Pages

Sunday, May 31, 2015

എ1 ലുലുമോൾ

ലുലു മോൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കാര്യം ഞാൻ ഇവിടെ പങ്കു വച്ചിരുന്നു.പരീക്ഷ കഴിഞ്ഞ് ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് നാളെ മറ്റന്നാൾ എന്നിങ്ങനെ നീട്ടി നീട്ടി അവസാനം റിസൽട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു.അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) മുഴുവൻ വിഷയങ്ങളിലും എ1 ഗ്രേഡോടെ മോൾ എസ്.എസ്.എൽ.സി എന്ന ‘ഓവുപാലം’ കടന്നു.       

എല്ലാ വിഷയങ്ങളിലും ഗ്രേഡ് പോയിന്റ് 10 ഓടെ CGPA 10 (Cumulative Grade Point Average) നേടി ആണ് പാസ്സായത്. അവൾ പഠിച്ച വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ 11 ഫുൾ എ1 കുട്ടികൾ ഉണ്ടെങ്കിലും അപ്ഗ്രേഡ് ചെയ്യാതെ ഫുൾ എ1 കിട്ടിയത് മോൾക്ക് മാത്രമാണ്.അതായത് സ്കൂളിലെ ടോപ് സ്കോറെർ. 1987ൽ കേരളബോർഡിന്റെ എസ്.എസ്.സി പരീക്ഷ എഴുതിയ എനിക്കായിരുന്നു അന്ന് എന്റെ സ്കൂളിലെ (സുബുലുസ്സലാം ഹൈസ്കൂൾ,മൂർക്കനാട് ) ടോപ് സ്കോറെർ പട്ടം എന്നത് മോളും ഞാനും തമ്മിലുള്ള മത്സരത്തിലെ പുതിയ അദ്ധ്യായമായി (മറ്റു മത്സരങ്ങളും ഫലങ്ങളും മറ്റൊരു പോസ്റ്റിൽ പറയാം).         

പുത്തലം എന്ന എന്റെ പ്രദേശത്ത് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി വൈ.സി.എ ക്ലബ്ബ് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് ,   ഈ വിജയത്തിന്റെ , കുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യത്തെ ഉപഹാരം ലുലുമോൾ ഏറ്റുവാങ്ങി (ആദ്യ ഉപഹാരം നൽകിയത് പതിവ് പോലെ എന്റെ സ്വന്തം ഉമ്മ തന്നെ).

Wednesday, May 27, 2015

ഒരു സെക്കന്റ് സിറ്റിംഗ് പൊല്ലാപ്പ് ... (പൂന്തോട്ട നഗരത്തിലേക്ക് – 6)

        മുന്തിരിത്തോപ്പിലെ സുന്ദരമുഹൂർത്തങ്ങൾ ചർച്ച ചെയ്ത് തീരും മുമ്പെ ഞങ്ങളുടെ കാർ പ്രോവിഡന്റ് വെൽ‌വർത്ത് സിറ്റിയിലെത്തി.അപ്പോൾ സന്ധ്യ മയങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.ടാക്സിയുടെ നിശ്ചിതസമയം 6 മണിയായിരുന്നു.അതിന് മുമ്പേ ഞങ്ങൾ തിരിച്ചെത്തി.കൂടുതലായി ഓടിയ 17 കിലോമീറ്ററിന് 170 രൂപ അധികചാർജ്ജ് അടക്കം 1570 രൂപ ടാക്സിക്ക് നൽകി.ഡ്രൈവറുടെ സന്തോഷത്തിന് അയാൾക്കും ചെറിയ ഒരു സംഖ്യ നൽകി.

       മഗ്‌രിബ് നമസ്കാരാനന്തരം കുട്ടികൾ ആഗ്രഹിച്ച പോലെ ,അഷ്‌റഫിന്റെ മക്കളുടെ രണ്ട് സൈക്കിളുകളും ലിഫ്റ്റിൽ താഴോട്ടിറക്കി.ലുഅ മോൾക്ക് സൈക്കിൾ സവാരി അറിയാമായിരുന്നു.എൽ.കെ.ജിക്കാരി ലൂനമോൾക്ക് മുച്ചക്ര സൈക്കിൾ പോലും ശരിയായി ചവിട്ടാൻ അറിയുമായിരുന്നില്ല.തോൽക്കാൻ മനസ്സില്ലാത്തതിനാൽ അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് സൈഡ് വീലുള്ള ചെറിയ സൈക്കിളും താഴെ ഇറക്കിയത്.പക്ഷെ പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു.ഇന്റർലോക്ക് ചെയ്യാത്ത എന്റെ വീട്ടു മുറ്റത്തിലൂടെ ഒരു ചക്രം പൊളിഞ്ഞ മുച്ചക്ര സൈക്കിൾ ചവിട്ടാൻ ആയിരുന്നു ലൂന മോൾക്ക് പ്രയാസം.ഫ്ലാറ്റിന് മുന്നിലെ ടാറിട്ട റോഡിലൂടെ അവൾ സുന്ദരമായി ചവിട്ടി നീങ്ങി !
(കുട്ടികളെ ഒരിക്കലും അൻഡർ എസ്റ്റിമേറ്റ് ചെയ്യരുത് എന്ന് പാഠം)



       “ഇപ്പോൾ ഉപ്പച്ചിക്ക് മനസ്സിലായില്ലേ, ഞാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചൂന്ന്....ഇനി എനിക്കും സൈക്കിൾ വാങ്ങിത്തരണം...” ഇടക്കിടക്ക് എന്നെ നോക്കി ലൂന മോൾ പറഞ്ഞു. സൈക്കിൾ റോഡരികിൽ പാർക്ക് ചെയ്ത് സിമ്മിംഗ് പൂളും,ടെന്നീസ് – ബാസ്കറ്റ് കോർട്ടുകളും,കുട്ടികളുടെ പാർക്കും , കോമൺ അമേനിറ്റി സെന്ററും എല്ലാം ഞങ്ങൾ നടന്നു കണ്ടു. കൂട്ടിലിട്ട ജീവിതങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കാനുള്ള ഈ കൃത്രിമ മാർഗ്ഗങ്ങൾ എന്റെ കുട്ടികൾക്ക് ഏറെ ഇഷ്ടമായി.ഈ ഒന്നോ രണ്ടോ ദിവസത്തിനപ്പുറം വർഷങ്ങളോളം അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇതേ അവസ്ഥയിൽ കഴിയുമ്പോഴുണ്ടാകുന്ന വിരസത അവർക്ക് ഇപ്പോൾ മനസ്സിലാകില്ലല്ലോ. രാത്രി 9 മണിയോടെ ഞങ്ങൾ തിരിച്ച് റൂമിൽ കയറി.

ഞങ്ങൾ താമസിച്ച കോൺക്രീറ്റ് കാട്
         പിറ്റേന്ന് തിങ്കളാഴ്ച ആയതിനാൽ അഷ്‌റഫിന് ഓഫീസിൽ പോകേണ്ടിയിരുന്നു.കമ്പനി വക ബസ് യലഹങ്കയിൽ എട്ടര മണിക്കെത്തും.അതിനാൽ രാവിലെ ഏഴര മണിക്ക് തന്നെ ഞാനും കുടുംബവും എന്റെ സുഹൃത്തിനോട് വിട ചൊല്ലി.“     ....” എന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഷ്‌റഫ് എനിക്ക് കാണിച്ച് തരികയായിരുന്നു.ഒരു താങ്ക്സ്‌ൽ ഒതുക്കാവുന്നതിലും അപ്പുറമായിരുന്നു അവ എന്നതിനാൽ അത് ഞാൻ വായ കൊണ്ട് പറഞ്ഞില്ല, പകരം ഹൃദയത്തിൽ ചേർത്തുകൊണ്ട് അവനേയും കുടുംബത്തേയും എന്റെ വീട്ടിലേക്ക് ഹാർദ്ദമായി ക്ഷണിച്ചു.

         അഷ്‌റഫ് പറഞ്ഞപോലെ ഞങ്ങൾ യലഹങ്കയിലേക്ക് ബസ് കയറി.3 ഫുള്ളും ഒരു ഹാഫും എന്നായിരുന്നു ഞാൻ പറഞ്ഞത് – നമ്മുടെ നാട്ടിൽ 4 ടിക്കറ്റിന് (അല്ലെങ്കിൽ 0 ടിക്കറ്റിന്) ഉള്ള സാധ്യത.പക്ഷേ കണ്ടക്ടർ അതാ കയ്യിലുള്ള വിവിധ ടിക്കറ്റ് കെട്ടുകളിൽ നിന്നും പലതും വലിച്ചൂരുന്നു! ടോട്ടൽ 14  ടിക്കറ്റുകൾ!! (ഇതായിരിക്കും ഇവിടത്തെ രീതി) .അവ എല്ലാം എനിക്ക് തന്ന് അദ്ദേഹം ഒരു സംഖ്യയും പറഞ്ഞു.തിരക്കേറിയ ആ ബസ്സിൽ വച്ച് ടിക്കറ്റ് എണ്ണി നോക്കാനോ സംഖ്യ എത്രയെന്ന് കൂട്ടിനോക്കാനോ പറ്റാത്തതിനാൽ കണ്ടക്ടർ പറഞ്ഞ സംഖ്യ ഞാൻ കൊടുത്തു.



         ബംഗ്ലൂരുകാർ ‘എലങ്ക’ എന്നും നാം ‘യലഹങ്ക’ എന്നും വിളിക്കുന്ന സ്ഥലത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നതായി ഞാൻ ഓർത്തു.പെട്ടെന്നാണ് റോഡിന്റെ ഇരുവശത്തും ഉള്ള ബിൽഡിംഗുകളിലെ വലിയ അക്ഷരങ്ങൾ ശ്രദ്ധയിൽ പെട്ടത് – റെയിൽ വീൽ ഫാക്ടറി. എൽ.എസ്.എസ്  പരീക്ഷക്കോ അതോ യു.എസ്.എസ്  പരീക്ഷക്കോ എന്നോർമ്മയില്ല ഇന്റഗ്രൽ കോച്ച് ഫാക്ടറി പെരമ്പൂർ എന്നും വീൽ ആന്റ് ആക്സിൽ പ്ലാന്റ് യലഹങ്ക എന്നും പഠിച്ചു വച്ചത് അപ്പോൾ ഓർമ്മയിൽ തെളിഞ്ഞു.യലഹങ്കയിൽ നിന്നും തിങ്ങിനിറഞ്ഞ മറ്റൊരു ബസ്സിൽ കയറി ഞങ്ങൾ മെജസ്റ്റിക്കിലെത്തി.

