Pages

Tuesday, May 26, 2009

പക്ഷികള്‍ നല്‍കിയ സന്ദേശം

ബാപ്പയുടെ മരണ ശേഷം അലങ്കോലമായിക്കിടന്ന മുറ്റത്തെ ചെടികളുടെ സൗന്ദര്യവല്‍ക്കരണമായിരുന്നു ഈ ഒഴിവുകാലത്തെ എന്റെ പ്രധാന ജോലികളില്‍ ഒന്ന്‌.ഇന്ന് വീട്ടിനകത്ത്‌ രണ്ട്‌ പാമ്പുകളെക്കൂടി കണ്ടതോടെ(ഇത്‌ ഒരു സാദാപ്രതിഭാസമായി മാറിക്കഴിഞ്ഞു,ഇന്ന് കണ്ടവ വെള്ളിവരയന്‍)ചുറ്റുമുള്ള ചെടികള്‍ നന്നായി തന്നെ വൃത്തിയാക്കണം എന്ന ചിന്ത കൂടിയുണ്ടായി അങ്ങിനെ നിലം പറ്റി നില്‍ക്കുന്ന അനാവശ്യ ചെടികളെ വേരോടെ പിഴുതെടുക്കാന്‍ കൈക്കോട്ടും ഒടിഞ്ഞും ചാഞ്ഞും തൂങ്ങിയും നില്‍ക്കുന്ന കൊമ്പുകള്‍ വെട്ടിമാറ്റാന്‍ കത്തിയുമായി ഞാന്‍ മുറ്റത്തിറങ്ങി. വീടിന്റെ ഗേറ്റിനടുത്ത്‌(സോറി ഗേറ്റില്ല,ഉണ്ടായിരുന്നെങ്കില്‍ വയ്ക്കാന്‍ സാധ്യതയുള്ളിടത്ത്‌ എന്ന് തിരുത്തിവായിക്കുക) ഒന്നരയാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന റോസ്‌ നിറത്തിലുള്ള വലിയ ചെമ്പരത്തിയും കാലന്‍ഡ്രിയയും തെച്ചിയും ബ്ലീഡിഹാര്‍ട്ടും പിന്നെ നിറയെ പൂക്കളുള്ള പേരറിയാത്ത ഒരു ചെടിയും കൂടി തിങ്ങി ഞെരുങ്ങി വളരുന്ന കാഴ്ച എന്റെ ശ്രദ്ധയില്‍പെട്ടു.ഞാന്‍ കത്തിയുമായി അവക്ക്‌ നേരെ നീങ്ങി. ചെടി വെട്ടുമ്പോള്‍ പൂമൊട്ടുള്ള കൊമ്പ്‌ ആണെങ്കില്‍ ഞാന്‍ അത്‌ വെട്ടാറില്ല.കാരണം ആ സമയത്ത്‌ പല ചിന്തകളും എന്റെ മനസ്സിലൂടെ കടന്ന് പോകും.ഈ ലോകത്തിന്‌ മുമ്പില്‍ തന്റെ സൗന്ദര്യം മുഴുവന്‍ ഒരു ദിവസം പ്രദര്‍ശിപ്പിക്കാന്‍ ആ പൂമൊട്ടിനും ഒരാഗ്രഹമുണ്ടാകില്ലേ?മൊട്ട്‌ വിടര്‍ന്ന് പൂവായി കഴിഞ്ഞാല്‍ ശലഭങ്ങള്‍ക്കും വണ്ടുകള്‍ക്കും തേന്‍ നുകരാം.മനുഷ്യമക്കള്‍ക്ക്‌ അതിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം ഇത്യാദി ചിന്തകളാണ്‌ പ്രധാനമായും എന്റെ മനസ്സില്‍കൂടി കടന്നുപോവാറുള്ളത്‌. വഴിയിലേക്ക്‌ തൂങ്ങി നിന്ന കൊമ്പുകള്‍ വെട്ടാനായി ഞാന്‍ ആ പേരറിയാ ചെടിയുടെ അടുത്തെത്തി.പെട്ടെന്ന് കൂര്‍ത്ത്‌ വളഞ്ഞ കൊക്കുള്ള രണ്ട്‌ ചെറിയ പക്ഷികള്‍ (ഞങ്ങള്‍ അടക്കാകുരുവി എന്ന് പറയും)ആ ചെടിയില്‍ വന്നിരുന്നു.തുടര്‍ന്ന് എന്റെ തലക്ക്‌ തൊട്ടുമേലെയുള്ള കൊമ്പിലെ പൂക്കളില്‍ നിന്നു വരെ അവ തേന്‍ നുകരാന്‍ തുടങ്ങി.മുമ്പ്‌ , ഇവ തേന്‍ നുകരുന്നത്‌ കണ്ട്‌ ക്യാമറ എടുത്ത്‌ വന്ന് ,അഞ്ച്‌ മീറ്റര്‍ അടുത്തെത്തുമ്പോഴേക്കും പറന്ന് പോകുന്ന ആ പക്ഷികള്‍ എന്റെ ഇത്രയും അടുത്ത്‌ വന്ന് തേന്‍ നുകര്‍ന്നത്‌ എന്നെ വളരെയധികം അത്‌ഭുതപ്പെടുത്തി.ആവോളം തേന്‍ നുകര്‍ന്ന് അവ അവയുടെ പാട്ടിന്‌ പോയി. യഥാര്‍ത്ഥത്തില്‍ ആ പക്ഷികള്‍ എനിക്ക്‌ ഒരു സന്ദേശം കൈമാറുകയായിരുന്നു.ഈ ചെടികളിലെ പൂക്കളില്‍ നിന്നാണ്‌ ഞങ്ങളുടെ ഭക്ഷണം എന്നും ചെടി വെട്ടിയാല്‍ ഞങ്ങളുടെ അന്നം മുടങ്ങും എന്നുമായിരുന്നു ആ സന്ദേശം.പൂക്കളും പൂമൊട്ടുകളുമുള്ള കൊമ്പുകള്‍ നിലനിര്‍ത്തി ഞാന്‍ ആ മിണ്ടപ്രാണികളുടെ സന്ദേശം ശിരസാവഹിച്ചു.

