Pages

Tuesday, November 27, 2018

രക്തദാനം - അറിയേണ്ടതെല്ലാം.

     കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ചാർജുള്ള സമയത്ത് നിരവധി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ക്യാമ്പിലും ഞാൻ രക്തം ദാനം ചെയ്തിട്ടുമുണ്ട്. 

           കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമ്പോൾ നേരിടുന്ന രണ്ട് വെല്ലുവിളികളുണ്ട്. രക്തദാനം യാതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് പ്രഥമ ദാതാക്കളെ ബോധ്യപ്പെടുത്താനുള്ള പ്രയാസമാണ് അതിലൊന്ന്. രണ്ട് മൂന്ന് പേർ കൂളായി രക്തം ദാനം ചെയ്ത് സുന്ദരമായി എണീറ്റ് പോകുന്നത് കാണുമ്പോൾ പലരുടെയും ആ ധാരണ മാറും. അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും രക്തദാനം ചെയ്യാനുള്ള പേടിയാണ് രണ്ടാമത്തെത്. പ്രായം കഴിഞ്ഞു എന്നോ ക്ലാസ് ഉണ്ട് എന്നോ മറ്റെന്തെങ്കിലും കാരണം പറഞ്ഞോ അവർ ഒഴിഞ്ഞ് മാറും.

താഴെപറയുന്ന വിഭാഗക്കാർ രക്തം ദാനം ചെയ്യാൻ പറ്റാത്തവരാണ്.

1. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉള്ളവർ.
2. അവയവമാറ്റ ശസ്ത്രക്രിയക്കോ മറ്റേതെങ്കിലും ശസ്ത്രക്രിയക്കോ  വിധേയരായവർ
3. ഹൃദയാഘാതം ഉണ്ടായവർ
4. എച്.ഐ.വി പോസിറ്റീവ് ആയവർ
5. മുലയൂട്ടുന്ന അമ്മമാരും ആർത്തവമുള്ള സ്ത്രീകളും
6. മദ്യം കഴിച്ചവർ ( അടുത്ത 24 മണിക്കൂറിൽ)
7. ഏതെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ (അടുത്ത ഒരു മാസത്തേക്ക്)
8. ഗർഭച്ഛിദ്രം സംഭവിച്ച സ്ത്രീകൾ (അടുത്ത ആറു മാസത്തേക്ക്)
9. പ്രസവിച്ച സ്ത്രീകൾ (അടുത്ത ഒരു വർഷത്തേക്ക്)

            ഇക്കഴിഞ്ഞ രക്തദാന ക്യാമ്പിൽ ഞാൻ ദാനം ചെയ്തുകൊണ്ടിരിക്കെ എന്റെയടുത്ത് ഒരു സ്റ്റാഫംഗം വന്നു. നിങ്ങൾക്കും ദാനം ചെയ്യാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ വയസ്സ് 55 കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ 60 വയസ്സു വരെ നൽകാം എന്നാണെന്ന് ഞാൻ വെറുതെ തട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ചോദിച്ചപ്പോൾ അവർ അത് സമ്മതിക്കുകയും ചെയ്തു !

താഴെ പറയുന്നവയാണ് രക്തം ദാനം ചെയ്യാൻ ഉണ്ടാകേണ്ടത്.

1. പൂർണ്ണ ആരോഗ്യവാനായിരിക്കണം. എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവരും രണ്ടാഴ്ചക്കുള്ളിൽ ഉണ്ടായി ഭേദമായവരും രക്തം ദാനം ചെയ്യരുത്.

2.  18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള, 50 കിലോയിൽ കുറയാതെ തൂക്കമുള്ള, ഹീമോഗ്ലോബിൻ അളവ് 12.5 ശതമാനത്തിൽ കൂടുതലുള്ള ആർക്കും രക്തം ദാനം ചെയ്യാം.

3. ശരീര താപനില സാധാരണ നിലയിലുള്ളവരും, രക്തസമ്മർദ്ദം 50നും 100നും മദ്ധ്യേയുള്ളവരും, നാഡിമിടിപ്പ് മിനുറ്റിൽ  50നും 100നും ഇടയിലുള്ളവരും ആയിരിക്കണം (ഇതെല്ലാം രക്തദാനത്തിന് മുമ്പ് പരിശോധിച്ച് ഉറപ്പിച്ചിട്ടേ രക്തം സ്വീകരിക്കുകയുള്ളൂ).

രക്തം ദാനം ചെയ്യുന്നതിന് മുമ്പ് ദാതാവ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. ചുരുങ്ങിയത് മൂന്ന് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിച്ചവരാകണം.വെറും വയറ്റിൽ ഒരിക്കലും രക്തദാനം നടത്തരുത്.
2. ആവശ്യത്തിന് വെള്ളം കുടിച്ചിരിക്കണം. ദാനത്തിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നതും നല്ലതാണ്.
3. കൊഴുപ്പ് കൂടിയ ഭക്ഷണപദാർത്ഥങ്ങൾ ദാനത്തിന് മുമ്പ് കഴിക്കുന്നത് നല്ലതല്ല.

രക്തദാനത്തിന് ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കണം

1. 10-15 മിനുട്ട് നേരമെങ്കിലും കിടന്ന് വിശ്രമിക്കുക
2. ജ്യൂസുകളോ മധുര പാനീയങ്ങളോ കഴിക്കുക
3. ഭക്ഷണം നന്നായി കഴിക്കുക
4. ധാരാളം വെള്ളം കുടിക്കുക
5. കഠിന ജോലികളും ഡ്രൈവിംഗും ആ ദിവസത്തിൽ ഒഴിവാക്കുക

          പുരുഷന്മാർക്ക് 12 ആഴ്ചയിൽ അഥവാ മൂന്ന് മാസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് 16 ആഴ്ചയിൽ അഥവാ നാല് മാസത്തിൽ ഒരിക്കലും രക്തം ദാനം ചെയ്യാം. ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും മറ്റും രക്തം ദാനം ചെയ്യുന്ന നിരവധി പേരുണ്ട്.സ്ഥിരം രക്തദാനം നടത്തുന്നത് രക്തശുദ്ധീകരണത്തിനും നല്ലതാണ്.ഒരു യൂണിറ്റ് രക്തദാനത്തിലൂടെ മൂന്ന് പേരെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റും എന്ന് മനസ്സിലാക്കി ഈ മഹൽ സംരംഭത്തിൽ എല്ലാവരും പങ്കാളികളാകൂ.
                                               എന്റെ പന്ത്രണ്ടാമത് രക്തദാനം

Saturday, November 24, 2018

ഒരു കൊച്ചു സന്തോഷം കൂടി...

                   മക്കള്‍ സമ്മാനിതരാവുമ്പോഴാണ് മാതാപിതാക്കള്‍ ഏറെ അഭിമാനം കൊള്ളുന്നത്. അതിന്റെ സന്തോഷം ഏറെ ഞാന്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഒരിക്കല്‍ കൂടി ആ സന്തോഷം എന്നെ തേടി എത്തി.

