Pages

Tuesday, July 31, 2012

ഇന്ന് ജൂലായ് 31...ഒരു ചരിത്ര ദിനം

                         ഇന്ന് ജൂലായ് 31.എന്തെങ്കിലും പ്രത്യേകത ഉണ്ടൊ എന്നെനിക്കറിയില്ല.പക്ഷേ എന്റെ ബൂലോക ജീവിതത്തില്‍ ഇന്ന് ഒരു ചരിത്രം സൃഷ്ടിച്ച ദിവസമാണ് ജൂണ്‍ ആദ്യത്തില്‍ വീണ്ടും സുനാമി എന്നൊരു പോസ്റ്റിലൂടെ, 2012-ലെ ആദ്യത്തെ അഞ്ചു മാസം ഏറെക്കുറേ  മൌനം പാലിച്ച ഞാന്‍ പോസ്റ്റുകളുടെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഒരു വെറും ബടായി എന്നതിലുപരി അത് വലിയൊരു കാര്യമായി ഞാനും അത്ര പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലൂടെ പുറത്ത് വന്നത് 50 പോസ്റ്റുകളാണ്.അതിന്റെ മുമ്പത്തെ അഞ്ച് മാസം കൊണ്ട് വന്നത് 30 എണ്ണവും!!
                          ഇനി ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഈ പോസ്റ്റ് എന്റെ ഈ മാസത്തെ മുപ്പത്തിയൊന്നാമത്തെ പോസ്റ്റ് ആണ് എന്നുള്ളത് തന്നെ.മാസത്തില്‍ മാക്സിമം ലഭിക്കുന്നത് 31 ദിവസമായതിനാല്‍ അതില്‍ കൂടുതല്‍, മലയാളം വായിക്കാനറിയുന്ന ഇന്റെര്‍നെറ്റ് ഉപയോഗിക്കാനറിയുന്ന ഭൂലോകത്തെ മുഴുവന്‍ പേരെയും ഒന്ന് തൊട്ടുണര്‍ത്താന്‍ സാധിച്ചില്ല. എങ്കിലും മനസ്സുണ്ടെങ്കില്‍ ഇതും ഇതിലപ്പുറവും സാധ്യമാകും എന്ന് ബോധ്യപ്പെടാന്‍ എനിക്ക് ഇത് തന്നെ ധാരാളം.
                         സഹനത്തിന്റെ നെല്ലിപ്പടി കണ്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

ഇതോ ദൈവത്തിന്റെ സ്വന്തം നാട് - 3 ?

                    ഒരു സാമൂഹ്യജീവി എന്ന നിലയില്‍ സമൂഹത്തിലെ മറ്റുള്ളവരേയും കൂടി ശ്രദ്ധിക്കേണ്ട ബാദ്ധ്യതയെപറ്റിയും മറ്റും ഞാന്‍ ഈ ബ്ലോഗിലൂടെ പല സ്ഥലത്തും പറഞ്ഞിരുന്നു.അത്തരത്തില്‍ ഒരു പോസ്റ്റ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഇടുകയും ചെയ്യിരുന്നു.നിര്‍ഭാഗ്യവശാല്‍ അതിന് ലഭിച്ച പ്രതികരണം നാമമാത്രമായിരുന്നു.അതിന്റെ കാരണം ഞാന്‍ കണ്ടെത്തിയത് ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടപ്പോഴാണ്.
                    കോഴിക്കോട് തൊണ്ടയാട് ജംഗ്‌ഷനില്‍  സിഗ്നലും കാത്ത് കിടക്കുന്ന ബസ്സില്‍ നിന്ന് ഞാന്‍ വെറുതെ ഒന്ന് പുറത്തേക്ക് നോക്കി.ഒരു റോഡിലൂടെ നിരവധി വാഹനങ്ങള്‍ ഒഴുകുന്നു.മറ്റു മൂന്ന് റോഡിലും വാഹനങ്ങള്‍ കാത്ത് കിടക്കുന്നു.വാഹനങ്ങളില്‍ മിക്കതും ഇരു ചക്ര വാഹനങ്ങളാണ്. ജംഗ്‌ഷനില്‍ അപകടം തുടര്‍ക്കഥയായതിനാല്‍ പോലീസിന്റെ സാന്നിദ്ധ്യം സ്ഥിരമാണ്. ഇപ്പോള്‍ ഒരു ജീപ്പും രണ്ടിലധികം ഏമാന്മാരും കൂടി ഉണ്ടാകാറുണ്ട്. അവരുടെ ലക്ഷ്യം ബ്ലോക്കില്‍ പെട്ടുപോകുന്ന ഹെല്‍മറ്റിടാത്ത ഇരുചക്രവാഹനക്കാര്‍ തന്നെ എന്ന് വ്യക്തം.ദിവസവും നൂറിലധികം പേരെ ഇങ്ങനെ ട്രാഫിക് ജാം വലയില്‍ നിന്ന് കിട്ടാറുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
                       പുറത്തേക്ക് നോക്കിയ ഞാന്‍ ശ്രദ്ധിച്ചതും ഇരുചക്രവാഹനക്കാരെ തന്നെയായിരുന്നു. ഒന്നോ രണ്ടൊ പേരൊഴികെ എല്ലാവരും ഹെല്‍മറ്റ് ധാരികള്‍! ജനങ്ങള്‍ ഇത്രയധികം ബോധവല്‍ക്കരിക്കപ്പെട്ടോ എന്ന ചിന്ത വരുന്നതിന് മുമ്പേ എന്റെ കണ്ണ് മറ്റൊരു യാഥാര്‍ത്ഥ്യം കൂടി കണ്ടെത്തി. മിക്ക ഹെല്‍മറ്റുകളും തലയില്‍ ഒരു ചട്ടിത്തൊപ്പി വച്ച പോലെയുള്ളവയായിരുന്നു.വല്ല അപകടവും സംഭവിച്ചാല്‍ അതും കൂടി കുത്തിക്കയറി കൂടുതല്‍ പരിക്ക് പറ്റുക എന്നല്ലാതെ ഒരു സംരക്ഷണവും നല്‍കാത്ത ഒരു സാധനം. പക്ഷേ നമ്മുടെ നിയമ പ്രകാരം അതു മതി പോലീസില്‍ നിന്നും രക്ഷപ്പെടാന്‍.
                         സ്വന്തം ജീവന് രക്ഷ ഉണ്ടാവട്ടെ എന്ന് കരുതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതും ഇതുപോലെയുള്ള നിരവധി നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത്.നിര്‍ഭാഗ്യവശാല്‍ നിയമങ്ങള്‍ അനുസരിക്കുക എന്നതിനെക്കാളും അതിലെ പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെടുക എന്നതാണ് മലയാളികളുടെ സ്വഭാവം.ഇവിടെയും സംഭവിച്ചത് അത് തന്നെ.
                        സ്വന്തം ശരീരത്തെപറ്റിയും ജീവനെപറ്റിയും ശ്രദ്ധയില്ലാത്ത ഒരു സമൂഹത്തില്‍ അന്യന്റെ കാര്യം കേള്‍ക്കാനോ ശ്രദ്ധിക്കാനോ ആര്‍ക്കാണ് സമയം കിട്ടുക. അത് തന്നെയാണ് എന്റെ ഈ പോസ്റ്റിനും ഇതുപോലെയുള്ള നിരവധി പോസ്റ്റുകള്‍ക്കും നല്ല പ്രതികരണം ഇല്ലാതെ പോയത് എന്നത് എനിക്ക് വ്യക്തമായി.വീണ്ടും എനിക്ക് ചോദിക്കാന്‍ തോന്നുന്നു - ഇതോ ദൈവത്തിന്റെ സ്വന്തം നാട് ?

Monday, July 30, 2012

18 വയസ്സിന്റെ പ്രത്യേകതകള്‍!!!

                   18 വയസ്സ് കഴിഞ്ഞവര്‍ക്ക് വകതിരിവ് ഉണ്ടാകുമെന്നും അവര്‍ക്കേ ഇന്ത്യന്‍ ജനാധിപത്യത്തിലെ വകുപ്പുകളും ഉപവകുപ്പുകളും തിരിയൂ എന്നും അതിനാലാണ് വോട്ടവകാശപ്രായം 18 ആക്കിയത് എന്നും ഒക്കെ പറയാം എന്ന് കരുതിയാണ് ഇന്നലെ ഞാന്‍ ക്ലാസ്സില്‍ കയറിയത്. പോളിഡിപ്ലോമക്ക് പഠിക്കുന്നവര്‍ക്ക് എഞ്ചിനീയറിംഗിലേക്കുള്ള ഒരു മോട്ടിവേഷന്‍ എന്ന നിലക്കായിരുന്നു എന്റെ തുടക്കം.സബ്ജക്ടിലേക്ക് കടക്കുന്നതിന് മുമ്പേ അവരുടെ പ്രായത്തെപറ്റിയും മറ്റും ഉണര്‍ത്താന്‍ വേണ്ടി ഞാന്‍ ചോദിച്ചു.
“18 വയസ്സ് എന്തിനുള്ള പ്രായമാണ്?”
“സിം എടുക്കാന്‍...”  മിന്നല്‍ പോലെ ഒന്നാമത്തെ ഉത്തരം
“ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍...” ഇടിവെട്ടുന്ന രണ്ടാമത്തെ ഉത്തരം
“കല്യാണം കഴിക്കാന്‍....” വാണം പോലെ മൂന്നാമത്തെ ഉത്തരം
ഞാന്‍ പ്രതീക്ഷിക്കുന്ന ഉത്തരം അപ്പോഴും ഉത്തരത്തിന് മീതെ ചത്തുകിടന്നു.

Sunday, July 29, 2012

താളിപ്പ് എങ്ങനെ ഉണ്ടാക്കാം...?

                      അരീക്കോട്ടുകാരുടെ ദേശീയകറിയായ താളിപ്പിനെക്കുറിച്ച്ഒരു പോസ്റ്റ് ഞാന്‍  ഇട്ടിരുന്നു.ഇത്രയും ലളിതമായ ഒരു കറി പരീക്ഷിക്കാന്‍ ഇതാ എല്ല്ലാവര്‍ക്കും അവസരം.

ആവശ്യമായ സാധനങ്ങള്‍ :-

1. വെളുത്തുള്ളി - നാലോ അഞ്ചോ അല്ലികള്‍ അരിഞ്ഞത്
2. ഉപ്പ് - ആവശ്യത്തിന് മാത്രം
3. പച്ചമുളക് - 2 എണ്ണം അരിഞ്ഞത്(കാന്താരി ആണെങ്കില്‍ ബഹുകേമം)
4. ഏത് താളിപ്പ് വേണം എന്നതിനനുസരിച്ച് ആ സാധനം കഷ്ണമാക്കിയത്.
5. അര ഗ്ലാസ് പച്ചവെള്ളം (കഞ്ഞി വെള്ളമായാല്‍ താളിപ്പ് സൂപ്പര്‍ ആകും)
6. ഒരു സ്പൂണ്‍ വെളിച്ചെണ്ണ
   
                  ചീനച്ചട്ടിയില്‍ വെളീച്ചെണ്ണ എടുത്ത് ചൂടാക്കി അതിലേക്ക്  അരിഞ്ഞ് വച്ച പച്ചമുളകും വെളുത്തുള്ളിയും ഇട്ട് അല്പം മൂപ്പിക്കുക (ഉള്ളി കരിയരുത്).വെളുത്തുള്ളിയുടെ മൂക്ക് തുളക്കുന്ന ഗന്ധം വരുമ്പോള്‍ വെള്ളം ഒഴിക്കുക. ഒപ്പം അരിഞ്ഞ് വച്ച നാലാമത്തെ ഐറ്റം ചേര്‍ക്കുക.വേവേണ്ട സാധനം ആണെങ്കില്‍ അല്പ നേരം തിളക്കാന്‍ വിടുക. അല്ലാത്തവ വെള്ളം ജസ്റ്റ് തിളക്കുന്നതോടെ അടുപ്പത്ത് നിന്നും മാറ്റി ഉപ്പിടാം. അതെ, വെള്ളം പോലെ ലൂസായി നിങ്ങളുടെ മുമ്പിലിരിക്കുന്നത് തന്നെയാണ് ഈ മഹാസംഭവം താളീപ്പ് !!
                 വെണ്ട, ചെരങ്ങ (ചുരക്ക), തക്കാളി, മുരിങ്ങയില,ചീര,പച്ചമുളക് , മുളകില,കോവല്‍ ഇല,മത്തന്‍ ഇല,പയര്‍ ഇല,വേവിക്കാത്ത പപ്പടം എന്നിവയെല്ലാം താളിപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കാം.ഇനി നാലാമത്തെ ഐറ്റം ഒന്നും ഇല്ലെങ്കിലും കഞ്ഞിവെള്ളം കൊണ്ടു മാത്രവും താളിപ്പാകാം!!!ഓകെ, നിങ്ങളുടെ പാചക പരീക്ഷണം തുടങ്ങിക്കോളൂ.....

                 

അത്താഴവും താളിപ്പും

              റമളാനിലെ ആദ്യത്തെ പത്ത് (ആദ്യ പത്ത് നോമ്പുകള്‍) അവസാനിക്കാറായി. നോമ്പിന്റെ ദിനരാത്രങ്ങള്‍ ഇന്നലെ തുടങ്ങിയ പോലെ മാത്രം തോന്നിത്തുടങ്ങി.അല്ലെങ്കിലും നോമ്പ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആ പുണ്യദിനങ്ങള്‍ ഓടിത്തീരുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.
             റമളാനിലെ പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ് അത്താഴമുണ്ണല്‍. അതിരാവിലെ സുബഹ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് അല്പം ഭക്ഷണം കഴിക്കുന്നതാണിത്. ആ സമയത്ത് എണീക്കാന്‍ മടിച്ച് നേരത്തെ ഭക്ഷണം അകത്താക്കി കിടക്കുന്നവരും ഒട്ടും കഴിക്കാത്തവരും ഒക്കെയുണ്ട്. പക്ഷേ നോമ്പ് എന്നാല്‍   എല്ലാ സ്വഭാവത്തിലുമുള്ള പ്രകടമായ ഒരു മാറ്റം ആയതിനാല്‍ ഈ അത്താഴമുണ്ണലും അതിന്റെ ഒരു ഭാഗമാണ്. മാത്രമല്ല അത്താഴമുണ്ണലിലും ബര്‍ക്കത്ത് ഉള്ളതായി നബി(സ) പറഞ്ഞിട്ടുണ്ട്.
                ഞാന്‍ സാധാരണ ചോറാണ് അത്താഴമായി കഴിക്കാറുള്ളത്. ആ സമയത്ത് ചോറ് കഴിക്കാന്‍ പലര്‍ക്കും മടിയാണ് അല്ലെങ്കില്‍ കഴിക്കാന്‍ സാധിക്കില്ല.ഇന്ന ഭക്ഷണം തന്നെ കഴിക്കണം എന്ന് പറയാത്തതിനാലും നബി(സ)യുടെ മാതൃക ഈത്തപ്പഴം ആയതിനാലും എന്ത് കഴിക്കണം എന്നതില്‍ തര്‍ക്കമില്ല. ചോറ് കറിയില്ലാതെ പലര്‍ക്കും ഇറങ്ങില്ല. കറി ആവട്ടെ ഉച്ചക്ക് ചോറില്‍ കൂട്ടുന്ന തരം കറിയാണെങ്കില്‍ ആ നേരത്ത് രുചി തോന്നുകയുമില്ല.ഇവിടെയാണ് മലപ്പുറത്ത്കാരുടെ പ്രത്യേകിച്ച് അരീക്കോട്ടുകാരുടെ ‘താളിപ്പ്’ ‘ ശ്രദ്ധ നേടുന്നത്.
                  പാചകം ഒട്ടും അറിയാത്ത ആര്‍ക്കും മാക്സിമം പോയാല്‍ അഞ്ച് മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കറിയാണ് താളിപ്പ്. എനിക്ക് ഇന്നേ വരെ ഈ കറി ഒരു മടുപ്പായിട്ട് തോന്നിയിട്ടില്ല. കാരണം പത്തിലധികം സാധനങ്ങള്‍ കൊണ്ട് താളിപ്പ് ഉണ്ടാക്കാം എന്നത് തന്നെ. അതായത് ഇന്ന് മുരിങ്ങാതാളിപ്പ് ആണെങ്കില്‍ നാളെ ചെരങ്ങാ താളിപ്പ്.മറ്റന്നാള്‍ തക്കാളി താളിപ്പ് , അതിന്റെ പിറ്റേന്ന് വെണ്ട താളിപ്പ്!!
                 അരീക്കോട്ടെ പ്രശസ്തമായ സുല്ലമുസ്സലാം കോളേജ് ഹോസ്റ്റലില്‍ ആദ്യമായി വന്ന ഒരു വിദ്യാര്‍ത്ഥി ഏതോ ഒരു നോമ്പിന് രോഷം കൊണ്ടതായി ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട്.അവന്‍ വീട്ടില്‍ പറഞ്ഞത്രേ - “ചോറിലേക്ക് ഒരു കറി തരും....താളിപ്പ്....ഇന്ന് മുരിങ്ങയാണേങ്കില്‍ നാളെ ചീരയായിരിക്കും അതില്‍ ”. ഇത് തന്നെയാണ് എന്റെ നാടിനെ സ്നേഹിക്കാന്‍ എനിക്ക് കൂടുതല്‍ പ്രചോദനവും. ഇത്രയും വറൈറ്റി കറി ഉണ്ടാക്കാന്‍ ഈ താളിപ്പ്  കൊണ്ട് തന്നെയേ സാധിക്കുകയുള്ളൂ.
                       ( പാചകക്രമം ഇതാ ഇവിടെ )

Saturday, July 28, 2012

പൊട്ടന്‍ഷ്യല്‍ പൊട്ടന്‍

അദ്ധ്യാപകന്‍ കുട്ടിയോട് : നിന്റെ പൊട്ടന്‍ഷ്യല്‍ നീ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നു ?
കുട്ടി : വോള്‍ട്ടേജ് ക്ഷാമം പവര്‍കട്ട് തുടങ്ങിയവ ഉണ്ടാകുമായിരുന്നില്ല!
അദ്ധ്യാപകന്‍: പൊട്ടന്‍
കുട്ടി : ഓ...അപ്പോള്‍ മാഷും അത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല അല്ലേ?

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്ക് അഭിനന്ദനങ്ങള്‍!!!!

                  വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന അക്ഷരാര്‍ഥത്തില്‍ കേരള ജനതയ്ക്ക് ഇരുട്ടടി തന്നെയാണ്. ഇത്രയും വലിയ നിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് ഇപ്പോഴെങ്കിലും തോന്നിയതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു !
                    മഴയില്ലായ്മയും ഡാമിന്റെ കപാസിറ്റിയും പുതിയ പദ്ധതികളുടെ ആവശ്യകതയും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ നിരത്തി ഉപഭോഗം കുറക്കൂ കുറക്കൂ എന്ന് കെ.എസ്.ഇ.ബിയും കുറേ പരിസ്ഥിതി പ്രവര്‍ത്തകരും ചൊല്ലാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.ഭരണം മാറി മാറി വന്നിട്ടും കാലങ്ങളായി കെ.എസ്.ഇ.ബിക്കകത്ത് ഇടത്പക്ഷ യൂനിയനാണ് ആധിപത്യം. എന്നിട്ടും കേരളത്തിലെ സഖാക്കളൊ അവരുടെ സഖികളൊ കുട്ടിസഖാക്കളൊ പോലും ഈ രോദനം കേട്ടില്ല.സഖാക്കളുടെ ഉപദേശമായതുകൊണ്ട് വലതുപക്ഷവും ഒട്ടും സ്വീകരിച്ചില്ല.
പ്രതിസന്ധി രൂക്ഷമാകുന്നത് വരെ സര്‍ക്കാര്‍ ഒരു വിധം മുഖം വീര്‍പ്പിച്ചും ഭീഷണിപ്പെടുത്തിയും വീണ്ടും മുന്നറിയിയിപ്പുകള്‍ നല്‍കി.എന്നിട്ടും കുഴലിലിട്ട നായയുടെ വാല്‍ നിവര്‍ന്നില്ല.ഇനി ആഗ്നേയാസ്ത്ര പ്രയോഗം തന്നെ ശരണം എന്ന നിലയില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ അത് പ്രയോഗിച്ച് കാണിക്കുക തന്നെ ചെയ്തു.ഇത്രയും കാലം നിങ്ങളുടെ മുമ്പില്‍ താണുകേണു പറഞ്ഞത് വെറുതെയായിരുന്നില്ലെന്ന് സര്‍ക്കാര്‍ തെളിയിച്ചു.
                     ഇടതുപക്ഷത്തിന്റെ പല നല്ല ചിന്താഗതികളോടും ഐക്യം തോന്നാറുള്ള എന്റെ മനസ്സ് ഈ നടപടിയില്‍ വലത്പക്ഷസര്‍ക്കാരിനെ പിന്താങ്ങുന്നു.പക്ഷേ ഒരു ചെറിയ അടിക്കുറിപ്പ് നല്‍കേണ്ടതായിരുന്നു  -  മാസത്തില്‍ ഇത്ര യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്ര വരെ സംഖ്യ എന്ന് പറഞ്ഞത് പോലെ ഇത്ര കുറച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഇതിലും കുറഞ്ഞ നിരക്കും കണക്ടഡ് ലോഡ് കൂടിയിട്ടും അതിന്റെ നാലിലൊന്ന് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് (പൂട്ടിയിട്ട വീടുകളാകരുത്) സര്‍ക്കാര്‍ വക ഇന്‍സെന്റീവും കൂടി ആകാമായിരുന്നു.മിക്ക വീടുകളുടേയും ഉപഭോഗം ഇപ്പോഴത്തേതിന്റെ പകുതി എങ്കിലും ആകും എന്ന് തീര്‍ച്ച.
                 വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുടെ പേരില്‍ ഇന്ന് കാണുന്ന പ്രതിഷേധപ്രകടനങ്ങളും ചിരി ഉയര്‍ത്തുന്നു.മിക്ക സ്ഥലത്തും കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ചും വളയലും മറ്റുമാണ് കാണുന്നത്. നമ്മുടെ ബുദ്ധി പോയ വഴിയാണ് എന്നെ ചിരിപ്പിക്കുന്നത്. ഈ ഓഫീസുകളിലിരിക്കുന്ന പാവം ഉദ്യോഗസ്ഥരും ഈ വര്‍ദ്ധനവിന്റെ ഇരകള്‍ അല്ലേ?അവര്‍ എത്ര കാലം നിങ്ങള്‍ക്ക് പോസ്റ്ററിലൂടെയും നോട്ടീസിലൂടെയും, എന്തിന് രണ്ട് മാസത്തിലൊരിക്കല്‍ വീട്ടില്‍ തരുന്ന സ്പോട്ട് ബില്ലിലൂടെയും വൈദ്യുതിയുടെ അമൂല്യതയും അതിന്റെ ഉപഭോഗം കുറക്കേണ്ട ആവശ്യകതയേയും പറ്റി മുന്നറിയിപ്പ് നല്‍കി?അന്ന് അവരുടെ ഉപദേശം പിന്തുടര്‍ന്ന പത്ത് ശതമാനം പേര്‍ക്കെങ്കിലും ഇന്നത്തെ ഈ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് സുന്ദരമായി രക്ഷപ്പെടാം.അല്ലാത്തവന്‍ ഈ മഴയില്ലാ കര്‍ക്കിടകത്തില്‍ അല്പം വിയര്‍ക്കുക തന്നെ ചെയ്യും.അല്ല വിയര്‍ക്കുക തന്നെ വേണം.അതിനാല്‍ ഇനി നമുക്ക് വൈദ്യുതി ഉപഭോഗം കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി പായാം അല്ല ഓടാം....