         ആ സമയത്ത് മൈസൂരിലേക്ക് പുറപ്പെടുന്ന ട്രെയിനിൽ സെക്കന്റ് സിറ്റിംഗ് ഉള്ളതായി അഷ്‌റഫ് പറഞ്ഞിരുന്നു.സെക്കന്റ് ഏ.സി,എ.സി ടു ടയർ,ഫസ്റ്റ് ക്ലാസ്,ജനറൽ ക്ലാസ്,സ്ലീപർ സിറ്റിംഗ് എന്നിങ്ങനെയൊക്കെ ട്രെയിനിലെ വിവിധങ്ങളായ ക്ലാസ് പേരുകൾ ഞാൻ കേട്ടിരുന്നു.പലതും തമ്മിലുള്ള വ്യത്യാസം അറിയുമായിരുന്നില്ല. അഷ്‌റഫ് പറഞ്ഞ
സെക്കന്റ് സിറ്റിംഗ്  ഈ ഗണത്തിൽ പെടുന്നതാണെന്ന് കരുതി ഞാൻ കൌണ്ടറിൽ എത്തി.ജനറൽ ടിക്കറ്റുകൾ മാത്രം നൽകുന്ന ആ കൌണ്ടറിൽ നിന്ന് മറ്റ് ടിക്കറ്റുകൾ നൽകുന്ന സ്ഥലം ഞാൻ അന്വേഷിച്ചു.സ്റ്റേഷനിന്റെ മറ്റൊരു മൂലയിലേക്ക് ഞാൻ ഡയരക്ട് ചെയ്യപ്പെട്ടു.

          വഴിമദ്ധ്യേ കണ്ട പോലീസ് എയിഡ് പോസ്റ്റിൽ ഒന്ന് കൂടി വ്യക്തമാക്കി  സെക്കന്റ് സിറ്റിംഗ് ടിക്കറ്റുകൾ എവിടെ ലഭിക്കും എന്ന് തന്നെ ചോദിച്ചു.തിരക്കില്ലാത്ത ചില കൌണ്ടറുകൾ അവർ കാണിച്ച് തന്നപ്പോൾ എനിക്ക് സമാധാനമായി.പക്ഷേ ആ കൌണ്ടറിലെത്തി ചോദിച്ചപ്പോൾ അവർ എനിക്ക് പറഞ്ഞ് തന്നത് നിലവിലില്ലാത്ത ഒരു കൌണ്ടർ നമ്പർ ആയിരുന്നു.ഇനിയും അന്വേഷിച്ച് നടന്നാൽ വായ തുറന്ന് സംസാരിക്കാത്ത ഈ ഉദ്യോഗസ്ഥർ മൂലം ട്രെയിൻ മിസ്സാകും എന്നതിനാൽ ഞാൻ ആദ്യം പോയ കൌണ്ടറിൽ തന്നെ പോയി ജനറൽ ടിക്കറ്റ് എടുത്തു.പ്ലാറ്റ്ഫോമിലെത്തി ഒരു ചായക്കാരനോട് അന്വേഷിച്ചപ്പോൾ “പൂര ജനറൽ” എന്നായിരുന്നു മറുപടി.അപ്പോഴാണ് സെക്കന്റ് സിറ്റിംഗ് എന്നാൽ ജനറൽ തന്നെയാണെന്ന് എനിക്ക് മനസ്സിലായത്!(ഈ വകയിൽ പെടുന്ന മറ്റു പേരുകൾ കൂടി അറിയാവുന്നവർ പറഞ്ഞ്  തരാൻ അപേക്ഷ)

മൈസൂരിൽ ഇറങ്ങി ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ സ്റ്റാന്റിലെത്തി.

കേരള,തമിഴ്നാട്,കർണ്ണാടക,ആന്ധ്ര,ഗോവ സ്റ്റേറ്റ് ബസ്സുകൾ മൈസൂർ സ്റ്റാന്റിൽ

          കോഴിക്കോട് ബസ്സിന് കയറിയാൽ അസമയത്ത് കോഴിക്കോട്ടെത്തും എന്നതിനാൽ നിലമ്പൂർ ബസ് അന്വേഷിച്ചു.നാലര മണിക്ക് ഒരു ബസ് വരാനുണ്ടെന്ന് അറിഞ്ഞതിനാൽ അതിനായി കാത്ത് നിന്നു.മലയാളികൾ നിരവധി പേർ അവിടെ കാത്ത് നിൽക്കുന്നതിനാൽ ബസ് വന്നാൽ ചാടിക്കയറണമെന്ന നിർദ്ദേശത്തോടെ ഞാൻ കുടുംബത്തെ ജാഗരൂകരാക്കി.ബസ് എത്തിയതും എല്ലാവരേയും കൂട്ടിപ്പിടിച്ച് ഞാൻ ഓടിക്കയറി.പ്രതീക്ഷക്ക് വിപരീതമായി ബസ്സിനകത്ത്, സെക്കന്റ് ഷോ ക്ക് ആളിരിക്കുന്ന പോലെ അവിടെയും ഇവിടെയും അല്പം ചിലർ മാത്രം.ഞങ്ങൾക്ക് പിറകെ ബസ്സിൽ കയറാനായി ആരും തന്നെ ഉണ്ടായിരുന്നില്ലതാനും !

         നിലമ്പൂർ മൂന്ന് ഫുള്ളും ഒരു ഹാഫും എന്ന് ഞാൻ കണ്ടക്ടറോട് പറഞ്ഞു.യലഹങ്കയിലെ കണ്ടക്ടർ തന്നപോലെ ,തന്റെ കയ്യിലെ വലിയ ടിക്കറ്റ് റാക്കിൽ നിന്നും കണ്ടക്ടർ ടിക്കറ്റുകൾ ഓരോന്നാരോന്നായി വലിച്ചൂരി.എണ്ണി നോക്കിയപ്പോൾ മൊത്തം ടിക്കറ്റിന്റെ എണ്ണം 19 !! അഛനെ നന്നാക്കി പറയിപ്പിച്ച മകനെപ്പോലെ ആ കേരള കണ്ടക്ടർ യലഹങ്കയിലെ കന്നട കണ്ടക്ടറെ ശുദ്ധനാക്കി എന്ന് പറയേണ്ടതില്ലല്ലോ.



          ഗുണ്ടൽപേട്ട്,നാടുകാണി,വഴിക്കടവ് വഴി രാത്രി ഒമ്പതരക്ക് നിലമ്പൂരിൽ ഞങ്ങൾ ബസ്സിറങ്ങുമ്പോൾ നേരത്തെ വിളിച്ചറിയിച്ച പ്രകാരം ഭാര്യാപിതാവ് ജീപ്പുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.അങ്ങനെ വളരെക്കാലമായി താലോലിച്ച് നടന്ന ബാംഗ്ലൂർ യാത്രയും വിജയകരമായി അവസാനിച്ചു.








Tuesday, May 26, 2015

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ...(പൂന്തോട്ട നഗരത്തിലേക്ക് – 5)

           കബ്ബൺ പാർക്കിനകത്തു കൂടെയും വശങ്ങളിലൂടെയും എല്ലാം കാറ് കയറിയിറങ്ങിയെങ്കിലും ഒരു പത്ത് മിനുട്ട് പാർക്കിനകത്ത് ഇരിക്കാൻ എന്റെ മനസ്സ് കൊതിച്ചു - കോഴിക്കോട്ടെത്തുന്നവർ മാനാഞ്ചിറ സ്ക്വയറിൽ ഒന്ന് കയറിയിരുന്ന് അല്പനേരം ചെലവിടാൻ ആഗ്രഹിക്കുന്ന പോലെ.പക്ഷേ മഴയുടെ വരവ് കാറ്റിന്റെ രൂപത്തിലും തുള്ളിയിടലുമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയതിനാൽ ആ ഗ്രഹം ഞാൻ ഉപേക്ഷിച്ചു.അങ്ങനെ ഞങ്ങളുടെ കാറ് ബാംഗ്ലൂർ നഗര പരിധിയിൽ നിന്നും പുറത്തേക്ക് നീങ്ങി.

          ഇരുട്ടാൻ ഏകദേശം ഒരു മണിക്കൂർ ബാക്കി ഉണ്ടായിരുന്നു. ഫ്ലാറ്റിൽ തിരിച്ചെത്തി മക്കൾക്ക് സൈക്ലിംഗ് നടത്താമെന്നും (അവർ ബാംഗ്ലൂരിൽ എത്തിയ അന്ന് മനസ്സിൽ താലോലിക്കുന്ന കാര്യം) ഫ്ലാറ്റിലെ പൊതു സൌകര്യങ്ങൾ ചുറ്റിനടന്ന് കാണാമെന്നും അഷ്‌റഫ് പറഞ്ഞപ്പോൾ ഞാനും സമ്മതം മൂളി.ഇന്നെങ്കിലും നേരത്തെ തിരിച്ചെത്തിയാൽ നേരത്തെ ഉറങ്ങാമെന്നായിരുന്നു ഭാര്യയുടെ കണക്ക് കൂട്ടൽ.മടക്കത്തിനിടെ എന്റെ മനസ്സ് മറ്റൊരു സ്വപ്നത്തിന് പിന്നാലെ ചിറക് വിരിക്കാൻ തുടങ്ങി.

          രാവിലെ സ്ഥലങ്ങൾ കാണാൻ പോകുമ്പോൾ, റോഡരികിൽ തന്നെ മുന്തിരിത്തോട്ടങ്ങളും അതിന് മുന്നിൽ മുന്തിരി വിൽക്കുന്ന സ്ത്രീകളെയും കാണാമായിരുന്നു.4 കിലോ കൊള്ളുന്ന ഒരു കൊട്ട മുന്തിരിക്ക് വെറും 80 രൂപയേ വിലയുണ്ടായിരുന്നുള്ളൂ.അത്തരം ഒരു മുന്തിരി തോട്ടത്തിൽ, സ്വന്തം ഉമ്മയേയും കൊണ്ട് കഴിഞ്ഞ വർഷം അഷ്‌റഫ് കയറിയ കഥ കൂടി കേട്ടപ്പോൾ എനിക്കും അങ്ങനെ ഒരു ആശ മുളച്ചു.പക്ഷേ നമ്മുടെ ഡ്രൈവർക്ക് അല്പം സ്പീഡ് കൂടിപ്പോയതിനാൽ ഞങ്ങൾ തോട്ടം പിന്നിട്ട് കഴിഞ്ഞിരുന്നു. മടക്കയാത്രയിൽ സമയം ഉണ്ടായതിനാൽ എന്റെ മനസ്സ് വീണ്ടും അതേ കുറിച്ച് ആലോചിക്കാൻ തുടങ്ങി.ആഗ്രഹം അഷ്‌റഫിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു.

          അങ്ങനെ ഞങ്ങളുടെ താമസ സ്ഥലത്ത് എത്തുന്നതിന് അല്പം മുമ്പുള്ള ഒരു മുന്തിരിത്തോട്ടത്തിന് മുന്നിൽ ഞങ്ങളുടെ കാർ സൈഡാക്കി.സന്ധ്യ ആകാൻ നിമിഷങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാൽ അനുവാദം ലഭിക്കാൻ സാധ്യത കുറവാണെന്ന് അഷ്‌റഫ് പറഞ്ഞപ്പോൾ അല്പം നിരാശ തോന്നി.എങ്കിലും വേലിക്കിപ്പുറം നിന്ന് തൊട്ടപ്പുറത്തുള്ള തോട്ടത്തിൽ പഴുത്ത് നിൽക്കുന്ന മുന്തിരി വള്ളികളുടെ ഭംഗി ആസ്വദിക്കാം എന്ന് ഞാൻ മനസ്സിനെ സമാധാനിപ്പിച്ചു.


           തോട്ടത്തിന്റെ ഗേറ്റിനടുത്ത് തന്നെ ഒറ്റമുറിയിൽ താമസിക്കുന്ന ഒരു കുടുംബം. അവിടെ പുറത്ത് കൂട്ടിയിരിക്കുന്ന അടുപ്പിൽ ഒരു സ്ത്രീ എന്തോ പാകം ചെയ്യുകയായിരുന്നു.സമീപം തന്നെ ചെറിയ രണ്ട് കുട്ടികൾ.അല്പം മാറി വൃദ്ധനായ ഒരാളും ഒരു മദ്ധ്യവയസ്കനും.അഷ്‌റഫ് കന്നടയിൽ ആ സ്ത്രീയോട് ആഗമനോദ്ദേശം അറിയിച്ചപ്പോൾ അവർ ആ വൃദ്ധന്റെ നേരെ വിരൽ ചൂണ്ടി. അഷ്‌റഫ് ഞങ്ങളുടെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചതും പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ തോട്ടത്തിനകത്തേക്ക് സ്വാഗതം ചെയ്തു !

         കുട്ടയിലെ ഓറഞ്ച് തോട്ടങ്ങൾ കണ്ട മൻസൂറിന്റെ കുറിപ്പുകളും കുളുവിലെ ആപ്പിൾ തോട്ടങ്ങളിൽ നിന്ന് ആപ്പിൾ പറിച്ച കഥകൾ പറഞ്ഞ എന്റെ സ്വന്തം എൻ.എസ്.എസ് വളണ്ടിയർമാരും ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് വാഴത്തോട്ടത്തിനിടയിലെ പച്ചമുളക് തോട്ടത്തിൽ കയറി കാന്താരി ഒടിച്ച എന്റെ സ്വന്തം അനുഭവങ്ങളും മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്ക് ആ മുന്തിരിത്തോട്ടത്തിലേക്കുള്ള കാൽ‌വയ്പ്പുകൾ ആത്മീയതയിലേക്കുള്ള നടത്തമായി തോന്നി.കാരണം ഇപ്പോൾ ഞാൻ കുടുംബസമേതം പ്രവേശിക്കാൻ പോകുന്നത് നേരെ തലക്ക് മുകളിൽ , പച്ചയും പഴുത്തതുമായ മുന്തിരിക്കുലകൾ തൂങ്ങി നിൽക്കുന്ന നയനമനോഹരമായ ഒരു തോട്ടത്തിലേക്കാണ്. സ്വർഗ്ഗീയാരാമങ്ങളെ പറ്റി വിശുദ്ധ ഖുർ‌ആനിൽ പരാമർശിക്കുന്ന സ്ഥലങ്ങളിൽ ഞാൻ മനസ്സിൽ കാണാറുള്ള തോട്ടം ഇതാ എന്റെ കണ്മുന്നിൽ!! ഞാൻ ആഗ്രഹിക്കുന്ന പോലെ ആ തോട്ടത്തിൽ ഞാനിതാ കുടുംബ സമേതം!!


            മുന്തിരിക്കുലകൾ തലയിൽ തട്ടാതെ ഞാനും അഷ്‌റഫും കുനിഞ്ഞ് തോട്ടത്തിൽ പ്രവേശിച്ചു.തൊട്ടു പിന്നിൽ സുസ്മേര വദനനായി തോട്ടം കാവൽക്കാരനായ ആ വൃദ്ധനും പിന്നെ എന്റെ കുടുംബവും.അധികം അകത്തേക്ക് പോകേണ്ട എന്ന് ഞാൻ കുട്ടികളെ വിലക്കിയപ്പോൾ ഞങ്ങളുടെ ‘ആതിഥേയൻ’ അവർക്ക് വേണ്ടിടത്തൊക്കെ പോകാൻ അനുവാദം കൊടുത്തു!പിന്നെ ലൂന മോളും ലുഅ മോളും അമാന്തിച്ചില്ല , ഓടി നടന്ന് തോട്ടത്തിന്റെ ഭംഗി ആവോളം നുകർന്നു.ഇതിനിടക്ക് പഴുത്ത കുറേ മുന്തിരിക്കുലകൾ പറിച്ച് ആ വൃദ്ധൻ എന്റെ മക്കൾക്ക് നൽകുകയും ചെയ്തു.വേണ്ട എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും സന്തോഷത്തോടെ അദ്ദേഹം പിന്നെയും പിന്നെയും നൽകിക്കൊണ്ടിരുന്നു.





          ഞാൻ കുട്ടിയായിരുന്നപ്പോൾ കേട്ട ഒരു സിനിമാ പേരാണ് “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ“.അതിലെ കഥ എന്ത് എന്ന് എനിക്കറിയില്ല.ഇപ്പോൾ ഞാൻ ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഈ മുന്തിരിത്തോപ്പിൽ ആ സിനിമയുടെ പേര് പോലെ നടന്ന് ആസ്വദിക്കുന്നു!! സ്നേഹം നൽകി ഞങ്ങളെ കീഴടക്കിയ ആ വൃദ്ധനോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.എന്റെ സന്തോഷത്തിന് ഞാൻ നൽകിയ ചെറിയ ഒരു സംഖ്യ സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചെങ്കിലും നിർബന്ധപൂർവ്വം അതേല്പിച്ച് ഞങ്ങൾ ആ സ്വപ്നലോകത്ത് നിന്നും വിടവാങ്ങി.



(തുടരും....)

Monday, May 25, 2015

ലാൽബാഗും മറ്റു കാഴ്ചകളും...(പൂന്തോട്ട നഗരത്തിലേക്ക് – 4)

രണ്ടാം ദിവസം കൂടുതൽ കാഴ്ചകൾ കാണാനുള്ളതിനാലും അവ വിവിധ സ്ഥലങ്ങളിൽ ആയതിനാലും ഒരു കാർ വാടകക്കെടുത്തു. 8 മണിക്കൂർ 80 കിലോമീറ്റർ 1400 രൂപ എന്നതായിരുന്നു നിബന്ധന.അഡീഷനൽ കിലോമീറ്റർ ഒന്നിന് 10 രൂപ എക്സ്ട്രയും.രാവിലെ 10 മണിയോടെയാണ് അന്നത്തെ യാത്ര ആരംഭിച്ചത്.

ഇന്നത്തെ ആദ്യകാഴ്ച ബാംഗ്ലൂരിനെ പൂന്തോട്ടനഗരമാക്കി മൈസൂർ സുൽത്താൻ ഹൈദരാലി ഉണ്ടാക്കിയ  പ്രസിദ്ധമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ ആയിരുന്നു.മുൻ ബാംഗ്ലൂർ സന്ദർശനങ്ങളിൽ ഒന്നും തന്നെ ലാൽബാഗിൽ പോയതായി എന്റെ ഓർമ്മയിലുണ്ടായിരുന്നില്ല.അതിനാൽ തന്നെ ലാൽബാഗിന്റെ പേരും പ്രശസ്തിയും അതൊരു മഹാസംഭവമാണെന്ന ധാരണയിൽ എന്നെയും കുടുംബത്തെയും എത്തിച്ചു.ആളൊന്നിന് 10 രൂപയും കാറിന് 25 രൂപയും ക്യാമറക്ക് 50 രൂപയും കൊടുത്ത് ഞങ്ങൾ ഗേറ്റ് കടന്നു.

സന്ദർശകരെ സ്വാഗതം ചെയ്യുന്നത് ലാൽബാഗിന്റെ ഐക്കണായ ഗ്ലാസ്‌ഹൌസാണ്.എല്ലാ വർഷവും ജനുവരി 26നും ആഗ്സ്ത് 15നും ഗ്ലാസ്‌ഹൌസ് റോസ് പുഷ്പങ്ങളാൽ നിറയും എന്ന് അഷ്‌റഫ് പറഞ്ഞപ്പോൾ ഇപ്പോൾ കാലിയായി കിടക്കുന്ന അതിന്റെ മുമ്പിൽ വച്ച് ഒരു ഫാമിലിഫോട്ടോ എടുക്കാൻ തോന്നി.മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരും പ്രസിഡണ്ട്മാരും അടങ്ങിയ വി.ഐ.പികൾ നട്ട വിവിധ മരങ്ങൾ ലാൽബാഗിൽ ഉണ്ടത്രെ.ശ്രീമതി ഇന്ദിരാഗാന്ധി നട്ട അശോകമരം പെട്ടെന്ന് തന്നെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.വെയിലും കൊണ്ട് ലാൽബാഗിനകത്ത് അലയാൻ മനസ്സ് അനുവദിക്കാത്തതിനാൽ അധികം സമയം കളയാതെ ഞങ്ങൾ മടങ്ങി.



മൈസൂർ സുൽത്താൻ ടിപ്പുവിന്റെ ബാംഗ്ലൂർ സമ്മർ പാലസിലേക്കായിരുന്നു അടുത്ത യാത്ര.ബാംഗ്ലൂരിൽ ഇങ്ങനെയൊരു പാലസുള്ളത് പലർക്കും അറിയില്ല എന്നതായിരുന്നു സത്യം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകമായതിനാൽ ഇവിടെ പ്രവേശന ഫീസ് 5 രൂപ മാത്രമാണ്.ക്യാമറക്ക് പ്രത്യേകം ഫീസ് ഇല്ല.മരത്തിൽ തീർത്ത പഴക്കം ചെന്ന ഒരു ഇരുനില കെട്ടിടമായിരുന്നു പാലസ്.മുറ്റത്ത് നിന്നും അകത്ത് കയറിയപ്പോഴേക്കും കൂളിംഗ് നന്നായി അനുഭവപ്പെടുന്നുണ്ടായിരുന്നു.റൂമുകൾക്കുള്ളിലെ വായു സഞ്ചാരക്രമീകരണം കാരണം സദാസമയവും തണുപ്പ് നിലനിന്നിരുന്നു.


ഉച്ചഭക്ഷണത്തിന് ശേഷം തലേദിവസം കയറാൻ സാധിക്കാത്ത കബ്ബൺ പാർക്കിൽ വീണ്ടും എത്തി.പാർക്കിനകത്ത് കൂടിയുള്ള റോഡിലൂടെ മറുവശത്തെത്തി.അട്ടാരി ഹൌസ് എന്ന ചുവന്ന നിറത്തിലുള്ള കർണ്ണാടക ഹൈക്കോടതി പുറത്ത് നിന്നും കണ്ടു.പുതുക്കിപ്പണിഞ്ഞ് കൊണ്ടിരിക്കുന്ന കർണ്ണാടക നിയമസഭാമന്ദിരമായ വിധാൻ സൌധയും പുറത്ത് നിന്നും ദർശിച്ചു – നോട്ടം & ഫോട്ടം ഫ്രീ !!



ബാംഗ്ലൂരിലും മെട്രൊ ട്രെയിൻ ഉണ്ടെന്നറിഞ്ഞപ്പോൾ തുടങ്ങിയതാണ് ഏറ്റവും ചെറിയ മോൾ ലൂനക്ക് അതിൽ കയറാനുള്ള ആഗ്രഹം.നാഷനൽ അവാർഡ് സ്വീകരിക്കാനായി ഡൽഹിയിൽ പോയ സമയത്ത് പലപ്രാവശ്യം മെട്രൊ ട്രെയിനിൽ കയറിയതിലൂടെ ലഭിച്ച സുഖാനുഭവം മെട്രൊ ട്രെയിനിൽ വീണ്ടും കയറാൻ ഞങ്ങൾക്കും പ്രചോദനമായി.അങ്ങനെ എം.ജി റോഡ് സ്റ്റേഷനിൽ നിന്നും രണ്ട് സ്റ്റേഷൻ അപ്പുറം ഇന്ദ്ര നഗർ വരെ (18 രൂപ) പോയി വരാൻ ഞങ്ങൾ തീരുമാനിച്ചു.ടിക്കറ്റ് എടുത്ത് അകത്ത് കയറിയ ഞങ്ങൾ അത്ഭുതപ്പെട്ടു. ഡൽഹി മെട്രൊയിലെ തിരക്ക് ശരിക്കും അനുഭവിച്ചറിഞ്ഞ ഞങ്ങൾക്ക് ഇവിടെ കാണാൻ കഴിഞ്ഞത് എണ്ണിത്തീർക്കാൻ മാത്രമുള്ള യാത്രക്കാർ.അവർ തന്നെ മെട്രൊ ട്രെയിനിൽ കയറാൻ മാത്രമായി വന്നവരും !!



ഇന്ദ്രനഗറിൽ നിന്നും തിരിച്ച് പോരുമ്പോൾ എന്റെ ചെറിയ രണ്ട് മക്കളും അഷ്ര‌ഫും അല്പം മുന്നിലും ഞങ്ങൾ അല്പം പിന്നിലുമായിട്ടായിരുന്നു എസ്കലേറ്ററിൽ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഞങ്ങൾ എത്തും എന്ന ധാരണയിൽ അപ്പോൾ പ്ലാറ്റ്ഫോമിലെത്തിയ വണ്ടിയിലേക്ക് അഷ്‌റഫും കുട്ടികളും കയറി.ഞാനും ഭാര്യയും മൂത്തമോളും എത്തുന്നതിന്റെ മുമ്പെ വണ്ടി വിട്ടു! ചാടി ഇറങ്ങണോ വേണ്ടെ എന്ന് അഷ്‌റഫും ചാടിക്കയറണോ വേണ്ടേ എന്ന് ഞങ്ങളും കൺഫ്യൂഷനിൽ! അവൻ ചാടുമോ അതല്ല ഞങ്ങൾ ചാടുമോ എന്ന കൺഫ്യൂഷനിൽ ഞങ്ങൾക്കിടയിൽ സെക്യൂരിറ്റി മാനും !!കുട്ടികളുടെ കൂടെ അഷ്‌റഫ് കയറിയിരുന്നതിനാൽ ഞങ്ങൾക്ക് സമാധാനമായി.തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി, തൊട്ടുപിന്നാലെ തന്നെ വന്ന ഞങ്ങൾ കയറിയ വണ്ടിയിൽ തന്നെ അവരും കയറിയതോടെ ആ യാത്രയും ശുഭമായി.

ബാംഗ്ലൂരിൽ 10 വർഷത്തെ പരിചയമുള്ള അഷ്‌റഫിന്റെ പരിചയസമ്പത്ത് ശരിക്കും അനുഭവിച്ചത് നമസ്കരിക്കാനുള്ള സ്ഥലം അന്വേഷിച്ചപ്പോഴാണ്.എം.ജി റോഡ് സ്റ്റേഷനടുത്തുള്ള ഒരു ബഹുനില കെട്ടിടത്തിൽ ഒരു നമസ്കാര മുറി ഉള്ളതായി അഷ്‌റഫ് പറഞ്ഞു.ഈ മഹാനഗരത്തിനെ ഇത്രയും കൃത്യമായി അവൻ മനസ്സിലാക്കി വച്ചതിൽ ഞാൻ അത്ഭുതപ്പെട്ടു. നമസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കാർമേഘം ഉരുണ്ട് കൂടിത്തുടങ്ങി.ബാംഗ്ലൂരിൽ ഞാൻ കാണാൻ ഉദ്ദേശിച്ചിരുന്ന കാഴ്ചകൾ എല്ലാം പൂർത്തിയാക്കിയതിനാൽ ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ച് പോകാൻ തീരുമാനിച്ചു.



(തുടരും...)

Sunday, May 24, 2015

വിശ്വേശ്വരയ്യ മ്യൂസിയത്തിൽ...( പൂന്തോട്ട നഗരത്തിലേക്ക് – 3 )

വിശ്വേശ്വരയ്യ  മ്യൂസിയത്തിനകത്ത് കയറിയതും ഒരു സയൻസ് ഷോയുടെ അനൌൺസ്മെന്റ് മുഴങ്ങി.10 രൂപ ചാർജ്ജുള്ള ഷോക്ക് അപ്പോൾ തന്നെ ടിക്കറ്റെടുത്ത് ഞാനും കുടുംബവും കയറി.ശാസ്ത്രസത്യങ്ങൾ ഉപയോഗിച്ചുള്ള നിറം മാറുന്ന ദ്രാവകങ്ങളുടെ പരീക്ഷണങ്ങളും സ്വയം കുന്ന് കയറുന്ന ചക്രവും അതിന്റെ രഹസ്യ സഹിതം ഷോയിൽ വിവരിച്ചു.

മറ്റൊരു പരീക്ഷണത്തിനായി രണ്ട് പേരെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ രണ്ടാമത്തെ മകൾ ലുഅ മോളും ഒരു ആൺകുട്ടിയും ചെന്നു.ഇവരിൽ ആരാണ് ബലവാൻ എന്ന് അവതാരകൻ ചോദിച്ചപ്പോൾ സംശയമില്ലാതെ എല്ലാവരും ആൺകുട്ടിയെ പിന്തുണച്ചു.ഒരു സിമ്പിൾ പരീക്ഷണത്തിലൂടെ നമുക്ക് തെളിയിക്കാം എന്ന് പറഞ്ഞ് ഏകദേശം ഒരു പേനയുടെ നീളവും ചൂണ്ടുവിരലിന്റെ വീതിയുമുള്ള ഓരോ ന്യൂസ്പേപ്പർ കഷ്ണങ്ങൾ കുട്ടികൾക്ക് കൊടുത്തു.ശേഷം 1, 2, 3 എന്നെണ്ണുമ്പോഴേക്കും അത് ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ കീറണം എന്ന് പറഞ്ഞു (ഇംഗ്ലീഷിലുള്ള കമ്മ്യൂണിക്കേഷൻ പ്രശ്നമാവുമോ എന്നായിരുന്നു മകളെക്കുറിച്ച് ഞങ്ങളുടെ പേടി).

ഒരു പേപ്പർ കീറി അവതാരകൻ ഡമോൻസ്ട്രേഷനും നടത്തി.ഈ ലഘുപരീക്ഷണത്തിൽ ആൺകുട്ടി ജയിക്കും എന്ന് പറയുന്നവർ കൈ പൊക്കാൻ പറഞ്ഞപ്പോൾ ഭൂരിപക്ഷം പേരും കൈ പൊക്കി.അവതാരകൻ ടെസ്റ്റ് നടത്താനായി ഒരുങ്ങി.
വൺ...റ്റു...ത്രീ...!ലുഅ മോൾ ഒറ്റവലിക്ക് പേപ്പർ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ കീറി! ആൺകുട്ടിയും ഒറ്റ വലി വലിച്ചെങ്കിലും സൈഡിലേക്ക് ആണ് കീറിപ്പോയത്.അവന് ഒരു അവസരം കൂടി കൊടുത്തെങ്കിലും വിജയിച്ചില്ല.മൂന്നാമത്തെ ചാൻസിലും നൊ രക്ഷ!!

കുട്ടികൾക്ക് കൊടുത്ത പേപ്പർ വ്യത്യാസമുണ്ടെന്നും സയൻസ് പരീക്ഷണമായതിനാൽ പേപ്പറിൽ എന്തോ ലായനിയോ മറ്റോ ആക്കിയിട്ടുണ്ടെന്നും ആയിരുന്നു കാണികളായ ഞങ്ങളുടെ പ്രതികരണം.പക്ഷേ സംഗതി വളരെ സിമ്പിളായിരുന്നു.കൊടുത്ത പേപ്പറുകൾ ഒന്ന് സൂക്ഷിച്ച് നോക്കൂ......



ഒന്ന് കുത്തനെയുള്ള പ്രിന്റും മറ്റൊന്ന് കുറുകെയുള്ള പ്രിന്റും! തുണിയുടെ ഊടും പാവും എന്ന പോലെ.കടലാസ് നിർമ്മിച്ചിരിക്കുന്നത് ചെടിയിൽ നിന്നാണ് – അതായത് സെല്ലുലോസ്. അതിന്റെ ക്രമീകരണ രീതി അനുസരിച്ച്  കുത്തനെയുള്ള പേപ്പർ കീറുമ്പോൾ അവയുടെ ഇടയിലുള്ള ഗ്യാപിലൂടെ എളുപ്പം കീറാൻ സാധിക്കും.കുറുകെയുള്ളത് കീറുമ്പോൾ സെല്ലുലോസിന്റെയും കുറുകെ കീറണം.അത് ഒറ്റവലിയിൽ സാധ്യമല്ല,അല്പം കൂടുതൽ ബലവും സൂക്ഷ്മതയും വേണം !ഇനി നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ.

പരീക്ഷണത്തിൽ തോറ്റതിന് ശിക്ഷ ഒന്ന് വേണോ അതോ ആയിരം എണ്ണം വേണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒന്ന് മതി എന്ന് പറഞ്ഞ ആൺകുട്ടിക്ക് നേരെ 1000 ആണികൾ തറച്ച ഒരു പലക നീട്ടി അതിൽ ഇരിക്കാൻ പറഞ്ഞു! അവൻ മടിച്ചപ്പോൾ അവതാരകൻ തന്നെ അതിൽ ഇരുന്ന് കാണിച്ച് കൊടുത്തു.അങ്ങനെ ധൈര്യം അവലംബിച്ച് അവനും ഇരുന്നു.ബലം വിഭജിച്ചു പോകുന്നതിനാൽ വേദന അനുഭവപ്പെടില്ല എന്നതായിരുന്നു ഇതിന് പിന്നിലെ രഹസ്യം.ശേഷം അവൻ ആവശ്യപ്പെട്ട ഒറ്റ ശിക്ഷയായി ഒരു ആണി മാത്രം തറച്ച പലക നീട്ടി അതിൽ ഇരിക്കാൻ പറഞ്ഞു !ആണി കുത്തിക്കയറും എന്ന് തീർച്ചയുള്ളതിനാൽ അവൻ ഇരിക്കാൻ ഭാവിച്ചപ്പോഴേക്കും അവതാരകൻ പലക വലിച്ചു!

സയൻസ് ഷോ കഴിഞ്ഞ് പിന്നെ ഞങ്ങൾ യന്ത്രങ്ങളുടെ മായാലോകത്തെത്തി.അവിടെ ഒരു പ്ലാസ്റ്റിക് ബോൾ വിവിധ പാതകളിലൂടെ സഞ്ചരിച്ച് കൃത്യമായി ഒരു പീഠത്തിൽ വീണ് റീബൌണ്ട് ചെയ്ത് ഒരു കമ്പിക്കൊട്ടയിലേക്ക് ചാടിക്കയറുന്നത് കൌതുകം നിറഞ്ഞതായി. പ്ലാസ്റ്റിക് ബോൾ ഇത്രയും കൃത്യമായി റീബൌണ്ട് ചെയ്ത് മറ്റ് യാതൊരു ബാഹ്യബലപ്രയോഗവും കൂടാതെ സമീപം ഒരുക്കിവച്ച കമ്പിക്കൂട്ടിലേക്ക് തന്നെ ചാടിക്കയറുന്നത് സയൻസിലെ ഗതികോർജ്ജത്തിന്റേയും  സ്ഥിതികോർജ്ജത്തിന്റേയും ചില പ്രായോഗികതത്വങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.



രണ്ടാം നിലയിൽ സയൻസ് ഫൺ ആണ് ഒരുക്കിയിരിക്കുന്നത്.ശാസ്ത്രം ഉപയോഗിച്ചുള്ള തമാശകൾ തീർച്ചയായും സ്കൂൾ കുട്ടികൾക്ക് ശാസ്ത്രാഭിരുചി വളർത്താൻ സഹായകമാകും. 

ലൂന മോൾ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ !!




ജീവശാസ്ത്രത്തിന്റെയും ഭൌതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങൾ വിശദീകരിക്കുന്ന  മറ്റ് നിലകളിലൂടെ കയറിയിറങ്ങിക്കഴിയുമ്പോഴേക്കും സമയം 6 മണിയായിരുന്നു !മ്യൂസിയം ക്ലോസ് ചെയ്യുന്ന സമയമായിട്ടും താഴെ നിലകളിൽ നിന്നും മറ്റ് നിലകളിലേക്ക് ജനം പ്രവഹിക്കുന്നുണ്ടായിരുന്നു.

കബ്ബൺ പാർക്കിൽ കാണാമെന്ന് പറഞ്ഞ് പോയ അഷ്‌റഫ് ഇതിനിടക്ക് തിരിച്ചെത്തിയിരുന്നു. ഞങ്ങൾ മ്യൂസിയത്തിനകത്താണെന്ന് പറഞ്ഞപ്പോൾ അവൻ അവിടെ വന്ന് കാത്തിരുന്നു. പുറത്തിറങ്ങിയപ്പോൾ ആലിപ്പഴം വീഴ്ത്തി ഗംഭീരമഴ!!റോഡെല്ലാം പുഴയായതിനാൽ ട്രാഫിക് മൊത്തം ബ്ലോക്ക് ആയി.അതിനാൽ ഞങ്ങൾ അന്നത്തെ കാഴ്ചകൾക്ക് വിരാമമിട്ട് ഫ്ലാറ്റിലേക്ക് മടങ്ങി.





( തുടരും...)

Saturday, May 23, 2015

ബാംഗ്ലൂരിലൂടെ...(പൂന്തോട്ട നഗരത്തിലേക്ക് – 2)

ബാംഗ്ലൂർ മജസ്റ്റിക്കിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ ഡൊഡബെല്ലാപുര റൂട്ടിൽ മാരസാന്ദ്ര അപാർട്ട്മെന്റ്സ് എന്ന സ്ഥലത്ത് ആയിരുന്നു എന്റെ ആതിഥേയൻ അഷ്‌റഫിന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്തിരുന്നത്.രാത്രി ഒമ്പത് മണിയോടെ ഏറെക്കുറെ വിജനമായ സ്റ്റോപ്പിൽ കുടുംബസമേതം ബസ്സിറങ്ങുമ്പോൾ ഉള്ളിൽ ഒരു ഭയം തോന്നി.കാരണം അഷ്‌റഫ് പറഞ്ഞതിൽ നിന്നും ഞാൻ വിഭാവനം ചെയ്ത ഒരു രൂപമായിരുന്നില്ല യാഥാർത്ഥ്യമായി മുന്നിൽകണ്ടത്.അഷ്‌റഫ് എപ്പോഴും വിളിപ്പുറത്തുണ്ടായിരുന്നതിനാൽ അവൻ പറഞ്ഞ പ്രകാരം അല്പം മുന്നോട്ട് നടന്നതോടെ പ്രോവിഡന്റ് വെൽ‌വർത്ത് സിറ്റി എന്ന ചെറിയ ബോർഡ് മുന്നിൽ കണ്ടു – അൽഹംദുലില്ലഹ്!

തൊട്ടടുത്ത് തന്നെ ഒരു കൂറ്റൻ ഗേറ്റിൽ ഞങ്ങളുടെ സെക്യൂരിറ്റി പരിശോധനകൾ നടന്നു.അതിന് ശേഷമാണ് അഷ്‌റഫ് പറഞ്ഞ കോൺക്രീറ്റ് കാട് മുന്നിൽ തെളിഞ്ഞത്.വിവിധ ബ്ലോക്കുകളിലായി മൂവ്വായിരത്തോളം ഫ്ലാറ്റുകളുള്ള വിശാലമായ ഒരു ഏരിയയിലേക്കായിരുന്നു ഞങ്ങൾ എത്തിച്ചേർന്നത്.അഷ്‌റഫ് താമസിക്കുന്ന ജി8 ബ്ലോക്കിലേക്കെത്താൻ തന്നെ ഗേറ്റിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ നടക്കണമായിരുന്നു.ഒരു മലയാളി കുടുംബത്തിൽ ഏല്പിച്ച താക്കോൽ ഏറ്റുവാങ്ങി അഞ്ചാം നിലയിലെ 502ആം നമ്പർ റൂമിൽ പ്രവേശിച്ചപ്പോൾ സമയം പത്ത് മണിയോടടുത്തിരുന്നു.അന്നത്തെ രാത്രിഭക്ഷണം വൈകി എത്തിയ അഷ്‌റഫ് പാർസലായി കൊണ്ട് വന്നു.

പിറ്റേ ദിവസം രാവിലെ ഞങ്ങൾ പ്രയാണം ആരംഭിച്ചു.സിറ്റിക്കകത്തുള്ള കാഴ്ചകൾ കാണാൻ ബി.എം.ടി.സി (ബാംഗ്ലൂർ മെട്രൊ ട്രാൻസ്പോർട്ട് കോർപ്പറെഷൻ) ബസ്സിൽ ഡേ പാസ് എടുക്കുന്നതാണ് ഉചിതമെന്ന് അഷ്‌റഫ് പറഞ്ഞതിനാൽ എല്ലാവർക്കും 70 രൂപയുടെ ഓരോ ഡേ പാസ് ബസ്സിൽ നിന്ന് തന്നെ വാങ്ങി.ഏതെങ്കിലും ഒരു ഐ.ഡി കാർഡ് നിർബന്ധമാണെന്ന് പറഞ്ഞെങ്കിലും നിയമം കർക്കശമല്ലാത്തതിനാൽ, കണ്ടക്ടർ പാസ് തന്നു.ആണിനും പെണ്ണിനും പ്രത്യേകമായുള്ള പാസ് ഉപയോഗിച്ച് അന്ന് രാത്രി 12 മണി വരെ ബി.എം.ടി.സി ഓർഡിനറി ബസ്സുകളിൽ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം !



മൈസൂർ രാജാക്കന്മാരുടെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂർ പാലസായിരുന്നു ആദ്യകാഴ്ച.ഏക്കറുകളോളം വിസ്തൃതിയിൽ കിടക്കുന്ന പാലസ് ഗ്രൌണ്ടിൽ തലേന്ന് രാത്രി ദീപാലംകൃതമായിരുന്നതിന്റെ കാരണം അപ്പോഴാണ് മനസ്സിലായത്.വിവിധ കുടുംബങ്ങളുടെ കല്യാണച്ചടങ്ങുകൾ നടത്താൻ പാലസ് ഗ്രൌണ്ട് വാടകക്ക് നൽകാറുണ്ടത്രെ.മുൻ പ്രധാനമന്ത്രി ശ്രീ.എച്.ഡി ദേവഗൌഡയുടെ മകൻ (അതോ മകളൊ) ന്റെ കല്യാണ ഒരുക്കങ്ങളായിരുന്നു പാലസിന് തൊട്ടടുത്ത് നടന്നു കൊണ്ടിരുന്നത് (ഇവിടെ വാടക 5 ലക്ഷം ആണത്രെ!).



പാലസിനകത്ത് കയറാൻ ഒരാൾക്ക് 225 രൂപ കൊടുത്ത് ഇയർഫോൺ ധരിച്ച് ചരിത്രം കേൾക്കൽ നിർബന്ധമായതിനാൽ ഞങ്ങൾ അധിക നേരം അവിടെ നിന്നില്ല.



അടുത്ത സ്ഥലത്തേക്ക് ബസ് പിടിക്കാനായി നടന്ന് നടന്ന് എത്തിയത് ജവഹർലാൽ നെഹ്രു പ്ലാനറ്റേറിയത്തിന്റെ മുന്നിലായിരുന്നു.അതിനാൽ പ്ലാനറ്റേറിയത്തിലെ അപ്പോഴത്തെ ഷോ കാണാൻ തീരുമാനിച്ചു.ടിക്കറ്റ് മുതിർന്നവർക്ക്ല്ലാ 35 രൂപ , കുട്ടികൾക്ക് 20 രൂപ.3 വയസ്സിന് താഴെയുള്ള കുട്ടികളെ ഫിലിം ഷോക്ക് പ്രവേശിപ്പിക്കില്ല എന്നും ബോർഡിൽ കാണുന്നു.അകത്ത് 5 രൂപക്ക് നമ്മുടെ വിവിധ ഗ്രഹങ്ങളിലെ തൂക്കം പ്രിന്റ് ചെയ്ത് നൽകുന്ന സംവിധാനമുണ്ട്. സൌരയൂഥത്തെപറ്റിയുള്ള ഷോ കോഴിക്കോട്ടെ ഷോയുടെ അത്രയും നന്നായി തോന്നിയില്ല.



അര മണിക്കൂർ ഷോ കഴിഞ്ഞ് ഞങ്ങൽ പ്ലാനടേറിയത്തിന്റെ നേരെ എതിർവശത്തെ ഇന്ദിരാഗാന്ധി മ്യൂസിക്കൽ ഫൌണ്ടൈനിലേക്ക് കയറി.ഇവിടെ പാർക്കിലേക്ക് എൻ‌ട്രി ഫീ വെറും 5 രൂപയാണ്. മ്യൂസിക്കൽ ഫൌണ്ടൈൻ ഷോ രാത്രി 7 മണിക്കാണ്.അപ്പോൾ എൻ‌ട്രി ഫീ 15 രൂപയാകും.വൈകിട്ട് കാണാമെന്ന ധാരണയിൽ ഞങ്ങൾ കബ്ബൺ പാർക്കിലേക്ക് തിരിച്ചു.

കബ്ബൺ പാർക്കിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു അക്വേറിയത്തെപറ്റി അപ്പോഴാണ് അഷ്‌റഫ് പറഞ്ഞത്.അവന് സ്വന്തം ചില കാര്യങ്ങൾ ചെയ്യാനുള്ളത് കാരണം ഞങ്ങളോട് ആ കാഴ്ചകൾ കണ്ട് പാർക്കിൽ എത്താൻ പറഞ്ഞ് അവൻ സ്ഥലം വിട്ടു.ഞങ്ങൾ നേരെ അക്വേറിയത്തിലേക്ക് കയറി.



