സത്യത്തിൽ, തറനാട് മണ്ഡുവിൽ നിന്ന് മടങ്ങുമ്പോഴാണ് ഗ്ലെൻമോർഗനിൽ കാണാനുള്ളത് എന്ത് എന്ന് ഞാൻ ആലോചിച്ചത്.ഇതുവരെ ഊട്ടിയിൽ വന്നവരും പോയവരും ആയ സുഹൃത്തുക്കളോ ബന്ധുക്കളോ ആരും എവിടെയും ഈ സ്ഥലത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല.സഞ്ചാരി, ട്രാവൽഗുരു തുടങ്ങീ ഞാൻ അംഗമായ ഫേസ്ബുക് യാത്രാ കൂട്ടായ്മയിലും ഗ്ലെൻമോർഗനെപ്പറ്റി ആരും പറഞ്ഞു കണ്ടിട്ടില്ല. എങ്കിൽ ഞാനാവട്ടെ അതിനെപ്പറ്റി പറയുന്ന ആദ്യത്തെ ആൾ എന്ന ആവേശത്തിൽ കാറ് മുന്നോട്ട് പാഞ്ഞു.
ഏതാനും ദൂരം മുന്നോട്ട് പോയപ്പോൾ ആ റൂട്ടിൽ ആദ്യമായി കുറേയധികം ആളുകളെ കണ്ടു. താമസിയാതെ ഒരു കടയും 'ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ്' എന്ന ബോർഡും കണ്ടു. ഇനിയും എന്തോ കാണാനുണ്ട് എന്ന പ്രതീക്ഷ നൽകി റോഡ് നീണ്ട് പോകുന്നതിനാൽ വണ്ടി സ്ലോ ആക്കി ഇനിയും മുന്നോട്ട് പോകുമോ എന്ന് ഞാൻ ആംഗ്യ രൂപേണ ചോദിച്ചു. മുന്നോട്ട് പോകാം എന്ന് അതേ രീതിയിൽ തന്നെ മറുപടി കിട്ടിയതിനാൽ കാറ് വീണ്ടും മുന്നോട്ട് പാഞ്ഞു.
അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും ഒരു ടാക്സി ജീപ്പും കുറെ ആളുകളും രണ്ട് ചെറിയ പെട്ടിക്കടകളും ഉള്ള ഒരു സ്ഥലത്ത് എത്തി.റോഡ് ഇനിയും മുന്നോട്ട് പോകുന്നുണ്ടെങ്കിലും സഞ്ചാരികളായ ആൾക്കൂട്ടത്തെ കണ്ടതോടെ ഞാൻ തേടി വന്ന ഗ്ലെൻമോർഗനിൽ എത്തിയതായി മനസ്സിലായി. വലതുഭാഗത്തെ ആദ്യത്തെ പെട്ടിക്കടയിൽ നിന്ന് എന്തൊക്കെയോ വാങ്ങുന്നവരുടെ തിരക്കാണ് അവിടെ കണ്ടത്.ഞാനും കാർ സൈഡാക്കി എല്ലാവരെയും ഇറക്കി.
പെട്ടിക്കടക്കടുത്ത് കണ്ട ചെറിയ ഒരു ഗേറ്റിലൂടെ പ്രവേശിക്കാൻ തുനിഞ്ഞ ഞങ്ങളെ കടക്കാരൻ തടഞ്ഞു. ജീപ്പിൽ വരുന്നവർക്ക് മാത്രമേ അങ്ങോട്ട് പ്രവേശനമുള്ളൂ എന്നദ്ദേഹം പറഞ്ഞു.ഗ്ലെൻമോർഗൻ കാണാൻ കാറിൽ വരുന്നത് തെറ്റാണ് എന്ന് അപ്പോഴാണ് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായത്. ഗേറ്റിനകത്ത് ഒരു തേയിലത്തോട്ടമാണ് കാണാനുണ്ടായിരുന്നത്.അവിടം വരെ ഡ്രൈവ് ചെയ്ത് വന്ന സ്ഥിതിക്ക് അകത്ത് പ്രവേശിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടാകാതിരിക്കില്ല എന്ന് എനിക്കും തോന്നി.ടാക്സിക്കാരൻ പോയപ്പോൾ പെട്ടിക്കടക്കാരൻ എൻ്റെ അടുത്തേക്ക് വന്നു.
"സാർ,ഇത് ഒരു പ്രൈവറ്റ് തോട്ടമാണ്. ഓരോ ജീപ്പ്കാരനും ഇരുനൂറ് രൂപ ഇവിടെ തന്നിട്ടാണ് ആളെ അകത്ത് കയറ്റാൻ അനുമതി നൽകുന്നത്."
"ഓക്കേ..."
"കാറിൽ വരുന്നവരെ കയറ്റാൻ പറ്റില്ല.കമ്പനി നിർദ്ദേശം അതാണ് സാർ..."
"ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങിയാൽ കയറാൻ പറ്റുമോ?" ഞാൻ വെറുതെ ചോദിച്ചു.
"യെസ് സാർ" അയാൾ ആവേശപൂർവ്വം പറഞ്ഞു.
വിവിധ ഫ്ലേവറുകളിലുള്ള ചായപ്പൊടികളായിരുന്നു ആ പെട്ടിക്കടയിലെ ഐറ്റംസ്. അരക്കിലോ ചായപ്പൊടിയുടെ ഒരു പാക്കറ്റ് ആയിരുന്നു അതിൽ ഏറ്റവും വിലകുറഞ്ഞത്. ഇവിടെയും നേരത്തെ കണ്ട എസ്റ്റേറ്റ് ഗേറ്റിലും മാത്രമേ ഗ്ലെൻമോർഗൻ ചായപ്പൊടി കിട്ടൂ എന്നും, ഫുൾ എക്സ്പോർട്ട് ആണെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ട് തന്നെ അരക്കിലോ ചായപ്പൊടിയുടെ വില 200 രൂപയായിരുന്നു.ഊട്ടിയിൽ നിന്ന് മടങ്ങുമ്പോൾ ചായപ്പൊടി വാങ്ങുന്നത് ഒരു പതിവായതിനാൽ ഞാനത് വാങ്ങി.എല്ലാവരും ഗ്ലെൻമോർഗൻ എസ്റ്റേറ്റിന് അകത്തേക്ക് കയറുകയും ചെയ്തു.
1 comments:
അയാൾ പറഞ്ഞതുപോലെ പോലീസ് ഞങ്ങളെ തടഞ്ഞു.
Post a Comment
നന്ദി....വീണ്ടും വരിക