Pages

Wednesday, October 31, 2007

കോയാക്കയുടെ സംശയങ്ങള്‍(21)

മക്കാനിയില്‍ അബുവിന്റെ ജീവിതം സുഖമായി മുന്നോട്ട്‌ നീങ്ങി.കോയാക്കയുടെ നല്ല പെരുമാറ്റവും ദിവസവും പുതിയ പുതിയ ആള്‍ക്കാരുമായുള്ള കൂടിക്കാഴ്ചയും പലതരത്തിലുള്ള ഭക്ഷണങ്ങളും അബുവിന്‌ ഇഷ്ടമായി.എന്നാലും സ്വപ്നങ്ങളിലൂടെ എത്തുന്ന ഉമ്മയെക്കുറിച്ചുള്ള ചിന്തകള്‍ അബുവിന്റെ മനസ്സില്‍ വേദന സൃഷ്ടിച്ചു.സ്വപ്നം കാണുന്ന ദിവസങ്ങളുടെ പിറ്റേന്ന് അബുവിന്റെ പെരുമാറ്റ രീതിയില്‍ അത്‌ നിഴലിട്ടു. അബുവിന്റെ നീക്കങ്ങള്‍ ഓരോന്നും കോയാക്ക സസൂക്ഷ്മം വീക്ഷിച്ചു.മക്കാനിയില്‍ വരുന്നവരോടുള്ള അബുവിന്റെ പെരുമാറ്റം , ഭക്ഷണ സാധനങ്ങള്‍ മേശയില്‍ കൊണ്ടുവക്കുമ്പോഴുള്ള ശ്രദ്ധ , മേശ തുടച്ച്‌ കഴിഞ്ഞാലുള്ള വൃത്തി , നടത്തം , സംസാരം , ചിരി എന്ന് വേണ്ട അബുവിന്റെ എല്ലാ ചലനങ്ങളും തന്റെ കുടുംബത്തിലെ ആരോടോ വല്ലാത്ത സാദൃശ്യം പുലര്‍ത്തുന്നതായി കോയാക്ക മനസ്സിലാക്കി.അബുവിനെപ്പറ്റി കൂടുതല്‍ സൈതാലിയോട്‌ തന്നെ ചോദിക്കാം എന്നുറച്ച്‌ കോയാക്ക അതെല്ലാം മനസ്സില്‍ തന്നെ ഒതുക്കി. കാലം കടന്നുപോയി.അബു മക്കാനിയിലെത്തിയിട്ട്‌ മാസങ്ങള്‍ പിന്നിട്ടു.അങ്ങനെയിരിക്കെ ഒരു ദിവസം വണ്ടിക്കാരന്‍ സൈതാലിക്ക വീണ്ടും കോയാക്കയുടെ മക്കാനിയിലെത്തി. "കോയാക്കാ....." "ആ....സൈതാല്യോ....കൊറേ കാലായല്ലോ കണ്ട്‌ട്ട്‌...." "ആ....കച്ചോടം കൊറച്ച്‌ കമ്മ്യായ്നി*..." "ആ.... ഞാന്‍ വിചാരിച്ച്‌....സൊക്കേട്‌ പിട്‌ച്ചോന്ന്........തലങ്ങും വെലങ്ങും ഇങ്ങനെ പായുമ്പോ വേം ദീനം* വരല്ലോ....." "അല്ലംദുല്ലാ....ഇത്‌ ബരേ അങ്ങനൊര്‌ പ്രസനം ബെന്ന്‌ട്ട്‌ല്ല.....പിന്നെ........ഞമ്മളെ കുണ്ടന്‍ ബ്‌ടെ തെന്നെ ല്ലേ...?" "ആ......അന്നോട്‌ ഒര്‌ കാര്യം ചോദിക്കണം ന്ന് കൊറേ കാലായി കര്‌ത്‌ണ്‌...?" "എത്താ......ഓന്‍ ചാടിപ്പോയോ...?" "ഏയ്‌....അവന്‍ നല്ല കുട്ട്യാ......പിന്നെ ......എനക്ക്‌ ഒര്‌ കാര്യം അറ്യണം...." "എത്ത്‌ കാര്യം...ഞമ്മക്ക്‌ അറ്യണതാണെങ്കി ......" "വാ...." കോയാക്ക സൈതാലിയേയും കൂട്ടി മക്കാനിയുടെ പുറത്തേക്ക്‌ പോയി. "എത്താ കോയാക്കാ....ഓനെത്തെങ്ക്‌ലും* കുലുമാല്‌..." സൈതാലി പരിഭ്രമത്തോടെ ചോദിച്ചു. "അതൊന്നുംല്ല സൈതാല്യേ.....അനക്ക്‌ ഓനെ എവിടന്നാ കിട്ട്യേ?" "ഞമ്മളെ ബണ്ടീന്ന്..." "ഛെ....അതല്ല....ഓന്റെ പൊര എവിടാന്ന്...?" "അരീക്കോട്‌ ന്നാ ഓന്‍ പറഞ്ഞെ...." "അനക്ക്‌ അവനെപ്പറ്റി എന്തെങ്കിലും അറ്യോ..?" കോയാക്ക ശബ്ദം താഴ്ത്തി ചോദിച്ചു. "ഞമ്മള്‌ ബണ്ടി ബെടെ നിര്‍ത്ത്യേപ്പളാ ഓനെ കണ്ടതെന്നെ.....യൗടന്ന് കേറ്യതാ ന്ന് ചോയ്ചപ്പം അരീക്കോട്‌ ന്നാ ന്നും പറഞ്ഞി......ബേറെ എത്തും ഇച്ചറീല*....." "ശരി...ശരി..." "കോയാക്കാ...ഇച്ച്‌ എത്തും പുടി ക്‌ട്ട്‌ണ്‌ല്ല.....എത്താ കൊയപ്പം....?" "കൊയപ്പം ഒന്നുംല്ല...." "പിന്നേ...." "എനിക്ക്‌ ഒരു ശക്ക്‌*..." "എത്ത്‌ ശക്ക്‌..??" "ഓന്റെ ചിരീം....നടത്തോം....സംസാരോം.....ഒക്കെ ഞമ്മളെ കുടുംബത്തിലെ ആരോ മാതിരി...." "അത്‌പ്പം......ങള്‌ ഏതേലും കാലത്ത്‌ അയ്‌ലാണ്ട്‌* പോയീന്യോ...?" സൈതാലി അറച്ച്‌ അറച്ച്‌ ചോദിച്ചു. " ഫ....ഹമ്‌ക്കേ....അതല്ല അന്നോട്‌ ചോദിച്ചത്‌....എന്റെ ഒര്‌ അന്ത്രോന്‍* അവിടെവിട്യോ ആണ്‌ ന്ന് മാത്രം ഇനിക്കറിയാ....ഞാനും ഓനും ചെറുപ്പത്ത്‌ല്‌ കൊറേ തല്ലുമ്പുടി* കൂടീനി...ഞാന്‍ പിന്നെ പൊരേന്ന് എറങ്ങി ഇവടെ കച്ചോടം തൊടങ്ങി...ഓന്‍ മംഗലം കയ്ച്ച്‌ പോയീന്ന് മാത്രം പിന്നെ എപ്പളോ അറിഞ്ഞി.....ഓന്റെ മോനാകോ ഈ അബൂന്ന് ഇനിക്കൊരു സംശ്യം...." കോയാക്ക പറഞ്ഞു. "തമ്പുരാനേ......എത്താ ഈ കേക്ക്‌ണ.....ങളെ അന്‌സന്റെ കുട്ട്യോ..?" സൈതാലി അല്‍ഭുതത്തോടെ ചോദിച്ചു. "ഒച്ചണ്ടാക്കല്ലേ.....ഇത്‌ എന്റെ ഒര്‌ സംശ്യം മാത്രാ....ഞ്‌ നീ നാട്ട്‌ പോവുമ്പോ അബൂനെപ്പറ്റി എന്തേലും വിവരം കിട്ടോന്ന് നോക്കണം...." കോയാക്ക പറഞ്ഞു. "സരി....സരി...ഞമ്മള്‌ സര്‍മിക്കാം*...." സൈതാലി സമ്മതിച്ചു. (തുടരും...) ****************************** കമ്മ്യായ്നി = കുറവായിരുന്നു ദീനം = അസുഖം ഓനെത്തെങ്ക്‌ലും = അവന്‍ എന്തെങ്കിലും ഇച്ചറീല = എനിക്കറിയില്ല ശക്ക്‌ = സംശയം അയ്‌ലാണ്ട്‌ = അതിലൂടെ അന്ത്രോന്‍ = അനിയന് ‍തല്ലുമ്പുടി = അടിപിടി സര്‍മിക്കാം = ശ്രമിക്കാം

Sunday, October 14, 2007

അര്‍ദ്ധരാത്രിയിലെ പണി

അത്യാവശ്യമായ എന്തോ ഒരു കാര്യത്തിന്‌ ഞാന്‍ അതിരാവിലെ സുഹൃത്ത്‌ ദാസന്റെ മൊബെയിലിലേക്ക്‌ വിളിച്ചു. "ഹലോ...ദാസനല്ലേ...ഞാന്‍ ആബിദാ..." "ആബിദേ...നീ ഒരു പത്ത്‌ മിനിട്ട്‌ കഴിഞ്ഞ്‌ വിളിക്ക്‌.." ദാസന്റെ മറുപടി ഉടന്‍ വന്നു. "അല്ല ദാസാ...എനിക്ക്‌ ഒരു അര്‍ജന്റ്‌..." "ആബിദേ...ഇന്നലെ രാത്രി കരണ്ടില്ലാതിരുന്നതിനാല്‍...." "കരണ്ടില്ലാതിരുന്നതിനാല്‍....??" "അര്‍ദ്ധരാത്രി ചെയ്യേണ്ട ഒരു പണിയിലാ ഞാനിപ്പോള്‍....!!!" "അയ്യേ...അതിങ്ങനെ വിളിച്ചു പറയാമോ ദാസാ..." "അയ്യേന്നോ...? പമ്പ്‌ ഓപറേറ്റിംഗ്‌ വിളിച്ചു പറയാന്‍ കൊള്ളാത്ത പണിയാണോ...? ഞാനിപ്പോള്‍ പമ്പ്‌ഹൗസിലാ..." വാട്ടര്‍ അതോറിറ്റിയില്‍ പമ്പ്‌ ഓപറേറ്ററായ ദാസന്റെ മറുപടി കേട്ട ഞാന്‍ എന്ത്‌ പറയണമെന്നറിയാതെ നിന്നുപോയി.

Tuesday, October 09, 2007

അബുവിനെത്തേടി....

തലേ ദിവസം പറഞ്ഞതുപോലെ അര്‍മാന്‍ മോല്യാരും മോലികാക്കയും പിറ്റേ ദിവസം കണ്ടുമുട്ടി.രണ്ടുപേരും കൂടി അബുവിനെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു. "അബു പോയിട്ട്‌ എത്ര കാലായീന്നാ പറഞ്ഞേ.?" മോലികാക്ക ചോദിച്ചു. "രണ്ട്‌ മാസം" "അതാരാ പറഞ്ഞേ.?" "ഓന്റെ ഇമ്മ ബീഫാത്തു.." "എന്നാ പറഞ്ഞേ.?" "ഇന്നലെ രാബിലെ ....ഞാന്‍ അബൂന്റെ കുടീല്‌ ചെന്നപ്പം ബീഫാത്തു പറഞ്ഞതാ.?" "ആ...അപ്പം ച്ച്‌ ഒര്‌ കാര്യം പറ്യാന്‌ണ്ട്‌..." "ങേ!!....എത്താ..?" മോല്യാര്‍ക്ക്‌ ആകാംക്ഷയായി. "അബൂന്റെ ഒരെളാപ്പ കൊറച്ച്‌ മുമ്പ്‌ കെള്‍ഫ്‌ന്ന്‌ ബെന്നീനി..." "മീത്തലെ കണ്ടീലെ അവറാനോ..." അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ആ...ഓന്‍ തന്നെ.....ഓന്‍ ബെന്ന്‌ട്ട്‌പ്പം രണ്ട്‌ മാസായിട്ട്‌ണ്ടാവും....ഇച്ച്‌ തോന്ന്‌ണത്‌ അബു ഓന്റെ കുടീല്‌ ണ്ടാവുമ്ന്നാ..."മോലികാക്ക പറഞ്ഞു. "ആ....അത്‌ സരിയാ...ചെലപ്പം ഓന്റെ സകായി* ആയി നിക്ക്‌ണ്‌ണ്ടാവും..." "ന്നാ ഞമ്മക്ക്‌ ഒര്‌ കാര്യം ചെയ്യാ..." "എത്ത്‌ കാര്യം.?" "ഞമ്മള്‌ നേരെ അവറാന്റെ അട്‌ത്ത്‌ ഒന്ന് പോയി നോക്കാ..." മോലികാക്ക നിര്‍ദ്ദേശിച്ചു. "അബു ഔടെ ണ്ടോ ഇല്ലേ ന്ന് അറ്‌ഞ്ഞാ മത്യല്ലോ ?" "ഔടെ ണ്ടാകട്ടെ....ഇല്ലെങ്കി പിന്നെ എത്താ കാട്ട?" "ഔടെല്ലെങ്കി...അത്‌ ഞമ്മക്ക്‌ ഔറാനിം കൂട്ടി ആലോയ്ച്ച്‌ തീര്‌മാനിച്ചാ...ഇപ്പം ഞമ്മക്ക്‌ ഔറാന്റെ പെരേല്‌ പോയി നോക്കാ.." അര്‍മാന്‍ മോല്യാരും മോലികാക്കയും അബുവിന്റെ എളാപ്പ അവറാന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു.സൈനബയുടെ പുത്യാപ്ലയായി തന്റെ മരുമകനായി അബു വരുന്ന രംഗം മോലികാക്കയുടെ മനസ്സിലൂടെ കടന്നു പോയി. അര്‍മാന്‍ മോല്യാരുടെ മനസ്സിലൂടെ അബുവിന്റെ കുട്ടിക്കാലവും കടന്നു പോയി.ആലോചനയില്‍ മുഴുകി രണ്ട്‌പേരും അവറാന്റെ വീട്ടിലെത്തി. "ആര്‌ത്‌..? അര്‍മാന്‍ മോല്യാരോ..? അസ്സലാമലൈക്കും.."ആഗതരെ കണ്ടയുടനെ അവറാന്‍ പറഞ്ഞു. "വലൈകുമുസ്സലാം.." രണ്ട്‌പേരും സലാം മടക്കി. "ബെരിന്‍...ബെരിന്‍....കുത്ത്‌ര്‌ക്കി..കുത്ത്‌ര്‌ക്കി..റംലേ...റംലേ..."അവറാന്‍ ഭാര്യയെ വിളിച്ചു. "ആ....എത്താ മന്‌സാ..." "മോല്യാരെ ഒപ്പംള്ളത്‌..?" അവറാന്‌ മോലികാക്കയെ പെട്ടെന്ന് മനസ്സിലാവാത്തതിനാല്‍ ചോദിച്ചു. "അറീലെ..ഇത്‌ ഞമ്മളെ മോലി....പടിഞ്ഞാറെകണ്ടത്തി...." "ആ...പുടികിട്ടി..പുടികിട്ടി...അസ്സലാമലൈക്കും...."അവറാന്‍ മോലികാക്കയുടെ കൈ പിടിച്ചുകൊണ്ട്‌ പറഞ്ഞു. "ജ്ജ്‌ ബെന്ന്‌ട്ട്‌പ്പം എത്രായി..?" "ഇമ്മിണി മാസായി..." "ന്നട്ട്‌ അന്നെ കണ്ട്‌ല്ലല്ലോ..? ബടെ ഇല്ലെയ്ന്യോ..?" "ആ....ഗള്‍ഫാരായാ അങ്ങനല്ലേ.....നൂറ്‌ കൂട്ടം ശൊയല്‌കള്‌*...അയിന്റെടക്ക്‌ കണ്ടാ കണ്ട്‌...ഇല്ലെങ്കി പോവാ നേരത്ത്‌ മണ്ടിപ്പാഞ്ഞ്‌* എല്ലാരിം കാണും....ഞാന്‍ ബെന്ന് കേറ്യ ദീസം അബു ബെടെ ബെന്നീനി....ഓന്‍ മോല്യാരെ കാണാനാ പോണത്‌ ന്ന് പറഞ്ഞപ്പം ഓന്റെട്‌ത്ത്‌ ഞാന്‌ ഒര്‌ സാതനം കൊട്‌ത്ത്‌ ബ്‌ട്ടീനി...അത്‌ കിട്ടീലെ...?" അവറാന്‍ അര്‍മാന്‍ മോല്യാരോട്‌ ചോദിച്ചു. "ങ്‌ഹേ!!! എത്തെയ്നിം അത്‌...?" "പൂശ്യാ ഈ ദുന്യാവ്‌ മുയ്മന്‍ മണക്ക്‌ണ ഊദ്‌ എന്ന അത്തറ്‌..." "കിട്ടീട്ട്‌ല്ലട്ടൊ...ആ...ഞമ്മള്‌പ്പം ബെന്നത്‌ അബു ബടെ ണ്ടോന്ന് അറ്യാനാ...." "ബടെ ണ്ടോന്നോ..???.ഓന്‌ അന്നാ മഗ്‌രിബിന്റെ മൂട്ട്‌ല്‌* പോയാരെ പിന്നെങ്ങട്ട്‌ ബന്ന്‌ട്ട്‌ല്ല....ഇച്ച്‌ ഓന്റെ കുടീല്‌ പോകാനും ഇത്‌ ബരെ നേരം കിട്ടീട്ട്‌ല്ല...." "യാ...അള്ളാ....അപ്പം.." അര്‍മാന്‍ മോല്യാരും മോലികാക്കയും മുഖത്തോട്‌ മുഖം നോക്കി. "എത്താ മോല്യാരെ.?" അവറാന്‍ ചോദിച്ചു. "അബു ന്നാല്‌ അന്ന് നാട്‌ ബ്‌ട്ടതാ..." "ങ്‌ഹേ!!!! നാട്‌ ബ്‌ടേ..??" അവറാന്റെ മനസ്സിലൂടെ അബുവിന്റെ അന്നത്തെ പെരുമാറ്റത്തിലെ പന്തികേടുകള്‍ മിന്നിമറയാന്‍ തുടങ്ങി. (തുടരും...) ************************************ സകായി = സഹായി ശൊയല്‌കള്‌ = ജോലികള് ‍മണ്ടിപ്പാഞ്ഞ്‌ = ഓടിനടന്ന് മഗ്‌രിബിന്റെ മൂട്ട്‌ല്‌ = സന്ധ്യക്ക്‌

Saturday, October 06, 2007

നമ്പൂരിയുടെ മല്‍സരപരീക്ഷ

ഉണ്ണി നമ്പൂതിരി മല്‍സരപരീക്ഷക്ക്‌ തയ്യാറെടുത്ത്‌ കൊണ്ടിരിക്കുകയാണ്‌. "എ.....ബി.....സി.......ഡി.." ഉണ്ണി നമ്പൂതിരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. ഇതു കേട്ട്‌ ഉണ്ണിയുടെ അച്ഛന്‍ ചോദിച്ചു. "എന്താ ഉണ്ണീ...മല്‍സരപരീക്ഷക്ക്‌ ഇങ്ങന്യാണോ പഠിക്കാ...." "അച്ഛനെന്താ അറിയാ......ചോദ്യം എന്തെന്നെയാലും ഈ നാലില്‍ ഒരുത്തരമേ ണ്ടാവൂന്നാ അങ്ങേ വീട്ട്‌ലെ രാമു പറഞ്ഞിരിക്ക്‌ണത്‌....അപ്പോ പിന്നെ അതല്ലാതെ വേറെ എന്താ പഠിക്കാ...."

ഇത്‌ ഞാനാ......അരീക്കോടന്‍......!!!!

ഇത്‌ ഞാനാ......അരീക്കോടന്‍......അത്ര കഷണ്ടി ഒന്നും അല്ലട്ടോ....

Wednesday, October 03, 2007

കൂണ്‍ ശേഖരണം

ഇടവപ്പാതി കനക്കുമ്പോഴോ അതോ തുലാവര്‍ഷം ആരംഭിക്കുമ്പോഴാ എന്നറിയില്ല . കൂനിടി (കൂണ്‍ ഇടി) എന്ന ഒരു മൃദുവായ ഇടി വെട്ടുമ്പോളാണ്‌ കൂണുകള്‍ അഥവാ കുമിളുകള്‍ പൊട്ടിമുളക്കുന്നത്‌ എന്നതായിരുന്നു കുട്ടികളായ ഞങ്ങളുടെ ധാരണ.അതിനാല്‍ ഇടി വെട്ടുമ്പോളെല്ലാം അത്‌ കൂനിടിയോ അതോ മറ്റ്‌ വല്ല ഇടിയോ എന്ന് മുതിര്‍ന്നവരോട്‌ ഞങ്ങളന്വേഷിക്കും. കൂനിടിയാണെങ്കില്‍ മഴ തോരുന്ന തക്കത്തില്‍ പറമ്പിലും മറ്റും പോയി പരതിനോക്കും.കൂനിടി വെട്ടിയാല്‍ മാത്രമേ കൂണ്‍ മുളക്കൂ എന്ന ഒരു അബദ്ധധാരണയും അന്ന് ഞങ്ങളില്‍ പ്രചരിച്ചു. 

കൂണില്‍ തന്നെ തിന്നാന്‍ കൊള്ളുന്നവയും കൊള്ളാത്തവയും ഉണ്ട്‌.തിന്നാന്‍ കൊള്ളാത്തവയെ ഞങ്ങള്‍ പിരാന്തന്‍ കൂണ്‍ എന്ന് വിളിക്കും.കുട്ടികളായ ഞങ്ങള്‍ക്ക്‌ അവയെ രണ്ടും തിരിച്ചറിയാന്‍ വലിയ പ്രയാസമായിരുന്നു.കൂണിന്റെ തൊപ്പിക്ക്‌ തൊട്ടു താഴെ ഒരു മോതിരം പോലെ വളയം ഉള്ളത്‌ തിന്നാന്‍ പറ്റുന്നവയും അല്ലാത്തവ തിന്നാന്‍ പറ്റാത്തവയും എന്ന ഒരു സാമാന്യ നിഗമനമുണ്ട്‌. 

അങ്ങനെയിരിക്കെ ഒരു ദിവസം തലേന്നത്തെ കോരിച്ചൊരിയുന്ന മഴയുടെ തുടര്‍ച്ചയെന്നോണം കൂണിടി വെട്ടി.മഴക്ക്‌ ഒരു താല്‍കാലിക വിരാമം വന്നതിനാല്‍ കുട്ടികളെല്ലാവരും കളിക്ക്‌ കോപ്പു കൂട്ടുകയായിരുന്നു . ഞാനും കളിക്കാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. 

അപ്പോഴാണ് വഴിയില്‍ അവിടെയുമിവിടെയുമുണ്ടായ ചെറിയ വിള്ളലുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
'അതാ ഒരു വിള്ളലിനകത്തു നിന്ന് ഒരു കൂണ്‍തൊപ്പി പുറത്ത്ചാടാന്‍ വെമ്പുന്നു'.
എനിക്ക്‌ സംഗതി പിടി കിട്ടി.ഈ വിള്ളലെല്ലാം കൂണ്‍ പൊട്ടുന്നതിന്റെ ലക്ഷണങ്ങളാണ്‌.എന്റെ ഉള്ളം സന്തോഷം കൊണ്ട്‌ നിറഞ്ഞു. 

വീട്ടിൽ നിന്ന് ഒരു വലിയ പാത്രവും കൂൺ കിളക്കാനായി തൊടിയിൽ നിന്ന് നീളമുള്ള ഒരു കമ്പുമെടുത്ത്‌ ഞാന്‍ കൂണ്‍ ശേഖരണത്തിനിറങ്ങി.ആദ്യം കണ്ട കൂണിനെ കൈകൊണ്ട്‌ വലിച്ചു.തണ്ട്‌ പൊട്ടി അതിന്റെ മുകള്‍ ഭാഗം എന്റെ കയ്യിലും അടിഭാഗം ഭൂമിയിലുമായി നിന്നു.ബാക്കിയായ ഭാഗം കൂടി ലഭിക്കാനായി ഞാന്‍ വടി കൊണ്ട്‌ കുഴിക്കാന്‍ തുടങ്ങി.മുഴുവന്‍ കിട്ടാനായി ഞാന്‍ മാക്സിമം വിസ്താരത്തില്‍ ഒരു കുഴിയുണ്ടാക്കി.ഒരു ചെറിയ കഷ്ണം കൂടി ലഭിച്ചതല്ലാതെ കൂടുതല്‍ നേട്ടങ്ങളൊന്നും ഉണ്ടായില്ല. 

അടുത്ത വിള്ളലിനടുത്തെത്തി ഞാന്‍ വീണ്ടും മാന്താന്‍ തുടങ്ങി.പത്ത്‌ പതിനഞ്ച്‌ സെന്റിമീറ്റര്‍ ആഴമുള്ള കുഴിയായിട്ടും എനിക്കൊന്നും കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച്‌ അടുത്ത വിള്ളലിനടുത്തെത്തി.അവിടെയും മാന്തി മാന്തി അത്യാവശ്യം നല്ലൊരു ഗട്ടറുണ്ടാക്കി.ഇങ്ങിനെ വഴിയില്‍ കണ്ട വിള്ളലെല്ലാം ഗട്ടറുകളാക്കി മാറ്റിയെങ്കിലും എനിക്ക് കൂടുതല്‍ കൂണ്‍ ഒന്നും തന്നെ കിട്ടിയില്ല.വിവരം ഞാന്‍ എന്റെ  ഉമ്മയെ ധരിപ്പിക്കുകയും ചെയ്തു. 

വൈകുന്നേരം അതു വഴി വന്ന മൂത്താപ്പയുടെ മകന്‍ അബ്ദുറഹീം , വഴി നിറയെ കുഴി കണ്ട്‌ ചോദിച്ചു - 
" ഇതെന്താ വഴി നിറയെ കുഴികള്‍? രാവിലെ ഉണ്ടായിരുന്നില്ലല്ലോ..." 

"അത്‌...ആബി കൂണിന്‌ വേണ്ടി കുഴിച്ചതാ..." എന്റെ ഉമ്മ റഹീമിനോട് പറഞ്ഞു.

"അയ്യോ....അതെല്ലാം രാവിലെതന്നെ ഞാന്‍ പറിച്ചിരുന്നു.ഒരു പിരാന്തന്‍ കൂണ്‍ മാത്രം പറിക്കാതെ ഞാന്‍ ബാക്കി വച്ചിരുന്നു ...!!" 

അപ്പോഴാണ്‌ എനിക്ക്‌ കിട്ടിയ ഒരു കൂണിന്റെ രഹസ്യവും മറ്റ്‌ കൂണുകള്‍ കിട്ടാഞ്ഞതിന്റെ പരസ്യവും ഞാനറിഞ്ഞത്‌.