Pages

Friday, May 25, 2018

മേഘക്കടലും താണ്ടി....

            ഡെല്‍ഹി എയര്‍പോര്‍ട്ടിന്റെ പുറത്ത് കൂടി ഉലാത്തുമ്പോള്‍ ചില ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തിയാലോ എന്ന് തോന്നി. പക്ഷെ ഉള്ളില്‍ ഒരു ചെറിയ ഭയം തോന്നിയതിനാല്‍ പാത്തും പതുങ്ങിയും ഒരു വിമാനം ടേക് ഓഫിന് വേണ്ടി പോകുന്നതും ഒരു ഹെലികോപ്റ്റര്‍ പറക്കുന്നതും മാത്രം വീഡിയോ എടുത്തു. ഇനി ആ ഭയത്തിന്റെ കാരണം കൂടി പറയാം.

             2007ല്‍ ഞാന്‍ ഹൈദരബാദിലേക്ക് ഒരു ഫാമിലി ടൂര്‍ പോയിരുന്നു. യാത്രയുടെ ഫോട്ടോകളും ചെറിയ വീഡിയൊ ക്ലിപ്പുകളും മ്യൂസിക്കല്‍ ആല്‍ബം രൂപത്തിലാക്കുന്നത് അന്ന് എന്റെ ഒരു ഹോബിയായിരുന്നു. ഹൈദരാബാദ് റെയില്‍‌വെ സ്റ്റേഷനും പരിസരവും വീഡിയോയില്‍ പകര്‍ത്താനായി ഒരു ദിവസം രാവിലെ ഒറ്റക്ക് ഞാന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി.

            സ്റ്റേഷനിലെത്തി പുറത്ത് നിന്നും  ഞാന്‍ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രവേശന കവാടത്തില്‍ ഒരാള്‍ എന്നെത്തന്നെ തുറിച്ച് ശ്രദ്ധിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചില്ല. ഞാന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം മെല്ലെ അവിടെ നിന്നും ഇറങ്ങി വന്ന് എന്റെ അടുത്തെത്തി ഒരു ചോദ്യം...

“ഹൂ ആര്‍ യൂ ? വാട്ട് ആര്‍ യൂ ഡൂയിംഗ്?“ പെട്ടെന്നുള്ള ചോദ്യത്തില്‍ ഞാന്‍ ഒന്ന് പതറി.

“ഞാന്‍ ഇതിന്റെ ഒരു ....” ഇംഗ്ലീഷ് ചോദ്യത്തിന് എന്റെ ഉത്തരം മലയാളത്തിലായിപ്പോയി.

“ഓ...എന്തിന് വേണ്ടിയാ ഈ വീഡിയോ പിടിക്കുന്നത് ? മക്കാ മസ്ജിദ് സ്ഫോടനത്തിന് ശേഷം സംശയാസ്പദമായി ഫോട്ടോയും വീഡിയോയും എടുക്കുന്നവരെ ശ്രദ്ധിക്കണം എന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്...”

“ങേ!” ഞാന്‍ ഞെട്ടി. ഹൈദരബാദില്‍ സ്റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്യുന്ന കായംകുളത്ത്‌കാരനായ അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് അന്ന് ആ പരിപാടി വേഗം നിര്‍ത്തി ഞാന്‍ റൂമിലെത്തി. അങ്ങനെ എന്തെങ്കിലും ഡെല്‍ഹിയിലും ഉണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

              പ്രവേശന കവാടത്തില്‍ ടിക്കറ്റും ആധാര്‍ കാര്‍ഡും കാണിച്ച് ഞാന്‍ അകത്ത് കയറി. തിരിച്ചു പോരുന്നതും ഇന്‍ഡിഗോയില്‍ ആയതിനാല്‍ ഞാന്‍ അവരുടെ ചെക്ക് ഇന്‍ പോയിന്റിലേക്ക് നീങ്ങി. നാലഞ്ച് കൌണ്ടര്‍ ഉണ്ടെങ്കിലും നീണ്ട ക്യൂ ഉണ്ടായിരുന്നു. അപ്പോഴാണ് അവിടെയും ഒരു സെല്‍ഫ് ചെക്ക് ഇന്‍ മെഷീന്‍ ആളൊഴിഞ്ഞ് കിടക്കുന്നത് കണ്ടത്. ഞാന്‍ അങ്ങോട്ട് നീങ്ങി എന്റെ പി.എന്‍.ആര്‍ നമ്പര്‍ (അത് തന്നെയല്ലേ പറയുക?) എന്റര്‍ ചെയ്തു. നിമിഷങ്ങള്‍ക്കകം രണ്ട് ബോര്‍ഡിംഗ് പാസുകള്‍ പ്രിന്റ് ചെയ്ത് പുറത്തേക്ക് വന്നു.

            തൊട്ട് മുമ്പ് ചെക്ക് ചെയ്ത ആളുടെ കൂടി ബോര്‍ഡിംഗ് പാസ് കൂടി എനിക്ക് തന്ന മെഷീനിനെ ഞാന്‍ കൈ കൂപ്പി ആദരിക്കാന്‍ തുടങ്ങുമ്പോള്‍ അവിടെ നിന്ന സ്റ്റാഫ് അവ എടുത്ത് നോക്കി എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു....
“യൂ ഹാവ് റ്റു ചെക്ക് ഔട്ട് അറ്റ് ഹൈദരബാദ് ആന്റ് റ്റു അണ്ടര്‍ ഗൊ സെക്യൂരിറ്റി ചെക്ക് ഇന്‍ എഗൈന്‍ ദേര്‍...ദാറ്റ് ഇസ് വൈ റ്റു ബോര്‍ഡിംഗ് പാസ്സെസ്...”

അപ്പോഴാണ് ആ ഫ്ലൈറ്റ് ഹൈദരാബാദ് വരെയുള്ളൂ എന്നും അവിടെ നിന്നും കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റില്‍ മാറിക്കയറണം എന്നും ഞാന്‍ മനസ്സിലാക്കിയത് ! ഇങ്ങോട്ട് പോന്നപ്പോള്‍ ചെയ്ത എല്ലാ ഫോര്‍മാലിറ്റികളും  മുഴുവനാക്കി ഞാന്‍ അകത്തെ കാഴ്ചകള്‍ കണ്ട് നടന്നു. മുമ്പ് വന്നപ്പോള്‍ ഒരു കാപ്പിക്ക് 90 രൂപ വാങ്ങിയ കടയുടമ ഇപ്പോഴും അവിടെയുണ്ട്. ഉച്ച സമയം ആയതിനാല്‍ ആമാശയം അലാറം മുഴക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ മുന്നിലെ കടയില്‍ കണ്ട “കോമ്പോ ഓഫറിലൂടെ” (!!) മസാലദോശയും വടയും കോഫിയും വാങ്ങി അന്നത്തെ നഷ്ടം നികത്തി.
               അല്പ സമയത്തിനകം തന്നെ ഞാന്‍ വിമാനത്തിനകത്തെത്തി. ഇത്തവണ വിന്റൊ സീറ്റ് ലഭിക്കാത്തതിനാല്‍ പുറം കാഴ്ചകള്‍ കാണാന്‍ സാധിക്കുമായിരുന്നില്ല. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്പ സമയം കഴിഞ്ഞ് ഒരു അറിയിപ്പ് വന്നു.....

“Due to bad weather captain informs that there is a possibility for turbulance...All are requested to tighten their seat belts..."

              വിമാനയാത്രയില്‍ ഇത് സാധാരണമാണെങ്കിലും അപൂര്‍വ്വമായി യാത്ര ചെയ്യുന്ന എന്നെപ്പോലെയുള്ളവരുടെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ പായാന്‍ അത് മതി. പുറത്തേക്ക് നോക്കിയപ്പോള്‍ മേഘക്കടലിന് മുകളില്‍ തുഴഞ്ഞ് നീങ്ങുന്ന പ്രതീതി. ഞാന്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട് വിന്റൊ സീറ്റിലിരുന്ന സ്ത്രീ എനിക്കായി അത് എന്റെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് തന്നു.
                 പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ വിമാനം സുന്ദരമായി ഹൈദരബാദില്‍ ലാന്റ് ചെയ്തു. എല്ലാവരും പുറത്തേക്ക് പോകുന്ന വഴിയിലൂടെ ഞാനും നടന്നു. പെട്ടെന്ന്, പണ്ട് കെമിസ്ട്രിയില്‍ പഠിച്ച  ഉഭയദിശാ പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന പോലെ രണ്ട് ദിശയിലേക്കുമുള്ള ഒരു ആരൊ മാര്‍ക്ക് എന്റെ ശ്രദ്ധയില്‍ പെട്ടു. ചിലര്‍ അങ്ങോട്ട് നീങ്ങുന്നതും കണ്ടു. ഞാനും ആ വഴി നീങ്ങി സെക്യൂരിറ്റി ചെക്ക് ഇന്‍ പോയിന്റിലെത്തി. പരിശോധനകള്‍ കഴിഞ്ഞ് വീണ്ടും ‘അകത്തായി’.അതാണ് ട്രാന്‍സിറ്റ് എന്ന് പറയുന്ന പരിപാടി.

           മിനുട്ടിന് മിനുട്ടിന് വിമാനം ഇറങ്ങുകയോ പറന്നുയരുകയോ ചെയ്യുന്നതും നോക്കി ഞാന്‍ ലോബിയിലിരുന്നു. ഒന്നര മണിക്കൂറ് ഇതിനിടക്ക് പോയത് അറിഞ്ഞതേ ഇല്ല. ബോര്‍ഡിംഗ് അറിയിപ്പ് വന്നതോടെ ഞാന്‍ അങ്ങോട്ട് നീങ്ങി. വീണ്ടും അടുത്ത ഇന്‍ഡിഗോയില്‍ സീറ്റുറപ്പിച്ചു. ഇത്തവണ വിന്റൊ സീറ്റ് തന്നെ ലഭിക്കുകയും ചെയ്തു. അല്പ സമയത്തിനകം തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു.. 
               സമയം സന്ധ്യയോട് അടുക്കുന്നതായി ഇടക്കെപ്പോഴോ പുറത്തേക്ക് നോക്കിയപ്പോള്‍ മനസ്സിലായി. മേഘക്കടലില്‍ സൂര്യന്‍ അസ്തമിക്കുന്ന അപൂര്‍വ്വ കാഴ്ച ഞാന്‍ ആസ്വദിച്ചു.
                 രാത്രി ഏഴരയോടെ വിമാനം കോഴിക്കോട് ലാന്റ് ചെയ്തു. നേരത്തെ കണ്ട രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇവിടെ ഞാന്‍ വന്നിറങ്ങിയ വിമാനം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബേയിലൂടെ നേരെ ലോബിയിലേക്ക് നടന്നു പോകുന്ന യാത്രക്കാര്‍. ലോബിയിലും പുറത്തും ഒട്ടും തിരക്കും ഇല്ല. എന്റെ വീട്ടില്‍നിന്നും 16 കിലോമീറ്റര്‍ മാത്രം അകലെയുള്ള വിമാനത്താവളത്തിന്റെ സ്ഥിതി ഇതാണെങ്കിലും അവിടെ വന്നിറങ്ങാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും തോന്നി. അങ്ങനെ ഈ ഡെല്‍ഹി യാത്രയും ശുഭ പര്യവസാനിയായി.

Thursday, May 17, 2018

ഡെല്‍ഹിയിലെ വട്ടം കറങ്ങലുകള്‍ - 2

                     ആദ്യ ദിവസത്തെ ആലു പരന്തയുടെയും ചായയുടെയും രുചി നാവിൽ തങ്ങി നിന്നതിനാൽ രണ്ടാം ദിവസം നേരത്തെ തന്നെ ഞാൻ പ്രാതലിന് ഓർഡർ നൽകി. നാല് പൂരിയും ബാജി എന്ന് പറയപ്പെടുന്ന ഒരു കറിയും ആയിരുന്നു കിട്ടിയത്. വയറ്‌ കാലിയായിരുന്നതിനാൽ നാലെണ്ണം പോയ വഴി അറിഞ്ഞതേയില്ല.
                പ്രാതൽ കഴിഞ്ഞ് റൂം വാടക അടക്കാനും മറ്റു ചില കാര്യങ്ങൾ അറിയാനുമായി ഞാൻ കൌണ്ടറിൽ എത്തി. കാർഡ് നൽകി സ്വൈപ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ റിസപ്ഷനിലിരിക്കുന്ന പയ്യൻ പറഞ്ഞു

“സാർ...ആപ് ഏ.ടി.എം തക് ജാകർ പൈസ ലാവൊ...ഓർ ആപ് ഓൺലൈൻ മേം പയ് കരൊ...” 
ആ നിർദ്ദേശം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.കാരണം ഡിജിറ്റൽ കാഷ് പെയ്മെന്റ് വഴി എനിക്ക് ഫെഡറൽ ബാങ്കിന്റെ ഉത്സവ് പോയിന്റുകൾ ലഭിക്കുമായിരുന്നു.മാത്രമല്ല ഡിജിറ്റൽ കാഷ് പെയ്മെന്റ്നെ പ്രോത്സാഹിപ്പിക്കുന്ന ഞാൻ തന്നെ അതിനെ പെരുവഴിയിലാക്കുന്നത് ശരിയായി തോന്നിയില്ല.

“അരെ...ആസ്‌പാസ് മേം ക്യാ ദേഖ്ന ഹെ?” ഞാൻ അടുത്ത ചോദ്യം എയ്തു.

“ആപ് കൊ കിത്‌ന സമയ് ഹെ?”

“ബാരഹ് ബജെ തക്”

“.... മാൾ ഹെ”

‘നിന്റെ തല’ എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ സംയമനം പാലിച്ചു. ”ഔർ ക്യാ?”

“എക് ശിവ് മന്ദിർ ഭീ ഹെ...”

“@#$%“ എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ലായിരുന്നു.

“എക് ഖണ്ടെ മേം ഇസ്കെ അലഗ് ആപ് ക്യാ ദേഖ്‌ന ഹെ?” എന്റെ ദ്വേഷ്യം മനസ്സിലാക്കി അവൻ പറഞ്ഞു.

                 പുറത്തിറങ്ങി ഒരു ചായ കുടിക്കാം എന്ന് കരുതി ഞാൻ അല്പം മുന്നോട്ട് നടന്നു. പ്രധാനമന്ത്രി മോദിജി കൊട്ടിഘോഷിക്കുന്ന സ്വഛ് ഭാരത് അദ്ദേഹത്തിന്റെ മൂക്കിന്റെ താഴെ തന്നെ നാറുന്നത് അപ്പോൾ ഞാൻ നേരിട്ട് ദർശിച്ചു. വൃത്തിയുള്ള ഭാരതം ഞാനും സ്വപ്നം കാണുന്നുണ്ടെങ്കിലും അത് ഒരു വിദൂര സ്വപ്നമാണെന്ന് വീണ്ടും തിരിച്ചറിഞ്ഞു.

