അരീക്കോടന്‍ എന്ന പേരില്‍ ബൂലോകത്ത് ഞാന്‍ ബ്ലോഗ് എഴുത്ത് തുടങ്ങിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു.ഇന്ന് എന്റെ പഞ്ചായത്ത് രൂപീകൃതമായിട്ട് അമ്പത് വര്‍ഷവും തികയുന്നു. 1961 നവമ്പര്‍ 20 നായിരുന്നു അരീക്കോട് പഞ്ചായത്ത് രൂപീകൃതമായത്.
നാടിന്റെ പുരോഗതിയെപറ്റി ധാരാളം കഥകള്‍ പല കോണുകളില്‍ നിന്നും കേള്‍ക്കുമായിരിക്കും.പക്ഷേ എന്റെ പഞ്ചായത്തിനെപറ്റി എനിക്കുള്ള ആശങ്ക മാലിന്യപ്രശ്നം തന്നെയാണ്.അതും പ്ലാസ്റ്റിക് മാലിന്യം.മനുഷ്യരായ നാം ഓരോരുത്തരും ഈ കൊടും ഭീകരനെക്കുറിച്ച് ഇന്നും ആഴത്തില്‍ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.
ലോകത്തിലെ പ്ലാസ്റ്റിക് ഒഴികെ ഏത് മാലിന്യവും മണ്ണില്‍ അലിഞ്ഞ് ചേരാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം മതി.എന്നാല്‍ പ്ലാസ്റ്റിക് മണ്ണിലലിയാന്‍ 100 ലക്ഷം വര്‍ഷം വരെ എടുക്കുന്നു.ഒരു ദിവസം ഒരു പ്ലാസ്റ്റിക് കവറെങ്കിലും വീട്ടില്‍ എത്തിക്കുന്ന നാം അത് അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ അടുത്ത 100 ലക്ഷം വര്‍ഷത്തേക്കുള്ള ഒരു ‘ഫിക്സഡ് ഡെപോസിറ്റ്’ ആണ് അതെന്ന സത്യം നാം മറന്നുപോകുന്നു.
മഴക്കാലമായാല്‍ ഞാന്‍ നടന്നുപോകുന്ന വഴിയിലൂടെ (പോസ്റ്റ് ഓഫീസിന് സമീപം) ചെറിയ ഒരു നീരൊഴുക്കും ഉണ്ടാകാറുണ്ട്. മഴ തിമര്‍ത്ത് പെയ്താല്‍ പലപ്പോഴും ആ വഴി നടക്കാന്‍ അറപ്പ് തോന്നും.ചെളിവെള്ളമല്ല ഈ അറപ്പിന് കാരണം , ചുറ്റു ഭാഗത്തും താമസിക്കുന്ന ജനങ്ങള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കീസുകള്‍ വഴിയില്‍ അടിയുന്നതാണത്. ഇനി അവ അവിടെ തടഞ്ഞു നിന്നില്ല എങ്കിലോ? നേരെ ചെന്ന് ചാടുന്നത് ചാലിയാറിലേക്കാണ്.തന്റെ പരിസരം മാത്രമല്ല, സ്വഛമായി ഒഴുകിക്കൊണ്ടിരിക്കുന്ന, നാടിന്റെ ജീവധാരയായ ഒരു പുഴയെക്കൂടി നശിപ്പിക്കാന്‍ നാം അറിയാതെ പങ്ക്ചേരുന്നു.
അപ്പോള്‍ ഇതിന് ബദല്‍ എന്ത് എന്നായിരിക്കും പലരുടേയും ചോദ്യം.പ്ലാസ്റ്റിക് കീസിനോളം സൌകര്യമുള്ള ഒരു സാധനം ഇല്ല എന്നത് സത്യം തന്നെ.പക്ഷേ നമ്മുടെ മനസ്ഥിതിയില്‍ ഒരു ചെറിയ മാറ്റം ഉണ്ടായാല്‍ ഈ ഭീകരനെ നമ്മുടെ വീടുകളില്‍ നിന്നും ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കും.പഴഞ്ചനെന്ന് പലര്‍ക്കും തോന്നും എങ്കിലും അമ്പതാണ്ട് പല സുഖങ്ങളും അനുഭവിച്ച നമുക്ക് അടുത്ത അമ്പതാണ്ട് നിലനില്‍ക്കാന്‍ പോലും ഈ ചിന്ത കൂടിയേ തീരൂ എന്നതാണ് അവസ്ഥ.
ഞാന്‍ കടയില്‍ പോകുമ്പോള്‍ ഒരു സഞ്ചി കയ്യില്‍ കരുതിയാണ് പോകുന്നത്.ഈ സഞ്ചി തൂക്കിപിടിക്കാനുള്ള മടി തന്നെയാണ് നാം ആദ്യം മാറ്റി എടുക്കേണ്ടത്.ഞാന്‍ സാധനം വാങ്ങുന്നത് മിക്കവാറും ചില സ്ഥിരം കടകളില്‍ നിന്നാണ്.അവിടെ രണ്ടോ മൂന്നോ തവണ പ്ലാസ്റ്റിക് കീസ് വേണ്ട എന്ന് എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്.ഇപ്പോള്‍ അവരാരും എനിക്ക് കീസ് തരാറില്ല!എന്തിനധികം മത്സ്യമാര്‍ക്കറ്റില്‍ നിന്ന് എല്ലാവര്‍ക്കും കീസ് നല്‍കുമ്പോള്‍ എനിക്ക് അവര്‍ കടലാസില്‍ പൊതിഞ്ഞ് തരുന്നു!അപ്പോള്‍ മത്സ്യത്തിന്റെ ഗന്ധം കയ്യിലാവില്ലേ എന്നായിരിക്കും പലരുടേയും ചോദ്യം.അതൊന്ന് കഴുകി കളയാന്‍ അത്ര ബുദ്ധിമുട്ടുണ്ടോ എന്നാണ് എന്റെ മറുചോദ്യം.ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ ഒരു കീസ് കൊണ്ടുപോയിക്കൂടേ?എന്റെ അനിയന്‍ സ്വീകരിച്ച മാര്‍ഗ്ഗം അതാണ്.
അഭ്യസ്തവിദ്യരായ എന്റെ നാട്ടുകാര്‍ ഈ രൂപത്തില്‍ ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോവുകയാണ്.ഒപ്പം പഞ്ചായത്ത് ഭരണ സമിതിയും ഈ നിശബ്ദ ഭീകരനെ നാടുകടത്താനുള്ള വഴികള്‍ ആരംഭിക്കണമെന്ന് അപേക്ഷിക്കുന്നു.
4 comments:
അഭ്യസ്തവിദ്യരായ എന്റെ നാട്ടുകാര്‍ ഈ രൂപത്തില്‍ ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോവുകയാണ്.
അരീകൊടന്റെ ഈ പ്രക്രതിക്ക് വേണ്ടിയുള്ള ഒറ്റയാന്‍ പോരാട്ടത്തിനു സകല ഭാവുകങ്ങളും
അരീക്കോടന്‍മാഷ്ക്ക് അഞ്ചും,അരീക്കോടന്‍
പഞ്ചായത്തിന് അമ്പതും കാലാവധി തീരുംമുമ്പ്
ഈ നിശബ്ദ ഭീകരനെ നാടുകടത്താന്‍ കഴിയട്ടെയെന്ന്
പ്രാര്‍ത്ഥിക്കുന്നു.
സി.വി.തങ്കപ്പന്‍
വായിച്ചു,,. പോരാട്ടം വിജയിക്കട്ടെ
Post a Comment
നന്ദി....വീണ്ടും വരിക