Wednesday, May 20, 2009

പൊതുവഴിയിലെ 'നിധി'

എന്റെ വീട്ടില്‍ നിന്നും അങ്ങാടിയിലേക്ക്‌ പോകാന്‍ മെയിന്‍റോഡിന്‌ പുറമേ മറ്റൊരു വഴി കൂടിയുണ്ട്‌.ഞാന്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിന്റെ മുന്‍ഭാഗത്തുകൂടിയാണ്‌ ആ വഴി കടന്നുപോകുന്നത്‌.അതിനാല്‍ തന്നെ ഞാന്‍ പലപ്പോഴും അങ്ങാടിയില്‍ പോകുന്നതും തിരിച്ചുവരുന്നതും അതു വഴിയാണ്‌.

പക്ഷേ പൊതുവഴിയായ ആ വഴിപലരും ഉപയോഗിക്കുന്നത്‌ കണ്ടാല്‍ അവരുടെ സ്വന്തം പറമ്പിന്റെ ഭാഗമാണെന്ന് തോന്നിപോകും.സ്വന്തം വീട്ടിലേക്കുള്ള വിറക്‌,വീട്‌ പടുത്തുയര്‍ത്താനുള്ള കല്ല്,തേയ്ക്കാനുള്ള മണല്‍,വീടോ പറമ്പോ ഇടിച്ചു നിരപ്പാക്കിയതിന്റെ അവശിഷ്ടങ്ങള്‍ എല്ലാം യാതൊരു കൂസലും കൂടാതെ അവര്‍ ഈ വഴിയില്‍ കൊണ്ടു തട്ടുന്നു!സ്കൂള്‍കുട്ടികളും സ്ത്രീകളടക്കമുള്ള പൊതുജനങ്ങളും സര്‍വ്വസാധാരണമായി കടന്നുപോകുന്ന, ഒരു ലോറിക്ക്‌ സുഖമായി കടന്നുപോകാന്‍ സാധിക്കുന്ന ഈ വഴിയുടെ പകുതിഭാഗത്തോളം ഇക്കാരണത്താല്‍ അധിക ദിവസങ്ങളിലും ഉപയോഗ ശൂന്യമാണ്‌.(എന്തോ ഭാഗ്യത്തിന്‌ ആരും തങ്ങളുടെ അടുക്കള വേസ്റ്റ്‌ ഇവിടെ തട്ടാറില്ല).

ഈ വഴിയിലൂടെ നടക്കുന്ന ദിവസങ്ങളിലെല്ലാം എനിക്ക്‌ ഒരു 'നിധി' കിട്ടാറുണ്ട്‌.എന്നും കിട്ടുന്ന ആ 'നിധി' പെറുക്കി എടുത്ത്‌ ഞാന്‍, തൊട്ടടുത്ത പറമ്പിന്റെ മൂലയിലേക്കോ വഴിയുടെ ഉപയോഗിക്കാത്ത അരികിലേക്കോ വലിച്ചെറിയും.തുരുമ്പ്‌ പിടിച്ച പട്ടികാണികള്‍ (കോണ്‍ക്രീറ്റിങ്ങിന്റെ പലക അടിക്കാന്‍ ഉപയോഗിക്കുന്നവ)ആണ്‌ ആ നിധി.ഈ വഴിയോരത്ത്‌ തന്നെ സ്ഥിതി ചെയ്യുന്ന ഒരു രണ്ടുനില വാടകകെട്ടിടനിര്‍മ്മാണ സമയത്ത്‌ വഴിയിലിട്ട്‌ പണി എടുത്തതിന്റെ ബാക്കിപത്രമാണ്‌ വഴിയിലെ ആ ആണികള്‍.

