Pages

Thursday, October 31, 2024

ഹംഗർ ഫോർഡിലെ കാഴ്ചകൾ (ഊട്ടി പട്ടണം - 8)

ഊട്ടി പട്ടണം - 7

ഹംഗർ ഫോർഡിലേക്ക് യാത്ര പുറപ്പെടുമ്പോൾ എൻ്റെ മനസ്സ് കാലിയായിരുന്നു, വയറും. അവിടെ കാണാനുള്ളത് എന്ത് എന്ന ചോദ്യത്തിന് സ്ഥലം നിർദ്ദേശിച്ച മരുമകന് പോലും പ്രത്യേകിച്ച് ഒന്നും പറയാനില്ലായിരുന്നു.സഞ്ചാരി വ്‌ളോഗർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നൽകിയ പബ്ലിസിറ്റിയാണ് ഹംഗർ ഫോർഡിനെ പ്രസിദ്ധമാക്കിയത്.

കർണ്ണാടക സിരി പാർക്കിൽ നിന്നും ഹംഗർ ഫോർഡിലേക്ക് പതിനഞ്ച് കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകത്തിലെ അറിയാത്ത ഏത് വഴിയും ചോദിച്ചറിയാൻ ഗൂഗിളമ്മായി ഉള്ളതിനാൽ മൂപ്പത്തി പറഞ്ഞ് തന്ന വഴിയേ ഞങ്ങൾ നീങ്ങി. 

ടൗണിൽ  നിന്നും അഞ്ചാറ് കിലോമീറ്റർ പിന്നിട്ടതോടെ അഗ്രികൾച്ചർ റിസർച്ച് സെൻ്ററിൻ്റെ നിരവധി കെട്ടിടങ്ങൾ ഇടത് വശത്ത് കാണാൻ തുടങ്ങി. അതും കഴിഞ്ഞതോടെ ഒരു വാഹനം പോലും കാണാത്ത ഇരു വശത്തും കാട്ടുചെടികൾ വളർന്ന് നിൽക്കുന്ന വളവും തിരിവും നിറഞ്ഞ  റോഡിലൂടെ ഞങ്ങൾ കുന്നിറങ്ങാൻ തുടങ്ങി. തലേ ദിവസം ഗൂഡല്ലൂരിൽ നിന്നടിച്ച ആയിരം രൂപയുടെ പെട്രോൾ ആയിരുന്നു വണ്ടിയുടെ ടാങ്കിലെ ഇന്ധനം. ഞങ്ങളുടെ ടാങ്കിലെ ഇന്ധനം വെറും വായു മാത്രവും.

"ഇനി വലത്തോട്ട്..." ഏതാനും വാഹനങ്ങളും ആൾക്കാരും ഉള്ള ഒരു കവലയിൽ എത്തിയപ്പോൾ ഗൂഗിൾ മാപ്പ് നോക്കിക്കൊണ്ടിരുന്ന ലുലു പറഞ്ഞു.

"ങേ!!" വലത്തോട്ട് ഒരു വഴിയും കാണാത്തതിനാൽ ഞാൻ ഞെട്ടിപ്പോയി.

" സേട്ടാ ... ഹംഗർ ഫോർഡ് എങ്കെ ?" പുറത്ത് കണ്ട ഒരാളോട് ഞാൻ ചോദിച്ചു.

"ഹംഗർ ഫോർഡ്..." അയാളൊന്ന് ചിരിച്ചു."ഗൂഗിൾ സൊല്ലി ഇങ്കെ... നിറയെ ആളു ഇങ്കെ വർന്ന് .... മുൻറ് കിലോമീറ്റർ ഡ്രൈവ് വേസ്റ്റ് ...". 

അപ്പോൾ നേരത്തെ പ്രതീക്ഷിച്ച പോലെ തന്നെ അത് അങ്ങോട്ടുള്ള റോഡ് ആയിരുന്നില്ല.മൂന്ന് കിലോമീറ്റർ തിരിച്ച് പോയാൽ ഇടതു ഭാഗത്ത് ഒരു ബസ് സ്റ്റോപ്പ് കാണുമെന്നും അതിന്റെ സമീപമുള്ള റോഡിലൂടെ പോകണമെന്നും പറഞ്ഞതനുസരിച്ച് ഞാൻ കാർ തിരിച്ചു.ഗൂഗിളമ്മായി അപ്പോഴും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

അയാൾ പറഞ്ഞതനുസരിച്ച് ഏകദേശം മൂന്ന് കിലോമീറ്റർ ഞാൻ തിരിച്ചു പോന്നു. നേരത്തെ കണ്ട അഗ്രികൾച്ചർ റിസർച്ച് സെൻ്ററിൻ്റെ സ്റ്റാഫ് ക്വർട്ടേഴ്‌സിന്റെ ഗേറ്റിന് നേരെ എതിർഭാഗത്തുള്ള റോഡിലൂടെയായിരുന്നു ഞങ്ങൾക്ക് പോകേണ്ടത്.അതാകട്ടെ നേരത്തെ പോയതിലും മോശമായതും ഒരൊറ്റ വാഹനത്തിന് മാത്രം പോകാൻ പറ്റുന്നതുമായിരുന്നു.ഞങ്ങളെപ്പോലെ പ്രാന്തുള്ള ഒരു സഞ്ചാരിയും എതിർദിശയിൽ വരാത്തതിനാൽ ഞങ്ങൾ ഒരുവിധം ഹംഗർ ഫോർഡിൽ എത്തി.

റോഡിന്റെ ഇരുവശവും പരന്നു കിടക്കുന്ന വിശാലമായ തേയിലത്തോട്ടമാണ് ഹംഗർ ഫോർഡ്.ഇടതു വശത്തെ തോട്ടത്തിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു ഗേറ്റും അവിടെ ഒരു ഹിന്ദിക്കാരനും ഇരിക്കുന്നുണ്ട്. തോട്ടത്തിനകത്ത് ഒരു പാലവും ബംഗ്ലാവും ഉണ്ടെന്നും അകത്ത് പ്രവേശിക്കാൻ ഒരാൾക്ക് നൂറ് രൂപ വേണമെന്നും അയാൾ പറഞ്ഞു.അത്രയും ദൂരം കഷ്ടപ്പെട്ട് ഓടി എത്തിയതിനാൽ പറഞ്ഞ കാശ് കൊടുത്ത് അകത്ത് കയറാൻ ഞങ്ങൾ തീരുമാനിച്ചു.ഇത്രയും കാലം അമ്പത് രൂപയേ വാങ്ങിയിരുന്നുള്ളൂ എന്നും അകത്തുള്ളത് ബംഗ്ലാവല്ല, ഏതോ സിനിമയ്ക്ക് വേണ്ടി ഏതോ കാലത്തിട്ട ഒരു സെറ്റ് ആണെന്നും പുറത്ത് നിന്നിരുന്ന ഒരു മലയാളി ഡ്രൈവർ പറഞ്ഞു തന്നു.

ഗേറ്റ് കടന്നയുടനെ ഒരു പഴയ മരപ്പാലം കണ്ടു.മുളയോ മറ്റോ കൊണ്ട് കെട്ടിയുണ്ടാക്കിയ ആ പാലം കടന്നാൽ എത്തുന്നത് പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിന് മുന്നിലാണ്.ദൂരെ നിന്ന് കാണാൻ ഭംഗിയുണ്ടെങ്കിലും അടുത്തെത്തിയാൽ ഒട്ടും ഭംഗി തോന്നില്ല. നേരത്തെ ആ മലയാളി ഡ്രൈവർ പറഞ്ഞപോലെ അത് ഒരു താൽക്കാലിക സെറ്റ് മാത്രമായിരുന്നു.മേൽക്കൂരയും ഭിത്തികളും എല്ലാം പൊളിഞ്ഞ് തുടങ്ങിയ നിലയിലും അകം മുഴുവൻ കന്നുകാലി വിസർജ്ജ്യം നിറഞ്ഞ നിലയിലും ആയിരുന്നു.താൽക്കാലിക ഭിത്തിയിൽ നിറയെ പേരുകൾ എഴുതി വച്ചിരുന്നു.എല്ലാം മലയാളി പേരുകൾ ആയതിനാൽ ഈ സ്ഥലം അറിയുന്നത് മലയാളികൾക്ക് മാത്രമാണെന്ന് മനസ്സിലായി. പക്ഷെ പ്രകൃതിയുടെ മനോഹരമായ ഒരു ഫ്രയിമിൽ നിൽക്കുന്നതിനാൽ റീൽ ചെയ്യുന്നവർക്കും സ്റ്റോറി ഇടുന്നവർക്കും എല്ലാം ഇഷ്ടമാകും.നിരന്ന ഒരു സ്ഥലവും വെള്ളവും കിട്ടിയതിനാൽ ഞങ്ങൾ അവിടെ നിന്ന് നമസ്കാരം നിർവ്വഹിച്ചു.


ഈ യാത്ര മുഴുവൻ ഒരു എക്സ്പ്ലൊറേഷൻ ആയതിനാൽ തിരിച്ചുപോക്ക് മസിനഗുഡി വഴി ആക്കാമെന്ന് ഞാൻ കുടുംബത്തോട് പറഞ്ഞു. അതുപ്രകാരം വന്ന വഴിയേ തന്നെ ശ്രദ്ധിച്ച് വണ്ടി തിരിച്ചു വിട്ടു.തലേ ദിവസം ഞങ്ങൾ സഞ്ചരിച്ച പല വഴിയിലൂടെയും കയറി ഇറങ്ങി ഞങ്ങൾ ഫിംഗർ പോസ്റ്റിലെത്തി.പതിനഞ്ച് മിനുട്ട് കൊണ്ട് മസിനഗുഡിയിലേക്ക് തിരിയുന്ന തലൈകുന്ദയിലും എത്തി.റൈറ്റ് സൈഡ് ഇൻഡിക്കേറ്റർ ഇട്ട് പോകാൻ ശ്രമിച്ച എന്നെ പോലീസ് തടഞ്ഞു.അപകടം പതിയിരിക്കുന്ന കല്ലട്ടി ചുരം ഇറങ്ങണമെങ്കിൽ ഊട്ടി ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അതുള്ള ഒരു ഡ്രൈവർ വേണമെന്ന് പോലീസ് അറിയിച്ചു.കാറിൽ ഇനിയൊരാൾക്ക് കൂടി സ്ഥലമില്ലാത്തതിനാലും മസിനഗുഡി വഴി ഗൂഡല്ലൂർ എന്നത് അത്ര നല്ല ഒരു ഓപ്‌ഷൻ അല്ലാത്തതിനാലും ഞാൻ ആ പ്ലാൻ ഒഴിവാക്കി നേരെ ഗൂഡല്ലൂരിലേക്ക് വിട്ടു (ഹംഗർ ഫോർഡിൽ നിന്നും ഒന്നേകാൽ മണിക്കൂർ നേരെ എതിർവശത്തേക്ക് സഞ്ചരിച്ചാൽ ഗൂഡല്ലൂർ എത്തുമായിരുന്നു എന്ന് പിന്നീട് മനസ്സിലായി).

ഏതൊരു ഊട്ടി സഞ്ചാരിയും എന്നും ഇഷ്ടപ്പെടുന്ന കാരറ്റ് കെട്ട് വാങ്ങാനും പൊട്ടിച്ച് കഴിക്കാനും ഞങ്ങളും വഴിയിൽ സമയം കണ്ടെത്തി. ഗൂഡല്ലൂരിൽ നിന്ന് ഞങ്ങളുടെ ആമാശയവും കാറിന്റെ ആമാശയവും നിറച്ച ശേഷം നാടുകാണി എത്തി. ഊട്ടി ബർക്കി ലൈവ് ആയി ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന കടയിൽ കയറി എട്ട് പാക്കറ്റ് ബർക്കിയും മറ്റു സാധനങ്ങളും വാങ്ങിയതോടെ ഈ ട്രിപ്പിലെ അവസാന ഇനവും ഭംഗിയായി പൂർത്തിയായി.അപ്പോൾ രാത്രിയുടെ കരിംപുതപ്പ് നാടുകാണി ചുരത്തെ സാവധാനം മൂടാൻ തുടങ്ങിയിരുന്നു.


(അവസാനിച്ചു)

1 comments:

Areekkodan | അരീക്കോടന്‍ said...

അപ്പോൾ രാത്രിയുടെ കരിംപുതപ്പ് നാടുകാണി ചുരത്തെ സാവധാനം മൂടാൻ തുടങ്ങിയിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക