Pages

Thursday, November 30, 2017

“തിരുത്ത്” എന്ന വഴിത്തിരിവ്

               ദൈവത്തിന്റെ ഇടപെടലുകൾ കാരണം (എന്ന് ഞാൻ വിശ്വസിക്കുന്ന) ചില തീരുമാനങ്ങൾ സൃഷ്ടിക്കുന്ന വഴിത്തിരിവുകൾ ഉണ്ടാക്കുന്ന ഫലങ്ങൾ ഈ വാചകം പോലെ ഒറ്റ നോട്ടത്തിൽ ഒരെത്തും പിടിയും കിട്ടാത്തതായിരിക്കും. ഈ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നൽകിയ ഒരു സാധാരണ നിർദ്ദേശം അസാധാരണമായ സംഭവ വികാസങ്ങളിലേക്ക് നീങ്ങിയതിന്റെയും നീങ്ങുന്നതിന്റെയും ഒരു ത്രില്ല് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

                കോളേജ് എൻ.എസ്.എസ് യൂണിറ്റ് പ്രസിദ്ധീകരിച്ച് വരുന്ന കയ്യെഴുത്ത് ത്രൈമാസികയായ ‘തിരുത്തി‘ന്റെ പുതിയ ലക്കം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഇറക്കാൻ തീരുമാനിച്ചു. അതിനായി മാനന്തവാടി ഡി.വൈ.എസ്.പി ശ്രീ.കെ.എ ദേവസ്യ ഐ.പി.എസ് അവർകളെ ക്ഷണിക്കുകയും ചെയ്തു. ഒക്റ്റോബർ 30ന് ആണെന്ന് തോന്നുന്നു,  ഉച്ച സമയത്ത് പ്രിൻസിപ്പാളിന്റെ വിളി - ഉടൻ റൂമിൽ വരണം,ഡി.വൈ.എസ്.പി കാണാൻ വന്നിരിക്കുന്നു (രണ്ട് ദിവസം മുമ്പേ ഡി.വൈ.എസ്.പി യെ ക്ഷണിച്ച് പങ്കാളിത്തം ഉറപ്പ് വരുത്തിയ ശേഷം പരിപാടിക്ക് പ്രിൻസിപ്പാളുടെ അനുമതി വാങ്ങിയത് അന്ന് രാവിലെയായിരുന്നു). നവംബർ 1ന്റെ പരിപാടിക്ക് വരാൻ ബുദ്ധിമുട്ടുണ്ട് എന്ന് നേരിട്ട് പറയാൻ ആയിരുന്നു ഡി.വൈ.എസ്.പി എന്നെ വിളിപ്പിച്ചത്!!

                 അടുത്ത അതിഥിയെത്തപ്പി അന്ന് വൈകിട്ട് തന്നെ മുൻ വളണ്ടിയർ സെക്രട്ടറിയും “തിരുത്ത്” ഇൻ ചാർജ്ജുമായ അസ്‌ലമിനെ ടൌണിലേക്ക് വിട്ടു. അസ്‌ലം ആളെയും തിരക്കി നടക്കുന്നതിനിടക്കാണ് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസറെ സന്ദർശിക്കാൻ പറയാൻ എനിക്ക് തോന്നിയത്.ആരെയും കിട്ടാതെ നടന്നിരുന്ന അസ്‌ലം അവസാന ശ്രമം എന്ന നിലയിൽ ഡി.എഫ്.ഒ ശ്രീ.കെ.സി പ്രസാദ് ഐ.എഫ്.എസ് അവർകളെ നേരിൽ പോയി കണ്ടു, ക്ഷണിച്ചു.അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

                   നവംബർ 1ന് നാലു മണിക്ക് കൊടിവച്ച ഇന്നോവ കാർ കോളേജിൽ എത്തിയപ്പോഴാണ് ഞാനടക്കം പലരും ഇത് ഇത്രയും വലിയൊരു ഉദ്യോഗസ്ഥനായിരുന്നു എന്നറിഞ്ഞത്.പക്ഷെ പുറത്തിറങ്ങിയത് ഒരു സാധാരണ മനുഷ്യനും !മുമ്പ് ശ്രീ.റിഷിരാജ് സിംഗ് ഐ.പി.എസ് കോളേജിൽ വന്ന അനുഭവം ഞാൻ ഇവിടെ പറഞ്ഞിരുന്നു.ഇത്തരം പരിപാടികളിൽ പങ്കെടുത്ത് പരിചയമില്ലെന്നും പറയേണ്ടത് എന്തെന്ന് അറിയില്ലെന്നും ഡി.എഫ്.ഒ സാർ പറഞ്ഞ തക്കം നോക്കി ഞാൻ ഒരു ചീട്ട് ഇട്ടു. കോളെജിൽ ആരംഭിക്കാനുദ്ദേശിക്കുന്ന ജൈവവൈവിദ്ധ്യ ഉദ്യാനത്തിന് വനം വകുപ്പിൽ നിന്ന് എന്തൊക്കെ ചെയ്യാൻ പറ്റും , കുട്ടികൾക്ക് ഒരു പ്രകൃതി പഠനക്യാമ്പും ട്രെക്കിംഗും അനുവദിച്ച് കിട്ടുമോ തുടങ്ങീ കാര്യങ്ങൾ പറയാൻ ഞാനാവശ്യപ്പെട്ടു.

                    സ്റ്റേജിൽ കയറിയതോടെ ‘പറയാൻ അറിയാത്ത’ ആ മനുഷ്യൻ ഒരു ഗംഭീര പ്രസംഗം അങ്ങ് കാച്ചി.ഞാൻ ആവശ്യപ്പെട്ട കാര്യങ്ങൾ മറന്നു പോവുമോ എന്ന ആശങ്കയിൽ എന്റെ ചെവി കൂർത്ത് തന്നെ നിന്നു. “........നിങ്ങളുടെ സാർ ആവശ്യപ്പെട്ട പോലെ തിരുനെല്ലിയിൽ എല്ലാവർക്കും ട്രക്കിംഗ് അനുവദിച്ച് തരാം, വിവിധ ബാച്ചുകളായി പോയാൽ മതി. ജൈവവൈവിദ്ധ്യ ഉദ്യാനത്തിന് ആവശ്യമായ തൈകൾ സാമൂഹ്യവനവൽക്കരണ വിഭാഗത്തിൽ നിന്നും ലഭ്യമാക്കാം.കൂടാതെ നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന പ്രകൃതി പഠനക്യാമ്പും ഫണ്ട് ലഭ്യതക്കനുസരിച്ച് തരാം...” സദസ്സ് ഈ പ്രഖ്യാപനങ്ങൾ ഹർഷാരവത്തോടെ സ്വീകരിക്കുമ്പോൾ ഞാൻ സ്റ്റേജിൽ സ്തബ്ധനായി ഇരിക്കുകയായിരുന്നു.

പ്രോഗ്രാം കഴിഞ്ഞ് പോകുമ്പോൾ ഞാൻ ഡി.എഫ്.ഒ സാറിനോട് ചോദിച്ചു -
“സാർ, ഇവിടെ എത്രകാലം ഉണ്ടാകും ?”

“ചുരുങ്ങിയത് രണ്ട് വർഷം” ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു.

                 നവംബർ 24ന് നിശ്ചയിച്ചിരുന്നതും ഞങ്ങൾ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞതുമായ ഒരു പ്രകൃതി പഠനക്യാമ്പ് നവമ്പർ 14ന് അപ്രതീക്ഷിതമായി റദ്ദ് ചെയ്യപ്പെട്ടപ്പോൾ എന്റെ മനസ്സിൽ ഡി.എഫ്.ഒയുടെ പ്രഖ്യാപനങ്ങൾ ഓർമ്മ വന്നു. നവമ്പർ 25ന് ഒരു ട്രെക്കിംഗ് സൌകര്യം ലഭിക്കുമോ എന്നറിയാൻ ഞാൻ ആദ്യമായി  ഡി.എഫ്.ഒയെ ഫോണിൽ വിളിച്ചു.

“....അഞ്ച് പേരടങ്ങുന്ന സംഘത്തിന് 1900 രൂപയും ജി.എസ്.ടിയും ആണ് നിരക്ക്.കൂടുതലുള്ള ഓരോ ആൾക്കും 300 രൂപയും ജി.എസ്.ടിയും....”

“കാട്ടിലും ജി.എസ്.ടി ??” ഞാൻ അത്ഭുതം കൊണ്ടു.

“പിന്നെ നിങ്ങൾക്ക് അത് #$ രൂപയാക്കി കുറച്ച് തരാം...”

“ങേ!!” റേറ്റിൽ വന്ന വലിയ അന്തരം കേട്ട് ഞാൻ വീണ്ടും ഞെട്ടി.വെറും ഒരു മണിക്കൂർ നേരത്തെ പരിചയത്തിൽ ഇദ്ദേഹം തന്നതും തരുന്നതുമായ ഓഫറുകൾ സത്യം തന്നെയോ എന്നറിയാൻ അടുത്ത ദിവസം അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ആ സംഭവം നാളെ... 

Sunday, November 26, 2017

എന്റെ പ്രിയപ്പെട്ട കഥകൾ - ബെന്യാമിൻ

            ഒരു എഴുത്തുകാരൻ തന്റെ എഴുത്ത് ജീവിതത്തിൽ സൃഷ്ടിച്ച മനോഹര ലിഖിതങ്ങളായി സ്വയം തെരഞ്ഞെടുത്ത സൃഷ്ടികളുടെ സമാഹാരമാണ് DC Books പ്രസിദ്ധീകരിക്കുന്ന “എന്റെ പ്രിയപ്പെട്ട കഥകൾ” എന്ന ശ്രേണിയിലുള്ള  പുസ്തകങ്ങൾ. ഇതിൽ തന്നെ ഞാൻ ഇത്തവണ തെരഞ്ഞെടുത്തത് വിഖ്യാത എഴുത്തുകാരൻ ശ്രീ ബെന്യാമിൻ എഴുതിയതാണ്.

             “......എങ്കിലും ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന കഥകളോട് എനിക്കൊരു സഹാനുഭൂതിയുണ്ട്.അവ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമായിരുന്നു എന്നൊരു മോഹം.....” എന്നാണ് ആമുഖത്തില്‍ കഥാകൃത്ത് ഈ പുസ്തകത്തെപ്പറ്റി പറയുന്നത്.

               ശത്രു,അരുന്ധതി-ഒരു ശൈത്യസ്വപ്നം,അവസാനത്തെ ആള്‍, അർജന്റീനയുടെ ജഴ്സി,എന്റെ ചെങ്കടല്‍ യാത്രയില്‍ നിന്ന് ഒരധ്യായം,രണ്ട് പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, അംബരചുംബികള്‍, പെണ്മാറാട്ടം, വാസ്തുപുരുഷന്‍,ജാവേദ് എന്ന മുജാഹിദ്,നെടുമ്പാശ്ശേരി,ബുക്കാറാമിന്റെ മകന്‍ എന്നീ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

                ആമുഖത്തില്‍ കഥാകൃത്ത് പറയുന്ന വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഈ കഥകള്‍ പലതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മനസ്സിലാകും. ഇതിന് ഞാന്‍ മനസ്സിലാക്കുന്ന രണ്ട് കാരണങ്ങള്‍ ഇവയാണ് - ഒന്ന് ഇതില്‍ മിക്കതിലും ‘ഞാന്‍’ ആണ് കഥാപാത്രം. രണ്ട് മിക്ക കഥകളും നെഗറ്റീവ് ചിന്തകളോ ചെയ്തികളോ ആണ്.

                 ആദ്യ കഥ ശത്രുവും  രണ്ടാമത്തെ കഥ അരുന്ധതി-ഒരു ശൈത്യസ്വപ്നവും അവസാനിക്കുന്നത് ഒരു നെഗറ്റീവ് ബിന്ദുവിലാണ് - അരുന്ധതി ആത്മഹത്യ ചെയ്തതാണെങ്കിലും ബെന്യാമിന്‍ റൊമാരിയോ ജോനാതന്‍ അവളെ കൊന്നതാണെങ്കിലും. ‘അർജന്റീനയുടെ ജഴ്സി‘ എല്ലാ അര്‍ജന്റീനിയന്‍ ആരാധകരെയും പ്രകോപിപ്പിക്കും. തോറ്റവന്റെ അടയാളമായി അതിനെ ചിത്രീകരിക്കുന്നതും അതിലെ കഥാപാത്രമായ ‘ഞാന്‍’ ആത്മഹത്യയിലേക്ക് നീങ്ങുന്നതും വീണ്ടും ഒരു നെഗറ്റീവ് ചിന്തയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.

              ഇറാഖ് യുദ്ധത്തിന് ശേഷം അവിടെ നിയോഗിക്കപ്പെട്ടിരിക്കുന്ന കോവലിന്റെയും എഡ്വേര്‍ഡിന്റെയും സമനില തെറ്റുന്ന കഥയാണ് ‘രണ്ട് പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍‘ എന്ന കഥ. ‘അംബരചുംബികള്‍‘ ഒരു ട്രെയിന്‍യാത്രയില്‍ ചില യുവാക്കള്‍ കാട്ടിക്കൂട്ടുന്ന തെണ്ടിത്തരങ്ങള്‍ ആണ് പറയുന്നത്.‘പെണ്മാറാട്ടം’ സ്വവര്‍ഗ്ഗരതിയെപ്പറ്റി പ്രദിപാദിക്കുന്നു.ആ കഥയുടെ തുടക്കം തന്നെ അറപ്പുളവാക്കുന്നതാണ്. ജാവേദ് എന്ന കശ്മീരി യുവാവിനെ തീവ്രവാദിയാക്കുന്നതാണ് ‘ജാവേദ് എന്ന മുജാഹിദ്‘. ‘നെടുമ്പാശ്ശേരി‘ വായനക്കാരന്റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണെങ്കില്‍ ‘ബുക്കാറാമിന്റെ മകന്‍‘ ഒരു പോലീസുകാരന്റെ കള്ളത്തരത്തിന്റെ കഥയാണ്.

             അതായത് ഈ സമാഹാരത്തിലെ 12ല്‍ 10 കഥകളും ഞാന്‍ മേല്പറഞ്ഞ രണ്ട് വിഭാഗത്തില്‍ ഏതെങ്കിലും ഒന്നില്‍ വരുന്നതാണ്. സത്യം പറഞ്ഞാല്‍ ഈ പുസ്തകം വായിച്ചു കഴിഞ്ഞ ഉടനെ, കുട്ടികള്‍ക്ക് ഇത് വായിക്കാന്‍ നല്‍കരുത് എന്ന ഒരു തീരുമാനം മനസ്സില്‍ നിന്ന് വന്നു.

             പ്രിയപ്പെട്ട ബെന്യാമിന്‍‌ജി, താങ്കളുടെ കഥകളെപ്പറ്റി നിരൂപണം നടത്തുന്ന ഞാന്‍ ഒരു വെറും അശു ആയിരിക്കാം.പക്ഷെ പറയേണ്ടത് തുറന്ന് പറഞ്ഞല്ലേ പറ്റൂ.

പുസ്തകം: എന്റെ പ്രിയപ്പെട്ട കഥകൾ 
രചയിതാവ് : ബെന്യാമിൻ
പ്രസാധകര്‍: ഡി സി ബുക്സ്
പേജ്:128
വില:120 രൂപ  

Thursday, November 23, 2017

പന്തളം കൊട്ടാരത്തിലേക്ക്...

                വേമ്പനാട് കായലിലെ ഈ യാത്രയിലൂടെ ഞങ്ങൾക്ക് ചില കാര്യങ്ങൾ മനസ്സിലായി. ചെറിയ ടീമിനെയും കൊണ്ട് ഹൌസ്ബോട്ട് യാത്ര നടത്തുന്നത് കീശക്കും പ്രകൃതിക്കും ഹാനികരമാണ് ( കായലിൽ പൊങ്ങിക്കിടക്കുന്ന മലിനവസ്തുക്കൾ കണ്ടാൽ ഈ കായലിൽ വിനോദസഞ്ചാര ബോട്ടിംഗ് നിർത്തി വയ്ക്കണം എന്ന് പറയാനാണ് തോന്നുന്നത്). താരതമ്യേന ചാർജ്ജ് കുറഞ്ഞ ശിക്കാർ ബോട്ടുകളും ഒഴിവാക്കിയാൽ ചെലവ് കുറയും.ജല ഗതാഗത വകുപ്പിന്റെ സാധാരണ യാത്രാ ബോട്ടുകളിൽ ഒരു സാധാരണ യാത്രക്കാരനായി സഞ്ചരിച്ചാൽ മേല്പറഞ്ഞവയിൽ സഞ്ചരിക്കുന്നത് പോലെ കാഴ്ചകൾ എല്ലാം കാണാം , സ്വകാര്യത ഉണ്ടാവില്ല എന്ന് മാത്രം. എന്ന് വച്ചാൽ തോന്നിയത് പോലെ എണീറ്റ് നടന്ന് തലങ്ങും വിലങ്ങും ഫോട്ടോ എടുക്കാൻ സാധിച്ചെന്ന് വരില്ല. ഇത്തരം ബോട്ടിലുള്ള യാത്രയുടെ മറ്റൊരു പ്രത്യേകത മടുപ്പ് തോന്നുമ്പോൾ അടുത്ത ജെട്ടിയിൽ ഇറങ്ങി ബസ് പിടിച്ച് തിരിച്ച് പോരാം എന്നതുമാണ്.

                 നെടുമുടിയിൽ എത്തിയതോടെ ബോട്ടിൽ നാലോ അഞ്ചോ പേർ മാത്രം ബാക്കിയായി.ബോട്ട് ജീവനക്കാരും അവിടെ ഇറങ്ങി-പ്രഭാത ഭക്ഷണം കഴിക്കാൻ.അവർക്ക് പിന്നാലെ ഞങ്ങളും ആ ഗ്രാമീണ ഹോട്ടലിലേക്ക് കയറി.കുട്ടനാടിന്റെ പ്രത്യേകതയായ താറാവ് മുട്ടക്കറി കൂട്ടി പാലപ്പവും (വെള്ളപ്പം തന്നെ) ദോശയും നന്നായി തട്ടി.
                 തിരിച്ച് ആലപ്പുഴയിലേക്ക് ബസ് കയറുന്നതിന് മുമ്പായി എന്റെ സുഹൃത്ത് നെടുമുടിക്കാരൻ ആന്റണിയെ വിളിച്ചു. ഞങ്ങൾക്ക് പോകാനുള്ളത് പാറ്റൂർ ആണെന്നറിഞ്ഞപ്പോൾ ചങ്ങനാശ്ശേരി വഴി പന്തളത്തേക്ക്  ബസിന് പോകുന്നതാണ് എളുപ്പം എന്ന് അവൻ പറഞ്ഞു. അങ്ങനെ ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ നിന്ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എത്തി, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയും കടന്ന്, ആലപ്പുഴ ജില്ലയിലെ ചെങ്ങനൂരും താണ്ടി, പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഞങ്ങൾ കാലുകുത്തി!ലക്ഷ്യസ്ഥാനം ആലപ്പുഴ ജില്ലയിലെ പാറ്റൂർ !!
                   പന്തളത്ത് ഇറങ്ങുമ്പോഴും സമയം ഇനിയും ഏറെ ഉണ്ടായിരുന്നു.ഉടൻ എന്റെ വളണ്ടിയർ സെക്രട്ടറി രജീഷിനോട് പന്തളം കൊട്ടാരം ഗൂഗിൾ ചെയ്തു നോക്കാൻ പറഞ്ഞു. തൃപ്തികരമായ മറുപടി ഗൂഗിളമ്മ തരാത്തതിനാൽ എന്റെ പന്തളം സുഹൃത്ത് ഷിജിൻ വർഗ്ഗീസിനെ വിളിച്ചു.

“സാറെ...വൃശ്ചികം തുടങ്ങിയതിനാൽ അവിടെ നല്ല തിരക്കായിരിക്കും...” ഷിജിൻ പറഞ്ഞു.

വൃശ്ചികവും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധം അറിയാത്തതിനാൽ ഞാൻ അത് വകവച്ചില്ല.ഓട്ടോയിൽ കയറി കൊട്ടാരത്തിലേക്ക് വിട്ടു (ടൌണീൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ). ഒരു ക്ഷേത്രകവാടത്തിന്റെ മുന്നിൽ ഓട്ടോ നിർത്തി. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് പൂരിതമായ അന്തരീക്ഷം കാരണം ഞാൻ ചോദിച്ചു.

“ഇതാണോ കൊട്ടാരം ?”

“അതിനകത്തു കൂടെ കയറിപ്പോയാൽ മതി...”

“ങേ!!” ഞാൻ ഞെട്ടി.‘ക്ഷേത്രത്തിനകത്ത് കൂടെ ഞങ്ങൾ മൂന്ന് അഹിന്ദുക്കളും ഒരു ഹിന്ദുവും കടന്ന് പോയാൽ ???‘

സംശയം തീർക്കാനായി അവിടെ ട്രാഫിക് നിയന്ത്രിച്ചുകൊണ്ടിരുന്ന പോലീസുകാരനോട് അന്വേഷിച്ചു. തൊട്ടപ്പുറം തന്നെയുള്ള മറ്റൊരു വഴി അദ്ദേഹം കാണിച്ചുതന്നു. ഞങ്ങൾ അതിലൂടെ കൊട്ടാരത്തിന് മുന്നിലെത്തി.


                 അയ്യപ്പഭക്തന്മാർ മാത്രം അകത്തു കയറുന്നതിനാൽ വാതിലിൽ നിന്ന ആളോട് ഞങ്ങൾക്ക് കാണാൻ പറ്റുമോ എന്ന് ചോദിച്ചു.അദ്ദേഹം ഓ.കെ പറഞ്ഞതിനാൽ  ഞങ്ങളും കയറി.
                അകത്തൊരു സ്ഥലത്ത് ഭക്തർ മുട്ടുകുത്തുന്നതും സാഷ്ടാംഗം പ്രണമിക്കുന്നതും കണ്ടു.കാഴ്ചകൾ കണ്ട് ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴാണ് രെജീഷ് ഈ കൊട്ടാരത്തിന്റെ ഐതിഹ്യം പറഞ്ഞത്.ശ്രീ അയ്യപ്പൻ വളർന്ന വീടാണ് പന്തളം കൊട്ടാരം. അത് തന്നെയാണ് ഷിജിൻ സൂചിപ്പിച്ചിരുന്ന തിരക്കും. അഞ്ച് വർഷങ്ങൾക്ക് മുമ്പ് NSSന്റെ കൂടെത്തന്നെ ഡൽഹിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി ശ്രീകൃഷ്ണൻ ജനിച്ച മഥുരാപുരിയിൽ എത്തിയതും സ്മരിച്ച് ഞാൻ പന്തളം വിട്ടു (1992ൽ ബാബരി മസ്ജിദ് തകർക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അലീഗഡിലും  ആഗ്രയിലും പോയപ്പോൾ ശ്രീരാമന്റെ അയോധ്യയിലും പോകാൻ അവസരം വന്നു, പോയില്ല) .

Sunday, November 19, 2017

വേമ്പനാട് കായലിൽ ഒരു കൊച്ചു വെളുപ്പാൻ കാലത്ത്..

            ഗ്രാമസ്വരാജ് എന്ന മഹാത്മാഗാന്ധിയുടെ ആശയത്തിലൂന്നി സൻസദ് ആദർശ് ഗ്രാമ യോജന എന്ന പേരില്‍ പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി  നടാപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമ പുനരുദ്ധാരണ പ്രക്രിയയുടെ  ഭാഗമായിട്ടായിരുന്നു ഇക്കഴിഞ്ഞ ദിവസം ഞാന്‍ വീണ്ടും  ആലപ്പുഴയിൽ എത്തിയത്. മാനവീയം അവാർഡ് ഏറ്റു വാങ്ങാൻ വന്നതു പോലെ പുലർച്ചെ 4.30 ന് ഞങ്ങൾ ആലപ്പുഴയിൽ വണ്ടിയിറങ്ങി. ഉച്ചക്ക് 12 മണി വരെ ഫ്രീ ആയതിനാൽ ഒരിക്കൽ  കൂടി ഒരു കായൽയാത്ര പ്ലാൻ ചെയ്തു.
           സ്റ്റേഷനിൽ നിന്നും ബസ് വഴി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി. തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന ചായക്കടയിൽ കയറി 4 ചായ ഓർഡർ ചെയ്തതിനൊപ്പം കായൽയാത്രയുടെ വിവിധ സാധ്യതകളും അതിന്റെ  ബാധ്യതകളും നൈസായി മനസ്സിലാക്കി. അപ്രകാരം സാധാരണ യാത്രാബോട്ടിൽ നെടുമുടി വരെ പോകാൻ തീരുമാനമായി.
           എങ്ങോട്ടോ പോകാനായി  ജെട്ടിയിൽ ഒതുക്കി നിർത്തിയിരുന്ന യാത്രാ ബോട്ടിൽ ഞങ്ങൾ കയറിയിരുന്നു. അല് പ സമയത്തിനകം തന്നെ ബോട്ടിന് ജീവൻ വച്ചു.ഒരു മണിക്കൂർ യാത്രാ ദൂരമുള്ള നെടുമുടിയിലേക്ക്  ചാർജ്ജ് വെറും പത്ത് രൂപ മാത്രം.
           ബോട്ട് നീങ്ങിത്തുടങ്ങി അല്പ സമയത്തിന് ശേഷം തന്നെ കിഴക്കൻ ചക്രവാളത്തിൽ ചെഞ്ചായം വിതറി അർക്കൻ ഉയർന്ന് വന്നു. കുഞ്ഞോളങ്ങൾ വെട്ടുന്ന കായലിൽ , മഞ്ഞ് കണങ്ങൾ പിന്നാമ്പുറം നല്‍കിയ കാൻവാസിൽ ചുവന്ന സൂര്യൻ  വരച്ച ചിത്രങ്ങൾ ഞങ്ങൾക്ക് സുപ്രഭാതം നേർന്നു

              തണുത്ത കാറ്റ് ബോട്ടിനകത്തേക്ക് തള്ളിക്കയറി വന്ന് ഞങ്ങളെ തലോടി വീ ണ്ടും കായലിന്റെ അഗാധതകളിലേക്ക് മുങ്ങാംകുഴിയിട്ടു. കായലിന്റെ ഇരുകരകളിലുമുള്ള ജെട്ടികളിലേക്ക് ബോട്ട് മന്ദം മന്ദം നീങ്ങി. ഒന്നും രണ്ടും പേർ മാത്രം കയറുകയോ ഇറങ്ങുകയോ ചെയ്തു.

              ഇതിനിടക്ക് തന്നെ സ്പോര്‍‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തുഴച്ചിൽ പരിശീലന വള്ളങ്ങളും ഞങ്ങളെ കടന്ന് പോയി. കൈനകരി ജെട്ടിയിൽ ബോട്ട് അടുത്തതോടെ ബോട്ട് നിറഞ്ഞു. ജെട്ടിക്ക് തൊട്ടടുത്തുള്ള കൈനകരി സ്കൂളിന് സമീപം ചെറിയൊരു വേലി കെട്ടി വേർതിരിച്ച സ്ഥലത്ത് കുട്ടികൾ നീന്തൽ പരിശീലിക്കുന്നതും കണ്ടു. ഈ യാത്രയിൽ കണ്ട, ഇത്രയും വൃത്തികെട്ട കായലിലെ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്ന കുട്ടികളെ കണ്ടപ്പോൾ സങ്കടം തോന്നി.
            സൂര്യന്റെ പ്രഭ കായൽ മുഴുവൻ പരന്നു തുടങ്ങി. കായലിലൂടെയുള്ള  ഞങ്ങളുടെ പ്രഭാതസവാരി തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കുർ ആയി. കായലിന് കുറുകെ ഒരു വലിയ പാലവും അതിലുടെ നിറയെ വാഹനങ്ങളും പോകുന്നത് കണ്ടു. ബോട്ട് ഒരു വലിയ ജെട്ടിയുടെ അടുത്തേക്ക് നീങ്ങി. യാത്രക്കാർ എല്ലാവരും സീറ്റിൽ നിന്നെണീറ്റു. നെടുമുടി വേണു എന്ന മഹാനടന്റെ ജന്മദേശമായിരുന്നു അത്. ഞങ്ങളും അവിടെ ഇറങ്ങി.

(തുടരും)

Thursday, November 16, 2017

ഒരു 20-20 ഇന്നിoഗ്സിന്റെ തുടക്കം

            സുനിൽ ഗവാസ്കറും കപിൽ ദേവും രവിശാസ്ത്രിയും എല്ലാം V shape കഴുത്തുള്ള വെള്ള ബനിയനിട്ട് അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് കളി ഡയനോര ടി വി യിൽ ബ്ലാക്ക് & വൈറ്റിൽ കണ്ടതിന്റെ കളർചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. റിലയന്‍സിന്റെ ഇന്നത്തെ ജിയോ വരുന്നതിനും എത്രയോ മുമ്പ് റിലയൻസ് കപ്പ് ലോക ക്രിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ  മാന്ത്രിക ബൗളിംഗിൽ ആസ്ത്രേലിയയെ ഒറ്റ റണ്ണിന് തോല്പ്പിച്ച ഇന്ത്യയുടെ കളിയും എന്റെ മനസ്സിലുണ്ട്. ഇഷ്ട താരങ്ങൾ പലരും കോഴ വിവാദത്തിൽ  കുടുങ്ങിയതോടെ ക്രിക്കറ്റ്  എന്റെ മനസ്സിൽ നിന്നും പിഴുതെറിയപ്പെട്ടു. ആവേശം വാനോളം ഉയർത്തി എന്ന് പത്രക്കാർ എന്നും എഴുതുന്ന IPL അടക്കമുള്ള 20-20 മത്സരങ്ങൾ ഒന്ന് പോലും ഞാൻ ഇതുവരെ നേരിട്ടും ടി വി യിലും  കണ്ടിട്ടില്ല എന്ന് അറിയുമ്പോഴാണ് ഞാനും ക്രിക്കറ്റും തമ്മിലുള്ള ഇന്നത്തെ ബന്ധം മനസ്സിലാവുക.
                ഇത്രയും പറഞ്ഞത് ഇനി ഞാൻ കളിക്കാൻ പോകുന്ന 20-20 യെപ്പറ്റി പറയാനാണ്. ഇന്ന് ഞങ്ങളുടെ 20-20 ഇന്നിങ്ങ്സ് ആരംഭിക്കുന്നു. വൈവാഹിക ജീവിതത്തിന്റെ 20-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മുറ്റത്ത് ഒരു പുതിയ തൈ  കൂടി -ബുഷ് ഓറഞ്ച് . 
                നടുന്ന മരങ്ങൾ വളരുന്നില്ല എന്ന് പറയുന്നവർക്ക് പരീക്ഷിക്കാൻ ഒരു മാതൃക.... മുൻ വാർഷികങ്ങളിൽ വീട്ട് മുറ്റത്ത് നട്ട ഉറുമാമ്പഴത്തിന്റെ തൈയും പ്ലാവിന്റെ തൈയും ഇതാ ഇപ്പോൾ ഇത്രേം ആയി. നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കു ... വീടിന് ചുറ്റും പലതരം വൃക്ഷങ്ങൾ പടർന്ന് പന്തലിക്കും എന്ന് തീർച്ച.



Tuesday, November 14, 2017

മിസ്റ്റി ഗ്രീൻസിൽ-2

മിസ്റ്റി ഗ്രീൻസിൽ....
രാത്രി നേരത്തേ ഉറങ്ങിയതിനാല്‍ കാലത്ത് സൂര്യനുദിക്കും മുമ്പേ ഞങ്ങള്‍ എണീറ്റു. സ്വന്തം വീട്ടില്‍ നിന്ന് സൂര്യോദയം നോക്കാറില്ലെങ്കിലും റിസോര്‍ട്ടില്‍ നിന്നായപ്പോള്‍ അതിനൊക്കെ എന്തോ ഒരാവേശം. പക്ഷെ അര്‍ക്കന്‍ ഞങ്ങളുടെ കണ്ണ് വെട്ടിച്ച് മറ്റെവിടെയോ ഉദിച്ച് പൊങ്ങി ! പക്ഷി കളത്രാദികള്‍ സ്വന്തം രാജ്യം എന്ന പോലെ തലങ്ങും വിലങ്ങും പറക്കുകയും ചിലക്കുകയും ചെയ്തു കൊണ്ടിരുന്നു.
ഇന്നലെ നീട്ടിവച്ച നീന്തലും കുളിയും വീണ്ടും നീട്ടി വയ്ക്കാന്‍ മനസ്സ് വന്നില്ല. അത്യാവശ്യം തണുപ്പാണെങ്കിലും ഞങ്ങള്‍ സ്വിമ്മിങ് പൂളില്‍ എത്തി.

പിന്നെ ഓരോരുത്തരായി വെള്ളത്തിലേക്ക് ചാടി.വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സറിഞ്ഞ്  ഒന്ന് മുങ്ങിക്കുളിക്കാനും നീന്തിക്കളിക്കാനും സാധിച്ചതില്‍ വളരെ സന്തോഷം തോന്നി. പക്ഷെ നീന്തല്‍ ഒരു റൌണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ കിതപ്പ് തുടങ്ങി. എന്നാലും മതിവരോളം വെള്ളത്തില്‍ തന്നെ കിടന്നു. മലമുകളില്‍ നിന്നെവിടെ നിന്നോ ഹോസ് വഴി എത്തുന്ന വെള്ളം നേരെ തലയിലേക്ക് പിടിച്ചപ്പോള്‍ ഒരു കോരിത്തരിപ്പ് പെരുവിരലില്‍ നിന്നും മൂര്‍ദ്ധാവിലേക്ക് പടർന്നു കയറി.
ഞങ്ങൾ മൂന്ന് പേർക്കും ഇന്ന് കോളേജിൽ ജോലിക്ക് എത്തണം എന്നതിനാൽ വെള്ളത്തിൽ കൂടുതൽ നേരം കിടന്നില്ല.കുളി കഴിഞ്ഞ് അടുത്ത പരിപാടിയായ ആമാശയ വിപുലീകരണത്തിലേക്ക് കടന്നു. ദോശ-ചട്ട്ണി കോമ്പിനേഷനും പുട്ട്-കടല  കോമ്പിനേഷനും ഒരുക്കി രാജേട്ടൻ ശരിക്കും ഞങ്ങളെ കൺഫ്യൂഷനിലാക്കി. പക്ഷെ നമ്മളുണ്ടോ വിടുന്നു , രണ്ടും ആവോളം തട്ടി. പണ്ട് ബാപ്പയുടെ നാട്ടിൽ പോയിരുന്ന കാലത്ത് കിട്ടിയിരുന്ന പുട്ടും പറങ്കിക്കറിയും അനുസ്മരിച്ച് ഒരു പുട്ട് ചട്ട്ണി കൂട്ടിയും അകത്താക്കി.

ഈ കാണുന്ന പാത്രങ്ങൾ എല്ലാം തന്നെ കാലിയാക്കി കൊടുത്തു.

ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ തൊട്ടടുത്തുള്ള ‘മഡ് ഹൌസ്’ സന്ദർശിച്ചു. കുട്ടിക്കാലത്ത് കണ്ടിരുന്ന ചില വീടുകളെ അത് അനുസ്മരിപ്പിച്ചു. ഒരു ബാത്ത് അറ്റാച്‌ഡ് ബെഡ്‌റൂം മാത്രമേയുള്ളൂ - വാടക ഒരു ദിവസത്തിന് 2500 രൂപ. എന്റെ അഭിപ്രായത്തിൽ ഇത് അത്ര സുഖകരമല്ല.


മഡ് ഹൌസ് കണ്ട് ഇറങ്ങുമ്പോഴാണ് ട്രീ ഹൌസ് അഥവാ ഏറുമാടം കണ്ടത്. പഴക്കം കാരണം, ആരും കയറാതിരിക്കാൻ വേണ്ടി മുകളിലേക്കുള്ള ഗോവണി ഒഴിവാക്കിയിരുന്നു.
എല്ലാം കണ്ട് കഴിഞ്ഞ് ആതിഥേയനോട് നന്ദിയും പറഞ്ഞ് ചെറിയ ഒരു ടിപ് ഞങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു.സന്തോഷത്തോടെ അതും സ്വീകരിച്ച് അദ്ദേഹം ഞങ്ങളെ യാത്രയാക്കി.


(അവസാനിച്ചു)

Wednesday, November 08, 2017

മിസ്റ്റി ഗ്രീൻസ് റിസോർട്ട്

റിസോർട്ടുകൾ പൊതുവെ ഉപയോഗിക്കുന്നത് സമൂഹത്തിലെ ഉന്നതരും പിന്നെ പൂത്ത പണക്കാരും ആണെന്നാണ് എന്റെ ധാരണ.നാലായിരവും അയ്യായിരവും രൂപ വാടക കൊടുത്ത് മലമുകളിലെ ഒരു കൊച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് എത്തുന്നവരിൽ പലരും ഒന്നോ രണ്ടോ ദിവസത്തെ ആസ്വാദനത്തിനാണ് എത്തുന്നതെങ്കിലും അവരുടെ മാനസിക അവസ്ഥ വിശകലനം ചെയ്താൽ അതൊരു ഗവേഷണ പ്രബന്ധമാക്കാം എന്നാണ് എന്റെ അഭിപ്രായം.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇക്കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തികച്ചും സൌജന്യമായി മൂന്ന് റിസോർട്ടുകളിൽ താമസിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ആദ്യത്തേത് മെയ് മാസത്തിൽ കുടുംബസമേതം, എന്റെ പ്രീഡിഗ്രി സുഹൃത്ത് മഹ്‌റൂഫിന്റെ ഗൂഡല്ലൂർ റിസോർട്ടിൽ. അടുത്തത്,  വർഷം തോറും നടക്കാറുള്ള ടീം PSMO സംഗമം എന്ന പ്രീഡിഗ്രി ഹോസ്റ്റൽ ടീമിന്റെ കൂടിച്ചേരൽ - ജൂലൈ മാസത്തിൽ വയനാട് ലക്കിടിയിൽ . അത് നാട്ടുകാരനായ ഹാഫിസ് അഹമ്മദിന്റെ അമ്മായിയപ്പന്റെ ഉടമയിലുള്ളത്. മൂന്നാമത്തേത് ഈ ഒക്റ്റോബറിൽ എന്റെ ഇപ്പോഴത്തെ സഹമുറിയന്മാരുടെ കൂടെ വയനാട്ടിലെ വെള്ളമുണ്ടയിലുള്ള മിസ്റ്റി ഹെവനിൽ - മുൻ വയനാട് വാസകാലം മുതലേ പരിചയമുള്ള പവിത്രേട്ടന്റെ മേൽനോട്ടത്തിലുള്ളത്.

തേയിലത്തോട്ടങ്ങൾ കണ്ണിന് വിരുന്നൊരുക്കുന്ന, കുറ്റ്യാടി - മാനന്തവാടി റൂട്ടിൽ വെള്ളമുണ്ട 12ആം മൈലിൽ ആണ് മിസ്റ്റി ഹെവൻ.മെയിൻ റോഡിൽ നിന്നും വലത്തോട്ടുള്ള റോഡിലേക്ക് കയറി ഏകദേശം 500 മീറ്റർ സഞ്ചരിച്ച് ഒരു അംഗനവാടി കണ്ടാൽ തൊട്ടടുത്ത് വീണ്ടും വലത്തോട്ട് ഒരു റോഡ് എന്നായിരുന്നു പവിത്രേട്ടൻ പറഞ്ഞത്. സമയം സന്ധ്യ കഴിഞ്ഞതിനാൽ ഇപ്പറഞ്ഞ ലാന്റ് മാർക്കുകൾ എല്ലാം താണ്ടി വഴി അടഞ്ഞപ്പോഴാണ് ഞങ്ങളുടെ മാരുതി ബ്രെസ്സ നിന്നത്.

പവിത്രേട്ടനെ വീണ്ടും വിളിച്ച് അംഗനവാടിക്ക് അടുത്തുള്ള “റോഡ്” ഞങ്ങൾ കണ്ടെത്തി. ബോളറുകൾ പതിച്ച റോഡ് അല്പം കയറിയപ്പോൾ വീണ്ടും പിരിഞ്ഞു.കുത്തനെ മുകളിലേക്ക് കയറുന്ന ചെങ്കല്ല് പതിച്ച റോഡാണ് ഞങ്ങളുടെ വഴിയെന്ന് ചോദിച്ചറിഞ്ഞു. കയറിത്തുടങ്ങിയപ്പോഴാണ് നേരത്തെ എത്താൻ പവിത്രേട്ടൻ പറഞ്ഞതിന്റെ യഥാർത്ഥ സത്യം മനസ്സിലായത്.വളവും തിരിവും കയറ്റവും ആയി, ആ രാത്രിയിൽ വണ്ടി മുരണ്ട് കയറി മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. അവസാനം  സ്കൂട്ടറിൽ ഒരാൾ എതിരെ വരുന്നത് കണ്ടപ്പോഴാണ് അല്പമെങ്കിലും സമാധാനമായത്. അദ്ദേഹത്തോട് ചോദിച്ചപ്പോഴാണ് ഞങ്ങൾക്ക് താമസിക്കേണ്ട റിസോർട്ടും കടന്ന് ഞങ്ങൾ “മുന്നേറിയ” വിവരം അറിയുന്നത്.

ഒരു വിധം വണ്ടി അവിടെയിട്ട് തിരിച്ച് രണ്ട് വളവ് താഴെ എത്തിയപ്പോൾ ഞങ്ങളുടെ ആതിഥേയൻ രാജേട്ടൻ അവിടെ കാത്ത് നിന്നിരുന്നു. അതിഥിയും ആതിഥേയനും  എല്ലാ കാര്യങ്ങളും പവിത്രേട്ടനുമായി സംസാരിച്ചതിനാൽ, രാജേട്ടന്റെ നമ്പർ ഞങ്ങളും ഞങ്ങളുടെ നമ്പർ അദ്ദേഹവും വാങ്ങാൻ വിട്ടു പോയിരുന്നു.അത് ഈ യാത്രയിലെ രണ്ടാം പാഠം.

 നീന്തിക്കുളിക്കാൻ ഒരു സ്വിമ്മിങ് പൂൾ ഉണ്ട് എന്നതായിരുന്നു ഞങ്ങൾ ഇവിടേക്ക് വരാൻ മറ്റൊരു കാരണം. നേരം ഇരുട്ടിയിട്ടും ഞങ്ങൾ തൊട്ടടുത്ത് തന്നെയുള്ള സ്വിമ്മിങ് പൂൾ കാണാൻ പോയി. പക്ഷേ, കുളി അടുത്ത ദിവസം രാവിലേക്കാക്കി.
രണ്ട് ബെഡ്‌റൂം ഉള്ള ഒരു കൊച്ചു റിസോർട്ടാണ് മിസ്റ്റി ഗ്രീൻസ്. രാത്രിയായാൽ ചിവീടുകളുടെ ശബ്ദം മാത്രം കേൾക്കുന്നതിനാൽ ഒരു കാട്ടിനകത്ത് താമസിക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്. വാടക ഒരു ദിവസത്തിന് 3500 രൂപ. പ്രാതൽ അതിൽ ഉൾപ്പെടും.അത്താഴം ഓർഡർ നൽകിയാൽ തയ്യാറാക്കി തരും (ഞങ്ങൾക്ക് എല്ലാം ഫ്രീ ആയിരുന്നു!).
റിസോർട്ടുകളുടെ തനത് രുചിക്കൂട്ടായ റ്റൊമാറ്റൊ പെപ്പർ സ്റ്റ്യൂ ഒഴിച്ച് ചൂടുള്ള ചപ്പാത്തിയും കഴിച്ച് അല്പ നേരം ഉടമയും ആതിഥേയനുമായ രാജേട്ടന്റെ  കഥകളും കേട്ട ശേഷം ഞങ്ങൾ ഉറക്കത്തിലേക്ക് ആഴ്ന്നു.


(തുടരും...)

Wednesday, November 01, 2017

എന്റെ മലയാളം എങ്ങോട്ട്?

      ഇന്ന് നാം കേരളപ്പിറവി ദിനം ആചരിക്കുകയാണ്. സർക്കാറും വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളും സ്കൂൾ-കോളേജ് കാമ്പസുകളും പല രൂപത്തിലും ഈ ദിനം കെങ്കേമമാക്കുന്നുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങളുടെ കലാ-കായിക അഭിരുചികൾ ഉദ്ദീപിപ്പിക്കുന്നതിനായി കേരളോത്സവം എന്ന ഒരു പരിപാടിയും ഈ ദിനത്തോടനുബന്ധിച്ച് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ വർഷങ്ങളോളമായി നടന്നു വരുന്നുണ്ട്.

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛൻ ജീവിച്ചത് പതിനാറാം നൂറ്റാണ്ടിലായിരുന്നു. മലയാള ഭാഷ ആവിർഭവിച്ചതാകട്ടെ ആറാം നൂറ്റാണ്ടിലും.നമ്മുടെ മാതൃഭാഷക്ക് ഇത്രയും പ്രായമുണ്ടെന്ന് ഇന്നത്തെ തലമുറക്ക് ഒരു പക്ഷെ പുതിയ അറിവായിരിക്കും. സഹസ്രാബ്ദത്തിലധികം കാലം പിന്നിട്ടിട്ടും നമ്മുടെ മാതൃഭാഷ എവിടെ എത്തി നിൽക്കുന്നു എന്ന് നാം പുനർവിചിന്തനം നടത്തേണ്ടതുണ്ട്.

  2001ലെ ജനസംഖ്യാ കണക്ക് പ്രകാരം 330 ലക്ഷം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് മലയാളം. കേരളത്തിന് പുറമെ കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലെയും പോണ്ടിച്ചേരിയിലെയും ഔദ്യോഗിക ഭാഷയും മലയാളമാണ്. എന്നാൽ ഇതര തെന്നിന്ത്യൻ ഭാഷകളെ അപേക്ഷിച്ച് മലയാളത്തിന്റെ പുരോഗതി പരിതാപകരമാണെന്ന് പറയാതിരിക്കാൻ വയ്യ. ഇതിന് കാരണം മറ്റൊന്നുമല്ല. നാം മലയാളം ഉപയോഗിക്കുന്നത് സംസാരത്തിനുള്ള ഭാഷയായി മാത്രമാണ്.

    ഉന്നത ബിരുദങ്ങൾ കൈവരിച്ചവർക്ക് പോലും അക്ഷരത്തെറ്റ് കൂടാതെ മലയാളം എഴുതാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ് നമ്മുടെ പ്രയാണം.ആശയ വിനിമയോപാധികൾ കൂടിയപ്പോൾ മലയാളം ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങിയതിന്റെ ഒരു പാർശ്വഫലമാണ് ഇത്. പലർക്കും മലയാളത്തിൽ പത്ത് വരി എഴുതുമ്പോഴേക്കും കൈ കഴക്കുന്ന അവസ്ഥ വരെ എത്തി.പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവർക്ക് പോലും തെറ്റില്ലാതെ മലയാളം എഴുതാൻ സാധിക്കുന്നില്ല. മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണം പോലും കൃത്യമായി അറിയാത്ത മലയാളികളാണ് നമ്മുടെ ചുറ്റും വളർന്നുകൊണ്ടിരിക്കുന്നത്. ഇത് ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കും. അതിനാൽ സ്കൂൾ തലത്തിൽ മറ്റു ഭാഷകൾ പഠിക്കുന്നത് പോലെ അല്ലെങ്കിൽ അതിലും കൂടുതൽ പ്രാധാന്യം നൽകി മലയാളം പഠിപ്പിക്കാൻ സർക്കാർ ശ്രദ്ധിക്കണം എന്ന് ഉണർത്തുന്നു.