Pages

Wednesday, May 22, 2024

അണ്ടികൊക്രു

കുട്ടിക്കാലത്തെ എൻ്റെ വരുമാന മാർഗ്ഗങ്ങളിൽ  പ്രധാനപ്പെട്ട ഒന്നായിരുന്നു കശുവണ്ടി വ്യവസായം (വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക). പ്രീഡിഗ്രി എന്ന ഉന്നത വിദ്യാഭ്യാസം ആരംഭിച്ചതോടെയാണ് ഞാൻ ആ വ്യവസായം തന്നെ നിർത്തിയത്. ഞാൻ വ്യവസായം നിർത്തിയതോടെ പങ്ക്കാരനായിരുന്ന അനിയനും പിന്തിരിഞ്ഞു. അതോടെ എൻ്റെ മാതാപിതാക്കൾ, പറമ്പിൻ്റെ അയൽവാസിയായ കുട്ടേട്ടന് അത് കൈമാറി.   എങ്കിലും ആ ഓർമ്മകൾ നില നിർത്തിക്കൊണ്ട് പറമ്പിൽ കുറെ കശുമാവുകൾ പടർന്ന് പന്തലിച്ച് നിന്നിരുന്നു. 

എൻ്റെ പഠനം കഴിഞ്ഞ് ജോലിയും ലഭിച്ചതോടെ വിവാഹവും നടന്നു. ഒരു റബ്ബർ തോട്ടത്തിൻ്റെ നടുവിലായിരുന്നു വധൂ ഗൃഹം, പിതാവ് ഇൻ ലോ നല്ലൊരു റബ്ബർ കർഷകനാണെന്ന് ഞാൻ അന്ന് മനസ്സിലാക്കി. ഏതാനും വർഷങ്ങൾക്കകം തന്നെ ഞങ്ങളുടെ പറമ്പിൽ വിളയുന്നത് മണ്ഡരിത്തേങ്ങയും കാശ് കിട്ടാത്ത കശുവണ്ടിയും ആണെന്ന് അദ്ദേഹവും മനസ്സിലാക്കി.അവ മുഴുവൻ വെട്ടി നിരത്തി റബ്ബർ വയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചതോടെ ഞങ്ങളുടെ സാമ്പത്തിക ഭദ്രതയോർത്ത് ബാപ്പ അതിന് യെസ് മൂളി. അതോടെ എൻ്റെ കശുവണ്ടി വ്യവസായത്തിൻ്റെ അവസാന ഓർമ്മയും നാമാവശേഷമായി.

കാലനും കൊറോണയും, പേമാരിയും പ്രളയവും താണ്ഡവമാടിയ ദിനങ്ങൾക്ക് ശേഷം ഏതോ ഒന്നിലാണ് എൻ്റെ മുറ്റത്ത് ഒരു കശുമാവ് മുളച്ച് വരുന്നത് പഴയ കശുവണ്ടി വ്യവസായിയായ ഞാൻ കണ്ടത്. ഏതോ പക്ഷി കൊണ്ടു വന്നിട്ട അണ്ടി മുളച്ചതായിരുന്നു അത്  എന്നാണ് എന്റെ ബലമായ വിശ്വാസം. റബ്ബർ വ്യവസായിയുടെ മകളായ എൻ്റെ ഭാര്യയും ആ തൈ കണ്ടു. അതിൻ്റെ അണ്ടികൊക്രു (മുളച്ച് വരുന്ന അണ്ടിയുടെ ഭാഗങ്ങൾ) അടർത്തി തിന്നാനാണ് അവളുടെ മനസ്സിൽ അപ്പോൾ മുള പൊട്ടിയ ആഗ്രഹം. പഴയ കശുവണ്ടി വ്യവസായിയായ ഞാൻ അവളുടെ ആഗ്രഹത്തെ മുളയിൽ തന്നെ നുള്ളിക്കളഞ്ഞു.

അങ്ങനെ വെള്ളവും വളവും നൽകാതെ ഞാനതിനെ വളർത്തി. കാരണം കശുവണ്ടി വ്യവസായ കാലത്ത് എൻ്റെ പിതാവ് കശുമാവിന് വളം നൽകിയതായി എൻ്റെ ഓർമ്മയിൽ ഇല്ല. മൂന്ന് വർഷം കൊണ്ട് അവളങ്ങ് വളർന്ന് മുറ്റം നിറഞ്ഞ് നിന്നെങ്കിലും കല്യാണം നടക്കാത്തതിനാൽ ഏതാനും കശുമാങ്ങകൾ മാത്രം (വിത് അണ്ടി) കിട്ടി. കശുവണ്ടിയും കശുമാങ്ങയും കാണാൻ പലരും വന്നപ്പോഴാണ് കശുമാവ് എന്ന മരം ഏകദേശം നാട് നീങ്ങിയതായി എനിക്ക് മനസ്സിലായത്. അടുത്ത വർഷം കൂടുതൽ അണ്ടി തന്നാൽ നിന്നെ നില നിർത്താമെന്നും അല്ലെങ്കിൽ നിലത്ത് നിർത്തും എന്നും അനുസരിച്ചില്ലെങ്കിൽ നിലക്ക് നിർത്തും എന്നും  പല സ്വരത്തിൽ ഞാനവളെ അറിയിച്ചു ( ഭാര്യയെ അല്ല,കശുമാവിനെ ).

പഴയ കശുവണ്ടി വ്യവസായിയായ ഞാൻ പറഞ്ഞത് അവൾക്ക് കൃത്യമായി മനസ്സിലായി എന്ന് തോന്നുന്നു, ഈ വർഷം അവൾ പൂത്തുലഞ്ഞു. നിറയെ കപ്പൽ മാങ്ങാ പഴവും ( ങാ , കശുമാങ്ങക്ക് അങ്ങനെയും പേരുണ്ട് ) ഉണ്ടായി. വവ്വാലുകൾ എന്നും വയറ് നിറക്കാൻ എത്തിയതിനാൽ നിപ പ്രതീക്ഷിച്ചെങ്കിലും വന്നത് അസ്സൽ ഡെങ്കി ആയിരുന്നു (പത്ത് ദിവസം വീതം ഓരോരുത്തരായി കിടപ്പിലായി). മുറ്റമടിക്കാൻ  ഇറങ്ങുന്ന ഭാര്യക്ക് എന്നും ഒരു പിടി അണ്ടി ബോണസായും കിട്ടി. അവളങ്ങനെ ശേഖരിച്ച് വച്ചപ്പോൾ എന്നിലെ കശുവണ്ടി വ്യവസായി വീണ്ടും ഉണർന്നെണീറ്റു. എല്ലാം കൂടി ഒരു സഞ്ചിയിലാക്കി മലഞ്ചരക്ക് കടയിൽ കൊണ്ടു വിറ്റു. 

ആകെ 2.3 കിലോ; തൊണ്ണൂറ് രൂപ നിരക്കിൽ 207 രൂപ കിട്ടി. മുഴുവൻ തുകയും ഭാര്യക്ക് നൽകി ഞാനൊരു മാതൃകാ ഭർത്താവായി. ഞാൻ കശുവണ്ടി വ്യവസായി ആയിരുന്ന കാലത്ത് (1987) കിട്ടിയ ഏറ്റവും വലിയ വില കിലോക്ക് 22 രൂപ ആയിരുന്നു എന്ന് അനിയൻ പറയുന്നു. അന്ന് സ്വർണ്ണം പവന് വില 2500 രൂപക്ക് താഴെ ആയിരുന്നു. ഇന്ന് സ്വർണ്ണ വില 55000 രൂപയും. മീൻസ്, കർഷകന് കഞ്ഞി ഇപ്പോഴും കുമ്പിളിൽ തന്നെ 😧


Monday, May 20, 2024

ഒരു ആപ്പിൾ തൈ സ്റ്റോറി

ഒന്നാം കാശ്മീർ യാത്രയിൽ എൻ്റെ ആതിഥേയനായ ഇഷ്ഫാഖിൻ്റെ സ്വന്തം ആപ്പിൾ തോട്ടം ഞങ്ങൾ സന്ദർശിച്ചിരുന്നു. മെയ് മാസത്തിലായിരുന്നതിനാൽ ആപ്പിൾ മരത്തിൽ ആപ്പിളുകൾ ഉണ്ടായി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ അതിൽ നിന്ന് ആപ്പിളുകൾ പൊട്ടിച്ച് കഴിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ മാസത്തിൽ അവയെല്ലാം പഴുത്ത് പാകമാകും എന്നായിരുന്നു ഇഷ്ഫാഖ് പറഞ്ഞത്.

പെട്ടെന്നാണ് എൻ്റെ മനസ്സിൽ ഒരു ചിന്ത പൊട്ടിയത്. നമ്മുടെ നാട്ടിൽ മാവിൻ്റെയും പ്ലാവിൻ്റെയും എല്ലാം ചുവട്ടിൽ അതിൻ്റെ തൈകൾ ധാരാളം മുളച്ച് വരാറുണ്ട്. അതിൽ മിക്കതും നശിച്ചു പോകാറാണ് പതിവ്. അതേ പോലെ ഈ ആപ്പിൾ മരങ്ങളുടെ ചുവട്ടിലും ചെറിയ തൈകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് എനിക്ക് തോന്നി. 

"ഇഷ്ഫാഖ് ... ആപ്പിൾ ക പൗദ മിലേഗ യഹാം ?"   ഒന്ന് പരതി നോക്കിയെങ്കിലും ആപ്പിൾ മരത്തിൻ്റെ ഇല പോലെ ഇലകളുള്ള ഒരു തൈ പോലും കാണാത്തതിനാൽ ഞാൻ ഇഷ്ഫാഖിനോട് ചോദിച്ചു.

"നഹീം സാർ..." ചിരിച്ചു കൊണ്ട് അവൻ മറുപടി പറഞ്ഞു.

"തൊ കൈസ നയാ പൗദ ബൻതാ ഹെ?" കമ്പു കുത്തിയിട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ നാലഞ്ച് ചെറിയ കമ്പ് കൊണ്ടു പോകാം എന്ന ധാരണയിൽ ഞാൻ ചോദിച്ചു.

"ബഡ് കർതെ ഹെ.."

"കോൻ കരേഗ?"

"പിതാജി കർതാ ഹെ... ഔർ മേം ഭീ കർതാ ഹെ..."
"അഛാ.. മുജെ എക് പൗദ ചാഹിയെ..." ഞാനെൻ്റെ ആവശ്യം പറഞ്ഞു.

"മേം ദേഖേഗ... ഖർ മേം ഹെ തോ ദിയേഗ... നഹീം ഹെ തോ അഗല ബാർ മേം കേരള ആനെ പർ ലായേംഗ" അങ്ങനെ അത് കിട്ടാനുള്ള സാധ്യത ഇല്ല എന്ന് ഞാൻ മനസ്സിലാക്കി.

2023 ഡിസംബറിൽ രണ്ടാം കാശ്മീർ യാത്രക്ക് പദ്ധതി ഇട്ടപ്പഴേ ഞാൻ ഇഷ്ഫാഖിനെ വിളിച്ച് രണ്ട് കാര്യങ്ങൾ ആവശ്യപ്പെട്ടു. കുറച്ച് സ്ട്രോബറി തൈകളും ആപ്പിൾ തൈയും റെഡിയാക്കി വയ്ക്കണം; ഞാൻ നേരിട്ട് വീട്ടിൽ  വന്ന് വാങ്ങും. ഇഷ്ഫാഖ് അപ്പോൾ തന്നെ യെസ് മൂളി.

രണ്ടാം കാശ്മീർ യാത്രയുടെ രണ്ടാം ദിവസം ഞങ്ങൾ ഗുൽമാർഗ്ഗിൽ എത്തും എന്ന് ഗുൽമാർഗ്ഗിനടുത്ത് ടാങ് മാർഗ്ഗിൽ താമസിക്കുന്ന ഇഷ്ഫാഖിനെ ഞാൻ അറിയിച്ചു. ആപ്പിൾ തൈയും സ്ട്രോബറി തൈയും റെഡിയാണെന്ന് അവൻ തിരിച്ചും അറിയിച്ചു. ഗുൽമാർഗ്ഗിലെ മഞ്ഞിൽ കളിച്ച് തിരിച്ച് പോരുന്ന വഴിക്ക് ഒരു ആപ്പിൾ തൈയും നാലഞ്ച് സ്ട്രോബറി തൈ മൂടുകളും (ഒന്നിൽ തന്നെ നാലഞ്ച് തൈകൾ ഉണ്ടാകും) ഇഷ്ഫാഖ് എനിക്ക് കൈമാറി. 

പിറ്റേ ദിവസം മുഴുവൻ തൈകൾ ശ്രീനഗറിലെ റൂമിനകത്ത് വച്ചു. തൊട്ടടുത്ത ദിവസം മുഴുവൻ ജമ്മുവിലേക്കുള്ള യാത്രയിൽ ആരും തട്ടാതെയും മുട്ടാതെയും ആപ്പിൾ തൈയെ കാത്തു. രാത്രി ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയിലും തൈകളെ സംരക്ഷിക്കാൻ അൽപം പാടുപെട്ടു. ഡൽഹിയിലും ഒരു ദിവസം മുഴുവൻ തൈകളെ റൂമിനകത്ത് വച്ചു. ഇഷ്ഫാഖ് പറഞ്ഞ പ്രകാരം എല്ലാ ദിവസവും ചെറുതായൊന്ന് നനച്ച് കൊടുത്തു. തൈ കിട്ടി നാലാം ദിവസം ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര ആരംഭിച്ചു. സൈഡ് ലോവർ ബർത്ത് കിട്ടിയതിനാൽ തൈക്ക് സുരക്ഷിതമായൊരു മൂല കിട്ടി. ആറാം ദിവസം പുലർച്ചെ കോഴിക്കോട്ടും രാവിലെ എട്ട് മണിയോടെ വീട്ടിലും എത്തിയതോടെ എല്ലാ തൈകളും സുരക്ഷിതമായി വീട്ടിലെത്തിയ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞു.

ഞങ്ങളുടെ ഇരുപത്തഞ്ചാം വിവാഹ വാർഷികം ആഘോഷങ്ങളൊന്നുമില്ലാതെ വേളിയിൽ കഴിഞ്ഞു പോയത് കശ്മീർ യാത്രയുടെ ഒരു മാസം മുമ്പായിരുന്നു.നാല് മക്കളും ചേർന്ന് പ്രസ്തുത ആപ്പിൾ തൈ മുറ്റത്ത് നട്ട് കൊണ്ട് വാർഷിക സ്മരണ ധന്യമാക്കി.പൂവ് പിടിച്ചിരുന്ന സ്ട്രോബറി തൈയിൽ ഏതാനും ദിവസങ്ങൾക്കകം തന്നെ സ്ട്രോബറി പഴവും ഉണ്ടായി.


കൊണ്ടു വരുമ്പോൾ ഒരൊറ്റ ഇല പോലും ഇല്ലാതിരുന്ന ആപ്പിൾ തൈയിൽ ഒരു മാസത്തിനുള്ളിൽ തന്നെ തളിർ പൊട്ടി. അങ്ങനെ ഒരു പരീക്ഷണാർത്ഥം മുറ്റത്ത് ഒരു ആപ്പിൾ തൈയും വളർന്ന് വരുന്നു. ന്യൂട്ടൻ്റെ തലയിൽ ആപ്പിൾ വീണ കഥ കേൾക്കുന്ന എൻ്റെ പേരമക്കൾ അത് ശരിക്കും അനുഭവിക്കുമോ ആവോ?🤩

Friday, May 17, 2024

ശബ്ദങ്ങൾ

 ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ മിക്ക കൃതികളും എൻ്റെ സ്കൂൾ കാലഘട്ടത്തിൽ തന്നെ ഞാൻ വായിച്ചിരുന്നു. കഥാപാത്രങ്ങൾ എല്ലാം തന്നെ ചിര പരിചിതങ്ങൾ ആയതിനാൽ ഏത് കൃതിയിലാണ് അവ എന്നൊന്നും അന്ന് നോട്ട് ചെയ്തിരുന്നില്ല. പിന്നീട് വീണ്ടും പല തവണ വായിച്ചപ്പോഴാണ് ഓരോ കഥാപാത്രവും ഏതൊക്കെ നോവലിലേതാണെന്ന് ഓർമ്മയിൽ തങ്ങി നിൽക്കാൻ തുടങ്ങിയത്. അപ്പോഴും ശബ്ദങ്ങൾ എന്ന പുസ്തകത്തിലെ ഒരു കഥാപാത്രം പോലും എൻ്റെ മനസ്സിലേക്ക് വന്നതേ ഇല്ല. ഇക്കഴിഞ്ഞ ദിവസം പ്രസ്തുത പുസ്തകം കയ്യിൽ കിട്ടിയപ്പോൾ ഞാൻ അത് വായിച്ചു നോക്കി. മുമ്പ് വായിച്ചതായി എനിക്ക് ഒരു പരിചയവും തോന്നിയില്ല.

ശബ്ദങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ മനസ്സിൽ ഒരു പാട് ചിന്തകൾ മുളപൊട്ടി. ഇത് ഒരു ബഷീർ കൃതി തന്നെയാണോ എന്നായിരുന്നു ഓരോ പേജ് പിന്നിടുമ്പോഴും എൻ്റെ സംശയം. സാധാരണ ബഷീർ കൃതികളിലെ നർമ്മ രസം ഇതിൽ ഒട്ടും കണ്ടില്ല എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. എന്നാൽ സ്ത്രീ ലാവണ്യത്തിൻ്റെ അംഗ വർണ്ണന കണ്ടപ്പോൾ അത് ബഷീറിന് മാത്രമേ സാധിക്കൂ എന്നും ഉറപ്പായി. എന്നാലും ഒരു കഥാപാത്രത്തിനും പേരില്ലാത്ത ഒരു കഥ ബഷീർ എഴുതും എന്ന് വിശ്വസിക്കാനും പ്രയാസം തോന്നി. കഥാവസാനം വരെ ഒരു തരം ഭ്രാന്തൻ സംഭാഷണം മാത്രമുള്ള ഒരു കൃതി ബഷീറിൻ്റെ തൂലികയിൽ നിന്ന് ഉണ്ടാകും എന്ന് ബഷീറിൻ്റെ മറ്റ് കൃതികൾ വായിച്ച ആർക്കും ഊഹിക്കാൻ പോലും സാധിക്കില്ല. കാശ് കൊടുത്ത് വാങ്ങിയ ബഷീർ കൃതികളിൽ  ഇതൊരു നഷ്ടം തന്നെയെന്ന് അവസാന പേജിൽ എത്തിയപ്പോൾ എനിക്ക് തീർച്ചയായി.

ഞാൻ വായിച്ചതിൽ എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒരു കൃതിയാണ് ശബ്ദങ്ങൾ. പുസ്തകത്തിൻ്റെ പേര് അപശബ്ദങ്ങൾ എന്നായിരുന്നു നല്ലത് എന്ന് പോലും തോന്നി. വായിച്ചില്ലെങ്കിൽ ഒരു നഷ്ടവും തോന്നാത്ത ഒരു കൃതിയാണ് ശബ്ദങ്ങൾ.

പുസ്തകം : ശബ്ദങ്ങൾ
രചയിതാവ്: വൈക്കം മുഹമ്മദ് ബഷീർ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 79
വില: 99 രൂപ

Sunday, May 12, 2024

അബി ഫാൾസും രാജാ സീറ്റും (കുടകിലൂടെ...5)

ഇന്ത്യയിലെ ഏറ്റവും വലിയതും മനോഹരങ്ങളുമായ വെള്ളച്ചാട്ടങ്ങൾ ഉള്ള സംസ്ഥാനമാണ് കർണ്ണാടക.ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ജോഗ് ഫാൾസ് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്.അവസരം കിട്ടിയപ്പോൾ കുടുംബ സമേതം തന്നെ അത് പോയി കാണുകയും ചെയ്തിരുന്നു (ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം) .

കുടകിലൂടെയുള്ള രണ്ടാം ദിവസത്തെ പര്യടനത്തിലെ രണ്ടാമത്തെ കാഴ്ചയും ഒരു വെള്ളച്ചാട്ടമാണ് ; അബി ഫാൾസ്.മടിക്കേരി ടൗണിൽ നിന്നും വെറും ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ അബി ഫാൾസിൽ എത്താം.അമ്പത് രൂപ കൊടുത്ത് വണ്ടി പാർക്ക് ചെയ്ത ശേഷം കൗണ്ടറിലെത്തി ടിക്കറ്റെടുത്തു.ഒരാൾക്ക് പത്ത് രൂപയാണ് ടിക്കറ്റ് നിരക്ക്.കൗണ്ടർ ഗേറ്റ് കടന്നാൽ ഒരു കാപ്പിത്തോട്ടത്തിനകത്ത് കൂടെ താഴോട്ട് താഴോട്ട് വളഞ്ഞ് പുളഞ്ഞ് പോകുന്ന സ്റ്റെപ്പുകളാണ്.തടി കൂടിയവർക്കും പ്രായമായവർക്കും അത് ഇറങ്ങിക്കയറുക അത്ര എളുപ്പമായിരിക്കില്ല.

സ്റ്റെപ്പുകൾ അവസാനിക്കുന്നത് അത്ര അധികം വിസ്തൃതി ഇല്ലാത്ത ഒരു പ്ലാറ്റുഫോമിലാണ്. ബാരിക്കേഡുകൾ സ്ഥാപിച്ച അതിന്റെ അപ്പുറത്താണ് മലമുകളിൽ നിന്നും വെള്ളം പാറയിലൂടെ പരന്ന് താഴേക്ക് പതിക്കുന്നത്. കാവേരി നദിയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് അബി ഫാൾസ്.മുമ്പ് ജെസി ഫാൾസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകാനോ ഇറങ്ങിക്കുളിക്കാനോ അനുവാദമില്ല. ഏതാനും സമയം ആ വശ്യമനോഹാരിതയിൽ മയങ്ങിയ ശേഷം ഞങ്ങൾ തിരിച്ചു കയറി.

ഭക്ഷണം കഴിക്കാൻ അനുയോജ്യമായ ഒരിടം തേടിയെങ്കിലും മനസ്സിന് ഇഷ്ടപ്പെട്ട ഒരു ഹോട്ടൽ കണ്ടെത്താനായില്ല.ആമാശയത്തിന് താൽക്കാലിക ആശ്വാസം മാത്രം നൽകി ഞങ്ങൾ അടുത്ത സ്പോട്ട് ആയ മടിക്കേരി ഫോർട്ടിലെത്തി.

പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് മടിക്കേരി കോട്ട എന്ന് ചരിത്രം പറയുന്നു. ടിപ്പു സുൽത്താൻ ഈ കോട്ട കീഴടക്കിയിരുന്നതായും പറയപ്പെടുന്നുണ്ട്. പിന്നീട് ബ്രിട്ടീഷുകാരുടെ അധീനതയിൽ വന്നപ്പോഴാണ് കോട്ടക്കകത്ത് ഒരു ചർച്ച് കൂടി സ്ഥാപിതമായത്. നിലവിൽ ബ്രിട്ടീഷ് കാലത്തെ നിരവധി പുരാവസ്തുക്കളുടെ ശേഖരം കൂടിയുള്ള ഒരു മ്യൂസിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

മടിക്കേരി ടൗണിന്റെ ഹൃദയഭാഗത്തുള്ള കോട്ടക്ക് അകത്തുവരെ വണ്ടി പോകും.പ്രവേശന ഫീസ് വെറും പത്ത് രൂപ മാത്രം.പാർക്കിംഗ് സൗജന്യമാണ്.തിങ്കളാഴ്ച അവധി ദിവസമാണ്.അല്ലാത്ത ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രവേശിക്കാം.കോട്ടക്കകത്ത് വച്ച് ഞങ്ങളും നുസൈബയുടെ ഫാമിലിയും വീണ്ടും കണ്ടുമുട്ടി. 

 
മടിക്കേരിയിലെ ഞങ്ങളുടെ അവസാനത്തെ കാഴ്ചയായി ബാക്കിയുള്ളത് രാജാ സീറ്റ് ആണ്. മടിക്കേരി ടൗണിൽ തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് രാജാക്കന്മാരും രാജ്ഞിമാരും സൂര്യാസ്തമനം കാണാൻ വന്നിരുന്ന സ്ഥലമാണ് രാജാ സീറ്റ് എന്ന പേരിൽ ഒരു ഉദ്യാനവും വാക് വേയുമൊക്കെയായി നവീകരിച്ചത്. വൈകിട്ട് മ്യൂസിക്കൽ ഫൗണ്ടൈൻ ഷോ കൂടി ഉണ്ട് എന്ന് പറയപ്പെടുന്നു.ഗാന്ധി മണ്ഡപം എന്നും ഈ ഉദ്യാനത്തിന് പേരുണ്ട്.

കാർ റോഡ് സൈഡിൽ തന്നെ പാർക്ക് ചെയ്ത് ഞങ്ങൾ രാജാ സീറ്റ് ഉദ്യാനത്തിലേക്ക് പ്രവേശിച്ചു.ഇരുപത് രൂപയാണ് ഇവിടെ പ്രവേശന ഫീസ്.മലകളാൽ ചുറ്റപ്പെട്ട താഴ്വരയും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും നോക്കി വൈകുന്നേരത്തെ കാറ്റും കൊണ്ട് അവിടെ ഇരിക്കാൻ ഒരു പ്രത്യേക സുഖം തന്നെ തോന്നി.സന്ദർശകർക്കായി പ്രത്യേകം വ്യൂ പോയിന്റും ഉണ്ട്.പക്ഷേ, വെയിലില്ലാത്ത സമയത്തേ അങ്ങോട്ട് ഇറങ്ങാൻ സാധിക്കൂ.രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശന സമയം.

മടക്കം വീരാജ്പേട്ട - തലശ്ശേരി വഴി ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. മാനന്തവാടിയിൽ പഴയ പരിചയക്കാരായ കുറച്ച് പേരെ ഇനിയും കാണാനുള്ളതിനാൽ ഉച്ചക്ക് മൂന്ന് മണിയോടെ വീരാജ്പേട്ട - കുട്ട വഴി ഞങ്ങൾ തിരിച്ചു പോന്നു.വഴിയിൽ പല സ്ഥലങ്ങളിലും റോഡ് വയ്ക്കത്ത് ആന അടക്കമുള്ള വന്യ മൃഗങ്ങളെ കണ്ടതിനാൽ വൈകിയുള്ള യാത്ര അത് വഴി സുരക്ഷിതമല്ല എന്ന് മനസ്സിലായി.

രാത്രി ഏഴ് മണിയോടെ ഞങ്ങൾ മാനന്തവാടിയിലെത്തി, കാണാൻ ബാക്കിയുള്ളവരെയും കണ്ട് നാട്ടിലേക്ക് മടങ്ങി.രാത്രി പന്ത്രണ്ടരയോടെ വീട്ടിലെത്തുമ്പോൾ കാർ മൊത്തം 555 കിലോമീറ്റർ ഓടിക്കഴിഞ്ഞിരുന്നു. എന്റെ ഡ്രൈവിങ്ങിലെ ഏറ്റവും ദൈർഘ്യമേറിയ  ഡ്രൈവ് ആയി അതവസാനിക്കുമ്പോൾ നല്ല കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞ ഒരു യാത്ര കൂടി വിജയകരമായി പര്യവസാനിച്ചു.


Saturday, May 11, 2024

ദുബാരെ ആനക്യാമ്പ് (കുടകിലൂടെ...4)

കുടകിലൂടെയുള്ള പര്യടനത്തിന്റെ രണ്ടാം ദിവസമാണിന്ന്. എനിക്കറിയാവുന്ന കാഴ്ചകൾ ഇന്നലയോടെ അവസാനിച്ചു.ഇന്നലെ ചായ കുടിക്കുമ്പോൾ ഹോട്ടലിൽ നിന്ന് പറഞ്ഞ് തന്നതും നെറ്റിൽ നിന്നും മനസ്സിലാക്കിയതുമായ കാഴ്ചകളിലേക്കാണ് ഇന്ന് മിഴി തുറക്കാനുള്ളത്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദുബാരെ ആനക്യാമ്പ് ആണ്.അവിടെ പോകുന്നു എന്ന് അറിയിച്ചപ്പോൾ ഇന്നലെ ആകാശ് സിംഗും 'അച്ഛാ' എന്നായിരുന്നു അഭിപ്രായം പറഞ്ഞത്.

പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു.ദുബാരെയിലേക്ക് പോകാനായി ഗൂഗിൾ മാപ്പ് ഇട്ടപ്പോഴാണ് ഹാരങ്കിയിലേക്ക് പോയതിന്റെ നേരെ എതിർവശത്തേക്ക് പതിമൂന്ന് കിലോമീറ്റർ സഞ്ചരിക്കണം എന്ന് മനസ്സിലായത്.അപ്രതീക്ഷിതമായി, ഞങ്ങൾ താമസത്തിനായി തെരഞ്ഞെടുത്ത സ്ഥലം വളരെ കൃത്യമായി! രാവിലെ ഗ്രൂപ്പിൽ ഒരു സുപ്രഭാതം സന്ദേശം ഇട്ടപ്പോഴാണ് പത്താം ക്‌ളാസ് സഹപാഠി നുസൈബയും കുടുംബവും പരിസരത്തെവിടെയോ തലേ ദിവസം വന്ന് താമസിക്കുന്നതായി അറിഞ്ഞത്.

ദുബാരെയിലേക്കുള്ള റോഡും ഏതോ ഒരു ഉൾഗ്രാമത്തിലേക്കുള്ളത് പോലെ തോന്നിച്ചു.റോഡ് വീതി കുറവാണെങ്കിലും ട്രാഫിക് വളരെ കുറവായതിനാൽ അര മണിക്കൂറിനകം ഞങ്ങൾ സ്ഥലത്തെത്തി.അവിടെ എത്തിയപ്പോഴാണ് നേരത്തെ പുറപ്പെടേണ്ടതിന്റെ ആവശ്യകത മനസ്സിലായത്.വളരെ നീളമുള്ള ക്യൂവാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.ഒരു വേള ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടി വരുമോ എന്ന് പോലും ഞങ്ങൾ സംശയിച്ചു.

കാവേരി നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ചിട്ടു വേണം ആനക്യാമ്പിലെത്താൻ. മുതിർന്നവർക്ക് നൂറ് രൂപയും കുട്ടികൾക്ക് അൻപത് രൂപയുമാണ് ഫീസ്.ബോട്ട് ചാർജ്ജടക്കമാണ് അത്.ടിക്കറ്റ് എടുക്കാൻ പ്രത്യേക കൗണ്ടർ ഇല്ല.ക്യൂവിൽ നിൽക്കുക.രാവിലെ ഒമ്പത് മണി മുതൽ ടിക്കറ്റ് കൊടുത്ത് തുടങ്ങും.കൃത്യം പതിനൊന്ന് മണി വരെ ടിക്കറ്റ് കൊടുത്തുകൊണ്ടിരിക്കും.പിന്നീട് എത്ര പേര് ബാക്കി ഉണ്ടെങ്കിലും വൈകിട്ട് നാലരക്കേ പ്രവേശനമുള്ളൂ.പാർക്കിംഗ് ഫീസായി നാൽപത് രൂപ വേറെ നൽകണം.

മൈസൂർ ദസറക്കുള്ള ആനകളെ പരിശീലിപ്പിക്കുന്ന കേന്ദ്രമായിരുന്നു ദുബാരെ.ഇന്ന് ആനകളെപ്പറ്റി പഠിക്കാനും ആനകളുമായി ഇടപഴകാനും ആനയെ ഊട്ടാനും കുളിപ്പിക്കാനും എല്ലാം സഞ്ചാരികൾക്ക് അവസരം നൽകുന്ന ഒരിടമാണ് ദുബാരെ ആനക്യാമ്പ്.പ്രത്യേകം പരിശീലനം സിദ്ധിച്ചവരുടെ മേൽനോട്ടത്തിന് കീഴിൽ ആനകളുടെ പെരുമാറ്റ രീതികൾ വളരെ അടുത്തുള്ള ഒരു ഗ്യാലറിയിൽ ഇരുന്ന് നമുക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാം.

ആനകളെപ്പറ്റിയുള്ള ക്‌ളാസും ആനകളെ ഭക്ഷണമൂട്ടാനുള്ള അവസരവും ആനസവാരിയും ക്യാമ്പിൽ ഉണ്ടെന്ന് പലരുടെയും യാത്രാ കുറിപ്പുകളിൽ കണ്ടിരുന്നു. അതെല്ലാം പ്രത്യേക പാക്കേജിനകത്താണോ എന്നറിയില്ല,അങ്ങനെയുള്ള ഒരു ആക്ടിവിറ്റിയും എവിടെയും കണ്ടില്ല.പുഴയിൽ ആനകളെ കുളിപ്പിക്കുന്നിടത്ത് ചില സഞ്ചാരികൾ അവയെ കുളിപ്പിക്കുന്നതും കൊമ്പിൽ തൊടുന്നതും എല്ലാം ഞാൻ നോക്കി വച്ചിരുന്നു.ഞാനും മക്കളെയും കൊണ്ട് അങ്ങോട്ട് ചെന്നു.

ടിക്കറ്റ് എടുത്തതാണെങ്കിൽ കുളിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ മുൻപിൻ ആലോചിക്കാതെ ഞങ്ങൾ ചെന്നു.മക്കൾ ആനയെ തൊട്ടും കൊമ്പിൽ പിടിച്ചും കുളിപ്പിച്ചും ആർമാദിക്കുകയും ക്യാമറയിൽ പകർത്തുകയും ചെയ്തു.ആനയെ തിരിച്ചു കിടത്താൻ പാപ്പാന്മാർ  ഓർഡർ കൊടുത്തപ്പോഴേക്കും ഞങ്ങൾക്കും മതിയായതിനാൽ ഞങ്ങൾ തിരിച്ചു കയറി.പിന്നീടാണ് ആ കുളിപ്പിക്കലിന് ആളൊന്നിന് നൂറ് രൂപ ടിക്കറ്റ് വേറെ ഉണ്ട് എന്നറിഞ്ഞത്. അടുത്ത ബോട്ടിന് തിരിച്ച് കയറിയത് കാരണം തൽക്കാലം ഞങ്ങൾ രക്ഷപ്പെട്ടു. 

പാർക്കിംഗ് ഏരിയയിൽ തിരിച്ചെത്തിയപ്പോഴേക്കും, നേരത്തെ വിളിച്ച സഹപാഠി നുസൈബയും ഫാമിലിയും അവിടെ എത്തി.ക്യൂവിൽ നിന്നെങ്കിലും സമയം കഴിഞ്ഞതിനാൽ അവർക്ക് ക്യാമ്പിൽ പോകാൻ പറ്റിയില്ല എന്ന് പിന്നീടറിഞ്ഞു.റിവർ റാഫ്റ്റിങ് സൗകര്യവും ഉണ്ടെങ്കിലും അപകട ഭീതിയും ഉയർന്ന റേറ്റും കാരണം അവർ അതിനും മുതിർന്നില്ല. ഞങ്ങൾ അടുത്ത കേന്ദ്രമായ അബി ഫാൾസ് ലക്ഷ്യമാക്കി യാത്രയായി.

(Part 5 - അബി ഫാൾസും രാജാ സീറ്റും)

Friday, May 10, 2024

കാവേരി നിസർഗധാം (കുടകിലൂടെ - 3)

റൂമിൽ നിന്നും (കുടകിലൂടെ - 2) ഒരു ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു ഞങ്ങളെല്ലാവരും.അപ്പോഴാണ് കർണ്ണാടക ടൂറിസം ഡിപ്പാർട്മെന്റിന്റെ കാവേരി നിസർഗധാം 0 Km എന്ന ബോർഡ് എന്റെ ശ്രദ്ധയിൽ പെട്ടത്.എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന കാവേരി നിസർഗധാം വൈകുന്നേരം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം കൂടി ആയതിനാൽ സ്ഥലം എവിടെയാണെന്ന് ചായ കുടിച്ച് കൊണ്ടിരുന്ന ഹോട്ടലിലെ പെരിന്തൽമണ്ണക്കാരിയോട് ചോദിച്ചു.

"അതാ...ആ കാണുന്നത് തന്നെ..." റോഡിന്റെ മറുഭാഗത്ത് കാണുന്ന വലിയ കമാനം കാണിച്ച് തന്നുകൊണ്ട് അവർ പറഞ്ഞു.

കാവേരി നദിയിൽ നിരവധി ചെറു ദ്വീപുകൾ ഉണ്ട്. അതിൽ ഒന്നാണ് കാവേരി നിസർഗധാം.രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് പ്രവേശന സമയം.അറുപത് രൂപയാണ് പ്രവേശന ഫീസ്.പാർക്കിംഗ് ഫീ മുപ്പത് രൂപ കമാനം കടക്കുമ്പോൾ തന്നെ സെക്യൂരിറ്റി ഈടാക്കും. 

നദിയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ദ്വീപിലേക്ക് ഒരു തൂക്കുപാലത്തിലൂടെയാണ് എത്തിച്ചേരേണ്ടത്. 90 മീറ്റർ ആണ് തൂക്കുപാലത്തിന്റെ നീളം. തൂക്കുപാലം കടന്ന് അക്കരെയെത്തിയാൽ 35 ഏക്കറിലായി പടർന്ന് കിടക്കുന്ന സുന്ദരമായ നിസർഗധാമ ആയി. മുളങ്കാടുകൾ ആണ് നിസർഗധാമയുടെ മുഖമുദ്ര. കർണാടകയുടെ വിവിധ സാംസ്കാരിക കലകളെ പരിചയപ്പെടുത്തുന്ന ശില്പങ്ങൾ പല സ്ഥലങ്ങളിലായി ഉണ്ടാക്കിവച്ചിട്ടുണ്ട്.കൂടാതെ സഞ്ചാരികൾക്കായി തൂണിന് മുകളിൽ ഏറുമാടവും ഒരുക്കിയിട്ടുണ്ട്.


മുമ്പത്തെ തവണ വന്നപ്പോൾ പുഴയിൽ ഇറങ്ങിയിരുന്നതായി എന്റെ ഓർമ്മയിലുണ്ട്.പക്ഷെ ഇപ്പോൾ പുഴയിലേക്കുള്ള വഴികൾ എല്ലാം കമ്പിവേലി കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.മുമ്പ് ഇവിടെ ആനസവാരി ഉണ്ടായിരുന്നതായും ഞാൻ ഓർക്കുന്നു.ഇത്തവണ അതും കണ്ടില്ല.മാനുകൾക്കായി ഒരു ഡീർ പാർക്ക് നിസർഗധാമയിലുണ്ട്.പഴയ പ്രൗഢി ഇല്ലെങ്കിലും ഭംഗി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഞങ്ങൾ അൽപ സമയം അവിടെ ചെലവഴിച്ചു.

വൈകിട്ട് എത്തിച്ചേരേണ്ട സ്ഥലങ്ങളിൽ ഒന്നായി ഭാര്യയുടെ സുഹൃത്ത് ഡെൽജി നിർദ്ദേശിച്ച ഒന്നായിരുന്നു ഹാരങ്കി ഡാം.ഞാൻ ആദ്യമായാണ് ആ പേര് കേൾക്കുന്നത്.നാട്ടുകാർക്കും അത്ര പരിചയമുള്ള ഒരു സ്ഥലം ആയിരുന്നില്ല ഹാരങ്കി.എങ്കിലും ഗൂഗിൾ മാപ്പ് ഇട്ട് ഞാൻ വണ്ടി ഹാരങ്കിയിലേക്ക് വിട്ടു. മെയിൻ റോഡിൽ നിന്നും അധികം വാഹനങ്ങളൊന്നും പോകാത്ത ഒരു റൂട്ടിൽ പത്ത് കിലോമീറ്റർ ഉള്ളോട്ടായിരുന്നു ഹാരങ്കി ഡാം.റോഡ് കിടു ആയതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി.

തിരക്കിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന ഒരു സ്ഥലമാണ് ഹാരങ്കി ഡാം.ഞങ്ങൾ എത്തുമ്പോൾ രണ്ടോ മൂന്നോ വാഹനങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മുതിർന്നവർക്ക് പത്ത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയുമാണ് പ്രവേശന ഫീസ്. വണ്ടി റോഡിൽ തന്നെ നിർത്തിയിടണം.പാർക്കിംഗ് ഫീ എന്ന പേരിൽ  ഇരുപത്തഞ്ച് രൂപ നോക്കുകൂലി ഈടാക്കും.രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശനം.

പരന്നു കിടക്കുന്ന പൂന്തോട്ടവും അവിടവിടെ കാണുന്ന സീറ്റുകളും ആണ് ഞങ്ങളെ സ്വാഗതം ചെയ്തത്. മറ്റു സന്ദർശകരെയൊന്നും കാണാനും ഇല്ലായിരുന്നു.പിന്നീടാണ് അവരെല്ലാം ഡാമിന്റെ തന്നെ ഏതോ ഭാഗത്ത് നടക്കുന്ന മ്യൂസിക്കൽ ഫൗണ്ടൈൻ ഷോ കണ്ടു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്. ഞങ്ങൾക്കതറിയാത്തതിനാൽ കാണാൻ സാധിച്ചില്ല.

നടന്ന് നടന്ന് ഞങ്ങൾ ആളൊഴിഞ്ഞ ചിൽഡ്രൻസ് പാർക്കിൽ എത്തി.എല്ലാ റൈഡുകളും ഫ്രീ ആയിരുന്നതിനാൽ എല്ലാവരും എല്ലാത്തിലും കയറി ആസ്വദിച്ചു. എല്ലാവർക്കും ഏതാനും സമയത്തേക്ക്  കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ ഇത് അവസരം ഒരുക്കി. 


സന്ദർശകരും ജീവനക്കാരും അധികം ഇല്ലാത്തത് കാരണം പാർക്ക് അടക്കമുള്ള ഡാമിന്റെ അനുബന്ധ സ്ഥലങ്ങൾ ശരിയായ വിധം പരിപാലനം നടത്തുന്നില്ല.പല സ്ഥലങ്ങളും കാട് മൂടിയതിനാൽ ഇരുട്ടായതോടെ ഭയം അങ്കുരിക്കാനും തുടങ്ങി. കൂടുതൽ സമയം കാത്ത് നിൽക്കാതെ ഞങ്ങൾ ഡാമിൽ നിന്ന് പുറത്തിറങ്ങി നേരെ റൂമിലേക്ക് തിരിച്ചു.

(Part 4 - ദുബാരെ ആനക്യാമ്പ്)



Thursday, May 09, 2024

നംഡ്രോളിങ് മൊണാസ്റ്ററി (കുടകിലൂടെ - 2)

ഇർപ്പിൽ നിന്നും  (കുടകിലൂടെ Part - 1) ഞങ്ങൾ പുറപ്പെടുമ്പോൾ തന്നെ സമയം പതിനൊന്നര മണി കഴിഞ്ഞിരുന്നു. കുശാൽ നഗറിലേക്കുള്ള റൂട്ടിനെപ്പറ്റിയോ ദൂരത്തെപ്പറ്റിയോ ഒരു ധാരണയും മനസ്സിൽ ഉണ്ടായിരുന്നില്ല.ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നതിനാൽ വണ്ടിയുടെ വയറ് നിറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ വയറിന്റെ സ്ഥിതി അത്ര ആശാവഹമായിരുന്നില്ല.

മാനന്തവാടിയിൽ നിന്ന് ഗോണിക്കുപ്പ എത്തിയ ശേഷം ആനേചൗകുർ ചെക്ക്പോസ്റ്റ് വഴി കടന്ന് വേണം കുശാൽനഗറിൽ എത്താൻ എന്നായിരുന്നു പവിത്രേട്ടൻ പറഞ്ഞിരുന്നത്. അതനുസരിച്ച് തന്നെ ഞാൻ വണ്ടി നേരെ വിട്ടു.ഗോണിക്കുപ്പ പിന്നിട്ടതോടെ റോഡ് പെട്ടെന്ന് വിജനമായി.ഇരു ഭാഗത്തും കാട് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ വഴി മാറിപ്പോയോ എന്ന് പോലും സംശയിച്ചു.വഴി ചോദിക്കാൻ ഒരു കടയോ മറ്റു യാത്രക്കാരോ ഒന്നും കണ്ടതുമില്ല.മുന്നോട്ട് നീങ്ങുംതോറും കാടിന്റെ ഉള്ളിലേക്ക് കൂടുതൽ കൂടുതൽ കയറുകയാണ് എന്ന് എനിക്ക് ബോദ്ധ്യമായി.എന്റെ ആശങ്ക ഞാൻ ഫാമിലിയെ അറിയിച്ചില്ല. അവസാനം നടുറോഡിൽ കസേരയിട്ട് ഇരിക്കുന്ന രണ്ട് ഫോറസ്റ്റർമാരെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.അത് ആനേചൗകുർ ചെക്ക്പോസ്റ്റ് ആയിരുന്നു.നാല്പത് കിലോമീറ്റർ വനത്തിലൂടെ കാറോടിച്ച്, രണ്ട് മണിയോടടുത്ത് ഞങ്ങൾ കുശാൽ നഗറിലെത്തി.

വിശപ്പിന്റെ വിളിക്ക് ഉത്തരം നല്കിയിട്ടാവാം ഇനി അടുത്ത സ്ഥല സന്ദർശനം എന്നതിനാൽ ഞങ്ങൾ വഴി നീളെയുള്ള ഹോട്ടലുകളിലേക്ക് കണ്ണ് പായിക്കാൻ തുടങ്ങി.കുശാൽ നഗർ അറിയപ്പെടുന്നത് തിബറ്റൻ മൊണാസ്റ്ററി എന്ന നിലയിലായതിനാൽ അവരുടെ ഭക്ഷണം തന്നെ കഴിച്ച് നോക്കാം എന്ന് തീരുമാനിച്ചു. ആളൊഴിഞ്ഞ ഒരു കടക്ക് മുന്നിൽ കസ്റ്റമേഴ്‌സിനെ പ്രതീക്ഷിച്ച് നിൽക്കുന്ന ഒരു മധ്യവയസ്കനെ കണ്ടതും ഞാൻ വണ്ടി സൈഡാക്കി.

കുലംകുഷമായ ചർച്ചകൾക്ക് ശേഷം എഗ്ഗ് ന്യൂഡിൽസ്,വെജ് എഗ്ഗ് തുപ്പ,വെജ് മെമോസ്,കാപ്പി എന്നിവ ഓർഡർ ചെയ്തു. അത് ഭക്ഷിക്കാനുള്ള സ്റ്റിക്കും കൂടി ആവശ്യപ്പെട്ടു.സ്റ്റിക് പ്രത്യേക രീതിയിൽ പിടിച്ച് ന്യൂഡിൽസ് അതിനകത്ത് കുരുക്കിയെടുത്ത് തിന്നുന്ന രീതി അൽപനേരം ചിരി പടർത്തിയെങ്കിലും നിമിഷ നേരം കൊണ്ട് തന്നെ എല്ലാവരും സ്വായത്തമാക്കി.ഭക്ഷണ ശേഷം നമസ്കരിക്കാൻ അനുവാദം ചോദിച്ചപ്പോൾ അദ്ദേഹം കടയ്ക്ക് അകത്ത് തന്നെ അതിനുള്ള സൗകര്യവും ഒരുക്കിത്തന്നു.അങ്ങനെ സംതൃപ്തിയോടെ ഞങ്ങൾ ആകാശ് സിംഗിനോടും ഭാര്യയോടും യാത്ര പറഞ്ഞിറങ്ങി.

 ഭക്ഷണ ശേഷം ഞങ്ങൾ നേരെ നംഡ്രോളിങ് മൊണാസ്റ്ററിയിലേക്ക് വണ്ടി വിട്ടു.വിശാലമായ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തു (പാർക്കിംഗ് ഫീ 40 രൂപ വണ്ടി എടുത്തു പോകുമ്പോൾ ഈടാക്കിക്കൊള്ളും). മൊണാസ്ട്രിയിലേക്ക് കയറാൻ ഫീ ഒന്നും തന്നെയില്ല.രാവിലെ 9.00 മണി മുതല്‍ വൈകി‌ട്ട് 6.00 മണി  വരെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള പ്രവേശന സമയം.

ടിബറ്റിന് പുറത്ത് ഏറ്റവും കൂടുതൽ ടിബറ്റൻ ജനസംഖ്യയുള്ള രണ്ടാമത്തെ ഏറ്റവും വലുതും പഴയതുമായ ടിബറ്റൻ സെറ്റിൽമെന്‍റാണ് ബൈലക്കുപ്പെയിലെ നംഡ്രോളിങ് മൊണാസ്ട്രി എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ടെംപിള്‍. പത്മസംഭവ ബുദ്ധവിഹാരം എന്നാണ് ക്ഷേത്രത്തിന്റെ യഥാർത്ഥ നാമം. ഇവിടുത്തെ ടിബറ്റന്‍ കേന്ദ്രത്തില്‍ മാത്രം 43,000 ല്‍ അധികം ടിബറ്റുകാർ വസിക്കുന്നതായി പറയപ്പെടുന്നു.മറ്റേതോ നാട്ടിലെത്തിയ പോലെ നമുക്ക് അത് ശരിക്കും അനുഭവപ്പെടും. 

ക്ഷേത്രത്തിനകത്ത് ബുദ്ധൻ, പത്മസംഭവ, അമിതായുസ് എന്നിങ്ങനെ മൂന്ന് വലിയ സ്വർണ്ണ പ്രതിമകൾ ഉണ്ട്. ഓരോ പ്രതിമയ്ക്കും ഏകദേശം 40 അടി ഉയരമുണ്ട്.ക്ഷേത്രത്തിന്‍റെ എല്ലാ ഭാഗത്തും മനോഹരങ്ങളായ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും. ടിബറ്റൻ ബുദ്ധമത പുരാണങ്ങളെ ആണ് ചുവരുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.പ്രത്യേകതരം പ്രാര്‍ത്ഥനാ ചക്രങ്ങളും പ്രയര്‍ ഡ്രമ്മുകളും അതുപയോഗിക്കുന്ന സന്യാസിമാരും ക്ഷേത്രത്തിലുണ്ട്.
പ്രാർത്ഥനാ സമയത്ത് സന്ദർശകർ മൗനം പാലിക്കണം.കയ്യിലേന്തിയ ഒരു പ്രത്യേകതരം സാധനം കുലുക്കിയാണ് ബുദ്ധ ഭിക്ഷുക്കളുടെ പ്രാർത്ഥന.
ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങൾ ക്ഷേത്രത്തിനകത്തെയും പരിസരത്തെയും കാഴ്ചകൾക്കായി ചെലവഴിച്ചു.

വൈകിയാൽ റൂം ലഭിക്കാൻ പ്രയാസമാകും എന്ന് തോന്നിയതിനാൽ കുശാൽ നഗർ വിട്ട ഉടനെ ഞങ്ങൾ അത് തെരയാനും ആരംഭിച്ചു.അവസാനം നിസർഗധാമിന് തൊട്ടടുത്ത് മെയിൻ റോഡിൽ തന്നെ  തലശ്ശേരിക്കാരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ 1200 രൂപക്ക് ഡബിൾ റൂമും തരമായി.ലഗേജുകൾ റൂമിൽ ഇറക്കി വച്ച് ഒന്ന് ഫ്രഷായ ശേഷം ഞങ്ങൾ കാവേരി നിസർഗധാമിലേക്ക് നീങ്ങി.

Wednesday, May 08, 2024

കുടകിലൂടെ - 1

കുടുംബത്തോടൊപ്പം ഓരോ യാത്രയും കഴിഞ്ഞ് തിരിച്ചെത്തി അതിന്റെ രസവും ഹരവും ഒക്കെ കൂടിയിരുന്ന് ചർച്ച ചെയ്തു കഴിയുമ്പോഴാണ് അടുത്ത യാത്രക്കുള്ള ഒരുൾവിളി മുഴങ്ങാറ്. മിക്കവാറും സ്ഥലം അടക്കം ആ പ്രചോദന സന്ദേശത്തിൽ ഉള്ളടക്കം ചെയ്തിരിക്കും.ഇല്ല എങ്കിൽ അടുത്ത സിറ്റിങ്ങിൽ അതിനും തീരുമാനമാകും.കശ്‍മീർ യാത്രയുടെ ഒന്നാം വാർഷികം പ്രമാണിച്ച് ഒരു ഏകദിന ഔട്ഡോർ താമസം എല്ലാവരും ആഗ്രഹിച്ചിരുന്നു.പക്ഷേ,എന്തൊക്കെയോ കാരണങ്ങളാൽ അത് നടക്കാതെ പോയതിനാൽ ഈ വർഷത്തെ യാത്രയിൽ അത് പരിഹരിക്കാം എന്ന് മനസ്സിൽ കരുതി.

സുഹൃത്തുക്കൾ പലരും ഒരു ദ്വിദിന യാത്രക്കുള്ള സ്ഥലം അന്വേഷിക്കുമ്പോൾ ഞാൻ നിർദ്ദേശിക്കാറുള്ള  ലൊക്കേഷനുകളിൽ ഒന്നാണ് കുശാൽ നഗർ വഴി മടിക്കേരി.കുടകിന്റെ സൗന്ദര്യമാണ് ഈ യാത്രയിലെ ആസ്വാദക ബിന്ദു.മാനന്തവാടിയിൽ കുടുംബ സമേതം താമസിച്ചിരുന്ന കാലത്ത് കുശാൽ നഗറിൽ പോയിരുന്നു എന്നതൊഴിച്ചാൽ ബാക്കി കാര്യങ്ങൾ എനിക്കും കേട്ടുകേൾവികൾ മാത്രമായിരുന്നു.മക്കളും കാണാത്ത സ്ഥലമായതിനാൽ ഇത്തവണ ഞങ്ങളുടെ യാത്ര അത് വഴിയാക്കാം എന്ന് തീരുമാനിച്ചു.

അങ്ങനെ സമയവും തരവും ഒത്ത് കിട്ടിയ ഒരു ദിവസം കാറിൽ ഞങ്ങൾ പുറപ്പെട്ടു.മാനന്തവാടിയിൽ പഴയ പരിചയക്കാരെയെല്ലാം സന്ദർശിച്ച് വൈകിട്ട് കാട്ടിക്കുളത്ത് റിസോർട്ട് എടുത്ത് താമസിക്കാം എന്നായിരുന്നു പദ്ധതി.കൂടെ പോരാൻ മൂന്നോ നാലോ ഫാമിലികളെ ക്ഷണിച്ചെങ്കിലും ആർക്കും സമയം ഒത്തില്ല.ആയത് ഒരു കണക്കിന് അനുഗ്രഹമായി.കാരണം, മാനന്തവാടിയിൽ എത്തിയാൽ എന്നെ മറ്റൊരിടത്തും താമസിക്കാൻ അനുവദിക്കാത്ത പവിത്രേട്ടൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല.എന്റെ പഴയ കോളേജിന്റെ നേരെ എതിർഭാഗത്തുള്ള അദ്ദേഹത്തിന്റെ പുതിയ ഹോസ്റ്റലിൽ ഞങ്ങൾക്ക് താമസ സൗകര്യമൊരുക്കി. ലിദു  മോന് അത് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.പിറ്റേന്ന് കാലത്ത് തന്നെ ഞങ്ങൾ മടിക്കേരി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. 

കാട്ടിക്കുളം കഴിഞ്ഞ് കുട്ട വരെയുള്ള യാത്ര ഏറെക്കുറെ മുഴുവനായും വനത്തിനുള്ളിലൂടെയാണ്. രാവിലെ ആയതിനാൽ മൃഗങ്ങളെ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.വാഹനങ്ങൾ കടന്നു പോകുന്ന വഴിയായതിനാൽ ഭയപ്പെടേണ്ട കാര്യവും ഇല്ലായിരുന്നു.അല്പം അധികം നേരത്തെ ഡ്രൈവിംഗിന് ശേഷം ഞാൻ പ്രതീക്ഷിച്ചപോലെ ആനയെ കണ്ടു.റോഡിനരിക് ചേർന്ന് കുറ്റിക്കാട് ഒടിച്ചെടുത്ത് വായിലേക്കിടുന്ന ആനയെ ശരിക്കും കാണാവുന്ന രൂപത്തിൽ തന്നെ ഞാൻ കാർ നിർത്തി.പെട്ടെന്ന് ആന റോഡിലേക്കിറങ്ങാൻ ഭാവിച്ചതോടെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.പക്ഷേ,പെട്ടെന്നുള്ള എടുക്കലിൽ വണ്ടി ഓഫായി!അടുത്ത സ്റ്റാർട്ടിംഗിൽ തന്നെ വണ്ടി ഞാൻ വേഗം മുന്നോട്ടെടുത്തു വിട്ടു. എല്ലാവരുടെയും ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയെങ്കിലും തൽക്കാലം രക്ഷപ്പെട്ടു.

കുട്ടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ആദ്യ സന്ദർശന കേന്ദ്രമായ ഇർപ്പ് വെള്ളച്ചാട്ടം (ഇരിപ്പ് വെള്ളച്ചാട്ടം) ലക്ഷ്യമാക്കി നീങ്ങി.ഇപ്പോൾ ഏഴു വയസ്സുകാരനായ ലിദു മോന് ഏഴ് മാസം പ്രായമുള്ള സമയത്തായിരുന്നു ഇതിന് മുമ്പ് ഞങ്ങൾ ഇർപ്പിൽ വന്നിരുന്നത് (ആ യാത്രയും ഇർപ്പിന്റെ ചരിത്രവും എല്ലാം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം-625).പ്രവേശന ഫീസ് ഇപ്പോഴും അമ്പത് രൂപയാണ്.പന്ത്രണ്ട് വയസ്സിന് മുകളിൽ ഉള്ളവർക്കേ ടിക്കറ്റ് എടുക്കേണ്ടതുള്ളൂ.പാർക്കിംഗ് ഫീ ഇത്തവണ വാങ്ങിയില്ല.

ശ്രീ രാ‍മേശ്വര ക്ഷേത്രത്തിന്റെ പ്രവേശന കവാടവും കടന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങി.വഴിയിലെ കാഴ്ചകൾ ക്യാമറയിലും മനസ്സിലും പകർത്തി ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി.

മുൻ സന്ദർശനങ്ങളിലെല്ലാം ഇവിടെ കുളിക്കാൻ സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ വെള്ളച്ചാട്ടത്തിന്റെ നേരെ താഴേക്കുള്ള വഴി കെട്ടി അടച്ചിരിക്കുന്നു. അവിടെ കുളിക്കാൻ പറ്റില്ല.വെള്ളം ഒലിച്ചു പോകുന്ന ഭാഗത്ത് വേണമെങ്കിൽ കുളിക്കാം.ഏകദേശം ഒരു മണിക്കൂർ കാനന ഭംഗിയും വെള്ളച്ചാട്ടത്തിന്റെ സംഗീതവും ആസ്വദിച്ച ശേഷം ഞങ്ങൾ തിരിച്ചിറങ്ങി.
                                                            പഴയ ഒരു ഓർമ്മയ്ക്ക്


Tuesday, May 07, 2024

നീന്തൽ

ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരായതിനാൽ എൻറെ തലമുറ വരെയുള്ള എന്റെ കുടുംബത്തിൽപ്പെട്ട ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എല്ലാം നീന്തൽ അറിയാമായിരുന്നു.മിക്കവാറും എല്ലാവരും പുഴയിൽ പോയി കുളിച്ചതിന്റെയും അവധി ദിവസങ്ങളിൽ പുഴയിൽ ചാടി തിമർത്തതിന്റെയും അനന്തരഫലമായിരിക്കാം ഒരു പക്ഷേ, ഞങ്ങളറിയാതെ ആ നൈപുണ്യം ഞങ്ങളിൽ വന്നു ചേർന്നത്.

വേനലവധിക്കാലത്ത് ബാപ്പയുടെ നാടായ പേരാമ്പ്ര നൊച്ചാട് നിന്ന് മൂത്താപ്പയുടെ മക്കളും അമ്മായിയുടെ മക്കളും വിരുന്നു വരുന്ന സമയത്ത് അവർ ആവശ്യപ്പെടാറുള്ളതും നീന്തൽ പഠിപ്പിച്ച് തരണം എന്നാണ്.പക്ഷേ,മൂന്നോ നാലോ ദിവസം മാത്രം താമസിക്കുന്നതിനിടക്ക് പഠിക്കാൻ പറ്റുന്ന ഒരു കാര്യമല്ല നീന്തൽ എന്ന് പുഴയിലിറങ്ങുന്നതോടെ അവർക്കും മനസ്സിലാകും.ആയതിനാൽ കിട്ടുന്ന ദിവസം മൂക്കുപൊത്തിപ്പിടിച്ച് വെള്ളത്തിൽ മുങ്ങി അർമാദിക്കാനേ പിന്നെ ശ്രമിക്കാറുള്ളൂ.

എന്റെ തലമുറക്ക് ശേഷം പുഴയിൽ ബണ്ട് വന്നു. വെള്ളമൊഴുക്ക് നിലക്കുകയും പുഴയിൽ നിന്ന് മണൽ വാരിയതിന്റെ ഫലമായി വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.പുഴയിൽ മാലിന്യങ്ങൾ തള്ളാൻ കൂടി തുടങ്ങിയതോടെ വെള്ളം മലിനമായി.കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ പോയി കുളിക്കാൻ ഞങ്ങളുടെ പഴയ തലമുറ ഇഷ്ടപ്പെട്ടില്ല.സ്വാഭാവികമായും പുതിയ തലമുറക്ക് പുഴയിൽ നിന്ന് കുളിക്കാനുള്ള അവസരം അന്യമായി.അതോടെ നീന്തൽ എന്ന കല സ്വായത്തമാക്കാനുള്ള അവസരവും നഷ്ടമായി. 

വിരുന്ന് പോയിടത്ത് നിന്ന് പുഴയിൽ ഇറങ്ങി അപകടത്തിൽ പെടുന്നത്, പുതിയ നൂറ്റാണ്ടിന്റെ പിറവിയോടെ ഒരു സ്ഥിരം വാർത്തയായി മാറിക്കഴിഞ്ഞിരുന്നു.വെള്ളത്തിൽ വീണാൽ അല്പനേരമെങ്കിലും പിടിച്ചു നിൽക്കാൻ പുതിയ തലമുറക്ക് വശമില്ലാത്തതിന്റെ ഫലമായിരുന്നു ഇതിൽ പലതിനും കാരണം.നീന്തൽ പരിശീലിക്കാൻ സൗകര്യം ലഭിക്കാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടി.നീന്തൽ ഒരു പൊതുതാത്പര്യ വിഷയമല്ലാത്തതിനാൽ സൗകര്യം ഒരുക്കാൻ ആരും പ്രത്യേക താല്പര്യം കാണിച്ചതുമില്ല.

മക്കൾ വലുതായിക്കഴിഞ്ഞപ്പോഴാണ് എന്റെ ശ്രദ്ധയിൽ നിന്നും ഇക്കാര്യം വിട്ടുപോയ വിവരം ഞാൻ തിരിച്ചറിഞ്ഞത്.പതിനെട്ട് തികഞ്ഞ മൂത്ത രണ്ട് പേരും ഡ്രൈവിംഗ് പരിശീലനത്തിന് തിരിഞ്ഞപ്പോഴാണ് ചെറുത് രണ്ടെണ്ണത്തിനെ നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാമെന്ന് തോന്നിയത്. അനിയന്റെ മക്കൾ കഴിഞ്ഞ വർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സമ്മർ ക്യാംപിൽ പരിശീലനത്തിന് പോയിരുന്നതിനാൽ ഫീസ് കൊടുത്തായാലും ഇത്തവണ പരിശീലനത്തിന് ചേർക്കണം എന്ന് ഞാൻ ഉറപ്പിച്ചു.

അങ്ങനെ ഇക്കഴിഞ്ഞ ദിവസം 2250 രൂപ (+18% GST ) വീതം ഫീസടച്ച് ഇരുപത് ദിവസത്തെ പരിശീലനത്തിന് മക്കളെ ചേർത്തി.മെയ് ആറു മുതൽ പരിശീലനം ആരംഭിച്ചു.പ്രാഥമിക പരിശീലനം കിട്ടിക്കഴിഞ്ഞാൽ ഇനി വെള്ളത്തിൽ ഇറങ്ങുമ്പോൾ അവർ നീന്താൻ ശ്രമിക്കും എന്നത് തീർച്ചയാണ്.

ഞാൻ പതിനെട്ടാം വയസ്സിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്ന് കേട്ടതെങ്കിൽ മക്കൾ എട്ടാം വയസ്സിൽ തന്നെ അതിനകത്ത് പ്രവേശിച്ചു കഴിഞ്ഞു. കാലത്തിന്റെ ചില വികൃതികൾ, അല്ലാതെന്താ?



Monday, May 06, 2024

ചന്ദന മരങ്ങൾ

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അത് വായിക്കേണ്ട പ്രായത്തിൽ തന്നെ ഞാൻ വായിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ. 'നീർമാതളം പൂത്തകാല'വും വായന കഴിഞ്ഞതാണ് എന്നാണ് എന്റെ ഓർമ്മ. മാധവിക്കുട്ടിയുടെ എഴുത്തിൽ പുരുഷൻ വായിക്കാനോ കേൾക്കാനോ അനുഭവിക്കാനോ ഇഷ്ടപ്പെടുന്ന സ്ത്രൈണതയുടെ ചില തുറന്നെഴുത്തുകൾ ഉണ്ടാകാറുണ്ട് എന്നതാണ് പലരെയും അവരുടെ കൃതികളിലേക്ക് അടുപ്പിക്കുന്നത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

വർഷങ്ങൾക്ക് ശേഷം തികച്ചും അപ്രതീക്ഷിതമായി ഞാൻ വായനക്കെടുത്ത പുസ്തകമായിരുന്നു 'ചന്ദന മരങ്ങൾ'.നോവലിന്റെ ഉള്ളടക്കത്തെപ്പറ്റി മുൻ ബോധ്യം ഇല്ലായിരുന്നെങ്കിലും വായിച്ച ശേഷം ഇതും വിവാദമായ ഒരു കൃതിയായിരുന്നോ എന്നൊരു സംശയം എന്റെ ഉള്ളിലുണ്ടായി.അരീക്കോട് നിന്നും കോഴിക്കോട്ടേക്കുള്ള ബസ് യാത്രയിൽ, അമ്പത് മിനുട്ട് കൊണ്ട് ഞാൻ ഈ കൃതിയുടെ വായന പൂർത്തിയാക്കി.

കല്യാണിക്കുട്ടിയും ഷീലയും തമ്മിലുള്ള ലെസ്ബിയൻ  പ്രണയമാണ് നോവലിന്റെ ഇതിവൃത്തം. ഡോക്ടറും വിവാഹിതയും ആയ ശേഷവും കല്യാണിക്കുട്ടിക്ക് ഷീലയോട് തോന്നുന്ന പ്രണയവും അതിന് വേണ്ടി സ്വന്തം ദാമ്പത്യ ജീവിതത്തിലും ഷീലയുടെ ദാമ്പത്യ ജീവിതത്തിലും വിള്ളൽ വീഴ്ത്തുന്നതും വായനക്കാരനെ പുസ്തകത്തോടൊപ്പം തന്നെ കൊണ്ടുപോകും.

“ഞാൻ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്ര നേരം ഞാൻ ജീവച്ഛവമെന്ന പോൽ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനു ശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി“ ലെസ്ബിയൻ പ്രണയത്തിലെ കാമകേളി അതിരുവിടാതെ, എന്നാൽ സത്ത ചോരാതെയും ഇങ്ങനെ അവതരിപ്പിക്കാൻ മാധവിക്കുട്ടിക്ക് മാത്രമേ സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്.ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വര കൂടിയായപ്പോൾ ആ രംഗം വായനക്കാരന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.

ലെസ്ബിയൻ പ്രണയത്തോടൊപ്പം തന്നെ ഭാര്യാ ഭര്‍ത്താക്കന്മാരുടെ ജീവിതത്തിലെ ചില സങ്കീര്‍ണതകള്‍ കൂടി ഇത് വായിക്കുമ്പോൾ വ്യക്തമാകും.സുധാകരൻ എന്ന സുമുഖനെ കാരണമില്ലാതെ ഒഴിവാക്കി ആസ്‌ത്രേലിയയിലേക്ക് പോകുന്ന ഡോ.കല്യാണിക്കുട്ടി പുനർ വിവാഹം കഴിച്ച് വിധവയായ ശേഷം വീണ്ടും, മറ്റൊരു സ്ത്രീയുടെ ഭർത്താവായ സുധാകരനെ ജീവിത പങ്കാളിയാക്കാൻ ശ്രമിക്കുന്നതും ഡോ.ഷീല അതിന് ഒത്താശ ചെയ്തു കൊടുക്കുന്നതും രണ്ട് പേരുടെയും ദാമ്പത്യ ജീവിതത്തിലെ ചില കരടുകളുടെ ഫലമായിട്ടായിരിക്കാം. അവസാനം ഒരു ചുംബനം കൊതിച്ച ഷീലയ്ക്ക് അത് കിട്ടാതെയാകുമ്പോഴും സുധാകരനില്ലാതെ കല്യാണിക്കുട്ടി ആസ്‌ത്രേലിയയിലേക്ക് തിരിച്ച് പോകുമ്പോഴും രണ്ട് വഞ്ചകർക്കും കിട്ടേണ്ടത് കിട്ടി എന്ന ആശ്വാസവും വായനക്കാർക്ക് കിട്ടും.

പുരുഷനും സ്ത്രീയും തമ്മിലുള്ളത് മാത്രമാണ് പ്രണയം എന്നും സ്വവർഗ്ഗലൈംഗികത ഹീനമാണെന്നും കരുതിയിരുന്ന ഒരു കാലത്ത് എഴുതിയ ഈ നോവൽ വായിക്കുമ്പോൾ അന്നത്തെ വായനക്കാരൻ എങ്ങനെയാണ് ഇതിനെ സ്വീകരിച്ചിരിക്കുക എന്നത് ഒരു സമസ്യ തന്നെയാണ്.ഒറ്റ ഇരുപ്പിന് ആർക്കും വായിച്ച് തീർക്കാവുന്ന ഒരു കൃതിയാണ് 'ചന്ദന മരങ്ങൾ'.

പുസ്തകം : ചന്ദന മരങ്ങൾ
രചയിതാവ്: മാധവിക്കുട്ടി
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 62
വില: 60 രൂപ