വഴിയിലെ ഉപദ്രവങ്ങള്‍ നീക്കുന്നത്‌ എന്റെ മതവിശ്വാസ പ്രകാരം ഒരു സല്‍കര്‍മ്മമാണ്‌.അത്‌ ഒരു ചെറുമുള്ളായാല്‍ പോലും പ്രതിഫലം ലഭിക്കും എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം.ഈ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പൊതുവഴി തടസ്സപ്പെരുത്തരുത്‌ എന്ന സാമാന്യമര്യാദ എങ്കിലും എല്ലാവരും പുലര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ചുപോകാറുണ്ട്‌.നമ്മുടെ സമൂഹത്തെ എങ്ങനെ ആ ചിന്തയിലേക്ക്‌ നയിക്കാം എന്ന ചിന്തക്ക്‌ ഒരുത്തരം കിട്ടുന്നില്ല.

Saturday, May 16, 2009

തെരഞ്ഞെടുപ്പ്‌ ഫലം അറിഞ്ഞാല്‍....

സ്ഥാനാര്‍ത്ഥിയായ നമ്പൂരിയോട്‌ പത്രപ്രവര്‍ത്തകര്‍: "തെരഞ്ഞെടുപ്പ്‌ ഫലം അറിഞ്ഞാല്‍ ആദ്യം വിളിച്ചറിയിക്കുന്നത്‌ ആരെയായിരിക്കും?" നമ്പൂരി:"ദേവിയെ" പത്രപ്രവര്‍ത്തകര്‍:"ങേ!!!ദേവിയെയോ?" നമ്പൂരി:"അതേ....എന്താ സംശ്യം?" പത്രപ്രവര്‍ത്തകര്‍:"അല്ലാ...അതെങ്ങിനെ ദേവിയെ അറിയിക്കും?" നമ്പൂരി:"ഹ..ഹ...ഹാ...മൊബൈല്‍ഫോണ്‍ വ്യാപകമായ ഇക്കാലത്ത്‌ അതൊരു പ്രശ്നമാണോ?" പത്രപ്രവര്‍ത്തകര്‍:"ങേ!!!ദേവിക്കും മൊബൈല്‍ കണക്ഷനോ?" നമ്പൂരി:"പിന്നെന്താ....എന്റെ ഭാര്യ ദേവിക്ക്‌ മൊബൈല്‍ഫോണ്‍ കണക്ഷന്‍ പാടില്ലേ?"

Thursday, May 14, 2009

കാത്തിരിപ്പിന്റെ സുഖം

പ്രതീക്ഷയാണ്‌ മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്നത്‌ എന്ന് ആരോ പറഞ്ഞിട്ടുണ്ട്‌ എന്ന് തോന്നുന്നു.പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്‌ നാളെ പെട്ടെന്ന് പുലരാന്‍ മനുഷ്യനുള്ളില്‍ വെമ്പല്‍ സൃഷ്ടിക്കുന്നു.എവിടേക്കെങ്കിലും ടൂര്‍ പോകാന്‍ നിശ്ചയിച്ചാല്‍ ആ ദിനത്തെ വലിയവരായാലും ചെറിയവരായാലും എത്ര സ്വപ്നങ്ങള്‍ നെയ്താണ്‌ ഓരോരുത്തരും വരവേല്‍ക്കുന്നത്‌ എന്ന് അനുഭവിച്ചവര്‍ക്കറിയാം. SSLC യും +2 വും എഴുതിയ കുട്ടികളുടെ ഫലം കാത്തുകൊണ്ടുള്ള ഇരിപ്പിന്‌ ഇക്കഴിഞ്ഞ ആഴ്‌ച അറുതിയായി.ഒരു മാസത്തെ കാത്തിരിപ്പിന്‌ ശേഷം ഈ വരുന്ന ശനിയാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിധിയെഴുത്തിന്റെ ഫലം പുറത്ത്‌ വരാന്‍ പോകുന്നു.ജയം തന്റെ പക്ഷത്ത്‌ തന്നെ എന്നതില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും സംശയമില്ല!! ഞാനും പ്രതീക്ഷയോടെ ആ ശനിയാഴ്ച പുലരാന്‍ കാത്തിരിക്കുകയാണ്‌.എന്റെ അമ്മായിയപ്പനോ മറ്റാരെങ്കിലുമോ ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല.ആര്‌ തെരഞ്ഞെടുക്കപ്പെടും എന്നതില്‍ എനിക്ക്‌ ഒരു ഔല്‍സുക്യവും ഇല്ല.എന്നിട്ടും എന്തേ? ഉത്തരം വളരെ ലളിതം.ഞാന്‍ പ്രിസൈഡിംഗ്‌ ഓഫീസറായിരുന്ന്, നിങ്ങളൊക്കെ നെക്കിയിട്ട വോട്ട്‌ ആര്‍ക്കൊക്കെ എന്ന് ആ കുന്ത്രാണ്ടപ്പെട്ടിയില്‍ നിന്നും പുറത്ത്‌ വന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയായാലെ, മൂന്ന് മാസം മുമ്പ്‌ ഞാന്‍ സമര്‍പ്പിച്ച സ്ഥലംമാറ്റ അപേക്ഷയുടെ ഫലം പുറത്ത്‌വിടൂ!!

