Tuesday, November 22, 2011
ശ്രീനാരായണഗുരുവും കാറിന്റെ റിവേഴ്സിങും....
മുതലാളിയെ കിട്ടിയ സന്തോഷത്തില്‍ കാര്‍ വീണ്ടും ഡിസ്കോ കളിക്കാന്‍ തുടങ്ങി.
“നീ എവിടേം നോക്കിയാ ഡ്രൈവ് ചെയ്യുന്നത്?” പിന്‍സീറ്റില്‍ നിന്നും കമന്റുകള്‍ വരാന്‍ തുടങ്ങി.
“മാഷ് ഇതുവരെ ഡ്രൈവ് ചെയ്ത അതേ റോഡിന്റെ ബാക്കിയാ ഇതും...”
“അതാ പറഞ്ഞത് ഡ്രൈവിങ്ങിനും വേണം ഒരു കരയോഗം...” പറഞ്ഞുതീരുന്നതിന് മുമ്പ് ഒരാള്‍ കാറിന് കൈകാട്ടി.തേടിയ പുലി കാറിന് കൈകാട്ടി എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ അനുഭവിച്ചിട്ടില്ലായിരുന്നു.
“ഈ വഴി ഒരു ഘോഷയാത്ര വരുന്നുണ്ട്.വണ്ടി ദേ ആ ലെഫ്റ്റ് പോകറ്റ് റോഡിലൂടെ വിട്ടോളൂ...” ഞങ്ങള്‍ക്ക് മുമ്പില്‍ പോയ വാഹനങ്ങളും അവര്‍ പറഞ്ഞ വഴിയെ തിരിയുന്നത് കണ്ട് മുമ്പേ ഗമിക്കും ഗാര്‍ തന്‍ പിമ്പേ ഗമിക്കും ഗാറുകളെല്ലാം എന്ന പഴമൊഴിയും അന്വര്‍ത്ഥമാക്കി വണ്ടി റൈറ്റ് റോഡില്‍ നിന്ന് ലെഫ്റ്റ് റോഡിലേക്ക് കയറി.
ആ റോഡില്‍ കയറിയ ഉടനെ അന്തരിച്ചുപോയ കൃഷ്ണങ്കുട്ടി നായരെപ്പോലെ ഒരാള്‍ വീണ്ടും കാറിന് കൈ കാണിച്ചു.അയാളുടെ സ്ലിംനെസ്സ് കാരണം ഞങ്ങളുടെ ഡ്രൈവര്‍ അത് കാണാത്തതോ അതല്ല മറ്റെന്തെങ്കിലുമോ അറിയില്ല കാര്‍ നിര്‍ത്താതെ വിട്ടു.ആ റോഡിലും എല്ലാ വാഹനങ്ങളും സൈഡ് ആക്കുന്നത് കണ്ട എനിക്ക് എന്തോ പന്തികേട് തോന്നി.ഇടവഴി പോലെയുള്ള ഒരു ഇടുങ്ങിയ പാതയില്‍ വണ്ടി പ്രവേശിച്ചതും മുന്നില്‍ മറ്റൊരു ഘോഷയാത്ര !!
“ങേ!! “ ഞങ്ങളെല്ലാവരും ഞെട്ടി. കാര്‍ ബ്രേക്കിട്ടതും ഘോഷയാത്രയുടെ മുന്നില്‍ നിന്നൊരാള്‍ ഓടിവന്നു പറഞ്ഞു.
“വണ്ടി പിന്നോട്ടെടുക്കണം...പിന്നില്‍ ഒരു രഥം വരുന്നുണ്ട്...”
“അതിനിവിടെ സൈഡാക്കിയല്‍ പോരേ...?”
“ഈ ഇടുങ്ങിയ വഴിയിലൂടെ അത് കടന്ന് പോകാനോ?” ആഗതന് ഞങ്ങളുടെ മറുപടി ഇഷ്ടമായില്ല.
“അതു തന്നെയാ ഞാനും പറയുന്നത്...“
“ആഹാ...നീ അത്രക്കായോ?” ആള്‍ക്കാര്‍ ഓടി വന്ന് കാറിനെ ചുറ്റാന്‍ തുടങ്ങി.
