Pages

Friday, May 10, 2024

കാവേരി നിസർഗധാം (കുടകിലൂടെ - 3)

റൂമിൽ നിന്നും (കുടകിലൂടെ - 2) ഒരു ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു ഞങ്ങളെല്ലാവരും.അപ്പോഴാണ് കർണ്ണാടക ടൂറിസം ഡിപ്പാർട്മെന്റിന്റെ കാവേരി നിസർഗധാം 0 Km എന്ന ബോർഡ് എന്റെ ശ്രദ്ധയിൽ പെട്ടത്.എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന കാവേരി നിസർഗധാം വൈകുന്നേരം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം കൂടി ആയതിനാൽ സ്ഥലം എവിടെയാണെന്ന് ചായ കുടിച്ച് കൊണ്ടിരുന്ന ഹോട്ടലിലെ പെരിന്തൽമണ്ണക്കാരിയോട് ചോദിച്ചു.

"അതാ...ആ കാണുന്നത് തന്നെ..." റോഡിന്റെ മറുഭാഗത്ത് കാണുന്ന വലിയ കമാനം കാണിച്ച് തന്നുകൊണ്ട് അവർ പറഞ്ഞു.

കാവേരി നദിയിൽ നിരവധി ചെറു ദ്വീപുകൾ ഉണ്ട്. അതിൽ ഒന്നാണ് കാവേരി നിസർഗധാം.രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് പ്രവേശന സമയം.അറുപത് രൂപയാണ് പ്രവേശന ഫീസ്.പാർക്കിംഗ് ഫീ മുപ്പത് രൂപ കമാനം കടക്കുമ്പോൾ തന്നെ സെക്യൂരിറ്റി ഈടാക്കും. 

നദിയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ദ്വീപിലേക്ക് ഒരു തൂക്കുപാലത്തിലൂടെയാണ് എത്തിച്ചേരേണ്ടത്. 90 മീറ്റർ ആണ് തൂക്കുപാലത്തിന്റെ നീളം. തൂക്കുപാലം കടന്ന് അക്കരെയെത്തിയാൽ 35 ഏക്കറിലായി പടർന്ന് കിടക്കുന്ന സുന്ദരമായ നിസർഗധാമ ആയി. മുളങ്കാടുകൾ ആണ് നിസർഗധാമയുടെ മുഖമുദ്ര. കർണാടകയുടെ വിവിധ സാംസ്കാരിക കലകളെ പരിചയപ്പെടുത്തുന്ന ശില്പങ്ങൾ പല സ്ഥലങ്ങളിലായി ഉണ്ടാക്കിവച്ചിട്ടുണ്ട്.കൂടാതെ സഞ്ചാരികൾക്കായി തൂണിന് മുകളിൽ ഏറുമാടവും ഒരുക്കിയിട്ടുണ്ട്.


മുമ്പത്തെ തവണ വന്നപ്പോൾ പുഴയിൽ ഇറങ്ങിയിരുന്നതായി എന്റെ ഓർമ്മയിലുണ്ട്.പക്ഷെ ഇപ്പോൾ പുഴയിലേക്കുള്ള വഴികൾ എല്ലാം കമ്പിവേലി കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.മുമ്പ് ഇവിടെ ആനസവാരി ഉണ്ടായിരുന്നതായും ഞാൻ ഓർക്കുന്നു.ഇത്തവണ അതും കണ്ടില്ല.മാനുകൾക്കായി ഒരു ഡീർ പാർക്ക് നിസർഗധാമയിലുണ്ട്.പഴയ പ്രൗഢി ഇല്ലെങ്കിലും ഭംഗി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഞങ്ങൾ അൽപ സമയം അവിടെ ചെലവഴിച്ചു.

വൈകിട്ട് എത്തിച്ചേരേണ്ട സ്ഥലങ്ങളിൽ ഒന്നായി ഭാര്യയുടെ സുഹൃത്ത് ഡെൽജി നിർദ്ദേശിച്ച ഒന്നായിരുന്നു ഹാരങ്കി ഡാം.ഞാൻ ആദ്യമായാണ് ആ പേര് കേൾക്കുന്നത്.നാട്ടുകാർക്കും അത്ര പരിചയമുള്ള ഒരു സ്ഥലം ആയിരുന്നില്ല ഹാരങ്കി.എങ്കിലും ഗൂഗിൾ മാപ്പ് ഇട്ട് ഞാൻ വണ്ടി ഹാരങ്കിയിലേക്ക് വിട്ടു. മെയിൻ റോഡിൽ നിന്നും അധികം വാഹനങ്ങളൊന്നും പോകാത്ത ഒരു റൂട്ടിൽ പത്ത് കിലോമീറ്റർ ഉള്ളോട്ടായിരുന്നു ഹാരങ്കി ഡാം.റോഡ് കിടു ആയതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി.

തിരക്കിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന ഒരു സ്ഥലമാണ് ഹാരങ്കി ഡാം.ഞങ്ങൾ എത്തുമ്പോൾ രണ്ടോ മൂന്നോ വാഹനങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മുതിർന്നവർക്ക് പത്ത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയുമാണ് പ്രവേശന ഫീസ്. വണ്ടി റോഡിൽ തന്നെ നിർത്തിയിടണം.പാർക്കിംഗ് ഫീ എന്ന പേരിൽ  ഇരുപത്തഞ്ച് രൂപ നോക്കുകൂലി ഈടാക്കും.രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശനം.

പരന്നു കിടക്കുന്ന പൂന്തോട്ടവും അവിടവിടെ കാണുന്ന സീറ്റുകളും ആണ് ഞങ്ങളെ സ്വാഗതം ചെയ്തത്. മറ്റു സന്ദർശകരെയൊന്നും കാണാനും ഇല്ലായിരുന്നു.പിന്നീടാണ് അവരെല്ലാം ഡാമിന്റെ തന്നെ ഏതോ ഭാഗത്ത് നടക്കുന്ന മ്യൂസിക്കൽ ഫൗണ്ടൈൻ ഷോ കണ്ടു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്. ഞങ്ങൾക്കതറിയാത്തതിനാൽ കാണാൻ സാധിച്ചില്ല.

നടന്ന് നടന്ന് ഞങ്ങൾ ആളൊഴിഞ്ഞ ചിൽഡ്രൻസ് പാർക്കിൽ എത്തി.എല്ലാ റൈഡുകളും ഫ്രീ ആയിരുന്നതിനാൽ എല്ലാവരും എല്ലാത്തിലും കയറി ആസ്വദിച്ചു. എല്ലാവർക്കും ഏതാനും സമയത്തേക്ക്  കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ ഇത് അവസരം ഒരുക്കി. 


സന്ദർശകരും ജീവനക്കാരും അധികം ഇല്ലാത്തത് കാരണം പാർക്ക് അടക്കമുള്ള ഡാമിന്റെ അനുബന്ധ സ്ഥലങ്ങൾ ശരിയായ വിധം പരിപാലനം നടത്തുന്നില്ല.പല സ്ഥലങ്ങളും കാട് മൂടിയതിനാൽ ഇരുട്ടായതോടെ ഭയം അങ്കുരിക്കാനും തുടങ്ങി. കൂടുതൽ സമയം കാത്ത് നിൽക്കാതെ ഞങ്ങൾ ഡാമിൽ നിന്ന് പുറത്തിറങ്ങി നേരെ റൂമിലേക്ക് തിരിച്ചു.

(തുടരും...)



Thursday, May 09, 2024

നംഡ്രോളിങ് മൊണാസ്റ്ററി (കുടകിലൂടെ - 2)

ഇർപ്പിൽ നിന്നും  (കുടകിലൂടെ Part - 1) ഞങ്ങൾ പുറപ്പെടുമ്പോൾ തന്നെ സമയം പതിനൊന്നര മണി കഴിഞ്ഞിരുന്നു. കുശാൽ നഗറിലേക്കുള്ള റൂട്ടിനെപ്പറ്റിയോ ദൂരത്തെപ്പറ്റിയോ ഒരു ധാരണയും മനസ്സിൽ ഉണ്ടായിരുന്നില്ല.ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നതിനാൽ വണ്ടിയുടെ വയറ് നിറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ വയറിന്റെ സ്ഥിതി അത്ര ആശാവഹമായിരുന്നില്ല.

മാനന്തവാടിയിൽ നിന്ന് ഗോണിക്കുപ്പ എത്തിയ ശേഷം ആനേചൗകുർ ചെക്ക്പോസ്റ്റ് വഴി കടന്ന് വേണം കുശാൽനഗറിൽ എത്താൻ എന്നായിരുന്നു പവിത്രേട്ടൻ പറഞ്ഞിരുന്നത്. അതനുസരിച്ച് തന്നെ ഞാൻ വണ്ടി നേരെ വിട്ടു.ഗോണിക്കുപ്പ പിന്നിട്ടതോടെ റോഡ് പെട്ടെന്ന് വിജനമായി.ഇരു ഭാഗത്തും കാട് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ വഴി മാറിപ്പോയോ എന്ന് പോലും സംശയിച്ചു.വഴി ചോദിക്കാൻ ഒരു കടയോ മറ്റു യാത്രക്കാരോ ഒന്നും കണ്ടതുമില്ല.മുന്നോട്ട് നീങ്ങുംതോറും കാടിന്റെ ഉള്ളിലേക്ക് കൂടുതൽ കൂടുതൽ കയറുകയാണ് എന്ന് എനിക്ക് ബോദ്ധ്യമായി.എന്റെ ആശങ്ക ഞാൻ ഫാമിലിയെ അറിയിച്ചില്ല. അവസാനം നടുറോഡിൽ കസേരയിട്ട് ഇരിക്കുന്ന രണ്ട് ഫോറസ്റ്റർമാരെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.അത് ആനേചൗകുർ ചെക്ക്പോസ്റ്റ് ആയിരുന്നു.നാല്പത് കിലോമീറ്റർ വനത്തിലൂടെ കാറോടിച്ച്, രണ്ട് മണിയോടടുത്ത് ഞങ്ങൾ കുശാൽ നഗറിലെത്തി.

വിശപ്പിന്റെ വിളിക്ക് ഉത്തരം നല്കിയിട്ടാവാം ഇനി അടുത്ത സ്ഥല സന്ദർശനം എന്നതിനാൽ ഞങ്ങൾ വഴി നീളെയുള്ള ഹോട്ടലുകളിലേക്ക് കണ്ണ് പായിക്കാൻ തുടങ്ങി.കുശാൽ നഗർ അറിയപ്പെടുന്നത് തിബറ്റൻ മൊണാസ്റ്ററി എന്ന നിലയിലായതിനാൽ അവരുടെ ഭക്ഷണം തന്നെ കഴിച്ച് നോക്കാം എന്ന് തീരുമാനിച്ചു. ആളൊഴിഞ്ഞ ഒരു കടക്ക് മുന്നിൽ കസ്റ്റമേഴ്‌സിനെ പ്രതീക്ഷിച്ച് നിൽക്കുന്ന ഒരു മധ്യവയസ്കനെ കണ്ടതും ഞാൻ വണ്ടി സൈഡാക്കി.

കുലംകുഷമായ ചർച്ചകൾക്ക് ശേഷം എഗ്ഗ് ന്യൂഡിൽസ്,വെജ് എഗ്ഗ് തുപ്പ,വെജ് മെമോസ്,കാപ്പി എന്നിവ ഓർഡർ ചെയ്തു. അത് ഭക്ഷിക്കാനുള്ള സ്റ്റിക്കും കൂടി ആവശ്യപ്പെട്ടു.സ്റ്റിക് പ്രത്യേക രീതിയിൽ പിടിച്ച് ന്യൂഡിൽസ് അതിനകത്ത് കുരുക്കിയെടുത്ത് തിന്നുന്ന രീതി അൽപനേരം ചിരി പടർത്തിയെങ്കിലും നിമിഷ നേരം കൊണ്ട് തന്നെ എല്ലാവരും സ്വായത്തമാക്കി.ഭക്ഷണ ശേഷം നമസ്കരിക്കാൻ അനുവാദം ചോദിച്ചപ്പോൾ അദ്ദേഹം കടയ്ക്ക് അകത്ത് തന്നെ അതിനുള്ള സൗകര്യവും ഒരുക്കിത്തന്നു.അങ്ങനെ സംതൃപ്തിയോടെ ഞങ്ങൾ ആകാശ് സിംഗിനോടും ഭാര്യയോടും യാത്ര പറഞ്ഞിറങ്ങി.

 ഭക്ഷണ ശേഷം ഞങ്ങൾ നേരെ നംഡ്രോളിങ് മൊണാസ്റ്ററിയിലേക്ക് വണ്ടി വിട്ടു.വിശാലമായ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തു (പാർക്കിംഗ് ഫീ 40 രൂപ വണ്ടി എടുത്തു പോകുമ്പോൾ ഈടാക്കിക്കൊള്ളും). മൊണാസ്ട്രിയിലേക്ക് കയറാൻ ഫീ ഒന്നും തന്നെയില്ല.രാവിലെ 9.00 മണി മുതല്‍ വൈകി‌ട്ട് 6.00 മണി  വരെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള പ്രവേശന സമയം.

ടിബറ്റിന് പുറത്ത് ഏറ്റവും കൂടുതൽ ടിബറ്റൻ ജനസംഖ്യയുള്ള രണ്ടാമത്തെ ഏറ്റവും വലുതും പഴയതുമായ ടിബറ്റൻ സെറ്റിൽമെന്‍റാണ് ബൈലക്കുപ്പെയിലെ നംഡ്രോളിങ് മൊണാസ്ട്രി എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ടെംപിള്‍. പത്മസംഭവ ബുദ്ധവിഹാരം എന്നാണ് ക്ഷേത്രത്തിന്റെ യഥാർത്ഥ നാമം. ഇവിടുത്തെ ടിബറ്റന്‍ കേന്ദ്രത്തില്‍ മാത്രം 43,000 ല്‍ അധികം ടിബറ്റുകാർ വസിക്കുന്നതായി പറയപ്പെടുന്നു.മറ്റേതോ നാട്ടിലെത്തിയ പോലെ നമുക്ക് അത് ശരിക്കും അനുഭവപ്പെടും. 

ക്ഷേത്രത്തിനകത്ത് ബുദ്ധൻ, പത്മസംഭവ, അമിതായുസ് എന്നിങ്ങനെ മൂന്ന് വലിയ സ്വർണ്ണ പ്രതിമകൾ ഉണ്ട്. ഓരോ പ്രതിമയ്ക്കും ഏകദേശം 40 അടി ഉയരമുണ്ട്.ക്ഷേത്രത്തിന്‍റെ എല്ലാ ഭാഗത്തും മനോഹരങ്ങളായ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും. ടിബറ്റൻ ബുദ്ധമത പുരാണങ്ങളെ ആണ് ചുവരുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.പ്രത്യേകതരം പ്രാര്‍ത്ഥനാ ചക്രങ്ങളും പ്രയര്‍ ഡ്രമ്മുകളും അതുപയോഗിക്കുന്ന സന്യാസിമാരും ക്ഷേത്രത്തിലുണ്ട്.
പ്രാർത്ഥനാ സമയത്ത് സന്ദർശകർ മൗനം പാലിക്കണം.കയ്യിലേന്തിയ ഒരു പ്രത്യേകതരം സാധനം കുലുക്കിയാണ് ബുദ്ധ ഭിക്ഷുക്കളുടെ പ്രാർത്ഥന.
ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങൾ ക്ഷേത്രത്തിനകത്തെയും പരിസരത്തെയും കാഴ്ചകൾക്കായി ചെലവഴിച്ചു.

വൈകിയാൽ റൂം ലഭിക്കാൻ പ്രയാസമാകും എന്ന് തോന്നിയതിനാൽ കുശാൽ നഗർ വിട്ട ഉടനെ ഞങ്ങൾ അത് തെരയാനും ആരംഭിച്ചു.അവസാനം നിസർഗധാമിന് തൊട്ടടുത്ത് മെയിൻ റോഡിൽ തന്നെ  തലശ്ശേരിക്കാരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ 1200 രൂപക്ക് ഡബിൾ റൂമും തരമായി.ലഗേജുകൾ റൂമിൽ ഇറക്കി വച്ച് ഒന്ന് ഫ്രഷായ ശേഷം ഞങ്ങൾ കാവേരി നിസർഗധാമിലേക്ക് നീങ്ങി.

(തുടരും...)

Wednesday, May 08, 2024

കുടകിലൂടെ - 1

കുടുംബത്തോടൊപ്പം ഓരോ യാത്രയും കഴിഞ്ഞ് തിരിച്ചെത്തി അതിന്റെ രസവും ഹരവും ഒക്കെ കൂടിയിരുന്ന് ചർച്ച ചെയ്തു കഴിയുമ്പോഴാണ് അടുത്ത യാത്രക്കുള്ള ഒരുൾവിളി മുഴങ്ങാറ്. മിക്കവാറും സ്ഥലം അടക്കം ആ പ്രചോദന സന്ദേശത്തിൽ ഉള്ളടക്കം ചെയ്തിരിക്കും.ഇല്ല എങ്കിൽ അടുത്ത സിറ്റിങ്ങിൽ അതിനും തീരുമാനമാകും.കശ്‍മീർ യാത്രയുടെ ഒന്നാം വാർഷികം പ്രമാണിച്ച് ഒരു ഏകദിന ഔട്ഡോർ താമസം എല്ലാവരും ആഗ്രഹിച്ചിരുന്നു.പക്ഷേ,എന്തൊക്കെയോ കാരണങ്ങളാൽ അത് നടക്കാതെ പോയതിനാൽ ഈ വർഷത്തെ യാത്രയിൽ അത് പരിഹരിക്കാം എന്ന് മനസ്സിൽ കരുതി.

സുഹൃത്തുക്കൾ പലരും ഒരു ദ്വിദിന യാത്രക്കുള്ള സ്ഥലം അന്വേഷിക്കുമ്പോൾ ഞാൻ നിർദ്ദേശിക്കാറുള്ള  ലൊക്കേഷനുകളിൽ ഒന്നാണ് കുശാൽ നഗർ വഴി മടിക്കേരി.കുടകിന്റെ സൗന്ദര്യമാണ് ഈ യാത്രയിലെ ആസ്വാദക ബിന്ദു.മാനന്തവാടിയിൽ കുടുംബ സമേതം താമസിച്ചിരുന്ന കാലത്ത് കുശാൽ നഗറിൽ പോയിരുന്നു എന്നതൊഴിച്ചാൽ ബാക്കി കാര്യങ്ങൾ എനിക്കും കേട്ടുകേൾവികൾ മാത്രമായിരുന്നു.മക്കളും കാണാത്ത സ്ഥലമായതിനാൽ ഇത്തവണ ഞങ്ങളുടെ യാത്ര അത് വഴിയാക്കാം എന്ന് തീരുമാനിച്ചു.

അങ്ങനെ സമയവും തരവും ഒത്ത് കിട്ടിയ ഒരു ദിവസം കാറിൽ ഞങ്ങൾ പുറപ്പെട്ടു.മാനന്തവാടിയിൽ പഴയ പരിചയക്കാരെയെല്ലാം സന്ദർശിച്ച് വൈകിട്ട് കാട്ടിക്കുളത്ത് റിസോർട്ട് എടുത്ത് താമസിക്കാം എന്നായിരുന്നു പദ്ധതി.കൂടെ പോരാൻ മൂന്നോ നാലോ ഫാമിലികളെ ക്ഷണിച്ചെങ്കിലും ആർക്കും സമയം ഒത്തില്ല.ആയത് ഒരു കണക്കിന് അനുഗ്രഹമായി.കാരണം, മാനന്തവാടിയിൽ എത്തിയാൽ എന്നെ മറ്റൊരിടത്തും താമസിക്കാൻ അനുവദിക്കാത്ത പവിത്രേട്ടൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല.എന്റെ പഴയ കോളേജിന്റെ നേരെ എതിർഭാഗത്തുള്ള അദ്ദേഹത്തിന്റെ പുതിയ ഹോസ്റ്റലിൽ ഞങ്ങൾക്ക് താമസ സൗകര്യമൊരുക്കി. ലിദു  മോന് അത് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.പിറ്റേന്ന് കാലത്ത് തന്നെ ഞങ്ങൾ മടിക്കേരി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. 

കാട്ടിക്കുളം കഴിഞ്ഞ് കുട്ട വരെയുള്ള യാത്ര ഏറെക്കുറെ മുഴുവനായും വനത്തിനുള്ളിലൂടെയാണ്. രാവിലെ ആയതിനാൽ മൃഗങ്ങളെ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.വാഹനങ്ങൾ കടന്നു പോകുന്ന വഴിയായതിനാൽ ഭയപ്പെടേണ്ട കാര്യവും ഇല്ലായിരുന്നു.അല്പം അധികം നേരത്തെ ഡ്രൈവിംഗിന് ശേഷം ഞാൻ പ്രതീക്ഷിച്ചപോലെ ആനയെ കണ്ടു.റോഡിനരിക് ചേർന്ന് കുറ്റിക്കാട് ഒടിച്ചെടുത്ത് വായിലേക്കിടുന്ന ആനയെ ശരിക്കും കാണാവുന്ന രൂപത്തിൽ തന്നെ ഞാൻ കാർ നിർത്തി.പെട്ടെന്ന് ആന റോഡിലേക്കിറങ്ങാൻ ഭാവിച്ചതോടെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.പക്ഷേ,പെട്ടെന്നുള്ള എടുക്കലിൽ വണ്ടി ഓഫായി!അടുത്ത സ്റ്റാർട്ടിംഗിൽ തന്നെ വണ്ടി ഞാൻ വേഗം മുന്നോട്ടെടുത്തു വിട്ടു. എല്ലാവരുടെയും ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയെങ്കിലും തൽക്കാലം രക്ഷപ്പെട്ടു.