ഒളിമ്പിക്സും ഇന്ത്യയും

രാവിലെത്തന്നെ പോക്കരാക്കയെ കണ്ടുമുട്ടിയപ്പോള്‍ എന്തെങ്കിലും സംസാരിക്കാമെന്ന് തോന്നി.
“പോക്കരാക്കാ.....ഒളിമ്പിക്സ് തുടങ്ങ്യല്ലോ?”
പോക്കരാക്ക :  മോനേ രാവിലെത്തന്നെ ലണ്ടനടിക്കല്ലേ....
ഞാന്‍ : വാഹ്....കറക്ട് ....ലണ്ടനില്‍ തന്നെ....ഇന്ത്യ എത്ര സ്വര്‍ണ്ണം നേടുമോ ആവോ?
പോക്കരാക്ക : പിന്നേ...ആ സ്വര്‍ണ്ണം കിട്ടീട്ടു മാണ്ടേ അന്റെ മൂന്നിനേയും കെട്ടിച്ചു ബ്‌ടാന്‍ ....
ഞാന്‍ : എന്നാലും ഒരു ടെന്‍ഷന്‍
പോക്കരാക്ക :ഇന്ന് വരെ ഒളിമ്പിസ്സ്‌ല് ടെന്‍ഷന്‍ ല്ലാതെ കൂട്യ ഒരേ ഒരു ടീമേ ള്ളൂ...അത് ഞമ്മളെ ഇന്ത്യ മാത്രാ....പിന്നെത്ത്നാ ജ്ജ് ഇബടെക്കെടന്ന് ടെന്‍ഷന്‍ അടിച്ച് ചാവ്ണേ?

അഭിമാനപൂര്‍വ്വം.....

Thursday, July 26, 2012

പാല്‍‌വാഴക്ക - പാചകക്രമം.

ഞങ്ങളുടെ നാട്ടിലെ ഒരു റമളാന്‍ വിഭവമായ പാല്‍‌വായ്ക്കയെപ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.പലരും ആവശ്യപ്പെട്ട പ്രകാരം അതിന്റെ റെസിപ്പിയും കൂടെ ഇടുന്നു.ഈ റമളാന്‍-ഓണക്കാലത്ത് തന്നെ നിങ്ങളുടെ പാചകപരീക്ഷണമാകാം.

ആവശ്യമുള്ള സാധനങ്ങള്‍:-
ഏത്തപ്പഴം (മീഡിയം പഴുത്തത്) - (നിങ്ങള്‍ എത്ര തിന്നാന്‍ ഇഷ്ടപ്പെടുന്നോ അതിനനുസരിച്ച്)
പാല്‍ - 4 പഴത്തിലേക്ക് അര ലിറ്റര്‍ എങ്കിലും
നെയ്യ് - അഞ്ച് സ്പൂണ്‍
ചെറിയ ഉള്ളി - 1 (ഇഷടമാണെങ്കില്‍ മാത്രം)
പഞ്ചസാര - നിങ്ങളുടെ ബ്ലഡ്‌ഷുഗറിനനുസരിച്ച്.
ഏലക്കായ - രണ്ടെണ്ണം മാത്രം

പഴം കഷണങ്ങളായി നുറുക്കി (തൊലി കളയണം) അല്പം വെള്ളത്തിലിട്ട് വേവിക്കുക.വല്ലാതെ വെന്തു പോകുന്നതിന് മുമ്പ് അടുപ്പത്ത് നിന്നും എടുത്ത് മറ്റൊരു പാത്രത്തിലിട്ട് നല്ലവണ്ണം ഉടക്കുക.അല്പം നെയ്യ് എടുത്ത് ചൂടാക്കി അതിലേക്ക് ഉള്ളിയും ഏലക്കായും ഇട്ട് ജസ്റ്റ് ഒന്ന് വഴറ്റുക.ഇനി ഈ മിശ്രിതം ഉടച്ച പഴത്തിലേക്ക് ചേര്‍ത്ത് പാലും ഒഴിച്ച്, കരുതി വച്ച പഞ്ചസാരയും ഇട്ട് നല്ലവണ്ണം ഇളക്കുക.ഏലക്കായും ഉള്ളിയും ഇല്ലാതെ വെറുതെ നെയ്യ് ഒഴിച്ചാലും നല്ല ടേസ്റ്റ് ഉണ്ടാകും.തിന്നാന്‍ വരട്ടെ , റമളാനാണ് മഗ്‌രിബ് ബാങ്ക് കൊടുക്കണം .... അല്പം ചൂടാറുകയും വേണം.

Monday, July 23, 2012

പ്രിയപ്പെട്ട സുഹൃത്തുക്കളേ,


                    വിശ്വാസികളുടെ പുണ്യത്തിന്റെ പൂക്കാലമായ റമളാന്‍ ആരംഭിച്ചു.നാട്ടിലും വിദേശത്തും ജോലി നോക്കുന്ന എല്ലാ സുമനസ്സുകളുടേയും മുമ്പില്‍ ഒരഭ്യര്‍ഥന വയ്ക്കാന്‍ ഞാന്‍ ഈ പോസ്റ്റും അവസരവും ഉപയോഗിക്കുകയാണ്.
                       ആതുര സേവനരംഗത്ത് കേരളം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന് തന്നെ മാതൃകയാവുന്ന രൂപത്തില്‍ നമ്മുടെ പല സേവനങ്ങളും ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തിലെ വിവിധ ഏജന്‍സികള്‍ വഴിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നത്. തീര്‍ത്തും സൌജന്യമായി പ്രവര്‍ത്തകരുടെ സമയവും അധ്വാനവും സമര്‍പ്പിച്ചുകൊണ്ട് മാത്രമാണ് പലരുടേയും കണ്ണീരൊപ്പാന്‍ സാധിക്കുന്നത്.
                       കഴിഞ്ഞ മൂന്ന് വര്‍ഷമായി, വിദ്യാര്‍ഥികളുടെ സാമൂഹ്യ സേവന സന്നദ്ധത വളര്‍ത്തുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍.എസ്.എസ്)   വിവിധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ സമൂഹത്തിലെ ധാരാളം കഷ്ടപ്പെടുന്നവരെ കണ്ടുമുട്ടാന്‍ സാധിച്ചു.പലപ്പോഴും സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്തതിലും നല്‍കിയ സഹായങ്ങള്‍ തന്നെ കുറവായിപ്പോയി എന്ന് തോന്നിയും മനസ്സ് വേദനിച്ചിട്ടുണ്ട്.ഞാനും എന്റെ സേവന സന്നദ്ധരായ നൂറ് കുട്ടികളും തങ്ങളാവുന്ന വിധത്തില്‍ സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ പ്രയത്നിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.ബൂലോകത്ത് നിന്നും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ പലരേയും ഞാന്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. സര്‍വ്വ ശക്തനായ നാഥന്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്വാലിഹായ പ്രവര്‍ത്തനങ്ങളായി സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ, ആമീന്‍.
                       എന്റെ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഒരു വീട് നിര്‍മ്മിച്ചു നല്‍കുന്ന വിവരം ഞാന്‍ മുമ്പ് ബ്ലോഗിലൂടെ അറിയിച്ചിരുന്നു.അല്‍ഹംദുലില്ലാഹ്, ഇനി അതിന്റെ വാതില്‍ പൊളികളും ജനല്‍ പൊളികളും വയ്ക്കാനും വയറിംഗ്,പെയ്ന്റിംഗ് എന്നിവ നടത്താനും മാത്രമേ ബാക്കിയുള്ളൂ.സ്പോണ്‍സര്‍മാര്‍ പിന്മാറിയത് കാരണം കടുത്ത പ്രതിസന്ധി നേരിട്ടെങ്കിലും പല തുള്ളി പെരുവെള്ളം എന്ന ചൊല്ല് അന്വര്‍ഥമാക്കി ഞങ്ങളത് ഇത്രവരെ എത്തിച്ചു.ബാക്കി പ്രവൃത്തികള്‍ ഓണത്തിന് മുമ്പ് തീര്‍ത്ത് താക്കോല്‍ ദാനം നടത്തണം എന്നുദ്ദേശിക്കുന്നു.
                     ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുമായി സഹകരിച്ച് അവര്‍ക്കാവശ്യമായ വാട്ടര്‍ബെഡ്, വീല്‍ ചെയര്‍ എന്നിവ നല്‍കാനും  ഉദ്ദേശിക്കുന്നു.കൂടാതെ കോഴിക്കോട് ജില്ലയിലെ വൃക്ക രോഗികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് ഒരു രോഗിയുടെ  എങ്കിലും ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
                      നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളില്‍ ഒരു സാമൂഹ്യ ചിന്ത ഉണര്‍ത്താനും ലോകത്തിന്റെ വേദനയുള്ള മുഖം കൂടി അവര്‍ കാണാനും വേണ്ടി നടത്തുന്ന ഈ പരിശ്രമം ഭാവിയില്‍ നല്ലൊരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരും എന്ന് പ്രത്യാശിക്കുന്നു.ഈ പ്രവര്‍ത്തനത്തിലേക്ക്  എല്ലാവരുടേയും സംഭാവനകള്‍ ഉണ്ടാകണമെന്ന് സ്വദേശത്തും വിദേശത്തുമുള്ള എല്ലാ മനുഷ്യസ്നേഹികളോടും അഭ്യര്‍ഥിക്കുന്നു.

A/c Details:-

A/c No: 10770100109384
IFSC Code: FDRL0001077
Branch: Federal Bank Areacode
Name : Abid Tharavattath

                അല്ലാഹു നമ്മുടെ എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കി അനുഹ്രഹിക്കുമാറാകട്ടെ , ആമീന്‍.


                                                                                         സ്നേഹപൂര്‍വ്വം അരീക്കോടന്‍.

Sunday, July 22, 2012

‘പാല്‍‌വായ്ക്ക’ എന്ന പാല്‍‌വാഴക്ക

                       പാല്‍‌വാഴക്ക എന്ന് പറഞ്ഞാല്‍ ഇതെന്ത് സാധനം എന്ന് എല്ലാവരും ചോദിച്ചു പോകും.എന്നാല്‍ ‘പാല്‍‌വായ്ക്ക’ എന്ന് എന്റെ നാട്ടില്‍ ആരോട് പറഞ്ഞാലും അവരുടെ നാവില്‍ വെള്ളമൂറും.കാരണം റമദാന്‍ നോമ്പ് തുറ സമയത്ത് ഉണ്ടാക്കുന്ന ഒരു പ്രാധാനപ്പെട്ട വിഭവമാണ് അത്.
                  എന്റെ ഓര്‍മ്മ വച്ച നാള്‍ മുതലേ നോമ്പ് തുറയില്‍ ഒരു വിഭവമായി നേന്ത്രപ്പഴവും പാലും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവമുണ്ട്.ഇതില്ലാതെ നോമ്പ് സല്‍ക്കാരം പൂര്‍ണ്ണമാകില്ല എന്ന് തന്നെ പറയാം. പത്തിരിയും മറ്റും കഴിച്ചതിന് ശേഷമോ അല്ലെങ്കില്‍ നോമ്പ് തുറന്ന ഉടനെയോ ആണ് ഇത് കഴിക്കുക. പലരും പല രൂപത്തില്‍ ഉണ്ടാക്കുന്നതിനാല്‍ ഇതിന്റെ രുചിക്കും വ്യത്യാസമുണ്ടായിരിക്കും. എന്റെ വീട്ടില്‍ ഇതിന്റെ ഏറ്റവും ലളിതമായ രൂപത്തിലാണ് ഉണ്ടാക്കാറ്‌.അതായത് പഴം പുഴുങ്ങി നല്ലവണ്ണം ഉടച്ച് അതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുന്നു.പഴം അധികം പഴുത്തതാവരുത്. എന്നാല്‍ കറകുത്തുന്നതും ആവരുത്. ചിലര്‍ ചൊവ്വരി എന്ന സാബൂനരി കൂടി ഇടാറുണ്ട്.അപ്പോള്‍ പാചകരീതി മാറും.കാരണം ചൊവ്വരി വേവാന്‍ തന്നെ  ധാരാളം സമയം വേണം.
                    ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ നോമ്പ് കാലത്ത് ബാപ്പയുടെ നാട്ടിലെ(പേരാമ്പ്ര) യതീംഖാനയുടെ പിരിവെടുക്കാന്‍ ബാപ്പയുടെ കുടുംബത്തില്‍ പെട്ട ഒരു റിസീവര്‍ വരാറുണ്ടായിരുന്നു.അരീക്കോട്ടേയും പരിസര പ്രദേശങ്ങളിലേയും പിരിവെടുക്കാന്‍ രണ്ട് ദിവസം അദ്ദേഹം വീട്ടില്‍ തങ്ങും.അന്ന് നോമ്പ് തുറയും ഞങ്ങളുടെ വീട്ടില്‍ വച്ചായിരിക്കും.അങ്ങനെയുള്ള ഒരു ദിവസം മേല്പറഞ്ഞ ‘പാല്‍‌വായ്ക്ക’യും ഒരു വിഭവമായി. ഇതിനെപറ്റി വലിയ ധാരണ ഇല്ലാത്തതിനാല്‍ അദ്ദേഹം ഇത് പത്തിരിയോടൊപ്പം പ്ലേറ്റിലേക്കിട്ടു.ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കുന്നതിനിടെ ഇറച്ചിക്കറിയും അതിലേക്ക് ഒഴിച്ചു!പിന്നെ കുട്ടികളായ ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.കാരണം എരിവും മധുരവും കൂടിച്ചേര്‍ന്ന ആ ‘പുതിയ വിഭവം’ ഇറക്കി വിടാന്‍ അദ്ദേഹം നന്നേ പാടുപെട്ടു. ഈ സംഭവത്തിന് ശേഷം വീട്ടില്‍ നോമ്പ് തുറക്ക് വരുന്ന ആരോടും ഇതിനെപറ്റി ഒന്ന് വിശദീകരിച്ചിട്ടേ അവരുടെ മുമ്പിലേക്ക് ‘പാല്‍‌വായ്ക്ക’ വച്ച് കൊടുക്കാറുള്ളൂ.
                        ഇന്ന് നേന്ത്രപ്പഴത്തിന്റെ വില കേട്ട് ‘പാല്‍‌വായ്ക്ക’ വേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേരാനാണ് തോന്നുന്നത്.മിക്കവാറും നോമ്പ് സല്‍ക്കാരങ്ങളില്‍ മറ്റു പല റെഡിമേഡ് ഐറ്റങ്ങളും കടന്ന് കൂടിയതിനാല്‍ ഈ വിഭവം ഒരു രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ നാമാവശേഷമായിപ്പോകും എന്ന് തോന്നുന്നു.എങ്കിലും ‘പാല്‍‌വായ്ക്ക’ എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ രുചി അറിഞ്ഞവരുടെ നാവില്‍ വെള്ളമൂറിക്കൊണ്ടേ ഇരിക്കും.

Saturday, July 21, 2012

കടിഞ്ഞൂല്‍ നോമ്പ്

               ഒന്നാം നോമ്പിന്റെ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിക്കുമ്പോള്‍  എന്റെ തറവാട് വീട്ടില്‍ സന്തോഷം ഇരട്ടിയാണ്. കാരണം അനിയന്റെ ഇരട്ടക്കുട്ടികളായ ഒന്നാം ക്ലാസ്സുകാരികള്‍ പിഞ്ചുവും ചിഞ്ചുവും കടിഞ്ഞൂല്‍ നോമ്പ് ഏകദേശം മുഴുവനാക്കാറായി.ബാപ്പ ജീവിച്ചിരുന്ന സമയത്ത് എന്റെ മൂത്തമോള്‍ ആദ്യനോമ്പ് മുഴുവനാക്കിയ ആ ദിവസമാണ് എന്റെ ഓര്‍മ്മയിലേക്ക് വരുന്നത്.ബാപ്പയുടെ വക, അവള്‍ക്ക് വേണ്ടതായി തോന്നിയ വിവിധതരം പഴങ്ങള്‍ ആയിരുന്നു അന്ന് പ്രത്യേകം ഒരുക്കിയിരുന്നത്.
             കൊച്ചുകുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല.പക്ഷേ റമദാന്‍ മാസം ആരംഭിച്ചാല്‍ മിക്ക മുസ്ലിം വീടുകളിലേയും കൊച്ചുകുട്ടികള്‍ക്കാണ് നോമ്പ് എടുക്കാന്‍ കൂടുതല്‍ ആവേശം.തങ്ങള്‍ ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെ (വിശപ്പ്) നേരിട്ടറിയുക എന്നതായിരിക്കാം കൊച്ചുമനസ്സിലെ ഈ ആവേശത്തിന് കാരണം.അതുകൊണ്ട് തന്നെ മിക്കവാറും രണ്ടാം ദിവസത്തെ നോമ്പ് കുട്ടികള്‍ എടുക്കാറില്ല.തൊട്ടടുത്ത ദിവസം വീണ്ടും വിളിക്കണേ എന്നായിരിക്കും ഉമ്മമാരോട് അവര്‍ക്കുള്ള ഏക അഭ്യര്‍ത്ഥന.
           ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ രണ്ടാമത്തെ മകള്‍ കഴിഞ്ഞ വര്‍ഷം ഇരുപത് നോമ്പെടുത്തു.ഇടക്ക് വച്ച് നിര്‍ത്താന്‍ പല തവണ ഞങ്ങള്‍ പറഞ്ഞു നോക്കിയെങ്കിലും സമ്മതിച്ചില്ല.അതും കുട്ടികളുടെ ഒരു മന:ശാസ്ത്രമാണ്.അവര്‍ ഒരിക്കലും ചെറുപ്പകാലത്ത് നോമ്പ് ഒഴിവാക്കാന്‍ സമ്മതിക്കില്ല.ചൊട്ടയിലെ ശീലം ചുടല വരെ എന്നതിനാല്‍ ഒരു പരിധിക്കപ്പുറം ഈ സ്വഭാവത്തെ നിരുത്സാഹപ്പെടുത്താന്‍ ഞാനും മുതിരാറില്ല.പക്ഷേ കുട്ടികള്‍ വല്ലാതെ ക്ഷീണിച്ചു കണ്ടാല്‍ അവരെ പറഞ്ഞ് മനസ്സിലാക്കി ആരോഗ്യം കൂടുതല്‍ വഷളാകാതെ ശ്രദ്ധിക്കണം.
           വീടുകളില്‍ പലതില്‍ നിന്നും പത്തിരിയുടേയും ഇറച്ചിക്കറിയുടേയും ഗന്ധം പൊങ്ങിത്തുടങ്ങി.എന്റെ വീട്ടില്‍ എനിക്ക് കൂടി ആ വക കാര്യങ്ങളില്‍ സഹായിക്കാനുള്ളത് കൊണ്ട് തല്‍ക്കാലം ഈ കുറിപ്പ് ഇവിടെ നിര്‍ത്തുന്നു.

Friday, July 20, 2012

തലോല്‍മ്പ് - ബാല്യകാല സ്മരണ

              റമദാന്‍ വ്രതാനുഷ്ടാനം ആരംഭിക്കുകയായി.ജീവിതത്തിലെ ആദ്യത്തെ നോമ്പ് എന്നാണ് നോറ്റതെന്ന് കൃത്യമായി ഓര്‍മ്മയില്ല.അല്ലെങ്കിലും ഭാവിയില്‍ ഇതൊക്കെ കുറിച്ചിടാന്‍ ഒരു സ്ഥലം കിട്ടും എന്ന് ഒരിക്കലും കരുതിയതല്ലോ.ഇപ്പോള്‍ മക്കളോട് അതൊക്കെ ഓര്‍ത്തുവയ്ക്കാന്‍ പറയേണ്ടതുമില്ല.കാരണം അവര്‍ക്ക് നേരെ ബ്ലോഗില്‍ പോസ്റ്റാന്‍ സൌകര്യവുമുണ്ട്.
              റമദാന്‍ മാസത്തിലെ ഒന്നാം നോമ്പ് കുട്ടിക്കാലത്ത് ശരിക്കും ഒരാവേശവും വാശിയും കഷ്ടപ്പാടും കൂടിയായിരുന്നു.കാരണം സ്കൂളിന്റെ കൂടെ മദ്രസയില്‍ കൂടി പോകുന്നതിനാല്‍ ഉസ്താദിന്റെ അന്നത്തെ ആദ്യചോദ്യം ആരൊക്കെ നോമ്പ് നോറ്റിട്ടുണ്ട് എന്നത് തന്നെയായിരിക്കും.നോമ്പ് നോറ്റവര്‍ക്ക് മിക്ക ശിക്ഷകളില്‍ നിന്നും ഇളവ്(ഇന്നത്തെ ഡിസ്കൌണ്ട്) ലഭിക്കുന്നതിനാല്‍ എല്ലാവരും നോമ്പ് ‘നോറ്റവരും’ ആയിരിക്കും.
           പലപ്പോഴും തലോല്‍മ്പ്(ഒന്നാം നോമ്പ്) മുറിഞ്ഞ് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.ദാഹിച്ച് വശം കെടുന്നതിനാല്‍ ‘അറിയാതെ’ വെള്ളം കുടിച്ചുപോകും.കൂടാതെ കൂട്ടുകാര്‍ എന്തെങ്കിലും തിന്നുമ്പോളോ ഉമ്മ തേങ്ങ ചിരവുമ്പോഴോ അറിയാതെ തിന്നുപോകാനുള്ള സാധ്യത കൂടുതലാണ്.അറിയാതെ എന്ത് കഴിച്ചാലും നോമ്പ് മുറിയില്ല എന്ന ആനുകൂല്യത്തില്‍ കുട്ടികളായ ഞങ്ങളെ ഉമ്മ സമാധാനിപ്പിക്കും.
         നോമ്പ് കാലത്ത് സ്കൂള്‍ ഉണ്ടായിരുന്നോ ഇല്ലേ എന്ന് എനിക്ക് കൃത്യമായി ഓര്‍മ്മയില്ല.പക്ഷേ ഒരു കാര്യം കൃത്യമായി ഓര്‍മ്മയുണ്ട്.നോറ്റ നോമ്പിന്റെ എണ്ണം സ്കൂളില്‍ എപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്.മിക്കവാറും പേര്‍ പതിനഞ് നോമ്പ് നോറ്റവരായിരിക്കും.കാരണം ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു കുട്ടികളായ ഞങ്ങളുടെ നോമ്പ് ദിനങ്ങള്‍.ഇടക്ക് ഒരു ദിവസം ഉമ്മ വിളിക്കാതെയോ ഞാന്‍ എണീക്കാതെയോ വിട്ടുപോയാല്‍ പഴി മുഴുവന്‍ പാവം ഉമ്മാക്കായിരിക്കും.കാരണം അപ്പുറത്തെ മൂത്തുമ്മായുടെ മക്കളും സ്കൂളിലെ കൂട്ടുകാരും എല്ലാം എന്നെ മറികടന്നു പോയല്ലോ എന്ന വ്യസനം മനസ്സില്‍ ഉണ്ടാകും.എങ്ങനെയെങ്കിലും അവരുടെ ഒരു നോമ്പും മുടങ്ങണേ എന്നാകും പിന്നെ മനസ്സിലെ പ്രാര്‍ത്ഥന.ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ ചിരിയും നഷ്ടബോധവും തോന്നുന്നു.
          ആ വര്‍ഷത്തെ ആദ്യത്തെ നോമ്പ് ആയതിനാല്‍  തലോല്‍മ്പിന്റെ വിഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറും.കുട്ടികളായ ഞങ്ങളുടെ കടിഞ്ഞൂല്‍ നോമ്പ് കൂടി ആണെങ്കില്‍ ഉമ്മ പല വിഭവങ്ങളും ഒരുക്കിയിട്ടുമുണ്ടാകും.സേമിയ പായസവും , റവ കൊണ്ടുണ്ടാക്കിയ തരിക്കഞ്ഞിയും പത്തിരിയും ഇറച്ചിക്കറിയും എല്ലാം എല്ലാം.....ഇന്ന് അതിലും കൂടുതല്‍ വിഭവങ്ങള്‍ ഉണ്ടെങ്കിലും എല്ലാം കടകളില്‍ നിന്നും ലഭിക്കുന്ന റെഡിമേഡ് ആയതിനാല്‍ ഒരു രസവും തോന്നാറില്ല.കഴിഞ്ഞുപോയ കാലം യവനികയില്‍ നിന്ന് ഇനി പുറത്തേക്ക് വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സ് നിറയെ സങ്കടം തോന്നുന്നു. റമദാന്‍ മുഴുവന്‍ ആരോഗ്യത്തോടെ സന്തോഷത്തോടെ നോമ്പെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.കാരുണ്യവാനായ അല്ലാഹു എല്ലാവരുടേയും എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിക്കട്ടെ , ആമീന്‍.

നനച്ചുകുളി - ഒരോര്‍മ്മ

                     ഇന്ന് റമദാന്‍ വ്രതാനുഷ്ടാനത്തിന്റെ തലേ ദിവസം.ഓര്‍മ്മയില്‍ ഓടിവരുന്നത് ‘നനച്ചുകുളി‘ എന്ന വൃത്തിയാക്കല്‍ മഹോത്സവം തന്നെ.കുട്ടിക്കാലത്ത് നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസം മാത്രമായിരുന്നു ഈ പരിപാടി എന്നാണെന്റെ ഓര്‍മ്മ.അതായത് വീടും പരിസരവും മുഴുവന്‍ വൃത്തിയാക്കുന്ന ഒരു കുടുംബ പരിപാടി.ബാപ്പയും ഉമ്മയും കുട്ടികള്‍ എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കും.ഉമ്മക്ക് അടുക്കളയും അനുബന്ധഭാഗങ്ങളും ആണ് സാധാരണ ഗതിയില്‍ അനുവദിക്കപ്പെട്ട ഭാഗം.വാതിലും ജനലുകളും വീട്ടിലെ ഫര്‍ണ്ണീച്ചറുകളും ഞങ്ങള്‍ കുട്ടികളുടെ ‘അവകാശമാണ്’‘.വേലക്കാരി ഉണ്ടെങ്കില്‍ ഞങ്ങള്‍ ഫര്‍ണ്ണീച്ചറില്‍ മാത്രമായൊതുങ്ങും.

                വീടിന്റെ തൊട്ടു മുമ്പിലെ പറമ്പ് വലിയ അമ്മാവന്റേതായിരുന്നു.അവിടെ ‘പാറോത്തില’ എന്ന നല്ല പരുപരുത്ത തരം ഒരില ഉണ്ടാകുന്ന ഒരു മരം ഉണ്ടായിരുന്നു.അനിയന്‍ അതില്‍ അനായാസം കയറി ആവശ്യമായ ഇലകള്‍ മാത്രം പറിച്ചിടും.(പിന്നീട് കൊമ്പ് വെട്ടിയാല്‍ മതി എന്ന പുത്തന്‍സൂത്രം കത്തിയതോടെ അവന്റെ മരം കയറ്റം അവസാനിച്ചു).
               വീട്ടിലെ കട്ടിലുകളും സോഫകളും എല്ലാം പുറത്ത് മുറ്റത്തേക്കിട്ട് അതിന്റെ മേലെ നന്നായി വെള്ളമൊഴിക്കും.പിന്നെ മേല്‍ പറഞ്ഞ പാറോത്തില മൂന്നോ നാലോ എണ്ണം പരത്തിവച്ച് അമര്‍ത്തി ഉരക്കാന്‍ തുടങ്ങും.ഒന്നാമത്തെ ഉരസലില്‍ തന്നെ ചെളി ഇളകി ഒഴുകാന്‍ തുടങ്ങുമ്പോള്‍ കുട്ടികളായ ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു - ഇത്രയും ചെളി എങ്ങനെ ഇതിന്റെ മേലെ പിടിച്ചു എന്ന്.കട്ടിലിന്റെ മുകള്‍ ഭാഗം എളുപ്പം തീരും.പക്ഷേ കാല്‍ ഉരക്കാന്‍ വളരെ ബുദ്ധിമുട്ടും.അതിന് വീതി വളരെ കുറവായത് കാരണം വിചാരിക്കുന്ന പോലെ ഉരക്കാന്‍ കഴിയില്ല.അങ്ങനെ മുഴുവന്‍ കഴുകി വൃത്തിയാക്കി അല്പമകലെ വെയിലത്തേക്ക് പിടിച്ചിടും , ഉണങ്ങാന്‍ വേണ്ടി.
            ഉണങ്ങിക്കഴിഞ്ഞ കട്ടില്‍ കാണാന്‍ തന്നെ നല്ല രസമാണ്.നല്ല കുട്ടപ്പന്‍ കട്ടില്‍.വെയിലേറ്റ് ചൂടുള്ളത് കാരണവും മുറ്റത്തിട്ടത് കാരണവും അതില്‍ കയറി കിടക്കാന്‍ തോന്നും.പക്ഷേ നമ്മുടെ ദേഹത്തെ ചെളി അതിലേക്ക് പറ്റുമോ എന്ന ശങ്കയാല്‍ അങ്ങനെ ചെയ്യാറില്ല.ബാപ്പയും ഈ കട്ടില്‍ കഴുകലില്‍ ഞങ്ങളുടെ കൂടെ ഉണ്ടാകാറുണ്ടായിരുന്നു.ബാപ്പ ശക്തിയില്‍ ഉരക്കുന്നത് കാരണം ചെളി നന്നായി ഇളകിപ്പോരുകയും ചെയ്യും.
          ഇന്ന് ഈ നനച്ചുകുളി നോമ്പിന്റെ ഒരു മാസം മുമ്പ് തന്നെ നടന്നിരിക്കും.അതിനാല്‍ ഇതിന് പ്രത്യേകിച്ച് ഒരു പ്രാധാന്യം തോന്നാറില്ല.നനച്ചുകുളി എന്ന് കുട്ടികളോട് പറഞ്ഞാല്‍ തന്നെ മനസ്സിലാകുന്നില്ല.മാത്രമല്ല കട്ടിലുകളും സോഫയും ഒക്കെ കഴുകുക എന്നത് അവരുടെ സ്വപ്നത്തില്‍ പോലും ഇല്ല.അതൊക്കെ നനക്കാന്‍ പറ്റാത്ത സാധനങ്ങളായിട്ടാണ് അവരുടെ ധാരണ.കാലം അത്രയും മാറി.പഴയ തലമുറ ഇപ്പോഴും ഈ ആചാരം തുടരുന്നു.

Thursday, July 19, 2012

“പൊതുനിരത്തില്‍ മൂത്രമൊഴിച്ചാല്‍ 100 രൂ‍പ പിഴ“

                 ഇന്ന് രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട വാര്‍ത്ത എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു. “പൊതുനിരത്തില്‍ മൂത്രമൊഴിച്ചാല്‍ 100 രൂ‍പ പിഴ“ എന്നായിരുന്നു വാര്‍ത്ത.തൊട്ടുതാഴെ “മാലിന്യമെറിഞ്ഞാല്‍ 200 ” എന്നും.
                 മറ്റുള്ളവര്‍ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു എന്ന് ഒട്ടും ശ്രദ്ധിക്കാതെ പൊതുനിരത്തിലേക്ക് മലിനജലവും വീട്ടു മാലിന്യങ്ങളും നിര്‍ബാധം ഒഴുക്കി വിടുന്നത് ഇന്ന് ഒരു ശീലമായിരിക്കുന്നു.എനിക്ക് ഇവ നിക്ഷേപിക്കാന്‍ ഒരു സ്ഥലം വേണ്ടേ എന്നാണ് ഇതിനെതിരെ പലരുടേയും ചോദ്യം. സ്വന്തം വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ അതൊന്നും ശ്രദ്ധിക്കാതെ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം സ്വീകരിക്കുക എന്നതാണ് പലരുടേയും ശൈലി.എന്നിട്ടതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യും.
                  മേല്‍ വാര്‍ത്ത എന്നെ ഏറെ സന്തോഷിപ്പിക്കാന്‍ ഇനിയും കാരണങ്ങള്‍ ഉണ്ട്.ഞാന്‍ നടക്കുന്ന വഴിയിലേക്ക് പല വീടുകളില്‍ നിന്നും മലിനജലം ഒഴുക്കി വിടുന്നുണ്ട്.അതേ വഴിയിലൂടെ നടക്കുന്ന പഞ്ചായത്ത് മെംബറും ഇത് കാണുന്നുണ്ട്.ഒരു ദിവസം കയ്യോടെ പിടിച്ച് അദ്ദേഹത്തെ ഇതിനെതിരെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് പറയാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.ഇനി ഒരു ഒഴിവ്കഴിവ് പറയാന്‍ ആ വീട്ടുകാര്‍ക്കോ പരാതി കേള്‍ക്കാതിരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ മെന്മ്പര്‍ക്കോ സാധ്യമല്ല.
                  മറ്റൊരു സന്തോഷം രണ്ടാഴ്ച മുമ്പ് ഞാന്‍ ഇതേപറ്റി ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു എന്നതാണ്.ഇപ്പോള്‍ എന്റെ വേവലാതി എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശമായി തന്നെ പുറത്ത് വന്നിരിക്കുന്നു.സന്തോഷം.പക്ഷേ എല്ലാ നിയമങ്ങളേയും പോലെ വെറുതെ ഒരു നിയമം എന്നതിലുപരി മുഖം നോക്കാതെയുള്ള മറുപടി ഇത്തരം സാമൂഹ്യതിന്മകള്‍ക്കെതിരെ സ്വീകരിക്കണം എന്നാണ് വിനീതമായ അഭ്യര്‍ത്ഥന. ഈ നിയമത്തിന്റെ ശരിയായ പാലനം സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഉറപ്പുവരുത്തും എന്ന് പ്രത്യാശിക്കുന്നു.

Wednesday, July 18, 2012

എന്‍.എസ്.എസ്.വാര്‍ഷിക സംഗമം

               നാഷണല്‍ സര്‍വീസ് സ്കീം , ഗവ.എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് യൂണിറ്റിന്റെ വാര്‍ഷിക സംഗമവും വിവിധ ദേശീയ-സംസ്ഥാന-ജില്ലാ തല ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ക്കും മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ വളണ്ടിയര്‍ സെക്രട്ടറിമാരുടെ സ്ഥാനാരോഹണവും വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു.പുതിയ വളണ്ടിയര്‍മാരുടെ സാന്നിദ്ധ്യവും പ്രോഗ്രാമുകളിലെ പങ്കാളിത്തവും കൊണ്ട് ചരിത്രം സൃഷ്ടിച്ച വാര്‍ഷിക സംഗമമായിരുന്നു ഇത്തവണത്തേത്.2012-13 വര്‍ഷത്തേക്കുള്ള വളണ്ടിയര്‍ സെക്രട്ടറിമാരായി അഞ്ചാം സെമെസ്റ്റെര്‍ സിവില്‍ വിദ്യാര്‍ത്ഥി ഹിഷാം.സി.കെ , അഞ്ചാം സെമെസ്റ്റെര്‍ കെമിക്കല്‍ വിദ്യാര്‍ത്ഥിനി അശ്വതി എന്നിവരെ തെരഞ്ഞെടുത്തു.

Tuesday, July 17, 2012

സാരല്ല്യ...ഒബാമജീ...!!!

ഇന്നലെ ഒബാമ വന്ന് ട്വീറ്റിയത്.....
Obama 2012 @Obama2012 10 Jul

“Yesterday, I called on Congress to immediately stop that tax hike for 98% of Americans.”—President Obama               ഞാന്‍ പറഞ്ഞു , അതൊന്നും പ്രശ്നമാക്കണ്ടാന്ന്.ഇവിടെ കോണ്‍ഗ്രസ്സിനോടും കമ്മ്യൂണിസ്റ്റിനോടും ബി.ജെ.പി യോടും ഒക്കെ നമ്മളും പറയുന്നതാ.ഒരുത്തനും മൈന്റ് ചെയ്യില്ല.ഒബാമ ജി ആദ്യമായിട്ട് പ്രെസിഡന്റാവുന്നത് കൊണ്ടുള്ള പ്രശ്നമാ ഇതൊക്കെ...അതൊണ്ട് സാരല്ല്യ. മിണ്ടാതിരി ന്ന്...ഇത്രേല്ലേ ഒരു നല്ല സുഹൃത്ത് എന്ന നിലക്ക് നമ്മള്‍ക്ക് ട്വീറ്റാന്‍ പറ്റൂ..... 

വീണ്ടും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍

നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ (എഞ്ചിനീയറിംഗ് കോളേജ് & പോളിറ്ടെക്നിക് കോളേജ്) കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്ററായി എന്നെ വീണ്ടും തെരഞ്ഞെടുത്ത വിവരം സസന്തോഷം ബൂലോകരുമാ‍യി പങ്കിടുന്നു.

Sunday, July 15, 2012

പരിഹാരം ഉണ്ടോ?

                  ബ്ലോഗ് തുടങ്ങുന്ന കാലം മുതല്‍ ഈ അടുത്തകാലം വരെ മിക്കവരുടേയും ബ്ലോഗ് അഡ്രസ് ബ്ലോഗ്സ്പോട്ട്.കോം എന്നായിരുന്നു.ഈ അടുത്ത കാലത്ത് അത് ബ്ലോഗ്സ്പോട്ട്.ഇന്‍ ആയി മാറിയതോടെ അതിന്റേതായ പൊല്ലാപ്പുകളും തുടങ്ങി.

                 രാത്രിയായാല്‍ എന്റെ നെറ്റ് കണക്ഷന്‍ പിന്നെ ലൂസ് കണക്ഷന്‍ ആണ്.സൈറ്റ് അഡ്രസ് ടൈപ്പി ക്ലിക്ക് ചെയ്യുമ്പോഴേക്കും മോഡത്തിലെ ലിങ്ക് എല്‍.ഇ.ഡി കെട്ടുപോകും. അപ്പോള്‍ ഡാറ്റ എല്‍.ഇ.ഡിയും അവന്റെ കൂടെ പോകും.അതോടെ കണക്ഷന്‍ അതിന്റെ പാട്ടിനും പോകും.എന്നിട്ട് എന്റെ മുമ്പിലേക്ക് വലിയൊരു ഉപന്യാസം ഇട്ടു തരും.അതിന്റെ അടിയില്‍ “ട്രൈ അഗൈന്‍” എന്ന സാരോപദേശവും ഉണ്ടാകും.ഞാന്‍ ട്രൈ ചെയ്തുകൊണ്ടേ ഇരിക്കും, പണ്ട് സര്‍ഫിന്റെ പരസ്യത്തില്‍ പറഞ്ഞത് തിരഞ്ഞു കൊണ്ടേ ഇരിക്കും എന്നായിരുന്നു.ഇന്ന് എന്റെ ബ്രൌസര്‍ ‘കണക്ടിംഗ്’‘ എന്ന് കാണിച്ചുകൊണ്ട് തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു!

                 അപ്പോഴാണ് ഞാന്‍ അതിന്റെ അഡ്രസ് നോക്കിയത്.അവിടെ ഇന്‍ വേണ്ടിടത്ത് കോം കിടക്കുന്നു!അത് റെഡിയാക്കി വരുമ്പോഴേക്കും ലിങ്കും ഡാറ്റയും അവരുടെ വഴിക്ക്  പോയിട്ടുണ്ടാകും.ചില സമയത്ത് കോം വര്‍ക്ക് ചെയ്യുകയും ചെയ്യും (ഇതെന്താ വെള്ളരിക്ക പട്ടണമോ എന്ന് അപ്പോള്‍ തോന്നിപ്പോകും)ബൂലോകത്താര്‍ക്കെങ്കിലും ഇതിന് ഒരു മരുന്ന് നിര്‍ദ്ദേശിക്കാനുണ്ടോ?ഇന്നും കോമും തമ്മിലുള്ള ഈ കോമാളിക്കളിക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ?

Saturday, July 14, 2012

പ്രസവിക്കാത്ത അമ്മ ആര്‍?

“ ഉപ്പച്ചീ...ഇന്ന് മേം ഒരു ചോദ്യം ചോദിച്ചു...” രണ്ടാം ശനിയാഴ്ചയായിട്ടും ക്ലാസ്സില്‍ പോകേണ്ടി വന്ന മോള്‍ കയറി വന്നത് സ്കൂള്‍ വിശേഷങ്ങളുമായിട്ടായിരുന്നു.

“ങാ...നീ അതിന് ഉത്തരവും പറഞ്ഞു....അത്രേയല്ലേ ഉള്ളൂ...കഥ കഥ കസ്തൂരി....” ഞാന്‍ അവളെ ഒന്ന് ചൊടിപ്പിക്കാന്‍ ശ്രമിച്ചു.

“ഈ....ഉപ്പച്ചി...ചോദ്യം ഞാന്‍ പറയട്ടെ....” മോള്‍ വിട്ടില്ല.

“ആ...കേള്‍ക്കട്ടെ...”

“പ്രസവിക്കാത്ത അമ്മ ആരെന്ന്?”

ദൈവമെ , ചോദ്യത്തിന്റെ ഉത്തരമായി കല്യാണം കഴിച്ചിട്ടും ഇതുവരെ പ്രസവിക്കാത്ത അപ്പുറത്തെ വീട്ടിലെ ചെറിമുവിന്റെ പേരെങ്ങാനും ഇവള്‍ പറഞ്ഞോ എന്ന് ഒരു നിമിഷം ഞാന്‍ ഓര്‍ത്തുപോയി.
“നീ എന്ത് പറഞ്ഞു..?”

“ഭൂമീന്ന്...”

“ഭൂമിയോ ? അതെങ്ങനെ...?”

“ഭൂമിയെ എല്ലാവരും അമ്മ എന്ന് വിളിക്കുന്നു....”

“ഓ...ശരി...പക്ഷേ.....???” ഉത്തരം കൃത്യമാവാത്തതിനാല്‍ ഞാന്‍ ഒരു സംശയം പ്രകടിപ്പിച്ചു.

“പിന്നെ ഭൂഗര്‍ഭം എന്ന് ഉപ്പച്ചി കേട്ടിട്ടില്ലേ...ഗര്‍ഭമുള്ള പെണ്ണുങ്ങള്‍ എല്ലാവരും പ്രസവിച്ചിട്ടും ഭൂമി ഒരു കുട്ടിയെ പ്രസവിച്ചത് ഞാനിതുവരെ കേട്ടിട്ടില്ല...!!!!”

Reduce,Reuse and Recycle

                ചില അനുഭവങ്ങള്‍ മനസ്സില്‍ മായാതെ പായലായി കെട്ടിക്കിടക്കും.പ്രത്യേകിച്ചും നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങളാകുമ്പോള്‍.ഞാനിത് പറയുമ്പോള്‍ പലര്‍ക്കുമുണ്ടായ നല്ല അനുഭവങ്ങളും ദുരനുഭവങ്ങളും മനസ്സില്‍ തികട്ടി വരുന്നുണ്ടാകും.അതെല്ലാം ഈ ബൂലോകത്തേക്കങ്ങ് ചര്‍ദ്ദിച്ചേക്കുക.നിങ്ങളുടെ ചര്‍ദ്ദില്‍ മറ്റുള്ളവരുടെ സദ്യ ആകുന്നത് ബൂലോകത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് കൂടി ഓര്‍മ്മിക്കുക.

               ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ സ്ഥിരം കോഴിമുട്ട വാങ്ങുന്ന കടയില്‍ മുട്ട വാങ്ങാനായി ഞാന്‍ കയറി.വര്‍ഷങ്ങളായി എനിക്ക് മുട്ട തന്നിരുന്നവന്‍ മാറി അല്പം വയസ്സായ ഒരാളാണ് അന്ന് അവിടെ ഉണ്ടായിരുന്നത്.കൃത്യം അതിന് മുന്‍പത്തെ തവണ മുട്ട വാങ്ങിയപ്പോള്‍ അദ്ദേഹം എന്നോട് എന്റെ കുടുംബത്തെപറ്റിയും ജോലിയെപറ്റിയും മറ്റും എല്ലാം ചോദിച്ചിരുന്നു.എന്നെ കണ്ടാല്‍ ഒരു നാല്പത് വയസ്സെങ്കിലും തോന്നിക്കും എന്നതിനാല്‍ (അതു തന്നെയാണ് എന്റെ വയസ്സ്) കല്യാണാലോചനക്കല്ല അദ്ദേഹം അത് ചോദിച്ചത് എന്ന് എനിക്ക് വ്യക്തമാ‍യിരുന്നു.പക്ഷേ അദ്ദേഹം ചോദിച്ച കൂട്ടത്തില്‍ ഞാന്‍ ഒരു കാര്യം കൂടി ചേര്‍ത്തു പറഞ്ഞു.ആ കടയുടെ മുതലാളിയുടെ ഏറ്റവും അടുത്ത അയല്‍‌വാസിയാണ് ഞാന്‍ എന്ന സത്യം.അത് പറഞ്ഞത് മറ്റൊന്നിനുമല്ല , മുട്ട തരുമ്പോള്‍ അതില്‍ പൊട്ടിയതും വിണ്ടതും ഒക്കെ ഉണ്ടെങ്കില്‍ മാറ്റി തരാനുള്ള ഒരു മനസ്സ് ഉണ്ടാകാന്‍ വേണ്ടി മാത്രമാണ്.

                ഇത്തവണ കടയില്‍ ഞാന്‍ ചെന്നപ്പോള്‍ മേല്‍ കക്ഷി മറ്റൊരാള്‍ക്ക് മുട്ട എടുത്തുകൊണ്ടിരിക്കുകയായിരുന്നു.കടയില്‍ പുതുതായി വന്ന പയ്യന്‍ എന്നോട് ചോദിച്ചു.
“എത്ര മുട്ട വേണം ?”

“പത്തെണ്ണം...” ഞാന്‍ സ്ഥിരം വാങ്ങുന്ന നമ്പര്‍ പറഞ്ഞു.

                  ഉടന്‍ ആ പയ്യന്‍ എല്ലാവര്‍ക്കും കൊടുക്കുന്ന പോലെ ഒരു പ്ലാസ്റ്റിക് കീസില്‍ പേപ്പര്‍ എടുത്ത് വയ്ക്കാന്‍ തുടങ്ങി.എന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടോ മറ്റോ ഒറിജിനല്‍  കടക്കാരന്‍ പയ്യന്റെ അടുത്തേക്ക് വന്ന് ചെവിയില്‍ മന്ത്രിച്ചു -
“അതവിടെ വച്ചേക്ക്...അയാള്‍ മുട്ട കടലാസില്‍ പൊതിഞ്ഞേ കൊണ്ടു പോകൂ....”

                    എനിക്കപ്പോള്‍ വല്ലാത്ത ഒരു സന്തോഷം തോന്നി.കഴിഞ്ഞ തവണ അയാള്‍ എന്നെ വിസ്തരിച്ച് പരിചയപ്പെടാനുള്ള കാരണവും അപ്പോള്‍ എനിക്ക് മനസ്സിലായി.എല്ലാവരും ഒന്നിലധികം കീസുകള്‍(പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍) ആവശ്യപ്പെടുമ്പോള്‍ അതു വേണ്ടേ വേണ്ട എന്ന് പറയുന്നവനെ ആരും നോട്ട് ചെയ്യുമല്ലോ.

                        ബൂലോകരോടും  എനിക്ക് പറയാനുള്ളത് ഇത് തന്നെ - പ്ലാസ്റ്റിക് സംബന്ധമായ         3 R-കള്‍..... Reduce,Reuse and Recycle.പ്ലാസ്റ്റിക്ക് ഉപയോഗം കഴിയുന്നത്ര കുറക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.


Friday, July 13, 2012

വയറിളകിയവനും പേയിളകിയവനും...

ശ്രവണസഹായിയുടെ റിപ്പയറിംഗിനായി പോക്കരാക്ക അത് വാങ്ങിയ ഡോക്ടറെ തന്നെ സമീപിച്ചു.
ഡോക്ടര്‍: എന്താ പ്രശ്നം ?
പോക്കരാക്ക : വയറിളകി...
ഡോക്ടര്‍:ഫൂ....അതിനിങ്ങോട്ടാണോ കെട്ടി എടുക്കുക ?
പോക്കരാക്ക : പിന്നെ എങ്ങോട്ടാ?
ഡോക്ടര്‍:വല്ല കക്കൂസിലും കൊണ്ടു തള്ള്....
പോക്കരാക്ക : ശ്രവണസഹായിയുടെ വയറിളകിയാലോ ?
ഡോക്ടര്‍:ഓഹ്...എന്നാല്‍ അതങ്ങ് ആദ്യമേ പറഞ്ഞു കൂടേ?
പോക്കരാക്ക : വയറിളകി വന്നവന്റെ അടുത്ത് പേയിളകിയവനെപ്പോലെ കുരച്ച് ചാടിയാല്‍ എങ്ങനെയാ ഇത് പറയാ????

പുലരുമോ ആ സ്വപ്നം എന്നെങ്കിലും?

“ചെയ്‌തുകൊടുത്ത നന്മകളും അനുഭവിച്ച ഉപദ്രവങ്ങളും ഓര്‍ത്തുവെക്കരുത്‌' . സങ്കടങ്ങളില്ലാതെ ജീവിക്കാനും അസ്വസ്ഥതയില്ലാതെ മുന്നേറാനുമുള്ള നല്ല മാര്‍ഗമാണത്‌.“

ഇന്ന് എനിക്ക് കിട്ടിയ ഒരു മെയിലിലെ വാക്കുകളാണിവ. ഈ ഒരു വിചാരം മനുഷ്യരുടെ മനസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര സുന്ദരമായിരിക്കും ഈ ലോകം? പുലരുമോ ആ സ്വപ്നം എന്നെങ്കിലും?

Thursday, July 12, 2012

പുലിവാല്‍ മൊഴിമാറ്റം

                        പല വാക്യങ്ങളും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റാന്‍ ബൂലോകത്തെ പലരിലൂടെയും ബൂലോകരല്ലാത്ത  പലരിലൂടെയും അവസരം ലഭിക്കാറുണ്ട്.എന്റെ ബ്ലോഗ് ടൈറ്റിലിന് താഴെ പറഞ്ഞ പോലെ എന്റെ ഭാഷയും ശൈലിയും കൂടി തേച്ചുമിനുക്കാന്‍ സാധിക്കും എന്നതിനാല്‍ അത്തരം അവസരങ്ങള്‍ ഒന്നും ഞാന്‍ തട്ടിക്കളയാറില്ല.ഇപ്പോള്‍ ഏറ്റവും അവസാനം എനിക്ക് കിട്ടിയ ഒരു ‘പണി’ അല്ലെങ്കില്‍ ഞാന്‍ പിടിച്ച ഒരു പുലിവാല് ഇതാ താഴെ.....

                   ‘സംഗീതത്തിന്റെ മാസ്മരികലോകം അലങ്കാര പൂരിതമാക്കുന്ന സപ്തസ്വരങ്ങളില്‍ , വേദനകളില്‍ സാന്ത്വനമാകുന്ന, ചിന്തയില്‍ കുളിര് നിറക്കുന്ന പ്രപഞ്ചനാദപ്രവാഹങ്ങളില്‍ അലിഞ്ഞ് ചേരുക എന്ന ആഗ്രഹം മനസ്സ് നിറയെ ആനന്ദാമൃതം തൂകുന്ന മഹാവൃധികളില്‍ ഒന്നാകുമ്പോള്‍ ആ സ്വരസാഗരത്തിന്റെ തെളിമയില്‍ നോക്കി ഇരിക്കാനെങ്കിലും ഭാഗ്യം സിദ്ധിച്ച ആസ്വാദക എന്ന നിലയില്‍ എന്റെ ചിന്തകളേയും, ആ മധുരിമ നുകരാന്‍ ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ എളിയ ശബ്ദ ശകലങ്ങളേയും പങ്കുവയ്ക്കാന്‍ ഒരു ശ്രമം നടത്തുകയാണിവിടെ.....’

                കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി(കൂടുതലൊന്നും മനസ്സിലാകാത്തതിനാല്‍). ചെയ്തപ്പോള്‍ അതിലേറെ സന്തോഷം തോന്നി (മനസ്സിലായത് ട്രാന്‍സ്‌ലേറ്റ് ചെയ്തപ്പോള്‍ ഇതിന്റെ നാലിലൊന്ന് ആയി ചുരുങ്ങി!).ഇത് അയക്കുകയും കൂടി ചെയ്താല്‍ കിട്ടുന്നവര്‍ക്കും പെരുത്ത് സന്തോഷാകും എന്ന് തീര്‍ച്ച(അധികം ടൈപ് ചെയ്യേണ്ടല്ലോ).

                 ഇംഗ്ലീഷില്‍ പ്രാവീണ്യം നേടാന്‍ ഇത്തരം അഞ്ച് പേരഗ്രാഫുകള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്താല്‍ മാത്രം മതിയാകും എന്ന് എന്റെ ഒരു സുഹൃത്ത് പറയുന്നതില്‍ സത്യം ഇല്ലാതില്ല.നിങ്ങള്‍ക്കും ശ്രമിക്കാം.ട്രാന്‍സ്‌ലേറ്റ്  ചെയ്ത് കിട്ടിയത് ഇംഗ്ലീഷില്‍ തന്നെ കമന്റ് ബോക്സില്‍ നിക്ഷേപിക്കുക.

പോലീസിന്റെ ഹലോട്യൂണ്‍

                  ‘ഹാര്‍ട്ട് ടു ഹാര്‍ട്ട് ‘ സംസ്ഥാനതല കാമ്പയിനിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കാനായി അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ.പി.സി.സജീവന്‍ സാറെ മൊബൈല്‍ ഫോണില്‍ വിളിച്ച ഞാന്‍ ഒന്ന് ഞെട്ടി.കാരണം എന്നോട് അല്പ നേരം സംസാരിച്ചത് ‘കമ്മീഷണര്‍‘ ആയിരുന്നു!ആ സംസാരം ഇങ്ങനെ.


“ദയവായി ശ്രദ്ധിക്കുക.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്.4000-ത്തിലധികം പേര്‍ പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ മരിക്കുന്നു.ഇരുചക്ര വാഹനയാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക.മദ്യപിച്ച് വാഹനം ഓടിക്കാനേ പാടില്ല.വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കരുത്.അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കാതിരിക്കുക.കാല്‍നടയാത്രക്കാര്‍ സീബ്രാലൈനില്‍ കയറിയാല്‍ വാഹനം നിര്‍ത്തിക്കൊടുക്കുക.നമ്മള്‍ മൂലം ഒരു വാഹനാപകടം ഉണ്ടാകില്ലെന്ന് തീരുമാനിക്കുക’


കൃത്യം ‘കമ്മീഷണര്‍‘  സുരേഷ് ഗോപിയുടെ സംസാരം കഴിഞ്ഞപ്പോള്‍ സജീവന്‍ സാര്‍ ഫോണെടുത്തു.വളരെ നല്ല ഒരു ബോധവല്‍ക്കരണ പരിപാടിയായി ഈ റിംഗ്‌ടോണ്‍ എനിക്ക്  അനുഭവപ്പെട്ടു.പക്ഷേ ഇതു കേള്‍ക്കണമെങ്കില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിക്കണം എന്നതാണ് അവസ്ഥയെങ്കില്‍ പോലീസുകാര്‍ അല്ലാതെ (അതും സംശയമാ) അധികമാരും കേള്‍ക്കാന്‍ സാധ്യതയില്ല എന്ന് തോന്നുന്നു.മാത്രമല്ല മറ്റൊരാളെ കേള്‍പ്പിക്കാന്‍ വേണ്ടി വെറുതെ ഡയല്‍ ചെയ്യാനും പറ്റാത്ത ഒരവസ്ഥയിലാണ് ഇത് കേട്ട എന്നെപ്പോലെയുള്ള പലരും എന്നതിനാല്‍ ഈ ബോധവല്‍ക്കരണ പരിപാടിക്ക് ഒരു ജനകീയ മുഖം നല്‍കാന്‍ മറ്റു വഴിക്ക് ശ്രമിക്കേണ്ടതാണ്.

Wednesday, July 11, 2012

അപ്പോള്‍ നാളെ ?????

അന്ന്:-

എന്റെ കുട്ടിക്കാലത്ത് വീട്ടിലെ വേലക്കാരിയോടൊപ്പം ഡോക്ടറുടെ അടുത്ത് പോയി തിരിച്ചു പോരുമ്പോള്‍ ദൂരെ പോലീസിനെ കണ്ട് പേടിച്ച് വിറച്ചത് ഇന്നും ഓര്‍മ്മയില്‍ വരുന്നു.അന്ന് പോലീസിനെ ചൂണ്ടിക്കാട്ടിയപ്പോള്‍ എന്നെ വിലക്കിക്കൊണ്ട് വേലക്കാരി പറഞ്ഞു.

“പോലീസിനെ ചൂണ്ടി കാണിക്കരുത്..”
“അതെന്താ?” മനസ്സിലാകാത്തതിനാല്‍ ഞാന്‍ ചോദിച്ചു.
“അതവരെ കളിയാക്കുകയാണെന്ന് അവര്‍ തെറ്റിദ്ധരിക്കും!!!”
ഇപ്പോഴും ഇതിന്റെ പൊരുള്‍ എനിക്ക് പിടികിട്ടിയിട്ടില്ല.

ഇന്ന്:-

‘മലദ്വാരത്തില്‍ കമ്പികയറ്റുന്ന സുകുമാരാ....’ എന്ന്, പോലീസ് സ്റ്റേഷനില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് ഒരു ഉന്നതപോലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി വിളിക്കാന്‍ എന്റെ ബാല്യക്കാലത്തേക്കാളും പോലീസിനെപ്പേടിയുണ്ടായിരുന്ന ഒരു കാലം പിന്നിട്ട് വന്ന നേതാവ് ധൈര്യപ്പെടുന്നു.

അപ്പോള്‍ നാളെ ?????

നിലാവെളിച്ചത്തിന്റെ തോഴന്‍

വളരെക്കാലത്തിന് ശേഷം വീട്ടില്‍ നേരത്തെ എത്തിയപ്പോള്‍  മകള്‍ എന്റെ ഭാര്യയോട്.....

“ഉമ്മച്ചീ....നിലാവെളിച്ചത്തിന്റെ തോഴന്‍ ഇതാ സൂര്യപ്രകാശത്തില്‍....!!!”

Tuesday, July 10, 2012

‘ഹാര്‍ട്ട് റ്റു ഹാര്‍ട്ട് ‘ ഉത്ഘാടനം ചെയ്തു.

             കേരളാ സ്റ്റേറ്റ് എയ് ‌ഡ്‌സ് കണ്‍‌ട്രോള്‍ സൊസൈറ്റിയും നാഷണല്‍ സര്‍വീസ് സ്കീമും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രോജക്ട് ട്രസ്റ്റും സംയുക്തമായി കലാലയങ്ങളിലെ റെഡ് റിബ്ബണ്‍ ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഹാര്‍ട്ട് ടു ഹാര്‍ട്ട് ‘ എന്ന സന്നദ്ധ രക്തദാന പ്രചരണ പരിപാടിയുടെ സംസ്ഥാനത്തെ ജില്ലാതല ഉത്ഘാടനം ഇന്ന് എന്റെ കോളേജില്‍ വച്ച് നടന്നു.അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ.പി.സി.സജീവന്‍ രക്തം ദാനം ചെയ്തുകൊണ്ടാണ് പ്രചരണ പരിപാടി ഉത്ഘാടനം ചെയ്തത്.

               
                  തുടര്‍ന്ന് പെണ്‍കുട്ടികളടക്കം അന്‍പതോളം വിദ്യാര്‍ഥികള്‍ രക്തദാനം നടത്തി.കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ രക്തബാങ്കിലേക്കാണ് രക്തം ദാനം ചെയ്തത്.പരിപാടിയോടനുബന്ധിച്ച് ശ്രീ.വിനോദ് നാറാണത്തിന്റെ ‘ക്വിറ്റി ഷോ’ യും നടന്നു.സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഷോ കാണികളെ ഹരം കൊള്ളിച്ചു.



               
                  കോഴിക്കോട് ജില്ലയിലെ മുപ്പതോളം കാമ്പസുകളില്‍ കാമ്പയിനിന്റെ ഭാഗമായി ക്വിറ്റി ഷോയും രക്തദാന ക്യാമ്പും നടത്തപ്പെടും.കാമ്പയിന്‍ വിജയിപ്പിക്കണമെന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ഥിക്കുന്നു.


ഹാര്‍ട്ട് ടു ഹാര്‍ട്ട്

കേരളാ സ്റ്റേറ്റ് എയ് ‌ഡ്‌സ് കണ്‍‌ട്രോള്‍ സൊസൈറ്റിയും നാഷണല്‍ സര്‍വീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന സന്നദ്ധ രക്തദാന പ്രചരണ പരിപാടിയുടെ സംസ്ഥാനത്തെ ജില്ലാതല ഉത്ഘാടനം ഇന്ന് എന്റെ കോളേജില്‍ വച്ച് നടക്കും.ഈ സദുദ്യമത്തിന് തുടക്കം കുറിക്കാന്‍ ഞാന്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായ എന്റെ കോളേജ് റെഡ് റിബ്ബണ്‍ ക്ലബ്ബ് തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം ബൂലോകര്‍ക്കൊപ്പം പങ്കുവയ്ക്കുന്നു.
ഇന്ന് മാതൃഭൂമി , ഇന്ത്യന്‍ എക്സ്പ്രെസ്സ് പത്രങ്ങളില്‍ വന്ന പരസ്യം താഴെ.


Sunday, July 01, 2012

ഇതോ ദൈവത്തിന്റെ സ്വന്തം നാട്? - 2



                 ലോകത്തില്‍ ദിവസവും രണ്ടോ അതിലധികമോ തവണ കുളിക്കുന്ന ഒരേ ഒരു ജന്തു വിഭാഗമേ ഉള്ളൂ.അത് കേരളത്തില്‍ താമസിക്കുന്ന ഞാനും നിങ്ങളുമടക്കമുള്ള മലയാളികള്‍ മാത്രമാണ്. സ്വന്തം ദേഹത്ത് ചെളി പുരളുന്നതും വസ്ത്രത്തില്‍ പൊടിപറ്റുന്നതും ഏറ്റവും അസഹനീയമായി തോന്നുന്നതും ഈ മലയാളിക്ക് മാത്രം. വ്യക്തി ശുചിത്വത്തില്‍ നാം അത്രയും പ്രബുദ്ധരാണ് എന്നര്‍ത്ഥം.

                   എന്നാല്‍ ഈ മലയാളക്കരയില്‍ തന്നെയാണ് പരിസരമലിനീകരണം ഏറ്റവും കൂടുതലുള്ളതും എന്നത് വിരോധാഭാസമത്രെ.പൊതുസ്ഥലങ്ങളിലേക്ക് കണ്ണും മൂക്കും പൊത്താതെ പോകാന്‍ വയ്യ എന്ന അവസ്ഥ ഇന്ന് എത്തിയെങ്കില്‍, അടുത്ത ഭാവി എന്തായിരിക്കും എന്നത് മുന്‍‌കൂട്ടി കണ്ടേ മതിയാകൂ.ഈ അവസ്ഥ വരുത്തിവച്ചത് നാം തന്നെയായതിനാല്‍ പരിസരം മലിനപൂരിതമായാല്‍ ഇനി അവനവന്റെ പറമ്പ് തന്നെയായിരിക്കും മാലിന്യ നിക്ഷേപത്തിന്റെ സ്ഥലം എന്നത് നാം ഞെട്ടലോടെ സ്വീകരിക്കേണ്ട ഒരു വസ്തുത കൂടിയാണ്.

                   ഇക്കഴിഞ്ഞ ദിവസം കേരള തലസ്ഥാനമായ തിരുവനതപുരത്തിന്റെ ഹൃദയ ഭാഗത്തുള്ള(തമ്പാനൂരില്‍ തന്നെ) ചില പോക്കറ്റ് റോഡുകളിലൂടെ വെറുതെ ഒന്ന് കറങ്ങി.കെ.എസ്.ആര്‍.ടി.സി സ്റ്റേഷനോട് ചേര്‍ന്ന ഒരു തോട് (ഇപ്പോള്‍ അത് ഒഴുകുന്നില്ല) പ്ലാസ്റ്റിക്ക് കുപ്പികളെക്കൊണ്ടും കവറുകളെക്കൊണ്ടും നിറഞ്ഞ് നില്‍ക്കുന്നത് കണ്ടു.ഈ രൂപത്തില്‍ പ്ലാസ്റ്റിക് നിക്ഷേപം തുടര്‍ന്നാല്‍ 5 വര്‍ഷത്തിനകം ഒരാള്‍ ആഴത്തിലുള്ള ആ തോട് തൂര്‍ന്ന് പോകും എന്നതില്‍ സംശയമില്ല.ഇപ്പോള്‍ തന്നെ ഒരു ശുചീകരണ പ്രവര്‍ത്തനത്തിന് മുതിര്‍ന്നാലും ആരും അതിലേക്കിറങ്ങാന്‍ ധൈര്യപ്പെടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.തൊട്ടടുത്ത് ടൌണിന്റെ ഹൃദയ ഭാഗത്ത് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ പണി നടക്കുന്ന സ്ഥലത്ത് റോഡിനോട്‌ ചാരി സ്ഥാപിച്ച ബാരിക്കേടുകളുടെ അടുത്ത് കൂടിയും നടക്കാന്‍ പറ്റാത്ത വിധത്തില്‍ മലിനജലം ഒഴുകിക്കൊണ്ടിരിക്കുന്നു.മൂക്കുപൊത്താതെ അതു വഴി നടന്നുപോകാന്‍ സാധിക്കുന്നേ ഇല്ല.ഞാന്‍ അതിലൂടെ നടക്കുന്ന സമയത്ത് സ്പീക്കര്‍ ശ്രീ.ജി.കാര്‍ത്തികേയന്‍ തൊട്ടടുത്ത തീയേറ്ററില്‍ സ്റ്റേറ്റ് കാറില്‍ വന്നിറങ്ങി.ആ രണ്ടടി ദൂരം നടന്നാണ് വന്നിരുന്നതെങ്കില്‍ അദ്ദേഹത്തിനും തലസ്ഥാനത്തിന്റെ ഈ ‘ഗന്ധം’ അറിയാമായിരുന്നു.കാറില്‍ തലങ്ങും വിലങ്ങും പായുന്ന മന്ത്രിപുംഗവന്മാര്‍ക്ക് സാധാരണ ജനം ഉണ്ടാക്കുന്നതും നിരപരാധികളായ അനേകം പേര്‍ അനുഭവിക്കുന്നതുമായ ഈ പ്രശ്നം അറിയാഞ്ഞിട്ടല്ല, അറിവില്ലായ്മ നടിക്കുകയാണ് എന്ന് തീര്‍ച്ച.

                  പോക്കറ്റ് റോഡുകളിലേക്ക് കയറിയാല്‍ ഇരുട്ടില്‍ പാമ്പ് കിടക്കുന്നപോലെ കുറേ രൂപങ്ങള്‍ കാണാം. മതിലിനോട് ചാരി, നമ്മുടെ നാട്ടുകാരായ വഴിപോക്കര്‍ മൂത്രം ഒഴിച്ചു വിട്ടതാണ്.എത്രയോ ജനങ്ങള്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ റോഡുകളില്‍ മൃഗങ്ങളെപ്പോലെ നിര്‍ലജ്ജം മൂത്രമൊഴിച്ചുപോകാന്‍ എങ്ങനെ ഈ മനുഷ്യര്‍ക്ക് സാധിക്കുന്നു എന്ന് ഞാന്‍ അത്‌ഭുതപ്പെട്ടു.പൊതുസ്ഥലങ്ങളീല്‍ പുകവലിക്കുന്നത് മാത്രമല്ല മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും കാര്‍ക്കിച്ച് തുപ്പുന്നതും എന്തിന് വേസ്റ്റ് പേപ്പര്‍ ഇടുന്നത് പോലും കര്‍ശനമായി നിരോധിക്കേണ്ട ഘട്ടം എത്തിയിരിക്കുന്നു. പരിസരം ശുചീകരിക്കാതെ വ്യക്തി ശുചിത്വം ഉണ്ടായതുകൊണ്ട് പുറം മോടിയേ ഉണ്ടാകൂ.അകം പൊള്ളയായിക്കൊണ്ടേ ഇരിക്കും.

                 പൊതുസ്ഥലങ്ങളെ ആ രൂപത്തില്‍ കാണാതെ സ്വന്തം ശരീരത്തിന്റെ ഭാഗമായി കണ്ടുകൊണ്ട് നമ്മുടെ വൃത്തിബോധത്തെ നാം ഒന്ന് പുനര്‍ നിര്‍വചിക്കേണ്ടിയിരിക്കുന്നു. ഓരോരുത്തനായി തുടങ്ങി വച്ചാല്‍  വലിയൊരു ആസന്ന വിപത്തില്‍ നിന്നും നമുക്കും നമ്മുടെ അടുത്ത തലമുറകള്‍ക്കും രക്ഷപ്പെടാം.
                  (ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ഒരു എളുപ്പ മാര്‍ഗ്ഗം ഇവിടെ ഇട്ടിട്ടുണ്ട് )