Pages

Friday, October 20, 2017

NBA അക്രെഡിറ്റേഷന്‍

                  ദീപാവലി എന്നാല്‍ മധുരത്തിന്റെ ഉത്സവം കൂടിയാണ്. ഇന്ന് ദീപാവലി ദിനത്തില്‍ അങ്ങ് ഡെല്‍ഹിയില്‍ നിന്ന് ഇങ്ങ് കേരളത്തിലെ വയനാടിനും കിട്ടി ഒരു ദീപാവലി സമ്മാനം - എന്റെ കോളേജിലെ എന്റെ സ്വന്തം ഡിപ്പാര്‍ട്ട്മെന്റ് ആയ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്റെ അംഗീകാരം ലഭിച്ച സന്തോഷ വാര്‍ത്ത അറിയിക്കുന്നു. 2017-18 അദ്ധ്യന വര്‍ഷം മുതല്‍ 2019-20 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് അക്രെഡിറ്റേഷന്‍.
                 ഇന്ത്യയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുന്ന രണ്ട് സ്ഥാപനങ്ങളില്‍ ഒന്നാണ്  നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ (NBA).സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജ്മെന്റ് പഠനസ്ഥാപനങ്ങളുടെയും ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് ഈ ബോഡിയാണ്. ആര്‍ട്സ് & സയന്‍സ് കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് National Assessment & Accreditation Council (NAAC) ആണ്.
                 ഡിപ്പാര്‍ട്ട്മെന്റിന് വിവിധ വികസനങ്ങള്‍ക്കുള്ള ഫണ്ട് ലഭിക്കുന്നതിനെക്കാളുപരി ഈ മൂന്ന് വര്‍ഷങ്ങളിലും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക്, അന്താരാഷ്ട്ര അംഗീകാരമുള്ള NBA Accredited  സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്നതാണ് ഏറെ സന്തോഷം നല്‍കുന്നത്. അക്രെഡിറ്റേഷന്‍ കിട്ടാനായി കുട്ടികളും സ്റ്റാഫും രാവും പകലും അധ്വാനിച്ചത് കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ അംഗീകാരത്തിന് ഏറെ മാധുര്യമുണ്ട്.

കോളേജിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളും കൂടി ഈ ഗുണനിലവാര പരിശോധനയില്‍ വിലയിരുത്തപ്പെടുന്നുണ്ട്. നാഷണല്‍ സര്‍വീസ് സ്കീമിന്റെ വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങളും കൂടി NBA ടീം പരിശോധിച്ചിരുന്നു. അതിനാല്‍ തന്നെ എന്റെ കോളേജിന് ഈ അംഗീകാരം ലഭിച്ചതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇതേ പോലെ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലും പരിശോധന കഴിഞ്ഞിട്ടുണ്ട്. അവിടെയും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

                 

Monday, October 16, 2017

ഹര്‍ത്താല്‍ ദിനത്തിലെ വീട്ടു പ്രവര്‍ത്തനങ്ങള്‍

              മലയാളികളെ സംബന്ധിച്ചിടത്തോളം ഹര്‍ത്താല്‍ ദിനങ്ങള്‍ സ്വസ്ഥമായി വീട്ടില്‍ ഇരുന്ന് ആസ്വദിക്കാനുള്ള ദിവസമാണ്. സ്വയം എല്ലാ ജോലികളില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ തിന്നാനും കുടിക്കാനും യഥാസമയം കിട്ടണം എന്നതിനാല്‍, ഹര്‍ത്താല്‍ ദിനങ്ങളില്‍ മിക്ക വീടുകളുടെയും അടുക്കളയും അവിടെ പ്രവര്‍ത്തിക്കുന്നവരും ഊര നിവര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും. എന്നാല്‍ ഈ ദിനം വീട്ടുകാര്‍ക്ക് വേണ്ടി ഒന്ന് ചെലവിട്ടാലോ ? വളരെ ലളിതമായ ചില കാര്യങ്ങള്‍ മാത്രമാണ്   ചെയ്യുന്നതെങ്കിലും വീട്ടുകാരിക്കും ഒരു സന്തോഷം നല്‍കാനും പതിവില്ലാത്ത വിഭവങ്ങള്‍ അടുക്കളയില്‍ നിന്നും കിട്ടാനും സാധ്യതയുണ്ട്. എന്ന് മാത്രമല്ല ഹര്‍ത്താല്‍ ദിനം ഫലപ്രദമായി ഉപയോഗിച്ചതിനാല്‍ നമ്മുടെ മനസ്സിന് ഒരു സംതൃപ്തിയും ലഭിക്കും.

ഇന്നത്തെ ഹര്‍ത്താല്‍ ദിനത്തില്‍ ഞാന്‍ ചെയ്ത വളരെ ലളിതമായ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയാണ്...

  1. മുറ്റത്തെയും ഗ്രൊബാഗിലെയും മതിലിലെയും കളകള്‍ പറിച്ചു നീക്കി
  2. ഗ്രോബാഗില്‍ വളരുന്ന വെണ്ടയിലെ പുഴുക്കളെ മുഴുവന്‍ കാലപുരിയിലേക്കയച്ചു.
  3. പാഷന്‍ ഫ്രൂട്ട് വള്ളികളും തഴുതാമയും ക്രോപ് ചെയ്തു
  4. ഒഴിഞ്ഞ് കിടന്ന ഗ്രോബാഗില്‍ പുതിയ കുറെ പച്ചക്കറി വിത്തുകള്‍ പാകി.
  5. നടവഴി തടസ്സപ്പെടുത്തി നിന്ന വാഴയുടെ ഇലകള്‍ വെട്ടിമാറ്റുകയും സീതപ്പഴത്തിന്റെ കൊമ്പ് വലിച്ച് കെട്ടുകയും ചെയ്തു.
  6. അലങ്കോലമായി കിടന്ന ചെണ്ടുമല്ലിത്തൈകള്‍ പിഴുതെറിയുകയും പൂക്കള്‍ നിറഞ്ഞ കോസ്മോസ് തൈകള്‍ ശലഭങ്ങള്‍ക്കായി ഒന്നു കൂടി നന്നാക്കി വയ്ക്കുകയും അലക്ഷ്യമായി വളര്‍ന്ന വാടാര്‍മല്ലി തൈ തോട്ടത്തിലേക്ക് മാറ്റുകയും ചെയ്തു.
  7. രണ്ട് വര്‍ഷത്തോളമായി ലുഅ മോള്‍ ഒരു ഗ്രൊ ബാഗില്‍ വളര്‍ത്തുന്ന മര‌മുല്ല എന്ന ചെടി മണ്ണിലേക്ക് മാറ്റി നട്ടു.
  8. മൂന്ന് മാസം മുമ്പ് ഞാന്‍ ചന്തയില്‍ നിന്ന് വാങ്ങിയ ബുഷ് ഓറഞ്ച് തൈ താല്‍ക്കാലിക സ്ഥാനത്ത് നിന്നും മണ്ണിലേക്ക് മാറ്റി.
  9. മുറ്റത്തെ മാവിലും ഇലഞ്ഞിയിലും കയറാന്‍ ശ്രമിക്കുന്ന മുല്ലവള്ളിയെ വാഴനാരുകൊണ്ട്  അവയിലേക്ക് പിടിച്ച് കെട്ടി.
  10. അടുക്കള മാലിന്യം നിക്ഷേപ്പിക്കാനായി കമ്പോസ്റ്റ് കുഴി ഉണ്ടാക്കി
  11. വിറക് അട്ടിയില്‍ തങ്ങി നിന്നിരുന്ന വെള്ളം ഒലിച്ച് പോകാനായി റീസ്റ്റ്രക്ചറിംഗ് നടത്തി
  12. നല്ലപാതി ആവശ്യപ്പെട്ട പ്രകാരം കത്തിക്കാനായി ചിരട്ടകള്‍ ശേഖരിച്ച് കൊടുത്തു.
  13. ഉപ്പേരി വയ്ക്കാന്‍ വെണ്ടയും കറി വയ്ക്കാന്‍ തഴുതാമയും ഒഴിവ് സമയത്ത് കഴിക്കാന്‍ പാഷന്‍ ഫ്രൂട്ടും മുറ്റത്ത് നിന്ന് ശേഖരിച്ചു.
  14. ഉമ്മ പറഞ്ഞതനുസരിച്ച് ഒരു വാഴക്കുല വെട്ടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇതില്‍ വിട്ടുപോയത് എന്തൊക്കെയാണെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. ഇതെല്ലാം ചെയ്തത് മൂന്ന് മണിക്കൂര്‍ കൊണ്ടാണ് എന്നതിനാല്‍ എല്ലാവര്‍ക്കും സാധിക്കും എന്ന് തീര്‍ച്ച.

2015ലെ ഒരു ഹര്‍ത്താല്‍ ദിന കാഴ്ച ഇവിടെയും  ((196) 2010ലെ ഒരു സമരദിന പ്രവര്‍ത്തനം ഇവിടെ വായിക്കാം.(62)

Thursday, October 12, 2017

ങേ! എന്താത് ?

                  ചെടി മുതൽ പൊടി വരെ എന്ന പേരിൽ ഫേസ്‌ബുക്കിൽ ഒരു കുഞ്ഞു പോസ്റ്റ് ഇടാൻ ഉദ്ദേശിച്ചതിനാൽ അതിനാവശ്യമായ നാലഞ്ച് ഫോട്ടോകൾ ഞാൻ കരുതി വച്ചിരുന്നു. പെട്ടെന്നാണ് അത് ബ്ലോഗിൽ പോസ്റ്റ് ചെയ്ത് ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ആക്കി ചേർക്കാം എന്ന് തോന്നിയത്. ബ്ലോഗിലാക്കിയപ്പോൾ അതിന് നീളം കൂടി , എങ്കിലും എല്ലാ കാര്യങ്ങളും ചിത്ര സഹിതം വിവരിക്കാനായി.
                   പ്രസ്തുത ബ്ലോഗിന്റെ ലിങ്ക് എന്റെ ടൈം‌ലൈനിൽ പോസ്റ്റ് ചെയ്ത് അത് കൃഷി സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നാല് ഗ്രൂപ്പിലും എന്റെ കോളേജിന്റെ ഫേസ്ബുക്ക് പേജിലും എൻ.എസ്.എസ് ഗ്രൂപ്പിലും ഷെയർ ചെയ്യുകയും ചെയ്തു. പിന്നെ സംഭവിച്ച കാര്യങ്ങൾ ഒരു ഞെട്ടലോടെയാണ് ഞാൻ ദർശിച്ചത്. 
              സമയം രാത്രി 10 മണി. മേൽ പോസ്റ്റ് ബ്ലോഗിൽ വന്നിട്ട് ഒരു മണിക്കൂറും 10 മിനുട്ടും കഴിഞ്ഞു. അപ്പോഴേക്കും ബ്ലോഗിൽ വന്നവർ 218 പേർ !
              വീണ്ടും ഒരു മണിക്കൂർ ഞാൻ എന്തൊക്കെയോ കാര്യങ്ങളിൽ മുഴുകി. സമയം 11 മണി. അപ്പോഴേക്കും എത്തിയവർ 468 !
                 ഇതേ സമയം എന്റെ മൂത്ത മകൾ ലുലു ഇതിന്റെ ചിത്രങ്ങൾ അവരുടെ കോളേജ് എൻ.എസ്.എസ് ഗ്രൂപ്പിലിട്ടു. അത് കാട്ടു തീ പോലെ പടർന്നു കയറി. പിറ്റേന്ന് രാവിലെ  11 മണിക്ക് ഞാൻ വെറുതെ ഒന്നു കൂടെ നോക്കി. ബ്ലോഗിൽ കയറി ഇറങ്ങിയവർ 1049 ആയിരിക്കുന്നു. 14 മണിക്കൂർ കൊണ്ടാണ് ഇത്രയും പേർ എത്തിയത്.
                 പോസ്റ്റ് ഇട്ട് 24 മണിക്കൂർ കഴിഞ്ഞപ്പോൾ സന്ദർശകരുടെ എണ്ണം കാണാൻ എനിക്കും ഒരു കൌതുകം - ഞാൻ ഞെട്ടിപ്പോയി. എന്റെ എല്ലാ ബ്ലോഗ് പോസ്റ്റുകളുടെയും സന്ദർശക എണ്ണം വെട്ടിനിരത്തിക്കൊണ്ട് 1459 പേർ ഈ പോസ്റ്റ് കണ്ടു. പക്ഷേ കമന്റ് ചെയ്തത് 2 പേർ മാത്രം !!
                  വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നത് കൊണ്ട് ലഭിക്കുന്ന ട്രാഫിക്കിനെക്കുറിച്ച് എനിക്ക് ഇപ്പോൾ ശരിക്കും ബോദ്ധ്യമായി. എന്റെ ബ്ലോഗിലെ പോസ്റ്റ് സന്ദർശകരുടെ എണ്ണത്തിൽ ഒരു റിക്കാർഡ് ഇട്ടേ മിക്കവാറും ഇനി ഇവൻ ഒതുങ്ങൂ.



Monday, October 09, 2017

ചെടി മുതല്‍ പൊടി വരെ

                   വിഷരഹിത വിഷു എന്നൊരു പദ്ധതി നാഷണല്‍ സര്‍വീസ് സ്കീം (Technical Cell) വഴി കോളേജില്‍ നടപ്പിലാക്കുമ്പോള്‍ സാധാരണ ഉണ്ടാക്കുന്ന പോലെയുള്ള ഒരു പച്ചക്കറിത്തോട്ടം എന്ന് മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ കൃഷി വകുപ്പില്‍ നേരത്തെ നല്‍കിയ 1000 ഗ്രൊബാഗിലുള്ള പച്ചക്കറി കൃഷിയുടെ ഒരു പ്രൊജക്ട് പ്രൊപൊസല്‍ അനുസരിച്ച് 85000 രൂപ അനുവദിച്ചതോടെ അത് വേറെ ലെവല്‍ ആയി.
             പയറും വഴുതനയും വെണ്ടയും തക്കാളിയും കാപ്സിക്കവും പച്ചമുളകും കാമ്പസില്‍ വിളഞ്ഞു നില്‍ക്കുന്നത് കണ്ടാല്‍ ഒരു കര്‍ണ്ണാടക ഗ്രാമത്തിന്റെ പ്രതീതി ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. തങ്ങള്‍ നട്ടു നനച്ചുണ്ടാക്കിയ ചെടിയില്‍ നിന്ന് ഇത്രയധികം വിളവുകള്‍ കിട്ടിയപ്പോള്‍ കുട്ടികള്‍ക്കും അതൊരു പ്രചോദനമായി.
             കൂനിന്മേല്‍ കുരു എന്ന് പറഞ്ഞാല്‍ മതിയല്ലോ, ഇതെല്ലാം നോക്കി പരിപാലിച്ച് നടക്കുന്നതിനിടക്ക് ഒരു റിലാക്സേഷന്‍ കം മോട്ടിവേഷന്‍ ആയി കൃഷിവകുപ്പിന്റെ ഒരു അവാര്‍ഡ് - ജൈവപച്ചക്കറി കൃഷി നടത്തുന്ന വയനാട് ജില്ലയിലെ മികച്ച പൊതു സ്ഥാപനം ! സര്‍ട്ടിഫിക്കറ്റും 5000 രൂപ കാഷ് അവാര്‍ഡും ഫലകവും ഞാനും പ്രിന്‍സിപ്പാളും വളണ്ടിയര്‍മാരും കൂടി ഏറ്റുവാങ്ങി.
               വിഷുപ്പക്ഷി അതിന്റെ പാട്ടും പാടി അടുത്ത വര്‍ഷത്തെ റിഹേഴ്സലിനായി എങ്ങോ പോയ് മറഞ്ഞു. പക്ഷെ നമ്മുടെ മുളകുചെടികള്‍ ഓണം വരുന്നത് മണത്തറിഞ്ഞു. അവ പൂര്‍വ്വാധികം വിള ഉല്പാദിപ്പിക്കാന്‍ തുടങ്ങി. വീരപ്പന്റെ വിഹാര കേന്ദ്രമായി സത്യമംഗലം കേള്‍ക്കുന്നതിന്റെ മുമ്പെ മുളകിന്റെ പേരില്‍ ഞാന്‍ സത്യമംഗലം എന്ന് കേട്ടിരുന്നു (ഇന്ന് അതുണ്ടോ എന്നറിയില്ല). ഏതായാലും വീരപ്പന്റെ മീശ പോലെത്തന്നെ ഞങ്ങളുടെ മുളക് നീണ്ട് പിരിയാന്‍ തുടങ്ങി.
                വില തുച്ഛവും ഗുണം മെച്ചവും ആയതിനാല്‍ ഓരോ ആഴ്ചയും കിട്ടുന്ന മുളക് ചൂടപ്പം പോലെ വിറ്റു പോയി.പച്ചയും ചുവപ്പും കലര്‍ന്ന കളര്‍ കോമ്പിനേഷനും പുറത്തേക്ക് വമിക്കുന്ന എരിവിന്റെ രൂക്ഷതയും കാരണം ഞാനും ഒരു തവണത്തെ വിളവെടുപ്പ് മൊത്തം വാങ്ങി.
            ഇത്രയും അധികം പച്ചമുളക് വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ നല്ല പാതിയും ചോദിച്ചു , എന്താ വയനാട്ടില്‍ മുളക് ലോറി മറിഞ്ഞോ? നാട്ടില്‍ ഗസറ്റഡ് ആപ്പീസര്‍ ആണെന്ന് പറഞ്ഞ് നടക്കുന്ന ആള്‍ക്ക് വയനാട്ടില്‍ കൃഷിയാണോ പണി എന്ന് ചോദിച്ചില്ല ( ഈ അടുത്ത് കോളേജിലെ ഒരു പി.ജി വിദ്യാര്‍ത്ഥിനി എന്റെ അടുത്ത് വന്ന് ചോദിച്ചു , സാര്‍ ഒരു ഫാര്‍മെര്‍ ആണല്ലെ എന്ന്.ഞാന്‍ അതെ എന്ന് അഭിമാനത്തോടെ പറഞ്ഞു).
                    പച്ചക്കളറില്‍ ഉള്ളത് ഓരോ ദിവസവും കറിയില്‍ ചാടി മരിച്ചു. ചുവപ്പ് കളറിലുള്ളവ വെയില്‍ കൊണ്ടും രക്തസാക്ഷിയായി. ഉണങ്ങിയ മുളക് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. അത്രയും തിളക്കവും എരിവും ആ മുളകിനുണ്ടായിരുന്നു.
            കഴിഞ്ഞ ആഴ്ച ആ മുളക് പൊടിച്ചു. അര കിലോ മുളക് പൊടി കിട്ടി. എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. ഞങ്ങള്‍ ഗ്രോബാഗ് നിറച്ച് ചെടി നട്ട് പരിപാലിച്ച് വിളവെടുത്ത് ഉണക്കി പൊടിച്ച് ഉണ്ടാക്കിയ മുളക്‌പൊടി എന്റെ അടുക്കളയില്‍ വിവിധ കറികള്‍ക്ക് എരിവ് പകരുമ്പോള്‍ മുളകിന്റെ എരിവ് പോലെ എന്റെ അഭിമാനവും ഉള്ളില്‍ നിന്ന് നുരഞ്ഞ് ഉയരുന്നു.

പുരവഞ്ചിയിലൊരു സഞ്ചാരം

  ഭാഗം 1 :    ടൌൺ റ്റു ടൌൺ ട്രെയിൻ !            

                     പുരവഞ്ചിയിൽ കയറിയതും എവിടെ പോയി ഇരിക്കണം എന്ന് ഞങ്ങൾക്ക് കൺഫ്യൂഷനായി. ബോട്ട് ഡ്രൈവറുടെ തൊട്ടു പിന്നിൽ, ഇരിക്കാനുള്ള സോഫയുണ്ട്. വെള്ളത്തിലേക്ക് കണ്ണും നട്ടിരിക്കാൻ സൈഡിൽ ചാരുപടിയുണ്ട്. കോണി കയറി മുകളിൽ ചെന്നാൽ ചെറിയ ഒരു ബാൽക്കെണിയുണ്ട്. കിടക്കണമെങ്കിൽ രണ്ട് ബെഡ്‌റൂമുകളുമുണ്ട്.  കരിമീനിന്റെ ഒരു കഷ്ണമെങ്കിലും കിട്ടുമോ എന്നറിയാൻ ഹന്ന അടുക്കളയിലും എത്തി നോക്കി.

                  പുരവഞ്ചി സഞ്ചാരം ആരംഭിച്ചതും, കരിമീൻ കിട്ടാത്ത കലിപ്പ് ഹന്ന ബാൽക്കണിയിൽ കയറി പാടിത്തീർക്കാൻ തുടങ്ങി. ഞാൻ പുന്നമടക്കായലിന്റെ സൌന്ദര്യം ആസ്വദിക്കാനും. കൊണ്ടോട്ടിയിലേക്കുള്ള ബസ് പോകുന്നത് പോലെ, വഞ്ചി ഉരുട്ടുന്നത് കണ്ടപ്പോൾ സ്റ്റിയറിംഗ് ഒന്ന് ഏറ്റെടുത്താലോ എന്ന് തോന്നി. ഡ്രൈവറെ മാറ്റി ഞാൻ വളയം, അല്ല മരച്ചക്രം കയ്യിലേന്തി. റോട്ടിൽ കാർ ഓടിക്കുന്ന പോലെ അത്ര എളുപ്പമല്ല തോട്ടിൽ ബോട്ട് ഓടിക്കാൻ എന്ന് പെട്ടെന്ന് മനസ്സിലായി. ആക്സിലെറേറ്റർ കാണാത്തതിനാൽ സ്പീഡ് കൂട്ടാനും വയ്യ.
              കായലിൽ വെയിലിന്റെ ചൂട് കൂടി വന്നു. സൂര്യ കിരണങ്ങൾ ഏറ്റുവാങ്ങി എന്റെ കഷണ്ടി പതിവിലും നന്നായി തിളങ്ങി. എങ്കിലും ബാൽക്കെണിയിൽ കയറി അങ്ങകലെ വേമ്പനാട്ട് കായലിലൂടെ നീങ്ങുന്ന ബോട്ടുകളെ നോക്കി വെള്ളമിറക്കി - കാരണം ഞങ്ങളുടെ യാത്ര 2 മണിക്കൂർ മാത്രമല്ലേയുള്ളൂ. ഇത് ഈ സ്പീഡിൽ പോയി വേമ്പനാട്ട് കായൽ തൊട്ടാൽ ബോട്ട്കൂലി അടച്ച് എന്റെ ട്രൌസർ കീറും എന്നുറപ്പ്.
                     ഈ വെള്ളത്തിലൂടെ ഇങ്ങനെ മണിക്കൂറുകളോളം ചുറ്റി അങ്ങകലെ എവിടെയോ നങ്കൂരമിട്ട് രാത്രി മുഴുവൻ ബോട്ടിൽ തന്നെ കഴിയുന്നതരം ഒരു ടൂറിസം ഇപ്പോള്‍ നിലവിലുണ്ട്.അങ്ങനെയൊന്നില്‍ കയറിയ എന്റെ ഭാര്യയുടെ ഒരു ബന്ധുവും കുടുംബവും ബോട്ട് നിര്‍ത്തിയ സ്ഥലത്ത് നിന്ന് കരയിലെത്തി ആലപ്പുഴ ടൌണിലൊക്കെ കറങ്ങി രാത്രി തിരിച്ച് ബോട്ടില്‍ തന്നെയെത്തിയത്രെ!ഈ താമസത്തില്‍ കൊതുക്‌ കടി അപാരമായിരിക്കും എന്ന് ചിലർ പറയുന്നു.കീശയുടെ ചോർച്ചയും ഭീകരമായിരിക്കും എന്നുറപ്പ്. അനുഭവിക്കാത്തതിനാൽ നൊ കമന്റ്‌സ്. രണ്ട് ഫാമിലിക്കുള്ള സെറ്റ് അപ് മിക്കവാറും എല്ലാ പുരവഞ്ചികളിലും ഉണ്ട്. കൂടുതൽ ഫാമിലികള്‍ ഉണ്ടാകുമ്പോൾ എന്ത് ചെയ്യും ആവോ?
                രണ്ട് മണിക്കൂർ കൊണ്ട് തന്നെ ഞങ്ങൾക്ക് മതിയായി. അപ്പോൾ ദിവസം മുഴുവൻ ഇതിൽ തങ്ങാന്‍ തീരുമാനിച്ചവര്‍  ചെയ്ത പാപം എന്താണാവോ? വള്ളം തിരിച്ച് കരയിലേക്ക് തന്നെ വിട‍ാന്‍ തുടങ്ങി.


                  വെള്ളിയാഴ്ച ആയതിനാല്‍ കരയിലെത്തിയ ഉടനെ  ഞങ്ങള്‍ ആണുങ്ങളായവര്‍ പള്ളിയിലേക്ക് തിരിച്ചു. ജുമുഅ കഴിഞ്ഞപ്പോഴേക്കും സമയം ഒന്നര കഴിഞ്ഞിരുന്നു. അവാര്‍ഡ് ദാനം നിശ്ചയിച്ചത് അഞ്ച് മണിക്കായതിനാല്‍ ഭക്ഷണം കഴിക്കാതെ പുറപ്പെട്ടാല്‍ പോലും പാറ്റൂരില്‍ എത്താന്‍ പറ്റാത്ത അവസ്ഥ. ദൈവം സഹായിച്ച് ആലപ്പുഴ നിന്നും ഒരു നല്ല ടാക്സിക്കാരനെ കിട്ടി. ഹന്നയുടെ കരിമീന്‍ മോഹങ്ങള്‍ എറിഞ്ഞുടച്ച്, ഞങ്ങള്‍ ആറു പേരും കൂടി ആ അംബാസഡറില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ പുറപ്പെട്ടു.

(അവസാനിച്ചു...)

ശേഷം ഉണ്ടായ അനുഭവം.

Sunday, October 08, 2017

അന്നമ്മയുടെ കരിമീൻ


ആലപ്പുഴയിൽ ഞങ്ങൾക്ക് പ്രധാനമായും ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ - പുരവഞ്ചി എന്ന് മലയാളത്തിൽ ആരും പറയാത്ത ഹൌസ്‌ബോട്ടിൽ കയറുക. പക്ഷേ ഹന്നയുടെ മനസ്സിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. ആലപ്പുഴ ഇറങ്ങിയ ഉടൻ, കിലുക്കത്തിലെ രേവതിയെപ്പോലെ ഹന്ന പറഞ്ഞു “ഹായ്...കരിമീൻ പൊരിച്ച മണം,സർ കരിമീൻ തിന്നണം”.

“ബോട്ടിൽ കിട്ടുമോ എന്ന് നോക്കാം...”

“കരിമീൻ ബോട്ടിലോ?” ഹന്ന ആകെ കൺഫ്യൂഷനിലായി.

“ബോട്ടിൽ അല്ല...ബോട്ട്...നമ്മൾ കയറാൻ പോകുന്ന സാധനം...”

“ഓ...ശരി....പക്ഷേ ഇവിടെ അടുത്ത് തന്നെ എവിടെയോ ഉണ്ട്....നല്ല മണം അടിക്കുന്നു...”