Tuesday, May 12, 2009

ജനാധിപത്യത്തിന്റെ പേക്കൂത്ത്‌ കണക്കുകള്‍

അടുത്ത അഞ്ചുവര്‍ഷം ലോകസഭയില്‍ കേരളത്തെ ആരൊക്കെ പ്രതിനിധീകരിക്കണം എന്നത്‌ തീരുമാനിക്കാനുള്ള ഇലക്ഷന്‍കാര്‍ണിവല്‍ നടന്നുകഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരു മാസം കൂടി മന:പായസമുണ്ണാന്‍ വിളമ്പിക്കൊടുത്താണ്‌ ഇലക്ഷന്‍ കമ്മീഷന്‍ ഈ വര്‍ഷത്തെ കേരള ഇലക്ഷന്‍ മാമാങ്കംഅവസാനിപ്പിച്ചത്‌.

പരസ്യപ്രചാരണം സമാപിച്ച ദിവസം തന്നെ ഓരോ സ്ഥാനാര്‍ത്ഥിയും ചെലവാക്കിയ സംഖ്യകളുടെ കണക്ക്‌ കേട്ട്‌ ഇന്നാട്ടിലെ ദരിദ്ര നാരായണന്‍മാര്‍ മാത്രമല്ലഇടത്തരക്കാര്‍ പോലും മൂക്കത്ത്‌ വിരല്‍ വച്ചുപോയി. ".....ലക്ഷം ലക്ഷം പിന്നാലെ... " എന്ന്‌ ഉച്ചൈസ്തരം വിളിച്ചുപറഞ്ഞത്‌ പിന്നാലെ വരുന്ന പണച്ചെലവ്‌ കണക്കിന്റെ കാര്യമായിരുന്നു എന്ന്‌ പിന്നീടാണ്‌ പിടികിട്ടിയത്‌. തല്‍ക്കാലംഅതവിടെ നില്‍ക്കട്ടെ.

ഇക്കഴിഞ്ഞ ദിവസം നാഷണല്‍ സോഷ്യല്‍ വാച്ച്‌ കോയലീഷന്‍ (NSWA) പുറത്തിറക്കിയ ഭരണവികസന പൌര രേഖയുടെ അഞ്ചാം പതിപ്പില്‍ പറഞ്ഞിരിക്കുന്ന ചില വിവരങ്ങള്‍കേരളത്തിലെപ്രബുദ്ധ വോട്ടര്‍മാരായ നാമെങ്കിലും ശ്രദ്ധിച്ചേ മതിയാകൂ. കേരളത്തില്‍ ഇല്ലാത്ത എന്നാല്‍ ഏറെക്കുറെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന ഒരു ട്രെന്റ് ആണ്‌ താരങ്ങളെ മത്സരിപ്പിക്കുകഎന്നത്‌. സിനിമാ താരങ്ങളും സ്പോര്‍ട്‌സ്‌ താരങ്ങളും ഇങ്ങനെ ജനവിധി തേടുന്നത്‌ പുത്തരിയല്ല. മിക്കവാറും എല്ലാ താരങ്ങളും തന്നെ (അവര്‍ ഏത്‌ പാര്‍ട്ടിക്കാരായാലും)കൂളായി ജയിച്ചുകയറാറുമുണ്ട്‌. എന്നാല്‍ NSWA റിപ്പോര്‍ട്ട്‌ പ്രകാരം ഇക്കഴിഞ്ഞ ലോകസഭയിലെ താരപ്രതിനിധികള്‍ ലോകസഭയുടെ അഞ്ചിലൊന്ന്‌ മീറ്റിങ്ങുകളില്‍ മാത്രമാണ്‌ പങ്കെടുത്തിരിക്കുന്നത്‌!!! നാടിന്റെയും നാട്ടുകാരുടേയും പ്രശ്നങ്ങള്‍ അവതരിപ്പിച്ച്‌ അര്‍ഹമായത്‌ നേടി എടുക്കാന്‍ തെരഞ്ഞെടുത്തയച്ച്‌വിടപ്പെട്ടവര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപറ്റിയതോടൊപ്പം സ്വന്തം ഏര്‍പ്പാടുകള്‍ക്ക്‌ യാതൊരു ഭഗ്നവും വരുത്താതെ 'അല്‍പം ചില കോടികള്‍' കൂടി കൊയ്തുകൂട്ടിഎന്ന്‌ പച്ചമലയാളത്തില്‍ പറയാം.

