Pages

Wednesday, January 28, 2015

ഹർത്താൽ ദിനത്തിലെ കാഴ്ച

അന്തരിച്ച  എന്റെ വന്ദ്യ പിതാവ്  കാണിച്ച് തന്നത് പ്രകാരം   എന്റെ വീട്ടുമുറ്റത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹം അകറ്റാനായി ഒരു ബക്കറ്റിൽ വെള്ളം നിറച്ച് വയ്ക്കാറുണ്ട്.എന്നും രാവിലേയും വൈകിട്ടും നിരവധി പക്ഷികളും അലഞ്ഞ് നടക്കുന്ന മൃഗങ്ങളും അതിൽ നിന്നും വെള്ളം കുടിക്കാറുണ്ട്.      

ഇന്നലെ ഹർത്താൽ ദിനത്തിൽ വീട്ടിലിരിക്കുമ്പോഴാണ് ഞാൻ മറ്റൊരു കാര്യം മനസ്സിലാക്കിയത്. രാവിലേയും വൈകിട്ടും എത്തുന്നതിനെക്കാൾ അത്രയോ അധികം കാക്കകൾ ഉച്ചക്ക് കൂട്ടമായി എത്തി അവനവന് ആവശ്യമുള്ള വെള്ളം കുടിച്ച് പറന്നു പോകുന്നു.അഞ്ച് മിനുട്ടോളം ഞാൻ ആ രംഗങ്ങൾ വീക്ഷിച്ചപ്പോൾ ഒരുത്തനും വെള്ളം വൃത്തികേടാക്കുകയോ പാഴാക്കുകയോ ചെയ്യുന്നില്ല എന്ന് മനസ്സിലായി(മനുഷ്യന് കുടിവെള്ളം ഇതേ പോലെ വച്ചുകൊടുത്താൽ ഒരു ഗ്ലാസ്സ് കുടിക്കും , രണ്ട് ഗ്ലാസ് വെള്ളമെടുത്ത് മുഖം കഴുകുകയും ചെയ്യും). 

കാക്കകളുടെ വെള്ളം കുടി രംഗങ്ങൾ ഒന്ന് ശ്രദ്ധിക്കൂ...


   

മിണ്ടാപ്രാണികളായ ഈ ജീവികൾക്ക് ദാഹം അകറ്റാനുള്ള ഈ കൊച്ചു സൌകര്യം നിങ്ങൾക്കും നിങ്ങളുടെ മുറ്റത്ത് ചെയ്യാവുന്നതാണ്.

Tuesday, January 20, 2015

ലോകറെക്കോഡിൽ ഞാനും !!



                         ദേശീയ ഗെയിംസിനെ ചുറ്റിപ്പറ്റി നിരവധി അന്ത:പുര വാർത്തകളും പൂമുഖ വാർത്തകളും വന്നുകൊണ്ടിരിക്കുന്നുണ്ട്. ഐക്യം ഒരു കാര്യത്തിലും ഉണ്ടാകരുത് എന്ന് ദൃഢപ്രതിജ്ഞ എടുത്തപോലെയാണ് ഗെയിംസിന്റെ കാര്യത്തിലും അനുഭവപ്പെടുന്നത്.രാഷ്ട്രീയ പ്രേരിതവും അല്ലാത്തതുമായ നിരവധി ആരോപണങ്ങൾ ഉണ്ടെങ്കിലും  ഇന്ന് കേരളത്തിന്റെ ഏതാണ്ട് എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അരങ്ങേറിയ ദേശീയ ഗെയിംസിനോടനുബന്ധിച്ചുള്ള റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിൽ ഞാനും പങ്കെടുത്തു.ലോകത്ത് ഇന്നേവരെ ഇത്രയും പേർ പങ്കെടുത്ത കൂട്ടയോട്ടം ഉണ്ടായിട്ടില്ല എന്ന് അവകാശവാദം ഉയർത്തുന്നതിനാൽ ഈ ലോകറെക്കോഡിൽ ഞാനും പങ്കാളിയായി.  

    

                       വെസ്റ്റ്‌ഹിൽ നിന്ന് ചക്കോരത്ത്കുളം വരെയുള്ള 2 കിലോമീറ്റർ ദൂരമായിരുന്നു ഞാനും എൻ.എസ്.എസ് വളണ്ടിയർമാരും ഇടത്-വലത് ചേരിതിരിവില്ലാതെ അല്പം ചില സ്റ്റാഫ് അംഗങ്ങളും ഓടിയത്. മഹത്തായ കായികപാരമ്പര്യമുള്ള ഒരു നാട്ടിലെ താമസക്കാർ എന്ന നിലക്ക് കേരളത്തിന്റെ ഏകമനസ്സും സ്പോട്സ് സ്നേഹവും ഉയർത്തിക്കാണിക്കാനുള്ള നല്ല ഒരവസരമായിരുന്നു ഈ കൂട്ടയോട്ടം. അതാണ് പലതിന്റേയും പേരിൽ നാം കളഞ്ഞുകുളിച്ചത്.പോയ ബസ്സിന് കൈ കാണിച്ചിട്ട് ഇനി കാര്യമില്ലാത്തതിനാൽ അതേപറ്റി അധികം പറയുന്നില്ല.                

                 വരാൻ പോകുന്ന ഗെയിംസിലെങ്കിലും ചേരിതിരിവില്ലാതെ നല്ല ടീമുകളെ പ്രോത്സാഹിപ്പിക്കാനും നമ്മുടെ അതിഥികളായി വരുന്ന അന്യ സംസ്ഥാനത്തിലെ കായിക താരങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാനും അതിലേറെ ഊഷ്മളമായി ഗെയിംസിന് ശേഷം വിട നൽകാനും കഴിഞ്ഞാൽ നാം അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട് അവർക്ക് അനുഭവത്തിലൂടെ അറിയാനാകും.ഗെയിംസിന്റെ പേരിൽ കേട്ടുകൊണ്ടിരിക്കുന്ന എല്ലാ ‘കഥ’കളും, സത്യമായാലും കള്ളമായാലും മറ്റുള്ളവർക്ക് മുമ്പിൽ നാം നമ്മെത്തന്നെ കൊച്ചാക്കാതിരിക്കാൻ ശ്രദ്ധിക്കുക. കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് എല്ലാവരുടേയും മനസ്സിൽ കേരളം പോലെ പച്ച പിടിച്ചു നിൽക്കട്ടെ.


Sunday, January 11, 2015

നാഷണൽ ഗെയിംസിന് അരീക്കോടനും !

മുപ്പത്തിഅഞ്ചാമത് നാഷണൽ ഗെയിംസ് മുൻ‌നിശ്ചയപ്രകാരം നടക്കുകയാണെങ്കിൽ ഈ വരുന്ന ജനുവരി 31ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കപ്പെടും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, ആലപ്പുഴ, കൊച്ചി , തൃശൂർ,കോഴിക്കോട്,കണ്ണൂർ എന്നീ പട്ടണങ്ങളും ഗെയിംസ് വേദിയാകുന്നുണ്ട്. ഇപ്പറഞ്ഞ സ്ഥലങ്ങളിൽ വിവിധ വേദികളിലായി വിവിധ തരം മത്സരങ്ങളാണ് അരങ്ങേറുന്നത്.

കോഴിക്കോട് നഗരത്തിൽ നാല് വേദികളാണ് ഗെയിംസിനായി ഒരുങ്ങുന്നത്.കോർപ്പറേഷൻ സ്റ്റേഡിയവും മെഡിക്കൽ കോളേജ് ഗ്രൌണ്ടും പുരുഷ ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാകും. ഇൻഡോർ സ്റ്റേഡിയം വോളിബാൾ മത്സരങ്ങൾക്കും ബീച്ച്, ബീച്ച് വോളിബാളിനും വേദിയാകും.

ഓരോ വേദിയിലേക്കും വെന്യൂ  മാനേജർ എന്ന പേരിൽ ഒരാളെ വീതം പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷം കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ടിച്ചതിനാൽ ഞാനും ഇപ്പറഞ്ഞ നാല് സ്റ്റേഡിയങ്ങളിൽ ഒന്നിന്റെ വെന്യൂ  മാനേജർ ആയി നിയമിക്കപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു(ഒരു പക്ഷേ ബൂലോകത്ത് നിന്ന് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന ആദ്യ വ്യക്തി എന്ന റിക്കാർഡും ഇതോടെ കുറിക്കപ്പെട്ടേക്കും).കോഴിക്കോട് ബീച്ച് ആണ് എനിക്ക് കിട്ടിയ വേദി. വെന്യൂ  മാനേജർമാരുടെ ആദ്യ യോഗം ഇക്കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം ജി.വി.രാജ സ്പോട്സ് കോം‌പ്ലെക്സിലെ നാഷണൽ ഗെയിംസ് ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് നടന്നു.


അപ്പോൾ, നാഷണൽ ഗെയിംസ് നിശ്ചയിച്ചപോലെ നടക്കുകയാണെങ്കിൽ സ്പോർട്സിനെ എന്നും സ്നേഹിക്കുന്ന എന്നാൽ ഇതുവരെ അതിന് വേണ്ടി കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത എനിക്കും ഈ വൻ സംരംഭത്തിന്റെ ഭാഗഭാക്കാകാൻ അവസരം ലഭിക്കും.ഒരു പക്ഷേ ഗെയിംസ് അംബാസഡർ ആയ സാക്ഷാൽ സചിൻ ടെൻഡുൽക്കറെ നേരിട്ട് കാണാനും അവസരം ലഭിച്ചേക്കും ! അസൂയപ്പെടേണ്ട , കാരണം അസൂയക്കും എന്റെ ‘തല‘ക്കും മുന്നിൽ വൈദ്യശാസ്ത്രം ഇന്നും തല കുനിച്ചേ നിൽക്കൂ.

ഒരു യാദൃശ്ചിക പൊരുത്തം

യാദൃശ്ചികത എന്ന പദം ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് മനസ്സിലാക്കാനും പറഞ്ഞ് ഫലിപ്പിക്കാനും ഏറെ പ്രയാസപ്പെടുത്തിയ ഒന്നാണ്.അതിനാൽ തന്നെ ഇന്ന് ജീവിതത്തിൽ സംഭവിക്കുന്നതിൽ മിക്കതും അന്നത്തെ ആ പ്രയാസത്തിന്റെ പരിണതഫലങ്ങളൊ അല്ലെങ്കിൽ അനുഭവത്തിലൂടെ പഠിപ്പിക്കാനുള്ള ദൈവത്തിന്റെ വികൃതികളോ ആയേക്കാം.

നാഷണൽ ഗെയിംസിന്റെ വെന്യൂ മാനേജർമാരുടെ യോഗത്തിന് ശേഷം തിരുവനന്തപുരം നഗരത്തിലൂടെ തേരാ-പാര നടക്കാനായി ഇറങ്ങിയപ്പോഴാണ് നിയമസഭാകാര്യാലയത്തിന് മുന്നിലെ “നിയമസഭാ മ്യൂസിയം” എന്ന ബോർഡ് എന്റെ ശ്രദ്ധയിൽ പെട്ടത്. തിരുവനന്തപുരത്ത് നിരവധി തവണ പോയി വിവിധ കാഴ്ചകൾ കണ്ടിരുന്നെങ്കിലും ഈ മ്യൂസിയം ഇന്നേവരെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.അതിനാൽ തന്നെ ഒന്ന് കയറി കാണാൻ തീരുമാനിച്ചു(പ്രവേശനം സൌജന്യമാണ് എന്ന് കൂടി അറിയിക്കട്ടെ).

വിവിധ കാലയളവിലെ തിരുവിതാംകൂർ-കൊച്ചി നിയമ സഭാ സാമാജികരുടെ പേര് വിവരങ്ങളും പ്രധാനമന്ത്രി , മുഖ്യമന്ത്രി (അതേ , ആദ്യകാലത്ത് ഇവ രണ്ടും ഉണ്ടായിരുന്നു) എന്നിവരുടെ ഫോട്ടോകളും മറ്റും കണ്ട ശേഷം ഐക്യകേരളത്തിലെ ഗവർണ്ണർമാരുടെയും മുഖ്യമന്ത്രി മാരുടെയും വിവരങ്ങളും അവർ ഉപയോഗിച്ചിരുന്ന വസ്തുക്കളും പ്രദർശിപ്പിച്ചത് കണ്ടു.

നിയമസഭാ മ്യൂസിയത്തിന്റെ പുതിയ കെട്ടിടത്തിൽ ഞാൻ പ്രവേശിക്കുമ്പോൾ കാഴ്ചക്കാരനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആദ്യത്തെ ഹാളിൽ മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ ശ്രീ.എ.കെ ആന്റണിക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച വിവിധ  തരം സമ്മാനങ്ങളായിരുന്നു പ്രദർശിപ്പിച്ചിരുന്നത്.സ്ഫടികം പോലെ തിളങ്ങുന്ന ചിലതൊഴികെ മറ്റുള്ളവയെല്ലാം കാഴ്ചക്ക് അറുബോറായി എനിക്ക് തോന്നി.

മറ്റൊരു റൂമിൽ നിരവധി ടച്ച് സ്ക്രീനുകൾ ഒരുക്കി വച്ചിരുന്നു.കേരളത്തിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ ചരിത്രം മുതൽ ഇന്നേവരെ കേരളത്തിൽ ഉണ്ടായ നിയമനിർമ്മാണ സഭകളെപറ്റിയും അവയ്ക്ക് നേതൃത്വം നൽകിയ മുഖ്യമന്തിമാരെപ്പറ്റിയും സ്പീക്കർമാരെപറ്റിയും മറ്റും മറ്റും വിവിധ സ്ക്രീനുകളിലൂടെ മനസ്സിലാക്കാൻ ഇവിടെ അവസരം ലഭിച്ചു.

ഈ കുറിപ്പ് എഴുതാൻ കാരണമായ സംഗതി അടുത്ത റൂമിലാണ് സജ്ജീകരിച്ചിരുന്നത്.’എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് നമ്മെ പഠിപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വിവിധ കാലഘട്ടങ്ങളുടേയും ജീവിതത്തിലെ വിവിധ രംഗങ്ങളുടേയും ഫോട്ടോകൾ ആയിരുന്നു ഇവിടെ സജ്ജീകരിച്ചത്.ഒരു കയ്യിൽ ചർക്കയിൽ നിന്നുള്ള നൂലും പിടിച്ചു കൊണ്ട് കുപ്പായമിടാത്ത ഗാന്ധിജിയുടെ മോണകാട്ടിയുള്ള നിഷ്കളങ്കമായ ചിരിയുടെ വർണ്ണ ഫോട്ടോ നോക്കി ഞാൻ അല്പനേരം നിന്നു.ആ ചിരിയും ലാളിത്യവും (പ്രത്യേകിച്ച് തൊട്ടടുത്ത് കോട്ടും സ്യൂട്ടും ഇട്ട് സിഗരറ്റും പിടിച്ച്  ജിന്നാ സാഹിബ് നിൽക്കുന്ന ഒരു ഫോട്ടോകൂടി ഉണ്ടായതിനാൽ ) എന്റെ മനസ്സിലേക്ക് അറിയാതെ കുടിയേറി.

ഈ റൂമിന്റെ അവസാനത്തെ ചുമരിലെത്തുമ്പോൾ, എന്റെ മനസ്സിൽ കുടിയേറിയ ആ ചിരിയുടെ ഉടമസ്ഥന്റെ നെഞ്ചിൽ ഏറ്റ മൂന്ന് വെടിയുണ്ടയുടെ പാടുകൾ വ്യക്തമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ കൂടി കണ്ടപ്പോൾ തൊണ്ടയിൽ ഒരു ഗദ്ഗദം തടം കെട്ടി. ഗാന്ധി സമാധിയായ രാജ്ഘട്ടും ഗാന്ധിജി വെടിയേറ്റു വീണ ബിർള ഹൌസും അടക്കം ഗാന്ധിജിയുടെ സ്മൃതികൾ ഉണർത്തുന്ന വിവിധ സ്ഥലങ്ങൾ  സന്ദർശിച്ചിട്ടും ഇന്നേവരെ മനസ്സിൽ അനുഭവപ്പെടാത്ത ഒരു വിങ്ങൽ എന്റെ മനസ്സിലൂടെ കടന്നു പോയി.


ഇവിടെയാണ് ഈ പോസ്റ്റ് തുടങ്ങിയ പദം ‘യാദൃശ്ചികത‘ കടന്നുവരുന്നത്.ഗാന്ധിയൻ പ്രദർശനം എന്റെ മനസ്സിൽ ചലനങ്ങളുണ്ടാക്കിയ അതേ ദിവസം ആയിരുന്നു, ഇന്ത്യൻ ജനതയുടെ മനസ്സിൽ മുഴുവൻ സ്വാതന്ത്ര്യ ചിന്തകളുടെ കൊടുങ്കാറ്റ് ഉയർത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി തിരിച്ചെത്തിയ ചരിത്ര പ്രസിദ്ധമായ വഴിത്തിരിവിന് 100 വർഷം തികയുന്ന ദിവസം !

Sunday, January 04, 2015

ഔട്ട് ഓഫ് കോർപറേഷൻ ഏരിയ...

“പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂംതിങ്കളാണ് ഭാര്യ....
ദുഖ:ത്തിൻ മുള്ളുകൾ പൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ....”

അവറാൻ കോയ മാസ്റ്റർ എന്നും കേൾക്കുന്നതും എന്നും മൂളുന്നതുമായ ഒരു ഗാനമായതിനാൽ മാസ്റ്ററുടെ ഭാര്യ കുഞ്ഞാത്തുമ്മാത്തയുടെ ധാരണ അത് തന്നെപ്പറ്റി മാസ്റ്റർ രചിച്ച ഗാനമാണെന്നായിരുന്നു. അയൽക്കൂട്ടത്തിൽ കുഞ്ഞാത്തുമ്മ താത്ത ഈ കാര്യം അഭിമാനത്തോടെ പറയാറുമുണ്ടായിരുന്നു. മറ്റാർക്കും ഈ ഗാനത്തിന്റെ ചരിത്രവും പൌരധർമ്മവും അറിയാത്തതിനാൽ കുഞ്ഞാത്തുമ്മാത്തയുടെ അവകാശവാദം ആരും എതിർത്തതുമില്ല. കുഞ്ഞാത്തുമ്മാത്തയുടെ മേൽ പറഞ്ഞ തെറ്റിദ്ധാരണയും അയൽക്കൂട്ടത്തിൽ ഇത് കാരണം ലഭിക്കുന്ന പ്രത്യേക പരിഗണനയും, അവറാൻ മാസ്റ്ററോടുള്ള താത്തയുടെ മുഹബ്ബത്ത് ദിനം‌പ്രതി വർദ്ധിപ്പിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം അവറാൻ കോയ മാസ്റ്റർക്ക് ഔദ്യോഗികാവശ്യാർത്ഥം പെട്ടെന്ന് ഡൽഹിയിലേക്ക് പോകേണ്ടതായി വന്നു.പെട്ടെന്നുള്ള അറിയിപ്പായതിനാൽ വിമാനത്തിലായിരുന്നു യാത്ര. അന്നേ ദിവസം തന്നെ നടക്കുന്ന മാസ്റ്ററുടെ സഹോദരിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ്  കല്യാണ വീട്ടിൽ നിന്നും മറ്റു ബന്ധുക്കളുടെ മുന്നിൽ വച്ച് മാസ്റ്റർ, കുഞ്ഞാത്തുമ്മാത്തയോട് യാത്ര ചോദിച്ചിറങ്ങിയത്.

“വിമാനം കയറുന്നതിന് മുമ്പ് വിളിക്കണേ..” മലേഷ്യൻ വിമാനവും ഇന്തോനേഷ്യൻ വിമാനവും കടലിനടിയിലേക്ക് പറന്ന കഥ വായിച്ച കുഞ്ഞാത്തുമ്മാത്ത അവറാൻ മാസ്റ്ററോട് പറഞ്ഞു.

“ങാ...” എന്ന് മൂളി അവറാൻ മാസ്റ്റർ പടി ഇറങ്ങുന്നത് കുഞ്ഞാത്തുമ്മാത്ത അല്പ നേരം നോക്കി നിന്നു.ശേഷം വീണ്ടും കല്യാണത്തിരക്കിലേക്ക് തിരിഞ്ഞു.വരനും പാർട്ടിയും വധുവിന്റെ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞാത്തുമ്മാത്തക്ക് പെട്ടെന്ന് അവറാൻ മാസ്റ്ററെ ഓർമ്മ വന്നത്.

”എന്റെ റബ്ബുൽ ആലമീനായ തമ്പുരാനേ....!“ പെട്ടെന്ന് തലയിൽ കൈ വച്ച് കുഞ്ഞാത്തുമ്മാത്ത ഉച്ചത്തിൽ പറഞ്ഞപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി.

“എന്താ എന്തുപറ്റി ??” നിമിഷ നേരം കൊണ്ട് വരനേയും വധുവിനേയും വിട്ട് എല്ലാവരുടേയും ശ്രദ്ധ കുഞ്ഞാത്തുമ്മാത്തയിലേക്കായി.

“മാസ്റ്റർ ഡെൽഹിക്ക് ന്ന് പറഞ്ഞ് ഇന്ന് രാവിലെ ഈ പന്തലീന്ന് എറങ്ങ്യേതാ....“

“എന്നിട്ടെന്താ മൂപ്പര് എത്തീലെ?”

“ബീമാനം കേറും മുമ്പ് വിളിക്കണം ന്ന് ഞാൻ പറഞ്ഞീനി...ആ വിളിം കിട്ടീല...ഇപ്പോ മണി നാലായി...ഇതുവരെ മൂപ്പര് ബിള്ച്ചില്ല....യൌടെപ്പോയാലും എടക്കെടക്ക് ന്നെ വിളിക്കുന്നതാ...ങ്ഹും...ങ്ഹും...ബീമാനത്തിൽ കയറ്ണത് ആദ്യാ....ങ്ഹും...ങ്ഹും ” കുഞ്ഞാത്തുമ്മാത്ത നിന്ന് തേങ്ങാൻ തുടങ്ങി.

“അതിപ്പോ വിമാനത്തീ ആദ്യം കയറുന്നതിന്റെ സന്തോഷത്തില് മറന്നു പോയതാകും താത്തേ...ങളൊന്ന് സബൂറാകി....” കേട്ടു നിന്ന ആരോ പറഞ്ഞു. അവറാൻ മാസ്റ്ററെ കാണാതായ വിവരം കല്യാണപന്തലിലാകെ പെട്ടെന്ന് തന്നെ വൈറലായി.

“രാവിലെത്തന്നെ ഇവടെ വന്നീനി...പുതുക്കം വരാൻ നിക്കാൻ സമയമില്ലാന്നും പറഞ്ഞ് എറങ്യേതാ...അതിപ്പോ ഇങ്ങന്യാകും ന്ന് ആരേലും വിചാരിച്ചോ...?” കുഞ്ഞാത്തുമ്മാത്തയുടെ മുഖത്ത് നോക്കി ഒരാൾ മുറിവിൽ മുളക് പുരട്ടി.

“ബാറുകളൊക്കെ പൂട്ടിത്തൊറന്നേ പിന്നെ വിമാനങ്ങളൊക്കെ മൂക്കും കുത്ത്യാ പറക്ക്‌ണത്....” വേറൊരുത്തിയുടെ ചീരാപറങ്കി പ്രയോഗം.

“അല്ലേലും മാസ്റ്റർ എറങ്ങുമ്പോഴേ വലതുകാൽ വയ്ക്കാത്തത് ഞാൻ ശ്രദ്ധിച്ചിരുന്നു...” മൂന്നാമതൊരു വലതൻ കൂടി എരിതീയിൽ എണ്ണയൊഴിച്ചു.

“നമ്മുടെ ദാമോദരൻ മാസ്റ്ററുടെ അളിയന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവിന്റെ അമ്മാവൻ ഡെൽഹിയിലുണ്ട്......” ആരോ ഒന്ന് പ്രതീക്ഷ നൽകുന്ന മറുപടി നൽകി.

“എങ്കിൽ നമ്പെറെടുക്ക്..നമുക്കൊന്ന് വിളിച്ച് നോക്കാം...” മറ്റാരോ പറഞ്ഞു.

“അതിപ്പോ....അവറാൻ കോയ മാസ്റ്ററെ കാണാതാകും ന്ന് മുൻധാരണ ഇല്ലാത്തതിനാൽ നമ്പർ എടുത്തില്ല...” പറഞ്ഞ ആൾ തടിയൂരി.

“ഡെൽഹി പോലീസിൽ ഒന്ന് അറിയിക്കുന്നത് നല്ലതാ...എല്ലാ കോഴകളും കണ്ടുപിടിക്കുന്ന അവർക്ക് നമ്മളെ അവറാൻ കോഴ മാസ്റ്ററേയും കണ്ടെത്താൻ പറ്റിയേക്കും...” വീണ്ടും നിർദ്ദേശം വന്നു.

“ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും ഒന്ന് അന്വേഷിക്കുന്നത് നല്ലതാ..” എൻ‌ട്രൻസ് പരീക്ഷ എഴുതിയ ആരോ അഭിപ്രായപ്പെട്ടു.

“ടി.വിയിൽ ഒരു ഫ്ലാഷ് ന്യൂസും ഞാൻ നൽകാം....” ഒരാൾ ആ കൃത്യം തന്നെ ഏറ്റെടുത്തു.

“ങ്ഹും ങ്ഹും .... എന്റെ അവറാൻ കാക്കാനെ കാക്കണേ....ഞങ്ങളെ അവറാൻ കാക്കാനെ കാക്കണേ.... ” അഭിപ്രായങ്ങൾ തലങ്ങും വിലങ്ങും ഒഴുകുമ്പോൾ കല്യാണ വീടിന്റെ അടുക്കളഭാഗം കുഞ്ഞാത്തുമ്മാത്തയുടേയും അയൽക്കൂട്ടത്തിന്റേയും സംഘരാഗത്താൽ ശബ്ദമുഖരിതമായി.

“ഇത് കല്യാണവീടോ അതോ മരണവീടോ?” എന്ന് ആരോ ചോദിച്ചപ്പോഴാണ് പല പെണ്ണുങ്ങൾക്കും സ്ഥലകാലബോധം തിരിച്ചു കിട്ടിയത്. അവിടെ ഇരുന്ന് മോങ്ങിയിട്ടും തേങ്ങിയിട്ടും ഫലമില്ല എന്നതിനാൽ കുഞ്ഞാത്തുമ്മാത്തയും അയൽക്കൂട്ടവും അവിടെ നിന്നും മെല്ലെ സ്കൂട്ടായി.

*********************

“നെഞ്ചിനുള്ളിൽ നീയാണ്....കണ്ണിൻ മുന്നിൽ നീയാണ്...കണ്ണടച്ചാൽ നീയാണ് ഫാത്തിമാ.....” പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കുഞ്ഞാത്തുമ്മാത്തയുടെ ഫോൺ റിംഗ് ചെയ്തു.

“ഹലോ...” കുഞ്ഞാത്തുമ്മാത്ത ഫോൺ എടുത്തു.

“ആ....അസ്സലാമലൈക്കും...കുഞ്ഞാത്തോ ഇത് ഞാനാ....”

“യാ കുദാ.....ങ്ങള് ഇത്രേം നേരം യൌട്യേയ്നി മൻസാ....ങ്ങളെപറ്റി ഒരു ബീരോം ഇല്ലാഞ്ഞിട്ട് ഞമ്മളാകെ മുസീബത്തിലായിനി...കല്യാണപ്പൊരേല് ആകെ പാട്ടും കൂത്തും...”

“കല്യാണപ്പൊരേല് ഇപ്പോ പാട്ടും കൂത്തും തന്ന്യാ കുഞ്ഞാത്തോ ഫാഷൻ...”

“അതല്ല മൻസാ.....ങ്ങള് പോയ ബീമാനം കടലിൽ ബീണ് ങ്ങള് മയ്യത്തായീന്ന് പറഞ്ഞ് ഞമ്മളെ അയൽക്കൂട്ടത്തിന്റെ വക ...”

“ന്റെ പടച്ചോനേ....ആരാ അങ്ങനൊക്കെ പറഞ്ഞെ...?ഞാൻ ഇപ്പം തന്നെ ബിളിച്ചത് അതോണ്ടാ...ഇബടെ ഹോട്ടലിൽ ടി.വിം കണ്ട് ഇരിക്കുമ്പം ഒരു ന്യൂസ് അങ്ങനെ മിന്നിമറയ്‌ണ്....ഇന്നലെ ഡെൽഹിക്ക് പുറപ്പെട്ട അവറാൻ മാസ്റ്ററെ ദുരൂഹ സാഹ്ചര്യത്തിൽ കാണാതായി ന്ന്....ആരാ ഇതൊക്കെ പറഞ്ഞ്ണ്ടാക്ക്യേത്?”

“അത്...അത്....യൌടെ പോയാലും സ്ഥലത്ത് എത്ത്യാ ബിളിക്ക്‌ണ ങ്ങളെ ഫോൺബിളി ഇന്നലെ മോന്ത്യായിട്ടും ബെന്ന്‌ല...ആദ്യായിട്ട് ബീമാനത്ത് കേറ്ണ ങ്ങളെങ്ങാനും .....”

“ഓ...അപ്പോ അനക്ക് ഫോൺ ചെയ്യാത്തതാണ് പ്രശ്നം....ബീമാനത്ത്‌ല് കയറ്‌ണ മുമ്പേ ഞാൻ അനക്ക് വിളിച്ചീനി...പക്ഷേ അന്നേരം ഇജ്ജ് ഔട്ട് ഓഫ് കോർപറേഷൻ ഏരിയ....ബീമാനം പൊന്തീട്ട് ഒന്നും കൂടി ബിളിച്ചപ്പം ഞമ്മൾ ഔട്ട് ഓഫ് കോർപറേഷൻ ഏരിയ....ഡെൽഹി എറങ്ങിയപ്പം രാത്രി 11 മണി....അപ്പോഴേക്കും ഞമ്മളെ ഫോൺ ഔട്ട് ഓഫ് ഓഡർ , ചാർജ്ജില്ല ന്ന്....റൂമിലെത്തി ചാർജ്ജ് ചെയ്ത് അന്നെ വിളിക്കാൻ നോക്കുമ്പം ഔട്ട് ഓഫ് ബാലൻസ്....! അങ്ങനെ ആകെ മൊത്തം ഔട്ട്....ഇപ്പം ഈ സർദാർജിന്റെ ഫോണ്ന്നാ ഈ കത്തി മുയ്‌വൻ...മൂപ്പര് ബെല്ലാത്തൊരു നോട്ടം നോക്ക്‌ണ്ണ്ട്...അതോണ്ട് കുഞ്ഞാത്തോ ഞാൻ ബെക്കാ...ഇഞ്ഞി പിന്നെ വിളിക്കാട്ടോ....”


ഗുണപാഠം: മൊബൈൽഫോണിനെ കാതടച്ച് വിശ്വസിക്കരുത്.