Pages

Sunday, January 31, 2021

ആകാശ സൈക്കിൾ സവാരി -2

             1995 ൽ ബി എഡി ന് പഠിക്കുന്ന കാലത്ത് മലമ്പുഴയിലേക്ക് ഒരു വിനോദയാത്ര പോയിരുന്നു. അന്ന് അവിടെ  ഉദ്യാനത്തിൽ  ഒരു തൂക്കുപാലം ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നറിയില്ല. കൂടെയുള്ള പലർക്കും തൂക്കുപാലത്തിൽ കയറാൻ പേടിയായിരുന്നു. ഇത്  മനസ്സിലാക്കിയ  ഞാൻ, സഹപാഠികളുടെ പേടി മാറ്റാൻ അതൊന്ന് കുലുക്കാൻ മനസ്സിൽ തീരുമാനിച്ചു. അങ്ങനെ കുറച്ച് പേടിത്തൊണ്ടികൾ പാലത്തിൽ കയറിയതും ഞാൻ അത് നന്നായിട്ട് ആട്ടി. എല്ലാവരും പേടിയുടെ ഒരു നിമ്‌ന്നോന്നതത്തിലൂടെ കടന്നു പോയി എന്നുറപ്പു വരുത്തി ഞാൻ പാലത്തിൽ നിന്നിറങ്ങി. അതുപോലെ ഇന്ന്,  ഞാൻ സവാരിക്ക് കയറിയ റോപ് ആരോ മന:പൂർവ്വം കുലുക്കുന്നുണ്ടോ എന്നെനിക്ക് ഒരു സംശയം തോന്നി.

            കൃത്യം ആ സമയത്ത് തന്നെ മോള് എന്നോട് മെല്ലെ പോകാനും പറഞ്ഞു. ആകാശ സെൽഫിയിൽ എന്നെയും കൂടി ഉൾപ്പെടുത്താനായിരുന്നു അത്. റോപ് നന്നായി കുലുങ്ങുന്നതും സൈക്കിൾ റോപിൽ നിന്ന് ചെരിയുന്നതും എന്റെ ഉള്ളിൽ ആധി പടർത്തി.താഴെ നല്ല ചെങ്കൽ പാറ നിറഞ്ഞ സ്ഥലമാണ്. വീണാൽ വാരിക്കൂട്ടി പെറുക്കി വയ്‌ക്കേണ്ടി വരും എന്നുറപ്പ് ആയിരുന്നു.ഞാൻ സർവ്വ ശക്തിയും സംഭരിച്ച് വീണ്ടും ചവിട്ടി. താഴെയുള്ളവർ മേലോട്ട് തന്നെ നോക്കി നിൽക്കുന്നത് എന്തിനാണാവോ എന്ന ചിന്ത ആധി വീണ്ടും കൂട്ടി. റോപിന്റെ  കുലുക്കത്തിൽ സൈക്കിൾ എങ്ങാനും ഉയർന്നു പൊങ്ങിയാൽ പിന്നെ അതിന്റെ പാളം തെറ്റിയത് തന്നെ. പിന്നെ സൈക്കിളും ഞാനും ഞാണിന്മേൽ തൂങ്ങി നിൽക്കും. മദ്ധ്യഭാഗത്ത് കുടുങ്ങിപ്പോയാൽ എന്ത് ചെയ്യും എന്ന് ഞാൻ ഓപ്പറേറ്റർമാരോട് ചോദിച്ചതും ഇല്ല. Zip Lineൽ കയറിയപ്പോൾ അതെല്ലാം ചോദിച്ച് മനസ്സിലാക്കി വച്ചിരുന്നു.

            സൈക്കിൾ നീങ്ങുന്നില്ല എന്ന വിവരം ഞാൻ തൽക്കാലം മോളെ അറിയിച്ചില്ല. ഇനി അവളും കൂടി ടെൻഷൻ അടിക്കേണ്ട എന്ന് കരുതി. താമസിയാതെ, അല്പം അധികം ശക്തി എടുത്ത് തന്നെ ചവിട്ടി അവളുടെ പാരലൽ ലൈനിൽ ഞാൻ എത്തി. ആവശ്യമുള്ള ഫോട്ടോയും സെൽഫിയും എല്ലാം എടുത്തു. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടയിൽ തന്നെ, കാല് അതിനെ ഏല്പിച്ച പണി തുടർന്നതിനാൽ ലക്ഷ്യ സ്ഥാനം അടുത്തേക്ക് വന്നു കൊണ്ടിരുന്നു. പത്ത് മിനുട്ട് നേരത്തേക്കുള്ള സവാരി ആണെങ്കിലും അനുഭവം ഒരു യുഗത്തിന്റേതായിരുന്നു. 

            സൈക്കിളിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ എന്റെ അനുഭവം ഓപ്പറേറ്റർമാരുമായി  പങ്കു വച്ചു. സാധാരണ സൈക്കിൾ സവാരി അറിയുന്നവർ ബാലൻസ് ചെയ്താണ് ചവിട്ടുക.  റോപ്പിലും അതേ പോലെ ബാലൻസ് ചെയ്തു ചവിട്ടാൻ ശ്രമിച്ചതാണ് റോപ് കുലുങ്ങാൻ കാരണം പോലും. ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നത് ഞാൻ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം . അപ്പോൾ സൈക്കിൾ സവാരി അറിയാത്തവർക്കാണ് ആകാശ സൈക്കിൾ യാത്ര നന്നായി വഴങ്ങുക ! കാറ്റിന്റെ ശക്തി കൂടുതൽ ആണെങ്കിലും റോപ് ആടിയുലയും. അത്തരം സമയങ്ങളിൽ കയറാതിരിക്കുന്നതാണ് മനസ്സിനും തടിക്കും നല്ലത്. 

        വയസ്സ് അമ്പതിലേക്ക് കടന്നു തുടങ്ങിയെങ്കിലും മനസ്സ് യുവത്വത്തിൽ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് ആ പരിപാടിയും പൂർത്തിയാക്കി. 

Friday, January 29, 2021

ആകാശ സൈക്കിൾ സവാരി -1

         പോത്തുണ്ടി ഡാമിൽ ആകാശ സൈക്കിൾ സവാരി തുടങ്ങുന്നു എന്ന വാർത്തയും അതിന്റെ സാങ്കല്പിക ചിത്രവും പത്രത്തിൽ കണ്ട അന്ന് മനസ്സിൽ കയറിക്കൂടിയതാണ് ആകാശ സൈക്കിൾ സവാരി കമ്പം.അതിന്റെ സാഹസികത മനസ്സിൽ കയറിയിരുന്നില്ലെങ്കിലും ത്രില്ല് മനസ്സിനെ ത്രസിപ്പിച്ചിരുന്നു. ഏതെങ്കിലും അവസരത്തിൽ പോത്തുണ്ടിയിൽ പോയി ആഗ്രഹം സഫലീകരിക്കണം എന്നും പ്ലാനിട്ടിരുന്നു. അതാണ് ഇപ്പോൾ കോട്ടക്കുന്നിൽ എന്നെ മാടി വിളിക്കുന്നത്. സിപ് ലൈനിൽ  തൂങ്ങിയുള്ള യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഇത് അല്പം കൂടി രസകരമായിരിക്കും എന്ന് തോന്നിയിരുന്നു. മകൾ ലുലുവിനോട് പോരുന്നോ എന്ന് ചോദിച്ചപ്പോൾ തന്നെ  ഒ കെ എന്ന മറുപടിയും കിട്ടി.

        200 രൂപയുടെ ടിക്കറ്റ് 150 രൂപക്കെടുത്ത്  ഞങ്ങൾ Dare In എന്ന ആ സാഹസിക കേന്ദ്രത്തിൽ പ്രവേശിച്ചു. ആകാശ സൈക്കിൾ സവാരിക്ക് പുറമെ അതിന്റെ തൊട്ടു താഴെ ലൈനിൽ Zip Line ഉം ഉണ്ട്. 100 രൂപയാണ് ചാർജ്ജ് . ഞങ്ങൾ എല്ലാവരും Zip Line ൽ മുമ്പ് കയറിയതിനാൽ അത് ഒഴിവാക്കി. രണ്ടാൾ ഉയരത്തിൽ വലിച്ച് കെട്ടിയ ഞാണിന്മേലൂടെയുള്ള നടത്തവും ഊഞ്ഞാല് പാലവും ടയർ പാലവും ഗ്ളാസ് വോക്കും അടക്കമുള്ള ആക്ടിവിറ്റിയും ഉണ്ട് , 50 രൂപ ടിക്കറ്റ് എടുക്കണം.സ്റ്റെപ്പ് കയറി ഞാനും മോളും   ടവറിന്റെ മുകളിൽ എത്തി. 

        സഞ്ചാരത്തിനുള്ള സൈക്കിൾ കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി.അരയിഞ്ച് വണ്ണമുള്ള കമ്പിയിൽ ജസ്റ്റ് കുടുങ്ങി നിൽക്കുന്ന രൂപത്തിൽ ടയർ അഴിച്ചു മാറ്റിയ സൈക്കിൾ. അതായത് ടയറിന്റെ സ്ഥാനത്ത് വെറും റിം മാത്രം. ധൈര്യം വീണ്ടെടുത്ത് ഞാൻ അനുസരണ പൂർവ്വം നിന്നു കൊടുത്തു. എന്റെ ഊരയിലൂടെ ബെൽറ്റു പോലെ ഒരു സാധനം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വലിച്ച് മുറുക്കി. അതിന്റെ മറ്റേ അറ്റം മുകളിൽ കെട്ടിയ കമ്പിയിലും കൊളുത്തി. സൈക്കിളും കമ്പിയിൽ വെറുതെ കൊളുത്തിയിരുന്നു. ഹെൽമെറ്റ് കൂടി ധരിപ്പിച്ച ശേഷം എന്നോട് സൈക്കിളിൽ ഇരിക്കാൻ പറഞ്ഞു. ലുലു മോളും ഇതേ പ്രക്രിയയിലൂടെ കടന്നു പോയി.

"സൈക്കിൾ നീങ്ങാൻ എന്തെങ്കിലും ചെയ്യണോ ?" ഇരുന്ന് കഴിഞ്ഞ് ഞാൻ വെറുതെ ചോദിച്ചു (Zip Line ൽ ഒന്നും ചെയ്യാതെ അങ്ങ് പോയ ചരിത്രം ഓർത്ത് ചോദിച്ചതാ).

" സൈക്കിൾ ചവിട്ടിയാൽ മാത്രമേ മുന്നോട്ട് നീങ്ങൂ" 

ഇതിനിടയിൽ അറിയാതെ ഞാൻ ബ്രേക്ക് പിടിച്ച് നോക്കി. അതും ഇല്ല എന്ന്  അപ്പോൾ മനസ്സിലായി. ആകാശത്തായതിനാൽ വിമാനത്തിന് ഹോൺ ഉണ്ടാകാറില്ല എന്ന് മുമ്പേ ഞാൻ മനസ്സിലാക്കിയിരുന്നു. അതുപോലെ ഈ സൈക്കിളിന് ബെല്ലും ഉണ്ടായിരുന്നില്ല . 

" സൈക്കിൾ ഹാന്റിലിൽ പിടിച്ച് അത് ചവിട്ടുകയും കൂടി ചെയ്യുമ്പോൾ പിന്നെ ഫോട്ടോയും വീഡിയോയും എങ്ങനെ എടുക്കും ?"

" അതിന് നിങ്ങൾ ഇതിൽ പിടിച്ച് ചവിട്ടിയാൽ മതി "  സൈക്കിൾ തൂക്കിയിട്ട ബെൽറ്റ് കാണിച്ച് ഓപ്പറേറ്റർ പറഞ്ഞു.

"ഒരു കൈ വിട്ട് കൊണ്ട്  ചവിട്ടുകയോ?" 

"അതെ" അവർ വളരെ കൂളായി പറഞ്ഞു .

"അവിടെ പോയി ഇങ്ങോട്ടും വരണ്ടേ ?"

"ഇല്ല , ഒരു ഭാഗത്തേക്ക് മാത്രം ..."

മുന്നോട്ട് നോക്കിയപ്പോൾ അത് തന്നെ അത്യാവശ്യം ദൂരമുള്ളതായി എനിക്ക്  തോന്നി. അമ്പതോ അറുപതോ മീറ്റർ മാത്രമേ സവാരി ഉണ്ടാകൂ എന്ന് തോന്നുന്നു. അങ്ങനെ ദൈവ നാമത്തിൽ ഞാനും മോളും ആകാശ സൈക്കിൾ സവാരി ആരംഭിച്ചു.ഒരു പെൺകുട്ടി ആകാശ സൈക്കിൾ സവാരി ചെയ്യുന്നത് കൊണ്ടാവണം താഴെയുള്ളവർ എല്ലാം അത്ഭുതത്തോടെ ഞങ്ങളെ നോക്കി നിന്നു. ലുലു സെൽഫി എടുത്തും വീഡിയോ എടുത്തും കൂളായി നീങ്ങി.ഏകദേശം മദ്ധ്യത്തിൽ എത്തിയപ്പോൾ എന്റെ സൈക്കിളിന് നീങ്ങാൻ അല്പം മടിപോലെ ! പിന്നാലെ റോപ് നന്നായി കുലുങ്ങാനും തുടങ്ങി !!

രണ്ടാൾ ഉയരത്തിൽ വലിച്ച് കെട്ടിയ, ഉലയുന്ന ഞാണിലൂടെ ഒരു പിഞ്ചുബാലിക കയ്യിൽ ഒരു ദണ്ഡുമായി ബാലൻസ് ചെയ്തു നടക്കുന്ന ഒരു കാഴ്ച  എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. തെന്നിയാൽ കൈപ്പിടിയിൽ ഒതുക്കാൻ എന്നവണ്ണം, താഴെ മണ്ണിലൂടെ നടക്കുന്ന അച്ഛനും ബാന്റ് വാദ്യം കൊണ്ട് അവളെ പ്രോത്സാഹിപ്പിക്കുന്ന അമ്മയും അടങ്ങിയ ആ തെരുവ് സർക്കസ് കുടുംബത്തിന് അത് അന്നത്തിനുള്ള മാർഗ്ഗമായിരുന്നു. ഒരു നിമിഷം അത് എന്റെ മനസ്സിലൂടെ ഫ്‌ളാഷ് ബാക്കായി ഓടി.

(തുടരും...Click here) 

Thursday, January 28, 2021

ചരിത്രമുറങ്ങുന്ന കോട്ടക്കുന്ന്

        കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം ബി.എഡ് സെന്ററിൽ 1994 ൽ ചേർന്ന ശേഷമാണ് ടൗണിന്റെ ഹൃദയഭാഗത്തുള്ള കോട്ടക്കുന്ന് എന്ന സ്ഥലത്തെപ്പറ്റി ഞാൻ കേൾക്കുന്നത്. കൂടെ പഠിച്ചിരുന്ന മിക്കവരും അവിടെ പോയി അതിന്റെ ഭംഗി ആസ്വദിച്ച കഥകൾ കേൾക്കുമ്പോൾ എനിക്കും കോട്ടക്കുന്ന് ഒന്ന് കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ, കാട് മൂടിയ പ്രസ്തുത കേന്ദ്രം അത്ര നല്ല ഒരു സ്ഥലമല്ല എന്ന റിപ്പോർട്ട് കാരണം ഞാൻ ആ ആഗ്രഹം കുഴിച്ച് മൂടി. എന്നാൽ സ്ത്രീകൾ അടക്കമുള്ള പല സഹപാഠികളും അവിടെ പോയിരുന്നു എന്ന റിപ്പോർട്ട് കിട്ടിയതോടെ ഞാനും ഒരു ദിവസം സുഹൃത്തുക്കൾക്കൊപ്പം കോട്ടക്കുന്നിന്റെ ഉച്ചിയിലേക്ക് കയറി. പുല്ലും പാറയും നിറഞ്ഞ പ്രദേശം, സായാഹ്നത്തിൽ കാറ്റു കൊണ്ടിരിക്കാൻ ഉത്തമം എന്നല്ലാതെ എനിക്ക് മറ്റൊന്നും തോന്നിയില്ല. കാരണം എന്റെ നാട്ടിലെ എം.എസ്.പി ക്യാമ്പ് പരിസരവും ഇതേ പോലെയുള്ള ഒരു സ്ഥലമായിരുന്നു.

        കാലമേറെ കടന്നു പോയി. പിന്നീടെപ്പോഴോ മലപ്പുറം ജില്ലയിൽ കാണേണ്ട സ്ഥലങ്ങളുടെ പട്ടിക പരതിയപ്പോൾ അതിനകത്ത് കോട്ടക്കുന്ന് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. പക്ഷെ കുന്ന് അതേപടി നിലനിർത്തിക്കൊണ്ട് , ടൂറിസം വകുപ്പ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങൾ കോട്ടക്കുന്നിന്റെ മുഖശ്രീ മുഴുവനായും മാറ്റിയിരുന്നു. അങ്ങനെ കുടുംബത്തിലെ അംഗ സംഖ്യ കൂടുന്നതിനനുസരിച്ച് പല തവണ ഞാൻ കുടുംബ സമേതം കോട്ടക്കുന്ന് കയറിയിറങ്ങി. ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ് കോട്ടക്കുന്നിലേക്ക് എന്ന് പറഞ്ഞാൽ അധികമാവില്ല. മലപ്പുറത്തിന്റെ ഹൃദയഭാഗത്തുള്ള  ഈ കേന്ദ്രം അറിയാത്ത മലപ്പുറത്തുകാർ ഇനിയും ഉണ്ട് എന്നതും സത്യമാണ്.

        അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവർക്കും 10 രൂപ ടിക്കറ്റെടുത്ത് കോട്ടക്കുന്നിലേക്ക് പ്രവേശിക്കാം.സൗകര്യപ്രദമായ പാർക്കിംഗ് ലഭിക്കാനും (വണ്ടി എവിടെ നിർത്തിയാലും പാർക്കിംഗ് ഫീ 20 രൂപ നൽകണം !) അത്യാവശ്യം സമയമെടുത്ത് ആസ്വദിക്കാനും നാല് മണിയോടെ കോട്ടക്കുന്നിൽ എത്തുന്നതാണ് അഭികാമ്യം. കുന്നിന്റെ താഴെ നിന്ന് സ്റ്റെപ്പുകൾ കയറി മുകളിലേക്ക് എത്താം. പ്രായമായവർക്ക് കുന്നിൻ മുകളിൽ വരെ വാഹനത്തിൽ പോയി വണ്ടി അവിടെയും പാർക്ക് ചെയ്യാം. കോട്ടക്കുന്നിന്റെ മുഖമുദ്രയായ സ്റ്റെപ്പുകൾ കയറി മുകളിലെത്തുന്നതിന്റെ രസം ആസ്വദിച്ചറിയേണ്ടത് തന്നെയാണ്.  

        സ്റ്റെപ്പുകൾ കയറി പോകുമ്പോൾ വലതുഭാഗത്ത് ഒരു ഫൈബർ നിർമ്മിത അസ്ഥിപഞ്ജരം കാണാം. മലപ്പുറം മുനിസിപ്പാലിറ്റിയും ഡി.ടി.പി.സി.യും സംയുക്തമായി നടത്തിയിരുന്ന കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാർക്ക് എന്ന വാട്ടർ തീം പാർക്കായിരുന്നു അത്.സാങ്കേതിക കാരണങ്ങളാൽ വാട്ടർ തീം പാർക്ക് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വലതുഭാഗത്ത് തന്നെ ലളിതകലാ അക്കാദമിയുടെ ആർട്ട് ഗ്യാലറി ഉണ്ട്. പ്രവേശനം സൗജന്യമായിട്ടും അധികമാരും അതിനകത്ത് കയറാറില്ല.സമീപത്ത് തന്നെ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം കൂടിയുണ്ട് . മലപ്പുറം ഡി. ടി. പി. സിയുടെ ആഭിമുഖ്യത്തിൽ ഒരു വാട്ടർ ഡാൻസ് കം ലേസർ ഷോ എല്ലാ ശനിയാഴ്ച്ചകളിലും, ഞായറാഴ്ച്ചകളിലും ഉണ്ടാവാറുണ്ട്.ഇതിനും പ്രത്യേകം ഫീ ഇല്ല. മൈസൂർ വൃന്ദാവനത്തിലെ വാട്ടർ ഡാൻസ് ഷോയെക്കാളും മികച്ചതായിട്ടാണ് എന്റെ അനുഭവം. 

        വെയിൽ താഴുന്നതോടെ വിവിധ വിനോദങ്ങൾ ആസ്വദിക്കാം. 30 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുത്താവുന്ന വിവിധ തരം വിനോദോപാധികളും റൈഡുകളുമുണ്ട്. സ്‌ട്രൈക്കിങ് കാറും , ടോയ് ട്രെയിനും,ടോറ ടോറയും അടക്കമുള്ള ട്രഡീഷണൽ റൈഡുകൾക്കൊപ്പം തന്നെ സൈക്ലിംഗ് പാർക്ക് , സാഹസിക പാർക്ക് , 16 D സിനിമാപ്രദർശനം എന്നിവ പോലെയുള്ള പുത്തൻ വിനോദങ്ങളും ഉണ്ട്.പക്ഷെ ഓരോന്നിനും പ്രത്യേകം പ്രത്യേകം ടിക്കറ്റ് എടുക്കണം. 

        മലപ്പുറത്തിന്റെ മറൈൻ ഡ്രൈവ് എന്നാണ് കോട്ടക്കുന്നിനെ പറയുന്നത്. കുന്നിനു മുകളിലെത്തുമ്പോൾ വിശാലമായ പുൽപ്പരപ്പായിരുന്നു മുമ്പ്. പുൽ‍പ്പരപ്പിനു നടുവിൽ ഭീതിയുണർത്തുന്ന ഒരു പൊട്ടക്കിണറും അതിനകത്ത് വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരവുമുണ്ടായിരുന്നു. ഖിലാഫത്തു നേതാക്കളുടെ വിചാരണ സ്‌ഥലം ആണ്‌‍ ഇതെന്ന് കരുതുന്നു. വാരിയംകുന്നത്ത് കു‍ഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും ബ്രിട്ടീഷ്‌ സാമ്രാജ്യം വധിച്ചത് ഇവിടെയാണ് എന്ന് പറയപ്പെടുന്നു. കിണറും പടുമരവും ഇപ്പോൾ നിലവിലില്ല. സാമൂതിരി രാജാവിന്റെ കോട്ട നിന്നിരുന്ന സ്ഥലമാണ് പിന്നീട് കോട്ടക്കുന്നായത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ ഈ പ്രദേശം പട്ടാളത്തിൻെറ കൈവശമായി. മലപ്പുറം നഗരത്തിലുണ്ടായിരുന്ന പട്ടാള ക്യാമ്പിലെ പട്ടാളക്കാർക്ക് വെടിവെപ്പ് പരിശീലനത്തിനുള്ള രണ്ട് കേന്ദ്രങ്ങളിൽ ഒന്ന് ഈ കുന്നിൻ ചെരിവിൽ ആയിരുന്നു എന്നും പറയപ്പെടുന്നു.

        കാർ പാർക്ക് ചെയ്ത ഉടനെ ഞാൻ കണ്ടത് ആകാശത്തിലൂടെ സൈക്കിൾ സവാരി നടത്തുന്ന രണ്ട് പേരെയാണ് . ആ സാഹസികത ഒന്ന് പരീക്ഷിക്കാൻ ഞാൻ മോളെയും ക്ഷണിച്ചു.

(തുടരും....)

Tuesday, January 19, 2021

സന്തോഷം സന്തോഷം

              ഉപ്പും കർപ്പൂരവും (Salt & Camphor) എന്ന എൻ്റെ യു ട്യൂബ് ചാനൽ തുടങ്ങിയതും അതിൽ Kerala Engineering Architecture Medical (KEAM ) സംബന്ധമായ വീഡിയോകൾ പോസ്റ്റ്  തുടങ്ങിയതോടെ ഉണ്ടായ അപൂർവ്വ സംഭവങ്ങളും ഞാൻ ഇവിടെ പങ്കു വച്ചിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ചാനലിലൂടെയും ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും എല്ലാം മറുപടി നൽകുമ്പോൾ പല പുതിയ അറിവുകളും സ്വായത്തമാക്കാൻ എനിക്കും സാധിച്ചു. അതിലുപരി മറുപടി കിട്ടിയ സന്തോഷം മിക്കവരുടെയും വാക്കിലൂടെയും എഴുത്തിലൂടെയും പ്രതികരണങ്ങളിലൂടെയും എല്ലാം എനിക്ക്  ആസ്വദിക്കാനും സാധിച്ചു.

            പലരും ചോദിച്ച സംശയങ്ങൾ ഞാൻ എഴുതി വയ്ക്കുകയും ചെയ്തിരുന്നു.  28/09/2020ന് പതിയെ തുടങ്ങിയ സംശയ നിവാരണങ്ങൾ ഒക്ടോബർ , നവംബർ മാസങ്ങളിൽ അതിന്റെ പരകോടിയിലെത്തി. ഇത് സംബന്ധമായ വിളികൾ ദിവസം രണ്ട് അല്ലെങ്കിൽ മൂന്ന് എന്ന അവസ്ഥയിലേക്ക് എത്തിയതിനാലും എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും എല്ലാ വർഷവും ഒരു റിപ്പോർട്ട് ആവശ്യപ്പെടുന്നതിനാലും ഇന്നലെ ഞാൻ എൻ്റെ സംശയനിവാരണ കുറിപ്പ് എടുത്ത് നോക്കി. ഞാൻ എഴുതി വച്ച പ്രകാരം ഇന്നലെ  വരെ 2000 വിളികൾക്ക് മറുപടി നൽകി ! അറ്റൻഡ് ചെയ്യാൻ സാധിക്കാത്ത അഞ്ഞൂറിലധികം വിളികളും !! 

            പല സ്ഥലത്തും വിളിച്ചിട്ടും ഫോൺ എടുക്കാതെയും വ്യക്തമായ ഉത്തരം കിട്ടാതെയും പ്രയാസങ്ങൾ നേരിട്ടിരുന്ന നിരവധി പേർക്ക് ഈ ചെറിയ ഒരുദ്യമത്തിലൂടെ ആശ്വാസം നൽകാൻ സാധിച്ചതിൽ ഞാൻ അതീവ സന്തോഷവാനാണ്. മറ്റൊരാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ നിനക്ക് സാധിച്ചാൽ അതാണ് ജീവിതത്തിലെ ഏറ്റവും നല്ല കർമ്മങ്ങളിൽ ഒന്ന് എന്ന് എൻ.എസ്.എസ് ലൂടെ നിരവധി പേർക്ക് ഞാൻ തന്നെ  നൽകിയ സന്ദേശം പുലർന്ന് കണ്ടതിൽ ദൈവത്തിന് സ്തുതി. 

Monday, January 18, 2021

2020 - ഒരു വ്യക്തിഗത അവലോകനം.

               എല്ലാ ആസൂത്രണ  കണക്കു കൂട്ടലുകളും കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ പിഴച്ചുപോയ വർഷമായിരുന്നു 2020. എന്നാൽ പുതിയ പല കണക്കുകളും കൂട്ടി നോക്കാൻ അവസരം തന്ന വർഷം കൂടിയായിരുന്നു 2020.           
               കാർഷിക പരീക്ഷണങ്ങൾ എന്നും എനിക്ക് ഹരമായിരുന്നു. പ്രതീക്ഷിക്കാത്ത ഒഴിവുകൾ കൂടി ഇത്തവണ കിട്ടിയപ്പോൾ നിരീക്ഷണത്തിനും എനിക്ക് ഇഷ്ടം പോലെ സമയം കിട്ടി. അങ്ങനെയാണ് പൂവിറുത്ത കോളിഫ്ളവർ ചെടിയിൽ നിന്നും അടുത്ത തൈ  ഉൽപാദനം നടത്തി നോക്കിയത്. ചെടിയും പൂവും നന്നായി വളർന്നു എന്ന മാത്രമല്ല ഇപ്പോൾ അതിൽ നിന്നും നിരവധി തൈകൾ ഉണ്ടാക്കി ഈ വർഷവും കൃഷി തുടരുന്നു. കേട്ടുപരിചയം മാത്രമുണ്ടായിരുന്ന മൈക്രൊഗ്രീൻ ഉണ്ടാക്കാനും നിരവധിപേർക്ക് പറഞ്ഞു കൊടുക്കാനും സാധിച്ചു. സവാളയും ചെറിയ ഉള്ളിയും ചെറിയതോതിൽ ചെയ്തു നോക്കിയതും നഷ്ടമായില്ല. ആദ്യമായി നട്ടു നോക്കിയ കപ്പയും (ഒരു കപ്പ ഗാഥ ) ചാക്കിലെ ചേനയും മനം നിറച്ചു. നടുതല കിഴങ്ങ് നട്ടതും എനിക്ക് സന്തോഷമേ നല്കിയുള്ളു.
                 
                  കൃഷി പരീക്ഷണങ്ങൾക്കൊപ്പം തന്നെ വിവിധ കാർഷിക മത്സരങ്ങളിലും ഞാൻ പങ്കെടുത്തു. നാട്ടിൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ അടുക്കളത്തോട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം മറ്റാർക്കും ഞാൻ വിട്ടുകൊടുത്തില്ല. വായനാ മത്സരത്തിലും ഉപന്യാസ രചനാ മത്സരത്തിലും പ്രശ്‌നോത്തരി മത്സരത്തിലും എല്ലാം കോളേജ് പഠന കാലഘട്ടത്തിന് ശേഷം ഒരിക്കൽ കൂടി പങ്കെടുക്കാൻ കോവിഡ് തുണയായി. കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് നടത്തിയ മാപ്പിളപ്പാട്ടും മലയാള സിനിമയും എന്ന അഖില ലോക പ്രശ്‌നോത്തരി മത്സരത്തിലും ഞാൻ പ്രതീക്ഷിക്കാത്ത വിജയം കൈപ്പിടിയിലാക്കി. മുൻ രാഷ്ട്രപതി ശ്രീ എ.പി.ജെ അബ്ദുൾകലാമിന്റെ പേരിലുള്ള ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡും എന്നെ തേടി എത്തിയത് 2020 ലായിരുന്നു.

                 വായനയാണ് ഓരോ വർഷത്തെയും വ്യത്യസ്തമാക്കാൻ ഞാൻ ശ്രമിക്കുന്ന ഒരു ഉപാധി. പക്ഷെ ഈ വർഷം വായന തുടങ്ങിയത് ആണ്ട് പിറന്ന് മൂന്നാം മാസത്തിലായിരുന്നു. പിന്നാലെ കോവിഡ് ലോക്ക് ഡൗണും കൂടിയായപ്പോൾ എൻ്റെ ഷെൽഫിൽ ഇരിക്കുന്നതും കഴിഞ്ഞ് നാട്ടിലെ ലൈബ്രറിയുടെ ഷെൽഫും കാലിയാകുന്ന സ്വപ്നങ്ങൾ എല്ലാം ഞാൻ കണ്ടു. ആണ്ടറുതി കണക്കെടുപ്പിൽ കൃത്യം പന്ത്രണ്ട് പുസ്തകങ്ങൾ മാത്രമാണ് മുഴുവനാക്കാനായത്  എന്ന്  മാത്രം . അല്ലെങ്കിലും സ്വപ്നങ്ങൾക്ക് അതിരില്ലല്ലോ ! വായനയിൽ ഉൾപ്പെട്ട പുസ്തകങ്ങളും  അവയെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങളും (പുസ്തകത്തിന്റെ പേരിൽ ക്ലിക്ക് ചെയ്‌താൽ വായിക്കാം) താഴെ കൊടുക്കുന്നു.

1.  ഭാഗ്യരേഖ -  ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 
2. സ്വഹീഹുൽ അദ്കാർ - ശൈഖ് അൽബാനി
3. മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ
4.കാബൂളിവാല രവീന്ദ്രനാഥടാഗോർ
5. കുട്ട്യേടത്തിഎം ടി വാസുദേവൻ നായർ
6. യുമ - നിഗാർ ബീഗം 
7. കുട്ടികളും ആരോഗ്യവുംഡോ :ബി. പത്മകുമാർ
8. മനസ്സിൻ്റെ ആരോഗ്യം - ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് 
10.പ്രവാചകന്റെ കണ്ണുകൾനിഗാർ ബീഗം 
11. അമ്മാവന്റെ കൂളിംഗ് എഫക്ട്  - ആബിദ് അരീക്കോട് 
12. സ്നേഹമുദ്ര - സായിപ്രഭ

          എല്ലാ വർഷവും ഒരു യാത്ര എങ്കിലും പോവുക എന്നത് എന്റെ സ്ഥിരം പരിപാടിയാണ്. ഇത്തവണ കൊറോണ കുരുക്കിട്ടതിനാൽ, പ്ലാൻ ചെയ്തിരുന്ന കാശ്മീർ യാത്ര നീട്ടി വയ്‌ക്കേണ്ടി വന്നു. കൊറോണ ലോക്കിടുന്നതിന് മുമ്പ് പത്താം ക്ലാസ് സഹപാഠികൾക്കൊപ്പം വയനാടും കുടുംബത്തോടൊപ്പം കണ്ണൂരും ഓരോ ഏകദിന യാത്രകളിൽ പങ്കാളിയായി. പിന്നെ നാട്ടിൽ തന്നെയുള്ള ഇതുവരെ കാണാതിരുന്ന ചില പിക്നിക് സ്പോട്ടുകളും കാണാനായി.      

                 ബ്ലോഗ് രംഗത്ത് ഈ വര്‍ഷവും ഞാൻ എന്റെ ലക്ഷ്യം പിന്നിട്ടു.കലണ്ടർ വർഷത്തിൽ 100 പോസ്റ്റ് എന്നതാണ് ഞാൻ ലക്ഷ്യമിടാറ്‌. ഇത്തവണയും കൃത്യം 100 പോസ്റ്റ് തന്നെ പ്രസിദ്ധീകരിക്കാൻ സാധിച്ചു.ബ്ലോഗിങ്ങിൽ നിന്ന് വ്ലോഗിങ്ങിലേക്ക് (https://www.youtube.com/channel/UC96v87JZXuT6JPGyV_PN7oQ) കൂടി ഞാൻ ചേക്കേറിയതും 2020 ൽ തന്നെ. വായനയെക്കാളും കൂടുതൽ കാണാനും കേൾക്കാനും ആണ് എല്ലാവരും ഇഷ്ടപ്പെടുന്നത് എന്ന് ഇതിലൂടെ ഞാൻ തിരിച്ചറിഞ്ഞു. എട്ട് മാസം കൊണ്ട് രണ്ടായിരത്തിലധികം സബ്സ്ക്രൈബർമാർ എന്ന നാഴികക്കല്ല് താണ്ടാനും ആദ്യവർഷത്തിൽ തന്നെ 78 പോസ്റ്റുകൾ ഇടാനും സാധിച്ചത് എനിക്ക് തന്നെ വിശ്വസിക്കാൻ സാധിക്കുന്നില്ല.  

                  ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്നായിരുന്നു സ്വന്തം പേരിൽ ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിക്കുക എന്നത്. അപ്രതീക്ഷിതമായി ആദ്യപുസ്തകം "അമ്മാവന്റെ കൂളിങ് എഫക്ട്" ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യാനും അവസരം ലഭിച്ചു. പുസ്തകം ഇന്ത്യക്കകത്ത് തപാലിൽ ലഭിക്കാൻ 110 രൂപ 9447842699 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്യുകയോ 10770100109384 (IFSC - FDRL0001077 ) എന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യാം.

                സമയവും സാങ്കേതികതയും മിക്കവരും അനുയോജ്യമായി ഉപയോഗിച്ച ഒരു വര്ഷം കൂടിയാണ് 2020. വിവിധതരം കോഴ്‌സുകൾ ചെയ്യുന്നത് മുമ്പേ എനിക്കിഷ്ടമായിരുന്നു. ജോലിയിലായതിനാൽ ഓഫ്‌ലൈൻ കോഴ്‌സുകൾക്ക് സാധ്യമായിരുന്നില്ല. എങ്കിലും സമയം കിട്ടുന്നതിനനുസരിച്ച് കറസ്പോണ്ടൻസ് കോഴ്‌സുകൾ ചെയ്യാറുണ്ടായിരുന്നു. കൊറോണ വന്നതോടെ ലോകത്തെ പ്രശസ്തമായ പല യൂണിവേഴ്സിറ്റികളും സൗജന്യമായി  ഓൺലൈൻ കോഴ്‌സുകൾ കൂടി ഓഫർ ചെയ്തതോടെ ഞാൻ അവസരം മുതലാക്കി. പന്ത്രണ്ടോളം MOOC സർട്ടിഫിക്കറ്റുകൾ നേടാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

2021 ആരംഭിച്ചു.പ്രതീക്ഷയോടെ നമുക്ക് സ്വീകരിക്കാം , നല്ലത് മാത്രം പ്രതീക്ഷിക്കാം. നവവത്സരാശംസകൾ 

Wednesday, January 13, 2021

നടുതല കിഴങ്ങ്

             മുറ്റത്ത് കുട്ടികൾ ഓടിക്കളിക്കുന്നത് കാണുമ്പോൾ സ്‌കൂൾ കാലത്തെ സായാഹ്നം ഓർമ്മയിൽ തിര തല്ലി  വരുന്നു. മഞ്ഞ നിറത്തിലുള്ള പോക്കുവെയിൽ, വീടിന്റെ ചേറ്റടിയിൽ (ഇരിക്കാനുള്ള പടി) കൊണ്ടു വച്ച  കട്ടൻ ചായയിലൂടെ കയറി ഇറങ്ങുമ്പോൾ കാണുന്ന വർണ്ണങ്ങളുടെ മനോഹാരിത. ആ നനുത്ത ഓർമ്മകൾക്കൊപ്പം ആവി പറക്കുന്ന ഒരു സാധനം കൂടി - പുഴുങ്ങിയ നടുതലക്കിഴങ്ങ്. 

            കുട്ടിക്കാലത്ത് കപ്പ എന്നും കടയിൽ നിന്ന് വാങ്ങിയതായിട്ടാണ് എന്റെ ഓർമ്മ. എന്നാൽ നടുതലക്കിഴങ്ങ് വീട്ടിൽ തന്നെ കൃഷി ചെയ്തിരുന്നതായും ഞാൻ ഓർക്കുന്നു. അതിന്റെ ആ രുചി വീണ്ടും വായിൽ വന്ന ദിവസം ഞാൻ നാട്ടിലെ പച്ചക്കറി പീടികയിൽ മുഴുവൻ ഒളികണ്ണിട്ട് നോക്കി , ദേഹമാസകലം രോമമുള്ള ആ 'കായ' അവിടെ എവിടെങ്കിലും ഉണ്ടോ എന്നറിയാൻ. എല്ലാവരും പറയുന്ന പേര് തന്നെയാണോ ഇത് എന്നറിയാത്തതിനാൽ കടക്കാരനോട് ചോദിക്കാൻ നാവ് പൊങ്ങിയതുമില്ല. അങ്ങനെ വായിൽ വന്ന ഉമിനീരിന്റെ ഉപ്പുരസം പുഴുങ്ങിയ നടുതലക്കിഴങ്ങിന്റെ ഉപ്പ് രസമായി കരുതി അങ്ങ് വിഴുങ്ങി.

              കാലം പിന്നെയും മുന്നോട്ടോ പിന്നോട്ടോ പാഞ്ഞു. 'ഒരു കാര്യം നിങ്ങൾ അദമ്യമായി ആഗ്രഹിച്ചാൽ പ്രകൃതി അതിനായി ഗൂഢാലോചന നടത്തും' എന്ന് പൗളോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ ആരംഭത്തിൽ പറയുന്നുണ്ട്.എനിക്ക് പലപ്പോഴും അത് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. നടുതലക്കിഴങ്ങ് എന്റെ ഉമിനീർ ഗ്രന്ധികളെ ത്രസിപ്പിക്കുന്നത് നിർത്താനൊരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ കോളേജിൽ നിന്നും മടങ്ങി, മാനാഞ്ചിറ ബസ്സിറങ്ങിയ ഞാൻ കാണുന്നത് ഒരു ഉന്ത് വണ്ടി നിറയെ നടുതലക്കിഴങ്ങ് !!ഹോ , എന്റെ വായിൽ എവറസ്റ് വരെ മുങ്ങും എന്നവസ്ഥ. 

         അമ്പത് രൂപക്ക് ഒരു കിലോ കിഴങ്ങ് വാങ്ങി ഞാൻ ബാഗിലാക്കി. വീട്ടിൽ കൊണ്ട് ചെന്ന് കിഴങ്ങിന്റെ ചരിത്രവും എന്റെ കുട്ടിക്കാല ചരിത്രവും എല്ലാം കൂട്ടിക്കുഴച്ച് അവിയൽ പരുവമാക്കി വിവരിച്ചിട്ടും ഭാര്യക്ക് ഒരു കൂസലും ഇല്ല. നാളെ പുഴുങ്ങിത്തരാം എന്ന ഒരു ഒഴുക്കൻ മറുപടി. ഒരു നടീൽ പരീക്ഷണം നടത്താനായി ,പുഴുങ്ങുന്നതിന് മുമ്പ് രണ്ട് കിഴങ്ങ് മാറ്റി വയ്ക്കാൻ ഞാൻ അവളെ ഓർമ്മിപ്പിച്ചു. അടുത്ത രണ്ട് ദിവസവും വൈകിട്ട് ഞാൻ എന്റെ സ്‌കൂൾ ഓർമ്മകൾക്കൊപ്പം നടുതലക്കിഴങ്ങും വെട്ടി വിഴുങ്ങി. 

           കാലം പിന്നെയും നടന്നു പോയി . വീണ്ടും ഒരു ദിനം നടുതലക്കിഴങ്ങ് എങ്ങനെയോ മനസ്സിൽ കയറിയ ദിവസം, ഞാൻ ഭാര്യയോട് അന്നെടുത്ത് വച്ച കിഴങ്ങ് ചോദിച്ചു. ഭദ്രമായി വച്ചതിന്റെ ഭദ്രതയുടെ കോൺസൻട്രേഷൻ കാരണം അത് എവിടെയോ ലോക്കപ്പിലായിക്കഴിഞ്ഞിരുന്നു . ഞാൻ ആ ചോദ്യം ഉപേക്ഷിക്കുകയും ചെയ്തു. 

         ആഴ്ചകൾക്ക് ശേഷം എന്തൊക്കെയോ തട്ടിത്തുടക്കുന്നതിനിടെയിൽ ഒരു പൊതി താഴെ വീണു. ഞാൻ അത് തുറന്ന് നോക്കി. അതാ, നടുതലക്കിഴങ്ങ് വീണ്ടും ആൽക്കെമിസ്റ്റിന്റെ വാക്കുകൾ പാലിച്ചുകൊണ്ട് എന്റെ ഉള്ളം കയ്യിൽ !!

             മെയ് ദിനത്തിൽ ഞാൻ അതിനെ മണ്ണിലിറക്കി. മണ്ണ് കൂന കൂട്ടി അല്ലെങ്കിൽ വാരമെടുത്ത് അതിൽ നടുന്നതിന് പകരം, എന്റെ അറിവില്ലായ്മയിൽ ഞാൻ കുഴി കുത്തി അതിൽ നട്ടു.  നട്ടാൽ അത് വാരമാണോ കുഴിയാണോ കൂനയാണോ എന്നൊന്നും ഒരു കിഴങ്ങും ചിന്തിക്കില്ല കിഴങ്ങാ എന്ന് എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ഒരാഴ്ച കഴിഞ്ഞ് അത് മുളച്ച് വന്നു.മൂർഖൻ പത്തി വിടർത്തി നിൽക്കുന്ന പോലെ ഒരു വള്ളി, ഒരില പോലും ഇല്ലാതെ.അടുത്ത് ഒരു വടി കുത്തി കൊടുക്കാൻ വിദഗ്‌ദ്ധോപദേശം കിട്ടിയപ്പോൾ അതും ചെയ്തു.വടിയിൽ കയറിയതോടെ ഇല നന്നായി ഉണ്ടായി.

           വിളവെടുപ്പ് എന്ന് എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരങ്ങൾ മൾട്ടിപ്പിൾ ചോയിസ് ആയിരുന്നു. ആറ്,ഒമ്പത്,പത്ത്,പന്ത്രണ്ട് ഒക്കെ അതിലുണ്ടായിരുന്നു. മിക്ക കിഴങ്ങുകളും വിളവെടുക്കുന്നത് അവയുടെ ഇല ഉണങ്ങിക്കരിയുമ്പോഴാണ് എന്ന എന്റെ കോമൺസെൻസിൽ ഞാൻ അത് വരെ കാത്ത് നിന്നു. ഇല മുഴുവൻ കരിഞ്ഞുണങ്ങി അസ്ഥിപഞ്ജരമായപ്പോൾ ഞാൻ വിളവെടുത്തു. സന്തോഷായി ഗോപിയേട്ടാ .... 
             കൃഷി പാഠങ്ങൾ പലതും നാം സ്വയം പരീക്ഷിച്ച് അറിയേണ്ടവയാണെന്ന് ഒരിക്കൽ കൂടി മനസ്സിലാക്കി. ഒരു കിഴങ്ങ് ഇനി കൂന കൂട്ടി നട്ട് മണ്ണിലൂടെ പടർത്താനാണ് അടുത്ത പദ്ധതി. ബാക്കി കട്ടൻ ചായക്കൊപ്പം ഓർമ്മ അറകളെ ഉണർത്താനും.... 
 

Tuesday, January 05, 2021

നബിയും സഹാബിമാരും

                 മുൻ കേരള മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബിനെപ്പറ്റി എനിക്ക് വലിയ ഓർമ്മകൾ ഒന്നും തന്നെയില്ല. കാരണം ഞാൻ ഹൈസ്‌കൂളിൽ എത്തുന്നതിന് മുമ്പേ അദ്ദേഹം ഈ ലോകവാസം വെടിഞ്ഞിരുന്നു.പത്രത്തിൽ അദ്ദേഹത്തിന്റെ മരണവാർത്ത വായിച്ചതും എൻ്റെ നാട്ടിലെ പാലം ഉത്‌ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു എന്ന് ആരോ പറഞ്ഞ ഓർമ്മയും ഒക്കെയേ എനിക്ക് ഉള്ളൂ. ബട്ട്, എൻ്റെ പിതാവിൻ്റെ മൂത്ത ജ്യേഷ്ടന്റെ സുഹൃത്തായിരുന്നു അദ്ദേഹം എന്നത് മുതിർന്നപ്പോൾ ഞാനറിഞ്ഞ സത്യമാണ്. ആ സി.എച്ചിന്റെ പുത്രൻ എം.കെ മുനീർ സാഹിബിലൂടെ ആ ബന്ധം ഇന്നും നിലനിൽക്കുന്നു.

            സി.എച്ചിന്റെ പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ കാല ശേഷം കാസറ്റിലൂടെ പ്രസിദ്ധമായിരുന്നു. നർമ്മരസം തുളുമ്പുന്നതിനാൽ അതിൽ ചിലതൊക്കെ എനിക്കും ഇഷ്ടപ്പെട്ടിരുന്നു.അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന പാർട്ടിയോട് ചേർന്ന് നിന്നില്ലെങ്കിലും, മേൽ പറഞ്ഞതെല്ലാം എന്നെ ആ മഹാനിലേക്ക് അടുപ്പിച്ചിരുന്നു. തികച്ചും യാദൃശ്ചികമായാണ് കഴിഞ്ഞ വര്ഷം ഡിസമ്പറിൽ കോഴിക്കോട്ട് നടന്ന ഒരു പുസ്തകമേളയിൽ വച്ച് സി.എച്ച് എഴുതിയ ഒരു പുസ്തകം എൻ്റെ ശ്രദ്ധയിൽ പെട്ടത്.

            സി.എച്ച് എന്ന എഴുത്തുകാരനെ ഈ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.  യാത്രാ വിവരണങ്ങൾ ആയിരുന്നു പല പുസ്തകത്തിന്റെയും വിഷയം എന്നത് എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. എന്നാൽ എൻ്റെ കയ്യിൽ കിട്ടിയ പുസ്തകം ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ടതായിരുന്നു. 

           അന്ത്യ പ്രവാചകൻ  മുഹമ്മദ് നബി (സ) യുടെയും സഹാബിമാരുടെയും (സന്തത സഹചാരികൾ) ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന "നബിയും സഹാബിമാരും" ഞാൻ വായിച്ചത് ഒറ്റക്കായിരുന്നില്ല, കുടുംബത്തെ മുഴുവൻ മുന്നിലിരുത്തി ഘട്ടം ഘട്ടമായുള്ള വായനയായിരുന്നു അത് .

          നബിയുടെയും നാല് ഖലീഫമാരുടെയും ചരിത്രങ്ങൾ മദ്രസയിലൂടെയും മറ്റും അറിഞ്ഞവയായതിനാൽ വായന ആദ്യം വിരസമായി തോന്നി. പക്ഷെ, ഇസ്‌ലാമിലെ ആദ്യകാല രക്തസാക്ഷികളുടെയും മാതൃകാ സഖാക്കളുടെയും മാതൃകാ വനിതകളുടെയും ചരിത്രം വായിച്ചപ്പോൾ ഇന്ന് ഞാൻ വിശ്വസിക്കുന്ന മതത്തിന്റെ പ്രയാണം എത്ര ദുഷ്കരമായിരുന്നു എന്ന് മനസ്സിലായി. ഈ അദ്ധ്യായങ്ങൾ കണ്ണിൽ നനവ് പടർത്തുകയും ചെയ്തു.

          തീവ്രവാദമല്ല , മറിച്ച് ദൈവികമായ വിശ്വാസവും സാഹോദര്യവും സഹവർത്തിത്വവുമാണ് മനുഷ്യനന്മയ്ക്ക് ആവശ്യമെന്ന് ഈ പുസ്തകം ഉത്ബോധിപ്പിക്കുന്നു.  


പുസ്തകം : നബിയും സഹാബിമാരും 

രചയിതാവ്: സി.എച്ച് മുഹമ്മദ് കോയ
പ്രസാധകർ: ഒലിവ് പബ്ലിക്കേഷൻസ്
പേജ്: 90
വില : 70 രൂപ

Friday, January 01, 2021

എസ് എം എസ് മാനിയ

               ക്ലാസ് ഓൺലൈനായതിൽ സന്തോഷം തോന്നിയിരുന്നെങ്കിലും, മാസാവസാനമാകുമ്പോൾ ആലസ്സൻ മാസ്റ്ററുടെ ഹൃദയത്തിന് മിടിപ്പ് ഒന്ന് കൂടുമായിരുന്നു. ശമ്പളം നേരത്തെ ഓൺലൈനാണെങ്കിലും, പുതിയ ഓൺലൈൻ  ക്ലാസ് അതിനെ പാളം തെറ്റിക്കുമോ എന്ന നേരിയ ഉൾഭയമായിരുന്നു ഈ മിടിപ്പ് കൂടുന്നതിന്റെ രഹസ്യം എന്നത് അധികമാർക്കും അറിയില്ല. രണ്ടാം  തീയ്യതി ഫോണിൽ സദാ സമയം ചുമ്മാ നോക്കിയിരിക്കുന്ന ഒരു തരം പ്രത്യേക അസുഖവും പിടിപെട്ടതായി മാഷുടെ ഭാര്യ പറഞ്ഞതോടെ ഈ രണ്ടാം തീയ്യതി ഞാൻ മാസ്റ്ററെ നേരിട്ട് സന്ദർശിച്ചു.  

            കയ്യിൽ മൊബൈൽ ഫോണും പിടിച്ച് നിൽക്കുന്ന ആലസ്സൻ മാസ്റ്റർ എന്നെ സ്വീകരിച്ചിരുത്തി.അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞതിൽ എന്തൊക്കെയോ സത്യങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നി.എങ്കിലും കണ്ടറിയാം എന്ന തീരുമാനത്തിൽ ഞാൻ സംഭാഷണം തുടങ്ങി.

"അല്ല മാഷേ , ഇങ്ങനെ പോയാൽ എല്ലാം പരിധി കടക്കും എന്നാണല്ലോ തോന്നുന്നത് ..."

"അല്ലെങ്കിലും ഇതിന്റെ ഉള്ളിൽ നിന്ന് ആ പെണ്ണ് എത്ര കാലമായി പറയാൻ തുടങ്ങീട്ട്.... നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ പരിധിക്ക് പുറത്താണ്...." മൊബൈൽ കാണിച്ച് മാസ്റ്റർ പറഞ്ഞു .

"അതല്ല മാഷേ , കൊറോണയുടെ കാര്യമാ പറഞ്ഞത് ...."

"ആ ... അത്യാവശ്യമായി ആരെയെങ്കിലും വിളിക്കുമ്പഴാ ആ പെരുമ്പാമ്പ് നീളത്തിലുള്ള   പരസ്യം .... "

അപ്പോഴേക്കും മാഷെ ഫോണിൽ ഒരു എസ് എം എസ് വന്നതിന്റെ ശബ്ദം കേട്ടു . മാഷ് വേഗം മെസേജ് നോക്കി. ഞാൻ മാഷുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആകാംക്ഷ രസം ആശ്വാസ രസമായി മാറുന്നതിന്റെ ലക്ഷണം അവിടെ കണ്ടില്ല.

"എന്താ ...മാഷേ ?' ഞാൻ ചോദിച്ചു .

"അത് ... ഇൻഷൂറൻസ് കമ്പനിയിൽ നിന്നാ... ജീവൻ സുവിധാ പോളിസി വരുന്നു ന്ന് ..... ജീവിതം ഒരു സുഖവും ഇല്ലാതെ മുന്നോട്ട് പോകുമ്പളാ ജീവൻ സുവിധാ..."

"അവർക്കും വേണ്ടേ ബിസിനസ് മുന്നോട്ട് പോവാ... "

"ങാ ... ങും ... " ഇഷ്ടമില്ല എന്നർത്‌ഥത്തിൽ മാഷുടെ മറുപടി കേട്ടു .ഞങ്ങൾ വീണ്ടും നാട്ടുകാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.അതിനിടയിൽ വീണ്ടും എസ് എം എസ് വന്നതിന്റെ ശബ്ദം കേട്ടു .മാഷ് വേഗം ഫോൺ അൺലോക്ക് ചെയ്ത് മെസേജ് നോക്കി. മുഖത്ത് വിരിയുന്നത് മ്ലാനമാണെന്ന് ഞാൻ കണ്ടു.

' കദീസുന്റെ ജന്മദിനം ഓൾക്ക് തന്നെ അറിയണ്ട, പിന്നെന്തിനാ എന്നെ അത് ഓർമ്മപ്പെടുത്തുന്നത് ?' മാഷ്‌ ആത്മഗതം ചെയ്തത് ഞാൻ കേട്ടു.

"മാഷേ .... നമ്മുടെ നാരായണന്റെ സ്ഥിതി എന്താ ?" ഞാൻ നാട്ടിലെ വിശേഷങ്ങളിലേക്ക് തിരിഞ്ഞു.

"ഏത് നാരായണൻ ?" 

"മീത്തലെ... പെട്ടെന്ന് കുഴഞ്ഞു ന്ന് കേട്ടിരുന്നു ..."

"ആ.... ഓനിപ്പഴും അങ്ങനെത്തന്നാ..." ആലസ്സൻ മാസ്റ്റർ പറഞ്ഞ് കഴിഞ്ഞതും ഒരു എസ് എം എസ് വന്ന ശബ്ദം കേട്ടു .മാഷ് വീണ്ടും മെസേജ് നോക്കി. മുഖത്ത് വിരിയുന്ന രസം രൗദ്രമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

"എന്താ മാഷേ ?" ഒന്ന് തണുപ്പിക്കാനായി ഞാൻ ചോദിച്ചു.

"മോളെ സ്‌കൂളിലെ പി ടി എ മീറ്റിംഗ് ന്റെ മെസേജാ ..."

"അതിനെന്തിനാ നിങ്ങള് മുഖം കറുപ്പിക്കുന്നത്?"

"ഒന്നുംല്ല ... "  മാഷ് ഫോണിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. ഫോൺ ഒന്നുകൂടി തിരിച്ചും മറിച്ചും നോക്കിയ ശേഷം വീണ്ടും അൺലോക്ക് ചെയ്തു .

'ങേ !! ഒരു മെസേജ് മിണ്ടാതെ ഒളിച്ചിരിക്കാ ... ഇതെങ്കിലും അതാകണേ റബ്ബേ ... ' ആലസ്സൻ മാസ്റ്റർ ആത്മഗതം ചെയ്തു. ഞാൻ മാഷേ തന്നെ നോക്കി ഇരുന്നു.

"ഒലക്കേടെ മൂട് " മാഷ് പറഞ്ഞത് അല്പം ഉച്ചത്തിലായതിനാൽ ഞാൻ കേട്ടു.

"എന്താ ... അത് മാറ്റണം എന്ന് ഭാര്യ പറഞ്ഞിരുന്നോ ?" ഞാൻ ഇടപെട്ടു.

"ങാ... അത് മാത്രല്ല ... പലതും മാറ്റണം എന്ന് പറഞ്ഞിട്ടുണ്ട്  ... "

ആലസ്സൻ മാസ്റ്റർ പിന്നെയും മൊബൈലിൽ എന്തോ ചികയുന്നത് കണ്ട് എൻ്റെ ക്ഷമയും നശിച്ചു. അവസാനം ഞാൻ ചോദിച്ചു  
" മാഷേ...ആക്ച്വലി എന്താ നിങ്ങളെ പ്രശ്‍നം ?"

"പ്രശ്‍നമോ ... എനിക്കോ ?"

" അതെ ... ഈ മൊബൈലിൽ ഇങ്ങനെ ഇടക്കിടക്ക് തെരയുന്നത് എന്താ ?"

"ഓ ...അത് .... അത് ... സെക്കൻറ് വർക്കിംഗ് ഡേ സിൻഡ്രോം എന്ന് പറയും .... "

"ങേ , സെക്കൻറ് വർക്കിംഗ് ഡേ സിൻഡ്രോം!!  അതെന്താ ?"

"അത് ... ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ എല്ലാ വാധ്യാന്മാർക്കും ഉണ്ടായ അസുഖമാ ... പ്രധാന ലക്ഷണം മൊബൈലിൽ ഇടക്കിടക്ക് തെരയും... നെടുവീർപ്പിടും ... പിന്നെയും തെരയും , നെടുവീർപ്പിടും ... "

"എന്തിന് ?"

"ശമ്പളം അക്കൗണ്ടിൽ കയറിയ മെസേജ് വന്നോന്ന് നോക്കുകയാ ... സത്യം പറഞ്ഞാ ആ മെസേജ് കാണാതെ അന്ന് ഉറക്കം വരില്ല...."

"ഓ ... അത് ശരി ... എങ്കിൽ ഇനി ഞാനിറങ്ങട്ടെ"  ആലസ്സൻ മാസ്റ്ററുടെ ഭാര്യ പറഞ്ഞ അസുഖത്തെപ്പറ്റി എനിക്ക് നേരിട്ട്  ബോധ്യം വന്നതിനാൽ ഞാൻ വേഗം സ്ഥലം വിട്ടു.