എന്റ്റെ ഉള്ളില്‍ അല്പം ഭയം കേറി തുടങ്ങി.കാരണം കാറിനുള്ളിലിരിക്കുന്ന അരീക്കോടനും തിക്കോടിക്കാരനും വാല്യക്കാരനും നാമൂസും പെടുന്ന സമുദായമല്ല കാറിന് പുറത്ത് നില്‍ക്കുന്നത്.താടിക്കാര്‍ ആരും ഇല്ലാഞ്ഞത് ആ നിമിഷം ഞങ്ങളെ രക്ഷിച്ചു.നാമൂസ് മീറ്റില്‍ നിന്നും വാങ്ങിയ സഖാവ് കുഞ്ഞാലിയെ പറ്റിയുള്ള ഒരു പുസ്തകം പുറം ചട്ട കാണ്‍കെ ഞാന്‍ ഉയര്‍ത്തിപ്പിടിച്ചു.കണ്ണൂര്‍ സഖാക്കന്മാര്‍ക്ക് അത് കണ്ടെങ്കിലും വല്ലതും തോന്നിയാലോ ? വാല്യക്കാരന്‍ അതിനിടെ അറക്കല്‍ കൊട്ടാരത്തില്‍ നിന്ന് വാങ്ങിയ മറ്റൊരു ‘ആലി’ പുസ്തകവും മുറുക്കിപ്പിടിച്ചു.അപ്പോള്‍ കിട്ടിയ ഒരു ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു.
“മെയിന്‍ റോഡില്‍ നിന്നും ഇതുവഴി പോകാന്‍ പറഞ്ഞത് കൊണ്ടാ ഇങ്ങോട്ട് തിരിഞ്ഞത്...”
“ഞാന്‍ കൈ കാട്ടിയിട്ടും നിര്‍ത്താതെ പോന്നതല്ലേ ?” ‘കൃഷ്ണങ്കുട്ടി നായരും’ ഓടി എത്തി.
“നിങ്ങള്‍ കൈ കാട്ടിയത് ഞാന്‍ കണ്ടില്ല...”
“ആഹാ...ഇത്രേം തടീം വണ്ണോം ള്ള ഞാന്‍ കൈ കാട്ടിയിട്ട് കണ്ടില്ല എന്നൊ ?” ‘കൃഷ്ണങ്കുട്ടി നായര്‍’ തന്റെ സിക്സ് പാക്ക് കാണിക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ടു.
“സംസാരിക്കാന്‍ സമയമില്ല... വണ്ടി റിവേഴ്സ് എടുക്ക്...” ഓഫായ വണ്ടിയിലേക്ക് നോക്കി കൂടി നിന്നവര്‍ പറഞ്ഞു.അപ്പോഴേക്കും ഘോഷയാത്ര ഞങ്ങളുടെ സമീപത്തെത്തി.
“അതേ....നമുക്ക് ഘോഷയാത്ര കഴിഞ്ഞ് പോയാല്‍ മതി...വണ്ടി പിന്നോട്ട് എടുക്ക്...” ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തില്‍ ഞാനും പറഞ്ഞു.
“ആഹാ...അങ്ങ്നെയങ്ങ് പിന്നോട്ട് എടുക്കാനോ....ഇത് പി.ഡബ്ലിയു.റോഡല്ലേ ?” അതുവരെ ഉണ്ടായ സര്‍വ്വ സമാധാനവും കെടുത്തുന്ന ബോംബ് ഞങ്ങളുടെ ഒരു വായില്‍ നിന്ന് തന്നെ പൊട്ടി.
“ങാഹാ...എന്തു പറഞ്ഞെടാ..” ആരുടെയോ കൈ കാറിനുള്ളിലേക്ക് ശക്തിയില്‍ വരുന്നത് ഞാന്‍ കണ്ടു.മറ്റാരോ ആ കൈ തടഞ്ഞില്ലായിരുന്ന്വെങ്കില്‍ എന്റെ പിറ്റേന്നത്തെ ട്രെയ്നിംഗ് മുഴുവന്‍ കുളമായേനെ.കാരണം കണ്ണൂരിനെ സംബന്ധിച്ച് അടുത്ത സ്റ്റെപ് പിന്നെ രക്തക്കളമാണ്.
“നീ കാറ് റിവേഴ്സ് എടുക്ക്...ഇത് ഗുരുവിന്റെ ഘോഷയാത്രയാ” ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു.
“ഇത് അതിലും വലിയ കുരുവാ ....ഒന്ന് സ്റ്റാര്‍ട്ട് ആയി കിട്ടേണ്ടേ...” സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഇന്ത്യക്കാരനെ കേട്ടിട്ടുണ്ട്.അതുപോലെ ജനക്കൂട്ടം കണ്ടപ്പോള്‍ സ്റ്റാര്‍ട്ടിംഗ് മറന്ന ലോകത്തിലെ ആദ്യത്തെ കാറായി ശ്രീജിത്തിന്റെ കാര്‍ അന്ന് ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
“നീ ഇറങ്ങ്...ഞാന്‍ എടുത്തോളാം...” ഞാന്‍ പറഞ്ഞതും ഡ്രൈവര്‍ പുറത്തിറങ്ങി.ഉടന്‍ നാട്ടുകാരനായ ഒരാള്‍ വണ്ടിയിലേക്ക് കയറി , സ്റ്റാര്‍ട്ട് ചെയ്ത് തൊട്ടടുത്ത് കണ്ട പറമ്പിലെ പണിതീരാത്ത വീട്ടുമുറ്റത്തേക്ക് കയറ്റി.ഒരു വലിയ ആപത്തില്‍ നിന്നും രക്ഷപ്പെട്ടതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു.നാമൂസും തിക്കോടിക്കാരനും ശ്രീജിത്തും പുക ആസ്വദിച്ചുകൊണ്ട് മനസ്സ് വീണ്ടും ചൂടാക്കിക്കൊണ്ടിരുന്നു.
(തുടരും....)
Sunday, November 20, 2011
അരീക്കോട് പഞ്ചായത്തിന് ഇന്ന് അമ്പത് വയസ്സ്
നാടിന്റെ പുരോഗതിയെപറ്റി ധാരാളം കഥകള്‍ പല കോണുകളില്‍ നിന്നും കേള്‍ക്കുമായിരിക്കും.പക്ഷേ എന്റെ പഞ്ചായത്തിനെപറ്റി എനിക്കുള്ള ആശങ്ക മാലിന്യപ്രശ്നം തന്നെയാണ്.അതും പ്ലാസ്റ്റിക് മാലിന്യം.മനുഷ്യരായ നാം ഓരോരുത്തരും ഈ കൊടും ഭീകരനെക്കുറിച്ച് ഇന്നും ആഴത്തില്‍ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.
ലോകത്തിലെ പ്ലാസ്റ്റിക് ഒഴികെ ഏത് മാലിന്യവും മണ്ണില്‍ അലിഞ്ഞ് ചേരാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം മതി.എന്നാല്‍ പ്ലാസ്റ്റിക് മണ്ണിലലിയാന്‍ 100 ലക്ഷം വര്‍ഷം വരെ എടുക്കുന്നു.ഒരു ദിവസം ഒരു പ്ലാസ്റ്റിക് കവറെങ്കിലും വീട്ടില്‍ എത്തിക്കുന്ന നാം അത് അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ അടുത്ത 100 ലക്ഷം വര്‍ഷത്തേക്കുള്ള ഒരു ‘ഫിക്സഡ് ഡെപോസിറ്റ്’ ആണ് അതെന്ന സത്യം നാം മറന്നുപോകുന്നു.
മഴക്കാലമായാല്‍ ഞാന്‍ നടന്നുപോകുന്ന വഴിയിലൂടെ (പോസ്റ്റ് ഓഫീസിന് സമീപം) ചെറിയ ഒരു നീരൊഴുക്കും ഉണ്ടാകാറുണ്ട്. മഴ തിമര്‍ത്ത് പെയ്താല്‍ പലപ്പോഴും ആ വഴി നടക്കാന്‍ അറപ്പ് തോന്നും.ചെളിവെള്ളമല്ല ഈ അറപ്പിന് കാരണം , ചുറ്റു ഭാഗത്തും താമസിക്കുന്ന ജനങ്ങള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കീസുകള്‍ വഴിയില്‍ അടിയുന്നതാണത്. ഇനി അവ അവിടെ തടഞ്ഞു നിന്നില്ല എങ്കിലോ? നേരെ ചെന്ന് ചാടുന്നത് ചാലിയാറിലേക്കാണ്.തന്റെ പരിസരം മാത്രമല്ല, സ്വഛമായി ഒഴുകിക്കൊണ്ടിരിക്കുന്ന, നാടിന്റെ ജീവധാരയായ ഒരു പുഴയെക്കൂടി നശിപ്പിക്കാന്‍ നാം അറിയാതെ പങ്ക്ചേരുന്നു.
അപ്പോള്‍ ഇതിന് ബദല്‍ എന്ത് എന്നായിരിക്കും പലരുടേയും ചോദ്യം.പ്ലാസ്റ്റിക് കീസിനോളം സൌകര്യമുള്ള ഒരു സാധനം ഇല്ല എന്നത് സത്യം തന്നെ.പക്ഷേ നമ്മുടെ മനസ്ഥിതിയില്‍ ഒരു ചെറിയ മാറ്റം ഉണ്ടായാല്‍ ഈ ഭീകരനെ നമ്മുടെ വീടുകളില്‍ നിന്നും ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കും.പഴഞ്ചനെന്ന് പലര്‍ക്കും തോന്നും എങ്കിലും അമ്പതാണ്ട് പല സുഖങ്ങളും അനുഭവിച്ച നമുക്ക് അടുത്ത അമ്പതാണ്ട് നിലനില്‍ക്കാന്‍ പോലും ഈ ചിന്ത കൂടിയേ തീരൂ എന്നതാണ് അവസ്ഥ.
ഞാന്‍ കടയില്‍ പോകുമ്പോള്‍ ഒരു സഞ്ചി കയ്യില്‍ കരുതിയാണ് പോകുന്നത്.ഈ സഞ്ചി തൂക്കിപിടിക്കാനുള്ള മടി തന്നെയാണ് നാം ആദ്യം മാറ്റി എടുക്കേണ്ടത്.ഞാന്‍ സാധനം വാങ്ങുന്നത് മിക്കവാറും ചില സ്ഥിരം കടകളില്‍ നിന്നാണ്.അവിടെ രണ്ടോ മൂന്നോ തവണ പ്ലാസ്റ്റിക് കീസ് വേണ്ട എന്ന് എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്.ഇപ്പോള്‍ അവരാരും എനിക്ക് കീസ് തരാറില്ല!എന്തിനധികം മത്സ്യമാര്‍ക്കറ്റില്‍ നിന്ന് എല്ലാവര്‍ക്കും കീസ് നല്‍കുമ്പോള്‍ എനിക്ക് അവര്‍ കടലാസില്‍ പൊതിഞ്ഞ് തരുന്നു!അപ്പോള്‍ മത്സ്യത്തിന്റെ ഗന്ധം കയ്യിലാവില്ലേ എന്നായിരിക്കും പലരുടേയും ചോദ്യം.അതൊന്ന് കഴുകി കളയാന്‍ അത്ര ബുദ്ധിമുട്ടുണ്ടോ എന്നാണ് എന്റെ മറുചോദ്യം.ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ ഒരു കീസ് കൊണ്ടുപോയിക്കൂടേ?എന്റെ അനിയന്‍ സ്വീകരിച്ച മാര്‍ഗ്ഗം അതാണ്.
അഭ്യസ്തവിദ്യരായ എന്റെ നാട്ടുകാര്‍ ഈ രൂപത്തില്‍ ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോവുകയാണ്.ഒപ്പം പഞ്ചായത്ത് ഭരണ സമിതിയും ഈ നിശബ്ദ ഭീകരനെ നാടുകടത്താനുള്ള വഴികള്‍ ആരംഭിക്കണമെന്ന് അപേക്ഷിക്കുന്നു.
ഒരു അടുക്കള ലിസ്റ്റ്
“ ഒരു പാക്കറ്റ് പപ്പടോം...”
അതിന്റെ പിന്നാലെ ഇനിയും ആവശ്യങ്ങള്‍ വരും എന്ന് പതിമൂന്ന് കൊല്ലമായി(അതേ ഈ പതിനഞ്ചാം തീയതി 13 വര്‍ഷം തികഞ്ഞു) അവളുടെ കൂടെ കഴിയാന്‍ തുടങ്ങിയ എനിക്ക് ഉറപ്പായിരുന്നതിനാല്‍ ഞാന്‍ അവിടെ തന്നെ കാത്തുനിന്നു. പ്രതീക്ഷിച്ച പോലെ അവളുടെ വിളി വന്നു.
“ലുലൂ (എന്നെയല്ല, എന്റെ മോളെ)...ഉപ്പച്ചി പോയോ?”
“ഇല്ല...”
“എന്നാ ഒരു പാക്കറ്റ് തൈരും വേണം എന്ന് പറീ...”
ഞാന്‍ നേരിട്ട് കേട്ടതിനാല്‍ മോള്‍ എന്റെ മുഖത്തേക്ക് നോക്കി.എന്നിട്ടും ഞാന്‍ അവിടെത്തന്നെ നിന്നു.കാരണം പതിമൂന്ന് കൊല്ലത്തെ പരിചയം തന്നെ!!
“കുറച്ച് കാരറ്റ് കൂടി വേണംന്ന് പറി ലുലൂ...” എന്റെ കണക്ക് കൂട്ടല്‍ ശരിയായി!!
“ഇനി ഒരു ലിസ്റ്റാക്കി തരാന്‍ പറ....പെറുക്കി പെറുക്കി പറഞ്ഞാല്‍ അവസാനം വീട്ടിലെത്തുമ്പോള്‍ മറക്കുന്നത് ചിക്കന്‍ ആയിരിക്കും...” ഞാന്‍ മോളോട് പറഞ്ഞു.അവള്‍ ഉമ്മയുടെ അടുത്തേക്ക് പോയി.അല്പം കഴിഞ്ഞ് ഒരു ലിസ്റ്റ് എനിക്ക് തന്നു.അത് ഇപ്രകാരം -
ചിക്കന്‍ - ( എന്ന് വച്ചാല്‍ നിങ്ങള്‍ക്ക് തോന്നുന്നത് )
ചെറുനാരങ്ങ - വിലകുറവാണെങ്കില്‍ 2 എണ്ണം
പപ്പടം - വലുതാണെങ്കില്‍ 1 പാക്കറ്റ്
കാരറ്റ് - ഇന്നത്തെ ആവശ്യത്തിന്
തൈര് - മില്‍മയാണെങ്കില്‍ വേണ്ട!
മല്ലിച്ചെപ്പ് - ചമ്മന്തിക്ക് മാത്രം
മാര്‍ക്കറ്റ് വിലക്ക് അനുസൃതമായി ഇത്രയും ഭംഗിയായി അടുക്കള ലിസ്റ്റ് തയ്യാറാക്കിയ ഭാര്യയോട് എങ്ങനെ ഞാന്‍ നന്ദി പറയണം?
Sunday, November 06, 2011
ബാല്യപ്പെരുന്നാള്‍
കുട്ടിക്കാലത്ത് ഏറ്റവും സന്തോഷം ലഭിച്ചിരുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു
പെരുന്നാൾ സുദിനം. പുതുപുത്തൻ വസ്ത്രങ്ങൾ ലഭിക്കും എന്നതായിരുന്നു ഈ
സന്തോഷത്തിന്റെ പ്രധാന കാരണം.
പെരുന്നാൾ ദിനത്തിന്റെ ഏതാനും
ദിവസങ്ങൾക്ക് മുമ്പ് രാവിലെത്തന്നെ ബാപ്പ ഉമ്മയെയും കൂട്ടി കോഴിക്കോട്ടേക്ക്
പോകും.വൈകുന്നേരത്തോടെ തിരിച്ചു വീട്ടിലെത്തുമ്പോൾ രണ്ട് പേരുടെയും ഇരു കയ്യിലും തൂക്കിപ്പിടിച്ച
നിലയിൽ ഒരുപാട് സഞ്ചികൾ ഉണ്ടാകും.വീട്ടിനകത്ത് കയറി ആ സഞ്ചികള്‍ എല്ലാം ഇറക്കി
വയ്ക്കുമ്പോള്‍, ഇന്ന് ഗള്‍ഫില്‍
നിന്നും വരുന്നവരുടെ പെട്ടിക്ക് ചുറ്റും കൂടുന്നത് പോലെ ഞങ്ങൾ അവയെ പൊതിയും.കുറേ
കട്‌പീസുകളും ഹാന്റെക്സ് ഉല്പന്നങ്ങളും പിന്നെ എനിക്കും അനിയനും ഉള്ള ‘യൂനിഫോമും’
ഏറ്റവും ചെറിയ അനിയനുള്ള എള്ളുണ്ടയും ഒക്കെ ആയിരുന്നു ആ സഞ്ചികളിൽ നിറച്ച്
കൊണ്ടുവന്നിരുന്നത്. .എനിക്കും അനിയനും
(ചെറിയ അനിയന്‍ അല്പം ലേറ്റ് ആയി ജനിച്ചതായിരുന്നതിനാല്‍ അവന് ഷർട്ട് ഉണ്ടായിരുന്നതായി ഓര്‍മ്മയില്ല) ഒരേ
തരത്തിലുള്ള ഷര്‍ട്ട് പീസ് ആയിരുന്നു അക്കാലത്ത് എടുത്തിരുന്നത്.പിന്നെ ആ
നെടുനീളന്‍ തുണിയില്‍ നിന്ന് ഞങ്ങൾ ഓരോരുത്തര്‍ക്കും വേണ്ടത് മുറിച്ചെടുത്ത്
കുപ്പായം തുന്നലും ബാക്കിയുള്ളത് തിരിച്ചേല്‍പ്പിക്കലും സ്ഥലത്തെ പ്രധാന ടൈലര്‍ അറുമുഖേട്ടന്റെ
ഡ്യൂട്ടിയാണ്.
പിറ്റേ ദിവസം
തന്നെ ഞങ്ങള്‍ ബാപ്പയുടെ കൂടെ അറുമുഖേട്ടന്റെ തുന്നൽക്കടയായ ഷൈമ ടൈലേഴ്സിലേക്ക്
പുറപ്പെടും.അങ്ങാടി മധ്യത്തില്‍ ഒരു കടയുടെ മുകള്‍ നിലയിലുള്ള ഷൈമ ടൈലേഴ്സിലേക്കുള്ള
ഇടുങ്ങിയ ഗോവണി കയറാന്‍ തന്നെ നല്ല പാടായിരുന്നു.അറുമുഖേട്ടന്‍ ഞങ്ങളുടെ ദേഹത്ത്
എവിടെയൊക്കെയോ ടേപ്പ് പിടിച്ച് ഒരു റസീറ്റ് ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിക്കും.
രണ്ട്
പേരുടേയും മുഴുവന്‍ അളവും എടുത്ത് കഴിഞ്ഞാല്‍ ഞാന്‍ അനിയനേയും അവന്‍ എന്നേയും
ഒന്ന് നോക്കും.ആ നോട്ടത്തിന്റെ അർത്ഥം അറുമുഖേട്ടനോട് ഒരു കാര്യം കൂടി പറയാനുണ്ട്
എന്നാണ് . അതായത് അപ്പോള്‍ നിലവിലുള്ള എല്ലാ ഫേഷനുകളും ഞങ്ങളുടെ കുപ്പായത്തിലും ഉണ്ടായിരിക്കണം എന്നുള്ള കാര്യം.രണ്ട്
കീശയാണെങ്കില്‍ അത്,കീശക്ക് ടോപ്പുള്ളതാണ്
എങ്കില്‍ അത്,പ്രെസ്സ് ബട്ടണ്‍ ആണെങ്കില്‍ അത്, അങ്ങനെ നിലവിലുള്ള ഫേഷനൊക്കെ അറിഞ്ഞിരിക്കേണ്ടതും കുപ്പായത്തിൽ
തുന്നിച്ചേർക്കേണ്ടതും അറുമുഖേട്ടന്റെ
ഡ്യൂട്ടിയാണ്.അത് അറുമുഖേട്ടനോട് ബാപ്പ പറയില്ല; അനിയനും
പറയില്ല ;അറുമുഖേട്ടന്റെ മുഖത്ത് നോക്കി ഞാനും പറയില്ല!
പിന്നെ എന്തു ചെയ്യും?അവിടെ നിന്നും ഇറങ്ങിപ്പോരുന്ന സമയത്ത്
പുറം ചുമരിലേക്ക് നോക്കി ഞാൻ വിളിച്ച് പറയും - 'കുപ്പായത്തിൽ
എല്ലാ ഫേഷനും വേണം' !! അത് അറുമുഖേട്ടന്‍ ഒരിക്കലും കേള്‍ക്കാറില്ല. പക്ഷേ പറഞ്ഞു എന്ന
സമാധാനം എനിക്കും കിട്ടും ഞാൻ പറഞ്ഞില്ല എന്ന പേരില്‍ എന്നെ ഇടിക്കാനുള്ള അവസരം
അനിയന് നഷ്ടമാവുകയും ചെയ്യും!
അറുമുഖേട്ടന്‍ കുപ്പായം തുന്നിത്തരാം എന്ന് പറഞ്ഞ ദിവസം വരെ, മറ്റുള്ളവരുടെ കുപ്പായത്തില്‍
എന്തൊക്കെ കോപ്രായങ്ങള്‍ ഉണ്ട് എന്ന് നോക്കലാണ് പിന്നെ ഞങ്ങളുടെ ഹോബി.അതെല്ലാം, കിട്ടാൻ പോകുന്ന ഞങ്ങളുടെ കുപ്പായത്തിലും ഉണ്ടാകുമല്ലോ എന്ന് സ്വപ്നം
കാണും. സ്കൂളിലേക്ക് പോകുന്ന ദിവസങ്ങളിലെല്ലാം ഷൈമ ടൈലേഴ്സിന്റെ ചില്ലു
കൂടിനുള്ളിലേക്ക് ഒളിഞ്ഞ് നോക്കും, ഞങ്ങളുടെ കുപ്പായം അവിടെ
തൂങ്ങുന്നുണ്ടോ എന്നറിയാന്‍.പക്ഷേ അങ്ങനെ ഒന്ന് ഒരിക്കലും സംഭവിച്ചതേ ഇല്ല.
കുപ്പായം തുന്നി കിട്ടും എന്ന് പറഞ്ഞ
ദിവസം നേരത്തെ തന്നെ ഞങ്ങള്‍ ഷൈമ ടൈലേഴ്സില്‍ എത്തും. കുപ്പായപ്പൊതി
കയ്യിൽ കിട്ടിയാല്‍ പിന്നെ അതും കൊണ്ട് വീട്ടിലേക്ക് ഒരോട്ടമാണ്.വീട്ടിലെത്തി പൊതി
അഴിച്ച് കുപ്പായം നിവര്‍ത്തി നോക്കുമ്പോഴാണ് അറുമുഖേട്ടന്‍ എന്ന ‘പഴഞ്ചനെ‘ ശരിക്കും
മനസ്സിലാകുക.നാട്ടിലുള്ള ഒരു ഫേഷനും ഞങ്ങളുടെ കുപ്പായത്തില്‍
ഉണ്ടായിരിക്കില്ല!പിന്നെ ഞാനും അനിയനും തർക്കം തുടങ്ങും - കാക്ക പറയാത്തത്
കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് അനിയനും ചുമരില്‍ നോക്കിയാണെങ്കിലും ഞാന്‍
പറഞ്ഞിരുന്ന് എന്ന് ഞാനും വാദിക്കും. ഫേഷന്‍ ഒന്നും ഇല്ലെങ്കിലും പുത്തന്‍
കുപ്പായം കിട്ടിയ സന്തോഷം ഇന്നും മനസ്സില്‍ ഓടി എത്തുന്നു.
ഇന്ന് അറുമുഖേട്ടനും ഇല്ല , ഷൈമ ടൈലേഴ്സും ഇല്ല.ഞാനും അനിയനും
മിക്കവാറും റെഡിമേഡ് ഷര്‍ട്ടുകള്‍ വാങ്ങിക്കുന്നു.എങ്കിലും പെരുന്നാള്‍
ആഗതമാകുമ്പോള്‍ ആ ബാല്യപ്പെരുന്നാള്‍ ഓര്‍മ്മയിലേക്ക് ഓടി വരുന്നു.
Friday, November 04, 2011
ഒരു എ.ടി.എം അനുഭവങ്ങള്‍
അഞ്ചാറുപേര്‍ പുറത്ത് ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ അതില്‍ മൂന്നമനോ നാലാമനോ.അകത്തുള്ള ആള്‍ എപ്പോള്‍ കയറിയതാണെന്ന് അറിയില്ല.അയാള്‍ എന്തോ രണ്ട് ഓപ്പറേഷന്‍ നടത്തി കാശ് എടുക്കാതെ പുറത്തിറങ്ങി.രണ്ടാമത്തെ ആള്‍ അകത്തുകയറി.ഇത്ര നേരം ക്യൂവില്‍ നിന്നിട്ടും തന്റെ കാര്‍ഡ് കയ്യില്‍ ഒന്ന് എടുത്ത് പിടിക്കാന്‍ പോലും അയാള്‍ക്ക് തോന്നിയിട്ടില്ലായിരുന്നു.മെഷീനിന്റെ മുമ്പില്‍ എത്തിയ ശേഷം അയാള്‍ ജീന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ടു.പേഴ്സ് എടുത്ത് അതിനുള്ളില്‍ നിന്നും ഒരു കെട്ട് പേപ്പറുകള്‍ പുറത്തെടുത്തു.അത് അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു നോക്കിയെങ്കിലും കാര്‍ഡ് കണ്ടില്ല.വീണ്ടും എല്ലാ പോക്കറ്റിലും തപ്പി നോക്കി.കാര്‍ഡ് കിട്ടിയില്ല.പേഴ്സ് ഒന്നുകൂടി എടുത്ത് വീണ്ടും ഓരോ പേപ്പറായി മറിച്ച് നോക്കി.കാര്‍ഡ് അതിനകത്ത് നിന്നും കിട്ടി!അക്കൌണ്ടില്‍ എത്ര ബാലന്‍സ് ഉണ്ട് എന്നറിയല്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം എന്ന് തോന്നുന്നു.പണം പിന്‍വലിക്കാതെ അയാള്‍ പുറത്തിറങ്ങി.
അടുത്തത് ഒരു പയ്യനായിരുന്നു.ഒപ്പം ഒരു സ്കൂള്‍ പയ്യനും കയറി.മെഷീനോട് ചേര്‍ന്ന് നിന്ന് അവന്‍ പിന്‍ നമ്പറ് അടിച്ചു.അവന്റെ സൂക്ഷ്മതയില്‍ അങ്ങനെയാണ് പബ്ലിക്കില്‍ ചെയ്യേണ്ടത് എന്ന പാഠം ഞാന്‍ പഠിച്ചു.പക്ഷേ ഇന്‍വാലിഡ് പിന്‍ നമ്പര്‍ എന്ന മെസേജും ഒപ്പം കാര്‍ഡും പുറത്തേക്ക് വന്നു.കാര്‍ഡ് വീണ്ടും ഇന്‍സെര്‍ട്ട് ചെയ്ത് അവന്‍ അടുത്ത പിന്‍ നമ്പറ് നല്‍കി.വീണ്ടും തഥൈവ.അവന്‍ ആരെയോ ഫോണില്‍ വിളിക്കുന്നതായി ഭാവിച്ചു.വീണ്ടും കാര്‍ഡ് ഇന്‍സെര്‍ട്ട് ചെയ്തു, പിന്‍ നമ്പര്‍ അടിച്ചു.ഇന്‍വാലിഡ് പിന്‍ നമ്പര്‍ എന്ന മെസേജും കാര്‍ഡ് ബ്ലോക്ക്‌ഡ് എന്ന മെസേജും വന്നു.ഇതൊന്നും ശ്രദ്ധിക്കാതെ അവന്‍ വീണ്ടും കാര്‍ഡ് മെഷീനില്‍ ഇട്ടു പിന്‍ നമ്പര്‍ അടിച്ചു.കാര്‍ഡിനെ മെഷീന്‍ വിഴുങ്ങി.ഉടന്‍ സെക്യൂരിറ്റിയെ വിളിച്ചു.അയാള്‍ കരുതിയത് കാര്‍ഡ് എടുക്കാത്തത് കാരണം അകത്ത് പോയി എന്നാണ്.അടുത്ത ദിവസം ബാങ്കില്‍ ചെന്ന് അത് കളക്ട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മനസ്സില്ലാ മനസ്സോടെ ആ പയ്യന്‍ കൌണ്ടറില്‍ നിന്ന് പുറത്തിറങ്ങി.
ഇത്രയും പറഞ്ഞത് മേല്പറഞ്ഞ രണ്ട് വ്യക്തികള്‍ ചിന്തിക്കാതെ പോയ രണ്ട് സംഗതികള്‍ സൂചിപ്പിക്കാനാണ്.ആദ്യത്തെയാള്‍ ക്യൂവില്‍ നില്‍ക്കുമ്പോഴേ കാര്‍ഡ് കയ്യില്‍ പിടിച്ചിരുന്നെങ്കില്‍ പുറത്ത് നില്‍ക്കുന്നവര്‍ക്ക് രണ്ട് മിനുട്ടെങ്കില്‍ രണ്ട് മിനുട്ടെങ്കിലും ലാഭിക്കാമായിരുന്നു.നാം ചെയ്യാന്‍ പോകുന്ന ഒരു സംഗതിക്ക് ഒട്ടും മുന്നൊരുക്കം നടത്താതിരിക്കുന്നത് പൊതുസ്ഥലത്തെങ്കിലും ഒഴിവാക്കുക.
രണ്ടാമത്തെ പയ്യന്‍ പിന്‍ നമ്പര്‍ അറിയില്ല എന്ന് മാത്രമല്ല തന്റെ മുമ്പില്‍ തെളിയുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല.പുറത്ത് ഇത്രയും പേര്‍ കാത്ത് നില്‍ക്കുന്നു എന്നതും അവനെ അലട്ടിയില്ല.പരീക്ഷണം നടത്താന്‍ ആളും അനക്കവും ഇല്ലാത്ത എത്രയോ എ.ടി.എമ്മുകള്‍ ടൌണില്‍ തന്നെ ഉണ്ടെന്നിരിക്കേ ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന ഒരു എ.ടി.എം കൌണ്ടറില്‍ ഇത്തരം സമയം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ ചെയ്യാന്‍ പാടില്ലായിരുന്നു.
വാല്‍: നമ്മുടെ സൌകര്യം മറ്റുള്ളവര്‍ക്ക് അസൌകര്യമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
Wednesday, November 02, 2011
കഥാപാത്രത്തെ വിറ്റു !
ശൂന്യമായ കാര്‍ പോര്‍ച്ച് കാണുമ്പോള്‍ കാര്‍ പോയതിലുമുപരി എന്റെ കഥാപാത്രം നഷ്ടമായ വേദന ഇപ്പോള്‍ ഞാന്‍ അറിയുന്നു.
അന്ത്യയാത്ര
“ഇത് ഈ കാറിലെ നമ്മുടെ അവസാനയാത്രയാണ്”.
ഇന്നലെ പത്രമെടുത്ത് വായിച്ച എന്റെ രണ്ടാമത്തെ മകളുടെ ചോദ്യം : “അന്ത്യയാത്ര എന്നാല്‍ എന്താണുപ്പാ?”
“അവസാനത്തെ യാത്ര” അലസമായി ഞാന്‍ മറുപടി പറഞ്ഞു.
“അപ്പോള്‍ മിനിഞ്ഞാന്ന് നമ്മുടെ അന്ത്യയാത്ര കൂടിയായിരുന്നു അല്ലേ?” സംശയം കേട്ട് ഞാന്‍ ഞെട്ടിപ്പോയി.