“ഏയ്...എനിക്ക് കിട്ടുന്നത് ആലപ്പുഴയുടെ മണമാണ്...” ഞാൻ പറഞ്ഞു.


പ്രാതൽ കഴിക്കാനായി ഹോട്ടലിൽ കയറിയപ്പോഴും ഹന്ന മൂക്കിലൂടെ എന്തോ ആഞ്ഞു വലിച്ചുകൊണ്ടിരുന്നു - കരിമീൻ പൊരിച്ചത് തന്നെ !!

ആന്റണി പറഞ്ഞ പ്രകാരം ഞങ്ങൾ പുന്നമട ഡോക്കിലേക്ക് നടന്നു. പുരവഞ്ചികളുടെ ലോക സമ്മേളനം നടക്കുന്ന രൂപത്തിലായിരുന്നു പുന്നമട ഡോക്ക്. 

“സാർ...ഇതിൽ കയറാം...” ക്യൂവിലുള്ള ഓട്ടോറിക്ഷയിൽ ചാടിക്കയറുന്ന പോലെ ഹന്ന ഒരു ബോട്ടിനടുത്തേക്ക് ഓടി.

“അന്നമ്മോ...കരിമീൻ വേണ്ടെ?” ആരോ ഉണർത്തി.

“ങാ....കരിമീൻ ഇതിൽ കിട്ടാൻ സാധ്യതയില്ല....സാർ അതിൽ കയറാം...” രണ്ട് സായിപ്പ്മാർ ഇരുന്ന മറ്റൊരു ബോട്ട് ചൂണ്ടി ഹന്ന പറഞ്ഞു.

“അങ്ങനെ ഏതിലെങ്കിലും അങ്ങ് ചാടിക്കയറാൻ പറ്റില്ല. ടിക്കെറ്റ് എടുക്കണം. അവിടെ നിന്ന് നിർദ്ദേശിക്കുന്ന ബോട്ടിലേ പോകാൻ പറ്റൂ...”

“സാർ...കരിമീൻ കിട്ടുന്ന ബോട്ട് ഏതെന്ന് ചോദിക്കണേ...” ഹന്ന വീണ്ടും ഉണർത്തി.

ഞാൻ KTDC യുടെ ടിക്കറ്റ് കൌണ്ടറിലേക്ക് നീങ്ങി.മണിക്കൂറിന് 2000 രൂപയാകുമെന്നും മിനിമം 3 മണിക്കൂറാണ് യാത്രയെന്നും പറഞ്ഞപ്പോൾ കായലിലെ ഓളം എന്റെ തലക്കകത്തേക്കും അടിക്കുന്നതായി എനിക്ക് തോന്നി. ആലപ്പുഴ വരെ വന്ന സ്ഥിതിക്ക് ഹൌസ്ബോട്ടിൽ കയറാതെ പോകുന്നത് ഒരു കുറവായും അനുഭവപ്പെട്ടു. അങ്ങനെ ചുറ്റിപ്പറ്റി നിന്ന് അവസാനം 2 മണിക്കൂർ നേരത്തേക്ക്, ഭക്ഷണം ഇല്ലാത്ത ഒരു ബോട്ട് കിട്ടി.
“സാർ...കരിമീൻ തിന്നാതെ ആലപ്പുഴ വിടുന്ന പ്രശ്നം ഇല്ല...നമുക്ക് ഉച്ചക്ക് ഊണിന്റെ കൂടെയാക്കാം...ഇപ്പോൾ ഈ ബോട്ടിൽ കയറാം...” ഹന്ന കിട്ടിയ മുയലിനെ മുറുകെപ്പിടിച്ചു.
ടിക്കറ്റെടുത്ത് ഞങ്ങൾക്ക് അനുവദിക്കപ്പെട്ട പുരവഞ്ചിയിലേക്ക് നീങ്ങി.

(തുടരും...)


Saturday, October 07, 2017

ടൌൺ റ്റു ടൌൺ ട്രെയിൻ !

“അടുത്തത് ഇനി ആലപ്പുഴയിലേക്ക്” - കൊച്ചിന്‍-മുസ്‌രിസ് ബിനാലെ കണ്ടു മടങ്ങുമ്പോൾ  മക്കള്‍ അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. 

“ഇന്‍ഷാ അല്ലാഹ്” ഞാന്‍ സമ്മതം മൂളി. 

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ യാത്ര കഴിഞ്ഞ് ഒരാഴ്ച  കഴിഞ്ഞപ്പോൾ എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്ററുടെ ഒരു അപ്രതീക്ഷിത ക്ഷണം വന്നു.എന്റെ കോളേജ് എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ച ആദ്യത്തെ സംസ്ഥാനതല അവാർഡ് ആയ മാനവീയം പുരസ്കാരം സ്വീകരിക്കാൻ വളണ്ടിയർ സെക്രട്ടറിമാർക്കൊപ്പം അടുത്ത ശനിയാഴ്ച  ആലപ്പുഴയിലെ പാറ്റൂർ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിൽ എത്തണം! 

മക്കൾ പറഞ്ഞത് അക്ഷരം പ്രതി പുലർന്നെങ്കിലും ഞാൻ അന്ന് കൊണ്ടുപോയത് എന്റെ എൻ.എസ്.എസ്‌ലെ  മക്കളെ ആയിരുന്നു (പിന്നീട് മെയ് മാസത്തിൽ കുടുംബത്തോടൊപ്പം  ആലപ്പുഴയിൽ വീണ്ടും കറങ്ങി). വളണ്ടിയർ സെക്രട്ടറിമാരായ അബ്ദുൽ വാസിഹ്,മുഹമ്മദ് അസ്‌‌ലം,ഹന്ന വർഗീസ്,അമീന ജാസ്മിൻ,സംഗീത എന്നിവരായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഇതിൽ തന്നെ ഹന്ന ആദ്യം വരുന്നില്ല എന്ന് പറഞ്ഞതിനാൽ റിസർവേഷൻ ഉണ്ടായിരുന്നില്ല. ജനറൽ കമ്പാർട്ട്മെന്റിൽ ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരും എന്ന ഭീഷണിയൊന്നും വിലപോയില്ല(അല്ല അവൾ വിശ്വസിച്ചില്ല).അവസാന നിമിഷത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യാം എന്ന് കരുതി ഞാനും മാനന്തവാടി നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

സ്റ്റേഷനിലെത്തി പ്രത്യേക ടിക്കറ്റ് എടുത്ത് നൽകിയപ്പോഴാണ് അന്നമ്മ സത്യം തിരിച്ചറിഞ്ഞത്.ഒരു രാത്രി മുഴുവൻ ട്രെയിനിൽ ഒറ്റക്ക്! അതും ഇതുവരെ ട്രെയിനിൽ ഒറ്റക്ക് സഞ്ചരിച്ചിട്ടില്ലാത്തവൾ.

“നിന്നെ ലേഡീസ് കമ്പാർട്ട്മെന്റിൽ ആക്കിത്തരാം...” ഞാൻ ആശ്വസിപ്പിച്ചു.

“അത് ഈ വണ്ടിക്ക് ഒപ്പം തന്നെ പോരുമോ?”

“അതെ...ഈ വണ്ടിയുടെ ഏറ്റവും അവസാനത്തെ ബോഗി...”

“അയ്യോ...അതെങ്ങാനും വിട്ടുപോയാൽ ആരും അറിയില്ല...ഞാൻ സാറ് കയറുന്ന ബോഗിയിൽ തന്നെ കയറാം...”

“അതിൽ റിസർവേഷൻ ഉള്ളവർക്കേ കയറാൻ പറ്റൂ...”

“ഈ  റിസർവേഷൻ  കൊണ്ട് തുലഞ്ഞു...ബി.ടെകിന് അഡ്മിഷൻ കിട്ടാൻ റിസർവേഷൻ...ബസ്സിൽ സീറ്റ് കിട്ടാൻ റിസർവേഷൻ...ഇപ്പോൾ ട്രെയിനിൽ നടുവിലെ ബോഗിയിൽ കയറാനും റിസർവേഷൻ...”

“സാരം‌ല്ല്യ...ടി ടി വന്നാൽ ഞാൻ വിളിക്കാം...”

“ അപ്പോ ട്രെയിനിലും ഉണ്ടോ ടൌൺ റ്റു ടൌൺ?”

“ആ ടി ടി അല്ല ഈ ടി ടി. ടിക്കറ്റ് പരിശോധകൻ...അതാ വണ്ടി വരുന്നു... നടക്ക് നിന്നെ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറ്റിത്തരാം...” 

“സാർ...പണ്ട് ആ ഗോവിന്ദച്ചാമി ഉണ്ടായിരുന്നതും ഈ കമ്പാർട്ട്മെന്റിൽ ആയിരുന്നില്ലേ?”

“അതെ...അതിനും വർഷങ്ങൾക്ക് മുമ്പ് കടലുണ്ടി പുഴയിലേക്ക് മറിഞ്ഞത് മുഴുവനും റിസർവേഷൻ കമ്പാർട്ട്മെന്റുകൾ ആയിരുന്നു...”

“ഓ...എങ്കിൽ ഞാൻ ഇതിൽ തന്നെ കയറാം...”

“ങാ...ശരി....കായംകുളത്ത് പുലർച്ചെ എത്തും...ഉണർന്നില്ലെങ്കിൽ വണ്ടി അതിന്റെ പാട്ടിന് പോകും...നീ ഇരുന്ന് പാട്ട് പാടേണ്ടിയും വരും...”

“ഇല്ല സാർ...ഇനി നമുക്ക് കൊച്ചുണ്ണിയുടെ നാട്ടിൽ കാണാം...ഗുഡ്‌നൈറ്റ്..”

“ഗുഡ്‌നൈറ്റ്..”

എന്റെ കൂടെ വരുമ്പോൾ എൻ.എസ്.എസ്‌ലെ മക്കൾക്കും സ്ഥലങ്ങൾ കാണാനുള്ള  അവസരങ്ങൾ ഉണ്ടാക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. വയനാട്ടിലെ മക്കളോടൊപ്പം തിരുവനന്തപുരത്ത് പോയപ്പോൾ അവിടെത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങളും ശംഖുമുഖം ബീച്ചും സന്ദർശിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 എൻ.എസ്.എസ് മക്കളെയും കൊണ്ട് നാഷണൽ യൂത്ത് ഫെസ്റ്റിവലിന് ലുധിയാനയിൽ പോയപ്പോൾ സുവർണ്ണ ക്ഷേത്രവും ജാലിയൻ വാലാബാഗും  ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന വാഗാ അതിർത്തിയും കാണാൻ അവസരമുണ്ടാക്കി. ആലപ്പുഴയിലേക്ക് തിരിക്കുമ്പോൾ എന്റെ മനസ്സിൽ ഇതേ പോലെ ഒന്ന് കറങ്ങണം എന്ന് പദ്ധതിയുണ്ടായിരുന്നു.

കായംകുളത്താണ് ട്രെയിൻ ഇറങ്ങുന്നത് എന്നതിനാൽ ആലപ്പുഴയിലേക്ക് 50 കിലോമീറ്ററോളം തിരിച്ച് പോരണം എന്ന് ആലപ്പുഴക്കാരനായ എന്റെ സുഹൃത്ത് ആന്റണി പറഞ്ഞപ്പോൾ ചെറിയ നിരാശ തോന്നി. കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം മാത്രമേ കാണാനുള്ളൂ  എന്ന് കൂടി അറിഞ്ഞപ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ പിന്നെ എന്ത് ചെയ്യും എന്ന ചോദ്യവും മനസ്സിൽ ഉയർന്നു. പിന്നെ രണ്ടും കല്പിച്ച് ആലപ്പുഴയിലേക്ക് തന്നെ വിടാൻ തീരുമാനിച്ചു.

(തുടരും...)

Wednesday, October 04, 2017

റൂബെല്ല

പോക്കരാക്ക : നീയല്ലേ പറഞ്ഞത് , കാലത്തിനൊത്ത് സഞ്ചരിക്കണം എന്ന്. ഇന്ന് ഞമ്മളത് അക്ഷരം പ്രതി പാലിച്ച്....

ഞാൻ: ങേ !! അതെങ്ങനെ ?

പോക്കരാക്ക : ഇന്ന് എന്റെ മോൾ പ്രസവിച്ച്...

ഞാൻ: ഓ...എന്നിട്ട്?

പോക്കരാക്ക : കുട്ടി പെൺകുട്ട്യാ...ഞമ്മള് ഉടനങ്ങട്ട് പേര് ഇട്ട്...

ഞാൻ: എന്ത് ?

പോക്കരാക്ക : റൂബെല്ല !! കൊറെ ദീസായി നല്ല മൊഞ്ച്‌ള്ള ഈ പേര് ങ്ങനെ കേക്ക്‌ണ്

ഞാൻ :😌😕

Sunday, October 01, 2017

പത്താം രക്തദാനം

                സന്നദ്ധരക്തദാനം ഇന്ന് കേരളത്തിലെ യുവാക്കള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല.കാരണം യൂത്ത് ക്ലബ്ബുകളും യുവജന സംഘടനകളും മറ്റും അത്രയും പ്രചാരണം നല്‍കി ഇന്ന് അത് സര്‍വ്വജന സ്വീകാര്യമാക്കിയിട്ടുണ്ട്. എങ്കിലും സ്ത്രീകള്‍ക്കിടയിലും മധ്യവയസ്കര്‍ക്കിടയിലും ഇന്നും രക്തദാനത്തിന് മടി കാണിക്കുന്നവരുണ്ട്. എന്തോ ഒരു ഉള്‍ഭയമാണ് ഈ മടിക്ക് കാരണം എന്നതാണ് സത്യം.

                പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ സഹതാമസക്കാരനായ എന്റെ സുഹൃത്ത് ശബീറിന്റെ മാതാവിന് വേണ്ടി രക്തം ദാനം ചെയ്താണ് ഞാന്‍ രക്തദാനം ആരംഭിച്ചത്. അടുത്തത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും. പിന്നീട് ആവശ്യക്കാര്‍ വന്നപ്പോഴെല്ലാം രക്തം ദാനം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.കൂടാതെ എന്റെ നേതൃത്വത്തില്‍ കോളേജില്‍ നടത്തിയ രക്തദാന ക്യാമ്പുകളില്‍ എല്ലാം ആദ്യം രക്തം നല്‍കി കുട്ടികളെ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.

               ഇക്കഴിഞ്ഞ ഓണം അവധിയില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പുനര്‍ജ്ജനി ക്യാമ്പ് നടത്തുന്നതിനിടയില്‍ A+ve ഗ്രൂപ് രക്തം അടിയന്തിരമായി ആവശ്യമാണെന്ന് ഒരു സന്ദേശം രാവിലെത്തന്നെ ക്യാമ്പിലെത്തി. തലേ ദിവസം ക്യാമ്പിലെ വളണ്ടിയര്‍ ജിന്‍ഷാദ് പതിനെട്ടാമത്തെ രക്തദാനവും അശ്വനി അജയകുമാര്‍ രണ്ടാം രക്തദാനവും നിര്‍വ്വഹിച്ചിരുന്നു.
                  ബ്ലഡ് ബാങ്കില്‍ ഓടി എത്തിയെങ്കിലും ടെക്നീഷ്യന്‍ ചായ കുടിക്കാന്‍ പോയിരുന്നതിനാല്‍ ഞാന്‍ ക്യാമ്പ് ഓഫീസിലേക്ക് തന്നെ മടങ്ങി.പക്ഷെ എന്നെ പ്രതീക്ഷയോടെ കാത്ത് നിന്ന രോഗിയുടെ ബന്ധുക്കളെ ഞാന്‍ അവിടെ കണ്ടു. ടെക്നീഷ്യന്‍ തിരിച്ചു വന്ന ഉടനെ ഞാന്‍ വീണ്ടും  ബ്ലഡ് ബാങ്കില്‍ എത്തി രക്തം ദാനം ചെയ്തു. എന്റെ  പത്താമത്തെ  രക്തദാനമാ യിരുന്നു അത് എന്നാണ് എന്റെ ഓര്‍മ്മ.
                  ദേശീയ രക്തദാന ദിനത്തില്‍ ഇന്ന് നിരവധി പുതിയ ദാതാക്കള്‍ ഈ സേവനത്തിന് തയ്യാറായിട്ടുണ്ടാകും എന്ന് തീര്‍ച്ചയാണ്. എല്ലാ ദാതാക്കള്‍ക്കും ആശംസകള്‍ നേരുന്നു.