റൂമിൽ നിന്നും (കുടകിലൂടെ - 2) ഒരു ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു ഞങ്ങളെല്ലാവരും.അപ്പോഴാണ് കർണ്ണാടക ടൂറിസം ഡിപ്പാർട്മെന്റിന്റെ കാവേരി നിസർഗധാം 0 Km എന്ന ബോർഡ് എന്റെ ശ്രദ്ധയിൽ പെട്ടത്.എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന കാവേരി നിസർഗധാം വൈകുന്നേരം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം കൂടി ആയതിനാൽ സ്ഥലം എവിടെയാണെന്ന് ചായ കുടിച്ച് കൊണ്ടിരുന്ന ഹോട്ടലിലെ പെരിന്തൽമണ്ണക്കാരിയോട് ചോദിച്ചു.
"അതാ...ആ കാണുന്നത് തന്നെ..." റോഡിന്റെ മറുഭാഗത്ത് കാണുന്ന വലിയ കമാനം കാണിച്ച് തന്നുകൊണ്ട് അവർ പറഞ്ഞു.
കാവേരി നദിയിൽ നിരവധി ചെറു ദ്വീപുകൾ ഉണ്ട്. അതിൽ ഒന്നാണ് കാവേരി നിസർഗധാം.രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് പ്രവേശന സമയം.അറുപത് രൂപയാണ് പ്രവേശന ഫീസ്.പാർക്കിംഗ് ഫീ മുപ്പത് രൂപ കമാനം കടക്കുമ്പോൾ തന്നെ സെക്യൂരിറ്റി ഈടാക്കും.
നദിയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ദ്വീപിലേക്ക് ഒരു തൂക്കുപാലത്തിലൂടെയാണ് എത്തിച്ചേരേണ്ടത്. 90 മീറ്റർ ആണ് തൂക്കുപാലത്തിന്റെ നീളം. തൂക്കുപാലം കടന്ന് അക്കരെയെത്തിയാൽ 35 ഏക്കറിലായി പടർന്ന് കിടക്കുന്ന സുന്ദരമായ നിസർഗധാമ ആയി. മുളങ്കാടുകൾ ആണ് നിസർഗധാമയുടെ മുഖമുദ്ര. കർണാടകയുടെ വിവിധ സാംസ്കാരിക കലകളെ പരിചയപ്പെടുത്തുന്ന ശില്പങ്ങൾ പല സ്ഥലങ്ങളിലായി ഉണ്ടാക്കിവച്ചിട്ടുണ്ട്.കൂടാതെ സഞ്ചാരികൾക്കായി തൂണിന് മുകളിൽ ഏറുമാടവും ഒരുക്കിയിട്ടുണ്ട്.
വൈകിട്ട് എത്തിച്ചേരേണ്ട സ്ഥലങ്ങളിൽ ഒന്നായി ഭാര്യയുടെ സുഹൃത്ത് ഡെൽജി നിർദ്ദേശിച്ച ഒന്നായിരുന്നു ഹാരങ്കി ഡാം.ഞാൻ ആദ്യമായാണ് ആ പേര് കേൾക്കുന്നത്.നാട്ടുകാർക്കും അത്ര പരിചയമുള്ള ഒരു സ്ഥലം ആയിരുന്നില്ല ഹാരങ്കി.എങ്കിലും ഗൂഗിൾ മാപ്പ് ഇട്ട് ഞാൻ വണ്ടി ഹാരങ്കിയിലേക്ക് വിട്ടു. മെയിൻ റോഡിൽ നിന്നും അധികം വാഹനങ്ങളൊന്നും പോകാത്ത ഒരു റൂട്ടിൽ പത്ത് കിലോമീറ്റർ ഉള്ളോട്ടായിരുന്നു ഹാരങ്കി ഡാം.റോഡ് കിടു ആയതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി.
തിരക്കിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന ഒരു സ്ഥലമാണ് ഹാരങ്കി ഡാം.ഞങ്ങൾ എത്തുമ്പോൾ രണ്ടോ മൂന്നോ വാഹനങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മുതിർന്നവർക്ക് പത്ത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയുമാണ് പ്രവേശന ഫീസ്. വണ്ടി റോഡിൽ തന്നെ നിർത്തിയിടണം.പാർക്കിംഗ് ഫീ എന്ന പേരിൽ ഇരുപത്തഞ്ച് രൂപ നോക്കുകൂലി ഈടാക്കും.രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശനം.
പരന്നു കിടക്കുന്ന പൂന്തോട്ടവും അവിടവിടെ കാണുന്ന സീറ്റുകളും ആണ് ഞങ്ങളെ സ്വാഗതം ചെയ്തത്. മറ്റു സന്ദർശകരെയൊന്നും കാണാനും ഇല്ലായിരുന്നു.പിന്നീടാണ് അവരെല്ലാം ഡാമിന്റെ തന്നെ ഏതോ ഭാഗത്ത് നടക്കുന്ന മ്യൂസിക്കൽ ഫൗണ്ടൈൻ ഷോ കണ്ടു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്. ഞങ്ങൾക്കതറിയാത്തതിനാൽ കാണാൻ സാധിച്ചില്ല.
നടന്ന് നടന്ന് ഞങ്ങൾ ആളൊഴിഞ്ഞ ചിൽഡ്രൻസ് പാർക്കിൽ എത്തി.എല്ലാ റൈഡുകളും ഫ്രീ ആയിരുന്നതിനാൽ എല്ലാവരും എല്ലാത്തിലും കയറി ആസ്വദിച്ചു. എല്ലാവർക്കും ഏതാനും സമയത്തേക്ക് കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ ഇത് അവസരം ഒരുക്കി.
1 comments:
പഴയ പ്രൗഢി ഇല്ലെങ്കിലും ഭംഗി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഞങ്ങൾ അൽപ സമയം അവിടെ ചെലവഴിച്ചു.
Post a Comment
നന്ദി....വീണ്ടും വരിക