Pages

Sunday, April 24, 2022

സുന്നത്ത് കല്യാണം

ഇസ്‌ലാം മതവിശ്വാസികളുടെ ഇടയിലുള്ള ഒരു പ്രധാന കർമ്മമാണ് സുന്നത്ത് കല്യാണം. ചേലാകർമ്മം എന്നാണ് മലയാളത്തിൽ ഇതിന്റെ പേര്. ആൺ കുട്ടികളുടെ  ലിംഗാഗ്രചർമ്മം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത്. മതം മാറി ഇസ്‌ലാമിലേക്ക് വരുന്ന പുരുഷന്മാർ നിർബന്ധമായും ചെയ്യേണ്ട ഒരു കർമ്മമായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കാറുണ്ട്.

വളരെ പുരാതനകാലം മുതലുള്ള ഒരു കർമ്മമാണ് ഇത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം തന്നെ ചേലാകർമ്മം ചെയ്യുന്നവരാണ്. പ്രാചീന കാലത്ത് ക്രിസ്ത്യാനികളും ചേലാകർമ്മം ചെയ്തിരുന്നു. ചില ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഡോക്ടർമാർ നിർദ്ദേശിക്കുന്നതിനാൽ ഇതര മതസ്ഥരും ചേലാകർമ്മം  ചെയ്യാറുണ്ട്. 

ചേലാകർമ്മം ചെയ്യാൻ പ്രത്യേകിച്ച് ഒരു പ്രായം നിശ്ചയിച്ചിട്ടില്ല. ഇസ്ലാം മത വിശ്വാസികൾ മതപഠനം തുടങ്ങുന്നത് മദ്രസകളിൽ ചേരുമ്പോഴാണ്. ഈ സമയത്ത് സുന്നത്ത് കല്യാണം കഴിഞ്ഞിരിക്കണം എന്നതാണ് നാട്ടു നടപ്പ്. അതായത് ഏഴ് / എട്ട് വയസ്സിനുള്ളിലാണ് മുസ്ലിംകളിൽ ചേലാകർമ്മം സാധാരണയായി നടത്തിയിരുന്നത്. 

ആധുനിക കാലത്ത് പ്രസവിച്ച്  ഏഴാം ദിവസം മുതൽ കുഞ്ഞുങ്ങളിൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. ഒരു ചെറിയ ശസ്ത്രക്രിയയിലൂടെയാണ് ഇത് നിർവ്വഹിക്കുന്നത്. പ്രായം കൂടുന്തോറും വേദന കൂടും എന്നതിനാലും ഇളക്കം സംഭവിച്ച് മുറിവുണങ്ങാൻ സമയം കൂടും എന്നതിനാലുമാണ് കുഞ്ഞു നാളിൽ തന്നെ ചേലാകർമ്മം ചെയ്തു വരുന്നത്. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലാകർമ്മം നിർവഹിച്ചതായി ബൈബിളിൽ പറയുന്നുണ്ട്.

പഴയ കാലങ്ങളിൽ ഒസ്സാൻ‌മാരായിരിന്നു ഈ കർമ്മം ചെയ്തിരുന്നത്. മുടിവെട്ട് തൊഴിലാക്കിയവരാണ് പൊതുവെ ഒസ്സാൻ എന്നറിയപ്പെടുന്നത്. പുരുഷൻമാരുടെ ചേലാകർമ്മം ഒസ്സാൻമാരും സ്ത്രീകളുടെ പ്രസവ ശുശ്രൂഷ ഒസ്സാത്തികളുമായിരുന്നു ചെയ്തിരുന്നത്. സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഇന്ന് മിക്കവരും ആശുപത്രിയിൽ വച്ചോ ക്ലിനിക്കിൽ വച്ചോ ആണ് ചേലാകർമ്മം ചെയ്യുന്നത്.

ഇന്നലെ എന്റെ ഏറ്റവും ചെറിയ മകൻ ലിദുവിന്റെ സുന്നത്ത് കല്യാണം കഴിഞ്ഞു. ആശുപത്രിയിൽ വച്ചായിരുന്നു ചേലാകർമ്മം നിർവ്വഹിച്ചത്. വെറും മുപ്പത് മിനുട്ട് കൊണ്ട് എല്ലാം കഴിഞ്ഞ് വീട്ടിലെത്തി. മുകളിലേക്ക് വലിച്ച് കെട്ടിയ ഒരു തുണിക്കടിയിൽ വിശ്രമിക്കാൻ കിടത്തിയപ്പോഴാണ് ഞങ്ങളുടെ പലരുടെയും സുന്നത്ത് കല്യാണത്തിന്റെ രസകരമായ ഓർമ്മകൾ മനസ്സിൽ തികട്ടി വന്നത്.


(തുടരും...)


Thursday, April 21, 2022

ശിലാവാടിക ഉദ്യാനം

പാലക്കാട് കോട്ടക്ക് സമീപമുള്ള ചിൽഡ്രൻസ് പാർക്കും ശിലാവാടിക എന്ന ഉദ്യാനവും ഞാൻ ആദ്യമായിട്ടാണ് സന്ദർശിക്കുന്നത്. കോട്ടയിൽ പോകുന്നതും ആദ്യമായതിനാലാവും ഇതിനെപ്പറ്റി നേരത്തെ അറിയാതിരുന്നത്. പാർക്കിന്റെ മുന്നിലെ കൗണ്ടറിൽ എത്തിയപ്പോഴാണ് അവിടെയും പ്രവേശന ഫീസ് ഉള്ളതായി അറിഞ്ഞത്.കുട്ടികൾക്ക് വേണ്ടിയാണെങ്കിലും മുതിർന്നവർക്ക് ഇരുപത്തഞ്ച് രൂപയും കുട്ടികൾക്ക് 15 രൂപയും ആണ് ഫീസ്.

പാർക്കിനകത്തേക്ക് കയറുന്ന കൂടുതൽ പേരും കുട്ടിപ്രായം കഴിഞ്ഞ് യുവത്വത്തിൽ എത്തിയവരായിരുന്നു. ആരുടെയും കൂടെ കുട്ടികളെ കണ്ടില്ലെങ്കിലും പലരുടെയും കൂടെ പെൺകുട്ടികളെ കണ്ടിരുന്നു.ശിലാവാടിക എന്ന 'മഹാസംഭവം' ഉള്ളതിനാലാവും ഇവരൊക്കെ ഇതിനകത്ത് കയറുന്നത് എന്നായിരുന്നു ഞാൻ ധരിച്ചത്. ശിലാവാടിക എന്ന പദം പോലും ഞാൻ അന്നാണ് ആദ്യമായി കേട്ടത്.ഇംഗ്ലീഷിൽ  എഴുതിയതിനാൽ ഞാൻ ആ പേര് വായിച്ചത് തന്നെ മറ്റെന്തോ ആയിട്ടായിരുന്നു.

പാർക്കിൽ പ്രവേശിച്ച ഉടനെ തന്നെ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന നിരവധി റൈഡുകളാണ് കാണാൻ കഴിയുക. സീസോയും ഊഞ്ഞാലും ഉതിരാം പാലവും വട്ടം കറക്കിയും എല്ലാം, കുടുംബ സമേതം വന്നവർ ആസ്വദിക്കുന്നുണ്ട്.ഞാനും എന്റെ ചെറിയ രണ്ട് മക്കളെയും സ്വതന്ത്രരാക്കി വിട്ട് അതിലെല്ലാം കയറി മറിയാൻ പറഞ്ഞു.കിട്ടിയ അനുവാദം മുതലെടുത്ത്, തിരക്ക് കുറഞ്ഞതും അവർക്ക് കഴിയുന്നതുമായ എല്ലാ റൈഡുകളിലും അവർ കയറിയിറങ്ങി ശരിക്കും ആസ്വദിച്ചു.

പാർക്കിന്റെ മറ്റു ഭാഗങ്ങൾ കാണുക എന്ന ലക്ഷ്യത്തോടെ ഞാനും കുടുംബവും മുന്നോട്ട് നീങ്ങി.ശിലാവാടിക എന്നൊരു ചൂണ്ടുപലക കണ്ട് ഞാൻ അങ്ങോട്ട് തിരിഞ്ഞു.അവിടെ കണ്ട ജീവനക്കാരനോട് ഞാൻ ഈ പേരിനെപ്പറ്റി ചോദിച്ചു. നാലഞ്ച് ശിൽപങ്ങളും ഒരു ഉദ്യാനവും ആണ് അതിനകത്ത് എന്ന് അയാൾ പറഞ്ഞു.

കുട്ടികളെയും കൊണ്ട് ഒരിക്കലും കയറാൻ പാടില്ലാത്ത ഒരു സ്ഥലത്താണ് എത്തിയതെന്ന് അല്പം മുമ്പോട്ട് നീങ്ങിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഉദ്യാനത്തിന് അതിരിടുന്ന മരങ്ങളുടെ ചുവട്ടിലെല്ലാം ശിൽപം കണക്കെ പുറം തിരിഞ്ഞ് നിൽക്കുന്ന യുവാക്കൾ! എല്ലാവരും ബദ്ധ ആലിംഗനത്തിലാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.ചില മരത്തിന്റെ ചുവട്ടിൽ  കുട ചൂടി തിരിഞ്ഞ് ഇരിക്കുന്നവരുണ്ട്.അവർ അൽപം മറഞ്ഞ് ചെയ്യുന്നു എന്ന് മാത്രം. എല്ലാ തണലിലും സീറ്റിലും ജോഡികളുടെ പ്രണയ ലീലകൾ മാത്രമായിരുന്നു കണ്ടത്.

പ്രവേശന കൗണ്ടറിൽ കണ്ട യുവാക്കളുടെ തിരക്ക് എന്ത് കൊണ്ട് എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.കുടുംബ സമേതം ,കൂടുതൽ സമയം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തിരിച്ചറിഞ്ഞതിനാൽ ഞങ്ങൾ പാർക്കിന് പുറത്തിറങ്ങി. പാലക്കാടിന്റെ ചൂട് അലോസരപ്പെടുത്താൻ തുടങ്ങിയതിനാൽ  ഞങ്ങൾ നാട്ടിലേക്ക് തന്നെ മടങ്ങി.

Monday, April 18, 2022

പാലക്കാട് കോട്ട

പാലക്കാട്ടെ കോട്ട മൈതാനത്തെപ്പറ്റി മുമ്പേ എനിക്ക് കേട്ടറിവുണ്ട്. എന്നാൽ ഇത് ഒരു കോട്ടയുടെ ഭാഗമായി ഉള്ള മൈതാനമാണ് എന്നത്, പാലക്കാട് അധികം പോകാത്തതിനാൽ തിരിച്ചറിഞ്ഞിരുന്നില്ല.മൂത്ത മകൾ ലുലുവിനെ ജമ്മുവിലേക്കു യാത്ര അയക്കാനായി പാലക്കാട് എത്തിയപ്പോഴാണ് പ്രസ്തുത കോട്ടയിലും ഞങ്ങൾ ആദ്യമായി സന്ദർശനം നടത്തിയത്.

പാലക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്  തന്നെ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കോട്ടയാണ് ടിപ്പുവിന്റെ കോട്ടയെന്നറിയപ്പെടുന്ന പാലക്കാടന്‍ കോട്ട. 1766 ല്‍ ഹൈദരാലിയാണ് പാലക്കാട് കോട്ട പണികഴിപ്പിച്ചത്.പിന്നീട് ബ്രിട്ടീഷുകാരും ഹൈദരാലിയും മാറി മാറി കോട്ട കീഴടക്കി വച്ചു. മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം കോട്ട പൂർണ്ണമായും അധീനപ്പെടുത്തുകയും 1790 ല്‍ പുതുക്കി പണിയുകയും ചെയ്തു. ഇപ്പോള്‍  ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ കോട്ട.

രാവിലെ 08.00 മണി മുതല്‍ വൈകുന്നേരം 06.00 മണിവരെ കോട്ട സന്ദർശിക്കാം.ഇരുപത്തി അഞ്ച് രൂപയാണ് സന്ദർശന ഫീസ്. പാലക്കാട് സബ് ജയില്‍ കോട്ടയ്ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്.കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് തന്നെ ഒരു ഹനുമാൻ ക്ഷേത്രവും ഉണ്ട്.അതിന്റെ സൈഡിലൂടെയേ കോട്ടക്കകത്തേക്ക് പോകാൻ സാധിക്കൂ. 

കോട്ടക്ക് ചുറ്റുമുള്ള കിടങ്ങിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്.ഈ തോടിന് കുറുകെയുള്ള പാലം കടന്ന് വേണം കോട്ടവാതിലിൽ എത്താൻ.പാലത്തിൽ നിന്നും താഴേക്ക് നോക്കിയാൽ നിരവധി മൽസ്യങ്ങളെയും ആമകളെയും കാണാം.ഇവയ്ക്ക് തീറ്റ ഇട്ടു കൊടുക്കുന്നത് സന്ദർശകരുടെ ഒരു ഹോബിയാണ്.

എല്ലാ കോട്ടകളിലെയും പോലെ പടർന്ന് പന്തലിച്ച് നിൽക്കുന്ന മാവുകളും മറ്റു മരങ്ങളും കോട്ടക്കകത്ത് തണൽ വിരിക്കുന്നു.തണലിൽ വിശ്രമിക്കാനായി ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.കോട്ടക്ക് മുകളിലേക്ക് കയറി ചുറ്റും നടന്ന് കാണാനുള്ള സൗകര്യവും ഉണ്ട്.നല്ല വെയിൽ ആയതിനാൽ ഞങ്ങൾ മുഴുവൻ നടന്നില്ല.പൊള്ളുന്ന വെയിലിൽ സൊള്ളുന്ന കമിതാക്കളെ നിരവധി കാണാം.സഞ്ചാരികൾക്കായി മുതുക് വളച്ച് നിൽക്കുന്ന ഒരു മാവിൽ കയറി ഇരുന്ന് അൽപ സമയം ഞങ്ങളും പാലക്കാടൻ കാറ്റ് ആസ്വദിച്ചു.

കോട്ടക്ക് പുറത്തായി തൊട്ടടുത്ത് തന്നെ ഒരു ചിൽഡ്രൻസ് പാർക്കും ഉണ്ട്. കുട്ടികൾക്ക് ഒരു എണ്ടർറ്റെയിൻമെന്റിനായി കോട്ടക്ക് പുറത്തിറങ്ങിയ ശേഷം ഞങ്ങൾ അങ്ങോട്ട് നീങ്ങി.

(തുടരും...)


Sunday, April 17, 2022

കടിഞ്ഞൂൽ വ്രതം

നോമ്പ് കാലം വരുന്നത് കുട്ടിക്കാലത്തേ ഞങ്ങൾക്ക് വളരെ ഹരമായിരുന്നു. വലിയ മൂത്താപ്പയുട വീട്ടിലും വല്യുമ്മയുടെ വീട്ടിലും, ഞങ്ങളുടെ കോളനിയിലെ മുഴുവൻ ആൾക്കാരെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള  നോമ്പ് തുറ സൽക്കാരം ഉണ്ടാകും എന്നതാണ് അതിന് ഏറ്റവും പ്രധാന കാരണം. രണ്ടാമത്തെ കാരണം കോഴിക്കറി കൂട്ടി പൊറോട്ട കഴിക്കാം എന്നതാണ്. കുട്ടികളായിരുന്ന ഞങ്ങൾ എല്ലാവരും വളർന്നതും വല്യുമ്മയുടെയും മൂത്താപ്പയുടെയും മരണവും വർഷത്തിലൊരിക്കൽ നടന്നിരുന്ന ആ സംഗമങ്ങൾക്ക് അറുതി വരുത്തി.

ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ഞങ്ങളിൽ പലർക്കും നോമ്പ് എടുക്കാനുള്ള സമ്മതം കിട്ടിയിരുന്നത്. റമദാനിലെ മുപ്പത് ദിവസവും നോമ്പ് എടുക്കാനുള്ള സമ്മതം ലഭിച്ചത് എന്ന് മുതലാണെന്ന് എനിക്ക് ഒരു ഓർമ്മയും ഇല്ല. അപ്പോൾ പിന്നെ ആദ്യത്തെ നോമ്പെടുത്ത ദിവസത്തെപറ്റി ഓർമ്മയുടെ ഒരു അറയിലും പരതാനില്ല.

കുട്ടികൾക്ക് നോമ്പ് പിടിക്കൽ നിർബന്ധമില്ല. പക്ഷെ, ഇസ്ലാമിലെ പ്രധാനപ്പെട്ട ഒരു ആരാധനാ കർമ്മം എന്ന നിലയിൽ കുട്ടികൾക്ക് ചില പരിശീലനങ്ങൾ നൽകാറുണ്ട്. സുബഹ് ബാങ്കിന് മുമ്പു് എന്തെങ്കിലും ഭക്ഷണം കഴിക്കാനും സുബഹ് നമസ്കാരം നിർവഹിക്കാനും ആണ് പ്രധാനമായും പരിശീലിപ്പിക്കാറ്. പകൽ മുഴുവനായുള്ള വ്രതം ബുദ്ധിമുട്ടായതിനാൽ ഉച്ചവരെ അന്നപാനീയങ്ങൾ ഒഴിവാക്കാനും ശേഷം ഭക്ഷണം കഴിക്കാനും അനുവദിക്കാറാണ് പതിവ്. ക്രമേണ ക്രമേണ ഒരു ദിവസം മുഴുവൻ വ്രതം എടുക്കാൻ അവർ സന്നദ്ധരാവും.

എന്നാൽ ഈ പതിനഞ്ചാം തിയ്യതി ആറ് വയസ്സ് പൂർത്തിയാക്കിയ എന്റെ ഏറ്റവും ചെറിയ മോൻ അതിനും പത്ത് ദിവസം മുമ്പ് യാതൊരു മുൻ പരിശീലനവും ഇല്ലാതെ അവന്റെ കടിഞ്ഞൂൽ വ്രതം പൂർത്തിയാക്കി. കൂട്ടിന് അനിയന്റെ ഏഴ് വയസ്സ്കാരനും ആദ്യ നോമ്പ് കാരനായി ഉണ്ടായിരുന്നു. ബർത്ത് ഡേക്ക് പിറ്റേന്ന്, വീണ്ടും ഒരു വ്രതം കൂടി പൂർത്തിയാക്കി ലിദു മോൻ ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു. 

നോമ്പ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണ്. മകൻ അതിൽ ശുഭാരംഭം കുറിച്ചതിൽ മാതാപിതാക്കളായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.


Friday, April 15, 2022

ഒരു പാലക്കാടൻ നോമ്പ് തുറ

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറിയ ശേഷമുള്ള ആദ്യത്തെ നോമ്പ് കാലമാണ് ഇത്തവണത്തേത്. ഇതിന് മുമ്പ് വീട്ടിൽ നിന്നകന്ന് നിന്ന് ഒര് നോമ്പ് കാലമുണ്ടായത് വയനാട്ടിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു. വളരെ രുചികരമായ ഭക്ഷണം ഒരുക്കിത്തന്ന അബ്ദുല്ലാക്കയുടെ കട പിന്നീടുള്ള വയനാട് യാത്രകളിലും സന്ദർശിക്കാൻ ഞാൻ മറന്നിരുന്നില്ല.

കോളേജിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തുള്ള കൂട്ടിലക്കടവ് ജുമാ മസ്ജിദിൽ ആയിരുന്നു പാലക്കാട്ടെ എന്റെ ആദ്യ നോമ്പ്തുറ. മറ്റ് പള്ളികളിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള വലിയൊരു ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. എന്റെ  കോളേജിലെ തന്നെ കുട്ടികളും ധാരാളമുണ്ടായിരുന്നു. 

സംഘാടകരുടെ നിർദ്ദേശമനുസരിച്ച് ഞാനും   ഷൈൻ സാറും ഓരോ സ്റ്റൂളിൽ ഇരുന്നു. അൽപ സമയത്തിനകം തന്നെ ഒരു കപ്പ് നാരങ്ങാ വെള്ളവും ഒരു കപ്പ് റവപ്പായസവും ഒരു സമൂസയും ആരോ ഞങ്ങളുടെ മുമ്പിൽ വച്ചു. പിന്നാലെ ഓരോ ഈത്തപ്പഴവും കൊണ്ട് വന്നു.

മഗ്‌രിബ് ബാങ്ക് വിളിച്ചതും എല്ലാവരും ബിസ്മി ചൊല്ലി കാരക്ക തിന്നും  വെള്ളം കുടിച്ചും  നോമ്പിന് വിരാമമിട്ടു. സമൂസയും പായസവും കൂടി ഭക്ഷിച്ച് ഗ്ലാസ് കഴുകി വച്ച ശേഷം എല്ലാവരും നമസ്കാരത്തിനായി പള്ളിയിൽ പ്രവേശിച്ചു.

നമസ്കാരാനന്തരമാണ് ഇന്നത്തെ തിരക്കിന്റെ യഥാർത്ഥ കാരണമറിഞ്ഞത്. മറ്റ് പള്ളികളിൽ നിന്നും വിഭിന്നമായി ഇവിടെ അന്നദാനവും ഉണ്ട്. പത്തിരിയോ പൊറോട്ട യോ ആണ് സാധാരണ ഉണ്ടാവാറ്. ബട്ട്, അന്ന് ചിക്കൻ ബിരിയാണി ആയിരുന്നു ഭക്ഷണം. പള്ളിയിൽ കൂടിയ എല്ലാവർക്കും ഭക്ഷിക്കാനുള്ള അത്രയും ബിരിയാണി വലിയൊരു ചെമ്പിൽ തയ്യാറാക്കി വച്ചിരുന്നു. ഒരു സ്റ്റീൽ പാത്രത്തിൽ നിറച്ച ശേഷം ഓരോ  പ്ലേറ്റിലേക്കും കുത്തിയ ബിരിയാണി  പഴയ കല്യാണ വിരുന്നുകളെ ഓർമ്മിപ്പിച്ചു.

അന്യ നാടും നാട്ടുകാരും ആണെങ്കിലും ഞങ്ങൾക്കത് അനുഭവപ്പെട്ടതേയില്ല. മാത്രമല്ല എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാഫ് ആണെന്നറിഞ്ഞ് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്തു. അങ്ങനെ പാലക്കാട്ടെ എന്റെ ആദ്യ നോമ്പ് തുറ അതീവ ഹൃദ്യമായി. ദൈവത്തിന് സ്തുതി.