Pages

Sunday, January 30, 2022

എന്റെ 2021 - ഒരു തിരിഞ്ഞു നോട്ടം

കടന്നു വന്ന വഴികളിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് കടന്നു പോകാനുള്ള വഴിയിലെ പാഥേയവും ഊർജ്ജവും. 2021 ൽ കളിയും കാര്യവുമായി ചെയ്തു കൂട്ടിയതെന്തൊക്കെ എന്ന് പതിവ് പോലെ ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി. ഇടറി വീണ സ്ഥലങ്ങളും കൊടി നാട്ടിയ ഇടങ്ങളും മനസ്സിലാക്കാനും  2022 ഒന്ന് കൂടി ഗംഭീരമാക്കാനും അത് എനിക്ക് പ്രചോദനമേകുന്നു.

ബ്ലോഗെഴുത്തിന്റെ പതിനഞ്ച് സംവത്സരങ്ങൾ ഞാൻ പിന്നിട്ടത് 2021 ൽ ആണ് . നിലവിൽ, ബ്ലോഗിലെ ഒരു  പോസ്റ്റ് വായിക്കുന്നവരുടെ എണ്ണം കൈകാൽ വിരലുകളുടെ ആകെ എണ്ണത്തിന്റെ അത്ര പോലും ഇല്ല. ബട്ട്, ഇവിടെ എഴുതിയിടുമ്പം മനസ്സിന് ഒരു സുഖമാണ്. ഏത് സമയത്തും എളുപ്പത്തിൽ എടുക്കാനും വായിക്കാനും മിനുക്കി എഴുതാനും സാധിക്കും എന്നത് തന്നെയാണ് അതിന് കാരണം. കലണ്ടർ വർഷത്തിൽ ഇത്തവണയും നൂറ് പോസ്റ്റും മൊത്തത്തിൽ ആയിരത്തി അഞ്ഞൂറ് പോസ്റ്റും പിന്നിടാൻ എന്നെ സഹായിച്ചതും ബ്ലോഗുലകത്തോടുള്ള എന്റെ ഇഷ്ടമാണ്.

ഒരു വർഷം മാത്രം പ്രായമായ വ്ലോഗ് പ്രേക്ഷകർ നെഞ്ചേറ്റിയ വർഷം കൂടിയായിരുന്നു 2021. പതിനായിരം സബ്സ്ക്രൈബർമാരും ഒരു ലക്ഷത്തിലധികം വാച്ച് ഹവേഴ്സും പിന്നിട്ടതോടെ അതിൽ നിന്ന് വരുമാനവും കിട്ടിത്തുടങ്ങി. എന്നാൽ ഏറെ സന്തോഷം നൽകുന്നത് മറ്റു ചിലതാണ്. നിരവധി കുട്ടികൾക്ക് അവർ ഇഷ്ടപ്പെട്ട കോഴ്സിനും ഇഷ്ടപ്പെട്ട കോളേജിലും പ്രവേശനം നേടാൻ എൻറെ ഈ മാർഗ്ഗ നിർദ്ദേശങ്ങൾ സഹായകമായി എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തിയതാണ് അതിലൊന്ന്. മറ്റൊന്ന് അഡ്മിഷൻ  സമയത്ത് എന്നെ നേരിൽ കണ്ടപ്പോൾ പല രക്ഷിതാക്കളുടെയും കുട്ടികളുടെയും മുഖത്ത് വിരിഞ്ഞ സന്തോഷമായിരുന്നു.എന്റെ അഭ്യർത്ഥന പ്രകാരം, അവരിൽ പലരും എന്റെ പുസ്തകം വാങ്ങിക്കൊണ്ട്  ഞങ്ങളുടെ പത്താം ക്ലാസ് കൂട്ടായ്മ നടത്തുന്ന സേവന പ്രവർത്തനങ്ങളെക്കൂടി പിന്തുണച്ചതും ഏറെ സന്തോഷം നൽകുന്നു.

വായനയുടെ വസന്ത കാലം തിരിച്ചു പിടിച്ചില്ലെങ്കിലും ഗ്രീഷ്മം പിന്നിടാൻ 2021 ൽ സാധിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരു ലൈബ്രറിയിൽ അംഗത്വമെടുക്കാനും ഈ വർഷം സാധിച്ചു. വായിച്ച പുസ്തകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. പേരിൽ ക്ലിക്ക് ചെയ്താൽ ആ പുസ്തകത്തെപ്പറ്റിയുള്ള എന്റെ അഭിപ്രായം കൂടി അറിയാം.


കൊറോണ കൈക്കലാക്കിയിരുന്ന യാത്രകളുടെ മൂക്ക് കയർ ഞാൻ 2021 ൽ തിരിച്ചു പിടിച്ചു. ഡൽഹിയിൽ ഏഴാം തവണയും, ജയ്പൂരിൽ ആദ്യമായും കുടുംബ സമേതം തന്നെ പോകാൻ ഒരു കൊറോണയും ഞങ്ങൾക്ക് തടസ്സമായില്ല. (ജയ്പൂർ യാത്രാ വിശേഷങ്ങൾ ഉടൻ ബൂലോകത്തിറങ്ങും). കഴിഞ്ഞ വർഷത്തെപ്പോലെ നിരവധി പിക്നിക് സ്‌പ്പോട്ടുകളും സന്ദർശിക്കാൻ സാധിച്ചു. ഞാൻ എത്തുന്നതിന്റെ മുമ്പേ കാശ്മീരിൽ കാല് കുത്താൻ മൂത്ത മകൾ ലുലുവിന് ഭാഗ്യം ലഭിച്ചതും 2021 ലാണ്.

കഴിഞ്ഞ വർഷം ആദ്യമായി നട്ട കപ്പ തന്ന മികച്ച വിളവ് ഇത്തവണ മറ്റൊരു പരീക്ഷണത്തിന് പ്രചോദനം നൽകി. ഇഞ്ചിയും മഞ്ഞളും ഒരു രസത്തിന് നട്ടു നോക്കി. വീട്ടാവശ്യത്തിനുള്ളത് അവ തിരിച്ച് തരികയും ചെയ്തു. പ്ലാവിൽ കയറിയ കുമ്പള വള്ളിയിൽ പത്തിലധികം കുമ്പളം ഉണ്ടായതും ഇത്തവണത്തെ സന്തോഷങ്ങളിൽപ്പെട്ടതാണ്. എന്നാൽ സാധാരണ നട്ട് വളർത്താറുള്ള പയറ്, വെണ്ട, തക്കാളി, മുളക് ഇവയൊന്നും പച്ച തൊടാതെ പോയത് നേരിയ സങ്കടവും ഉണ്ടാക്കുന്നു. കൃഷിയിലെ താല്പര്യം മനസ്സിലാക്കി, NSS ലെ എന്റെ ഗുരുനാഥൻ കൂടിയായ അബ്ദുൽ ജബ്ബാർ സാർ , സംസ്ഥാന സർക്കാറിന്റെ വൈഗ 2021 ന്റെ അഗ്രി ഹാക്കത്തോൺ ജൂറി മെമ്പറാവാൻ ക്ഷണിച്ചതും ആദ്യമായി വൈഗയിൽ പങ്കെടുത്തതും അഭിമാനം നൽകുന്നു.

