽ സന്ദർശിക്കാവൂ എന്നാണ് എന്റെ പക്ഷം.

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ആഗ്ര ഫോർട്ടിന് നാല് കോട്ടവാതിലുകൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിൽ മൂന്നും ഇന്ത്യൻ സൈന്യത്തിന്റെ കീഴിലായതിനാൽ പൊതുജനങ്ങൾക്ക് അവയിലൂടെ പ്രവേശനമില്ല. തെക്ക് ഭാഗത്തുള്ള അമർസിങ്ങ് ഗേറ്റിലൂടെ കോട്ടക്കകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ബീർബലിന്റെ കുസൃതികളും രാജാ തോഡർമാളിന്റെ ചിന്തകളും ഇടത്തും വലത്തും നമുക്ക് അനുഭവപ്പെടും.


രജപുത്ര രാജാവായ ബാദൽ സിംഗ് പതിനൊന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ആഗ്ര ഫോർട്ട് എന്ന് പറയപ്പെടുന്നു. അന്ന് ബാദൽ ഘർ എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് മുഹമ്മദ് ഗസ്നിയും അലക്സാണ്ടർ ലോധിയും ഇബ്രാഹിം ലോധിയും ഈ കോട്ട കീഴടക്കി. 1526ലെ ഒന്നാം പാനിപ്പറ്റ് യുദ്ധത്തോടെ കോട്ട മുഗൾ രാജവംശത്തിന്റെ കീഴിലായി. മുഗൾ സാമ്രാജ്യത്തിലെ എല്ലാ രാജാക്കന്മാരും താമസിച്ച ഈ കോട്ടയെ ഇന്നത്തെ രൂപത്തിലാക്കിയത് അക്ബർ ചക്രവർത്തിയും ഷാജഹാൻ ചക്രവർത്തിയും കൂടിയാണ്.

വിവിധ കാലഘട്ടങ്ങളിലായി പണികഴിപ്പിച്ച നിരവധി നിർമ്മിതികൾ കോട്ടക്കകത്തുണ്ട്. ഇവയെപ്പറ്റി വിവരിച്ച് തരാൻ നിരവധി ഗൈഡുമാരും നമ്മളെ പൊതിയും. 200 രൂപ മുതൽ മുകളിലോട്ടാണ് റേറ്റ്. 100 രൂപ കൊടുത്താലും അവർ വരും. പക്ഷെ സമയം അവർ തെളിച്ച് കൊണ്ട് പോകുന്നതിന് അനുസരിച്ചായിരിക്കും. അതിനെക്കാളും നല്ലത് പോകുന്നതിന് മുമ്പേ ഫോർട്ടിനകത്ത് കാണാനുള്ളതിനെപ്പറ്റി സ്വയം അറിയുകയാണ്. കൃത്യമായി അടയാളപ്പെടുത്തി വച്ചിട്ടുള്ളതിനാൽ സന്ദർശന സമയത്ത് വ്യക്തമായി മനസ്സിലാക്കാനും സാധിക്കും.

കോട്ടക്കകത്തെ വിവിധ കെട്ടിടങ്ങൾ കാണാനായി ഞങ്ങൾ മുന്നോട്ട് നടന്നു.

(തുടരും....)

Part 3 : ആഗ്രയിലൂടെ - 3   

Tuesday, June 07, 2022

ആഗ്രയിലൂടെ .... 1

ഓരോ ഭാരതീയനും ജീവിതത്തിൽ ഒരു തവണയെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന ഒന്നാണ് വെണ്ണക്കല്ലിലെ അനശ്വര പ്രണയ കാവ്യമായ താജ്മഹൽ. ലോകാത്ഭുതങ്ങളിൽ ഒന്നായ ഇത് കാണാൻ വേണ്ടി മാത്രം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വരുന്നവരുടെ എണ്ണം നമ്മെ വിസ്മയപ്പെടുത്തും. വർഷത്തിൽ 70 ലക്ഷം മുതൽ 80 ലക്ഷം വരെ സഞ്ചാരികൾ താജ് മഹൽ സന്ദർശിക്കുന്നതായാണ് കണക്ക്.

ഡൽഹിയിലേക്ക് ട്രെയിൻ കയറുമ്പോൾ പലരും മനസ്സിൽ കുറിക്കുന്ന ഒരാഗ്രഹമാണ് ആഗ്ര സന്ദർശനം. ഏഴ് തവണ ഡൽഹി സന്ദർശിച്ച ഞാൻ അതിൽ നാല് തവണയും ആഗ്രയിൽ താജ് മഹലിന്റെ മുന്നിലെത്തിയിട്ടുണ്ട്. 2013 ൽ എന്റെ പതിനാറാം വിവാഹ വാർഷിക ദിനം കുടുംബ സമേതം  ഈ പ്രണയ സൗധത്തിലായിരുന്നു.

യമുനാ നദിയിൽ നിന്നും താജിനെ തഴുകിത്തലോടി എത്തുന്ന മന്ദമാരുതനിൽ മുംതാസിന്റെ സുഗന്ധം നിറഞ്ഞ് നിൽക്കുന്നതിനാലാവാം ഓരോ ഡൽഹി സന്ദർശനത്തിലും ആഗ്ര വീണ്ടും വീണ്ടും എന്നെ മാടി വിളിക്കുന്നത്.

കുടുംബ സമേതം ഒരു കാശ്മീർ യാത്രക്ക് പദ്ധതി തയ്യാറാക്കുമ്പോൾ നേരിട്ട് കാശ്മീരിൽ എത്തുക എന്നതായിരുന്നു എന്റെ പ്രഥമ ലക്ഷ്യം. കഴിഞ്ഞ കുറെ കുടുംബ യാത്രകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എനിക്ക് പ്രീഡിഗ്രി സുഹൃത്ത് നൗഷാദിനെയും കുടുംബത്തെയും കൂടി കൂട്ടിന് ലഭിച്ചിരുന്നു.വർഷങ്ങൾക്ക് മുമ്പ് ഒരു ഊട്ടി ട്രിപ്പും ഒരു കൊച്ചി ട്രിപ്പും ഞങ്ങൾ ഒരുമിച്ച് നടത്തിയിരുന്നതിനാൽ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും പരസ്പരം നന്നായി അറിയാമായിരുന്നു. നൗഷാദിന്റെ കുടുംബത്തിന് താജ് മഹൽ കാണാൻ ആഗ്രഹം ഉണ്ടായതിനാൽ ഞങ്ങൾ യാത്രയുടെ ഷെഡ്യൂൾ അപ്രകാരമാക്കി.

മെയ് 19 ന് രാവിലെ 10.30 ന് ആഗ്രയിൽ ഇറങ്ങുന്നത് വരെ താമസിക്കാനും ഫ്രഷാവാനും ഒരു റൂം എവിടെ എടുക്കും എന്നൊരു ധാരണ എനിക്ക് ഉണ്ടായിരുന്നില്ല. മുൻ സന്ദർശനങ്ങളിലും അവിടെ എത്തിയ ശേഷം റൂം തേടിപ്പിടിക്കുകയായിരുന്നു പതിവ്. സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് നൗഷാദിന്റെ സഹപ്രവർത്തകൻ നൽകിയ വിവര പ്രകാരം ഒരു അഹ്മദ് ബായി യെ വിളിച്ചത്. മലയാളം നന്നായി തിരിയുന്ന ആഗ്രക്കാരനാണ് അഹ്മദ് ബായി. "ഏ ചെങ്ങായി " എന്നേ ഏത് പ്രായക്കാരെയും ആ ചെങ്ങായി വിളിക്കൂ. ടൂറിസ്റ്റുകൾക്ക് (പ്രത്യേകിച്ച് മലയാളം സംസാരിക്കുന്നവർക്ക്) റൂം ശരിയാക്കിക്കൊടുത്ത്  കേരള ഭക്ഷണം ലഭിക്കുന്ന സ്ഥലവും കാണിച്ച് കൊടുത്ത് തന്റെയും സഹോദരന്റെയും ഓട്ടോയിൽ താജ് മഹലും ആഗ്ര ഫോർട്ടും സന്ദർശിച്ച് തിരിച്ചെത്തിക്കുക എന്നതാണ് ബായിയുടെ പരിപാടി. അഞ്ച് കിലോമീറ്ററിൽ താഴെയുള്ള ദൂരം ഓടിത്തിരിച്ചെത്തി ഒരു ഓട്ടോക്ക് 400 രൂപ വാങ്ങുമ്പോഴാണ് നമ്മൾ വീണ കുഴിയെപ്പറ്റി ബോധം വരൂ . താജ് മഹലിലേക്കുള്ള ഞങ്ങളുടെ യാത്രക്കിടയിൽ മറ്റൊരാളോട് വെറും 100 രൂപ കൊടുത്ത് താജിലേക്ക് ഓട്ടോ പിടിച്ചെത്താൻ പറഞ്ഞതും ഞാൻ കേട്ടു. അതായത് up & down ശരിയായ ചാർജ്ജ് 200 രൂപയേ വരൂ. ഒരാൾക്ക് 100 രൂപ എന്ന തോതിലാണ് ബായി ഈടാക്കുന്നത് എന്ന് സാരം.

റൂം ശരിയാക്കുന്നിടത്തും ബായി ആളും തരവും നോക്കി മലയാളിയെ "ശരിയാക്കും". 1200 രൂപയുള്ള AC ഡബിൾ റൂം ബായിക്ക് "കിട്ടുന്നത്" 1800 രൂപക്കാണ്. അത് "വില പേശി" 1600 രൂപക്ക് ആക്കിത്തരും ! വൈകിട്ട് എട്ട് മണിയോടെ ബായി സ്ഥലം വിടുന്നതിനാൽ റൂമിന്റെ അവസ്ഥ പിന്നീടേ അറിയൂ. ബായി ഏർപ്പാടാക്കിത്തന്ന റെയിൽവെ സ്റ്റേഷന് തൊട്ടടുത്ത് തന്നെയുള്ള ഹോട്ടൽ രഞ്ജിത്തിലെ എന്റെ റൂമിൽ AC പ്രവർത്തിക്കുന്നില്ലായിരുന്നു. പരാതി പറഞ്ഞപ്പോൾ രണ്ടാം നിലയിലെ ഒഴിവുള്ള റൂമിലേക്ക് മാറാനായിരുന്നു ഹോട്ടലുകാരുടെ നിർദ്ദേശം; അതും രാത്രി 12 മണിക്ക്.ചൂട് കഠിനമായതിനാൽ ഞാനും ഫാമിലിയും റൂം മാറി.

ഞങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടി പോയ , തൊട്ടടുത്ത് തന്നെയുള്ള ഹോട്ടലിൽ വെറുതെ റൂം അന്വേഷിച്ചപ്പോഴാണ് 1200 രൂപ വാടക പറഞ്ഞത്. ഒരു റൂമിൽ മൂന്ന് ബെഡും ഉണ്ട്. അതേ ഹോട്ടലിൽ "ബായി"  തന്നെ റൂം ശരിയാക്കിക്കൊടുത്ത അന്തമാൻ സ്വദേശി ശരീഫിനോട് സംസാരിച്ചപ്പോഴാണ് "ബായി'' യുടെ കളികൾ കൂടുതൽ മനസ്സിലായത്. ആയതിനാൽ ആഗ്രയിൽ എത്തുന്നവർ നേരിട്ട് ഹോട്ടലിൽ ചെന്ന് റൂം എടുക്കുന്നതാണ് പോക്കറ്റിന്റെ ആരോഗ്യത്തിന് ഏറ്റവും ഉചിതം എന്ന് അനുഭവത്തിൽ നിന്നും ഉണർത്തുന്നു.


(തുടരും...)

Part 2 : ആഗ്രയിലൂടെ .... 2

Thursday, June 02, 2022

ലിദു മോനും സ്കൂളിലേക്ക് ...

മക്കളുടെ പ്രൈമറി സ്കൂളിലെ വിദ്യാരംഭം ഓരോ മാതാപിതാക്കളുടെയും ജീവിതത്തിലെ അനർഘ നിമിഷങ്ങളിൽ ഒന്നാണ്. മാതാവിന്റെ ചിറകിനടിയിൽ നിന്ന് ഒരു കുഞ്ഞ് സ്വതന്ത്രമാകാൻ തുടങ്ങുന്നതും പുതിയ ലോകത്തേക്ക് പറന്നുയരാൻ ആരംഭിക്കുന്നതും അന്ന് മുതലാണ്. അതിനാൽ തന്നെ മാതാവിനും കുഞ്ഞിനും ഒരു പോലെ ആശങ്ക നിറഞ്ഞ ദിനങ്ങളാണ് സ്കൂളിലെ ആദ്യ ദിനങ്ങൾ.

നിലത്ത് വീണാൽ പൊട്ടുന്ന സ്ലേറ്റും പെൻസിലും ആയിരുന്നു 1976 ൽ ഒന്നാം ക്ലാസിൽ ചേരുമ്പോൾ എനിക്കുണ്ടായിരുന്ന ഏക പഠന സാമഗ്രി. സ്കൂൾ തുറന്ന് ഏറെ കഴിഞ്ഞാണ് തറയും പറയും പഠിപ്പിക്കുന്ന മലയാളം പാഠാവലി എന്ന ഏക ടെക്സ്റ്റ് പുസ്തകം കിട്ടിയത്. ക്ലാസിലെ മിക്ക കുട്ടികൾക്കും സ്ലേറ്റും പുസ്തകവും വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും ഇല്ലായിരുന്നു.നാലാം തരം വരെ എഴുത്ത് മുഴുവൻ സ്ലേറ്റിൽ തന്നെയായിരുന്നു.

2022 ജൂൺ ഒന്നിന് എന്റെ മക്കളിൽ നാലാമനും ഏക മകനുമായ അബ്ദുല്ല കെൻസ് എന്ന ലിദുമോനും ഒന്നാം ക്ലാസ് പഠനം ആരംഭിച്ചു. നാലഞ്ച് ടെക്സ്റ്റ് ബുക്കുകളും അത്ര തന്നെ നോട്ടുബുക്കുകളും പെൻസിലും സ്ലേറ്റും കുടയും വാട്ടർ ബോട്ടിലും ബോക്സും എല്ലാം കൂടി ബാഗ് നിറയെ സാധനങ്ങളാണ്. കക്ഷത്തിൽ ഒരു സ്ലേറ്റും തിരുകി സ്കൂളിൽ പോയിത്തുടങ്ങിയ ഞാനും പുറത്ത് ഭാരമേറിയ ഒരു ബാഗും തൂക്കി സ്കൂളിൽ പോയിത്തുടങ്ങുന്ന എന്റെ മോനും തമ്മിലുള്ള കാലവ്യത്യാസത്തെ എന്ത് വിളിക്കണം എന്ന ആലോചനയിലാണ് ഞാൻ.