Pages

Friday, June 28, 2019

ഉദുമല്പേട്ടിലെ കാറ്റാടിപ്പാടങ്ങൾ

            രാമശ്ശേരി ഇഡലിയുടെ രുചിയറിഞ്ഞ് ഞങ്ങൾ അടുത്ത കേന്ദ്രത്തിലേക്ക് യാത്ര ആരംഭിച്ചു. അധികം യാത്ര ചെയ്യുന്നതിന് മുമ്പെ ഡ്രൈവർ വണ്ടി സൈഡിലേക്ക് ഒന്ന് ഒതുക്കി നിർത്തി. ശേഷം രണ്ട് വെള്ളക്കടലാസ് എടുത്ത് അതിൽ വണ്ടിയിലുള്ള മുഴുവൻ ആള്‍ക്കാരുടെയും പേരും വയസ്സും എഴുതാൻ ആവശ്യപ്പെട്ടു.  സംസ്ഥാന അതിർത്തികടക്കുന്നതിന്റെ മുമ്പ് ചെക്ക്‌പോസ്റ്റിൽ നൽകാനായിരുന്നു ആ ലിസ്റ്റ്.  ഗോപാലപുരം എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്.
            ലിസ്റ്റുമായി പോയ ഡ്രൈവർ തിരിച്ചു വരുന്നത് അനിശ്ചിതമായി നീണ്ടപ്പോൾ, യാദൃശ്ചികമായാണ് ഒരു തൂണിൽ കെട്ടിയിട്ട കോഴി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. മണ്ണിൽ ചെറിയ ഒരു കുഴിയുണ്ടാക്കി ഉറങ്ങിക്കിടന്ന കോഴി എണീറ്റപ്പോഴാണ് അതിന്റെ വലിപ്പം മനസ്സിലായത്. ഒന്നു കൂടി കണ്ണോടിച്ചപ്പോൾ അത്തരം രണ്ട് കോഴികളെ കൂടി അല്പം ദൂരെ മാറി കെട്ടിയിട്ടത് കണ്ടു.അങ്കക്കോഴികളാണ് അവ എന്ന് അവയുടെ വലിപ്പം വിളിച്ചോതി. ഇനിയും ഒരങ്കത്തിന് ബാല്യമില്ല എന്ന് അവയുടെ കണ്ണിലെ ഉറക്കവും വിളിച്ച് പറഞ്ഞു. തമിഴ്‌നാട്ടില്‍ വളര്‍ത്തുകോഴികളും ഈ ജനുസ്സില്‍ പെട്ടതാണ് എന്ന് കണ്ടറിഞ്ഞു.
             പഴനി കണ്ട്, കൊടൈക്കനാലില്‍ വൈകിട്ടോടെ എത്തി അന്നവിടെ താമസിക്കാനായിരുന്നു ഞങ്ങളുടെ ആദ്യത്തെ പ്ലാന്‍. പക്ഷേ, നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിച്ചിരുന്ന മുന്നൂറിലധികം ലോഡ്ജുകളും ഹോം‌സ്റ്റേകളും പൂട്ടിച്ച മുനിസിപ്പല്‍ അധികൃതരുടെ നടപടി കാരണം കൊടൈക്കനാലില്‍ താമസസൌകര്യം കിട്ടിയില്ല. അതിനാല്‍ അന്ന് പഴനിയില്‍ താമസിക്കാന്‍ തീരുമാനമായി.
              പോകുന്ന വഴിയില്‍ ആനമല വന്യജീവി സങ്കേതവും മറ്റും ഉണ്ടെന്ന് ഗൂഗിളും തമിഴ്‌നാട് ടൂറിസം വകുപ്പും അറിയിപ്പ് തന്നു കൊണ്ടിരുന്നു. പക്ഷേ കിലോമീറ്ററുകള്‍ താണ്ടിയുള്ള ദുര്‍ഘടപാതാ സഞ്ചാരം ആരും ഇഷ്ടപ്പെടാത്തതിനാല്‍ ആ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് വണ്ടി പാഞ്ഞു.
               പെട്ടെന്നാണ് റോഡിന്റെ ഇരുവശങ്ങളിലും കൂറ്റന്‍ പങ്കകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. മുന്നോട്ട് പോകുന്തോറും അതിന്റെ എണ്ണം കൂടാന്‍ തുടങ്ങി. ഉദുമല്പേട്ട് എന്ന സ്ഥലത്തായിരുന്നു ഈ കാഴ്ച. വണ്ടി ഒരു വൃക്ഷത്തണലില്‍ ഒതുക്കി ഞങ്ങളൊന്ന് പുറത്തിറങ്ങി.
              കാറ്റിന്റെ ശക്തി അപ്പോഴാണ് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. സൂര്യന്‍ ഉച്ചിയില്‍ നിന്നിട്ടും കാറ്റ് അതിന്റെ ചൂടിനെ ശമിപ്പിച്ചു. പാലക്കാട് ചുരം  എന്ന പശ്ചിമഘട്ടത്തിന്റെ ഗ്യാപിലൂടെ വരുന്ന കാറ്റാണ് ഇതെന്ന് പിന്നീട് വായിച്ചറിഞ്ഞു. ഈ സാധ്യത ഉപയോഗപ്പെടുത്തി സ്വകാര്യ സംരംഭകരാണ് ഈ കാറ്റാടിപ്പാടങ്ങളില്‍ വിതച്ചതും കൊയ്യുന്നതും. ഏക്കര്‍ കണക്കിനുള്ള ഈ ഭൂമി മുഴുവന്‍ ഒരു കാലത്ത് പച്ചക്കറി വിളകളുടെ പൊന്‍‌നിലങ്ങളായിരുന്നു. എന്നാല്‍ ഒരു വിന്റ് മില്ല് സ്ഥാപിക്കാന്‍ തന്നെ വലിയൊരു ഏരിയ വേണം എന്നതിനാല്‍ കൃഷി മെല്ലെ പടിയിറങ്ങി.ഒപ്പം ആ നാട്ടുകാരുടെ ഉപജീവനത്തിന്റെ പ്രധാന മാര്‍ഗ്ഗവും കൊട്ടിയടക്കപ്പെട്ടു. ഇപ്പോള്‍ മിക്ക വിന്റ് മില്ലുകളും പ്രവര്‍ത്തന രഹിതം കൂടിയായതോടെ ഒരു ദേശത്തിന്റെ തകര്‍ച്ചയുടെ കഥ പറയുന്ന നോക്കുകുത്തികളായി ദേശീയ പാതക്കരികില്‍ അവ തല ഉയര്‍ത്തി നില്‍ക്കുന്നു.
                 പഴനി മലയില്‍ നിന്നും ഉയരുന്ന മന്ത്രധ്വനികളും മഞ്ഞളിന്റെ ഗന്ധവും അന്തരീക്ഷത്തില്‍ പടരുന്നതായി ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതെ, ഉച്ചയോടെ ഞങ്ങള്‍ പഴനി മുരുകന്റെ സന്നിധിയില്‍ എത്തി.

(മുരുകന്റെ നാട്ടിലെ വിശേഷങ്ങള്‍ പിന്നീട്....)

Saturday, June 22, 2019

പേപ്പര്‍ ബിറ്റ്സ് (Paper Bits)

കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ (മാനാഞ്ചിറ ടൌണ്‍ഹാളിന് പിന്‍‌വശം) നടക്കുന്ന Paper Bits' എന്ന കൊളാഷ് പ്രദര്‍ശനം കാണാന്‍ പോവുമ്പോള്‍ എനിക്ക് വലിയ പ്രതീക്ഷകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കാരണം കൊളാഷ് തയ്യാറാക്കിയത് ഡൌണ്‍സിന്‍ഡ്രൊം എന്ന ക്രോമോസോം അബ്നോര്‍മാലിറ്റി ബാധിച്ച ഒരു വ്യക്തിയായിരുന്നു. എന്നാല്‍ എന്റെ മുന്‍‌ധാരണകള്‍ മുഴുവന്‍ ആ ദര്‍ശനം മാറ്റി മറിച്ചു.
സാധാരണ ഗതിയില്‍ സമൂഹത്തില്‍ പാര്‍ശ്വ‌വല്ക്കരിക്കപ്പെട്ട് വീട്ടിനുള്ളില്‍ തന്നെ അടഞ്ഞു കൂടാന്‍ വിധിക്കപ്പെടുന്ന ഇത്തരം ജന്മങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് ബിമല്‍ ശംസ് എന്ന ഈ വ്യക്തി. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിറഞ്ഞ പ്രോത്സാഹനം കിട്ടിയപ്പോള്‍ കാന്‍‌വാസില്‍ വിരിഞ്ഞത് നിരവധി അത്ഭുത ചിത്രങ്ങളായിരുന്നു.
ഒരു ചിത്രം മനസ്സില്‍ രൂപപ്പെട്ടാല്‍ അതിനാവശ്യമായ പേപ്പറുകള്‍ പഴയ മാഗസിനുകളില്‍ നിന്ന് തപ്പിയെടുത്ത് കുഞ്ഞ് കുഞ്ഞ് കഷ്ണങ്ങളാക്കി സൂക്ഷിച്ച് വയ്ക്കും. പിന്നെ അവ ചേര്‍ത്തുവച്ച് അവന്റെ മനസ്സിലെ ആശയം ആവിഷ്കരിക്കുന്നു. ‘വിഷു ട്രീസ്’ ന്റെ ഭംഗി സാധാരണ കൊളാഷില്‍ പോലും ഇത്ര മനോഹരമാകില്ല എന്നാണ് എന്റെ അഭിപ്രായം.ഇത്തരത്തിലുള്ള നാല്പതോളം കൊളാഷുകളാണ് പ്രദര്‍ശനത്ത്iന് വച്ചിരിക്കുന്നത്.പ്രദര്‍ശനത്തിന് Paper Bits എന്ന പേര്‍ ഇട്ടതും ബിമല്‍ ആണെന്നറിയുമ്പോള്‍ ആസ്വാദകന്റെ ആശ്ചര്യം കൂടുന്നു.
ചേര്‍ത്ത് പിടിച്ച് സെല്‍ഫി എടുത്തപ്പോഴും കൈ പിടിച്ച് കുലുക്കി അഭിനന്ദിച്ചപ്പോഴും നിഷ്കളങ്കമായ ആ മനസ്സില്‍ നിന്നും നന്ദി വാക്കുകള്‍ പുറപ്പെട്ടു. തിരിച്ച് പേര് ചോദിക്കാനും മറ്റും ബിമല്‍ കാണിക്കുന്ന മിടുക്ക് തീര്‍ച്ചയായും പ്രതീക്ഷാവഹമാണ്.
ഓട്ടിസം പോലെയുള്ള വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളുടെ അഛനമ്മമാര്‍ക്കും ബന്ധുക്കള്‍ വലിയൊരു പ്രചോദനമാണ് ബിമലിന്റെ നേട്ടം. ദൈവം കനിഞ്ഞുനല്‍കിയ വിവിധ അനുഗ്രഹങ്ങള്‍ ആവോളം ആസ്വദിക്കുന്നവര്‍ക്ക് കണ്ണ് തുറന്ന് നോക്കാനുള്ള ഒരവസരവും ഈ കൊച്ചുകലാകാരനിലൂടെ കൈവരുന്നു. ഇനി ഇങ്ങനെയൊരു പ്രദര്‍ശനം എന്ന് നമ്മുടെ മുമ്പില്‍ എത്തും എന്ന് നിശ്ചയമില്ലാത്തതിനാല്‍ സാധ്യമാവുന്നവര്‍ എല്ലാവരും ഒന്ന് കാണാനും ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുക. ജൂണ് 23 വരെയാണ് കോഴിക്കോട്ടെ പ്രദര്‍ശനം.

Wednesday, June 19, 2019

രാമശ്ശേരി ഇഡ്‌ലി

            സോളോ യാത്രകളുടെ ഭൈമീകാമുകനും എന്റെ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ സുഹൈലിന്റെ മുഖപുസ്തക കുറിപ്പിലൂടെയാണ്, ഒരു കൊച്ചുഗ്രാമത്തെ ലോകം മുഴുവൻ പ്രശസ്തമാക്കിയ രാമശ്ശേരി ഇഡ്‌ലിയെപ്പറ്റി ഞാൻ കേൾക്കുന്നത്. ഖസാക്കിന്റെ ഇതിഹാസ ഭൂമി കാണാൻ പോകുമ്പോൾ ഒന്ന് രുചി നോക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ്, ഈ വർഷത്തെ ഞങ്ങളുടെ കുടുംബ വിനോദയാത്രക്കായി കൊടൈക്കനാൽ തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ കുടുംബത്തിലെ എല്ലാവർക്കും  രാമശ്ശേരി ഇഡ്‌ലിയുടെ രുചി നേരിട്ടറിയാനുള്ള വഴിയും ഒരുങ്ങി.

            പാലക്കാട്‌ പൊള്ളാച്ചി ദേശീയ പാതയിലൂടെ എട്ട് കിലോമീറ്റർ ദൂരം മുന്നോട്ട് പോയാൽ കുന്നാച്ചിയെന്ന ഒരു ചെറിയ അങ്ങാടിയിലെത്തും. അവിടെ നിന്നും ഇടത്തോട്ട് ഇടവഴിപോലും നാണിക്കുന്ന രീതിയിൽ ഇടുങ്ങിയ ഒരു റോഡ് വളഞ്ഞും പുളഞ്ഞും മുന്നോട്ട് പോകുന്നു. ഒട്ടും തിരക്കില്ലാത്ത ഈ വഴിയിലൂടെ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ ചെന്നെത്തുന്നത്  ആളൊഴിഞ്ഞ ഒരു തനി പാലക്കാടൻ ഗ്രാമത്തിലാണ്. ഇഡ്‌ലി തിന്നാൻ തിക്കിത്തിരക്കുന്ന മനുഷ്യജന്മങ്ങളും അത് വിതരണം ചെയ്യാൻ പാടുപെടുന്ന ഹോട്ടലുടമയെയും ഒക്കെയായിരുന്നു അവിടേക്കുള്ള യാത്രയില്‍ ഞാന്‍ മനസ്സിൽ വരച്ച് വച്ച ചിത്രം. പക്ഷേ, ഒരു ഭഗവതി ക്ഷേത്രവും രണ്ട് മൂന്ന് കടകളും മാത്രമുള്ള ചെറിയൊരു ഉൾനാടൻ ഗ്രാമമായിരുന്നു ഞങ്ങളെ വരവേറ്റത്. വീടിന്റെ മുൻ‌ഭാഗം തന്നെയായിരുന്നു കടയായി രൂപാന്തരപ്പെടുത്തിയത്.  “ ഭാഗ്യലക്ഷ്മി അമ്മാസ് ശ്രീ സരസ്വതി ടീ സ്റ്റാള്‍ രാമശ്ശേരി ഇഡ‌ലിക്കട“ എന്ന ബോര്‍ഡ് ഇതു തന്നെ ആ സ്ഥലം എന്ന് വ്യക്തമാക്കി.
           ശങ്കരന്‍ എന്നാണ് കടയുടമയുടെ പേര്. അദ്ദേഹത്തിന്റെ ഭാര്യയും കൂട്ടിനുണ്ട്. പിന്നെ ചില വിളമ്പല്‍ സഹായികളും. പത്താം ക്ലാസ് പരീക്ഷ എഴുതിയ പേരക്കുട്ടിക്കാണ് പണപ്പെട്ടിയുടെ ചുമതല.രാമശ്ശേരിയിലെ മുതലിയാര്‍ കുടുംബാംഗങ്ങള്‍ തലമുറ തലമുറയായി കൈമാറി പോരുന്നതാണ് ഈ ഇഡലിയുടെ നിർമാണം. ഒരാഴ്ചവരെ ഈ ഇഡലി കേടുകൂടാതെ ഇരിക്കുമെന്ന് പറയപ്പെടുന്നു. ഞങ്ങള്‍ കയറി ഇരുന്നതോടെ തന്നെ കട ഹൌസ്‌ഫുള്‍ ആയി. മറ്റാരും തന്നെ അപ്പോള്‍ കഴിക്കാ‍നും വന്നില്ല.

            ഇഡ‌ലി മുന്നില്‍ എത്തിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. സാധാരണ ഇഡലിയുടെ രൂപമേ അല്ല.സാധാരണ ഇഡലി റോഡ് റോളര്‍ കയറ്റി പരത്തിയപോലെ ! കണ്ടാല്‍ കട്ടിയുള്ള എന്തോ ഒരു അപ്പം ആണെന്നേ തോന്നൂ.അങ്ങനെ വലുപ്പത്തിലും രുചിയിലും വേവിക്കുന്ന രീതിയിലും എല്ലാം രാമശ്ശേരി ഇഡലി വ്യത്യസ്തത പുലര്‍ത്തുന്നു.ഉമ്മ അടുക്കളയില്‍ കയറി ഇഡലി ഉണ്ടാക്കുന്ന രീതിയും കണ്ടു.മണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയ വളയത്തിൽ നൂലുകൊണ്ട് ഒരു വല പോലെ കെട്ടി അതിന്റെ മുകളിൽ മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചാണ് ഇഡലി ഉണ്ടാക്കുന്നത്. ഒരു ഇഡലിക്ക് 7 രൂപയാണ് വില.ഒരു സെറ്റില്‍ മൂന്നെണ്ണം ഉണ്ടാകും.
              തേങ്ങാ ചട്ട്‌ണി ഒഴിച്ച് ഇഡലി തിന്നാന്‍ തുടങ്ങിയപ്പോഴാണ് മറ്റൊരു ചേട്ടന്‍ പാലക്കാടൻ സാമ്പാറും കൊണ്ട് വന്നത്. അതും ഒഴിച്ച് ആഞ്ഞ് പിടിക്കുമ്പോള്‍ അതാ വരുന്നു ഉള്ളി ചട്‌ണി.അപ്പോ പിന്നെ ഒരു ഇഡലി കൂടി വാങ്ങി.അതിന് അകമ്പടിയായി വന്നത് ഒരു പ്രത്യേകതരം പൊടിയായിരുന്നു.കുരുമുളകും ജീരകവും ഒക്കെ കൂടി അടങ്ങിയ ഒരു വറൈറ്റി സാധനം. ഏതായാലും എല്ലാം കൂട്ടി നന്നായി തട്ടി.

            കാശും കൊടുത്ത് കടയില്‍ നിന്നിറങ്ങുന്നതിന് മുമ്പ് ശങ്കരേട്ടനോട് കുശലം പറഞ്ഞപ്പോഴാണ് അവിടത്തെ മിക്ക വീടുകളിലും ഈ ഇഡലി ഉണ്ടാക്കുന്ന വിവരം അറിഞ്ഞത്.അവയില്‍ ചിലത് ഗ്രാമത്തിന്റെ വേലികളും പട്ടണത്തിന്റെ അതിര്‍ത്തികളും കടന്ന് ദേശാടനം നടത്തുന്നുണ്ട്.മാളുകളിലും എയര്‍പോര്‍ട്ടിലും വിദേശവിസയും കാത്ത് കിടക്കുന്ന ഇഡലികളും രാമശ്ശേരിയില്‍ നിന്നും എന്നും പുറപ്പെടുന്നുണ്ട്. അങ്ങനെ സിമ്പിള്‍ ആയ ഇഡലിയിലൂടെ ഒരു ഗ്രാമം പവര്‍ഫുള്‍ ആകുന്നു.

              രാമശ്ശേരി ഇഡലിയുടെ രുചി നാവിലും മനസ്സിലും കൊത്തിവയ്കണമെങ്കില്‍ അത് ഈ ഗ്രാമത്തില്‍ വന്ന് തന്നെ കഴിക്കണം.പാലക്കാട്ടേക്കുള്ള അടുത്ത യാത്രയില്‍ വീണ്ടും എത്താമെന്ന മോഹത്തോടെ ഞാന്‍ രാമശ്ശേരിയോട് സലാം പറഞ്ഞു.അപ്പോഴേക്കും ഒരു പക്ഷേ രാമശ്ശേരി ഇഡലി ഭൌമ സൂചികാ പട്ടികയില്‍ (Geographical Indication) ഇടം പിടിച്ചേക്കും.

Monday, June 17, 2019

ഗോലിയും വളപ്പൊട്ടും

              സന്മാർഗ്ഗ കഥാമാല എന്ന കഥാപരമ്പരയിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഗോലിയും വളപ്പൊട്ടും‘.

             നല്ല വഴിയെ നടക്കുന്ന ആളുകളുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നു എന്നും അതിനുള്ള കാരണം ആ വഴികളുടെ മഹത്വം പറഞ്ഞു തരാനും അതിലേക്ക് കൈചൂണ്ടിത്തരാനും വരേണ്ടവർ സമൂഹത്തിൽ കുറഞ്ഞ് പോയതാണെന്നും തിരിച്ചറിഞ്ഞ് കഥാകാരൻ രചിച്ച 37 കഥകളുടെ ഒരു സമാഹാരമാണ് ഗോലിയും വളപ്പൊട്ടും. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്തെവിടെയും പ്രചരിച്ചിട്ടുള്ള ഒട്ടേറെ സന്മാർഗ്ഗകഥകളുടെ സത്തെടുത്ത് കുട്ടികൾക്ക് രുചിക്കും വിധത്തിൽ മാറ്റിപ്പണിഞ്ഞുണ്ടാക്കിയവയാണ് ഇതിലെ കഥകൾ എന്ന് രചയിതാവ് ആമുഖക്കുറിപ്പിൽ പറയുന്നു.

            എല്ലാ കഥകളിലും നിറഞ്ഞ് നിൽക്കുന്നത് പുതിയ തലമുറയെ നന്മയുടെയും വിവേകത്തിന്റെയും മഹത്വത്തിന്റെയും നേർക്ക് കൈപിടിച്ച് നടത്താനുള്ള ചെറുതല്ലാത്ത ഒരാഗ്രഹമാണ്. മാതൃഭൂമിയുടെത്തന്നെ ബാലപ്രസിദ്ധീകരണമായ ബാലഭൂമിയിലെ കഥാപംക്തിക്ക് വേണ്ടി എഴുതിയ കഥകളാണ് ഇതിൽ ഒട്ടുമിക്കതും. അതിനാൽ തന്നെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം ഒരു കാല്പനികത നിറഞ്ഞവയാണ്. എങ്കിലും കുട്ടികൾക്ക് വായിക്കാനും രസിക്കാനും സാധിക്കും.ചന്ദ്രൻ ചൂലിശ്ശേരിയുടെ ചിത്രീകരണവും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും.

               കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശികളും കഥകൾ കേൾക്കാൻ കൊതിക്കുന്ന കുട്ടികളും ഇല്ലാത്ത ഇന്നത്തെ കാലത്ത്, സ്വന്തം മക്കൾ നല്ല ഗുണത്തോടെ വളരണം എന്നാഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കൾക്കും വായിക്കാനും വായിക്കാൻ ഉപദേശിക്കാവുന്നതുമായ ഒരു പുസ്തകമാണ് ഇത് എന്നതിൽ സംശയമില്ല. മുതിർന്നവർ നിരവധി സന്മാർഗ്ഗ കഥകൾ കേൾക്കുകയും വായിക്കുകയും ചെയ്തവരായതിനാൽ ഒരു പക്ഷേ വിരസത തോന്നും. പക്ഷെ സ്വന്തം മക്കൾക്ക് പറഞ്ഞു കൊടുക്കാനെന്ന ആവശ്യേന വായിച്ചാൽ രസകരമാകും. മുതിർന്നവരെക്കാൾ കുട്ടികളാവട്ടെ ഈ കഥകളുടെ വായനക്കാർ എന്നാണ് കഥാകാരന്റെ ആഗ്രഹം. കാരണം എല്ലാ മുദ്രകളെയും എന്നന്നേക്കുമായി മനസ്സിൽ ഊട്ടിയുറപ്പിക്കുന്ന കുട്ടിക്കാലത്തു തന്നെയാണ് ഈ കഥകൾ പ്രസരിപ്പിക്കുന്ന വെളിച്ചം ഒരാൾ ഹൃദയത്തിൽ ഏറ്റെടുക്കേണ്ടത്.

പുസ്തകം : ഗോലിയും വളപ്പൊട്ടും
രചയിതാവ് : സുഭാഷ് ചന്ദ്രൻ
പ്രസാധകർ : മാതൃഭൂമി ബുക്സ്
പേജ് : 111
വില : 100 രൂപ

Sunday, June 16, 2019

വ്യത്യസ്തമായ ഒരു ആദരവ്

              എസ്.എസ്.എല്‍.സി ക്കും പ്ലസ് റ്റു വിനും ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് നാട് മുഴുവന്‍ നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മുഴുവന്‍ എ പ്ലസുകാരെയും വിളിച്ചു വരുത്തി സ്റ്റേജില്‍ ക്യൂ നിര്‍ത്തി ട്രോഫികള്‍ വിതരണം നടത്തുന്ന ചടങ്ങ് മുതല്‍ പ്രാദേശിക ക്ലബ്ബുകള്‍ നടത്തുന്ന ചടങ്ങുകള്‍ വരെ കഴിയുമ്പോള്‍ ഓരോ എ പ്ലസ് കാരന്റെ വീട്ടിലും ചുരുങ്ങിയത് ഒരഞ്ച് മെമെന്റോകള്‍ എങ്കിലും എത്തിയിട്ടുണ്ടാകും.

              ഇത്തവണ എസ്.എസ്.എല്‍.സി ക്ക് ഫുള്‍ എ പ്ലസ് വാങ്ങിയ എന്റെ മോള്‍ക്കും പ്രാദേശികമായിത്തന്നെ അഞ്ച് ആദരവ് ചടങ്ങുകള്‍ കഴിഞ്ഞു. ചിലത് ഇനിയും വരാനിരിക്കുന്നു.  ഇതുവരെ വായിച്ചും കണ്ടും അനുഭവിച്ചും അറിഞ്ഞ എല്ലാ ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു പുത്തലം വൈ.സി.എ ക്ലബ്ബിന്റെ ആദരവ്. മെമെന്റോക്ക് പുറമെ ഒരു കരിയര്‍ ഗൈഡന്‍സ് പുസ്തകം കൂടി അവര്‍ നല്‍കി. മാത്രമല്ല അഭിമാന നേട്ടം കൊയ്തവരുടെ മാതാപിതാക്കളെ കൂടി സ്റ്റേജിലേക്ക് ക്ഷണിച്ചുകൊണ്ട് ആരുടെ മകന്‍/മകള്‍ ആണ് ഈ ജേതാവ് എന്ന് സദസ്സിന് എളുപ്പത്തില്‍ പരിചയപ്പെടുത്തിക്കൊടുക്കാനും അവര്‍ക്ക് സാധിച്ചു.
              സിവില്‍ സര്‍വീസ് പരീക്ഷയില്‍ അരീക്കോട് നിന്നും ആദ്യമായി റാങ്ക് പട്ടികയില്‍ ഇടം നേടിയ എന്റെ ബന്ധു കൂടിയായ ടി.ഫറാഷ് ആയിരുന്നു സമ്മാനദാനം നിര്‍വ്വഹിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ക്ലബ്ബിന്റെ ആദരം ഏറ്റുവാങ്ങിയ ഫറാഷ് ഇത്തവണ സമ്മാന വിതരണം നടത്താനായി എത്തിയതും കുട്ടികള്‍ക്ക് പ്രചോദനമായി.
                  തൊട്ടടുത്ത ദിവസം തന്നെ, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മൂത്തുമ്മയുടെ മകനുമായ എ.ഡബ്ലിയു അബ്ദുറഹ്മാന്റെ സാന്നിദ്ധ്യത്തില്‍  അരീക്കോട് പഞ്ചായത്ത് വക ആദരവും ഏറ്റുവാങ്ങി.

Thursday, June 13, 2019

ഗുരുമുഖം തേടി ലിദുമോനും

            മാതാവാകുന്നതും പിതാവാകുന്നതും ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരിക്കും. നാല് തവണ ഈ സന്തോഷം അനുഭവിക്കാന്‍ ദൈവം എന്നെ അനുഗ്രഹിച്ചു. മക്കള്‍ വിദ്യാഭ്യാസം തുടങ്ങുന്ന ദിവസമാണ് മാതാപിതാക്കളുടെ സന്തോഷത്തിന്റെയും മക്കളുടെ കണ്ണീരിന്റെയും ദിനം. ബലൂണും മിഠായിയും പായസവും ഒക്കെയായി സ്കൂളധികൃതര്‍ കുട്ടികളെ സ്വീകരിക്കുന്ന ഇന്നത്തെ കാലത്ത് കുട്ടികളുടെ കണ്ണീര്‍ അപൂര്‍വ്വമാണ്. ആദ്യ മൂന്ന് മക്കളും കണ്ണീര്‍ വീഴ്ത്താതെ സ്കൂളില്‍ പോയ അനുഭവവും എനിക്കുണ്ട്.എന്റെ പാരമ്പര്യം അതായിരുന്നില്ല എന്നും എനിക്ക് നല്ല ബോധ്യമുണ്ട്.

             ഇന്ന് എന്റെ നാലാമനും ഗുരുമുഖത്ത് നിന്നുള്ള വാക്കുകള്‍ തേടിയുള്ള യാത്രക്ക് ആരംഭം കുറിച്ചു. വിശുദ്ധ ഗ്രന്ഥമായ ഖുര്‍‌ആന്‍ കൂടി പഠിപ്പിക്കുന്ന പ്രീ സ്കൂള്‍ വിദ്യാലയമായ അല്‍‌ഫിത്വ്‌‌റയില്‍ ചേര്‍ന്നതോടെ നാല് പേരുടെയും വിദ്യാരംഭം വ്യത്യസ്തമായി. മൂത്ത മകള്‍ ലുലു ഒന്നാം ക്ലാസില്‍ നേരിട്ട് ചേര്‍ന്നപ്പോള്‍ രണ്ടാമത്തെ മകള്‍ ലുഅ പ്ലേസ്കൂളിലാണ് ആരംഭം കുറിച്ചത്. മൂന്നാമത്തവള്‍ ലൂന എല്‍.കെ.ജിയില്‍ തുടങ്ങിയപ്പോള്‍ നാലാമന്‍ ലിദു അല്‍‌ഫിത്വ്‌‌റയിലും ആരംഭിച്ചു.
         

Sunday, June 09, 2019

ഹാസ്യ നാടോടിക്കഥകൾ

              കേരളത്തിലെ 51 ഹാസ്യനാടോടിക്കഥകൾ എന്ന പുസ്തകത്തിന്റെ തലക്കെട്ടാണ്  പ്രഥമ ദൃഷ്ട്യാ തന്നെ എന്നെ ഈ പുസ്തകത്തിലേക്ക് അടുപ്പിച്ചത്. പിൻ‌കുറി കൂടി വായിച്ചപ്പോൾ പുസ്തകം ഞാൻ ഓർഡറും ആക്കി. ആ പിൻ‌കുറി ഇങ്ങനെ...

             ‘മലയാള നാടിന്റെ തനതായ ഹാസ്യബോധത്തിന്റെയും നർമ്മ ഭാവനയുടെയും തെളിച്ചങ്ങളാണ്, ആരെയും അതിശയിപ്പിക്കുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന ഈ നാടോടിക്കഥകൾ. നാടോടിവഴക്കത്തിന്റെ, നാട്ടുമൊഴിച്ചന്തത്തിന്റെ വെള്ളിമീൻ ചാട്ടങ്ങളാൽ സമ്പന്നമാണ് ഈ പുസ്തകത്താളുകൾ. അന്ധന്മാർ ആനയെ കണ്ടതിന്റെ വൃത്താന്തം മുതൽ ദീപസ്തംഭം മഹാശ്ചര്യം വരെ , പോറ്റിയുടെ ഇലസൽക്കാരം മുതൽ കാതിലോല, നല്ലതാളി വരെ ഫലിതപ്രിയർക്ക് മൂക്കുമുട്ടെ ആഹരിക്കാനുള്ള വിഭവങ്ങൾ വിളമ്പിയ ഒരു തൂശനിലയാണ് ഈ ചെറുപുസ്തകം. ചിരിയുടെയും ചിന്തയുടെയും കോരികയുമായി കുഞ്ചൻ നമ്പ്യാരും ഉണ്ണായി വാര്യരും മങ്ങാട്ടച്ചനുമൊക്കെ ഇതിൽ വിളമ്പുകാരാവുന്നുണ്ട്’

              ഈ പുസ്തകത്തെപ്പറ്റി ഇത്രയും വലിയൊരു തള്ളൽ നടത്തിയത് ആരാണെന്ന് അറിയില്ല. വെള്ളിമീൻ ചാട്ടവും തൂശനിലയും കോരികയും എന്നൊക്കെ പറഞ്ഞ് വായനക്കാരനെ മോഹിപ്പിക്കുന്ന പുസ്തകം വായിച്ചാൽ കണ്ണിൽ നിന്ന് വെള്ളം വരും - കാശ് കൊടുത്ത് ഇത് വാങ്ങിയല്ലോ എന്ന സങ്കടത്താൽ. മേല്പറഞ്ഞ ഹാസ്യ സമ്രാട്ടുകൾ എല്ലാം ഇതിൽ മുഖം കാണിക്കുന്നുണ്ട് എന്നായിരിക്കും  വിളമ്പുകാരാവുന്നുണ്ട് എന്നതിലും നല്ല പ്രയോഗം.

           പണ്ട് സ്കൂളിൽ ഏതോ ക്ലാസിൽ പഠിച്ച ‘വിഡ്ഢി വേഷം കെട്ടിയ രാജാവ്’ എന്ന കഥ ഈച്ച കോപി പോലെ ഈ പുസ്തകത്തിലും വായിച്ചു.കഥ വായിച്ചതിലുപരി പഴയ സ്കൂൾ ഓർമ്മയിലേക്ക് ഒന്ന് തിരിച്ചു പോകാൻ സാധിച്ചു എന്നതാണ് എനിക്ക് നേട്ടമായി തോന്നിയത്. 51 കഥകളിൽ അഞ്ചിൽ താഴെ എണ്ണം മാത്രമെ നിലവാരം പുലർത്തുന്നവയുള്ളൂ. യഥാർത്ഥത്തിൽ നാടോടിക്കഥകളുടെ ഒരു സമ്പാദനം ആണ് ഈ പുസ്തകം എന്നതിനാൽ അല്പം കൂടി മികച്ചവ ആകാമായിരുന്നു.  മിക്ക കഥകൾക്കും അടിയിൽ ഗ്രന്ഥകാരന്റെ വകയുള്ള ചിന്തിക്കാനും ആലോചിക്കാനുമുള്ള ‘ആഹ്വാനവും’ കൂടിയായപ്പോൾ പുസ്തകം ഒരേറ് വച്ചു കൊടുക്കാനാണ് തോന്നിയത്. ഒരു പക്ഷെ മിക്ക കഥകളും കേട്ട് തഴഞ്ഞതും ഞാൻ മുതിർന്ന് പോയതും ആയിരിക്കാം ഈ ബോറടിക്ക് കാരണം.

പുസ്തകം : കേരളത്തിലെ 51 ഹാസ്യനാടോടിക്കഥകൾ
രചയിതാവ് : എ.ബി.വി കാവിൽപ്പാട്
പ്രസാധകർ : എച്ച് & സി ബുക്സ്
വില : 60 രൂപ
പേജ് : 96


Tuesday, June 04, 2019

അവസാനത്തെ മാങ്ങ വീഴുമ്പോള്‍...

             Bill Myers എഴുതിയ ഒരു പുസ്തകമാണ് "When the last leaf falls".  മകള്‍ കാന്‍സര്‍ രോഗത്തിനടിമപ്പെടുമ്പോള്‍ ഒരു പിതാവിന്റെ മനോഗതികള്‍ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്നാണ് ഞാന്‍ മനസ്സിലാക്കിയത് (പുസ്തകം ഞാന്‍ വായിച്ചിട്ടില്ല). മുറ്റത്തെ മൂവാണ്ടന്‍ മാവ് ആണ് ആ പുസ്തകത്തെ പെട്ടെന്ന് എന്റെ മനസ്സിലേക്ക് വീണ്ടും എത്തിച്ചത്.
               ഈ വര്‍ഷത്തെ മാങ്ങാക്കാലത്തിന് തിരശ്ശീലയിട്ടുകൊണ്ട് മുറ്റത്തെ മൂവാണ്ടന്‍ മാവിലെ അവസാനത്തെ മാങ്ങയും ഭൂമിയെ ചുംബിച്ചു. 2016ല്‍ അവസാനത്തെ മാങ്ങ വീണപ്പോഴും ഞാന്‍ ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു. നിപ പനിയുടെ പേടി കാരണം മാങ്ങ ഒരു ഭീകര പഴമായി മാറിയ കഴിഞ്ഞ വര്‍ഷം അവസാനം വീണ മാങ്ങക്ക് അവിടെത്തന്നെ കുഴിമാടം ഒരുക്കിയതിനാല്‍ അത് ബൂലോകം അറിയാതെ പോയി!

                 പ്രളയത്തിന് ശേഷം കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ കാരണമായിരുന്നോ എന്നറിയില്ല വൃശ്ചികത്തില്‍ പൂക്കേണ്ട മാവുകള്‍ ഒന്നും തന്നെ കാര്യമായി പൂത്തില്ല. ഇക്കൊല്ലത്തെ നോമ്പിന് മുറ്റത്ത് നിന്ന് മാങ്ങ പറിക്കാന്‍ അവസരം ഇല്ലാതാകുമോ എന്ന് ആശങ്ക പരക്കുന്നതിനിടയിലാണ് ഫെബ്രുവരി മാസത്തില്‍ മാവ് പൂത്തുലഞ്ഞത്. 90 ശതമാനം പൂക്കളും കണ്ണിമാങ്ങയായതോടെ റംസാനില്‍ നോമ്പ് തുറക്കുന്ന സമയത്ത് മറ്റൊരു പഴവും വേണ്ടി വരില്ല എന്ന് തീരുമാനിച്ചു. പക്ഷേ മാങ്ങ വലുതാകും തോറും വീഴാനും തുടങ്ങിയത് വീണ്ടും ആശങ്ക പരത്തി.
               മാവിന് നനച്ചു കൊടുത്താല്‍ കണ്ണിമാങ്ങ വീഴ്ചക്ക് ശമനം ഉണ്ടാകും എന്ന് കേട്ടോ വായിച്ചോ അതോ മനനം ചെയ്തോ കിട്ടിയ അറിവില്‍ നിന്ന് എന്നും വൈകിട്ട് മാവിന്  വെള്ളം നല്‍കി.രാവിലത്തെ നടത്തത്തിനിടയില്‍, വീണുകിടക്കുന്ന കണ്ണിമാങ്ങ മുഴുവന്‍ പെറുക്കി ഭരണിയിലാക്കി ഉപ്പിലും ഇട്ടു.അടുത്ത ഒരു വര്‍ഷത്തേക്ക് അച്ചാറിനുള്ളത് ദേ ഇപ്പോള്‍ റെഡി.
             എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. വൈകാതെ മാങ്ങ വീഴ്ച നിന്നു. ഏപ്രില്‍ മാസം അവസാന ദിനത്തില്‍ ആദ്യത്തെ പഴുത്ത മാങ്ങ വീണു.മെയ് ആറിന് റംസാന്‍ തുടങ്ങിയ ദിവസം രാവിലെ മാവിന്‍ ചുവട്ടില്‍ നിന്നും കിട്ടിയത് മൂന്ന് പഴുത്ത മാങ്ങ - അന്ന് നോമ്പ് തുറക്ക് ദൈവം തന്ന സമ്മാനം. പിന്നെ എല്ലാ ദിവസവും മാങ്ങ കിട്ടിക്കൊണ്ടിരുന്നു. ആദ്യത്തെ ഒരാഴ്ച അണ്ണാനോ വവ്വാലോ മാങ്ങ കടിക്കാന്‍ എത്താത്തത് എന്നില്‍ ചെറിയ ഒരു ആശങ്ക ഉണ്ടാക്കി.

            എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാങ്ങയുടെ മറ്റവകാശികള്‍ക്ക് കൂടി അത് എത്തിക്കണം എന്നതിനാല്‍ മെയ് 14ന് ആദ്യത്തെ മാങ്ങാ പറിക്കല്‍ കര്‍മ്മം നടത്തി.
            പറിച്ച മാങ്ങ ഏകദേശം മുഴുവന്‍ തന്നെ മറ്റു വീടുകളില്‍ എത്തി അവരുടെ നോമ്പുതുറയില്‍ ചേര്‍ന്നു.
             കൂടുതല്‍ വീടുകളിലേക്ക് നല്‍കാനായും ഞങ്ങളുടെ ആവശ്യത്തിനായും മെയ് 18ന് അടുത്ത പറിക്കലും നടത്തി. വവ്വാലിനും അണ്ണാനും തിന്നാന്‍ അപ്പോഴും നിരവധി മാങ്ങകള്‍ ബാക്കി ഉണ്ടായിരുന്നു.
              മെയ് 23ന് ഒരു ഉത്സവം തന്നെയായിരുന്നു നടത്തിയത്. അയല്പക്കത്തും ബന്ധുക്കളിലും ഇനിയും ഈ വര്‍ഷം മൂവാണ്ടന്‍ മാങ്ങ തിന്നാത്തവര്‍ ഉണ്ടാകരുത് എന്ന വാശി അന്ന് ലൂനമോളുടെ പഴക്കൂട നിറഞ്ഞു കവിയാന്‍ കാരണമായി.
             അണ്ണാനും കാക്കയും മാങ്ങ വെറും ടേസ്റ്റ് നോക്കി ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ ഒരു തവണ കൂടി മാങ്ങ പറിച്ചു വയ്ക്കാന്‍ തീരുമാനിച്ചു.
അങ്ങനെ മെയ് 28ന് അവസാനത്തെ മാങ്ങ പറിക്കലും നടത്തി.
            നാല് തവണയും കൂടി 125 മാങ്ങ ഞാന്‍ പറിച്ചു. എകദേശം അത്ര തന്നെ അണ്ണാന്‍ തിന്നും വവ്വാല്‍ കടിച്ചും കാറ്റില്‍ ഞെട്ടറ്റും നിലം പൊത്തി. മാനത്ത് ശവ്വാലമ്പിളി ദൃശ്യമാകുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അവസാന മാങ്ങയും വീണതോടെ ഈ റംസാന്‍ നോമ്പ് മുഴുവന്‍ എന്റെ മൂവാണ്ടന്‍ മാവു തന്നെ ഞങ്ങള്‍ക്കുള്ള മാമ്പഴം തന്നു - അല്‍ഹംദുലില്ല , ദൈവത്തിന് സ്തുതി.
മുറ്റത്തൊരു മാവ് നട്ടാല്‍ നോമ്പ് കാലത്ത് നിങ്ങള്‍ക്കും അതില്‍ നിന്ന് ഭക്ഷിക്കാം.

Sunday, June 02, 2019

പെരുംകളിയാട്ടം (അവധിക്കാലം-11)

                ഇന്നത്തെ കുട്ടികൾ അല്പ സമയം വെറുതെ ഇരിക്കുമ്പോഴേക്കും അഛനോടോ അമ്മയോടോ പറയും - “ബോറടിക്കുന്നു , ഊര വേദനിക്കുന്നു..”. ഉടൻ അവർ അവരുടെ മൊബൈൽ ഫോൺ അവന് നേരെ നീട്ടും. അതിൽ കുത്തിയും മാന്തിയും തോണ്ടിയും മണിക്കൂറുകളോളം ഇരുന്നാലും അവന് ബോറടിയും ഇല്ല ഊര വേദനയും ഇല്ല. ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള ഈ അഭിനിവേശം ടി.വിയുടെ രംഗ പ്രവേശത്തോടെയാണ് ആരംഭിച്ചത്. സ്മാർട്ട്ഫോണിന്റെ വരവോടെ അതൊരു അടിമത്വമായി മാറിക്കഴിഞ്ഞു.
                എന്റെ കുട്ടിക്കാലം ഔട്ട്‌ഡോർ കളികളുടെ കാലമായിരുന്നു. വല്ല മഴയോ വെയിലോ ആ കളി മുടക്കിയാൽ മനസ്സ് വിങ്ങുമായിരുന്നു. മഴ മാറിയാൽ വീണ്ടും കളിക്കാനിറങ്ങി ചെളിയിൽ വഴുതി വീണ ബാല്യകാലം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ഇന്നത്തെപ്പോലെ ഒറ്റക്കുള്ള കളിക്ക് പകരം സംഘം ചേർന്നുള്ള കളിയും കായികാധ്വാനം നിറഞ്ഞ കളികളും കുട്ടികളുടെ സാമൂഹിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും ശാരീരിക വളർച്ച ത്വരിതപ്പെടുത്താനും സഹായകരമായിരുന്നു. ഞങ്ങൾ കളിച്ചിരുന്ന പ്രധാനപ്പെട്ട കളികൾ താഴെപ്പറയുന്നവയായിരുന്നു.
1. ഗെയിം അഥവാ ചട്ടിപ്പന്ത്
2. ടോയ് അഥവാ ഒളിച്ചുകളി
3. കോട്ടി അഥവാ ഗോലികളി
4. തൊട്ടുകളി
5. സിംഗ്
6. നൂറ്റും കോൽ
7. കള്ളനും പോലീസും
8. നടുവടി
9. മേപ്പട്ടേറ്...പ്ലീസ്
10. പൊത്താം കല്ല്‌
11. അക്കുത്തിക്കുത്താന
12. റിംഗ്
13. കുട്ടിയും ബാപ്പയും
14. ചോറും കൂട്ടാനും
15. കൊത്തം കല്ല്
16. കക്ക് കളി
17. കുറ്റിം പറേം
18. പമ്പരക്കുത്ത്
19. ഹിപ്പോപൊട്ടാമസ് - വാട്ട് കളർ ഇസ് യു?
20. ചാവു
21. ട്ടോ ട്ടോ പടിക്കലമ്മ
22. കുറ്റി മാറി

             ഓരോ കളിക്കും ഒരു ദിവസം തീരുമാനിച്ചുകൊണ്ട് ടൈം ടേബിൾ വരെ ഉണ്ടാക്കിയിരുന്ന ഒരു ബാല്യകാലമായിരുന്നു അത്. കളി തുടങ്ങിയാൽ പിന്നെ ഉച്ചഭക്ഷണം പോലും വേണ്ട എന്ന രൂപത്തിലായിരുന്നു കളി മുറുകിയിരുന്നത്. അതിനാൽ തന്നെ പെരുംകളിയാട്ടക്കാലം എന്നാണ് ഞാൻ എന്റെ മക്കളോട് അക്കാലത്തെപ്പറ്റി പറയാറ്. കളികളുടെ വസന്തകാലമായിരുന്നു അത്. ബാല്യത്തിന്റെ കൗതുകം കളികൾക്ക് കൂടുതൽ ആവേശവും നൽകി. ആൺ പെൺ ഭേദമില്ലാതെ കൂട്ടം കൂടിയുള്ള കളി ഞങ്ങളിൽ സാമൂഹ്യബോധവും പരസ്പര ബഹുമാനവും വളർത്തി. അത് ഞങ്ങളെ മാനസികമായും വളരെ ഉയർത്തി.  
             വേനലവധി ഇവിടെ അവസാ‍നിക്കുന്നു. എന്റെ വേനലവധിക്കാല ഓർമ്മകളുടെ അയവിറക്കലിനും തൽക്കാലം ഞാൻ വിരാമമിടുന്നു.