Pages

Tuesday, June 30, 2009

ബാപ്പയും കുട്ടികളും.

2008 ജൂണ്‍ 30. ബാപ്പ മരിച്ചതിന്റെ പിറ്റേ ദിവസം.തലേന്ന് രാത്രി മരിച്ച ബാപ്പയുടെ മയ്യിത്ത്‌(മൃതദേഹം) പൊതുദര്‍ശനത്തിനായി വീടിന്റെ ഓഫീസ്‌ മുറിയില്‍ വച്ചിരിക്കുകയാണ്‌.ബന്ധുമിത്രാദികളും ,നാട്ടുകാരും ,ഞങ്ങള്‍ മക്കളുടെ കൂട്ടുകാരും അന്ത്യദര്‍ശനത്തിനായി വന്നു കൊണ്ടിരുന്നു.ഞാനും അനിയനും മയ്യിത്തിന്റെ തൊട്ടടുത്ത്‌ തന്നെ ഇരുന്നു. എട്ടുമണിയോടടുത്താണെന്ന് തോന്നുന്നു മൂത്തുമ്മയുടെ മകനും ഞങ്ങളുടെ തൊട്ട്‌ അയല്‍വാസിയുമായ അബ്ദുറഹ്മാന്റെ രണ്ടര വയസ്സുകാരനായ മകന്‍ റുമാന്‍ അവന്റെ പുതിയ കുടയുമായി കടന്നുവന്നത്‌.വെളുത്ത തുണിയില്‍ പുതപ്പിച്ച്‌ കിടത്തിയിരുന്ന ബാപ്പയുടെ ചുറ്റും, ഒരക്ഷരം മിണ്ടാതെ കൂടി നില്‍ക്കുന്ന ഞങ്ങളുടെ നില്‍പ്‌ എന്തിന്‌ എന്ന് മനസ്സിലാകാഞ്ഞിട്ടായിരിക്കും അവന്‍ ഒരടി മുന്നോട്ടോ പിന്നോട്ടോ വയ്ക്കാതെ വന്ന നില്‍പ്പില്‍ അവിടെ നിന്നു.ശേഷം ഇടവിട്ട്‌ ഞങ്ങളുടെ മുഖത്തേക്കും ബാപ്പയെ കിടത്തിയ കട്ടിലിലേക്കും മാറി മാറി നോക്കികൊണ്ടിരുന്നു. എന്നും രാവിലെ റുമാന്‍ ബാപ്പയെ കാണാന്‍ വരുമായിരുന്നു.വീട്ടില്‍ വരുന്ന എല്ലാ കുട്ടികള്‍ക്കും നല്‍കാനായി ബാപ്പ എന്നും കല്‍കണ്ടവും ഈത്തപ്പഴവും കരുതി വയ്ക്കാറുണ്ടായിരുന്നു.(മിഠായി കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌ ബാപ്പ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല.)അതിനാല്‍ തന്നെ ബാപ്പയെ കുട്ടികള്‍ക്കും കുട്ടികളെ ബാപ്പക്കും വളരെ ഇഷ്ടമായിരുന്നു.കേള്‍വി കുറവായിരുന്നതിനാല്‍ കുട്ടികള്‍ തിരിച്ച്‌ പറയുന്നതൊന്നും ബാപ്പ കേട്ടിരുന്നില്ല.എന്നാലും അവരുടെ മുഖത്തെ സന്തോഷം വായിച്ചെടുത്ത്‌ ചിരിച്ചുകൊണ്ട്‌ തന്നെ ബാപ്പ അവരെ എല്ലാവരേയും സലാം പറഞ്ഞ്‌ യാത്രയാക്കും. അന്നും റുമാന്‍ വന്നത്‌ അവന്‌ പുതിയതായി വാങ്ങിയ കുട ബാപ്പയെ കാണിക്കാനായിരുന്നു.കുട കാണിച്ച്‌ ബാപ്പയുടെ അടുത്ത്‌ നിന്നും അന്നത്തെ കല്‍കണ്ടവും ഈത്തപ്പഴവും വാങ്ങി തിരിച്ചുപോവാന്‍ വന്ന റുമാന്‍, ഒന്നും മിണ്ടാതെ വെളുത്ത തുണിയില്‍ മൂടിപ്പുതപ്പിച്ച്‌ കിടത്തിയ ബാപ്പയെ കണ്ട്‌ എന്ത്‌ ചെയ്യണമെന്നറിയാതെ നിന്ന ആ രംഗം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ഉള്ളില്‍ നിന്നും ഒരു ഗദ്ഗദം ഉയരുന്നു.

Monday, June 29, 2009

ആ ദിനം ഓര്‍മ്മിക്കുമ്പോള്‍....

2008 ജൂണ്‍ 29 ഞായറാഴ്ച.പതിവ്‌ പോലെ സുബഹി നമസ്കാരത്തിന്‌ ശേഷം ഞാന്‍ അല്‍പം കൂടി ഉറങ്ങി.ബാപ്പ പതിവ്‌ പോലെ ചൂലുമെടുത്ത്‌ മുറ്റത്തേക്കും ഇറങ്ങി.വീടിന്റെ ചുറ്റു ഭാഗവും അന്നും അദ്ദേഹം അടിച്ചുവാരി വൃത്തിയാക്കി.1991-ല്‍ സര്‍ക്കര്‍ സര്‍വ്വീസില്‍ നിന്നും ഹെഡ്‌മാസ്റ്ററായി വിരമിച്ച ശേഷം, വീട്ടില്‍ സര്‍വന്റ്സ്‌ വരുന്ന അപൂര്‍വ്വം ദിവസങ്ങളൊഴികെ എല്ലാ ദിവസവും ബാപ്പ തന്നെയായിരുന്നു ഈ കര്‍മ്മം ചെയ്തിരുന്നത്‌. രാവിലെ പ്രാതല്‍ കഴിച്ച ശേഷം ഞാനും കര്‍മ്മ പഥത്തിലേക്ക്‌ ഇറങ്ങി.പുതുതായി പണിതുകൊണ്ടിരിക്കുന്ന എന്റെ വീടിന്റെ അടുത്ത്‌ കൂട്ടിയിട്ടിരുന്ന മണല്‍ മഴയില്‍ ഒലിച്ചു പോകാതിരിക്കാന്‍ അതിന്‌ ചുറ്റും കല്ലെടുത്ത്‌ വയ്ക്കുന്ന പണിയായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്‌.എന്നാല്‍ പടവിന്റെ ആവശ്യത്തിനായി അതില്‍ നിന്നും മണല്‍ എടുത്തിരുന്നതിനാല്‍ മണല്‍ പരന്ന് കിടക്കുകയായിരുന്നു.അതിനാല്‍ ആദ്യം ഞാനത്‌ കൂട്ടി പിന്നീട്‌ ചെങ്കല്ല് ഓരോന്നായി കൊണ്ടു വന്ന് ചുറ്റും അടുക്കി വൃത്തിയാക്കി വച്ചു.ശേഷം ഞാന്‍, തൊട്ടപ്പുറം തന്നെ ഒരു കരുതല്‍ ശേഖരമായി വച്ചിരുന്ന ക്വാറി സാന്റും ഇതേ പോലെ കൂട്ടി.ചുറ്റും കല്ല് വയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ ബാപ്പ കുറേ ചെടിക്കമ്പുകളുമായി അവിടെ എത്തിയത്‌.അദ്ദേഹം അത്‌ എന്റെ വീട്ടിലേക്ക്‌ കയറുന്ന വഴിയുടെ അരികില്‍ ഉടനീളം നട്ടു.ഇതു കണ്ടപ്പോഴാണ്‌ ആ വേനലവധിക്ക്‌ മാനന്തവാടിയില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ ഞാന്‍ കൊണ്ടുവന്ന ഒരു മാവിന്‍ തൈ നടുന്നതിനെക്കുറിച്ച്‌ എനിക്ക്‌ ഓര്‍മ്മ വന്നത്‌.ഞാന്‍ അത്‌ നടാനായി തിരിഞ്ഞു.ഇതു കണ്ട ബാപ്പ എനിക്ക്‌ ചില ഉപദേശങ്ങള്‍ നല്‍കി.(അതിവിടെ). തൈ നട്ട്‌ ഞാന്‍ വീണ്ടും ക്വാറി സാന്റ്‌ കൂട്ടാനായി തിരിഞ്ഞു.ബാപ്പ എന്റെ അടുത്ത്‌ തന്നെ വന്ന് നിന്നു.ഞാന്‍ കല്ല് താങ്ങി കൊണ്ടു വരുന്നത്‌ സഹിക്കാന്‍ കഴിയാതെ അദ്ദേഹവും ഒരു വലിയ കല്ല് താങ്ങി കൊണ്ടുവന്നു.അത്രയും ഭാരം എടുക്കരുത്‌ എന്ന് ഞാന്‍ പ്രിയപിതാവിനോട്‌ സൂചിപ്പിച്ച പ്രകാരം അദ്ദേഹം പിന്നീട്‌ കല്ലെടുത്തില്ല,എന്റെ പണി നോക്കി നിന്നു.അവസാനം തീര്‍ത്തും ആവശ്യമില്ല എന്ന് എനിക്ക്‌ തോന്നിയ ഒരു സ്ഥലത്ത്‌ കല്ല് വയ്ക്കാന്‍ അദ്ദേഹം പറഞ്ഞു.വളരെ യാന്ത്രികമായി ഞാന്‍ അത്‌ അനുസരിച്ചു. സമയം ഉച്ചയോട്‌ അടുത്തിരുന്നു.എന്റെ പണി എകദേശം കഴിഞ്ഞിരുന്നു.അപ്പോഴാണ്‌ മുറ്റത്ത്‌ അടുക്കിവച്ച കല്ലുകള്‍ക്കിടയില്‍ ചില കാട്ടുചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത്‌ ബാപ്പ ശ്രദ്ധിച്ചത്‌. "അതും കൂടി അങ്ങ്‌ പറിച്ചുകള,പാമ്പ്‌ വന്ന് കൂടും" അത്ര നേരം ഞാന്‍ കണ്ടുകൊണ്ടിരുന്ന ആ അവസ്ഥയില്‍ എനിക്ക്‌ ഒന്നും തോന്നാഞ്ഞിട്ടും ബാപ്പ പറഞ്ഞ സ്ഥിതിക്ക്‌ ഞാന്‍ അതും അനുസരിച്ചു. അപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങിയിരുന്നു.ബാപ്പയുടെ, മുടിപോയ തലയില്‍ നിന്നും വിയര്‍പ്പും മഴത്തുള്ളികളും ഒഴുകാന്‍ തുടങ്ങി.അദ്ദേഹം എന്നോട്‌ ചോദിച്ചു. "നീ ഇന്ന് മാനന്തവാടിയില്‍ പോകുന്നില്ലേ?" "ങാ...മൂന്ന് മണിക്ക്‌ പോകണം..ഇന്‍ഷാ അള്ളാഹ്‌..." "എങ്കില്‍ ബാക്കി പണി ബാപ്പ നാളെ ചെയ്തോളാം....ഇന്ന് ഇത്ര മതി..." ഞാനും ബാപ്പയും പണി നിര്‍ത്തി ആയുധങ്ങളുമായി വീട്ടിലേക്ക്‌ കയറി. ഭക്ഷണത്തിന്‌ ശേഷം പതിവ്‌ പോലെ ഉച്ചക്ക്‌ രണ്ടര മണിക്ക്‌ ഞാനും ഭാര്യയും മക്കളും മാനന്തവാടിയിലേക്ക്‌ പുറപ്പെടാനായി ഒരുങ്ങി.ബാപ്പ അപ്പോള്‍ ഉറങ്ങുകയായിരുന്നു.ഉച്ച വരെ വെയിലും മഴയും കൊണ്ട്‌ ക്ഷീണിച്ചുറങ്ങുന്ന ബാപ്പയുടെ ഉറക്കം നഷ്ടപ്പെടുത്തേണ്ട എന്ന സദുദ്ദേശത്തോടെ ഞാന്‍ ബാപ്പയോട്‌ സലാം പറയാതെ ഇറങ്ങി(അതിന്റെ മനോ വേദന ഞാന്‍ ഇന്നും അനുഭവിക്കുന്നു). വൈകിട്ട്‌ എന്റെ പണിയെ അഭിനന്ദിച്ചുകൊണ്ട്‌ ബാപ്പ ഉമ്മയുടെ അടുത്ത്‌ പറഞ്ഞു. "ആബിദ്‌ ഇന്ന് എന്നെ തോല്‍പ്പിച്ചു കളഞ്ഞു.." ബാപ്പ ഇതു പറയുമ്പോള്‍ ഒന്നുമറിയാതെ ഞാന്‍ മാനന്തവാടിയിലേക്ക്‌ പോയിക്കൊണ്ടിരിക്കുകയായിരുന്നു. പതിവ്‌ പോലെ സന്ധ്യയോടെ ഞങ്ങള്‍ മാനന്തവാടിയിലെത്തി.മഅരിബ്‌ നമസ്കാരം കഴിഞ്ഞ്‌ ഭക്ഷണം പാകം ചെയ്തു.ഇശാ നമസ്കാരം കഴിഞ്ഞ്‌ ഭക്ഷണം കഴിച്ച്‌ ഞങ്ങള്‍ കിടന്നു.യാത്രക്ഷീണം കാരണം മക്കള്‍ പെട്ടുന്നുറങ്ങി.ഉറക്കത്തിലേക്ക്‌ വഴുതിക്കൊണ്ടിരുന്ന എന്നെ എന്റെ മൊബൈല്‍ പെട്ടെന്നുണര്‍ത്തി.ഫോണിലേക്ക്‌ നോക്കിയെങ്കിലും കണ്ണ്‍ ശരിക്കും തുറക്കാത്തതിനാല്‍ എനിക്ക്‌ ആരാണ്‌ വിളിച്ചത്‌ എന്ന് മനസ്സിലായില്ല.ഫോണ്‍ വച്ച്‌ ഞാന്‍ വീണ്ടും കിടന്നപ്പോള്‍ അത്‌ വീണ്ടും റിംഗ്‌ ചെയ്തു.ഞാന്‍ ഫോണെടുത്തു. "ഹലോ...ആബീ...ശരീഫാക്കയാണ്‌...നീ കിടന്നോ?" മൂത്തുമ്മയുടെ മകന്‍ ആണ്‌ വിളിച്ചത്‌.കമ്പ്യൂട്ടര്‍ പ്രവര്‍ത്തന സംബന്ധമായ കാര്യങ്ങള്‍ ഇടക്കിടെ ചോദിക്കാറുള്ളതിനാല്‍ അങ്ങിനെ എന്തെങ്കിലും ആവശ്യത്തിനായിരിക്കും എന്ന് കരുതി ഞാന്‍ പറഞ്ഞു. "ആ...എന്താ ശരീഫാക്കാ...ഞാന്‍ കിടന്നതേ ഉള്ളൂ..." "ആ...ബാപ്പാക്ക്‌ അല്‍പം സുഖമില്ലായ്മ .....നീ തിരക്ക്‌ കൂട്ടി പോരേണ്ട...സാവധാനം പോര്‌...ഇപ്പോള്‍ തന്നെ ഒരു..." പറഞ്ഞ്‌ മുഴുമിപ്പിക്കുന്നതിന്‌ മുമ്പ്‌ മറ്റൊരു മൂത്തുമ്മയുടെ മകനായ അബ്ദുറഹ്മാന്‍ പറഞ്ഞു: "സുഖമില്ലായ്മ അല്ല...എളാപ്പ മരിച്ചിരിക്കുന്നു!!!വണ്ടി കിട്ടുമെങ്കില്‍ നീ ഉടന്‍ പോര്‌...ഇല്ലെങ്കില്‍ ഇവിടെ നിന്നും വണ്ടി അയക്കാം..." തളര്‍ന്നുറങ്ങുന്ന മക്കളോടും ഭാര്യയോടും എന്ത്‌ പറയണമെന്നറിയാതെ ഹതാശയനായി ഞാന്‍ ഇരിക്കുമ്പോള്‍ ഫോണില്‍ നിന്നും വീണ്ടും റിംഗ്ടോണുകള്‍ ഉയര്‍ന്നു കൊണ്ടിരുന്നു. ആരേയും ബുദ്ധിമുട്ടിക്കാതേയും സ്വയം ബുദ്ധിമുട്ടാതേയും ബാപ്പ ഉദ്ദേശിച്ചരൂപത്തില്‍ തന്നെ അദ്ദേഹം നിര്യാതനായി.സാധാരണ യാത്ര പറയുമ്പോള്‍ എന്റെ മക്കള്‍ക്ക്‌ നല്‍കുന്ന ചുംബനവും സലാം പറയലും അന്ന് എന്റെ മക്കള്‍ക്കും എനിക്കും ലഭിച്ചില്ല എന്നതും യാത്ര പറയാന്‍ അവസരം ലഭിച്ചില്ല എന്നതും എന്റെ സ്വകാര്യ ദു:ഖമായി തുടരുന്നു.എങ്കിലും ദൈവത്തിന്റെ തീരുമാനം അതാണെന്ന നിലക്ക്‌ ഞാന്‍ സമാധാനം കൊള്ളുന്നു.അള്ളാഹു അദ്ദേഹത്തിന്റെ എല്ലാ തെറ്റുകളും മാപ്പാക്കി കൊടുക്കട്ടെ,ആമീന്‍.

Sunday, June 28, 2009

ബാപ്പയുടെ കത്ത്‌.

          എന്റെ പ്രിയപ്പെട്ട പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുന്നു.2006-ല്‍ ഞാന്‍ കുടുംബസമേതം മാനന്തവാടിയിലേക്ക്‌ താമസം മാറ്റിയപ്പോള്‍ എന്റെ മകള്‍ ലുലുവിന്‌ അദ്ദേഹം അയച്ച കത്താണിത്‌.മക്കളോടും കുടുംബത്തോടുമുള്ള അദ്ദേഹത്തിന്റെ വാല്‍സല്യവും സ്നേഹവും പ്രകടമാകുന്നതും ഉപദേശങ്ങള്‍ നിറഞ്ഞതുമായ ഈ കത്ത്‌ വായിച്ച്‌ അന്ന് എന്റെ കണ്ണ്‍ നിറഞ്ഞു.ഇന്ന് ഇത്‌ ഇവിടെ ടൈപ്‌ ചെയ്യുമ്പോഴും എന്റെ കണ്ണുകള്‍ ഈറനണിയുന്നു. അനുസ്മരണ സമ്മേളനമോ,ചരമദിനാഘോഷമോ,ആണ്ടോ ഇല്ലാതെ പ്രിയപിതാവിന്റെ മഗ്‌ഫിറത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ആ കത്ത്‌ അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ബിസ്മില്ലാഹിറഹ്മാനി റഹീം

അരീക്കോട്‌
26-6-06
          ലുലു,ലുവ,ആബി,ലുബി അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹ്‌, കത്തെഴുതാന്‍ വളരെ വൈകിയതിന്‌ ആദ്യമായി ക്ഷമ ചോദിക്കുന്നു.കഴിഞ്ഞ ആഴ്ച സുനു ഹിഫാസുമാരുടെ കത്തുണ്ടായിരുന്നു.മറുപടി എഴുതി. അന്നുതന്നെ നിങ്ങള്‍ക്കും കത്തെഴുതി വച്ചു.പകര്‍ത്താന്‍ വൈകി.വല്ല്യാപ്പ കിനാവില്‍ ഇടയ്ക്ക്‌ എല്ലാവരേയും കാണും.പഴയകാല ക്ലാസ്സ്‌റൂമും വിദ്യാര്‍ത്ഥികളേയും സഹപ്രവര്‍ത്തകരെ പോലും.എല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ,ആമീന്‍. സുനു ഹിഫാസ്‌ അമലുമാര്‍ക്ക്‌ സുഖമാണ്‌.ഹിഫാസ്‌ സുനുവിന്റെ സ്കൂളിലാണ്‌-മേലാറ്റൂര്‍. രണ്ട്‌ പേര്‍ക്കും പുതിയ കൂട്ടുകാരേയും ഗുരുനാഥാക്കന്മാരേയും ഇഷ്ടപ്പെട്ടത്രേ. ലുലുവിന്റെ പുതിയ വിദ്യാലയവും കൂട്ടുകാരും അദ്ധ്യാപകരും എങ്ങനെയുണ്ട്‌? ക്ലാസ്രൂമില്‍ ചൂരല്‍ കാണുമോ?മദറുമാര്‍ പിച്ചുമോ? ഞങ്ങളുടെ ബാല്യകാലപഠനം വളരെ വിചിത്രമായിരുന്നു. അദ്ധ്യാപകരുടെ കയ്യില്‍ പുസ്തകം ,ചോക്ക്‌ എന്നിവ കൂടാതെ പല വര്‍ണ്ണത്തിലുള്ള ചൂരലും ,പിച്ച്‌, കിഴുക്ക്‌, ഏത്തമിടീക്കല്‍,നിര്‍ത്തല്‍,ഡസ്കിന്മേല്‍ കയറ്റല്‍. വെളിക്കുനിര്‍ത്തല്‍,ആവര്‍ത്തിച്ചെഴുതിക്കല്‍ തുടങ്ങീ പലമുറകളുമുണ്ടായിരുന്നു.ഒരു ക്ലാസ്സില്‍ പത്തിലേറെ കുട്ടികള്‍ ഉണ്ടാവില്ല.അതൊക്കെ ക്ഷമയോടെ സഹിച്ച്‌ പഠിച്ചവരൊക്കെ പല ഉന്നതപദവികളിലെത്തി.അവരുടെ മക്കളും പേരമക്കളും.നിങ്ങളേയും മാതാപിതാക്കളേയും അള്ളാഹു എന്നുമെന്നും അനുഗ്രഹിക്കട്ടെ.

              ഇവിടെ വാര്‍പ്പ്‌ കഴിഞ്ഞു.മരങ്ങള്‍ മുറിച്ചു.പണി നടക്കുമ്പോള്‍ മമ്പാട്ടെ വല്ല്യുപ്പ വരുമായിരുന്നു.മൂന്നാലു ദിവസമായി കനത്ത മഴ.അതിനാല്‍ കൃഷിപ്പണിപോലും നടക്കുന്നില്ല.ഗോപാലേട്ടന്‍ ചികില്‍സക്കായി ഇന്ന് മെഡിക്കല്‍ കോളേജാസ്പത്രിയില്‍ പോകും.സാരമായ എന്തോ രോഗമാണ്‌.രോഗം സുഖപ്പെടുത്താനും ആരോഗ്യവാനാവാനും ദുആ ചെയ്യുക.

              മാനന്തവാടി ഇഷ്ടപ്പെട്ടോ?ലുവയ്ക്ക്‌ ഉമ്മ മാത്രമാണോ കൂട്ടുകാരി?കുട്ടികള്‍ ഇല്ലാത്ത വീട്‌ കിളിയില്ലാത്ത കൂട്‌ പോലെയാണ്‌.

             ഇവിടെ ഇപ്പോള്‍ അയല്‍പക്കത്തെ കുട്ടികള്‍ പോലും വരാറില്ല.കനത്ത മഴ കാരണം കാക്കയും.ഇവിടെ കുറേ പൂച്ചകുട്ടികളുണ്ട്‌.ഓമനത്തമുള്ള കുട്ടികള്‍.ഇടക്ക്‌ മഴ മാറിയാല്‍ അവ പുരപ്പുറത്ത്‌ കയറും. ഇവിടെ പരിസരത്ത്‌ വിശേഷമൊന്നുമില്ല. അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ സുഖമാണ്‌.

              വല്ല്യുമ്മയും അയലത്തെ മൂത്തുമ്മയും മാളു എളേമയേയും കുഞ്ഞുങ്ങളേയും ചെന്ന് കണ്ടു. സുഖമാണ്‌. ഈറ്റ എടുക്കുന്ന പെണ്ണ്‍ ജൂലായ്‌ എട്ടിന്‌ പോകും.

           ജൂലായ്‌ ഒമ്പതിന്‌ ഒരു കല്ല്യാണമുണ്ട്‌ കോഴിക്കോട്‌ വച്ച്‌.എന്റെ അമ്മാവന്റെ മകന്റെ മകള്‍.ആരോഗ്യം ഉണ്ടെങ്കില്‍ പോകും(ഇ.അ).വല്ല്യാപ്പക്ക്‌ പുറത്ത്‌പോകാന്‍ ഭയമാണ്‌.അടുത്ത ബന്ധുക്കളെ കാണാന്‍ പൂതിയും.ഫോണിലൂടെയും കത്തിലൂടെയും ബന്ധപ്പെടാനും പ്രയാസം.കുറച്ചുകാലമായി വലതുകൈക്ക്‌ വേദന.മരുന്നുണ്ട്‌. അഫി,അമ്മാര്‍മാര്‍ കൂടെ ഉള്ളതിനാല്‍ രാത്രി സുഖമായി ഉറങ്ങും.അല്‍ഹംദുലില്ലാഹ്‌.

            ലുലു ലുവമാര്‍ക്ക്‌ വല്ല്യാപ്പക്കും വല്ല്യുമ്മക്കും വേണ്ടി വലത്തും ഇടത്തും കവിളുകളില്‍ ഉമ്മ തരാന്‍ ഉപ്പ ഉമ്മച്ചിമാരോട്‌ പറയുക.വല്ല്യാപ്പ അല്‍ഹംദുലില്ലാഹ്‌ പറയും(ഇ.അ)

            സുനു ഹിഫാസുമാര്‍ ആഴ്ചയില്‍ ഒന്നിലേറെ തവണ വിളിക്കും.കുട്ടികളാരും ഇല്ലാത്തതിനാല്‍ രണ്ടുപേരും എല്ലാ മാസവും കത്തയക്കാമെന്നും അടുത്ത മാസം എട്ടിന്‌ അവരെല്ലാം വരാമെന്നും പറഞ്ഞിട്ടുണ്ട്‌.നിങ്ങളും വരുമെന്ന് പ്രതീക്ഷിക്കുന്നു.മമ്പാട്ടെ വല്ല്യുപ്പയും വല്ല്യുമ്മയും മാനന്തവാടിക്ക്‌ വരുമ്പോള്‍ ഞങ്ങളെ കൂട്ടാമെന്ന് പറഞ്ഞിട്ടുണ്ട്‌.എനിക്ക്‌ പോരാന്‍ പറ്റുന്ന കാര്യം ഉറപ്പില്ല.

                നിങ്ങള്‍ പോയ ശേഷം ഒരു താത്ത പണിക്ക്‌ വന്നിരുന്നു.അടുത്ത മാസം വരില്ല.

          പുതുതായി ആരേയും കിട്ടിയിട്ടില്ല. നിലവിലുള്ളതിനോട്‌ തുടരാന്‍ അപേക്ഷിച്ചില്ല. (പഴയ ആയിശതാത്ത - അള്ളാഹു അവളെ പരലോക സുഖം നല്‍കി അനുഗ്രഹിക്കട്ടെ , ആമീന്‍-പോയ ശേഷം ഒരുപാട്‌ പേര്‍ വന്നു പോയി.എല്ലാവരോടും വല്ല്യുമ്മ നന്നായി പെരുമാറി.അള്ളാഹുവിന്റെ പരീക്ഷണം)

            ലുലുവിനോട്‌:- ഉറങ്ങാന്‍ കിടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പഠിപ്പ്‌,യാത്ര എന്നിവ ആരംഭിക്കുമ്പോള്‍ ബിസ്മിയും ഉറക്കമുണരുമ്പോഴും ഭക്ഷണം അവസാനിക്കുമ്പോഴും യാത്രകഴിഞ്ഞ്‌ വീട്ടിലെത്തുമ്പോഴും അല്‍ഹംദുലില്ലാഹ്‌ എന്നും യാത്രപറയുമ്പോള്‍ അസ്സലാമുഅലൈക്കും എന്നും പറയുകയും ശീലമാക്കുകയും വേണം.അള്ളാഹുവിനെ ഓര്‍ക്കുന്നവരെ അള്ളാഹു ഓര്‍ക്കും.രാവിലെ പത്ത്‌ ആയത്ത്‌ എങ്കിലും മാതാപിതാക്കളും മക്കളും ഓതണം.സുബഹിക്ക്‌ മുമ്പ്‌ ഉണരണം.രാത്രി പത്ത്‌ മണിക്ക്‌ ഉറങ്ങാന്‍ കിടക്കണം.വല്ല്യാപ്പയുടെ വസിയ്യത്തായി സ്വീകരിക്കുക,വസ്സലാം


കെ.അത്രുമാന്‍കുട്ടി

Saturday, June 27, 2009

ആഗോള സാമ്പത്തിക മാന്ദ്യവും അറബിക്കോളേജിലെ ജോലിയും

എന്റെ മൂത്തുമ്മയുടെ മകള്‍ അറബിക്കോളേജില്‍ ലീവ്‌വേക്കന്‍സിയില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.മദ്ധ്യവേനലവധിക്ക്‌ കോളേജ്‌ പൂട്ടിയപ്പോള്‍ അവള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക്‌ പോയി.അവധികഴിഞ്ഞ്‌ കോളേജ്‌ തുറന്നപ്പോള്‍ അവള്‍ ഗള്‍ഫില്‍ നിന്നും തിരിച്ചു വന്നു.കോളേജിലെത്തി ടൈംടേബ്‌ള്‍ ചോദിച്ചപ്പോഴാണ്‌ അവള്‍ ആ വിവരം അറിഞ്ഞത്‌.മുമ്പെങ്ങോ അവധിയില്‍ പോയ ഒരാള്‍ തിരിച്ചുവന്നത്‌ കാരണം ഏറ്റവും ജൂനിയറായ തന്റെ ജോലി പോയിരിക്കുന്നു!!നേരത്തെ സൂചിപ്പിച്ചിരുന്നെങ്കില്‍ ഗള്‍ഫില്‍ തന്നെ തുടരാമായിരുന്നു എന്ന കൂളായ ഒരു പ്രതികരണത്തോടെ അവള്‍ കോളേജില്‍ നിന്നും തിരിച്ചുപോന്നു.

കുടുംബകോളനിയായി താമസിക്കുന്ന ഞങ്ങളുടെ ഇടയില്‍ അവള്‍ തന്നെ ആ 'സന്തോഷവാര്‍ത്ത' അറിയിച്ചപ്പോള്‍ ഞങ്ങളെല്ലാവരും ഞെട്ടി.എല്ലാവരോടും 'ബളബളാ' സംസാരിക്കുകയും ഉരുളക്കുപ്പേരി കണക്കെ മറുപടി നല്‍കുകയും ചെയ്യുന്ന അവളുടെ ജോലിപോയതില്‍ എല്ലാവര്‍ക്കും അത്‌ഭുതം തോന്നി. അവളുടെ പിതാവ്‌ അതേ കോളേജിന്റെ മാനേജ്‌മന്റ്‌ കമ്മിറ്റിയില്‍ അംഗമായിട്ട്‌ കൂടി ഇത്‌ മുന്‍കൂട്ടി അറിയാനോ തടയിടാനോ സാധിച്ചില്ല എന്നതും ശ്രദ്ധേയമായി.

ജോലിപോയി മൂന്ന് ദിവസം കഴിഞ്ഞ്‌ അവള്‍ ഞങ്ങളുടെ വീട്ടില്‍ എത്തി.അവളെ ഒന്ന് കളിയാക്കാനായി ട്രയ്‌നിംഗ്‌ ക്പെളേജ്‌ അദ്ധ്യാപകനായ എന്റെ അനിയന്‍ പറഞ്ഞു:

"ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട്‌ നിന്റെ ജോലിയും പോയി എന്ന് കേട്ടല്ലോ?"

വെടിയുണ്ട കണക്കെ വന്ന മറുപടി ഇതായിരുന്നു:

"അതെ...നിങ്ങളെപ്പോലെ ലോക്കല്‍ ലാംഗ്വേജ്‌ അല്ല അവിടെ പഠിപ്പിക്കുന്നത്‌,ആഗോള ഭാഷയായ അറബിയാ...അപ്പോള്‍ ആഗോള സാമ്പത്തിക മാന്ദ്യം ഞങ്ങളയും പിടികൂടും!!!"

Wednesday, June 24, 2009

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്‌ നിയന്ത്രണം വരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വൈറസ്‌ പെറ്റുപെരുകുന്നതിലും വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്‌ ഇന്നുള്ളത്‌.ഈ അവസരത്തില്‍ ഈ വാര്‍ത്ത വളരെ പ്രതീക്ഷകള്‍ നല്‍കുന്നു. മൊബൈല്‍ ഫോണ്‍ ഇന്ന് പലര്‍ക്കും സ്റ്റാറ്റസ്‌ സിമ്പലായി മാറിയിരിക്കുന്നു.സ്കൂള്‍ കുട്ടികള്‍ മുതല്‍ പടുവൃദ്ധന്മാര്‍ വരെ മൊബൈല്‍ ഫോണിന്റെ മായിക വലയത്തില്‍ കുടുങ്ങിയിരിക്കുകയാണ്‌.മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഇല്ലാത്തവരും ഉണ്ട്‌ എന്ന വസ്തുത മറക്കുന്നില്ല.വയനാട്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്ന് സ്ഥലം മാറിപ്പോരുമ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അദ്ധ്യാപകനായ സുഹൃത്തിനോട്‌ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുതുടങ്ങി... "04933..." ഞെട്ടിത്തരിച്ചു നിന്ന എന്നോട്‌ അദ്ദേഹം പറഞ്ഞു "എനിക്ക്‌ മൊബൈല്‍ ഇല്ല,അത്‌ എന്റെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍.മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട്‌ ഒരത്യാവശ്യ വിവരവും ഇതുവരെ ഞാന്‍ അറിയാതെ പോയിട്ടുമില്ല" വിവിധ മൊബൈല്‍ സേവനദാതാക്കള്‍ തമ്മിലുള്ള കിടമല്‍സരം ഓരോ ദിവസത്തേയും വ്യത്യസ്ത ഓഫറുകളാല്‍ സമൃദ്ധമാക്കുന്നു.ഓഫറുകളുടെ സുനാമിയില്‍ സാധാരണക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ പെട്ടുപോകുന്നു. വയനാട്ടിലെ തന്നെ എന്റെ ഒരു സഹപ്രവര്‍ത്തകനെ ചില സമയത്ത്‌ വിളിച്ചാല്‍ മറുപടി കിട്ടില്ല.കാരണം അദ്ദേഹത്തിന്‌ നാല്‌ സിം കാര്‍ഡുകള്‍ ഉണ്ട്‌.ഇതില്‍ ഏതാണ്‌ അന്ന് ഉപയോഗിക്കുന്നത്‌ എന്നതിനനുസരിച്ചായിരിക്കും ലഭ്യത!!വലിയ തിരക്കുള്ള മനുഷ്യനായതുകൊണ്ടല്ല ഈ നാല്‌ കാര്‍ഡുകള്‍.മറിച്ച്‌ വിവിധ സമയങ്ങളില്‍ വിവിധ ഓഫറുകളുടെ പിന്നാലെ പോയതിന്റെ ഫലമായിരുന്നു. പക്ഷേ എന്തൊക്കെ നിയമങ്ങള്‍ വന്നാലും അത്‌ പാലിക്കുന്നവരുടെ എണ്ണം എന്നും തുലോം കുറവായിരിക്കും.മൊബൈല്‍ ഫോണ്‍ ഒരു സകലകലാവല്ലഭനായ ഇന്ന് അശ്ലീലപ്രചാരണത്തിലും അത്‌ മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞു.ബ്ലൂടൂത്ത്‌ സംവിധാനം പേര്‌ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ നീലയുടെ പര്യായമായി മാറിക്കഴിഞ്ഞു. കാമ്പസുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം നിലവിലുണ്ട്‌,ഞാനടക്കം ആരും അത്‌ പാലിക്കുന്നില്ല എന്ന് മാത്രം.ഡ്രൈവ്‌ ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണുപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ഉണ്ട്‌.എങ്കിലും സ്വന്തം ഫോണില്‍ നിന്നും 'റിങ്ങ്‌റിംഗ്‌ റിങ്ങാ റിങ്ങ്‌റിംഗ്‌ റിങ്ങാ' കേള്‍ക്കുമ്പോള്‍ വാഹനം നിര്‍ത്തി അത്‌ അറ്റന്‍ഡ്‌ ചെയ്യാന്‍ ആര്‍ക്കും സമയമില്ല.കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ വ്യക്തമായ മുന്നറിയിപ്പുണ്ട്‌.ഒരു പിതാവും അത്‌ ശ്രദ്ധിക്കുന്നില്ല.ശ്രദ്ധിച്ചാലോ?ഇതൊന്ന് വായിച്ചുനോക്കൂ.

നിയമലംഘകര്‍ക്ക്‌ നല്‍കുന്ന ശിക്ഷ പലപ്പോഴും നിസ്സാരമായതിനാല്‍ മിക്ക നിയമങ്ങളും ഇന്ന് വായുവില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞു.മറ്റു പല നിയമങ്ങളും കൈക്കൂലികളിലൂടെ ഇരുട്ടിലും മറഞ്ഞു കൊണ്ടിരിക്കുന്നു.അത്തരം നോക്കുകുത്തിയായ ഒരു നിയമമായി ഇതും മാറാതിരിക്കട്ടെ എന്ന് മൊബൈല്‍ ഫോണ്‍ ഉപയോക്താവായ ഞാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

Saturday, June 20, 2009

ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം എന്ത്?

ചെറിയ മകളുടെ മുടി വെട്ടാനായി ബാര്‍ബര്‍ ഷോപ്പില്‍ കയറിയതായിരുന്നു ഞാന്‍.ഏതോ ഒരു FM റേഡിയോ നിലയത്തില്‍ നിന്നുള്ള ഗാനങ്ങളാണ്‌ എന്നെ സ്വാഗതം ചെയ്തത്‌.

ഒരു ഗാനം കഴിഞ്ഞതും അവതാരകന്‍ ഫോണില്‍ ആരോടോ സംസാരിക്കാന്‍ തുടങ്ങി.അപ്പോഴാണ്‌ അത്‌ ഫോണ്‍ഇന്‍ പരിപാടി ആണെന്ന് എനിക്ക്‌ മനസ്സിലായത്‌.
"ഹലോ....ആരാ വിളിക്കുന്നത്‌?" അവതാരകന്‍ ചോദിച്ചു.

"്‌$%" മറുതലക്കല്‍ നിന്നുള്ള ഉത്തരം ഞാന്‍ കേട്ടില്ല.

"ങാ...ചോദ്യം കേട്ടോളൂ...ഏറ്റവും കൂടുതല്‍ കാലം രാജ്യസഭയുടെ അദ്ധ്യക്ഷനായ വ്യക്തി ആര്‌?"

"ഉം..."മറുതലക്കല്‍ ഉത്തരം മുട്ടി.

"അറിയില്ല അല്ലേ....ആരാ അദ്ധ്യക്ഷന്‍ ആവാറ്‌ എന്നറിയാമോ?"

"ഉം" വീണ്ടും മൗനം

"ങാ...ചോദ്യം അടുത്ത ആള്‍ക്ക്‌ കൊടുക്കാം...ഹലോ...."

"ഹലോ...ഞാന്‍ അമ്മിണി.."

"ങാ...അമ്മിണിക്ക്‌ ഇമ്മിണി ബല്ല്യ ചോദ്യം...കേട്ടല്ലോ?"

"ഒരു ക്ലൂ തരോ.."

"ഉപരാഷ്ട്രപതി ആണ്‌ സാധാരണ രാജ്യസഭയുടെ അദ്ധ്യക്ഷനാവാറ്‌..."

"*+*%$" ഉത്തരം ഞാന്‍ കേട്ടില്ല

"അത്‌ ഈ അടുത്തകാലത്തെ ഉപരാഷ്ട്രപതി...ഞാന്‍ ചോദിച്ചത്‌ ആദ്യത്തെ ഉപരാഷ്ട്രപതി..."

അവതാരകന്‍ അടുത്ത ഫോണ്‍ അറ്റന്‍ഡ്‌ ചെയ്തു..

"ഹലോ.."

"ഹലോ...കുറ്റിക്കാട്ടൂരില്‍ നിന്നും ഹാരിസ്‌ ആണ്‌..."

"ആ...ചോദ്യം കേട്ടില്ലേ ഹാരിസ്‌..."

"ങാ...ഡോക്ടര്‍ എസ്‌.രാജേന്ദ്രപ്രസാദ്‌...."

"അയ്യോ തെറ്റി...ഡോക്ടര്‍ എസ്‌.രാധാകൃഷ്ണന്‍ ആണ്‌ ശരിയുത്തരം"

കേരളീയന്റെ ജനറല്‍നോളജ്‌ നിലവാരം എന്റെ മനസ്സിലൂടെ ഓടുമ്പോള്‍ റേഡിയോയില്‍ നിന്നും ഒഴുകിയ പാട്ട്‌ ഞാന്‍ ശ്രദ്ധിച്ചില്ല.പാട്ടിന്റെ അവസാനം അവതാരകന്‍ അടുത്ത ഫോണ്‍ അറ്റന്‍ഡ്‌ ചെയ്തു.

"ഹലോ....ആരാണ്‌?"

"!്‌$" ഇത്തവണയും എനിക്ക്‌ കേള്‍ക്കാന്‍ പറ്റിയില്ല.

"ങാ...എവിടെ വരെ പഠിച്ചു?"

"പ്ലസ്‌ ടു"

"ആഹാ...എന്നാല്‍ ചോദ്യം കേട്ടൊളൂ...ഫ്രഞ്ച്‌ വിപ്ലവം എന്ന് കേട്ടിട്ടില്ലേ..?"

"ങാ..."

"ഈ ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം എന്തായിരുന്നു?"

"*%)+" പുറംശബ്ദങ്ങള്‍ കാരണം ഉത്തരം എനിക്ക്‌ കേള്‍ക്കാന്‍ പറ്റിയില്ല.

"അതല്ല ഉത്തരം...അടുത്ത ആളോട്‌ ചോദിക്കട്ടെ.."

"ഹലോ....ആരാണ്‌..."

" *-+* നിന്നും ശുഭ.."

"ങാ...ചോദ്യം കേട്ടോ?"

"ഇല്ല..."

"ആ...പറയാം...ഫ്രഞ്ച്‌ വിപ്ലവം എന്ന് കേട്ടിട്ടില്ലേ..?ഈ ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം എന്തായിരുന്നു?"

"ഭാരത്‌ മാതാ കീ ജയ്‌"

ശുഭയുടെ ഉത്തരം കേട്ട്‌ ചോദ്യകര്‍ത്താവും ശ്രവണകര്‍ത്താവും സാക്ഷാല്‍ കര്‍ത്താവും ഞെട്ടിത്തരിച്ചു പോയി എന്നല്ലേ പറയേണ്ടൂ.

Wednesday, June 17, 2009

അറിവും വെളിച്ചവും

പ്രീഡിഗ്രിക്ക്‌ ഞാന്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠിച്ചിരുന്നത്‌.കറന്റ്‌ പോകുന്നതിന്‌ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും വേണ്ടാത്ത ഒരു കാലമായിരുന്നു അത്‌(ഞാന്‍ KSEB യില്‍ കയറിയതിന്‌ ശേഷം ആ അവസ്ഥ മാറി.ഞാന്‍ KSEB വിട്ടതോടെ ഈ അവസ്ഥയും മാറി !!).

അങ്ങിനെ ഒരു ദിവസം പെട്ടെന്ന് കറന്റ്‌ പോയി.പഠിക്കുന്ന കൂട്ടത്തില്‍ പെട്ടവനായതിനാല്‍ ഞാന്‍ പെട്ടെന്ന് തന്നെ മെഴുകുതിരി കത്തിച്ചു.(മെഴുകുതിരി സൂക്ഷിക്കുന്നതും കത്തിക്കുന്നതും എല്ലാം ഹോസ്റ്റല്‍ നിയമമനുസരിച്ച്‌ ക്രിമിനല്‍ കുറ്റമായിരുന്നു).എന്നാല്‍ പരീക്ഷ അടുത്തതിനാലാവും തൊട്ടടുത്ത റൂമില്‍ നിന്നും നൗഫല്‍ എന്റെ അടുത്തെത്തി.പതിവ്‌ പോലെ ഒരു ചോദ്യം:"ഒരു തിരി എനിക്കു താടാ.."

കയ്യിലുണ്ടെങ്കിലും എന്തും കടം വാങ്ങുന്നത്‌ അന്നത്തെ (ഇന്നത്തേയും ) ഹോബിയായിരുന്നു.അതിനാല്‍ ഞാന്‍ നൗഫലിന്റെ അപേക്ഷ നിഷ്കരുണം തള്ളി.പക്ഷേ നൗഫല്‍ അത്‌ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച്‌ വരും എന്ന് എനിക്ക്‌ ഉറപ്പായിരുന്നു.

പ്രതീക്ഷിച്ചപോലെ നൗഫല്‍ ഒരു മെഴുകുതിരിയുമായി വന്നു കത്തിക്കൊണ്ടിരുന്ന എന്റെ മെഴുകുതിരിയില്‍ നിന്നും തീ പകര്‍ന്നു.എന്റെ തിരിയുടെ പ്രകാശം അല്‍പം പോലും കുറഞ്ഞില്ല.നൗഫല്‍ പോയ ഉടനെ അപ്പുറത്തെ റൂമിലെ അന്‍വറും മെഴുകുതിരിയുമായി എത്തി.അവനും തീ പകര്‍ത്തി പോയി അപ്പോഴും എന്റെ തിരിയിലെ വെളിച്ചത്തിന്‌ യാതൊരു കുറവും അനുഭവപ്പെട്ടില്ല.

വെളിച്ചം അങ്ങിനെയാണ്‌.പകര്‍ന്നു നല്‍കുന്തോറും കൂടുതല്‍ സ്ഥലങ്ങളെ പ്രകാശപൂരിതമാക്കുന്നു.എന്നാല്‍ പകര്‍ന്നു നല്‍കിയതിന്റെ വെളിച്ചത്തിന്‌ ഒട്ടും കുറവ്‌ വരുന്നില്ലതാനും.അറിവ്‌ വെളിച്ചമാണ്‌.നമുക്ക്‌ ലഭിച്ച അറിവും നാം പകര്‍ന്ന് നല്‍കണം.മറ്റൊരാള്‍ക്ക്‌ പറഞ്ഞുകൊടുത്തത്‌ കാരണം നമ്മുടെ അറിവ്‌ ഒരിക്കലും കുറയുകയില്ല.എന്നാല്‍ അത്‌ നമ്മില്‍ ദൃഢീകരിക്കാനും വിപുലപ്പെടുത്താനും ഈ പകര്‍ന്നു നല്‍കല്‍ ഉപകാരപ്പെടുന്നു.നമുക്ക്‌ ലഭിച്ച എല്ലാതരം വെളിച്ചവും പകര്‍ന്നു നല്‍കാന്‍ നമുക്കെല്ലാവര്‍ക്കും ശ്രമിക്കാം.

Monday, June 15, 2009

ഞാന്‍ ചുരമിറങ്ങി!!!

അഞ്ചു വര്‍ഷവും ഏഴു ദിവസവും സേവനം അര്‍പ്പിച്ചതിന്‌ (?) ശേഷം ഇന്ന് ഞാന്‍ വയനാട്‌ ഗവണ്‍മന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്നും കോഴിക്കോട്‌ ഗവണ്‍മന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജിലേക്ക്‌ സ്ഥലം മാറ്റം വാങ്ങി. മുഖസ്തുതി പാടുന്ന അറുബോറന്‍ യാത്രയയപ്പ്‌ യോഗം ഉണ്ടാകരുതേ എന്ന എന്റെ ആഗ്രഹം പോലെ തന്നെ എന്റെ ഡിപ്പാര്‍ട്ട്‌മന്റ്‌ തലവന്‍ മാത്രം അല്‍പം സംസാരിച്ചു.അതും ഒരു ബ്ലോഗര്‍ എന്ന നിലക്ക്‌ അദ്ദേഹത്തിന്‌ പരിചയമുള്ള അരീക്കോടനെക്കുറിച്ച്‌. അഞ്ചുവര്‍ഷത്തിനുള്ളില്‍ കോളേജിന്‌ വേണ്ടിയും അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ വേണ്ടിയും ആ പഞ്ചായത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക്‌ വേണ്ടിയും ചിലതെല്ലാം ചെയ്യാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ വയനാടിനോട്‌ വിട പറയുമ്പോള്‍, ബൂലോകത്ത്‌ എന്നെ അരീക്കോടന്‍ മാഷ്‌ ആക്കിയ ആ കലാലയത്തിന്റെ യശ്ശസ്‌ ഇനിയും ഉയരട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു.

Tuesday, June 09, 2009

എങ്കില്‍ കേരളജനത താങ്കള്‍ക്ക്‌ പിന്നില്‍ തന്നെ അണിനിരക്കും.

കേരള ജനത ഇന്നലെ ഒരു കരിദിനത്തിന്‌ കൂടി സാക്ഷിയായി.വാഹനങ്ങള്‍ കത്തിച്ച്‌ കരിദിനം കെങ്കേമമാക്കാന്‍ ചിലയിടങ്ങളില്‍ ശ്രമവും നടന്നു.ഹര്‍ത്താലായി പ്രഖ്യാപനം നടത്തി നേതൃത്വത്തിണ്റ്റെ ഇടപെടല്‍ മൂലം കരിദിനമായി മാറിയ ഈ 'പരിപാടി' എന്തിനായിരുന്നു എന്ന്‌ രാഷ്ട്രീയാതീതമായി ഓരോ കേരളീയനും ചിന്തിക്കേണ്ടതുണ്ട്‌.

അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ല എന്ന പ്രഖ്യാപനവുമായി ഭരണ സാരത്ഥ്യം ഏറ്റെടുത്ത ശ്രീമാന്‍ വി.എസ്‌.അച്ചുതാനന്തനെ നോക്കുകുത്തിയാക്കിക്കൊണ്ട്‌, SNC ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടെതില്ലെന്ന അഡ്വക്കറ്റ്‌ ജനറലിണ്റ്റെ 'നിയമോപദേശം' തന്നെ മന്ത്രിസഭാ തീരുമാനമാക്കിയതിലൂടെ കേരള ജനതക്ക്‌ CPM എന്ന പാര്‍ട്ടിയുടെ ആദര്‍ശശുദ്ധിയില്‍ സംശയം ഉടലെടുത്ത്‌ തുടങ്ങിയിരുന്നു. മന്ത്രിസഭാ തീരുമാനത്തിലൂടെ തല്‍ക്കാലം മുഖം രക്ഷിച്ച സഖാവിന്‌ തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ കേരളജനത വ്യക്തമായ മുന്നറിയിപ്പ്‌ തന്നെയാണ്‌ നല്‍കിയത്‌.

മന്ത്രിസഭയുടെ ഉപദേശത്തില്‍ നിന്നും വ്യത്യസ്തമായ തീരുമാനം ഗവര്‍ണ്ണര്‍ കൈകൊണ്ടത്‌ തികച്ചും ദൌര്‍ഭാഗ്യകരമായിപ്പോയി എന്നാണ്‌ പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കിയത്‌.സ്വന്തം പാര്‍ട്ടിക്കാരനെ രക്ഷിക്കാനുള്ള തികച്ചും രാഷ്ട്രീയപരമായുള്ള തീരുമാനം മാത്രമേ മന്ത്രിസഭായില്‍ നിന്നും എല്ലാവരും പ്രതീക്ഷിച്ചുള്ളൂ,അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു.പാര്‍ട്ടി സെക്രട്ടറിയെ രക്ഷിക്കാന്‍ വേണ്ടി ഈ 'വിദഗ്ദോപദേശം' തള്ളിക്കളയാന്‍ പാടില്ല എന്ന്‌ പറയുന്നത്‌ അതിലേറെ ദൌര്‍ഭാഗ്യകരമാണ്‌ എന്നാണ്‌ പൊതുജനത്തിണ്റ്റെ അഭിപ്രായം.

യഥാര്‍ത്ഥത്തില്‍ CPM ഈ കേസിനെ എന്തിന്‌ ഇത്രയേറെ ഭയക്കുന്നു?എല്ലാ ശക്തിയും ഉപയോഗിച്ച്‌ പ്രതിരോധിക്കേണ്ട ഒരു അഴിമതിക്കേസായി ഇത്‌ മാറിയത്‌ എങ്ങനെ?അഴിമതി നടത്തിയിട്ടില്ല എങ്കില്‍ സഖാവ്‌ പിണറായി വിജയന്‍ എന്തിന്‌ ഈ ഉമ്മാക്കി കണ്ട്‌ പേടിക്കണം?നിഷ്പക്ഷമായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാന്‍ എന്തു കൊണ്ട്‌ സഖാവും പാര്‍ട്ടിയും മുതിരുന്നില്ല?അധികാരവും പണവും ഉണ്ടെങ്കില്‍ കേരളത്തിലും എന്തും കളിക്കാമെന്ന സ്ഥിതിയോ?രാഷ്ട്രീയ തിമിരം ബാധിക്കാത്ത ഏതൊരു കേരളീയണ്റ്റേയും മനസ്സിലുള്ള ചോദ്യങ്ങളാണിവ.

യഥാര്‍ത്ഥത്തില്‍ സഖാവ്‌ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ല എങ്കില്‍ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനം വന്നതിന്‌ പിന്നാലെ സ്വയം പ്രോസിക്യൂഷന്‌ തയ്യാറായി അദ്ദേഹത്തിന്‌ മുന്നോട്ട്‌ വരാമായിരുന്നു.എങ്കില്‍കേരളജനത സഖാവ്‌ വിജയനെ ധീരപുരുഷനായി കാണുമായിരുന്നു.എന്നാല്‍ മന്ത്രിസഭയെക്കൊണ്ട്‌ ഒരു 'തീരുമാനം' എടുപ്പിച്ച്‌ തടിയൂരി, ഇപ്പോള്‍ ഗവര്‍ണ്ണര്‍ നിയമജ്ഞരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രോസിക്യൂഷന്‍ ശരിവച്ചപ്പോഴേക്കും അദ്ദേഹത്തിണ്റ്റെ കോലം കത്തിക്കുന്നതും, പ്രതിഷേധപ്രകടനം നടത്തുന്നതും, വധഭീഷണി മുഴക്കുന്നതും, ഹര്‍ത്താല്‍ ആഹ്വാനം നടത്തുന്നതും കരിദിനം ആചരിക്കുന്നതും CPM പോലുള്ള ഒരു പാര്‍ട്ടിക്ക്‌ ഭൂഷണമല്ല.

സഖാവേ...നെഞ്ചില്‍ കൈതൊട്ട്‌ പുഞ്ചിരിച്ച്‌ പറയൂ...അന്വേഷണം നേരിടാന്‍ ഞാന്‍ തയ്യാര്‍.എങ്കില്‍ കേരളജനത താങ്കള്‍ക്ക്‌ പിന്നില്‍ തന്നെ അണിനിരക്കും,തീര്‍ച്ച.

Monday, June 08, 2009

ഒന്ന്‌ പറഞ്ഞു നോക്കൂ....ബൂലോകരേ....

കൈമുട്ടോളം എത്തുന്ന വളകള്‍...... പത്ത്‌ വിരലിലും മോതിരങ്ങള്‍.... മാറ്‌ മുഴുവന്‍ പൊതിയുന്ന ചെയിനുകള്‍.... കാതുകളില്‍ തൂങ്ങിയാടുന്ന കമ്മലുകള്‍.. കാലില്‍ പാദസരം..... (അരയിലും തലയിലും തൂങ്ങുന്നതിന്റെ പേര്‌ എനിക്കറിയില്ല...) എല്ലാം പത്തരമാറ്റ്‌ സ്വര്‍ണ്ണത്തില്‍ തീര്‍ത്തത്‌..... ഇക്കഴിഞ്ഞ ഞായറാഴ്ച ഭാര്യാബന്ധുവിന്റെ കല്യാണത്തിന്‌ പോയപ്പോള്‍ കണ്ട കാഴ്ചയാണിത്‌. പൊന്നില്‍ കുളിച്ച്‌നില്‍ക്കുന്ന ആ പുതുമണവാട്ടിയുടെ ആത്മഗതം എന്തായിരിക്കും....? അവളെ പൊന്നില്‍കുളിപ്പിച്ച മാതാപിതാക്കളുടെ ആത്മഗതം എന്തായിരിക്കും....? പൊന്നിന്‍ മഞ്ഞളിപ്പില്‍ കണ്ണഞ്ചിപ്പോയ സാദാജനത്തിന്റെ ആത്മഗതം എന്തായിരിക്കും....? ഒന്ന്‌ പറഞ്ഞു നോക്കൂ....ബൂലോകരേ....

Wednesday, June 03, 2009

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം

ജൂണ്‍ ഒന്നിന്‌ എണ്റ്റെ രണ്ട്‌ മക്കളും സ്കൂളില്‍ പോകാന്‍ തുടങ്ങി.മൂത്തമകള്‍ അപ്പര്‍ പ്രൈമറി വിദ്യാരംഭവും ചെറിയവള്‍ ലോവര്‍ പ്രൈമറി വിദ്യാരംഭവും കുറിച്ചു.

രണ്ട്‌ പേരേയും വ്യത്യസ്ത സ്കൂളുകളിലാണ്‌ ചേര്‍ത്തിയത്‌.പുതിയ സ്കൂളില്‍ പുതിയ സുഹൃത്തുക്കളുമായും പുതിയ അദ്ധ്യാപകരുമായും അവര്‍ രണ്ട്‌ പേരും പരിചയപ്പെട്ടു വരുന്നു.

എണ്റ്റെ വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ , അദ്ധ്യയന വര്‍ഷാരംഭത്തില്‍, ഇന്നത്തെ കുട്ടികള്‍ ഡിമാണ്റ്റ്‌ ചെയ്യുന്നത്‌ എന്ത്‌ എന്നോ അല്ലെങ്കില്‍ പുതുതായി സ്കൂളില്‍ പോകുമ്പോള്‍ കൊണ്ട്‌ പോകേണ്ട(ആവശ്യപ്പെടേണ്ട) പുത്തന്‍ സാധനങ്ങള്‍ എന്ത്‌ എന്നോ എണ്റ്റെ മക്കള്‍ക്കറിയില്ല.കുട-ബാഗ്‌-ചെരിപ്പ്‌ കമ്പനിക്കാരുടെ പരസ്യങ്ങള്‍ കണ്ട്‌ , കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചവ കുഴപ്പമില്ലെങ്കിലും ഒരു മൂലയിലെറിഞ്ഞ്‌ പുതിയവ ആവശ്യപ്പെടുന്ന 'ഡിസ്പോസിബ്ള്‌ സംസ്കാരം' മക്കളിലേക്ക്‌ പടരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌.അതിനാല്‍ തന്നെ പുത്തന്‍ പുസ്തകങ്ങളും യൂണിഫോമുകളുമല്ലാതെ പുതുതായി മറ്റൊന്നും തന്നെ ഞാന്‍ അവര്‍ക്ക്‌ വാങ്ങിക്കൊടുത്തിട്ടില്ല(ക്ഷമിക്കണം,ഒരു രൂപയുടെ ഓരോ ഇറേസര്‍ രണ്ട്‌ പേര്‍ക്കും വാങ്ങിയിട്ടുണ്ട്‌).

വിദ്യാരംഭം കുറിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്‌ വരുന്ന ചെലവ്‌ ഇന്ന്‌ വളരെ കൂടുതലാണ്‌.പുസ്തകം,യൂണിഫോം എന്നിവയ്ക്ക്‌ പുറമേ മേല്‍ പറഞ്ഞപോലെ കുട,ബാഗ്‌,ഷൂസ്‌,ചെരിപ്പ്‌ തുടങ്ങിയവയെല്ലാം പുതിയത്‌ തന്നെ വേണമെന്ന്‌ കുട്ടികള്‍ വാശി പിടിക്കുന്നു.പലപ്പോഴും അവരുടെ വാശിക്ക്‌ മുന്നില്‍ രക്ഷിതാക്കള്‍ തലകുനിക്കുകയും ചെയ്യുന്നു.

വളരെ അപകടകരമായ ഒരു സ്ഥിതിയിലേക്കാണ്‌ നമ്മുടെ ഈ പോക്ക്‌."റീ യൂസബിലിറ്റി" എന്ന ആശയം കുഞ്ഞുമനസ്സിലേക്ക്‌ ഒരിക്കലും കയറാതെ "ഡിസ്പോസിബിലിറ്റി" എന്ന ആശയം വേര്‌ പിടിക്കുന്നു.ഒപ്പം ഈ ഒരു സൌകര്യങ്ങളും അനുഭവിക്കാന്‍ സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ സാധിക്കാത്ത എത്രയോ പേര്‍ നമുക്ക്‌ ചുറ്റുമുണ്ടെന്ന വാസ്തവം തിരിച്ചറിയാനും നമ്മുടെ മക്കള്‍ക്ക്‌ സാധിക്കാതെ പോകുന്നു.നിര്‍ഭാഗ്യരായ ആ മനുഷ്യമക്കളുടെ നേരെ ഒരു സഹാനുഭൂതി എങ്കിലും പ്രകടിപ്പിക്കാന്‍ കഴിയാതെ നമ്മുടെ മക്കള്‍ വളര്‍ന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും അത്‌ തന്നെയായിരിക്കും.