Friday, December 09, 2011
ചവിട്ട്യാല്‍ കിട്ടാത്ത കാറ്
“ഈ വീടിന്റെ പാലുകാച്ചലിന് കൂടാന്‍ പറ്റിയില്ലെങ്കിലും ഇതും ഒരു യോഗാ...” പണിതീരാത്ത വീട് നോക്കി വാല്യക്കാരന്‍ പറഞ്ഞു.
“അതെ...ബൂലോകത്തെ പഞ്ചപാണ്ഠവന്മാരുടെ കാല്പുണ്യം ഏല്‍ക്കുക എന്നത് ഒരു സൊഭാഗ്യം തന്നെ...” തിക്കോടിക്കാരന്റെ കമന്റ്.
“അല്ലാ...ങ്ങള്‍ക്കെന്തിന്റെ കാറ്റാ...അയിന്റെ പടം പുട്ച്ചാതെ ഞമ്മളെ ഇട്‌ക്കാന്‍ നോക്കി...” ക്യാമറയുമായി ഘോഷയാത്രയുടെ പടം എടുക്കാന്‍ ഇറങ്ങിയ എന്നോട് നാമൂസ് പറഞ്ഞു.
“ഇതൊരു നമ്പറല്ലേ...അല്പ നേരത്തെ കശപിശ ഉണ്ടായെങ്കിലും ഘോഷയാത്ര കേമമായി എന്ന് തോന്നിപ്പിക്കാന്‍....”
“അപ്പോ...അതിപ്പം തന്നെ ഡെലീറ്റ് ആക്കും അല്ലേ...”
“അത് ആള്റെഡി ഡെലീറ്റഡ് ആണ്....”
“ങേ !അതെങ്ങനെ..?”
“മെമ്മറിയില്‍ സ്പേസ് ഇല്ല...പിന്നെ അവരെ സന്തോഷത്തിന് എത്ര ഫ്ലാഷും അടിച്ചൂടേ...നമ്മുടേ ഫ്ലാഷ് , അവരുടെ സ്പ്ലാഷ്!!!”
പത്ത് മിനുട്ടോളം ഘോഷയാത്ര ഞങ്ങളുടെ വഴി മുടക്കി.ശാന്തി ലഭിച്ചവരും ഞാനും വാല്യക്കാരനും വീണ്ടും കാറില്‍ കയറാന്‍ തുടങ്ങി.
“ഡ്രൈവര്‍ സീറ്റില്‍ മാഷ് തന്നെ മതി...” എല്ലാവരും ഐക്യകഴുത്തോടെ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ വീണ്ടും വളയം ഏറ്റെടുത്തു.പുഷ്പക വിമാനം വീണ്ടും പാട്ടും പാടി പറാക്കാന്‍ തുടങ്ങി.
“മാഷേ...ഇത് ആല്‍ട്ടോ ആണേ...” കാര്‍ മുതലാളി ഓര്‍മ്മിപ്പിച്ചു.
“അതിനെന്താ പ്രശ്നം?”
“അല്ല...മാഷ് വിചാരിച്ച സ്ഥലത്ത് നിര്‍ത്താന്‍ സാധിച്ചോളണം എന്നില്ല....”
“ങാഹാ അങ്ങനെയോ...വാല്യക്കാരാ...അതൊന്ന് നോക്കിയിട്ട് തന്നെ കാര്യം...പള്ളി കാണുമ്പോ പറയണം,വണ്ടി നിര്‍ത്തോ ഇല്ലേ എന്നറിഞ്ഞിട്ട് തന്നെ കാര്യം...” ഞാന്‍ വാല്യക്കാരനോട് പറഞ്ഞു.
“അതല്ല മാഷെ പറഞ്ഞത്...ചവിട്ട്യാല്‍ കിട്ടൂല ന്ന്...”
“ഓ..അങ്ങനെ...അതും അറിയണമെങ്കില്‍ ഒന്ന് ചവിട്ടണ്ടേ....”
“അതാ പള്ളി...കഴിഞ്ഞു...” വാല്യക്കാരന്‍ പറഞ്ഞു.
“പള്ളി കഴിഞ്ഞിട്ട് പറയാനല്ല പറഞ്ഞത്...”
“ഇപ്പോ ശരിയാകിത്തെരാ...അതാ....പാസ്സ് ചെയ്തു...”
“ഏത് സൈഡിലാ...?”
“വലതുഭാഗത്ത്...”
“എങ്കില്‍ ഇനി ഇടതുഭാഗത്ത് പള്ളി കാണുമ്പോ പറഞ്ഞാ മതി...”
“അതെന്താ...കണ്ണൂരില്‍ ഇടത് പള്ളിയിലേ കേറാവൂ എന്നുണ്ടോ?” ഏതോ മുടതന്‍ പിന്നില്‍ നിന്നും ചോദിച്ചു.
“അതല്ല...ഇവന്‍ അങ്ങോട്ടും ഇങോട്ടും നോക്കി കഴുത്ത് ഉളുക്കണ്ടാന്ന് കരുതി ഒരു സൌകര്യം ചെയ്തു കൊടുത്തതാ...” ഞാന്‍ വിശദീകരിച്ചു.
“എങ്കില്‍ ഒരു കാര്യം കൂടി...പള്ളി മാത്രമാക്കണ്ട...ഹോട്ടല്‍ കൂടി ഉള്ളിടത്ത് നിര്‍ത്താം...”എതോ ഒരുത്തന്റെ ആമാശയത്തില്‍ ആശ ഉണര്‍ന്നു.
“എങ്കില്‍ നമുക്ക് സൈദാര്‍ പള്ളിക്കടുത്ത് നിര്‍ത്താം...” ഞാന്‍ നിര്‍ദ്ദേശിച്ചു.കാര്‍ അല്പ സമയത്തിനകം തന്നെ സൈദാര്‍ പള്ളിയുടെ മുമ്പിലെത്തി.ഞങ്ങളെല്ലാവരും പള്ളിയിലേക്കും ശ്രീജിത്ത് പരിസര നിരീക്ഷണത്തിനും നീങ്ങി.
നമസ്കാരം കഴിഞ്ഞ് തിക്കോടിക്കാരന്‍ ഞങ്ങളെ ഒരു തട്ടുകടയിലേക്ക് ക്ഷണിച്ചു.അവനും നാമൂസും വീണ്ടും സിഗരറ്റ് കൊളുത്തി.
“നീ എന്താ നായ തൊട്ട കലം പോലെ മാറി നില്‍ക്കുന്നത്?” മാറി നിന്ന വാല്യക്കാരനോട് ഞാന്‍ ചോദിച്ചു.
“അവരുടെ ഊത്തില്‍ പെടാതിരിക്കാന്‍ മാറിനിന്നതാ...”
“ഈ പള്ളിയില്‍ ആരാ ?” നാമൂസ് അടുത്തിരുന്ന ആളോട് ചോദിച്ചു.
“സൈദ്...”
“സൈദ് ? ബാക്കി ഒന്നും ഇല്ലേ...?”
“സൈദാര്‍ പള്ളീ ആണ്...”
“ശരി ശരി...” കൂടുതല്‍ ചരിത്രം ചോദിക്കുന്നത് ഉചിതമാവില്ല എന്നറിഞ്ഞതിനാല്‍ കട്ടന്‍ ചായയും പരിപ്പ് വടയും തട്ടി ഞങ്ങള്‍ സ്ഥലം കാലിയാക്കാന്‍ തീരുമാനിച്ചു.പൈസ കൊടുക്കാന്‍ മൂന്ന് ഗള്‍ഫുകാരും തിക്കിതിരക്കിയതിനാല്‍ ഞാനും വാല്യക്കാരനും കാറിലേക്ക് നീങ്ങി.
കാര്‍ തിക്കോടി എത്തിയപ്പോള്‍ ഇരുട്ട് പരന്ന് കഴിഞ്ഞിരുന്നു.അതിനാല്‍ തന്നെ സമീറിന് ധൈര്യവും കൂടിയിരുന്നു.ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും സമയം ഇല്ലാത്തതിനാല്‍ റ്റാറ്റ അടിച്ചു വിട്ടു.ഒരാളെങ്കിലും വീട്ടിലെത്തിച്ചല്ലോ എന്ന സമാധാനത്തോടെ ഞാന്‍ വീണ്ടും ഡ്രൈവ് ചെയ്തു.കാറ് കോഴിക്കോട് എത്തുന്നതിന് മുമ്പേ ആരുടെയോ മനസ്സില്‍ ഒരു ലഡു കൂടി പൊട്ടി - അക്ബര്‍ വാഴക്കാടിന്റെ വീട്ടില്‍ കൂടി പോകാന്‍.എന്റെ മനസ്സില്‍ പൊട്ടിയത് ഒരു ആന ലഡു ആയിരുന്നു, കാരണം അതുവഴി പോയാല്‍ കാറ് അരീക്കോട് വഴിയേ മുന്നോട്ട് പോകൂ.എനിക്ക് വീട്ടിന് മുന്നില്‍ ഇറങ്ങാം.
“അക്ബര്‍ക്കയെ വേഗം വിളിച്ചു നോക്ക്...ബൈപാസ് തിരിയുന്നതിന് മുമ്പ് തീരുമാനിക്കണം...” ഞാന്‍ പറഞ്ഞു.
“അത് നടക്കില്ല...സമയം കുറേയായി...” കാര്‍ മുതലാളിക്ക് വേവലാതി തുടങ്ങി.
“എന്നാലും...?” വന്ന ആശയെ നാശമാക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.
“ഇല്ല മാഷേ...വീട്ടില്‍ വിരുന്ന് കാര്‍ വന്നിട്ടുണ്ട്...അവര്‍ എന്നെയും കാത്തിരിക്കുകയാ...”
“എങ്കില്‍ വേണ്ട...നമുക്ക് നേരെ വിടാം...” ഞാന്‍ ബൈപാസ്സിലൂടെ വിട്ടു.വിജനമായ വഴിയിലൂടെ കാറ് ചീറിപ്പാഞ്ഞു.
“മാഷേ...ചവിട്ട്യാല്‍ കിട്ടൂലട്ടോ....” ശ്രീജിത്ത് വീണ്ടും ഓര്‍മ്മിപ്പിച്ചു.
കടവ് റിസോര്‍ട്ടിന് മുമ്പിലെ ഗതാഗത കുരുക്കില്‍ പെട്ട് വാഹനങ്ങള്‍ ഓരോന്നായി ബ്രേക്ക് ചെയ്തുകൊണ്ടിരുന്നു.പെട്ടെന്നുള്ള ചവിട്ടില്‍ ഞാനും എന്റെ ബ്രേക്ക്പെഡലില്‍ കാലമര്‍ത്തി.മുന്നിലുള്ള റിറ്റ്സിന്റെ ചുവന്ന ലൈറ്റ് അടുത്തേക്ക് വരുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു!ബ്രേക്കില്‍ ചവിട്ടിയിട്ടും അത് എന്റെ അടുത്തേക്ക് ഓടിവരുന്നു!!
‘യാ അല്ലാഹ്!!സംഭവിക്കേണ്ടത് സംഭവിക്കാന്‍ പോകുന്നു !!!’ ഞാന്‍ മനസ്സില്‍ കരുതി.ശ്രീജിത്തിന്റെ മനസ്സില്‍ നിന്നുള്ള കൊള്ളിയാന്‍ എന്റെ ശരീരത്തിലൂടെ തുളച്ച്പോയത് ഞാന്‍ അറിഞ്ഞു.വാല്യക്കാരന്‍ ആരെയാണ് വിളിച്ചത് എന്ന് വ്യക്തമായില്ല.തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ റിറ്റ്സിന്റെ പിന്നില്‍ ഞങ്ങളുടെ ആള്‍ട്ടോ കിതച്ചു നിന്നു.എല്ലാവരും സമാധാനത്തിന്റെ നെടുവീര്‍പ്പിട്ടു
“ടൊ...ടൊ...ടൊ..” തൊട്ടുപിന്നില്‍ ഏതൊക്കെയോ വാഹനങ്ങള്‍ തമ്മില്‍ ഉമ്മ കൊടുക്കുന്ന ശീല്‍ക്കാര ശബ്ദം കേട്ടു.ഞാന്‍ തിരിഞ്ഞു നോക്കിയെങ്കിലും ‘തൊമസൂട്ടീ വിട്ടോടാ’ എന്ന് കേട്ടതിനാല്‍ ഞാന്‍ വീണ്ടും ഡ്രൈവ് ചെയ്തു.
അവസാനം രാത്രി 11 മണിക്ക് സംഭവബഹുലമായ ഈ ഡ്രൈവിങ്ങ് എന്റെ വീട്ടിന് മുന്നില്‍ അവസാനിക്കുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും നീളമേറിയ തുടര്‍ച്ചയായ ഡ്രൈവിങ്ങ് റിക്കോര്‍ഡായി അത് മാറിക്കഴിഞ്ഞിരുന്നു.
(നിര്‍ത്തി....)
“
Tuesday, November 22, 2011
ശ്രീനാരായണഗുരുവും കാറിന്റെ റിവേഴ്സിങും....
മുതലാളിയെ കിട്ടിയ സന്തോഷത്തില്‍ കാര്‍ വീണ്ടും ഡിസ്കോ കളിക്കാന്‍ തുടങ്ങി.
“നീ എവിടേം നോക്കിയാ ഡ്രൈവ് ചെയ്യുന്നത്?” പിന്‍സീറ്റില്‍ നിന്നും കമന്റുകള്‍ വരാന്‍ തുടങ്ങി.
“മാഷ് ഇതുവരെ ഡ്രൈവ് ചെയ്ത അതേ റോഡിന്റെ ബാക്കിയാ ഇതും...”
“അതാ പറഞ്ഞത് ഡ്രൈവിങ്ങിനും വേണം ഒരു കരയോഗം...” പറഞ്ഞുതീരുന്നതിന് മുമ്പ് ഒരാള്‍ കാറിന് കൈകാട്ടി.തേടിയ പുലി കാറിന് കൈകാട്ടി എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ അനുഭവിച്ചിട്ടില്ലായിരുന്നു.
“ഈ വഴി ഒരു ഘോഷയാത്ര വരുന്നുണ്ട്.വണ്ടി ദേ ആ ലെഫ്റ്റ് പോകറ്റ് റോഡിലൂടെ വിട്ടോളൂ...” ഞങ്ങള്‍ക്ക് മുമ്പില്‍ പോയ വാഹനങ്ങളും അവര്‍ പറഞ്ഞ വഴിയെ തിരിയുന്നത് കണ്ട് മുമ്പേ ഗമിക്കും ഗാര്‍ തന്‍ പിമ്പേ ഗമിക്കും ഗാറുകളെല്ലാം എന്ന പഴമൊഴിയും അന്വര്‍ത്ഥമാക്കി വണ്ടി റൈറ്റ് റോഡില്‍ നിന്ന് ലെഫ്റ്റ് റോഡിലേക്ക് കയറി.
ആ റോഡില്‍ കയറിയ ഉടനെ അന്തരിച്ചുപോയ കൃഷ്ണങ്കുട്ടി നായരെപ്പോലെ ഒരാള്‍ വീണ്ടും കാറിന് കൈ കാണിച്ചു.അയാളുടെ സ്ലിംനെസ്സ് കാരണം ഞങ്ങളുടെ ഡ്രൈവര്‍ അത് കാണാത്തതോ അതല്ല മറ്റെന്തെങ്കിലുമോ അറിയില്ല കാര്‍ നിര്‍ത്താതെ വിട്ടു.ആ റോഡിലും എല്ലാ വാഹനങ്ങളും സൈഡ് ആക്കുന്നത് കണ്ട എനിക്ക് എന്തോ പന്തികേട് തോന്നി.ഇടവഴി പോലെയുള്ള ഒരു ഇടുങ്ങിയ പാതയില്‍ വണ്ടി പ്രവേശിച്ചതും മുന്നില്‍ മറ്റൊരു ഘോഷയാത്ര !!
“ങേ!! “ ഞങ്ങളെല്ലാവരും ഞെട്ടി. കാര്‍ ബ്രേക്കിട്ടതും ഘോഷയാത്രയുടെ മുന്നില്‍ നിന്നൊരാള്‍ ഓടിവന്നു പറഞ്ഞു.
“വണ്ടി പിന്നോട്ടെടുക്കണം...പിന്നില്‍ ഒരു രഥം വരുന്നുണ്ട്...”
“അതിനിവിടെ സൈഡാക്കിയല്‍ പോരേ...?”
“ഈ ഇടുങ്ങിയ വഴിയിലൂടെ അത് കടന്ന് പോകാനോ?” ആഗതന് ഞങ്ങളുടെ മറുപടി ഇഷ്ടമായില്ല.
“അതു തന്നെയാ ഞാനും പറയുന്നത്...“
“ആഹാ...നീ അത്രക്കായോ?” ആള്‍ക്കാര്‍ ഓടി വന്ന് കാറിനെ ചുറ്റാന്‍ തുടങ്ങി.
എന്റ്റെ ഉള്ളില്‍ അല്പം ഭയം കേറി തുടങ്ങി.കാരണം കാറിനുള്ളിലിരിക്കുന്ന അരീക്കോടനും തിക്കോടിക്കാരനും വാല്യക്കാരനും നാമൂസും പെടുന്ന സമുദായമല്ല കാറിന് പുറത്ത് നില്‍ക്കുന്നത്.താടിക്കാര്‍ ആരും ഇല്ലാഞ്ഞത് ആ നിമിഷം ഞങ്ങളെ രക്ഷിച്ചു.നാമൂസ് മീറ്റില്‍ നിന്നും വാങ്ങിയ സഖാവ് കുഞ്ഞാലിയെ പറ്റിയുള്ള ഒരു പുസ്തകം പുറം ചട്ട കാണ്‍കെ ഞാന്‍ ഉയര്‍ത്തിപ്പിടിച്ചു.കണ്ണൂര്‍ സഖാക്കന്മാര്‍ക്ക് അത് കണ്ടെങ്കിലും വല്ലതും തോന്നിയാലോ ? വാല്യക്കാരന്‍ അതിനിടെ അറക്കല്‍ കൊട്ടാരത്തില്‍ നിന്ന് വാങ്ങിയ മറ്റൊരു ‘ആലി’ പുസ്തകവും മുറുക്കിപ്പിടിച്ചു.അപ്പോള്‍ കിട്ടിയ ഒരു ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു.
“മെയിന്‍ റോഡില്‍ നിന്നും ഇതുവഴി പോകാന്‍ പറഞ്ഞത് കൊണ്ടാ ഇങ്ങോട്ട് തിരിഞ്ഞത്...”
“ഞാന്‍ കൈ കാട്ടിയിട്ടും നിര്‍ത്താതെ പോന്നതല്ലേ ?” ‘കൃഷ്ണങ്കുട്ടി നായരും’ ഓടി എത്തി.
“നിങ്ങള്‍ കൈ കാട്ടിയത് ഞാന്‍ കണ്ടില്ല...”
“ആഹാ...ഇത്രേം തടീം വണ്ണോം ള്ള ഞാന്‍ കൈ കാട്ടിയിട്ട് കണ്ടില്ല എന്നൊ ?” ‘കൃഷ്ണങ്കുട്ടി നായര്‍’ തന്റെ സിക്സ് പാക്ക് കാണിക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ടു.
“സംസാരിക്കാന്‍ സമയമില്ല... വണ്ടി റിവേഴ്സ് എടുക്ക്...” ഓഫായ വണ്ടിയിലേക്ക് നോക്കി കൂടി നിന്നവര്‍ പറഞ്ഞു.അപ്പോഴേക്കും ഘോഷയാത്ര ഞങ്ങളുടെ സമീപത്തെത്തി.
“അതേ....നമുക്ക് ഘോഷയാത്ര കഴിഞ്ഞ് പോയാല്‍ മതി...വണ്ടി പിന്നോട്ട് എടുക്ക്...” ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തില്‍ ഞാനും പറഞ്ഞു.
“ആഹാ...അങ്ങ്നെയങ്ങ് പിന്നോട്ട് എടുക്കാനോ....ഇത് പി.ഡബ്ലിയു.റോഡല്ലേ ?” അതുവരെ ഉണ്ടായ സര്‍വ്വ സമാധാനവും കെടുത്തുന്ന ബോംബ് ഞങ്ങളുടെ ഒരു വായില്‍ നിന്ന് തന്നെ പൊട്ടി.
“ങാഹാ...എന്തു പറഞ്ഞെടാ..” ആരുടെയോ കൈ കാറിനുള്ളിലേക്ക് ശക്തിയില്‍ വരുന്നത് ഞാന്‍ കണ്ടു.മറ്റാരോ ആ കൈ തടഞ്ഞില്ലായിരുന്ന്വെങ്കില്‍ എന്റെ പിറ്റേന്നത്തെ ട്രെയ്നിംഗ് മുഴുവന്‍ കുളമായേനെ.കാരണം കണ്ണൂരിനെ സംബന്ധിച്ച് അടുത്ത സ്റ്റെപ് പിന്നെ രക്തക്കളമാണ്.
“നീ കാറ് റിവേഴ്സ് എടുക്ക്...ഇത് ഗുരുവിന്റെ ഘോഷയാത്രയാ” ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു.
“ഇത് അതിലും വലിയ കുരുവാ ....ഒന്ന് സ്റ്റാര്‍ട്ട് ആയി കിട്ടേണ്ടേ...” സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഇന്ത്യക്കാരനെ കേട്ടിട്ടുണ്ട്.അതുപോലെ ജനക്കൂട്ടം കണ്ടപ്പോള്‍ സ്റ്റാര്‍ട്ടിംഗ് മറന്ന ലോകത്തിലെ ആദ്യത്തെ കാറായി ശ്രീജിത്തിന്റെ കാര്‍ അന്ന് ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
“നീ ഇറങ്ങ്...ഞാന്‍ എടുത്തോളാം...” ഞാന്‍ പറഞ്ഞതും ഡ്രൈവര്‍ പുറത്തിറങ്ങി.ഉടന്‍ നാട്ടുകാരനായ ഒരാള്‍ വണ്ടിയിലേക്ക് കയറി , സ്റ്റാര്‍ട്ട് ചെയ്ത് തൊട്ടടുത്ത് കണ്ട പറമ്പിലെ പണിതീരാത്ത വീട്ടുമുറ്റത്തേക്ക് കയറ്റി.ഒരു വലിയ ആപത്തില്‍ നിന്നും രക്ഷപ്പെട്ടതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു.നാമൂസും തിക്കോടിക്കാരനും ശ്രീജിത്തും പുക ആസ്വദിച്ചുകൊണ്ട് മനസ്സ് വീണ്ടും ചൂടാക്കിക്കൊണ്ടിരുന്നു.
(തുടരും....)
Sunday, November 20, 2011
അരീക്കോട് പഞ്ചായത്തിന് ഇന്ന് അമ്പത് വയസ്സ്
നാടിന്റെ പുരോഗതിയെപറ്റി ധാരാളം കഥകള്‍ പല കോണുകളില്‍ നിന്നും കേള്‍ക്കുമായിരിക്കും.പക്ഷേ എന്റെ പഞ്ചായത്തിനെപറ്റി എനിക്കുള്ള ആശങ്ക മാലിന്യപ്രശ്നം തന്നെയാണ്.അതും പ്ലാസ്റ്റിക് മാലിന്യം.മനുഷ്യരായ നാം ഓരോരുത്തരും ഈ കൊടും ഭീകരനെക്കുറിച്ച് ഇന്നും ആഴത്തില്‍ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.
ലോകത്തിലെ പ്ലാസ്റ്റിക് ഒഴികെ ഏത് മാലിന്യവും മണ്ണില്‍ അലിഞ്ഞ് ചേരാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം മതി.എന്നാല്‍ പ്ലാസ്റ്റിക് മണ്ണിലലിയാന്‍ 100 ലക്ഷം വര്‍ഷം വരെ എടുക്കുന്നു.ഒരു ദിവസം ഒരു പ്ലാസ്റ്റിക് കവറെങ്കിലും വീട്ടില്‍ എത്തിക്കുന്ന നാം അത് അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ അടുത്ത 100 ലക്ഷം വര്‍ഷത്തേക്കുള്ള ഒരു ‘ഫിക്സഡ് ഡെപോസിറ്റ്’ ആണ് അതെന്ന സത്യം നാം മറന്നുപോകുന്നു.
മഴക്കാലമായാല്‍ ഞാന്‍ നടന്നുപോകുന്ന വഴിയിലൂടെ (പോസ്റ്റ് ഓഫീസിന് സമീപം) ചെറിയ ഒരു നീരൊഴുക്കും ഉണ്ടാകാറുണ്ട്. മഴ തിമര്‍ത്ത് പെയ്താല്‍ പലപ്പോഴും ആ വഴി നടക്കാന്‍ അറപ്പ് തോന്നും.ചെളിവെള്ളമല്ല ഈ അറപ്പിന് കാരണം , ചുറ്റു ഭാഗത്തും താമസിക്കുന്ന ജനങ്ങള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കീസുകള്‍ വഴിയില്‍ അടിയുന്നതാണത്. ഇനി അവ അവിടെ തടഞ്ഞു നിന്നില്ല എങ്കിലോ? നേരെ ചെന്ന് ചാടുന്നത് ചാലിയാറിലേക്കാണ്.തന്റെ പരിസരം മാത്രമല്ല, സ്വഛമായി ഒഴുകിക്കൊണ്ടിരിക്കുന്ന, നാടിന്റെ ജീവധാരയായ ഒരു പുഴയെക്കൂടി നശിപ്പിക്കാന്‍ നാം അറിയാതെ പങ്ക്ചേരുന്നു.
അപ്പോള്‍ ഇതിന് ബദല്‍ എന്ത് എന്നായിരിക്കും പലരുടേയും ചോദ്യം.പ്ലാസ്റ്റിക് കീസിനോളം സൌകര്യമുള്ള ഒരു സാധനം ഇല്ല എന്നത് സത്യം തന്നെ.പക്ഷേ നമ്മുടെ മനസ്ഥിതിയില്‍ ഒരു ചെറിയ മാറ്റം ഉണ്ടായാല്‍ ഈ ഭീകരനെ നമ്മുടെ വീടുകളില്‍ നിന്നും ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കും.പഴഞ്ചനെന്ന് പലര്‍ക്കും തോന്നും എങ്കിലും അമ്പതാണ്ട് പല സുഖങ്ങളും അനുഭവിച്ച നമുക്ക് അടുത്ത അമ്പതാണ്ട് നിലനില്‍ക്കാന്‍ പോലും ഈ ചിന്ത കൂടിയേ തീരൂ എന്നതാണ് അവസ്ഥ.
ഞാന്‍ കടയില്‍ പോകുമ്പോള്‍ ഒരു സഞ്ചി കയ്യില്‍ കരുതിയാണ് പോകുന്നത്.ഈ സഞ്ചി തൂക്കിപിടിക്കാനുള്ള മടി തന്നെയാണ് നാം ആദ്യം മാറ്റി എടുക്കേണ്ടത്.ഞാന്‍ സാധനം വാങ്ങുന്നത് മിക്കവാറും ചില സ്ഥിരം കടകളില്‍ നിന്നാണ്.അവിടെ രണ്ടോ മൂന്നോ തവണ പ്ലാസ്റ്റിക് കീസ് വേണ്ട എന്ന് എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്.ഇപ്പോള്‍ അവരാരും എനിക്ക് കീസ് തരാറില്ല!എന്തിനധികം മത്സ്യമാര്‍ക്കറ്റില്‍ നിന്ന് എല്ലാവര്‍ക്കും കീസ് നല്‍കുമ്പോള്‍ എനിക്ക് അവര്‍ കടലാസില്‍ പൊതിഞ്ഞ് തരുന്നു!അപ്പോള്‍ മത്സ്യത്തിന്റെ ഗന്ധം കയ്യിലാവില്ലേ എന്നായിരിക്കും പലരുടേയും ചോദ്യം.അതൊന്ന് കഴുകി കളയാന്‍ അത്ര ബുദ്ധിമുട്ടുണ്ടോ എന്നാണ് എന്റെ മറുചോദ്യം.ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ ഒരു കീസ് കൊണ്ടുപോയിക്കൂടേ?എന്റെ അനിയന്‍ സ്വീകരിച്ച മാര്‍ഗ്ഗം അതാണ്.
അഭ്യസ്തവിദ്യരായ എന്റെ നാട്ടുകാര്‍ ഈ രൂപത്തില്‍ ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോവുകയാണ്.ഒപ്പം പഞ്ചായത്ത് ഭരണ സമിതിയും ഈ നിശബ്ദ ഭീകരനെ നാടുകടത്താനുള്ള വഴികള്‍ ആരംഭിക്കണമെന്ന് അപേക്ഷിക്കുന്നു.
ഒരു അടുക്കള ലിസ്റ്റ്
“ ഒരു പാക്കറ്റ് പപ്പടോം...”
അതിന്റെ പിന്നാലെ ഇനിയും ആവശ്യങ്ങള്‍ വരും എന്ന് പതിമൂന്ന് കൊല്ലമായി(അതേ ഈ പതിനഞ്ചാം തീയതി 13 വര്‍ഷം തികഞ്ഞു) അവളുടെ കൂടെ കഴിയാന്‍ തുടങ്ങിയ എനിക്ക് ഉറപ്പായിരുന്നതിനാല്‍ ഞാന്‍ അവിടെ തന്നെ കാത്തുനിന്നു. പ്രതീക്ഷിച്ച പോലെ അവളുടെ വിളി വന്നു.
“ലുലൂ (എന്നെയല്ല, എന്റെ മോളെ)...ഉപ്പച്ചി പോയോ?”
“ഇല്ല...”
“എന്നാ ഒരു പാക്കറ്റ് തൈരും വേണം എന്ന് പറീ...”
ഞാന്‍ നേരിട്ട് കേട്ടതിനാല്‍ മോള്‍ എന്റെ മുഖത്തേക്ക് നോക്കി.എന്നിട്ടും ഞാന്‍ അവിടെത്തന്നെ നിന്നു.കാരണം പതിമൂന്ന് കൊല്ലത്തെ പരിചയം തന്നെ!!
“കുറച്ച് കാരറ്റ് കൂടി വേണംന്ന് പറി ലുലൂ...” എന്റെ കണക്ക് കൂട്ടല്‍ ശരിയായി!!
“ഇനി ഒരു ലിസ്റ്റാക്കി തരാന്‍ പറ....പെറുക്കി പെറുക്കി പറഞ്ഞാല്‍ അവസാനം വീട്ടിലെത്തുമ്പോള്‍ മറക്കുന്നത് ചിക്കന്‍ ആയിരിക്കും...” ഞാന്‍ മോളോട് പറഞ്ഞു.അവള്‍ ഉമ്മയുടെ അടുത്തേക്ക് പോയി.അല്പം കഴിഞ്ഞ് ഒരു ലിസ്റ്റ് എനിക്ക് തന്നു.അത് ഇപ്രകാരം -
ചിക്കന്‍ - ( എന്ന് വച്ചാല്‍ നിങ്ങള്‍ക്ക് തോന്നുന്നത് )
ചെറുനാരങ്ങ - വിലകുറവാണെങ്കില്‍ 2 എണ്ണം
പപ്പടം - വലുതാണെങ്കില്‍ 1 പാക്കറ്റ്
കാരറ്റ് - ഇന്നത്തെ ആവശ്യത്തിന്
തൈര് - മില്‍മയാണെങ്കില്‍ വേണ്ട!
മല്ലിച്ചെപ്പ് - ചമ്മന്തിക്ക് മാത്രം
മാര്‍ക്കറ്റ് വിലക്ക് അനുസൃതമായി ഇത്രയും ഭംഗിയായി അടുക്കള ലിസ്റ്റ് തയ്യാറാക്കിയ ഭാര്യയോട് എങ്ങനെ ഞാന്‍ നന്ദി പറയണം?
Sunday, November 06, 2011
ബാല്യപ്പെരുന്നാള്‍
കുട്ടിക്കാലത്ത് ഏറ്റവും സന്തോഷം ലഭിച്ചിരുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു
പെരുന്നാൾ സുദിനം. പുതുപുത്തൻ വസ്ത്രങ്ങൾ ലഭിക്കും എന്നതായിരുന്നു ഈ
സന്തോഷത്തിന്റെ പ്രധാന കാരണം.
പെരുന്നാൾ ദിനത്തിന്റെ ഏതാനും
ദിവസങ്ങൾക്ക് മുമ്പ് രാവിലെത്തന്നെ ബാപ്പ ഉമ്മയെയും കൂട്ടി കോഴിക്കോട്ടേക്ക്
പോകും.വൈകുന്നേരത്തോടെ തിരിച്ചു വീട്ടിലെത്തുമ്പോൾ രണ്ട് പേരുടെയും ഇരു കയ്യിലും തൂക്കിപ്പിടിച്ച
നിലയിൽ ഒരുപാട് സഞ്ചികൾ ഉണ്ടാകും.വീട്ടിനകത്ത് കയറി ആ സഞ്ചികള്‍ എല്ലാം ഇറക്കി
വയ്ക്കുമ്പോള്‍, ഇന്ന് ഗള്‍ഫില്‍
നിന്നും വരുന്നവരുടെ പെട്ടിക്ക് ചുറ്റും കൂടുന്നത് പോലെ ഞങ്ങൾ അവയെ പൊതിയും.കുറേ
കട്‌പീസുകളും ഹാന്റെക്സ് ഉല്പന്നങ്ങളും പിന്നെ എനിക്കും അനിയനും ഉള്ള ‘യൂനിഫോമും’
ഏറ്റവും ചെറിയ അനിയനുള്ള എള്ളുണ്ടയും ഒക്കെ ആയിരുന്നു ആ സഞ്ചികളിൽ നിറച്ച്
കൊണ്ടുവന്നിരുന്നത്. .എനിക്കും അനിയനും
(ചെറിയ അനിയന്‍ അല്പം ലേറ്റ് ആയി ജനിച്ചതായിരുന്നതിനാല്‍ അവന് ഷർട്ട് ഉണ്ടായിരുന്നതായി ഓര്‍മ്മയില്ല) ഒരേ
തരത്തിലുള്ള ഷര്‍ട്ട് പീസ് ആയിരുന്നു അക്കാലത്ത് എടുത്തിരുന്നത്.പിന്നെ ആ
നെടുനീളന്‍ തുണിയില്‍ നിന്ന് ഞങ്ങൾ ഓരോരുത്തര്‍ക്കും വേണ്ടത് മുറിച്ചെടുത്ത്
കുപ്പായം തുന്നലും ബാക്കിയുള്ളത് തിരിച്ചേല്‍പ്പിക്കലും സ്ഥലത്തെ പ്രധാന ടൈലര്‍ അറുമുഖേട്ടന്റെ
ഡ്യൂട്ടിയാണ്.
പിറ്റേ ദിവസം
തന്നെ ഞങ്ങള്‍ ബാപ്പയുടെ കൂടെ അറുമുഖേട്ടന്റെ തുന്നൽക്കടയായ ഷൈമ ടൈലേഴ്സിലേക്ക്
പുറപ്പെടും.അങ്ങാടി മധ്യത്തില്‍ ഒരു കടയുടെ മുകള്‍ നിലയിലുള്ള ഷൈമ ടൈലേഴ്സിലേക്കുള്ള
ഇടുങ്ങിയ ഗോവണി കയറാന്‍ തന്നെ നല്ല പാടായിരുന്നു.അറുമുഖേട്ടന്‍ ഞങ്ങളുടെ ദേഹത്ത്
എവിടെയൊക്കെയോ ടേപ്പ് പിടിച്ച് ഒരു റസീറ്റ് ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിക്കും.
രണ്ട്
പേരുടേയും മുഴുവന്‍ അളവും എടുത്ത് കഴിഞ്ഞാല്‍ ഞാന്‍ അനിയനേയും അവന്‍ എന്നേയും
ഒന്ന് നോക്കും.ആ നോട്ടത്തിന്റെ അർത്ഥം അറുമുഖേട്ടനോട് ഒരു കാര്യം കൂടി പറയാനുണ്ട്
എന്നാണ് . അതായത് അപ്പോള്‍ നിലവിലുള്ള എല്ലാ ഫേഷനുകളും ഞങ്ങളുടെ കുപ്പായത്തിലും ഉണ്ടായിരിക്കണം എന്നുള്ള കാര്യം.രണ്ട്
കീശയാണെങ്കില്‍ അത്,കീശക്ക് ടോപ്പുള്ളതാണ്
എങ്കില്‍ അത്,പ്രെസ്സ് ബട്ടണ്‍ ആണെങ്കില്‍ അത്, അങ്ങനെ നിലവിലുള്ള ഫേഷനൊക്കെ അറിഞ്ഞിരിക്കേണ്ടതും കുപ്പായത്തിൽ
തുന്നിച്ചേർക്കേണ്ടതും അറുമുഖേട്ടന്റെ
ഡ്യൂട്ടിയാണ്.അത് അറുമുഖേട്ടനോട് ബാപ്പ പറയില്ല; അനിയനും
പറയില്ല ;അറുമുഖേട്ടന്റെ മുഖത്ത് നോക്കി ഞാനും പറയില്ല!
പിന്നെ എന്തു ചെയ്യും?അവിടെ നിന്നും ഇറങ്ങിപ്പോരുന്ന സമയത്ത്
പുറം ചുമരിലേക്ക് നോക്കി ഞാൻ വിളിച്ച് പറയും - 'കുപ്പായത്തിൽ
എല്ലാ ഫേഷനും വേണം' !! അത് അറുമുഖേട്ടന്‍ ഒരിക്കലും കേള്‍ക്കാറില്ല. പക്ഷേ പറഞ്ഞു എന്ന
സമാധാനം എനിക്കും കിട്ടും ഞാൻ പറഞ്ഞില്ല എന്ന പേരില്‍ എന്നെ ഇടിക്കാനുള്ള അവസരം
അനിയന് നഷ്ടമാവുകയും ചെയ്യും!
അറുമുഖേട്ടന്‍ കുപ്പായം തുന്നിത്തരാം എന്ന് പറഞ്ഞ ദിവസം വരെ, മറ്റുള്ളവരുടെ കുപ്പായത്തില്‍
എന്തൊക്കെ കോപ്രായങ്ങള്‍ ഉണ്ട് എന്ന് നോക്കലാണ് പിന്നെ ഞങ്ങളുടെ ഹോബി.അതെല്ലാം, കിട്ടാൻ പോകുന്ന ഞങ്ങളുടെ കുപ്പായത്തിലും ഉണ്ടാകുമല്ലോ എന്ന് സ്വപ്നം
കാണും. സ്കൂളിലേക്ക് പോകുന്ന ദിവസങ്ങളിലെല്ലാം ഷൈമ ടൈലേഴ്സിന്റെ ചില്ലു
കൂടിനുള്ളിലേക്ക് ഒളിഞ്ഞ് നോക്കും, ഞങ്ങളുടെ കുപ്പായം അവിടെ
തൂങ്ങുന്നുണ്ടോ എന്നറിയാന്‍.പക്ഷേ അങ്ങനെ ഒന്ന് ഒരിക്കലും സംഭവിച്ചതേ ഇല്ല.
കുപ്പായം തുന്നി കിട്ടും എന്ന് പറഞ്ഞ
ദിവസം നേരത്തെ തന്നെ ഞങ്ങള്‍ ഷൈമ ടൈലേഴ്സില്‍ എത്തും. കുപ്പായപ്പൊതി
കയ്യിൽ കിട്ടിയാല്‍ പിന്നെ അതും കൊണ്ട് വീട്ടിലേക്ക് ഒരോട്ടമാണ്.വീട്ടിലെത്തി പൊതി
അഴിച്ച് കുപ്പായം നിവര്‍ത്തി നോക്കുമ്പോഴാണ് അറുമുഖേട്ടന്‍ എന്ന ‘പഴഞ്ചനെ‘ ശരിക്കും
മനസ്സിലാകുക.നാട്ടിലുള്ള ഒരു ഫേഷനും ഞങ്ങളുടെ കുപ്പായത്തില്‍
ഉണ്ടായിരിക്കില്ല!പിന്നെ ഞാനും അനിയനും തർക്കം തുടങ്ങും - കാക്ക പറയാത്തത്
കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് അനിയനും ചുമരില്‍ നോക്കിയാണെങ്കിലും ഞാന്‍
പറഞ്ഞിരുന്ന് എന്ന് ഞാനും വാദിക്കും. ഫേഷന്‍ ഒന്നും ഇല്ലെങ്കിലും പുത്തന്‍
കുപ്പായം കിട്ടിയ സന്തോഷം ഇന്നും മനസ്സില്‍ ഓടി എത്തുന്നു.
ഇന്ന് അറുമുഖേട്ടനും ഇല്ല , ഷൈമ ടൈലേഴ്സും ഇല്ല.ഞാനും അനിയനും
മിക്കവാറും റെഡിമേഡ് ഷര്‍ട്ടുകള്‍ വാങ്ങിക്കുന്നു.എങ്കിലും പെരുന്നാള്‍
ആഗതമാകുമ്പോള്‍ ആ ബാല്യപ്പെരുന്നാള്‍ ഓര്‍മ്മയിലേക്ക് ഓടി വരുന്നു.
Friday, November 04, 2011
ഒരു എ.ടി.എം അനുഭവങ്ങള്‍
അഞ്ചാറുപേര്‍ പുറത്ത് ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ അതില്‍ മൂന്നമനോ നാലാമനോ.അകത്തുള്ള ആള്‍ എപ്പോള്‍ കയറിയതാണെന്ന് അറിയില്ല.അയാള്‍ എന്തോ രണ്ട് ഓപ്പറേഷന്‍ നടത്തി കാശ് എടുക്കാതെ പുറത്തിറങ്ങി.രണ്ടാമത്തെ ആള്‍ അകത്തുകയറി.ഇത്ര നേരം ക്യൂവില്‍ നിന്നിട്ടും തന്റെ കാര്‍ഡ് കയ്യില്‍ ഒന്ന് എടുത്ത് പിടിക്കാന്‍ പോലും അയാള്‍ക്ക് തോന്നിയിട്ടില്ലായിരുന്നു.മെഷീനിന്റെ മുമ്പില്‍ എത്തിയ ശേഷം അയാള്‍ ജീന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ടു.പേഴ്സ് എടുത്ത് അതിനുള്ളില്‍ നിന്നും ഒരു കെട്ട് പേപ്പറുകള്‍ പുറത്തെടുത്തു.അത് അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു നോക്കിയെങ്കിലും കാര്‍ഡ് കണ്ടില്ല.വീണ്ടും എല്ലാ പോക്കറ്റിലും തപ്പി നോക്കി.കാര്‍ഡ് കിട്ടിയില്ല.പേഴ്സ് ഒന്നുകൂടി എടുത്ത് വീണ്ടും ഓരോ പേപ്പറായി മറിച്ച് നോക്കി.കാര്‍ഡ് അതിനകത്ത് നിന്നും കിട്ടി!അക്കൌണ്ടില്‍ എത്ര ബാലന്‍സ് ഉണ്ട് എന്നറിയല്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം എന്ന് തോന്നുന്നു.പണം പിന്‍വലിക്കാതെ അയാള്‍ പുറത്തിറങ്ങി.
അടുത്തത് ഒരു പയ്യനായിരുന്നു.ഒപ്പം ഒരു സ്കൂള്‍ പയ്യനും കയറി.മെഷീനോട് ചേര്‍ന്ന് നിന്ന് അവന്‍ പിന്‍ നമ്പറ് അടിച്ചു.അവന്റെ സൂക്ഷ്മതയില്‍ അങ്ങനെയാണ് പബ്ലിക്കില്‍ ചെയ്യേണ്ടത് എന്ന പാഠം ഞാന്‍ പഠിച്ചു.പക്ഷേ ഇന്‍വാലിഡ് പിന്‍ നമ്പര്‍ എന്ന മെസേജും ഒപ്പം കാര്‍ഡും പുറത്തേക്ക് വന്നു.കാര്‍ഡ് വീണ്ടും ഇന്‍സെര്‍ട്ട് ചെയ്ത് അവന്‍ അടുത്ത പിന്‍ നമ്പറ് നല്‍കി.വീണ്ടും തഥൈവ.അവന്‍ ആരെയോ ഫോണില്‍ വിളിക്കുന്നതായി ഭാവിച്ചു.വീണ്ടും കാര്‍ഡ് ഇന്‍സെര്‍ട്ട് ചെയ്തു, പിന്‍ നമ്പര്‍ അടിച്ചു.ഇന്‍വാലിഡ് പിന്‍ നമ്പര്‍ എന്ന മെസേജും കാര്‍ഡ് ബ്ലോക്ക്‌ഡ് എന്ന മെസേജും വന്നു.ഇതൊന്നും ശ്രദ്ധിക്കാതെ അവന്‍ വീണ്ടും കാര്‍ഡ് മെഷീനില്‍ ഇട്ടു പിന്‍ നമ്പര്‍ അടിച്ചു.കാര്‍ഡിനെ മെഷീന്‍ വിഴുങ്ങി.ഉടന്‍ സെക്യൂരിറ്റിയെ വിളിച്ചു.അയാള്‍ കരുതിയത് കാര്‍ഡ് എടുക്കാത്തത് കാരണം അകത്ത് പോയി എന്നാണ്.അടുത്ത ദിവസം ബാങ്കില്‍ ചെന്ന് അത് കളക്ട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മനസ്സില്ലാ മനസ്സോടെ ആ പയ്യന്‍ കൌണ്ടറില്‍ നിന്ന് പുറത്തിറങ്ങി.
ഇത്രയും പറഞ്ഞത് മേല്പറഞ്ഞ രണ്ട് വ്യക്തികള്‍ ചിന്തിക്കാതെ പോയ രണ്ട് സംഗതികള്‍ സൂചിപ്പിക്കാനാണ്.ആദ്യത്തെയാള്‍ ക്യൂവില്‍ നില്‍ക്കുമ്പോഴേ കാര്‍ഡ് കയ്യില്‍ പിടിച്ചിരുന്നെങ്കില്‍ പുറത്ത് നില്‍ക്കുന്നവര്‍ക്ക് രണ്ട് മിനുട്ടെങ്കില്‍ രണ്ട് മിനുട്ടെങ്കിലും ലാഭിക്കാമായിരുന്നു.നാം ചെയ്യാന്‍ പോകുന്ന ഒരു സംഗതിക്ക് ഒട്ടും മുന്നൊരുക്കം നടത്താതിരിക്കുന്നത് പൊതുസ്ഥലത്തെങ്കിലും ഒഴിവാക്കുക.
രണ്ടാമത്തെ പയ്യന്‍ പിന്‍ നമ്പര്‍ അറിയില്ല എന്ന് മാത്രമല്ല തന്റെ മുമ്പില്‍ തെളിയുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല.പുറത്ത് ഇത്രയും പേര്‍ കാത്ത് നില്‍ക്കുന്നു എന്നതും അവനെ അലട്ടിയില്ല.പരീക്ഷണം നടത്താന്‍ ആളും അനക്കവും ഇല്ലാത്ത എത്രയോ എ.ടി.എമ്മുകള്‍ ടൌണില്‍ തന്നെ ഉണ്ടെന്നിരിക്കേ ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന ഒരു എ.ടി.എം കൌണ്ടറില്‍ ഇത്തരം സമയം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ ചെയ്യാന്‍ പാടില്ലായിരുന്നു.
വാല്‍: നമ്മുടെ സൌകര്യം മറ്റുള്ളവര്‍ക്ക് അസൌകര്യമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
Wednesday, November 02, 2011
കഥാപാത്രത്തെ വിറ്റു !
ശൂന്യമായ കാര്‍ പോര്‍ച്ച് കാണുമ്പോള്‍ കാര്‍ പോയതിലുമുപരി എന്റെ കഥാപാത്രം നഷ്ടമായ വേദന ഇപ്പോള്‍ ഞാന്‍ അറിയുന്നു.
അന്ത്യയാത്ര
“ഇത് ഈ കാറിലെ നമ്മുടെ അവസാനയാത്രയാണ്”.
ഇന്നലെ പത്രമെടുത്ത് വായിച്ച എന്റെ രണ്ടാമത്തെ മകളുടെ ചോദ്യം : “അന്ത്യയാത്ര എന്നാല്‍ എന്താണുപ്പാ?”
“അവസാനത്തെ യാത്ര” അലസമായി ഞാന്‍ മറുപടി പറഞ്ഞു.
“അപ്പോള്‍ മിനിഞ്ഞാന്ന് നമ്മുടെ അന്ത്യയാത്ര കൂടിയായിരുന്നു അല്ലേ?” സംശയം കേട്ട് ഞാന്‍ ഞെട്ടിപ്പോയി.
Tuesday, October 25, 2011
സ്നേഹത്തുള്ളികള്‍ - എന്റെ അരങ്ങേറ്റം
പഠിക്കുന്ന കാലത്തും അതിന് ശേഷവും കിട്ടിയ അവസരങ്ങളില്‍ ഒക്കെ രക്തദാനം ചെയ്യാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.ഇതുവരെ നാല് തവണ രക്തം ദാനം ചെയ്തു.40 വയസ്സിനിടക്ക് അത്രയേ സാധിച്ചുള്ളൂ എന്ന് പറയുന്നതില്‍ എനിക്ക് തന്നെ ലജ്ജയുണ്ട്.എങ്കിലും എന്റെ കോളേജില്‍ ഒരു മാസം മുമ്പ് എന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പോലെ ഇനിയും സന്നദ്ധരക്തദാനക്യാമ്പ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുന്നു.
ഒരു യൂണിറ്റ് രക്തദാനത്തിലൂടെ നമ്മുടെ ശരീരത്തില്‍ നിന്നും വെറും 350-450 മില്ലിലിറ്റര്‍ രക്തം മാത്രമാണ് പോകുന്നത്.4.5 മുതല്‍ 5 ലിറ്റര്‍ വരെ രക്തത്തില്‍ നിന്നാണ് ഇത്.അതാകട്ടെ 24 മണിക്കൂര്‍ കൊണ്ട് തിരിച്ചെത്തുകയും ചെയ്യും.പക്ഷേ ശ്വേതരക്താണുക്കളുടെ എണ്ണം പഴയപടിയില്‍ എത്താന്‍ 4 മുതല്‍ 8 ആഴ്ച വരെ സമയം എടുക്കും.അതിനാല്‍ കൂടിയാണ് മൂന്ന് മാസം കഴിഞ്ഞേ അടുത്ത രക്തദാനം പാടുള്ളൂ എന്ന് പറയുന്നത്.
കോളേജ് കുമാരീ കുമാരന്മാരുടെ ഇടയിലും പൊതുജനങ്ങള്‍ക്കിടയിലും സന്നദ്ധരക്തദാനസന്ദേശം ഫലപ്രദമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വീസ് സ്കീമും കേരളാ സ്റ്റേറ്റ് എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഒരു സന്നദ്ധരക്തദാന പ്രോജക്ട് ആണ് “സ്നേഹത്തുള്ളികള്‍“.ഇതിന്റെ സംസ്ഥാന തല ഉത്ഘാടനം ഒക്ടൊബര്‍ 2ന് കൊല്ലത്ത് വച്ച് നടക്കുകയുണ്ടായി.
സ്നേഹത്തുള്ളികള്‍ ഓരോ ജില്ലയിലും ഓരോ പേരിലാണ് അറിയപ്പെടുന്നത്.കോഴിക്കോട് ജില്ലയില്‍ “ഹാര്‍ട്ട്ബീറ്റ്സ് “ എന്നാണ് ഇതിന് നല്‍കിയ പേര്.ഇന്ന് മീഞ്ചന്ത ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ സ്പര്‍ജ്ജന്‍ കുമാര്‍ IPS ഇതിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.ഇതേ വേദിയില്‍ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിനെ പ്രതിനിധീകരിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്ന നിലക്ക് ഞാനും പങ്കെടുക്കുകയുണ്ടായി.ജില്ലാ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ എന്റെ അരങ്ങേറ്റം, ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഈ സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ ആയതില്‍ വളരെ അഭിമാനം തോന്നുന്നു.
ഇതിന്റെ ഭാഗമായി ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ സന്നദ്ധരക്തദാനക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. രക്തദാതാക്കളില്‍ മുക്കാല്‍ പങ്കും പെണ്‍കുട്ടികളാണെന്നത് നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയിലുള്ള മാറ്റത്തിന്റെ സൂചനയായി ഞാന്‍ കണക്കാക്കുന്നു.18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള 45 കിലോഗ്രാം തൂക്കമുള്ള പറയത്തക്ക അസുഖങ്ങള്‍ ഇല്ലാത്ത ആര്‍ക്കും ഈ ദാനത്തില്‍ പങ്കാളിയാകാം.ഇനിയും രക്തദാനം നടത്തിയിട്ടില്ലാത്തവര്‍ നിങ്ങളുടെ ജില്ലയിലെ ഇത്തരം സംരംഭങ്ങളുമായി സഹകരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Monday, October 24, 2011
റോഡില്‍ ഒരു മരുപ്പച്ച !
"ശ്രീജിത്തിന് നാരങ്ങസോഡയോ ജീരകസോഡയോ?” ശ്രീജിത്തിന്റെ മനോനില മനസ്സിലാക്കിയ ആരോ, കാര്‍ നിര്‍ത്തിയ ഉടന്‍ ചോദിച്ചു.
“തേങ്ങാക്കൊല...”
“അതിവിടെ കിട്ടില്ല....പോകുന്ന വഴിക്ക് നോക്കാം...ഇപ്പോള്‍ ഇത് പറ...” നാമൂസ് സമാധാനിപ്പിച്ചു.
ഞാന്‍ പറയുന്നതിന് മുമ്പേ എനിക്ക് കാറിനുള്ളിലേക്ക് ജീരകസോഡ എത്തി.പയ്യന്മാരാണെങ്കിലും വയസ്സന്മാരെ മാനിക്കണം എന്ന സാമാന്യ ബോധം ഉണ്ട് എന്ന് മനസ്സിലായി.ശ്രീജിത്തും ഇറങ്ങി ആത്മാവിനെ പുകച്ചു ചാടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ ഞാനും കാറില്‍ നിന്ന് പുറത്തിറങ്ങി.
“ഇനി വണ്ടി നീ വിട്ടോളൂ...” നാമൂസിനെ നോക്കി ശ്രീജിത്ത് പറഞ്ഞു.
“എന്റെ ബാപ്പ നല്ല ഡ്രൈവറാണ് എന്നതൊക്കെ ശരി...ബട്ട് നാമൂസിന് വളയം പിടിക്കാന്‍ അറിയില്ല...” നാമൂസിന്റെ ഉത്തരം പെട്ടെന്നായിരുന്നു.അത് കേട്ട് ആദ്യം ഞെട്ടിയത് ഞാന്‍ തന്നെയായിരുന്നു.ശ്രീജിത്ത് നിസ്സഹായനായി സമീറിനെ നോക്കി.സമീര്‍ വാല്യക്കാരനേയും വാല്യക്കാരന്‍ എന്നേയും ഞാന്‍ നാമൂസിനേയും നോക്കി ആ വട്ടം മുഴുവനാക്കി.
“എങ്കില്‍ കയറ്...ഞാന്‍ ഡ്രൈവ് ചെയ്തോളാം...” പിറ്റേന്ന് അതിരാവിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ ട്രെയ്നിംഗിനായി എറണാകുളത്തേക്ക് പുറപ്പെടേണ്ട ഞാന്‍ എന്തോ ധൈര്യത്തില്‍ പറഞ്ഞു.
എന്റെ TSG 8683 സ്റ്റാര്‍ട്ടാക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന സകല കൂടോത്രങ്ങളും പ്രയോഗിച്ചുകൊണ്ട് ഞാന്‍ ചാവി തിരിച്ചു.പുഷ്പം പോലെ സ്റ്റാര്‍ട്ട് ആയ കാര്‍ പിന്നെ പുഷ്പക വിമാനം പോലെ കണ്ണൂര്‍ സിറ്റിയെ ലക്ഷ്യമാക്കി കുതിച്ചു.ജംഗ്‌ഷനുകളിലൊന്നും സൈന്‍ബോര്‍ഡുകളും സിഗ്നലുകളും ഇല്ലാത്തതിനാല്‍ നല്ല റോഡിലൂടെ മാത്രം കാര്‍ പാഞ്ഞു.
“ഞാന്‍ ഒരു സത്യം പറയാന്‍ ആഗ്രഹിക്കുന്നു....” സിറ്റിയുടെ അടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.
“അത് കള്ളമാണെങ്കിലും പറഞ്ഞോളൂ..” വാല്യക്കാരന്റെ കമന്റ്.
"അതേയ്...എനിക്ക് സിറ്റിയിലൂടെ വണ്ടി ഓടിച്ചുള്ള പരിചയമില്ല...”
“ങേ!പക്ഷേ ഇതുവരെയുള്ള ഡ്രൈവിംഗ് ഒരു എക്സ്പെര്‍ട്ട്നെസ്സ് തോന്നിക്കുന്നു...”
“വയനാട്ടില്‍ വര്‍ക്ക് ചെയ്തിരുന്ന കാലത്ത് ചുരത്തിലൂടെ പലതവണ ഡ്രൈവ് ചെയ്ത പരിചയമുണ്ട്...അന്നത്തെ ചുരം റോഡും ഇന്നത്തെ ഈ റോഡും തുല്യമാ....”
“എങ്കിലും ഇക്ക തന്നെ വിട്ടോ...” ആരോ പറഞ്ഞു.
വീണ്ടും ഞങ്ങള്‍ക്ക് തോന്നിയ വഴിയിലൂടെ കാര്‍ പാഞ്ഞുകൊണ്ടിരുന്നു.കൂട്ടിലകപ്പെട്ട എലിയെപ്പോലെ എത്ര ശ്രമിച്ചിട്ടും കണ്ണൂര്‍ സിറ്റിയില്‍ നിന്ന് കാര്‍ പുറത്ത് കടക്കാതായതോടെ ഞങ്ങള്‍ വഴി വീണ്ടും അന്വേഷിച്ചു.
“അല്പം മുമ്പുള്ള ജംഗ്‌ഷനില്‍ വച്ച് ഇങ്ങോട്ട് തിരിയുന്നതിന് പകരം അങ്ങോട്ട് തിരിയണമായിരുന്നു...”ഒരാള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തിരിഞ്ഞുകൊണ്ട് ലൈവ് ഡെമോ കാണിച്ചുതന്നു.
“അരീക്കോടന്‍ മാഷേ...വിട്ടോളൂ...” കാറിനകത്ത് നിന്നും എല്ലാവരും പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു “ഡബ്ലിയു“ ടേണ്‍ എടുത്തു.അതായത് കാര്‍ തിരിക്കാന്‍ ഒന്ന് റിവേഴ്സ്,പിന്നെ ഒപ്പൊസിറ്റ് റിവേഴ്സ്.തിരിയില്ല എന്ന് ഉറപ്പായപ്പോള്‍ വീണ്ടും റിവേഴ്സ്,പിന്നെയും ഒപ്പൊസിറ്റ് റിവേഴ്സ് - ഒരു നീറ്റ് “ഡബ്ലിയു“ ആയില്ലേ , അതെന്നെ “ഡബ്ലിയു“ ടേണ്‍.
കുണ്ടും കുഴിയും നിറഞ്ഞ സിറ്റി റോഡിലൂടെ സിറ്റി ഡ്രൈവിംഗ് വലിയ പരിചയമില്ലാത്ത ഞാന്‍ സുന്ദരമായി ഡ്രൈവ് ചെയ്തു.അവസാനം ഒരു നല്ല റോഡിലേക്ക് പ്രവേശിച്ചു.വിജനമായ ആ റോഡിലൂടെ ബഹുദൂരം മുന്നോട്ട് പോയപ്പോള്‍ തലേ ദിവസം കാര്‍ ഓടിച്ച ശ്രീജിത്തിന് ഒരു സംശയം.
“ഈ റോഡ് ഇന്നലെ എവിടെയായിരുന്നു?”
“അപ്പോള്‍ ഇന്നലെ എന്തും കഴിച്ചാ വണ്ടി ഓടിച്ചത് ?” ഞാന്‍ വെറുതെ ചോദിച്ചു.
“ഒരു പാരസിറ്റമോള് കഴിച്ചിരുന്നു , പനി കുറക്കാന്...”
“അല്ല എനിക്കും ഒരു സംശയം...ഇത്രയും നല്ല റോഡിലൂടെയല്ലല്ലോ ഇന്നലെ ഇങ്ങോട്ട് വന്നത്...” വാല്യക്കാരനും സംശയം ഉന്നയിച്ചതോടെ ഞാന്‍ ബ്രേക്കില്‍ മെല്ലെ കാലമര്‍ത്തി.ചോദിക്കാനും പറയാനും ആളില്ലാത്ത ആ സ്ഥലത്ത് ‘എക്കാചക്ക’യില്‍ നില്ക്കുമ്പോള്‍ പൊടിപറത്തിക്കൊണ്ട് ഒരു KSRTC ബസ് കടന്നുപോയി.
“ആ വണ്ടി എങ്ങോട്ടാ വാല്യക്കാരാ?”
“കാസര്‍കോട്...” ഒരു കൂസലുമില്ലാതെ വാല്യക്കാരന്‍ പറഞ്ഞു.
“ങേ!!!അപ്പോള്‍ ഇതുവരെ ഡ്രൈവ് ചെയ്തത് വടക്കോട്ടായിരുന്നോ?” ഞാന്‍ ഞെട്ടിപ്പോയി.
“ഏയ്...ഞാന്‍ അതിന്റെ വാലേ കണ്ടുള്ളൂ...” വാല്യക്കാരന്‍ തിരുത്തി.
“ങേ വാലോ ?” KSRTC ബസ്സിനെ ആനവണ്ടി എന്ന് വിളിക്കാറുണ്ടെങ്കിലും അതിന് വാല് ഉള്ളതായി ഇതുവരെ അറിയില്ലായിരുന്നു.
“അതാ ഒരു മരുപ്പച്ച!!” വാല്യക്കാരന്‍ വീണ്ടും വെടിപൊട്ടിച്ചു.
“മരുപ്പച്ചയോ ? എവിടെ ?”
“സ്‌ട്രൈറ്റ് നോക്കൂ...റോഡിന്റെ അറ്റത്ത്....”
“അതൊരു KSRTC ബസ്സല്ലേ?” ഞാന്‍ ചോദിച്ചു.
“ങാ അപ്പോള്‍ കണ്ണ് ശരിക്കും കാണുന്നുണ്ടല്ലേ ? അതൊന്ന് ടെസ്റ്റ് ചെയ്യാനായിരുന്നു...”
“മാഷേ നിര്‍ത്ത് നിര്‍ത്ത് ....” പിന്‍സീറ്റില്‍ നിന്നും വണ്ടി മുതലാളിയുടെ നിര്‍ദ്ദേശം.
“ഒന്നിനോ....?രണ്ടിനോ...?“ഡ്രൈവിംഗിനിടയില്‍ ഞാന്‍ ചോദിച്ചു.
“ഒന്നിനും രണ്ടിനുമൊന്നുമല്ല...ഇപ്പോള്‍ റോഡ് ശരിയായിട്ടുണ്ട്.ഇനി കുറച്ചു നേരം ഞാന്‍ ഡ്രൈവ് ചെയ്യാം...മാഷിനും വേണ്ടേ ഒരു റെസ്റ്റ്...?” ശ്രീജിത്ത് പറഞ്ഞു.
“അത് നല്ലൊരു ഐഡിയ തന്നെ...”
“ആന്‍ ഐഡിയ കാന്‍ ചേഞ്ച്...” കാറില്‍ ബാക്കിയുള്ളവര്‍ പറഞ്ഞു.ഞാന്‍ കാര്‍ സൈഡാക്കി പുറത്തിറങ്ങി.ശ്രീജിത്ത് വീണ്ടും വളയം ഏറ്റെടുത്തു.
(തുടരും....)
Saturday, October 22, 2011
ബ്രോക്കര്‍ പോക്കരാക്ക
പോക്കരാക്ക:“ശരിയാ...ഒരു പിതാവും തന്റെ മകള്‍ റോളര്‍ എഞ്ചിന്‍ കയറി മരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല.പിന്നെ പാവം ഞാന്‍ എന്തു ചെയ്യാനാ?”
Thursday, October 20, 2011
ത്രീ ഇഡിയറ്റ്സ്
ഹാറൂണ്‍ക്കയെ കണ്ട് വിസ്തരിച്ച് സംസാരിച്ച ശേഷം തിരിച്ചുപോകാന്‍ ഞാന്‍ കൂടിയുള്ളതിനാല്‍ രണ്ട് തെക്കന്മാരെ വണ്ടി കയറ്റി വിടാന്‍ അവരെ ആദ്യം കാറില്‍ കയറ്റി.ബാക്കി മൂന്ന് പേരോടും വഴിയോരക്കാഴ്ചകളും കണ്ട് മെല്ലെ നടക്കാന്‍ പറഞ്ഞ് ഒരു ധൈര്യത്തിന് ഞാനും കാറില്‍ കയറി.ഗള്‍ഫിലെ ഗിയറില്ലാത്ത കാറും കുഴിയില്ലാത്ത റോഡും ജാമില്ലാത്ത തെരുവും മാത്രം പരിചയമുള്ള ശ്രീജിത്തിന്റെ ഡ്രൈവിംഗ് വണ്ടിക്കുള്ളില്‍ എന്നെ അസ്വസ്ഥനാക്കി - മറ്റേതെങ്കിലും വണ്ടിക്ക് ഇവന്‍ ഉമ്മ കൊടുത്താലും അവര്‍ ചക്കരയുമ്മ തിരിച്ചു തന്നാലും സമാധാനം പറയേണ്ടത് ഞാനും കൂടിയാണല്ലോ എന്ന ചിന്ത കാരണം.ഈ വണ്ടിയിലാണല്ലോ ഇനി നാട്ടില്‍ വരെ പോകേണ്ടത് എന്ന ചിന്ത എന്നെ വീട്ടിലേക്കും അടുത്ത സുഹൃത്തിനും പിന്നെ ഏറ്റവും അടുത്ത ഹോസ്പിറ്റലിലേക്കും ഫോണ്‍ ചെയ്യാന്‍ നിര്‍ബന്ധിതനാക്കി.
തെക്കന്മാരെ സ്റ്റേഷനിലാക്കി (റെയില്‍വേ സ്റ്റേഷനില്‍) വന്ന വഴി തെറ്റാതെ ഒരു വിധം തിരിച്ച് ഞങ്ങള്‍ ഹാറൂണ്‍ക്കയുടെ വീട് വരെ എത്തിയെങ്കിലും മേയാന്‍ വിട്ട ത്രീ ഇഡിയറ്റ്‌സിനെ വഴിയിലെവിടെയും കണ്ട്മുട്ടിയില്ല!
“ആരുടെയെങ്കിലും നമ്പര്‍ കയ്യിലുണ്ടോ?” ഞാന്‍ ശ്രീജിത്തിനോട് തിരക്കി.ശ്രീജിത്ത് ഫോണെടുത്ത് നാമൂസിന്റെ നമ്പര്‍ ഞെക്കി.
“ഹലോ...ആരാ?” മറുതലക്കല്‍ നിന്ന് ഒരു പെണ്‍ശബ്ദം.
“ഹലോ...ഞാനാ...ഇന്നലെ നാമൂസിനെ കൂട്ടിക്കൊണ്ടു പോന്നയാള്‍....നാമൂസ് അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് എന്ന് പറായാന്‍ വിളിച്ചതാ...” ഒറ്റശ്വാസത്തില്‍ പറഞ്ഞുകൊണ്ട് ശ്രീജിത്ത് ഫോണ്‍ കട്ട് ചെയ്തു.’ഇതെന്തു കഥ’ എന്ന മട്ടില്‍ വാ പൊളിച്ചിരുന്ന എന്നോട് ശ്രീജിത്ത് പറഞ്ഞു.
“നാമൂസിന്റെ നമ്പറെന്ന് കരുതി വിളിച്ചത് അവന്റെ വീട്ടിലേക്കാ...അവിടെ ഇന്നലെ ചെന്നപ്പോള്‍ തന്നെ അത്യാവശ്യം ഡോസ് കിട്ടിയിരുന്നു.നാളെ ഗള്‍ഫിലേക്ക് പോകേണ്ടവനെയും കൊണ്ട് ഇന്ന് തെണ്ടാന്‍ പോകുന്നോ തെ....ഇന്ന് അത് വീണ്ടും കേള്‍ക്കാന്‍ വയ്യ...”
“തിക്കോടിയന്റെ നമ്പര്‍ ഉണ്ടോ?”ഞാന്‍ വെറുതെ ചോദിച്ചു.
“അയാള്‍ എന്നോ മണ്ണിനടിയിലായില്ലേ?” ശ്രീജിത്തിന്റെ മറുപടി എന്നെ ചിരിപ്പിച്ചു.
“ഞാന്‍ ഉദ്ദേശിച്ചത് തിക്കോടിക്കാരന്റെ...”
“ങാ...ശ്രമിച്ചു നോക്കാം...” ശ്രീജിത്ത് ഡ്രൈവിങ്ങിനിടയില്‍ ഫോണെടുത്തു.വളവും തിരിവും കുണ്ടും കുഴിയും ഒക്കെയുള്ള റോഡില്‍ അവന്റെ മൊബൈല്‍ ഉപയോഗം കൂടിയായപ്പോള്‍ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി.ഇല്ലാത്ത ബ്രേക്കില്‍ എന്റെ കാലും ചിലപ്പോള്‍ അമര്‍ന്നു കൊണ്ടിരുന്നു.
“ഹലോ...സമീറല്ലേ? നിങ്ങളെവിടെയാ ?” കണക്ഷന്‍ ലഭിച്ച ശ്രീജിത്ത് ചോദിച്ചു.
“ഞങ്ങള്‍ അറക്കല്‍ ബീവിയുടെ തിരുസവിധത്തിലാ...”
“ങേ!!എന്നാലതൊന്ന് പറഞ്ഞുകൂടായിരുന്നോ...ഞങ്ങള്‍ ഹാറൂണ്‍ക്കയുടെ വീട് വരെ നിങ്ങളേയും തെരഞ്ഞ് എത്തി...” ബാക്കി പറഞ്ഞത് ഫോണ്‍ കട്ട് ചെയ്ത ശേഷമായതിനാല്‍ ഞാന്‍ മാത്രമേ കേട്ടുള്ളൂ.
അറക്കല്‍ കൊട്ടാരത്തിന്റെ മുന്നിലൂടെ കാര്‍ പോയപ്പോള്‍ അവിടെ ഒന്ന് കയറാന്‍ ഞാനും ശ്രീജിത്തും കൊതിച്ചതായിരുന്നു.പക്ഷേ സമയം അനുവദിക്കാത്തതിനാല്‍ ആ അഗ്രഹത്തിന് അപ്പോള്‍ തന്നെ ശവപ്പെട്ടിയൊരുക്കി.ആ മൂന്ന് കേശവങ്ങള്‍ ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളും അടിമുടി പൂത്തുപോകുമായിരുന്നു - അറക്കല്‍ ബീവിയെക്കണ്ട്.
“എനിക്ക് ഇവിടത്തെ ഈ ഡ്രൈവിംഗ് ശരിയാകുന്നില്ല.അവിടന്നങ്ങോട്ട് നാമൂസ് ഓടിച്ചോളും...” ശ്രീജിത്ത് പറഞ്ഞപ്പോള്‍ അതുവരെ പള്ളിപ്പറമ്പും ആള്‍കൂട്ടവും കര്‍പ്പൂരഗന്ധവും എല്ലാം മേഞ്ഞ് നടന്ന എന്റെ മനസ്സില്‍ വീണ്ടും ഭാര്യയും കുട്ടികളും വീടും തിരിച്ചെത്തി.അറക്കല്‍ കൊട്ടാരത്തിന്റെ മുന്നില്‍ മൂക്കിലൂടെ പുകയും വിട്ട് നില്‍ക്കുന്ന രണ്ട് പേരെ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന വാല്യക്കാരന്‍ പയ്യനെ കണ്ട ശ്രീജിത്ത് കാര്‍ സൈഡാക്കി.
(തുടരും...)
Wednesday, October 19, 2011
അഴിമതിക്കെതിരെ ചില രാഷ്ട്രീയനാടകങ്ങള്‍
പക്ഷേ ഹസാരെയുടേയും അദ്വാനിയുടേയും സമരപരിപാടികള്‍ മുറുകുമ്പോള്‍ തന്നെ ചില അപ്രിയസത്യങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.അണ്ണാടീമിന്റെ ജനലോക്പാല്‍ബില്‍ പൂര്‍ണ്ണമായും അംഗീകരിക്കാത്ത കോണ്‍ഗ്രസ്സിനെ ഒരു പാഠംപഠിപ്പിക്കാനാണ് ഹസാരെയുടെ പരിപാടി.ഭജന്‍ലാലിന്റെ മരണത്തോടെ ഒഴിവ് വന്ന ഹരിയാനയിലെ ഹിസാര്‍ ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരെ പരസ്യപ്രചാരണം നടത്തിക്കൊണ്ടായിരുന്നു ഇതിന്റെ തുടക്കം.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ്സിന്റെ പരാജയം ഉറപ്പായിരുന്നു.അത്തരം ഒരു മണ്ഡലത്തില്‍ ഹസാരെയുടെ പ്രചാരണം എത്രത്തോളം ഫലവത്തായി എന്ന് ചോദിച്ചാല്‍ ഹസാരെക്ക് തന്നെ ചിരി വന്നേക്കും.മാത്രമല്ല ഇന്ത്യയെ അഴിമതി മുക്തമാക്കാനുള്ള ജനലോക്പാല്‍ബില്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്ന ഹസാരെ ടീം കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചത് അഴിമതി ആരോപിതനായ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്ന പോളിസിയില്‍ സ്വന്തം ട്രൌസര്‍ ഊരിപ്പോയത് ഹസാരെ അറിഞ്ഞില്ല.
“കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുന്നതിനിടക്ക് അഴിമതിക്കാര്‍ ആരെങ്കിലും ജയിക്കുന്നുണ്ടെങ്കില്‍ അതില്‍ വേവലാതി വേണ്ട.അവരെ ഈ ലോകപാല്‍ ബില്‍ ജയിലിലയക്കും “ എന്നായിരുന്നു ഇത് സംബന്ധിച്ച് ഹസാരെയുടെ പ്രസംഗം.അഴിമതി ആരോപണരഹിതനായ ഒരു സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്റെ ജനപിന്തുണയുടെ യഥാര്‍ത്ഥ ആഴം അളക്കാന്‍ ഹസാരെക്ക് ലഭിച്ച ആദ്യ അവസരം അദ്ദേഹം കളഞ്ഞുകുളിച്ചത് മന:പൂര്‍വ്വം തന്നെയായിരുന്നു എന്ന് വ്യക്തമാണ്.തന്റെ പിന്നിലുള്ളത് അഴിമതിയെക്കാളും കൂടുതല്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവരുടെ കൂട്ടമാണ് എന്ന് ഹസാരെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഈ ഉരുണ്ടുകളിയുടെ പൊരുള്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
ഹസാരെ സമരത്തിന്റെ ഊര്‍ജ്ജവും ജനപിന്തുണയും ഉപയോഗപ്പെടുത്തുന്നത് ബി.ജെ.പി ആണെന്നതില്‍ സാമാന്യബോധമുള്ള ആര്‍ക്കും സംശയമില്ല. പ്രധാനമന്ത്രി കസേരയില്‍ കണ്ണും നട്ടിരുന്ന അദ്വാനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പ് നിരാശ സമ്മാനിച്ചപ്പോള്‍ തുടങ്ങിയതാണ് ബി.ജെ.പിയുടെ കോണ്‍ഗ്രസ്സ് വിരുദ്ധ സമരപിന്തുണ.അഴിമതിയുടെ കാര്യത്തില്‍ ഈ രണ്ട് പാര്‍ട്ടികളും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രമാണ്.
വരാനിരിക്കുന്ന യു.പി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ അഴിമതിക്കെതിരെ എന്ന ലേബലില്‍ അദ്വാനിയും ഒരു പടയോട്ടം ആരംഭിച്ചിരിക്കുന്നു - ജനചേതനയാത്ര.വിരോധാഭാസമെന്ന് പറയട്ടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച ബി.ജെ.പിയുടെ സമുന്നതനായ നേതാവ് യെദിയുരപ്പ അദ്വാനിയെ സ്വീകരിക്കുന്നത് ജയിലില്‍ കിടന്നുകൊണ്ടായിരിക്കും.അതും അദ്വാനിയുടെ ചേതനയാത്ര എന്തിനെതിരെയാണോ, അതേ കുറ്റാരോപിതനായതിനാല്‍ !ജയിലിലടക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി എന്ന നെറികെട്ട റിക്കാര്‍ഡും യെദിയുരപ്പ ഇതിലൂടെ കരസ്ഥമാക്കി.
യെദിയുരപ്പയുടെ കര്‍ണ്ണാടകയിലൂടെയും അദ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്നുണ്ട്.കര്‍ണ്ണാടകയില്‍ ഈ യാത്രയെപറ്റി അദ്വാനി എന്തു പറയും എന്ന് എല്ലാവരും കൌതുകത്തോടെ ഉറ്റു നോക്കുന്നു.ഈ അപ്രതീക്ഷിത കുരുക്കില്‍ നിന്ന് എങ്ങനെ തലയൂരും എന്ന് ബി.ജെ.പിയും തല പുകഞ്ഞാലോചിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ തന്നെ , ബി.ജെ.പിയുടെ ഉറ്റ തോഴന്മാരായ റെഡ്ഡി സഹോദരന്മാര്‍ ജയിലിലടക്കപ്പെട്ടതും ഇന്ത്യ കണ്ട വന്‍ അഴിമതികളിലൊന്നില്‍ പ്രതികളായിക്കൊണ്ടാണ്. ഇതെല്ലാം മറന്ന് കര്‍ണ്ണാടകയിലൂടെ കണ്ണും പൂട്ടിയുള്ള ഒരു യാത്രയാണ് അദ്വാനി നടത്തുന്നതെങ്കില്‍ അതിന് ചേതനയാത്ര എന്നതിനെക്കാള്‍ നല്ല പേര് യാതനയാത്ര എന്നായിരിക്കും.
ചുരുക്കിപ്പറഞ്ഞാല്‍ അഴിമതിക്കെതിരെ എന്ന ലേബലില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ വിത്തുകള്‍ തന്നെയാണ്.അതും അത്യുല്‍ല്പാദന ശേഷിയുള്ള വിത്തുകള്‍ ! പൊതുജനം ഉണര്‍ന്ന് പ്രതികരിക്കുകയല്ലാതെ ഇത്തരം രാഷ്ട്രീയനാടകങ്ങള്‍ കണ്ട് രസിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ല.
Thursday, October 13, 2011
നിര്‍മ്മല്‍ മാധവ് വിഷയം - ഉത്തരവാദികളാര് ?
യഥാര്‍ത്ഥത്തില്‍ നിര്‍മല്‍ മാധവിന്റെ അഞ്ചാം സെമസ്റ്റര്‍ പ്രവേശനത്തിലൂടെ ആരംഭിച്ച ഈ സമര പരമ്പരകളുടെ ഉത്തരവാദികള്‍ ആരൊക്കെയാണ് ? രാഷ്ട്രീയതിമിരം ബാധിക്കാത്ത കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ഇടതും വലതും ഇതില്‍ തുല്യ പങ്ക് വഹിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. നിര്‍മ്മലിന് പ്രവേശനം നല്‍കാന്‍ ഉത്തരവിട്ട സര്‍ക്കാരാണ് എല്ലാവരുടെ കണ്ണിലും ഒന്നാം പ്രതി.മൂന്നാം സെമസ്റ്ററില്‍ വച്ച് ടി.സി വാങ്ങിപ്പോയ ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ആഴമേറിയ ചിന്ത ആവശ്യമായിരുന്നു.മാത്രമല്ല മറ്റൊരു കോളേജില്‍ ഒന്നാം സെമസ്റ്ററില്‍ മറ്റൊരു വിഷയത്തിന് ചേര്‍ന്ന് പഠിക്കുന്ന അവസരത്തില്‍ ഇങ്ങനെയൊരു പ്രവേശനം നല്‍കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിന്തിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു.കോളേജില്‍ ക്ലാസ് അറ്റന്റ് ചെയ്ത് നേരാം വണ്ണം എത്തിയ കുട്ടികള്‍ക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ കടക്കാന്‍ അസ്സൈന്മെന്റ്,സീരീസ് ടെസ്റ്റ് തുടങ്ങീ അനേകം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഒരു പരീക്ഷയോ മറ്റോ നടത്തി ഈ വിദ്യാര്‍ത്ഥിക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് നല്‍കാം എന്ന സൂത്രം ഉന്നത വിദ്യാഭ്യാസരംഗത്തെ ആരുടെ തലയില്‍ നിന്ന് വന്നതാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.കാരണം ഇത്രയും സുന്ദരമായി കടന്നുകയറാന്‍ പറ്റുന്നതാണ് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ എങ്കില്‍ ഇങ്ങനെ പഠിച്ച് പുറത്ത് വരുന്ന എഞ്ചിനീയര്‍മാരുടെ ക്വാളിറ്റി എന്തായിരിക്കും?
ഇനി ഈ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കോളേജില്‍ പ്രവേശനം നല്‍കുന്നതിന് മുമ്പോ അല്ലെങ്കില്‍ പ്രവേശനം സ്ഥിരപ്പെടുത്തുന്നതിന് മുമ്പോ അതിന് യൂണിവേഴ്സിറ്റിയില്‍ നിന്നും സിണ്ടിക്കേറ്റിന്റെ അംഗീകാരം ലഭിക്കണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിര്‍മ്മല്‍ മാധവ് അതും വളരെ എളുപ്പത്തില്‍ കൈവശമാക്കി.അന്ന് കാലികറ്റ് യൂണിവേഴ്സിറ്റിയില്‍ നിലവിലിരുന്നത് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള ഒരു സിണ്ടിക്കേറ്റ് ആയിരുന്നു.എന്റെ ധാരണ ശരിയാണെങ്കില്‍ ഈ സിണ്ടിക്കേറ്റ് എങ്ങനെ ഈ അനുകൂല തീരുമാനം കൈകൊണ്ടു?അതല്ല ഈ പ്രവേശനം ഇവരാരും അറിയാതെ നടന്നതാണോ?
മൂന്നാം സെമസ്റ്ററില്‍ ടി.സി വാങ്ങിയ കുട്ടിയെ അതേ സെമസ്റ്ററിലേക്ക് തന്നെ പ്രവേശനം നല്‍കിയിരുന്നുവെങ്കില്‍ ഇത്രയധികം പൊല്ലാപ്പ് സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാകുമായിരുന്നില്ല എന്ന പക്ഷക്കാരനാണ് ഞാന്‍.നിര്‍മ്മലിന്റെ റാങ്ക് പ്രകാരം സര്‍ക്കാര്‍ കോളേജില്‍ അഡ്‌മിഷന്‍ നല്‍കാമോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും അതെല്ലാം മാറ്റിവയ്ക്കാമായിരുന്നു.പക്ഷേ ഇത്രയും ലാഘവത്തോടെ ഈ സംഗതി കൈകാര്യം ചെയ്തത് നമ്മുടെ ഉന്നത വിദ്യഭ്യാസത്തിന് കളങ്കമായി എന്ന് പറയാതിരിക്കാന്‍ വയ്യ.
നിര്‍മ്മലിനെതിരെ നടത്തിയ വിദ്യാര്‍ഥി സമരവും വളരെയധികം നീണ്ടുപോയി.യഥാര്‍ത്ഥത്തില്‍ ഈ സമരം കോളേജില്‍ നീട്ടിക്കൊണ്ടു പോകുന്നതിനോട് ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും താല്പര്യം ഇല്ലായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.പകരം ഇതിന് അനുമതി നല്‍കിയ അധികാര കേന്ദ്രങ്ങളില്‍ ആയിരുന്നു ഈ സമരങ്ങള്‍ അരങ്ങേറേണ്ടിയിരുന്നത്.ഇപ്പോള്‍ സമരം കാരണം ബലിയാടായത് ഈ കോളേജിലെ 1200-ഓളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്.ഉന്നതാധികാരികളുടെ ശ്രദ്ധയില്പെടുത്താന്‍ സാധിക്കുന്ന ഒരു സമരം സംസ്ഥാനതലത്തില്‍ നടത്തിയിരുന്നെങ്കില്‍ അധികാരിവര്‍ഗ്ഗങ്ങളുടെ കണ്ണ് നേരത്തെ തുറപ്പിക്കാന്‍ സാധിക്കുമായിരുന്നു.ഇപ്പോഴെടുത്ത തീരുമാനങ്ങള്‍ ഈ പ്രവേശനം നടന്നയുടനെത്തന്നെ എടുപ്പിക്കാനും സാധിക്കുമായിരുന്നു.ഒട്ടേറെ സമരങ്ങള്‍ നടത്തി വിജയിപ്പിച്ച ഈ വിദ്യാര്‍ഥിപ്രസ്ഥാനത്തിന് എങ്ങനെ ഇത്രയും വലിയ ഒരു പാളിച്ച സംഭവിച്ചു? എന്തുകൊണ്ട് സംസ്ഥാന നേതൃത്വം ഈ സമരത്തിന് വലിയപ്രാധാന്യം നല്‍കിയില്ല?സ്വാഭാവികമായും ഇടതുപക്ഷത്തിനും ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ ഈ അലംഭാവം തന്നെ തെളിവാണ്.
ഇത്രയും കോലാഹലങ്ങളും നാശനഷ്ടങ്ങളും ഉണ്ടായ സ്ഥിതിക്ക് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.അത് ഈ വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം തന്നെയാണ്.തന്റെ പ്രവേശനം തുടര്‍ന്ന് പഠിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ട് തന്നെയായിരുന്നു എന്ന് തെളിയിക്കേണ്ടത് നിര്‍മ്മലിന്റെ കൂടി ഉത്തരവാദിത്വമാണ്.ഇനിയെങ്കിലും ശാന്തമായ അന്തരീക്ഷത്തില്‍ പഠിച്ച് നല്ല മാര്‍ക്കോടെ നിര്‍മ്മല്‍ മാധവ് പുറത്ത് വരും എന്ന് ഗ്യാരണ്ടിയില്ലെങ്കില്‍, രണ്ടര മാസം വെസ്റ്റ്‌ഹില്‍ ഗവ:എഞ്ചിനീയറിംഗ് കോളേജിലെയും ശേഷം നിര്‍മ്മലിനെ ഇപ്പോള്‍ മാറ്റിയ കോളേജിലേയും വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും ഒപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും സര്‍ക്കാരും നിര്‍മ്മലും ചെയ്യുന്ന അപരാധമായിരിക്കും അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
Tuesday, October 11, 2011
കണ്ണൂര്‍ സൈബര്‍ മീറ്റ് - വൈകി വന്ന പോസ്റ്റ്.
ബ്ലോഗില്‍ ഹരിശ്രീ കുറിച്ചതിന്റെ ആദ്യവര്‍ഷങ്ങളില്‍ മലയാളം ബ്ലോഗിങ്ങിന്റെ പ്രചരണാര്‍ത്ഥം ബ്ലോഗ് അക്കാഡമിയുമായി സഹകരിച്ച് സൌജന്യ ബ്ലോഗ്‌ശില്പശാലകള്‍ സംഘടിപ്പിച്ച് നടന്നിരുന്ന കാലത്ത് ഇതേ ജവഹര്‍ ലൈബ്രറിയില്‍ വച്ച് നടന്ന ശില്പശാലയുടെ മധുരസ്മരണകള്‍ അയവിറക്കികൊണ്ടാണ് ഇടതിന്റെ കോട്ടയായ കണ്ണൂരില്‍ ഞാന്‍ വലതു കാല്‍ വച്ചത്. മലയാളത്തിലെ യുവസാഹിത്യകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ പരിചയപ്പെട്ടതും ആ ശില്പശാലയില്‍ വച്ചായിരുന്നു.അന്ന് നിറഞ്ഞ് തുളുമ്പിയ ഹാള്‍ ഇത്തവണ വളരെ ശുഷ്കമായി.
എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം തുഞ്ചന്മീറ്റിനെക്കാളും കൂടുതല്‍ ബ്ലോഗര്‍മാരെ നേരിട്ട് കണ്ട് പരിചയപ്പെടാനും അടുത്തിടപഴകാനും കണ്ണൂര്‍ മീറ്റില്‍ സാധിച്ചു എന്നത് നിറഞ്ഞ സന്തോഷം തരുന്നു.അതിലുമേറെ സന്തോഷം തന്നത് ഈ വിര്‍ച്വല്‍ ലോകത്ത് വച്ച് പരിചയപ്പെട്ട , എന്റെ ബാപ്പയോട് സാദൃശ്യം തോന്നുന്ന ഹാറൂണ്‍ക്കയെ (ഒരു നുറുങ്ങ്) അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചു എന്നതാണ്.നട്ടെല്ല് തകര്‍ന്ന് കിടപ്പിലായവര്‍ക്കുള്ള സാന്ത്വനദൂതുമായി എവിടെയും എത്തിച്ചേരുന്ന, നട്ടെല്ലിന് ക്ഷതം സംഭവിച്ച ഹാറൂണ്‍ക്ക നമ്മിലോരോരുത്തര്‍ക്കും പ്രചോദനമാണ്, വഴികാട്ടിയാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടി വന്നപ്പോള്‍ തന്റെ ആ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബ്ലോഗില്‍ നിന്നും അല്പം വിട്ടു നില്‍ക്കേണ്ടി വന്ന ഹാറൂണ്‍ക്കക്ക് സന്തോഷമേകുന്നതായിരുന്നു ബൂലോകരുടെ സന്ദര്‍ശനം.ശരീഫ്‌ക്ക,നാമൂസ്,സമീര്‍ തിക്കോടി,ശ്രീജിത്ത് കൊണ്ടോട്ടി, വാല്യക്കാരന്‍ , നൌഷാദ് വടക്കേല്‍ എന്നിവരും എന്റെ പിന്നാലെ ഹാറൂണ്‍ക്കയുടെ വീട്ടിലെത്തി.
ഹാറൂണ്‍ക്കയോട് മീറ്റ് വിശേഷങ്ങളും ബ്ലോഗിതര വിശേഷങ്ങളും പങ്കുവച്ച് ഏകദേശം അരമണിക്കൂര്‍ ഞങ്ങളവിടെ ചെലവഴിച്ചു.യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനിയും “സഹറി”ല്‍ എത്തും (ഇന്‍ഷാ അല്ലാഹ്) എന്ന് പറയാനേ എല്ലാവര്‍ക്കും നാവുണ്ടായിരുന്നുള്ളൂ.കിടപ്പിലാണേങ്കിലും ഹാറൂണ്‍ക്കയുടെ ആതിഥ്യമര്യാദ അത്രയും ആകര്‍ഷകമായിരുന്നു.
(മടക്കയാത്രയിലെ സംഭവ ബഹുലമായ വിശേഷങ്ങള്‍ ഉടന്‍ വരുന്നു...)
വാല്‍: അതിഥി ദേവോ ഭവ:
Monday, October 10, 2011
പുതിയ ഉത്തരവാദിത്വം കൂടി....
ഞങ്ങളുടെ കോളേജ് എന്‍.എസ് എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, എന്നെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ ജില്ലാ കോഡിനേറ്ററായി തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ഈ രംഗത്ത് പ്രവര്‍ത്തിച്ചവരുടേയും സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുടേയും സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
Saturday, October 08, 2011
സമാധാനം എന്റെ വീട്ടിലും...
മോള്‍ക്ക് ഇടക്കിടെ ജലദോഷവും ചുമയും വരുന്നതിനാല്‍ ഹോമിയോ ഡോക്ടറുടെ അടുത്ത് എല്ലാ മാസവും ഒപ്പിടാറുണ്ട്.അങ്ങനെ കഴിഞ്ഞ ഒപ്പിടലില്‍, അവള്‍ ഡോക്ടറോട് കാര്യം പറഞ്ഞ് ഇതിനുള്ള മരുന്നും (കാത്സ്യം സപ്പ്ലിമെന്റ്) ഒപ്പിച്ചു.
എന്റെ പാരമ്പര്യം അനുസരിച്ച് നടത്തം ഇനിയും വൈകും എന്ന് നിരവധി തവണ ഞാന്‍ സൂചിപ്പിച്ചെങ്കിലും ഈ പെണ്ണുങ്ങള്‍ക്കുണ്ടോ ഇതൊക്കെ തലയില്‍ കയറുന്നു?അയലത്തെ ചക്കിയുടെ കുട്ടിയും റോഡുവയ്ക്കിലെ ആമിനുവിന്റെ കുട്ടിയും എന്തിനധികം നബീസുവിന്റെ എട്ടുമാസമായ കുട്ടിയും എണീറ്റ് നടക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവള്‍ക്ക് എങ്ങനെ സമാധാനം കിട്ടാന്‍?
രണ്ട് ദിവസം മുമ്പ് എല്ലാവര്‍ക്കും സമാധാനമായി.മോള്‍ രണ്ട് സ്റ്റെപ് വച്ചു.അല്പം കഴിഞ്ഞ് ഒരാവേശത്തില്‍ പത്ത് സ്റ്റെപ്! അങ്ങനെ തനിക്കും നടക്കാന്‍ സാധിക്കും എന്ന് അവളുടെ ഉമ്മയുടെയും ഉപ്പയുടേയും മുമ്പില്‍ വ്യക്തമാക്കി.
പിറ്റേ ദിവസം ഒരൊറ്റ സ്റ്റെപ്പും വച്ചില്ല!ഇന്നലെ തലേ ദിവസത്തെ പലിശ അടക്കം ഒരു നെടുനീളന്‍ നടത്തം!!ഏതായാലും സമാധാനത്തിനുള്ള നോബല്‍ സമ്മാനം അങ്ങകലെ ഓസ്‌ലോയില്‍ പ്രഖ്യാപ്പിക്കുമ്പോള്‍ ഇവിടെ എന്റെ വീട്ടിലും അതിന്റെ കാറ്റ് അടിച്ചു കൊണ്ടിരുന്നു.
Thursday, September 08, 2011
ഓണം - ചില നഷ്ട ചിന്തകള്‍
എല്ലാവരുടെ കയ്യിലും പൂ ശേഖരിക്കാന്‍ തേക്കിന്റെ ഇല കൊണ്ടുണ്ടാക്കിയ കുമ്പിളുകളും ഉണ്ടായിരുന്നു.ഞങ്ങളും കുമ്പിള്‍ കുത്തി അവരുടെ കൂടെ പൂ ശേഖരിക്കും.ശേഖരിച്ച പൂക്കള്‍ അവര്‍ക്ക് കൈമാറും.വീടിന്റെ മുമ്പില്‍ ഉണ്ടായിരുന്ന(ഇപ്പോള്‍ അവിടെ മൂത്താപ്പയുടെ മക്കള്‍ വീടു വച്ചു) അമ്മാവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പില്‍ തുമ്പ പൂക്കള്‍ നിറയെ ഉണ്ടായിരുന്നു.ഒരു കുമ്പിള്‍ നിറയെ തുമ്പപ്പൂക്കളും മറ്റൊരു കുമ്പിള്‍ നിറയെ കാക്കാപൂവും ശേഖരിച്ച് അതിലേക്ക് എത്തി നോക്കുമ്പോള്‍ കണ്ണിന് എന്തെന്നില്ലാത്ത ഒരു അനുഭൂതി ലഭിച്ചിരുന്നു.
ഞങ്ങളുടെ വീട്ടില്‍ നിന്നും ശേഖരിച്ച പൂക്കള്‍ കൊണ്ടുണ്ടാക്കിയ പൂക്കളങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നത് തിരുവോണ ദിനത്തില്‍ മാത്രമായിരുന്നു.കാരണം മെയിന്‍റോഡിന്റെ മറുവശത്തുള്ള അവരുടെ വീട്ടില്‍ പോകാന്‍ ഞങ്ങള്‍ക്ക് അനുമതിയുള്ളത് ആ ദിവസം മാത്രമായിരുന്നു.അതും മുതിര്‍ന്നവരുടെ കൂടെ മാത്രം.ചാണകമെഴുകിയ മുറ്റത്ത് ചെമ്പരത്തി കൊണ്ട് ചുവന്ന അതിര്‍ത്തിയിട്ട കളത്തിനുള്ളില്‍ തുമ്പയും മുക്കുറ്റിയും കാക്കപൂവും തെച്ചിയും അരിപ്പൂവും ഉപയോഗിച്ചുള്ള പൂക്കളം നോക്കി ഞങ്ങള്‍ വിസ്മയം കൊണ്ടിരുന്നു.
ഇന്ന് ഞാന്‍ മേല്പറഞ്ഞ പൂക്കളില്‍ തെച്ചി ഒഴികെയുള്ള ഒരു പൂവും എന്റെ വീട്ടുമുറ്റത്തില്ല.കാലം കൊണ്ടുപോയ പ്രിയപിതാവിന്റെ കൂടെ അവയും പോയി.തൊടിയില്‍ പേരിന് പോലും ഒരു കാട്ടുപൂവും കാണുന്നില്ല.തുമ്പപൂവും മുക്കുറ്റിയും കാക്കാപൂവും എന്ത് തരം പൂക്കളാണെന്ന് മക്കള്‍ക്ക് കാണിച്ചു കൊടുക്കാന്‍ പോലും കഴിയാത്ത നിര്‍ഭാഗ്യാവസ്ഥയില്‍ ആണ് ഞാനടക്കമുള്ള പല മാതാപിതാക്കളും.
തൊടിയിലെ പൂക്കള്‍ അലങ്കരിച്ചിരുന്ന നമ്മുടെ ഓണക്കാല മുറ്റം ഇപ്പോള്‍ അന്യസംസ്ഥാനത്ത് നിന്നുള്ള പൂക്കള്‍ കയ്യേറിക്കഴിഞ്ഞു.വീട്ടുമുറ്റത്ത് ചെമ്പരത്തി ഉണ്ടെങ്കില്‍ പോലും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പൂക്കളുപയോഗിച്ചേ പൂക്കളം ഇടാവൂ എന്ന് ആരോ നിര്‍ബന്ധിക്കുന്ന പോലെ മലയാളി മാറിപ്പോയി.പാടത്തും പറമ്പിലും നടന്ന് പൂ ശേഖരിക്കുമ്പോള്‍ ലഭിച്ചിരുന്ന മാനസികോല്ലാസവും ആ ടീം സ്പിരിറ്റും നമ്മുടെ മക്കള്‍ക്ക് നഷ്ടമായി.ഇങ്ങനെ പോയാല്‍ ഓണവും ഇനി നമുക്ക് നഷ്ടമാവുമോ?
വാല്‍:എന്റെ മൂന്നാം ക്ലാസ്സുകാരി മോള്‍ അയല്പക്കത്തെ തൊടിയിലൂടെ നടന്ന് എന്തൊക്കെയോ പൂക്കള്‍ ശേഖരിച്ച് ഒരു പൂക്കളമിട്ടു.പിറ്റേ ദിവസം എന്റെ പഴയ ലാവണമായ കെ.എസ്.ഇ.ബി ഓഫീസിലെ പൂക്കളമത്സരം കാണാന്‍ ഞാന്‍ അവളെയും കൊണ്ടുപോയി.മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വര്‍ണ്ണാഭമായ പൂക്കള്‍ കൊണ്ടുള്ള പൂക്കളം കണ്ട് ആ കുഞ്ഞ് മനസ്സ് തന്റെ കാട്ടുപൂക്കളം നോക്കി സഹതപിച്ചു.പിറ്റേന്ന് ഞാനും അല്പം പൂ വാങ്ങി അവള്‍ക്ക് നല്‍കി.ആ മുഖത്തെ സന്തോഷം ഞാന്‍ തുമ്പപ്പൂ പറിച്ച് നടന്നിരുന്ന എന്റെ ബാല്യത്തെ ഓര്‍മ്മപ്പെടുത്തി.
ബൂലോകര്‍ക്ക് എന്റെയും കുടുംബത്തിന്റേയും 501 ഓണാശംസകള്‍.
Wednesday, August 31, 2011
അഞ്ഞൂറാന്‍ !!!
“ചര്‍ച്ച പുരോഗമിക്കാന്‍ ‘സംഗീത‘ വേണം...”
“ങേ!ഈ നോമ്പിനും സംഗീതയോ?” ഞാന്‍ ഞെട്ടി.
“ഛെ...സംഗീതയല്ല...സംഗതി...സംഗതി...“
“എന്ന് വച്ചാല്‍..?”
“എന്ന് വച്ചാല് കട്ടന്‍ ചായ സഖാവേ...”
‘പരിപ്പ്‌വടയും വേണ്ടിവരുമോ?’ ഞാന്‍ ആത്മഗതം ചെയ്തു.
“പിന്നെ കട്ടന്‍ചായയില്‍ മധുരം കുറക്കണം...ഒക്കെ നല്ല പഞ്ചാരക്കുട്ടന്മാരാ...”
“ഓ...അത് പറഞ്ഞപ്പഴാ ഇന്‍സുലിന്‍ വയ്ക്കാന്‍ എനിക്കോര്‍മ്മ വന്നത്..” ഉമ്മ അകത്തേക്ക് ഓടുന്നതിനിടയില്‍ പറഞ്ഞു.
“ഉമ്മാ...എക്സ്ട്രാ ഉണ്ടെങ്കില്‍ ഒന്ന് ഇവനും കൊടുത്തേക്ക്...” തടിമാടരില്‍ തടിമാടനെ ചൂണ്ടി അനിയന്‍ പറഞ്ഞു.
“അവന് ഒരു ഇഞ്ചക്ഷന്‍ കൊണ്ടൊന്നും ഒന്നും ആവില്ല...ഇന്‍സുലിന്‍ ചെമ്പില്‍ കലക്കി അതില്‍ മുക്കി എടുക്കേണ്ടി വരും...”ആരോ അഭിപ്രായപ്പെട്ടു.
“ങാഹാ...അപ്പോള്‍ എത്രയാ നിന്റെ ഷുഗര്‍?” ഉമ്മ ഒരു സഹരോഗിയെ കിട്ടിയ സന്തോഷത്തില്‍ ചോദിച്ചു.
“എനിക് നോര്‍മലാ...ഇവര് ഞാന്‍ തിന്നുന്നത് കണ്ട് അസൂയ പൂണ്ട് പറയുകയാ...”
“നിന്റെ നോര്‍മല്‍ എന്നാല്‍ എത്രയാ?” ആരോ ഒരാള്‍ ചോദിച്ചു.
“ 380”
“നല്ല നോര്‍മലാണല്ലോ...”
“ഹല്ലാ പിന്നെ...ശാസ്ത്രം ഇത്രേം പുരോഗമിച്ചിട്ടും അത് മാത്രം മാറ്റംല്ല...”
“ഏത് മാത്രം?”
“ഈ ഷുഗറിന്റേയും പ്രെഷറിന്റേയും നോര്‍മല്‍ ലെവല്‍...”
“അതു ശരിയാ...” ആരോ ഒരാള്‍ പിന്താങ്ങി.
“ഹല്ല പിന്നെ...ആദം നബിയുടെ കാലത്ത് സ്ഥാപിച്ചതാ പ്രെഷറിന്റെ ഈ 80/120.ലോകം ഇത്ര പുരോഗമിച്ചിട്ടും എല്ലാ സ്കെയിലുകളും നീളം വച്ചിട്ടും ഒരു ഡോക്ടര്‍ക്കും ഈ സംഗതി ഒന്ന് ഉയര്‍ത്തി സ്ഥാപിക്കാന്‍ പറ്റിയിട്ടില്ല...ഷെയിം...ഷെയിം...”
“അതെ..അതെ...കൊളസ്ട്രോള്‍ ലെവലും ഇതുവരെ ഉയര്‍ത്തിയിട്ടില്ല....”ഒരു കൊളസ്ട്രോളുകാരനും പിന്താങ്ങി.
“എങ്കില്‍ നമുക്കും തുടങ്ങാം ഒരു അണ്ണാ സമരം...”
“അതെയതെ...കൊളസ്ട്രോളിനും ഷുഗറിനും പ്രെഷറിനും ഒക്കെ ഉത്തമവും അണ്ണാ സമരം തന്നെ...”
“നോമ്പ് കാലത്ത് ഇനിയും ഒരു അണ്ണാ സമരം വേണ്ടാ...നമുക്ക് ഒരു ഗ്ലോബിടാം...”
“ഗ്ലോബ് ഇടുകയോ?” പുതിയ സൂത്രം കേട്ട് എല്ലാവരും ഞെട്ടി.
“ഗ്ലോബിന്റെ വല്ല്യാപ്പയല്ലേ ഈ നില്‍ക്കുന്നത്...” എന്നെ ചൂണ്ടി ആരോ പറഞ്ഞു.
“ങേ!!എനിക്ക് കഷണ്ടി ഉണ്ടെന്നത് ശരി തന്നെ...വല്ല്യാപ്പ എന്നൊക്കെ വിളീച്ച് ആദരിക്കരുത്...” എന്റെ രക്തം തിളച്ചെങ്കിലും ധമനിക്കുള്ളിലായതിനാല്‍ ചിന്തിയില്ല.
“എന്നാലും ഈ ഗ്ലോബില്‍ ഇടുന്ന പരിപാടി മനസ്സിലായില്ല...”
“ഗ്ലോബല്ല...ബ്ലോഗ്...ബ്ലോഗ്...”ആരോ തിരുത്തി.
“അതെ നാളെ മുതല്‍ വല്ല്യാപ്പക്ക് പുതിയ പേരും ആയി...” വീണ്ടും ആരോ ശവത്തില്‍ കുത്തി.
“അതെന്താ പുതിയ പേര്?”
“അഞ്ഞൂറാം പോസ്റ്റ് ഇടാന്‍ പോകാണത്രേ...”
“ഓ...പണ്ട് കെ.എസ്.ഇ.ബി യില്‍ ആയിരുന്നു പണി എന്ന് കേട്ടത് ശരി തന്നെ അല്ലേ?”
“അതേ...അതും ശരിയാ...അതുകൊണ്ട് തന്നെ പുതിയ പേര് - അഞ്ഞൂറാന്‍ !!!”
“അഞ്ഞൂറാന്‍ കീ ...”
“ജയ്...”
“അഞ്ഞൂറാന്‍ കീ ...”
“ജയ്...”
(മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഇത് അതിലെ അഞ്ഞൂറാമത് എപിസോഡ്)
Tuesday, August 30, 2011
ഈദ് മുബാറക്
തന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവന്റെ അവകാശമായി മനസ്സിലാക്കിക്കൊണ്ട് സക്കാത്ത് നല്‍കി ഒരു മുസ്ലിം തന്റെ ധനത്തേയും ഈ റംസാനിലൂടെ ശുദ്ധീകരിച്ചു.സകാത്തിന് പുറമെ ദാനധര്‍മ്മങ്ങളിലൂടെയും മനുഷ്യര്‍ തമ്മിലുള്ള ബാധ്യതകള്‍ നിറവേറ്റി.അതും കഴിഞ്ഞ് , പെരുന്നാള്‍ ദിനത്തില്‍ പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന മഹത്തായ ലക്ഷ്യത്തോടെ തന്റെ കുടുംബത്തിലെ വലുതും ചെറുതുമായ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഫിത്വ്‌ര്‍ സകാത്തും നല്‍കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് പള്ളിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഫിത്വ്‌ര്‍ സകാത്ത് പാവപ്പെട്ടവരുടെ വീട്ടിലെത്തിച്ച് ഇത് ഉറപ്പ് വരുത്തുന്നു.
മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വര്‍.പരസ്പരം സ്നേഹാശംസകള്‍ ചൊരിഞ്ഞും ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിച്ചും രോഗികളെ സന്ദര്‍ശിച്ചും ബന്ധ്ങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു.ഈ പെരുന്നാള്‍ സുദിനത്തില്‍ ബൂലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും അരീക്കോടന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.
Thursday, August 25, 2011
സ്പീഡ് പോസ്റ്റിന്റെ വേഗത.
സ്പീഡ്‌പോസ്റ്റല്ലേ,ഇവിടെ ഇട്ടപ്പോഴേക്കും അതവിടെ എത്തിയിരിക്കും എന്ന അമിത പ്രതീക്ഷ ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ അതിനെ പിന്നെ ശ്രദ്ധിച്ചില്ല.എങ്കിലും ഉള്ളിന്റെ ഉള്ളീല്‍ ഇരുപത്തയ്യായിരവും ഇരുപത്തഞ്ചും നഷ്ടമാവുമോ എന്ന ഭയം കാരണം ഞാന്‍ ഇന്ന് അതിനെ ഒന്ന് ട്രാക്ക് ചെയ്തു.അപ്പോഴല്ലേ അവന്‍ പോയ വഴി മനസ്സിലായത്.അതിങ്ങനെ.
18/8/11. 12:25:14 അരീക്കോട് എം.ഡി.ജിയില്‍ ബുക്ക് ചെയ്തു.(ഈ എം.ഡി.ജി എന്താണെന്ന് എനിക്കറിയില്ല.സംഗതി പോസ്റ്റ് ഓഫീസിന്റെ ഇനീഷ്യല്‍ ആണെന്ന് തോന്നുന്നു)
18/8/11 14:36:15 ആശാനെ കോഴിക്കോട്ടേക്കുള്ള ചാക്കിലാക്കി.
18/8/11 14:37:25 ചാക്ക് കോഴിക്കോടിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
18/8/11 21:26:53 കോഴിക്കോട് ചാക്കില്‍ നിന്നിറങ്ങി കൊച്ചിയിലേക്കുള്ള ചാക്കില്‍ കയറി.
18/08/2011 21:47:02 കൊച്ചിയിലേക്കുള്ള തീവണ്ടിയാത്ര ആരംഭിച്ചു (അമ്പട കേമാ,ഇരുപത്തഞ്ച് രൂപക്ക് ഒരു തീവണ്ടിയാത്രയും ഒപ്പിച്ചു)
19/08/2011 05:09:07 കൊച്ചുവെളുപ്പാന്‍ കാലത്ത് കൊച്ചിയില്‍ ചാക്കില്‍ നിന്നിറങ്ങി.
19/08/2011 06:00:10 അല്പ നേരം കൊച്ചിയുടെ സ്വന്തം മണം ആസ്വദിച്ച് കോട്ടയത്തേക്കുള്ള ചാക്കില്‍ കയറി.
22/08/2011 കോട്ടയത്തെ അക്കൌണ്ടന്റ് ജനറലിന്റെ അടുത്ത് പ്രസവിച്ചു.
ഇനി എന്റെ സംശയങ്ങള്‍ :-
19 കഴിഞ്ഞാല്‍ പിന്നെ 22 ആണോ തീയതി?
സാദാ പോസ്റ്റില്‍ അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച് അയച്ചിരുന്നെങ്കില്‍ ഇത് 20 ആം തീയതി തന്നെ എത്തുമായിരുന്നില്ലേ?
ശനിയും ഞായറും ഇല്ലാത്തതാണോ നമ്മുടെ സ്പീഡ്‌പോസ്റ്റ് സംവിധാനം?
എ.ടി.എം കാര്‍ഡ് എക്സ്പയര്‍ഡ് !!
കത്തില്‍ പറയുന്നതിന്റെ ചുരുക്കം ഇങ്ങനെ:
എത്രയും പ്രിയപ്പെട്ട കസ്റ്റമറേ,
ഫെഡറല്‍ ബാങ്കിന്റെ കസ്റ്റമര്‍ എന്ന നിലക്ക് താങ്കളെ ആദരിക്കുന്നു.താങ്കളുടെ എ.ടി.എം കാര്‍ഡ് എക്സ്പയര്‍ ആയ വിവരം (വ്യസന സമേതം) അറിയിക്കുന്നതോടൊപ്പം (പരേതന്റെ)പുതിയ കോപി ഇതോടൊപ്പം അയക്കുന്നു.കാര്‍ഡ് മയ്യിത്തായെങ്കിലും പിന്‍ നമ്പര്‍ ഹയാത്തിലുണ്ട്.അതിനാല്‍ പുതിയ കാര്‍ഡിനും പഴയ പിന്‍ നമ്പര്‍ തന്നെ ഉപയോഗിച്ചാല്‍ മതി എന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു.പുതിയ കാര്‍ഡ് ഇട്ട് അക്കൌണ്ട് ആക്ടിവേറ്റ് ചെയ്ത ശേഷം പഴയകാര്‍ഡിനെ നിഷ്കരുണം നശിപ്പിക്കണമെന്നും ഉണര്‍ത്തുന്നു (എന്തിനാണാവോ?)
നമ്മുടെ ഒരു ബ്ലോഗ് സുഹൃത്തിനുള്ള സഹായധനം വന്നതോടെ ഇന്നലെ എനിക്ക് എ.ടി.എം കാര്‍ഡ് വീണ്ടും ഉപയോഗിക്കേണ്ടി വന്നു.ചത്തു എന്ന് പറഞ്ഞ കാര്‍ഡിട്ട്, അതിന് ജീവന്‍ ഉണ്ടോ എന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.അത്ഭുതം യേശുകൃസ്തു ജീവന്‍ കൊടുത്തപോലെ എന്റെ പഴയ എ.ടി.എം കാര്‍ഡിന് ജീവന്‍ കിട്ടി.കറക്ട് അക്കൌണ്ട് ബാലന്‍സ് അത് പറാഞ്ഞു തന്നു.
പിന്നെ തോന്നിയത് മറ്റൊരു (കുരുട്ട്)ബുദ്ധി.പുതിയ കാര്‍ഡ് സൈന്‍ ചെയ്താല്‍ മാത്രമേ വാലിഡ് ആവൂ എന്ന് ഒരു ഗമണ്ടന്‍ അറിയിപ്പ് അതില്‍ കണ്ടു.അത് നമ്മളെ മണ്ടനാക്കാനുള്ളതാണോ എന്ന് പരീക്ഷിക്കാന്‍ ഒപ്പിടാതെ ഞാന്‍ കാര്‍ഡ് എ.ടി.എംല്‍ ഇട്ടു.പതിവ് ചോദ്യങ്ങള്‍ക്ക് ശേഷം ആവശ്യമായ തുകയും പറഞ്ഞു.
”പ്‌ട്...പ്‌ട്...പ്‌ടേ...” എ.ടി.എം നകത്ത് നിന്ന് മറ്റവന്‍ നോട്ട് എണ്ണുന്ന ശബ്ദം.അതാ വരുന്നു അഞ്ഞൂറും നൂറുമായിട്ട് കുറേ നോട്ടുകള്‍!!!ഈ മണ്ടന്‍ മെഷീന്‍ തന്നതല്ലേ എന്ന് കരുതി ഞാന്‍ അത് എണ്ണി നോക്കി.കൃത്യം ഞാന്‍ ആവശ്യപ്പെട്ട പതിനയ്യായിരം രൂപ (മണ്ടന് സൈന്‍ നോക്കാന്‍ അറിയില്ലെങ്കിലും എണ്ണം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്).
അപ്പോള്‍ പിന്നെ ഈ സൈനും കുന്ത്രാണ്ടാവും എല്ലാം ആര്‍ക്കു വേണ്ടി?നൊ കമന്റ്!
Sunday, August 21, 2011
റമദാന്‍ മാസത്തിലെ കഞ്ഞികള്‍.
മുമ്പ് ഒരു റമദാന്‍ കാലത്ത് ബാപ്പയുടെ നാട്ടില്‍ പോയി നോമ്പ് തുറക്കുന്ന സമയത്ത് ഒരു ചെറുപയര്‍ കഞ്ഞി കുടിച്ചതും ചര്‍ദ്ദിച്ച് നാശമായതും ഓര്‍ത്ത് ഞാന്‍ ഈ ക്ഷണം നന്ദി പൂര്‍വ്വം നിരസിച്ചു.എങ്കിലും മുമ്പ് എന്റെ റൂം മേറ്റ് ആയിരുന്നപ്പോള്‍ ആദ്യമായി രാത്രിയില്‍ കഞ്ഞി കുടിക്കാന്‍ ആരംഭിച്ച ശറഫുദീന്‍ സാര്‍ ഈ കഞ്ഞി ടേസ്റ്റ് നോക്കണം എന്ന് നിര്‍ബന്ധിച്ചത് പ്രകാരം ഒരല്പം ഞാനും വാങ്ങി.
വേവിച്ച ചെറുപയര്‍ ആദ്യം പാത്രത്തിലിട്ട് അതിലേക്ക് കഞ്ഞി ഒഴിക്കും.ആ കഞ്ഞി തന്നെ എരിവുള്ളതാണ്.കാരറ്റും മറ്റു ചില പച്ചക്കറികളും അതില്‍ തന്നെ ചേര്‍ത്തിട്ടുണ്ടാകും.കുടിച്ച് കഴിഞ്ഞപ്പോള്‍ തോന്നി ഒരല്പം കൂടി ആവാമായിരുന്നു എന്ന്.ഇതാണ് തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ നോമ്പ്കഞ്ഞി.ഇതേ കഞ്ഞി തന്നെ പാളയം പള്ളിയില്‍ ആകുമ്പോള്‍ അല്പം കൂടി എരിവും രസവും കൂടും എന്നും സുഹൃത്ത് പറഞ്ഞു.അവസരം കിട്ടിയാല്‍ അതും രുചിച്ച് നോക്കണം എന്നും ശറഫ് സാര്‍ എന്നെ ഉപദേശിച്ചു.
ഓരോ നാട്ടിലും റമദാനോടനുബന്ധിച്ച് വ്യത്യസ്തമായ വിഭവങ്ങള്‍ ആണുള്ളത്.കഞ്ഞി തന്നെ ഞാന്‍ മേല്‍ പറഞ്ഞപോലെ കോഴിക്കോട് ജില്ലയില്‍ പാകം ചെയ്യുന്നത് ചെറുപയര്‍ കഞ്ഞി എന്ന പേരിലാണ്.രാത്രി കുത്തരി കൊണ്ടുണ്ടാക്കുന്ന ജീരകമരച്ച് ചേര്‍ത്ത ജീരാകഞ്ഞിയും വടക്കന്‍ ജില്ലകളീല്‍ കിട്ടും.അതുപോലെ തന്നെ തേങ്ങാപാല്‍ ചേര്‍ത്ത വളരെ കുറിയ അരി കൊണ്ടുണ്ടാക്കിയ ഒരു തരം കഞ്ഞി ഫാറൂക്ക് കോളേജിനടുത്ത് താമസിക്കുന്ന എന്റെ മൂത്താപ്പയുടെ വീട്ടില്‍ നിന്നും നോമ്പ് കാലത്ത് രാത്രി എനിക്ക് ലഭിക്കാറുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുമ്പോള്‍ നോമ്പ്തുറ സമയത്തുള്ള കഞ്ഞിയുടെ പേര് തരിക്കഞ്ഞി എന്നാണ്.റവ വെള്ളത്തിലോ പാലിലോ തിളപ്പിച്ച് അതില്‍ മധുരം ചേര്‍ക്കുന്ന, വളരെ എളുപ്പം ഉണ്ടാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരു വിഭവമാണ് തരിക്കഞ്ഞി.
മറ്റു ജില്ലകളില്‍ ഈ കഞ്ഞി ഏതൊക്കെ പേരില്‍ ഏതൊക്കെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്ന് എനിക്കറിയില്ല.ഏതായാലും നോമ്പിനോടനുബന്ധിച്ച് എല്ലാ സ്ഥലങ്ങളീലും ഇത്തരം ഡിഷുകളും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.അതിവിടേ പങ്ക് വയ്ക്കും എന്നും പ്രതീക്ഷിക്കുന്നു.
വ്രതശുദ്ധി നേടിത്തരുന്നത്....
കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക മാത്രമല്ല റമദാന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഈ ബ്ലോഗിലും മറ്റനേകം ബ്ലോഗിലും പറഞ്ഞതാണ്.ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാന്‍ എന്നത് ആത്മനിയന്ത്രണത്തിന്റെ മാസമാണ്.ദൈവം എന്നോട് ചെയ്യരുത് എന്ന് കല്പിച്ചതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ എനിക്ക് സാധിക്കും എന്നും എന്റെ മനസ്സിനെ നിയന്ത്രിക്കുന്നത് ഞാന്‍ തന്നെയാണെന്നും അതിന്റെ കടിഞ്ഞാണ്‍ എന്റെ കയ്യില്‍ നിന്നും വിട്ടു പോയിട്ടില്ല എന്നും ഒരു വിശ്വാസി റമദാന്‍ വ്രതത്തിലൂടെ തെളിയിക്കുന്നു.
ഇന്നത്തെ സമൂഹത്തിന്റെ എല്ലാ ദുരവസ്ഥക്കും കാരണം അതിലെ അംഗങ്ങളായ നാമോരോരിത്തരുടേയും പ്രവര്‍ത്തനങ്ങളാണ്.നമ്മുടെ ഓരോ ചെയ്തികള്‍ ഒരുമിച്ച് കൂടുമ്പോള്‍ അത് സര്‍വ്വനാശത്തിലേക്കെത്തുന്നു. സാമൂഹ്യവിപത്തായി അത് മാറുന്നു.തന്റെ ദേഹേച്ചകളെ നിയന്ത്രിക്കാന്‍ ഒരു മനുഷ്യണ് സാധ്യമാകാത്തതാണ് ഈ ദുര്‍നടപ്പിന്റെ പിന്നിലെ കാരണമെന്ന് ഒരു മനുഷ്യനും ചിന്തിക്കുന്നില്ല.ഒരു സ്ത്രീയെ കാണുമ്പോള്‍ അവളെ ഭോഗിക്കാന്‍ കൊതിക്കുന്ന മനസ്സാണ് പല പുരുഷനിലും ഉള്ളത്.അവളെ വീണ്ടും വീണ്ടും പല വേഷത്തിലും പല ഭാവത്തിലും കാണുമ്പോള്‍ ഈ തൃഷ്ണ കൂടിക്കൂടി വരുന്നു.എന്നാല്‍ ആ ചിന്ത പാപമാണ് , ഞാന്‍ അങ്ങനെ ചിന്തിക്കാന്‍ പാടില്ല അല്ലെങ്കില്‍ എന്റെ മനസ്സിനെ ഞാന്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു എന്ന് നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് ചിന്ത ഉയരുന്നില്ല.ഫലമോ , അനുകൂലമെന്ന് തെറ്റിദ്ധരിക്കുന്ന ഒരു നിമിഷത്തില്‍ ആ സ്ത്രീ കയ്യേറ്റം ചെയ്യപ്പെടുന്നു.
ഇവിടെയാണ് വ്രതശുദ്ധിയിലൂടെ ഒരാള്‍ നേടി എടുക്കുന്ന ആത്മനിയന്ത്രണത്തിന്റെ വില സമൂഹം മനസ്സിലാക്കുന്നത്.ദൈവപ്രീതിക്ക് വേണ്ടി വ്രതമെടുക്കുന്ന ഒരാള്‍ക്ക് ഇത്തരം ഒരു ക്രിയ വ്രതാനുഷ്ഠാന കാലത്ത് മാത്രമല്ല അതിന് ശേഷവും ചെയ്യാന്‍ സാധിക്കുകയില്ല.പേര് കൊണ്ട് മുസ്ലിമായവരുടെ കാര്യമല്ല ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നത്.അത്തരം പുഴുക്കുത്തുകള്‍ എല്ലാ മതത്തിലും ഉണ്ട്.കറകളഞ്ഞ വിശ്വാസിക്ക് മാത്രമേ വ്രതം അനുഷ്ഠിക്കാനും സാധിക്കൂ.അയാള്‍ക്കേ സ്വന്തം മനസ്സിനെ നിയന്ത്രിക്കാനും സാധിക്കൂ.
വാല്‍: ആത്മ സംയമനത്തിന്റെ മാര്‍ഗ്ഗമയാണ് ഉപവാസ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.നിര്‍ഭാഗ്യവശാല്‍ അനുയായികള്‍ അത് വിസ്മരിക്കപ്പെടുന്നു.
Thursday, August 18, 2011
അതാണ് സഖാവെ ,മാനുഷിക ബന്ധം
“എന്നെ പറഞ്ഞു കൊടുത്താല്‍ നിനക്ക് ടീച്ചറോട് തല്ല് കിട്ടിയത് ഞാനും പറയും...”
പണ്ട് പണ്ട് സ്കൂളീല്‍ പഠിക്കുമ്പോള്‍ ഞാനും എന്റെ അനിയനും തമ്മില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരസ്പരം കാച്ചുന്ന ഡയലോഗുകള്‍ ആണിവ.ബാപ്പയെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പേടിയായിരുന്നു.ആ പേടി പരസ്പരം മുതലെടുക്കുക എന്ന മിനിമം പരിപാടി ആയിരുന്നു ഇവിടെ പ്രയോഗിച്ചു കൊണ്ടിരുന്നത്.
ഏകദേശം അതിന് സമാനമായ ചില കാര്യങ്ങളാണ് ഇന്ന് സി.പി.എം ന്റെ രണ്ട് തല മൂത്ത നേതാക്കള്‍ക്കിടക്ക് നടക്കുന്ന സംഭാഷണങ്ങള്‍.പാര്‍ട്ടിയുടെ വിലക്ക് പുല്ലു പോലെ തള്ളി വി.എസ് അച്ചുതാനന്ദന്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് പിണറായിക്ക് ഒട്ടും ദഹിച്ചില്ല.പാര്‍ട്ടിയും വി.എസ് ന്റെ ഈ അസാധാരണ നടപടിയില്‍ പകച്ചു പോയി എന്നതാണ് പിണറായിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.അവസാനം, സന്ദര്‍ശനം ആകാം , ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന ഒരു വിലക്ക് പയറ്റി പാര്‍ട്ടി മുഖം രക്ഷിച്ചു.വി.എസ് അതും തള്ളും എന്ന് മനസ്സിലാക്കി ഭക്ഷണത്തിന്റെ കൂട്ടത്തില്‍ നിന്ന് തേങ്ങാവെള്ളത്തെ സൌകര്യപൂര്‍വ്വം ഒഴിവാക്കുകയും ചെയ്തു.അല്ലെങ്കിലും നിരാഹാരം എന്നാല്‍ നീരാഹാരം കൂടി ആണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണല്ലോ നമ്മെ പഠിപ്പിച്ചത്.എന്ന് വച്ചാല്‍ നിരാഹാരത്തില്‍ ആഹാരം കഴിക്കാന്‍ പാടില്ല, നീര് കഴിക്കാം.എന്ന് പറഞ്ഞാല്‍ നീര് അഥവാ വെള്ളം എന്ന ഗണത്തില്‍ പെടുന്നതൊന്നും ആഹാരമല്ല.ഭാവിയില്‍ ആഹാരമല്ലാതാകുന്നതെന്തൊക്കെ എന്ന് ലിസ്റ്റ് പുറപ്പെടുവിക്കുമായിരിക്കും.
ഏതായാലും പിണറായിയുടെ പ്രസ്താവന കേട്ട് വി.എസ്, ഞാന്‍ ആദ്യം പറഞ്ഞ അടവ് പ്രയോഗിച്ചു.പിണറായി സ്വന്തം മകളുടെ കല്യാണത്തിന് പാര്‍ട്ടിയുടെ അന്തകനും ആജന്മ ശത്രുവുമായ സാക്ഷാല്‍ എം.വി.രാഘവനെ ക്ഷണിച്ചതും എം.വി.ആര്‍ ആ വിവാഹത്തില്‍ പങ്കെടുത്തതും വി.എസ് പൊടി തട്ടി എടുത്തു.കൂത്തുപറമ്പില്‍ പാര്‍ട്ടിയുടെ അഞ്ച് ചുറുചുറുക്കുള്ള യുവാക്കള്‍ വെടിയേറ്റ് മരിച്ചതിന് ഉത്തരവാദിയായ എം.വി.രാഘവനെ സ്വന്തം വീട്ടില്‍ ക്ഷണിച്ചു വരുത്തി ഭക്ഷണം കൊടുക്കാമെങ്കില്‍ പാര്‍ട്ടിയെ വളരെക്കാലം സേവിച്ച , ഇപ്പോഴും പാര്‍ട്ടി മനസ്സുള്ള ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ പേരില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതില്‍ എന്ത് തെറ്റ് എന്ന് വി.എസ് ചോദിക്കുന്നു.
ഈ ചോദ്യം കേട്ട് ഞാനും വി.എസിന് കൈ അടിച്ചു.പക്ഷേ ദിവസങ്ങള്‍ക്കകം അതേ വി.എസ്, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ തള്ളി പറഞ്ഞപ്പോള്‍ അത് എന്തിന്റെ സമ്മര്‍ദ്ദത്താല്‍ ആയിരുന്നു എന്ന് മനസ്സിലായില്ല.പാര്‍ട്ടി വിലക്ക് സൌകര്യപൂര്‍വ്വം ലംഘിക്കുകയും പിന്നീട് ചില പൊടിക്കൈകളിലൂടെ രക്ഷപ്പെടുകയും ചെയ്യുക എന്ന വിലകുറഞ്ഞ തന്ത്രം വി.എസിനെപ്പോലുള്ള ഒരു ഉന്നത നേതാവിന് ചേര്‍ന്നതല്ല.ആശയവും ആദര്‍ശവും ഒക്കെ നിലനിര്‍ത്തികൊണ്ട് എതിര്‍ ചേരിക്കാരനായാലും മനുഷ്യന്‍ എന്ന നിലക്കുള്ള സമീപനവും പാര്‍ട്ടിക്കാര്‍ക്ക് പാടില്ല എന്നോ?എങ്കില്‍ ഇതിന് പാര്‍ട്ടി രാഷ്ട്രീയം എന്നതിനെക്കാളും നല്ലൊരു പേര് പട്ടി രാഷ്ട്രീയം എന്നല്ലേ?
വാല്‍:മുസ്ലീംലീഗ് ചിന്താഗതിക്കാരനായ റഹ്മത്തുള്ള ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍ പിള്ള സ്റ്റേജില്‍!അതാണ് സഖാവെ മാനുഷിക ബന്ധം.
Monday, August 15, 2011
അമ്മക്ക് പ്രസവ വേദന ,മകള്‍ക്ക് വീണ വായന
നമ്പൂരി: “ഉവ്വുവ്വ്, ചോദിച്ചോളൂ...”
മകള്‍: “ അമ്മക്ക് പ്രസവ വേദന ,മകള്‍ക്ക് വീണ വായന എന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത് എന്താ?”
നമ്പൂരി:“മകള്‍ വീണ വായിക്കാന്‍ തുടങ്ങിയാല്‍ അമ്മമാര്‍ ഈ പണിക്ക് നടക്കരുത് എന്ന്!!”
Sunday, August 14, 2011
സ്വാതന്ത്ര്യ ദിനം - ചില വേറിട്ട ചിന്തകള്‍
ഈ അവസരത്തില്‍ എന്റെ ചിന്ത പോകുന്നത് മറ്റൊരു ദിശയിലാണ്.എല്ലാവരും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പലരുടേയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു.സ്കൂളുകളിലാണ് ഇങ്ങനെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ബഹുഭൂരിപക്ഷം ഉള്ളത്.സ്വാതന്ത്ര്യദിന പരിപാടിയില്‍ കുട്ടികള്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണെന്ന് അധ്യാപകര്‍ പറയുന്നു.സാധാരണയിലും നേരത്തെ കുട്ടികളെ അണിയിച്ചൊരുക്കേണ്ടതിലൂടെ സ്വാതന്ത്ര്യദിനത്തിലെ സ്വാതന്ത്ര്യനിഷേധം അടുക്കളയില്‍ ആരംഭിക്കുന്നു.
എന്റെ കോളേജിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പ്രോഗ്രാം കണ്‍വീനര്‍ ആണ് ഞാന്‍.ചില പ്രശ്നങ്ങള്‍ കാരണം കോളേജ് പൂട്ടികിടക്കുന്നതിനാല്‍ കുട്ടികള്‍ എല്ലാം തന്നെ സ്വന്തം നാട്ടിലാണ്.കണ്ണുരുട്ടി പേടിപ്പിച്ച് അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതില്‍ എനിക്ക് അഭിപ്രായമില്ല.അതിനാല്‍ കോഴിക്കോടൂം സമീപ ജില്ലകളിലും ഉള്ളവര്‍ മാത്രം എത്തിയാല്‍ മതി എന്ന നിര്‍ദ്ദേശമാണ് ഞാന്‍ നല്‍കിയത്.അതും നിര്‍ബന്ധം പിടിക്കുന്നില്ല, സാധ്യമായവര്‍ മാത്രം.
മറ്റൊന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രോഗ്രാമുകളാണ്.സ്വാതന്ത്ര്യദിനത്തില്‍ എല്ലാവരും എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യം എടുക്കുന്നതിനാല്‍ റോഡ് പലപ്പോഴും ബ്ലോക്ക് ആക്കപ്പെടുന്നു.റോഡിലൂടെ അല്ലാതെ തോടിലൂടെ റാലി നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് എനിക്കും മറുപടി ഒന്നുമില്ല.എങ്കിലും എത്രയോ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ഹനിക്കപ്പെടുന്നു എന്ന് ഒരു നേതാവും ചിന്തിക്കാറില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് നിയമപാലകര്‍.ജില്ല തോറും നടക്കുന്ന സ്വാതന്ത്ര്യദിനപരേഡുകളില്‍ പങ്കെടുക്കുന്ന മന്ത്രിമാരടക്കമുള്ള വിവിധ ഉന്നതന്മാര്‍ക്ക് സുരക്ഷ ഉറപ്പിക്കാന്‍ ദിവസങ്ങളായി നെട്ടോട്ടമോടുന്ന ഈ വിഭാഗക്കാര്‍ക്ക് സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഭാഗ്യം സ്വാതന്ത്ര്യദിനം കഴിഞ്ഞാണ്.
വാല്‍: സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടത് ഇങ്ങനെയാണോ ?
അമ്മാവന്മാരേ, ജാഗ്രതൈ!
“10/8/11 നിങ്ങളുടെ അക്കൌണ്ടിലെ അവൈലബ്‌ള്‍ ബാലന്‍സ് 1000 രൂപ” അയച്ചത് സി.ബി.ഐ ഫ്രം എസ്.ബി.ഐ!!!
“ങേ!!!!” ഞാന്‍ ഞെട്ടി.കാരണം ഒരാഴ്ച മുമ്പ് എനിക്ക് കിട്ടിയ എസ്.എം.എസ് പ്രകാരം ഈ അവൈലബ്‌ള്‍ പി.ബി (പ്രീവിയസ് ബാലന്‍സ്)എണ്ണായിരത്തി കുറേ രൂപ ആയിരുന്നു.അതിന് ശേഷം ഒരു വിധ ട്രാന്‍സാക്ഷനും നടത്താതെ ഒരാഴ്ച കൊണ്ട് അത് സ്വര്‍ണ്ണ വില പോകുന്നതിന്റെ നേരെ ഓപ്പോസിറ്റില്‍ പോയതിന്റെ ഗുട്ടന്‍സ് അറിയാതെ ഞാന്‍ അമ്പരന്നു.
ബാങ്ക് സമയം കഴിഞ്ഞതിനാല്‍ അങ്ങോട്ട് വിളിക്കാന്‍ വയ്യാത്ത അവസ്ഥ ആയിരുന്നു.ഇല്ല എങ്കില്‍ മാനേജറെ വിളീച്ച് എവിടേ നോക്കിയാടോ ഈ “അവൈലബ്‌ള്‍“ വിടുന്നത് എന്ന് ചോദിക്കാമായിരുന്നു.അതിനു മുമ്പ് എന്റെ എ.ടി.എം കാര്‍ഡ് എന്റെ കയ്യില്‍ തന്നെ ഉണ്ട് എന്ന് ഞാന്‍ ഉറപ്പ് വരുത്തി.ഏതായാലും അടുത്ത ദിവസം തന്നെ മാനേജറേ കണ്ട് പറയാനുള്ള തെറികള്‍ പ്രിപ്പേര്‍ ചെയ്യാന്‍ സമയം തന്നതില്‍ ബാങ്കിനെ ഞാന്‍ നമിച്ചു.
എസ്.ബി.ഐയില്‍ ഞാന്‍ അക്കൌണ്ട് തുടങ്ങിയ ദിനം പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വന്നു. കൌണ്ടറിലിരുന്ന ഒരു പെണ്ണ് ചോദിച്ചു.
“സാര്‍...മൊബൈല്‍ ബാങ്കിംങ്ങ് ഫസിലിറ്റി വേണ്ടേ?”
ഈ ആധുനികയുഗത്തില്‍ മൊബൈല്‍ ബാങ്കിംങ്ങ് സൌകര്യം ഒഴിവാക്കിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സില്‍ വന്നെങ്കിലും അതുണ്ടായാലുള്ള ഒരു ബുദ്ധിമുട്ടും മനസ്സില്‍ വന്നില്ല.അതല്ലെങ്കിലും അങ്ങനെത്തന്നെ ആയിരിക്കുമല്ലോ.അതുകൊണ്ട് ഞാന്‍ അതിന് സമ്മതം മൂളി.ഒരു ഇരയെ വീഴ്ത്തിയതിന്റെ കോഡ് ഭാഷയിലുള്ള ചില ആംഗ്യങ്ങള്‍ ഈ കൌണ്ടറില്‍ നിന്നും തൊട്ടടുത്ത കൌണ്ടറിലെ പെണ്ണിലേക്ക് പായുന്നത് ഞാന്‍ നോക്കി നിന്നു.
ദിവസങ്ങള്‍ക്ക് ശേഷം ഈ എസ്.ബി.ഐ-സി.ബി.ഐ യില്‍ നിന്നും മെസേജുകള്‍ വരാന്‍ തുടങ്ങി.പല മെസ്സേജുകള്‍ക്കും മറുപടി നല്‍കി എന്റെ മൊബൈല്‍ ബാലന്‍സും കൂപ്പുകുത്തി എന്നല്ലാതെ എനിക്ക് ഇതുവരെ ഒരു ഗുണവും കിട്ടിയില്ല.ഇപ്പോളിതാ എസ്.ബി.ഐ ബാലന്‍സും കൂപ്പുകുത്തിയിരിക്കുന്നു!ഇപ്രകാരം പോയാല്‍ താമസിയാതെ ഞാന്‍ അങ്ങോട്ട് കാശ് കൊടുക്കേണ്ട ഒരു സ്ഥിതി വരും എന്നതിനാല്‍ തെറിയഭിഷേകം കഴിഞ്ഞ് നാളെത്തന്നെ അവിടത്തെ സകല ഇടപാടുകളും നിര്‍ത്താനും ഞാന്‍ തീരുമാനിച്ചു.
പെട്ടെന്ന് എന്റെ മൊബൈല്‍ റിംഗ് ചെയ്തു.‘ഇനി ഫോണ്‍ വഴിയും വിളീച്ചു പറയുന്നുണ്ടോ , എങ്കില്‍ ഇന്നത്തെ ഡോസ് ഇന്നുതന്നെ കൊടുക്കാം‘ എന്ന് കരുതി ഞാന്‍ ഫോണ്‍ എടുത്തു.
“ആപാ...ഇത് ഞാനാ...” അപ്പുറത്ത് നിന്നും അനന്തിരവന്റെ ശബ്ദം.
“ങാ...എന്താ ഈ നേരത്ത് ?” ക്ഷമകെട്ട് ഇരിക്കുന്ന ഞാന്‍ ചോദിച്ചു.
“ഒന്നുമില്ല...ഞാന്‍ ഇവിടെ എസ്.ബി.ഐയില്‍ ഒരു അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.ആപയുടെ ഫോണ്‍ നമ്പറാ അതില്‍ കൊടുത്തത്.അക്കൌണ്ട് ആക്ടിവേറ്റ് ആയാല്‍ നിങ്ങള്‍ക്ക് മെസേജ് വരും...”
“യാ കുദാ!!!”
എസ്.ബി.ഐയില്‍ നിന്നുള്ള ആ മെസേജ് ബാങ്ക് സമയം കഴിഞ്ഞ് എത്തിയതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു.ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന പൊല്ലാപ്പുകള്‍ എന്തൊക്കെയായിരുന്നു.ഒരു പക്ഷേ പിറ്റേ ദിവസം വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നതും ഞാന്‍ ആയി മാറിയേനെ.അനന്തിരവന്മാരായാല്‍ ഇങ്ങനെയും ഓരോ കുന്ത്രാണ്ടങ്ങള്‍ ഒപ്പിച്ചു വയ്ക്കണം.അമ്മാവന്മാരേ, ജാഗ്രതൈ!!!
Tuesday, August 09, 2011
കോസ്റ്റാറിക്ക കോസ്റ്റാറിക്ക യെ കീഴടക്കി!!!!
8/8/2011 മാതൃഭൂമി സ്പോര്‍ട്സ് പേജില്‍ “അണ്ടര്‍ 20 ലോകകപ്പ് - സ്പെയിന്‍ മിന്നുന്നു“ എന്ന തലക്കെട്ടിനടിയില്‍ വായിച്ച സംഗതിയാണ് ഈ പറഞ്ഞത്.ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഇത് എഴുതിയത് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണോ എന്ന് തോന്നിപ്പോകുന്നോ?
ഈ ലോകകപ്പില്‍ ആകെ കോസ്റ്റാറിക്ക മാത്രമാണോ കളിക്കുന്നത് എന്നൊന്നും എന്നോട് ചോദിക്കരുത്.മികച്ച കളി എഴുത്തുകാര്‍ ഉണ്ടായിരുന്ന ഒരു പത്രത്തിന്റെ അവസ്ഥ എന്ത് എന്ന ഒരു ചിന്ത മാത്രം പങ്കു വയ്ക്കുന്നു.
പുതുക്കിയ സമയവിലവിവരപ്പട്ടിക(രൂപയില്‍) !!!
7:35 - 17.00 (15.50)
7:45 - 19.00 (16.50)
8:05 - 20.00 (18.50)
8:10 - 22.00 (19.50)
8:15 - 27.00 (24.00)
8:20 - ????
ഞെട്ടേണ്ട.രാവിലെ കോഴിക്കോട്ടേക്ക് പോകുന്ന വിവിധ ബസ്സുകളില്‍ എനിക്കുള്ള നിരക്ക് ഇങ്ങനെയൊക്കെയാണ്. 8:20ന് ശേഷം പോയാല്‍ ഒരു ലീവും കൂടി പോകും എന്നതിനാല്‍ വിലവിവരം കൊടുക്കുന്നില്ല!
(ഇന്നലെ മുതല്‍ ബസ്‌ചാര്‍ജ്ജ് വര്‍ദ്ധിച്ചതോടെ പൊതുജന അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത് )
Sunday, August 07, 2011
ഹിരോഷിമ ഉയര്‍ത്തുന്ന ചിന്തകള്‍.
“അമ്മയുടെ വാത്സല്യചുംബനങ്ങള്‍ ഇന്ന് എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു , എന്റെ പ്രിയപ്പെട്ട അമ്മേ...”
കുട്ടിയുടെ അസാധാരണ പെരുമാറ്റം ആ അമ്മയെ സ്തബ്ധയാക്കിയെങ്കിലും സ്നേഹത്തോടെ അവളെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു “ഇല്ല മോളെ...മോള്‍ ധൈര്യമായി സ്കൂളില്‍ പൊയ്ക്കോളൂ...” മകള്‍ അമ്മയെ വീണ്ടും കെട്ടിപ്പിടിച്ചു.അമ്മ അവളുടെ കവിളിലും മൂര്‍ദ്ധാവിലും വീണ്ടും വീണ്ടും ചുംബനങ്ങള്‍ നല്‍കി സ്കൂളീലേക്ക് പറഞ്ഞയച്ചു.
നിമിഷങ്ങള്‍ക്കകം അമേരിക്കന്‍ കാപാലികതയുടെ ഏറ്റവും ചീഞ്ഞുനാറിയ മുഖം, ‘ലിറ്റില്‍ ബോയ്’ എന്ന ആണവബോംബിന്റെ രൂപത്തില്‍ ഹിരോഷിമയില്‍ പതിച്ചു.മനുഷ്യനടക്കമുള്ള ലക്ഷക്കണക്കിന് ജീവജാലങ്ങളെ, ‘അമ്മേ‘ എന്ന് വിളിക്കാന്‍ പോലും അവസരം നല്‍കാതെ അത് വെണ്ണീര്‍ധൂളികളാക്കി മാറ്റി.മേല്‍ പറഞ്ഞ നിഷ്കളങ്കയായ ആ പിഞ്ചുകുഞ്ഞും അവളുടെ അമ്മയും അന്ന് എന്നെന്നേക്കുമായി വേര്‍പിരിഞ്ഞു.
ആ കറുത്ത ദിനത്തിന്റെ 66-ആം വാര്‍ഷികം കടന്നുപോയി. സാമ്രാജ്യത്വ കഴുകന്മാര്‍ ഇപ്പോഴും പല രാജ്യങ്ങളുടേയും തലക്ക് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു.അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ ഇട്ടു കൊടുത്ത് കൊണ്ട് അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും മറ്റും അവരുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ സര്‍ക്കാറുകളെ പ്രതിഷ്ഠിച്ച് ഭരണ നാടകം കളിപ്പിക്കുന്നു.
അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോസൈന്യം എന്ന നാറ്റസൈന്യം അഫ്‌ഗാനിസ്ഥാന്‍ എന്ന കൊച്ചു രാജ്യത്തില്‍ ‘സമാധാനം’ പുന:സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിട്ടു.രാജ്യം പീസ് പീസ് (ചിന്നഭിന്നം) ആയി എന്നല്ലാതെ രാജ്യത്ത് പീസ് (സമാധാനം) മാത്രം ഉണ്ടായില്ല.സമാധാനദൌത്യത്തിന് നിയോഗിക്കപ്പെട്ടവരുടെ ഉറ്റവരും ഉടയവരുമായവരില്‍ നിന്ന് ‘അസമാധാനം‘ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ ഒബാമ ഭരണകൂടത്തിന് അഫ്‌ഗാനില്‍ നിന്നും പിന്തിരിയുന്ന പ്രഖ്യാപനം നടത്തേണ്ടി വന്നു.തേന്‍കുടത്തില്‍ തലയിട്ട് തേനീച്ച കുത്തേല്‍ക്കുകയും ചെയ്തു, തല കുടത്തില്‍ കുടുങ്ങുകയും ചെയ്തു എന്ന പോലെ അമേരിക്ക ലോകത്തിന്റെ മുന്നില്‍ ഇളിഭ്യരായി.ഹിരോഷിമ ബോംബ് ആക്രമണത്തിന്റെ 66-ആം വാര്‍ഷികത്തിന്റെ തലേ ദിവസം 31 അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍കാര്‍ വെടിവച്ചിട്ടപ്പോള്‍ തകര്‍ന്നു വീണത് അമേരിക്കന്‍ ഹുങ്കിന്റെ താഴികക്കുടം കൂടിയായിരുന്നു.
