Pages

Thursday, September 30, 2021

ക്വിസ്സിന്റെ ലോകത്തെ അരീക്കോടൻ - 3

തുടക്കം (Click here)

ഈയടുത്ത് ഉത്ഘാടനം ചെയ്ത "ഫോട്ടോൺ"' എന്ന സ്കൂളിന്റെ സ്വന്തം സ്റ്റുഡിയോയിൽ വച്ചായിരുന്നു ഫൈനൽ മത്സരം. ആറ് ചോദ്യങ്ങൾ വീതമടങ്ങിയ World around us, Visual round, Quick answer round എന്നിങ്ങനെ മൂന്ന് റൗണ്ടുകൾ. ഒരു ചോദ്യത്തിന് നേരിട്ട് ഉത്തരം പറഞ്ഞാൽ 10 മാർക്കും പാസ് ചെയ്ത് ഉത്തരം പറഞ്ഞാൽ 5 മാർക്കും കിട്ടും. ഒന്നാമത്തെ ടീം ആയതിനാൽ ആദ്യ ചോദ്യം തന്നെ ഞങ്ങളോടായിരുന്നു. കുർദുങ്ങ് ലാ, സോജി ലാ, നാഥു ലാ , ചാങ് ലാ  എന്നതിലെ "ലാ" എന്ത് എന്നായിരുന്നു ചോദ്യം. ഇപ്പറഞ്ഞതെല്ലാം ഓരോ ചുരത്തിന്റെ പേര് ആയതിനാൽ ഒരു ഗസ്സടിച്ചു - ചുരം ! ഉത്തരം ശരിയായിരുന്നു. പത്ത് മാർക്കോടെ ഫൈനൽ റൗണ്ടിൽ ഹരിശ്രീ കുറിച്ചു.

രണ്ടാം ചോദ്യം ടീം ബി യോട് ആയിരുന്നു. ചോലിസ്ഥാൻ എന്ന് പാകിസ്ഥാനിൽ അറിയപ്പെടുന്ന ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ ഒരു സാധനം എന്ത്? ആദ്യമായി കേൾക്കുന്നതാണെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറ് എന്നത് ഒരു ഗസ്സ് നടത്താൻ പ്രചോദനമായി. എല്ലാവരും പാസ് ചെയ്ത് ചോദ്യം ഞങ്ങളിലെത്തി. താർ മരുഭൂമി എന്ന് കാച്ചി . ഉത്തരം കറക്ട് ! 5 മാർക്ക് കൂടി കിട്ടി. ഏഴ് സഹോദരികൾ എന്നറിയപ്പെടുന്ന സ്റ്റേറ്റുകളുടെ (ഒരു കോഡ് പഠിച്ചിരുന്നെങ്കിലും ഓർമ്മ കിട്ടിയില്ല) സഹോദരൻ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് എന്നായിരുന്നു അടുത്ത ചോദ്യം. ഓരോ ടീമും പറഞ്ഞ ഉത്തരങ്ങൾ ശ്രദ്ധിച്ച് കേട്ട് ഒരു സൂപ്പർ ഗസ്സ് നടത്തി - സിക്കിം . ഉത്തരം പെർഫക്ട് ഒ കെ !! സ്കോർ ബോർഡിൽ മാർക്ക് 20.

നാലാമത്തെ ചോദ്യം ഒരു സിനിമയുടെ ഇംഗ്ലീഷിലുള്ള ടാഗ്‌ലൈൻ ആയിരുന്നു. സിനിമയുമായി എനിക്ക് ഒരു ബന്ധവും ഇല്ലെങ്കിലും അതിൽ നൽകിയ 673602 എന്ന പിൻകോഡ് നല്ല പരിചയം തോന്നി. ഉത്തരം കിട്ടാതെ എല്ലാ ടീമുകളും പാസ് ചെയ്ത് ചോദ്യം ഞങ്ങളിലെത്തി. വീണ്ടും ഒരു ഒന്നാം തരം ഗസ്സ് വർക്ക് - എന്ന് നിന്റെ മൊയ്തീൻ. ഉത്തരം അത് തന്നെ !! സ്കോർ കാൽ സെഞ്ച്വറിയിൽ എത്തി. ചോദ്യം അഞ്ച് ഉത്തരം അറിയാവുന്നതായിരുന്നു. അത് ചോദ്യം കിട്ടിയ ടീം തന്നെ ഉത്തരം പറഞ്ഞു. ആറാം ചോദ്യം പണ്ട് കാലത്ത് നമ്മുടെ വഴി വക്കിലുണ്ടായിരുന്ന ഒരു നിർമ്മിതിയെക്കുറിച്ചായിരുന്നു. "ആശ്രയം " എന്നർത്ഥം വരുന്ന ഈ നിർമ്മിതിയുടെ പേര് ആയിരുന്നു ചോദിച്ചത്. ടീം പാസ് ചെയ്ത ചോദ്യത്തിന് ഞങ്ങൾ അത്താണി എന്ന് ഉത്തരം നൽകി. സ്കോർ ബോർഡിൽ 5 മാർക്ക് കൂടി. ആദ്യ റൗണ്ടിൽ തന്നെ 30 മാർക്കോടെ ബഹുദൂരം മുന്നിൽ !!

രണ്ടാം റൗണ്ടിൽ ചിത്രങ്ങൾ തന്ന് അതിനെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു. ഒന്നാം റൗണ്ടിന്റെ റിവേഴ്സ് ഓർഡറിൽ ആയിരുന്നു ചോദ്യം വന്നത്. ആദ്യത്തെ ചിത്രം അഹമ്മദാബാദിൽ ഖിൽജി രാജവംശത്തിലെ ഒരാൾ ഉണ്ടാക്കിയ ഒരു കുളം ആയിരുന്നു. ഞാനാദ്യമായിട്ടാണ് ആ ചിത്രം കാണുന്നത്. ഈ കുളത്തിന്റെ ആകൃതിയിൽ നിന്ന് ട്രേഡ് മാർക്ക് സ്വീകരിച്ച സ്ഥാപനം ഏത് എന്നായിരുന്നു ചോദ്യം. പാസ് ചെയ്ത് ചെയ്ത് അവസാനമായി ഞങ്ങളിലെത്തി. ഒരു താക്കോൽ ദ്വാരം പോലെ തോന്നിയതിനാൽ SBI എന്നങ്ങ് തട്ടി. ഉത്തരം ഡബിൾ ഓകെ !! വീണ്ടും 5 മാർക്ക്. 

രണ്ടാം ചോദ്യത്തിന് ഏതോ ടീം ഉത്തരം നൽകി. മൂന്നാം ചോദ്യത്തിൽ യുദ്ധമുഖത്ത് നിന്നുള്ള കുറെ ഭീകരമായ ഫോട്ടോകൾ ആയിരുന്നു. ഏകദേശം എല്ലാ ക്ലുകളും ചോദ്യത്തിൽ ഉണ്ടായിരുന്നിട്ടും അതും പാസ് പാസ് ആയി ഞങ്ങളിലെത്തി. ഡാനിഷ് സിദ്ദിഖി എന്ന ഉത്തരത്തോടെ വീണ്ടും 5 മാർക്ക്. അടുത്ത ചോദ്യം ഒരു പതാക കാണിച്ച് രാജ്യം പറയാനായിരുന്നു. ചുമ്മാ ഗസ്സടിച്ചെങ്കിലും ഇത്തവണ മുയൽ ചത്തില്ല. റൗണ്ടിലെ അവസാന ചോദ്യം ഞങ്ങളാടായിരുന്നു. ചോദ്യത്തിൽ കാണിച്ച മുഖം എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. പക്ഷെ, ചോദ്യം വളരെ ഈസി ആയിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന ചോദ്യത്തിന് ഏത് പോലീസ് കാരനും ഉത്തരം പറയാമായിരുന്നു. അങ്ങനെ സ്കോർ ബോർഡിൽ 10 മാർക്ക് കൂടി എത്തി. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് 50 മാർക്ക്. രണ്ടാം സ്ഥാനത്തുള്ള ടീമിന് 15  മാർക്കും.

മൂന്നാം റൗണ്ട് ആദ്യം കൈ പൊക്കുന്നവർക്ക് ഉത്തരം പറയാൻ അവസരം നൽകുന്നതായിരുന്നു. വളരെ സിമ്പിളായ, ഓസോൺ സംബന്ധിച്ച ചോദ്യങ്ങൾ. ഭാഗ്യത്തിന് ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ അവസരം കിട്ടി,10 മാർക്കും കിട്ടി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടീമിനും ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയതോടെ അവർക്ക് 25 മാർക്കായി. ബാക്കി 4 ചോദ്യങ്ങൾ മൂന്ന് ടീമിനും ഒന്ന് ക്വിസ് മാസ്റ്റർക്കും കിട്ടി. അങ്ങനെ മൊത്തം 60 മാർക്കോടെ ഞങ്ങൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.



Wednesday, September 29, 2021

ക്വിസ്സിന്റെ ലോകത്തെ അരീക്കോടൻ - 2

തുടക്കം (Click here)

2021  ഓസോൺ ദിനമായിരുന്നു എന്നെ വീണ്ടും ക്വിസ് ലോകത്തേക്ക് അടുപ്പിച്ചത്.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയിരിക്കെ ഈ ദിനത്തിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.സ്‌കൂൾ കുട്ടികൾക്കായി കോളേജ് കുട്ടികൾ ക്വിസ് മത്സരവും നടത്തിയിരുന്നു.പക്ഷെ എനിക്കാദ്യമായി ഒരു ഓസോൺ ദിന ക്വിസ് മത്സരത്തിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ചത് ഇത്തവണയാണ്.

ലൂന  മോളുടെ സ്‌കൂളിലെ സയൻസ് ക്ലബ്ബ് നടത്തുന്ന മത്സരത്തിൽ ഫാമിലി സഹിതം പങ്കെടുക്കാം എന്ന ആശയം എനിക്കിഷ്ടപ്പെട്ടു.ഗൂഗിൾ ഫോമിലൂടെ മുപ്പത് ചോദ്യത്തിന് പതിനഞ്ച് മിനുട്ട് കൊണ്ട് ഉത്തരം നൽകാനായിരുന്നു പറഞ്ഞിരുന്നത്.സെപ്തംബർ 16 ന് രാത്രി ഏഴരക്കുള്ള മത്സരത്തിൽ പങ്കെടുക്കണം എന്ന വാശിയോടെ ഞാൻ ശ്രീകൃഷ്ണപുരത്ത് നിന്ന് 3. 45 ന് നാട്ടിലേക്ക് പുറപ്പെട്ടിരുന്നു.വീട്ടിലെത്തി കുളി കഴിഞ്ഞപ്പോഴേക്കും മത്സരം തുടങ്ങിയിരുന്നു.എങ്കിലും അറിയാവുന്നത് പെട്ടെന്ന് ചെയ്ത്  ബാക്കിയുള്ളവ അവസാനത്തേക്ക് മാറ്റിവച്ചു .പക്ഷെ മോളുടെ വെപ്രാളത്തിൽ മാറ്റി വച്ചവ വീണ്ടും നോക്കുന്നതിന് മുമ്പ് സബ്മിറ്റ് ബട്ടൺ അമർത്തി.എങ്കിലും 800 ഓളം ഫാമിലിയിൽ നിന്ന്  അവസാന പതിനഞ്ചിൽ മൂന്നാം സ്ഥാനത്തോടെ ഫൈനൽ റൗണ്ടിലേക്ക് കടന്നു.

അടുത്ത റൗണ്ട് ലൈവായിട്ടായിരുന്നു പ്ലാൻ ചെയ്തത്. സ്‌കൂളിൽ വച്ച് നടക്കുന്ന മത്സരത്തിൽ മാതാപിതാക്കളിൽ ഒരാൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കാം എന്നായിരുന്നു അറിയിച്ചത്.സ്‌കൂൾ പ്രവൃത്തി ദിവസത്തിൽ തന്നെ മത്സരം നടത്താൻ തീരുമാനിച്ചാൽ എനിക്ക് ലീവ് എടുക്കേണ്ടതായും വരും.എന്നാൽ സെപ്തംബർ 20 പൊതു അവധി ആയതിനാൽ  19 ആം തീയ്യതി ഞാൻ ആദ്യമേ ലീവ് എടുത്തിരുന്നു.18 ആം തീയ്യതി ഞായറാഴ്ച മത്സരം പിറ്റേന്ന് ആണെന്നുള്ള അറിയിപ്പ് വന്നു.GK , കറന്റ് അഫയേഴ്‌സ്,സയൻസ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക എന്നും 15 ൽ നിന്ന് 6 ടീമാക്കി ചുരുക്കാൻ ഒരു എലിമിനേഷൻ റൗണ്ട് ഉണ്ടാകും എന്നും അറിയിപ്പ് കിട്ടി.അങ്ങനെ എലിമിനേഷൻ റൗണ്ട് കടന്ന് കിട്ടാൻ, വർഷങ്ങൾക്ക് ശേഷം പഴയ GKയും പുതിയ കറന്റ് അഫയേഴ്‌സും രണ്ട് മണിക്കൂർ നേരം ഞാൻ പൊടി  തട്ടി.

പിറ്റേന്ന് സ്‌കൂളിൽ എത്തിയപ്പോൾ കണ്ടത്, എന്റെ രണ്ടാമത്തെ മോളുടെ സഹപാഠിയും ഈ വർഷം പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 ഉം വാങ്ങിയവനും ദേശാഭിമാനി അക്ഷരമുറ്റം അടക്കം ക്വിസ് ആയ ക്വിസ് മുഴുവൻ ഫസ്റ്റടിച്ച് വന്നവനുമായ തൗഫീഖിനെയാണ്. എനിക്ക് പുറമെ പിതാവ് ആയി വന്നത് മറ്റൊരാൾ മാത്രവും.ബാക്കി കുട്ടികളുടെ കൂടെ ഉള്ളതെല്ലാം മാതാക്കളും ആയിരുന്നു.തൗഫീഖ് മത്സരാർത്ഥിയല്ല എന്ന് പിന്നീടാണറിഞ്ഞത്.

എലിമിനേഷൻ റൗണ്ടിൽ 15 ചോദ്യങ്ങളാണുണ്ടായിരുന്നത്.ഉത്തരം അറിയാവുന്നത് ഒരു കയ്യിൽ എണ്ണാൻ പറ്റുന്നത് മാത്രവും. ചോയ്‌സ് ഇല്ല എന്നതിനാൽ അഞ്ച് ടീമുകൾ വന്നിട്ടേ ഇല്ലായിരുന്നു.പക്ഷെ, ഇന്റലിജന്റ് ഗസ് എന്ന ക്വിസിന്റെ ഹൃദയ മന്ത്രം പ്രാവർത്തികമാക്കി ആറെണ്ണം കൂടി ഞങ്ങൾ ശരിയാക്കി.മൊത്തം 11 മാർക്ക് നേടി ഒന്നാം സ്ഥാനത്തോടെ തന്നെ ഗ്രാന്റ് ഫിനാലെ ക്ക് അർഹത നേടി.

ഇനിയല്ലേ പൂരം ...


(തുടരും...)  


Thursday, September 23, 2021

ക്വിസ്സിന്റെ ലോകത്തെ അരീക്കോടൻ - 1

നാലാം ക്ലാസ്സിൽ എൽ.എസ്.എസ് (Lower Secondary Scholarship) പരീക്ഷ എഴുതാൻ തുടങ്ങിയതു മുതൽ തുടങ്ങിയതാണ് ഞാനും പൊതുവിജ്ഞാനവും തമ്മിലുള്ള ബന്ധം. കൃത്യമായി പറഞ്ഞാൽ 1980 ൽ ആണ് ആ മേഖലയിലേക്കുള്ള എൻ്റെ രംഗപ്രവേശനം. അന്ന് എൽ.എസ്.എസ് പരീക്ഷ പാസ്സായില്ലെങ്കിലും പൊതുവിജ്ഞാനത്തിന്റെ ഹരം എൻ്റെ തലക്ക് പിടിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മൂന്ന് സ്‌കൂളുകളിലൂടെ കയറിയിറങ്ങി. ഈ മൂന്ന് സ്‌കൂളുകളിലും ഏതെങ്കിലും ക്വിസ് മത്സരം ഉണ്ടെങ്കിൽ അവിടെ ഞാനും ഉണ്ടാകും.അതിന് കാരണം ഈ പൊതുവിജ്ഞാന ഹരം തന്നെയായിരുന്നു.ഓരോ ചോദ്യം കഴിയുമ്പോഴും കറുത്ത ബോർഡിൽ ഒന്നാം നമ്പറിന് നേരെ ഓരോ വരകൾ വീഴുന്നതും അഞ്ചാമത്തെ വര ക്രോസ് ആയി ഇടുന്നതും നാല്പത് വർഷം കഴിഞ്ഞിട്ടും മനസ്സിൽ കൊത്തി വച്ചിരിക്കുന്ന പോലെ തെളിഞ്ഞു കാണുന്നു.ഇതിനിടക്ക് ഏഴാം ക്ലാസ്സിൽ യു.എസ്.എസ് (Upper Secondary Scholarship) പരീക്ഷ എഴുതി അതിൽ വിജയിക്കുകയും ചെയ്തു.അന്നൊക്കെ ജില്ലാതലം വരെ മാത്രമേ മത്സരങ്ങൾ ഉണ്ടായിരുന്നുള്ളൂ.ആ കടമ്പ ഞാൻ കയറാറും ഇല്ല.

സ്‌കൂൾ കാലഘട്ടം കഴിഞ്ഞ് കോളേജ് കുമാരനായി. കൂടുതൽ വിശാലമായ ലോകത്ത് എത്തിയെങ്കിലും ക്വിസ് മത്സരം എൻ്റെ വീക്നെസ്സ് ആയി തുടർന്നു.എഴുത്ത് മത്സരങ്ങളും പ്രസംഗവും ഞാൻ കൈ നോക്കുന്ന ഇനങ്ങളാണെങ്കിലും എവിടെ ക്വിസ് ഉണ്ടോ അവിടെ ആബിദ് ഉണ്ട് എന്നതായിരുന്നു നാട്ടുനടപ്പ്.പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുമ്പോഴാണ് മലപ്പുറം ജില്ല മുഴുവൻ അടങ്ങിയ സി സോണിൽ നിന്ന് രണ്ടാം സ്ഥാനം നേടി ഇന്റർസോൺ മത്സരത്തിനായി തൃശൂരിൽ എത്തിയത്.ഏഴ് മാർക്കോടെ അവസാന സ്ഥാനത്തായെങ്കിലും ജാള്യത മറക്കാനായി മൈക്കിലൂടെ 'ഓൺലി സെവൻ' എന്ന് പറഞ്ഞതും ശ്രോതാക്കൾ 'ട്വന്റി സെവൻ' എന്ന് കരുതിയതും മനസ്സിൽ മായാതെ നിൽക്കുന്നു .ആ വർഷവും എൻ്റെ കോളേജ് ഇന്റർസോൺ ജേതാക്കളായി.

ഡിഗ്രിക്ക് ബി.എസ്.സി ഫിസിക്സ് എടുത്ത് ഫാറൂഖ് കോളേജിൽ ചേർന്നപ്പോഴും പൊതുവിജ്ഞാനം എന്നെ വിട്ടൊഴിഞ്ഞില്ല.പക്ഷെ അവസാന വർഷത്തിലാണ് അവിടെ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അന്ന് "കൂട്ടുകൃഷി"യിലൂടെ ഞാനും എന്റെ ക്ലാസ്സിലെ തന്നെ നജീബും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി.കോഴിക്കോട് ജില്ല മുഴുവൻ അടങ്ങിയ ബി സോണിൽ ഞങ്ങളുടെ 'കൃഷി' നടന്നില്ല.ലോ കോളേജിൽ വച്ച് നടന്ന മത്സരത്തിൽ ദയനീയമായി തോറ്റു.

പിന്നീട് ബി.എഡിന് ചേർന്നപ്പോഴും ഇൻ ഹൌസ് മത്സരത്തിൽ ഞാൻ എന്റെ ഇഷ്ട ഇനം തന്നെ തെരഞ്ഞെടുത്തു.ബട്ട്, അവിടെ എന്നെക്കാളും മൂത്ത ഒരു പൊതുവിജ്ഞാനപ്പിരാന്തൻ ഉണ്ടായിരുന്നതിനാൽ ഞാൻ രണ്ടാമനായി.അതേ സമയത്ത് നാട്ടിലെ ഒരു പാരലൽ കോളേജിന്റെ വാർഷികം പ്രമാണിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ എന്റെ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത്ഞാൻ ഒന്നാം സ്ഥാനം നേടി.അന്തരിച്ച രാജൻ പി ദേവ് എന്ന നടൻ വില്ലനായി കത്തി നിൽക്കുന്ന അക്കാലത്ത് അദ്ദേഹമായിരുന്നു ഇതിന്റെ സമ്മാനവിതരണം നടത്തിയത്.

നാലഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം പി ജി ക്ക് പൊന്നാനി എം.ഇ .എസ് കോളേജിൽ ചേർന്നപ്പോൾ ഞാൻ അത്യാവശ്യം സീനിയർ ആയിരുന്നു.എങ്കിലും എന്നിലെ മത്സരത്വര അടങ്ങിയിരുന്നില്ല.സി സോൺ കലോത്സവത്തിന് മുന്നോടിയായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ കോളേജിൽ എന്റെ സാന്നിദ്ധ്യം അറിയിച്ചു.ആ കോളേജിൽ സാധാരണ പി ജി വിദ്യാർത്ഥികൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാറേ ഇല്ല എന്നതിനാൽ എന്റെ വിജയം സഹപാഠികൾക്കും ഉത്തേജനം നൽകി.സി സോൺ മത്സരത്തിൽ മൂന്നാം സ്ഥാനത്തായിപ്പോയതിനാൽ ഇന്റർസോൺ മത്സരത്തിലേക്ക് ക്വാളിഫൈ ചെയ്തില്ല.

കലാലയ ജീവിതത്തിനിടയിൽ മത്സരങ്ങളിലൂടെ മിനുക്കിയെടുത്ത പൊതുവിജ്ഞാനം പി.എസ്.സി യുടെ മത്സര പരീക്ഷകളിലും മറ്റു പല പരീക്ഷകളിലും എനിക്ക് തുണയായി.ഞാൻ എഴുതിയ ആദ്യത്തെ പി.എസ്.സി പരീക്ഷയായ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പരീക്ഷയും രണ്ടാമത്തെ പരീക്ഷയായ എൽ.ഡി ക്ലർക്കും വിജയിക്കുകയും 24 ആം വയസ്സിൽ തന്നെ സർക്കാർ നിയമനം ലഭിക്കുകയും ചെയ്തു (ജോലി കിട്ടി കിട്ടി തെണ്ടിയ ആ കഥകൾ പിന്നീട് പറയാം).

രണ്ട് ഡിപ്പാർട്ട്മെന്റ് മാറി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന ഗസറ്റഡ് പോസ്റ്റിൽ വയനാട് ഗവ എഞ്ചിനീയറിംഗ് കോളേജിൽ 2004 ൽ ഞാൻ ജോയിൻ ചെയ്തു.ആ വർഷം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഞാൻ വീണ്ടും എന്റെ പൊതുവിജ്ഞാനം അളന്നു നോക്കി.ജോലി കിട്ടിയാൽ ഇതൊക്കെ മറക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം നേടാൻ എനിക്ക് വലിയ പ്രയാസമുണ്ടായില്ല. വീണ്ടും രണ്ട് വർഷം കഴിഞ്ഞ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ "ഷൈനിങ് സ്റ്റാർ ഓഫ് GEC വയനാട് " എന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ സ്റ്റാഫ് എല്ലാവരും മടിച്ച് നിന്നു.പക്ഷെ എന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ക്വിസ് എന്ന വികാരം അടക്കാൻ എനിക്ക് സാധിച്ചില്ല.ആയിടെ കോളേജിൽ ജോയിൻ ചെയ്ത അസിസ്റ്റന്റ് പ്രഫസർ രാജീവ് രാജൻ സാറെ കൂട്ട് പിടിച്ച് ഞാൻ കുട്ടികളുമായി മത്സരിച്ചു.വാശിയേറിയ അവസാന റൗണ്ടിൽ ഞങ്ങൾ രണ്ടാം സ്ഥാനത്തായെങ്കിലും അതിന്റെ മധുരം ഒന്ന് വേറെ തന്നെയായിരുന്നു.

ഇന്ന് ഈ ഓർമ്മകൾ എല്ലാം പെട്ടെന്ന് മനസ്സിൽ തികട്ടി വന്നത് ഒരു ക്വിസ് മത്സരം കാരണം തന്നെയാണ് .

(തുടരും...)

Wednesday, September 15, 2021

തട്ടുകടയിലെ രുചിഭേദങ്ങൾ

തട്ടുകടകൾ മലയാളികളുടെ നാവിൻ തുമ്പത്ത് എരിപൊരി ഉണ്ടാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ നാട്ടിലെയും തട്ടുകടകളിലെ രുചി ഭേദങ്ങൾ വ്യത്യസ്തമായതിനാൽ ഏത് നാട്ടിൻപുറത്ത് പോയാലും മലയാളി ആദ്യം തിരയുന്നത് ഒരു തട്ടുകട തന്നെയായിരിക്കും (ഒന്നിനും രണ്ടിനും ഇല്ലെങ്കിൽ). തട്ടുകടയിലെ രുചിക്കൊപ്പം അതിന്റെ ആ ഒടുക്കത്തെ 'ആമ്പിയൻസ് ' കൂടി ചേരുമ്പോൾ വയറും മനസ്സും ഒരുമിച്ച് നിറയും.

രാത്രിയാണ് സാധാരണ ഗതിയിൽ തട്ടുകടകൾ സജീവമാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഒരു ചായയും അല്പനേരം ഒരു വെടി പറച്ചിലും നൽകുന്ന ആനന്ദം വളരെ വലുതാണ്. അത് ഒരു തടുകടയിൽ വച്ചാണെങ്കിൽ പരമാനന്ദമായി. കാരണം അവിടെ ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഗന്ധം മൂക്കിലൂടെ ഒന്ന് ആവാഹിച്ചാൽ തന്നെ അതിന്റെ രുചി നാവിലൂറും. 

ആരെയോ പ്രതീക്ഷിച്ച് , രാത്രിയുടെ അന്ത്യയാമങ്ങളിലും ഒറ്റക്കിരിക്കുന്ന തട്ടുകടക്കാരെ മെയിൻ റോഡു വക്കുകളിൽ കാണാം. വർണ്ണപ്രകാശം ചൊരിയുന്ന മോടി പിടിപ്പിച്ച തട്ടുകടകളും ഇപ്പോൾ കാണപ്പെടുന്നുണ്ട്. പക്ഷെ എനിക്കിഷ്ടം ഇത്തിരി സ്ഥലത്ത് കെട്ടി മറച്ചുണ്ടാക്കിയ , ഒരു ബെഞ്ചോ ഡെസ്കോ മാത്രമുള്ള ( അതും നടുവൊടിഞ്ഞ വല്ല ഇലക്ട്രിക്ക് പോസ്റ്റ് കൊണ്ട് തട്ടിക്കൂട്ടിയത് ), ഒറ്റ ബൾബുള്ള , ഒരാൾ നിയന്ത്രിക്കുന്ന തട്ടുകടകളാണ്. അതൊരു മരച്ചുവട്ടിലോ നദിക്കടുത്തോ ആയാൽ ഗംഭീരമായി. ഇതെല്ലാം കൂടിയാണ് ഞാൻ മുകളിൽ സൂചിപ്പിച്ച ആ ആമ്പിയൻസ്.

ഒരിക്കൽ ഒരു യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ കുട്ടികൾ ഒരാഗ്രഹം പറഞ്ഞു. ഏതെങ്കിലും തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കണം ന്ന്. ഉച്ച സമയമായിരുന്നു. മിക്ക തട്ടുകടകളിലും നെയ്ച്ചോറും ചിക്കനും ആണ് ഉച്ചഭക്ഷണം. വീടിന്റെ അടുത്തെത്തിയെങ്കിലും മക്കളുടെ ആഗ്രഹം നിറവേറ്റാനായി ഞാൻ ഒരു തട്ടുകടയിൽ കയറി അവിടെ ലഭ്യമായ ഭക്ഷണം കഴിച്ചു.

പാലക്കാട് ജില്ലയിലെ ഒരു ഉൾഗ്രാമമായ കൂട്ടിലക്കടവിലായിരുന്നു സഹപ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രിയിലെ എന്റെ ഭക്ഷണം. ഹോട്ടൽ ഉണ്ടായിരുന്നിട്ടും എല്ലാവർക്കും താല്പര്യം തട്ടുകടയിലെ ഭക്ഷണത്തോടായിരുന്നു. " ഒരു മിക്സിംഗ് " എന്ന സഹപ്രവർത്തകരുടെ ഓർഡർ എന്നെ ആദ്യം അങ്കലാപ്പിലാക്കിയെങ്കിലും അൽപ നേരം അവിടെ ഇരുന്നതോടെ എനിക്ക് സംഗതി പിടി കിട്ടി. 

കപ്പയും ബീഫും ആയിരുന്നു ആ താരം. കൊത്തി നുറുക്കിയ സവാള കൂടി വിതറി ഒന്ന് കൂടി മിക്സ് ചെയ്ത് ഒരു സ്പൂൺ വായിലേക്കങ്ങ് വയ്ക്കുമ്പോഴേക്കും അവിടെ ഒരു പുഴ ഉൽഭവിച്ചിട്ടുണ്ടാകും. മേമ്പൊടിയായി താറാമുട്ട കൊണ്ടുള്ള ഒരു ഓംലറ്റ് കൂടിയായാൽ, വായിൽ പിന്നെ ടൈറ്റാനിക് ഓടും.

യാത്രകളിലെ ഇത്തരം രുചികളും സമയ ബന്ധിതമല്ലാത്ത ആസ്വാദനങ്ങളും ആണ് പലപ്പോഴും എന്റെ മനസ്സ് നിറക്കുന്നത്. അതിന്റെ ചെലവ് എത്ര തന്നെയായാലും അത് ഓർമ്മയിൽ എന്നെന്നും തങ്ങി നിൽക്കുന്ന ഒരു  മൂലധനമായിരിക്കും എന്ന് തീർച്ചയാണ്.


Monday, September 13, 2021

പഠനം പാൽ പായസം പോലെ

ഡോ.പി.എൻ സുരേഷ് കുമാർ എന്ന മനോരോഗ വിദഗ്ദൻ എഴുതിയ പുസ്തകമാണ് 'പഠനം പാൽ പായസം പോലെ' . എന്റെ നാല് മക്കളും വിദ്യാർത്ഥികൾ ആയതിനാലും മന:ശാസ്ത്രത്തിൽ താല്പര്യം ഉള്ളതിനാലും MSc Applied Psychology ബിരുദധാരി ആയതിനാലും വളരെ താല്പര്യത്തോടെയാണ് ഈ പുസ്തകം ഞാൻ വായിക്കാൻ തുടങ്ങിയത്. പുസ്തകത്തിന്റെ ടൈറ്റിലിന് പ്രാസമൊപ്പിച്ച് പറഞ്ഞാൽ വായന അവിയൽ പോലെ എന്ന് പറയേണ്ടി വരും.

പുസ്തകത്തിന്റെ ഉള്ളടക്കം മികച്ചതാണ്. പക്ഷെ പറഞ്ഞത് വീണ്ടും പറഞ്ഞ് മുഷിപ്പിക്കുന്നത് വായനക്കാരനെ പിന്തിരിപ്പിക്കും. ഇത്തരം പുസ്തകങ്ങൾ വായിക്കുന്നവർ തന്നെ തുലോം കുറവായിരിക്കും. അവരെയും കൂടി നിരാശരാക്കിയാൽ പുസ്തകം വിജയിക്കില്ല.

ഒരു പുസ്തകത്തെ സംബന്ധിച്ചിടത്തോളം അക്ഷരപ്പിശകുകൾ ഉണ്ടാകുന്നതും വായനയെ ബാധിക്കും (എന്റെ നാടിനെപ്പറ്റിയുള്ള ഒരു പുസ്തകം വായന തുടങ്ങിയത് അക്ഷരത്തെറ്റുകൾ കാരണം ഞാൻ നിർത്തി വച്ചു). ഈ പുസ്തകത്തിൽ അക്ഷരപ്പിശാചുക്കൾക്ക് പുറമെ സപ്പോർട്ടിംഗ് ഫോണ്ട് അല്ലാത്തതിനാൽ എന്തൊക്കെയോ അച്ചടിച്ച് വന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട്.

മന:ശാസ്ത്ര സംബന്ധമായ പുസ്തകമായതിനാൽ പല പദങ്ങളും സാധാരണക്കാർക്ക് അപരിചിതമായിരിക്കും. അത് തെറ്റായി നൽകിയാൽ മനസ്സിലാക്കാനും സാധിക്കില്ല. അമ്പത്തിയഞ്ചാം പേജിലെ ടൈറ്റിൽ തന്നെ തെറ്റാണെന്ന് അതിനെപ്പറ്റി ധാരണയുള്ളതിനാൽ എനിക്ക് മനസ്സിലായി. ആ പേജിൽ അതേ പേര് രണ്ടിടത്ത് ആവർത്തിച്ചപ്പോൾ അതും തെറ്റായാണ് നൽകിയത്. എക്സ്പോഷർ തെറാപ്പി എന്ന പദമാണ് ഒരേ പേജിൽ മൂന്ന് വിധത്തിൽ തെറ്റിച്ച് നൽകിയത്. 

പ്രത്യക്ഷത്തിൽ പഠനവുമായി ബന്ധമില്ലാത്ത എന്നാൽ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ചില പ്രശ്നങ്ങളുടെ സംശയങ്ങളും ഉത്തരങ്ങളും ഈ പുസ്തകത്തിൽ ഉണ്ട്. അതും ഈ പുസ്തകത്തിൽ ഉൾക്കൊളളിച്ചത് എന്തിന് എന്ന് വായനക്കാരന്റെ മനസ്സിൽ ചോദ്യമുയരും എന്ന് തീർച്ച. ഈ പുസ്തകത്തിന് രണ്ടാം പതിപ്പ് ഉണ്ടാവുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിനീതമായി ഉണർത്തുന്നു.


പുസ്തകം : പഠനം പാൽ പായസം പോലെ
രചയിതാവ്: ഡോ.പി.എൻ സുരേഷ് കുമാർ
പ്രസാധകർ : പേരക്ക ബുക്സ്
വില: 150 രൂപ
പേജ്: 128

Monday, September 06, 2021

ശിവനും ഞാനും

രണ്ട് വർഷം മുമ്പത്തെ അദ്ധ്യാപക ദിനത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എന്റെ ഷൂ തുന്നിക്കാനായി ഞാൻ അങ്ങാടിയിലെത്തി. വർഷങ്ങളായി എന്റെയും കുടുംബത്തിന്റെയും പാദരക്ഷകളുടെ ഡോക്ടർ, ശിവൻ ആയിരുന്നു. കുന്ദംകുളത്ത് കാരനായ ശിവന്റെ അടുത്ത് ആദ്യമായി നൽകിയ ഷൂ റിപ്പയർ ചെയ്ത് തന്നതിലുള്ള വൈദഗ്ദ്യമാണ് എന്നെ ശിവനുമായി അടുപ്പിച്ചത്.

അന്ന് ഷൂ തുന്നുന്നതിനിടയിൽ തന്റെ മകന്റെ പഠനത്തെപ്പറ്റിയും ശിവൻ എന്നോട് പറഞ്ഞു. മകൻ ഫുട്ബാൾ സെലക്ഷന് പോകുന്നതിനെപ്പറ്റിയുള്ള അഭിപ്രായവും പത്താം ക്ലാസ് കഴിഞ്ഞ ശേഷം പോകേണ്ട കോഴ്സുകളെക്കുറിച്ചും ഷൂ തുന്നിക്കൊണ്ടിരിക്കെ തന്നെ അയാൾ ചോദിച്ചറിഞ്ഞു. മാഷോട് ചോദിച്ചാൽ വിവരങ്ങൾ അറിയാലോന്ന് കരുതിയാ ഇതൊക്കെ ചോദിച്ചത് എന്നും ശിവൻ പറഞ്ഞു.

അന്നത്തെ പണി കഴിഞ്ഞ ശേഷം ശിവൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. ശേഷം എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ഒരു അദ്ധ്യാപകനെ  പേനയും പുസ്തകവും നൽകി ദൈവം നിയോഗിച്ചത് അറിവ് പകർന്ന് നൽകാനാണ്. അത് തന്റെ മുന്നിലുള്ള മക്കൾക്കാവാം തന്നോട് ചോദിച്ച് വരുന്ന മറ്റാർക്കെങ്കിലുമാകാം. അത് ഏറ്റവും നല്ല നിലയിൽ നിർവ്വഹിക്കുക എന്നതാണ് അദ്ധ്യാപകന്റെ കർത്തവ്യം. ദൈവം എന്റെ കയ്യിൽ ഏൽപിച്ചത് ഈ സൂചിയും നൂലുമാണ്. ഇത് ഉപയോഗിച്ച് ജോലി ചെയ്ത് ജനങ്ങളെ സേവിക്കുകയും കുടുംബത്തെ സംരക്ഷിക്കുകയുമാണ് എന്റെ കർത്തവ്യം. എന്നാൽ പലരും തങ്ങളുടെ കർത്തവ്യത്തെപ്പറ്റി ബോധവാൻമാരല്ല. അതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന പല ദുരിതങ്ങളും. ശരിയല്ലേ മാഷേ? 

ശിവന്റെ താത്വിക അവലോകനം അന്ന് എന്നെ അത്ഭുതപ്പെടുത്തി. ആ വർഷത്തെ പെരുന്നാളിന് എന്റെ കൂടെ ഭക്ഷണം കഴിക്കാൻ ഞാൻ ക്ഷണിച്ചു. പക്ഷെ ശിവൻ അത് സ്നേഹപൂർവ്വം നിരസിച്ചു.

ആഴ്ചകൾക്ക് മുമ്പ് ഞാൻ രാജസ്ഥാനിൽ ടൂറിലായിരിക്കെ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പിൽ കണ്ട സന്ദേശം എന്നെ ദുഃഖാകുലനാക്കി. ഹൃദയസ്തംഭനം മൂലം ശിവൻ ഈ ലോകത്ത് നിന്നും യാത്രയായി എന്നതായിരുന്നു ആ വാർത്ത. ഈ അദ്ധ്യാപക ദിനത്തിൽ എന്റെ എല്ലാ പ്രിയ അദ്ധ്യാപകരെയും സ്മരിക്കുന്നതിനൊപ്പം ചെരിപ്പ് കുത്തിയായിരുന്ന ശിവനെയും ഞാൻ നമ്ര ശിരസ്സോടെ സ്മരിക്കുന്നു. 

Sunday, September 05, 2021

ആൻ ഈവനിംഗ് ടീ വിത്ത് മൈ ടീച്ചർ

ഒരു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയിരുന്നതിനാൽ ദേശീയ അദ്ധ്യാപക ദിനത്തിൽ നിരവധി ആശംസകൾ ലഭിക്കാറുണ്ട്. അതിനിടയിൽ നമ്മെ നാമാക്കിയ, നാം ആശംസകൾ അർപ്പിക്കേണ്ട പല അദ്ധ്യാപകരെയും മറന്ന് പോകാറുമുണ്ട്. 2019 ലെ 'ഒരു വട്ടം കൂടി' എന്ന ഞങ്ങളുടെ പത്താം ക്ലാസ് സംഗമത്തിന് ശേഷമാണ്, എൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക്  വഹിച്ചു എന്ന് ഞാൻ കരുതുന്ന എൻ്റെ സ്‌കൂൾ അദ്ധ്യാപകരെ ഞാൻ നേരിട്ട് വിളിക്കാനും ആശംസകൾ അറിയിക്കാനും മറ്റു വിവരങ്ങൾ ആരായാനും സമയം കണ്ടെത്തി തുടങ്ങിയത്.

ഒരു ശിഷ്യൻ പഴയ അദ്ധ്യാപകരെ വിളിക്കുമ്പോൾ അനുഭവപ്പെടുന്ന സുഖവും സന്തോഷവും ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അവരുടെ മനസ്സിൽ കയറിപ്പറ്റാൻ ഉതകുന്ന എന്തോ ഒരു ക്വാളിറ്റി ഉള്ളത് കൊണ്ടായിരിക്കും വർഷത്തിൽ ഒരിക്കൽ വരുന്ന അദ്ധ്യാപക ദിനത്തിൽ നമ്മെ ഓർമ്മിച്ചുകൊണ്ട് അവർ വിളിക്കുന്നത്. മൊബൈൽഫോൺ വ്യാപകമായതോടെ അത് നിർജ്ജീവമായ നിരവധി റെഡിമെയ്ഡ് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിൽ ഒതുങ്ങിപ്പോകുന്നു എന്നത് ദുഃഖ സത്യമാണ്.

ഇതിന് ഒരു മാറ്റം വേണമെന്ന ഉദ്ദേശത്തോടെ എൻ്റെ പത്താം ക്ലാസ് കൂട്ടായ്മയിൽ ഞാൻ ലളിതമായ ഒരു ആശയം പങ്കുവച്ചു.'ആൻ ഈവനിംഗ് ടീ വിത്ത് മൈ ടീച്ചർ' എന്ന, നമ്മുടെ സ്‌കൂൾ കാലത്തെ ഏതെങ്കിലും ഒരദ്ധ്യാപകനെ നേരിട്ട് സന്ദർശിച്ച് അൽപ നേരം അവരുടെ കൂടെ ഓർമ്മകൾ അയവിറക്കുന്ന ഒരു പരിപാടി.ബാച്ചിൽ നിന്ന് ഒരാളെ മാത്രമേ കിട്ടിയുള്ളൂ എങ്കിലും ഞാൻ പിന്മാറിയില്ല.പഴയ സംഗീത അദ്ധ്യാപിക ഗീത ടീച്ചറെയും ഭർത്താവ് കണക്കദ്ധ്യാപകൻ ജയകൃഷ്ണൻ മാഷെയും അവരുടെ വീട്ടിൽ പോയി കണ്ടു.മുപ്പത്തിയഞ്ച് വർഷം മുമ്പത്തെ ശിഷ്യർ തങ്ങളെ തേടി എത്തിയതിന്റെ സന്തോഷം പ്രിയപ്പെട്ട ഗുരുനാഥന്മാരുടെ മുഖത്ത് പരത്തിയ പൂനിലാവ് വാക്കുകൾക്കതീതമാണ്.

കൃഷിയിൽ താല്പര്യമുള്ള ടീച്ചർക്ക് ഒരു പാക്കറ്റ് പച്ചക്കറി വിത്തും ഒരു ചെറുനാരങ്ങത്തൈയും ഞങ്ങൾ സമ്മാനിച്ചു.ഒരു കുഞ്ഞ് ആശയം എനിക്കും സുഹൃത്തിനും ഞങ്ങളുടെ ഗുരുനാഥന്മാർക്കും അവരുടെ മക്കൾക്കും നൽകിയ സന്തോഷം മനസ്സിൽ എന്നെന്നും പച്ചപിടിച്ച് നിൽക്കും എന്ന് തീർച്ചയാണ്.ഓൺലൈനിൽ നിന്നും ഫോൺലൈനിൽ നിന്നും യഥാർത്‌ഥ ലൈനിലേക്ക് വന്നാൽ മാത്രമേ ഇത്തരം അനുഭവങ്ങൾ ആസ്വദിക്കാൻ സാധിക്കൂ.

എല്ലാവർക്കും അദ്ധ്യാപക ദിനാശംസകൾ.