കുട്ടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ആദ്യ സന്ദർശന കേന്ദ്രമായ ഇർപ്പ് വെള്ളച്ചാട്ടം (ഇരിപ്പ് വെള്ളച്ചാട്ടം) ലക്ഷ്യമാക്കി നീങ്ങി.ഇപ്പോൾ ഏഴു വയസ്സുകാരനായ ലിദു മോന് ഏഴ് മാസം പ്രായമുള്ള സമയത്തായിരുന്നു ഇതിന് മുമ്പ് ഞങ്ങൾ ഇർപ്പിൽ വന്നിരുന്നത് (ആ യാത്രയും ഇർപ്പിന്റെ ചരിത്രവും എല്ലാം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം-625).പ്രവേശന ഫീസ് ഇപ്പോഴും അമ്പത് രൂപയാണ്.പന്ത്രണ്ട് വയസ്സിന് മുകളിൽ ഉള്ളവർക്കേ ടിക്കറ്റ് എടുക്കേണ്ടതുള്ളൂ.പാർക്കിംഗ് ഫീ ഇത്തവണ വാങ്ങിയില്ല.

ശ്രീ രാ‍മേശ്വര ക്ഷേത്രത്തിന്റെ പ്രവേശന കവാടവും കടന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങി.വഴിയിലെ കാഴ്ചകൾ ക്യാമറയിലും മനസ്സിലും പകർത്തി ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി.

മുൻ സന്ദർശനങ്ങളിലെല്ലാം ഇവിടെ കുളിക്കാൻ സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ വെള്ളച്ചാട്ടത്തിന്റെ നേരെ താഴേക്കുള്ള വഴി കെട്ടി അടച്ചിരിക്കുന്നു. അവിടെ കുളിക്കാൻ പറ്റില്ല.വെള്ളം ഒലിച്ചു പോകുന്ന ഭാഗത്ത് വേണമെങ്കിൽ കുളിക്കാം.ഏകദേശം ഒരു മണിക്കൂർ കാനന ഭംഗിയും വെള്ളച്ചാട്ടത്തിന്റെ സംഗീതവും ആസ്വദിച്ച ശേഷം ഞങ്ങൾ തിരിച്ചിറങ്ങി.
                                                            പഴയ ഒരു ഓർമ്മയ്ക്ക്

(തുടരും...)

Tuesday, May 07, 2024

നീന്തൽ

ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരായതിനാൽ എൻറെ തലമുറ വരെയുള്ള എന്റെ കുടുംബത്തിൽപ്പെട്ട ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എല്ലാം നീന്തൽ അറിയാമായിരുന്നു.മിക്കവാറും എല്ലാവരും പുഴയിൽ പോയി കുളിച്ചതിന്റെയും അവധി ദിവസങ്ങളിൽ പുഴയിൽ ചാടി തിമർത്തതിന്റെയും അനന്തരഫലമായിരിക്കാം ഒരു പക്ഷേ, ഞങ്ങളറിയാതെ ആ നൈപുണ്യം ഞങ്ങളിൽ വന്നു ചേർന്നത്.

വേനലവധിക്കാലത്ത് ബാപ്പയുടെ നാടായ പേരാമ്പ്ര നൊച്ചാട് നിന്ന് മൂത്താപ്പയുടെ മക്കളും അമ്മായിയുടെ മക്കളും വിരുന്നു വരുന്ന സമയത്ത് അവർ ആവശ്യപ്പെടാറുള്ളതും നീന്തൽ പഠിപ്പിച്ച് തരണം എന്നാണ്.പക്ഷേ,മൂന്നോ നാലോ ദിവസം മാത്രം താമസിക്കുന്നതിനിടക്ക് പഠിക്കാൻ പറ്റുന്ന ഒരു കാര്യമല്ല നീന്തൽ എന്ന് പുഴയിലിറങ്ങുന്നതോടെ അവർക്കും മനസ്സിലാകും.ആയതിനാൽ കിട്ടുന്ന ദിവസം മൂക്കുപൊത്തിപ്പിടിച്ച് വെള്ളത്തിൽ മുങ്ങി അർമാദിക്കാനേ പിന്നെ ശ്രമിക്കാറുള്ളൂ.

എന്റെ തലമുറക്ക് ശേഷം പുഴയിൽ ബണ്ട് വന്നു. വെള്ളമൊഴുക്ക് നിലക്കുകയും പുഴയിൽ നിന്ന് മണൽ വാരിയതിന്റെ ഫലമായി വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.പുഴയിൽ മാലിന്യങ്ങൾ തള്ളാൻ കൂടി തുടങ്ങിയതോടെ വെള്ളം മലിനമായി.കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ പോയി കുളിക്കാൻ ഞങ്ങളുടെ പഴയ തലമുറ ഇഷ്ടപ്പെട്ടില്ല.സ്വാഭാവികമായും പുതിയ തലമുറക്ക് പുഴയിൽ നിന്ന് കുളിക്കാനുള്ള അവസരം അന്യമായി.അതോടെ നീന്തൽ എന്ന കല സ്വായത്തമാക്കാനുള്ള അവസരവും നഷ്ടമായി. 

വിരുന്ന് പോയിടത്ത് നിന്ന് പുഴയിൽ ഇറങ്ങി അപകടത്തിൽ പെടുന്നത്, പുതിയ നൂറ്റാണ്ടിന്റെ പിറവിയോടെ ഒരു സ്ഥിരം വാർത്തയായി മാറിക്കഴിഞ്ഞിരുന്നു.വെള്ളത്തിൽ വീണാൽ അല്പനേരമെങ്കിലും പിടിച്ചു നിൽക്കാൻ പുതിയ തലമുറക്ക് വശമില്ലാത്തതിന്റെ ഫലമായിരുന്നു ഇതിൽ പലതിനും കാരണം.നീന്തൽ പരിശീലിക്കാൻ സൗകര്യം ലഭിക്കാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടി.നീന്തൽ ഒരു പൊതുതാത്പര്യ വിഷയമല്ലാത്തതിനാൽ സൗകര്യം ഒരുക്കാൻ ആരും പ്രത്യേക താല്പര്യം കാണിച്ചതുമില്ല.

മക്കൾ വലുതായിക്കഴിഞ്ഞപ്പോഴാണ് എന്റെ ശ്രദ്ധയിൽ നിന്നും ഇക്കാര്യം വിട്ടുപോയ വിവരം ഞാൻ തിരിച്ചറിഞ്ഞത്.പതിനെട്ട് തികഞ്ഞ മൂത്ത രണ്ട് പേരും ഡ്രൈവിംഗ് പരിശീലനത്തിന് തിരിഞ്ഞപ്പോഴാണ് ചെറുത് രണ്ടെണ്ണത്തിനെ നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാമെന്ന് തോന്നിയത്. അനിയന്റെ മക്കൾ കഴിഞ്ഞ വർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സമ്മർ ക്യാംപിൽ പരിശീലനത്തിന് പോയിരുന്നതിനാൽ ഫീസ് കൊടുത്തായാലും ഇത്തവണ പരിശീലനത്തിന് ചേർക്കണം എന്ന് ഞാൻ ഉറപ്പിച്ചു.

അങ്ങനെ ഇക്കഴിഞ്ഞ ദിവസം 2250 രൂപ (+18% GST ) വീതം ഫീസടച്ച് ഇരുപത് ദിവസത്തെ പരിശീലനത്തിന് മക്കളെ ചേർത്തി.മെയ് ആറു മുതൽ പരിശീലനം ആരംഭിച്ചു.പ്രാഥമിക പരിശീലനം കിട്ടിക്കഴിഞ്ഞാൽ ഇനി വെള്ളത്തിൽ ഇറങ്ങുമ്പോൾ അവർ നീന്താൻ ശ്രമിക്കും എന്നത് തീർച്ചയാണ്.

ഞാൻ പതിനെട്ടാം വയസ്സിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്ന് കേട്ടതെങ്കിൽ മക്കൾ എട്ടാം വയസ്സിൽ തന്നെ അതിനകത്ത് പ്രവേശിച്ചു കഴിഞ്ഞു. കാലത്തിന്റെ ചില വികൃതികൾ, അല്ലാതെന്താ?



Monday, May 06, 2024

ചന്ദന മരങ്ങൾ

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അത് വായിക്കേണ്ട പ്രായത്തിൽ തന്നെ ഞാൻ വായിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ. 'നീർമാതളം പൂത്തകാല'വും വായന കഴിഞ്ഞതാണ് എന്നാണ് എന്റെ ഓർമ്മ. മാധവിക്കുട്ടിയുടെ എഴുത്തിൽ പുരുഷൻ വായിക്കാനോ കേൾക്കാനോ അനുഭവിക്കാനോ ഇഷ്ടപ്പെടുന്ന സ്ത്രൈണതയുടെ ചില തുറന്നെഴുത്തുകൾ ഉണ്ടാകാറുണ്ട് എന്നതാണ് പലരെയും അവരുടെ കൃതികളിലേക്ക് അടുപ്പിക്കുന്നത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

വർഷങ്ങൾക്ക് ശേഷം തികച്ചും അപ്രതീക്ഷിതമായി ഞാൻ വായനക്കെടുത്ത പുസ്തകമായിരുന്നു 'ചന്ദന മരങ്ങൾ'.നോവലിന്റെ ഉള്ളടക്കത്തെപ്പറ്റി മുൻ ബോധ്യം ഇല്ലായിരുന്നെങ്കിലും വായിച്ച ശേഷം ഇതും വിവാദമായ ഒരു കൃതിയായിരുന്നോ എന്നൊരു സംശയം എന്റെ ഉള്ളിലുണ്ടായി.അരീക്കോട് നിന്നും കോഴിക്കോട്ടേക്കുള്ള ബസ് യാത്രയിൽ, അമ്പത് മിനുട്ട് കൊണ്ട് ഞാൻ ഈ കൃതിയുടെ വായന പൂർത്തിയാക്കി.

കല്യാണിക്കുട്ടിയും ഷീലയും തമ്മിലുള്ള ലെസ്ബിയൻ  പ്രണയമാണ് നോവലിന്റെ ഇതിവൃത്തം. ഡോക്ടറും വിവാഹിതയും ആയ ശേഷവും കല്യാണിക്കുട്ടിക്ക് ഷീലയോട് തോന്നുന്ന പ്രണയവും അതിന് വേണ്ടി സ്വന്തം ദാമ്പത്യ ജീവിതത്തിലും ഷീലയുടെ ദാമ്പത്യ ജീവിതത്തിലും വിള്ളൽ വീഴ്ത്തുന്നതും വായനക്കാരനെ പുസ്തകത്തോടൊപ്പം തന്നെ കൊണ്ടുപോകും.

“ഞാൻ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്ര നേരം ഞാൻ ജീവച്ഛവമെന്ന പോൽ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനു ശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി“ ലെസ്ബിയൻ പ്രണയത്തിലെ കാമകേളി അതിരുവിടാതെ, എന്നാൽ സത്ത ചോരാതെയും ഇങ്ങനെ അവതരിപ്പിക്കാൻ മാധവിക്കുട്ടിക്ക് മാത്രമേ സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്.ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വര കൂടിയായപ്പോൾ ആ രംഗം വായനക്കാരന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.

ലെസ്ബിയൻ പ്രണയത്തോടൊപ്പം തന്നെ ഭാര്യാ ഭര്‍ത്താക്കന്മാരുടെ ജീവിതത്തിലെ ചില സങ്കീര്‍ണതകള്‍ കൂടി ഇത് വായിക്കുമ്പോൾ വ്യക്തമാകും.സുധാകരൻ എന്ന സുമുഖനെ കാരണമില്ലാതെ ഒഴിവാക്കി ആസ്‌ത്രേലിയയിലേക്ക് പോകുന്ന ഡോ.കല്യാണിക്കുട്ടി പുനർ വിവാഹം കഴിച്ച് വിധവയായ ശേഷം വീണ്ടും, മറ്റൊരു സ്ത്രീയുടെ ഭർത്താവായ സുധാകരനെ ജീവിത പങ്കാളിയാക്കാൻ ശ്രമിക്കുന്നതും ഡോ.ഷീല അതിന് ഒത്താശ ചെയ്തു കൊടുക്കുന്നതും രണ്ട് പേരുടെയും ദാമ്പത്യ ജീവിതത്തിലെ ചില കരടുകളുടെ ഫലമായിട്ടായിരിക്കാം. അവസാനം ഒരു ചുംബനം കൊതിച്ച ഷീലയ്ക്ക് അത് കിട്ടാതെയാകുമ്പോഴും സുധാകരനില്ലാതെ കല്യാണിക്കുട്ടി ആസ്‌ത്രേലിയയിലേക്ക് തിരിച്ച് പോകുമ്പോഴും രണ്ട് വഞ്ചകർക്കും കിട്ടേണ്ടത് കിട്ടി എന്ന ആശ്വാസവും വായനക്കാർക്ക് കിട്ടും.

പുരുഷനും സ്ത്രീയും തമ്മിലുള്ളത് മാത്രമാണ് പ്രണയം എന്നും സ്വവർഗ്ഗലൈംഗികത ഹീനമാണെന്നും കരുതിയിരുന്ന ഒരു കാലത്ത് എഴുതിയ ഈ നോവൽ വായിക്കുമ്പോൾ അന്നത്തെ വായനക്കാരൻ എങ്ങനെയാണ് ഇതിനെ സ്വീകരിച്ചിരിക്കുക എന്നത് ഒരു സമസ്യ തന്നെയാണ്.ഒറ്റ ഇരുപ്പിന് ആർക്കും വായിച്ച് തീർക്കാവുന്ന ഒരു കൃതിയാണ് 'ചന്ദന മരങ്ങൾ'.

പുസ്തകം : ചന്ദന മരങ്ങൾ
രചയിതാവ്: മാധവിക്കുട്ടി
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 62
വില: 60 രൂപ


Monday, April 29, 2024

എതിര്

 പുസ്തക ശേഖരണം എൻ്റെ ഒരു ഹോബിയാണ്. ഒരു കാലത്ത് പുസ്തക വായന ഹോബിയായിരുന്നതായിരിക്കാം ഈ പുതിയ ഹോബിക്ക് കാരണം. ഇങ്ങനെ ശേഖരിച്ച പുസ്തകങ്ങൾ എൻ്റെ വായനാ മേശയിൽ എത്താൻ പലപ്പോഴും ഏറെ താമസിക്കാറുണ്ട്. എന്നാൽ ഈ വർഷം അതിനും ഒരു അറുതി വരുത്താൻ ആഗ്രഹമുള്ളതിനാൽ ഓരോ മാസവും ഇത്ര പുസ്തകം വായിച്ചു തീർക്കണം എന്ന് സ്വയം തീരുമാനമെടുക്കുകയും ചെയ്തു.

എൻ്റെ സ്വഭാവ വിശേഷങ്ങൾ അറിയുന്നത് കൊണ്ടാണോ എന്ന് നിശ്ചയമില്ല, എൻ്റെ സ്വന്തം കോളേജിൻ്റെ എൻ. എസ്. എസ് സപ്തദിന ക്യാമ്പിൽ ഒരു മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്ത എനിക്ക് മെമൻ്റോ ആയി കിട്ടിയത് ഒരു പുസ്തകമായിരുന്നു.

2023 ഡിസംബർ 4 ന് മിക്ക വാട്സാപ്പ് ഗ്രൂപ്പുകളിലും നിറഞ്ഞ് നിന്ന ഒരു സന്ദേശമുണ്ടായിരുന്നു.
"പതിനാലു വയസ്സുള്ളപ്പഴാണ് , വീടിനടുത്തുള്ള ഒരു ജൻമിയുടെ വീട്ടിൽ കഞ്ഞിക്ക് ചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ച് തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചു മാറ്റി. " 

സ്വാതന്ത്യം കിട്ടി പതിനഞ്ച് വർഷം പിന്നിട്ട ശേഷം പ്രബുദ്ധ കേരളത്തിൽ നടന്ന ഒരു സംഭവമാണിത്. ഇതിൻ്റെ തുടർച്ചയായി ഇത്തരം നിരവധി അനുഭവങ്ങൾ ആ സന്ദേശത്തിൽ പറയുന്നുണ്ട്. അവസാനം ഒരു കുറിപ്പും. ഇന്നലെ അന്തരിച്ച എം. കുഞ്ഞാമൻ്റെ 'എതിര് ' എന്ന കൃതിയിൽ നിന്ന്.

ഹൈസ്കൂൾ ക്ലാസിൽ ഏതിലോ മലയാളം ബി ആയി അംബേദ്കറുടെ ജീവചരിത്രം പഠിച്ചതാണ്  അപ്പോൾ പെട്ടെന്ന് എൻ്റെ ഓർമ്മയിൽ വന്നത്. അംബേദ്കർ ഈ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി വിജയിച്ചെങ്കിലും ദളിത് സമൂഹത്തിലെ പലരും ഇന്നും ഇവ അനുഭവിക്കുന്നു എന്നറിയുമ്പോൾ മനസ്സ് നൊന്തു.

 ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം എന്ന ടാഗ് ലൈനോടെയുള്ള പ്രസ്തുത പുസ്തകം വാങ്ങി വായിക്കണം എന്ന് എന്നെ ഉത്ബോധിപ്പിച്ചത് മേൽപറഞ്ഞ ആ വാട്സാപ്പ് സന്ദേശമായിരുന്നു.വീട്ടിലെത്തി, എൻ.എസ്.എസ് ക്യാമ്പിൽ നിന്ന് കിട്ടിയ പൊതി തുറന്നു നോക്കിയപ്പോൾ 'എതിര്' എന്ന കൃതിയായിരുന്നു അതിനകത്ത് . 

പുസ്തകത്തിലെ ആദ്യത്തെ അഞ്ചാറ് അദ്ധ്യായങ്ങൾ കുഞ്ഞാമൻ എന്ന് ദളിത് പ്രൊഫസർ ചെറുപ്പം മുതൽ അനുഭവിക്കുന്ന വിവേചനങ്ങളുടെയും ജാതീയതുടെയും നേർക്കാഴ്ചകളാണ്. യൂണി.സിറ്റി അദ്ധ്യാപകനായിരിക്കുമ്പോഴും ഈ ജാതിമേൽക്കോയ്മയിൽ നിസ്സഹായനായിപ്പോകുന്ന പ്രൊഫസർ ജോലി രാജിവച്ച് മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോകേണ്ടി വരെ വരുന്നു എന്നത് ജാതിക്കോമരങ്ങളുടെ കലി തുള്ളലിൻ്റെ ശക്തി അറിയിക്കുന്നു. പുസ്തകം പകുതി പിന്നിടുമ്പോഴേക്കും തികച്ചും ദാർശനികമായ ചിന്തകളും കാഴ്ചപ്പാടുകളും പ്രതിപാദ്യ വിഷയമായി മാറുന്നത് വായനക്കാരൻ ഒരു പക്ഷെ അറിയില്ല. ഇടതുപക്ഷ സഹയാത്രികനായിരുന്ന കുഞ്ഞാമൻ ഈ പുസ്തകത്തിൻ്റെ അവസാനമെത്തുമ്പോഴേക്കും പറഞ്ഞു വയ്ക്കുന്നത് മൂല്യച്യുതി സംഭവിച്ച ഇടതുപക്ഷത്തിന് ഇനി തിരിച്ചു വരവില്ല എന്നാണ്. 

എന്നെക്കാൾ പ്രായം കൂടിയവരുടെ പേര് എഴുതുമ്പോൾ ഞാൻ ശ്രീ എന്ന പദം ഉപയോഗിക്കാറുണ്ട്. ആരെയും ബഹുമാനിക്കാത്ത, സ്വയം ബഹുമാനം ഇഷ്ടപ്പെടാത്ത കുഞ്ഞാമൻ്റെ പേരിന് മുന്നിൽ ഞാൻ ആ പദം പ്രയോഗിക്കാത്തത്, അദ്ദേഹത്തോടുള്ള അനാദരവ് ആകും എന്ന് കരുതിയാണ്.ഒറ്റ ഇരുപ്പിന് ഈ പുസ്തകം വായിച്ചു തീർക്കാൻ എനിക്ക് തോന്നിയില്ല. എങ്കിലും, ജീവിതത്തിൻ്റെ നിലയും വിലയും അറിയണമെങ്കിൽ ഇത്തരം കൃതികൾ വായിക്കണം എന്നാണ് എന്റെ അഭിപ്രായം.

പുസ്തകം : എതിര്
രചയിതാവ്: എം. കുഞ്ഞാമൻ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 160
വില: 220 രൂപ

Friday, April 26, 2024

നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്

 "പിന്നേയ് .... എല്ലാം നല്ല ഓർമ്മയുണ്ടല്ലോ അല്ലേ?" ഇലക്ഷൻ ഡ്യൂട്ടിക്ക് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഭാര്യയുടെ ചോദ്യം വന്നു.

"എല്ലാം സെറ്റാ..." അവൾക്കും എനിക്കും മന:സമാധാനം കിട്ടാനായി ഞാൻ പറഞ്ഞു.

"കഴിഞ്ഞ തവണത്തെ പോലെ ബാഗിൽ ആരുടേതെങ്കിലുമൊക്കെ കുത്തിത്തിരുകി കൊണ്ടു വന്നാലുണ്ടല്ലോ....."

"ഏയ്.... ഇത്തവണ ബാഗ് നിലത്ത് വയ്ക്കുന്ന പ്രശ്നമില്ല ..."

"ഫോം 14 എ എന്തിനാന്ന് പഠിച്ചിരുന്നോ?"

ഭാര്യയുടെ പെട്ടെന്നുള്ള ചോദ്യം എന്നെ ഒന്ന് അങ്കലാപ്പിലാക്കി. 

"അല്ലെങ്കിലും അണ്ടർവെയർ  മാറിയത് പോലുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ എവിടെയും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഇവൾ ഈ ചോദ്യം ചോദിച്ചത്?" ഞാൻ ആലോചിച്ചു.

"14 A ഇസ് വൺ ഓഫ് ദ ഇമ്പോർട്ടൻ്റ് ഫോം വിച്ച് ഇസ് യൂസ്ഡ് ഫോർ റിക്കാർഡിംഗ് ദ ഡീറ്റയിൽസ് ഓഫ് കമ്പാനിയൻ വോട്ടേഴ്സ്" ക്ലാസിൽ കേട്ട നിർവ്വചനം കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞ് തീർന്നപ്പോഴേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു.

* * * * *
"ഹലോ... സ്കൂളിൽ എത്തിയോ?" ഉച്ചക്ക് ശേഷം ഭാര്യയുടെ വിളി വന്നു.

"ആ... എത്തി...." 

"പരിസരം ഒക്കെ ഒന്ന് നിരീക്ഷിച്ചോളൂ ട്ടോ... വല്ല അബദ്ധവും ചെയ്ത് സസ്പെൻഷൻ ഓർഡറുമായി ഇങ്ങോട്ട് വരണ്ട..." 

"ങാ ... ങാ.... അതൊക്കെ ഞാനേറ്റു. വേണമെങ്കിൽ വെടി വയ്ക്കാൻ ഓർഡറിടാനുള്ള അധികാരമാ തന്നത് ..."

"ആരാ വെടി വയ്ക്കാ?"

"അത് പിന്നെ ഞാനല്ല... പോലീസ് ആയിരിക്കും....."  

"അതിന് അവരുടെ അടുത്ത് തോക്കുണ്ടോ?"
"ഓ.... അത് ഞാൻ നോക്കിയില്ല "

"അതാ... പറഞ്ഞത് എല്ലാം ശ്രദ്ധിയ്ക്കണം ന്ന് ... സസ്പെൻഷൻ ഓർഡറുമായി ഇങ്ങോട്ട് വരണ്ട..." 

'യാ കുദാ... ഇതിപ്പോ വല്ല്യ പൊല്ലാപ്പായല്ലോ പടച്ചോനേ' ഫോൺ കട്ട് ചെയ്ത ഞാൻ ആത്മഗതം ചെയ്തു.

"ടീച്ചറേ... ഒന്നിവിടെ വാ.." ഞാൻ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജ്യോതി ടീച്ചറെ വിളിച്ചു. ജ്യോതി ടീച്ചറും അകമ്പടിയായി സെക്കന്റ് പോളിംഗ് ഓഫീസർ ജിഷി ടീച്ചറും എൻ്റെ മുന്നിലെത്തി.

"ഞാൻ ഒരാളെയല്ലേ വിളിച്ചൊള്ളൂ... രണ്ടാളുടെയും പേര് ജ്യോതി എന്നാണോ?"

"അല്ല... അടുത്ത തെരഞ്ഞെടുപ്പിൽ ഞാനും ഫസ്റ്റ് പോളിംഗ് ഓഫീസറാകും... അപ്പോഴേക്കും കാര്യങ്ങൾ എന്താണെന്ന് പഠിക്കാൻ വേണ്ടിയാ.." അകമ്പടി വന്നയാൾ പറഞ്ഞു.

"ആ... വളരെ നല്ലത് ... പിന്നെ, ടീച്ചർ ഒന്ന് ബൂത്ത് മൊത്തം നിരീക്ഷണം നടത്തിയിട്ട് വല്ല ചിഹ്നങ്ങളും എവിടെയെങ്കിലും ഒക്കെ ഉണ്ടോന്ന് നോക്കണേ... ഞാനപ്പഴേക്കും ഈ പേപ്പർ വർക്കുകളും ആപ്പിലെ കാര്യങ്ങളും റെഡിയാക്കട്ടെ..." 

"ഓ ശരി...." 

ഫസ്റ്റ് പോളിംഗ് ഓഫീസറും സെക്കൻ്റ് പോളിംഗ് ഓഫീസറും കൂടി പുറത്തേക്കിറങ്ങി. മൂലയിൽ ചാരിവച്ച ചൂലാണ് ആദ്യം അവരുടെ ശ്രദ്ധയിൽ പെട്ടത്. 

"ടീച്ചറെ, ഈ ചൂല് ?" സെക്കൻ്റ് ഫസ്റ്റിനോട് ചോദിച്ചു.

"ചൂല് ഒരു ചിഹ്നമാണ്, പക്ഷെ ഇവിടെ ചിഹ്നമല്ല "

"അപ്പോ മാറ്റണോ ?"

"നമുക്ക് പ്രിസൈഡിംഗ് ഓഫീസറോട് ചോദിക്കാം..." ജ്യോതി ടീച്ചർ പറഞ്ഞു.

"സാറേ ... മൂലയിലെ ചൂല് മാറ്റണോ ?" 

അവർ വിളിച്ചു ചോദിച്ചത് ഞാൻ കേട്ട ഭാവം പോലും നടിച്ചില്ല. അവർ അടുത്ത സ്ഥലത്തേക്ക് നീങ്ങി.

"ഹായ് ... ഒരു കുളം ... അതാ കുളത്തിൽ ഒരു താമര .... "

"ടീച്ചറേ... പറിക്ക് ... താമര ചിഹ്നമാ.."

"പറിച്ചിട്ട് എന്ത് ചെയ്യും.."

"ബാഗിൽ കൊണ്ടു വയ്ക്കാം... നാളെ വീട്ടിൽ കൊണ്ടു പോകാം.."

"ങാ... നന്നായി... ബൂത്തിന് പുറത്തുള്ള ചിഹ്നം പറിച്ച് ബൂത്തിനകത്ത് കൊണ്ടുപോയി വച്ചത് വല്ലവരും കണ്ടാൽ....... "

"ങാ.... അത് ശരിയാ.."

"കുളത്തിനടുത്ത് ഒരു ആനയെ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ... ദേ... മുകളിലേക്ക് കയറാൻ ഒരു ഏണി പെർമനൻ്റ് ലി ഫിറ്റഡ്... തൊട്ടടുത്തുള്ള ആ മരത്തിൽ രണ്ടിലകളുടെ സമ്മേളനവും..... എല്ലാം ചിഹ്നങ്ങളാ..."

"അതെ... നമുക്ക് പ്രിസൈഡിംഗ് ഓഫീസറെ വിളിക്കാം.."

"സാർ... ഓടി വാ... " ടീച്ചർമാരുടെ ഉച്ചത്തിലുള്ള വിളികേട്ട് വല്ല അത്യാഹിതവും സംഭവിച്ചോ എന്ന് ഞാൻ ഭയന്നു.

"എന്താ.. എന്താ പ്രശ്നം?"

"ഇവിടെ മുഴുവൻ ചിഹ്നങ്ങളാ..."

"ങേ! എല്ലാം വലിച്ച് കീറിക്കോ.." ഞാൻ വിളിച്ച് പറഞ്ഞു.

"ഇത് കീറണെങ്കി സാർ ഒരു ജെ.സി.ബി വിളിച്ചോ.... അല്ലാതെ നടക്കില്ല .."

"ങേ!! അതെന്താ ?"

"സാർ വന്ന് നോക്ക്... അപ്പോളറിയാം .."

'ഈ ടീച്ചർമാരെക്കൊണ്ട് തോറ്റു' ; പിറുപിറുത്ത് കൊണ്ട്, ചെയ്തു കൊണ്ടിരുന്ന പണി നിർത്തി വച്ച് ഞാൻ പുറത്തേക്കിറങ്ങി. ടീച്ചർമാർ പറഞ്ഞത് ശരി തന്നെ. 

"ശ്രീജിത്തേ.." ഞാൻ മൂന്നാം പോളിംഗ് ഓഫീസറെ വിളിച്ചു.

"യെസ്... സർ... ടീച്ചർമാർ പറഞ്ഞത് ഞാൻ കേട്ടു. നമുക്ക് സെക്ടർ ഓഫീസറെ വിളിച്ച് പറയാം..'' ശ്രീജിത്ത് പറഞ്ഞു.

"എന്ത്? "

"ജെ. സി. ബി കൊണ്ടുവരാൻ ..."

"ഏയ്.. അതിൻ്റെ ഒന്നും ആവശ്യമില്ല... ഇതൊക്കെ വളരെ ടാക്ടിക് ആയി കൈകാര്യം ചെയ്യണം.."

"ടാക്ടിക് എനിക്കറിയില്ല...ടിക് ടോക് ആണെങ്കി ഞാൻ ഇപ്പോ ശരിയാക്കി തരാം.."

"ശ്ശൊ... ഈ ന്യൂ ജെൻ ൻ്റെ ഒരു കാര്യം... വാ.... നമുക്ക് ആ ക്ലാസിലെ മറ ഇങ്ങ് പിടിച്ചിടാം.."

ഞാനും ശ്രീജിത്തും കൂടി ക്ലാസുകളെ വേർതിരിക്കുന്ന രണ്ട് മറകൾ പുറത്തേക്ക് പിടിച്ചിട്ടു. ശേഷം അതിൽ ഒരു പോസ്റ്ററും ഒട്ടിച്ചു 'നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ് !''

ആ വഴി പിന്നെ ആരും പോയതായി ഞാൻ കണ്ടില്ല.

Wednesday, April 24, 2024

വയനാട്ടിലെ ത്രികോണ മത്സരം

2019 ഏപ്രിൽ 23 നായിരുന്നു പതിനേഴാം ലോക സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ വോട്ടർമാരുടെ സമ്മതിദാനം രേഖപ്പെടുത്താനുള്ള ദിനം. നെഹ്രു കുടുംബത്തിൻ്റെ സ്ഥിരം സീറ്റായ ഉത്തർ പ്രദേശിലെ അമേഠിക്ക് പുറമെ മറ്റൊരു സീറ്റായി രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തതോടെ ദേശീയ ശ്രദ്ധയും നേതാക്കളും ഞങ്ങളുടെ നാട്ടിലും എത്തിയ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. എൻ്റെ മൂത്ത മകൾ ലുലു കന്നിവോട്ട് രേഖപ്പെടുത്തിയ പ്രസ്തുത തെരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടി ഇല്ലാത്തതിനാൽ ഞാനും ഏറെക്കാലത്തിന് ശേഷം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തി.

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം വന്നപ്പോൾ സ്വാഭാവികമായും രാഹുൽ ഗാന്ധിയുടെ പുതിയ മണ്ഡലം ഏത് എന്നതായിരുന്നു ഞാൻ നോക്കിയത്. അന്തിമ ലിസ്റ്റ് വന്നപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ എന്ന് കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ അതിനും മുമ്പ് തന്നെ ഇടതുപക്ഷം അവരുടെ സ്ഥാനാർത്ഥിയായി സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ പത്നി സ. ആനി രാജയെ തീരുമാനിച്ചിരുന്നതിനാൽ രണ്ട് ദേശീയ നേതാക്കളുടെ പരസ്പര പോരാട്ടം കൊണ്ട് വയനാട് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യുടെ സ്ഥാനാർത്ഥിയായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കൂടി രംഗപ്രവേശം ചെയ്തതോടെ മത്സരചിത്രം പൂർത്തിയായി.

എൻ്റെ രണ്ടാമത്തെ മകൾ ലുഅക്ക് കന്നി വോട്ടിനുള്ള അവസരം വന്നത് ഈ ഇലക്ഷനിലായിരുന്നു. പക്ഷെ, ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണി:സിറ്റിയുടെ പി.ജി. പ്രവേശന  പരീക്ഷ എഴുതാൻ ഇന്ന് ഡൽഹിയിലേക്ക് തിരിച്ചതിനാൽ അവൾക്ക് കന്നി വോട്ട് രേഖപ്പെടുത്താൻ ഇനിയും കാത്തിരിക്കണം. എൻ്റെ ഇലക്ഷൻ ഡ്യൂട്ടി നേരത്തെ കഴിഞ്ഞതിനാൽ ഇത്തവണയും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Monday, April 22, 2024

ആ സ്ത്രീ ഞാൻ തന്നെയാ ...

ഇത്തവണത്തെ ഇലക്ഷൻ ഡ്യൂട്ടി പ്രതീക്ഷിച്ചതിലും അപ്പുറമുള്ള അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.നാട്ടിൻപുറത്തിന്റെ നന്മ ആവോളം ആസ്വദിക്കാനും ചില ജീവിതങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ടറിയാനും കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക്ക് അടുത്ത് നൻമണ്ട വില്ലേജിലെ വിവിധ വീടുകളിൽ കയറിയിറങ്ങിയുള്ള വോട്ട് ചെയ്യിപ്പിക്കലിലൂടെ സാധ്യമായി.

അതിനും പുറമെ ഡ്രൈവർ ഷാജിയേട്ടൻ്റെ തള്ളുകളും സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തിൻ്റെ കൗണ്ടറുകളും മൈക്രോ ഒബ്സർവർ ഡോ.സുനിതയുടെ നിരീക്ഷണങ്ങളും പോളിംഗ് ഓഫീസർ ഷബീന ടീച്ചറുടെ ഉപദേശങ്ങളും വീഡിയോ ഗ്രാഫർ അലി മുസാഫിറിൻ്റെ ക്യാമറക്കണ്ണുകളും കൂടി അഞ്ച് ദിവസം മാത്രമുള്ള കൂട്ടുകെട്ടിനെ ഒരായുസ്സിൻ്റെ നീളമുള്ളതാക്കി മാറ്റി.

അങ്ങനെ ഞങ്ങളുടെ ഫുൾ ടീം ബി.എൽ. ഒ കാണിച്ച് തന്ന ഒരു വീട്ടിലെത്തി. സ്പെഷ്യൽ പോളിംഗ് ഓഫീസറായ ഞാൻ വോട്ടറെ തിരിച്ചറിഞ്ഞ ശേഷം രജിസ്റ്ററിൽ വിവരങ്ങൾ പകർത്തി. വോട്ടർക്ക് നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ സഹായിയായി മകളാണ് വോട്ട് ചെയ്യുന്നത് എന്ന് അവർ അറിയിച്ചു. സഹായിയുടെ വിവരങ്ങളും രേഖപ്പെടുത്തി. ശേഷം വോട്ട് ചെയ്യേണ്ട രീതി ഞാൻ അവർക്ക് വിശദീകരിച്ച് കൊടുത്ത ശേഷം ബാലറ്റും കൈമാറി. വീഡിയോ എടുക്കാനുണ്ടെന്നും ഞാനവിടെ നിന്നും മാറിയിട്ടേ വോട്ട് ചെയ്യാവൂ എന്നും ഞാൻ പറഞ്ഞു.

"ങാ... എങ്കിൽ രണ്ട് മിനുട്ട് ..... " വോട്ടർ പറഞ്ഞു. 

ബൂത്തിനകത്ത് ബാലറ്റ് വച്ച് അവർ അകത്തേക്ക് പോയി. രണ്ട് രൂപയുടെ പേന കൊണ്ട് വോട്ട് ചെയ്യാൻ ഇഷ്ടമില്ലാത്തതിനാൽ  നല്ല പേന എടുക്കാൻ പോയതാണെന്നായിരുന്നു ഞാൻ ധരിച്ചത്.
അഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനാൽ ഞങ്ങൾ അസ്വസ്ഥരായി.

"നിങ്ങൾ എങ്ങോട്ടാ പോയേ ?" ഷബീന ടീച്ചർ അകത്തേക്ക് വിളിച്ച് ചോദിച്ചു.

"ദേ... ഇപ്പോ വരാം...." അകത്ത് നിന്നും മറുപടി വന്നു.

അഞ്ച് മിനുട്ട് കൂടി കഴിഞ്ഞപ്പോൾ പൗഡറിട്ട് മിനുക്കിയ മുഖവും നന്നായി കോതി ഒതുക്കി വച്ച മുടിയുമായി ചുരിദാറിട്ട ഒരു സ്ത്രീ അകത്ത് നിന്നും ഇറങ്ങി വന്നു.

"വോട്ട് ചെയ്യാം എന്ന് പറഞ്ഞ ഒരു സ്ത്രീ അകത്തേക്ക് കയറിയിരുന്നു. അവരോട്  ഒന്നിങ്ങോട്ട് ഇറങ്ങി വരാൻ പറയാമോ?" അകത്ത് നിന്നും ഇറങ്ങി വന്ന സ്ത്രീയോട് ഞാൻ പറഞ്ഞു.

"ഞാൻ തന്നെയാ ആ സ്ത്രീ"

" ങേ !! ഇതെന്തിനാ ഇങ്ങനെയൊക്കെ ഒരുങ്ങി വന്നത്?"

"വീഡിയോ ഒക്കെ എടുക്കുന്നതല്ലേ... അപ്പോ ഒരു ലുക്ക് ഒക്കെ വേണ്ടേ?"
വോട്ടറുടെ മറുപടി കേട്ട് എന്താ പറയേണ്ടത് എന്നറിയാതെ ഞങ്ങൾ സ്തംഭിച്ചു നിന്നു.

Tuesday, April 16, 2024

കൊതിപ്പിച്ച് കടന്നു കളഞ്ഞ...

കൊതിപ്പിച്ച് കടന്നു കളയുക എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ, ഇത്തവണ അനുഭവിച്ചറിഞ്ഞു. അതും ഒന്നല്ല, രണ്ട് പ്രാവശ്യം.

2024 ലോകസഭാ ഇലക്ഷൻ ഏപ്രിലിൽ നടക്കും എന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച അന്നേ ഞാൻ പ്രിസൈഡിംഗ് ഓഫീസറുടെ കുപ്പായം തുന്നി വച്ചിരുന്നു. കാരണം 1996-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം നാളിതു വരെ നടന്ന ത്രിതല പഞ്ചായത്ത്  തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിച്ചത് ഒരൊറ്റ തവണ മാത്രമാണ് .

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വളരെ ചുരുങ്ങിയ കാലം മാത്രം ജോലി ചെയ്ത പാലക്കാട്ടും എല്ലാം ഞാൻ ഇലക്ഷൻ കമ്മീഷൻ്റെ അനുസരണയുള്ള ആട്ടിൻ കുട്ടിയായി. പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ,റിസർവ് പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് ഓഫീസർ, കൗണ്ടിംഗ് സൂപ്പർവൈസർ, റിസർവ് കൗണ്ടിംഗ് ഓഫീസർ തുടങ്ങി നിരവധി വേഷങ്ങൾ കെട്ടിയാടി. ബാലറ്റ് ബോക്സിലും വോട്ടിംഗ് മെഷീനിലും വോട്ടെടുപ്പ് നടത്തി. ബാലറ്റ് പേപ്പറും വോട്ടിംഗ് യന്ത്രത്തിലെ വോട്ടും എണ്ണി.

ഇപ്പറഞ്ഞ സേവനങ്ങൾക്കിടയിൽ അനുഭവിക്കാവുന്നതിൽ വച്ച് ഏറ്റവും "സുഖമുള്ള" അനുഭവങ്ങളും ഉണ്ടായി. പ്രിസൈഡിംഗ് ഓഫീസറായ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ ചലഞ്ച്ഡ് വോട്ടും ഓപ്പൺ വോട്ടുകളും ഉണ്ടായി. തുടർന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടെൻഡേർഡ് വോട്ടും ചെയ്യിപ്പിക്കേണ്ടി വന്നു. ബൂത്തിനടുത്തുള്ള സന്മനസ്സുള്ളവർ തന്ന ഭക്ഷണം കഴിച്ചതിന് ഒരു ചീഫ് ഇലക്ഷൻ ഏജൻ്റിൻ്റെ ശകാരവർഷവും ഒരിക്കൽ കേൾക്കേണ്ടി വന്നു. അതേ നാണയത്തിൽ തിരിച്ച് അങ്ങോട്ടും കൊടുക്കേണ്ടിയും വന്നു. ബാലറ്റ് പേപ്പർ അക്കൗണ്ട് ടാലി ആകാത്ത കേസും വോട്ടിംഗ് യന്ത്രത്തിലെ വോട്ട് കുറഞ്ഞു പോയ കേസും യുക്തിസഹമായി പരിഹരിക്കേണ്ടി വന്നു. അപൂർവ്വമായി സംഭവിക്കുന്ന വോട്ടിംഗ് യന്ത്രത്തിൻ്റെ തകരാറും അഭിമുഖീകരിക്കേണ്ടി വന്നു. ഇത്രയൊക്കെ അനുഭവസമ്പത്തുള്ള എന്നെ ഡ്യൂട്ടിക്ക് നിയമിച്ചില്ലെങ്കിൽ പിന്നെ ഇതെന്ത് ഇലക്ഷൻ? 

ഡ്യൂട്ടി ലിസ്റ്റ് വന്നപ്പോൾ പതിവ് പോലെ എൻ്റെ പേര് ആദ്യത്തെ പത്തിൽ തന്നെ വന്നു. ആദ്യത്തെ പരിശീലന ക്ലാസ് അൽപം ഉറക്കച്ചടവോടെ ആണെങ്കിലും പൂർത്തിയാക്കി. രണ്ടാം പരിശീലന ക്ലാസിനുള്ള ഓർഡർ വന്നതോടെ എന്തോ തിരിമറി നടന്നു. പരിചയ സമ്പന്നന്നായ ഞാൻ ഔട്ട് ; എട്ടും പൊട്ടും തിരിയാത്തവർ അകത്തും. അങ്ങനെ ഇലക്ഷൻ കമ്മീഷൻ എന്നെ ആദ്യമായി കൊതിപ്പിച്ച് കടന്നു കളഞ്ഞു. എന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിക്കാനോ ഇങ്ക്വിലാബ് വിളിക്കാനോ ഒന്നും ഞാൻ പോയില്ല. അവർ അനുഭവിക്കട്ടെ, അല്ല പിന്നെ.

ഡ്യൂട്ടി പോയപ്പോൾ അണ്ടി പോയ അണ്ണാനെപ്പോലെ വിഷമിച്ചിരിക്കാനൊന്നും ഞാൻ പോയില്ല. ആ അനുസരണ ഇലക്ഷൻ കമ്മീഷന് ഏറെ ഇഷ്ടപ്പെട്ടു. അന്ധരും അവശരുമായ വോട്ടർമാരെ വീട്ടിൽ പോയി വോട്ട് ചെയ്യിപ്പിക്കുന്ന ടീമിലേക്ക് മൈക്രോ ഒബ്സർവറായി എനിക്ക് നിയമനം കിട്ടി.

നാളിതുവരെയുള്ള ഇലക്ഷൻ ഡ്യൂട്ടിയിൽ ചെയ്യാത്ത പണി ആയതിനാൽ ആവേശ പൂർവ്വം തന്നെ ഞാൻ പരിശീലന ക്ലാസിൽ പങ്കെടുത്തു. ക്ലാസ് കഴിഞ്ഞപ്പോൾ അതാ ഒരറിയിപ്പ് - ആരും പുറത്ത് പോകരുത്, എല്ലാവർക്കും പുതിയ പോസ്റ്റിംഗ് ഓർഡർ തരുന്നുണ്ട്. അഞ്ചാറ് മടക്കാക്കി കീശയിൽ നിക്ഷേപിച്ചിരുന്ന എൻ്റെ നിലവിലുള്ള പോസ്റ്റിംഗ് ഓർഡർ തിരിച്ചു വാങ്ങി പുതിയത് തന്നപ്പോൾ ഡ്യൂട്ടിയും മാറി - മൈക്രോ ഒബ്സർവറിൽ നിന്നും സ്പെഷ്യൽ പോളിംഗ് ഓഫീസർ! വീണ്ടും ഇലക്ഷൻ കമ്മീഷൻ എന്നെ കൊതിപ്പിച്ചു കടന്നു കളഞ്ഞു. ഇനി നാളെ ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ വരണാധികാരിയായി എങ്ങാനും മാറുമോ ആവോ?

Monday, April 15, 2024

ലിദുട്ടൻ @ എട്ട്

"ഉപ്പച്ചീ... ഏപ്രിൽ 15 ൻ്റെ പ്രത്യേകത എന്താണ് ?" കുഞ്ഞുമോൻ ഓടി വന്നു ചോദിച്ചപ്പോൾ ഞാനൊന്ന് പകച്ചുപോയി. ഇത്താത്തമാരുടെ അടുത്ത് നിന്നാണ് അവൻ ഓടി വരുന്നത് എന്നതിനാൽ എനിക്ക് കാര്യം പിടികിട്ടി.

"നിൻ്റെ ബർത്ത്ഡേ ആണ് ഏപ്രിൽ 15 " ഞാൻ പറഞ്ഞു.

" ങേ !! ശരിക്കും.." ബർത്ത്ഡേ യെപ്പറ്റി ധാരണ ഉണ്ടാവാനുള്ള പ്രായം ആകാത്തതിനാൽ ഒരതിശയത്തോടെ അവൻ ചോദിച്ചു.

"അതേന്ന്.."

"അപ്പോൾ മരം കുഴിച്ചിടണ്ടേ?" 

ആ ചോദ്യം കേട്ട്  എനിക്ക് അഭിമാനം തോന്നി. കേക്ക് മുറിയും മിഠായി വിതരണവും നടത്തി ബർത്ത്ഡേ ആഘോഷിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു വൃക്ഷത്തൈ വയ്ക്കാൻ മൂത്ത മൂന്ന് മക്കൾക്കും ഞാൻ പരിശീലനം നൽകിയിരുന്നു. മോൻ്റെ കഴിഞ്ഞ ബർത്ത്ഡേക്കും ഒരു തൈ അവൻ നട്ടത് മുറ്റത്ത് വളർന്ന് വരുന്നുണ്ട്.ആ പ്രവൃത്തി അവൻ്റെ മനസ്സിൽ വേരൂന്നിയതായി എനിക്ക് മനസ്സിലായി.

"തൈ നമ്മൾ ദിവസങ്ങൾക്ക് മുമ്പ് വച്ചിരുന്നല്ലോ?" ഞാൻ പറഞ്ഞു.

"ഏത് തൈ?"

"മിറാക്കിൾ ഫ്രൂട്ട്.."

"അത് ഞാനും ഇത്തയും കൂടി വച്ചതല്ലേ.. എനിക്ക് ഒറ്റക്ക് ഒന്ന് വയ്ക്കണം.."

"എങ്കിൽ നമുക്ക് മഴ ഒന്ന് പെയ്തിട്ട് വയ്ക്കാം ട്ടോ.." 

" ഇന്നത്തെ ബർത്ത്ഡേക്ക് അന്ന് വച്ചാലും മതിയോ?" 

നിഷ്കളങ്കമായ ആ ചോദ്യത്തിലുള്ള ആവേശം എന്നെ വീണ്ടും രോമാഞ്ചമണിയിച്ചു.

"മതി.. ഒരു തൈ എങ്കിലും നടണം എന്ന് മാത്രം.."

ബർത്ത് ഡേ സമ്മാനമായി മിഠായിയോ കേക്കോ മറ്റ് സമ്മാനങ്ങളോ ഒന്നും ആവശ്യപ്പെടാത്ത മക്കളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ലിദുമോന് ഇന്ന് എട്ട് വയസ്സ് പൂർത്തിയാവുന്നു.



Saturday, April 13, 2024

കൊന്ന പാപം മൊട്ടയടിച്ചാൽ തീരും ?

സുബുലുസ്സലാം ഹൈസ്‌കൂളിൽ പഠിക്കാൻ ചേർന്നത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു എന്നാണ് എന്റെ വിശ്വാസം.എന്റെ ഒടുക്കത്തെ ഗ്ലാമർ കാരണം ആണും പെണ്ണുമായി നിരവധി സുഹൃത്തുക്കളെ എനിക്ക് കിട്ടിയത് ഈ സ്‌കൂളിൽ നിന്നാണ്. ഇന്നും ഗ്ലാമറും സുഹൃത് ബന്ധങ്ങളും തുടരാനുള്ള കാരണവും അന്ന് ഏതോ ടീച്ചർ എന്നെ പഠിപ്പിച്ച 'ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളാണ്.

തികച്ചും സാധാരണക്കാരായ ജനങ്ങളുടെ മക്കൾ പഠിക്കുന്ന ഒരു സ്‌കൂളായിരുന്നു ഞങ്ങളുടേത്.ഏതാനും ചില സഹപാഠികൾ അദ്ധ്യാപകരുടെ മക്കളായിരുന്നു.മിക്ക കുട്ടികൾക്കും ഉച്ചഭക്ഷണം എന്നത് ഒരു സ്വപ്നമായിരുന്നു എന്ന് അനുഭവത്തിൽ നിന്ന് എനിക്ക് നേരിട്ടറിയാം.

തല മൊട്ടയടിച്ചായിരുന്നു ഭൂരിപക്ഷം കുട്ടികളും വന്നിരുന്നത്. എനിക്കാകട്ടെ,നല്ലവണ്ണം മുടിയുണ്ടായിരുന്നു. കുട്ടികളെപ്പോലെ സ്‌കൂളിന്റെ പരിസരവാസികളും തനി ഗ്രാമീണരായിരുന്നു.മിക്ക വീടുകളിലും പശുവിനെയും കോഴികളെയും വളർത്തിയിരുന്നു.അതിലെ ഒരു കോഴിയാണ് എന്റെ പ്രശസ്തി ഉന്നതങ്ങളിൽ എത്തിച്ചത്.

വഴിയിൽ വളർന്ന് നിൽക്കുന്ന ചെടിയുടെ തല ഒറ്റ അടിക്ക് അറുത്തിടുക,ഓടുന്ന പട്ടിയുടെ പള്ളക്കെറിയുക,കോഴിയുടെ കാലെറിഞ്ഞ് ഒടിക്കുക,പുഴക്കടവിലെ  നടവഴിയിൽ വെള്ളമൊഴിച്ച് പെൺകുട്ടികളെ വഴുതി വീഴ്ത്തുക തുടങ്ങീ അല്ലറ ചില്ലറ ഹോബികൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ഞാൻ അന്നും ഇന്നും വളരെ ഡീസന്റായിരുന്നു.

അങ്ങനെ കാലം മുന്നോട്ടു പോയി. മഴക്കാലം കഴിഞ്ഞ് തണുപ്പ് കാലത്തിൻ്റെ ആരംഭം കുറിച്ച് തുടങ്ങി. പതിവ് പോലെ ഇൻ്റർവെൽ സമയത്തെ ചായ കുടിക്കായി കുഞ്ഞുണ്ണിയുടെ കടയിൽ എത്തിയതായിരുന്നു ഞാൻ. ഇത്തരം സന്ദർഭങ്ങളിൽ ഞാൻ കൂടെ കൂട്ടാറുള്ള എൻ്റെ അടുത്ത സുഹൃത്ത് ലത്തീഫും കൂടെയുണ്ടായിരുന്നു. 

അപ്പോഴാണ് സൈനാത്തയുടെ കോഴികളിലൊന്ന് തൊട്ടുമുന്നിലെ പറമ്പിലെ കരിയിലകൾ ചിക്കിപ്പരതുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടത്. മൂടൊന്ന് കുലുക്കി രണ്ട് കാലുകൊണ്ടും കരിയിലകൾ മാന്തി നീക്കി തല ഉയർത്തി ചുറ്റുവട്ടം ഒന്ന് നോക്കി വീണ്ടും തൻ്റെ ജോലിയിൽ വ്യാപൃതയാവുന്ന ആ പിടക്കോഴിയെ കണ്ടതോടെ എന്റെ ഹോബികളിൽ ഒന്ന് സട കുടഞ്ഞെഴുന്നേറ്റു.

"ലത്തീഫേ... നീ ആ കോഴിയെ കണ്ടോ?" ഞാൻ ചോദിച്ചു.

"ഹും.. ഞാനതിൻ്റെ ആ മൂട് കുലുക്കൽ നോക്കി ഇരിക്കുകയായിരുന്നു..." ഒരു കള്ളച്ചിരിയോടെ ലത്തീഫ് പറഞ്ഞു.

"എടാ... കള്ള ഹിമാറേ... കോഴികളെയെങ്കിലും നിനക്ക്  വെറുതെ വിട്ടൂടെ.."

"അപ്പോ പിന്നെ നീ എവിടേക്കായിരുന്നു നോക്കിയിരുന്നത് ?" ആ ചോദ്യത്തിന് മുന്നിൽ ഒന്ന് ചൂളിപ്പോയെങ്കിലും പെട്ടെന്ന് തന്നെ ഞാൻ അഡ്ജസ്റ്റ് ചെയ്തു.

"ആ കോഴിയുടെ രണ്ടാമത്തെ കാല് പിന്നോട്ട് വരുന്ന സമയത്ത് അതിൽ കല്ലെറിഞ്ഞ് കൊള്ളിക്കണം.." ഞാൻ പറഞ്ഞു.

"രണ്ടാമത്തെ കാലോ? അതെങ്ങന്യാ അറിയാ?" ലത്തീഫ് ചോദിച്ചു.

"ഇടതു കാൽ നോക്കിയാൽ മതി...""

ഞാൻ പറഞ്ഞ് കഴിഞ്ഞതും ലത്തീഫ് ഇരിപ്പിടത്തിൽ നിന്നും എണീറ്റ് എനിക്കഭിമുഖമായി നിന്നു. പിന്നെ നേരെ തിരിഞ്ഞ് സ്വന്തം ഇടതു കാലിലേക്ക് ഒന്ന് നോക്കി. ശേഷം കോഴിയെയും ഒന്ന് നോക്കി എന്തൊക്കെയോ മന്ത്രിച്ചു.

"നീ ഇതെന്താ ചെയ്യുന്നത്?" ലത്തീഫിൻ്റെ ചലനങ്ങൾ കണ്ട് ഒന്നും മനസ്സിലാവാത്തതിനാൽ ഞാൻ ചോദിച്ചു.

"അതേയ്... കോഴി ആദ്യം ഇങ്ങോട്ട് തിരിഞ്ഞായിരുന്നു ചിക്കിപ്പരതിയത്.."

"ങാ...അതോണ്ട് നീ എന്റെ നേരെ തിരിഞ്ഞ് നിന്നു.."

"യെസ് കറക്ട് .... പിന്നെ കോഴി നേരെ അപ്പുറത്തേക്ക് തിരിഞ്ഞു. അപ്പോൾ എത്ര ഡിഗ്രിയിൽ തിരിഞ്ഞു...?"

"അത് നമ്മുടെ കണക്കദ്ധ്യാപിക ഷീല ടീച്ചറോട്  ചോദിക്കാം... അത് കഴിഞ്ഞ് എന്തിനാ നീ നിൻ്റെ കാലിലേക്ക് നോക്കിയത്?"

"അത്... എൻ്റെ ഇടത് കാല് നോക്കി കോഴിയുടെ ഇടത് കാല് ഏതാന്ന് ഞാൻ ഉറപ്പ് വരുത്തിയതാ.." 

ഇത്രയും പറഞ്ഞ് ലത്തീഫ് ഒരു ഉരുളൻ കല്ലുമെടുത്ത് തിരിച്ച് വന്നു.

"എൻ്റുമ്മേ... അത് കൊണ്ട് ഏറ് കൊണ്ടാൽ ആ കോഴി ചാവും പഹയാ..." 

എൻ്റെ ഉപദേശം കണക്കിലെടുത്ത് ലത്തീഫ് വലിയ കല്ല് ഒഴിവാക്കി ചെറിയ കല്ലുകളുമായി തിരിച്ചെത്തി. ശേഷം എറിയാനുള്ള എൻ്റെ ഓർഡറിനായി കാത്ത് നിന്നു.

"വൺ ടു ത്രീ.." 

ഞാൻ എണ്ണിക്കഴിഞ്ഞതും ലത്തീഫ് ഒറ്റ ഏറ്. കോഴി നിൽക്കുന്നതിൻ്റെ രണ്ട് വാര അപ്പുറമുള്ള മാവിൻ തൈയുടെ ഇളം തലപ്പ് ഏറുകൊണ്ട് ഒടിയുന്നത് ഞാൻ കണ്ടതാണ്. പക്ഷെ ഒന്ന് മുന്നോട്ട് ചാടി കോഴിയും അവിടെ തന്നെ പിടഞ്ഞു വീണ് ചത്തു !

താനെറിഞ്ഞ കല്ല് കോഴിയ്ക്ക് കൊണ്ടിട്ടില്ല എന്ന് ലത്തീഫിനും ഉറപ്പായിരുന്നു.പക്ഷേ,സംഭവിച്ചത് എന്തെന്നറിയാതെ ഞാനും ലത്തീഫും പരസ്പരം നോക്കി. ഞങ്ങൾ രണ്ട് പേരും കടയിൽ നിന്നും വേഗം ഇറങ്ങി ക്ലാസിലേക്കോടി. അപ്പോഴാണ് കടയുടെ പിന്നിൽ നിന്നും വേറൊരാളും കൂടി ഓടി മറയുന്നത് ഞാൻ കണ്ടത് !!

അൽപ സമയത്തിനകം തന്നെ കോഴിയുടെ ഉടമസ്ഥ സൈനാത്ത സ്കൂൾ ഗേറ്റും കടന്ന് ധൃതിയിൽ വരുന്നത് ഞാൻ കണ്ടു. സൈനാത്ത നേരെ പോയത് ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്ററുടെ അടുത്തേക്കാണ്. കോഴിയെ എറിഞ്ഞത് ഞാനാണെന്നായിരുന്നു സൈനാത്ത മനസ്സിലാക്കി വച്ചത് എന്നാണ് എന്റെ ധാരണ.

"നാളെ അസംബ്ലി വിളിക്കാം.... കുട്ടികൾ നിരന്ന് നിൽക്കുമ്പോൾ നിങ്ങൾക്ക് ആളെ തിരിച്ചറിയാൻ പറ്റും" ബഷീർ മാഷ് വരാന്തയിലേക്കിറങ്ങി സൈനാത്തയോട് പറയുന്നത് ഞാൻ കേട്ടു.

'അങ്ങനെ എങ്കിൽ സൈനാത്ത എന്നെ തിരിച്ചറിഞ്ഞത് തന്നെ...' ഞാൻ മനസ്സിൽ കരുതി. ചെയ്യാത്ത കുറ്റത്തിന് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ വച്ച് പിടിക്കപ്പെടുന്നതിൻ്റെ ജാള്യത ഞാൻ മനസ്സിൽ കണ്ടു. പിറ്റേന്ന് സ്കൂളിലേക്ക് വരാതിരുന്നാൽ കുറ്റം എൻ്റെ മേൽ ഉറപ്പായും ചുമത്തപ്പെടും എന്നതിനാൽ ഞാൻ രക്ഷപ്പെടാനുള്ള മറ്റു മാർഗ്ഗങ്ങൾ ആലോചിച്ചു.

പിറ്റേ ദിവസം പതിവ് പോലെ ഞാൻ സ്കൂളിലെത്തി. സൈനാത്ത വരാന്തയിൽ കാത്ത് നിൽക്കുന്നുണ്ട്. ചത്തുപോയ കോഴി ഇട്ട മുട്ടകളാണെന്നും പറഞ്ഞ് ഒരു പൊതി മുട്ട പലരെയും കാണിക്കുന്നുമുണ്ട്. മുട്ട കണ്ടവരെല്ലാം 'അയ്യോ പാവം' ഭാവത്തിലാകുന്നതും ഞാൻ ശ്രദ്ധിച്ചു.

'ലത്തീ ... ഈ താത്ത മുട്ടയിൽ കൂടോത്രം ചെയ്ത് കോഴിയെ കൊന്നവനെ കണ്ടുപിടിക്കാനുള്ള പരിപാടിയാ... നീ പെട്ടത് തന്നെ.. ' എനിക്കില്ലാത്ത സമാധാനം ലത്തീഫിനും കിട്ടണ്ട എന്ന് കരുതി ഞാൻ അവൻ്റെ ചെവിയിൽ പറഞ്ഞതും അവന് മൂത്രാശങ്ക വന്നു.

സ്പെഷ്യൽ അസംബ്ലിക്കുള്ള ബെൽ മുഴങ്ങിയതോടെ കുട്ടികളെല്ലാം മുറ്റത്ത് അണി നിരന്നു. ഞാനും ഒരു ഭാവമാറ്റവുമില്ലാതെ എൻ്റെ ക്ലാസിലെ കുട്ടികൾക്കിടയിൽ ചെന്ന് നിന്നു. താമസിയാതെ അസംബ്ലി ആരംഭിച്ചു.

"ഇന്ന് ഈ അസംബ്ലി കൂടാൻ ഒരു പ്രത്യേക  കാരണമുണ്ട്. നമ്മുടെ സ്കൂളിൻ്റെ അയൽവാസിയായ സൈനാത്തയുടെ മുട്ടയിട്ട് കൊണ്ടിരിക്കുന്ന കോഴിയെ ഇന്നലെ ആരോ എറിഞ്ഞ് കൊന്നിരിക്കുന്നു. സൈനാത്താക്ക് ആളെ കണ്ടാലറിയാം എന്ന് പറഞ്ഞു. അതിനായി ഒരു തിരിച്ചറിയൽ പരേഡ് നടത്തുകയാണ്. സൈനാത്ത തന്നെ കള്ളനെ പിടിക്കും..." ബഷീർ മാസ്റ്റർ പറഞ്ഞു.

വരാന്തയിൽ നിന്നും സൈനാത്ത കുട്ടികളുടെ അടുത്തേക്ക് ഇറങ്ങി വന്നു. നിരനിരയായി നിൽക്കുന്ന ആൺകുട്ടികളെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. എൻ്റെ അടുത്തും സൈനാത്ത എത്തി.എന്റെ ഹൃദയം ചട പടാ അടിച്ചു .എങ്കിലും ഞാൻ ശ്വാസം വിടാതെ കട്ടക്ക് തന്നെ നിന്നു. സൈനാത്ത അടുത്ത ആളുടെ നേരെ നീങ്ങി. അവസാനം വരെ എത്തിയിട്ടും കോഴിയെ എറിഞ്ഞ ആളെ തിരിച്ചറിയാൻ സൈനാത്തക്ക് സാധിച്ചില്ല. അസംബ്ലി അതോടെ പിരിച്ച് വിടുകയും ചെയ്തു.

അന്നാണ് ആദ്യമായി ഞാൻ തലമൊട്ടയടിച്ചത് എന്നാണ് എന്റെ ഓർമ്മ. ഒരുപാട് മൊട്ടകൾക്കിടയിൽ നിന്ന് തലേ ദിവസം വരെ മുടിയനായിരുന്ന എന്നെ , സൈനാത്തക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അബദ്ധത്തിൽ സംഭവിച്ചതായതിനാൽ, കോഴിയെ കൊന്നതാര് എന്ന്  ഞാൻ ആരോടും പറഞ്ഞതുമില്ല.

Monday, April 08, 2024

അവിസ്മരണീയമായ ഒരു നോമ്പ് തുറ

റംസാനിൽ വ്രതം അനുഷ്ഠിക്കൽ പ്രായ പൂർത്തിയായതും ആരോഗ്യവാനുമായ  ഒരു മുസ്‌ലിമിന് നിർബന്ധമായ കാര്യമാണ്. മിക്ക മുസ്‌ലിം വീടുകളിലും കുട്ടികളും മുതിർന്നവരോടൊപ്പം വ്രതം അനുഷ്ഠിക്കാറുണ്ട്. വ്രതത്തിലൂടെ കൈവരുന്ന ആത്മീയ ശുദ്ധിയും ശാരീരിക സൗഖ്യവും അറിഞ്ഞു കൊണ്ടല്ല കുട്ടികൾ പലപ്പോഴും നോമ്പെടുക്കുന്നത്. മറിച്ച് എനിക്കും ഇതൊക്കെ സാധിക്കും എന്ന് തെളിയിച്ച് കൊടുക്കാനും കൂട്ടുകാർക്കിടയിൽ പേര് കിട്ടാനും ആണ് കുട്ടി നോമ്പുകാർ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷം അഞ്ച് നോമ്പുകൾ പൂർത്തിയാക്കിയ എൻ്റെ ഏറ്റവും ചെറിയ മകൻ ഏഴ് വയസ്സ്കാരനായ ലിദുമോൻ ഇത്തവണ ഏറ്റെടുത്തത് പത്ത് നോമ്പ് എന്ന വെല്ലുവിളിയാണ്. സ്കൂൾ പൂട്ടിയെങ്കിലും കഠിനമായ ചൂട് കാരണം നോമ്പെടുക്കാൻ ഞാൻ നിർബന്ധിച്ചില്ല. പത്ത് നോമ്പുകൾ അവൻ ഇന്നലെയോടെ പൂർത്തിയാക്കി.

കുട്ടിക്കാലത്തെ നോമ്പ് കാലം അവിസ്മരണീയ ഓർമ്മകളായി എൻ്റെ മനസ്സിൽ തങ്ങി നിൽക്കുന്നത് അന്നത്തെ ചില അനുഭവങ്ങളാണ്. ഞങ്ങളുടെ കോളനിയിലെ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് വല്യുമ്മയും വലിയ മൂത്താപ്പയും സംഘടിപ്പിച്ചിരുന്ന രണ്ട് നോമ്പ് തുറ സൽക്കാരങ്ങൾ ആയിരുന്നു അതിൽ പ്രധാനം. മേൽ പറഞ്ഞ രണ്ട് പേരുടെയും മരണത്തോടെ അത് നിലച്ചുപോയി. എങ്കിലും വളർന്ന് വരുന്ന മക്കൾക്ക് ചെറിയ ചെറിയ ചില അനുഭവങ്ങൾ നൽകാനായി ഞാൻ എൻ്റെ വീട്ടിൽ കുട്ടികളുടെ നോമ്പ് തുറ സംഘടിപ്പിച്ച് പോന്നു.ലിദു മോൻ നോമ്പിനെ ആവേശ പൂർവ്വം സ്വീകരിച്ചതോടെ, ഹൈസ്കൂൾ ക്ലാസ് വരെ പഠിക്കുന്ന എൻ്റെ കോളനിയിലെയും പരിസരത്തെയും കുട്ടികളെ ഉൾപ്പെടുത്തി ഇത്തവണയും ഒരു നോമ്പ് തുറ സൽകാരം നടത്തി. പിന്നാലെ ലിദു മോൻ്റെ കൂട്ടുകാരും അതാവർത്തിച്ചതോടെ കുട്ടികളുടെ ഈ വർഷത്തെ നോമ്പ് കാലം അവിസ്മരണീയമായി.

എന്നാൽ ഞങ്ങൾക്കെല്ലാവർക്കും അവിസ്മരണീയമായ ഒരു നോമ്പ് തുറ ഈ വർഷം അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞ് വന്നു. രണ്ടാമത്തെ മകൾ ലുഅയുടെ ഹോസ്റ്റൽ ഒഴിയാനായി കോഴിക്കോട് പോയപ്പോൾ നോമ്പ് തുറക്കാനുള്ള സജ്ജീകരണങ്ങളും കരുതി. ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വൈകുന്നേരം ഞങ്ങൾ ബീച്ചിലെത്തി. ധാരാളം ചെറിയ സംഘങ്ങൾ ഇഫ്താർ വിഭവങ്ങളുമായി അവിടവിടെയായി സ്ഥാനം പിടിച്ചിരുന്നു. ഞങ്ങളും ഒരു സംഘമായി ഒരിടത്ത് ഇരുന്നു.

മഗ്‌രിബ് ബാങ്ക് വിളിച്ചതോടെ ഞങ്ങൾ നോമ്പ് തുറന്നു. അങ്ങനെ ജീവിതത്തിൽ ആദ്യമായി എല്ലാവരും ബീച്ചിൽ വച്ച് ഒരു നോമ്പ് തുറന്നു. ശേഷം തൊട്ടടുത്ത പള്ളിയിൽ പോയി നമസ്കാരവും നിർവ്വഹിച്ചു. വീണ്ടും അൽപനേരം കൂടി ബീച്ചിൽ ചെലവഴിച്ച് ബീച്ചിൻ്റെ രാത്രി ദൃശ്യങ്ങൾ ആസ്വദിച്ചു. ഇശാ നമസ്കാരത്തിന് പട്ടാളപ്പള്ളിയിൽ എത്തി തറാവീഹും നിർവ്വഹിച്ചു. പിന്നാലെ  ടോപ്ഫോമിൽ നിന്നുള്ള ചിക്കൻ ബിരിയാണിയും കൂടി ആയതോടെ ഈ നോമ്പ് തുറയും അവിസ്മരണീയമായി.

Thursday, April 04, 2024

തണൽ മരങ്ങൾ

ഞാൻ പ്രീഡിഗ്രി പഠിച്ചത് തിരൂരങ്ങാടി പി.എസ്.എം. ഒ കോളേജിലായിരുന്നു. കാമ്പസിൻ്റെ ചുറ്റുമതിലിനോട് ചേർന്നുള്ള ഏതാനും ചീനി - അശോക മരങ്ങളും ബിൽഡിംഗിനോട് ചേർന്ന് നിന്നിരുന്ന അശോക കാറ്റാടി മരങ്ങളും ആണ് എൻ്റെ ഓർമ്മയിലെ കാമ്പസിലുള്ള അന്നത്തെ മരങ്ങൾ. വേനൽക്കാലത്ത് കോളേജിൻ്റെ വിശാലമായ കാമ്പസിൽ തണൽ ഒരു മരീചികയായിരുന്നു അന്ന്. ഇപ്പോഴും പൊരി വെയിലത്ത് ഗേറ്റിൽ നിന്ന് കോളേജിലെത്തുമ്പോഴേക്കും ഒന്ന് തളരും എന്ന് തീർച്ചയാണ്.

പ്രീഡിഗ്രിക്ക് ശേഷം ഡിഗ്രി പഠനം ഫാറൂഖ് കോളേജിലായിരുന്നു. മുമ്പേ പരിചയമുള്ള രാജാഗേറ്റ് കടന്നാൽ ഹരിതാഭമായ ഒരു കാമ്പസിലേക്കാണ് എത്തുന്നത്. കാമ്പസിൻ്റെ ഉള്ളിലൂടെയുള്ള വിവിധ റോഡുകൾക്ക് ഇരുവശവും പന്തലിച്ച് നിൽക്കുന്ന മരങ്ങൾ അന്ന് മനസ്സിൽ കോറി ഇട്ടത് ഇന്നും പച്ചപിടിച്ച് നിൽക്കുന്നു. പഴയ ബിൽഡിംഗുകൾക്ക് സമീപം മുഴുവൻ കാറ്റാടി മരങ്ങളും സ്ഥലം പിടിച്ചിരുന്നു. എങ്കിലും ഫ്രൻ്റ് കാമ്പസ് ഒരു തണൽ തന്നിരുന്നില്ല എന്നാണ് എന്റെ ഓർമ്മ. കാമ്പസ് സൗന്ദര്യവല്കരണത്തിന് വച്ച അശോക മരങ്ങളും കാറ്റാടി മരങ്ങളും തണൽ നൽകുന്നതിൽ പിശുക്കരാണെന്ന് മരം വച്ചവർ തിരിച്ചറിയാഞ്ഞതാവാം ഇതിൻ്റെ കാരണം.

ഡിഗ്രി കഴിഞ്ഞ് പി ജി ഡി സി എ ക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ഐ.എച്ച്.ആർഡി യിലും അത് കഴിഞ്ഞ് ബി.എഡിന്  കാലിക്കറ്റ് യൂനി: സിറ്റി മലപ്പുറം സെൻ്ററിലും ജോയിൻ ചെയ്തു. രണ്ടും വാടകക്കെട്ടിടങ്ങളിൽ റോഡിന് ഓരം പറ്റി ആയിരുന്നതിനാൽ മരങ്ങൾ അവിടെ അന്യമായിരുന്നു.

ബിരുദാനന്തര പഠനത്തിനായി ഞാൻ എത്തിയത് തളിപ്പറമ്പ് സർ സയ്യിദ് കോളേജിലായിരുന്നു. ഗേറ്റ് കടന്നാൽ, തണൽ തരുന്ന ഒരു മരവും എൻ്റെ ഓർമ്മയിലില്ല. ഏകദേശം നൂറ്റമ്പത് മീറ്റർ നടന്നാൽ, എന്റെ സ്വന്തം ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിന് മുമ്പിൽ തല ഉയർത്തി നിന്നിരുന്ന അശോക മരങ്ങൾ തരുന്ന തണൽ റേഷൻ കിട്ടുന്ന പോലെ പരിമിതവുമായിരുന്നു.

പി. ജിയുടെ രണ്ടാം വർഷം ഞാനെത്തിയത് പൊന്നാനി എം.ഇ.എസ് കോളേജിലായിരുന്നു. കാമ്പസിൻ്റെ മണ്ണിൽ വളർന്ന് നിൽക്കുന്ന ഒരു മരം പോലും എൻ്റെ ഓർമ്മച്ചിത്രത്തിലില്ല. പക്ഷെ, പ്രിൻസിപ്പൾ റൂമിൻ്റെ ജനലിന് താഴെ നിന്ന് മുളച്ച് പൊങ്ങിയ ഒരു ആൽ മരവും അതിനെ ആസ്പദമാക്കി ഞാൻ മാഗസിനിലേക്ക് നൽകിയ 'നാണമില്ലാത്തവൻ്റെ ആസനത്തിൽ ആല് കിളിർത്താൽ ' എന്ന കുറിപ്പും എൻ്റെ മനസ്സിലുണ്ട്.

ഡിഗ്രി പഠനത്തിനായി ഫിസിക്സ് തെരഞ്ഞെടുക്കുമ്പോൾ പലരും നിർദ്ദേശിച്ചിരുന്ന ഒരു കാമ്പസായിരുന്നു മീഞ്ചന്തയിലുള്ള കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ്. പക്ഷേ ഡിഗ്രിക്ക് ചേർന്നത് എനിക്ക് പ്രിയം തോന്നിയ ഫറൂഖ് കോളേജിലായിരുന്നു. കലാലയ ജീവിത കാലത്ത് മത്സരങ്ങൾക്കായി പല പല കാമ്പസുകളിൽ പോയപ്പോഴും പിന്നീട് വിവിധ പരീക്ഷകൾക്കായി പല കാമ്പസുകളിൽ പോയപ്പോഴും ജോലിയിൽ പ്രവേശിച്ച ശേഷം വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി വിവിധ കാമ്പസുകളിൽ പോയപ്പോഴും ആർട്സ് കോളേജിൻ്റെ ഗെയിറ്റ് മാത്രം എനിക്ക് മുമ്പിൽ തുറന്നില്ല. അവസാനം ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസിലൂടെ ഞാൻ ആ കാമ്പസ് കണ്ടു.

ഒരു കാമ്പസിൻ്റെ ഹരിതാഭയെപ്പറ്റി ഞാൻ മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന ഒരു ചിത്രം - അതായിരുന്നു എന്നെ ഇവിടെ ഏറെ ആകർഷിച്ചത്. പൂമുഖം തന്നെ വിവിധ തരം മരങ്ങളാൽ സമ്പന്നം. അതും മറ്റ് മിക്ക കാമ്പസിൽ നിന്നും പടി കടത്തിയ നാടൻ മരങ്ങൾ. അവയിൽ നിന്നും ഞാന്ന് കിടക്കുന്ന ഊഞ്ഞാലുകളിൽ ഇരുന്ന് കുട്ടിത്തം ആസ്വദിക്കുന്ന യുവത്വം. എന്നും ആ കാമ്പസിലേക്ക് വരാൻ തന്നെ അത്തരം ഒരു അന്തരീക്ഷം പ്രചോദനമാകും എന്ന് തീർച്ചയാണ്. കാമ്പസിലെ തണൽ മരങ്ങൾ ഇനിയും നീണാൾ തണൽ വിരിക്കട്ടെ. 



Tuesday, April 02, 2024

ബൈ ബൈ കാശ്മീർ... (വിൻ്റർ ഇൻ കാശ്മീർ - 18)

Part 17 : ജമ്മുവിൽ ഒരു രാത്രി

റെയിൽവെ സ്റ്റേഷനിലെ സ്റ്റെപ്പിനടുത്ത് കണ്ട കളിപ്പാട്ടക്കടയ്ക്ക് മുമ്പിലെത്തിയപ്പോൾ സത്യൻ മാഷ് ഒരു ചോദ്യം.

"മോന് കളിക്കോപ്പ് ഒന്നും വാങ്ങണ്ടേ? നല്ല ഐറ്റംസ് ഉണ്ട്..."

"ആ... യെഹ് കിത്ന ?"  ട്രാക്ടർ പോലെയുള്ള ഒരു കളിപ്പാട്ടം എടുത്ത് പുറത്ത് നിന്നിരുന്ന കടയുടമയോട് ഞാൻ ചോദിച്ചു.

" എക് സൗ ബീസ്..."

"അവിടെ അറുപത് രൂപയേ ഉണ്ടായിരുന്നുള്ളു... അതിന് കിട്ടും... പേശണോ?" സത്യൻ മാഷ് എന്നോട് പതുക്കെ ചോദിച്ചു.

"ഫിക്സഡ് പ്രൈസ് .. ന സ്യാദ... ന കമി.." ഞങ്ങളുടെ കുശുകുശുക്കൽ കേട്ട കടയുടമ പറഞ്ഞു.

"ദേഖോ.. മേം ഹിമാചൽ സെ ഹും.. മേര ദോ ബായിയോം ഹേ... ഹിമാചൽ മേം കാം കർത ഹേ... " അയാൾ അയാളുടെ കഥ പറയാൻ തുടങ്ങി. 

"വെ സബ് സർകാരി ജോബ് കർത ഹെ... മേം ദസ് സാൽ ഹുവ യഹ് ദൂകാൻ ചൽ രഹാ ഹൂം... ഇസ് സെ മേം ദൊ ഫ്ലാറ്റ് ബനായ ഹിമാചൽ മേം..." സത്യമാണോ ബഡായിയാണോ എന്നറിയില്ലെങ്കിലും ഞങ്ങൾ കേട്ട് നിന്നു.  

"മാലും , കൈസ യഹ് ?"

"നഹീ..."

"അപ്ന കാം ഖുശി സെ കരോ... ഈമാൻ സെ കരോ... മേര ചീസ് അച്ചാ ഹെ... ദാം കമീ കർനെ ക സരൂരത് നഹിം... ആപ് പസന്ത് ഹോ ലേ ലോ, നഹീം തോ ചലോ ..." അയാൾ തൻ്റെ നയം വ്യക്തമാക്കി.

പറയുന്നതിനിടക്ക് അയാൾ സത്യൻ മാഷുടെ കൈപ്പുറത്തെ നിറ വ്യത്യാസം കണ്ടു.

"യേ ക്യാ ഹുവ ?" അയാൾ ചോദിച്ചു.

"കുച്ച് സാൽ പഹ്‌ലെ സൺ ബേൺ ഹുവ .. ഉസ്ക ദവാ ക റിയാക്ഷൻ ... " സത്യൻ മാഷ് പറഞ്ഞു.

"അബ് ക്യാ ദവാ ഡാൽതി ഹെ?"

"കുച്ച് നഹീ..." 

അയാൾ കടയുടെ അകത്ത് പോയി തീരാറായ ഒരു ഓയിൻമെൻ്റ് കൊണ്ടു വന്നു. 

"മുജെ ഭീ ഐസ ധ... സുന ഹെ ന ജിപ്മെർ ?"

"ഹാം.."

"വഹാം ക സ്പെഷലിസ്റ്റ് ഡോക്ടർ കൊ ദിഖായ ... എയിംസ് ക ഡോക്ടർ കൊ ഭീ ദിഖായ... ലേകിൻ ബീമാരി വഹാം ഹീ രഹാ.."

"ഹാം.." ഞങ്ങൾ മൂളി.

"അന്ത് മേം, മേരാ ഗാവ് ക എക് ഡോക്ടർ നെ യെഹ് ഓയിൻറ്മെൻറ് ലിഖ... ഖുദാ ഹെ സത്യ്... അബ് പൈർ മേം എക് ചോട്ടാ സ.." അയാൾ പാൻ്റ് പൊക്കി കാലിൻ്റെ. ഭാഗം കാണിച്ച് തന്നു.

"ആപ് ഇസ്ക എക് ഫോട്ടോ മാരോ... സാരെ ഫാർമസി മേ മിലേഗ.. സസ്ത ഭീ ഹെ..." ഇതുവരെ ഒരു ഓയിൻ്റ്മെൻ്റും മരുന്നും ഫലിക്കാത്തതിനാൽ സത്യൻ മാഷക്ക് വിശ്വാസം വന്നില്ല. ബട്ട്, കേരളത്തിലുള്ള തന്നെ കാശ്മീരിലെ ഈ മനുഷ്യനെ കണ്ട് മുട്ടാൻ ദൈവം നിയോഗിച്ചത് ഇതിനായിരിക്കുമോ എന്ന ചിന്തയിൽ അതിൻ്റെ ഫോട്ടോ എടുത്തു. ഒപ്പം അദ്ദേഹത്തിൻ്റെ കൂടെയും ഒരു സ്നാപ്പ് എടുത്തു.

"ആപ് ക നാം ?" ഇത്രയും നേരം സംസാരിച്ചിട്ടും പേര് ചോദിക്കാൻ ഒരു അവസരം തരാത്തതിനാൽ സഭ പിരിച്ചു വിടാൻ വേണ്ടി സത്യൻ മാഷ് ചോദിച്ചു.

"രമൺ ശർമ്മ" അയാൾ മറുപടി പറഞ്ഞു.

"അച്ചാ... മേം സത്യനാഥ് ഔർ എഹ് ആബിദ് സാർ" സത്യൻ മാഷ് സ്വയം പരിചയപ്പെടുത്തി.

"ആപ് ഹിന്ദു ഹെ?" ജമ്മു പൊതുവെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായതിനാലാണോ എന്നറിയില്ല, രമൺ ശർമ്മയിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഉയർന്നു.

"മേം ഹിന്ദു.." സത്യൻ മാഷ് പറഞ്ഞു.

"ആ... ഹിന്ദു യാ മുസൽമാൻ ഹോ ഹം സബ് കോ സേവാ കർന ഹേ..." രമൺ ശർമ്മ പുതിയ ഒരു വിഷയത്തിലേക്ക് പാളം മാറ്റി. ചോദ്യത്തിൽ നിന്നും ഞാൻ പ്രതീക്ഷിച്ചതിൻ്റെ വിപരീത ദിശയിൽ അദ്ദേഹത്തിൻ്റെ സംസാരം വന്നതിനാൽ എനിക്ക് തുടർന്നും കേൾക്കാൻ താൽപര്യം തോന്നി.

"ദേഖൊ... ഭാരത് മേം കയീ തരഹ് കി ലോഗ് ഹെ... റിച്ച് ആൻ്റ് പുവർ ... ഹം ഖാതെ ഹെ തോ ഹമാര പടോസി കൊ ഭീ ഖാന ഹെ.." 

"ഹാം.."

"ലേകിൻ ആജ് ലോഗ് സബ് കമാതെ ഹെ... കമാതെ രഹ്തെ ഹെ... മർനെ മേം ക്യാ ഫായദാ ? സോജ് തെ നഹീ..." 

"ഹാം..." ഞങ്ങൾ വീണ്ടും മൂളി.

"ആപ് ക ഏർണിംഗ് കിത് ന കമീ യാ ബഡീ തോ, ഗരീബ് കൊ കുച്ച് ദൊ.. മാനവ് സേവ മാധവ സേവ ഹെ.."

"യഹ് ഐസ കാം കർ രഹാ ഹെ.." സത്യൻ മാഷ് എന്നെ നോക്കി പറഞ്ഞു.

"അച്ചാ... "

ഇത്രയും പറഞ്ഞ സ്ഥിതിക്ക് എൻ്റെ പ്രൊഫൈൽ ഫോട്ടോ ഒന്ന് രമൺ ശർമ്മയെ കാണിക്കാം എന്ന് എനിക്ക് തോന്നി. രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയിൽ നിന്നും ഇന്ദിരാഗാന്ധി ദേശീയ NSS അവാർഡ് ഏറ്റുവാങ്ങുന്ന ഫോട്ടോ ഞാൻ അദ്ദേഹത്തെ കാണിച്ചു.

"വാഹ്..!! പ്രണബ് ജി സെ... ഗ്രെയ്റ്റ് !!... തൊ ആപ് കോയി സാദാ ആത്‌മി നഹീം.. നമസ്തെ ജി..'' അദ്ദേഹം കൈകൂപ്പി. ഞാനും തിരിച്ച് കൈകൂപ്പി.

"ആപ് കിത് ന ഉമ്ര് ഹൊ ?"

"പച്ചാസ്" ഞാൻ മറുപടി പറഞ്ഞു.

"മേ കിത് ന ഹോഗ?" 

"ചാലീസ് " അയാളുടെ നിൽപ്പും സംസാരവും വേഷവും വിലയിരുത്തി സത്യൻ മാഷ് പറഞ്ഞു. ഉടനെ അദ്ദേഹം തലയിലണിഞ്ഞ തലപ്പാവ് ഊരി.

"ദേഖൊ... കോയി ബാൽ നഹീം.. മേം അബ് പൈംസഡ് മേം ഹും.."

അതെത്രയാ എന്നറിയാതെ ഞങ്ങൾ പരസ്പരം നോക്കി.

"സിക്സ്റ്റി ഫൈവ്" ഞങ്ങളുടെ നോട്ടത്തിൽ നിന്നും കാര്യം മനസ്സിലാക്കി അദ്ദേഹം വ്യക്തമാക്കി തന്നു.

"സത്യൻ മാഷേ... ഇനി വിടാം..." രമൺ ശർമ്മ അടുത്ത വിഷയം എടുത്തിടുന്നതിന് മുമ്പ് ഞാൻ പറഞ്ഞു.

"യെസ്... തൊ യെ രാത് ഖുഷി ഹൊ ഗയാ.. ഫിർ ജമ്മു ആനെ മേം യാദ് കരോ... ജീവൻ ഹെ തോ മേം യഹാം മേര പ്യാര യഹ് ചോട്ട ദുകാൻ മേം ഹീ ഹോഗ" ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

"ഫിർ മിലേംഗ തക് ധന്യവാദ്..." അദ്ദേഹത്തിൻ്റെ കൈ പിടിച്ചു കുലുക്കി ഞങ്ങൾ യാത്ര പറഞ്ഞു.

പുറത്ത് പോയ എല്ലാവരും തന്നെ വെയിറ്റിംഗ് റൂമിൽ തിരിച്ചെത്തി. അടുത്ത സമയത്തൊന്നും എത്താത്ത ട്രെയിനുകളെയും പ്രതീക്ഷിച്ച് നിരവധി പേർ അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. 

അൽപ സമയം കൂടി കഴിഞ്ഞതോടെ ഞങ്ങൾ കാത്തിരുന്ന ആ അനൗൺസ്മെൻ്റ് മുഴങ്ങി.

"യാത്രിയോം കൃപയാ ധ്യാൻ ദീജിയേ ... ഗാഡി സംഖ്യ 14646 ജമ്മു സെ ചൽകർ ജലന്ധർ കെ രാസ്തെ നയീ ദില്ലി ജാനെ വാലി ഷാലിമാർ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ എക് പർ ഘടി ഹെ..."

ഒരാഴ്ച കൊണ്ട് ഹിന്ദി ഏകദേശമൊക്കെ മനസ്സിലായി തുടങ്ങിയവർ എല്ലാവരും അവരവരുടെ ലഗേജ് എടുത്ത് നീങ്ങാൻ തുടങ്ങി. "മണ്ടിക്കോ, വണ്ട്യെത്തി " എന്ന ഹബീലിൻ്റെ പ്രഖ്യാപനം കേട്ടതോടെ മലയാളം തിരിയുന്നവരും പ്ലാറ്റ് ഫോമിലേക്ക് നീങ്ങി. ഓരോരുത്തരും അവരവരുടെ കാബിനിൽ കയറി സീറ്റുറപ്പിച്ചു. 

വണ്ടി നീങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ പുറത്തേക്ക് തലയിട്ട് വെറുതെ ഒന്ന് കൈവീശി. പ്ലാറ്റ്ഫോമിൽ കൈ വീശിക്കൊണ്ട് ഒരു സംഘം നിൽക്കുന്നു ! എല്ലാവരുടെയും മുഖം വ്യക്തമായി കാണാം - ഗുൽമാർഗ്ഗിലെ ഇഷ്ഫാഖ് , പഹൽഗാമിലെ കുതിരക്കാരൻ മഹ്മൂദ് യൂസുഫ്, ബൈസരൺ വാലിയിലെ റുബീന, കൊങ്ദൂരിയിലെ ചായക്കാരൻ മുഹമ്മദ് റംസാൻ, ഹസ്രത്ത് ബാലിലെ മത്സ്യക്കാരി ഫാത്തിമ, നിഷാത് ബാഗിലെ കഹുവവക്കാരൻ ജാവേദ് അക്തർ, ദാൽ ലേക്കിലെ ശിക്കാരി ഗുലാം അഹ്മദ്...പിന്നെ രമൺ ശർമ്മയും !! 

എൻ്റെ ചുണ്ടിൽ അപ്പോൾ ഒരു ഗാനമൂറി....

"चलते चलते

मेरे ये गीत याद रखना

कभी अलविदा ना कहना

कभी अलविदा ना कहना

रोते हँसते बस यूँही तुम

गुनगुनाते रहना

कभी अलविदा ना कहना

कभी अलविदा ना कहना"

ഗംഭീര അനുഭവങ്ങളോട് കൂടിയ ഒരു യാത്ര കൂടി അവസാനിക്കുകയാണ്. കാശ്മീർ ഇനിയും എന്നെ മാടി വിളിക്കുന്നുണ്ട്. 'വീണ്ടും ഇനി ഒരു ആപ്പിൾക്കാലത്ത്..' ഞാൻ മനസ്സിൽ കുറിച്ചിട്ടു. പതുക്കെ പതുക്കെ ഞാൻ ഉറക്കിലേക്ക് ഊളിയിട്ടു.


(അവസാനിച്ചു)


Wednesday, March 27, 2024

സൌഹൃദം പൂക്കുന്ന വഴികൾ - 25

"ഈ സാറിനോട് സംസാരിക്കുന്നതിലും ഭേദം വല്ല മുരിക്കിലും പോയി കയറുന്നതാ.."

വിട്ടു കൊടുക്കാതെ ഞാനും വിട്ടു തരാൻ സമ്മതിക്കാതെ JP യും തമ്മിലുള്ള സംസാരം അനന്തമായി നീണ്ട് പോകുമ്പോൾ, JP യിൽ നിന്നും വരുന്ന സ്ഥിരം ഡയലോഗ് ആണിത്. അത് കേൾക്കുമ്പോൾ മനസ്സിന് എന്തോ ഒരു സുഖം തോന്നാറുണ്ട്. നടന്ന് കൊണ്ടിരിക്കുന്ന ആ സംസാരം അപ്പോൾ അവിടെ അവസാനിക്കുമെങ്കിലും മറ്റൊരു വിഷയത്തിന് അടുത്ത നിമിഷം തന്നെ JP തിരി കൊളുത്തിയിട്ടുണ്ടാകും 🔥

ഹോസ്റ്റലിലെ അയൽവാസി , രാത്രി എന്നും ഭക്ഷണത്തിന് ഒരുമിച്ച് പോയിരുന്നവർ, വൈകിട്ട് പത്രപാരായണത്തിന് വേണ്ടിയും തർക്കിക്കാൻ വേണ്ടിയും ഒന്നിച്ചിരുന്ന് ചായകുടിച്ചവർ, സർവ്വോപരി ഒരേ ഡിപ്പാർട്ടുമെൻ്റുകാർ. ഇതൊക്കെയായിരുന്നു ജി.ഇ.സി.പാലക്കാട്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് ഞാനും JP യും തമ്മിലുള്ള ബന്ധം. ഇതിലൂടെ എൻ്റെ എഴുത്തുകളിൽ ചിലതിലൊക്കെ കഥാ പാത്രമായ JP ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിട പറയുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.

വിവാഹം കഴിക്കാത്തതിനാൽ വാരാന്ത്യം വീട്ടിൽ ചെന്നാലും സ്പെഷ്യൽ ഭക്ഷണം ഒന്നും JP ക്ക് ഉണ്ടായിരുന്നില്ല. ജയിൽ ചപ്പാത്തിയും തേനും ആണ് വാരാന്ത്യ മുഴുനേര ഭക്ഷണം. അതിനാൽ തന്നെ ആഴ്ചയിലൊരിക്കൽ ചിക്കൻ ഫ്രൈ കഴിക്കൽ JP ക്ക് ഒരു ഹരമായിരുന്നു. തിന്ന് കഴിഞ്ഞ് കാശും കൊടുത്ത് ഏമ്പക്കം വിട്ടിട്ട് അതിൻ്റെ ദോഷങ്ങളെപ്പറ്റി പറയാനും JP മറക്കാറില്ല😄. 

JP യുടെ കാട ഫ്രൈ ഭ്രമമാണ് ' എന്നെ പാലക്കാട്ടെ ഉൾഗ്രാമമായ ആറ്റാശേരിയിലെ "എരിവും പുളിയും" എന്ന ഹോട്ടലിൽ എത്തിച്ചത്. പിന്നീട് പല തവണ രാത്രിയിൽ 10 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്ത് ഞങ്ങൾ അവിടെ എത്തി കാട ഫ്രൈ കഴിച്ചിരുന്നു. മണ്ണമ്പറ്റ നിന്നും കടമ്പഴിപ്പുറത്തേക്കും തിരിച്ചും നിരവധി തവണ നടന്ന് പോയതും പ്രധാനമായും ചിക്കൻ ഫ്രൈ രുചികൾ തേടിയായിരുന്നു, കാട ഭ്രമം ഭ്രാന്തായ ഒരു ദിവസം, പാലക്കാട്ടെ ഒട്ടു മിക്ക ഹോട്ടലുകളിലും കാട ഫ്രൈ അന്വേഷിച്ച് വിളിച്ചതും ചരിത്രമാണ്.

രാവിലെ കോളേജിലെത്തിയാൽ, സഞ്ചിയിൽ കരുതിയ മൂന്നാല് ബോട്ടിലുകളിൽ വെള്ളം നിറക്കുന്നതും വൈകിട്ട് അത് അവിടെ തന്നെ കൊണ്ടുപോയി മറിച്ച് വീണ്ടും നിറക്കുന്നതും JP യുടെ ഒരു സ്ഥിരം പരിപാടി ആയിരുന്നു. എന്നും ഇത് കാണുന്ന എനിക്ക്, ഈ പരിപാടിയുടെ ആശാനെ ഒന്ന് JP യ്ക്ക് കാണിച്ച് കൊടുക്കണം എന്ന് തോന്നി. അങ്ങനെയാണ് ഞങ്ങൾ നാറാണത്ത് ഭ്രാന്തന്റെ അടുത്തെത്തിയത്. മറ്റു പല സ്ഥലങ്ങളും കാണണം എന്നാഗ്രഹം പറഞ്ഞിരുന്നുവെങ്കിലും സമയം ഒത്ത് വന്നില്ല.

JP ഇല്ലാത്ത SKP വള്ളിയില്ലാത്ത ട്രൗസറ് പോലെയാണെന്നോ JP യുടെ റിട്ടയർമെൻ്റ് GEC SKP ക്ക് തീരാ നഷ്ടമാണെന്നോ എന്നൊന്നും എനിക്ക് തോന്നുന്നില്ല. ബട്ട്, താടിക്ക് മാസ്കിടുന്ന എന്നാൽ ജീവിതത്തിൽ മുഖം മൂടി അണിയാത്ത ഇത്തരം വ്യക്തികളെ കണ്ടുമുട്ടാൻ പ്രയാസമാണ്.

നാലഞ്ച് വർഷം കഴിഞ്ഞ് സ്റ്റാഫ് ഹോസ്റ്റൽ മുറ്റത്ത് ആദ്യമായി ഒരു മാങ്ങ വീഴുമ്പോൾ ആരെങ്കിലുമൊക്കെ ഞങ്ങളെ ഓർക്കുമായിരിക്കും(ഞാനും JP യും സിവിൽ വിഭാഗം മേധാവി ഷിബു സാറും കൂടി കഴിഞ്ഞ വർഷം നട്ട നാലഞ്ച് മാവിൻ തൈകൾ അവിടെ വളർന്ന് വരുന്നുണ്ട്). JP യുടെ ഇഷ്ടം ഭക്ഷണം ചപ്പാത്തി ആയതിനാൽ,എൻ്റെ വീട്ടിൽ ചപ്പാത്തി ഉണ്ടാക്കുന്ന എല്ലാ ദിവസങ്ങളിലും ഞാൻ JP യെയും ഓർക്കും.

സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജയപാലിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. നിഷ്കളങ്കമായ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ എന്നും ആശിക്കുന്നു.

Tuesday, March 26, 2024

ജമ്മുവിൽ ഒരു രാത്രി (വിൻ്റർ ഇൻ കാശ്മീർ - 17)

Part 16 : മംഗല്യം തന്തുനാനെ

ജമ്മുവിൽ നിന്നും ഡെൽഹിയിലേക്കുള്ള ഞങ്ങളുടെ വണ്ടി രാത്രി പതിനൊന്ന് മണിക്കായിരുന്നു.ഇനിയും അഞ്ചാറ് മണിക്കൂർ റെയിൽവെ സ്റ്റേഷനിൽ ഇരിക്കണം എന്ന് സാരം. ജമ്മുവിൽ കാണാനുള്ള സ്ഥലങ്ങളിൽ പ്രവേശനത്തിനുള്ള സമയപരിധി കഴിയുകയും ചെയ്തിരുന്നു. 

"താഴെ മാർക്കറ്റിൽ പോയാൽ 40 രൂപയ്ക്ക് ബർഗർ കിട്ടും " നിഖിൽ പറഞ്ഞു.

" ആഹാ.. എന്നാ തിന്നിട്ട് തന്നെ കാര്യം.." ഹഖ് നയം വ്യക്തമാക്കി. ഒന്ന് പുറത്ത് പോയി വരാം എന്ന് എനിക്കും സത്യൻ മാഷിനും ആഗ്രഹം തോന്നിയതിനാൽ ഞങ്ങളും സമ്മതിച്ചു.

"അടുത്ത് എവിടേലും പള്ളിയുണ്ടോ?" ഞാൻ ഹബീലിനോട് അന്വേഷിച്ചു. 

"ങാ.. ആ റോഡിന് തന്നെ നേരെ ചെന്നാൽ മതി അല്പം ആലോചിച്ച ശേഷം ഹബീൽ പറഞ്ഞു.

ശ്രീനഗറിൽ നിന്ന് തിരിച്ച് ജമ്മുവിൽ എത്തിയപ്പഴേ എൻ്റെ മനസ്സിൽ എന്തൊക്കെയോ വികാരങ്ങളുടെ ഒരു വേലിയേറ്റം അലയടിക്കുന്നുണ്ടായിരുന്നു. ആദ്യ കാശ്മീർ യാത്രയുടെ അവസാനം എൻ്റെ മൂത്ത മോൾ ലുലു ഞങ്ങളോട് യാത്ര പറഞ്ഞത് ഇവിടെ വച്ചാണ്. രണ്ട് വർഷം പി.ജി. പഠനത്തിനായി ജമ്മുവിൽ ചെലവഴിച്ച അവൾ, എത്രയോ തവണ നടന്നുപോയ വഴികളാണ് ഇപ്പോൾ എൻ്റെ മുന്നിലുള്ളത്. പഠനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അവൾക്ക് ഈ സ്ഥലങ്ങളും പേരുകളും കേൾക്കുമ്പോഴും ഫോട്ടോകൾ കാണുമ്പോഴുമുണ്ടാകുന്ന നോസ്റ്റാൾജിയയും എൻ്റെ മനസ്സിലൂടെ ഓടി മറഞ്ഞു. മകൾക്ക് വേണ്ടി ആ വഴികളിലൂടെ എല്ലാം ഒന്നു കൂടി നടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

നിഖിൽ സൂചിപ്പിച്ച കടയിൽ കയറി ഞങ്ങൾ ബർഗറാഗ്രഹം ശമിപ്പിച്ചു. സാധാരണ ഒന്ന് തിന്നുന്നിടത്ത് ഇത് രണ്ടെണ്ണം തിന്നാലും മതിയാവില്ല എന്ന തിരിച്ചറിവ് കൂടി അതോടൊപ്പം കിട്ടി. ലുലു അന്ന് കാണിച്ച് തന്നിരുന്ന കേരള ഭോജനിൽ പോയി ദോശ കഴിക്കാൻ എനിക്കാശ  തോന്നിയെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയൊരാശ തോന്നാത്തത് എന്നെ നിരാശനാക്കി.

ചായക്ക് ശേഷം ഞങ്ങൾ തൊട്ടടുത്ത മാർക്കറ്റിലേക്ക് നീങ്ങി.ക്ഷേത്ര കമാനം കടന്ന് വേണം മാർക്കറ്റിലേക്ക് പ്രവേശിക്കാൻ. റോഡിൻ്റെ ഇരു ഭാഗത്തും ക്ഷേത്രങ്ങളാണ്. ജാതി-മത- ലിംഗ ഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നതിനാൽ ഞാനും ചെരുപ്പഴിച്ച് അകത്ത് കയറി. അകത്ത്  പ്രത്യേകിച്ച് ഒന്നും കാണാനും ചെയ്യാനും ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഞാൻ പുറത്തിറങ്ങുകയും ചെയ്തു.ക്ഷേത്ര കമാനം മുതൽക്കേ തെരുവ് മുഴുവൻ ദീപാലംകൃതമായിരുന്നു. സത്യൻമാഷും മറ്റുള്ളവരും തെരുവിലെ തിരക്കിൽ അലിഞ്ഞ് ചേർന്നപ്പോൾ ഞാൻ നമസ്കാരം നിർവ്വഹിക്കാനായി  പള്ളിയിലേക്ക് നീങ്ങി.

ഹബീൽ പറഞ്ഞ പോലെ നേരെ നടന്ന ഞാൻ എത്തിയത് സാമാന്യം വലിയൊരു പള്ളിക്ക് മുന്നിലാണ്. ഗേറ്റ് കടന്നാൽ തുറസ്സായ ഒരു സ്ഥലം. അതും കടന്ന് വലതുഭാഗത്ത് വിശാലമായ വുളു ഖാന. ചുടുവെള്ളം കൊണ്ട് വുളു എടുത്തു പള്ളിയിലേക്കുള്ള പടിവാതിലിൽ എത്തിയ ഞാൻ ഒരു ആൾക്കൂട്ടത്തെ കണ്ടു. അവർ ഒരു കാശ്മീരിയോട് ഹിന്ദിയിൽ എന്തോ ചോദിക്കാൻ ശ്രമിക്കുകയാണ്. കാശ്മീരി ആരെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.

"ഈ ചങ്ങായിക്ക് പറഞ്ഞാ തിരിണ്ല്ല... കൂട്ടത്തിൽ ഒരാളുടെ പ്രതികരണം ഞാൻ കേട്ടു. ഉടൻ അവരുടെ നാട് ഞാൻ ഊഹിച്ചു.

"മലപ്പുറത്ത് എവിടെയാ ?" എൻ്റെ ചോദ്യം കേട്ട് അവരെല്ലാവരും തിരിഞ്ഞ് നോക്കി.

"വളാഞ്ചേരി... കൊണ്ടോട്ടി..." അങ്ങനെ പല മറുപടികളും കിട്ടി.

"നിങ്ങൾ കാശ്മീരിലേക്ക് വരുന്നതോ അതല്ല തിരിച്ച് പോകുന്നതോ?"

"ആദ്യമായിട്ട് വരികയാണ്... ഇപ്പോൾ ശ്രീനഗറിലേക്ക് ടാക്സി കിട്ടുമോ എന്ന് ചോദിക്കുകയാണ് ..''

"ഈ നേരത്ത് ടാക്സി കിട്ടാൻ പ്രയാസമാണ്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക്  പകൽ യാത്ര ചെയ്യണം. എന്നാലേ യാത്രയുടെ ത്രില്ല് മനസ്സിലാകൂ...പിന്നെ നമ്മുടെ ഹിന്ദി അവർക്ക് അത്ര എളുപ്പം മനസ്സിലാവില്ല ... അത് അവരുടെ കുഴപ്പമല്ല... മലയാളി ഹിന്ദിയുടെ കുഴപ്പമാണ്.."

ശേഷം, കാണാനുള്ള സ്ഥലങ്ങളെപ്പറ്റിയും തണുപ്പിനെ പറ്റിയും താമസ സൗകര്യത്തെപ്പറ്റിയും എല്ലാം അവർ ചോദിച്ചു. അതവർക്ക് ഉപകാരപ്പെട്ടോ ഇല്ലേ എന്ന് അറിയില്ല. 

നമസ്കാരം നിർവ്വഹിച്ച ശേഷം ഞാൻ വീണ്ടും ശിവ ടെമ്പിളിനടുത്തുള്ള തെരുവിലെത്തി. നാട്ടിൽ പലർക്കും നൽകാനായി അൽപം കൂടി ഡ്രൈ ഫ്രൂട്ട് ആവശ്യമുണ്ടായിരുന്നു. അതും കുറച്ച് കാശ്മീരി ആപ്പിളും വാങ്ങി ഞാൻ സ്റ്റേഷനിലേക്ക് തിരിച്ച് നടന്നു. ഇടയ്ക്ക് ഷോപ്പിംഗ് കഴിഞ്ഞ് വരുന്ന സത്യൻ മാഷുമായി വീണ്ടും കണ്ടുമുട്ടി.


Part 18 :  ബൈ ബൈ കാശ്മീർ...


Monday, March 25, 2024

സന്തോഷം മക്കളിലൂടെ...

എൻ്റെ കുട്ടിക്കാലത്ത് വീട്ടിൽ ബാലമാസികകൾ വരുത്തുന്ന പതിവ് ഉണ്ടായിരുന്നു. ചംപക്, പൂമ്പാറ്റ , മലർവാടി എന്നിവയായിരുന്നു അന്ന് വീട്ടിൽ വരുത്തിയിരുന്നത്. അവയുടെ പഴയ ലക്കങ്ങൾ എല്ലാം പിന്നീടുള്ള വായനക്കായി സൂക്ഷിച്ച് വയ്ക്കുന്ന ഒരു പതിവും ഉണ്ടായിരുന്നു. വേനലവധിക്കാലത്ത് ഞങ്ങളുടെ കോളനിയിലെ വിവിധ പ്രായക്കാരായ കുട്ടികൾ ഇവ വായിക്കാൻ വീട്ടിൽ വരാറുണ്ടായിരുന്നു. കുട്ടികളായ ഞങ്ങൾ മുതിർന്നതോടെ ഈ മാസികകളുടെ വരവും നിന്നു. ഇന്ന് മേൽപറഞ്ഞവയിൽ ഒരു മാസികയും നിലവിലില്ല.

പുതിയ വീടെടുത്ത് ഞാൻ താമസം മാറുകയും മക്കൾ ഓരോരുത്തരായി വായനാ ലോകത്തേക്ക് പ്രവേശിക്കുകയും ചെയ്തതോടെ എൻ്റെ പ്രിയ പിതാവ് ഞങ്ങൾക്ക് വേണ്ടി ചെയ്ത പോലെ ബാലഭൂമിയും മലർവാടിയും ഞാൻ വീട്ടിൽ വരുത്തി. നാല് മക്കളും തമ്മിലുള്ള പ്രായ വ്യത്യാസം അഞ്ച് - ആറ് വർഷമായതിനാൽ ആദ്യ വായനക്കാരി ഇപ്പോൾ ഇരുപത്തിയഞ്ചാം വയസ്സിൽ എത്തിയിട്ടും ബാലവാരിക നിർത്താൻ എനിക്ക് സാധിച്ചിട്ടില്ല. ഏഴ് വയസ്സ് കാരനായ നാലാമനാണ് ഇപ്പോൾ ബാലഭൂമിയുടെ പ്രധാന വായനക്കാരൻ.

വായനക്കൊപ്പം തന്നെ വാരികയിലെ വിവിധ മത്സരങ്ങളിൽ മക്കൾ പങ്കെടുക്കാറുണ്ടായിരുന്നു. കാനനപത്രം തയ്യാറാക്കൽ മത്സരത്തിൽ വിജയിച്ച മൂത്ത മോൾക്ക് ലഭിച്ചത് ഒരു ഡിജിറ്റൽ ക്യാമറ ആയിരുന്നു. വിഷുക്കണി തയ്യാറാക്കൽ മത്സരത്തിലൂടെ രണ്ടാമത്തവൾ നേടിയത് ഒരു ജംബോ കളറിംഗ് കിറ്റ് ആയിരുന്നു. ബോക്സ്, ടീഷർട്ട്, അമ്യൂസ്മെൻ്റ് പാർക്ക് ടിക്കറ്റ് തുടങ്ങീ ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ മൂന്നാമത്തവൾ അവസാനം എത്തിയത് ഏകദിന സമ്മർ ക്യാമ്പിൽ ആയിരുന്നു.

അവരൊക്കെ നിർത്തിയേടത്ത് ഇപ്പോൾ നാലാമൻ അബ്ദുല്ല കെൻസ് മത്സരം ആരംഭിച്ചു കഴിഞ്ഞു. ആദ്യത്തെ മത്സരങ്ങളിലൊന്നും വിജയി ആയില്ലെങ്കിലും നിരന്തര പ്രോത്സാഹനത്തിൽ അവൻ മത്സരത്തിൽ തുടർന്നു."മുട്ടുവിൻ, തുറക്കപ്പെടും" എന്നാണല്ലോ. ഇപ്പോൾ അവനും ഒരു മത്സരത്തിൽ ആദ്യമായി വിജയിയായ സന്തോഷത്തിലാണ്. എന്ന് മാത്രമല്ല വ്യാഴാഴ്ച ബാലഭൂമി വീട്ടിൽ എത്തുമ്പോൾ തന്നെ ആദ്യ കണ്ണോടിക്കൽ കഴിയും. ആ വായനക്കുള്ള ഫലവും കണ്ട് തുടങ്ങി - കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് കഥ അവൻ സ്വന്തമായി എഴുതി!!

മക്കളുടെ വളർച്ചയും വികാസവും ഏതൊരു രക്ഷിതാവിൻ്റെയും അഭിലാഷമാണ്. ആവശ്യമായ പ്രചോദനവും പ്രോത്സാഹനവും നൽകിയാൽ അത് ശരിയായ വിധത്തിൽ പരിപോഷിപ്പിക്കാൻ സാധിക്കും എന്ന് അനുഭവത്തിൽ നിന്നും സാക്ഷ്യപ്പെടുത്തുന്നു.

Tuesday, March 19, 2024

നായരുടെ ഹോട്ടലിലെ നോമ്പ് തുറ

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് റംസാൻ  വ്രതത്തിന്റെ കാലം ഞങ്ങളിൽ പലർക്കും ശരിക്കും ഒരു പരീക്ഷണ കാലമായിരുന്നു. പുലർച്ചെ അഞ്ച് മണിക്ക്  മുമ്പ് എണീറ്റ് അത്താഴം കഴിക്കണം. വെളിച്ചം പരക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലേക്കുള്ള നടത്തവും ആരംഭിക്കണം. കാരണം സ്കൂളിൽ ക്‌ളാസ്സുകൾ നേരത്തെ തുടങ്ങും.  കിലോമീറ്ററുകൾ താണ്ടി സ്‌കൂളിൽ എത്തുമ്പോഴേക്കും പുലർച്ചെ കഴിച്ചതെല്ലാം പുറത്തേക്ക് പോകാൻ തയ്യാറായിട്ടുണ്ടാകും.ഉച്ചയോടെ സ്കൂൾ വിടുമെങ്കിലും വീട്ടിൽ തിരിച്ചെത്താനുള്ള ഇന്ധനം ശരീരത്തിൽ ഉണ്ടായിരിക്കില്ല. പരസ്യമായി നോമ്പ് മുറിക്കാൻ എന്റെ അഭിമാനം അനുവദിച്ചതുമില്ല.

വിവിധ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളായിരുന്നു ഞങ്ങളുടേത്.ഇസ്ലാമേതര മതത്തിൽ പെട്ട കുട്ടികൾ വ്രതം എടുക്കാറില്ല. മുസ്ലിം വിഭാഗത്തിൽ പെട്ടവരിൽ തന്നെ പലരും എല്ലാ ദിവസവും നോമ്പെടുക്കാറില്ല.ഒരു ക്‌ളാസിൽ തന്നെ ഇങ്ങനെ പലതരം കുട്ടികൾ ഉള്ളതിനാൽ വ്രതാനുഷ്ടാനം വളരെ ശ്രമകരമായിരുന്നു.സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന ചായക്കടകൾ ഒന്നും തന്നെ നോമ്പ് ദിവസങ്ങളിൽ തുറക്കാറില്ല.പല ഹോട്ടലുകളും വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നത് റംസാനിലായിരുന്നു.

അങ്ങനെ ഒരു ദിവസം സ്കൂളിനടുത്തു മിഠായിയും മറ്റും കച്ചവടം ചെയ്യുന്ന കുഞ്ഞുണ്ണിയുടെ വീടിനടുത്ത് ഒരു   "നോമ്പ് സ്പെഷ്യൽ ഹോട്ടൽ" പ്രത്യക്ഷപ്പെട്ടു.ഒരു നായരായിരുന്നു ഹോട്ടൽ നടത്തിയിരുന്നത്. വ്രതമെടുക്കാത്ത മുസ്‌ലിംകൾക്കും (ഇവരെ നോമ്പ് കള്ളന്മാർ എന്നാണ് വിളിക്കാറ്) നോമ്പെടുക്കാത്ത അമുസ്ലിങ്ങൾക്കും ഭക്ഷണം നൽകുക എന്ന സദുദ്ദേശമായിരുന്നു നായർക്ക് ഉണ്ടായിരുന്നത്. പക്ഷെ നോമ്പെടുക്കുന്ന എന്നെപ്പോലെയുള്ള ലോലഹൃദയരും ശൂന്യ ആമാശയരും ആയവർക്ക് ഒരു ‘മോട്ടിവേഷൻ’ കൂടിയായിരുന്നു ആ ഹോട്ടൽ എന്ന് പാവം നായർ അറിഞ്ഞില്ല.

അവസരം കിട്ടിയ ഒരു ദിവസം ഇന്റർവെൽ സമയത്ത് ഞാനും തലയിൽ മുണ്ടിട്ട് നായരുടെ ഹോട്ടലിൽ കയറി. ആരും കണ്ടില്ല എന്ന് ഉറപ്പ് വരുത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ സുഹൃത്തായ അഷ്റഫിന് കുള്ളൻ നാണിയുടെ ചികിത്സ കിട്ടിയത് ചെറിയൊരു അശ്രദ്ധയിൽ നിന്നായിരുന്നു. അത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടവും വലവും ഒക്കെ ശ്രദ്ധിച്ചു വേണം എന്തും ചെയ്യാൻ.നോമ്പിന് ഹോട്ടലിൽ കയറിയത് വീട്ടിലറിഞ്ഞാൽ അതിലും വലിയ പൊല്ലാപ്പും ആകും.

മാവൂരാക്കയുടെ ചായ മക്കാനിയിൽ കിട്ടിയിരുന്ന കായപ്പവും പെയിന്റ് എന്നറിയപ്പെടുന്ന പ്രത്യേകതരം സൗജന്യ കറിയോട് കൂടിയുള്ള പൊറാട്ടയും ആയിരുന്നു നായരുടെ ഹോട്ടലിലെയും പ്രധാന വിഭവം. ഞാൻ  കായപ്പവും ചായയും ഓർഡർ ചെയ്തു.വിശന്നു  പൊരിഞ്ഞു നിന്ന ആമാശയത്തിന് അത് ഒരു ഇടക്കാല ആശ്വാസമായി. പതിവിലും വിപരീതമായി ആമാശയം ഉത്തേജിപ്പിക്കപ്പെട്ടതിനാൽ അന്ന് സ്‌കൂളിൽ നിന്നുള്ള  മടക്കയാത്രയിൽ ഞാനും വേഗത്തിൽ നടന്നു.  എന്റെ എനർജിയുടെ രഹസ്യം കൂട്ടുകാർക്കാർക്കും പിടി കിട്ടിയില്ല. 

പതിയെ പതിയെ ഞാൻ നായരുടെ സ്ഥിരം കസ്റ്റമറായി.പക്ഷേ ഒരു ദിവസം എന്റെ എല്ലാ പദ്ധതികളും പാളിപ്പോയി.പതിവ് പോലെ ആരും കാണാതെ ഞാൻ നായരുടെ  ഹോട്ടലിലേക്ക് കയറി.ധൃതിയിൽ ഒരു മൂലയിൽ ചെന്നിരിന്നപ്പോഴാണ് നാട്ടുകാരായ സമദും ലത്തീഫും നാണിയും മറ്റൊരു മൂലയിൽ ഇരുന്ന് പൊറൊട്ട തട്ടുന്നത് ഞാൻ കണ്ടത്.പുറം തിരിഞ്ഞ് മെല്ലെ രക്ഷപ്പെടാൻ ഞാൻ ഒരു ശ്രമം നടത്തി.പക്ഷേ ഒരു സ്ഥിരം കസ്റ്റമർ ആയതിനാൽ, ഞാൻ ഓർഡർ ചെയ്യാതെ തന്നെ നായർ കായപ്പവും ചായയും മുന്നിൽ കൊണ്ടു വയ്ച്ചു കഴിഞ്ഞിരുന്നു.

“ആഹാ...നിന്റെ നോമ്പ് അപ്പോൾ ഉച്ച വരെയേ ഉള്ളൂ അല്ലേ?” എന്നെ നോക്കി ഒരു ഇളിഭ്യച്ചിരിയോടെ സമദ് ചോദിച്ചപ്പോൾ ഉത്തരം വന്നത് നായരിൽ നിന്നായിരുന്നു.

“ഏയ്...അവൻ ഒരു ദിവസം തന്നെ  രണ്ട് നോമ്പെടുക്കുന്നതാ...”

ഞാൻ നോമ്പ് പൂർത്തിയാക്കാത്ത കാര്യം അവരെല്ലാം അറിഞ്ഞ് കഴിഞ്ഞതിനാൽ, മൂർക്കനാട് സ്കൂളിൽ പഠിച്ച കാലത്തുള്ള ഒരു വിധം നോമ്പെല്ലാം പിന്നീട് നായരുടെ ഹോട്ടലിൽ നിന്ന് തന്നെയാണ് തുറന്നത്.

(ഒരു സുഹൃത്തിൻ്റെ നോമ്പോർമ്മ )

Wednesday, March 13, 2024

മംഗല്യം തന്തുനാനെ... (വിൻ്റർ ഇൻ കാശ്മീർ - 16)

 Part 15 : ദാൽ തടാകത്തിലെ ശിക്കാരകൾ 

അടുത്ത ദിവസത്തെ പ്ലാൻ പറയുന്നതിനായി നിഖിൽ എല്ലാവരെയും ഒരുമിച്ച് കൂട്ടി.

"മേരാ പ്യാരി ദേശ് വാസിയോ..." എന്ന് നിഖിൽ തുടങ്ങിയതും ഹഖ് ഷർട്ടിൻ്റെ ബട്ടണുകൾ ധൃതിയിൽ ഇടാൻ തുടങ്ങി.

"എന്താ ? എന്തു പറ്റി?" ഞാൻ ഹഖിനോട് ചോദിച്ചു.

"മേരാ പ്യാരി ദേശ് വാസിയോ എന്നല്ലേ പറഞ്ഞത്?..." 

"അതേ... അതിന് ?"

"എന്തോ ദുരന്തം വരുന്നുണ്ട് എന്നതിൻ്റെ മുന്നറിയിപ്പാണത്..."

"ഹ...ഹ... ഹാ ... അത് പറയുന്ന ആൾക്കനുസരിച്ച് മാറും... ഇത് നിഖിലാ പറയുന്നത് " 

"നാളെ രാവിലെ ആറു മണിക്ക് തന്നെ ബസ് സ്റ്റാർട്ട് ചെയ്യും. ആപ്പിൾ കാർട്ട് പോകാനുള്ളതാണ്.. വൈകിയാൽ വണ്ടി തന്നെ മിസ്സാകും. .." നിഖിൽ പറഞ്ഞു.

"ഹാവൂ... സമാധാനമായി.." കൊണ്ടോട്ടിക്കൂട്ടത്തിലെ ഹനീഫാക്ക പറഞ്ഞു.

"അതെന്താ .. ഇപ്പോ പ്രത്യേകം ഒരു സമാധാനം കിട്ടാൻ ...? " ഞാൻ ചോദിച്ചു. 

" ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് തിന്നുന്ന ഫോട്ടോ ബീവിക്ക് അയച്ചു കൊടുക്കാം എന്ന് പറഞ്ഞിരുന്നു. ഇത്രയും ദിവസം അത് നടന്നില്ല. നാളെ എങ്കിലും..."

"അതെങ്ങനെ ?" എനിക്ക് സംശയമായി

"അതെല്ലേ ഓൻ പറഞ്ഞത്... ആപ്പിൾ കാട്ടിൽ പോവാനുണ്ട് ന്ന് ... " 

" ആപ്പിൾ കാട്ടിൽ പോവാനല്ല.... ആപ്പിൾ കാർട്ട് പോവാനുണ്ട് ന്നാ പറഞ്ഞത്. ആപ്പിൾ കയറ്റിയ വലിയ ലോറികൾ ..." 

"ഛെ... അതാണോ പറഞ്ഞത്... അതിനെന്തിനാ നമ്മൾ നേരത്തെ ഇറങ്ങുന്നത്?"

" ആപ്പിൾ വണ്ടികൾ പത്തും ഇരുപതും എണ്ണം ഒരുമിച്ചാ പോവുക ... അതിൻ്റെ പിന്നിൽ പെട്ടാൽ പിന്നെ ചുരം തീരുന്നത് വരെ ഒരു രക്ഷയും ഉണ്ടാകില്ല... പ്രഭാതഭക്ഷണം നമ്മൾ വഴിയിൽ എവിടെ വച്ചെങ്കിലും കഴിക്കും. ആമാശയത്തിന് ഇടക്കാലാശ്വാസം നൽകേണ്ടവർ നാലഞ്ച് റൊട്ടി നമ്മുടെ ലോഡ്ജിനടുത്തുള്ള റൊട്ടിപ്പീടികയിൽ നിന്ന് രാവിലെ വാങ്ങുക ... " നിഖിൽ പറഞ്ഞു.

അന്ന് രാത്രി തന്നെ ഞങ്ങൾ മുഴുവൻ പാക്കിംഗും പൂർത്തിയാക്കി. ഡോ. അബ്ദുൽ ഹലീം പണ്ഡിറ്റിൻ്റെ ലോവുഡ് ഹൗസ് മനസ്സിനകത്ത് തറയിട്ട് കഴിഞ്ഞതിനാൽ റൂം വിട്ടിറങ്ങാൻ മനസ്സ് വന്നില്ല. 

അതിരാവിലെ കഴിഞ്ഞ മൂന്ന് ദിവസമായി കേട്ട് കൊണ്ടിരിക്കുന്ന മനോഹരമായ ആ ബാങ്ക് വിളി അവസാനമായി വീണ്ടും കേട്ടു. സുബഹ് നമസ്കാരം നിർവ്വഹിച്ച ശേഷം ഞാനും ലോവുഡ് ഹൗസിനോട് വിട പറഞ്ഞു. ദാൽ ലേക്കിൻ്റെ പ്രഭാത ദൃശ്യം ഒരിക്കൽ കൂടി മനസ്സിലേക്ക് പകർത്തി ഞാൻ ശ്രീനഗറിനോട് സലാം ചൊല്ലി.

കഴിഞ്ഞ വർഷം കുടുംബ സമേതം വന്ന് തിരിച്ച് പോരുന്ന വഴിയിൽ സൈന്യത്തിൻ്റെ കോൺവോയ് കാരണം മൂന്ന് മണിക്കൂറോളം വഴിയിൽ കുടുങ്ങിയിരുന്നു. അന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ പുറപ്പെട്ട ഞങ്ങൾ, സമീപത്തൊന്നും കടകൾ ഇല്ലാത്തതിനാൽ വിശന്ന് പൊരിഞ്ഞത് ഓർമ്മയിൽ തങ്ങി നിൽക്കുന്നതിനാൽ നിഖിൽ പറഞ്ഞ കടയിൽ നിന്ന് ചൂടുള്ള പത്ത് റൊട്ടി വാങ്ങി ഞാൻ ബാഗിൽ വച്ചിരുന്നു. യാത്രക്കിടയിൽ എവിടെ വച്ചോ വിശപ്പിൻ്റെ വിളി വന്നു. ആവേശത്തോടെ ഞാൻ റൊട്ടിപ്പൊതി അഴിച്ചു. തണുത്ത് പോയ റൊട്ടി ഉണങ്ങിയ പാള പോലെയായി മാറിയിരുന്നു. ഒരു വിധത്തിലും കഴിക്കാൻ പറ്റാതെ ആയതിനാൽ പൊതിഞ്ഞ് ബാഗിൽ തന്നെ വച്ചു. ആപ്പിൾ ലോറികൾക്ക് പിന്നിലോ കോൺവോയ് വാഹനങ്ങൾക്കിടയിലോ പെടാതെ രക്ഷപ്പെട്ടതിനാൽ പത്ത് മണിയോടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ സാധിച്ചു. കറി ഒഴിച്ച് മയപ്പെടുത്തി റൊട്ടി അകത്താക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ദയനീയമായി പരാജയപ്പെട്ടു. 

ഒരു തുരങ്കം കഴിഞ്ഞ ഉടനെ തന്നെയുള്ള കടയിലായിരുന്നു ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാൻ കയറിയത്. നല്ല വിശപ്പുള്ളതിനാൽ എല്ലാവരും അത്യാവശ്യം നന്നായി തന്നെ ഭക്ഷണം കഴിച്ചു. സമയം ധാരാളം ഉണ്ടായിരുന്നതിനാൽ ഞാനും സത്യൻ മാഷും തുരങ്കത്തിൽ ഒന്ന് കയറി നോക്കാം എന്ന ഉദ്ദേശ്യത്തിൽ അതിനടുത്തേക്ക് നീങ്ങി. പണി മുഴുവൻ പൂർത്തിയാകാതെ തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്ത ഒരു തുരങ്കമായിരുന്നു അത്. ശബ്ദവും പൊടിയും ഉഷ്ണവും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ കാരണവും നിരീക്ഷണ ക്യാമറകൾ വല്ലതും ഒപ്പി എടുക്കുന്നുണ്ടോ എന്ന സംശയം കാരണവും അധികം ഉള്ളോട്ട് പോകാതെ ഞങ്ങൾ പുറത്തിറങ്ങി. താമസിയാതെ തന്നെ ബസ് ജമ്മു ലക്ഷ്യമാക്കി യാത്ര പുനരാരംഭിച്ചു.

ആശ പോലെ ആമാശയം നിറഞ്ഞില്ലെങ്കിലും സൂര്യൻ്റെ പൊൻവെയിലേറ്റ് കൊണ്ടോട്ടിക്കൂട്ടം വീണ്ടും സജീവമായി.മൊത്തം ടൂറിനെപ്പറ്റിയും വിവിധ കാഴ്ചകളെയും അനുഭവങ്ങളെയും പാളിച്ചകളെയും പറ്റിയും മറ്റും ബസ്സിൽ ചർച്ച തുടങ്ങി. അതിനിടയിലാണ് ടൂർ മാനേജർമാർ ഇപ്പോഴും ബാച്ചിലേഴ്സ് ആയി തുടരുന്ന വിഷയം ആരോ എടുത്തിട്ടത്. ഉടനെ ഖാലിദ് ബായി അതേറ്റെടുത്തു.

"നിനക്കെത്ര വയസ്സായി?"ഖാലിദ് ബായി  ഹബിലിനോട് ചോദിച്ചു.

"29"  മറുപടി പറഞ്ഞത് നിഖിലായിരുന്നു.

"നിന്നോടല്ല ... ഹബിലിനോടാ.."

"അവൻ്റെത് തന്നെയാ പറഞ്ഞത്... അവൻ വയസ്സ് കുറച്ച് പറയാതിരിക്കാൻ...ഞാൻ അവനെക്കാൾ മാസങ്ങൾക്ക് ഇളയതാ.." 

"ഏത് വരെ പഠിച്ചു?"

"ബി.കോം ഹാഫ് .." ഇത്തവണയും ഉത്തരം പറഞ്ഞത് നിഖിലായിരുന്നു.

"ങേ!! ബി.കോം ഹാഫോ?"

"ങാ.. ബി.കോം രണ്ടാം വർഷം പഠിച്ച് കൊണ്ടിരിക്കെ ഞങ്ങളുടെ കൂടെ കൂടിയതാ... പിന്നെ കോളേജ് കണ്ടിട്ടില്ല.."

ഖാലിദ് ബായി ഫോണിൽ കുറെ താഴോട്ടും പിന്നെ മേലോട്ടും സ്ക്രോൾ ചെയ്തു.

" ഇതിൽ പറ്റിയത് ഏതാന്ന് നോക്ക് .. " ഫോൺ ഹബീലിന് നൽകിക്കൊണ്ട് ഖാലിദ് ബായി പറഞ്ഞു.

" ഇങ്ങനെ ഒരു പാട് പേര് ആ പാവം ചെക്കന് ആശ കൊടുത്തിട്ടുണ്ട്..." ഹബീൽ ഫോണിൽ പരതുന്നതിനിടെ താടിക്ക് കൈ കൊടുത്ത് കൊണ്ട് നിഖിൽ പറഞ്ഞു.

"അതൊന്നുമല്ല.. ബാബു ഏറ്റെടുത്താൽ അത് നടക്കും..." മജീദ് ബായി ഉറപ്പിച്ച് പറഞ്ഞു.

"എങ്കിൽ ബ്രോക്കർ ഫീസും വാങ്ങിച്ചോളൂ... ഈ വൈക്കോൽ ലോറി മാറിയിട്ട് വേണം അനിയൻ ബാവമാർക്ക് ആലോചന തുടങ്ങാൻ.." നിഖിൽ പറഞ്ഞു.

"ബ്രോക്കർ ഫീ ഇല്ല... പക്ഷെ, കട്ടിൽ നമ്മളെ ഷോപ്പിൽ നിന്ന് വാങ്ങണം... നിൻ്റെ ഫോട്ടോ ഒന്നയച്ച് താ.." ഫർണ്ണീച്ചർ കച്ചവടക്കാരനായ ഖാലിദ് ബായി തൻ്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.

"തല്ക്കാലം പ്രൊഫൈൽ ഫോട്ടോ ഗ്രൂപ്പിലിടാം..." 'കട്ടിലിൽ തട്ടി വീണ' ഹബീൽ പറഞ്ഞു.

"അള്ളാ... ഇത് നമ്മളെ നേതാവാണല്ലോ..?" ഗ്രൂപ്പിൽ ഹബീലിൻ്റെ പ്രൊഫൈൽ ഫോട്ടോ കണ്ട മുനീർ ബായി വിളിച്ച് പറഞ്ഞു.

"അതെ.... " ഹബീലിൻ്റെ പിതാവിനെ അറിയുന്ന ഞാൻ പിന്താങ്ങി.

" അപ്പോൾ നീ ലുക്മാൻ അരീക്കോടിൻ്റെ ഒറിജിനൽ മകൻ തന്നെയാണോ?" മുനീർ ബായിയുടെ ചോദ്യം കേട്ട് ബസ്സിൽ പൊട്ടിച്ചിരി പടർന്നു.

"അടുത്തത് ആരാ... നഈം .... ഇവിടെ വാ..." പിന്നിൽ ഇരിക്കുന്ന നഈമിനെ ഖാലിദ് ബായി വിളിച്ചു. ലഡു കൈപറ്റാനെന്ന പോലെ നഈം പിന്നിൽ നിന്നും ഓടി എത്തി.

"പത്തിരുപത്തഞ്ച് വയസ്സായി ല്ലേ? ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ?" ഖാലിദ് ബായി നഈമിനോട് ചോദിച്ചു. 

നഈമിൻ്റെ മുഖത്ത് ഒരു നാണം പടർന്നു. തൊട്ടടുത്തിരുന്ന ബദറുത്തയോട് അവൻ എന്തോ ചോദിച്ചു. ഖാലിദ് ബായി കുറെ വിവാഹ പരസ്യങ്ങൾ നഈമിനെ കാണിച്ചു. നഈം അത് ബദറുത്തയെയും കാണിച്ചു.

"നീ എന്തിനാ അത് അവിടെ കാണിക്കുന്നത്?" ഖാലിദ് ബായി ചോദിച്ചു.

"എൻ്റെ മോനല്ലേ ... അപ്പോൾ എന്നോട് ചോദിക്കണ്ടേ.."  ഉത്തരം പറഞ്ഞത് ബദറുത്തയായിരുന്നു.

"അള്ളാ... ശരിക്കും നിങ്ങൾ അവൻ്റെ ഉമ്മയാണോ?" നേരത്തെ മുനീർ ബായി ഹബീലിനോട് ചോദിച്ചതു പോലെ തന്നെയുള്ള ഖാലിദ് ബായിയുടെ ചോദ്യം കേട്ട് ബസ്സിൽ വീണ്ടും ചിരിപൂരം തുടങ്ങി. അപ്പോഴേക്കും ബസ് പഞ്ചാബി ഹവേലിയിൽ എത്തിയതിനാൽ ഇത്തരം കൂടുതൽ ചോദ്യങ്ങളിൽ നിന്ന് എല്ലാവരും രക്ഷപ്പെട്ടു. 

ഒരു തരത്തിലുള്ള ബ്ലോക്കിലും പെടാത്തതിനാൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ തന്നെ ലക്ഷ്യസ്ഥാനത്തോട് അടുത്തിരുന്നു. ആയതിനാൽ ലഞ്ചിന് ശേഷം പഞ്ചാബി ഹവേലിയിൽ ഇത്തവണയും മണിക്കൂറുകൾ ചെലവഴിച്ചു. വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഞങ്ങൾ ജമ്മുവിൽ എത്തി.


Part 16: ജമ്മുവിൽ ഒരു രാത്രി

Tuesday, March 05, 2024

ദാൽ തടാകത്തിലെ ശിക്കാരകൾ (വിൻ്റർ ഇൻ കാശ്മീർ - 15 )

 Part 14: നിഷാത് ബാഗിലൂടെ

നിഷാത് ബാഗിൽ നിന്നും പുറത്തിറങ്ങിയ എല്ലാവരും പെട്ടെന്ന് തന്നെ ബസ്സിൽ കയറി. കാരണം അടുത്തത്, കഴിഞ്ഞ നാല് ദിവസമായി എന്നും കണ്ടു കൊണ്ടിരിക്കുന്നതും കാശ്മീരിൻ്റെ മുഖമുദ്രയുമായ ദാൽ തടാകത്തിലെ ശിക്കാര യാത്രയാണ്. ആദ്യമായിട്ട് പോകുന്നവർക്ക് വളരെയധികം ആസ്വാദ്യകരമായ ഒരു യാത്ര തന്നെയാണത്.

"ഇത് നമ്മുടെ അവസാനത്തെ യാത്രയാണ്... ഛെ... കാഴ്ചയാണ്... ദാൽ ലേക്ക് ... ഗാട്ട് നമ്പർ 16-ൽ നമ്മുടെ ബസ് പാർക്ക് ചെയ്യും. ഗാട്ട് നമ്പർ 14 -ൽ നിന്നാണ് ശിക്കാര ബോട്ട് യാത്ര. പാക്കേജിൽ ഉൾപ്പെട്ടതാണ്, പക്ഷെ ഇഷ്ടമുള്ളവർ പോയാൽ മതി. റൂമിലേക്ക് പോകേണ്ടവർക്ക് തടാകത്തിൻ്റെ സൈഡ് ചേർന്ന് നടന്നോ ഓട്ടോ പിടിച്ചോ പോകാം. ബസ്സിൽ ഒന്നും വയ്ക്കരുത്. ബസ് അവിടെ ഹാൾട്ടാണ്..." ടൂർ മാനേജർ നിഖിൽ നിർദ്ദേശം നൽകി.

കഴിഞ്ഞ തവണ വന്നപ്പോൾ ദാലിൽ ശിക്കാര യാത്ര നടത്തിയതാണെങ്കിലും ഒരിക്കൽ കൂടി പോയി നോക്കാം എന്ന് മനസ്സ് പറഞ്ഞു. ഞാനും സത്യൻ മാഷും ഗാട്ട് നമ്പർ 14 ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ, ചുറ്റും വെള്ളം കെട്ടി നിൽക്കുന്ന ചെറിയ ഒരു കര ഭാഗത്ത് ആവേശത്തോടെ ക്രിക്കറ്റ് കളിക്കുന്ന കാശ്മീരി യുവതയുടെ കാഴ്ച ഞങ്ങളിൽ ആശ്ചര്യം ജനിപ്പിച്ചു. 

"ഒരു സിക്സ് അടിച്ചാൽ ബാൾ ദാൽ ലേക്കിലെത്തും.." സത്യൻ മാഷ് പറഞ്ഞു.

"ആ... അതിന് ഇത്തരം സ്ഥലത്ത് പ്രത്യേകം ഒരു നിയമമുണ്ട് ..." ഞാൻ പറഞ്ഞു.

" ങേ !! അതേതാ അങ്ങനെ ഒരു നിയമം ?"

"സിക്സറടിച്ചാൽ അടിച്ചവൻ മാത്രമല്ല, ആൾ ഔട്ട്!!" ഞാൻ പറഞ്ഞു.

"ങേ!!" പുതിയ നിയമം കേട്ട് സത്യൻ മാഷ് വാ പൊളിച്ചു.

"പണ്ട് ഞങ്ങളും ഇതു പോലെ പുഴ വയ്ക്കത്ത് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. സിക്സറടിച്ച് ബാൾ ആഴമുള്ള സ്ഥലത്തേക്ക് വീണാൽ അത് തിരിച്ചെടുക്കാനുള്ള റിസ്കും സമയ നഷ്ടവും പരിഗണിച്ച് ഓൾ ഔട്ടായി പ്രഖ്യാപിക്കും. "

"കൊള്ളാലോ ഈ നിയമം. സ്റ്റേഡിയത്തിന് പുറത്തേക്ക് സിക്സർ അടിക്കുന്നവർക്കും ഈ നിയമം ബാധകമാക്കാവുന്നതാണ്..." സത്യൻ മാഷ് അഭിപ്രായപ്പെട്ടു.

"ദേ... ദാലിലെ വിസ്മയക്കാഴ്ചകൾ തുടങ്ങി... ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസ് .." പാർക്ക് ചെയ്ത ഒരു ബോട്ട് ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു. തൊട്ടടുത്ത് കണ്ട മരവും മനോഹരമായി തോന്നി.

നിമിഷങ്ങൾക്കകം തന്നെ ഞങ്ങൾ ഗാട്ട് നമ്പർ 14 ൽ എത്തി. സത്യൻ മാഷും ഞാനും ഏലിയാമ്മ ചേച്ചിയും സണ്ണിച്ചായനും ഹബീൽ കാണിച്ച് തന്ന ബോട്ടിൽ കയറി ഇരുന്നു. അൽപ്പസമയത്തിനകം തന്നെ ഒരു കശപിശ ശബ്ദം കേട്ടു. മറ്റൊരു ബോട്ടിലേക്ക് മാറാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ മാറിക്കയറി.

കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ, മണിക്കൂറിന് 2000 രൂപ കൊടുത്തായിരുന്നു ഞങ്ങൾ ശിക്കാര യാത്ര നടത്തിയത്. ഒരു മണിക്കൂർ യാത്രക്ക് വെറും 600 രൂപ മാത്രമേയുള്ളൂവെന്ന് ഇത്തവണ മനസ്സിലായി.

പൂക്കളുടെ തടാകം എന്ന പേരിൽ ദാൽ തടാകം പ്രസിദ്ധമാണ്. പക്ഷേ, വിൻ്റർ സീസണായതിനാൽ തടാകത്തിലോ ഫ്ലോട്ടിംഗ് മാർക്കറ്റുകളിലോ പൂക്കൾ കണ്ടില്ല. തണുപ്പ് അടിക്കാൻ തുടങ്ങിയതിനാൽ ആയിരിക്കാം സഞ്ചാരികൾ പൊതുവെ കുറവായിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും ഞങ്ങളുടെ സംഘാംഗങ്ങളെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.

പതിവ് പോലെ വിവിധതരം കച്ചവടക്കാർ ഞങ്ങളുടെ ബോട്ടിനെ ചുറ്റിപ്പറ്റി വട്ടം കറങ്ങി. കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ അവർക്ക് ആവേശം വീണ്ടും കൂടി.അവരിൽ ചിലർ വർഷങ്ങളായി നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ തുഴ എറിയുന്നവരാണെന്ന് കൂടി പറഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നി. വള്ളംകളി ടീമിൻ്റെ പേരായ കൈനകരി ചുണ്ടൻ എന്നും ചമ്പക്കുളം ചുണ്ടൻ എന്നും നാവ് വഴങ്ങാതെ അവർ പറയുകയും കൂടി ചെയ്തപ്പോൾ വിശ്വസിക്കാതിരിക്കാനും വയ്യ എന്നായി. പലരിൽ നിന്നും പലതും വാങ്ങി കൊറിച്ചും ചിരിച്ചും ഞങ്ങൾ ദാലിലെ യാത്ര അവിസ്മരണീയമാക്കി.

"ദേ . . . എന്താ ദ് മുഖത്ത് ? " തൊട്ടപ്പുറത്തെ ബോട്ടിലിരിക്കുന്ന കപിൾസിലെ ജാസിറയെ നോക്കി സത്യൻ മാഷ് ചോദിച്ചു.

"എന്താ ... ഇക്കാ എൻ്റെ മുഖത്ത് ..." 

"ഓ...അത് സ്വൽപം കരി.."

"ങേ... കരിയോ? എന്നിട്ടെന്തേ ഇതുവരെ പറയാഞ്ഞത്... ഇതുവരെ എടുത്ത ഫോട്ടോയിൽ എല്ലാം ഇ കരിപുരണ്ട..."

"അതിപ്പോ ... ഫോട്ടോ എടുക്കുമ്പം മുഖത്ത് കരിയാണോ നരിയാണോ എന്നൊന്നും നോക്കാൻ എനിക്കാവില്ല..."

" ആ... ശണ്ഠ കൂടണ്ട...ഈ ബോട്ട് യാത്ര ഏതാനും നിമിഷങ്ങൾക്കകം തീരും.പക്ഷേ  ജീവിത നൗക ഇനിയും കുറെ മുന്നോട്ട് പോകാനുള്ളതാ..." ഞാൻ അവരെ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ ശിക്കാര യാത്രയിൽ ഓരോ സ്പോട്ടും ബോട്ടുകാരൻ പറഞ്ഞ് തന്നിരുന്നു. ഇത്തവണ അദ്ദേഹം തൊട്ടടുത്ത ബോട്ടുകാരനോട് സൊറ പറഞ്ഞായിരുന്നു തുഴഞ്ഞിരുന്നത്. ഇലപൊഴിച്ച് നിൽക്കുന്ന ചിനാർ മരങ്ങൾക്ക് പിന്നിൽ മറയുന്ന അരുണൻ്റെ കാഴ്ച ദാൽ തടാകത്തിലെ ബോട്ടിൻ്റെ പശ്ചാത്തലത്തിൽ ക്യാമറയിൽ പകർത്തിയപ്പോൾ അതിമനോഹരമായ ഒരു സീനറി കിട്ടി. 

കഴിഞ്ഞ തവണ കയറിയ ഫ്ലോട്ടിംഗ് മാർക്കറ്റിൽ ഇത്തവണയും വെറുതെ ഒന്ന് കയറിയിറങ്ങി.ഒരു മണിക്കൂർ ശിക്കാര യാത്ര പൂർത്തിയാക്കി ഞങ്ങൾ അഞ്ച് മണിയോടെ തിരിച്ചെത്തി.

"എല്ലാവരും ഒന്ന് കൂടി തടാകത്തിലേക്ക് നോക്കൂ..." നിഖിൽ പറഞ്ഞു. 

ജെട്ടിയിലേക്ക് അടുപ്പിക്കുന്ന ഒരു ബോട്ടിൽ മലയാളത്തിൽ എഴുതിയത് കണ്ട് ഞങ്ങൾ ഞെട്ടി.
" കേറി വാടാ മക്കളേ... Take off Holidays !!"

ദാൽ ലേക്കിൻ്റെ പരിസരത്ത് നിന്ന് തന്നെ കാശ്മീരിൻ്റെ ഓർമ്മക്കായി പല സാധനങ്ങളും ഞങ്ങൾ വാങ്ങി. മരത്തിൽ തീർത്ത മിക്ക കരകൗശല വസ്തുക്കൾക്കും വിലയും തുലോം കുറവായിരുന്നു.

"സാർ... നമുക്ക് ബീണ്ടി കഴിക്കണ്ടേ?" ആമാശയം ഉണർന്നതിൻ്റെ ലക്ഷണങ്ങൾ സത്യൻ മാഷ് പ്രകടിപ്പിച്ചു.

"വേണം വേണം... ഇന്നലെ തെരഞ്ഞ് നടന്നിട്ട് കിട്ടിയിട്ടില്ല... നാളെ ഇനി ഒരവസരവും ഇല്ല.. ഇന്ന് ബീണ്ടി കിട്ടുന്നത് വരെ തെണ്ടി നടക്കാം..." ഹഖും സമ്മതിച്ചതോടെ ഞാനും ബീണ്ടിയുടെ രുചി അറിയാൻ കൊതിച്ചു. അങ്ങനെ കൃഷ്ണാ ധാബയിൽ വച്ച് ഞങ്ങൾക്ക് സാധനം കിട്ടി.

മലയാളിയുടെ വെണ്ടയ്ക്ക അൽപം മസാല ചേർത്ത് ഗ്രേവിയാക്കി വച്ചതാണ് ബീണ്ടി. നാട്ടിൽ നാൽപത് രൂപക്ക് ഒരു കിലോ കിട്ടുന്ന വെണ്ടയ്ക്ക നാല് പ്ലേറ്റ് ബീണ്ടിയായി മാറുമ്പോൾ ഒരു പ്ലേറ്റിന് 120 രൂപയായി മാറും എന്ന തിരിച്ചറിവും അന്ന് കിട്ടി. 

ശ്രീനഗറിൽ നിന്നുള്ള അവസാനത്തെ അത്താഴവും കഴിച്ച് ഞങ്ങൾ കൃഷ്ണാ ധാബയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തണുപ്പിൻ്റെ പുതപ്പ് നഗരത്തെ മൂടാൻ തുടങ്ങിയിരുന്നു.

Part 16 : മംഗല്യം തന്തുനാനെ