Pages

Wednesday, September 27, 2006

സര്‍വ്വീസില്‍ നിന്ന് വിരമിച്ചു!!!

വര്‍ഷങ്ങളുടെ സ്തുത്യര്‍ഹ സേവനത്തിന്‌ ശേഷം എന്റെ സന്തതസഹചാരി ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.പ്രമുഖ സംഘടനകളിലൊന്നും തന്നെ മെംബര്‍ ആകാത്തതിനാല്‍ ഒരു അനുശോചന യോഗം സോറി യാത്രയയപ്പ്‌ യോഗം പോലും ഉണ്ടായിരുന്നില്ല.സദാ കൂടെ ഉണ്ടായിരുന്ന ഞാനും അങ്ങിനെ ഒന്ന് സംഘടിപ്പിക്കാന്‍ ശ്രമിച്ചില്ല, കാരണം നിങ്ങള്‍ക്ക്‌ പിന്നീട്‌ മനസ്സിലാകും.... ഒട്ടേറെ സമരമുഖങ്ങളില്‍ എന്റെ സന്തതസഹചാരി എന്റെ കൂടെയുണ്ടായിരുന്നത്‌ ഞാന്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.എന്നും കല്ലും മുള്ളും നിറഞ്ഞതായിരുന്നു എന്റെ സഹചാരിയുടെ പാത.എന്നാലും ഒരു പരാതിയുമില്ലാതെ എന്റെ സഹചാരി സേവനം തുടര്‍ന്നു.സഹന സേവനത്തിന്റെ മായാമുദ്രകള്‍ എന്റെ സഹചാരിയുടെ മേലാസകലം കാണാമായിരുന്നു.നിങ്ങള്‍ ആരും ഞെട്ടരുത്‌....വിരമിക്കുമ്പോളും എന്റെ സഹചാരിയുടെ ദേഹത്ത്‌ 25 തുന്നിക്കെട്ടും 2 പ്ലാസ്റ്റിക്‌ സര്‍ജറിയും ഉണ്ടായിരുന്നു.അവസാനം ആ ചെരുപ്പിന്റെ വാറ്‌ വീണ്ടും പൊട്ടിയപ്പോള്‍ എനിക്കവനെ എറിയുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു!!!!

Saturday, September 23, 2006

ഒരു പെണ്‍പേര്‌ തലയായി ഉണ്ടായിരുന്നെങ്കില്‍.....!!!

വിവാഹ ദല്ലാളിന്‌ ഡയറി എന്ന പോലെ കുഞ്ഞറമു മാഷിന്റെ ട്രേഡ്‌മാര്‍ക്കാണ്‌ കക്ഷത്തിലെ കെ.യെസ്‌.ആര്‍. അഥവാ കേരളാ സര്‍വ്വീസ്‌ റൂള്‍സ്‌.കക്ഷത്തില്‍ കെ.യെസ്‌.ആര്‍. ഇല്ലാത്ത കുഞ്ഞറമു മാഷ്‌ വാലില്ലാത്ത ....................നെപ്പോലെയാണെന്നാണ്‌ സഹപ്രവര്‍ത്തകരുടെ സ്വകാര്യ മന്ത്രങ്ങള്‍(സ്വകാര്യമാക്കിയില്ലെങ്കില്‍ മുന്‍കേന്ദ്രമന്ത്രി ഇടപെടും എന്ന് ഭയപ്പെടുന്നു). കെ.യെസ്‌.ആര്‍. എന്ന് തന്നെയാണ്‌ കുഞ്ഞറമു മാഷുടെ വിളിപ്പേരും. "ഹലോ...കെ.യെസ്‌.ആര്‍." കുര്യന്‍ മാസ്റ്ററുടെ ശബ്ദം കേട്ട്‌ കുഞ്ഞറമു മാസ്റ്റര്‍ തിരിഞ്ഞ്‌നോക്കി. "ആരിത്‌...കുര്യനോ..?എന്താ സഖാവേ മുഖത്ത്‌ ഒരു മ്ലാനത?" "അപ്പോ സ്റ്റാഫ്‌ സെക്രട്ടരി ആയിട്ടും താങ്കള്‍ ഇതൊന്നും അറിഞ്ഞില്ലേ?" കുര്യന്‍ മാസ്റ്ററുടെ മറുചോദ്യം. "എന്ത്‌?" "മണ്ണാങ്കട്ടയും കരിയിലയും കാശിക്ക്‌ പോയത്‌...!!!"അമര്‍ഷം അമര്‍ത്തിപിടിച്ച്‌ കുര്യന്‍ മാസ്റ്റര്‍ പറഞ്ഞു. "ഓ...അത്‌ കേട്ടിട്ടുണ്ട്‌...കേട്ടിട്ടുണ്ട്‌..."കെ.യെസ്‌.ആറിന്റെ മറുപടി പെട്ടെന്നായിരുന്നു. "എന്നാല്‍ അതല്ല...ആറു ലക്ഷം എണ്ണി എണ്ണി കൊടുത്തിട്ടാ എന്നെജോലിയില്‍ കയറ്റിയത്‌...അതും പെണ്ണുമ്പിള്ളയുടെ 916-ഉം 22 കാരറ്റും ബ്ലേഡും ചിട്ടിയും ലോണും എല്ലാം കൂടി ഒപ്പിച്ച്‌ കൊടുത്തതാ...."കുര്യന്‍ തരളിതനായി. "എന്നിട്ടിപ്പോ മാനേജര്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞോ?" "അങ്ങിനെപ്പറഞ്ഞിരുന്നുവെങ്കില്‍ ആറു ലക്ഷവും പലിശയും തിരിച്ച്‌ വാങ്ങി അന്തസ്സായിട്ട്‌ ജീവിക്കാമായിരുന്നു..." കുര്യന്റെ നെടുവീര്‍പ്പ്‌. "പിന്നെ എന്താ ഇപ്പൊ പ്രശ്നം?" "ബാക്കി രണ്ടു ലക്ഷം കൂടി ഉടന്‍ കൊടുക്കണമെന്ന് മാനേജറുടെ വാറണ്ട്‌ വന്നു...."കുര്യന്‍ പറഞ്ഞൊപ്പിച്ചു... "ങാ....താന്‍ കുര്യന്‍ ആയിപ്പോയി....ഒരു പെണ്‍പേര്‌ തലയായി ഉണ്ടായിരുന്നെങ്കില്‍...." കെ.യെസ്‌.ആര്‍ പറഞ്ഞു നിര്‍ത്തി. "ഉണ്ടായിരുന്നെങ്കില്‍...."കുര്യനും ആകാംക്ഷയായി. "ഒരു പെണ്‍പേര്‌ തലയായി ഉണ്ടായിരുന്നെങ്കില്‍ ഒരു കേസ്സ്‌ ഫയല്‍ ചെയ്യാമായിരുന്നു....!!!"കെ.യെസ്‌.ആര്‍ പ്രത്യേക ആക്ഷനില്‍ പറഞ്ഞു. "ഫൂ..തല കത്തുംബൊളാണോ ജയന്റെ ഡയലോഗ്‌ തട്ടുന്നത്‌?" കുര്യന്‌ കലി കയറി. "അതെല്ലടോ...താന്‍ ഒരു നാന്‍സികുര്യനോ ഒരു എല്‍സികുര്യനോ ആയിരുന്നെങ്കില്‍ സ്ത്രീ പീഢനത്തിന്‌ മാനേജര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കേസ്സ്‌ കൊടുക്കാമായിരുന്നു.."കെ.യെസ്‌.ആര്‍ വിശദീകരിച്ചു. 'ഹൊ..അപ്പന്‍ ശ്രദ്ധിക്കാത്തത്‌ കൊണ്ടല്ലേ ഞാന്‍ കുര്യന്‍ എല്‍.സി. ആയത്‌..എല്‍.സി.കുര്യന്‍ എന്നായിരുന്നെങ്കില്‍.....'കുര്യന്‍ ആത്മഗതം ചെയ്തു. * * * * * * * * * * * * * * * * * * * * * * * *

Wednesday, September 06, 2006

മാവേലി വന്നപ്പോള്‍ .... !!!!

ഇന്റര്‍ഗട്ടര്‍ എക്സ്പ്രെസ്സ്‌ ലേറ്റ്‌ ആയതിനാല്‍ ഇത്തവണ മാവേലിയും ലേറ്റ്‌ ആയാണ്‌ കേരളത്തില്‍ എത്തിയത്‌.വന്നപാടേ പാതാളപനോരമയിലെ വാര്‍ത്തകളിലൂടെ കണ്ണോടിച്ചു... 'പി.ജെ.ജോസഫ്‌ രാജിവച്ചു' 'എന്തിനാണാവോ' ...മാവേലി ആത്മഗതം ചെയ്തു. "അത്‌ ഒരു പെണ്ണ്‍ കേസ്‌" മാവേലിയുടെ ആത്മഗതം കേട്ടപോലെ ആരോ പറഞ്ഞു. "എന്റെ കഴിഞ്ഞ വരവിനും ഏതോ ഒരു മന്ത്രി പെണ്ണ്‍ കേസില്‍....???"മാവേലി സംശയം പ്രകടിപ്പിച്ചു. 'ങാ ങാ....ഇതിപ്പോള്‍ ഇവിടെ ഒരു സ്ഥിരം കലാപരിപാടിയാ..." "പെണ്ണ്‍ കേസ്‌ സ്ഥിരം കലാപരിപാടിയോ...എന്താ ഈ കേള്‍ക്കുന്നത്‌?" "മാവേലി നാടുവാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ..."എവിടെ നിന്നോ സംഗീതം മാവേലിയുടെ ചെവിയില്‍ അലയടിച്ചു. * * * * * * * * * * * * * * * * * * * * * * * * * * * * * * * * "ഹമ്മേ!!! ഹയ്യോ!!!"അലര്‍ച്ച കേട്ട്‌ ഒരാള്‍ തിരിഞ്ഞ്‌ നോക്കി. മാവേലിയുടെ കൈ മാത്രം പുറത്ത്‌!!!!അയാള്‍ ഓടിവന്ന് മാവേലിയെ വലിച്ച്‌ കയറ്റി. "ഈ വയസ്സ്‌ കാലത്ത്‌ നോക്കി നടന്നൂടെ...ഈ നാട്ടിലെ റോഡുകള്‍ ഇങ്ങിനെയാ....ഗട്ടറുകളാല്‍ സമൃദ്ധം....സ്ലാബില്ലാ ഓവുചാലുകളും സമൃദ്ധം...വഴിയേത്‌ കുഴിയേത്‌ കണ്‍ഫിൂഷന്‍!!!" "കണ്‍ഫിൂഷന്‍ തീര്‍ക്കണമേ...എന്റെ കണ്‍ഫിൂഷന്‍ തീര്‍ക്കണമേ.." അടുത്ത പാട്ട്‌ മാവേലിയുടെ ചെവിയില്‍ അലയടിച്ചു. * * * * * * * * * * * * * * * * * * * * * * * * * * * * * * * ** * * * * * * * മാവേലി വീണ്ടും നടന്നു...അപ്പോഴാണ്‌ ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക്‌ ശ്രദ്ധയില്‍ പെട്ടത്‌. "ങേ...എന്റെ നാട്ടുകാര്‍ക്ക്‌ ദൈവഭക്തി ഇത്രയും കൂടിയോ?"മാവേലി ക്ഷേത്രത്തിലേക്ക്‌ നടന്നു. " ങേ...ഭക്തജനങ്ങളുടെ നീണ്ട ക്യൂ....ഓരോരുത്തരുടെയും കയ്യില്‍ ഒന്നല്ല രണ്ടല്ല.... നാലും അഞ്ചും തേങ്ങകള്‍!!!!""ഇതെന്താ ഒരാള്‍ തന്നെ ഇത്രയും തേങ്ങകള്‍ ഉടക്കുന്നത്‌?" മാവേലി അതിശയത്തോടെ ചോദിച്ചു. "ദൈവത്തിനല്ലാതെ വേറെ ആര്‍ക്ക്‌ വേണം ഇത്‌?" ഉത്തരം ഒരു മറു ചോദ്യം ആയിരുന്നു. "ങേ..തേങ്ങ ഇപ്പോള്‍ ആര്‍ക്കും വേണ്ടേ?" മാവേലിയുടെ സംശയം കൂടി. "ഒരു തേങ്ങയുടെ വില ഒന്നര രൂപ....ഒരു കോഴിമുട്ടയുടെ വില ഒന്നേമുക്കാല്‍ രൂപ..ഏഴ്‌ തേങ്ങ എങ്കിലും ഉടച്ചാലല്ലെ പത്ത്‌ രൂപയുടെ വഴിപാട്‌ ആകൂ..."മറുപടി കേട്ട്‌ മാവേലി മെല്ലെ സ്ഥലം വിട്ടു. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * കാഴ്ചകള്‍ കണ്ടു നടക്കുന്നതിന്നിടെ മാവേലി ഒരു സിഗരറ്റിന്ന് തീ കൊളുത്തി... "താങ്കള്‍ കോടതി അലക്ഷ്യം കാണിച്ചിരിക്കുന്നു...!!"എവിടെ നിന്നോ ഒരു പോലീസുകാരന്‍ ചാടിവീണു. "എന്തു കോടതി അലക്ഷ്യം?" മാവേലിക്ക്‌ മനസ്സിലായില്ല... "പൊതുസ്ഥലങ്ങളില്‍ പുക വലിക്കുന്നത്‌ ബഹുമാനപ്പെട്ട ഹൈക്കോടതി ഓര്‍ഡര്‍ പ്രകാരം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്‌." " ങേ!!!"..മാവേലി വീണ്ടും ഞെട്ടി. "ഇത്‌ കേരളം തന്നെയോ??? സ്വസ്ഥമായി ഒന്ന് ശ്വാസം വിടാന്‍ പോലും സമ്മതിക്കാത്ത ഈ നാട്‌ എന്റെ പഴയ കേരളം തന്നെയോ???" ആത്മഗതം ചെയ്തു കൊണ്ട്‌ അടുത്ത്‌ കണ്ട ഗട്ടറിലൂടെ മാവേലി പാതാളത്തിലേക്ക്‌ തന്നെ തിരിച്ച്‌ പോയി. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *