“
കൂമൻകാവിൽ ബസ്സു ചെന്ന് നിന്നപ്പോൾ ആ സ്ഥലം
രവിയ്ക്ക് അപരിചിതമായി തോന്നിയില്ല.അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച്
ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം...” ഇത് ഏത് പുസ്തകത്തിന്റെ
ആദ്യ വരികളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മലയാള സാഹിത്യ ചരിത്രത്തിൽ ഒരു ഇതിഹാസമായ
ശ്രീ.ഒ.വി.വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” ഈയിടെയാണ് ഞാൻ വായിച്ചത്.ഇതിഹാസത്തിന്റെ
ഭൂമികയായ പാലക്കാട്ടേക്കുള്ള ഒരു യാത്രയിലാണ് വായന ആരംഭിച്ചത്.
ഡിഗ്രി
കഴിഞ്ഞ് തേരാ-പാര നടക്കുന്നതിനിടയിൽ വായിച്ചു തള്ളിയ പുസ്തകങ്ങളിൽ ഈ ഇതിഹാസവും ഉണ്ട്
എന്നായിരുന്നു എന്റെ ധാരണ.കൂമങ്കാവും ചെതലിയും അപ്പുക്കിളിയും എല്ലാം എനിക്ക് അത്രക്കും
പരിചയം ഉണ്ടായിരുന്നു.അതിനാൽ തന്നെ എൻ.എസ്.എസ് ലൈബ്രറിയിലേക്ക് സംഭാവനയായി ഈ പുസ്തകം
ലഭിച്ചപ്പോൾ ഒന്നുകൂടി വായിക്കാൻ തീരുമാനിച്ചു.പക്ഷേ വായിച്ചുതുടങ്ങിയപ്പോൾ കഥാപാത്രങ്ങൾ എല്ലാവരും എനിക്കപരിചിതരായി തോന്നി.അതായത്
ഞാൻ ഈ പുസ്തകം മുമ്പ് വായിച്ചിട്ടില്ല എന്ന് മനസ്സിലായി.
തമിഴ്
കലർന്ന സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ പല സ്ഥലത്തും ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ
ആദ്യമാദ്യം ഇതിഹാസം എന്നെ പരിഹസിച്ചു.പക്ഷേ പാലക്കാടൻ ഗ്രാമീണതയുടെ സുന്ദരമായ ഒരു ചിത്രം
അപ്പോഴേക്കും അത് മനസ്സിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു.അതിനാൽ തന്നെ വായന കൂടുതൽ തടസ്സമില്ലാതെ
മുന്നോട്ട് പോയി.
രവി
എന്ന അദ്ധ്യാപകൻ പാലക്കാട്ടെ ഒരു കുഗ്രാമത്തിൽ ജോലിക്ക് എത്തുന്നതാണ് കഥാതന്തു.പിന്നീട്
ആ ഗ്രാമത്തിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങൾ വളരെ ഭംഗിയായി രസകരമായി ശ്രീ.ഒ.വി വിജയൻ വായനക്കാർക്ക്
മുമ്പിൽ അവതരിപ്പിക്കുന്നു.ഗ്രാമത്തിൽ പടരുന്ന വസൂരി എന്ന മാരകരോഗവും അത് വിതക്കുന്ന
മരണങ്ങളും മനസ്സിൽ നൊമ്പരം ഉണർത്തുന്നതോടൊപ്പം അക്കാലത്ത് അത് അതിജീവിക്കുന്നതിനുള്ള
പ്രയാസങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നു.ഗ്രാമീണ നിഷ്കളങ്കതകൾക്കൊപ്പം നടമാടിയിരുന്ന
വാറ്റ് ചാരായ പാനവും വേശ്യാവൃത്തിയും മറ്റും നോവലിൽ പ്രതിപാദിക്കുന്നു.മാതൃകാപുരുഷനാകേണ്ട
രവി എന്ന അദ്ധ്യാപകൻ പോലും ഈ പ്രലോഭനങ്ങൾക്ക് വശംവദനാകുന്നത് നാം കാണുന്നു.
“....ബെഞ്ചും
കസേലയും ഹനുമല്പാദരുടെ വർണ്ണപടവുമെല്ലാമുള്ള നടുമുറികൾ രവി അടച്ചു ഭദ്രമാക്കി.രാജിക്കത്തിന്റെ
പകർപ്പ് ലക്കോട്ടിലാക്കി രജിസ്റ്ററിനകത്ത് വച്ചു.മൂലയിൽ വെള്ളം നിറച്ച കലമിരുന്നു.പുസ്തകത്തിന്റെ
ഏടുകൾക്കിടയിൽ പെൻസിൽ കിടന്നു.കിടക്ക നിവർന്നു കിടന്നു.രവി ഒന്നുമനക്കിയില്ല.ഉമ്മറവാതിലടച്ചു
തഴുതിട്ടു പൂട്ടി.ചാവി ഉമ്മറപ്പടിയിൽ തിരുകി വച്ചു...” ഖസാക്കിൽ നിന്നും രവി മടങ്ങുന്ന
ഈ ചിത്രം മനസ്സിൽ ശരിക്കും തട്ടി.അത്രക്കും ഹൃദ്യമായിട്ടായിരുന്നു ആ ഗ്രാമത്തെ രവിയിലൂടെ
നമുക്ക് മുമ്പിൽ അവതരിപ്പിച്ചു തന്നത്.
“ഖസാക്കിന്റെ ഇതിഹാസത്തിന്റെ “ 29ആം പതിപ്പായി 2001
ൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ഞാൻ വായിച്ചത്.182 പേജുള്ള പുസ്തകത്തിന്റെ
അന്നത്തെ വില 60 രൂപ.
ശ്രീ.ഒ.വി.വിജയൻ
ഓർമ്മയായിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു.മഹാനായ ആ സാഹിത്യകാരന്റെ കുട്ടിക്കാല
ജീവിതം എന്റെ വീടിനടുത്തുള്ള എം.എസ്.പി ക്യാമ്പിൽ ആയിരുന്നു എന്നതിലും അദ്ദേഹം പഠിച്ച അതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയതിലും
ഞാൻ അഭിമാനം കൊള്ളുന്നു.