എൻ്റെ ചെവിയിലൂടെ ജയ്സാൽമീർ കോട്ടയുടെ ചരിത്രത്തിന്റെ ഏടുകൾ കയറി ഇറങ്ങാൻ തുടങ്ങി. ഹിന്ദിയിലായതിനാൽ എനിക്ക് മനസ്സിലാകാത്തതെല്ലാം ഞാൻ മറ്റേ ചെവിയിലൂടെ പുറത്ത് വിട്ടു.സമീപത്ത് വാ പൊളിച്ച് നിൽക്കുന്ന വിനോദൻ മാഷെ കണ്ടപ്പോൾ അദ്ദേഹം എല്ലാം വായിലൂടെയാണ് കേൾക്കുന്നത് എന്ന് തോന്നിപ്പോയി.
രാജസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും പഴയ കോട്ടയാണ് AD 1156 ൽ രജപുത്ര രാജാവായ റാവു ജൈസാൽ പണികഴിപ്പിച്ച ഈ കോട്ട (ഏറ്റവും പഴയ ഒന്നാമത്തെ കോട്ട ഏത് എന്ന് കാശ് കൊടുത്ത് കേട്ടു നിൽക്കുന്ന ഒരു പൊട്ടനും ചോദിക്കാത്തതിനാൽ ഓസിന് കേൾക്കുന്ന ഞാനും മിണ്ടാതിരുന്നു).മഞ്ഞ നിറത്തിലായതിനാൽ ഈ കോട്ട ഗോൾഡൻ ഫോർട്ട് എന്നും അറിയപ്പെടുന്നു. എന്നാൽ 'സോനാർ കില' എന്നാണ് കൂടുതൽ പ്രസിദ്ധമായ പേര്.പ്രമുഖ സിനിമാ സംവിധായകനായിരുന്ന സത്യജിത്ത് റേ ഈ കോട്ടയിൽ വച്ച് ചിത്രീകരിച്ച സോനാർ കില എന്ന ബംഗാളി സിനിമയാണ് അതിന് കാരണം പോലും.താർ മരുഭൂമിയിലെ ത്രികൂട എന്ന കുന്നിന്മേലാണ് ഈ കോട്ട നിർമിച്ചിരിക്കുന്നത് എന്ന് കേട്ടപ്പോൾ എനിക്കങ്ങ് ദഹിച്ചില്ല.കേൾവി ഓസിനാണെന്നതിനാൽ ഞാൻ സ്വയം നിയന്ത്രിച്ചു (സംഗതി ശരിയാണെന്ന് ഗൂഗിളമ്മായിയോട് ചോദിച്ചപ്പോൾ മനസ്സിലായി).
അലാവുദ്ദീൻ ഖിൽജിയുടെയും ഏതോ ഒരു അഫ്ഗാൻ രാജാവിന്റെയും ഹുമയൂണിന്റെയും എല്ലാം പേര് ഗൈഡ് പറഞ്ഞതിൽ നിന്നും കോട്ട ജൈസാലിൽ നിന്നും കൈവിട്ടു പോയതായി ഞാൻ ചുരുക്കി മനസ്സിലാക്കി(ഹല്ല പിന്നെ).രാജ ഭരണ കാലത്ത് രാജാവിന്റെ തൊഴിലാളികളായിരുന്ന ബ്രാഹ്മണന്മാരുടെയും രജപുത്രന്മാരുടെയും പിന്മുറക്കാരായ നാലായിരത്തോളം പേരാണ് ഇന്ന് കോട്ടയിൽ താമസിക്കുന്നത്. ബാക്കിയുള്ളവർ താമസം കോട്ടയ്ക്ക് പുറത്തേക്ക് മാറ്റിയതുകൊണ്ട് സഞ്ചാരികൾക്ക് അൽപമെങ്കിലും കൈവീശി നടക്കാം.കോട്ടയ്ക്കകത്ത് നിരവധി ഹവേലികൾ ഉണ്ട്. സമ്പന്നരായ വ്യാപാരികളുടെ വീടിനാണ് ഹവേലി എന്ന് പറയുന്നത്.
"സാറേ പോകാം..."
ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ വിനോദൻ മാഷ് പറഞ്ഞു. ഗൈഡും തന്റെ പരിവാര സമേതം മുന്നോട്ട് നീങ്ങി.പെട്ടെന്നാണ് 'സൂരജ് പോൾ' എന്ന വലിയ കവാടം എൻ്റെ ശ്രദ്ധയിൽപെട്ടത്.ജയ്പൂരിലെ ആമ്പർ ഫോർട്ടിലും ഇതേപോലെ കണ്ടിരുന്നതും അതിന്റെ കഥയും ഞാൻ വിനോദൻ മാഷിന് പറഞ്ഞുകൊടുത്തു.
ജയ്സാൽമീർ കോട്ടയ്ക്കകത്ത് രാജ ക പാലസ് ,ലക്ഷ്മിനാഥ് ജി ക മന്ദിർ എന്നിങ്ങനെ വിവിധ നിർമ്മിതികളും കണ്ടു.അതിൽ ചിലതിലേക്ക് കയറാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.അതിനാൽ ഞങ്ങൾ മറ്റൊരു ഗല്ലിയിലേക്ക് കയറി.നടന്ന് നടന്ന് ലേക്ക് വ്യൂ പോയിന്റിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.അവിടെ കോട്ട മതിലിൽ കയറിയും സഞ്ചാരികൾ ഫോട്ടോ എടുക്കുന്നുണ്ട്.അതിനാൽ തന്നെ കഠിനമായ വെയിലിലും അവിടെ നല്ല തിരക്കായിരുന്നു. ഞങ്ങളും ചില ഫോട്ടോകൾ എടുത്ത് തിരിച്ചു പോന്നു.
വഴിയിൽ വീണ്ടും ഗൈഡും സംഘവും ഒരു ടെമ്പിളിന് മുമ്പിൽ നിൽക്കുന്നത് കണ്ടു. ഗൈഡിന്റെ വാക്കുകൾ ഞാൻ വീണ്ടും ശ്രദ്ധിച്ചു.ജയ്സാൽമീർ കോട്ടയ്ക്കകത്ത് ഏഴ് ജൈന ക്ഷേത്രങ്ങൾ ഉണ്ട്.അതിൽ ഏറ്റവും വലിയ ക്ഷേത്രമാണ് നേരെ മുന്നിൽ കാണുന്നത്. ക്ഷേത്രത്തിനകത്ത് കയറാൻ ഫീസില്ല.പക്ഷെ മൊബൈൽ ഫോൺ കൊണ്ട് പോകണമെങ്കിൽ അമ്പത് രൂപ അടക്കണം എന്ന് കവാടത്തിൽ ഇരിക്കുന്ന ഒരു പയ്യൻ പറഞ്ഞു കൊണ്ടിരുന്നു.
എനിക്ക് താല്പര്യമില്ലാത്തതിനാൽ മൊബൈൽ എന്നെ ഏൽപിച്ച് അകത്ത് കയറാൻ ഞാൻ വിനോദൻ മാഷോട് പറഞ്ഞു.ചെരിപ്പൂരി ക്ഷേത്രപ്പടികൾ കയറി വിനോദൻ മാഷ് അകത്തേക്ക് ഒന്ന് എത്തി നോക്കി.അകത്തെ കൊത്തുപണികൾ മനോഹരമാണെന്നും അമ്പത് രൂപ കൊടുക്കുന്നത് നഷ്ടമാകില്ലെന്നും പറഞ്ഞ് നേരെ എതിർ വശത്തെ കെട്ടിടത്തിന്റെ മൂലയിലിരിക്കുന്ന ആളിൽ നിന്ന് വിനോദൻ മാഷ് ടിക്കറ്റെടുത്തു.ഒറ്റ ടിക്കറ്റിൽ വിനോദൻ മാഷിൻറെ രണ്ട് ഫോണും എൻ്റെ ഒരു ഫോണും അകത്ത് കയറിയപ്പോഴാണ് അതൊന്നും പരിശോധിക്കുന്നില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായത്. അമ്പത് രൂപ കൊടുത്ത സ്ഥിതിക്ക് കയറാവുന്നിടത്തൊക്കെ കയറി ഞങ്ങൾ മൂന്ന് ഫോണിലും ചിത്രങ്ങൾ പകർത്തി.
