Pages

Tuesday, January 29, 2008

അബുവിന്റെ മടക്കയാത്ര

അബുവും കോയാക്കയും അര്‍മാന്‍ മോല്യാരും സൈതാലിയും മക്കാനിയിലേക്ക്‌നടന്നു. "ആയിശോ.....ആ.....യിശോ......കട്‌പ്പത്ത്‌ല്‌* നാല്‌ ചായ....." കോയാക്കഭാര്യയോട്‌ വിളിച്ച്‌ പറഞ്ഞു. "ഇതാ .....പ്പം റെഡി" "പിന്നെ.....നിങ്ങള്‌ രണ്ടാളും കൂടി കൊറച്ച്‌ നേരം ഒന്ന് വിശ്രമിക്കി....ഞാനും അബും കൂടി സാധനങ്ങളൊക്കെ പെട്ടീലാക്കട്ടെ..." മോല്യാരെ നോക്കികോയാക്ക പറഞ്ഞു. "ആ....ഞ്‌* ഒന്ന് സൊകായി* മയങ്ങണം..."അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "അതെന്നെ....വൈന്നേരം വരെ സമയണ്ടല്ലോ......അതാ...ആ മുറീക്ക്‌ കേറിക്കോളിന്‍..."മക്കാനിയിലെ ഒരു മുറി കാണിച്ചുകൊണ്ട്‌ കോയാക്ക പറഞ്ഞു. അബുവിനെയും കൂട്ടി കോയാക്ക അകത്തേക്ക്‌ പോയി.അര്‍മാന്‍ മോല്യാരും സൈതാലിയും തറയില്‍പാ വിരിച്ച്‌ കിടന്നു.താമസിയാതെ അവര്‍ കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. "അബോ....." കോയാക്ക വിളിച്ചു. "ഉം...എത്താ..." "നീ ഭാഗ്യവാനാ.." "എത്തെയ്നും" "കൊറേ കാര്യങ്ങള്‌ണ്ട്‌....നാട്‌ വിട്ട്‌ എത്ത്യേത്‌ നേരെ മൂത്താപ്പാന്റെ പീട്യേല്‌...പിന്നെ നെന്റെ കാര്യങ്ങള്‍ക്ക്‌ ഓടി നടക്ക്‌ണ ഒര്‌ മോല്യാര്‌...നാളെ നെന്നെ തിരിച്ച്‌ നാട്ട്‌ലേക്ക്‌ വ്‌ടാംന്ന് കര്‌തി ന്‌ക്കുമ്പം നെന്നിം തെരഞ്ഞ്‌ ആള്‌ ഇവടെ...." "മൂത്താപ്പാന്റെ അട്‌ത്ത്‌ എത്ത്യേതാ ന്റെ ബാക്യം*....അല്ലംദുലില്ല" "ഇനി നാട്ട്‌ പോയി തിരിച്ച്‌ വര്‌ണ്‌ല്ലെങ്കിലും മൂത്താപ്പാനെ ഓര്‍ക്കണം...മൂത്താപ്പാക്ക്‌ കുട്ട്യേള്‌ല്ലാത്ത സങ്കടം നീ വന്നപ്പം പോയീനു...നാളെ മൊതല്‌ ഈ മക്കാനീല്‌..." കോയാക്കയുടെ തൊണ്ടയിടറി വാക്കുകള്‍ മുറിഞ്ഞു. " മൂത്താപ്പ കര്യണ്ട...ഞാം നാട്‌ ബ്‌ടുംബം ഇമ്മിം* നൊലോള്‍ച്ചീനി*....നാട്ട്‌ ചെന്ന്‌ട്ട്‌ ഇമ്മാനോട്‌ കാര്യം പറഞ്ഞാല്‌ ഇമ്മ ന്നെ ങളെ അട്‌ത്ത്‌ക്കെന്നെ ബ്‌ടും..." "നെന്റെ ഉമ്മാനെ ഓര്‍ത്ത്‌ട്ടാ ഞാന്‍ നെന്നെ വിടുന്നത്‌...ആ ഉമ്മാക്കും ണ്ടാവും മോനെ കാണാന്‌ള്ള ആഗ്രഹം...പെറ്റമ്മിം പോറ്റമ്മിം ഒര്‌ക്കലും തുല്ല്യാവൂല..." "ഉം.." വര്‍ത്തമാനത്തിനിടയില്‍ കോയാക്കയും അബുവും സാധനങ്ങളെല്ലാം ഒരു തകരപ്പെട്ടിയിലാക്കി.വൈകുന്നേരമായപ്പോള്‍ മോല്യാരെയും സൈതാലിയെയും കോയാക്ക തന്നെ വിളിച്ചുണര്‍ത്തി.അബു കുളിച്ച്‌ പുതിയ വസ്ത്രമുടുത്ത്‌ ഒരുങ്ങി നിന്നിരുന്നു. "ആ....ഒറങ്ങ്യേപ്പം നല്ല സൊകം...ജ്ജ്‌ ഇത്രള്‍പ്പം* ഒര്‌ങ്ങ്യോ?" അബുവിനെ നോക്കി മോല്യാര്‍ ചോദിച്ചു. "സൈതാല്യേ...ന്നാ....പോവല്ലേ?" അര്‍മാന്‍ മോല്യാര്‍ സൈതാലിയോട്‌ ചോദിച്ചു. "ഇതാ അബൂന്റെ പെട്ടി..." കോയാക്ക പെട്ടി താങ്ങി എടുത്തു കൊണ്ടു വന്നു. "ആ സൈതാല്യേ...പെട്ടിട്‌ത്തോ...കോയാ....ഞമ്മള്‌ന്നാ പോയി ബെരട്ടെ...ദുആല്‌* ഞമ്മളിം പെട്‌ത്തണം.....അസ്സലാമലൈക്കും..." അര്‍മാന്‍ മോല്യാരും തലയില്‍ പെട്ടിയുമായി സൈതാലിയും മക്കനിയില്‍ ന്നിന്നിറങ്ങി. അബു കോയാക്കയെ നോക്കി.രണ്ട്‌ പേരുടെയും കണ്ണില്‍ നിന്ന് കണ്ണ്‌നീര്‍ കുത്തി ഒഴുകി.കോയാക്ക അബുവിനെമാറോട്‌ ചേര്‍ത്ത്‌ കെട്ടിപ്പിടിച്ച്‌ കരഞ്ഞു. "മോനേ....പോയി വാ...."കോയാക്ക പറഞ്ഞു. "അസ്സലമലൈക്കും..." അബു സലാം പറഞ്ഞിറങ്ങി. "വലൈകുമുസ്സലാം.." അബു നടന്ന് നീങ്ങുന്നതും നോക്കി മക്കാനിയുടെ തൂണില്‍ ചാരി നിന്ന് കോയാക്ക കണ്ണ്‌നീര്‍ തുടച്ചു. (തുടരും..) * * * * * * * * * * * * * * * * * * * കട്‌പ്പത്ത്‌ല്‍ = സ്ട്രോങ്ങ്‌ല്‌ ഞ്‌ = ഇനി സൊകായി = സുഖമായി ബാക്യം = ഭാഗ്യം ഇമ്മിം = ഉമ്മയും നൊലോള്‍ച്ചീനി = നിലവിളിച്ചിരുന്നു ഇത്രള്‍പ്പം = ഇത്ര എളുപ്പം ദുആല്‌ = പ്രാര്‍ത്ഥനയില്‍

Wednesday, January 23, 2008

ബൂലോക സൗഹൃദത്തിന്റെ തീവ്രത

ഡിസം:22 , രാത്രി 9 മണി.എന്റെ മൊബൈലില്‍ ഒരജ്ഞാത നമ്പര്‍ മിന്നിമറയാന്‍ തുടങ്ങി.പുലര്‍ച്ചെ 2 മണിക്ക്‌ ഹൈദരാബാദ്‌ ടൂര്‍ പുറപ്പെടാന്‍ വേണ്ടി അത്താഴം കഴിക്കുമ്പോഴാണ്‌ ഈ വിളി എത്തിയത്‌.ഞാന്‍ ഫോണെടുത്തു. "സാര്‍...ഞാന്‍ സതീശാണ്‌...ഹൈദരാബാദില്‍ നിന്ന്..!!!" "മൈ ഗോഡ്‌!!!" സന്തോഷം കൊണ്ട്‌ എന്ത്‌ പറയണമെന്നറിയാതെ ഞാന്‍ സ്തബ്ധനായി. ബൂലോകത്തെ പോസ്റ്റുകളിലൂടെ പരിചയപ്പെട്ട്‌ , മെയിലുകളിലൂടെ സൗഹൃദം പുതുക്കി , ഫോണിലൂടെ ഊട്ടിയുറപ്പിക്കാനൊരു വിളി - അതും നേരിട്ട്‌ ഇതുവരെ കാണാത്തവര്‍.മൂന്ന് മാസം മുമ്പ്‌ ഒരു നട്ടുച്ച നേരത്ത്‌ അപ്രതീക്ഷിതമായി ഏറനാടന്‍ വിളിച്ചപ്പോഴുണ്ടായ അതേ സന്തോഷവും അമ്പരപ്പും കൊണ്ട്‌ ഞാന്‍ വീര്‍പ്പുമുട്ടി. "സാര്‍ ....ഞാന്‍ മെയില്‍ ഇന്നാണ്‌ ചെക്ക്‌ ചെയ്തത്‌....സാര്‍ പുറപ്പെട്ടോ?" നല്ല പേള്‍സ്‌ വാങ്ങി വെയ്ക്കണം എന്ന എന്റെ ഒരു നേരമ്പോക്ക്‌ മെയിലിനെപ്പറ്റി സതീശ്‌ സൂചിപ്പിച്ചു. അല്‍പ നേരത്തെ സംസാരത്തിന്‌ ശേഷം സതീശ്‌ പറഞ്ഞു . "O K സാര്‍...വെല്‍കം ടു ഹൈദരാബാദ്‌....ഇനി ഇവിടെ വച്ച്‌ കാണാം..." ഫോണ്‍ വച്ചതിന്‌ ശേഷവും വിശ്വാസം വരാതെ ഞാന്‍ മൊബൈലിലേക്ക്‌ തന്നെ നോക്കി ഇരുന്നു. * * * * * * * ഡിസം:24 , രാവിലെ 9 മണി.ഞങ്ങള്‍ ഹൈദരാബാദില്‍ വണ്ടി ഇറങ്ങി.ഉടന്‍ ഞാന്‍ സതീശിനെ വിളിച്ചു. "സാര്‍ എത്തിയോ?" സന്തോഷത്തോടെ സതീശ്‌ ചോദിച്ചു. "അതേ..ഇപ്പോള്‍ എത്തി.." യാത്രയെപ്പറ്റിയും മറ്റും അന്വേഷിച്ചതിന്‌ ശേഷം സതീശ്‌ പറഞ്ഞു . "രാത്രി ഞാന്‍ സാര്‍ താമസിക്കുന്നിടത്ത്‌ വരാം.." വീണ്ടും ഞാന്‍ അല്‍ഭുതസ്തബ്ധനായിപ്പോയി.എന്നെ സ്നേഹം കൊണ്ട്‌ ഇങ്ങനെ വീര്‍പ്പുമുട്ടിക്കാന്‍ , ഇന്നത്തെ സൈബര്‍ യുഗത്തില്‍ , ഞാനിതുവരെ കാണാത്ത ഒരു സുഹൃത്ത്‌!!! അന്നത്തെ കറക്കം കഴിഞ്ഞ്‌ രാത്രി 9 മണിക്ക്‌ ഹോട്ടല്‍ ലോബിയില്‍ ഇരിക്കുമ്പോള്‍ സതീശ്‌ വീണ്ടും വിളിച്ചു. "സാര്‍....തിരിച്ചെത്തിയോ? എവിടെയെല്ലാം പോയി? ഞാനിപ്പഴാ കമ്പനിയില്‍ നിന്നും തിരിച്ചെത്തിയത്‌....ഇനി വരാന്‍ പറ്റും എന്ന് തോന്നുന്നില്ല....സാറും ക്ഷീണിച്ചിരിക്കുകയല്ലേ?" "ഇല്ല എനിക്ക്‌ പ്രശ്നമൊന്നുമില്ല... സതീശിന്‌ സാധിക്കുമെങ്കില്‍ ഇന്ന് തന്നെ വാ...ആശയെയും കൂട്ടാന്‍ മറക്കരുത്‌..." "സാര്‍ ഇന്ന് വിശ്രമിക്ക്‌...എന്റെ ഡ്രൈവര്‍ വെള്ളമടിച്ച്‌ ഉറങ്ങിക്കഴിഞ്ഞു...നാളെ നമുക്ക്‌ മീറ്റാം.." "O K സതീശ്‌...ഗുഡ്‌നൈറ്റ്‌.." അല്‍പം നിരാശയോടെ ഞാന്‍ പറഞ്ഞു. * * * * * * * ഡിസം 25 : റാമോജി ഫിലിം സിറ്റിയിലും N T R ഗാര്‍ഡനിലും കറങ്ങി രാത്രി ഒരു പഞ്ചാബി ഹോട്ടലില്‍ തന്തൂരി ചിക്കനുമായി മല്ലിടുമ്പോള്‍ സതീശിന്റെ ഫോണെത്തി. "സാര്‍....തിരിച്ചെത്തിയോ?" "ങാ..എത്തി.....ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്‌....സതീശ്‌ എവിടെയാ ഉള്ളത്‌?" "ഞങ്ങള്‍ അംബീസ്‌ കഫെയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാ....സാര്‍ ഭക്ഷണം കഴിച്ച്‌ സാവധാനം ഇറങ്ങിയാല്‍ മതി...ഞങ്ങള്‍ ലോഡ്ജില്‍ എത്താം..." ഞങ്ങളുടെ ലോഡ്ജിന്റെ തൊട്ടടുത്ത ഹോട്ടലില്‍ അവരെത്തി എന്നറിഞ്ഞപ്പൊള്‍ മനസ്സ്‌ സന്തോഷത്താല്‍ വീണ്ടും നിറഞ്ഞു.തന്തൂരി പെട്ടെന്ന് പൂര്‍ത്തിയാക്കി ഞാന്‍ ഗ്രൂപ്പിലെ മറ്റുള്ളവരോട്‌ പറഞ്ഞു. "ഹൈദരാബാദിലെ ഞാനിതുവരെ കാണാത്ത എന്റെ ഒരു സുഹൃത്ത്‌ എത്ത്യിട്ടുണ്ട്‌....ഞാന്‍ ലോഡ്ജില്‍ പോയി നോക്കട്ടെ..." "ഇതുവരെ കാണാത്ത സുഹൃത്തിനെ നീ എങ്ങനെ തിരിച്ചറിയും?" അവര്‍ക്കെല്ലാവര്‍ക്കും സംശയം. "നോ പ്രോബ്ലം....എന്റെ കഷണ്ടിയില്‍ അവര്‍ എന്നെ തിരിച്ചറിയും!!" ലോഡ്ജിന്റെ പോര്‍ച്ചിലേക്ക്‌ ചാര നിറത്തിലുള്ള ഒരു മാരുതി കാര് ‍സാവധാനം കയറുന്നത്‌ കണ്ടുകൊണ്ടാണ്‌ ഞാന്‍ അവിടെ എത്തിയത്‌.കാറില്‍ നിന്നും പുഞ്ചിരിയോടെ പുറത്തിറങ്ങിയ ആളെ ഹസ്തദാനം ചെയ്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു."ഹലോ സതീശ്‌..." "ഹലോ സാര്‍..." പുഞ്ചിരിയോടെ തന്നെ സതീശ്‌ പ്രത്യഭിവാദ്യം ചെയ്തു.പിന്നാലെ കാറില്‍ നിന്നും ആശയും പുറത്തിറങ്ങി.ബൂലോകത്തെ രണ്ട്‌ സഹയാത്രികരെ ആദ്യമായി നേരില്‍ കണ്ട നിര്‍വൃതിയില്‍ എന്ത്‌ പറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ സതീശ്‌ പറഞ്ഞു. "കാര്‍ പാസ്‌ ചെയ്തപ്പഴേ കഷണ്ടി ശ്രദ്ധിച്ച ഞാന്‍ ആശയോട്‌ പറഞ്ഞു...അതായിരിക്കും അരീക്കോടന്‍ സാര്‍ !!!" ശേഷം ഞങ്ങള്‍ റൂമിലെത്തി.എല്ലാവരും ഞങ്ങളുടെ അത്യപൂര്‍വ്വ സുഹൃദ്ബന്ധത്തില്‍ ആശ്ചര്യപ്പെട്ടു.സംസാരത്തിനിടെ "ഇതാ ഞങ്ങളുടെ പേള്‍സ്‌" എന്ന് പറഞ്ഞ്‌ ചിരിക്കുന്ന മുഖത്തോടെ ആശ ഹൈദരാബാദി സ്വീറ്റ്‌സ്‌ എന്റെ ഭാര്യ ലുബ്‌നക്ക്‌ കൈമാറി. ബൂലോകത്തെയും കേരളത്തിലെയും ഹൈദരാബാദിലെയും വിശേഷങ്ങള്‍ പങ്കുവച്ച്‌ നേരം പോയതറിഞ്ഞില്ല."സാര്‍...ഇനി ഞങ്ങളിറങ്ങട്ടെ..." സതീശ്‌ സൂചിപ്പിച്ചപ്പോള്‍ വിടപറയാന്‍ ദു:ഖം തോന്നി.അവര്‍ക്കായി ഞങ്ങള്‍ കരുതിയിരുന്ന കോഴിക്കോടന്‍ ഹല്‍വ കൈമാറിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു. "ഇത്‌ ഞങ്ങളുടെ നാടിന്റെ സ്പെഷ്യല്‍....ഇനി നാട്ടില്‍ വരുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കൂടി വരണം..." "ശരി സാര്‍....സമയമുണ്ടെങ്കില്‍ തീര്‍ച്ചയായും..." നിറപുഞ്ചിരിയോടെ ക്ഷണം സ്വീകരിച്ച്‌ സതീശും ആശയും ഇറങ്ങിയപ്പോള്‍ മനസ്സില്‍ ഒരു നോവനുഭവപ്പെട്ടു. ഹൈദരാബാദിലെ കാഴ്ചകളെക്കാളും പ്രസിദ്ധമായ ഹൈദരാബാദി ബിരിയാണിയുടെ രുചിയെക്കാളും എനിക്ക്‌ ഹൃദ്യമായത്‌, പരസ്പരം അതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഈ ബൂലോകസുഹൃത്തുക്കളുടെ സ്നേഹമസൃണമായ ആതിഥേയത്വമാണ്‌.ബൂലോക സൗഹൃദത്തിന്റെ തീവ്രമായ ഈ അനുഭവം ഹൈദരാബാദിനെക്കാളും എന്റെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കും.സ്നേഹത്തിന്റെ ഇത്തരത്തിലുള്ള തുരുത്തുകള്‍ ബൂലോകത്തു നിന്നും അപ്രത്യക്ഷമാകാതിരിക്കട്ടെ.

Wednesday, January 16, 2008

‍നൂറ്റൊന്ന് നില കെട്ടിടം

ടൗണിലെ കൂറ്റന്‍ കെട്ടിടത്തിന്‌ മുന്നിലെത്തി നമ്പൂരി ആശ്ചര്യപ്പെട്ട്‌ നിന്നു. "ഗംഭീരം.....ഗംഭീരം....ഇതെത്ര നില ണ്ടാ വ്വോ...?" നമ്പൂരി അറിയാതെ ചോദിച്ചുപോയി. "നൂറ്റൊന്ന് നിലയുണ്ട്‌ തിരുമേനീ...." നമ്പൂരിയുടെ ചോദ്യം കേട്ട ഒരു വഴിപോക്കന്‍ പറഞ്ഞു. "ഫ.....ഏഭ്യമ്മാര്‌....." "ങേ!!!അതെന്താ തിരുമേനീ അങ്ങിനെ പറയാന്‍...?" വഴിപോക്കന്‍ ആശ്ചര്യത്തോടെ ചോദിച്ചു. "നൂറ്‌ നെലണ്ടാക്കാനാവും ആ വിദ്‌ഃയാന്മാരോട്‌ പറഞ്ഞെ......ണ്ടാക്കി ണ്ടാക്കി കണക്കും തെറ്റിച്ച്‌ നൂറ്റൊന്ന് നെലായി.....ഇത്രേം വല്യൊര്‌ കെട്ടിടംണ്ടാക്ക്‌മ്പം നൂറ്‌ വരേങ്കിലും കൃത്യായി എണ്ണാന്‍ അറിയുന്നോരോട്‌ വേണ്ടേ പറ്യാന്‍......ഇപ്പോ ഒര്‌ നെല വെറുതേം ആയില്ലേ.....കഷ്ടം.....ശിവ....ശിവാ......"

Monday, January 07, 2008

കോയാക്കയും മോല്യാരും മുഖാമുഖം

അബുവും അര്‍മാന്‍ മോല്യാരും ദീര്‍ഘനേരം ആശ്ലേഷിച്ചു നിന്നു.അര്‍മാന്‍ മോല്യാരുടെയും അബുവിന്റെയും കണ്ണില്‍ നിന്ന് ചുടുകണ്ണീരൊഴുകി.അര്‍മാന്‍ മോല്യാര്‍ അബുവിന്റെ പുറത്ത്‌ തട്ടിക്കൊണ്ട്‌ വിളിച്ചു. " അബോ....പൊന്നുമോനേ....." അബു ഒന്നും മിണ്ടാതെ നിന്നു. അല്‍പസമയത്തിന്‌ ശേഷം അര്‍മാന്‍ മോല്യാര്‍ കോയാക്കയെ നോക്കിക്കൊണ്ട്‌ പറഞ്ഞു: "അസ്സലാമലൈക്കും" "വലൈകുമുസ്സലാം....ആരാ....മനസ്സ്‌ലായ്‌ല്ല..."കോയാക്ക പറഞ്ഞു. "ഞമ്മള്‌ അര്‍മാന്‍ മോല്യാര്‍.....അബു ഇന്റെ ഓത്തള്ളീലെയ്നി......ഓന്റെ ബാപ്പ പൂക്കോയ ഞമ്മളെ അട്‌ത്ത ചെങ്ങായിം*..." "ഉം" "ങളെ മക്കാനീലാ അബൂന്ന്‌ ഈ സൈതാല്യാ ഞമ്മക്ക്‌ ബീരം തെന്നത്‌.....ഓനിം തെരെഞ്ഞ്‌ ബെടെ ബെന്നപ്പം ങള്‌ രണ്ടാളും യൗട്‌ക്കോ പോയീണ്‌ന്ന് കേട്ട്‌.....ഞമ്മളാകെ പേട്ച്ച്‌ .....സൈതാലി പറഞ്ഞ കുണ്ടന്‍ ഞമ്മളെ അബൊന്ന്യാണോന്ന് ഒരു തംസ്യം.....ആകെപ്പാടെ ഒക്കെപ്പാടെ ഞമ്മള്‌ ഇത്രേം ദൂരം ബെന്നത്‌ ബാത്തിലായോ ന്ന് ഒര്‌ പേടിം....ഏതാലും ഇപ്പം സമാതാനായി...."അര്‍മാന്‍ മോല്യാര്‍ വാതോരാതെ പറഞ്ഞു. "ആ....." "അല്ല ....ചോയ്ച്ചാന്‍ മറന്ന്.....ങളെ പേരെത്താ...?" "കോയ...." "എത്ത്‌ കോയ...?ബെന്റെ ബാപ്പാന്റെ മാതിരി കോയന്റെ മുമ്പ്‌ലെത്തെങ്ക്‌ലും ണ്ടോ?" ചിരിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ഏയ്‌......കോയ ന്ന് മാത്രം..." "ഞമ്മള്‌ ബെന്റെ കല്യാണം ആലോയ്ച്ചാന്‍ കല്ലായ്‌ല്‌ പോയീനി......ഓന്റെ ബാപ്പ പൂക്കോയ കല്ലായ്ക്കാരനാ.....അന്ന് ഓന്റൊര്‌ മൂത്താപ്പാനെ കണ്ട്‌......ശരിക്കും ഒര്‌ ദജ്ജാല്‌*.....മൂപ്പരോട്‌ കാര്യം പറഞ്ഞ്‌ ഞമ്മള്‌ കുട്‌ങ്ങി.....ഓല്‌ക്ക്‌ അറിം പറിം ഒക്കെ മാണമ്ന്ന്......പെങ്കുട്ടിന്റെ പെരക്കാര്‍ക്ക്‌ണ്ടോ അയിന്റെ ബീരം...? മോല്യാര്‍ പറഞ്ഞു കൊണ്ടേ ഇരുന്നു. "ഉം" കോയാക്ക മൂളികേള്‍ക്കുക മാത്രം ചെയ്തു. "അന്ന് ഓന്റെ മൂത്താപ്പ പൂക്കോയന്റെ ബാക്ക്യായി ഒരാളിം കൂടി പറഞ്ഞീനി..." "ഉം" "കോയ്ക്കോട്ടൗട്യോ ചായ മക്കാനി നടത്താന്നാ പറഞ്ഞീന്യേ സ്വന്തം അന്‌സന്‍ യൗട്യാന്നും കൂടി അറ്യാത്ത ഒര്‌ കാരണോല്‌*.....ഇങ്ങനിം ണ്ടോ ഒര്‌ മന്‌സന്‍....?" "ആ....ഇങ്ങള്‌ മക്കാനി തൊടങ്ങീട്ട്‌ ഇമ്മിണി കാലായോ?" "ആ.....ഈ ശവ്വാലിലേക്ക്‌ പതിനഞ്ച്‌ കൊല്ലം...." "യാ....അള്ളാ.....അപ്പം ങളെ ഒര്‍ജ്‌നല്‍ നാടൗട്യാ....?" "കല്ലായി..." "ങ്‌ഹേ!!!കല്ലായ്‌യോ???" "ആ...കല്ലായി തന്നെ" "അപ്പം ഞമ്മള്‌ പറഞ്ഞെ പൂക്കോയനെ ങക്ക്‌ അറ്യയിക്കാരം*....." "അതെ....അറിയും...." "യാ....അള്ളാ.....ന്നട്ട്‌ എത്താ ങള്‌ എത്തും മുണ്ടാത്തെ*....?" "നിങ്ങള്‍ പറഞ്ഞെ പൂക്കോയ എന്റെ അനിയനാ...." "യാ....മുഹുയുദ്ദീന്‍ ശൈഖ്‌....ങളെ കാക്കാനെപ്പറ്റി ഞമ്മള്‌ പറഞ്ഞെല്ലം പിംബെലിച്ച്‌*...." "ആ.....അബു എന്റെ അനിയന്റെ മോനാന്ന് സംശയം തോന്ന്യപ്പളേ ഞാന്‍ സൈതാലിയോട്‌ സൂചിപ്പിച്ചിരുന്നു.....ഇപ്പോള്‍ അവന്‌ എന്നെ വിട്ടുപോകാന്‍ തോന്ന്‌ണ്‌ല്ല.അവന്റെ ഉമ്മാനെ കണ്ട ശേഷം അവനിഷ്ടം ള്ളപ്പോ തിരിച്ച്‌ വന്നാ മതീന്നാ ഞാന്‍ അവനോട്‌ പറഞ്ഞെ....നാളെ അവനെ അരീക്കോട്ട്‌ക്ക്‌ള്ള വണ്ടികയറ്റാന്‌ള്ള പരിപാടി ഇട്ടതാ...അപ്പഴാ നിങ്ങളും എത്തിയത്‌..." "അല്‍ഹംദുലില്ലാഹ്‌......ഇച്ച്‌ പെര്‌ത്ത്‌* സന്തോസായി.....അപ്പം പോക്ക്‌ നാളക്കാക്കണ്ട......ഓന്‍ ഇന്ന് ബൈന്നേരം തെന്നെ ഞമ്മളൊപ്പം പോന്നോട്ടെ....." (തുടരും) *********************** ചെങ്ങായി = ചങ്ങാതി ദജ്ജാല്‌ = ഭീകരജീവി കാരണോല്‌ = ജ്യേഷ്ഠന് ‍അറ്യയിക്കാരം = അറിയുമായിരിക്കും മുണ്ടാത്തെ = മിണ്ടാത്തത്‌ പിംബെലിച്ച്‌ = പിന്‍വലിച്ച്‌ പെര്‌ത്ത്‌ = വളരെ