             ബാ‍ലഭൂമി വീട്ടില്‍ വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്റെ മൂന്ന് മക്കളും അനിയന്റെ രണ്ട് മക്കളും അയല്പക്കത്തെ കുട്ടികളും ഒക്കെയായി നല്ലൊരു വായനാവലയം സൃഷ്ടിക്കാന്‍ അതിലൂടെ സാധിക്കുന്നുണ്ട്.നിരവധി മത്സരങ്ങളും അതില്‍ ഉണ്ടാകാറുണ്ട്. മൂഡനുസരിച്ച് മക്കള്‍ ചിലതില്‍ പങ്കെടുക്കും , ചിലത് കണ്ടില്ലെന്ന് നടിക്കും.

           നാല് വര്‍ഷം മുമ്പ്  എന്റെ മൂത്ത മകള്‍ ലുലു  ഒരു വ്യത്യസ്തമായ മത്സരത്തില്‍ പങ്കെടുത്തു. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാനനത്തിലും ഒരു തെരഞ്ഞെടുപ്പ് നടക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ട് ഒരു കാനനപത്രം തയ്യാറാക്കലായിരുന്നു മത്സരം. ഫലം വന്നപ്പോള്‍ ഒന്നാമത്തെ പേര് ഐഷ നൌറ (ലുലു മോളുടെ ഒറിജിനല്‍ പേര്) ആയിരുന്നു. അന്ന് തയ്യാറാക്കിയ കാനനപത്രം ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. ടച്ച് സ്ക്രീനോട് കൂടിയ ഡിജിറ്റല്‍ ക്യാമറയായിരുന്നു സമ്മാനം.

             രണ്ട് വര്‍ഷം കഴിഞ്ഞ് 2016ലെ വിഷുക്കാലത്താണ് പിന്നീട് ഒരു വ്യത്യസ്തമായ മത്സരം കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്. തന്നിരിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് ഒരു വിഷുക്കണി ഒരുക്കലായിരുന്നു മത്സരം. ലുലുവിന്റെ പ്രായം കഴിഞ്ഞതിനാല്‍ രണ്ടാമത്തെ മകള്‍ ലുഅ ആയിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ഫലം വന്നപ്പോള്‍ ഒന്നാമത്തെ പേര് ആതിഫ ജും‌ല  (ലുഅ മോളുടെ ഒറിജിനല്‍ പേര്) എന്നായിരുന്നു. ഇവിടെ ക്ലിക്ക് ചെയ്താല്‍ അതും കാണാം . വലിയൊരു കളറിംഗ് സെറ്റ് ബോക്സ് ആയിരുന്നു സമ്മാനം.

              രണ്ട് വര്‍ഷം കഴിഞ്ഞു  ഇപ്പോള്‍ 2018. വ്യത്യസ്തതമായ മത്സരങ്ങള്‍ അധികം ഇല്ലാതായി. ലുലുവും ലുഅയും പ്രായം കഴിഞ്ഞു. മൂന്നാം ക്ലാസുകാരി ലൂന മോള്‍ വലിയ മത്സരങ്ങളില്‍ പങ്കെടുക്കാനും ആയിട്ടില്ല. എങ്കിലും “താരങ്ങളാര്?” എന്നൊരു മത്സരത്തില്‍ സ്പോട്സ് താരങ്ങളുടെ ഫോട്ടോ കണ്ട് തിരിച്ചറിയുന്ന ഒരു മത്സരത്തില്‍ അവളും പങ്കെടുത്തു. ഇന്നലെ അതിന്റെ റിസല്‍ട്ടും വന്നു. ലിസ്റ്റില്‍ പതിനാലാമത്തെ പേര് ഞാന്‍ വായിച്ചു - അബിയ്യ ഫാത്തിമ ടി എ  (ലൂന മോളുടെ ഒറിജിനല്‍ പേര്). ഇന്‍സ്ട്രുമെന്റ് ബോക്സ് ആണ് സമ്മാനം.
ദൈവത്തിന് വീണ്ടും സ്തുതി.മക്കള്‍ സമ്മാനിതരാവുന്നത് കാണാനും സന്തോഷം അനുഭവിക്കാനും പങ്കുവയ്ക്കാനും സാധിപ്പിച്ചതിന്.

Friday, November 23, 2018

ടോട്ടോച്ചാന്റെ കഥ

               തെത്‌സുകോ കുറോയാനഗി ( അഞ്ച് മിനുട്ട് കഴിഞ്ഞ് പറയാൻ ആവശ്യപ്പെട്ടാൽ ആള് മാറിപ്പോവും !) യുടെ ആത്മകഥയാണ് ‘ടോട്ടോച്ചാന്റെ കഥ’. പ്രാഥമിക വിദ്യാഭ്യാസം എന്നത് കുട്ടികൾക്ക് മുമ്പിൽ ഒരു പരീക്ഷണമാകുമ്പോൾ അത് മധുരമുള്ള അനുഭവവും ഓർമ്മയുമാക്കി മാറ്റാനുള്ള വഴികൾ പറഞ്ഞ് തരുന്ന ഒരു പരീക്ഷണത്തിന്റെ കഥയാണിത്. നമ്മുടെ സാഹചര്യങ്ങളിൽ മുഴുവൻ പ്രായോഗികമല്ലെങ്കിലും ചിലതൊക്കെ പരീക്ഷിക്കാം.

              ടോട്ടോച്ചാൻ എന്ന പെൺകുട്ടി ആദ്യത്തെ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട് പുതിയ ഒരു വിദ്യാലയത്തിൽ ചേരുന്നു. റ്റോമോ എന്ന അപൂർവ്വ വിദ്യാലയത്തെക്കുറിച്ചും സൊസാകു കൊബായാഷി എന്ന അദ്ധ്യാപകനെക്കുറിച്ചും എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തും. സ്കൂളിൽ പോകാൻ മടി കാട്ടിയിരുന്ന , ക്ലാസ്സിൽ വിവിധതരം കോപ്രായങ്ങൾ കാണിച്ചിരുന്ന ടോട്ടോച്ചാൻ റ്റോമോ സ്കൂളിൽ പോകാൻ ആവേശം കാണിക്കുന്നത് ആ സ്കൂളിന്റെ പ്രത്യേകത കൊണ്ട് തന്നെയാണ്.

                  തീവണ്ടി മുറികളില്‍ ഒരുക്കിയിരിക്കുന്ന ക്ലാസും കളത്തില്‍ നേരിട്ടിറങ്ങി അനുഭവത്തിലൂടെയുള്ള പഠനവും കുട്ടികളോടൊപ്പം കളിക്കുന്ന അദ്ധ്യാപകനും കുട്ടികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും ഒക്കെയാണ് റ്റോമോ സ്കൂളിനെ കുട്ടികള്‍ ഇഷ്ടപ്പെടാന്‍ കാരണം. പോളീയോ ബാധിച്ച യാസാക്കിചാന്‍ എന്ന സഹപാഠിയെ ടോട്ടോച്ചാൻ മരത്തില്‍ കയറ്റുന്നത് ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്. ‘ടോട്ടോ , നീയൊരു നല്ല കുട്ടിയാണ്’ എന്ന അദ്ധ്യാപകന്റെ ഇടക്കിടെയുള്ള ഭാഷണമാണ് യഥാര്‍ത്ഥത്തില്‍ ടോട്ടോച്ചാനെ മാറ്റുന്നത്. അദ്ധ്യാപന രീതി മാറ്റിയാല്‍ നമ്മുടെ സ്കൂളിലെ കുട്ടികളിലും ഇത്തരം മാറ്റങ്ങള്‍ കണ്ടേക്കാം.
               ലോകത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട, ലോക ഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ് ‘റ്റോട്ടോചാന്‍’ എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. സത്യത്തില്‍ റ്റോട്ടോചാനെപ്പറ്റി നിരവധി പുസ്തകങ്ങള്‍ ഉണ്ട്. എന്റെ അനിയന്റെ ശേഖരത്തില്‍ ഉള്ളത് അല്ല എന്റെ അടുത്ത്. ഈയിടെ ‘അന്‍‌വരികളില്‍’ ‘ടൊട്ടൊചാന്‍ - ജനാലക്കരികിലെ പെണ്‍‌കുട്ടി’ എന്ന പേരിലുള്ള പുസ്തകാ‍സ്വാദനവും കേട്ടു.

                   പരസ്പരം ബന്ധമില്ലാത്ത ഹ്രസ്വമായ കുറിപ്പുകളുടെ രൂപത്തിലാണ് ഈ പുസ്തകത്തില്‍ ടോട്ടോചാനിന്റെ സ്കൂള്‍ ജീവിതം പരിചയപ്പെടുത്തുന്നത്. അതു കൊണ്ടായിരിക്കും, കുട്ടികള്‍ക്ക് വായിച്ചു വളരാനും അറിവിന്റെയും സംസ്കാരത്തിന്റെയും പുതിയ ലോകങ്ങളിലെത്താനും ഒരു അക്ഷരയാത്ര എന്ന് പിന്‍‌ചട്ടയില്‍ പറയുന്നത്. പക്ഷേ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ അച്ചടി അല്പം വലിപ്പത്തിലായിരിക്കണം എന്നൊരു തോന്നല്‍ ഉണ്ടായി. മുതിര്‍ന്നവര്‍ക്ക് ഈ പുസ്തകഘടന ഇഷ്ടപ്പെടാന്‍ സാധ്യതയില്ല.

പുസ്തകം : ടോട്ടോച്ചാന്റെ കഥ
രചയിതാവ്: തെത്‌സുകോ കുറോയാനഗി
പുനരാഖ്യാനം : വി ഷൈമ
പ്രസാധനം: കൈരളി ബുക്‍സ്
പേജ് : 79
വില : 80 രൂപ

Tuesday, November 20, 2018

കക്കാടം‌പൊയില്‍ കാഴ്ചകള്‍

               കക്കാടം‌പൊയിലില്‍  ഞങ്ങളുടെ (ഞാനൊഴികെ) പ്രധാന ലക്ഷ്യം വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശനം തന്നെയായിരുന്നു. മുഴുവന്‍ നിലയില്‍ പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ നിരക്കുകളില്‍ ഇളവ് ഉണ്ട് എന്ന് അരിപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച സമയത്ത് ബിന്‍ഷിദ് പറഞ്ഞിരുന്നു. പി വി അന്‍‌വര്‍ എം എല്‍ എ യുടെ ഉടമസ്ഥതയിലുള്ള പീ വീ ആര്‍ ടൂറിസം വില്ലേജ് ആയിരുന്നു ആ വാട്ടര്‍ തീം പാര്‍ക്ക് . ഇന്നത്തെ വിവാദങ്ങള്‍ ഒന്നും പൊങ്ങി വരാത്ത അന്നും ഏതോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ച് ഉണ്ടായിരുന്നു. അതിനായിരുന്നു വിപുലമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയത്.

               പ്രവേശന ഫീ നല്‍കി ഞങ്ങള്‍ അകത്ത് കയറി. വെള്ളത്തില്‍ കളി വേണമെങ്കില്‍ 150 രൂപയുടെ വേറെ ടിക്കറ്റ് എടുക്കണം. ചാലിയാറില്‍ മുങ്ങിക്കുളിച്ച് കളിച്ച് രസിച്ച ഒരു നല്ല ബാല്യകാലം എനിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശനവും വെള്ളത്തില്‍ കളിയും എനിക്ക് താല്പര്യം ഇല്ലാത്ത സംഗതിയായിരുന്നു. കുടുംബ സമേതമുള്ള ഒരു യാത്രയായതിനാല്‍ മാത്രമാണ് ഇതിന് ഞാന്‍  യെസ് മൂളിയത്. 

            പ്രകൃതിയുടെ സ്വാഭാവികതക്ക് കോട്ടം തട്ടാത്ത രീതിയിലാണ് പാര്‍ക്കിന്റെ ഡിസൈനിംഗ് എന്ന് എനിക്ക് തോന്നി. ചെങ്കുത്തായ പാറകള്‍ അതേ പോലെ നിലനിര്‍ത്തി അവക്കിടയില്‍ സുരക്ഷാ വേലികള്‍ കെട്ടി മറ്റു ഭാഗങ്ങളില്‍ ഓറഞ്ച് അടക്കമുള്ള മരങ്ങള്‍ നട്ടു പിടിപ്പിച്ച് പ്രകൃതി ഭംഗി അതേപടി നിലനിര്‍ത്തിയിരുന്നു. ഇടക്കിടക്ക് ഇറങ്ങുന്ന കോടമഞ്ഞില്‍ പശ്ചാത്തലം മങ്ങുന്നതും വീണ്ടും പ്രത്യക്ഷപ്പെടുന്നതും അപൂര്‍വ്വമായ കാഴ്ച വിരുന്നൊരുക്കി. ചാറല്‍ മഴ കൂടി കിട്ടിയതോടെ അവാച്യമായ ഒരു അനുഭൂതിയും ലഭിച്ചു.
             ഗള്‍ഫ് അളിയന്മാരും മുതിര്‍ന്ന കുട്ടികളും മാത്രം വെള്ളത്തില്‍ ഇറങ്ങി കളിച്ചു. ഞങ്ങള്‍ കാഴ്ചക്കാരായി മുകളില്‍ നിന്നു. പുറത്ത് റാലി എത്തുന്നതിന് മുമ്പ് സ്ഥലം വിടണം എന്ന് തീരുമാനിച്ചിരുന്നതിനാല്‍ പാര്‍ക്കിനകത്ത് അധികം സമയം ചെലവഴിച്ചില്ല. തൊട്ടടുത്ത് തന്നെയുള്ള കോഴിപ്പാറ വെള്ളച്ചാട്ടം കൂടി കാണാം എന്ന് അഭിപ്രായം ഉയര്‍ന്നതിനാല്‍ വണ്ടി അങ്ങോട്ട് തിരിച്ചു.

              വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രക്കിടയില്‍ തന്നെ നല്ല മഴ പെയ്തു. വനം വകുപ്പിന്റെ ടിക്കറ്റ് കൌണ്ടര്‍ വരെ കാര്‍ പോകും എന്ന് മുന്‍ സന്ദര്‍ശന വേളയില്‍ മനസ്സിലായതിനാല്‍ മഴയെ കൂസാതെ ഞങ്ങള്‍ തിരിച്ചു. പക്ഷെ  കുത്തിയൊഴുകുന്ന വെള്ളത്തില്‍ റോഡിന്റെ അതിര്‍ത്തി അറിയാത്തത് പലപ്പോഴും വണ്ടിക്ക് പരിക്കേല്‍പ്പിച്ചു. തിരിച്ച് പോരാന്‍ ബുദ്ധിമുട്ടുമോ എന്ന് പോലും ഒരു വേള സംശയിച്ചു. നല്ല മഴ പെയ്താല്‍ അങ്ങോട്ട് പോകാത്തതാണ് നല്ലത് എന്ന് അനുഭവത്തില്‍ നിന്ന് ഞാന്‍ പറയും.

             ശക്തമായ മഴയില്‍ ഭീകരമായ ശബ്ദത്തോടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു.അതിനാല്‍ തന്നെ വെള്ളച്ചാട്ടം ദൂരെ നിന്ന് നോക്കി കാണാന്‍ മാത്രമേ അനുവാദം നല്‍കിയിരുന്നുള്ളൂ. പാറകള്‍ വഴുതുന്നത് കൂടിയായതിനാല്‍ ഞങ്ങളും സ്വയം നിയന്ത്രിച്ചു. ശ്രദ്ധക്കുറവും അതിസാഹസികതയും ആണ് മിക്ക വെള്ളച്ചാട്ടപ്രദേശങ്ങളും കുരുതിക്കളമാകാന്‍ കാരണം.
             ഉച്ചഭക്ഷണത്തിന്റെ സമയം അതിക്രമിച്ചിരുന്നു എങ്കിലും കാഴ്ചകള്‍ക്കിടയില്‍ അത് മറന്നു പോയി!എല്ലാവര്‍ക്കുമുള്ള ഭക്ഷണം വണ്ടിയില്‍ കരുതിയിരുന്നെങ്കിലും ഒന്നിച്ചിരുന്ന് ഭക്ഷിക്കാന്‍ ഒരിടം തേടി അലഞ്ഞു. അവസാനം തിരിച്ചു പോരുന്ന വഴിയില്‍ കക്കാടം‌പൊയില്‍ അങ്ങാടിയില്‍ താഴ്ത്തിയിട്ട രണ്ട് ഷട്ടറുകളുടെ മുന്നിലെ വരാന്തയില്‍ ഞങ്ങള്‍ ചെമ്പിറക്കി. തൊട്ടടുത്ത കടയിലിരുന്ന ആള്‍, താഴ്ത്തിയിട്ടിരുന്ന ഷട്ടര്‍ പൊക്കി കുറെ സ്റ്റൂളുകള്‍ എടുത്ത് തന്ന് ഇരിക്കാനുള്ള സൌകര്യവും നല്‍കി.
            പ്രകൃതിയുടെ ഭംഗിയും നാട്ടിന്‍‌പുറത്തിന്റെ നന്മയും ഒരു പോലെ ആസ്വദിച്ച് മടങ്ങുമ്പോള്‍ ആകാശത്ത് മഴമേഘങ്ങള്‍ വീണ്ടും ഉരുണ്ട് കൂടിത്തുടങ്ങിയിരുന്നു.

കോട മൂടിയ കക്കാടം‌പൊയിലിലേക്ക്...

                 പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആനക്കാം‌പൊയിലിനടുത്തുള്ള വെള്ളരിമലയിലേക്ക് ഒരു യാത്ര പോയത് എന്റെ ഓർമ്മയിലുണ്ട്. അന്ന് കണ്ടതെന്ത് എന്ന് ഒരോർമ്മയും ഇല്ല. എൻ.എസ്.എസ് ദശദിനക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ഒരു ട്രിപ് ആയിരുന്നു അത്.

                 2011ൽ, പ്രോഗ്രാം ഓഫീസറായി കൂമ്പാറയിൽ സപ്തദിനക്യാമ്പ് നടത്തുമ്പോഴാണ് കക്കാടം‌പൊയിൽ എന്ന സ്ഥലം തൊട്ടടുത്താണ് എന്നറിയുന്നത്. 1996-ൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പക്ടറായി ഞാൻ ജോലി ചെയ്ത, എന്റെ തൊട്ടടുത്ത പഞ്ചായത്തായ ഊർങ്ങാട്ടിരിയുടെ ഒരറ്റം കിടക്കുന്നത് ഈ കക്കാടം‌പൊയിലിൽ ആണെന്നും അവിടെ എന്തെങ്കിലും കേസ് റിപ്പോർട്ട് ചെയ്താൽ മുപ്പത് കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് പോകണമെന്നും അന്നത്തെ അറ്റന്റർ പറഞ്ഞത് സത്യമായിരുന്നു എന്ന് അന്ന് ബോധ്യമായി.

              ഗുണ്ടല്പേട്ടിലെ ചെണ്ടുമല്ലിത്തോട്ടവും   ബന്തിപ്പൂരും  പിന്നിട്ട് ഭാര്യാവീട്ടിൽ എത്തുമ്പോൾ അടുത്ത ദിവസത്തെ യാത്രയുടെ പ്ലാനുകളായിരുന്നു മനസ്സ് നിറയെ.ഒരു ദിവസം മുഴുവന്‍ ഡ്രൈവ് ചെയ്തതിനാല്‍ നാളെയും അത് നടക്കുമോ ഇല്ലയോ എന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ കുട്ടികൾക്ക് ഇതിനെപ്പറ്റി ഒരു  അറിയിപ്പും നൽകിയിരുന്നില്ല. പക്ഷേ ഭാര്യാ വീട്ടിൽ പിറ്റേ ദിവസത്തെ യാത്രയുടെ പ്ലാനിംഗ് കണ്ടതോടെ അടുത്ത യാത്ര അവർക്ക് പെട്ടെന്ന് പിടികിട്ടി.

              ഭാര്യാ കുടുംബത്തിലെ മക്കളും പേരമക്കളും അടക്കം വലിയൊരു സംഘമായി മൂന്ന് കാറുകളിലായിരുന്നു ഞങ്ങളുടെ യാത്ര. നിലമ്പൂരില്‍ നിന്നും കക്കാടം പൊയിലിലേക്കുള്ള യാത്ര പ്രകൃതി ആസ്വദിക്കാന്‍ പറ്റിയതാണെന്നും ഹൃദ്യമാണെന്നും കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. അത് ശരിയായിരുന്നു എന്നും ഈ യാത്രയിലൂടെ മനസ്സിലായി.

           നിലമ്പൂരിൽ നിന്നും അകമ്പാടം റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്തത്. റോഡ് അത്ര സുഖകരമല്ലായിരുന്നു. പല സ്ഥലത്തും ഒരു വാഹനത്തിന് തന്നെ കടന്നു പോകാന്‍ പറ്റുന്ന വീതിയുണ്ടോ എന്ന് സംശയം തോന്നിപ്പിക്കും.അതുകൊണ്ട് തന്നെ ഇതൊരു സാഹസികത നിറഞ്ഞ യാത്ര കൂടിയായി. ഈ വഴി നിലമ്പൂരില്‍ നിന്നും തിരുവമ്പാടിയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ ട്രെയിന്‍ യാത്ര പോലെ ആസ്വാദ്യകരമായിരിക്കും ആ യാത്ര എന്നതില്‍ സംശയമില്ല.

           നിലമ്പൂരിൽ നിന്നും അല്പം ദൂരം പോകുമ്പോഴേക്കും തന്നെ പശ്ചിമഘട്ടത്തിന്റെ ഭംഗി മുന്നില്‍ പ്രത്യക്ഷപ്പെടും. പന്തീരായിരം വനത്തിന്റെ ഭംഗി ഒന്ന് വേറെത്തന്നെയാണ്. മഴക്കാലത്താണ് യാത്രയെങ്കില്‍ വനത്തിലൂടെ താഴോട്ട് പതിക്കുന്ന വെള്ളത്തിന്റെ നിരവധി വെള്ളിക്കീറുകളും ദൂരെ ദൃശ്യമാകും.
               നിലമ്പൂരില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ ദൂരെ കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായാണ് കക്കാടം‌പൊയില്‍ സ്ഥിതി ചെയ്യുന്നത്. മലബാറിലെ ‘ഗവി’ എന്ന് ഗവി കാണാത്തവര്‍ക്ക് പറയാം ! കോടമൂടിയ മലനിരകള്‍ അങ്ങ് ദൂരെ കാണുന്നതോടൊപ്പം യാത്രയുടെ അവസാനം നാം അതില്‍ അലിഞ്ഞു ചേരും. സമുദ്രനിരപ്പില്‍ നിന്നും 700 മുതല്‍ 2100 അടി വരെ ഉയരത്തില്‍ ആണ് ഈ മലനിരകള്‍. മന്‍സൂണ്‍ കാലത്താണ് യാത്രയെങ്കില്‍ മഴയും കോടയും എല്ലാം ആസ്വദിക്കാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയിലെ കൊമ്മാനഗുഡി കാണാന്‍ പോയപ്പോഴുള്ള ഫീലിംഗ് എനിക്കന്ന് അനുഭവപ്പെട്ടു.
           രാവിലെ 6.45നും ഉച്ചക്ക് 12 മണിക്കും വൈകിട്ട് 4.45നും ആണ് നിലമ്പൂരില്‍ നിന്നും KSRTC ബസ്സുകള്‍ ഉള്ളത്. മുക്കം കൂടരഞ്ഞി വഴിയും ബസ്സുണ്ട്. പെട്ടെന്നാണ്, നിരവധി വാഹനങ്ങള്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്തത് കണ്ടത്. പോലീസിന്റെ ഒരു വ്യൂഹവും!!

(തുടരും...)

Wednesday, November 14, 2018

നെഹ്രുത്തൊപ്പിയും എന്റെ തോണിയും

"ഉപ്പച്ചീ... എനിക്കൊരു തൊപ്പി വേണം ... " ജോലി കഴിഞ്ഞ് വീട്ടിലെത്തിയ എന്നെ, ലൂന മോൾ സ്വീകരിച്ചത് ഈ ആവശ്യത്തോടെയായിരുന്നു.

"അബാ ...ലബ് ഗുല് ലുക് ബുലും... ഗുലു ബുക് ലുബ് ഗും ...." അവളെ ചൂണ്ടിക്കൊണ്ട് രണ്ടര വയസ്സ് കാരനും അവന്റെ ഭാഷയിൽ എന്നോട് പറഞ്ഞു.

"ഓ കെ.... "  ദേശീയ ഗെയിംസിന്റെ ക്യാപുകളും NSS - ന്റെ വിവിധ തരം തൊപ്പികളും സ്റ്റോക്കുള്ളതിനാൽ ഞാൻ ധൈര്യമായി പറഞ്ഞു.

" പക്ഷെ ... നിങ്ങളെ ലൊട്ടു ലൊടുക്ക് തൊപ്പിയൊന്നും പറ്റില്ല."

"പിന്നെ?"

" ചാച്ചാജി തൊപ്പി.... ശിശുദിന പരിപാടിക്ക് വേണ്ടിയാ... ''

"അയ്യോ... അത് ...അതിപ്പോ കടലാസ് കൊണ്ടുണ്ടാക്കേണ്ടേ?"

"ആ... ഉണ്ടാക്കണം"

"ഒരു കാര്യം ചെയ്യാം... നമുക്ക് ഒരു കടലാസ് തോണിയുണ്ടാക്കാം. അത് തലയിൽ കമഴ്ത്തി വച്ചാൽ തൊപ്പിയായി " ഞാൻ ഒരു ഐഡിയ പറഞ്ഞ് കൊടുത്തു.

" എങ്ങനെയായാലും വേണ്ടില്ല. നാളെ എനിക്ക് തൊപ്പി കിട്ടണം.. "

"ങാ......ഏറ്റു....."

ഇന്ന് രാവിലെ എണീറ്റ് വലിയൊരു ചാർട്ട് പേപ്പർ കീറി ഞാൻ ഒരു തോണിയുണ്ടാക്കി. അത് മോളെ തലയിൽ കമഴ്ത്തി ഭാര്യയുടെ അഭിപ്രായം തേടി.

" നെഹ്രുത്തൊപ്പിയുടെ മുൻഭാഗം ഇങ്ങനെയല്ല " - എന്നെ വെട്ടിലാക്കിക്കൊണ്ട് അവളുടെ അഭിപ്രായം വന്നു. അതോടെ മകളുടെ മുഖത്തെ സന്തോഷവും മാഞ്ഞു.വൈകാതെ, പ്രത്യേകിച്ച് ധാരണ ഇല്ലെങ്കിലും പേപ്പർ കീറി ഒട്ടിച്ച് തൊപ്പി ഉണ്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഇന്ന് ജില്ലാ യുവജനോത്സവത്തിൽ ഹിന്ദി ഉപന്യാസ രചനയിൽ പങ്കെടുക്കാൻ വേണ്ടി ഇന്റർനെറ്റിൽ തപ്പിക്കൊണ്ടിരുന്ന ലുഅ മോൾ എന്റെ പാരവശ്യം കണ്ടു.നെറ്റിൽ  ഒറ്റ ക്ലിക്.... നെഹ്രുത്തൊപ്പി ഉണ്ടാക്കുന്ന വീഡിയോ അതാ മുന്നിൽ തെളിഞ്ഞു.ഞാൻ തോണിയുണ്ടാക്കിയ അതേ പേപ്പർ വാങ്ങി വീഡിയോയിൽ കണ്ട പോലെ തന്നെ ചെയ്ത്, 5 മിനുട്ടിനുള്ളിൽ അവൾ നെഹ്രുത്തൊപ്പി റെഡിയാക്കി - അതാണ് ന്യൂ ജെനിന്റെ ഉടനടി പരിഹാരം !!

തലയിൽ നെഹ്രുത്തൊപ്പിയും മുറ്റത്തെ റോസാ ചെടിയിൽ നിന്ന് നെഞ്ചത്ത് ഒരു റോസാപൂവും ചാർത്തി സന്തോഷത്തോടെ ലൂനമോൾ സ്കൂളിലേക്ക് യാത്രയായി. ഇന്ന് നാല്പത്തി രണ്ടാം ജന്മദിനമാണെന്ന് പറയപ്പെടുന്ന എന്റെ ഭാര്യ കാഴ്ചക്കാരിയായി അകത്തും നിന്നു.


Monday, November 12, 2018

നാടൻ പ്രേമം

               “എന്ന് നിന്റെ മൊയ്തീൻ” എന്ന സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ ഇതെന്ത് പേര് എന്ന് തോന്നിപ്പോയിരുന്നു. ആ പടം സൂപ്പർ ഹിറ്റ് ആയതോടെ എന്റെ നാടിന്റെ തൊട്ടടുത്ത ടൌൺ ആയ മുക്കവും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. അസാധാരാണമായ ഒരു പ്രേമകഥയാണ് “എന്ന് നിന്റെ മൊയ്തീൻ”. സിനിമ ഞാൻ കണ്ടില്ലെങ്കിലും സിനിമയിലെ യഥാർത്ഥ നായികയായ കാഞ്ചനമാല ചേച്ചിയെ പിന്നീട് ഒരവസരത്തിൽ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു.

              മുക്കത്ത് കൂടി ഒഴുകുന്ന ഇരുവഴിഞ്ഞി പുഴയിൽ ഉണ്ടായ തോണി അപകടവും അന്ന് ബി.പി.മൊയ്തീൻ എന്ന യുവാവ് നടത്തിയ സാഹസികതയും ചാലിയാർ പുഴയോരത്തുള്ള എന്റെ കുട്ടി മനസ്സിൽ എന്നോ ഇടം പിടിച്ചിരുന്നു.ആ മൊയ്തീൻ ആണ് ഈ മൊയ്തീൻ എന്നത് ഞാൻ മനസ്സിലാക്കിയത് സിനിമ കണ്ട ആരോ ആ മരണ രംഗം പറഞ്ഞപ്പോഴാണ്. ഏതായാലും മൊയ്തീനും കാഞ്ചനമാലക്കും  ഒപ്പം മുക്കവും ഇരുവഴിഞ്ഞി പുഴയും ലോകമലയാളികൾക്കിടയിൽ അറിയപ്പെട്ടു.

              സഞ്ചാര സാഹിത്യത്തിൽ അഗ്രഗണ്യനായ എസ്.കെ പൊറ്റക്കാട്ടിന്റെ ഒരു നോവൽ കണ്ണിൽ പെട്ടപ്പോൾ ഞാൻ അതിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു. മുക്കത്തെ ഇരുവഴിഞ്ഞി പുഴയുടെ പശ്ചാതലത്തിൽ അരങ്ങേറുന്ന മറ്റൊരു പ്രേമകഥയാണ് ‘നാടൻ പ്രേമം‘ എന്ന ആ നോവൽ. കോഴിക്കോട് നഗരത്തിലെ ധനാഢ്യനായ രവീന്ദ്രനും ഇരുവഴിഞ്ഞി പുഴയോരത്ത് താമസിക്കുന്ന നാടൻ പെൺ‌കുട്ടിയായ മാളുവും തമ്മിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നതും ഇണ ചേരുന്നതും പിരിയുന്നതും ആണ് കഥാതന്തു. 1941ലാണ് എസ്.കെ പൊറ്റക്കാട്ട് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്.
              പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ രവീന്ദ്രൻ ഇരുവഴിഞ്ഞി പുഴയോരത്ത് അജ്ഞാത വാസത്തിനെത്തി , മാളു എന്ന യുവതിയിൽ അനുരക്തനായി കാമവേഴ്ച നടത്തി ഒരു സുപ്രഭാതത്തിൽ തിരിച്ചുപോകുന്നതും മാളു ഒരാൺ‌കുട്ടിക്ക് ജന്മം നൽകുന്നതും പരോപകാരിയായ ഇക്കോരൻ എന്ന മദ്യപൻ മാളുവിനെ സംരക്ഷിക്കുന്നതും എല്ലാം ഒരു സിനിമ പോലെ തന്നെ വായനക്കാരന്റെ മനസ്സിലൂടെ കടന്നു പോകും. സന്താന സൌഭാഗ്യം കിട്ടാത്ത രവീന്ദ്രൻ, അവസാനം തന്റെ മകനെ കണ്ടെത്തുന്നതും അവനെ കൈവശപ്പെടുത്തുന്നതും വായനക്കാരന്റെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കും..

              പുത്ര വിരഹം മാളുവിനെയും ഇക്കോരനെയും ഇരുവഴിഞ്ഞി പുഴയിൽ അഭയം പ്രാപിക്കാനുള്ള തീരുമാനത്തിൽ എത്തിക്കുന്നത് വായനക്കാരനിൽ ഒരു നീറ്റൽ ഉണ്ടാക്കും. രവീന്ദ്രനുള്ള ബർട്ടൻ സായിപ്പിന്റെ അവസാനത്തെ കത്ത് വായിച്ചു കഴിയുമ്പോൾ കണ്ണുനീരോ നെടുവീർപ്പോ ഇല്ലാതെ പുസ്തകം അടച്ചു വയ്ക്കില്ല !

കൃതി  : നാടൻ പ്രേമം
രചയിതാവ് : എസ്.കെ പൊറ്റക്കാട്ട്
പ്രസാധകർ : മാതൃഭൂമി ബുക്സ്
വില  : 110 രൂപ

പേജ്  : 80
                

Saturday, November 10, 2018

"ബ്ലോക്ക് ചലഞ്ച് "

"ഹലോ... മാഷ് അല്ലേ?" ഫോണിന്റെ മറുതലക്കൽ നിന്നും അപരിചിതമായ  ഒരു ശബ്ദം.

"മാഷ് അല്ല;.. മാഷുടെ മകനാ"  ഞാൻ പറഞ്ഞു.

"ങാ.. നിങ്ങള് പണ്ടേ ഇങ്ങനെയാണല്ലോ...ഉരുളക്കുപ്പേരി സ്വഭാവം"

"പിന്നെ വിളിക്കാമോ? ഞാൻ ഒരു ബ്ലോക്കിലാ''

"അല്ലേലും മാഷ് എപ്പോഴും അവിടെയാണെന്ന് ഞങ്ങൾക്കറിയാം.''

"ങേ!! ഞാൻ എപ്പോഴും ട്രാഫിക് ബ്ലോക്കിലാണെന്നോ?"

"അതെ നല്ല ട്രാഫിക് ഉണ്ടെന്നും അറിയാം.. "

" ഛെ... ആരാദ് ? രാവിലെത്തന്നെ അന്തവും കുന്തവും ഇല്ലാത്ത വർത്തമാനം പറയുന്നത്!"

" അരീക്കോടൻ മാഷല്ലേ? നാളെ നവം: 10 ബ്ലോഗ് ചലഞ്ച് ദിനം"

" ഓ... ബ്ലോഗ് '''

ഞാൻ ഫോൺ കട്ട് ചെയ്തു. ട്രാഫിക് ബ്ലോക്കും തലമണ്ടയിൽ പെട്ടെന്നുണ്ടായ ബ്ലോക്കും നീങ്ങി.ഞാൻ ഉദ്ദേശിച്ച സ്ഥലത്ത് എത്തിയതും ഫോൺ വീണ്ടും ബെല്ലടിച്ചു.

"ആബിദ് മാഷ് അല്ലേ?"

"ആ...ആരാദ് ?"

" ഞാൻ സോഹൻലാൽ "
'
"ങേ! മോഹൻലാലോ?മോഹൻലാലിന്റെ ശബ്ദം ഇങ്ങനെയല്ലല്ലോ?''

"എന്റെ ശബ്ദത്തിന് മാറ്റമില്ല. ങാ... മാഷ് ഇപ്പോൾ എവിടെയാ?"

"ങേ! ഇത് ഡൂപ്ലിക്കേറ്റ് മോഹൻലാലല്ലേ ?സിനിമ കാണാത്ത എന്നെ വിളിച്ച് വിശേഷം തിരക്കുന്നത് .. "

"ഒറിജിനൽ തന്നെയാ... മാഷ് ഇപ്പോൾ എവിടെയാ?"

"ബ്ലോക്കിൽ "

" നിങ്ങളെന്താ അവിടെ നിന്ന് ഇറങ്ങാറേ ഇല്ലേ?"

"ങേ... ഞാൻ ഈ വർഷം ആദ്യമായിട്ടാ ഇവിടെ..."

" അപ്പോൾ പിന്നെ 1200 കവിഞ്ഞതോ?"

"1200 ? ഇന്നെന്താ എല്ലാരും കൂടി എന്നെയിട്ട് ഒരു മക്കാറാക്കൽ"

" 1200 പോസ്റ്റ് .... ബ്ലോഗിൽ "

"ഓ... ബ്ലോഗ് . ഞാൻ പറഞ്ഞത് ബ്ലോക്ക് ഓഫീസിലാന്നാ ''

"ങാ.... ഞാൻ മാഷെ കൂടെ പഠിച്ച സോഹൻലാൽ....ബ്ലോഗ് ചലഞ്ച് പൊടിക്കണം"

"ഓ... ഞമ്മളേറ്റു"

ഫോൺ വച്ച് തിരിഞ്ഞതും വീണ്ടും ഒരു അജ്ഞാതന്റെ വിളി.

"ഹലോ.... ബ്ലോഗ് ചലഞ്ച് പോസ്റ്റ് ഇടാം... ഒന്ന്  സ്വൈര്യം തരു .. " ഞാന്‍  ആദ്യം തന്നെ വെടിവച്ചു

"നിങ്ങൾ വാങ്ങാൻ ഏൽപ്പിച്ച  കുട്ടികളുടെ ബിൽഡിംഗ് ബ്ലോക്ക് എത്തിയിട്ടുണ്ട് " മറുപടി കിട്ടി

"ഓഹ്.... ഞാൻ വരാം "

ചലഞ്ച് കാരണം ഇനി അടുത്ത "ബ്ലോക്ക് " വരുന്നത് ശരീരത്തിലായിരിക്കും എന്നതിനാൽ ഞാൻ വേഗം ഫോൺ  സ്വിച്ച് ഓഫ് ചെയ്തു.

Monday, November 05, 2018

വേലുവേട്ടന്റെ റേഷന്‍ പീട്യ

                അപ്പായി ഏട്ടനും വേലു ഏട്ടനും ചങ്ങാതിമാരാണോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ രണ്ട് പേരെയും എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. നാട്ടിലെ ഒരു റേഷന്‍ പീടിക ആയിരുന്നു ഞങ്ങളെ മൂന്ന് പേരെയും കോര്‍ത്തിണക്കി ശത്രുക്കളാക്കിയത്. ‘ആ റേഷന്‍ പീട്യ അവിടെ ഇല്ലായിരുന്നെങ്കില്‍ ഈ ഏട്ടന്‍ ശത്രുക്കളുമുണ്ടാകുമായിരുന്നില്ല’ എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു.

             വേലു ഏട്ടന്റെ (വേലാണ്ടി എന്ന് ഞങ്ങള്‍ അടക്കം പറയും) റേഷന്‍ പീടികയില്‍ നിന്നായിരുന്നു ഞങ്ങള്‍ റേഷന്‍ വാങ്ങിയിരുന്നത്.
ചാക്കരിയും പച്ചരിയും എന്നിങ്ങനെ രണ്ട് തരം അരിയും എന്നെങ്കിലും അല്പം പഞ്ചസാരയും മാസത്തിലൊരിക്കെ ഒരു ലിറ്റര്‍ മണ്ണെണ്ണയും ആയിരുന്നു റേഷന്‍ പീട്യയില്‍ നിന്നും കിട്ടുന്ന സാധനങ്ങള്‍.
‘ചാക്കരി ആണെങ്കില്‍ വാങ്ങിയാല്‍ മതി’ എന്ന നിര്‍ദ്ദേശത്തോടെയാണ് തലയണയുടെ കവര്‍ ഊരിത്തന്ന് (അരിയിടാനുള്ള സഞ്ചി) ഉമ്മ ഞങ്ങളെ റേഷന്‍ പീട്യയിലേക്ക് അയക്കുന്നത്.

            റേഷന്‍ പീട്യയില്‍ എന്നും നല്ല തിരക്കായിരിക്കും.കളിക്കാന്‍ കിട്ടുന്ന വിലപ്പെട്ട സമയമാണ് റേഷന്‍ പീട്യയില്‍ പോകുന്നതിലൂടെ നഷ്ടപ്പെടുന്നത്. ആ സങ്കടം ഉള്ളിലൊതുക്കി റേഷന്‍ പീട്യയില്‍ ചെല്ലുമ്പോള്‍ അവിടെ കൊണ്ടോട്ടി നേര്‍ച്ചക്കുള്ള അത്രയും ആള്‍ക്കാരും ഉണ്ടാകും. ഊഴം അനുസരിച്ച് വിളിക്കാനായി കാര്‍ഡ് മേശപ്പുറത്ത് വയ്ക്കും. വരുന്നവര്‍ വരുന്നവര്‍ കാര്‍ഡ് അതിന് മുകളിലേക്ക് വയ്ക്കും. വേലാണ്ടി ആ അട്ടി ഒന്ന് മറിച്ച് ആദ്യം വന്നവന് ആദ്യം തന്നെ നല്‍കും.

             അട്ടി ക്രമാതീതമായി ഉയര്‍ന്നാല്‍ അത് സ്വയം മറിയും. അപ്പോള്‍ ഓര്‍ഡര്‍ ആകെ താറുമാറാകും. ആള് കൂടുതലാണെങ്കില്‍ അവസാനം വന്ന ആള്‍ കാര്‍ഡ് വയ്ക്കുമ്പോള്‍ ചെറുതായി ഒരു ബലം പ്രയോഗിക്കും. അതോടെ അട്ടി മറിയും.പിന്നെ എല്ലാവരും കാര്‍ഡ് വീണ്ടും വയ്ക്കണം. അതോടെ അവസാനം വന്ന ആള്‍ അഞ്ചാമനോ ആറാമനോ ആയി റേഷന്‍ വാങ്ങി പോകും !കാരണം പുതിയ അട്ടിയില്‍ അയാളുടെ കാര്‍ഡ് അത്രയും മുകളിലായിരിക്കും.

             കാര്‍ഡ് മേശപ്പുറത്ത് വച്ച് കാത്ത് നിൽക്കുമ്പോള്‍ പലപ്പോഴും, റേഷന്‍ പീട്യയുടെ തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയില്‍ കുത്തി ഇരിക്കുന്ന തട്ടാൻ അപ്പായി ചേട്ടന്റെ മോന്തയും ഞങ്ങളുടെ ചന്തിയും നേര്‍‌രേഖയില്‍ വരും. മുന്നില്‍ വച്ചിരിക്കുന്ന ചട്ടിയിലെ ഉമിത്തീയിലേക്ക് ഊതി ഊതി തുലഞ്ഞ് തല നേരെയാക്കുമ്പോഴായിരിക്കും ഈ ചന്തി-മോന്താ നേര്‍‌രേഖാ വരവ്. ദ്വേഷ്യം കൊണ്ട് ,  അതുവരെ ഉമിത്തീയില്‍ വച്ചിരുന്ന കൊടിലു കൊണ്ട് അപ്പായി ഏട്ടന്‍ ചന്തിക്ക് ഒന്ന് തരും.പൊള്ളുന്ന ചന്തിയും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെടും. അതാണ് അപ്പായി ഏട്ടനും ഞാനും മിത്രങ്ങളാകാതിരിക്കാന്‍ കാരണം.

            ഈ പരീക്ഷണങ്ങള്‍ എല്ലാം കഴിഞ്ഞ് വേലാണ്ടി കാര്‍ഡ് വിളിച്ചാല്‍ ആദ്യത്തെ ചോദ്യം അരി എത്ര വേണം എന്നാണ്.തലയില്‍ ഏറ്റാന്‍ പറ്റുന്ന ഒരു അളവ് പറയുന്നതിന്റെ മുമ്പ് ഞങ്ങള്‍ ചോദിക്കും - “ചാക്കരിയോ പച്ചരിയോ?”

“രണ്ടും ചാക്കിലാണ് വരുന്നത് “ ഞങ്ങളെ കുഴക്കിക്കൊണ്ട് വേലാണ്ടി മറുപടി തരും.

          ചാക്കില്‍ വരുന്നത് ചാക്കരിയും പച്ച നിറത്തിലുള്ളത് പച്ചരിയും (ചില അരിമണിയില്‍ ചാക്കിലെ പച്ച നിറം പിടിച്ചിരുന്നതാണ് അതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്) എന്നായിരുന്നു ഞങ്ങളുടെ ധാരണ. കിട്ടിയതും വാങ്ങി വീട്ടിലെത്തി ഉമ്മ പരിശോധിക്കുമ്പോഴാണ് കൊണ്ടുവന്നത് പച്ചരിയാണ് എന്ന് അറിയുക.പിന്നെ വേലാണ്ടി എങ്ങനെ ഞങ്ങളുടെ മിത്രമാകും?

            അങ്ങനെ വേലുവേട്ടനും അപ്പായി ഏട്ടനും എന്റെ ശത്രുമരങ്ങളായി വളർന്ന് വരുന്നതിനിടക്കാണ് ആനന്ദതുന്ദിലമായ ആ സംഭവം നടന്നത്. അന്ന് റേഷൻ പീട്യയിൽ മണ്ണെണ്ണ കൂടിയുള്ള ദിവസമായിരുന്നു. അരിയും മണ്ണെണ്ണയും ബില്ലാക്കിയവർ, അരി കിട്ടിയിട്ടും മണ്ണെണ്ണ കിട്ടാത്തതിനാൽ ക്യൂവിലായിരുന്നു. അരി തൂക്കിക്കൊടുക്കുന്ന അബുവിന് റോഡരികിൽ പാർക്ക് ചെയ്ത മണ്ണെണ്ണ വീപ്പയിൽ നിന്ന് അതും കൂടി നൽകുക എന്നത് പ്രയാസമായിരുന്നു. ആൾക്കാർ ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ വേലു ഏട്ടൻ സീറ്റിൽ നിന്ന് എണീറ്റു.കാർഡും വച്ച് കാത്ത് നിൽക്കുന്ന നമ്മൾ ഇനിയും നിൽക്കുക തന്നെ.ഞാൻ ഒരു നെടുവീർപ്പിട്ടു.

            വേലു ഏട്ടൻ നേരെ പോയത് മണ്ണെണ്ണ വീപ്പക്ക് അടുത്തേക്കാണ്. ഒരു പ്ലാസ്റ്റിക് കുഴൽ വീപ്പയിലേക്കിട്ട് മറ്റേ അറ്റത്ത് വായ കൊണ്ട് ശക്തിയായി ഉള്ളോട്ട് വലിക്കുമ്പോൾ, വീപ്പയിൽ നിന്നും മണ്ണെണ്ണ കയറി വരുന്നത് ഞങ്ങൾക്ക് ഒരു അത്ഭുത കാഴ്ചയായിരുന്നു. ഈ പണി എപ്പോഴും ചെയ്തിരുന്ന അബുവിന്റെ വായിൽ മണ്ണെണ്ണ കയറുന്നത് പതിവായിരുന്നു. കുഴൽ വീപ്പയിലേക്കിട്ട് വേലു ഏട്ടൻ  വായ കൊണ്ട് ശക്തിയായി ഉള്ളോട്ട് വലിച്ചു. എല്ലാ അതിർത്തി മര്യാദകളും ലംഘിച്ച് മണ്ണെണ്ണ വേലുവേട്ടന്റെ വായിൽ നിറഞ്ഞു. അതേ സമയത്തു തന്നെ, ചന്തി അതിർത്തി ലംഘിച്ചതിന് അപ്പായി ഏട്ടൻ കൊടിലുമായി എന്റെ പുറകെ കൂടി. ഞാൻ ഇറങ്ങി മണ്ണെണ്ണ വീപ്പക്കടുത്തേക്ക് ഓടി. അപ്പായി ഏട്ടൻ വീപ്പയുടെ നേരെ മുന്നിൽ എത്തിയതും വേലുവേട്ടൻ “ത്ഥൂ” എന്നൊരു തുപ്പ്. വേലുവേട്ടന്റെ വായിലെ സകലമാന സാധനങ്ങളും വായിൽ കയറിയ മണ്ണെണ്ണയും അപ്പായി ഏട്ടന്റെ മുഖത്ത് കൂടി പരന്നൊഴുകി.”ഠേ” എന്നൊരു ശബ്ദം ആര് ആരെ ആദരിച്ചതാണ് എന്ന് ഇന്നും എനിക്ക് അജ്ഞാതമാണ്. പിന്നീട് ഒരു മാസത്തേക്ക് ഞാൻ റേഷൻ പീട്യയുടെ നാലയലത്ത് പോലും പോയിട്ടില്ല.