ഇരു നിലകളിലായി സജ്ജീകരിച്ച് വച്ച  അക്വേറിയത്തിലേക്ക് 5 രൂപയാണ് പ്രവേശന ഫീസ്.കുട്ടികൾക്ക് 2 രൂപയും.ആകർഷകമായ ധാരാളം മത്സ്യങ്ങൾ കാണാനുള്ളതിനാൽ അവിടെ സമയം പോയതറിഞ്ഞില്ല(വിഴിഞ്ഞം അക്വേറിയം കണ്ടവർക്ക് പുതുമ തോന്നില്ല). അക്വേറിയത്തിൽ നിന്നും അല്പം മുന്നോട്ട് നീങ്ങിയാൽ എക്സിബിഷൻ ഉണ്ടെന്ന് അഷ്‌റഫ് പറഞ്ഞിരുന്നതിനാൽ പാർക്കിൽ കയറുന്നതിന് മുമ്പ് അതു കൂടി കാണാമെന്ന് കരുതി ഞങ്ങൾ മുന്നോട്ട് നടന്നു.

നടന്ന് നടന്ന് എത്തിച്ചേർന്നത് വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നിക്കൽ മ്യൂസിയത്തിന്റെ മുന്നിലാണ്!ഡിഗ്രിക്ക് ഫറൂക്ക് കോളെജിൽ പഠിക്കുന്ന സമയത്ത് വന്ന സ്റ്റഡി ടൂറിൽ കണ്ട് മതിയാകാത്ത സയൻസിന്റെ അത്ഭുതലോകത്തിന്റെ മുന്നിൽ കുടുംബസമേതം എത്തിയപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി.കാരണം മുൻ‌കൂട്ടിയുള്ള അനുവാദത്തോട് കൂടിയേ ഇവിടേക്ക് പ്രവേശനമുള്ളൂ എന്നായിരുന്നു എന്റെ ധാരണ.അതിനാൽ ഈ ട്രിപ്പിൽ ഞാൻ ഇവിടെ സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.പ്രവേശന ഫീസ് ആയ 40 രൂപ (എല്ലാവർക്കും) കൊടുത്ത് ഞങ്ങൾ അകത്ത് പ്രവേശിച്ചു. ക്യാമറക്ക് വിലക്കില്ല.      


(തുടരും...) 

Friday, May 22, 2015

പൂന്തോട്ട നഗരത്തിലേക്ക് – 1

ഡൽഹിയും ആഗ്രയും കന്യാകുമാരിയും മൈസൂരും രണ്ട് തവണയും ചെന്നൈ, ഹൈദരാബാദ്,ഊട്ടി, കുടക്, ഷിമോഗ (ജോഗ്)  എന്നിവ ഓരോ തവണയും കേരളത്തിലെ പല ടൂറിസം പോയിന്റുകളും പല തവണയും കുടുംബസമേതം സന്ദർശിച്ചിട്ടുണ്ട്.അപ്പോഴും ഇന്ത്യയുടെ പൂന്തോട്ടനഗരമായ ബാംഗ്ലൂർ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു നല്ല പാതിയുടെ പരാതി. അങ്ങനെ ഈ വെക്കേഷനിൽ പ്ലാൻ ചെയ്തത് ലക്ഷദ്വീപിലേക്കും എത്തിയത് ബാംഗ്ലൂരിലും ആയിരുന്നു.മഹാനഗരത്തിൽ പ്രീഡിഗ്രി സുഹൃത്ത് അഷ്‌റഫ് ഒറ്റക്ക് ഫ്ലാറ്റിൽ താമസിച്ച് വരുന്നതിനാൽ താമസസൌകര്യം അവൻ ഏറ്റെടുത്തു.

അതിരാവിലെ നാട്ടിൽ നിന്നും മൈസൂരിലേക്ക് ബസ് കയറിയതോടെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. അഞ്ച് വർഷം സേവനമനുഷ്ടിച്ച വയനാടിന്റെ പ്രവേശനദ്വാരമായ ലക്കിടി വ്യൂപോയന്റിൽ വന്ന മാറ്റങ്ങൾ ദർശിച്ച് വയനാട്ടിലേക്ക് കയറി.കല്പറ്റയും ബത്തേരിയും മുത്തങ്ങയും പിന്നിട്ട് കാട്ടിലൂടെ യാത്ര തുടങ്ങിയപ്പോൾ മുതൽ ഞങ്ങളുടെ കണ്ണുകൾ സൂക്ഷ്മാലുക്കളായി.



നേരം വെളുത്തെങ്കിലും വന്യമൃഗങ്ങളെ കാണാൻ സാധ്യത നിലനിൽക്കുന്നുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല , റോഡരികിൽ കുരങ്ങുകൾക്ക് പുറമെ മാൻ‌കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു.ഒരു വളവ്തിരിഞ്ഞതും എതിരെ വരുന്ന കാറ് സ്ലോ ആക്കിയത് ശ്രദ്ധയിൽ പെട്ടു.അപ്പോഴാണ് വലതുഭാഗത്ത് റോഡിലേക്ക് കയറാൻ ശ്രമിക്കുന്ന കാട്ടാനയെ കണ്ടത്.വയനാട് താമസിക്കുന്ന സമയത്ത് കാട്ടിൽ പോയപ്പോഴൊന്നും കാണാത്ത ആ കാഴ്ച കുടുംബത്തിന് വിരുന്നായി(ഒരു തവണ ആന ഓടിച്ച സംഭവവും മറ്റൊരു തവണ ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ആന റോഡ് സൈഡിൽ വന്നതും മൂന്നാമതൊരു തവണ എൻ.എസ്.എസ് വളണ്ടിയർമാരേയും കൊണ്ട് കാട്ടിനകത്ത് ആനക്കൂട്ടത്തിന്റെ മുമ്പിൽ പെട്ടതും കാരണം ഈ കാഴ്ചയിൽ എനിക്ക് പുതുമ തോന്നിയില്ല).പകൽ സമയമായിട്ടും വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്നതിനാൽ ഈ റൂട്ടിലെ രാത്രിയാത്രാ നിരോധനത്തിന്റെ ആവശ്യകത (സർക്കാർ പറയുന്നത് യഥാർത്ഥമാണെങ്കിൽ) മനസ്സിലാക്കാൻ ഈ കാഴ്ച ഉപകാരപ്പെട്ടു.

കാടിന്റെ അതിർത്തി കഴിഞ്ഞതും ഗുണ്ടൽ‌പ്പേട്ടിലെ കൃഷിഭൂമിയിലൂടെയായി യാത്ര.റോഡ് വീതികൂട്ടുന്നത് കാരണം ഇരു ഭാഗത്തുമുള്ള മരങ്ങൾ വെട്ടി നീക്കം ചെയ്തിരുന്നതിനാൽ പഴയ മൈസൂർ യാത്രയുടെ ശീതളിമ മുഴുവൻ നഷ്ടമായിരുന്നു.മാത്രമല്ല റോഡ് പല സ്ഥലങ്ങളിലും ഡൈവർട്ട് ചെയ്തിരുന്നതിനാൽ കുത്തിക്കുലുങ്ങിയായിരുന്നു യാത്ര.മുൻ യാത്രകളിലെല്ലാം പച്ചപിടിച്ച് നിന്നിരുന്ന സ്ഥലങ്ങൾ ഇപ്പോൾ കാട് കയറിയതിന്റെ രഹസ്യം അറിയാതെ നിൽക്കുമ്പോഴാണ് സഹയാത്രികൻ അതിന്റെ ചുരുളഴിച്ചത് - കിലോക്ക് ഒരു രൂപ നിരക്കിൽ ജനങ്ങൾക്ക് പ്രതിമാസം 35 കിലോ അരി കിട്ടും.പണിക്കാണെങ്കിൽ കൂലി വളരെ കുറവും.അതിനാൽ നല്ല കൂലി കിട്ടുന്ന കേരളത്തിലേക്ക് പോവുകയാണ് എല്ലാവരും. ഓണം സീസണായാൽ അതേ സ്ഥലത്ത് മുഴുവൻ പൂക്കൾ നിറയും എന്നദ്ദേഹം പറഞ്ഞപ്പോൾ സർക്കാറിന്റെ ചില നയങ്ങൾ വരുത്തിവയ്ക്കുന്ന അപ്രതീക്ഷിത തിരിച്ചടികൾ ഓർത്തുപോയി ( തൊഴിലുറപ്പ് പദ്ധതി വന്നതോടെയാണ് നമ്മുടെ നാട്ടിൽ പല പണിക്കും ആളെ കിട്ടാതായത് എന്ന് എല്ലാവരും പറയുന്നതാണല്ലോ?).

കർണ്ണാടകയിലെ കണ്ടക്ടർമാരുടെ ‘സ്വഭാവഗുണങ്ങളെ’പ്പറ്റിയും സഹയാത്രികൻ പറഞ്ഞ് തന്നു.അവരെ അപേക്ഷിച്ച് കേരള കണ്ടക്ടർമാർ എത്രയൊ മെച്ചപ്പെട്ടവരാണെന്ന് ആ മൈസൂർ സ്വദേശി പറഞ്ഞപ്പോൾ അച്ഛനെ നന്നാക്കിയ മകന്റെ കഥയാണ് ഓർത്തത്.

ഗുണ്ടൽ‌പ്പേട്ട ടൌൺ കഴിഞ്ഞ് ഒരു ‘കേരള സ്റ്റയിൽ’ ഹോട്ടലിന്റെ മുമ്പിൽ ബസ് നിർത്തി.അവിടെയും സഹയാത്രികൻ എനിക്ക് ഒരു ഉപദേശം നൽകി – ഹോട്ടലിൽ ഒരു ചായക്ക് 10 രൂപയാകും.അതിലും രുചിയേറിയ ചായ 5 രൂപക്ക് റോഡ് സൈഡിലെ കടകളിൽ നിന്ന് കിട്ടും!പക്ഷെ കുടുംബം കൂടെയുള്ളതിനാൽ എനിക്ക് ഹോട്ടലിൽ കയറുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ.

ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഞങ്ങൾ മൈസൂർ സ്റ്റാന്റിൽ ബസ്സിറങ്ങി.നേരെ പാലസിലേക്ക് ഓട്ടോ പിടിച്ചു.സ്റ്റാന്റിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ് പാലസിന്റെ ഒരു ഗേറ്റ്.പക്ഷെ എൻ‌ട്രി ഗേറ്റിലെത്താൻ ഓട്ടോയിൽ പോകുന്നതാണ് നല്ലത് – ചാർജ്ജ് 50 രൂപ (അഥവാ തോന്നിയപോലെ)

ടൂറിസത്തിലൂടെ കാശ് വാരുന്നത് എങ്ങനെ എന്ന് ഡമോൺസ്ട്രേറ്റ് ചെയ്യുന്ന വിധത്തിലാണ് കർണ്ണാടകയിലെ വിവിധ സ്ഥലങ്ങളിലെ എൻ‌ട്രി ഫീസ്.ഒരാൾക്ക് 40 രൂപയാണ് പാലസിലെ ഇപ്പോഴത്തെ പ്രവേശന ഫീസ്.10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൌജന്യമാണ്. പാലസിനകത്ത് ഫോട്ടോഗ്രഫി നിരോധിച്ചതിനാൽ ക്യാമറക്ക് പ്രത്യേകം ചാർജ്ജില്ല.



ടിക്കറ്റെടുത്ത് അകത്ത് കയറിയപ്പോഴാണ് പെട്ടെന്ന് ആരോ എന്നെ പേരെടുത്ത് വിളിച്ചത്. അമ്മാവന്റെ മക്കളായ ഫിറൊസിന്റേയും ദിലീപിന്റേയും കുട്ടിക്കാലത്തെ ഉറ്റ സുഹൃത്തായിരുന്ന സബക്കും കുടുംബവും ആയിരുന്നു അത്.അവർ തലേ ദിവസം മുതലേ വിവിധ മൈസൂർ കാഴ്ചകൾ ആസ്വദിച്ച് വരികയായിരുന്നു.മൃഗശാലയിൽ ഇപ്പോൾ എൻ‌ട്രി ഫീസ് 50 രൂപയായതായി അവനിലൂടെ അറിഞ്ഞു.കഴിഞ്ഞ വർഷം എൻ‌ട്രി ഫീസ് 40 രൂപയായിരുന്നു.

കൊട്ടാരത്തിലേക്ക് പ്രവേശിക്കാൻ ചെരിപ്പൂരി പുറത്ത് വയ്ക്കണം. ചെരിപ്പ് സൂക്ഷിക്കാൻ അവിടെ ആളുകളുണ്ട്. ഫ്രീ സർവീസ് എന്ന ബോർഡ് തൂങ്ങുന്നുണ്ടെങ്കിലും ചെരിപ്പ് തിരിച്ച് വാങ്ങാൻ ചെല്ലുമ്പോൾ അവരുടെ കൈവിരലുകൾ ചില ആംഗ്യങ്ങൾ കാണിക്കും , ഒപ്പം ചുണ്ടിൽ  നിന്നൊരു മന്ത്രണവും – സർ ടിപ്പ്!

ചെരിപ്പ് അവിടെ ഏല്പിച്ച് അല്പം കൂടി മുന്നോട്ട് എത്തിയ് ശേഷമാണ് ടിക്കറ്റ് പരിശോധന !അതായത് മെയിൻ ഗേറ്റും കഴിഞ്ഞ് കൊട്ടാരത്തിന് പുറത്തെല്ലാം അലഞ്ഞ് തിരിഞ്ഞ് അകത്തേക്ക് കയറുമ്പോൾ മാത്രം.അതിനാൽ നേരത്തെ എടുത്ത ടിക്കറ്റ് കയ്യിൽ തന്നെ ഉണ്ടായിരിക്കണം(സബക് മെയിൻ ഗേറ്റ് കടന്നപ്പോൾ തന്നെ ടിക്കറ്റ് എറിഞ്ഞിരുന്നു പോലും.അവന്റെ ഭാര്യ അത് വീണ്ടും എടുത്ത് പിടിച്ചതിനാൽ പാലസിൽ കയറാനായി!)

കൊട്ടാരത്തിനകത്തെ ദിവാനിഖാസും ദർബാർഹാളും അന്ത:പുരവാസികളുടെ സ്വകാര്യമുറികളും കൊത്തുപണികളും കണ്ട് നടക്കുന്നതിനിടെ ചെറിയ മോളാടായി ഞാൻ പറഞ്ഞു – 
“ഇത് രാജാവിന്റെ വീടാണ് ട്ടോ..”
“അപ്പോൾ രാജാവ് എവിടെയാ ഇരിക്കുന്നത്?” കഥയിൽ മാത്രം കേട്ട് പരിചയമുള്ള രാജാവിനേയും അദ്ദേഹത്തിന്റെ വീടിനെപറ്റിയും കേട്ട ഉടനെ മോളുടെ മറുചോദ്യം ! സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിന്റെ രൂപം കാണിച്ച് തൽക്കാലം രക്ഷപ്പെടാൻ നോക്കിയപ്പോൾ അടുത്ത കമന്റ് വന്നു – “ജീവനില്ലാത്ത രാജാവാണല്ലേ?”

          പാലസ് കണ്ട് പുറത്തിറങ്ങിയാൽ പിന്നിൽ തന്നെ മറ്റൊരു പാലസ് കൂടിയുണ്ട്.അത് കാണാൻ 35 രൂപയുടെ ടിക്കറ്റ് വേറെ എടുക്കണം.അവിടെ കയറാതെ തൽക്കാലം ഈ പിഴിയലിൽ നിന്നും ഞങ്ങൾ തടിയൂരി(സമീപഭാവിയിൽ രണ്ടും കൂടി ഒന്നാക്കി ഫീ വർദ്ധിപ്പിക്കാൻ സാധ്യത കാണുന്നു).തൊട്ടടുത്ത് തന്നെ ആനസവാരിയും (ഒരാൾക്ക് 60 രൂപ) ഒട്ടക സവാരിയും(ഒരാൾക്ക് 30 രൂപ) ഉണ്ട്.ഞങ്ങൾക്ക് കൂടുതൽ സമയം ഇല്ലാത്തതിനാൽ നേരെ റെയിൽ‌വെ സ്റ്റേഷനിലെത്തി ബാംഗ്ലൂർ വണ്ടി പിടിച്ചു (മൈസൂർ - ബാംഗ്ലൂർ ജനറൽ 60 രൂപ)  


      (തുടരും....)


Thursday, May 14, 2015

നാൽ‌വർ കോമൺസെൻസ്


വർഷങ്ങൾക്ക് മുമ്പൊരു വേനലവധിക്കാലം.ഞാൻ ട്രൌസർ പ്രായത്തിൽ നിന്നും ‘കാത്സറായി’ പ്രായത്തിലേക്ക് അഥവാ സൈക്കിൾചക്രം ഉരുട്ടലിൽ നിന്ന് സൈക്കിൾ ചവിട്ടലിലേക്ക് പ്രമോഷൻ ലഭിച്ച് നിൽക്കുന്ന പ്രായം.ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാൽ സ്ലേറ്റിൽ നിന്ന് നോട്ട്ബുക്കിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെ പ്രായം.

വേനലവധിയിലെ പ്രധാന ഹോബികളിലൊന്നാണ് ചാലിയാറിലെ മീൻപിടുത്തം.ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള ലൈസൻസേ ഈ പ്രായത്തിൽ ലഭിക്കൂ. തോണിയും വലയും ഉപയോഗിക്കണമെങ്കിൽ  മൂക്കിന് താഴെ രോമം വരണമത്രെ.അപ്പോഴേ തോണിയും വലയും ഒരുമിച്ച് നിയന്ത്രിക്കാൻ കഴിയൂ എന്നാണ് പോലും ഐൻസ്റ്റീനിന്റെ ആപേക്ഷികസിദ്ധാന്തം പറയുന്നത്.തോണിയെ അപേക്ഷിച്ച് വലയും വലയെ അപേക്ഷിച്ച് തോണിയും തമ്മിൽ എന്തോ ഒരു അവിഹിത ബന്ധം ഉള്ളതിനാൽ ഐൻസ്റ്റീൻ വല്ല്യാപ്പയുടെ ഈ നിയമത്തെ ചോദ്യം ചെയ്യാൻ അന്ന് ഞങ്ങളാരും മുതിർന്നില്ല.

അങ്ങനെ മൂക്കിന് താഴെ കറുത്ത ചില പൊടികൾ രൂപപ്പെടാൻ തുടങ്ങിയപ്പോഴാണ് ആപേക്ഷികസിദ്ധാന്തത്തിന്റെ പരിധിയിൽ അതിക്രമിച്ചു കയറാൻ ഞങ്ങൾ തീരുമാനിച്ചത്. വലിയ അമ്മാവന് തോണിയും വലയും ഉണ്ടായിരുന്നതിനാൽ ‘ഓപ്പറേഷൻ മത്സ്യബന്ധ’ ഞങ്ങൾക്ക് സാങ്കേതികമായി എളുപ്പമായിരുന്നു.തോണി പുഴയിൽ തന്നെ കെട്ടിയിട്ട് , വല തൊട്ടടുത്ത് തന്നെ കമുക് കൊണ്ട് കെട്ടിയ ഒരു ക്രോസ്ബാറിൽ തൂക്കിയിട്ടായിരുന്നു അമ്മാവൻ മീൻപിടുത്തം കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കി വച്ചിരുന്നു.

അക്കാലത്ത് നാട്ടിൽ തന്നെ ഉല്പാദിപ്പിച്ചിരുന്ന രണ്ട് ബീഡികളായിരുന്നു ഉദയാബീഡിയും ജയാബീഡിയും. എന്തോ ഒരു സാധനം ചുരുട്ടി റോസ് നൂൽ കൊണ്ട് ഒരു കെട്ടും ഇട്ടാൽ ബീഡി ആകും എന്ന ‘കോമൺസെൻസ്’ ഞങ്ങൾക്കുണ്ടായിരുന്നു.അമ്മാവന്റെ ചുണ്ടിൽ പലപ്പോഴും കാണുന്ന ബീഡിയുടെ കമ്പനി അറിയില്ലെങ്കിലും മൂക്കിലൂടെ വരുന്ന പുകയുടെ ചുരുളുകൾ അന്തരീക്ഷത്തിൽ ചിത്രം വരയ്ക്കുന്നത് ഞങ്ങൾ കൌതുകത്തോടെ ശ്രദ്ധിച്ചിരുന്നു. ചാലിയാറിൽ മീൻപിടിക്കുന്ന വലക്കാരുടെയെല്ലാം ചുണ്ടിൽ എരിയുന്ന ഉദയാ / ജയാ ബീഡികൾ മീൻ പിടിക്കാൻ ബീഡി വലിക്കണം എന്ന മറ്റൊരു ‘കോമൺസെൻസും’ ഞങ്ങളിലുണ്ടാക്കി.

ഇനി ഈ ‘ഞങ്ങൾ’ എന്ന ചരിത്രപുരുഷന്മാരെക്കൂടി പരിചയപ്പെടുത്താം.ഡൽഹി സുൽത്താന്മാരിൽ പേര് കേൾപ്പിച്ച ബുദ്ധിമാനായവിഡ്ഡി എന്നറിയപ്പെട്ട മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പി‌ൻ‌ഗാമിയോ മുൻ‌ഗാമിയോ ആയിരുന്ന ഫിറോസ് ഷാ തുഗ്ലക്കിന്റെ സ്മരണാർത്ഥം അമ്മാവൻ കൃത്യമായി പേരിട്ട ഫിറോസ് ആയിരുന്നു ഒരാൾ.ഡൽഹി സുൽത്താന്മാർക്ക് എന്നും പേടി സ്വപ്നമായിരുന്ന രജപുത്ര രാജാക്കന്മാരുടെ ധീരനായ നേതാവ് പൃഥിരാജ് ചൌഹാനിന്റെ മച്ചുനൻ ദിലീപ് ചൌഹാനിന്റെ ഓർമ്മകൾ പേറുന്ന ദിലീപ് ആയിരുന്നു രണ്ടാമൻ.ഞങ്ങളെ എല്ലാവരേയും അമ്മാവന്മാരേ എന്ന് വിളിക്കേണ്ട അടുത്ത തലമുറയുടെ തലവനും എന്നാൽ ജന്മം കൊണ്ട് ഞങ്ങളുടെ അതേ പ്രായത്തിൽ വരുന്നതുമായ റയീസ് ആയിരുന്നു മൂന്നാമൻ.പിന്നെ ലോകം കിടുകിടാ വിറപ്പിച്ച നെപ്പോളിയൻ ബോണപ്പാർട്ടിന്റെ കഥ കടുകിട തെറ്റാതെ മനോഹരമായി വായിക്കാൻ കഴിവുള്ള ഞാനും !

അങ്ങനെ ഒരു വ്യാഴാഴ്ച വൈകിട്ട്  ‘ഓപ്പറേഷൻ മത്സ്യബന്ധ’ നടത്താൻ ഞങ്ങൾ തീരുമാനിച്ചു.കാരണം രണ്ടാണ്.തോണിയുള്ള അമ്മാവൻ വ്യാഴാഴ്ച മീൻ പിടിക്കാൻ പോകാറില്ല. അപ്പോൾ തോണിയും വലയും ഫ്രീ ആയിരിക്കും എന്നതാണ് ഒരു കാരണം. വെള്ളിയാഴ്ച സ്കൂൾ അവധി ആയതിനാൽ , വ്യാഴാഴ്ച സന്ധ്യ കഴിഞ്ഞ് അല്പം വൈകിയാലും എനിക്കും റയീസിനും മാത്രം ബാധകമായ മാതാപിതാക്കളുടെ ശകാരത്തിന്റെ ‘ക്വഥനാങ്കം’ അല്പം കുറക്കാം എന്നതാണ് രണ്ടാം കാരണം.

അങ്ങനെ വൈകിട്ട് അഞ്ചരയോടെ ഞങ്ങൾ നാൽ‌വർ സംഘം തോണിയുടെ അടുത്തെത്തി.സന്ധ്യയായാൽ വലവിരിച്ച് മീൻപിടിക്കുന്നത് റിസ്ക് ആകും എന്നതിനാൽ വീശുവല എടുക്കാൻ ഞങ്ങളുടെ ‘നാൽ‌വർ കോമൺസെൻസ്’ ഉപദേശിച്ചു. മീൻ കൂടുതൽ ലഭിക്കാൻ ഓപ്പറേഷൻ നടത്തേണ്ടത് വെള്ളം കൂടുതലുള്ള സ്ഥലത്ത് ആകണം എന്നതിനാൽ ഞങ്ങളുടെ കടവിന്റെ മുകൾ ഭാഗത്തേക്ക് തോണി വിടാൻ തീരുമാനമായി.എന്നാൽ അമ്മാവൻ ഉപയോഗിക്കുന്ന ഒരേ ഒരു പങ്കായം മാത്രമേ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും ലഭിച്ചുള്ളൂ. അതിനാൽ കൂട്ടത്തിൽ മൂത്തവനായ ഫിറോസിനെ അമരം ഏൽ‌പ്പിച്ച് , ആലിക്കുട്ട്യാക്കയുടെ പറമ്പിന്റെ വേലിയിൽ നിന്ന് മൂന്ന് കമുകിൻ തറികൾ വലിച്ചൂരി.വീശുവലയും തോണിയിലിട്ട് ഞങ്ങൾ ആ ചരിത്രദൌത്യത്തിനായി പുറപ്പെട്ടു.

കരയിലൂടെ നടന്നാൽ അരമണിക്കൂർ സമയമെടുക്കുന്ന കോലോത്തുംകടവിലേക്ക് ഒഴുക്കിനെതിരെ തോണി തുഴഞ്ഞ് (അല്ല കുത്തി ) എത്തിക്കാൻ ഞങ്ങൾക്ക് ഒരു മണിക്കൂറിലേറെ സമയമെടുത്തു.നേരം ഇരുട്ടിത്തുടങ്ങിയതിനാൽ ഓപ്പറേഷൻ വേഗം തുടങ്ങാനായി ഞങ്ങൾ തോണി കരയോട് അടുപ്പിച്ചു നിർത്തി.വേലിത്തറിയിൽ ഒന്ന് കരയിൽ ആഴ്ത്തി തോണി അതിലേക്ക് ബന്ധിപ്പിച്ചു. വീശാനായി വലയെടുത്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത് – വീശുവല എറിയാൻ ആർക്കും അറിയില്ല! അങ്ങനെ ‘നാൽ‌വർ കോമൺസെൻസ്’ വീണ്ടും ആക്ടീവായി.അതു പ്രകാരം പ്രായത്തിൽ മുന്നിൽ നിൽക്കുന്ന ഫിറോസ് വല എറിയണം.വല കൈ വിട്ട് പോകാതിരിക്കാൻ പ്രായത്തിൽ പിന്നിൽ നിൽക്കുന്ന റയീസ് വലയുടെ മറ്റേ അറ്റത്തെ കയറ് പിടിക്കണം. പ്രായത്തിൽ നടുവിൽ നിൽക്കുന്ന ഞാനും ദിലീപും തോണിയുടെ രണ്ടത്തും ഇരുന്ന് തോണി സ്റ്റഡി ആയി നിർത്തണം.

അങ്ങനെ ഞാനും ദിലീപും തോണി സ്റ്റഡി ആക്കി നിർത്തി.റയീസ് വലയുടെ അറ്റത്തെ കയറ് പിടിച്ചു.ഫിറോസ് വൺ റ്റൂ ത്രീ എണ്ണി വല ആഞ്ഞെറിഞ്ഞു. “ശൂ” എന്ന ശബ്ദത്തോടെ വല വായുവിൽ പൊങ്ങിയതും തോണി ഒന്നാടിയുലഞ്ഞു.
”ഉമ്മേ...!“ വെള്ളത്തിൽ വല വീഴുന്ന ശബ്ദത്തിന് പകരം റയീസിന്റെ കരച്ചിലാണ് അന്തരീക്ഷത്തിൽ ഉയർന്നത്. അന്തരീക്ഷത്തിൽ ഉയർന്ന് താഴ്ന്ന് വീണ വലക്കകത്ത് റയീസ്!!

റയീസ് വലക്കയറ്‌ പിടിച്ചതിലുള്ള പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഫിറോസ് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും അതിനെ പിന്താങ്ങി.എങ്കിൽ അടുത്തതായി എന്നോട് വലക്കയറ് പിടിക്കാൻ റയീസ് പറഞ്ഞു.കൊതുക് വലയും ചിലന്തി വലയും മാത്രം നേരിട്ട് ടച്ച് ചെയ്ത് പരിചയമുള്ള എനിക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം വന്നില്ല.വീണ്ടും ഒറ്റക്ക് വല വീശാൻ ഫിറോസിനും ധൈര്യം ഇല്ലാത്തതിനാൽ ഇനി എല്ലാവരും കൂടി വല എറിയാൻ തീരുമാനിച്ചു.

 “വൺ... റ്റൂ ....ത്രീ...ശൂ” നാല് പേരും കൂടി പിടിച്ച് വല ഒറ്റയേറ്‌ !
“ബ്ലും” വല കൃത്യമായി വെള്ളത്തിൽ വീണു.വലക്കയറ് തോണിയിൽ എവിടെയോ കൊളുത്തിയതിനാൽ ഞങ്ങൾക്ക് പിടുത്തം കിട്ടി!ഇനി അല്പ നേരം കാത്തിരിക്കണം.അപ്പോഴാണ് ഫിറോസ് തോണിയുടെ അമരത്ത് നിന്നും കിട്ടിയ ഉദയാബീഡിക്കെട്ടിൽ നിന്നും ഒന്നെടുത്ത് തീ കൊളുത്തിയത്.ബീഡി മണം അടിച്ചതോടെ എനിക്കും റയീസിനും ഓക്കാനം വന്നു.ദിലീപ് , കാക്ക വിടുന്ന പൊക നോക്കി രസിച്ചിരുന്നു.

അല്പം കഴിഞ്ഞ് ഞങ്ങൾ നാല് പേരും കൂടി വല വലിച്ചു.വലക്ക് അസാധാരണമായ കനം അനുഭവപ്പെട്ടപ്പോൾ ഞങ്ങളുടെ ആദ്യത്തെ ‘ഓപ്പറേഷൻ മത്സ്യബന്ധ’ ചരിത്രമാകാൻ പോകുന്നതിന്റെ മന്ദഹാസം ഇരുട്ടിലും ഞങ്ങൾ പരസ്പരം ദർശിച്ചു.പെട്ടെന്ന് വലക്കകത്ത് കുടുങ്ങിയ സാധനം വലയോടൊപ്പം വെള്ളത്തിന്റെ മുകളിലേക്ക് പൊങ്ങി വന്നു.

“ആരെടാ....മഗ്‌രിബിന്റെ നേരത്ത് കുളിക്കടവിൽ  വല എറിയുന്നത് ?” വലയിൽ നിന്നും പരിചയമുള്ള ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിപ്പോയി – വ്യാഴാഴ്ചകളിൽ മീൻ പിടിക്കാൻ പോകാത്ത അമ്മാവൻ അതാ സ്വന്തം വലക്കകത്ത്!

വല വിട്ട് ഞാനും ദിലീപും കരയിലൂടെ ഓടി.റയീസ് നേരെ കണ്ട ഇടവഴിയിലൂടെ അവന്റെ വീട്ടിലേക്കും വച്ച് പിടിച്ചു.ഫിറോസ് വെള്ളത്തിൽ ചാടി മുങ്ങാംകുഴിയിട്ട് നേരെ ഞങ്ങളുടെ കടവിൽ പൊങ്ങി.ഇരുട്ടിൽ അമ്മാവന് ആരെയും പെട്ടെന്ന് മനസ്സിലാവാത്തതിനാൽ ഒരു വലിയ ആപത്തിൽ നിന്നും അന്ന് ഞങ്ങൾ രക്ഷപ്പെട്ടു.


Sunday, May 03, 2015

അന്ത്യോദയ അന്നയോജന ഉപഭോക്താവ്

ഭക്ഷ്യ സുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കൽ ബില്ലും തുടങ്ങീ ബില്ലുകളായ ബില്ലുകളെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ സൃഷ്ടിക്കും എന്ന് ധ്വനിപ്പിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടക്ക് നമ്മുടെ മലയാള നാട്ടിൽ റേഷൻ കാർഡ് പുതുക്കലും വോട്ടർ കാർഡ് പുതുക്കലും ആയി ഉദ്യോഗസ്ഥരും നാട്ടുകാരും തലങ്ങും വിലങ്ങും ഓടുന്നു.

എല്ലാം കണ്ട് ഈ ചിരിദിനത്തിൽ കരക്കിരുന്ന് ചിരിക്കുമ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു റേഷൻ കാർഡ് പുതുക്കൽ സംഭവം മിഡ്ൽ  പീസ് ആയി 2001ൽ പത്രത്തിൽ പ്രസിദ്ധീകരിച്ചത് ഓർമ്മ വന്നത്.....ചിത്രത്തിൽ ക്ലിക്കി വലുതാക്കി വായിച്ചു നോക്കൂ...