1998 ൽ കലാലയ ജീവിതം അവസാനിപ്പിച്ച ശേഷം ആദ്യമായി ഒരു സ്റ്റേജിൽ ക്വിസ് മത്സരത്തിൽ പങ്കെടുത്തത് 2021 ൽ ആയിരുന്നു.മൂന്നാമത്തെ മകൾ ലൂന മോളോടൊപ്പം പങ്കെടുത്ത ആ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനായതും ഏറെ സന്തോഷം നൽകുന്നു.പൊതു പരീക്ഷയിലെ പ്രകടനങ്ങളിൽ എന്റ്റെ കുടുംബത്തിലെ റിക്കാർഡ് മാർക്കായ 1196 / 1200 വാങ്ങി രണ്ടാമത്തെ മകൾ ലുഅ പ്ലസ് റ്റു പാസ്സായതും ഈ വർഷം തന്നെ.സർക്കാർ സർവീസിൽ വടക്കോട്ട് മാത്രം യാത്ര ചെയ്തിരുന്ന ഞാൻ ആദ്യമായി തെക്കോട്ട് തിരിയേണ്ടി വന്നതും ഈ വർഷം തന്നെയാണ് . 

കോവിഡ് മഹാമാരി 2021 ലും ജനജീവിതം ദു :സ്സഹമാക്കിയിരുന്നു. 2022 ൽ സ്ഥിതി മെച്ചപ്പെടാൻ പ്രാർത്ഥിക്കാം .

Thursday, January 27, 2022

ഇഞ്ചിയും മഞ്ഞളും

ലോക്ക് ഡൗൺ കാലത്തെ എന്റെ കൃഷി പരീക്ഷണങ്ങളിൽ ഏറ്റവും വിജയകരമായത് കപ്പ കൃഷി ആയിരുന്നു. വീടിന് ചുറ്റുമുള്ള ഇത്തിരിവട്ടത്തിൽ നിന്നും ഒത്തിരി നീളമുള്ള കൊള്ളികൾ കിട്ടിയത് , ആദ്യമായി കപ്പ നട്ട എനിക്ക് തന്ന സന്തോഷം ചെറുതല്ല. സ്വന്തം വിയർപ്പിന്റെ രുചി ഒരിക്കൽ കൂടി അന്ന് ഞാൻ അനുഭവിച്ചറിഞ്ഞു.

കപ്പഗാഥയാണ് വീട്ടിലേക്കാവശ്യമായ ഇഞ്ചിയും മഞ്ഞളും കൂടി പരീക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇവക്ക് നല്ല വെയിൽ ആവശ്യമില്ല എന്നതും ഗ്രോബാഗിലും വളർത്താം എന്നുള്ളതും എനിക്ക് കൂടുതൽ പ്രചോദനം നൽകി. വൈഗ 2021 ന് തൃശൂരിൽ പോയ സമയത്ത് ആദ്യമായി ഇഞ്ചി - മഞ്ഞൾ വിത്തുകൾ കൂടി ഞാൻ വാങ്ങി. "തേടിയ പുലി കാറിന് കൈ കാട്ടി " എന്ന് പറഞ്ഞപോലെ കൃഷിഭവനിൽ നിന്നും ഇത്തവണ ചില കിഴങ്ങുവർഗ്ഗ വിത്തുകളും സൗജന്യമായി ലഭിച്ചു. അതിലും പ്രമുഖർ ഇഞ്ചിയും മഞ്ഞളുമായിരുന്നു.

ഒരമ്മ പെറ്റ മക്കളാണ് ഇഞ്ചിയും മഞ്ഞളും എന്നാണ് എന്റെ പക്ഷം. ഒരേ പോലെയുള്ള സ്ഥലത്ത് ഒരേ രൂപത്തിലുള്ളതും എന്നാൽ രുചിയിലും നിറത്തിലും വ്യത്യസ്തയുള്ളതുമായ കിഴങ്ങുകളാണ് (അല്ലെങ്കിൽ വേരുകളാണ്) രണ്ടും.തണലിൽ നട്ടാലും വെള്ളം നല്കിയാൽ ഒരു പരാതിയും കൂടാതെ രണ്ടാളും വളർന്ന് വന്നോളും എന്നത് എന്റെ അനുഭവമാണ്. 

വിത്ത് നട്ട് ഏതാനും ദിവസങ്ങൾക്കകം തന്നെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ എനിക്ക് കോളേജിൽ പോകേണ്ടി വന്നു. അതിനാൽ എന്റെ പുതിയ കൂട്ടുകാർക്ക് കൂടുതൽ ശ്രദ്ധ നൽകാൻ എനിക്ക് പറ്റിയില്ല. ആഴ്ചയിലൊരിക്കൽ നടത്തുന്ന സ്നേഹത്തലോടലുകളിൽ എല്ലാം ഒതുങ്ങി. എങ്കിലും അവർക്ക് നൽകിയ സ്നേഹം അവർ ഇരട്ടിയായി തിരിച്ചും തന്നു. 

തണ്ടുണങ്ങിപ്പോയതിനാൽ ഇന്നലെ ഞാൻ അവ കിളച്ചെടുത്തു. ഇഞ്ചി ഇപ്പോൾ അധികം ലഭിച്ചില്ലെങ്കിലും ഇനിയും വിളവെടുക്കാനുണ്ട്. മഞ്ഞളിന്റെ തള്ളകൾ വിത്തിനായി മാറ്റി. ബാക്കിയുള്ളത് ഇനി കഴുകി ഉണക്കി പൊടിക്കണം. കൃഷിയിൽ എന്നെ എന്നും പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ട ഉമ്മ ഒരു മാസം മുമ്പ് തന്ന മഞ്ഞൾ പൊടിച്ചപ്പോൾ ആ മില്ലിൽ ഉയർന്ന സുഗന്ധം എന്റെ മഞ്ഞളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു.

പ്രിയരേ, വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞളിന് രണ്ടോ മൂന്നോ വിത്ത് ഒരു കുഴിയിലിട്ട് അല്പം മണ്ണിട്ട് മൂടിയാൽ തന്നെ ഫലം ലഭിക്കും. മാർക്കറ്റിൽ നിന്നും കിട്ടുന്ന "മഞ്ഞപ്പൊടി"ക്ക് പകരം മഞ്ഞൾപ്പൊടിയുടെ സുഗന്ധം നമ്മുടെ അടുക്കളയിലും അതിന്റെ ഫലം നമ്മുടെയും കുടുംബാംഗങ്ങളുടെയും ശരീരത്തിലും വ്യാപിപ്പിക്കാൻ ഇങ്ങനെ ഒരു ശ്രമം എല്ലാവരും നടത്തി നോക്കൂ. വിജയം തീർച്ചയാണ്.

Sunday, January 23, 2022

തോട്ടിയുടെ മകൻ

LSS പരീക്ഷക്ക് പഠിക്കുമ്പോഴാണ് തകഴി ശിവശങ്കരപ്പിള്ള എഴുതിയ തോട്ടിയുടെ മകൻ എന്ന പുസ്തകത്തിന്റെ പേരും മനസ്സിൽ കുറിച്ച് വയ്ക്കപ്പെട്ടത്. പരീക്ഷയിലെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളെന്ന നിലയിൽ പഠിച്ച പല പുസ്തകങ്ങളും പിന്നീട് വായനയിലൂടെ അടുത്തറിയുകയും ആസ്വദിക്കുകയും ചെയ്തു. 

തോട്ടിയുടെ മകൻ എന്ന പുസ്തകം ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ കഥ പറയുന്ന ഒരു കൃതി എന്നതിൽ അപ്പുറം ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഓരോ പേജും കഴിയും തോറും മനസ്സിനെ വിങ്ങിപ്പൊട്ടിക്കുന്ന അനുഭവങ്ങളിലൂടെ നോവൽ മുന്നേറുമ്പോൾ ആ ജീവിതങ്ങൾ അകപ്പെട്ട നിലയില്ലാക്കയം തിരിച്ചറിയും.

ഇഷ്ക് മുത്തു എന്ന കിടിലൻ പേര് അടുത്ത തലമുറയിൽ ചുടല മുത്തു എന്ന കാടൻ പേരിന് വഴി മാറുമ്പോൾ തന്നെ രണ്ട് പേരുടെയും സ്വഭാവ മാറ്റം പ്രകടമാകുന്നുണ്ട്. അടുത്ത തലമുറയിലേക്ക് എത്തുമ്പോൾ അത് പേരിൽ മനോഹരനാണെങ്കിലും ജീവിതം മനോഹരമല്ല.

ഇഷ്ക് മുത്തുവിന്റെ അവസാനത്തെ ആഗ്രഹം  ആണെന്ന് പോലും അറിയാതെ അത് നിറവേറ്റാൻ എട്ടും പൊട്ടും തിരിയാത്ത മകൻ ചുടല മുത്തു നടത്തുന്ന ഒരിറ്റ് കഞ്ഞി വെള്ളത്തിനുള്ള തെണ്ടലും തോട്ടി കോളനിയിൽ പടർന്ന് പിടിക്കുന്ന വസൂരിയും സ്വന്തം മകൻ തോട്ടിയായി മാറാതിരിക്കാൻ മാലിന്യം വാരുന്ന കൈ കൊണ്ട് അവനെ പുണരാതിരിക്കാനും ചുംബനം പോലും നൽകാതിരിക്കാനും ശ്രദ്ധിക്കുന്ന സ്നേഹനിധിയായ ഒരു പിതാവിന്റെ പ്രയത്നങ്ങളും തോട്ടിയുടെ മകൻ സ്കൂളിൽ അനുഭവിക്കുന്ന ശാരീരിക-മാനസിക പീഢനങ്ങളും കോളറ പിടിപെട്ടുള്ള നായികാ-നായകന്മാരുടെ മരണവും എല്ലാം ഈ നോവൽ വായിക്കുന്ന എല്ലാവരുടെയും കണ്ണിൽ ഒരിറ്റ് കണ്ണീരെങ്കിലും പൊടിയാൻ കാരണമാകും.

ജീവിതത്തിന്റെ രണ്ടറ്റവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന, സമൂഹം മനുഷ്യരെന്ന പരിഗണന പോലും നൽകാത്ത തോട്ടികളുടെ മമ്മട്ടിയിലെ അമേദ്യത്തിൽ നിന്ന് പണം കയ്യിട്ട് വാരുന്ന ഓവർസിയറും പ്രസിഡണ്ടും എല്ലാ കാലത്തിന്റെയും ശാപമാണ്. തോട്ടികളുടെ പരസ്പര സ്നേഹവും നോവലിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായന തീരുമ്പോൾ അസ്ഥികൂടങ്ങൾ നൃത്തം ചെയ്യുന്ന ഒരു വെളിസ്ഥലത്ത് നാമെത്തും എന്നത് തീർച്ചയാണ്.

ഒരു സഞ്ചാരിയായി വർത്തമാന കാലത്തെ ആലപ്പുഴയെ തിരിച്ചറിഞ്ഞ ഞാൻ,  ആ പട്ടണത്തിന്റെ വായിച്ചറിഞ്ഞ ഭൂതകാലത്തെ മക്കൾക്കും പരിചയപ്പെടുത്താൻ വേണ്ടി പുസ്തകം അവർക്കും വായനക്ക് നൽകാൻ ഉദ്ദേശിച്ചു. എന്റെ മുന്നേ തന്നെ അവരതിലൂടെ കടന്ന് പോയിരുന്നു എന്നറിഞ്ഞപ്പോൾ മനസ്സിന്റെ നോവിന് തെല്ലൊരാശ്വാസം കിട്ടി.

കോളേജ് ലൈബ്രറിയിൽ നിന്നാണ് എനിക്ക് ഈ പുസ്തകം കിട്ടിയത്. പുസ്തകത്തിന്റെ ഒന്നാം പേജിൽ ഒട്ടിച്ച് വച്ച Due date slip ലെ തിയ്യതികളുടെ ബാഹുല്യം കൃതിയുടെ ജനസമ്മതി വിളിച്ചോതുന്നു.തോട്ടികളുടെ മൂന്ന് തലമുറകളുടെ ചരിത്രത്തിന്റെ ചുരുൾ നിവർത്തുന്ന, 1947 ൽ പ്രസിദ്ധീകരിച്ച ഈ കൃതി എല്ലാ മലയാളികളും വായിച്ചിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ച് പോകുന്നു.


പുസ്തകം : തോട്ടിയുടെ മകൻ
രചയിതാവ് : തകഴി ശിവശങ്കരപ്പിള്ള 
പ്രസാധനം : ഡി സി ബുക്സ്
വില : 100 രൂപ (13-ാം പതിപ്പ് )
പേജ് : 126

Saturday, January 22, 2022

പുതുവർഷത്തുടക്കം

പുതുവർഷത്തിന്റെ തുടക്കം എങ്ങനെ ആയിരിക്കണം എന്നും ആ വർഷം മുഴുവൻ എങ്ങനെ ആയിരിക്കണം എന്നും പലരും ആസൂത്രണം ചെയ്യാറുണ്ട്. ഇതിൽ 99 ശതമാനം പേർക്കും ആദ്യത്തേത് കൃത്യമായി നടക്കും, രണ്ടാമത്തേത് കടലാസിൽ അല്ലെങ്കിൽ മനസ്സിൽ കിടക്കും. പുതുവർഷ തീരുമാനങ്ങളായി ഞാൻ ഒന്നും എടുത്ത് വയ്ക്കാറില്ലെങ്കിലും ചില ലക്ഷ്യങ്ങൾ തീരുമാനിക്കാറുണ്ട്.അതിൽ എത്തിച്ചേരാറുമുണ്ട്.

2022 വർഷത്തിന്റെ പ്രഥമ ദിനം ഒരു ശനിയാഴ്ചയായിരുന്നു. എന്റെ ലൈബ്രറിയും ബ്ലോഗ് എഴുത്തും വായനയും എല്ലാം പരിപോഷിപ്പിക്കലാണ് ഈ വർഷത്തെ ലക്ഷ്യമായി തീരുമാനിച്ചത്. ഒരു പുസ്തകം കൂടി അച്ചടിക്കൂട്ടിൽ കയറ്റാനുള്ള പ്രാരംഭ നടപടികളും ആസൂത്രണം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ സാഹിത്യ മണ്ഡലത്തിലാണ് ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത്.

എൻ്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ കാൽവയ്‌പ്പ് ജനുവരി ഒന്നാം തീയ്യതി തന്നെ നടന്നു.കോട്ടയം ജില്ലയിലെ മര്യാത്തുരുത്തിലെ പരസ്പരം എന്ന പേരിലുള്ള വായനക്കൂട്ടത്തിന്റെ ഓൺലൈൻ പുതുവത്സരാഘോഷത്തിൽ ഒരു കഥ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.ഓഡിയോ രൂപത്തിൽ ഒരു കഥ അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണെങ്കിലും അത് കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് തന്നെ അഭിമാനം തോന്നി.സുഹൃത്തുക്കളിൽ പലരും അവതരണ രീതിയെ പ്രശംസിക്കുകയും ചെയ്തു.ഇതും എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.അടുത്ത അവസരവും നോക്കി കാത്തിരിക്കുകയാണ് ഇപ്പോൾ.

"നിങ്ങൾ ഒരു കാര്യം അദമ്യമായി ആഗ്രഹിക്കുന്നു എങ്കിൽ, അത് സാധിച്ചു തരാൻ പ്രകൃതി പോലും ഗൂഢാലോചന നടത്തും" - ആൽകെമിസ്റ്റ് എന്ന പുസ്തകത്തിലെ ഈ വരികൾ എനിക്ക് പലപ്പോഴും പ്രചോദനം നൽകിയിട്ടുണ്ട്. എൻ്റെ ഹോം ലൈബ്രറിയിലെ പുസ്തകങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ബ്ലോഗർമാർ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, ഞാനെഴുതിയ "അമ്മാവന്റെ കൂളിങ് എഫക്ട് "മായി കൈമാറ്റം ചെയ്യുന്ന ഒരു ചിന്ത ഞാൻ പങ്കു വച്ചിരുന്നു.അതിന്റെ ആദ്യ ഫലം ലഭിച്ചതും ജനുവരി ഒന്നിനായിരുന്നു.നിരവധി പുസ്തകങ്ങൾ രചിച്ച ബ്ലോഗർ കൂടിയായ കണ്ണൂർ നിവാസി കെ.എസ് മിനി ടീച്ചർ അയച്ച "കാക്കത്തുരുത്തിലെ കൂട്ടുകാരും  പറക്കും തളികയും" എന്ന ബാലസാഹിത്യ കൃതി ആയിരുന്നു ആദ്യം ലഭിച്ചത്.തുടർന്ന്,ഒരു കാലത്ത് ബ്ലോഗുലകത്തിലെ സച്ചിൻ ടെണ്ടുൽക്കർ (എല്ലാ പോസ്റ്റിനും നൂറിലധികം കമൻറുകൾ ലഭിച്ചിരുന്നതിനാൽ ഞാനിട്ട പേര്) ആയിരുന്ന അരുൺ കായംകുളത്തിൻ്റെ രണ്ട് പുസ്തകങ്ങൾ പ്രസാധകനായ ജോഹർ എന്ന ജോ തരാമെന്നേറ്റു.അരുണിന്റെ കയ്യൊപ്പോടെ "കായംകുളം സൂപ്പർഫാസ്റ്റും" "കലിയുഗവരദനും" എന്നെത്തേടി എത്തി.മൂന്ന് പേർക്കും എൻ്റെ പുസ്തകങ്ങളും അയച്ചു കൊടുത്തു.

പുതുവർഷത്തുടക്കം ഞാൻ പ്രതീക്ഷിച്ചതിലും ഗംഭീരമായി. തുടർദിനങ്ങളും മോശമാകില്ല എന്നാണ് പ്രതീക്ഷ.ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. 

Thursday, January 20, 2022

ജോളി ജോലി - 4

ഭാഗം - 3

അലി ഭായ് എന്ന് അടുത്ത സുഹൃത്തുക്കൾ വിളിക്കുന്ന അലി ഒരു ബംഗാളിയല്ല , മലയാളി തന്നെയാണ്. രൂപത്തിലും ഭാവത്തിലും സംസാരത്തിലും ഒരു തനി നാടൻ  മലയാളി.ഗൾഫിലേക്ക് പറക്കാൻ സ്വപ്നം നെയ്‌തുകൊണ്ട്, ഞാനും സുഹൃത്തുക്കളും നടത്തിയിരുന്ന കംപ്യുട്ടർ സെയിൽസ് ആൻഡ് സർവീസ് സ്ഥാപനത്തിൽ ഒരേ സമയം അദ്ധ്യാപകനും സർവീസ് ടെക്‌നീഷ്യനും ആയി ജോലി ചെയ്യുകയായിരുന്നു അലി.വിദേശ ജോലികൾക്ക് അത്യാവശ്യമായ പരിചയ സമ്പത്ത് കിട്ടാൻ ഇത്തരം സ്ഥാപനങ്ങളിൽ കുറച്ച് കാലം പ്രവർത്തിക്കുന്നത് അന്നത്തെ ഒരു ട്രെന്റ് ആയിരുന്നു.

ഒരു കംപ്യുട്ടർ സ്ഥാപനത്തിന്റെ എം.ഡി ആയിരുന്നെങ്കിലും എനിക്ക് മൊബൈൽ കിട്ടിയത് ആ അടുത്തായിരുന്നു. അലിക്ക് മൊബൈൽ ഇല്ലാത്തതിനാൽ ഞാൻ സ്ഥാപനത്തിന്റെ നമ്പറിൽ തന്നെ വിളിച്ചു.ബാച്ചിലറായ അലി ഏത് സമയവും സ്ഥാപനത്തിൽത്തന്നെ ഉണ്ടാകും.

"ഹലോ..ഈസ് ഇറ്റ് ഡാറ്റാ പോയിന്റ് ?" എൻറെ സ്ഥാപനത്തിലേക്ക് ഞാൻ തന്നെ വിളിച്ചു.

"യെസ്...ആരാ...?" മറു തലക്കൽ നിന്ന് ചോദ്യമുയർന്നു.

"കാൻ ഐ സ്പീക്ക് റ്റു എം.ഡി ?" ഞാൻ വെറുതെ ഒന്ന് അലിയെ ടെസ്റ്റ് ചെയ്തു.

"എസ്...സ്പീക്കിക്കോ..എം ടി ഹിയർ..."

"ങേ!!" ഇത്തവണ ഞെട്ടിയത് ഞാനാണ്.

"നീ അലി അല്ലേ ? എന്നാ നീ എന്റെ സ്ഥാപനത്തിന്റെ എം.ഡി ആയത്?" ഞാൻ അല്പം ഉച്ചത്തിൽ ചോദിച്ചു.

"അയ്യോ...നിങ്ങളായിരുന്നോ? ഞാൻ അലി.എം.ടി ആണെന്നാ പറഞ്ഞത് ..."

"ങ്ങാ...ങും .... പിന്നെ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്..." ആവശ്യം എന്റേതായതിനാൽ ഞാൻ ദ്വേഷ്യം അടക്കി.

"എന്താ...പറഞ്ഞോളി..."

"എന്റെ അടുത്ത് ഒരു ചവണ ഉണ്ട് .... പിന്നെ ഒരു നീളമുള്ള വയറും ഉണ്ട്... ഇത്കൊണ്ട് എന്ത് ചെയ്യാനാ പറ്റുക?"

"വയറിന്റെ അറ്റത്ത് ചവണ കെട്ടി കറക്കാം..." അലിയുടെ മറുപടി പെട്ടെന്നായിരുന്നു .

"ച്ചെ...അതല്ല ഇത്കൊണ്ട് എന്തോ ഒരു പിംഗ് ചെയ്യലുണ്ടല്ലോ ..?"

"ഓ...അത് ശരി... യു.ടി.പി കേബിൾ ആണല്ലേ പറയുന്നത് ... ക്രിമ്പിംഗ് ടൂളും ..."

"യെസ് .... എക്ൿസാക്റ്റ്ലി....അതെന്നെ...അത് ചെയ്യുന്നത് എങ്ങനെയാന്ന് ഒന്ന് പറഞ്ഞ് താ..."

അലി അത് കൃത്യമായി വിശദീകരിച്ച് തന്നു.ഞാനത് അതേപടി ചിത്ര സഹിതം ഒരു പുസ്തകത്തിൽ പകർത്തി വച്ചു.

പിറ്റേന്ന് പുസ്തകത്തിൽ നോക്കി ചെയ്യുന്നതിനിടെ ട്രേഡ്‌സ്മാനായ തിരുവനന്തപുരം സ്വദേശി ജയകുമാർ അത് വഴി വന്നു.

"സാർ.. എന്താ ഈ ചെയ്യുന്നത്?"

"ഇതാണ് ക്രിമ്പിംഗ് എന്ന പരിപാടി... ഈ കോളേജിൽ പ്രിൻസിപ്പാൾ ഉണ്ട്, പ്രഫസർ ഉണ്ട് ,പ്രോഗ്രാമർ ഉണ്ട് , ഇൻസ്ട്രക്ടർ ഉണ്ട് .."

"ആ...അതിന് ?"

"അവർക്കാർക്കും അറിയാത്ത ഒരു പരിപാടിയാണ് ക്രിമ്പിംഗ്..."

"ആഹാ... എന്നാ എനിക്കും പഠിക്കണം..."

"അങ്ങനെ വെറുതെയങ്ങ് പഠിക്കാൻ പറ്റില്ല... വാ കാന്റീനിൽ പോയി വരാം..."

അങ്ങനെ, ഇന്നലെ വരെ ഒരു തിരുവനന്തപുരക്കാരൻ കാരണമുണ്ടായ ടെൻഷൻ മറ്റൊരു തിരുവനന്തപുരക്കാരന്റെ ഒരു ചായയും മൂന്ന് പഴംപൊരിയും കഴിച്ചപ്പോൾ തെല്ലൊന്ന് ശമിച്ചു.ജയകുമാറാകട്ടെ ആ വയറ് മുഴുവൻ അന്ന് തന്നെ തീർക്കണം എന്ന വാശിയിലും.ഒന്ന് കൃത്യമായി  ചെയ്ത ശേഷം ഞാൻ ടൂളും വയറും ജാക്കും ജയകുമാറിനെ ഏൽപ്പിച്ചു. ഒരു മീറ്ററിന്റെ അഞ്ചെണ്ണവും രണ്ട് മീറ്ററിന്റെ അഞ്ചെണ്ണവും അന്നവൻ  ഒറ്റക്ക് ക്രിമ്പ് ചെയ്തു.

പിറ്റേന്ന് സന്തോഷ് സാർ വന്നപ്പോൾ നെഞ്ച് നിവർത്തി നിന്നുകൊണ്ട് ഞാൻ പത്തെണ്ണവും എടുത്ത് അദ്ദേഹത്തിന്റെ കഴുത്തിലേക്ക് വച്ച് കൊടുത്തു.സാറിന്റെ മുഖത്തെ സന്തോഷം അന്നാണ് ആദ്യമായി അദ്ദേഹത്തിന്റെ പേരിനെ അന്വർത്ഥമാക്കിയത്.ഇതൊക്കെ എന്ത് എന്ന മട്ടിൽ ഞാൻ സെർവർ റൂമിലേക്ക് തന്നെ തിരിച്ച് കയറി .

(അവസാനിച്ചു)

Monday, January 17, 2022

ജോളി ജോലി - 3

ഭാഗം - 2 

ഞാൻ സന്തോഷ് സാറിന്റെ കൈകളിലേക്ക് ഒന്ന് കൂടി നോക്കി. ചുരുട്ടി മടക്കിയ കയറ് പോലെ ചാരനിറത്തിലുള്ള ഒരു റോള് വയറ്, ചവണ പോലെ ഒരു ചെറിയ കുന്ത്രാണ്ടം, പിന്നെ കൽക്കണ്ടം പോലെ കിലുങ്ങുന്ന എന്തോ സാധനം ഒരു പൊതിയിലും.

'ഞങ്ങളുടെ നാട്ടിൽ വള്ളിച്ചാട്ടം എന്ന് ഞങ്ങൾ വിളിക്കുന്ന പെൺകുട്ടികൾ മാത്രം കളിക്കുന്ന സ്കിപ്പിംഗ് ആണോ ജംപിംഗ് എന്നത് കൊണ്ട് ഈ സാറ് ഉദ്ദേശിച്ചത്? ' ചുരുട്ടി മടക്കിയ വയറ് കണ്ട ഞാൻ ആലോചിച്ചു.

"ഇതാ... ആവശ്യമായ സാധനങ്ങൾ " ചവണയും പൊതിയും എന്റെ നേരെ നീട്ടി സാറ് പറഞ്ഞു. എന്റെ കൈ യാന്ത്രികമായി പൊങ്ങിക്കൊണ്ട് അതേറ്റ് വാങ്ങി.

" ഒരു മീറ്ററിൽ രണ്ടെണ്ണവും രണ്ട് മീറ്ററിൽ മൂന്നെണ്ണവും വേണം.." സാറ് പറഞ്ഞു.

' ഒരു മീറ്ററിൽ രണ്ടെണ്ണവും രണ്ട് മീറ്ററിൽ മൂന്നെണ്ണവും ..... എന്താണാവോ വേണ്ടത്?' എന്ന ചിന്തയിൽ ഞാൻ ആ ചവണ തിരിച്ചും മറിച്ചും നോക്കി. ഇന്നത്തെപ്പോലെ വാട്സാപ്പും ഗൂഗിൾ ഇമേജ് സർച്ചും ക്യാമറ ഫോണും ഒന്നും ഇല്ലാത്തതിനാൽ മാമുക്കോയക്ക് തോക്ക് കിട്ടിയ പോലെ ആ ചവണ എന്റെ കയ്യിൽ വിശ്രമിച്ചു.

"സാധനം ഒറിജിനൽ തന്നെയാ... ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നേയുള്ളൂ ... "

"ഉപയോഗം എന്തെന്നറിഞ്ഞാലല്ലേ ഉപയോഗിക്കാൻ പറ്റു... '  നാവ് പൊങ്ങാതെ പറഞ്ഞതിനാൽ സന്തോഷ് സാറ് അത് കേട്ടില്ല. 

"ധൃതി പിടിക്കേണ്ട... വ്യാഴാഴ്ചത്തേക്ക് മതി... അന്നാണ് ക്ലാസ് " ഇത്രയും പറഞ്ഞ് സന്തോഷ് സാർ സ്ഥലം വിട്ടു. ഈ സാധനങ്ങളും കൊണ്ട് എന്ത് ജംപിങ്ങാണ് സാർ ഉദ്ദേശിച്ചതെന്നും ഒരു മീറ്റർ രണ്ട് മീറ്റർ കണക്ക് എന്താണെന്നും തിരിയാതെ ഞാൻ ആ ചവണയിൽ തന്നെ നോക്കി ഇരുന്നു.

"നല്ല പണിയാണല്ലോ മാഷെ രാവിലെത്തന്നെ കിട്ടിയിരിക്കുന്നത് " എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട അപ്രന്റീസ് പെൺകുട്ടികൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ജംപിംഗ് അത്ര നല്ല രസമുള്ള പണിയൊന്നുമല്ല..." ഞാൻ അവരെ ശ്രദ്ധിക്കാതെ പറഞ്ഞു.

"ഹ...ഹ...ഹാ... ജംപിംഗ് ...." അവർ ഒരുമിച്ച് പൊട്ടിച്ചിരിച്ചു

"പിന്നെ എന്താ സാറ് പറഞ്ഞത്?" ഒരു ക്ലൂ കിട്ടിയ ഞാൻ അവരെ പ്രതീക്ഷയോടെ നോക്കി.എന്റെ പ്രതീക്ഷ തെറ്റിയില്ല.

" മാഷേ... ജംപിംഗ് അല്ല.. ക്രിംപിംഗ് എന്നാ പറയുക " കൂട്ടത്തിലെ സുന്ദരിപ്പെണ്ണ് പറഞ്ഞു.

"ആ... അത് പെട്ടെന്ന് എന്റെ നാവ് തെന്നിയതാ.." അവരുടെ മുമ്പിൽ തല കുനിയാതിരിക്കാൻ ഞാനൊന്ന് ഉരുണ്ടു.

"ആ... ഇപ്പോൾ തെന്നിയത് തെന്നി... ഇനി ഒരിക്കലും തെന്നാതിരുന്നാൽ  മതി.." എന്നെ ഒന്നിരുത്തിക്കൊണ്ടുള്ള മറുപടിയിൽ എന്റെ ഊഷ്മാവ് അഞ്ച് ഡിഗ്രി വരെ കൂടി എങ്കിലും ഞാനത് ഒതുക്കി.

നാട്ടിൻപുറത്ത്കാരനായ രാമൻകുട്ടിക്ക് ബ്രോസ്റ്റ് കിട്ടിയത് പോലെയായിരുന്നു പിന്നെ എന്റെ അവസ്ഥ. എന്താണ് ഈ സാധനം എന്നും എന്താണ് ഇതു കൊണ്ട് ചെയ്യാൻ പറ്റുക എന്നുമറിയാതെ ഞാൻ കുഴങ്ങി. അപ്പഴാണ് എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നിയത്.

'അലി ഭായ് ... അവനെ വിളിച്ചാൽ ഒരു പരിഹാരമുണ്ടാകും...തീർച്ച ' ഞാനാലോചിച്ചു.

(Part 4 - Click Here)

Wednesday, January 12, 2022

ജോളി ജോലി - 2

ഭാഗം -1 


തിരുവനന്തപുരം സ്വദേശികളുമായി സർവ്വീസിൽ നിരവധി തവണ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ബട്ട്, സന്തോഷ് സാറോട് സംസാരിച്ചാൽ ഒരു പ്രത്യേക സുഖമാണ്. കാരണം പത്ത് മിനുട്ടെടുത്ത് പറയേണ്ട ഒരു കാര്യം അഞ്ച് മിനുട്ടിനകം തീർന്നിരിക്കും. അതിൽ തന്നെ പകുതി മനസ്സിലായാൽ മഹാഭാഗ്യം. ഞാൻ മലപ്പുറം ജില്ലക്കാരനായത് കൊണ്ടല്ല ഈ പ്രശ്നം എന്ന് മറ്റൊരു തിരുവനന്തപുരത്ത്കാരൻ തന്നെ പറഞ്ഞപ്പഴാണ് , സൈക്കോളജിസ്റ്റിന്റെ അടുത്ത് പോകണോ അല്ല ഇ എൻ.ടി യുടെ അടുത്ത് പോകണോ അതോ പഴയ മലയാളം ടീച്ചറുടെ അടുത്ത് പോകണോ എന്ന ത്രിശങ്കു സ്വർഗ്ഗത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടത്.

അങ്ങനെയിരിക്കെ ഒരു ചൊവ്വാഴ്ച സന്തോഷ് സാർ സർവ്വർ റൂമിൽ വന്നു. ചൊവ്വാദോഷം സ്ത്രീകൾക്ക് മാത്രമല്ല എന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. വന്നപാടെ സന്തോഷ് സാർ എന്തോ ചോദിച്ചു. ഞാനത് കേട്ടത് ഇപ്രകാരമായിരുന്നു.

"ജംമ്പിങ്ങ് അറിയോ?"

കുട്ടിക്കാലത്ത് രാമൻ കുട്ട്യേട്ടന്റെ മതിലും ആലിക്കുട്ട്യാക്കയുടെ വേലിയും ഒക്കെ ചാടിക്കടന്ന് പരിചയമുള്ള നമ്മളോടാണോ ഈ ചോദ്യം എന്ന നിലക്ക് ഞാൻ തിരിഞ്ഞു നോക്കി. പിന്നിലാരും ഇല്ലാത്തതിനാൽ ഞാൻ പറഞ്ഞു.

" അറിയാം..''

"എങ്കിൽ നാളെ ഒരു പണിയുണ്ട്.." 

ഇതും പറഞ്ഞ് സാറ് സ്ഥലം വിട്ടു. അന്ന് ഉച്ചക്ക് ചോറുണ്ണുമ്പഴും രാത്രി കഞ്ഞി കുടിക്കുമ്പഴും എല്ലാം ഞാൻ തല പുകഞ്ഞാലോചിച്ചു.

" കോളജിന് നേരെ മുന്നിൽ അമ്മച്ചീടെ ക്വാർട്ടേഴ്സാണ്. അതിന് മതിൽ ഇല്ലാത്തതിനാൽ അവിടെ ജമ്പിങ്ങിന് ഒരു സാധ്യത ഇല്ല. കോളജിന് പിന്നിൽ ആർട്സ് കോളേജാണ്. അങ്ങോട്ട് കയറാൻ സ്റ്റെപ്പുകൾ ഉണ്ട്. അവിടെയും ഒരു ജംബിങ്ങ് സാധ്യത കാണുന്നില്ല. ഇനി വേറെ വല്ലടത്തും വല്ല ജംബിങ്ങ് പിറ്റും ഉണ്ടോന്ന് രണ്ട് വർഷമായി അവിടെ ജോലി ചെയ്യുന്ന റൂം മേറ്റ് ഹമീദിനോട് ചോദിച്ചാലോ?" ആലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.

"നാളെ ഏതായാലും ഒരു ബർമുഡ ബാഗിലിട്ട് പോകാം. പാന്റിട്ട് ജംബിങ്ങ് നടത്തിയാൽ ചിലപ്പോൾ നട പൊട്ടും. ജമ്പിങ്ങ് തെറ്റി വീണാൽ പാന്റിൽ ചെളി പുരളുകയും ചെയ്യും. ബർമുഡ ഇട്ട് ജമ്പിങ്ങ് വിൽ ബീ മോർ കംഫർട്ട് " മനസ്സ് കുഴഞ്ഞ് മറിഞ്ഞപ്പോൾ ചിന്ത പോലും ഇംഗ്ലീഷിലായി.

എവിടെയാണ് ജമ്പിങ്ങ് എന്നറിയില്ലെങ്കിലും നാളെ ചെയ്യാൻ പോകുന്ന ഈ സാഹസം സഹമുറിയൻമാരോട് പറയാൻ എനിക്ക് മനസ്സ് വന്നില്ല. അഥവാ നാളെ സംഗതി നടന്നില്ലെങ്കിൽ വെറുതെ ശശി ആകണ്ടല്ലോ എന്ന് ഞാൻ കരുതി.

പിറ്റേ ദിവസം കോളജിൽ ഞാൻ എത്തിയതും ഹൃദയത്തിന് പണി അൽപം കൂടി. മിനുട്ടിൽ നൂറ് തവണ ആ പാവം സങ്കോചവികാസ പ്രക്രിയ നടത്തി. എന്നിട്ടും എന്റെ ടെൻഷൻ കുറഞ്ഞതുമില്ല. അപ്പഴാണ് കൈയിൽ കുറെ സാധനങ്ങളുമായി സന്തോഷ് സാർ പ്രത്യക്ഷപ്പെട്ടത്.

"ങേ!" സാറെ കൈയിലെ ഏറ്റവും നീണ്ട സാധനം കണ്ട് ഞാൻ ഞെട്ടി.


(Part 3 - Click Here)


Monday, January 10, 2022

ജോളി ജോലി

ആയുസ്സിന്റെ പുസ്തകത്തിലെ ഇരുപത്തിയഞ്ചാം താളിൽ വച്ച് മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയി സർവീസിൽ കയറാനായിരുന്നു എന്റെ വിധി. ഒരു വർഷം ശമ്പളത്തോടെ പരിശീലനം നൽകിയതിന്  ആറ് മാസത്തെ ലീവും ആറ് മാസത്തെ സേവനവും ഞാൻ തിരിച്ചും നൽകിക്കൊണ്ട് മെല്ലെ ആ തൊഴുത്തിൽ നിന്ന് പടിയിറങ്ങി. 

തുടർന്ന് KSEB യിൽ കാഷ്യറായി പുതിയ ജോലിയിൽ കയറി. മാസാമാസം ശമ്പളം എണ്ണുമ്പോൾ ഒരു കാലത്തും ലക്ഷങ്ങൾ തൊട്ടില്ലെങ്കിലും മിക്ക ദിവസങ്ങളിലും ബോർഡിന് ലക്ഷങ്ങൾ പിരിച്ചെടുത്ത് എണ്ണിക്കെട്ടിക്കൊടുത്തു. ആറ് വർഷം അവിടെയും , കാശ് എണ്ണിയും പൊതുജനമടച്ച കാശിന് കണക്ക് ഉണ്ടാക്കിയും കഴിഞ്ഞു പോയി. കറന്റ് ഞാണിൽ കളിക്കുന്ന ഒരു ജൂൺ മാസത്തിൽ, വീട്ടിൽ നിന്നും വിളിച്ചാൽ കേൾക്കാവുന്ന അത്രയും അടുത്തുള്ള ഓഫീസിൽ നിന്നും ജോലി രാജിവച്ച് ഞാൻ എല്ലാ സഹപ്രവർത്തകരെയും ഒന്ന് ഷോക്കടിപ്പിച്ചു മുങ്ങി. 

വയസ്സ് മുപ്പത്തിമൂന്നിൽ എത്തിയപ്പോൾ  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന ഗസറ്റഡ് തസ്തികയിൽ പിന്നെ പൊങ്ങിയത് മാനന്തവാടിയിലെ ഗവ.എഞ്ചിനീയറിംഗ് കോളേജിലായിരുന്നു. ജോലി കിട്ടി കിട്ടി ഞാൻ തെണ്ടുന്നതിലെ സങ്കടം കാരണം ജോലി കിട്ടാത്ത ഏതോ ഒരു ആത്മ സുഹൃത്ത് ചെയ്ത കൂടോത്രം ഫലിച്ചു. അമ്പതാം വയസ്സിലും  അതേ വകുപ്പിൽ തന്നെ തസ്തികയുടെ പേര് കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നു മാറ്റി ബ്രാക്കറ്റിൽ ഒരു HG എന്നും ചേർത്ത് ഞാൻ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ബാറ്റിംഗ് തുടരുന്നു. 

 കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോയിൻ ചെയ്യുമ്പോൾ ഞാനും ഞാൻ പഠിച്ച കമ്പ്യൂട്ടർ കോഴ്സും തമ്മിൽ ഒരു ദശാബ്ദത്തിന്റെ വിടവ് ഉണ്ടായിരുന്നു. നാട്ടിലെ  പ്രശസ്തമായ ഒരേ ഒരു കമ്പ്യൂട്ടർ ട്രെയ്നിംഗ് സ്ഥാപനത്തിന്റെ പാർട്ട്ണർ ആയിരുന്നു എന്നതായിരുന്നു ഈ കാലയളവിൽ ഞാനും കമ്പ്യൂട്ടറും തമ്മിലുള്ള ഏക ബോണ്ടിംഗ് ഫാക്ടർ. 

മാനന്തവാടിയിൽ ഞാൻ ജോലിക്ക് ചേരുമ്പോൾ എന്റെ അതേ തസ്തികയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോയിൻ ചെയ്ത തിരുവനന്തപുരം സ്വദേശി ശറഫ് സാറും വർഷങ്ങളായി ഈ തസ്തികയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന വയനാട് സ്വദേശി ബിജുവും ഉണ്ടായിരുന്നു. ഞങ്ങൾക്ക് സപ്പോർട്ടായി രണ്ട് ട്രേഡ്സ്മാൻമാരും ഒരു ട്രേഡ് ഇൻസ്ട്രക്ടറും പിന്നെ മൂന്ന് അപ്രന്റീസ് പെമ്പിള്ളേരും കൂടി ഉണ്ടായിരുന്നു. എല്ലാവർക്കും കൂടി ഇരിക്കാനുള്ളത് ഒറ്റ ലാബ് മാത്രമായതിനാൽ മൂന്ന് പേർ മൂത്രമൊഴിക്കാൻ പോകുമ്പോളായിരുന്നു അടുത്ത മൂന്ന് പേർക്ക് ഇരിക്കാൻ സീറ്റ് കിട്ടിയിരുന്നത്. 

ഒമ്പത് പേർക്ക് വിവിധ ജോലികൾ വിഭജിച്ചു കൊടുത്തപ്പോൾ, കാലത്ത് ഒൻപതര മണിക്ക് സർവ്വർ സ്വിച്ച്ഓൺ ചെയ്യുക വൈകിട്ട് നാലര മണിക്ക് ഷട്ട് ഡൗൺ ചെയ്യുക എന്നതായിരുന്നു എനിക്ക് ലഭിച്ച ഹിമാലയൻ ടാസ്ക് . ഈ മഹത്തായ കർമ്മം ഒരു ദിവസം മുടങ്ങിപ്പോയാൽ ആകെ നഷ്ടം വരുന്നത് തിരുവനന്തപുരം സ്വദേശിയും ഇലക്ട്രോണിക്സ്‌ ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകനും ആയിരുന്ന സന്തോഷ് സാർക്ക് മാത്രമായിരുന്നു. അതിനാൽ ഞാൻ ഓണാക്കിയില്ലെങ്കിലും അദ്ദേഹം വന്ന് ആ കർമ്മം നിർവഹിക്കുമായിരുന്നു. 

ചില ദിവസങ്ങളിൽ രാവിലെ തന്നെ സർവർ റൂമിൽ നിന്ന് കീ ബോഡിൽ ടപ് ടപേന്ന് അടിക്കുന്ന ശബ്ദം കേൾക്കാം. ഇരുട്ട് റൂമിൽ സന്തോഷ് സാറിന്റെ തിളങ്ങുന്ന പല്ലുകൾ മാത്രമേ അപ്പോൾ കാണാൻ സാധിക്കൂ. അന്ന് വൈകുന്നേരം വരെ ആ കീ ബോർഡിലെ അടി തുടരും. ഞങ്ങളിലൊരാളുടെ സീറ്റും അന്ന് ഗോപിയാകും. നാലരയുടെ ഷട്ട് ഡൗൺ കർമ്മം നിർവ്വഹിക്കേണ്ടതില്ല എന്നത് മാത്രമാണ് അന്നത്തെ ഒരാശ്വാസം.അത് , സാർ എണീറ്റ് പോകുമ്പോൾ ചെയ്ത് കൊള്ളും.

അങ്ങനെ ജോലി ജോളിയായി മുന്നോട്ട് പോകവേയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു അമളിയും അതിലൂടെ പുതിയൊരു പാഠവും ഞാൻ പഠിച്ചത്.


(Part 2 -  Click Here)