Pages

Friday, August 30, 2019

ഖാദറിന്റെ മൈ ഹോബി

               സ്കൂൾ കാലഘട്ടത്തിൽ കാക്കൊല്ല പരീക്ഷ എന്ന് കേൾക്കുമ്പോൾ ‘കാക്കൊല്ലം’ എന്താണെന്ന് പോലും മനസ്സിലായിരുന്നില്ല. പിന്നീട് എപ്പോഴോ അതിന്റെ പേര് ഓണപ്പരീക്ഷയായി മാറിയപ്പോഴാണ് അത് എത്രയും പെട്ടെന്ന് ആഗതമാവാൻ പ്രാർത്ഥിക്കാൻ തുടങ്ങിയത്. കാരണം പരീക്ഷ കഴിഞ്ഞാൽ പിന്നെ പത്ത് ദിവസം ഡിങ്ക് ഡിങ്കാ അടിച്ച് നടക്കാം എന്നത് തന്നെ. ഇപ്പോൾ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും എല്ലാം ഈ പരീക്ഷയുടെ പേര് ടേം പരീക്ഷ എന്നാണ് (പകുതി ഇംഗ്ലീഷും പകുതി മലയാളവും ചേർത്ത് നീതിപൂർവ്വമാക്കിയ പേര്) . അത് എന്ന് നടക്കും എന്നത് കാലാവസ്ഥയെ കൂടി ആശ്രയിച്ചാണ് ഇപ്പോള്‍ നിലകൊള്ളുന്നത്.

                 വർഷങ്ങൾക്ക് മുമ്പ് , അതായത് കഴിഞ്ഞ നൂറ്റാണ്ടിൽ ഞാൻ എഴുതിയ ഒരു പരീക്ഷയാണ് ഈ പരീക്ഷാകാലത്ത് എന്റെ ഓർമ്മയിൽ ഓടിവരുന്നത്. അന്ന് ഞാൻ ഒമ്പതാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഇംഗ്ലീഷിൽ My Hobby യും ഹിന്ദിയിൽ “എക് ത്യോഹാറും’ പരീക്ഷയിലെ സ്ഥിരം ഉപന്യാസ ചോദ്യമായിരുന്ന കാലമായിരുന്നു അത്. കടലാസ് തുണ്ട് വച്ചുള്ള കോപ്പിയടി ഒരു നാടൻകലയായി വളർത്തിയവന്, അല്പസ്വല്പം അടുത്തിരിക്കുന്ന അയൽക്കാരനിൽ നിന്നും കൂടി ഒപ്പിച്ചാൽ  ഇംഗ്ലീഷിലും ഹിന്ദിയിലും ജയിച്ച് കയറാൻ ഇത് രണ്ടും മാത്രം മതിയായിരുന്നു.

           മാവേലി വാണിടും കാലം മാനുഷരെല്ലാം ഒന്നു പോലെ എന്ന് പറഞ്ഞപോലെ  “എക് ത്യോഹാറി’ന് കേരളത്തിലെ മുഴുവൻ കുട്ടികളും ഉത്തരം എഴുതുന്നതും ഒന്ന് തന്നെയായിരുന്നു - ഓണം കേരൾ കി ദേശീയ് ത്യോഹാർ ഹെ. വഹ് ശ്രാവൺ മഹീനെ മേം ആത ഹെ.... ഇത്രയും ഹിന്ദിയിൽ എഴുതിയാൽ തന്നെ അവനെ ഹിന്ദിയിലെ രാജാവാക്കുന്ന കാലം കൂടിയായിരുന്നു അത്. അന്ന് മുതൽ തിരഞ്ഞിട്ടും ‘ശ്രാവൺ മഹീനെ‘ കലണ്ടറിൽ ആദ്യമായി കണ്ടത് ഇന്നാണ്.

              അന്നത്തെ ഇംഗ്ലീഷ് പരീക്ഷ ദിനത്തിലാണ് ഈ കഠോര സംഭവം നടന്നത്.ചോദ്യങ്ങള്‍ അത്യാവശ്യം നന്നായി വായിക്കാനും മനസ്സിലാക്കാനും അറിയുന്ന ഫൈസൽ ഉത്തരങ്ങൾ എഴുതി മുന്നേറിക്കൊണ്ടേ ഇരിക്കുന്നത്, തൊട്ടടുത്തിരുന്ന ഖാദറിന് അത്ര ദഹിച്ചില്ല. പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടിട്ടും ഉത്തരക്കടലാസിന്റെ വലതു മൂലയിൽ ‘Abdulkadr , 9F ,  നബര്‍ 1 ' എന്ന് മാത്രം എഴുതിയിരിക്കുന്നവന്റെ സങ്കടം അറിയാതെ ഫൈസൽ മുന്നേറുമ്പോഴാണ് ഖാദർ മനോഹരമായ ആ കാഴ്ച കണ്ടത് - ഇൻ‌വിജിലേറ്ററായി വന്ന സാവിത്രി ടീച്ചർ മേശയിൽ തലയും വച്ച് സുഖമായി ഉറങ്ങുന്നു !

                 വീണുകിട്ടിയ സുവർണ്ണാവസരം മുതലെടുത്ത് കാദർ ഫൈസലിന്റെ പേപ്പർ വലിച്ചു. ആദ്യം കണ്ടത് തന്നെ ഉപന്യാസ ചോദ്യമായ My Hobby യുടെ ഉത്തരം. വള്ളി പുള്ളി വിടാതെ അക്ഷരം പെറുക്കി പെറുക്കി എടുത്ത് എഴുതി, ഖാദർ തന്റെ ഉത്തരക്കടലാസിന്റെ ഒന്നാം പേജ് ഗംഭീരമാക്കി. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നത് ഫൈസലിന് അറിയില്ലെങ്കിലും പിന്നിലെ ബെഞ്ചിലിരുന്ന മുനീറിന്റെയും ലതീഫിന്റെയും നടുവിലേക്ക് ഫൈസലിന്റെ പേപ്പർ വച്ചു കൊടുത്തുകൊണ്ട് ഖാദർ അത് പ്രാവർത്തികമാക്കി.നല്ല സമരിയക്കാരനായി ജാഫർ എല്ലാം നോക്കി ഇരുന്നു. അഞ്ചു വർഷത്തിനിടക്ക് ഒരു ഇംഗ്ലീഷ് പരീക്ഷയിലെങ്കിലും ഉത്തരക്കടലാസിന്റെ ഒന്നാം പേജ് മുഴുവനാക്കാൻ സാധിച്ച സന്തോഷത്തിൽ ഖാദറും കിണ്ണം കാച്ചി മാർക്കുള്ള ഒരു ചോദ്യത്തിന് ഉത്തരം എഴുതിയ സംതൃപ്തിയിൽ ലതീഫും മുനീറും പരീക്ഷ കഴിഞ്ഞിറങ്ങി. എഴുതിയ ഉത്തരം തെറ്റായതിനാൽ പിന്നീടെപ്പോഴോ ഫൈസൽ തന്റെ പേപ്പറില്‍ നിന്ന് അത് വെട്ടിക്കളഞ്ഞത് മൂന്ന് പേരും അറിഞ്ഞില്ല.

                വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം. ഒന്നാം പിരീഡ് തന്നെ ഇംഗ്ലീഷ് ആണ്. ക്ലാസിലേക്ക് വന്ന ലിസി ടീച്ചറുടെ കയ്യിൽ വാല്യു ചെയ്ത ഉത്തരക്കടലാസുകൾ ഉണ്ട്. ഇത്തവണ ഇംഗ്ലീഷിൽ പാസ്‌ ആകും എന്ന അമിത ആത്മവിശ്വാസത്തിൽ ഖാദറും മുനീറും ലതീഫും ടീച്ചറുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ഹാജർ വിളി കഴിഞ്ഞ് ടീച്ചർ ഉത്തരക്കടലാസിന്റെ കെട്ടെടുത്തു.

“അബ്ദുൽ ഖാദർ “ ടീച്ചർ ആദ്യത്തെ പേരു വിളിച്ചു. പേപ്പർ വാങ്ങാനായി ഖാദർ ധൃതിയില്‍ ചെന്നു.

“നിന്റെ ഹോബി എന്താ ?” ടീച്ചറുടെ അപ്രതീക്ഷിത ചോദ്യം കേട്ട് ഖാദർ ഞെട്ടി. മുൻ ബെഞ്ചിലിരിക്കുന്ന ഫൈസലിനെ ഖാദർ ദയനീയമായി ഒന്ന് നോക്കി. അതുവരെ നെഞ്ച് വിരിച്ചിരുന്ന മുനീറിന്റെയും ലതീഫിന്റെയും നെഞ്ച് കാറ്റുപോയ ബലൂൺ പോലെയായി.

“ഖാദറിന്റെ അതേ ഹോബിയുള്ള രണ്ട് മഹാന്മാർ കൂടിയുണ്ടിവിടെ...ആ രണ്ട് പേരും കൂടി ഇങ്ങോട്ട് വന്നാട്ടെ ....“ ലിസി ടീച്ചർ പറഞ്ഞു. ആരാണ് ആ മഹാന്മാർ എന്ന് ക്ലാസ് ഒന്നടങ്കം നോക്കി നിന്നു. ആരും സീറ്റിൽ നിന്നുയർന്നില്ല.

“ അബ്ദുൽ മുനീർ .... അബ്ദുൽ ലതീഫ്...ഇങ്ങോട്ട് വാ... നിങ്ങളുടെ രണ്ട് പേരുടെയും ഹോബി എന്താണ്?” മുനീറും ലതീഫും സീറ്റില്‍ നിന്നെണീറ്റു.

“ടീച്ചറെ...കോപ്പിയടി...അവർ എന്റേത് കോപ്പിയടിച്ചതാ...” ഖാദർ തട്ടിവിട്ടു.

“ആഹാ...നീ ആരാ ഹരിശ്ചന്ദ്രനോ ?” ടീച്ചർ ഖാദറിനോട് ചോദിച്ചു.

“ ഞാന്‍ അബ്ദുല്‍ഖാദറാണ്... ഹരി അതാ അവിടെ...ചന്ദ്രന്‍ മറ്റേ ക്ലാസിലാ..“

“ഹോക്കി ആരുടെ ഹോബിയാ ?” മൂന്നുപേരോടുമായി ടീച്ചർ ചോദിച്ചു.

“ഫൈസലിന്റെ..” ഖാദര്‍ പെട്ടെന്ന് പറഞ്ഞു.

“ഹോക്കി എന്താണെന്നറിയോ നിനക്ക് ?”

“മുനീറിനറിയാം...ലതീഫിനും...” ഖാദര്‍ വേഗം തടിയൂരാന്‍ ശ്രമിച്ചു.

“ഇവര്‍ എഴുതിയ ഉത്തരം ജാഫര്‍ വായിക്കും...ജാഫര്‍ വരൂ...” ടീച്ചര്‍ നീട്ടിയ പേപ്പര്‍ വാങ്ങി ജാഫര്‍ വായിക്കാന്‍ തുടങ്ങി.

“മൈ ഹോബി ഇസ് ഹോക്കി. ഹോബി ആന്റ് ഹോക്കി ആര്‍ സിമിലര്‍ ബട്ട് ഡിഫറന്റ്. ദാറ്റ് ഇസ് എ സ്മാള്‍ സ്പെല്ലിംഗ് മിസ്റ്റേക്. ബട്ട് ഐ ലവ് ഹോക്കി. ദാറ്റ് ഇസ് മൈ ഹോബി. ആള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്റ് സിസ്റ്റേഴ്സ്.ഐ ലവ് ഹോക്കി സോ ദേ ആള്‍സൊ ലവ് ഹോക്കി. ഇംഗ്ലീഷ് സ്പീക്കിങ് മെന്‍ പ്ലെ ഹോക്കി. സൊ ഐ ലവ് ഇംഗ്ലീഷ്. സൊ ഹോക്കി ഇസ് മൈ ഹോബി. ലാസ്റ്റ് ആന്റ് ഫൈനലി ഹോക്കി ഇസ് പ്ലേയ്ഡ് വിത് എ അംബ്രെല്ല ലെഗ്......“

“മതി മതി....ഫൈസല്‍ ഇത്രയും എഴുതിയത് പിന്നീട് വെട്ടിയത് മഹാന്മാര്‍ അറിഞ്ഞില്ല അല്ലേ ? ഹോക്കി എന്നാല്‍ ഒരു ഹോബിയല്ല....അതൊരു തരം കളിയാണ്...ഹോബി എന്നാല്‍ നേരം പോക്കിനായി ചെയ്യുന്ന കാര്യങ്ങളാണ്. നാളെ മൈ ഹോബി അഞ്ച് തവണ എഴുതിയിട്ട് ക്ലാസില്‍ കയറിയാല്‍ മതി.” മൂന്നു പേരോടുമായി ടീച്ചര്‍ പറഞ്ഞു.

          ഫൈസലിനെ രൂക്ഷമായി നോക്കിക്കൊണ്ട് ഖാദര്‍ സീറ്റില്‍ പോയി ഇരുന്നു. ലതീഫും മുനീറും പിന്നാലെയും. അന്നുമുതല്‍ മുനീറിന്റെ ഒന്നാം പിരീഡ് സ്കൂളിന് തൊട്ടടുത്ത കുഞ്ഞുണ്ണിയുടെ ചായക്കടയിലായി. ഖാദറിന് രാവിലെ അര മണിക്കൂര്‍ കൂടി അധികം ഉറങ്ങാനും സമയം കിട്ടി. ആരോ എഴുത്തിക്കൊടുത്ത മൈ ഹോബി അഞ്ച്ച് തവണ എഴുതി ലതീഫ് ക്ലാസിലും കയറി.

Tuesday, August 27, 2019

ടീം PSMO @ Le Candles

             ആഗസ്ത് മാസം എന്റെ ജന്മ‌മാസം കൂടിയാണ്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളില്‍ പലതും സംഭവിക്കുന്നതും ഈ മാസത്തില്‍ തന്നെയാകുന്നത് യാദൃശ്ചികമായിരിക്കാം. കോളനി സംഗമവും 32 വര്‍ഷത്തിന് ശേഷമുള്ള എസ്.എസ്.സി ബാച്ച് സംഗമവും ചരിത്രം കുറിച്ച പ്രളയവും ഈ വർഷത്തെ ആഗസ്തിനെ അവിസ്മരണീയമാക്കി. പ്രീഡിഗ്രി അവൈലബിൾ ഹോസ്റ്റൽമേറ്റ്സിന്റെ വാർഷിക സംഗമവും ആഗസ്തിൽ തന്നെയായി. പ്രളയം തീർത്ത മുറിവുകൾ ഉണക്കാനുള്ള ഏതാനും ചില പ്രവർത്തനങ്ങൾ (അതിജീവനം -1 , അതിജീവനം -2, അതിജീവനം -3 ) നടത്തിയ ശേഷം ഒരു റിലാക്സേഷൻ കൂടിയായിരുന്നു എനിക്ക് ഈ സംഗമം.

               കോഴിക്കോട് NIT യുടെ സമീപ സ്ഥലമായ മലയമ്മയിലെ Le Candles റിസോർട്ടിലായിരുന്നു ഇത്തവണ ഞങ്ങൾ ഒരുമിച്ച് കൂടിയത്. എനിക്ക് പുറമെ അരീക്കോട്ടുകാരും പ്രവാസികളുമായ സുനിൽ, ഹാഫിസ്, ജാബിർ, താനൂർ സ്വദേശി അസ്‌ലം, കോഴിക്കോട്ടുകാരൻ ഡോ.സഫറുള്ള, സൈഫുദ്ദീൻ, നജീബ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
                        ആദ്യ നോട്ടത്തിൽ അനുരാഗം തോന്നിക്കുന്ന രൂപത്തിലാണ് റിസോർട്ടിന്റെ രൂപകല്പന. റോഡിന്റെ തൊട്ടടുത്ത് പെട്ടെന്ന് ഒരു മല തുടങ്ങുന്നതായി അനുഭവപ്പെടാത്ത രൂപത്തിൽ, പ്രകൃതിക്ക് പരിക്കേൽപ്പിക്കാതെ കുന്നും കാടും ഒക്കെ അതേപടി നിലനിർത്തിയാണ് വില്ലകളുടെയും മറ്റും നിർമ്മാണം നടത്തിയിരിക്കുന്നത്. ലാന്റ്സ്കേപ് ചെയ്തതും മനോഹരമാണ്. ചെറിയ ഒരു നീന്തൽ കുളവും  റിസോർട്ടിന് അഴക് കൂട്ടുന്നു. കാലത്തെ കോടയും ഒരനുഭവം തന്നെയാണ്.
              ആരൊക്കെയോ എഴുതിയ റിവ്യൂകളിൽ ഭൂരിഭാഗവും നല്ല സർട്ടിഫിക്കറ്റ് ആണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത്. എന്റെ അനുഭവത്തിൽ ചിലത് പറയട്ടെ. ഓൺലൈൻ വഴി ബുക്ക് ചെയ്ത് മൂന്നാം ചിത്രത്തിലെ ആ റൂം കിട്ടി എന്ന് കരുതുക. പ്രായമായവർ കൂടെയുണ്ടെങ്കിൽ അങ്ങോട്ട് എത്താൻ സാധിക്കും എന്ന് തോന്നുന്നില്ല. മുട്ടുവേദന,ശ്വാസം മുട്ടൽ, കിതപ്പ് എന്നിവരുള്ളവരും അവിടെ എത്തിപ്പെട്ടാൽ അടിയന്തിര ചികിത്സ ആവശ്യമായി വന്നേക്കും. ആ കാണുന്ന സ്റ്റെപ്പുകളിലൂടെയേ അങ്ങോട്ട് എത്തിപ്പെടാൻ പറ്റൂ എന്നത് തന്നെ കാരണം.
             എട്ടോളം വില്ലകൾ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ നീന്തൽ കുളം നിങ്ങൾക്കിഷ്ടപ്പെട്ട സമയത്ത് കിട്ടിക്കോളണം എന്നില്ല. പ്രത്യേകിച്ചും പൂളിനടുത്തുള്ള മൂന്ന് വില്ലകളും എൻ‌ഗേജ്ഡ് ആയാൽ നീന്തൽ നടക്കില്ല,മുങ്ങി നിവരാം.
             ഞങ്ങൾ താമസിച്ച ദിവസം വൈദ്യുതി തടസ്സം നേരിട്ടത് എത്ര തവണയാണെന്ന് പറയാൻ പറ്റില്ല. ജനറെറ്റർ സൌകര്യം ഉണ്ടെങ്കിലും പുറത്തിറങ്ങി നിൽക്കുമ്പോൾ വൈദ്യുതി തടസ്സപ്പെട്ടാൽ സൂക്ഷിക്കണം. കാരണം എന്റെ മുന്നിലൂടെ ഒരു ശംഖുവരയൻ ഇഴഞ്ഞു നീങ്ങിയത് ഞാൻ ഞെട്ടലോടെയാണ് നോക്കി നിന്നത്. യഥാർത്ഥ ഇലക്ട്രീഷ്യൻ ഇല്ലാത്തതിനാൽ ഞങ്ങളുടെ റൂമിൽ മാത്രം അനുഭവപ്പെട്ട വൈദ്യുത തടസ്സം പരിഹരിക്കാൻ ഏറെ സമയം എടുത്തു. സംഭവിച്ചത് എന്തായിരുന്നു എന്ന് നന്നാക്കിയവനും മനസ്സിലായില്ല!
              ഭക്ഷണം ഓർഡർ ചെയ്താൽ അര-മുക്കാൽ മണിക്കൂറോളം കാത്തിരിക്കണം എന്നതിനാലാവും ഫുഡ് കോർട്ടിനോട് ചേർന്ന് ഒരു ബില്ല്യാഡ്സ് കളം കൂടി ഒരുക്കിയിരിക്കുന്നത്.
       3000 രൂപ മുതൽ 5500 രൂപ വരെയാണ് ഒരു ദിവസത്തിന് ചാർജ്ജ് ചെയ്യുന്നത്.അഡീഷണൽ ബെഡ് ഇട്ടാൽ എക്സ്ട്ര ചാർജ്ജ് വേറെയും. പാക്കേജിനൊപ്പമുള്ള ബ്രേക്ൿഫാസ്റ്റ് നല്ല വിഭവങ്ങളോട് കൂടിയതായിരുന്നു എന്നതിനാൽ ഇറങ്ങിപ്പോരുന്ന സമയത്ത് മനസ്സിന് സന്തോഷം കിട്ടും. പത്ത് വർഷത്തോളമായി നടന്നു വരുന്ന ഞങ്ങളുടെ ഈ സംഗമത്തിൽ ഏറ്റവും മോശം അനുഭവം നേരിട്ട ഒരു റിസോർട്ട് എന്ന നിലക്ക് Le Candles എന്നും ഓർമ്മയിലുണ്ടാകും.

Sunday, August 25, 2019

മാങ്കോസ്റ്റിന്‍ എന്റെ വീട്ടിലും...

             നാട്ടുഭാഷയുടെ സുല്‍ത്താന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീര്‍ എപ്പോഴും പറയാറുണ്ടായിരുന്ന മാങ്കോസ്റ്റിന്‍ മരം മനസ്സില്‍ കയറിയിട്ട് എത്ര കാലമായി എന്ന് കൃത്യമായി ഓര്‍മ്മയില്ല. വീട്ടുമുറ്റത്ത് പല മരങ്ങളും നട്ടപ്പോഴും ആ സമയത്തൊന്നും മനസ്സില്‍ വരാത്തതിനാലും മനസ്സില്‍ വന്നപ്പോള്‍ പെട്ടെന്ന് കിട്ടാത്തതിനാലും മാങ്കോസ്റ്റിന്‍ മനസ്സില്‍ തന്നെ വളര്‍ന്നു. ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ വീട്ടിലും ഒരു മാങ്കോസ്റ്റിന്‍ മരം വേരുറപ്പിക്കാന്‍ ശ്രമം തുടങ്ങി.

            മൂത്തമകള്‍ ലുലുവിന്റെ ഇരുപത്തിയൊന്നാം ജന്മദിനമായിരുന്നു ആഗസ്ത് 17. എന്റെ നാല്പത്തിഒമ്പതാമത് ജന്മദിനം ആഗസ്ത് 6 നും. വിശേഷ ദിവസങ്ങളില്‍ തൈ നടുക എന്ന പതിവ്, കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ കാരണം മുടങ്ങി നില്‍ക്കുകയായിരുന്നു. കുഞ്ഞു മകന്റെ നാലാം ജന്മദിനം ഏപ്രില്‍ 15ന് സമാഗതമായപ്പോഴും തൈ നടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ മൂന്ന് തൈകള്‍ ഒരുമിച്ച് നടാന്‍ തീരുമാനിച്ചു. നഴ്സറിയില്‍ നിന്ന് ഒരു റമ്പൂട്ടാന്‍ തൈയും മാങ്കോസ്റ്റിന്‍ തൈയും വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി പ്ലാവിന്‍ തൈയും വാങ്ങി.

                ലുലുവിന് മാങ്കോസ്റ്റിന്‍ വേണം എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് അത് തന്നെ നല്‍കി.മക്കള്‍ നാല് പേരും കൂടി ചേര്‍ന്ന് തൈ നട്ടു.  ഭാവിയില്‍ വേണമെങ്കില്‍ ചുറ്റും ഒരു തറ കെട്ടാന്‍ പാകത്തില്‍, മുറ്റത്തിന്റെ ഒരറ്റത്ത് മാങ്കോസ്റ്റിന്‍ ഇടം പിടിച്ചതോടെ എന്റെ മനസ്സിലെ മാങ്കോസ്റ്റിന്‍ മണ്ണിലും വേരോട്ടം തുടങ്ങി.

നാലാം വയസ്സിലേക്ക് പ്രവേശിച്ച ലിദു മോനായിരുന്നു അടുത്ത തൈ നട്ടത്. വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി അവന്റെ കൈകളാല്‍ മണ്ണ് തൊട്ടു.

റമ്പൂട്ടാന്‍ പഴം എനിക്ക് അത്ര രുചികരമായി തോന്നിയിട്ടില്ല. പക്ഷേ പല വീട്ടുമുറ്റത്തും അത് കായ്ച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ ഒരാകര്‍ഷണം തോന്നാറുണ്ട്. ഭാര്യയും റമ്പൂട്ടന്റെ കട്ട സപ്പോര്‍ട്ട് കാരിയാണ്. അങ്ങനെ എന്റെ ജന്മദിന മരമായി മുറ്റത്ത് റമ്പൂട്ടാനും ഇടം നേടി. അങ്ങനെ വീട്ടുമുറ്റത്തെ മരങ്ങളുടെ എണ്ണം ഇരുപത്തി ഒന്നായി. ഇനിയും നടാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
           

Tuesday, August 20, 2019

അതിജീവനം - 3

                 ഡോസൺ സായ്പ് അന്ത്യവിശ്രമം കൊള്ളുന്ന നെടുങ്കയം കാട്ടിൽ കഴിഞ്ഞ ഡിസംബറിൽ കുടുംബ സമേതം സന്ദർശിച്ചപ്പോൾ അടുത്ത വരവ് കാടിന്റെ മക്കളെ സാന്ത്വനിപ്പിക്കാനായിരിക്കും എന്ന് നിനച്ചതേയില്ല.

               മൂന്ന് വാഹനങ്ങളിലായി 17 പേരായിരുന്നു ഇന്ന് ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്നത്. SSC 87 ബാച്ചിന്റെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഹരിശ്രീ കുറിച്ചത് നെടുങ്കയം ആദിവാസി കോളനിയിലായത് യാദൃശ്ചികം. അഭിലാഷ് എന്ന ആദിവാസി യുവാവിന്റെ സഹായത്തോടെ സഹപാഠി കൃഷ്ണൻ എരഞ്ഞിക്കൽ കണ്ടെത്തിയ പത്ത് കുടുംബങ്ങളും സഹായത്തിന് തികച്ചും അർഹരായവർ ആയിരുന്നു.
             ഒരു വീട്ടിലെ മിനിമം ആവശ്യങ്ങളായ ബക്കറ്റ് (15 ലിറ്റർ), പാട്ട, മഗ്, പ്ലാസ്റ്റിക് കണ്ടൈനർ ( 2 എണ്ണം), സ്റ്റീൽ പ്ലേറ്റും ഗ്ലാസും ( 4 എണ്ണം വീതം), കഞ്ഞിപ്പാത്രം, സ്റ്റീൽ കൈല് (2 എണ്ണം), 1Kg യും 2 kg യും അരി വേവിക്കാൻ പറ്റുന്ന 2 അലുമിനിയം കലങ്ങളും മൂടിയും അടങ്ങുന്നതായിരുന്നു ഒരു കിറ്റ്. നേരത്തെ കണ്ടെത്തിയ പത്ത് കുടുംബങ്ങൾക്ക് പുറമെ ഇന്ന് കണ്ട് ബോധ്യപ്പെട്ട പത്ത് കുടുംബങ്ങൾക്ക് കൂടി പാത്രങ്ങൾ വിതരണം ചെയ്യാൻ സാധിച്ചു. ഇന്നലെ പെട്ടെന്ന് കൂടുതൽ കിറ്റ് വാങ്ങിയാലോ എന്ന മെഹ്ബുബിന്റെ ചോദ്യത്തിന് യെസ് മൂളുമ്പോൾ അത് ഇത്രയും കുടുംബങ്ങൾക്ക് ആശ്വാസമേകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
               ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന അമ്പതോളം വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകം, പേന, പെൻസിൽ, ഇറേസർ എന്നിവയും നല്കി. സാമൂഹ്യ പ്രവർത്തകനായ ജോസ് അരീക്കോടും ഞങ്ങളുടെ കൂടെ ചേർന്നത് കൂടുതൽ പുസ്തകങ്ങൾ നല്കാൻ സഹായിച്ചു. സ്വന്തം വീട്ടിലെ സൽക്കാരം ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം കൂടിയ GEC വയനാടിലെ എന്റെ Nടട വളണ്ടിയറായിരുന്ന കരുളായിക്കാരൻ ഫവാസിന്റെ സാന്നിദ്ധ്യവും ഏറെ ഉപകാരപ്പെട്ടു.
             ഏകദേശം 3 മണിയോടെ വിതരണം പൂർത്തിയായി. ആമാശയത്തിന്റെ നിലവിളി അപ്പോഴേക്കും അസഹ്യമായിരുന്നു. സമയം തെറ്റിയതിനാൽ ഹോട്ടലുകളിൽ ഉച്ചഭക്ഷണം  തീർന്നിരുന്നു. വഴി മദ്ധ്യേയുള്ള എന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ കയറിയത് താല്കാലിക ആശ്വാസം നൽകി.

            ഇനിയും ധാരാളം പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്. ബാച്ചിലെ എല്ലാവരും തന്നാലാവുന്നത് എത്രയാണെങ്കിലും നല്കിയാൽ നമ്മുടെ സഹജീവികളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഇനിയും നമുക്ക് സാധിക്കും. എല്ലാവരും സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

           വൈകിട്ട് അഞ്ചരയോടെ എല്ലാവരും സ്വന്തം വീട്ടിലെത്തി. വഴി നീളെ കണ്ട പ്രളയ ദുരിതങ്ങൾ ഇപ്പോഴും മനസിനെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു. ഇനിയും ഒരു ദുരന്തത്തിന് ഞങ്ങളെ സാക്ഷിയാക്കരുതേ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു.

Monday, August 19, 2019

അതിജീവനം - 2

                സ്വാതന്ത്ര്യത്തിന്റെ 73-ാം വാർഷിക ദിനത്തിൽ, പ്രകൃതി സൃഷ്ടിച്ച പാരതന്ത്ര്യം അനുഭവിക്കുന്ന , 32 വർഷം മുന്നെ കൂടെയുണ്ടായിരുന്ന സഹപാഠികളുടെ വീടുകൾ സന്ദർശിക്കാനും ചെയ്യാനാവുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കാനും വേണ്ടി ഞങ്ങൾ (ആബിദ്, ശാഹിദ്, മെഹ്ബുബ്, ഫൈസൽ, ജാഫർ ) ഇറങ്ങിത്തിരിച്ചു.

             മൈത്രയിൽ മെഹ്ബുബിന്റെ വീടായിരുന്നു ആദ്യം സന്ദർശിച്ചത്. ഒറ്റ നോട്ടത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നിലത്ത് വിരിച്ച മാർബിൾ ചിലത് താഴ്ന്നതും പൊട്ടിയതും അടിമണ്ണ് പോയതും ആയി അനുഭവപ്പെട്ടു. ഗ്യാസ് സിലിണ്ടർ വെള്ളം കൊണ്ടു പോയെങ്കിലും ശാഹിദിന്റെ ആമാശയത്തിന്റെ ഇന്നത്തെ പ്രവർത്തനം ആരംഭം കുറിച്ചത് മെഹ്ബുബിന്റെ പതിനൊന്നരക്കുള്ള  പ്രാതലിലൂടെയാണ്.

              തൃശൂരിൽ ജോലി ചെയ്യുന്ന ഷീജ സ്വന്തം നാടായ വാക്കാലുരിൽ എത്തി എന്നറിഞ്ഞതോടെ അടുത്ത വിസിറ്റ് അങ്ങോട്ടാക്കി. വീട്ടിലെ എല്ലാവരും വീട് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. മുൻ വശത്തെ രണ്ട് വാതിലുകളും നനഞ്ഞ് ചീർത്ത് അടയുന്നില്ല എന്നറിഞ്ഞ ഉടനെ പണിയായുധങ്ങൾക്കായി ജാഫറും ശാഹിദും ITI ക്കടുത്തുള്ള ശാഹിദിന്റെ കമ്പനിയിലേക്ക് തിരിച്ചു. ഇതിനിടെ എത്തിയ ശശിയും മെഹ്ബുബും പണിയായുധങ്ങൾ അന്വേഷിച്ച് വാക്കാലുരിലേക്കും തിരിച്ചു. ഏതോ സഹൃദയൻ നല്കിയ ആയുധങ്ങൾ ഉപയോഗിച്ച് ശശിയും മെഹ്ബുബും വാതിൽ അടക്കാവുന്ന രൂപത്തിലാക്കി. സമയം അപ്പോൾ ഉച്ച കഴിഞ്ഞ് 1.45.

            അടുത്ത കേന്ദ്രം തെരട്ടമ്മൽ ഉമ്മറിന്റെ വീട് . ലിൻറ് ൽ ഉയരത്തിൽ നിന്ന വെള്ളത്തിൽ അകത്തെ മൂന്ന് വാതിലുകളും മകളുടെ സ്റ്റഡി ടേബിളും പൂർണ്ണമായും ഉപയോഗ ശൂന്യമായി. ചിത്രകാരിയായ മകൾ ചുമരിൽ വരച്ച ചിത്രങ്ങളും വെള്ളത്തിന്റെ കുതിപ്പിൽ മാഞ്ഞു പോയി.

            നാലാമത്തെ കേന്ദ്രം ഈസ്റ്റിൽ ശുക്കൂറിന്റെ വീട്. വെള്ളം കയറിയിറങ്ങിപ്പോയി - കല്ലിവല്ലി എന്ന് ശുകൂർ. അശ്റഫും കുടി അവിടെ ജോയിൻ ചെയ്തപ്പോൾ വടക്കുംമുറി ശാക്കിറിന്റെ വീട്ടിൽ എത്തിയത് ഒരു മെഗാ ടീം. ശാക്കിറിന്റെ വീട്ടിലും ഒരു കട്ടിൽ പൂർണ്ണമായി നശിച്ചതായി കണ്ടു. ഇന്ന് കുടിവെള്ളം കിട്ടിയില്ല എന്നറിഞ്ഞ ഉടനെ വെള്ളം സപ്ലൈ ചെയ്യുന്ന ആരെയോ അഷ്റഫും മെഹ്ബുവും വിളിച്ചു. ഞങ്ങൾ അവിടെ നിന്ന് തിരിച്ച് പോരുമ്പോഴേക്കും കുടിവെള്ളം എത്തി.

            ആറാമതായി എത്തിയത് പഴയ സ്കൂൾ ലീഡർ അബ്ദുൽ അലിയുടെ വടക്കുംമുറിയിലെ വീട്ടിൽ. വീട് അടച്ചിട്ടിരുന്നതിനാൽ പുറത്ത് നിന്നും വീക്ഷിച്ചു. പ്രത്യേകിച്ച് കേടുപാടുകൾ ഒന്നും ശ്രദ്ധയിൽ പെട്ടില്ല. മടങ്ങുമ്പോൾ ശൈഖ് മുജീബും യാദൃശ്ചികമായി കുടെ ചേർന്നു. മെഹ്ബുബിന്റെ വീട്ടിൽ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ സമയം നാലര മണി.

         പര്യടനത്തിലെ അവസാന സന്ദർശനം പത്തനാപുരത്ത് മുനീറിന്റെ വീട്ടിൽ. മുനീറിനുള്ള SSC ബാച്ചിന്റെ സ്നേഹോപഹാരം മക്കൾക്ക് സമ്മാനിച്ച്  വൈകിട്ട് മണിക്ക് പര്യടനം സമാപിച്ചു.

             ഈ കൂട്ടായ്മ രൂപം കൊണ്ടത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. എന്നിട്ടും സഹപാഠിയുടെ സുഖദു:ഖങ്ങൾ പങ്കിടാൻ  ഞങ്ങൾ സമയം ചെലവഴിച്ചത് വെറുതെയല്ല. ഏത് പ്രതിസന്ധിയിലും സഹായിക്കാൻ എന്റെ  കൂട്ടുകാർ ഉണ്ട് എന്ന വ്യക്തമായ ഒരു സന്ദേശം എല്ലാവർക്കും നല്കാൻ ഇന്ന് ഞങ്ങൾക്ക് സാധിച്ചു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.

Saturday, August 17, 2019

അതിജീവനം -1

               മമ്പാട് മേപ്പാടം പുന്നക്കുന്നില്‍ നിന്ന് അന്ന് ഞങ്ങള്‍ മടങ്ങുമ്പോള്‍ സമയം രാത്രി ഏഴര മണി. വെറും എട്ട് മണിക്കൂര്‍ മുമ്പ് പരിചയപ്പെട്ട പുന്നക്കുന്ന് നിവാസി മാജിദും തിരുവനന്തപുരത്തുകാരന്‍ അമിതും പരസ്പരം കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോള്‍ ഞാന്‍ കാഴ്ചക്കാരനായി നോക്കി നിന്നുപോയി. ഹൃദയത്തിലെ വെളിച്ചം നാടാകെ പരന്നത്, ചുറ്റുവട്ടത്തെ വീടുകള്‍ മുഴുവന്‍ പ്രകാശപൂരിതമായപ്പോള്‍ ഞങ്ങള്‍ നേരില്‍ ദര്‍ശിച്ചു.

              മനസിന് ഏറെ സന്തോഷം കിട്ടിയ ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അസുഖം കാരണം രണ്ടാഴ്ചയിലധികമായി വീട്ടില്‍ തന്നെ ആയിരുന്നതിനാല്‍, പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ മാനുഷികാദ്ധ്വാനം നല്‍കി  സഹായിക്കാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു ഞാന്‍. എന്റെ എന്‍.എസ്.എസ് വളന്റിയര്‍മാര്‍ കോളേജില്‍ വച്ച്, ക്യാമ്പിലേക്കും വീടുകളിലേക്കുമുള്ള ഫിനോയില്‍ നിര്‍മ്മിച്ച് നല്‍കുന്ന ജോലി ഭംഗിയായി ചെയ്യുന്നതും മീഡിയ വഴി നോക്കി നില്‍ക്കാനേ സാധിച്ചിരുന്നുള്ളൂ. ആ സങ്കടം എല്ലാം തീര്‍ത്തത് അന്നായിരുന്നു.

         രണ്ടാഴ്ച കഴിഞ്ഞേ ഇനി വീട്ടിൽ ഒരു ബൾബ് കത്തൂ എന്നായിരുന്നു ഒന്നാം നില വരെ വെള്ളം കയറിയ  പുന്നക്കുന്നിലെ മിക്ക വീട്ടുകാരുടെയും ധാരണ.അവിടെക്കാണ് ദൈവദൂതന്മാരെപ്പോലെ പാലക്കാട് ഗവ. പോളിടെക്നിക്കിലെ പ്രസൂണ്‍ സാറിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം എത്തിയത്. വീടുകള്‍ കാണിച്ചുകൊടുക്കാനായി മേപ്പാടം നിവാസിയായ എന്റെ ഭാര്യാ പിതാവും കൂട്ടി യോജിപ്പിക്കുന്ന കണ്ണിയായി ഞാനും ചേര്‍ന്നതോടെ ടീമിന് കാര്യങ്ങള്‍ ഏറെ എളുപ്പമായി.

        രാവിലെ ആരംഭിച്ച വര്‍ക്ക് രാത്രി ഇരുട്ടിയപ്പോഴും അവസാനിച്ചിരുന്നില്ല. ഏഴ് വിദ്യാര്‍ഥികള്‍ രണ്ട് ടീമായി അഞ്ച് വീടുകളിലെ മുഴുവന്‍ സ്വിച് ബോര്‍ഡുകളും അഴിച്ച് തുടച്ച് വൃത്തിയാക്കി ഡ്രയര്‍ ഉപയോഗിച്ച് ഉണക്കി റീഫിറ്റ് ചെയ്ത് സുരക്ഷിതമായ വൈദ്യുത പ്രവാഹം ഉറപ്പാക്കി.പാവപ്പെട്ടവര്‍ എന്നോ പണക്കാരെന്നോ ഭേദമില്ലാതെയായിരുന്നു ഈ സേവനം. ശേഷം സമ്മാനമായി ഏഴ് വാട്ടിന്റെ മൂന്ന് LED ബൾബുകളും വീട്ടുകാര്‍ക്ക് നൽകി. സന്ധ്യക്ക് പ്രസ്തുത വീടുകള്‍ മുഴുവൻ  പ്രകാശപൂരിതമായപ്പോള്‍ ഞങ്ങളുടെ മനസ്സും നിറഞ്ഞു.

          NSS ടെക്നിക്കൽ സെല്ലിന്റെ ഈ ടീം നിലമ്പൂരും മമ്പാടുമായി അഞ്ച് ദിവസത്തോളം ക്യാമ്പ് ചെയ്ത് നൂറിലേറെ വീടുകളിലെ കേടുപാടൂകളാണ് തീര്‍ത്തത്. എല്ലാവര്‍ക്കും LED ബള്‍ബുകളും നല്‍കി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ കേരളം ലോകത്തിന് കാണിച്ചുകൊടുക്കുമ്പോള്‍,  ഏത് പ്രതിസന്ധിയെയും നേരിടാനുള്ള ആത്മധൈര്യം നമ്മിലും അറിയാതെ സംഭരിക്കപ്പെടുന്നു. ദുരന്തങ്ങള്‍ ഇനിയും അതിജീവിക്കാനുള്ള കഴിവ് ഈ ജനതക്ക് ഉണ്ടാകട്ടെ.

Monday, August 12, 2019

പ്രളയ പാഠങ്ങള്‍

         അങ്ങനെ ആ മഹാപ്രളയവും കടന്നു പോയി. കഴിഞ്ഞ വർഷത്തെ കോങ്ങം വെള്ളം കുത്തിക്കുറിച്ച ചരിത്രം ഇത്തവണത്തേതിൽ കുത്തിഒലിച്ചുപോയി. പ്രളയം തിരിച്ച് തന്ന വേസ്റ്റുകൾ വീട്ടിലും റോട്ടിലും വീണ്ടും അനാഥമായി പ്രത്യക്ഷപ്പെടാനും തുടങ്ങി. താമസിയാതെ അവ  'അപ്രത്യക്ഷമാകും'. അടുത്ത പ്രളയത്തിന് തിരിച്ച് നല്കാനുള്ള നിധിയായി ചാലിയാറിന്റെ ഗർഭപാത്രം ഉടന്‍ അതേറ്റു വാങ്ങും.

            നാല് ദിവസം വരെ വൈദ്യുതി ഇല്ലാതെ ജീവിക്കാൻ ഈ പ്രളയം പഠിപ്പിച്ചു. വൈദ്യുതി ഇല്ലെങ്കിൽ ഡിജിറ്റൽ ഇന്ത്യ കണ്ണാടിയിൽ കാണുന്ന പഴം മാത്രമാണെന്ന് പ്രളയം നമുക്ക് മുന്നറിയിപ്പ് നൽകി. പരിധി വിട്ടാൽ , പ്രവേശനമില്ലാത്തിടത്ത് മുഴുവൻ അതിക്രമിച്ച് കയറാൻ പ്രളയം നമ്മെ പഠിപ്പിച്ചു. ഇന്റർനെറ്റും സ്മാർട്ട് ഫോണും ഇല്ലാതെ ഈ യുഗത്തിലും ജീവിക്കാനാകും എന്ന് കഴിഞ്ഞ നാല് ദിവസങ്ങൾ നമ്മോട് വിളിച്ചോതി. അവയില്ലാത്ത ജീവിതം പ്രത്യേകിച്ച് ഒരു നഷ്ടവും വരുത്തില്ല എന്നും പ്രളയം നമ്മെ പഠിപ്പിച്ചു. 1000 ലിറ്ററിന്റെ ടാങ്ക് ഒരു ദിവസം കൊണ്ട് കാലിയാക്കിയിരുന്നവർ മഴവെള്ളം സംഭരിക്കാനും നാല് ദിവസം വരെ അത് ഉപയോഗിക്കാനും ഈ പ്രളയത്തിലൂടെ പഠിച്ചു. മെഴുകുതിരി വെട്ടവും അലക്കുകല്ലും അമ്മിക്കല്ലും വീണ്ടും സജീവമായി.
               ഇതെല്ലാം ഒരു ദിവസത്തേക്കുള്ള മന:പാഠം മാത്രമായിട്ടാണ് നാം സ്വീകരിക്കുന്നതെങ്കിൽ ഭാവിയിൽ ഇതിലും വലിയ ദുരന്തങ്ങൾ നാം അഭിമുഖീകരിക്കും. പ്രകൃതിയോട് അൽപമെങ്കിലും കനിവ് കാണിക്കാൻ കഴിഞ്ഞ വർഷത്തെ പ്രളയം നമ്മെ പ്രാപ്തമാക്കിയില്ല. ഇനിയും നാം കണ്ണ് തുറക്കുമോ അതല്ല ഉറക്കം നടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Sunday, August 11, 2019

ഒരു വട്ടം കൂടിയെൻ - 3

                  ഒരു വട്ടം കൂടിയെൻ - 2     

                 ആഗസ്ത് 4 ഞായറാഴ്ചയായിരുന്നു ,ഒരു വട്ടം കൂടി ' എന്ന ഞങ്ങളുടെ പത്താം ക്ലാസ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം. 32 വർഷത്തിന് ശേഷമുള്ള സംഗമമായതിനാൽ സംഘാടകരിൽ ഒരാൾ എന്ന നിലയിൽ എന്റെ ചങ്കിടിപ്പ് അന്ന് ഉച്ചസ്ഥായിയിൽ ആയിരുന്നു. 32 വർഷങ്ങൾക്ക് മുമ്പ് പല വഴിക്ക് ചിന്നിച്ചിതറിയവർ കണ്ടുമുട്ടുമ്പോളുണ്ടാകുന്ന സന്തോഷം, പഴയ മുഖങ്ങളെ ഓർമ്മിച്ചെടുക്കാൻ ധൃതിപ്പെടുന്നവരുടെ മുഖഭാവങ്ങൾ, കൗമാരത്തിന്റെ കുസൃതിത്തരങ്ങൾ ഒപ്പിച്ചവരുടെ ഒളികണ്ണേറുകൾ, പഴയ അദ്ധ്യാപകരും വിദ്യാർത്ഥികളും കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ആശ്ചര്യം അങ്ങനെ നിരവധി മുഹുർത്തങ്ങൾ മനസ്സിൽ നെയ്താണ് അന്ന് ഞാൻ സ്കൂളിൽ കാല് കുത്തിയത്.

            മൂർക്കനാട് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബാച്ച് സംഗമം എന്ന നിലക്ക് അന്നത്തെ പകുതി പേരെയെങ്കിലും സ്കൂളിൽ എത്തിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. (ഗ്രൂപിലെ ആകെ അംഗങ്ങൾ അന്നത്തെ സ്ട്രെങ്ത്തിന്റെ പകുതിയിൽ താഴെ മാത്രമായതും അതിൽ തന്നെ തലപൊക്കുന്നവർ പരിമിതമായതിനാലും മനസ് അവസാന നിമിഷം  നിമിഷം വരെ ആശങ്കാകുലമായിരുന്നു. പക്ഷെ സംഗമ നഗരിയെ വർണ്ണത്തിൽ മുക്കി സാരീ നാരികൾ നിറഞ്ഞ് കവിഞ്ഞപ്പോൾ മനസ് തുള്ളി. ആൺ പ്രജകളും തുല്യത പാലിച്ചതോടെ ഞങ്ങളുടെ ശ്രമം ഫലം കണ്ടതായി തെളിഞ്ഞു. പഴയ ക്ലാസ് റൂമിലെ അൽപ നേരത്തെ ഇരുത്തവും ഗ്രൂപ് ഫോട്ടോയും കഴിഞ്ഞതോടെ 32 വർഷത്തിനിടയിൽ അറിയാതെ പൊങ്ങി വന്ന മൗനത്തിന്റെ വന്മതിൽ പൊളിഞ്ഞ് വീണു.

              സാധാരണ സംഗമങ്ങളിൽ നിന്നും വ്യത്യസ്തമായി  നിരവധി ഭാവി പ്രവർത്തനങ്ങൾ കുടി വിഭാവനം ചെയ്യുന്നതായിരുന്നു ഈ സംഗമം. വിഷൻ 20-20 എന്ന പേരിൽ  പത്തോളം പ്രവർത്തനങ്ങളാണ്  ആദ്യ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. അദ്ധ്യാപകർ ഭാവി പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ ഞങ്ങളുടെ ആത്മവിശ്വാസവും വർദ്ധിച്ചു. മെമന്റോക്ക് പകരം പുസ്തകം നൽകി അധ്യാപകരെ ആദരിച്ചതും ശ്രദ്ധേയമായി.

              റിട്ടയര്‍മെന്റിന് ശേഷം സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചുപോയ ഏതാനും പേരൊഴികെ ബാക്കി എല്ലാ അദ്ധ്യാപകാദ്ധ്യാപികമാരും ഈ സംഗമത്തില്‍ പങ്കെടുത്തു.പല കാരണങ്ങളാലും, ഇനി ആ സ്കൂളിലേക്കില്ല എന്ന് ശപഥം ചെയ്തവരടക്കം ഞങ്ങളുടെ സ്നേഹസ‌മൃദ്ധമായ ക്ഷണത്തില്‍ സ്കൂളിലെത്തി.പലരുടെയും സാന്നിദ്ധ്യം അവര്‍ക്കിടയില്‍ തന്നെ ചര്‍ച്ചാ വിഷയമായത് സംഗമത്തിന്റെ വന്‍ വിജയം വിളിച്ചോതി.ഇന്ന് വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന അന്നത്തെ പഠിതാക്കളെ ആദരിച്ചതും സംഗമത്തിനെ വേറിട്ടതാക്കി.വിഭവ സ‌മൃദ്ധമായ സദ്യയും അദ്ധ്യാപക സാന്നിദ്ധ്യത്തിലുള്ള ബാച്ചംഗങ്ങളുടെ കലാപരിപാടികളും ചടങ്ങിനെ ഏറെ ഹൃദ്യമാക്കി.

                   ടീം എന്ന നിലക്ക് ഒരേ മനസ്സോടെ എല്ലാവരും പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു സ്കൂള്‍ ചരിത്രത്തിലെ പ്രഥമ ബാച്ച് സംഗമത്തിന്റെ വന്‍ വിജയം. ഓണ്‍ലൈന്‍ സ്ട്രീമിംഗ് നടത്താന്‍ തിരക്കിനിടയില്‍ സാധിച്ചില്ല എന്നത് പ്രവാസി സുഹൃത്തുക്കള്‍ക്ക് വിഷമമുണ്ടാക്കി.പക്ഷേ ഫോട്ടോയും വീഡിയോ ക്ലിപ്പുകളും കിട്ടിയതോടെ അവരുടെ വിഷമം നീങ്ങി. അംഗങ്ങളില്‍ നിന്ന്‍ സംഗമത്തിന് ലഭിച്ച നിര്‍ലോഭമായ സാമ്പത്തിക പിന്തുണയും സംഘാടകരെ അത്ഭുതപ്പെടുത്തി. നിരവധി ഭാവി പരിപാടികള്‍ക്കുള്ള മൂലധനം ഇപ്പോഴേ സ്വരൂപിക്കാനായത് ഗ്രൂപ്പിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

                 സംഗമത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. അസാധ്യമായി ഒന്നുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനും മനസ്സുണ്ടെങ്കില്‍ , വഴിയുമുണ്ട് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കാനും ഐക്യമത്യം മഹാബലം എന്ന് വീണ്ടും വീണ്ടും പഠിപ്പിക്കാനും ഈ സംഗമത്തിന് സാധിച്ചു.പങ്കെടുത്ത അദ്ധ്യാപകരും സഹപാഠികളും കണ്ണും മനസ്സും പറിച്ചെടുത്ത് സംഗമവേദി വിടുന്നത് കണ്ടപ്പോള്‍ ഒന്നര വര്‍ഷത്തിന്റെ പ്രയത്നം സഫലീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യമാ‍യിരുന്നു മനസ് നിറയെ.

                  നന്മകള്‍ വാഴുന്ന സൌഹൃദങ്ങള്‍ ഇനിയും പൂത്തുലയുമെന്ന പ്രതീക്ഷയോടെ -

പിന്നണി പ്രവര്‍ത്തകര്‍:-
ചെയര്‍മാന്‍ - ആബിദ് അരീക്കോട്
വൈസ് ചെയര്‍മാന്‍ - കൃഷ്ണന്‍ നമ്പൂതിരി പൂവത്തിക്കണ്ടി
ജനറല്‍ കണ്‍‌വീനര്‍ - ഷാഹിദ് അരീക്കോട്
ജോയിന്റ് കണ്‍‌വീനര്‍ - ഗോവിന്ദന്‍ ഇ , ചൂളാട്ടിപ്പാറ
ഖജാഞ്ചി - ജാഫര്‍ ചേലക്കോട്
മെഹ്ബൂബ് വടക്കുമ്മുറി, ഷുകൂര്‍ , ഫൈസല്‍ തെരട്ടമ്മല്‍, ബഷീര്‍ കല്ലരട്ടിക്കല്‍, ഖാദര്‍ മൈത്ര, മുജീബ് തചണ്ണ, സാറാവുമ്മ, ബിന്ദു

Thursday, August 08, 2019

ഒരു വട്ടം കൂടിയെന്‍....2

ഒരു വട്ടം കൂടിയെന്‍....1

             പിന്നീട് എല്ലാം നടന്നത് മിന്നല്‍ വേഗത്തിലായിരുന്നു. കരീം മാസ്റ്ററുടെ വീട്ടില്‍ ജൂലൈ 14 ന് സംഗമാലോചനായോഗം ചേര്‍ന്നു. പ്രവാസികളുടെ സൌകര്യം കൂടി പരിഗണിച്ച് അനുയോജ്യമായ തീയ്യതി ആഗസ്റ്റ് 4 ആണെന്ന് ഏകകണ്ഠാഭിപ്രായം ഉയര്‍ന്നു.പെണ്‍കുട്ടികള്‍ അടക്കമുള്ള എല്ലാവരെയും  സംഘടിപ്പിക്കാനും പരിപാടികള്‍ ആസൂത്രണം ചെയ്യാനും ആകെ ലഭിക്കുന്നത് വെറും 20 ദിവസം മാത്രം.അവിടെ വച്ച് തന്നെ എന്നെ ചെയര്‍മാനായും ഷാഹിദിനെ ജനറല്‍ കണ്‍‌വീനറായും ജാഫറിനെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു.ഗ്രൂപ്പില്‍ സജീവമായിരുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി സംഘാടക സമിതിയും രൂപീകരിച്ചു. പെണ്‍കുട്ടികളെ സംഘടിപ്പിക്കാനായി ബാച്ച്മേറ്റും ഇപ്പോള്‍ അതേ സ്കൂളിലെ അദ്ധ്യാപികയുമായ ബിന്ദുവിനെയും പ്രദേശത്തെ കൂടുതല്‍ പരിചയമുള്ള സാറാവുമ്മയെയും ഏല്പിച്ചു.

             കാര്യങ്ങളുടെ പുരോഗതി വില ഇരുത്താനുള്ള അടുത്ത മീറ്റിംഗ് അഞ്ച് ദിവസത്തിന് ശേഷമായിരുന്നു തീരുമാനിച്ചത്. അത് നീണ്ട ഒരു ഗ്യാപാണ് എന്ന് തിരിച്ചറിഞ്ഞതിനാല്‍ രണ്ടാം ദിവസം (ജൂലൈ 16ന്) രാത്രി തന്നെ എന്റെ വീട്ടില്‍ പരിപാടി ആസൂത്രണയോഗം ചേര്‍ന്നു. ഒരു സംഗമം എന്നതിലുപരി ഈ കൂട്ടായ്മക്ക് ചെയ്യാന്‍ പറ്റുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കൂടി ചര്‍ച്ചയില്‍ വന്നു. അങ്ങനെ  വിഷന്‍ 20-20 എന്ന പേരില്‍ ഒരു പ്രവര്‍ത്തനരേഖ തയ്യാറാക്കാന്‍ എന്നെ ചുമതലപ്പെടുത്തി. എല്ലാവരും പിരിഞ്ഞു പോയ ശേഷവും രാത്രി പതിനൊന്നര വരെ ഇരുന്ന് ഞാനും ഷാഹിദും ചില കാര്യങ്ങള്‍ കൂടി തീരുമാനിച്ചു.

              അതുപ്രകാരം മൂന്ന് ദിവസം ഇടവിട്ട്, സന്ധ്യക്ക് ശേഷം വിവിധ സ്ഥലങ്ങളില്‍ എന്റെ വീട്ടില്‍ നടന്നതു്പോലെയുള്ള മീറ്റിംഗുകള്‍ നടത്താന്‍ തീരുമാനിച്ചു. മൂര്‍ക്കനാട്ടെ യോഗം സ്കൂളീല്‍ വച്ച് കരീം മാസ്റ്ററെ കൂടി പങ്കെടുപ്പിച്ചു കൊണ്ടും നടത്താന്‍ തീരുമാനിച്ചു. ജൂലൈ 20ന് സ്കൂളില്‍ വച്ച് നടന്ന ആ മീറ്റിംഗില്‍ ആദ്യമായി നമ്മുടെ ബാച്ചിലെ വനിതാ സാന്നിധ്യം ഉണ്ടായി. ബിന്ദുവും സാറാവുമ്മയും ആയിരുന്നു ഗ്രൂപ്പിലേക്ക് ആദ്യം കയറിയ വനിതകള്‍.കോളേജിലെ ഈ വര്‍ഷത്തെ അഡ്മിഷന്റെ അവസാന ദിവസമായതിനാല്‍ എനിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

              ജൂലൈ 23ന് സന്ധ്യക്ക് പൂവ്വത്തിക്കണ്ടിയില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടില്‍ മൂന്നാം യോഗം നടന്നു. അധ്യാപകരെ വിളിക്കേണ്ടവരെയും സഹപാഠികളെ ക്ഷണിക്കേണ്ടവരെയും കലാപരിപാടികള്‍ ഓര്‍ഗനൈസ് ചെയ്യേണ്ടവരെയും സ്റ്റേജ് ഒരുക്കേണ്ടവരെയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടവരെയും ഭക്ഷണം ഒരുക്കേണ്ടവരെയും  എല്ലാം തീരുമാനിച്ചു. വിഷന്‍ 20-20 യുടെ കരട് രേഖ താഴെ പറയും പ്രകാരം ഞാന്‍ അവതരിപ്പിച്ചു.

വിഷൻ 20-20 കരട് രേഖ

ഒരു വട്ടം കൂടി എന്ന SSC 87 ബാച്ചിന്റെ ഈ സംഗമം ഒരു തുടക്കമാണ്.ഇതിനെ തുടർന്ന് വരും വർഷങ്ങളിൽ ചില പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നു.

1. നീണ്ട 32 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോഴാണ് നമ്മളിൽ പലരുടെയും ഇന്നത്തെ കുടുംബ പശ്ചാത്തലവും സാമ്പത്തികാവസ്ഥയും മനസ്സിലാക്കാൻ സാധിച്ചത്.ഫണ്ട് നീക്കിയിരുപ്പിന് അനുസൃതമായി അർഹരായവർക്ക് സാമ്പത്തികമായി തന്നെ സഹായം നല്കാൻ ഉദ്ദേശിക്കുന്നു. ചികിത്സ, വിവാഹം, വീട് നിര്‍മ്മാണം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തൊഴിലുപകരണങ്ങൾ വാങ്ങൽ തുടങ്ങിയവക്ക് സഹായം നല്കും.

2. അകാലത്തിൽ ചിലർ നമ്മെ വിട്ടുപിരിഞ്ഞതായും അറിഞ്ഞു. അവരുടെ കുടുംബത്തിന് പ്രത്യേക പരിഗണന ആവശ്യമെങ്കിൽ ചർച്ച ചെയ്ത് തീരുമാനിക്കും

3. ഹൈസ്കൂളിലെ നിലവിലുള്ള കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സൗകര്യങ്ങളിൽ നൽകാൻ കഴിയുന്നവ അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം തീരുമാനിക്കും.

4. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പത്താം ക്ലാസിലെ മിടുക്കനായ ഒരു കുട്ടിയെ എങ്കിലും ഒരു വർഷത്തക്ക് സപോ്ൻസർ ചെയ്യും. ടേം പരീക്ഷയിലെ മികവിനനുസരിച്ച് ( ചുരുങ്ങിയത് 70% മാർക്ക് കിട്ടിയിരിക്കണം ) സഹായം തുടരും.

5. പത്താം ക്ലാസിലെ top Scorerക്ക് ബാച്ചിന്റെ പേരിൽ കാഷ് അവാർഡ് ഏർപ്പെടുത്തും

6 ബാച്ചംഗങ്ങളുടെ ഫാമിലി മീറ്റ് രണ്ട് വർഷം കൂടുമ്പോൾ ചേരും.വിവിധ രംഗങ്ങളിൽ മികച്ച വിജയം കൈവരിച്ച ബാചംഗ ങളുടെ മക്കൾക്ക് പാരിതോഷികം നൽകും.

7. ഗ്രൂപ്പംഗങ്ങളുടെ പങ്കാളിത്തത്തിനും അഭിപ്രായത്തിനും വിധേയമായി ഏകദിന ടൂറും ഭക്ഷ്യമേളയും മറ്റും സംഘടിപ്പിക്കും.

8. അംഗങ്ങളുടെ മക്കളുടെയും / പേരമക്കളുടെയും വ്യക്തിത്വ വികസനത്തിനും സാമുഹ്യ പുരോഗതിക്കാവശ്യമായതുമായ പ്രചോദന ക്ലാസുകളും ഗെയിമുകളും മറ്റു അമ്യുസ്മെൻറുകളും സംഘടിപ്പിക്കും.

  ഫൈസൽ അഭിപ്രായപ്പെട്ട പ്രകാരം താഴെ പറയുന്നത് കൂടി കൂട്ടിച്ചേര്‍ത്തു.

9. വർഷാ വർഷങ്ങളിൽ SSLC , +2 വിന് പഠിക്കുന്ന മക്കളുള്ള നമ്മുടെ ബാച്ചിലെ മാതാപിതാക്കൾക്കും അവരുടെ മക്കൾക്കും educational & Career guidance സെഷൻ സംഘടിപ്പിക്കും.

            ജൂലൈ 26 വെള്ളിയാഴ്ച സന്ധ്യക്ക് നാലാമത് യോഗം പൂവത്തിക്കലില്‍ അചുതന്റെ വീട്ടില്‍ ചേര്‍ന്നു. അതുവരെയുള്ള കാര്യങ്ങളുടെ പുരോഗതി വിലയിരുത്തി.സംഘാടക സമിതി എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചതിനാല്‍ കാര്യങ്ങള്‍ അമ്പത് ശതമാനം വരെയെങ്കിലും എത്തിയതായി തിരിച്ചറിഞ്ഞു. അസുഖം കാരണം എനിക്ക് ഈ മീറ്റിംഗിലും പങ്കെടുക്കാന്‍ സാധിച്ചില്ല.

          പിറ്റെ ദിവസം തന്നെ അരീക്കോട്,കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലായി 16 സ്ഥലങ്ങളില്‍ നമ്മുടെ പരിപാടിയുടെ ബോര്‍ഡ് ഷുക്കൂറിന്റെയും വാസുവിന്റെയും നേതൃത്വത്തില്‍ സ്ഥാപിച്ചു. ആ സമയത്ത് കണ്ടുമുട്ടിയവരും ബോര്‍ഡിലെ കോണ്ടാക്റ്റ് നമ്പറില്‍ വിളിച്ചും കൂടുതല്‍ പേര്‍ സംഗമത്തെപ്പറ്റി അറിഞ്ഞു.

            ജൂലൈ 28 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വെറ്റിലപ്പാറയില്‍ അഞ്ചാമത്തെ കൂടിച്ചേരല്‍ സംഘടിപ്പിച്ചു. സംഗമത്തിന് മുമ്പ് ഇനി ഒരു മീറ്റിംഗിന് സമയം ഇല്ല എന്നതിനാല്‍ എല്ലാവരും വെറ്റിലപ്പാറയില്‍ എത്തണം എന്ന് അറിയിച്ചിരുന്നെങ്കിലും പങ്കാളിത്തം ഉയര്‍ന്നില്ല. പക്ഷെ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ആ യോഗത്തിന് സാധിച്ചു.

              ഇതിനിടയില്‍ തന്നെ മെഹ്ബൂബ് വടക്കുമുറി അധ്യാപകരുടെ കിട്ടിയ നമ്പറുകളില്‍ വിളിക്കുകയും കിട്ടാത്തവയും മാറിയവയും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളെ ബിന്ദുവും സാറാവുമ്മയും വിളിച്ചു. ആണ്‍‌കുട്ടികളെ ആരെങ്കിലും വിളിച്ചോ എന്നറിയില്ല. എല്ലാ അധ്യാപകരെയും പങ്കെടുപ്പിക്കണം എന്ന ആഗ്രഹം കാരണം ഞാന്‍ എന്‍.എസ്.എസ്‌ല്‍ ചെയ്യുന്ന ഒരു ഐഡിയ പ്രയോഗിച്ചു. രണ്ടാമത് ഒരാളെക്കൊണ്ട് കൂടി വിളിപ്പിക്കുക.അങ്ങനെ ആ ചുമതലയും ബിന്ദുവിന് നല്‍കി. ഫൈനല്‍ ആയി സംഗമത്തിന് മൂന്ന് ദിവസം മുമ്പ് ഞാനും വിളിച്ചു.റിട്ടയര്‍മെന്റിന് ശേഷം പിന്നീട് ഇതുവരെ സ്കൂളിലേക്ക്  പോകാത്തവര്‍ വരെ ഉണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത്. പക്ഷെ നമ്മുടെ ക്ഷണത്തില്‍ അധ്യാപകരും വീണു എന്ന് തന്നെ പറയാം. അവര്‍ വരാന്‍ തന്നെ തീരുമാനിച്ചു.

                 ആഗസ്ത് രണ്ടിന് വൈകിട്ട് ജോളി ഹോട്ടലില്‍ വച്ച് പരിപാടിയോടനുബന്ധിച്ചുള്ള പത്ര സമ്മേളനം നടത്തി. കൃഷ്ണന്‍ എരഞ്ഞിക്കലായിരുന്നു തിരശ്ശീലക്ക് പിന്നില്‍ നിന്നത്.
             
                     അധ്യാപകരെയും നമ്മുടെ കൂട്ടത്തിലെ പ്രതിഭ തെളിയിച്ചവരെയും അതിന് പുറമെ രാപ്പകല്‍ അധ്വാനിച്ച സംഘാടക സമിതി അംഗങ്ങളെയും ആദരിക്കണം എന്ന് ഞാനും ഷാഹിദും ചേര്‍ന്ന് തീരുമാനിച്ചു. അധ്യാപകരെ പൊന്നാടയും പുസ്തകവും നല്‍കി ആദരിക്കാനാണ് ആഗസ്റ്റ് 2 വെള്ളിയാഴ്ച അവസാന തീരുമാനമായത്. മികച്ച പ്രചോദന പുസ്തകമായ “വിരലറ്റം” (മുഹമ്മദലി ശിഹാബ് ഐ.എ.എസ്) തന്നെ ഇതിനായി തെരഞ്ഞെടുത്തു. കോഴിക്കോട് ഡി.സി ബുക്സില്‍ ആവശ്യമായ അത്രയും കോപ്പികള്‍ ഇല്ല എന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി. പക്ഷെ അവരുടെ വി.ഐ.പി ഗോള്‍ഡ് മെംബര്‍ഷിപ്പ് ഉള്ളതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നായി കോപി ഒപ്പിച്ച് തന്നു. ശനിയാഴ്ച രാത്രി ഷാഹിദ് തന്നെയാണ് കോഴിക്കോട് നിന്നും ഈ പുസ്തകങ്ങള്‍ എത്തിച്ചത്.

                  ബാച്ചംഗള്‍ക്കുള്ള മെമെന്റോയും വ്യത്യസ്തമാകട്ടെ എന്ന തീരുമാനത്തില്‍ അതും മാറ്റി നിശ്ചയിച്ചത് ശനിയാഴ്ചയായിരുന്നു. അതിലേക്കുള്ള വാചകങ്ങളും അത് ഏറ്റു വാങ്ങുന്നവരെപ്പറ്റിയുള്ള നീണ്ട കഥയും രചിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അങ്ങനെ ഞാന്‍ അയ്ച്ചു കൊടുക്കുന്ന വാചകങ്ങള്‍ ഉള്‍പ്പെടുത്തി കമ്പ്യൂട്ടറില്‍ അത് ഡിസൈന്‍ ചെയ്ത് പ്രിന്റെടുത്ത് ഫ്രെയിമിലാക്കി ഷാഹിദ് അവന്റെ വീട്ടിലും കോമ്പിയര്‍ക്ക് പറയാനുള്ള കഥകള്‍ എഴുതി ഞാന്‍ എന്റെ വീട്ടിലും ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ ഇരുന്നു. ഷാഹിദ് അന്ന് ഉറങ്ങിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഒരു സംഘം, നമ്മുടെ സ്റ്റേജിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് രാത്രി പത്തര വരെ സ്കൂളിലും ഉണ്ടായിരുന്നു.

                  പിറ്റേന്ന് രാവിലെ എട്ടരക്ക് തന്നെ ഞാനും ഷാഹിദും പുറപ്പെട്ടെങ്കിലും വിശിഷ്ടാതിഥികള്‍ക്കുള്ള മെമെന്റോയും ബൊക്കയും കിട്ടാന്‍ വൈകി. ഈ ഓട്ടത്തിനിടയില്‍ അധ്യാപകര്‍ക്കുള്ള ബാഡ്ജ്  എടുക്കാന്‍ ഷാഹിദ് മറന്നിരുന്നു. അത് എടുക്കാന്‍ വേണ്ടി അവന്റെ കമ്പനിയില്‍ പോയപ്പോഴാണ് അരീക്കോടിന്റെ ആ ഭാഗം തന്നെ ഞാന്‍ ആദ്യമായി കാണുന്നത്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. ഷാഹിദിന്റെ കമ്പനിയിലെ രണ്ട് ജീവനക്കാര്‍ നമ്മുടെ സംഗമത്തിന്റെ സമ്മാനപുസ്തകങ്ങള്‍ ഡെക്കറേറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു !

               എല്ലാം കഴിഞ്ഞ് വീണ്ടും അരീക്കോട്ടെത്തി ബൊക്കയും പൂക്കളും മറ്റും കളക്റ്റ് ചെയ്ത് സംഗമ നഗരിയില്‍ ചെയര്‍മാനും കണ്‍‌വീനറും കൂടി എത്തുമ്പോള്‍ സമയം പത്തര ആയിരുന്നു. അതില്‍ പരാതിപ്പെട്ടവര്‍ക്ക് ഇപ്പോഴെങ്കിലും കാര്യം ഗ്രഹിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു.

                പ്രിയപ്പെട്ടവരേ, ഈ സംഗമം എല്ലാ അര്‍ത്ഥത്തിലും മാതൃകാ പരമാകണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആത്മാര്‍ത്ഥമായി ചെയ്യാന്‍ സാധിച്ചു. അതിന്റെ വിജയം നിങ്ങള്‍ എല്ലാവരും ആസ്വദിച്ചു. ഈ അറിയാക്കഥകള്‍ പങ്കു വയ്ക്കാതെ പോയാല്‍ ഇത് പൂര്‍ണ്ണമാകില്ല എന്നതിനാല്‍ മാത്രമാണ് ഇത്രയും നീണ്ട ഒരു കുറിപ്പ് എഴുതിയത്. വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള കടപ്പാടോട് കൂടി നിര്‍ത്തുന്നു.

Tuesday, August 06, 2019

ഒരു വട്ടം കൂടിയെന്‍....1

            ഇങ്ങനെ തുടങ്ങുന്ന ഒരു ഗാനം ഇരുപത് വയസ്സ് കഴിഞ്ഞ എല്ലാ മലയാളികള്‍ക്കും സുപരിചിതമായിരിക്കും. ചില്ല് എന്ന ചിത്രത്തിന് വേണ്ടി  പ്രൊഫ. ഒ.എന്‍.വി കുറുപ്പ് എഴുതിയ ഈ ഗാനം ആരെങ്കിലും ആലപിക്കാത്ത അല്ലെങ്കില്‍ വാമൊഴിയായി പറയാത്ത അതുമല്ലെങ്കില്‍ ഓര്‍മ്മിക്കാത്ത ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമവും ഉണ്ടാകില്ല എന്നാണ് എന്റെ പക്ഷം. എന്റെ പത്താം ക്ലാസ് ബാച്ചായ 86-87 എസ്.എസ്.സി ബാച്ചിന്റെ പ്രഥമ സംഗമത്തിന് ഒരു പേര് വേണം എന്ന് പറഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഈ ഗാനത്തിലെ ആദ്യ മൂന്ന് വാക്കുകളാണ്.

            32 വര്‍ഷത്തിന് ശേഷം ഇങ്ങനെ ഒരു സംഗമം നടക്കുമോ ഇല്ലേ എന്നും നടന്നാല്‍ തന്നെ അതിന്റെ വിജയം എത്രയെന്നുമൊക്കെയുള്ള സന്ദേഹം നിലനില്‍ക്കെ പൊടുന്നനെ ഉണ്ടായ ഒരു ധൈര്യമാണ് ഞങ്ങളുടെ സംഗമം നടക്കാന്‍ കാരണം. 28/8/18ന്, ഞങ്ങളുടെ സഹപാഠിയായിരുന്ന മുജീബും ജാഫറും അവരുടെ പ്രീഡിഗ്രി സംഗമം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തോന്നിയ ആശയമായിരുന്നു SSC ബാച്ചിന്റെ ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ. ചുറ്റുവട്ടത്തുള്ള സഹപാഠികളെയും അറിയാവുന്ന സഹപാഠികളെയും ചേര്‍ത്തും സന്ദര്‍ശിച്ചും കൂട്ടായ്മ വലുതായി. 2018 സെപ്റ്റംബര്‍ 15ന് രാത്രി എന്നെ തിരഞ്ഞും കൂട്ടുകാരെത്തി.അന്ന് തന്നെ എന്റെ ജ്യേഷ്ടനും ഞങ്ങളുടെ അധ്യാപകനും സംഗമം ഏറെ ആഗ്രഹിക്കുന്ന ആളുമായ കരീം മാസ്റ്ററെയും സന്ദര്‍ശിച്ചു.
                    ലാന്റ് ഫോണ്‍ പോലും അപൂര്‍വ്വമായിരുന്ന അക്കാലത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തേടിപിടിക്കുക എന്നത് ശ്രമകരമായിരുന്നു. സ്കൂളില്‍ പോയി നോക്കിയാല്‍ അന്നത്തെ ഹാജര്‍ പുസ്തകം കിട്ടും എന്ന് ആരോ പറഞ്ഞതനുസരിച്ച് ശ്രമം നടത്തിയെങ്കിലും രണ്ട് ക്ലാസൊഴികെ ബാക്കിയുള്ളവ ചിതലരിച്ച് പോയി എന്ന വിവരമാണ് കിട്ടിയത്. പക്ഷെ ചിതലരിക്കാത്ത ഞങ്ങളുടെ ഓര്‍മ്മകള്‍ അവിടെയും തുണയായി. ഓരോരുത്തരും 32 വര്‍ഷം മുമ്പ് തന്റെ ക്ലാസില്‍ പഠിച്ചിരുന്ന സഹപാഠികളുടെ ഊരും പേരും ഓര്‍മ്മിച്ചെഴുതുന്ന ഒരു അനൌദ്യോഗിക മത്സരം നടത്തി.

                   മത്സരം ക്ലിക്കായതോടെ കൂടുതല്‍ പേര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അവരെത്തേടി പോകുന്ന ഒരു പരിപാടി തുടങ്ങി. അതും വന്‍ വിജയമായതോടെ ഗ്രൂപ് ഉണര്‍ന്നു.ചില വീട് സന്ദര്‍ശനങ്ങള്‍,നമ്മുടെ രവീന്ദ്രന്‍ മാഷുടെ ഭാഷയില്‍ പറഞ്ഞാല്‍ ആശയ വിപുലീകരണവും കഴിഞ്ഞ് ആമാശയ വിപുലീകരണത്തിലേക്കെത്തി. അതും എല്ലാവരും ആസ്വദിച്ചു. പത്രപ്രവര്‍ത്തകനായ ഒരു സഹപാഠി ഒരു വാര്‍ത്ത തയ്യാറാക്കി പത്രങ്ങള്‍ക്കും നല്‍കി.
                   അതിനിടയില്‍ സംഗമത്തിന്റെ ചര്‍ച്ചകള്‍ പൊങ്ങി വന്നെങ്കിലും ഗ്രൂപ് ബലം കൂടാനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും മുന്‍‌ഗണന നല്‍കി. ഇതു പ്രകാരം അവൈലബിള്‍ അംഗങ്ങളെ വച്ച് ഒരു ഏകദിന വിനോദയാത്രയും സംഘടിപ്പിച്ചു. ഒരു വിനോദയാത്ര കൂടി തീരുമാനിച്ചെങ്കിലും ആള് തികയാത്തത് കാരണം ഉപേക്ഷിച്ചു.

                  ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്ന കടുത്ത യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ പലരും നിര്‍ജ്ജീവമാകാന്‍ തുടങ്ങി. നേതൃത്വം കൊടുത്തിരുന്നവര്‍ക്കെല്ലാം വിവിധങ്ങളായ ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നതിനാല്‍ അവരും ഉള്‍വലിഞ്ഞു. അന്നത്തെ പെണ്‍‌കുട്ടികളെക്കൂടി (ഇന്നത്തെ അമ്മമാരും അമ്മൂമമാരും !) ഉള്‍പ്പെടുത്തിയാല്‍ ഗ്രൂപ് സജീവമാകും എന്ന് അറിയാമായിരുന്നെങ്കിലും സദുദ്ദേശത്തോടെ തുടങ്ങിയ ഗ്രൂപ്പിനെ കുടുംബം കലക്കി ഗ്രൂപ്പ് ആക്കി മാറ്റേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ ഗ്രൂപ് അന്ത്യശ്വാസത്തിലേക്ക് അടുക്കുമ്പോഴാണ് ഒരു കനലാട്ടം കണ്ടത്. പിന്നെ സംഭവിച്ചത് ചരിത്രമായിരുന്നു.

(തുടരും....)