                അല്പം കൂടി മുന്നോട്ട് നീങ്ങിയപ്പോൾ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. തിരക്കേറിയ ആ മെയിൻ റോഡിന്റെ പകുതിയോളം കവർന്നെടുക്കുന്ന തരത്തിൽ ഒരു മണൽകൂന!ഒരാൾ അതിൽ നിന്നും  തൊട്ടടുത്ത കെട്ടിടത്തിലേക്ക് അല്പാല്പം മാറ്റുന്നുണ്ട്. യാത്രക്കാർക്കും കാൽനടക്കാർക്കും പരാതി ഒന്നും ഇല്ല!

                ഞാൻ വീണ്ടും മുന്നോട്ട് നീങ്ങി. വീണ്ടും അതാ അടുത്ത മണൽക്കൂന.അതും റോഡിന്റെ പകുതി വരെ കവർന്നെടുത്തിരിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ പോലും റോട്ടിൽ തടസ്സം സൃഷ്ടിക്കുന്നത് കുറ്റകരമാണ്. ഇന്ത്യയുടെ തലസ്ഥാനത്ത് ആർക്കും ഇതിൽ ഇടപെടാനും പരാതി പറയാനും സമയമില്ല. ഇനിയും മുന്നോട്ട് പോയാൽ എന്തൊക്കെ കാണും എന്ന് പറയാൻ വയ്യ. തൊട്ടടുത്ത കടയിൽ നിന്നും ഒരു ചായയും കുടിച്ച് ഞാൻ റൂമിലേക്ക് തന്നെ മടങ്ങി.
                 റൂമിലെത്തി അല്പ സമയത്തിനകം തന്നെ റിസപ്ഷനിൽ നിന്നും ഫോൺ വന്നു. ചെക്ക് ഔട്ട് സമയം ആയി. എല്ലാം റെഡിയാക്കി വച്ചിരുന്നതിനാൽ പെട്ടെന്ന് തന്നെ ഞാൻ കൌണ്ടറിൽ എത്തി. ഓൺലൈനിൽ കാശ് അടക്കുകയാണെങ്കിൽ OYO Money എന്ന പേരിൽ തരുന്ന ഡിസ്കൌണ്ട് 212 രൂപയും കിഴിച്ച് 1908 അടച്ചാൽ മതി എന്നും കൌണ്ടറിൽ അടക്കുമ്പോൾ 2120 രൂപ അടക്കണം എന്നുമായിരുന്നു തലേ ദിവസം റിസപ്ഷനിൽ നിന്ന് പറഞ്ഞിരുന്നത്. ഇന്ന് ആള് മാറിയപ്പോൾ 1908 രൂപ മാത്രമേ ഈടാക്കിയുള്ളൂ.
                 ഇന്നലെ ടാക്സി വിളിക്കാൻ നേരത്ത് സംഭവിച്ച പോലെ വീണ്ടും ഉണ്ടാകാതിരിക്കാൻ ടാക്സി ഏർപ്പാട് ചെയ്യാൻ ഞാൻ കൌണ്ടറിൽ തന്നെ പറഞ്ഞു.അതിനുള്ള വാടകയായി 300 രൂപ അവിടെത്തന്നെ നൽകി. അല്പ സമയത്തിനകം തന്നെ ടാക്സി എത്തി.

“അരെ ഭായ്....യഹാം ആസ്‌പാസ് ദേഖ്‌നെ കെ‌ലിയെ കുച് നഹീം ഹെ?” യാത്രക്കിടയിൽ മുന്ന സിങ് എന്ന ഡ്രൈവറോട് ഞാൻ വെറുതെ ചോദിച്ചു.

“യെസ് സർ....കുതബ് മിനാർ ഹെ, ലോട്ടസ് ടെമ്പിൾ ഹെ....”

“വെ പുരാന ദില്ലി മേം ഹെം ന ?”

“നസ്ദീക് മേം ഹെ...യഹാം സെ ആധാ ഖംടെ മേം പഹുഞ്ചേഗ...”

ഹോട്ടലിൽ നിന്നും പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ മറുപടി കേട്ട് ഞാൻ അത്ഭുതപ്പെട്ടു. കുത്തബ് മിനാറും ലോട്ടസ് ടെമ്പിളും രണ്ട് മൂന്ന് തവണ സന്ദർശിച്ചതിനാൽ എനിക്ക് നഷ്ടബോധം തോന്നിയില്ല.

“ഹോട്ടൽ വാല ബദ്‌മാശി ഹെ...വെ ഐസ ചോട്ട ദൂർ കെ ലിയെ ഹമേം ബുലായേഗ...കോയീ ഖൂംനെ കൊ പൂഛാ തൊ ഔർ കിസി കൊ ദേഗ...”

നിമിഷങ്ങൾക്കകം ഞങ്ങൾ എയർ‌പോർട്ടിൽ എത്തി. അല്പനേരം പുറത്ത് കാര്യങ്ങൾ നിരീക്ഷിച്ച ശേഷം ഞാൻ അകത്ത് കയറി.

പാഠം : ഹോട്ടൽ വാല പറയുന്നത് അപ്പടി വിശ്വസിക്കരുത്.

(അടുത്തഭാഗം ഇവിടെ ക്ലിക്കിയാല്‍ വായിക്കാം)

Saturday, May 12, 2018

ഡെല്‍ഹിയിലെ വട്ടം കറങ്ങലുകള്‍

                  ഹോട്ടല്‍ സ്കൈ വ്യൂവില്‍ എന്റെ പ്രവേശന നടപടികള്‍ കഴിയുമ്പോള്‍ ക്ലോക്കിലെ സൂചികള്‍ അടുത്ത ദിവസത്തെ യാത്ര ആരംഭിച്ചിരുന്നു. യാത്രാ ക്ഷീണം അകറ്റാന്‍  ഒന്ന് കുളിക്കാന്‍ തീരുമാനിച്ചു. ബാത്ത്‌റൂമില്‍ കയറിയപ്പോള്‍ OYO എന്നെ ആദ്യമായി സ്വാഗതം ചെയ്തു - ഒരു സോപ്പും പിന്നെ രണ്ട് കുഞ്ഞ് കുപ്പികളില്‍ എന്തോ ചിലതും. ഒരു കുപ്പിയിലേത് ക്രീം ആണെന്ന് മനസ്സിലായി.മറ്റേത് ഹാന്റ് വാഷ് പോലെ എന്തോ ഒന്നും. ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ അത് ഞാന്‍ ബാഗിലാക്കി.
             രാവിലെ എട്ടരക്ക് വസന്ത് കുഞ്ചിലെ AICTE  ആസ്ഥാനത്ത് എത്തണം എന്നതിനാല്‍ ഞാന്‍ വേഗം കിടന്നു.എയര്‍ കണ്ടീഷണറിന്റെ തണുപ്പ് ഏറ്റതോടെ ഉറക്കവും ആരംഭിച്ചു. രാവിലെ നേരത്തെ തന്നെ എണീറ്റ് വീണ്ടും കുളിച്ച് പോകാനൊരുങ്ങി. “OYO" ക്കാര്‍ക്ക് ബ്രേക്ക്‍ഫാസ്റ്റ് ഫ്രീ ആണെന്ന് നേരത്തെ അറിയിപ്പ് കിട്ടിയിരുന്നു. അത് കൃത്യ സമയത്ത് തന്നെ റൂമില്‍ എത്തി - ആലു പരന്ത (ഉരുളക്കിഴങ്ങ് ചപ്പാത്തി) യും അച്ചാറും! അച്ചാറ് കൂട്ടാതെ തന്നെ പരന്ത അണ്ണാക്കിലൂടെ പരന്നൊഴുകി.
             വസന്ത്‌കുഞ്ചിലേക്ക് ബസ്സും ഓട്ടോയും എല്ലാം കിട്ടും എന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ റോഡിലേക്ക് ഇറങ്ങി. ആദ്യം കണ്ട ഓട്ടോക്കാരനെ നേരെ സമീപിച്ചു.

“മാര്‍ഗ്ഗ് ബതാവൊ ?”

ഞാന്‍ ഉടനെ AICTE ആസ്ഥാന ഓഫീസിന്റെ അഡ്രസ് തപ്പി. നെറ്റ് കുറെ നേരം വട്ടം കറങ്ങുന്നതല്ലാതെ മുന്നോട്ട് പോയില്ല. ബി.എസ്.എന്‍.എല്‍ പണി പറ്റിച്ചത് അപ്പോഴാണ് അറിഞ്ഞത്.സമയം ഒമ്പത് മണി കഴിയുകയും ചെയ്തു. ഹോട്ടലില്‍ വൈഫൈ ഉള്ളതിനാല്‍ വീണ്ടും അങ്ങോട്ട് ഓടി. അഡ്രസ് ഡൌണ്‍ലോഡ് ചെയ്ത് വീണ്ടും റോഡിലെത്തി. ഒരു ഓട്ടോക്കാരനെ കാണിച്ചപ്പോള്‍ അദ്ദേഹം വണ്ടി സ്റ്റാര്‍ട്ടാക്കി. അഡ്രസ്സില്‍ പറഞ്ഞ ബ്ലോക്കും സെക്ടറും എത്തി അന്വേഷിച്ചിട്ടും അദ്ദേഹത്തിനും പിടി കിട്ടിയില്ല! നെറ്റ് കിട്ടാത്തതിനാല്‍ ഞാന്‍ കോളേജിലേക്ക് വിളിച്ചു.അപ്പോള്‍ കാളും പോകുന്നില്ല എന്ന് തിരിച്ചറിഞ്ഞു ! എപ്പോഴും മറ്റൊരു സിം കൂടി ഉണ്ടാകേണ്ടത്തിന്റെ ആവശ്യകത അപ്പോള്‍ തിരിച്ചറിഞ്ഞു.

ഓട്ടോ നിര്‍ത്തിയ സ്ഥലത്തിനടുത്ത് ഒരു പെട്ടിക്കട കണ്ടു. അവിടെ ഒരാള്‍ പാത്രം കഴുകിക്കൊണ്ടിരിക്കുന്നു. അയാളോട് അന്വേഷിക്കാന്‍ ഡ്രൈവര്‍ എന്നോട് പറഞ്ഞു. AICTE എന്ന് പറഞ്ഞിട്ട് മനസ്സിലാകാത്ത ഒരു പാട് പേരെ ഇതിനിടയില്‍ കണ്ടുമുട്ടിയതിനാല്‍ ഈ പാത്രം കഴുകുന്നവന് എന്ത് AICTE എന്ന മട്ടില്‍ ഞാന്‍ അറച്ച് നിന്നു. എങ്കിലും ഒന്ന് ചോദിച്ചു നോക്കാം എന്ന് തോന്നി. അത്ഭുതം !!തൊട്ടപ്പുറത്തെ മതില്‍ കഴിഞ്ഞ് അല്പം കൂടി മുന്നോട്ട് നടന്നാല്‍ ഒരു ഗേറ്റ് കാണും എന്നും അത് തന്നെയാണ് അകത്തേക്കുള്ള വഴി എന്നും അയാള്‍ പറഞ്ഞ് തന്നു. അയാള്‍ക്കും ഓട്ടോക്കാരനും നന്ദി പറഞ്ഞ് ഞാന്‍ വേഗം നടന്നു.

മെയിന്‍ ഹാള്‍ നിറഞ്ഞു എന്ന് സെക്യൂരിറ്റി പറഞ്ഞതിനാല്‍ ഞാന്‍ ബാല്‍ക്കണിയിലേക്ക് കയറി.സ്റ്റേജില്‍ ഉപവിഷ്ടരായവരെ ഒരു പൊട്ടുപോലെ മാത്രമേ കാണാന്‍ സാധിച്ചിരുന്നുള്ളൂ.നിര്‍ഭാഗ്യവശാല്‍  പ്രാസംഗികരും ക്ലാസ് നയിക്കുന്നവരില്‍ ഭൂരിഭാഗം പേരും മുന്നിലിരിക്കുന്ന സദസ്സ് ഇന്ത്യയുടെ പരിഛേദമാണ് എന്ന് മനസ്സിലാക്കിയില്ല. അവര്‍ ഹിന്ദിയില്‍ കടമ തീര്‍ത്തു. കുറെയോക്കെ മനസ്സിലായി , മനസ്സിലാകാത്തത് വിട്ടു കളഞ്ഞു. ഉച്ചക്ക് ശേഷവും തഥൈവ.കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‌കര്‍ ഉത്ഘാടനം ചെയ്യുന്ന എന്തോ ഒരു പരിപാടി വൈകിട്ട് ഉണ്ടായിരുന്നു. അതിന് ആളെ കൂട്ടാനായിരുന്നു എല്ലാവരെയും ക്ഷണിച്ചു വരുത്തിയത് എന്ന് അപ്പോഴാണ് മനസ്സിലായത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ സഹമന്ത്രിയാണ് പരിപാടിക്കെത്തിയത്. ഇത്രയും ദൂരം താണ്ടി എത്തിയത് എല്ലാം വെറുതെയായി.

വൈകിട്ട് മടങ്ങുമ്പോള്‍ മഹിബാല്‍‌പൂരില്‍ തന്നെ റൂം ബുക്ക് ചെയ്ത മണ്ണാര്‍ക്കാട് MES കോളേജിലെ സലാഹുദ്ദീന്‍ സാറെ പരിചയപ്പെട്ടു. കിട്ടിയ ഓട്ടോയില്‍ അദ്ദേഹത്തിന്റെ റൂമിലേക്ക് മടങ്ങി. ആ ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലിനെപ്പറ്റി അറിയില്ല എന്ന് പറഞ്ഞു. വസന്ത്‌കുഞ്ച് റോഡ് ആ ഹോട്ടലിന്റെ പിന്‍‌വശത്ത് കൂടെയാണെന്ന് അറിയിച്ചതിനാല്‍ ഞങ്ങള്‍ ആ ദിശയില്‍ നടന്നു.

സലാഹുദ്ദീന്‍ സാറിന് തിരിച്ച് അതേ വഴി വരാനുള്ളതിനാല്‍ ഓരോ വളവിലെയും അടയാളങ്ങള്‍ നോക്കിയായിരുന്നു ഞങ്ങള്‍ നടന്നിരുന്നത്.കുറച്ച് ദൂരം താണ്ടിയപോഴേക്കും റോഡ് ഇടുങ്ങി തുടങ്ങി. എതിരെ ഒരു സഞ്ചിയും തൂക്കി വന്ന ഒരാളോട് ഞങ്ങള്‍ വഴി ചോദിച്ചു. മഹിബാല്‍ പൂര്‍ റെഡ് ലൈറ്റ് എന്ന ലാന്റ് മാര്‍ക്ക് ആയിരുന്നു ഞാന്‍ പറഞ്ഞിരുന്നത്.

“ലാല്‍ ബത്തി ...?? ആവൊ...” ഞങ്ങളെയും കൊണ്ട്, ഞങ്ങള്‍ വന്ന വഴിയിലൂടെ തന്നെ അദ്ദേഹം നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും അല്പം മാറി വലത്തോട്ട് തിരിയുന്ന ഒരു ഇടുങ്ങിയ വഴിയിലൂടെ അദ്ദേഹം ഞങ്ങളെ നയിച്ചു.

“അബ് സീധ ജാവൊ...ആപ് വസന്ത്‌കുഞ്ച് റോഡ് മേം പഹുംചേഗ.. ” അദ്ദേഹത്തിന് തിരിയാനുള്ള സ്ഥലമായപ്പോള്‍ അയാള്‍ ഞങ്ങളെ യാത്രയാക്കി.ആ മഹാനഗരത്തില്‍ അത്രയും മാന്യനായ ഒരാളെ കണ്ടതില്‍ എനിക്ക് അത്ഭുതം തോന്നി. അദ്ദേഹം പറഞ്ഞ പ്രകാരം നേരെ നടന്ന് ഞങ്ങള്‍ മെയിന്‍ റോഡിലെത്തി എന്റെ താമസ സ്ഥലം കണ്ടെത്തി.

പോകുന്ന വഴിയില്‍ കേരള ഹോട്ടല്‍ കണ്ടെങ്കിലും ഡെല്‍ഹിയുടെ തനത് രുചി അറിയാന്‍ ഞങ്ങള്‍ രണ്ട് പേരും തീരുമാനിച്ചു.ഒരു ചെറിയ തട്ടുകടയില്‍ കയറി ഞങ്ങളും ബിരിയാണി തട്ടി. പിറ്റേന്ന് രാവിലെ 100Mbpsനെക്കാളും വേഗതയില്‍ ഡൌണ്‍ലോഡിംഗ് നടന്നപ്പോള്‍ ഏത് ഫുഡ് ആണ് പ്രശ്നക്കാരന്‍ എന്ന് പെട്ടെന്ന് പിടി കിട്ടിയില്ല.


അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, May 10, 2018

ഡെല്‍ഹിയില്‍ വീണ്ടും

                  ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു. ലഗേജ് ആയി ഒന്നും തന്നെ ഇല്ലാത്തതിനാല്‍ പെട്ടെന്ന് തന്നെ പുറത്ത് കടന്നു. മുമ്പ് പരിചയമുള്ള ഒരു സ്ഥലത്ത് എത്തിയ പ്രതീതി ! ഞാന്‍ താമസിക്കാനുദ്ദേശിക്കുന്ന ഹോട്ടലിലേക്ക് 2 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ എന്നാണ് നാട്ടില്‍ നിന്നും ചോദിച്ചപ്പോള്‍ ഗൂഗിള്‍ അമ്മാവന്‍ പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ഊബര്‍ സായിപ്പിനെ വിളിക്കുന്നതിന് മുമ്പ് പ്രീ പെയിഡ് ടാക്സി കൌണ്ടറില്‍ ഞാന്‍ ഹോട്ടലിന്റെ പേര് കാണിച്ചു - “ചാര്‍ സൌ റുപയാ “

“ചാര്‍ സൌ !!” നാനൂറ് രൂപക്ക് പോയിട്ട് 100 രൂപക്ക് പോലും ദൂരം ഇല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു.

               അവിടെ നിന്നും പുറത്തേക്ക് നീങ്ങി ഊബര്‍ സായിപ്പിനെ തന്നെ വിളിക്കാന്‍ തീരുമാനിച്ചു. വിമാനത്താവളത്തിനകത്ത് നിന്ന് വിളിച്ചാല്‍ 350 രൂപയും പുറത്തിറങ്ങി വിളിച്ചാല്‍ 200 രൂപയും ആയിരിക്കും എന്ന് നിസാം സാര്‍ ഉപദേശിച്ചിരുന്നു. അത് പ്രകാരം ഞാന്‍ ഇറങ്ങിയത് നേരെ ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടിലേക്കും! പലരും സമീപിച്ചെങ്കിലും ഞാന്‍ അവരെയെല്ലാം അവഗണിച്ചു. പക്ഷെ ഊബര്‍ ആപ്പ് വര്‍ക്ക് ചെയ്യാതെ ആ സമയത്ത് എന്നെ ആപ്പിലാക്കി! കൃത്യ സമയത്ത് തന്നെ ഒരു ടാക്സി ഡ്രൈവര്‍ കൂടി എന്നെ സമീപിച്ചു.

“കഹാം ജാന ഹെ സാര്‍ ?”

“ഹോട്ടല്‍ സ്കൈ വ്യൂ , മഹിബാല്‍‌പുര്‍ “ എന്റെ കയ്യിലുള്ള ബുക്കിംഗ് പേപ്പര്‍ കാണിച്ച് ഞാന്‍ പറഞ്ഞു.

“ചലേഗ”

“കിത്‌ന ഹോഗ?”

“ദൊ സൌ പച്ചാസ്”

“ഠീക്...ഗാഡി കഹാം?”

“ആവോജി സര്‍..” അയാള്‍ എന്നെ കുറെ കാറുകള്‍ നിര്‍ത്തിയിട്ട ഒരു സ്ഥലത്തേക്ക് ക്ഷണിച്ചു. ഒരു നിമിഷം എന്റെ ഉള്ളില്‍ ഒരു ശങ്ക പടര്‍ന്നു. പക്ഷെ അധികം നീങ്ങുന്നതിന് മുമ്പെ ഒരു കാറിന്റെ വാതില്‍ എനിക്കായി തുറക്കപ്പെട്ടു.അതൊരു സ്വകാര്യ വാഹനമായിരുന്നു.

“അരെ...യെ തോ ടാക്സി നഹീം...ആപ്ക പ്രൈവറ്റ് ഗാഡി ഹെ ന?”

“സര്‍...ദില്ലി മേം ഐസ ഹെ..”

“ടാക്സിവാല മുശ്കില്‍ കരേഗ ന?”

“നഹീം...”

സത്യം പറഞ്ഞാല്‍ ആ അസമയത്ത് അറിയാത്ത നഗരത്തില്‍ ഒരു പ്രൈവറ്റ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് അല്പം ഭയം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഞാന്‍ ഡ്രൈവറോട് സംസാരം തുടങ്ങി.

“ആപ് ക നാം ക്യാ ഹെ?”

“മേം സുരേന്ദര്‍ കുമാര്‍ ഹും....ആം ആത്മി പാര്‍ട്ടി ക ഹമാര എം.എല്‍.എ ക നാം  ”

“അഛ...ആപ് ആം ആത്മി പാര്‍ട്ടി ഹെ?”

“നഹീം...”

“ക്യോം ? ആം ആത്മി പാര്‍ട്ടി അച്ചാ ഹെ ന?”

“നഹീം...ബി ജെ പി അഛാ ഹെ” പിന്നെ ഞാന്‍ അധികം ആ ഭാഗത്തേക്ക് വര്‍ത്തമാനം കൊണ്ടു പോയില്ല.

“ആപ് കഹാം രഹ്തെ ഹെ?” ഞാന്‍ ചോദിച്ചു

“ആപ് സെ മില ഹുവ... വഹീ ഹീ മേര ഗാവ്...”

“അഛ...കിത്ന ബജെ തക് ആപ് വഹാം ഹോഗ?”

“രാത് തീന്‍ ബജെ തക് ....ആപ് ഖൂംനെ കൊ ആയ ഹെ?”

“നഹീം...എക് മീറ്റിംഗ് കെ ലിയെ”

“ഖൂംനെ ഇരാദ ഹെ തൊ മുഝെ ബുലാവോ..”

“ഠീക്...തുമാര കാര്‍ഡ് ദൊ...”

“കാര്‍ഡ് നഹീം...നമ്പര്‍ ബതായേഗ”

“ബോലൊ”

“9268683785” (ആവശ്യമുള്ളവര്‍ക്ക് വിളിക്കാം...ആള്‍ ഒരു പാവമാ...ഡെല്‍ഹിയില്‍ ആ രാത്രിയില്‍ അദ്ദേഹം പറഞ്ഞ റേറ്റ് കുറവാണ്)

നമ്പര്‍ കിട്ടിയതോടെ എനിക്ക് അല്പം സമാധാനമായി. ഇവന്റെ എന്തെങ്കിലും ഒരു അടയാളം എന്റെ കയ്യിലുണ്ടല്ലോ എന്ന സമാധാനം. അധികം വൈകാതെ ഞങ്ങള്‍ മഹിബാല്പുരിന്റെ തിരക്കിലേക്ക് ചേക്കേറി. ഹോട്ടലുകളുടെ നീണ്ട നിരയില്‍ നിന്ന് ഞാന്‍ ബുക്ക് ചെയ്ത ഹോട്ടല്‍ അല്പം ഉള്ളോട്ട് മാറിയായിരുന്നു.എങ്കിലും ആ അര്‍ധരാത്രി അദ്ദേഹം അത് കണ്ടെത്തി എന്നെ അവിടെ ഇറക്കിത്തന്നു. 250 രൂപയും വലിയൊരു നന്ദിയും പറഞ്ഞ് ഞാന്‍ അയാളെ പിരിച്ചു വിട്ട് നേരെ ഹോട്ടല്‍ ലോബിയിലെത്തി.



അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക