Pages

Thursday, October 22, 2020

ഉപ്പും കർപ്പൂരവും

 2006-ൽ തുടങ്ങിയതാണ് ബ്ലോഗെഴുത്ത്. എഴുത്തിൻ്റെ പ്രവാഹം നിലക്കാത്തതിനാൽ അതിന്നും തുടരുന്നു. മുന്നൂറു മുതൽ ആയിരത്തി അഞ്ഞൂറ് വരെ ഒക്കെ ആളുകൾ വായിക്കുകയും മുപ്പത് മുതൽ അമ്പത് വരെ ഒക്കെ കമൻറുകൾ ( റിപ്ലെ ഒഴികെ) കിട്ടുകയും ചെയ്തിരുന്ന ഒരു കാലം ബ്ലോഗിനുണ്ടായിരുന്നു. ചില പുപ്പുലികൾക്ക് എല്ലാ പോസ്റ്റിനും നൂറിലധികം കമൻ്റ് കിട്ടിയതും ഓർക്കുന്നു. ഇന്ന് ബ്ലോഗെഴുത്ത് എനിക്ക് ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാണ്. മിക്ക പോസ്റ്റുകളും വായിക്കുന്നത് ഇരുപതോ മുപ്പതോ പേര് മാത്രം. കമൻ്റിടാൻ ആർക്കും ധൈര്യവും ഇല്ല ! 

ബ്ലോഗെഴുത്ത് തുടങ്ങുന്നതിന് രണ്ട് വർഷം മുമ്പ് തന്നെ ഞാൻ കമ്പ്യൂട്ടറുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. കമ്പ്യുട്ടർ പ്രോഗ്രാമർ എന്ന ജോലിയിലൂടെ. പക്ഷെ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് , ഇൻസ്റ്റഗ്രാം തുടങ്ങീ സോഷ്യൽ മീഡിയകളിൽ സജീവമാകാൻ ഞാൻ മടിച്ചു. ബ്ലോഗെഴുത്ത് നിലച്ച് പോകും എന്ന ഭയം തന്നെയായിരുന്നു അതിന് പിന്നിൽ. പക്ഷെ ബ്ലോഗ് പോലെ വ്‌ളോഗ്  ചെയ്യുക എന്നൊരാശയം ഇത്ര കാലമായിട്ടും എൻ്റെ തലയിൽ കയറിയിരുന്നില്ല. 

2020 ഏപ്രിൽ മാസത്തിൽ  മലയാളികൾ മുഴുവൻ കൊറോണ ഭീതിയിൽ സ്വന്തം വീടുകളിലേക്ക് ഉൾവലിഞ്ഞപ്പോൾ യൂടൂബിൽ കാറ്റ് നിറയാൻ തുടങ്ങി. അഭൂത പൂർവ്വമായ വളർച്ചയാണ് മലയാളം വ്‌ളോഗ് രംഗത്ത് ലോക് ഡൗൺ സൃഷ്ടിച്ചത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഞാനും ആ വലയിൽ വീണു.

അങ്ങനെ എൻ്റെ വരികൾക്ക് മകൾ ശബ്ദം നൽകി അവൾ തന്നെ ക്യാമറയും എഡിറ്റിംഗും നിർവഹിച്ച് ആദ്യത്തെ വ്ലോഗ് 8.4.2020 ന് ലോകമാകമാനം റിലീസായി. മൈക്രോ ഗ്രീനിനെപ്പറ്റിയുള്ള മൂന്ന് മിനുട്ടിൽ താഴെയുള്ള ആ വീഡിയോ മുവായിരത്തിലധികം ആൾക്കാർ കണ്ടു. സബ്സ്ക്രൈബർമാരും ദിനംപ്രതി കൂടി. ആശയവും ക്യാമറയും എഡിറ്റിംഗും എല്ലാം കൃത്യസമയം പാലിക്കാതെ വന്നതോടെ രണ്ട് മാസം കൊണ്ട് തന്നെ ചാനൽ സംപ്രേഷണം നിലച്ചു.

ഇതങ്ങനെ നിർത്തേണ്ട സംഗതി അല്ല എന്ന തോന്നലും 250 ലധികം വരുന്ന സബ്സ്ക്രൈബർമാരെ പെരുവഴിയിലിട്ട് പോകുന്നതിലെ അനൗചിത്യവും കാരണം വീണ്ടും ഒരു ശ്രമം നടത്താൻ തീരുമാനിച്ചു.അങ്ങനെ പണ്ട് ബ്ലോഗിൽ ചെയ്തിരുന്ന പ്രതിവാരക്കുറിപ്പുകൾ  എന്ന ഇംഗ്ലീഷ് പേരിൽ ഇറക്കി.ഉള്ള പ്രേക്ഷകർ കൂടി പോയിക്കിട്ടാൻ അത് സഹായകമായി. എങ്കിലും ചങ്കൂറ്റം എന്നെ മുന്നോട്ട് നയിച്ചു.ക്രമേണ എണ്ണം കൂടി വന്നെങ്കിലും 250 കടക്കാൻ പലപ്പോഴും പ്രയാസപ്പെട്ടു. സബ്സ്ക്രൈബർമാരുടെ എണ്ണവും സ്ഥിര സംഖ്യയായി.

ഒരു വ്‌ളോഗ് പബ്ലിഷ് ചെയ്‌താൽ ഞാൻ അംഗമായ മുപ്പതോളം വാട്സ്ആപ് ഗ്രൂപ്പിലും സുഹൃത്തുക്കൾക്ക്  പി എം ലും ഇട്ടുകൊടുത്ത് നിരന്തരം ശല്യം ചെയ്ത് അവരെ സബ്സ്ക്രൈബർമാരാക്കി.അങ്ങനെ സബ്സ്ക്രൈബർമാർ അഞ്ഞൂറായെങ്കിലും കാണുന്നത് അതിന്റെ പകുതി പോലും ഇല്ലായിരുന്നു. ടൺ K യും മില്യണുകളും വ്യൂ ഉള്ള വീഡിയോകൾക്കിടക്ക് എൻ്റെ 250 ന്റെ വീഡിയോ കാണുമ്പോൾ എനിക്ക് തന്നെ നാണം തോന്നി.എങ്കിലും ചങ്കൂറ്റം എന്നെ മുന്നോട്ട് നയിച്ചു.

ഏതോ ഒരു സുപ്രഭാതത്തിൽ, കഴിഞ്ഞ 12 വർഷമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന നടപടി ക്രമങ്ങളിൽ പലരും വരുത്തുന്ന തെറ്റുകളെക്കുറിച്ച് ഒരു അറിയിപ്പ് നൽകാം എന്ന് വെറുതെ തോന്നി. ആദ്യത്തെ വീഡിയോ ശ്രദ്ധ പിടിച്ചില്ലെങ്കിലും രണ്ടാമത്തേത് എന്നെ അത്ഭുതപ്പെടുത്തി. ആയിരത്തിലധികം ആൾക്കാർ അത് കണ്ടു. പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് സംബന്ധമായ വീഡിയോകൾ ഇട്ടു. സബ്സ്ക്രൈബർ എണ്ണം കുതിക്കുന്നത് ഞാൻ നോക്കി നിന്നു. 

പതിനഞ്ച് ദിവസം കൊണ്ട് സബ്സ്ക്രൈബർമാരുടെ എണ്ണം 500 ൽ നിന്ന് 1000 ആയി.2021 ജനുവരിയിൽ അല്ലെങ്കിൽ അതും കഴിഞ്ഞ് ആയിരുന്നു ഈ മാന്ത്രിക സംഖ്യ ഞാൻ പ്രതീക്ഷിച്ചിരുന്നത്. മറ്റൊരു കടമ്പയായ 4000 മണിക്കൂർ വാച്ച് ഹവർ ദിനംപ്രതി പോസ്റ്റിട്ടാൽ മാത്രമേ എത്തൂ എന്നും ഞാൻ കണക്ക് കൂട്ടിയിരുന്നു.അതും ഇപ്പോൾ 2000 ന്റെ അടുത്തെത്തി. 

ഇത്രയും മാരക അഡിക്ഷൻ സംഭവിക്കുന്ന ഒന്നാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. തോട്ടം തൊഴിലാളികൾ മുതൽ  ഡോക്ടർമാർ വരെ വീഡിയോ ശ്രദ്ധിക്കുകയും നല്ല അഭിപ്രായങ്ങൾ ഫോണിലൂടെ അറിയിക്കുകയും ചെയ്യുമ്പോൾ ഈ ചാനലിലൂടെ ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ സാധിച്ചതായി തോന്നുന്നു.തുടക്കത്തിൽ ബ്ലോഗ് ലോകം തന്ന പിന്തുണ മറക്കാനാവാത്തതാണ് . എന്റെ എല്ലാ പ്രേക്ഷകർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

Channel Link : https://www.youtube.com/channel/UC96v87JZXuT6JPGyV_PN7oQ

7 comments:

Areekkodan | അരീക്കോടന്‍ said...

ഇതൊക്കത്തന്നയല്ലേ സന്തോഷം

© Mubi said...

ങേ? അത് നിർത്തിയോ? എന്നാലും ഇവിടെ വരണം...

Areekkodan | അരീക്കോടന്‍ said...

Mubi...നിർത്തിയിട്ടില്ല....

Muralee Mukundan , ബിലാത്തിപട്ടണം said...

വ്ലോഗ് ചരിതങ്ങൾ ..
സന്തോഷം

Manikandan said...

ഞാൻ ബൂലോകത്ത് കടക്കുന്നത് 2008-ൽ ആണ്. പല വിഷയങ്ങൾക്കും പല ബ്ലോഗുകൾ ആയിരുന്നു. രാഷ്ട്രീയത്തിനൊന്ന്, യാത്രാവിവരണത്തിനൊന്ന്, പാട്ടിനൊന്ന്, സാങ്കേതികത്തിനൊന്ന് അങ്ങനെ. എന്നാലും അനപത് കമന്റോ മറ്റോ ആണ് ആകെ അധികമായി വന്നത്. ഒരു ബ്ലോഗീൽ മാത്രം ഇപ്പോഴും ആളുകൾ വരുന്നു. തരംഗിണിയുടെ പാട്ടുകളെ കുറിച്ചുള്ള ബ്ലോഗിൽ. ഇപ്പോൾ എല്ലാം കൂടി ഒരെണ്ണത്തിൽ ആക്കി (തരംഗിണി ഒഴികെ) വല്ലപ്പോഴും അതിൽ എതെങ്കിലും ഒരു പോസ്റ്റ് ചെയ്യും. ബ്ലോഗ് എഴുത്ത് വായനക്കാർ ഇല്ലെങ്കിലും എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെ ആണ്. പണ്ട് ബെർളിത്തരങ്ങൾ ആയിരുന്നു ഏറ്റവും കൂടുതൽ കമന്റുകളും വായനക്കാരും ഉണ്ടായിരുന്ന ബ്ലോഗ്ഗ് എന്നാണ് ഓർമ്മ. വ്ലോഗിങ്ങിൽ ഇതുവരെ ഒരു പരീക്ഷണവും നടത്തിയിട്ടില്ല. സാറിന്റെ വ്ലോഗ് പരീഷണത്തിനു എല്ലാ ഭാവുകങ്ങളും. ആ വ്ലോഗിന്റെ ലിങ്കു കൂടി ഈ പോസ്റ്റിൽ ചേർക്കാമായിരുന്നു എന്നൊരു അഭ്യർത്ഥന ഉണ്ട്.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... എനിക്കും സന്തോഷം

Areekkodan | അരീക്കോടന്‍ said...

മണികണ്ഠൻ ജി ... ലിങ്ക് ഞാൻ ചേർക്കാം ... ബ്ലോഗിൻ്റെ പഴയ കാലത്തേക്ക് മനസ്സിനെ നയിച്ച മറുപടിക്ക് ഹൃദ്യമായ നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക