Pages

Friday, July 31, 2015

ഭാരതിയാറിന്റെ തീരത്ത്….

          പൈതൃക വണ്ടിയിലുള്ള ഊട്ടിയാത്രയുടെ ഹാങ്ങോവര്‍ തീരും മുമ്പേ ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ നിന്നും ഒരു എസ്.എം.എസ് ലഭിച്ചു.ജൂണ്‍ 27 , 28 തീയതികളിലായി എം.എസ്..സി അപ്പ്ലൈഡ് സൈക്കോളജിയുടെ പ്രായോഗിക പരീക്ഷ കോയമ്പത്തൂരിലുള്ള ഭാരതിയാര്‍ സര്‍വ്വകലാശാലാ കാമ്പസിലെ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍  വച്ച് നടക്കും എന്നായിരുന്നു അറിയിപ്പ്.

          വെറും രണ്ടാഴ്ച മുമ്പാണ് പൈതൃക വണ്ടിയാത്രക്കായി ഞങ്ങള്‍ കോയമ്പത്തൂരില്‍ പോയിരുന്നത്.അന്ന് ഉല്ലാസയാത്രയായിരുന്നെങ്കില്‍  അടുത്തത് കൈലാസയാത്രക്ക് സമാനമാണ് – എഴുതാന്‍ പോകുന്നത് ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ എം.എസ്..സി അപ്പ്ലൈഡ് സൈക്കോളജിയുടെ പ്രായോഗിക പരീക്ഷയാണ് !സംഗതി കുട്ടിക്കളിയല്ല , സൈക്കോളജി അരച്ച് കലക്കി കുടിച്ച് പിരി ലൂസായിരിക്കുന്ന പ്രൊഫസര്‍ സിങ്കങ്ങളുടെ വാ‍യിലേക്കാണ് കുഞ്ഞാടുകളായ ഞങ്ങളെ ഇട്ടുകൊടുക്കുന്നത്.റംസാന്‍ നോമ്പായിട്ടും പോകുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. അങ്ങനെ ഞാനും ഭാര്യയും ശനിയാഴ്ച രാത്രി വീണ്ടും കോയമ്പത്തൂരിലേക്ക് വണ്ടി കയറി.രാത്രി പതിനൊന്നരക്കാണ് കോയമ്പത്തൂരില്‍ വണ്ടി ഇറങ്ങുന്നത് എന്നതിനാല്‍  ഇന്റെര്‍നെറ്റില്‍ നോക്കി റെയില്‍‌വെ സ്റ്റേഷന് അടുത്ത് തന്നെയുള്ള ഗീത ഹോട്ടല്‍‌സില്‍ നേരത്തെ റൂം ബുക്ക് ചെയ്തിരുന്നു.

         വണ്ടി ഇറങ്ങി ഹോട്ടലുകാര്‍ പറഞ്ഞ വഴിയിലേക്ക് പ്രവേശിച്ചപ്പോഴാണ് അവിടെ ഇത്രയും അധികം ലോഡ്ജുകള്‍ ഉള്ളത് അറിഞ്ഞത്.മിക്കവയും ബാര്‍ അറ്റാച്‌ഡ് ആയതിനാല്‍ ആ വഴിയെ ആ സമയത്ത് നടക്കാന്‍ അല്പം ഉള്‍ഭയം തോന്നാതിരുന്നില്ല.എങ്കിലും അല്പം ഉള്ളോട്ട് നടന്ന് ശാന്ത സുന്ദരമായ അന്തരീക്ഷത്തോട് കൂടിയ ഗീത ഹോട്ടല്‍‌സില്‍ എത്തിയപ്പോള്‍ സമാധാനമായി.ഇകണോമി ഡീലക്സ് ഡബ്‌ള്‍ റൂമിന് ഒരു ദിവസത്തെ വാടക 700 രൂപ മാത്രം (ഫോണ്‍ : 0422-2300049).


         ഉക്കടം സ്റ്റാന്റില്‍ പോയി മരുതുമലൈ ബസ്സില്‍ കയറാനായിരുന്നു കോഴിക്കോട് പഠനകേന്ദ്രത്തില്‍ നിന്നും പറഞ്ഞിരുന്നത്.ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ 1C നമ്പര്‍ ബസ്സില്‍ കയറി അവസാന സ്റ്റോപ്പായ വടവല്ലിയില്‍ ഇറങ്ങി നേരെ എതിര്‍ഭാഗത്ത് നിന്നാല്‍ കിട്ടുന്ന ഏത് ബസ്സും കാമ്പസ്സിന് മുന്നിലൂടെ പോകും എന്ന് വിവരം കിട്ടി.ഇതു തന്നെയാണ് മലയാളികള്‍ക്ക് ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ പോകാനുള്ള ഏറ്റവും നല്ല റൂട്ട്.കാരണം റെയില്‍‌വേ സ്റ്റേഷന് മുമ്പില്‍ നിന്ന് വടവല്ലിയിലേക്ക് എപ്പോഴും ബസ് കിട്ടും.അതും മിനിമം ചാര്‍ജ്ജായ അഞ്ച് രൂപ മാത്രം. വടവല്ലിയില്‍ നിന്നും മിനിമം ചാര്‍ജ്ജായ അഞ്ച് രൂപക്ക് യൂണിവേഴ്സിറ്റിയുടെ മെയിന്‍ ഗേറ്റിന് മുമ്പില്‍ തന്നെ ബസ്സിറങ്ങാം.

          അങ്ങനെ ഒമ്പത് മണിയോടെ സര്‍വ്വകലാശാലയുടെ വിശാലമായ ഗേറ്റിന് മുന്നില്‍ ഞങ്ങള്‍ ബസ്സിറങ്ങി.തൊട്ടു പിന്നാലെ വന്ന ബസ്സില്‍ ക്ലാസ്മേറ്റായ കോഴിക്കോട്ടുകാരി ഫര്‍ഹാനയും ഭര്‍ത്താവിന്റെ അകമ്പടിയോടെ എത്തി.


ഞായറാഴ്ച ആയതിനാല്‍ ആളൊഴിഞ്ഞ കാമ്പസില്‍ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റും അന്വേഷിച്ച് ഞങ്ങള്‍ നടത്തം ആരംഭിച്ചു.



(തുടരും)

Thursday, July 30, 2015

സൈക്കോളജി കപ്‌ള്‍സ്

           ഞാനും എന്റെ നല്ല പാതിയും ഒരു ബിരുദാനന്തര ബിരുദ പഠനത്തിന് ക്ലാസ്മേറ്റ്സ് ആയത് ഇവിടെ സൂചിപ്പിച്ചിരുന്നു.പല യൂണിവേഴ്സിറ്റികളുടേയും പല പരീക്ഷകളും എഴുതിയ എനിക്ക് ഈ കോഴ്സിന്റെ പരീക്ഷാനുഭവം തികച്ചും വ്യത്യസ്തമായിരുന്നു അഥവാ യോഗം യോഗം എന്ന് പറയുന്നത് വെറും മീറ്റിംഗ് മാത്രമല്ല എന്ന് പണ്ട് മൊയ്ദീന്‍ പറഞ്ഞത് വീണ്ടും സത്യമായി പുലര്‍ന്നു.

          കോഴിക്കോടായിരുന്നു ഞങ്ങളുടെ പരീക്ഷാകേന്ദ്രം. 10 മണിക്കാരംഭിക്കുന്ന പരീക്ഷക്കായി ഒമ്പതരക്ക് തന്നെ ഞങ്ങള്‍ പരീക്ഷാകേന്ദ്രത്തിലെത്തി.ഒരാള്‍ക്ക് കഷ്ടിച്ച് കടന്ന് കൂടാന്‍ പറ്റുന്ന വിധത്തില്‍ ഒരുക്കിയ പരീക്ഷാഹാളിലെ സീറ്റില്‍ ഞാനും ഒരു ബെഞ്ച് ഇടവിട്ട് ഭാര്യയും ഇരുന്നു (അങ്ങനെയായിരുന്നു സീറ്റിംഗ് അറെഞ്ച്മെന്റ് !).കോണ്ടാക്റ്റ് ക്ലാസ്സില്‍ വച്ച് കണ്ട മറ്റെല്ലാ പ്രധാനികളും ഹാളില്‍ ഉപവിഷ്ടരായിരുന്നു.

         സമയം ഒമ്പതേമുക്കാല്‍ ആയി.പരീക്ഷ നടത്തിപ്പുകാര്‍ ആരും ക്ലാസ്സില്‍ എത്തിയില്ല. പത്തുമണിയായിട്ടും ഇന്‍‌വിജിലേറ്റര്‍മാര്‍ ആരും എത്തിയില്ല.സമയം പത്തര ആയിട്ടും ആരും തിരിഞ്ഞു നോക്കാത്തതിനാല്‍ ഞങ്ങളില്‍ ചിലര്‍ പുറത്തിറങ്ങി രംഗവീക്ഷണം നടത്തി.രാവിലെ സ്ഥലം സന്ദര്‍ശിച്ച് മടങ്ങിപ്പോയ പരീക്ഷാര്‍ത്ഥിയായ എന്റെ ഒരു സുഹൃത്തിന്റെ വാക്കുകള്‍ ഇതോട് കൂട്ടി വായിച്ചപ്പോള്‍ ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ പരീക്ഷയെപ്പറ്റി ചില സംശയങ്ങള്‍ എന്റെ മനസ്സിലുദിച്ചു.11 മണിയായപ്പോഴാണ് ആ അറിയിപ്പ് കിട്ടിയത് – ഇന്റെര്‍നെറ്റ് വഴി എത്തേണ്ട ചോദ്യപേപ്പര്‍ വൈകിയത് കാരണം പതിനൊന്നരക്കേ പരീക്ഷ ആരംഭിക്കുകയുള്ളൂ പോലും !അവസാനം കൊറിയറില്‍ എത്തിയ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് പരീക്ഷ ആരംഭിക്കുമ്പോള്‍ സമയം പതിനൊന്നേമുക്കാല്‍ ആയിരുന്നു !

         തൊട്ടടുത്ത ദിവസമായിരുന്നു രണ്ടാം പേപ്പറിന്റെ പരീക്ഷ. സീറ്റിംഗ് അറെഞ്ച്മെന്റ് മാറിയതായി മനസ്സിലാക്കി ഞങ്ങള്‍ റൂമിലെത്തി.ഒഴിവുള്ള സ്ഥലത്ത് ഇരിക്കാനായിരുന്നു ഇന്‍‌വിജിലേറ്ററുടെ ഓര്‍ഡര്‍ !അങ്ങനെ ഞാന്‍ ഒരു ബെഞ്ചിലും തൊട്ടുമുന്നില്‍ ഭാര്യയും ഇരുന്നു. അന്ന് കൃത്യ സമയത്ത് തന്നെ പരീക്ഷ തുടങ്ങി.