അതിലും ഗുരുതരമാണ്‌ മറ്റൊരു വെളിപ്പെടുത്തല്‍. പതിനാലാം ലോകസഭയുടെ ഒരു മിനിറ്റിന്റെ വില 26,035/- രൂപയാണെന്ന്‌ പറയപ്പെടുന്നു!! അത്രയും വിലപിടിപ്പുള്ള ആ ലോകസഭയുടെ 22% സമയം ബഹളത്തില്‍ മുങ്ങിപ്പോയി. ക്രിയാത്മകമായിഒന്നും ചെയ്യാനാകാതെ നഷ്ടപ്പെട്ടു എന്നര്‍ത്ഥം. കേള്‍ക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു മന:പ്രയാസവും തോന്നില്ല എങ്കിലും താഴെ പറയുന്ന പ്രകാരം അതൊന്ന്‌ കണക്ക്‌ കൂട്ടി നോക്കൂ.

അഞ്ച്‌ വര്‍ഷത്തിനിടക്ക്‌ ഏറ്റവും ചുരുങ്ങിയത്‌ പത്ത്‌ തവണഎങ്കിലും ലോകസഭ കൂടി എന്ന്‌ കരുതുക. ഒരു സമ്മേളനംഏറ്റവും ചുരുങ്ങിയത്‌ പതിനഞ്ച്‌ ദിവസം നീളും എന്നും കരുതുക. ഒരു ദിവസത്തെ സഭാ ദൈര്‍ഘ്യം എട്ടു മണിക്കൂര്‍ എന്നും കരുതുക. അപ്പോള്‍ ആകെ അഞ്ചുവര്‍ഷത്തെ സമ്മേളന സമയം = 10 x 15 x 8 = 1200 മണിക്കൂറ്‍(ഇത്രയും ചുരുങ്ങിയ സമയത്തിന്‌ എല്ലാ MP മാരുംകൂടി വാങ്ങിയ സംഖ്യ കേട്ടാല്‍ ഹൃദയസ്തംഭനം വന്നേക്കാം). അതിന്റെ 22% നഷ്ടപ്പെട്ടു എന്ന്‌ പറഞ്ഞാല്‍ 1200 x 22 / 100 = 264 മണിക്കൂറ്‍ പോയി. ഒരു മിനുട്ടിന്‌ 26035 രൂപ പ്രകാരം നഷ്ടം = 26035 x 264 x 60 = 412394400 രൂപ (അതേ നാല്‍പത്തിയൊന്ന്‌ കോടി ഇരുപത്തിമൂന്ന്‌ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി നാനൂറ്‌ രൂപ !!!). ഇത്‌ ഏറ്റവും ചുരുങ്ങിയത്‌. അപ്പോള്‍ യാഥാര്‍ത്ഥ്യം എത്ര ആയിരിക്കാം എന്ന്‌ ചിന്തിച്ചു നോക്കുക.

ഇന്ത്യയിലെ ഓരോ പൌരനും അവകാശപ്പെട്ട പൊതുഖജനാവില്‍ നിന്നും, ഇത്രയും സംഖ്യ മുടിച്ചുകളയുന്ന ജനാധിപത്യത്തിന്റെ പേക്കൂത്തുകള്‍ക്ക്‌ തടയിടാന്‍ ആവശ്യമായ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യാ രാജ്യത്തിലെ ഓരോ പൌരനും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചില്ലേ?

Friday, May 08, 2009

പവിത്രേട്ടന്റെ മാങ്ങകള്‍

            എന്റെ ക്വാര്‍ട്ടേഴ്‌സിന്റെ തൊട്ടടുത്ത്‌ സ്വന്തം വീടുകളില്‍ താമസിക്കുന്ന രണ്ടേ രണ്ട്‌ കുടുംബമേയുള്ളൂ.ഒന്ന് വര്‍ഗ്ഗീസ്‌ ചേട്ടനും ഭാര്യ ഗ്രീറ്റി ചേച്ചിയും, പിന്നെ പവിത്രേട്ടനുംഭാര്യ ബേബിയും.

           പവിത്രേട്ടന്‌ സ്വന്തമായി തൊട്ടടുത്ത്‌ തന്നെ വാടകക്വാര്‍ട്ടേഴ്‌സുമുണ്ട്‌.ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റത്തായി പടര്‍ന്ന്‌പന്തലിച്ചു നില്‍ക്കുന്ന ഒരു പേരമരവും മള്‍ബറി മരവുംഉണ്ട്‌.രണ്ടിലും നിറയെ കായകളും. മാങ്ങാക്കാലമായാല്‍ നിറയെ മാങ്ങയും തൂക്കി നില്‍ക്കുന്ന ഉയരം കുറഞ്ഞ ഒരു മാവുംക്വാര്‍ട്ടേഴ്‌സിന്റെ സമീപത്തുണ്ട്‌.

          അമ്മായിയപ്പന്റെ മരണം കാരണം കഴിഞ്ഞ കുറേ ആഴ്‌ചകളായിപവിത്രേട്ടന്‍ ഭാര്യ വീട്ടിലാണ്‌ താമസം. ക്വാര്‍ട്ടേഴ്‌സ്‌സമീപത്തെ മാവിലാണെങ്കില്‍ നിറയെ മാങ്ങകളും.അവധിക്കാലംആഘോഷിക്കുന്ന കുട്ടികള്‍ ഉയരം കുറഞ്ഞ ആ മാവില്‍ കയറി കുറേകണ്ണിമാങ്ങകള്‍ അറുത്തു.എന്റെ കൊച്ചുമോളും ആ കുട്ടിക്കൂട്ടത്തില്‍ഉണ്ടായിരുന്നു.സന്ധ്യ ആയപ്പോള്‍ മാങ്ങയുമായി വീട്ടില്‍ വന്ന മോളോട്‌എന്റെ ഭാര്യ പറഞ്ഞു.

"ആ മാങ്ങ അവര്‍ക്ക്‌ തന്നെ കൊടുത്തേക്ക്‌.പവിത്രേട്ടനെകാണാതെ പറിച്ച ആ മാങ്ങ തിന്നാന്‍ പറ്റില്ല"

കാര്യം മനസ്സിലാകാതെ എന്റെ കൊച്ചുമോള്‍ മിഴിച്ചു നിന്നു.


പിറ്റേ ദിവസം ഈ സംഭവം, എന്റെ ഭാര്യ അയല്‍വാസിയായ അച്ചമ്മയുടെ അടുത്ത്‌ പറഞ്ഞു.
"അയ്യോ...അത്‌ തിന്നൂടായിരുന്നോ...പവിത്രന്‍ ഇവിടെ ഇല്ലാത്തോണ്ടാ....അല്ലെങ്കില്‍ എല്ലാ കുട്ടികള്‍ക്കും അവന്‍ തന്നെ പറിച്ചുകൊടുക്കുമായിരുന്നു" എന്നായിരുന്നു അച്ചമ്മയുടെ പ്രതികരണം.


            മാനന്തവാടിയിൽ നിന്ന്  വിട പറയുന്നതിന്‌ മൂന്ന് ദിവസം മുമ്പ്‌ ഞാന്‍ മറ്റൊരു ആവശ്യാര്‍ത്ഥം പവിത്രേട്ടന്റെ കൂടെ അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ പോയി.ആവശ്യംകഴിഞ്ഞ്‌ മടങ്ങുമ്പോഴേക്കും മുറ്റത്തെ സപ്പോട്ട മരത്തില്‍സ്വയം കയറി പവിത്രേട്ടന്‍ കുറേ സപ്പോട്ടകള്‍ എനിക്കായിഒരുക്കിവച്ചിരുന്നു.

പിന്നെ എന്നോട്‌ ഒരു ചോദ്യം:

"മാഷേ കുറച്ച്‌ മാങ്ങ പറിച്ചുതരട്ടെ...അച്ചാറിടാന്‍..."

എന്റെ മറുപടിക്ക്‌ കാക്കാതെ പവിത്രേട്ടന്‍ മകനെ വിളിച്ചു.
"ഉണ്ണീ....വാ...ആ മാവില്‍ കയറി കുറച്ച്‌ മാങ്ങ പറിക്ക്‌..."

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പത്തിരുപത്തഞ്ച്‌ മാങ്ങയും എനിക്കായിറെഡിയായി.


"മാഷേ...ഒരു ചക്ക കൂടി കൊണ്ടുപോയ്ക്കോ..."

ആ സ്നേഹത്തിന്‌മുന്നില്‍ ഞാന്‍ നമോവാകം ചെയ്യുമ്പോഴേക്കും രണ്ട്‌ ചെറുചക്കകള്‍ (ഞങ്ങള്‍ ഇടിച്ചക്ക എന്ന് പറയും) കൂടി എനിക്ക്‌ കൊണ്ടുപോകാനുള്ള സാധനങ്ങളുടെ കൂട്ടത്തിലേക്ക്‌ എത്തി.


അയല്‍വാസിയോട്‌ എങ്ങനെ പെരുമാറണം എന്ന് തെളിയിച്ചു തന്ന പവിത്രേട്ടന്റെ വീട്ടില്‍ നിന്നും സാധനങ്ങളുമായി ഞാന്‍ ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തി.അന്ന് രാത്രി ഭാര്യ എന്റെ ചെറിയ മോളെ അടുത്ത്‌ വിളിച്ചുകൊണ്ട്‌ പറഞ്ഞു.

"കണ്ടോ...ഉടമ കാണാതെ പറിച്ച ആ മാങ്ങകള്‍ നീ ഒഴിവാക്കിയപ്പോള്‍ പടച്ചവന്‍ പലതരം ഫലങ്ങള്‍ നമുക്ക്‌ എത്തിച്ചുതന്നത്‌....അതുകൊണ്ട്‌ ആരുടേയും സാധനം അവരുടെ അനുവാദം കൂടാതെ മോള്‍ എടുക്കരുത്‌ട്ടോ.."

Wednesday, May 06, 2009

നമ്പൂരിയുടെ ഇഡ്‌ലി തീറ്റ

പ്രമേഹ രോഗിയായ നമ്പൂരി ഡോക്ടറുടെ അടുത്തെത്തി.

ഡോക്ടര്‍: ഇഷ്ട ഭക്ഷണം എന്താ?

നമ്പൂരി:ഇഡ്‌ലി

ഡോക്ടര്‍:എത്ര എണ്ണം കഴിക്കും രാവിലെ?

നമ്പൂരി:പതിനാറ്‌-പതിനെട്ട്‌

ഡോക്ടര്‍:ആ...നാളെ എട്ടെണ്ണമേ കഴിക്കാവൂ.ഈ മരുന്നും കൂടെ കഴിച്ചോ.എന്നിട്ട്‌ മറ്റന്നാള്‍ വാ...

നമ്പൂരി:ശിവ ശിവാ...

മൂന്നാം ദിവസം നമ്പൂരി വീണ്ടും ഡോക്ടറുടെ അടുത്തെത്തി.

ഡോക്ടര്‍:ആ...ഇന്ന് എത്ര ഇഡ്‌ലി തിന്നു?

നമ്പൂരി:എട്ടെണ്ണം മാത്രം

ഡോക്ടര്‍:ആ...നാളെ നാലെണ്ണമേ കഴിക്കാവൂ.ഈ മരുന്നും കൂടെ കഴിച്ചോ.എന്നിട്ട്‌ മറ്റന്നാള്‍ വീണ്ടും വാ...

നമ്പൂരി:ശിവ ശിവാ...ഇതെന്താ കഥ?

മൂന്ന്‌ ദിവസം കഴിഞ്ഞ്‌ നമ്പൂരി വീണ്ടും ഡോക്ടറുടെ അടുത്തെത്തി.

ഡോക്ടര്‍:ആ...ഇന്ന് എത്ര ഇഡ്‌ലി തിന്നു?

നമ്പൂരി:സത്യമായും നാലെണ്ണം മാത്രമേ തിന്നുള്ളൂഡോക്ടര്‍

ഡോക്ടര്‍:ആ...നാളെ രണ്ടെണ്ണമേ കഴിക്കാവൂ.ഈ മരുന്നും കൂടെ കഴിച്ചോ.

നമ്പൂരി:അയ്യോ ഡോക്ടര്‍ അങ്ങിനെ പറയരുത്‌.ഇനിയും ഇഡ്‌ലിയുടെ വലിപ്പവും കട്ടിയും കൂട്ടിയാല്‍ ഉള്‍ഭാഗം വേവില്ല!ഞാന്‍ പിന്നെ പച്ച മാവ്‌ തിന്നേണ്ടി വരും!!

Tuesday, May 05, 2009

വികാരനിര്‍ഭരമായ ഒരു യാത്രയയപ്പ്‌

ഇക്കഴിഞ്ഞ മേയ്‌ രണ്ടാം തീയതി ജീവിതത്തിന്റെ സന്തോഷ-സന്താപസമ്മിശ്രണമായ ഒരു ഏടിലൂടെ ഞാന്‍ കടന്നുപോയി.കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഞാന്‍ താമസിച്ചുവന്നിരുന്ന മാനന്തവാടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ അന്ന് ഞാന്‍ കുടുംബസമേതം പടിയിറങ്ങി.


മൂന്ന് വര്‍ഷത്തെ താമസത്തിനിടയില്‍ ആ ഗള്ളിയില്‍ വച്ച്‌കണ്ടുമുട്ടിയും ക്രയവിക്രയങ്ങള്‍ നടത്തിയും ചിരപരിചിതമായവരോട്‌ഒരാഴ്‌ച മുമ്പേ ഞാന്‍ യാത്ര പറയാന്‍ തുടങ്ങിയിരുന്നു.യാത്ര പറയേണ്ടവര്‍ അപ്രതീക്ഷിതമായി മുന്നില്‍ വന്നുപെട്ടപല അനുഭവങ്ങളും ആ ആഴ്‌ചയില്‍ സംഭവിക്കുകയും ചെയ്തു!അപ്പോഴൊന്നും വേര്‍പിരിയലിന്റെ വേദനയെപറ്റി ഞാന്‍ അത്രബോധവാനായിരുന്നില്ല.


ഏപ്രില്‍ മുപ്പതാം തീയതി വൈകിട്ട്‌ മുന്‍ സഹപ്രവര്‍ത്തകനായ വികാസും ഭാര്യയും ഇപ്പോഴത്തെ സഹപ്രവര്‍ത്തകയായജ്യോതിയും ക്വാര്‍ട്ടേഴ്‌സിലെത്തി യാത്രാമംഗളങ്ങള്‍ നേര്‍ന്നു.പിറ്റേ ദിവസം രാത്രി വരെ നീണ്ട പാക്കിങ്ങിനിടയില്‍ അയല്‍വാസിയായ പവിത്രേട്ടനും എത്തി.രാത്രിമറാത്തക്കാരി രേഖ ചേച്ചിയുടെ വക ഒരു വലിയ സമ്മാനപ്പൊതിയുംഎത്തി.


മേയ്‌ രണ്ടിന്‌ രാവിലെ തൊട്ടടുത്തുള്ള എല്ലാ ക്വാര്‍ട്ടേഴ്‌സുകളിലുംഒരിക്കല്‍ കൂടി ഞാന്‍ യാത്ര പറഞ്ഞു.പുറപ്പാടിന്റെ മുമ്പായി രേഖ ചേച്ചി ചായ ഒരുക്കി.ചായ കുടിക്കുന്നതിനിടയില്‍ മറ്റൊരുഅയല്‍വാസിയായ ഫ്രാന്‍സിസ്‌ ഏട്ടനും എത്തി. കഴിഞ്ഞ മൂന്ന്‌വര്‍ഷങ്ങളില്‍ ഞങ്ങളുടെ നേതൃത്വത്തില്‍ ക്വാര്‍ട്ടേഴ്‌സിലേയും പരിസരത്തേയും കുട്ടികള്‍ക്കായി നടത്തിയ വിവിധ പരിപാടികള്‍ അദ്ദേഹംഅനുസ്മരിച്ചു.വിവിധ ദേശക്കാരും ഭാഷക്കാരും മതക്കാരുംതാമസിക്കുന്ന ആ ഏരിയയില്‍ ഞങ്ങളുടെ ഈ പ്രവൃത്തികള്‍ ഉണ്ടാക്കിയ ഒത്തൊരുമ ഫ്രാന്‍സിസ്‌ ഏട്ടന്‍ പറഞ്ഞപ്പോഴാണ്‌ഞങ്ങള്‍ പോലും അറിഞ്ഞത്‌.


അവസാനം, ജനിച്ചാല്‍ മരണം സുനിശ്ചിതമെന്നപോലെ പുറപ്പാടിനുള്ള സമയമായി.ക്വാര്‍ട്ടേഴ്‌സിലേയും പരിസരത്തേയുംഎല്ലാവരും ഞങ്ങളുടെ മുറ്റത്തെത്തി.എന്റെ ഭാര്യയുടെ കണ്ണില്‍ നിന്നും അശ്രുകണങ്ങള്‍ ഊര്‍ന്നിറങ്ങി.കാറില്‍ കയറുന്നതിന്‌മുമ്പായി എന്റെ ചെറിയ മോളുടെ കളിക്കൂട്ടുകാരിയായമാളുവിന്റെ കുഞ്ഞുമുഖത്തേക്ക്‌ നോക്കിയ എനിക്ക്‌ സഹിക്കാനായില്ല.ഞാന്‍ അവളെ വാരി എടുത്ത്‌ ഉമ്മ വച്ചു.ശേഷം അവിടെ നിന്നഎല്ലാ കൊച്ചുകുഞ്ഞുങ്ങള്‍ക്കും സ്നേഹ ചുംബനം അര്‍പ്പിക്കുമ്പോള്‍എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി.തൊണ്ട ഇടറിയത്‌ കാരണംവാക്കുകള്‍ ഒന്നും പുറത്തേക്ക്‌ വന്നില്ല.


പത്ത്‌മണിക്ക്‌, ഞങ്ങളുടെ ലഗേജുമായി പുറപ്പെട്ട വണ്ടിക്ക്‌ പിന്നാലെ ഞാന്‍ കാര്‍ വിടുമ്പോള്‍ പിന്നില്‍ നിറകണ്ണുകളുമായിഎല്ലാവരും കൈ വീശി ഞങ്ങളെ യാത്രയാക്കി.

മൂന്ന് വര്‍ഷംമുമ്പ്‌ ആ ക്വാര്‍ട്ടേഴ്‌സില്‍ കാല്‌ കുത്തുമ്പോള്‍ ഇത്രയും വികാരനിര്‍ഭരമായ ഒരു യാത്രയയപ്പ്‌ പ്രതീക്ഷിച്ചതേ ഇല്ല.ആ ക്വാര്‍ട്ടേഴ്‌സില്‍ ഈ കാലയളവില്‍ എത്രയോ കുടുംബങ്ങള്‍വന്നു പോയെങ്കിലും ഇതുപോലെ ഒരു യാത്രയയപ്പും അതുവരെഉണ്ടായില്ല.

ആരേയും വെറുപ്പിക്കാതെ എല്ലാവരോടും സ്നേഹത്തോടെപെരുമാറി സ്ഥലം വിടാനായതില്‍ ഞാനും ഭാര്യയും ദൈവത്തെ സ്തുതിക്കുന്നു.