സാമ്രാജ്യത്വ അധിനിവേശത്തിന്റെ ദുരന്തം അനുഭവിക്കുന്ന മറ്റൊരു രാജ്യമാണ് ഫലസ്തീന്‍.അമേരിക്കയുടേ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന നരാധമം അറബ്‌രാജ്യങ്ങളടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുന്നു.വീടും നാടും നഷ്ടപ്പെട്ട ഫലസ്തീന്‍ മക്കള്‍ ഇസ്രയേലിന്റെ അത്യാധുനിക വെടിക്കോപ്പുകള്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് നിന്ന് നിരായുധരായി പോരാടുന്നു.ജിഹാദിന്റെ ശക്തിയും തൌഹീദിന്റെ (ഏകദൈവ വിശ്വാസം) ഭക്തിയും മനസ്സില്‍ ആവാഹിച്ച് ഫലസ്തീന്റെ യുവത ‘ഇന്‍തിഫാദ’യിലൂടെ പോരാടുമ്പോള്‍ ലോകത്തിലെ എല്ലാ വന്‍ശക്തികളും അതിനു പിന്നിലെ പ്രേരകശക്തിയെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
ഇപ്പറഞ്ഞ രണ്ടോ മൂന്നോ രാജ്യങ്ങളില്‍ ഒതുങ്ങുന്നതല്ല പാശ്ചാത്യശക്തികളുടെ ഭീഷണി.തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത രാജ്യങ്ങള്‍ക്ക് നേരെയെല്ലാം അവരുടെ യുദ്ധക്കൊതി മൂക്കുന്നുണ്ട്.ലിബിയ, ഇറാന്‍,സുഡാന്‍, ഉത്തരകൊറിയ തുടങ്ങീ കൊച്ചു കൊച്ചു രാജ്യങ്ങളെ രാക്ഷസക്കണ്ണു കാട്ടി വിറപ്പിക്കുന്നത് അമേരിക്ക എന്ന വന്‍ശക്തി തന്നെ.മേല്‍ പറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് ആണവശേഖരം ഉണ്ടെന്ന ന്യായം പറഞ്ഞാണ് ലോകത്തിന് ആണവായുധത്തിന്റെ ഉപയോഗം പഠിപ്പിച്ച മാസ്റ്റര്‍മാര്‍ വിശുദ്ധന്മാരാകുന്നത്.രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു പഠനപ്രകാരം ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവശേഖരം അമേരിക്കന്‍ പിന്തുണയുള്ള പാകിസ്ഥാനുണ്ട്. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള രാജ്യം എന്നും ആ പഠനം വ്യക്തമാക്കുന്നു. ആണവശേഖരമുണ്ടെന്ന് പറയപ്പെടുന്ന രാജ്യങ്ങളുടെ ലിസ്റ്റിലെ വാലറ്റത്ത് കിടക്കുന്ന രാജ്യങ്ങളിലെ മൊത്തം ആണവശേഖരം അമേരിക്കയുടെ ആണവശേഖരത്തെക്കാള്‍ കുറവാണെന്ന് അറിയുമ്പോഴാണ് ഈ ലോകപോലീസിന്റെ ഉദ്ദേശ്യശുദ്ധി വേശ്യയുടെ ചാരിത്ര്യപ്രസംഗം മാത്രമാണെന്ന് മനസ്സിലാകുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടറിഞ്ഞ ലോകം , ഇനിയും ഒരു ലോകമഹായുദ്ധം ഉണ്ടാകരുത് എന്ന നിശ്ചയപ്രകാരം രൂപം കൊടുത്ത ഒരു വേദിയാണ് ഐക്യരാഷ്ട്ര സഭ.എന്നാല്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് ദാസ്യവേല ചെയ്യാനും അവയുടെ ആജ്ഞകള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കാനും മാത്രമാണ് ഇന്ന് ഐക്യരാഷ്ട്ര സഭയുടെ നിയോഗം.ലോകസമാധാനത്തിന്റെ ഈ വെള്ളരിപ്രാവ് അടയിരിക്കുകയാണ്- മറ്റെവിടെയുമല്ല, സാമ്രാജ്യത്വത്തിന്റെ ലക്ഷക്കണക്കിന് വരുന്ന ആണവായുധ ശേഖരത്തിന് മുകളില്‍!!!
അതിനാല്‍ ഇനിയും ആയുധങ്ങള്‍ വാങ്ങിക്കൂട്ടി ലോകത്ത് അസമാധാനത്തിന്റെ വിത്തുകള്‍ പാകിക്കൊണ്ടിരിക്കുന്ന എല്ലാ ശക്തികളും ഒന്ന് ചിന്തിക്കുക.ഹിരോഷിമ നമുക്ക് തന്നത്....
ഭൂമിയിലൂടെ തുള്ളിച്ചാടി നടക്കാന്‍ കഴിയാതെപോയ ബാല്യങ്ങള്‍
കൌമാരചാപല്യങ്ങള്‍ പൂര്‍ത്തീകരിക്കാതെ പോയ യുവമിഥുനങ്ങള്‍
ദാമ്പത്യത്തിന്റെ മധുനുകര്‍ന്ന് തീരാത്ത നവദമ്പതികള്‍
ജീവിതസായാഹ്നം പേരമക്കള്‍ക്കൊപ്പം ചെലവിടാന്‍ ഭാഗ്യം കിട്ടാതെ പോയ വൃദ്ധജനങ്ങള്‍
മിണ്ടാന്‍പോലും കഴിയാതെ എരിഞ്ഞൊടുങ്ങേണ്ടി വന്ന ജന്തുജാലങ്ങള്‍ എന്നിവയാണ്.
ഇനിയും ഇതെല്ലാം നാമനുഭവിക്കണോ?വേണ്ട!!!വേണ്ട!!വേണ്ട!ഹിരോഷിമയും നാഗസാക്കിയും ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ല.പീസ് മെമ്മോറിയല്‍ പാര്‍ക്കിനെക്കാളും നമുക്ക് വേണ്ടത് സമാധാനം വിളയുന്ന ഭൂമിയാണ്, സമാധാനം വിളയുന്ന ഭൂമി മാത്രമാണ്.
Thursday, August 04, 2011
ആഗസ്റ്റ് 6 ലെ ഇരട്ട ദുരന്തങ്ങള്‍ !!!
“ആഗസ്ത് ആറിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ?”
“ഒരു ക്ലൂ” ഇപ്പോഴത്തെ കുട്ടികളുടെ സ്വഭാവം അവളും കാട്ടി.
“ലോക ചരിത്രത്തിലെ ഒരു ദുരന്തം നടന്നത് അന്നാണ്...”
“ങാ കിട്ടി...ഒരു ദുരന്തമല്ല...ഇരട്ട ദുരന്തം...” മോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ങേ!!!ഇരട്ട ദുരന്തമോ ?” എനിക്കും അത്ഭുതമായി.
“അതേ...ഒന്ന് ഹിരോഷിമയില്‍ ബോംബ് ഇട്ടു...” അടുത്തത് പറയാതെ അവള്‍ ചിരിച്ചു.
“വെരി ഗുഡ്...നീ പറഞ്ഞ രണ്ടാം ദുരന്തം എന്താ ?”
“ഉപ്പച്ചി ജനിച്ചു !!!!”
Monday, August 01, 2011
അറ്റ്ലസ് എന്നാല്‍.....
“എന്താ മോളേ?”
“ഇന്ന് ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചു...”
“എന്തായിരുന്നു ചോദിച്ചത്?”
“അറ്റ്ലസ് എന്നാല്‍ എന്താണെന്ന്...?”
“എന്നിട്ട് നീ പറഞ്ഞില്ലേ?”
“ആ...നമ്മള്‍ ഇന്നലെ ഷോപ്പിംഗിന് പോയ കടയുടെ പേരാണെന്ന് പറഞ്ഞു !!”
Saturday, July 30, 2011
എന്തൊരു പ്രതികരണം !!!
കഥ,തിരക്കഥ , സംവിധാനം, സംഭാഷണം,അഭിനയം ഒക്കെ ഞാന്‍ തന്നെ എന്നു പറഞ്ഞപോലെ ക്ലാസ്സ് എടുക്കുന്നതും പ്രിന്റ് ഔട്ട് നല്‍കുന്നതും സംശയങ്ങള്‍ നിവാരണം ചെയ്യുന്നതും ഒക്കെ ഞാന്‍ തന്നെ ആയിരുന്നു.സംഗതി എല്ലാം ബഹുജോറായി തീര്‍ക്കുകയും ചെയ്തു.അവസാനം ഇനിയും സംശയമുള്ളവര്‍ക്ക് വിളിക്കാനായി എന്റെ ആ സുന്ദരമായ മൊബൈല്‍ നമ്പറും നല്‍കി.
ശ്രോതാക്കള്‍ എല്ലാവരും തന്നെ വളരെ സംതൃപ്തിയോടെ സ്ഥലം വിട്ടപ്പോള്‍ ഏതൊരു അമരക്കാരനേയും പോലെ ഞാനും വളരെയധികം സന്തോഷിച്ചു.അല്പം വൈകി ആണെങ്കിലും ഞാന്‍ സംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചു.പോരുന്ന വഴിക്ക് എനിക്ക് ഒരു ഫോണ്‍ -
“ഹലോ....ആബിദ് സാറല്ലേ?”
“അതെ..”
“സാര്‍...ഞാന്‍ ഇന്ന് സാറുടെ ക്ലാസ്സില്‍ മുന്നില്‍ തന്നെ ഇരുന്ന വിദ്യ്യാര്‍ത്ഥിയാണ്...”
‘ഹാവൂ,ഇത്ര വേഗത്തില്‍ പ്രതികരണമോ,ചോദിക്കൂ വത്സാ നിന്റെ സംശയം’ എന്ന് മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല.അതിനു മുമ്പ് മറുതലക്കല്‍ നിന്ന് ബാക്കി കൂടി പറഞ്ഞു.
“....സാര്‍ എന്റെ കുട അവിടെ മറന്നു വച്ചു.അതൊന്ന് എടുത്തു വക്കണം...”
Thursday, July 28, 2011
ഹാവൂ....രക്ഷപ്പെട്ടു.
കുട്ടിച്ചാത്തനെ പുറത്താക്കാന്‍ ഇരു കൈ സഹായിച്ച് തോല്‍ക്കാതെ പിന്മാറിയ കൂതറഹാഷിമിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.
Saturday, July 23, 2011
Wednesday, July 20, 2011
ഭൂത കാല സുന്ദരി !
“രാമായണകാലത്തെപറ്റിയോ?”
“അല്ല...ഭൂതം ഭാവി പിന്നെ വേറെ എന്തോ ഒന്നും...”
“ഓ...ഭൂതം ഭാവി വര്‍ത്തമാനം...”
“എന്നിട്ട് മേം ചോദിച്ചു :ഞാന്‍ സുന്ദരിയാണ് ? ഏത് കാലം എന്ന്? “
“അപ്പോ നീ എന്തു പറഞ്ഞു ?”
“ഭൂത കാലം ന്ന്...ഉപ്പച്ചിയെ വരെ പഠിപ്പിച്ച മേം സുന്ദരിയായിട്ടുണ്ടാവുക പണ്ട് എന്നോ അല്ലേ?അപ്പോള്‍ അത് ഭൂത കാലം അല്ലേ?”
Monday, July 18, 2011
വിവേക് ഒബ്രൊയിയും ഒരു സൂപ്പർ സ്റ്റാറും !!(ലക്ഷദ്വീപ് യാത്ര - ഭാഗം 14)
വെള്ളത്തില്‍ ഊളിയിടുന്ന മദാമ്മക്കുട്ടികളുടെ ഫോട്ടോ എടുക്കാന്‍ ഉടുതുണി അഴിച്ചിട്ട മദാമ്മയും കടലിലേക്കിറങ്ങി.എല്ലാവരുടേയും ശ്രദ്ധ ആ ‘വെള്ളം കളി‘യിലായി. തൊട്ടപ്പുറത്ത് പവിഴപുറ്റുകള്‍ കണ്ട് മടങ്ങി വന്ന ഒരു ബോട്ട് ആരും ശ്രദ്ധിച്ചതേ ഇല്ല.ഊഴം കാത്ത് നിന്ന മറ്റാരൊക്കെയോ ബോട്ടില്‍ ചാടിക്കയറി.അപ്പോഴാണ് റെജു ആ മുഖം കണ്ടത്.
“എടാ...അത് മറ്റവനല്ലേ?” ബോട്ടിലേക്ക് ഒരു പെണ്‍കുട്ടിയുടെ കൂടെ കയറുന്ന ഒരുത്തനെ നോക്കി റെജു ചോദിച്ചു.
“ഏത് മറ്റവന്‍?” ആന്റണിക്ക് ‘ഈ ശ്രദ്ധ‘യില്‍ നിന്നും ആ ശ്രദ്ധ ക്ഷണിക്കല്‍ ഇഷ്ടപ്പെട്ടില്ല.
“എന്താപ്പോ അവന്റെ പേര്?” റെജു തല ചൊറിഞ്ഞു.
“നീ ഇങ്ങോട്ട് നോക്കെടാ...” ആന്റണി റെജുവിനെ തിരിച്ചു വിളിച്ചു.അപ്പോഴേക്കും അടുത്ത ബോട്ട് എത്തി.മനസ്സില്ലാമനസ്സോടെ ആറു പേര്‍ ആ ഗ്ലാസ്‌ബോട്ടം ബോട്ടിലേക്ക് കയറി.കരയില്‍ നില്‍ക്കുന്ന ആറു പേര്‍ ഊറിച്ചിരിച്ചുകൊണ്ട് അവര്‍ക്ക് യാത്രമൊഴി നല്‍കി.
“ങും...ചിരിക്കേണ്ട...ഇപ്പോ വരും നിങ്ങക്കുള്ള ബോട്ടും...” ആന്റണി പറഞ്ഞു നാക്കെടുക്കുന്നതിന് മുമ്പ് അടുത്ത ബോട്ടും എത്തി.മദാമ്മമാരെ അവരുടെ പാട്ടിന് വിട്ട് ബാക്കി എല്ലാവരും ബോട്ടില്‍ കയറി.
യമഹ എഞ്ചിന്റെ ജന്മസിദ്ധമായ ശബ്ദത്തോടെ ബോട്ട് കടലിനകത്തേക്ക് കുതിച്ചു.നീലനിറത്തില്‍ തെളിഞ്ഞ വെള്ളത്തിനടിയില്‍ നിലാവ് പരത്തിയപോലെ പഞ്ചാരമണല്‍ കണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.
“ഈ ബോട്ടിന് എത്രയാ ചാര്‍ജ്ജ്?”
“അര മണിക്കൂറിന് 750 രൂപ...!” ബോട്ട് ഡ്രൈവര്‍ പറഞ്ഞു.
“ഒരാള്‍ക്കോ?”
“അതെ.ആറു പേരെ വരെ ഒരു ബോട്ടില്‍ കയറ്റും...“
“യാ കുദാ...” കീശയില്‍ ഇത്രയും കാശ് കരുതാത്തതിനാല്‍ ഞാന്‍ നെടുവീര്‍പ്പിട്ടു.ജമാല്‍ അതിനെപറ്റി ഒന്നും പറയാത്തത് എന്നില്‍ അല്പം നീരസം ഉണ്ടാക്കി.
പത്ത് മിനുട്ട് യാത്ര ചെയ്തപ്പോള്‍ ബോട്ടിന്റെ സ്പീഡ് അല്പം കുറഞ്ഞു.ബോട്ട് സാവധാനം നിന്നു.ഞങ്ങള്‍ ബോട്ടിനടി ഭാഗത്തെ ഗ്ലാസ്സിലൂടെ താഴേക്ക് നോക്കി.പലനിറത്തിലുമുള്ള പവിഴപുറ്റുകള്‍.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍.അവയും പല നിറത്തോടും കൂടിയവ.എല്ലാം ദേ കൈ എത്തും എന്ന് തോന്നുന്ന ദൂരത്തില്‍ സ്വൈരവിഹാരം നടത്തുന്നു.മുമ്പ് ചില്ലിട്ട അക്വാറിയത്തില്‍ മാത്രം കണ്ട ഈ അത്ഭുതക്കാഴ്ച ഞങ്ങളെ ശരിക്കും ആകര്‍ക്ഷിച്ചു.ബോട്ട് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു.ഞങ്ങള്‍ വീണ്ടും കുറച്ച് കൂടി മുന്നോട്ട് നീങ്ങി.ഇപ്പോള്‍ കാണുന്നത് മതിലുപോലെ നീണ്ടു കിടക്കുന്ന പവിഴപുറ്റ്.അതും ഓറഞ്ചും നീലയും നിറത്തില്‍!ഇടക്കിടെ കുമ്പളങ്ങ വലിപ്പത്തിലുള്ള കല്ല് പോലെ ചില സാധനങ്ങളും.അവയും പവിഴപുറ്റ് ആണെന്ന് ബോട്ടുകാരന്‍ പറഞ്ഞപ്പോള്‍ മനസ്സിലായി.ബോട്ട് വീണ്ടും മുന്നോട്ട് നീങ്ങി.ഇത്തവണ കണ്ടത് വെള്ളത്തിന്റെ അടിയില്‍ ശക്തമായി ആടിക്കളിക്കുന്ന പായല്‍ കൂട്ടം.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കൂട്ടവും.എത്ര നിറങ്ങളില്‍ കാണുന്നു എന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല!ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യം ശരിക്കും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.കടല്‍ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ തിരിച്ച് കരയിലേക്ക് തന്നെ പോന്നു.
“കാശ് എവിട്യ്യെയാ അടക്കേണ്ടത് ?” ഞാന്‍ മനസ്സില്ല മനസ്സോടെ ബോട്ടുകാരനോട് ചോദിച്ചു.
“അതാ അവിടെ?” കരയിലെ ഒരു ചെറിയ കൌണ്ടര്‍ കാണിച്ച് അദ്ദേഹം പറഞ്ഞു.
“പക്ഷേ നിങ്ങളോട് കാശ് അടക്കാന്‍ ജമാല്‍ പറഞ്ഞോ?” അദ്ദേഹം ചോദിച്ചു.
“ഇല്ല...”
“എങ്കില്‍ കാശ് അടക്കേണ്ട...”
“ങേ!!!” അദ്ദേഹം അത് പറഞ്ഞപ്പോള്‍ ‘ജമാല്‍ ക ദോസ്ത്‘ എന്ന പദവി കാരണം , ബോധം കെട്ട് ഞാന്‍ കടലിലേക്ക് വീഴുമോ എന്ന് തോന്നിപ്പോയി.
അങ്ങനെ രണ്ട് ബോട്ടിലും കൂടി അഞ്ചുപൈസ കൊടുക്കാതെ കടലിലൂടെ ഒരു യാത്ര കഴിഞ്ഞ് ഞങ്ങള്‍ കരയിലെത്തി.സമയം ഇനിയും ധാരാളം ബാക്കിയുള്ളതിനാല്‍ ഞങ്ങള്‍ തിരിച്ച് റൂമിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു.വൈകിട്ട് വീണ്ടും കടലില്‍ കുളിക്കാം എന്ന ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഞങ്ങള്‍ വണ്ടിക്കാരനെ തിരിച്ചു വിളിച്ചു.
ലോഡ്ജില്‍ എത്തി ഭക്ഷണവും കഴിച്ച് വിശ്രമിക്കുമ്പോള്‍ ഞാന്‍ ജമാലിനെ വെറുതെ വിളിച്ചു.ഉടന്‍ അവന്‍ റൂമിന് മുന്നിലെത്തി.കടലില്‍ കുളിക്കാതെ പോന്ന വിവരം ഞങ്ങള്‍ അവനെ ധരിപ്പിച്ചു.
“കടലില്‍ കുളിക്കേണ്ട സമയം അതായിരുന്നു...” ജമാല്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അല്പം നഷ്ടബോധം തോന്നി.
“ങാ...അതുപോട്ടെ...വൈകിട്ട് ഒരു കാര്യം ശ്രദ്ധിക്കണം.ചില വി ഐ പി ടൂറിസ്റ്റുകള്‍ ഉണ്ട്.അവര്‍ക്ക് ശല്യമാകരുത്...” ജമാല്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം തന്നു.
“ഞാന്‍ അപ്പഴേ പറഞ്ഞില്ലേ...മറ്റവന്‍ ഉണ്ട് എന്ന്...” റെജു വീണ്ടും മറ്റവനെ എടുത്തിട്ടു.
“ഏതാടാ നീ ഇപ്പറയുന്ന മറ്റവന്‍?” എല്ലാവരും റെജുവിന്റെ നേരെ തിരിഞ്ഞു.
“വിവേക് ഓബ്‌റോയ് ഉണ്ട് ദ്വീപില്‍...” ഉത്തരം പറഞ്ഞത് ജമാല്‍ ആയിരുന്നു.
“അതേ...അവന്‍ തന്നെ...” പേരു കിട്ടിയ സന്തോഷത്തില്‍ റെജു പറഞ്ഞു.
“ഓകെ...അത് ഞങ്ങള്‍ ശ്രദ്ധിച്ചോളാം...” ഞങ്ങള്‍ ഉറപ്പ് കൊടുത്തു. രാത്രി കാണാം എന്ന് പറഞ്ഞ് ജമാല്‍ സ്ഥലം വിടുകയും ചെയ്തു.
നാല് മണിയായപ്പോള്‍ ഞങ്ങളുടെ ശകടം വീണ്ടും എത്തി.വിവേക് ഓബ്‌റോയിയെ നേരില്‍ കാണണേ എന്ന പ്രാര്‍ത്ഥനയോടെ പലരും വണ്ടിയില്‍ കയറി.അത് ആരാണെന്ന് അറിയാത്തതിനാല്‍ “കടലില്‍ കുളിക്കാന്‍ പറ്റണേ” എന്ന പ്രാര്‍ഥനയോടെ ഞാനും കയറി.
സൌത്ത് വാട്ടര്‍ സ്പോര്‍ട്സ് സെന്ററിന്റെ ഗേറ്റില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു.നേരെ കുളിക്കടവിലേക്ക് നീങ്ങി.ബര്‍മുഡ ഇട്ടും ഇടാതെയും എല്ലാവരും കടലിലേക്കിറങ്ങി.ആഴം കുറഞ്ഞ തെളിഞ്ഞ കടലില്‍ ഞങ്ങള്‍ ഞങ്ങളുടെ ലീലാവിലാസങ്ങള്‍ തകര്‍ത്തു.അതിനിടയില്‍ ദൂരെ നിന്നും ഒരു സ്പീഡ് ബോട്ട് വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.ടൂറിസ്റ്റുകളയും വഹിച്ചുകൊണ്ടുള്ള ആ ബോട്ട് ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന താരത്തെ പലരും തിരിച്ചറിഞ്ഞു.
“ഹായ്...വിവേക്...” അറിയാവുന്നവര്‍ വിളിച്ചു കൂവി.വിവേക് ‘റ്റാറ്റാ’ എന്ന് കൈ വീശി.താരത്തെ നേരില്‍ കണ്ട ആരുടെയൊക്കെയോ മനം കുളിര്‍ത്തു.ഞങ്ങള്‍ വീണ്ടും കുറേ നേരം കടലില്‍ നീന്തികുളിച്ചു.തിരയില്ലാത്ത കടലില്‍ , അറിയാതെ വെള്ളത്തിന്റെ രുചി അറിഞ്ഞവര്‍ മിണ്ടാതെ കുളി തുടര്‍ന്നു.ഏകദേശം സന്ധ്യ ആയപ്പോള്‍ പലര്‍ക്കും തണുത്ത് വിറക്കാന്‍ തുടങ്ങി.അങ്ങനെ ഓരോരുത്തരായി കയറിത്തുടങ്ങി.
എല്ലാവരും കുളിച്ച് കരക്ക് കയറി എന്ന് ഉറപ്പ് വരുത്തി ഞാനും റെജുവും ജയേഷും ഏറ്റവും പിന്നിലും മറ്റുള്ളവര്‍ മുന്നിലുമായി പുറത്തേക്ക് നടന്നു.ടിക്കറ്റ് കൌണ്ടറിന്റെ അടുത്തെത്തിയപ്പോള്‍ റെജു വീണ്ടും ആ മദാമ്മമാര്‍ അവിടെ തന്നെ ഉണ്ടൊ എന്ന് ഒളിഞ്ഞു നോക്കി.
“സാര്‍....അതാ അവിടെ....” റെജു എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു.
“ആര് ? ആ മദാമ്മകളൊ ?”
“അല്ല...വിവേക്...”
“ഓ...അവന്‍ അവിടെ സ്വസ്തമായിട്ട് ഇരുന്നോട്ടെ റെജു...” ഞാന്‍ പറഞ്ഞു.
“സാര്‍....ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം....”
“ങാ...ഇനി അവന്റെ കൂടെയും ഫോട്ടൊ...ഇന്നലെ കപ്പലില്‍ ആ പോഡൊയുടെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ അനുവാദം ചോദിച്ച എന്നെ മറന്നവരല്ലേ....വേഗം നടക്ക്...” ഞാന്‍ അല്പം ടൈറ്റാക്കി.
“അത് സോറി സാര്‍....ഇത് വിവേക് ഒബ്‌റൊയ്...ഇന്ത്യന്‍ സിനിമയിലെ ഭാവിതാരമാണ് സാര്‍...” റെജു കെഞ്ചി.
എങ്കില്‍ ഒന്ന് ശ്രമിക്കാം എന്ന് കരുതി ഞാന്‍ വിവേക് ഇരിക്കുന്ന കസേരക്ക് പിന്നിലൂടെ ചെന്നു.റെജു എന്റെ പിന്നാലെയും.ഒരു ചൂടന്‍ ചുംബനത്തിലേക്ക് ആണ് വിവേകും കാമുകിയും ആ നിമിഷം പോകുന്നത് എന്ന് കണ്ട ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നിന്നു.
“റെജു...നമുക്ക് പോകാം...ഇപ്പോള്‍ അത് ശരിയാവില്ല...“ ഞാന്‍ പിന്മാറാന്‍ തീരുമാനിച്ചു.
“സാര്‍....നമ്മള്‍ മൂന്ന് പേരല്ലേ ഉള്ളൂ...ഒന്ന് കൂടി ശ്രമിക്കാം...” റെജു വിട്ടില്ല,
“എങ്കില്‍ വാ...” ഞാന്‍ സകല ധൈര്യവും കുപ്പിയിലാക്കി വിവേകിന്റെ നേരെ വീണ്ടും നടന്നു.
“എസ്ക്യൂസ് മീ...അയാം ആബിദ് ഫ്രം കാലികറ്റ്,കേരള...വീ ആര്‍ എമ്പ്ലൊയീസ് ഓഫ് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്...കാന്‍ വീ ടേക്ക് എ ഫോട്ടൊ വിത് യൂ ?” ഞാന്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചതും വിവേകിന്റെ ഒപ്പം ഇരുന്ന പെണ്ണ് എണീറ്റ് പോയതും ഒരുമിച്ചായിരുന്നു.സുന്ദരമായ ആ നിമിഷത്തില്‍ വന്ന കട്ടുറുമ്പുകളായ ഞങ്ങളെ എന്ത് പറയും എന്ന് ഞങ്ങള്‍ ശങ്കിച്ച് നില്‍ക്കുന്നതിനിടെ വിവേക് പറഞ്ഞു.
“ഓകെ...ടേക് യുവര്‍ സീറ്റ്...” ഒഴിഞ്ഞ കാമുകിയുടെ സീറ്റിലേക്ക് ഞാന്‍ തന്നെ ആദ്യം ചാടിക്കയറി ഇരുന്നു.കാരണം ഇന്നലേ കപ്പലില്‍ സംഭവിച്ചത് ഇന്നും പറ്റരുതല്ലോ.റെജുവും ജയേഷും അവരുടെ ക്യാമറയില്‍ ഞങ്ങളെ പകര്‍ത്തി.ശേഷം അവരെ വിവേകിന്റെ കൂടെ ഇരുത്തി ഞാനും ഫോട്ടോ എടുത്തു.വിവേകിന് നല്ലൊരു ഷേക്ക് ഹാന്റും താങ്ക്സും നല്‍കി ഞങ്ങള്‍ മുമ്പേ ഗമിക്കുന്നവരുടെ അടുത്തേക്ക് ഓടി.കേരള സര്‍ക്കാറിന്റെ ഓണം ബമ്പര്‍ അടിച്ച സന്തോഷത്തില്‍ റെജു ഓടിയത് നേരെ എതിര്‍ദിശയിലേക്കായിരുന്നു!
(തുടരും...)
Friday, July 15, 2011
വിശ്വാസം, അതല്ലേ എല്ലാം...
“സാര്‍....ഇതു ശരി തന്നെയല്ലേ?” അദ്ദേഹം എഴുതി എടുത്ത കീ നമ്പര്‍ എന്നെ കാണിച്ചുകൊണ്ട് ചോദിച്ചു.
“അതേ.ഞാന്‍ വായിച്ചു തന്നതല്ലേ?”
“ഒരു പ്രാവശ്യം കൂടി എഴുതിവയ്ക്കാം അല്ലേ?” എഴുതി എടുത്തതിന് താഴെ അദ്ദേഹം അത് ഒന്ന് കൂടി എഴുതി വച്ചു.
“സാര്‍, ഇത് ശരിയല്ലേ?” അദ്ദേഹം വീണ്ടും എന്നോട് ചോദിച്ചു.അപ്പോള്‍ അദ്ദേഹത്തിന്റെ അസുഖം എനിക്ക് പിടികിട്ടി.
ആ സമയത്താണ് മറ്റൊരു കുട്ടി ഓപ്ഷന്‍ കൊടുക്കാനായി അവിടെ എത്തിയത്.ഇദ്ദേഹം ആ കുട്ടിയോട് ചോദിച്ചു.
“കീ നമ്പര്‍ കിട്ടിയത് എങ്ങനെയാ?”
“പോസ്റ്റല്‍ വഴി വന്നു...”
“എന്ന്?”
“ഒരു മാസം മുമ്പ്...”
“ങേ...!!ഒരു മാസം മുമ്പോ?അപ്പോള്‍ അത്രയും മുമ്പ് തന്നെ കീ നമ്പര്‍ കിട്ടുമോ സാര്‍?” അദ്ദേഹം എന്റെ നേരെ തിരിഞ്ഞു.
“ങാ കിട്ടുമായിരിക്കും...”
“എന്നിട്ടെന്താ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്? ചിലര്‍ക്ക് അയക്കും, ചിലര്‍ക്ക് ഇല്ല...”
“അയക്കാഞ്ഞിട്ടല്ല.നിങ്ങള്‍ക്ക് കിട്ടാതെ പോയതാകും...ഇതു നോക്കൂ, ഇത്രയും പേര്‍ എഞ്ചിനീയറിംഗ് കീ നമ്പര്‍ കിട്ടാതെ ഇവിടെ വന്ന് അത് മേടിച്ചവരാണ്....” എന്റെ അടുത്തുള്ള തടിച്ച ഒരു ഫയല്‍ എടുത്ത് ഞാന്‍ കാണിച്ചുകൊടുത്തു.അദ്ദേഹം അത് നോക്കിയതേ ഇല്ല.
“ങാ...സാര്‍ എനിക്ക് തന്ന നമ്പര്‍ ശരി തന്നെയല്ലേ?” ഇദ്ദേഹത്തിന്റെ സംശയം ഒഴിവാക്കാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി.
“അതേ...ശരിയാണ്.ഇനി അതുവച്ച് നിങ്ങള്‍ക്ക് ഓപ്ഷന്‍ കൊടുക്കാന്‍ ആ കുട്ടിയുടെ സഹായം തേടിക്കോളൂ...” എനിക്ക് നേരിട്ട് ചെയ്തുകൊടുക്കാന്‍ പാടില്ലാത്തതിനാല്‍ ഞാന്‍ അയാളുടെ സഹായത്തിന് ഒരു കുട്ടിയെ ഏര്‍പ്പാട് ചെയ്തു കൊടുത്തു.എല്ലാ വിവരങ്ങളും നല്‍കി അവര്‍ ചെയ്യുന്നതിനിടയില്‍ ഞാന്‍ വീണ്ടും അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.ബാഗിനുള്ളില്‍ വച്ചിരിക്കുന്ന രണ്ട് പ്രാവശ്യം എഴുതിയ കീ നമ്പര്‍ കാണിച്ചുകൊണ്ട് വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം “സാര്‍ ഇതു ശരി തന്നെയല്ലേ?”
വാല്‍: മറ്റുള്ളവര്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ അത് സ്വയം ചെയ്ത് അനുഭവിച്ചതിന് ശേഷമെങ്കിലും വിശ്വസിക്കുക.സ്വന്തം കണ്ണിനേയും കൈപ്പടയേയും വിശ്വാസം വരുന്നില്ലെങ്കില്‍ ഈ ലോകത്ത് ഒന്നും വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.
Thursday, July 07, 2011
വിദേശികുളിയും സ്വദേശികുളിയും - (ലക്ഷദ്വീപ് യാത്ര - ഭാഗം 13)
കടലില്‍ കുളിക്കാനുള്ള ആവേശത്തോടെ പിറ്റേന്ന് എല്ലാവരും നേരത്തെ എണീറ്റു.പതിവ് പോലെ അബൂബക്കര്‍ മാഷ് ബാത്‌റൂമില്‍ കയറി പാട്ട് തുടങ്ങി...”ഓ സൈനബാ...അഴകുള്ള സൈനബാ...”
“മാഷെ...ബാത്‌റൂമില്‍ നിങ്ങള്‍ എന്തെടുക്കാ...” സലീം മാഷ് വിളിച്ച് ചോദിച്ചു.
“ചേന കൃഷിക്ക് സ്കോപ്പുണ്ടോ ന്ന് നോക്കാ...അല്ല പിന്നെ, ബാത്‌റൂമില്‍ പിന്നെ എല്ലാരും എന്താ ചെയ്യല്?”
“അതല്ല...നമ്മള്‍ ഇപ്പോള്‍ പോകുന്നത് കടലില്‍ കുളിക്കാനാ...അതിന്റെ മുമ്പ് മറ്റൊരു കുളി?”
“ഓ...അത് ശരിയാണല്ലൊ...” അബൂബക്കര്‍ മാഷ് പുറത്തിറങ്ങി.
അപ്പോഴേക്കും ഞങ്ങള്‍ക്ക് പോകാനുള്ള ശകടം എത്തി-ഇത്തവണ ഒറിജിനല്‍ നായ്കുറുക്കന്‍ തന്നെ.
സൌത്ത് വാട്ടര്‍ സ്പോര്‍ട്ട്സ് സെന്ററിനകത്ത് കട നടത്തുന്ന അളിയനെ വിളിച്ച് ഞങ്ങള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്തതിനാല്‍ ജമാല്‍ ഞങ്ങളുടെ കൂടെ പോന്നില്ല.അല്ലെങ്കിലും ദിവസവും കടലില്‍ കുളിക്കുന്നവര്‍ക്ക് ഞങ്ങളുടെ കടല്‍കോപ്രായങ്ങള്‍ കാണാനുണ്ടോ സമയം?
സൌത്ത് വാട്ടര്‍ സ്പോര്‍ട്ട്സ് സെന്ററിന്റെ ഗേറ്റിന് മുന്നില്‍ വണ്ടി നിര്‍ത്തി.ഇനി വൈകിട്ടേ മടക്കമുള്ളൂ എന്നതിനാല്‍ വണ്ടിക്കാരന്റെ നമ്പര്‍ വാങ്ങി അവനെ തിരിച്ചു വിട്ടു.അറബിക്കടല്‍ നീന്തി ഞങ്ങളാരും അക്കരെ പറ്റില്ല എന്ന വിശ്വാസം ഉള്ളതിനാല്‍ ഡ്രൈവര്‍ ഒരു ചില്ലികാശുപോലും ചോദിച്ചില്ല!
“എവിടെ നിന്നാ..?” ഗേറ്റില്‍ സെക്യൂരിറ്റി ഞങ്ങളെ തടഞ്ഞു.
“ജമാല്‍ വിളിച്ചു പറഞ്ഞിരുന്നില്ലേ?ജമാല്‍ ക ദോസ്ത് ആണ്...” അളിയന്റെ മുന്നില്‍ അളിയനെ നന്നാക്കാന്‍ ഞാന്‍ അല്പം ഗര്‍വ്വോടെ തന്നെ പറഞ്ഞു.
“ഓ...ജമാല്‍ സാര്‍ വിട്ടതാണോ..? അറിയാതെ ചോദിച്ചു പോയതാ...ഒരാളുടെ മാത്രം പേര് ഈ രെജിസ്റ്ററില്‍ എഴുതി എത്ര പേരുണ്ട് എന്നും എഴുതി നേരെ നടന്നോളൂ...” ക്ഷമ യാചിച്ചുകൊണ്ട് സെക്യൂരിറ്റി പറഞ്ഞു.
മുന്നില്‍കണ്ട റോഡിലൂടെ ടൂറിസ്റ്റുകള്‍ക്കുള്ള റിസോര്‍ട്ടുകളും മറ്റും നോക്കി ഞങ്ങള്‍ നടന്നു.ദ്വീപ് വിഭവങ്ങള്‍ വില്‍ക്കുന്ന ഒരു കടയുടെ മുമ്പിലെത്തിയതും കൂളിംഗ് ഗ്ലാസ് വച്ച ഒരു കഷണ്ടിക്കാരന്‍ ഇറങ്ങി വന്നു.
“എന്റെ പേര് അലി...ജമാലിന്റെ അളിയന്‍....നിങ്ങള്‍ വരുമെന്ന് അവന്‍ വിളിച്ചു പറഞ്ഞിരുന്നു...”
“ങാ...” ഞാന്‍ തലയാട്ടി.
“ഇതുവഴി നടന്നാല്‍ ഹെലിപാഡ്...നേരെ നടന്നാല്‍ ബീച്ച്...ബീച്ചിലിറങ്ങി ഒന്ന് ചുറ്റി നടന്നാല്‍ വീണ്ടും ഇവിടെ തന്നെ എത്തും...” അലി പറഞ്ഞു.
“അപ്പോള്‍ ഭൂമി ഉരുണ്ടതാണെന്ന് തെളിയും , പണ്ട് മാക്‌ഡവല്‍ പറഞ്ഞപോലെ...” ശിവദാസന്‍ മാഷ് പറഞ്ഞു.
“ മാക്‌ഡവല്‍ പറഞ്ഞത് ഭൂമി കറങ്ങുന്നു എന്നല്ലേ? അതുകൊണ്ടല്ലേ ‘മറ്റേതിന്’ മാക്‌ഡവല്‍ എന്ന് പേരിട്ടത് ?” ഹരിദാസന്‍ മാഷക്ക് സംശയമായി.
“ഭൂമി ഉരുട്ടിയത് മഗെല്ലന്‍ ആണ് , മാക്‌ഡവലോ മക്‍ഡൊണാല്‍ഡൊ ഒന്നുമല്ല...” ഞാന്‍ ഇടയില്‍ കയറി പ്രശ്നം അവസാനിപ്പിച്ചു.
“രാജനെ ഉരുട്ടിയത് ആരെന്ന് അറിയാം...ഭൂമി ഉരുട്ടിയത് ഞമ്മളെ സിലബസ്സില്‍ ഇല്ല...”ഹരിദാസന്‍ മാഷ് പറഞ്ഞു.
“അപ്പോള്‍ കുളിസ്ഥലം എവിടെയാ?” ബാത്രൂമില്‍ നിന്നും ഇറങ്ങിപുറപ്പെട്ട അബൂബക്കര്‍ മാഷിന് കുളിക്കാന്‍ തിരക്കായി.
“അതും ഇതാ നേരെ...പക്ഷേ ഒരു കാര്യം...വിദേശികള്‍ കുളിക്കുന്നുണ്ട് അവിടെ...നിങ്ങള്‍ അല്പം മേലോട്ട് മാറി ഇറങ്ങിയാല്‍ മതി...” അലി പറഞ്ഞു.
“ആഹാ...ഇന്ത്യാ രാജ്യത്തെ കടലില്‍ കുളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു സ്ഥലവും സായിപ്പന്മാര്‍ക്ക് മറ്റൊരു സ്ഥലവും...???” ആരെയോ രക്തം തിളച്ചു.പക്ഷേ കടല്‍കാറ്റേറ്റ് അതപ്പോള്‍ തന്നെ തണുത്തു.
“പക്ഷേ...ഈ വെയിലത്ത് കുളിക്കുന്നത് അത്ര നല്ലതല്ല...വൈകിട്ട് ആയിരിക്കും നല്ലത്...” അലി ഒരഭിപ്രായം പറഞ്ഞു.ഞങ്ങളില്‍ പലര്‍ക്കും അത് സ്വീകാര്യമായതിനാല്‍ അത്രയും നേരം ഇനി എന്തു ചെയ്യാന്‍ എന്ന സംശയവും ഉയര്‍ന്നു.
“ഒരു കാര്യം ചെയ്യ്...നിങ്ങള്‍ ബീച്ചൊന്ന് ചുറ്റിക്കാണൂ...പിന്നെ ഗ്ലാസ് ബോട്ടം ബോട്ടില്‍ റീഫും കണ്ട് തിരിച്ചു പോയി വൈകിട്ട് വരിക...” അലി പരിപാടി പറഞ്ഞു തന്നു.
“അയ്യോ...എങ്കില്‍ ആ വണ്ടിക്കാരനെ വിടേണ്ടായിരുന്നു...ഏതായാലും നമുക്ക് ഈ പരിപാടി ചെയ്യാം...എന്നിട്ട് സമയത്തിനനുസരിച്ച് ബാക്കി തീരുമാനിക്കാം...” ആരോ അഭിപ്രായപ്പെട്ട പ്രകാരം ഞങ്ങള്‍ ബീച്ചിലേക്കിറങ്ങി.
“എവിടെ ‘മറ്റവന്മാര്‍‘ കുളിക്കുന്നത്?ഒന്നിനേയും കാണുന്നില്ലല്ലോ?ഇപ്പോള്‍ ഏതായാലും കുളിക്കാന്‍ ഇറങ്ങേണ്ട...” ആരുടെയോ നഷ്ടബോധം പുറത്തു ചാടി.ഞങ്ങള്‍ ബീച്ചിലെ പഞ്ചാര മണലിലൂടെ നടന്നു.ദ്വീപ് മന്ദം മന്ദം കടലിലേക്ക് ഇറങ്ങിപ്പോകുന്ന മനോഹരമായ കാഴ്ച കണ്ടു.അലി പറഞ്ഞത് പോലെ ഞങ്ങള്‍ തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തി.
അല്പം അകലെ കുറച്ചു പേര്‍ തിക്കിത്തിരക്കുന്നത് ഞങ്ങളുടേ ശ്രദ്ധയില്‍ പെട്ടു.മുന്നില്‍ നടന്നവര്‍ പൊളിയാറായ ഒരു ബോട്ട് ജെട്ടിയിലേക്ക് കയറി.ഗ്ലാസ് ബോട്ടം ബോട്ടില്‍ കോറല്‍ റീഫ് അഥവാ പവിഴപുറ്റുകള്‍ കാണാന്‍ പോകാനുള്ള തിരക്കാണ്.ഞങ്ങളും ആ തിരക്കിലേക്ക് ചേക്കേറി.അവിടെ കുറേ സായിപ്പന്മാര്‍ വലിയ വലിയ സിലിണ്ടറുകള്‍ ഉരുട്ടികൊണ്ടു വരുന്നതും പ്രത്യേകതരം കണ്ണട ധരിക്കുന്നതും ഞങ്ങള്‍ കണ്ടു.അപ്പോഴാണ് വെള്ളത്തില്‍ രണ്ട് സായിപ്പി കുട്ടികള്‍ മീനിനെ പോലെ ചിറകും വാലും മുതുകില്‍ ഒരു സിലിണ്ടറും കെട്ടിവച്ചത് ഞങ്ങള്‍ കണ്ടത്.
“ഓ ...വെറുതെയല്ല ഇവിടെ ഇത്ര തിരക്ക്...വെള്ളത്തിലല്ലേ കളി...” ആരുടെയോ ആത്മഗതം വീണ്ടും പുറത്തു ചാടി.പെട്ടെന്ന് ഒരു മുതിര്‍ന്ന മദാമ ഒരു ക്യാമറയുമായി എത്തി.ഞങ്ങളുടെ ഇടയില്‍ വച്ച് അവര്‍ ഇട്ടിരുന്ന പാന്റും ബ്ലൌസും ഒരു കൂസലുമില്ലാതെ കരയില്‍ ഊരിവച്ചു!!
“എന്റ്റമ്മേ...പിടിച്ചതിലും വലുത് മാളത്തിലോ..?” ആരുടെയോ ആത്മഗതം എല്ലാവരുടേയും ശ്രദ്ധ വലിയ മദാമ്മയില്‍ എത്തിച്ചു.
ലഹരി വിരുദ്ധ ക്ലബ്ബ്
ഞങ്ങളുടെ കാമ്പസ്സിനകത്ത് ഉപയോഗിക്കപ്പെടുന്ന ലഹരിപദാര്‍ത്ഥങ്ങളെ പറ്റി കഴിഞ്ഞ മാഗസിന്‍ കമ്മിറ്റി ഒരു പഠനം നടത്തിയിരുന്നു.അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് എനിക്ക് ലഭിച്ചത്.നിഷ്കളങ്കനായി അമ്മയും അച്ഛനും അയക്കുന്ന പൊന്നോമന മക്കള്‍ ഇത്രയും നികൃഷ്ടരായി ഈ കാമ്പസില്‍ നിന്നും ഭാവി ജീവിതം കരിപിടിപ്പിക്കാന്‍ ഇറങ്ങുന്നു എന്നറിഞ്ഞതില്‍ വളരെ വിഷമം തോന്നി.ആ ദുഖ:കരമായ വെളിപ്പെടുത്തലാണ് ഈ കാമ്പസ്സില്‍ ഒരു ലഹരി വിരുദ്ധ ക്ലബ്ബ് എത്രയും പെട്ടെന്ന് പ്രവര്‍ത്തനം തുടങ്ങേണ്ടതിന്റെ ആവശ്യകതയെപറ്റിയുള്ള തിരിച്ചറിവ് നല്‍കിയത്.
ഇന്ന് ഞാന്‍ ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയത്തിലെ അദ്ധ്യാപകന്‍ പറഞ്ഞു - “ഞങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടുവരല്‍ നിര്‍ബന്ധമാണ്.പുറത്ത് നിന്നും കഴിക്കാന്‍ സമ്മതിക്കുകയില്ല...”. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അത്തരം ഒരു ലിങ്കിലൂടെ കാമ്പസ്സിലേക്ക് ലഹരിപദാര്‍ത്ഥങ്ങള്‍ പ്രവേശിക്കാനുള്ള സാധ്യത തടയുന്നതിന് എന്നാണ്.കഴിഞ്ഞ വര്‍ഷങ്ങളീല്‍ നടപ്പാക്കിവരുന്ന ഈ പരിപാടി വിജയം കണ്ടു വരുന്നു.
ഇന്നലെ, 2011-12 വര്‍ഷത്തെ ഞങ്ങളുടെ കോളേജ് യൂണിയന്‍ ഉല്‍ഘാടനചടങ്ങിനൊടനുബന്ധിച്ച് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഒരു പ്രതിജ്ഞ എടുക്കുകയുണ്ടായി.പല പ്രതിജ്ഞകളും എടുക്കുന്ന കൂട്ടത്തില്‍ ഒരു പ്രതിജ്ഞ ആണെങ്കില്‍ കൂടി സ്വന്തത്തിന്റേയും സമൂഹത്തിന്റേയും നന്മക്കുള്ള ഒരു കാല്‍വയ്പ് എന്ന നിലയില്‍ അല്പം പേരെങ്കിലും അത് ജീവിതകാലം മുഴുവന്‍ പാലിക്കും എന്ന് പ്രത്യാശിക്കുന്നു.ഈ പ്രതിജ്ഞ ചൊല്ലിയതിന് ശേഷം കോളേജില്‍ നിലവില്‍ വന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ ഒരു സ്കോഡിന്റെ പ്രവര്‍ത്തന ഫലമായി ഇത്തരം വിശേഷ ദിവസങ്ങളീല്‍ സാധാരണമായി ഈ കാമ്പസ്സില്‍ നടന്നു വരുന്ന മദ്യോപയോഗം ഉദ്ദേശിച്ചതിലും ഭംഗിയായി നിയന്ത്രിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇന്ന് എന്റെ കാമ്പസ്സിന്റെ പത്ത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു ലഹരി വിരുദ്ധ ക്ലബ്ബ് നിലവില്‍ വരുന്നത്.ഈ ക്ലബ്ബിന്റേയും അമരം എന്നെ ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ ഓരോ പ്രവര്‍ത്തനത്തിനും ദൈവം തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.
വാല്‍: ബൂലോകത്തെ പ്രിയ കൂട്ടുകാര്‍ ആരെങ്കിലും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ ഇന്ന് തന്നെ അതില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ചെറിയ കാല്‍വയ്പ് എങ്കിലും നടത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.