          മൂന്നാം ദിവസവും സീറ്റിംഗ് അറെഞ്ച്മെന്റ് മാറിയിരുന്നു.തലേ ദിവസത്തെ അനുഭവത്തില്‍ നിന്നും “ഇഷ്ടപ്പെട്ട” സീറ്റ് ലഭിക്കാനായി പലരും നേരത്തെ തന്നെ റൂമില്‍ സ്ഥാനം പിടിച്ചിരുന്നു.”ഗ്രൂപ്” അടിസ്ഥാനത്തിലായിരുന്നു പലരുടെയും ഇരുത്തം.ഒരാള്‍ മാത്രം ഇരുന്ന ഒരു ബെഞ്ചില്‍ ഞാനും ഇരുന്നു.ആ ബെഞ്ചില്‍ അതുവരെ ഇരുന്നിരുന്ന ഒരു പരീക്ഷാര്‍ത്ഥി പെട്ടെന്ന് എണീറ്റ് തൊട്ടടുത്ത ബെഞ്ചിലേക്ക് മാറി(സൌകര്യാര്‍ത്ഥം!).എന്റെ പിന്നാലെ വന്ന എന്റെ ഭാര്യയെ , ഞങ്ങള്‍ തമ്മിലുള്ള ബന്ധം അറിയാതെ പാവം ഇന്‍‌വിജിലേറ്റര്‍ , എന്റെ അതേ ബെഞ്ചില്‍ തന്നെ ഇരുത്തി! അങ്ങനെ സൈക്കോളജി കപ്‌ള്‍സ് എന്ന് ക്ലാസ്മേറ്റുകള്‍ സ്നേഹപൂര്‍വ്വം  വിളിക്കുന്നത് പരീക്ഷാഹാളില്‍ യാഥാര്‍ത്ഥ്യമായി.


(തുടരും)

ജ്വലിക്കുന്ന മനസ്സുകള്‍ (Ignited Minds)

          കഴിവും വൈദഗദ്യവുമുള്ള ഒരു ജനതയുടെ പതനത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം – അന്തരിച്ച മുന്‍ രാഷ്ട്രപതി ശ്രീ. എ.പി.ജെ അബ്ദുല്‍കലാമിന്റെ ജ്വലിക്കുന്ന മനസ്സുകള്‍ (Ignited Minds) എന്ന പുസ്തകത്തെപ്പറ്റി ഒറ്റ വാചകത്തില്‍ ഇങ്ങനെ പറയാം. 

         6 മാസങ്ങള്‍ക്ക് മുമ്പ് ഈ പുസ്തകം വായിച്ചപ്പോള്‍ എന്നെ ആകര്‍ഷിച്ച ചില വാക്യങ്ങള്‍ അന്നേ നോട്ട് ചെയ്തിരുന്നു.ഇന്ത്യയുടെ “മിസൈല്‍ മാന് “ ദര്‍ഗ്ഗകളില്‍ നിന്ന് ഊര്‍ജ്ജം ലഭിച്ചു എന്ന് സൂചിപ്പിക്കുന്ന ഈ പുസ്തകത്തിലെ ചില വരികളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കണം എന്നും കരുതിയിരുന്നു.തയ്യാറാക്കിയ എന്റെ കുറിപ്പുകള്‍ കടലാസ് കൂട്ടത്തില്‍ ഒഴുകി ചേര്‍ന്നപ്പോള്‍ , ഇന്ത്യ കണ്ട ആ അസാധാരണ പ്രതിഭ കാലയവനികക്കുള്ളിലേക്കും മറഞ്ഞു.
അന്ന് രേഖപ്പെടുത്തിയ ആ കുറിപ്പുകള്‍ ഇപ്പോള്‍ തിരിച്ച് കിട്ടുമ്പോള്‍ എന്നെ ആകര്‍ഷിച്ച ചില വരികള്‍ ആ മഹാമനുഷ്യന് മുമ്പില്‍ പ്രണാമമായി അര്‍പ്പിക്കുന്നു.

          “പരസ്പര ബന്ധമില്ലായ്മയാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്.റിംഗ് റോഡ് നിര്‍മ്മിച്ച് ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചാല്‍ ഇതേ ഗ്രാമങ്ങള്‍ പലതരം സേവനങ്ങള്‍ക്കുമുള്ള വിപുലമായൊരു കമ്പോളമായിത്തീരും.“ ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള വളരെ നല്ല ഒരാശയമായി തോന്നുന്നു.

         ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജീവിതം ഒരുപോലെ ആകര്‍ഷകമാവുകയും അങ്ങോട്ടുമിങ്ങോട്ടും കുടിയേറ്റം നടക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് അഭികാമ്യം – PURA (Provision for Urban amenities in Rural Areas) എന്ന ആശയം ഈ ചിന്തയുടെ ഭാഗമാണ്.

        ഒരു രാജ്യത്തിനും ജനതക്കും അത്യുന്നത പദവിയിലെത്തണമെന്നുണ്ടെങ്കില്‍ ഭൂതകാലത്തെ അവരുടെ വീരനായകന്മാരുടെയും സാഹസകൃത്യങ്ങളുടെയും വിജയങ്ങളുടെയും പൊതുവായ സ്മരണകളുണ്ടാവണം.സ്വന്തമായൊരു സംസ്കാരത്തിന്റെ ഉടമയാണ് ഞങ്ങളെന്ന അഭിമാനം ജപ്പാന്‍‌കാര്‍ക്കുണ്ട്..അതുകൊണ്ടാണ് സൈനികപരാജയം മൂലമുണ്ടായ അപമാനഭാരത്തെ സാമ്പത്തിക വിജയമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചത്.- എല്ലാ രാജ്യക്കാര്‍ക്കും ഉത്തേജനം നല്‍കുന്ന വരികള്‍.

           ഒരു വികസ്വര രാഷ്ട്രമായി മുന്നോട്ട് കുതിക്കുക അല്ലെങ്കില്‍ രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ ലോകത്തെ നിയന്ത്രിക്കുന്ന ചുരുക്കം ചില രാജ്യങ്ങള്‍ക്കടിപ്പെട്ട് നിത്യദാരിദ്ര്യത്തിലാണ്ട് നശിക്കുക . ബലവാന്‍ ബലവാനെ മാനിക്കും (Power respects Power). ഇന്ത്യന്‍ യുവതയോട് ശ്രീ.എ.പി.ജെയുടെ നിര്‍ദ്ദേശമാണിത്.

           മഹത്തായ ഒരു ലക്ഷ്യമോ അസാധാരന്ണമായ ഒരു പദ്ധതിയോ നിങ്ങള്‍ക്ക് പ്രചോദനമാകുമ്പോള്‍ നിങ്ങളുടെ ചിന്തകള്‍ അവയുടെ അതിര്‍ത്തികള്‍ കടന്ന് ചെല്ലും.നിങ്ങളുടെ മനസ്സ് പരിമിതികളെ ഉല്ലംഘിക്കും.നിങ്ങളുടെ ബോധമണ്ഡലം നാനദിക്കിലേക്കും വികസിക്കും.ഒരു പുതിയ മഹത്തായ അത്ഭുതകരമായൊരു ലോകത്ത് നിങ്ങളെത്തിച്ചേരും.സുപ്താവസ്ഥയിലുള്ള ശക്തികളും കഴിവുകളും വാസനകളും ഉയിര്‍ത്തെഴുന്നേല്‍ക്കും.നിങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതാത്തത്ര മഹത്വമുള്ളൊരു വ്യക്തിയാണ് നിങ്ങളെന്ന് സ്വയം കണ്ടെത്തും.- യോഗസൂത്രയില്‍ പതഞ്ജലി പറഞ്ഞ കാര്യങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ ശ്രീ.എ.പി.ജെ തെളിയിച്ചു.

          തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പുസ്തകങ്ങളായി ശ്രീ കലാം പറയുന്നത്  Alexis Karel ന്റെ  Man the Unknown , Thiruvalluvar ടെ Thirukkural, Lilyan Aikkar Watson ന്റെ Light from Many Lamps, Holy Quran എന്നിവയാണ്.

മലയാള വിവര്‍ത്തനം : ശ്രീ.എം.പി.സദാശിവന്‍
പ്രസാധനം : ഡി.സി.ബുക്സ്

112 പേജ് , വില 80 രൂപ.

Monday, July 27, 2015

അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍…

        കുട്ടിക്കാലത്ത് പനി പിടിക്കുമ്പോള്‍ ഉമ്മ എന്നെ വല്യുമ്മയുടെ കസ്റ്റഡിയിലാക്കിയാണ് സ്കൂളില്‍ പോകാറ്‌. ഇടക്ക് വലിയ മൂത്തുമ്മയുടെ വീട്ടിലും ആക്കാറുണ്ട്. പക്ഷെ വല്യുമ്മയുടെ വീട്ടില്‍ നില്‍ക്കാനായിരുന്നു എനിക്ക് താല്പര്യം.കാരണം ആ വീട് റോഡിന്റെ വയ്ക്കത്തായിരുന്നു എന്നത് തന്നെ.വരാന്തയിലുള്ള ചാരു കസേരയിലോ ബെഞ്ചിലോ ഇരുന്നാല്‍ റോട്ടിലൂടെ പോകുന്ന ആള്‍ക്കാരേയും വാഹനങ്ങളേയും ഒക്കെ കണ്‍കുളിര്‍ക്കെ കാണാം.ആ സമയത്തൊന്നും തന്നെ നമ്മുടെ രോഗത്തെ പറ്റി നമുക്ക് ഓര്‍മ്മയുണ്ടാകില്ല.വൈകിട്ട് ഉമ്മ സ്കൂളില്‍ നിന്ന് തിരിച്ചെത്തി എന്നെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാഴ്ചകള്‍ അവസാനിച്ചതിന്റെ ദു:ഖം മനസ്സില്‍ തങ്ങി നില്‍ക്കും.മിക്കവാറും അതോടെ പനിയും തിരിച്ച് വരും !

          അക്കാലത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും  ബസും ലോറിയും ജീപ്പും ആയിരുന്നു. ഇടക്കിടെ അംബാസഡര്‍ കാറുകളും ഫിയറ്റ് കാറുകളും പോയിരുന്നു.അവ അധികം ഇല്ലാത്തതിനാല്‍ അവയുടെ രെജിസ്റ്റ്രേഷന്‍ നമ്പര്‍ കുറിച്ചു വയ്ക്കുന്ന ഒരു ഹോബി കൂടി എനിക്കുണ്ടായിരുന്നു.കണ്ട കാര്‍ വീണ്ടും മുന്നില്‍ വരുന്നുണ്ടോ എന്നറിയാനായിരുന്നു ഈ ഹോബി എങ്കിലും എഴുതിയ നമ്പറുകള്‍ ഈ ആവശ്യത്തിനായി വീണ്ടും ‘റഫര്‍’ ചെയ്തത് എനിക്കോര്‍മ്മയില്ല.

        പക്ഷേ അന്നത്തെ വിചിത്രമായ ഒരു ‘കുട്ടിവിശ്വാസം’ എനിക്കോര്‍മ്മയുണ്ട് – വെള്ള് കാര്‍ കണ്ടിട്ട് ചൂണ്ടുവിരല്‍ വായിലിട്ട് ഒരു കറുത്ത കാക്കയെ കാണുന്നത് വരെ നിന്നാല്‍ പലഹാരം ലഭിക്കും ! അങ്ങനെ നിരവധി തവണ കുട്ടികളായ ഞങ്ങള്‍ വിരല്‍ വായിലിട്ട്  ‘പലഹാര’ത്തിനായി ശ്രമിച്ചിട്ടുണ്ട്.പിന്നീടുള്ള ജീവിതത്തില്‍ കിട്ടിയ പലഹാരങ്ങളെല്ലാം ഒരു പക്ഷെ ഈ പ്രവൃത്തിയുടെ ഫലം ആയിരിക്കും!!

         അന്ന് ബസ്സില്‍ കയറാന്‍ മാത്രമെ അവസരം ലഭിച്ചിരുന്നുള്ളൂ.അതും വേനലവധിക്കാലത്തോ പെരുന്നാളിനോ ബാപ്പയുടെ നാടായ പേരാമ്പ്രയില്‍ പോകുമ്പോള്‍ മാത്രം.അന്ന് ലോറി കാണുമ്പോള്‍ തന്നെ പേടിയായിരുന്നു. ജീപ്പിലും കാറിലും പോകേണ്ട ‘ഗതികേട്’ ഉണ്ടാകാത്തതിനാല്‍ കയറാന്‍ ഭാഗ്യം ലഭിച്ചിരുന്നില്ല.ആദ്യമായി കാറില്‍ കയറിയത് ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍‌ട്രന്‍സ് (അതേ ഇപ്പോള്‍ ശിരോവസ്ത്ര വിവാദത്തില്‍ കത്തി നില്‍ക്കുന്ന അതേ പരീക്ഷ) എഴുതാന്‍ വേണ്ടി സുഹൃത്തുക്കളോടൊപ്പം തിരുവനന്തപുരംകോട്ടണ്‍‌ഹില്‍ ഗേള്‍സ് സ്കൂളില്‍ പോയപ്പോഴാണ് എന്നാണ് എന്റെ ഓര്‍മ്മ.പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈസന്‍സ് എടുത്തപ്പോള്‍ ഞാനും ഒരു കാര്‍ മുതലാളിയായി! അതോടെ എന്റെ മക്കള്‍ക്കും കുടുംബത്തിനും കാര്‍ എന്നത് അപ്രാപ്യമായ ഒരു വാഹനം അല്ലാതായി.ഇന്ന് ഏത് വീട്ടിലും കാര്‍ പോര്‍ച്ചുണ്ട്.

            ഇത്രയും പറഞ്ഞത് രണ്ട് ദിവസം മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം പങ്കു വയ്ക്കാനാണ്‍. നാഷണല്‍ സര്‍വീസ് സ്കീമിന്റെ ടെക്നിക്കല്‍ സെല്‍ വിഭാഗത്തിലെ പ്രൊഗാം ഓഫീസര്‍മാരുടെ വാര്‍ഷിക സംഗമത്തില്‍ ഒരു സെഷന്‍ അവതരിപ്പിക്കാന്‍ പതിവ് പോലെ എനിക്ക് ക്ഷണം ലഭിച്ചു.അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & ടെക്നോളജി (ഫിസാറ്റ്)യില്‍ ആയിരുന്നു ഈ വര്‍ഷത്തെ സംഗമം.ശനിയാഴ്ച രാവിലെ ഒമ്പതരക്ക് ഞാന്‍ അങ്കമാലി ബസ്‌സ്റ്റാന്റില്‍ ബസ്സിറങ്ങുമ്പോള്‍ ഫിസാറ്റിന്റെ ശിതീകരിച്ച വെള്ള ഇന്നോവ കാര്‍ എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു.അതില്‍ കയറി യാത്ര തുടരുമ്പോള്‍ വെള്ള കാര്‍ കാണാന്‍ കൊതിച്ച എന്റെ ബാല്യകാലം മനസ്സിലൂടെ മിന്നിമറഞ്ഞു.ഒപ്പം ‘യത്തീം’ എന്ന സിനിമയിലെ ‘അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍.’ എന്ന ഗാനത്തിലെ ‘ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍‘ എന്ന് തുടങ്ങുന്ന വരികളും.

Thursday, July 23, 2015

തലയുടെ “വൃത്തിയും വെടിപ്പും“

              തലയില്‍ വീണ കാക്കക്കാഷ്ടം മുഴുവന്‍ റീബൌണ്ട് ചെയ്ത് അടുത്ത് നിന്ന സുഹൃത്തിന്റെ മുഖത്ത് വൃത്തിയില്‍ പതിച്ചപ്പോഴാണ് എന്റെ തലയുടെ “വൃത്തിയും വെടിപ്പും നിരപ്പും” ഞാന്‍ കൃത്യമായി മനസ്സിലാക്കിയത് !


Friday, July 17, 2015

ഈദിന്റെ സന്ദേശം

       ഇന്ന് ഈദുല്‍ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ സുദിനം ( ഈ ദിനത്തിന് ചെറിയ പെരുന്നാള്‍ എന്ന പേര് കിട്ടിയത് എങ്ങനെയാണാവോ?). ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം ഒരു മുസ്ലിമിന് മിതമായി ആഘോഷിക്കാന്‍ ഇസ്ലാം അനുവദിച്ച  ദിനം. ഈ ദിനത്തിന്റെ ചില പ്രത്യേകതകള്‍ സൂചിപ്പിക്കാതെ വയ്യ.

            പെരുന്നാള്‍ ദിനത്തില്‍ ഒരാളും തന്നെ പട്ടിണി കിടക്കരുത് എന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.അതിനാലാണ് ഫിത്വര്‍സകാത്ത് എന്ന സകാത്ത് ഈ പെരുന്നാളിന് നിര്‍ബന്ധമാക്കിയിരിക്കുന്നത്.അവസാന നോമ്പിന് മ‌അ്‌രിബ് വരെ ജനിച്ച കുട്ടിക്കടക്കം ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ പേരിലും നല്‍കേണ്ടതാണ് ഫിത്വര്‍സകാത്ത്. ഇന്നത്തെ മൂല്യമനുസരിച്ച് ഒരാള്‍ക്ക് 60-70 രൂപയാണ് ഫിത്വര്‍സകാത്ത്.ഈ സകാത്ത് നല്‍കുന്നവന് തന്നെ അത് സ്വീകരിക്കാനും അര്‍ഹതയുണ്ട്.പക്ഷേ സംഘടിതമായിട്ടായിരിക്കണം നല്‍കലും സ്വീകരിക്കലും.മുസ്ലിം അമുസ്ലിം വ്യത്യാസമില്ലാതെ ഒരാളും പട്ടിണി കിടക്കാത്ത ഒരു ദിനമെങ്കിലും ഉണ്ടാകണം എന്ന സുന്ദരമായ സങ്കല്പം പക്ഷെ പ്രാവര്‍ത്തികമാക്കുന്നവര്‍ വളരെ കുറവാണ്.

            ഈദ് ദിനം കുടുംബ ബന്ധങ്ങളും സുഹൃത്ബന്ധങ്ങളും പുതുക്കാനുള്ള ഒരു ദിനം കൂടിയാണ്. ഞാന്‍ മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചപോലെ ഇന്ന് നമ്മുടെ ബന്ധം പുതുക്കലുകള്‍ ഒരു എസ്.എം..എസ് ലോ ഒരു മെയിലിലോ അല്ലെങ്കില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലോ ഒതുങ്ങിപ്പോകുന്നു.നേരിട്ട് വിളിച്ച് ആശംസ അറിയിക്കാന്‍  പോലും സമയമില്ലാത്തവന്റെ അടുത്ത് പിന്നെ നേരിട്ട് സന്ദര്‍ശിക്കുന്നതിനെ പറ്റി പറയുന്നതിന്റെ ഔചിത്യമില്ലായ്മ മനസ്സിലാക്കുന്നു.എങ്കിലും പറയാതെ വയ്യ – എസ്.എം..എസ്/ ഫേസ്ബുക്ക് സന്ദേശങ്ങളിലൂടെ നാം അന്തരീക്ഷത്തില്‍ ഒരു വൃഥാചലനം ഉണ്ടാക്കുന്നു. ഒരാളെ നേരിട്ട് വിളിക്കുന്നതിലൂടെ നാം അവരുടെ മനസ്സിനെ തൊടുന്നു.ഒരാളെ സന്ദര്‍ശിക്കുന്നതിലൂടെ നാം അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങുന്നു.മുന്‍‌കാലങ്ങളിലെപ്പോലെ ഹൃദയങ്ങള്‍ തമ്മില്‍ ബന്ധമില്ലാതായതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായില്ലേ.

              പ്രവാചകന്‍ മുഹമ്മദ് (സ.അ) ഈദ് ദിനത്തില്‍ രോഗികളേയും സന്ദര്‍ശിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.ഈദിന്റെ ആഘോഷങ്ങളില്‍ എല്ലാവരും മുഴുകുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന ആളുകള്‍ക്ക് സാന്ത്വനമേകുക എന്നതായിരുന്നു ഈ സന്ദര്‍ശനങ്ങളുടെ ഉദ്ദേശ്യം.എന്നാല്‍ ഈദ് ദിനത്തില്‍ എന്നല്ല മറ്റു ദിവസങ്ങളില്‍ പോലും രോഗിയെ സന്ദര്‍ശിക്കുന്നത് നമ്മുടെ ജീവിതത്തില്‍ നിന്നും തികച്ചും അന്യം നിന്ന് പോയിരിക്കുന്നു.ന്യൂ ജനറേഷന്‍ ഇത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും സമയം ഇല്ല എന്നതാണ് അവസ്ഥ.


             അതിനാല്‍ ഈ ഈദിലെങ്കിലും നാം എത്ര പേരെ നേരിട്ട് വിളിച്ച് അല്ലെങ്കില്‍ സന്ദര്‍ശിച്ച് ബന്ധം പുതുക്കി എന്ന് ഒരു കണക്കെടുപ്പ് നടത്തുക. നമുക്ക് നല്‍കാനുള്ള ഈദിന്റെ ശരിയായ സന്ദേശം അതാകട്ടെ.

പൈതൃക വണ്ടിയില്‍ ഒരടിപൊളി ഊട്ടിയാത്ര - 4

         യാത്രക്കാരുടെ വിശപ്പും വണ്ടിയുടെ ദാഹവും വാനര സ്നേഹവും കഴിഞ്ഞ് ആവി എഞ്ചിന്‍ പിന്നേയും ഞങ്ങളെ തള്ളിക്കൊണ്ടിരുന്നു.അടുത്ത സ്റ്റേഷന്‍ റണ്ണിമേഡ് ആണ്.പുല്ല് പരവതാനി വിരിച്ച ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി.തൊട്ടുമുന്നില്‍ ഒരു തുരങ്കം ആരംഭിക്കുന്നു.

          ഇടതു വശത്ത് കമ്പിവേലി കെട്ടിയിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.രണ്ട് കുന്നുകള്‍ക്കിടയിലെ താഴ്‌വാരത്തെ പാറക്കെട്ടുകളെ തലോടിക്കൊണ്ട് ഒരു അരുവി കുത്തി ഒഴുകുന്നു.കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്ന ആ കാഴ്ച മതി ഈ യാത്രയെ ധന്യമാക്കാന്‍.

         വണ്ടി വീണ്ടും മുന്നോട്ട് നീങ്ങി.വൃദ്ധനായ ഒരു തുഴക്കാരനെപ്പോലെ ആവി എഞ്ചിന്‍ ഞങ്ങളെയും വഹിച്ച് മലകയറിക്കൊണ്ടിരുന്നു. കുതിപ്പും കിതപ്പും കഴിഞ്ഞ് പ്രധാന സ്റ്റേഷനായ കൂനൂരില്‍ വണ്ടി എത്തുമ്പോള്‍ സമയം പത്തു മണി ആയിരുന്നു. അത്യാവശ്യ സൗകര്യങ്ങളുള്ള ഇവിടെ 40 മിനിറ്റ് സമയമുണ്ട്.ഭക്ഷണം കഴിക്കാനും ടോയ്ലെറ്റില്‍ പോകാനും ഒന്നിറങ്ങി നടക്കാനും ഈ സമയം ധാരാളമാണ്.നടക്കുമ്പോള്‍ , ഊട്ടിയില് നിന്നും ഇറക്കം വിട്ട് വരുന്ന ട്രെയിന്‍ മറ്റേ പാളത്തിലൂടെ വരുന്നത് ശ്രദ്ധിക്കണം എന്ന് മാത്രം.

        കൂനൂരില്‍ വെച്ച്  വണ്ടിക്ക് ചില മാറ്റങ്ങള്‍ വരും.നമ്മുടെ വണ്ടി ആവി എഞ്ചിനോട് വിട പറയും. ഇനി യാത്ര ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ്. രണ്ടു ബോഗികള്‍ അധികം ചേര്‍ത്ത് കൂടുതല്‍ പേരുമായിട്ടാണ് ഇനി ഊട്ടി യാത്ര. ട്രാക്കില്‍ ഇനി പല്‍ച്ചക്രം ഉണ്ടാകില്ല.  യൂകാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൂടെയാണ് ഇനി വണ്ടിയുടെ ചൂളം വിളി ഉയരുന്നത്. യാത്രക്ക്  വേഗതയും കൂടും.

       വെല്ലിങ്ടണ്‍, അറവന്‍കാട്, Ketti, ലവ്ഡേല്‍ തുടങ്ങി ചെറു സ്റ്റേഷനുകള്‍ കൂടി ഞങ്ങള്‍ പിന്നിട്ടു. ഇവിടെയൊന്നും പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യമില്ല.അവസാനം, സമുദ്ര നിരപ്പില്‍ നിന്നും 2240 Meter  (7350 അടി) ഉയരത്തിലുള്ള  ഊട്ടി എന്ന ഉദഗമണ്ഡലത്ത് വണ്ടി എത്തുമ്പോള്‍ സമയം 12 മണി കഴിഞ്ഞിരുന്നു. സ്റ്റേഷനില്‍ ആള്‍ക്കാരുടെ നീണ്ട ക്യൂ കണ്ട് ഞങ്ങള്‍ അന്തം വിട്ടു. തിരിച്ചുള്ള വണ്ടി പിടിക്കാനാണ് ഈ തിരക്ക്. ക്യൂ നിയന്ത്രിക്കുന്നത് പോലീസാണ്. 2 മണിക്ക് പുറപ്പെടുന്ന വണ്ടി 5.45 ന്‍  മേട്ടുപ്പാളയത്തെത്തും. ഇറക്കമായതുകൊണ്ട് ഇങ്ങോട്ട് വരുന്നതിനെക്കാളും എളുപ്പത്തില്‍ തിരിച്ചെത്തും എന്ന് ടി.ടി.ആര്‍ പറഞ്ഞു. തിരിച്ച് ഞങ്ങള്‍ ആ വഴിക്ക് ഇല്ലാത്തതിനാല്‍ ടോയ് ട്രെയിനിനോട് ഞങ്ങള്‍ ബൈ പറഞ്ഞു.

         അങ്ങനെ മനസ്സില്‍ താലോലിച്ച് നടന്ന ആ ഊട്ടി യാത്ര സഫലമായി.ഇനി ലോക പൈതൃകപ്പട്ടികയിലെ തന്നെ അടുത്ത ട്രെയിനില്‍  ഒരു ഡാര്‍ജിലിംഗ്  യാത്രകൂടി കുടുംബ സമേതം നടത്തണം (ഇന്‍ഷാ അല്ലാഹ്).

(അവസാനിച്ചു)

Thursday, July 16, 2015

പൈതൃക വണ്ടിയില്‍ ഒരടിപൊളി ഊട്ടിയാത്ര - 3

       കല്ലാറില്‍ നിന്നും വെള്ളം മോന്തിയ ശേഷം വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി.കല്ലാറ് മുതല്‍ കൂനൂര്‍ വരെയുള്ള പാതയിലാണ് പല്‍ചക്രങ്ങള്‍ക്കുള്ള അഡീഷണല്‍ റെയില്‍പാത കാണുന്നത്. ഇവിടം മുതല്‍ തന്നെയാണ് കാഴ്ചയുടെ പെരുമഴക്കാലം ആരംഭിക്കുന്നതും.




      അരുവികളുടെ കളാകളാരവം കേട്ട് ക്യാമറ റെഡിയാക്കി.ട്രെയിന്‍ മെല്ലെ കിതച്ചു കയറിയത് ഒരു പാലത്തിലേക്കായിരുന്നു.ഒരു തെങ്ങിന്റെ അത്രയും ഉയരത്തിലുള്ള പാലത്തിനടിയിലൂടെയായിരുന്നു നേരത്തെ പറഞ്ഞ അരുവിയുടെ ഒഴുക്ക്.


                                                                      കടപ്പാട് : മാധ്യമം
          
             ചെറിയ ചെറിയ വളവുകള്‍ തിരിഞ്ഞ് പലപ്പോഴും വണ്ടി ഒരു പാലത്തിലേക്കോ ഒരു തുരങ്കത്തിലേക്കോ പ്രവേശിച്ചുകൊണ്ടിരുന്നു.തുരങ്കത്തില്‍ പ്രവേശിക്കുന്നതോടെ യാത്രക്കാരുടെ ആഹ്ലാദവും വണ്ടിയുടെ ശബ്ദവും ബോഗികളെ ശബ്ദമുഖരിതമാക്കി. ചെറുതും വലുതുമായി 16 തുരങ്കങ്ങളും 20  വലിയ പാലങ്ങളും എന്റെ മക്കള്‍ എണ്ണി രേഖപ്പെടുത്തി. അഗാധമായ കിടങ്ങുകള്‍ പലതും ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.നീരരുവികള്‍ എത്ര എണ്ണം ഉണ്ടെന്ന് തിട്ടപ്പെടുത്താന്‍ തല്‍ക്കാലം മിനക്കെട്ടില്ല.



             ചെറിയ ഒരു പാലത്തിലേക്ക് വണ്ടി പ്രവേശിച്ചപ്പോള്‍ തൊട്ടടുത്ത കുറ്റിക്കാട്  നന്നായൊന്ന് കുലുങ്ങി. പതിവില്ലാത്ത അനക്കം കണ്ട് ഞാനും മക്കളും പുറത്തേക്ക് നോക്കി.പാളത്തിനരികിലെ കുറ്റിക്കാട്ടിനുള്ളിലൂടെ തൊട്ടടുത്ത കാട്ടിലേക്ക് ഒരു ആന കയറിപ്പോയി! തൊട്ടടുത്ത് കൂടി വലിച്ച ലൈനിലൂടെ കുരങ്ങന്മാര്‍ ട്രപ്പീസ് കളിക്കുന്നതും കാണാമായിരുന്നു.അങ്ങനെ ഈ പാതയിലൂടെയുള്ള യാത്രയില്‍  വന്യജീവികളെയും കാണാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലായി.

        
        മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന വണ്ടി പെട്ടെന്ന് വലി മുട്ടുന്നതു പോലെ തോന്നി. കുറ്റിക്കാടുകള്‍ അതിരിടുന്ന ഒരു ചെറിയ കയറ്റത്തില്‍ വണ്ടി നിരങ്ങി നിന്നു! ഈ യാത്രയില്‍ ഇത്തരം ‘സംഭവങ്ങള്‍’ പതിവാണെന്ന് എന്റെ തൊട്ടടുത്തിരുന്ന ടി.ടി.ആറില്‍ നിന്നും മനസ്സിലാക്കി.ഈ സാഹചര്യങ്ങള്‍ നേരിടാനായി വലിയൊരു ‘പട’ ടെക്നിക്കല്‍ സ്റ്റാഫ് ട്രെയിനിന്റെ പല ഭാഗത്തും അള്ളിപ്പിടിച്ച് യാത്ര ചെയ്യുന്നുണ്ടായിരുന്നു.ആദ്യ യാത്രയായതിനാല്‍ ചെറിയൊരു ആശങ്ക ഉണ്ടായെങ്കിലും ടി.ടി.ആറിന്റെ വാക്ക് ആശ്വാസമായി.

               വണ്ടി ഏകദേശം 18 കിലോമീറ്റര്‍ സഞ്ചരിച്ചു അടുത്ത സ്റ്റേഷനില്‍ എത്തി കിതച്ച് നിന്നു.ഹില്‍ഗ്രോവ് എന്നാണ് ഈ സ്റ്റേഷനിന്റെ പേര് .ഞങ്ങള്‍ക്കിറങ്ങാനായി ട്രെയിന്‍ സ്റ്റാഫ് തന്നെ വാതില്‍ തുറന്ന് തന്നു (വാതില്‍ പുറത്ത് നിന്നാണ് പൂട്ടുന്നത്.അതിനാല്‍ തോന്നിയ പോലെ ഇറങ്ങാന്‍ സാധ്യമല്ല).പതിവ് പോലെ എല്ലാവരും പുറത്തിറങ്ങി ഫോട്ടോ പിടിച്ചു.



         ഇവിടെ നല്ല ചുടു ചായയും ഉഴുന്നുവട,പരിപ്പുവട,ഉള്ളിവട തുടങ്ങീ ലഘുകടികളും കിട്ടും.പക്ഷെ എല്ലാവരും കൂടി ഓടി അടുക്കുന്നത് ഒരു ചെറിയ കൌണ്ടറിലേക്കായതിനാല്‍ ക്ഷമ നിര്‍ബന്ധമാണ്.മേട്ടുപാളയത്ത് നിന്ന് വല്ലതും പാര്‍സലാക്കിയിട്ടില്ല എങ്കില്‍ ഹില്‍ഗ്രോവില്‍ എത്തുമ്പോഴേക്കും വണ്ടിയോടൊപ്പം യാത്രക്കാരനും ചൂടായിട്ടുണ്ടാവും എന്ന് തീര്‍ച്ച. ഇവിടെ ഏകദേശം അരമണിക്കൂറോളം വണ്ടി നിര്‍ത്തും.ഭക്ഷണം കഴിക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന വാനരക്കൂട്ടത്തെ ശ്രദ്ധിച്ചില്ല എങ്കില്‍ നിറയുന്നത് വാനരവയറായിരിക്കും.

അത്യാവശ്യം ചൂടായ എഞ്ചിന്‍ തണുപ്പിച്ച ശേഷം വണ്ടി വീണ്ടും യാത്ര തുടങ്ങി.

Wednesday, July 15, 2015

പൈതൃക വണ്ടിയില്‍ ഒരടിപൊളി ഊട്ടിയാത്ര - 2

          ആറരക്കു തന്നെ  ഞാന്‍ പരിവാര സമേതം സ്റ്റേഷനിലത്തെി. സ്റ്റേഷനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടോയ് ട്രെയ്നിന്റെ ഒരു ബോഗി കട്ടപ്പുറത്ത് കയറ്റി വച്ചിട്ടുണ്ട്. ഞങ്ങളെ കൊണ്ടു പോകേണ്ട ട്രെയിന്‍ ട്രാക്കില്‍ റെഡിയാണ്. 
                                                                    കടപ്പാട് : മാധ്യമം

          പ്ളാറ്റ്ഫോമില്‍ സാമാന്യം നല്ല തിരക്കുണ്ട്. റിസര്‍വ്വ് ചെയ്തവരും അല്ലാത്തവരും എല്ലാം  ടി.ടി.ആറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. റിസര്‍വ്വ് ചെയ്തവര്‍ ബോഗിയില്‍ പ്രവേശിക്കുന്നുണ്ട്.പ്ലാറ്റ്ഫോമില്‍ തന്നെയുള്ള ഭക്ഷണശാലയില്‍ നിന്ന് പ്രാതല്‍ പാര്‍സലാക്കി ഞാനും കുടുംബവും ഞങ്ങള്‍ക്കനുവദിച്ച സീറ്റില്‍ ഇരുന്നു.
           ഈ കുഞ്ഞ് ട്രെയിനിന് ആകെ മൂന്ന് ബോഗികള്‍ മാത്രമേയുള്ളൂ .കുട്ടികളുടെ കളിപ്പാട്ടം പോലെ തന്നെ ആയതുകൊണ്ടായിരിക്കാം ഇതിന് ടോയ് ട്രെയിന്‍ എന്ന് പേര്‍ വന്നത്. ആകെ 140 പേര്‍ക്കിരിക്കാം. ഫസ്റ്റ് ക്ളാസില്‍  16 സീറ്റു മാത്രം. സീറ്റിന് കുഷ്യന്‍ ഉണ്ട് എന്നതും ഓരോ സീറ്റ് സൈഡിലും വാതില്‍ ഉണ്ട് എന്നതുമാണ് ഈ ക്ളാസ്സിന്റെ പ്രത്യേകത. ഫസ്റ്റ ക്ളാസിന് 185 രൂപയാണ് ചാര്‍ജ്ജ്. 15 രൂപയാണ് ഓര്‍ഡിനറി ടിക്കറ്റിന്. റിസര്‍വേഷന്‍ ചാര്‍ജ് അടക്കം 30 രൂപ വരും. ടിക്കറ്റ് കാന്‍സലേഷന്‍ എന്ന പരിപാടി ഉണ്ടെങ്കിലും കാശ് തിരികെ കിട്ടാത്തതുകൊണ്ട്  യാത്ര മാറ്റിവെച്ചാലും പലരും ടിക്കറ്റ് കാന്‍സല്‍ ചെയ്യില്ല. അതുകൊണ്ട് തന്നെ സീറ്റിനെ കുറിച്ച് ട്രെയിന്‍ പുറപ്പെടുന്നത് വരെ വലിയ ധാരണ കിട്ടില്ല. വണ്ടി പുറപ്പെടുമ്പോള്‍ ഒഴിവുണ്ടെങ്കില്‍ വെയിറ്റിങ്ങുകാര്‍ക്കും യാത്ര തരപ്പെടുത്താം.ജനറല്‍ ബോഗി എന്ന ഒരു കൂടുസ്സ് മുറിയില്‍ തിങ്ങി ഞെരുങ്ങിയാണ് വെയിറ്റിംങ്ങുകാര്‍ യാത്ര ചെയ്യുന്നത്. സീറ്റു ലഭിക്കാതെ നിരാശരായവരേയും സ്റ്റേഷനില്‍ നിര്‍ത്തി കൃത്യം 7.10ന്  ഞങ്ങള്‍ ഊട്ടിയാത്ര ആരംഭിച്ചു.
        46 കിലോമീറ്ററേയുള്ളൂ യാത്രാദൂരം. പക്ഷേ, മല താണ്ടി ഊട്ടിയില്‍ കിതച്ചെത്താന്‍  അഞ്ചു മണിക്കൂറോളമെടുക്കും. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് സ്വിസ് നിര്‍മിത ആവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂറിസ്റ്റ് ട്രെയിനിന്‍െറ സഞ്ചാരം.
       ഈ ഭൂമിയിലെ  തന്നെ അപൂര്‍വസഞ്ചാരാനുഭവങ്ങളില്‍ ഒന്നാണ്  ആസ്വദിച്ചു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് എനിക്കും കുടുംബത്തിനും അഭിമാന നിമിഷങ്ങളായി. 2005ല്‍ യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചതാണ് ഈ ടൂറിസ്റ്റ് ട്രെയിന്‍. പൈതൃകസംരക്ഷണത്തിനു വേണ്ടി പിന്നീടുള്ള നവീകരണങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. 1899 ലാണ് ഈ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത് എന്ന് ചരിത്രം പറയുന്നു. ഒരു നൂറ്റാണ്ടിലധികമായി ഈ വണ്ടിമുത്തച്ഛന്‍ സഞ്ചാരികളേയും വഹിച്ച് ആവിയന്ത്രത്തിന്‍െറ ബലത്തില്‍ നീലഗിരി കുന്നുകള്‍ താണ്ടിക്കൊണ്ടിരിക്കുന്നു. ട്രാക്കിനു നടുവില്‍ ഘടിപ്പിച്ച പല്‍ച്ചക്രങ്ങള്‍  ആണ് മലകയറാന്‍ ഈ ട്രെയിനിനെ സഹായിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം മറ്റൊരു യാത്ര ലഭ്യമായത് ഡാര്‍ജിലിംഗില്‍  മാത്രമാണെന്ന് തോനുന്നു.
        ആവി തുപ്പി, മരങ്ങള്‍ക്കിടയിലൂടെ പതിയെ, പൈതൃക വണ്ടി യാത്ര തുടര്‍ന്നു. സൂര്യപുലരി കണ്ണ് തുറക്കാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ മഞ്ഞിന്റെ പുതപ്പ് മാറിയിരുന്നില്ല.ഇരുവശത്തുമുള്ള കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്ന് മയിലുകള്‍ ഓടിമറയുന്നത്  കാണാമായിരുന്നു. എഞ്ചിന്‍ പിന്നില്‍ നിന്ന് ഞങ്ങളെ തള്ളിക്കയറ്റുകയാണ്. അല്പ ദൂരം പിന്നിട്ട് കല്ലാറില്‍ വണ്ടി നിന്നു. ഇത് ഒരു വാട്ടര്‍ സ്റ്റേഷനാണ്. എന്നു വച്ചാല്‍ എഞ്ചിനില്‍ വെള്ളം നിറക്കുന്ന സ്ഥലം. പത്ത് മിനുട്ടോളം സമയമുള്ള്തിനാല്‍  എല്ലാവരും പുറത്തിറങ്ങി.വണ്ടി നിര്‍ത്തുന്നിടത്ത് യാത്രക്കാര്‍ക്കെല്ലാം ഇറങ്ങാം ,  പടമെടുക്കാം.മുഴുവന്‍ ആളുകളെയും തിരിച്ച് കയറ്റിയ ശേഷം മാത്രമേ വണ്ടി ‘ടിണ്ടിം’ അടിക്കൂ.


Tuesday, July 14, 2015

പൈതൃക വണ്ടിയില്‍ ഒരടിപൊളി ഊട്ടിയാത്ര - 1

        ഊട്ടിയുടെ സൌന്ദര്യം ആസ്വദിക്കാത്ത മലയാളികള്‍ നന്നേ ചുരുക്കമായിരിക്കും.ഊട്ടിയിലും പരിസര പ്രദേശങ്ങളിലും കോളേജ് കാലഘട്ടത്തിലും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമായി പലതവണ ഞാന്‍ കറങ്ങിയിട്ടുണ്ട്.പക്ഷേ മനസ്സില്‍ താ‍ലോലിച്ച് നടക്കുന്ന രണ്ട് വ്യത്യസ്തങ്ങളായ ഊട്ടി യാത്രകള്‍ ഉണ്ടായിരുന്നു . അതില്‍  ഒന്നാമത്തേത് മസിനഗുഡി വഴി ഒരു ഒറ്റയാന്‍ ഡ്രൈവിംഗ് ആണ്.അതല്പം സാഹസികമായതിനാല്‍ നീണ്ടു നീണ്ടു പോ്കുന്നു.രണ്ടാമത്തേത് മേട്ടുപാളയത്ത് നിന്നും നീലഗിരിക്കുന്നുകളുടെ ചരിവുകളിലൂടെ ഊട്ടിയിലേക്കുള്ള ടോയ് ട്രെയിനില്‍ ഒരു കുടുംബ യാത്രയായിരുന്നു.മാധ്യമം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ കണ്ട ഒരു ആര്‍ട്ടിക്കിള്‍ രണ്ട് കൊല്ലമായി ഈ യാത്രക്ക് മാത്രമായി ഞാന്‍ എന്റെ മെയില്‍ ഇന്‍ബോക്സില്‍ സൂക്ഷിച്ചു വച്ചിരുന്നു! ഈ വര്‍ഷമാദ്യം, ഡിഗ്രീ സുഹൃത്ത് ഹാരിസ് കുടുംബസമേതം നടത്തിയ യാത്രയുടെ ഫോട്ടോകള്‍ ഫേസ്‌ബുക്കില്‍ കണ്ടതോടെ , കഴിഞ്ഞ വേനല്‍ അവധി തുടങ്ങിയ ദിവസം കോഴിപ്പാറയില്‍ പോയി വന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ഐ.ആര്‍.സി.ടി.സി സൈറ്റില്‍ കയറി നോക്കി.

           മേയ് അവസാനം മഴ ആരംഭിക്കും എന്നതിനാല്‍ അതിന്റെ മുമ്പേ ഏതെങ്കിലും ഡേറ്റില്‍ യാത്ര നടത്താനായിരുന്നു എന്റെ പദ്ധതി.സൈറ്റില്‍ കയറിയപ്പോഴല്ലേ സംഗതി വാര്‍ത്താഹെ സൂയാംഗ്ത്താ ഹെ അഥവാ മാര്‍ച്ചും ഏപ്രിലും ഫുള്‍ റിസര്‍വ്‌ഡ് ആയി എന്ന് മനസ്സിലായത്.പക്ഷേ ലോകപൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച തീവണ്ടിയും നീലഗിരിക്കുന്നുകളും കൂടി എന്റെ മോഹത്തെ കത്തിജ്വലിപ്പിച്ചു.അങ്ങനെ മഴയാണെങ്കില്‍ അതാസ്വദിച്ച് കൊണ്ട് ജൂണില്‍ ഒരു യാത്രയാവാം എന്ന് തീരുമാനിച്ചു. ജൂണില്‍ ഏകദേശം എല്ലാ ദിവസവും ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഏതോ ഒരു ഉള്‍വിളി കാരണം ഞാന്‍ തെരഞ്ഞെടുത്തത് ജൂണ്‍ 10 എന്ന ദിവസമായിരുന്നു.അതായത്  ജൂണ്‍ 9ന് വീട്ടില്‍ നിന്നും പുറപ്പെടണം. 

        കേരള ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ കോളേജ് സന്ദര്‍ശിക്കുന്നത് കാരണം സ്റ്റാഫംഗങ്ങള്‍ എല്ലാവരും ജൂണ്‍ 8ന് കോളേജില്‍ ഉണ്ടായിരിക്കണം എന്ന തിട്ടൂരം കിട്ടിയത് ഏപ്രില്‍ മാസത്തില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് പിന്നേയും മാസങ്ങള്‍ കഴിഞ്ഞാണ്.ജൂണ്‍ 11ന് എനിക്ക് പകരം ആള്‍ ജോയിന്‍ ചെയ്തതോടെ ഞാന്‍ ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തു. രണ്ട് മാസം മുമ്പേ ടൂറിന് ഞാന്‍ തെരഞ്ഞെടുത്ത ദിവസം കൃത്യം ഈ രണ്ട് ദിനങ്ങള്‍ക്കും മദ്ധ്യേ!!

      ഞാനും കുടുംബവും ഉമ്മയും (4 വലിയവരും 2 കുട്ടികളും) അടങ്ങുന്ന സംഘത്തിന് ചാര്‍ജ്ജ് വെറും 170 രൂപ ആയിരുന്നു! പെങ്ങള്‍ക്കും കുട്ടികള്‍ക്കും കൂടി ഞാന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നെങ്കിലും അവര്‍ വന്നില്ല.

       12 മണിക്ക് അങ്ങാടിപ്പുറത്ത് നിന്നും വണ്ടി കയറി ഷൊര്‍ണ്ണൂരിലെത്തി.ഉച്ചഭക്ഷണം കഴിച്ച്  അവിടെ നിന്നും 2.20ന് ഹൈദരാബാദ് വണ്ടിയില്‍ കയറി കോയംബത്തൂരിലെത്തുമ്പോള്‍ സമയം അഞ്ച് മണിയോടടുത്തിരുന്നു.സ്റ്റേഷന് മുമ്പില്‍ നിന്ന് മേട്ടുപാളയത്തിലേക്ക് നേരിട്ട് ബസ് കിട്ടില്ല.സായിബാബ കോവില്‍ റോഡില്‍ നിന്നാണ് ബസ് കിട്ടുക.ഓട്ടോക്ക് 100 രൂപ പറഞ്ഞു.ബസ്സില്‍ കയറിയപ്പോള്‍ വെറും 5 രൂപ പോയിന്റ്! അങ്ങനെ മേട്ടുപ്പാളയത്ത് എത്തുമ്പോള്‍ സന്ധ്യയായിരിക്കുന്നു. 

       കൊച്ചു പട്ടണമാണെങ്കിലും സഞ്ചാരികളെ പ്രതീക്ഷിച്ച് ധാരാളം ലോഡ്ജുകള്‍ ഉണ്ട്. മിക്കവയും ബാര്‍ അറ്റാച്‌ഡ്  ആയതിനാല്‍ കുടുംബസമേതം താമസിക്കാന്‍ പ്രയാസം തോന്നും. ടൌണില്‍ നിന്ന് അല്പം മാറിയാല്‍ നല്ല ലോഡ്ജ് കിട്ടുമായിരിക്കും.സന്ധ്യ കഴിഞ്ഞതിനാല്‍  അധികം കറങ്ങി നടക്കാന്‍ സമയമില്ലാത്തതിനാല്‍ ബസ് സ്റ്റാന്റിന് തൊട്ടടുത്ത് തന്നെയുള്ള വെല്‍കം ഇന്നില്‍ ഞങ്ങള്‍ മുറിയെടുത്തു അത്യാവശ്യം നല്ലൊരു റൂം.വാടക 700 രൂപ.അഡീഷണല്‍ ബെഡ്ഡിന് 100 രൂപ എക്സ്ട്ര (ഫോണ്‍:04254-224007, 9944347977).

        ബസ് സ്റ്റാന്‍റിന്റെ പിന്‍‌വശത്താണ്  റെയില്‍വേ സ്റ്റേഷന്‍. മേട്ടുപാളയത്ത് നേരത്തെ എത്തിയാല്‍ സ്റ്റേഷനും പരിസരവും ഒക്കെ ആദ്യമേ പരിചയപ്പെടാം. ബസ് സ്റ്റാന്‍റിനടുത്തുള്ള അന്നപൂര്‍ണയില്‍ അത്യാവശ്യം നല്ല ഭക്ഷണം കിട്ടും. രാവിലെ പാര്‍സല്‍ ആക്കണമെങ്കില്‍ ആറ് മണിക്ക് തുറക്കും.

        എല്ലാ ദിവസവും രാവിലെ 7.10ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്.6.45ന് യാത്രക്കാര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.അതിനാല്‍ തലേ ദിവസം തന്നെ മേട്ടുപാളയത്ത് എത്തല്‍ നിര്‍ബന്ധമാണ്.



“ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ….”

             നാടെങ്ങും ഇഫ്താര്‍ സംഗമങ്ങള്‍ പൊടിപൊടിക്കുകയാണ്.പത്രത്തില്‍ കൂടുതല്‍ ഊളിയിടാത്തതുകൊണ്ടാണോ എന്നറിയില്ല രാഷ്ട്രീയ ഇഫ്താറുകളുടെ വിശേഷങ്ങള്‍ അധികം കണ്ടില്ല.പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരു ഇഫ്താര്‍ സംഗമം നടത്താന്‍ സാധ്യമല്ല എന്ന് നേതാക്കള്‍ ചിന്തിക്കുന്നില്ലേ ആവോ?

            ഞാനും ഒരു ചെറിയ നോമ്പുതുറ സല്‍ക്കാരം നടത്തി. മറ്റുള്ളവരോട് , പേരെടുത്ത് പറയാവുന്ന ആരും ആ സംഗമത്തില്‍ ഇല്ലായിരുന്നു.പക്ഷേ മനസ്സിന് സംതൃപ്തി നല്‍കാന്‍ ആ സംഗമം ഏറെ സഹായിച്ചു.

          എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്തേ വിവിധങ്ങളായ ജോലികള്‍ക്ക് വീട്ടില്‍ വന്നിരുന്ന ആളാണ് അബ്ദ്വാക്ക.അരീക്കോടടുത്ത് തെരട്ടമ്മല്‍ സ്വദേശി.മുമ്പ് ഒരു കുറിപ്പില്‍ ‘തേന്‍‌കാരന്‍ അബ്ദ്വാക്ക‘ എന്ന് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നു.കാരണം എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞങ്ങള്‍ക്ക് തേന്‍ ആവശ്യമാകുമ്പോള്‍ ആവശ്യം ഉന്നയിക്കുന്നത് അദ്ദേഹത്തോടാണ്.ഇന്നും സ്വന്തമായി തേനീച്ച വളര്‍ത്തുന്നുണ്ട്.പറമ്പ് കൊത്താനും, കയ്യാല കെട്ടാനും, മരം മുറിക്കാനും എന്ന് വേണ്ട പണി ഏതായാലും അബ്ദ്വാക്ക റെഡി എന്നതാണ് മൂപ്പരുടെ പ്രത്യേകത. തന്നെക്കൊണ്ട് പറ്റാത്ത പണിയാണെങ്കില്‍ അതിന് പറ്റിയ ആളെയും കൊണ്ടായിരിക്കും പറഞ്ഞ ദിവസം അബ്ദ്വാക്ക വരുന്നത്.ഇന്നത്തെ കാലത്ത് എല്ലാം മാളുകളില്‍ കിട്ടും എന്ന സൌകര്യം ഓരോ കുടുംബത്തിനും എത്രത്തോളം അനുഗ്രഹമാണോ അതേ പോലെ സേവനങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ക്ക് എന്നും അബ്ദ്വാക്ക ഒരു അത്താണിയാണ്.ആ അബ്ദ്വാക്ക അല്ലാതെ മറ്റാരെ ആദ്യം ഞാന്‍ എന്റെ ഇഫ്താറിലേക്ക് ക്ഷണിക്കും ? അങ്ങനെ എന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങളുടെ അബ്ദ്വാക്ക ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

            ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെ ഞാന്‍ പഠിച്ചത് അരീക്കോട് ജി.എം.യു.പി സ്കൂളില്‍ ആയിരുന്നു. ഖസാക്കിന്റെഇതിഹാസം മലയാളിക്ക് സമ്മാനിച്ച ശ്രീ.ഒ.വി.വിജയന്‍ മലയാളാക്ഷരങ്ങള്‍ ആദ്യമായി നുകര്‍ന്ന അതേ സ്കൂള്‍ ! അന്ന് ശ്രീ.ഒ.വി.വിജയന്റെ സഹപാഠിയായിരുന്ന ശ്രീ.എന്‍.വി.അഹമ്മെദ്കുട്ടി മാസ്റ്റര്‍ ആയിരുന്നു എന്റെ കണക്കദ്ധ്യാപകന്‍.

           അക്കാലത്ത് അരീക്കോട് ആഴ്ചചന്ത സജീവമായിരുന്നു.ഇന്നും ശനിയാഴ്ചകളില്‍ അത് നടക്കുന്നുണ്ടെങ്കിലും കാണാന്‍ ചന്തമില്ല.ചന്തയുടെ ഓരം പറ്റി പല കുടുംബങ്ങളും താമസിച്ചിരുന്നു.ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്താനും ചന്തയിലേക്ക് വരുന്ന സാധനങ്ങള്‍ തലച്ചുമടായി എത്തിക്കാനും വാഹനത്തില്‍ കൊണ്ടുവരുന്നവ ഇറക്കാനും അങ്ങനെ പലവിധ ജോലികളുമായി അവര്‍ ജീവിതം പുലര്‍ത്തി.അവരില്‍ ഒരാളായിരുന്നു വലിയൊരു കുടുംബത്തിന്റെ നാഥനായ ആടുകാരന്‍ അലവ്യാക്ക.അലവ്യാക്കയുടെ ഏറ്റവും മൂത്തമകന്‍ അന്തരിച്ച ഹനീഫാക്കയാണ് ഞാന്‍ അറിയുന്ന ആദ്യ ഇലക്ട്രീഷ്യന്‍.എന്റെ തറവാട്ടിലെ ഇലക്ട്രിക്ക് വര്‍ക്കുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു.അലവ്യാക്കയുടെ മക്കളില്‍ പിന്നില്‍ നിന്നും രണ്ടാമത്തേത് ആയിരുന്നു ജാബിര്‍.

            ജാബിറും ഞാനും ഒന്ന് മുതല്‍ ആറ് വരെ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്.പഠിക്കാന്‍ അത്ര മിടുക്കന്‍ ഒന്നുമായിരുന്നില്ല ജാബിര്‍.അതിനാല്‍ തന്നെ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.ഇന്ന് അരീക്കോട് പട്ടണത്തില്‍ ഓടുന്ന എണ്ണൂറോളം ഓട്ടോറിക്ഷകളില്‍ ഒന്ന് ജാബിറിന്റേതാണ്.എന്റെ ഏറ്റവും ചെറിയ മോള്‍ യു.കെ.ജിക്കാരി ലൂന സ്കൂളിലേക്ക് പോകുന്നത് ജാബിറിന്റെ ഓട്ടോയിലാണ്.ഞാന്‍ ആയിട്ട് ഏല്‍പ്പിച്ചതല്ല.സ്കൂളില്‍ നിന്നും ഏര്‍പ്പെടുത്തിയതാണ്.എന്റെ മോളെ സുരക്ഷിതമായി സ്കൂളില്‍ കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന എന്റെ സഹപാഠിയായ ജാബിര്‍ ആയിരുന്നു എന്റെ ഇഫ്താറിലെ രണ്ടാം അതിഥി.

               മരിച്ചുപോയ എന്റെ ബാപ്പക്ക് കുട്ടികളെ എന്നും വളരെ ഇഷ്ടമായിരുന്നു.ഒരു കോളനിയായി താമസിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ കുട്ടികള്‍ക്കായി ബാപ്പ എല്ലാ ശനിയാഴ്ചകളിലും ഞങ്ങളുടെ വീട്ടില്‍ സാഹിത്യസമാജം സംഘടിപ്പിച്ചിരുന്നു.ഞങ്ങള്‍ പലരും ഈ സാഹിത്യസമാജങ്ങളിലൂടെ സദസ്സിനെ അഭിമുഖീകരിക്കാന്‍ നേരത്തെ പരിശീലനം ലഭിച്ചവരായിരുന്നു.വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് നല്‍കാനായി ബാപ്പ ഒരു പാത്രത്തില്‍ കല്‍ക്കണ്ടവും മറ്റൊരു പാത്രത്തില്‍ ഈത്തപഴവും മൂന്നമതൊരു പാത്രത്തില്‍ കൊപ്രക്കഷ്ണങ്ങളും എന്നും കരുതുമായിരുന്നു.അതിനാല്‍  ബാപ്പയുടെ ആ നല്ല പ്രവര്‍ത്തനങ്ങള്‍ അയവിറക്കി ഈ ഇഫ്താര്‍ സംഗമത്തിലേക്ക് കുടുംബത്തിലും അയല്പക്കത്തും ഉള്ള മുഴുവന്‍ കുട്ടികളെയും ഞാന്‍ ക്ഷണിച്ചു. ഡിഗ്രി ഫൈനല്‍ ഇയര്‍ മുതല്‍ എല്‍.കെ.ജി വരെ പഠിക്കുന്ന എന്റേതടക്കം 28 കുട്ടികള്‍ ഈ സല്‍ക്കാരത്തില്‍ പങ്കു കൊണ്ടു.


              ഒപ്പം എന്റെ ഉമ്മയും അനിയനും കുടുംബവും കൂടിയായപ്പോള്‍ ഈ സംഗമം എനിക്കും ഭാര്യക്കും കുട്ടികള്‍ക്കും ഏറെ സന്തോഷമേകി.ഇപ്പോള്‍ എന്നും യു.കെ.ജിക്കാരി ലൂന മോള്‍ ഇടക്കിടെ പറയും – “ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ.”

Friday, July 10, 2015

ആ കേസില്‍ വിധിയായി


           ഒരു ഓണ്‍ലൈന്‍ തട്ടിപ്പിനെപ്പറ്റിയും ഇങ്ങനെയുള്ള തട്ടിപ്പില്‍ അകപ്പെട്ടാല്‍ എന്തു ചെയ്യണം എന്നും മാസങ്ങള്‍ക്ക് മുമ്പ്  ഞാന്‍  ഇവിടെ സൂചിപ്പിച്ചിരുന്നു.ആദ്യ ഹിയറിംഗിന് ശേഷം രണ്ട് തവണ കൂടി എന്നെ മലപ്പുറം ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തിലേക്ക് ഹിയറിംഗിന് വിളിച്ചിരുന്നു.എതിര്‍കക്ഷിക്ക് അയച്ച നോട്ടീസുകള്‍ കൈപറ്റാത്ത സാഹചര്യത്തില്‍ മൂന്നാം ഹിയറിംഗിന് ശേഷം ഞാന്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് ഒരു സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ഫോറം ആവശ്യപ്പെട്ടു.പ്രസ്തുത സംഗതി എനിക്കറിയാത്തതിനായതിനാല്‍ ഒരു വക്കീലിന്റെ സഹായത്തോടെ വെള്ളപേപ്പറില്‍ അതും സമര്‍പ്പിച്ചു.

        അങ്ങനെ 12/12/2014ന് ഞാന്‍ സമര്‍പ്പിച്ച പരാതിയില്‍ 20/05/2015ന് ഫോറം വിധി വന്നു. പരാതി അനുവദിച്ചുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട 18999/- രൂപ മടക്കിനല്‍കാനും നഷ്ടപരിഹാരമായി 10000 രൂപ നല്‍കാനും മറ്റെന്തോ ഇനത്തില്‍ 1000 രൂപ നല്‍കാനും (Total Rs 29999/-)  ആണ് ഫോറം വിധിച്ചത്.

      മിക്ക കേസുകളിലും ഉപഭോക്താവ് യഥാവിധി ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതിന്റെ ഫലമായാണ് തട്ടിപ്പുകള്‍ വീണ്ടും വീണ്ടും അരങ്ങേറുന്നതും കൂടുതല്‍ പേര്‍ അകപ്പെടുന്നതും. തട്ടിപ്പിനിരയായവരുടെ മാനഹാനി ഭയം ആണ് ഇതിന് വളം വയ്ക്കുന്ന മറ്റൊരു ഘടകം.ഇത് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കാലമായതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ഉപഭോക്താവും നിയമപാലകരും എല്ലാം ജാഗരൂകരായിരിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. 


Wednesday, July 08, 2015

ഇത് ഒരു ചരിത്ര മുഹൂര്‍ത്തം

          ഏറെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും ഒടുവില്‍  ലുലു മോള്‍ക്കും പ്ലസ് വണ്ണിന്  സയന്‍സ് വിഭാഗത്തില്‍ പ്രവേശനം ലഭിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍വിഷയങ്ങള്‍ക്കും എ1 ഉണ്ടായിരുന്നിട്ടും നിരവധി മത്സരങ്ങളില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്കൂളിനെ പ്രതിനിധീകരിച്ചിട്ടും എല്ലാം സി.ബി.എസ്.സിയില്‍ ആയതിനാല്‍ കേരള സിലബസ്സിന് പുറത്താണ് എന്ന കാരണത്താല്‍ അവയൊന്നും ഗ്രേസ്മാര്‍ക്കിന് പരിഗണിച്ചിരുന്നില്ല.‘നീന്തല്‍ സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു കടലാസുണ്ടാക്കി നല്‍കിയാല്‍ (അതും പഞ്ചായത്തില്‍ പോയി പേര്‍ പറഞ്ഞുകൊടുത്താല്‍ ഉടന്‍ ലഭിക്കുന്നതാണ് പോലും) പ്രവേശനം എളുപ്പമാകും എന്ന് പലരും പറഞ്ഞപ്പോള്‍ അറിയാത്ത സംഗതി അറിയും എന്ന് പറയുന്ന ‘കടലാസിന്റെ’ പിന്‍‌ബലം വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.അതിനാല്‍ തന്നെ ആദ്യ അലോട്ട്മെന്റില്‍ എവിടേയും പ്രവേശനം  ലഭിച്ചിരുന്നില്ല.രണ്ടാം ഘട്ട അലോട്ട്മെന്റിലാണ് രണ്ടാം ഒപ്ഷന്‍ ആയി നല്‍കിയ കാവനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനം ലഭിച്ചത്.

          എന്റെ കുടുംബത്തില്‍ നിന്നും ഏറ്റവും ചെറിയ അനിയന്‍ മുതലാണ് പ്ലസ് ടു എന്ന ഡിങ്കോലാപിയില്‍ പഠനം ആരംഭിക്കുന്നത്.അതിന് മുമ്പുള്ളവരെല്ലാം ‘ഇമ്മിണി ബല്യ ഡിഗ്ഗ്രിയായ പ്രീഡിഗ്രി’ ആയിരുന്നു പഠിച്ചിരുന്നത്.ഞങ്ങള്‍ക്കാര്‍ക്കും ഒരു സര്‍ക്കാര്‍ സ്കൂളിലോ കലാലയത്തിലോ  പഠിക്കാനുള്ള  ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ചിരുന്നില്ല. ഇന്ന് ലുലു മോള്‍ കാവനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പടികള്‍ കയറുമ്പോള്‍ ഞാനും അവളെ അനുഗമിച്ചു.കാരണം മേല്പറഞ്ഞപോലെ ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് സര്‍ക്കാര്‍ കലാലയത്തില്‍ പഠിക്കുന്ന ആദ്യ അംഗമായി അവള്‍ ചരിത്രം എഴുതാന്‍ പോകുന്നു.ഈ ചരിത്ര മുഹൂര്‍ത്തത്തിന് മറ്റൊരു വലിയ പ്രത്യേകത കൂടി ഉണ്ടായിരുന്നു.എന്റെ ഉപ്പയും അമ്മാവനും പ്രധാനാദ്ധ്യാപകരായും ഉമ്മ അദ്ധ്യാപികയായും ദീര്‍ഘകാലം സേവനം അനുഷ്ടിച്ച സ്കൂള്‍ കൂടിയായിരുന്നു കാവനൂര്‍ ഗവ. ഹൈസ്കൂള്‍.നിരവധി സ്കൂളില്‍ മാറി മാറി പഠിപ്പിച്ചിട്ടും അവര്‍ പഠിപ്പിച്ച ഒരു സ്കൂളിലും പഠിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും അവസരം ലഭിച്ചിരുന്നില്ല എന്നത് ഇപ്പോഴാണ് ഞാന്‍ പോലും തിരിച്ചറിഞ്ഞത്.


        ഇനി ഞങ്ങള്‍ ഉറ്റു നോക്കുന്നത് സര്‍ക്കാര്‍ സ്കൂളിലെ ലുലു മോളുടെ പ്രകടനത്തെയാണ്.തീര്‍ച്ചയായും ദൈവ സഹായത്തോടെ അവള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കും എന്ന് കരുതുന്നു.എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ പ്രതീക്ഷിക്കുന്നു.

Friday, July 03, 2015

മലപ്പുറം റ്റു മലമ്പുറം

       കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളെജിൽ നിന്നും ലഭിച്ച വിടുതൽ സർട്ടിഫ്ഫിക്കറ്റുമായി ഞാൻ  വയനാട് ഗവ.എഞ്ചിനീയറിംഗ് കോളെജിലേക്ക് പുറപ്പെട്ടു.ഗൃഹാതുരത്വമുണർത്തുന്ന നിരവധി കാഴ്ചകളും അല്പം ചില പുതിയ കാഴ്ചകളും മലപ്പുറത്ത് നിന്നും മലമ്പുറത്തേക്കുള്ള ഈ യാത്രയിൽ എന്റെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു.

      വയനാട് യാത്രയിൽ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് താമരശ്ശേരി ചുരം എന്ന വയനാടൻ ചുരം.സഞ്ചാരികളുടെ മനസ്സിനും കണ്ണിനും എന്നും കുളിർമ്മയേകുന്ന കാഴ്ചയാണ് ചുരത്തിൽ എന്നും കാത്തിരിക്കുന്നത്.മഴക്കാലം തുടങ്ങിയതിനാൽ, ഇത്തവണത്തെ എന്റെ യാത്ര 9 വർഷങ്ങൾക്ക് മുമ്പ് 2006 ജൂണിൽ ഞാൻ കുടുംബസമേതം വയനാട്ടിലേക്ക് ചേക്കേറിയ ഓർമ്മകൾ തിരിച്ചു കൊണ്ട് വന്നു.അന്നത്തെപ്പോലെ മിക്ക സ്ഥലങ്ങളിലും പാറകളിൽ നിന്നും കുത്തിയൊഴുകുന്ന ചെറിയ ചെറിയ നീർച്ചാലുകൾ രൂപപ്പെട്ടിരുന്നു.

         പതിവ് പോലെ വയനാടൻ ചുരത്തിലെ ഏറ്റവും സുന്ദരമായ നാലാം വളവിൽ ഒരു കെ.എസ്.ആർ.ടി.സി ബസ്സിന്റെ കണ്ടക്ടർ ഹതാശയനായി നിൽ‌പ്പുണ്ട്.കൂടെ അമർശം അടക്കിപ്പിടിച്ച കുറേ യാത്രക്കാരും.ബസ് ബ്രേക്ക്ഡൌൺ ആണെന്ന് ആ കൂട്ടത്തിന്റെ നേരെയുള്ള ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം.ചുരത്തിന്റെ മുകളിലെത്തിയാലുള്ള വ്യൂ പോയിന്റെ കൂടുതൽ സുരക്ഷിതമാക്കി ദൃഢമായ വേലി കെട്ടി തിരിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ 6 വർഷത്തിനിടയിൽ അവിടെ വല്ല അപകടവും സംഭവിച്ചോ എന്നറിയില്ല.അപകടങ്ങൾ സംഭവിക്കുമ്പോഴണല്ലോ പലപ്പോഴും നമ്മുടെ അധികൃതരുടെ കണ്ണ് തുറക്കുന്നത്.മഴക്കാലമായതിനാല്‍ വ്യൂ പോയിന്റ് മുഴുവന്‍ കോട വ്യാപിച്ചിട്ടുണ്ട്.



            കൽ‌പറ്റ ബസ്‌സ്റ്റാന്റിന് കാര്യമായ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട്.വികസനം വന്നപ്പോൾ ചെറുതായിപ്പോയ ബസ്‌സ്റ്റാന്റുകളുടെ ഗണത്തിലാണ് ഇപ്പോൽ അതിനെ ഉൾ‌പ്പെടുത്താൻ കഴിയുന്നത്.6 വർഷം മുമ്പത്തെ വിശാലമായ കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാന്റ് ഇന്ന് കുണ്ടും കുഴിയും ഇല്ലാത്ത ഇടുങ്ങിയ സ്റ്റാന്റ് ആയി പരിണമിച്ചിരിക്കുന്നു.മാനന്തവാടിയിലേക്കുള്ള ബസ് മാറിക്കേറലിൽ പലപ്പോഴും യാത്ര ചെയ്യാറുണ്ടായിരുന്ന ‘മിന്നാരം’ എന്ന മിഡിബസ് അതേ പെയ്ന്റിൽ ഇന്നും കല്പറ്റയിൽ കണ്ടുമുട്ടി! സ്റ്റാന്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ , യാത്രക്കാരെയും കാൽനടയാത്രക്കാരെയും ഹോട്ടലിലേക്ക് ക്ഷണിച്ചു കൊണ്ട് ‘ഹോട്ടൽ’ എന്ന കുഞ്ഞുബോർഡും കയ്യിലേന്തി റോഡിൽ നിൽക്കുന്ന ആ പഴയ മനുഷ്യൻ തന്നെ ഹോട്ടല്‍ അഫ്ഫാസിന് മുന്നില്‍  ഇന്നും വെയിലും മഴയുമേറ്റ് റോഡിൽ നിൽ‌പ്പുണ്ട്.യൂണിഫോം ഇല്ല എന്ന് മാത്രം.

           ബസ് പനമരം ടൌണിനോട് അടുക്കുന്നു.ടൌണിൽ എത്തുന്നതിന് തൊട്ടു മുമ്പ് കണ്ടിരുന്ന നീണ്ട ക്യൂ ഇന്ന് കണ്ടില്ല.ബീവറെജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് സ്ഥലം മാറ്റിയതോ അതല്ല ‘ ബാര്‍-മാണി-കോഴ കൊടുങ്കാറ്റില്‍ ‘ എടുത്തുപോയോ എന്നറിയില്ല.പനമരം ടൌണിനും ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.പുതിയ പുതിയ കെട്ടിടങ്ങൾ വയനാട്ടിലും ഉയർന്നുവരുന്നത് അവിടെ കാണാൻ സാധിച്ചു. പകൽ ഏത് സമയത്തും പനമരം , മാനന്തവാടി,ബത്തേരി ടൌണുകളിൽ ഏതിലെങ്കിലും വച്ച് നിശ്ചയമായും ആരും കണ്ടുമുട്ടുന്ന വാനമ്പാടി/മാര്‍ബേസില്‍ ബസ്സിനെയും കണ്ടു.

        നാലാം മൈല്‍ എത്തിയപ്പോള്‍ എന്റെ ഹൃദയത്തിലൂടെ പാഞ്ഞ വികാരം എന്തായിരുന്നു എന്ന് അറിയില്ല.രണ്ട് വര്‍ഷക്കാലം എന്റെ കോളെജിലെ സഹപ്രവര്‍ത്തകരായിരുന്ന ഗണേശ്‌കുമാര്‍ (ക്ലെര്‍ക്ക്, ഗവ.പോളിടെക്നിക്ക് കോളെജ്,കോഴിക്കോട്),അബ്ദുല്‍ ഹമീദ് (ക്ലെര്‍ക്ക്, ഗവ.പോളിടെക്നിക്ക് കോളെജ്,പെരിന്തല്‍മണ്ണ),ഷറഫുദ്ദീന്‍ (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍,കോളെജ് ഓഫ് എഞ്ചിനീയറിംഗ്,തിരുവനന്തപുരം) എന്നിവരുടെ കൂടെ ആ നാട്ടുകാരനായി വസിച്ച വസന്ത കാലം മനസ്സില്‍ പെട്ടെന്നൊരു കുളിര്‍മഴയായി പെയ്തു തോര്‍ന്നു.തൊട്ടടുത്ത ദ്വാരകയിലെ ഫര്‍ണ്ണീച്ചര്‍ കടകള്‍  വളര്‍ന്ന് പന്തലിച്ച് ഇപ്പോള്‍ നാലാം മൈലില്‍ എത്തിയിട്ടുണ്ട്!

        മാനന്തവാടി ടൌണിന് പ്രത്യേകിച്ച് ഒരു മാറ്റവും വന്നിട്ടില്ല.ട്രാഫിക്കും പഴയതുപോലെ തന്നെ.പക്ഷേ ഞാന്‍ 6 വർഷങ്ങൾക്ക് മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന എരുമത്തെരുവിനെ ലോകം മുഴുവന്‍ പ്രശസ്തമാക്കിയിരുന്ന ‘മാനസസരോവര്‍’‘ എന്ന ബാറിന്റെ മുന്നില്‍ വലിയ ആള്‍ത്തിരക്ക് കാണുന്നില്ല.കാരണം ഇന്നവിടെ ബാറില്ല , പകരം ബീര്‍&വൈന്‍ പാര്‍ലര്‍ ആണ്.

         എന്റെ കോളെജിന് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു.തലയെടുപ്പുള്ള ഒരു കെട്ടിടം കൂടി അവിടെ വന്നു.ഒപ്പം കോളെജില്‍ നിന്നും അല്പം അകലെയായി പ്രൊഫസര്‍ കോര്‍ട്ടേഴ്സുകളും ലേഡീസ് ഹോസ്റ്റലും.കോളെജില്‍ പുതിയ രണ്ട് ബിരുദ കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.സ്റ്റാഫ് അംഗങ്ങളില്‍ പലരും പഴയ മുഖങ്ങല്‍ തന്നെയായതിനാല്‍ ഊഷ്മളമായ ഒരു സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ഡിപ്പാര്‍ട്ട്മെന്റില്‍ ഇരുന്ന് ജോയിനിംഗ് പേപ്പറുകള്‍ തയ്യാറാക്കുന്നതിനിടയിലാണ് പഴയ ഒരു സഹപ്രവര്‍ത്തകന് കടന്നു വന്ന് ആശംസിച്ചത്  
“ ആബിദ് തറവട്ടത്ത് ഫ്രം മലപ്പുറം”    “റ്റു മലമ്പുറം” ഞാന്‍ മുഴുവനാക്കിയപ്പോള്‍ അവിടെ ഒരു കൂട്ടച്ചിരി പടര്‍ന്നു.